“ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ—1996
1 ഇന്ത്യയിൽ 1995-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരായ 23,447 പേരിൽ അനേകരിൽനിന്ന് ആത്മീയമായി പുനഃരുജ്ജീവിപ്പിക്കുന്ന പരിപാടികളെപ്രതി കൃതജ്ഞതയുടെ യഥാർഥ പ്രകടനങ്ങളുണ്ടായി. യഹോവയുടെ 861 സ്തുതിപാഠകർ തങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തിയതു കണ്ടപ്പോൾ നമ്മുടെ ഹൃദയങ്ങൾ സന്തോഷംകൊണ്ടു നിറഞ്ഞു. യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്നീ രണ്ടു പുതിയ പ്രസിദ്ധീകരണങ്ങൾ ലഭിച്ചതിൽ നാം സന്തോഷിച്ചു. കഴിഞ്ഞവർഷം അത്തരം ഉന്മേഷദായകമായ പരിപാടി ആസ്വദിച്ചത്, 1996-ലെ “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി ക്രമീകരിച്ചിരിക്കുന്ന പരിപാടിക്കു ഹാജരാകാൻ സകല ശ്രമവും നടത്താൻ നമ്മെ സത്യമായും പ്രേരിപ്പിക്കണം. തീർച്ചയായും നാം നമ്മുടെ ബൈബിൾ വിദ്യാർഥികളെയെല്ലാം ക്ഷണിക്കുകയും അവിടെ നമ്മോടൊപ്പമായിരിക്കാൻ അവരെ സഹായിക്കുകയും വേണം. ഈ അന്ത്യനാളുകളിൽ നാം യഹോവയെ സന്തോഷപൂർവം സേവിക്കുന്നതിൽ തുടരവേ ഈ കൺവെൻഷനുകൾ പ്രോത്സാഹനത്തിന്റെയും ശക്തിയുടെയും ഒരു പ്രഭവസ്ഥാനമാണെന്നു തെളിയും.
2 നിങ്ങളുടെ കൺവെൻഷൻ ക്രമീകരണങ്ങൾ കാലേകൂട്ടി തന്നെ ആസൂത്രണം ചെയ്യാൻ ഉറപ്പുള്ളവരായിരിക്കുക. അങ്ങനെയാവുമ്പോൾ, പ്രാരംഭ ഗീതം മുതൽ സമാപന പ്രാർഥനവരെ, പ്രമോദകരമായ ആത്മീയ പരിപാടി ആസ്വദിക്കുന്നതിനു നിങ്ങൾക്കവിടെ ഉണ്ടായിരിക്കാൻ കഴിയും. സഹായം ആവശ്യമുള്ളവർക്ക്, പ്രത്യേകിച്ചു പുതിയ താത്പര്യക്കാർക്ക്, എല്ലാ സെഷനുകളിലും സംബന്ധിക്കാൻ കഴിയേണ്ടതിന് അവരെ നിങ്ങളുടെ ആസൂത്രണങ്ങളിൽ സ്നേഹപൂർവം ഉൾപ്പെടുത്തുക. ഹാജരാകാൻ ഉദ്ദേശിക്കുന്ന ബൈബിൾ വിദ്യാർഥികളുമൊത്ത് ഈ അനുബന്ധത്തിലെ വിവരങ്ങൾ പരിചിന്തിക്കുന്നതു സഹായകരമായിരിക്കും. (ഗലാ. 6:6, 10) ഈ വർഷത്തെ ഡിസ്ട്രിക്ററ് കൺവെൻഷൻ പരിപാടി നമ്മുടെ ദൈവസമാധാനം നിലനിർത്താൻ നമ്മെ നിശ്ചയമായും സഹായിക്കും. അത്തരം സമാധാനം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള നമ്മുടെ പങ്ക് അതു വിശദീകരിക്കുകയും ചെയ്യും. പരിപാടിയുടെ ഒരുഭാഗവും നഷ്ടപ്പെടാതിരിക്കേണ്ടതിനു നിങ്ങൾ ആസൂത്രണങ്ങൾ ചെയ്തിരിക്കുന്നുവോ?
3 ഒരു ത്രിദിന പരിപാടി: കഴിഞ്ഞ വർഷത്തെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനെ സംബന്ധിച്ചുള്ള ഒരു അനുകൂല അഭിപ്രായം അനേകരുടെ വികാരങ്ങൾ പ്രകടിപ്പിച്ചു: “യഹോവയെ സ്തുതിച്ചുകൊണ്ട്, സമാധാനപൂർണമായ, ഏകീകൃത കൂട്ടത്തിൽ വിസ്മയാവഹമായ മൂന്നു ദിനങ്ങൾ ചെലവഴിച്ചതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണ്! നാം മനോഹരമായ ഒരു ആത്മീയ പറുദീസയിലാണു ജീവിക്കുന്നതെന്നു നമ്മുടെ കൺവെൻഷൻ സ്ഥിരീകരിച്ചിരിക്കുന്നു. ഈ പ്രക്ഷുബ്ധ ലോകത്തിൽ പോലും സന്തോഷിച്ചാർക്കാൻ നമുക്കു സത്യമായും കാരണമുണ്ട്.” ഈ വർഷത്തെ കൺവെൻഷനും നിങ്ങൾ പൂർണമായും ആസ്വദിക്കുമെന്നും നവോന്മേഷത്തോടെ ഭവനത്തിലേക്കു മടങ്ങുമെന്നും ഞങ്ങൾക്കറിയാം. (2 ദിന. 7:10) ഈ വർഷം നമുക്കു വീണ്ടും ഒരു ത്രിദിന പരിപാടി ഉണ്ടായിരിക്കുന്നതാണ്. മുഴു സമയവും സംബന്ധിക്കാൻ കഴിയേണ്ടതിന്, ലൗകിക ജോലിയിൽനിന്ന് അവധി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നിങ്ങൾ ഇപ്പോൾത്തന്നെ ചെയ്തിട്ടുണ്ടോ? പല കൺവെൻഷനുകളും സ്കൂൾ അവധിക്കാലത്തല്ല. നിങ്ങൾക്കു സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ ഉണ്ടെങ്കിൽ, തങ്ങളുടെ മതപരമായ പരിശീലനത്തിന്റെ ഈ പ്രധാനപ്പെട്ട ഭാഗത്തെപ്രതി അവർ ഒന്നോ രണ്ടോ ദിവസം ഹാജരാകുകയില്ലെന്ന് അധ്യാപകരെ നിങ്ങൾ ആദരപൂർവം അറിയിച്ചിട്ടുണ്ടോ?
