ബൈബിളിന്റെ വീക്ഷണം
നിങ്ങളുടെ വസ്ത്രധാരണവും ചമയവും—അത് ദൈവത്തിനു പ്രാധാന്യമുള്ള സംഗതിയാണോ?
“ഒരു പുസ്തകത്തിന്റെ വിഷയ സൂചിക ആ പുസ്തകത്തിന്റെ ഉള്ളടക്കമെന്തെന്ന് വെളിപ്പെടുത്തുന്നതുപോലെ, . . . ഒരു പുരുഷന്റെ അല്ലെങ്കിൽ സ്ത്രീയുടെ ബാഹ്യാകാരവും വസ്ത്രങ്ങളും ആ വ്യക്തിയുടെ മനോഭാവം എന്തെന്നു വെളിപ്പെടുത്തുന്നു.”—ആംഗലേയ നാടകകൃത്തായ ഫിലിപ്പ് മാസിഞ്ചർ.
സഭാ ലേഖകനായ റ്റൈറ്റസ് ക്ലെമൻസ് പൊ.യു. മൂന്നാം നൂറ്റാണ്ടിൽ വസ്ത്രധാരണവും ചമയവും സംബന്ധിച്ച നിയമങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ തയ്യാറാക്കി. ആഭരണങ്ങളും ആഡംബരപൂർണമോ വർണപ്പകിട്ടാർന്നതോ ആയ വസ്ത്രങ്ങളും നിരോധിക്കപ്പെട്ടു. സ്ത്രീകൾ മുടി കറുപ്പിക്കാനോ “മനുഷ്യരെ പറ്റിക്കുന്ന സാധനങ്ങൾ മുഖത്തു തേച്ചുപിടിപ്പിക്കാനോ,” അതായത് “മേയ്ക് അപ് ചെയ്യാനോ” പാടില്ലായിരുന്നു. മുടി പറ്റെ വെട്ടാൻ പുരുഷന്മാരോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടെന്നാൽ “പുരുഷൻ അങ്ങനെ ചെയ്യുമ്പോൾ . . . അയാൾ ഗൗരവബോധം ഉള്ളവനാണെന്ന് അതു കാണിക്കുന്നു.” എന്നാൽ പുരുഷന്മാർ താടി വടിക്കേണ്ടതില്ലായിരുന്നു. എന്തെന്നാൽ അതു “മുഖത്തിന് മാന്യതയും പിതൃനിർവിശേഷമായ ഗൗരവഭാവവും പകരുന്നു.”a
നൂറ്റാണ്ടുകൾക്കു ശേഷം പ്രൊട്ടസ്റ്റന്റ് നേതാവായ ജോൺ കാൽവിൻ തന്റെ അനുയായികൾ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം, തരം എന്നിവ സംബന്ധിച്ച് പ്രത്യേക നിയമങ്ങൾ ഉണ്ടാക്കി. ആഭരണങ്ങളും റേന്തയും മറ്റും വെറുപ്പോടെ വീക്ഷിക്കപ്പെട്ടു. മുടി “അധാർമികമായ ഉയരത്തിൽ” പൊക്കി കെട്ടുന്ന സ്ത്രീകളെ ജയിലിൽ ആക്കാമായിരുന്നു.
മത നേതാക്കന്മാർ വർഷങ്ങളായി ഉയർത്തിപ്പിടിച്ചിട്ടുള്ള അത്തരം അതിരുകടന്ന വീക്ഷണഗതികൾ ആത്മാർഥ ഹൃദയരായ അനേകരും ഇങ്ങനെ ചോദിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു, ഞാൻ എന്തു ധരിക്കുന്നു എന്നത് ദൈവത്തിന് യഥാർഥത്തിൽ പ്രാധാന്യമുള്ള സംഗതിയാണോ? ചിലതരം ഫാഷനുകളും മേയ്ക് അപിന്റെ ഉപയോഗവും അവന് അസ്വീകാര്യമാണോ? ബൈബിൾ എന്താണു പഠിപ്പിക്കുന്നത്?
വ്യക്തിപരമായ ഒരു കാര്യം
രസാവഹമെന്നു പറയട്ടെ, യോഹന്നാൻ 8:31, 32-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ . . . സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” അതേ, യേശു പഠിപ്പിച്ച സത്യങ്ങൾ പാരമ്പര്യത്തിന്റെയും വ്യാജ പഠിപ്പിക്കലുകളുടെയും ഞെരുക്കുന്ന ഭാരത്തിൽനിന്ന് ആളുകളെ സ്വതന്ത്രരാക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ‘അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും’ നവോന്മേഷം പ്രദാനം ചെയ്യുന്നവയായിരുന്നു അവ. (മത്തായി 11:28) ആളുകൾക്ക് മുൻകൈ എടുത്തു പ്രവർത്തിക്കാനും വ്യക്തിപരമായ കാര്യങ്ങളിൽ തങ്ങളുടെ സ്വന്തം യുക്തിബോധം ഉപയോഗിക്കാനും കഴിയാതെ വരുന്ന അളവോളം അവരുടെ ജീവിതത്തെ നിയന്ത്രിക്കാൻ യേശുവിനും അവന്റെ പിതാവായ യഹോവയ്ക്കും യാതൊരു ആഗ്രഹവുമില്ല. മനുഷ്യർ “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ള [“ഗ്രഹണപ്രാപ്തികളുള്ള,” NW]” പക്വതയുള്ള ആളുകളായിത്തീരാൻ യഹോവ ആഗ്രഹിക്കുന്നു.—എബ്രായർ 5:14.