4 ഇന്ത്യയിലെ 15 കൺവെൻഷനുകളുടെയും തീയതികളും സ്ഥലങ്ങളും 1996 ജൂലൈ 1-ലെയും 15-ലെയും വീക്ഷാഗോപുര ലക്കങ്ങൾ പട്ടികപ്പെടുത്തുന്നു. ഇംഗ്ലീഷിനു പുറമേ, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, ഹിന്ദി എന്നിവയിലും കൺവെൻഷനുകൾ ഉണ്ടായിരിക്കും. പരിപാടി എല്ലാ ദിവസവും രാവിലെ 9:30-ന് ആരംഭിക്കും, ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 4:00-നു സമാപിക്കുകയും ചെയ്യും. രാവിലെ 8:00-നു വാതിലുകൾ തുറക്കും. ജോലിനിയോഗമുള്ളവർക്കു മാത്രമാണ് അതിനു മുമ്പു പ്രവേശിക്കാൻ അനുവാദമുള്ളത്. എന്നാൽ കെട്ടിടം എല്ലാവർക്കുമായി തുറക്കുന്നതുവരെ ഇരിപ്പിടങ്ങൾ കരുതിവെക്കാൻ ഇവർക്ക് അനുവാദമുണ്ടായിരിക്കില്ല. കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ സ്ഥലങ്ങളിലുള്ള ഇരിപ്പിടങ്ങൾ ഒഴിച്ചിട്ടുകൊണ്ട് നാം പ്രായമുള്ളവരും വൈകല്യമുള്ളവരുമായ നമ്മുടെ സഹോദരങ്ങളോടു ദയ പ്രകടമാക്കുമോ? ഓർമിക്കുക: “സ്നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരി. 13:4, 5; ഫിലി. 2:4.
5 നിങ്ങളുടെ മൂർച്ച വർധിക്കുമോ?: “ഇരിമ്പു ഇരിമ്പിനു മൂർച്ച കൂട്ടുന്നു” എന്നു പറയുന്ന സദൃശവാക്യങ്ങൾ 27:17 ഉദ്ധരിച്ചതിനു ശേഷം, 1993 ആഗസ്ററ് 15 വീക്ഷാഗോപുരം പ്രസ്താവിച്ചു: “ക്രമമായി മൂർച്ച വരുത്തേണ്ട ആയുധങ്ങൾപോലെയാണു നാം. യഹോവയോടു സ്നേഹം പ്രകടമാക്കുന്നതും നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുന്നതും ലോകത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നതിനെ അർഥമാക്കുന്നതിനാൽ, ഒരു വിധത്തിൽപ്പറഞ്ഞാൽ നാം നിരന്തരം ഭൂരിപക്ഷത്തിൽനിന്നു വ്യത്യസ്തമായ ഒരു പ്രവർത്തനഗതി സ്വീകരിക്കേണ്ടിയിരിക്കുന്നു.” നമുക്കെങ്ങനെ ആ ബുദ്ധ്യുപദേശം ബാധകമാക്കാൻ കഴിയും?
6 നാം ലോകത്തിൽനിന്നു വ്യത്യസ്തരായി നിലകൊള്ളുന്നു, അങ്ങനെ നിലകൊള്ളുകയും വേണം. സത്പ്രവൃത്തികളിൽ നാം തീക്ഷ്ണതയുള്ളവരായിരിക്കണമെങ്കിൽ, ലോകത്തിൽനിന്നു വ്യത്യസ്തരായിരിക്കാനുള്ള സ്ഥിരമായ ശ്രമം നിലനിർത്തേണ്ടതാണ്. (തീത്തൊസ് 2:14) അതുകൊണ്ടാണു മേലുദ്ധരിച്ച വീക്ഷാഗോപുര ലേഖനം ഇങ്ങനെ തുടർന്നു പറഞ്ഞത്: “നാം യഹോവയെ സ്നേഹിക്കുന്ന മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോൾ നാം അന്യോന്യം മൂർച്ചകൂട്ടുന്നു—നാം പരസ്പരം സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്നു.” ആത്മീയമായി സൂക്ഷ്മതയുള്ളവരായി നിലനിൽക്കാൻ നമ്മെ സഹായിക്കുന്നതിനുള്ള യഹോവയിൽനിന്നുള്ള കരുതലുകളിൽ ഒന്നാണു ഡിസ്ട്രിക്ററ് കൺവെൻഷൻ. ത്രിദിന കൺവെൻഷന്റെ എല്ലാ സെഷനുകളിലും സംബന്ധിക്കാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കട്ടെ. പരിപാടിയുടെ യാതൊരു ഭാഗവും നഷ്ടപ്പെടുന്നതിന് ഇടംനൽകാൻ നമുക്കു കഴിയില്ല.
7 ജ്ഞാനമുള്ള ഒരു വ്യക്തി ശ്രദ്ധിക്കും: കേൾക്കുന്നതിനുള്ള പ്രാപ്തിയോടെ നാം ജനിച്ചിരിക്കാം, പക്ഷേ ശ്രദ്ധിക്കുന്നതിനുള്ള പ്രാപ്തിയോടെയല്ല നാം ജനിക്കുന്നത്. വികസിപ്പിച്ചെടുക്കേണ്ട ഒരു കലയാണ് ശ്രദ്ധിക്കൽ. ഒരു സാധാരണ വ്യക്തി—ശ്രദ്ധിച്ചതിനെക്കുറിച്ച് അയാൾ എത്ര സൂക്ഷ്മതയോടെ ചിന്തിച്ചാലും—അയാൾ കേട്ടതിന്റെ ഏതാണ്ട് പകുതി മാത്രമേ ഓർമിക്കുന്നുള്ളുവെന്നു പറയപ്പെടുന്നു. നാം ശ്രദ്ധാശൈഥില്യങ്ങളുടെ ഒരു യുഗത്തിൽ ജീവിക്കുന്നതിനാൽ, ദീർഘനേരം ശ്രദ്ധകേന്ദ്രീകരിക്കുവാൻ നമുക്കു ചിലപ്പോഴെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ശ്രദ്ധകേന്ദ്രീകരിക്കാൻകഴിയുന്ന സമയം വർധിപ്പിക്കാൻ നമുക്കു ശ്രമിക്കാനാവുമോ, വിശിഷ്യ, പ്രസംഗിക്കുന്ന ഒരുവനെ ഒരു വലിയ സദസ്സിലിരുന്നു ശ്രദ്ധിക്കുമ്പോൾ? കൺവെൻഷൻ കഴിഞ്ഞ് ഭവനത്തിലേക്കു മടങ്ങിയ ശേഷം ഓരോ ദിവസത്തെയും പരിപാടിയുടെ ഒരു സംക്ഷിപ്തം നൽകാൻ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിൽ നിങ്ങൾ അതിനു പ്രാപ്തനായിരിക്കുമോ? ശ്രദ്ധിക്കാനുള്ള നമ്മുടെ പ്രാപ്തി മെച്ചപ്പെടുത്തുന്നതിനും കൺവെൻഷൻ പരിപാടിയിൽ അവതരിപ്പിക്കപ്പെടുന്ന ഓരോ ഭാഗത്തിനും അടുത്ത ശ്രദ്ധനൽകുന്നതിനും നമുക്കെല്ലാവർക്കും എങ്ങനെ കഴിയും?
8 തീവ്രതാത്പര്യം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ അതില്ലാതെ ഓർമ എന്ന ദിവ്യദാനത്തിനു ഫലകരമായി പ്രവർത്തിക്കാനാവില്ല. ഉദാഹരണത്തിന്, ഒരു വ്യക്തി വിഷയത്തിൽ എത്രമാത്രം താത്പര്യം കാണിക്കുന്നുവോ അത്ര എളുപ്പമായിരിക്കും പ്രസംഗത്തിലെയോ പരിപാടിയിലെ ഒരു ഭാഗത്തിന്റെയോ പ്രധാന ആശയങ്ങൾ ഓർമിക്കുന്നത്. എന്നിരുന്നാലും, ഡിസ്ട്രിക്ററ് കൺവെൻഷനിൽ കേൾക്കാൻ നമുക്കു പദവി ലഭിച്ചിരിക്കുന്ന കാര്യങ്ങൾക്കു നാം സാധാരണയിൽ കവിഞ്ഞ ശ്രദ്ധകൊടുക്കുന്നതിനെയാണു കൂടുതലും ആശ്രയിച്ചിരിക്കുന്നത്. പൊ.യു.മു. 1513-ൽ ഈജിപ്തിലെ ചില ഇസ്രായേൽ കുടുംബങ്ങൾ പെസഹാ നിർദേശങ്ങൾക്കു നിസ്സാര ശ്രദ്ധമാത്രം നൽകിയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? പുറപ്പാടു 12:28 പറയുന്നു: “യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു.” ദിവ്യനിർദേശപ്രകാരം പ്രവർത്തിച്ചത് ഇസ്രായേലിന്റെ ആദ്യജാതൻമാരുടെ സംരക്ഷണത്തെ അർഥമാക്കി. കൺവെൻഷൻ പരിപാടിയുടെ ഓരോ ഭാഗത്തോടുമുള്ള നമ്മുടെ തീവ്രതാത്പര്യത്തിനും ശ്രദ്ധയ്ക്കും നമ്മുടെ ഇപ്പോഴത്തെ ആത്മീയ അവസ്ഥയുടെയും ഭാവിപ്രതീക്ഷകളുടെയും മേൽ ഒരു ഫലമുണ്ട്. കൺവെൻഷനുകളിൽ നാം യഹോവയുടെ വഴികൾ പഠിക്കുകയും ഒരു ജീവരക്ഷാകരമായ വേല നിവർത്തിക്കുന്നതിനുള്ള നിർദേശങ്ങൾ നമുക്കു ലഭിക്കുകയും ചെയ്യുന്നു. (1 തിമൊ. 4:16) ഇളകിമറിയുന്ന കടലിലെ ഒരു കപ്പലാണു നിങ്ങളെന്നു സങ്കൽപ്പിക്കുക. യഹോവയുടെ വാഗ്ദാനങ്ങളാണു പ്രത്യാശയുടെ നങ്കൂരം. ഒരു വ്യക്തി ക്രിസ്തീയ പരിപാടികളിൽ ശ്രദ്ധിക്കാത്തവനാണെങ്കിൽ, തന്റെ മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കുന്നെങ്കിൽ, എന്തു സംഭവിച്ചേക്കാം? ആത്മീയ കപ്പൽച്ചേതം അനുഭവിക്കുന്നതിൽനിന്ന് അയാളെ തടഞ്ഞേക്കാവുന്ന ബുദ്ധ്യുപദേശത്തിന്റെയും നിർദേശത്തിന്റെയും ജീവത്പ്രധാന ആശയങ്ങൾ അയാൾക്കു നഷ്ടപ്പെട്ടേക്കാം.—എബ്രാ. 2:1; 6:19.