അതുകൊണ്ട്, ചുറ്റുമുള്ള ജനതകളിൽനിന്നും അവരുടെ അധാർമിക സ്വാധീനത്തിൽനിന്നും വേർപെട്ടു നിൽക്കാൻ യഹൂദന്മാരെ സഹായിക്കുന്നതിനായി അവർക്കു കൊടുത്ത, മോശൈക ന്യായപ്രമാണത്തിലെ വസ്ത്രധാരണം സംബന്ധിച്ച ചില പ്രത്യേക നിബന്ധനകൾ ഒഴിച്ചാൽ വസ്ത്രധാരണവും ചമയവും സംബന്ധിച്ചോ സൗന്ദര്യവർധകങ്ങളുടെ ഉപയോഗം സംബന്ധിച്ചോ ബൈബിൾ വിശദമായ നിയമങ്ങളൊന്നും നൽകുന്നില്ല. (സംഖ്യാപുസ്തകം 15:38-41; ആവർത്തനപുസ്തകം 22:5) ക്രിസ്തീയ ക്രമീകരണത്തിനുള്ളിൽ വസ്ത്രധാരണവും ചമയവും അടിസ്ഥാനപരമായി വ്യക്തിപരമായ അഭിരുചിയുടെ ഒരു വിഷയമാണ്.
എന്നുവരികിലും, നാം എന്തു ധരിക്കുന്നു എന്നത് ദൈവത്തിന് വിഷയമല്ലെന്നോ എന്തും ധരിക്കാമെന്നോ ഇതിന് അർഥമില്ല. പ്രത്യുത, വസ്ത്രധാരണവും ചമയവും സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പ്രതിഫലിപ്പിക്കുന്ന യുക്തിസഹമായ മാർഗനിർദേശങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു.
“ലജ്ജാശീലത്തോടും [“വിനയത്തോടും,” NW] സുബോധത്തോടുംകൂടെ”
ക്രിസ്തീയ വനിതകൾ “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും [“വിനയത്തോടും,” NW] സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല” എന്ന് അപ്പോസ്തലനായ പൗലൊസ് എഴുതി. സമാനമായി, പത്രൊസ് “പിന്നിയ മുടി, സ്വർണാഭരണങ്ങൾ, . . . തുടങ്ങിയ ബാഹ്യമോടികൾ”ക്കെതിരെ ബുദ്ധ്യുപദേശം നൽകി.—1 തിമൊഥെയൊസ് 2:9, 10; 1 പത്രൊസ് 3:3, ഓശാന ബൈബിൾ.
ക്രിസ്തീയ സ്ത്രീപുരുഷൻമാർ തങ്ങളുടെ ബാഹ്യ സൗന്ദര്യം വർധിപ്പിക്കരുതെന്നാണോ പത്രൊസും പൗലൊസും സൂചിപ്പിക്കുന്നത്? ഒരിക്കലുമല്ല! ആഭരണങ്ങളും സൗന്ദര്യവർധക തൈലങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചിട്ടുള്ള വിശ്വസ്തരായ സ്ത്രീപുരുഷന്മാരെക്കുറിച്ച് വാസ്തവത്തിൽ ബൈബിൾ പരാമർശിക്കുന്നുണ്ട്. അഹശ്വേരോശ് രാജാവിന്റെ സന്നിധിയിൽ പ്രത്യക്ഷയാകുന്നതിനു മുമ്പ് എസ്ഥേർ സുഗന്ധതൈലങ്ങളുടെ ഉപയോഗവും മസാജു ചെയ്യലും മറ്റും ഉൾപ്പെട്ട വിപുലമായ ഒരു സൗന്ദര്യവർധക പരിപാടിക്ക് വിധേയയായി. കൂടാതെ, യോസേഫിനെ നേർമയുള്ള വസ്ത്രം ധരിപ്പിക്കുകയും സ്വർണസരപ്പളി കഴുത്തിൽ അണിയിക്കുകയും ചെയ്തു.—ഉല്പത്തി 41:42; പുറപ്പാടു 32:2, 3; എസ്ഥേർ 2:7, 12, 15, NW.