9 ലോകത്തിന്റെ ഒട്ടനവധി ഭാഗങ്ങളിൽ, യോഗങ്ങൾക്കു ഹാജരാകുന്നതിനു നമ്മുടെ സഹോദരങ്ങൾ വലിയ ശാരീരിക ശ്രമംനടത്തുന്നു. കൺവെൻഷനുകളിലെ അവരുടെ ആമഗ്നശ്രദ്ധ കാണുന്നതു വിസ്മയാവഹമാണ്. എങ്കിലും ചില സ്ഥലങ്ങളിൽ, സെഷന്റെ സമയത്തു കൺവെൻഷൻ മൈതാനത്തിനുചുറ്റും കറങ്ങിനടന്ന് ചിലർ മറ്റുള്ളവരുടെ ശ്രദ്ധപതറിച്ചിട്ടുണ്ട്. മറ്റുചിലർ താമസിച്ചു കടന്നുവരുന്നു. ചില കഴിഞ്ഞകാല കൺവെൻഷനുകളിൽ അനേകർ ഇടനാഴികളിലും ഇരിപ്പിടസ്ഥലത്തിന്റെ പിന്നിലും ചുറ്റിക്കറങ്ങിനടന്നതു നിമിത്തം പരിപാടിയുടെ ആദ്യത്തെ ഏതാനും മിനിറ്റുകൾ കേൾക്കാൻ പ്രയാസമായിരുന്നു. ഇവർ സാധാരണമായി, ജോലിനിയമനങ്ങൾ ഉള്ള സഹോദരങ്ങളോ തങ്ങളുടെ കൊച്ചുകുട്ടികളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്ന അമ്മമാരോ അല്ല. ശല്യം അധികവും ഉണ്ടാകുന്നത് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും സല്ലപിക്കുകയും ചെയ്യുന്നവരിൽനിന്നാണ്. ഈ വർഷം അറ്റൻഡൻറ് ഡിപ്പാർട്ടുമെൻറ് പ്രസ്തുത പ്രശ്നത്തിനു കൂടുതൽ ശ്രദ്ധ നൽകുന്നതായിരിക്കും. അധ്യക്ഷൻ നമ്മെ ഇരിക്കാൻ ക്ഷണിക്കുമ്പോൾ എല്ലാവരും അങ്ങനെ ചെയ്തിരിക്കുമെന്നു പ്രത്യാശിക്കുന്നു. ഈ സംഗതിയിലെ നിങ്ങളുടെ സഹകരണം അതിയായി വിലമതിക്കപ്പെടും.
10 കൺവെൻഷൻ പരിപാടിക്കു കൂടുതൽ ശ്രദ്ധനൽകാനും അവതരിപ്പിക്കപ്പെടുന്നതിന്റെ ഭൂരിഭാഗവും ഓർമിക്കുന്നതിനും ഏതു പ്രായോഗിക നിർദേശങ്ങൾ നമ്മെ സഹായിക്കും? കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞിട്ടുള്ളത് ആവർത്തിക്കേണ്ടതാവശ്യമാണ്: (എ) കൺവെൻഷൻ നഗരത്തിലേക്കു പോകുന്നതിന്റെ പ്രമുഖ കാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. അതു വിനോദത്തിൽ ഏർപ്പെടാനല്ല, മറിച്ച് ശ്രദ്ധിക്കാനും പഠിക്കാനുമാണ്. (ആവ. 31:12) ഓരോ രാത്രിയും മതിയായ വിശ്രമം ലഭിക്കുന്നതിനു ശ്രമിക്കുക. നിങ്ങൾ വളരെ ക്ഷീണിച്ചാണു കൺവെൻഷനു വരുന്നതെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. (ബി) ഇരിപ്പിടം കണ്ടെത്തുന്നതിനും പരിപാടി തുടങ്ങുന്നതിനു മുമ്പ് ഇരിക്കുന്നതിനും വേണ്ടി നിങ്ങൾക്കു ധാരാളം സമയമുണ്ടായിരിക്കാൻ ക്രമീകരിക്കുക. അവസാന മിനിറ്റിൽ ഇരിപ്പിടങ്ങളിലേക്കു തിരക്കുപിടിച്ചു പോകുന്നതു സാധാരണമായി പ്രാരംഭ ഭാഗത്തിൽ കുറെ നിങ്ങൾക്കു നഷ്ടമാകുന്നതിൽ കലാശിക്കും. (സി) മുഖ്യാശയങ്ങളുടെ ഹ്രസ്വമായ കുറിപ്പുകൾ എടുക്കുക. അമിതമായ കുറിപ്പെടുക്കൽ നന്നായി ശ്രദ്ധിക്കുന്നതിന് ഒരു തടസ്സമായിരുന്നേക്കാവുന്നതാണ്. എഴുതുമ്പോൾ നിങ്ങളുടെ കുറിപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു നിമിത്തം മറ്റാശയങ്ങൾ നിങ്ങൾക്കു നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. (ഡി) കൺവെൻഷന്റെ ഒരു ഭാഗം അവതരിപ്പിക്കപ്പെടുമ്പോൾ അതിനെ അതിയായ ആകാംക്ഷയോടെ വീക്ഷിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക, ‘യഹോവയോടുള്ള എന്റെ വിലമതിപ്പും സ്നേഹവും വർധിപ്പിക്കുന്ന എന്താണ് ഈ ഭാഗത്തുനിന്നും എനിക്കു പഠിക്കാൻ കഴിയുന്നത്? പുതിയ വ്യക്തിത്വം കൂടുതൽ പൂർണമായി പ്രകടിപ്പിക്കാൻ പ്രസ്തുത വിവരം എന്നെ എങ്ങനെ സഹായിച്ചേക്കാവുന്നതാണ്? എന്റെ ശുശ്രൂഷയിൽ മെച്ചപ്പെടാൻ ഇത് എന്നെ എങ്ങനെ സഹായിക്കും?’
11 നമ്മുടെ ശുശ്രൂഷയെ അലങ്കരിക്കുന്ന നടത്ത: തന്നെത്തന്നെ “സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണി”ക്കാൻ പൗലോസ് തീത്തൊസിനെ പ്രോത്സാഹിപ്പിച്ചു. തന്റെ പഠിപ്പിക്കലിൽ കളങ്കരാഹിത്യം പ്രകടിപ്പിക്കുന്നതിനാൽ തീത്തൊസിന്, “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയുമായിരുന്നു. (തീത്തൊ. 2:7, 9) കൺവെൻഷൻ സ്ഥലത്തേക്കും അവിടെനിന്നു തിരിച്ചും സഞ്ചരിക്കുമ്പോഴും നാം ഹോട്ടലുകളിലും റെസ്റ്ററൻറുകളിലും കൺവെൻഷൻ സ്ഥലത്തും ആയിരിക്കുമ്പോഴും, ദൈവഭക്തിയുള്ള നടത്ത വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നുള്ളതു സംബന്ധിച്ച് ഓരോ വർഷവും ദയാപൂർവകമായ ഓർമിപ്പിക്കലുകൾ നമുക്കു ലഭിക്കുന്നു. നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ചില ഹൃദയോഷ്മളമായ അഭിപ്രായപ്രകടനങ്ങൾ കഴിഞ്ഞ വർഷം ഞങ്ങൾ വീണ്ടും കേട്ടു.
12 ഒരു ഹോട്ടൽ മാനേജർ ഇങ്ങനെ പ്രസ്താവിച്ചു: സാക്ഷികളെ താമസിപ്പിക്കുന്നത് എല്ലായ്പോഴും ഒരാനന്ദമാണ്, കാരണം അവർ ക്ഷമയുള്ളവരും സഹകരിക്കുന്നവരും തങ്ങളുടെ കുട്ടികൾക്ക് അടുത്ത ശ്രദ്ധനൽകുന്നവരുമാണ്.” “സാക്ഷികൾ ഹോട്ടലിൽ പേരും വിവരവും രേഖപ്പെടുത്തുകയും നീക്കം ചെയ്യുകയും ചെയ്യുമ്പോൾ” തന്റെ ജോലി “വളരെ എളുപ്പമാണ്, കാരണം ലൈനിൽ കാത്തുനിൽക്കേണ്ടതുണ്ടെങ്കിലും, അവർ എല്ലായ്പോഴും മര്യാദയുള്ളവരും ക്ഷമയുള്ളവരും സഹാനുഭൂതിയുള്ളവരുമാണ്” എന്ന് ഒരു ഹോട്ടലിലെ ഡെസ്ക്ക് ക്ലർക്ക് പറഞ്ഞു. ന്യൂ ഇംഗ്ലണ്ടിലെ ഒരു സ്ത്രീക്ക് അവൾ താമസിച്ചിരുന്ന അതേ മോട്ടലിൽ താമസിക്കുന്ന സാക്ഷികളായ യുവജനങ്ങളുടെ നടത്തയിൽ വളരെയധികം മതിപ്പുളവായിട്ട് നമ്മുടെ സ്ഥാപനത്തെക്കുറിച്ചുള്ള കുറെ സാഹിത്യങ്ങൾക്കായി അഭ്യർഥിച്ചു.
13 നേരേമറിച്ച്, ചില മണ്ഡലങ്ങളിൽ പുരോഗതിയുടെ ആവശ്യമുണ്ട്. സൊസൈററിക്ക് അയച്ചിട്ടുള്ള ചില അഭിപ്രായങ്ങൾ പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഹോട്ടലുകളിൽ യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്കു കൂടുതൽ മേൽനോട്ടം ആവശ്യമാണെന്ന് ഒരു സഞ്ചാര മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു. ഇടനാഴിയിലൂടെ ഓടിനടന്നും ലിഫ്ടിൽ മുകളിലേക്കും താഴേക്കും പോയിക്കൊണ്ടും കാത്തിരിപ്പുമുറിയിൽ വളരെയേറെ ശബ്ദമുണ്ടാക്കിക്കൊണ്ടും ചിലർ മറ്റ് അതിഥികളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്നതായി കണ്ടു. ക്രിസ്തീയ നടത്ത സമയബന്ധിതമല്ലെന്നു മനസ്സിലാക്കാൻ നാം നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. നാം കൺവെൻഷൻ സ്ഥലം വിട്ടുപോകുമ്പോൾ അത് അവസാനിക്കുന്നില്ല. ദിവസം 24 മണിക്കൂറും അതു നിലനിൽക്കണം. ഹോട്ടലിലെയും റെസ്റ്ററൻറിലെയും തെരുവിലെയും നമ്മുടെ നടത്ത, യഹോവയാൽ പഠിപ്പിക്കപ്പെട്ടുകൊണ്ട് സെഷൻ സമയത്തു നമ്മുടെ സഹോദരങ്ങളോടൊപ്പം ഇരിക്കുമ്പോഴത്തെ അത്രതന്നെ ബഹുമതി അർഹിക്കുന്നതായിരിക്കണം.—യെശ. 54:13; 1 പത്രൊ. 2:12.
14 നമ്മുടെ കൺവെൻഷനുകളിൽ ഭക്ഷ്യസേവനം ഗണ്യമായി കുറച്ചിരിക്കുന്നതിനാൽ, സാധനസൗകര്യങ്ങൾ വാടകക്കെടുക്കുന്നതിലും പലവക കാര്യങ്ങൾക്കായി കരുതുന്നതിലും ഉൾപ്പെട്ടിരിക്കുന്ന ഗണ്യമായ ചെലവു വഹിക്കുന്നതിനു നമ്മുടെ സ്വമേധയാദാനങ്ങളുടെ വർധിച്ച ആവശ്യമുണ്ട്. കൗമാരപ്രായക്കാരായ കുട്ടികളുള്ള ഒരു സഹോദരി പരിമിതമായ പണവുമായാണു കൺവെൻഷനു വന്നത്. എങ്കിലും, അവളും കുട്ടികളും ഒരു ചെറിയ സംഭാവന നൽകിക്കൊണ്ടു സഹായിച്ചു. ഈ സംഗതിയിൽ ഓരോരുത്തനും എന്തുചെയ്യാൻ തീരുമാനിക്കുന്നുവോ, അത് ഒരു വ്യക്തിപരമായ സംഗതിയാണ്. എന്നാൽ അത്തരം ഓർമിപ്പിക്കലുകൾ നിങ്ങൾ വിലമതിക്കുന്നുവെന്നു ഞങ്ങൾക്കറിയാം.—പ്രവൃ. 20:35; 2 കൊരി. 9:7.