പൗലൊസ് ഉപയോഗിച്ച ‘സുബോധം’ എന്ന പദപ്രയോഗം അവന്റെ അനുശാസനം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അതിന്റെ മൂല ഗ്രീക്ക് പദം മിതത്വവും ആത്മനിയന്ത്രണവും ഉണ്ടായിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. അനാവശ്യ ശ്രദ്ധ ആകർഷിക്കാതെ, തന്നെക്കുറിച്ചുതന്നെ സമചിത്തതയോടെ ചിന്തിക്കുന്നതിനെ അത് അർഥമാക്കുന്നു. മറ്റു ബൈബിൾ വിവർത്തനങ്ങൾ പ്രസ്തുത പദത്തെ “വകതിരിവോടെ,” “വിവേകത്തോടെ,” “ശുദ്ധീകരിക്കപ്പെട്ട,” അല്ലെങ്കിൽ “ആത്മനിയന്ത്രണത്തോടെ” എന്നു പരിഭാഷപ്പെടുത്തുന്നു. ഈ ഗുണം ക്രിസ്തീയ മൂപ്പന്മാർക്ക് ഉണ്ടായിരിക്കേണ്ട ഒരു പ്രധാനപ്പെട്ട ഗുണമാണ്.—1 തിമൊഥെയൊസ് 3:2, NW.
അതുകൊണ്ട്, നമ്മുടെ വസ്ത്രധാരണവും ചമയവും വിനയത്തോടു കൂടിയതും യോഗ്യവും ആയിരിക്കണമെന്നു പറയുമ്പോൾ മറ്റുള്ളവർക്ക് ഇടർച്ച വരുത്തുകയും നമ്മുടെയും ക്രിസ്തീയ സഭയുടെയും സത്പേരിന് കളങ്കം ചാർത്തുകയും ചെയ്യുന്ന അതിരുകടന്ന ഏതു സ്റ്റൈലും ഒഴിവാക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൈവ ഭക്തി ഉണ്ടെന്ന് അവകാശപ്പെടുന്നവർ ശാരീരിക അലങ്കാരത്തിലൂടെ തങ്ങളുടെ ബാഹ്യാകാരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം സുബോധം പ്രകടമാക്കുകയും “സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യ”ന് പ്രാധാന്യം കൊടുക്കുകയും വേണം. ഇത് “ദൈവസന്നിധിയിൽ വിലയേറിയതാകുന്നു” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) എന്ന് പത്രൊസ് പറയുന്നു.—1 പത്രൊസ് 3:4.
ക്രിസ്ത്യാനികൾ “ലോകത്തിന്ന് . . . കാഴ്ചവസ്തു” ആണ്. തങ്ങൾ മറ്റുള്ളവർക്ക് ഏതുതരം ധാരണയാണ് നൽകുന്നത് എന്നതു സംബന്ധിച്ച് അവർ ബോധമുള്ളവർ ആയിരിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും സുവാർത്ത പ്രസംഗിക്കുന്നതിന് അവർക്കുള്ള കൽപ്പനയുടെ വെളിച്ചത്തിൽ. (1 കൊരിന്ത്യർ 4:9, ഓശാന ബൈബിൾ; മത്തായി 24:14) അതുകൊണ്ട്, ജീവൽപ്രധാനമായ ആ സന്ദേശം കേൾക്കുന്നതിൽനിന്ന് ആളുകളെ വ്യതിചലിപ്പിക്കുന്നതിന് യാതൊന്നിനെയും—തങ്ങളുടെ ബാഹ്യാകാരത്തെ പോലും—അനുവദിക്കാൻ അവർ ആഗ്രഹിക്കുകയില്ല.—2 കൊരിന്ത്യർ 4:2.
സ്റ്റൈലുകൾ പ്രദേശങ്ങൾതോറും വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ബുദ്ധിപൂർവകമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ആളുകളെ പ്രാപ്തരാക്കുന്ന വ്യക്തവും ന്യായയുക്തവുമായ മാർഗനിർദേശങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്. ഈ തത്ത്വങ്ങൾ അനുസരിക്കുന്നിടത്തോളം കാലം, വസ്ത്രധാരണത്തിലും ചമയത്തിലും വ്യക്തിപരമായ അഭിരുചി പ്രകടമാക്കാൻ ദൈവം സ്നേഹപൂർവം എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നു
[അടിക്കുറിപ്പ്]
a തിരുവെഴുത്തുകളെ വളച്ചൊടിച്ചുകൊണ്ട് ഈ വിലക്കുകളെ പിന്താങ്ങാൻ ഒരു ശ്രമം നടന്നു. ബൈബിൾ അങ്ങനെയൊന്നും പറയുന്നില്ല എങ്കിലും “ആദ്യ പാപത്തിനും മനുഷ്യന്റെ നിന്ദ്യമായ . . . ശിക്ഷാവിധിക്കും” കാരണക്കാരി ഒരു സ്ത്രീ ആയിരുന്നതുകൊണ്ട് സ്ത്രീകൾ “ഹവ്വായെപ്പോലെ, വിലപിച്ചും അനുതപിച്ചും” നടക്കണമെന്ന് പ്രബല ദൈവശാസ്ത്രജ്ഞനായ തെർത്തുല്യൻ പഠിപ്പിച്ചു. സ്വതവേ സൗന്ദര്യമുള്ള സ്ത്രീകൾ സൗന്ദര്യം മറച്ചുവെക്കണമെന്നു പോലും വാസ്തവത്തിൽ അദ്ദേഹം ശഠിച്ചു.—റോമർ 5:12-14; 1 തിമൊഥെയൊസ് 2:13, 14 താരതമ്യം ചെയ്യുക.