15 നാം വസ്ത്രധാരണം ചെയ്യുന്ന വിധത്താൽ തിരിച്ചറിയിക്കപ്പെടുന്നു: നാം വസ്ത്രധാരണം ചെയ്യുന്നവിധം നമ്മെ സംബന്ധിച്ചും മറ്റുള്ളവരോടുള്ള നമ്മുടെ വികാരങ്ങൾ സംബന്ധിച്ചും വളരെയേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ഭൂരിഭാഗം കൗമാരപ്രായക്കാരും പ്രായപൂർത്തിയായ ഒട്ടേറെപ്പേരും, സ്കൂളിലും തങ്ങളുടെ ജോലി സ്ഥലത്തും, ശ്രദ്ധയില്ലാത്ത, ചിട്ടയില്ലാത്ത വസ്ത്രധാരണ രീതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഓരോ വർഷവും വസ്ത്രധാരണ രീതി കൂടുതൽ അതിരുകടന്നതും ഞെട്ടിക്കുന്നതുപോലും ആയിത്തീരുന്നു. നാം ശ്രദ്ധയുള്ളവരല്ലെങ്കിൽ, ലോകക്കാരായ സമപ്രായക്കാരെപ്പോലെ വസ്ത്രം ധരിക്കാൻ നാം അവരാൽ എളുപ്പം സ്വാധീനിക്കപ്പെട്ടേക്കാം. ആരാധനക്കായുള്ള യോഗങ്ങളിൽ ധരിക്കാൻ അനുചിതമായവയാണ് മിക്ക സ്റ്റൈലുകളും. കഴിഞ്ഞ വർഷത്തെ ഒരു കൺവെൻഷനു ശേഷം ലഭിച്ച ഒരു കുറിപ്പ് പരിപാടിയോടു വിലമതിപ്പു പ്രകടിപ്പിച്ചു, എന്നാൽ അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇറക്കംകുറഞ്ഞ വസ്ത്രങ്ങളും കഴുത്തു വെട്ടിയിറക്കിയ ഉടുപ്പുകളും വളരെ നീളത്തിൽ മുകളിലേക്കുവെട്ടുള്ള പാവാടകളും ധരിച്ച അനേകം ചെറുപ്പക്കാരികൾ ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്നു ഞാൻ അത്ഭുതപ്പെട്ടു.” കൺവെൻഷനിലും പരിപാടി കഴിഞ്ഞ് സാമൂഹികമായി സഹവസിക്കുമ്പോഴും ക്രിസ്തീയ ശുശ്രൂഷകർക്കു യോജിച്ച വിധത്തിൽ വസ്ത്രം ധരിക്കാൻ നാമെല്ലാം നിശ്ചയമായും ആഗ്രഹിക്കുന്നു. “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരി”ക്കാനുള്ള അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശം പ്രതിഫലിപ്പിക്കുന്നതു നമുക്ക് എല്ലായ്പോഴും പ്രയോജനകരമാണ്.—1 തിമൊ. 2:9.
16 വിനീതമായ, “യോഗ്യമായ” വസ്ത്രമെന്താണെന്ന് ആർ തീരുമാനിക്കണം? വിനയമുണ്ടായിരിക്കുക എന്നതിന്റെ അർഥം “ധിക്കാരമോ സ്വയം പ്രാമാണികത്വമോ ഇല്ലാ”തിരിക്കുക എന്നാണ്. നിഘണ്ടു വിനയത്തെ “നാട്യമില്ലാത്ത” എന്നും നിർവചിക്കുന്നു. സൊസൈററിയോ മൂപ്പൻമാരോ വസ്ത്രധാരണവും ചമയവും സംബന്ധിച്ചു നിയമങ്ങൾ വെക്കേണ്ടതില്ല. എന്നിരുന്നാലും, ഏതു വസ്ത്രധാരണ ശൈലി വ്യക്തമായും വിനീതമോ മാന്യമോ അല്ലെന്ന് ഒരു ക്രിസ്ത്യാനിക്കു വ്യക്തമായിരിക്കേണ്ടതല്ലേ? (ഫിലിപ്പിയർ 1:10 താരതമ്യം ചെയ്യുക.) നമ്മുടെ ചമയവും വസ്ത്രധാരണവും അനുചിത ശ്രദ്ധ ആകർഷിക്കരുത്. നമ്മുടെ ആകാരം ഹൃദ്യമായിരിക്കണം, ലൗകികവും അനിഷ്ടകരവുമായിരിക്കരുത്. നാം ഉചിതമായി വസ്ത്രം ധരിക്കുകയും ചമയുകയും ചെയ്യുന്നത്, സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ യഹോവക്കു മഹത്ത്വം കൈവരുത്തുകയും സ്ഥാപനത്തിനു സത്പേരു നേടിക്കൊടുക്കുകയും ചെയ്യുന്നു. നാം ഡിസ്ട്രിക്ററ് കൺവെൻഷൻ നഗരത്തിലായിരിക്കുന്ന സമയത്തെ നമ്മുടെ ആകാരവും വസ്ത്രവും രാജ്യഹാളിൽ യോഗങ്ങൾക്കു സംബന്ധിക്കുമ്പോൾ നാം സാധാരണമായി ധരിക്കുന്നതുമായി യോജിപ്പിലായിരിക്കണം. അതുകൊണ്ടു മാതാപിതാക്കൾ ദൃഷ്ടാന്തം വെക്കുകയും എന്നിട്ട്, തങ്ങളുടെ കുട്ടികൾ സന്ദർഭോചിതമായി വസ്ത്രം ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മൂപ്പൻമാർ ഒരു നല്ല ദൃഷ്ടാന്തം വെക്കാൻ ആഗ്രഹിക്കും. ആവശ്യമായിരിക്കുന്നതനുസരിച്ചു ദയാപൂർവകമായ ബുദ്ധ്യുപദേശം നൽകാൻ തയ്യാറായിരിക്കുകയും ചെയ്യും.
17 ഹോട്ടലുകൾ: സഹോദരങ്ങൾ ക്ഷമയും മര്യാദയും സഹകരണവും ഉള്ളവരായിരുന്നതു തങ്ങളിൽ മതിപ്പുളവാക്കിയെന്നു പറഞ്ഞ ഹോട്ടൽ ജീവനക്കാരെ ഞങ്ങൾ നേരത്തെ ഉദ്ധരിച്ചു. പേരുവിവരം രേഖപ്പെടുത്താൻ നാം ലൈനിൽ കാത്തുനിൽക്കേണ്ടതുണ്ടെങ്കിൽ ഈ ക്രിസ്തീയ ഗുണങ്ങൾ തുടർന്നും പ്രകടിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. മുറികൾ താങ്ങാനാവുന്ന വിലയ്ക്കു നൽകുന്നതിൽ സൊസൈററിയുമായി സഹകരിച്ചിരിക്കുന്ന ഹോട്ടലുകളെ നാം വിലമതിക്കുന്നു. യാത്ര നിമിത്തം നാം ക്ഷീണിതരായിരുന്നേക്കാമെങ്കിലും ഹോട്ടൽ ജീവനക്കാരോടു ദയാപുരസ്സരം ഇടപെടാൻ നാം ഓർമിക്കണം. നാം അപ്രകാരം ചെയ്യുന്നതു ചിലർ സത്യം കൂടുതൽ അടുത്തു പരിശോധിക്കുന്നതിനു കാരണമാക്കിയേക്കാം. കൂടാതെ, ഹോട്ടൽ മുറികളിൽ അനുവദിച്ചിട്ടില്ലെങ്കിൽ പാചകം ചെയ്യരുത്.
18 വീഡിയോ കാമറകൾ, കാമറകൾ, ടേപ്പ് റെക്കോർഡറുകൾ: ഹാജരായിരിക്കുന്ന മറ്റുള്ളവരോട് നാം പരിഗണന കാണിക്കുന്നെങ്കിൽ, കാമറകളും മറ്റു റെക്കോർഡിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് അനുവദനീയമാണ്. സെഷന്റെ സമയത്തു നാം ചിത്രങ്ങൾ എടുത്തുകൊണ്ടു ചുറ്റിക്കറങ്ങുന്നുവെങ്കിൽ, നാം ശ്രദ്ധിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധ പതറിക്കുകമാത്രമല്ല പരിപാടിയിൽ കുറെ നമുക്കുതന്നെ നഷ്ടപ്പെടുകയും ചെയ്യും. അടുത്ത ശ്രദ്ധ നൽകുന്നതിനാലും മിതമായ കുറിപ്പുകൾ എടുക്കുന്നതിനാലും കൺവെൻഷനിൽനിന്നും നാം സാധാരണഗതിയിൽ കൂടുതൽ പ്രയോജനം നേടുന്നു. ഒരു ശയ്യാവലംബിത സഹോദരനോ സഹോദരിക്കോ വേണ്ടിയായിരിക്കാം നാം റെക്കോർഡു ചെയ്യുന്നത്; എന്നിരുന്നാലും, അനേകം മണിക്കൂർ നേരത്തെ പരിപാടി നമ്മുടെ സ്വന്തം ഉപയോഗത്തിനായി ടേപ്പുചെയ്തതിനു ശേഷം ഭവനത്തിലെത്തുമ്പോൾ, റെക്കോർഡ് ചെയ്തതിൽ അധികവും പുനരവലോകനം ചെയ്യുന്നതിനു നമുക്കു സമയമില്ലെന്നു നാം കണ്ടെത്തിയേക്കാം. യാതൊരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും വൈദ്യുത സംവിധാനവുമായോ സൗണ്ട് സിസ്റ്റവുമായോ ബന്ധിപ്പിക്കാൻ പാടില്ല. ഇടപ്പാതകളിലോ നടപ്പാതകളിലോ മറ്റുള്ളവരുടെ കാഴ്ചക്കോ അവ തടസ്സം സൃഷ്ടിക്കാനും പാടില്ല.
19 ഇരിപ്പിടം: ഇരിപ്പിടങ്ങൾ കരുതിവെക്കുന്ന സംഗതിയിൽ ഞങ്ങൾ തുടർച്ചയായ പുരോഗതി നിരീക്ഷിക്കുന്നു. കഴിഞ്ഞ വർഷം, അടുത്ത കുടുംബാംഗങ്ങൾക്കോ നിങ്ങളുടെ കൂട്ടത്തിൽ യാത്രചെയ്യുന്നവർക്കോ മാത്രമേ ഇരിപ്പിടങ്ങൾ കരുതിവെക്കാവു എന്ന മാർഗനിർദേശം നിങ്ങളിൽ ഭൂരിഭാഗവും പിൻപറ്റി. അനേകർ ഈ വ്യക്തമായ മാർഗനിർദേശം പിൻപറ്റിയതുകൊണ്ട് സമ്മർദം കുറഞ്ഞതായി നിങ്ങൾ ഒരുപക്ഷേ കണ്ടെത്തിയിരിക്കാം. കൂടുതൽ പ്രധാനമായി, തദനുസരണമുള്ള നിങ്ങളുടെ കീഴ്വഴക്കം യഹോവക്കും ആത്മീയ ഭക്ഷണം നൽകുന്ന ‘വിശ്വസ്ത അടിമ’ക്കും പ്രസാദകരമായിരുന്നു.—മത്താ. 24:45.
20 ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും കൺവെൻഷനു വരുന്ന നമ്മുടെ സഹോദരങ്ങളുടെ ഒരു വർധിച്ച എണ്ണമുണ്ട്. ചിലർ വീൽചെയറിൽ വരുന്നവരും കുടുംബാംഗങ്ങളുടെ പരിപാലനത്തിന്റെ ആവശ്യമുള്ളവരുമാണ്. മറ്റുള്ളവർ ഹൃദ്രോഗങ്ങളോ പെട്ടെന്നുണ്ടാകുന്ന ചിലതരം രോഗങ്ങളോ പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കായുള്ള വ്യത്യസ്ത ചികിത്സകളിലുള്ളവരാണ്. ആത്മീയ ഭക്ഷണം ഒന്നും നഷ്ടപ്പെടുത്താതിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഈ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ കൺവെൻഷനിൽ കാണുന്നതു സത്യമായും നമ്മുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുന്നു. എന്നാൽ ചിലപ്പോൾ, കുടുംബാംഗങ്ങളോ സഭാംഗങ്ങളോ സഹായം നൽകാനില്ലാത്തപ്പോൾ, ചില വ്യക്തികൾ കൺവെൻഷൻ സമയത്തു രോഗികളായിത്തീർന്നത് ഒരു പ്രശ്നമായിരുന്നിട്ടുണ്ട്. ചില കേസുകളിൽ കൺവെൻഷൻ കാര്യനിർവഹണസംഘത്തിന് ഒരു സഹോദരനെയോ സഹോദരിയെയോ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് അടിയന്തിര വൈദ്യസേവനസഹായത്തിനായി വിളിക്കേണ്ടിവന്നിട്ടുണ്ട്. വിട്ടുമാറാത്ത രോഗമുള്ളവർക്കുവേണ്ടി കരുതേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കുമായിരിക്കണം. കൺവെൻഷൻ പ്രഥമശുശ്രൂഷാ ഡിപ്പാർട്ടുമെൻറ്, വിട്ടുമാറാത്ത രോഗമുള്ളവർക്കു പരിപാലനം നൽകാൻ കഴിയുന്ന ഒരു സ്ഥാനത്തല്ല. നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിനു പ്രത്യേക ശ്രദ്ധയാവശ്യമുണ്ടെങ്കിൽ, ഒരു അടിയന്തിര സാഹചര്യം ഉയർന്നുവരുന്നപക്ഷം അദ്ദേഹം ഒറ്റക്കല്ലെന്നു ദയവായി ഉറപ്പുവരുത്തുക. കൂടുതലായി, പൊതുവായ ഇരിപ്പിടസ്ഥലങ്ങളിൽ ഇരിക്കുന്നതിൽനിന്നു തങ്ങളെ തടയുന്ന അലർജികളുള്ളവരെ ഇരുത്തുവാൻ വേണ്ടിയുള്ള പ്രത്യേക മുറികൾക്കായുള്ള ഒരു ക്രമീകരണവും കൺവെൻഷൻ സ്ഥലത്ത് ഉണ്ടായിരിക്കില്ല. തങ്ങളുടെ സഭയിലെ പ്രത്യേക ആരോഗ്യ ആവശ്യങ്ങളുള്ള ഏതൊരുവനെയും സംബന്ധിച്ചു മൂപ്പൻമാർ ജാഗ്രതയുള്ളവരായിരിക്കണം. അവരുടെ പരിപാലനത്തിനായി ക്രമീകരണങ്ങൾ മുന്നമേതന്നെ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.
21 കൺവെൻഷൻ ഭക്ഷ്യാവശ്യങ്ങൾ: കൺവെൻഷനിൽ ഒരു ഭക്ഷണവും വിതരണം ചെയ്യില്ലെന്നു കഴിഞ്ഞ വർഷം അറിയിച്ചപ്പോൾ നമ്മിൽ ചുരുക്കം ചിലർക്കെങ്കിലും അല്പം ആശങ്ക ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ആയിരുന്നെങ്കിലും, നമ്മുടെ ഭൂരിഭാഗം സഹോദരൻമാരെയും പോലെ, നാമും ലളിതമായ ലഘുഭക്ഷണം മാത്രം ഉണ്ടായിരുന്നതിന്റെയോ സ്വന്തം ഭക്ഷണം കൊണ്ടുവന്നതിന്റെയോ പ്രയോജനങ്ങളാൽ വളരെ സംതൃപ്തരായിരുന്നു. ഒരു സഹോദരൻ എഴുതി: “ഇതിൽനിന്ന് ഒരു ബൃഹത്തായ ആത്മീയ പ്രയോജനം എനിക്കു വ്യക്തമായി കാണാൻ കഴിയുന്നു. ആ സമയവും ഊർജവുമെല്ലാം ഇപ്പോൾ ആത്മീയ കാര്യങ്ങളിലേക്കു തിരിച്ചുവിടാൻ കഴിയുന്നു. ഒരു നിഷേധാത്മക അഭിപ്രായവും ഞാൻ കേട്ടിട്ടില്ല.” ഒരു സഹോദരി എഴുതി: “സ്വയം പരിശോധിക്കുന്നതിനും ഞങ്ങളുടെ ജീവിതം ലളിതമാക്കി ദിവ്യാധിപത്യ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻമാത്രമുള്ള വഴികൾ അന്വേഷിക്കുന്നതിനും പ്രിയപ്പെട്ട സഹോദരങ്ങളായ നിങ്ങൾ ദൃഷ്ടാന്തത്തിലൂടെ ക്രിസ്ത്യാനികളായ ഞങ്ങൾ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുന്നു.” മുമ്പുണ്ടായിരുന്ന ഭക്ഷ്യസേവന ക്രമീകരണത്തെക്കുറിച്ച് ഒരു സഞ്ചാര മേൽവിചാരകൻ എഴുതി: “നിരവധി സഹോദരങ്ങൾക്കു മുഴു സമ്മേളന പരിപാടിയും നഷ്ടപ്പെടുന്നതിന് പഴയ ക്രമീകരണം ഇടയാക്കിയിരുന്നു.” ലഭ്യമായ ലളിത ലഘുഭക്ഷണത്തെയും സഹോദരങ്ങൾ കൊണ്ടുവന്ന ഭക്ഷണത്തെയും സംബന്ധിച്ച് ഒരു സഹോദരൻ എഴുതി: “അവർക്ക് ആവശ്യമായിരുന്നത് മാത്രം അവർക്കുണ്ടായിരുന്നു.” അവസാനമായി, മറ്റൊരു സഹോദരി എഴുതി: “സെഷനുകൾക്കു ശേഷം രംഗം സമാധാനപൂർണവും ശാന്തവുമായിരുന്നു, സന്തുഷ്ടിയുടെ ഒരു പ്രതീതിയുമുണ്ടായിരുന്നു.” ഉവ്വ്, ഓരോരുത്തനും ലളിതമായ ലഘുഭക്ഷണം കഴിക്കാനോ തന്നെത്തന്നെ പോറ്റുന്നതിനു കേവലം ആവശ്യമായിരുന്നതു കൊണ്ടുവരാനോ കഴിഞ്ഞു. സ്നേഹിതരെ സന്ദർശിക്കുന്നതിനു തങ്ങൾക്കു കൂടുതൽ സമയമുണ്ടായിരുന്നുവെന്ന വസ്തുതയെക്കുറിച്ച് അനേകർ അഭിപ്രായം പ്രകടിപ്പിച്ചു.
22 വീണ്ടും, ഈ വർഷം ഭക്ഷണവിതരണം ഉണ്ടായിരിക്കുന്നതല്ല, എന്നാൽ ലളിതമായ ലഘുഭക്ഷണങ്ങൾ ലഭ്യമായിരിക്കും. കൺവെൻഷനു കൊണ്ടുപോകാൻ കഴിയുന്ന പ്രായോഗികമായ, പോഷകഗുണമുള്ള ഭക്ഷ്യവിഭവങ്ങൾ സംബന്ധിച്ച നിർദേശങ്ങൾക്കായി 1995 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ ചതുരം പുനരവലോകനം ചെയ്യുന്നതിനു ദയവായി ഏതാനും മിനിറ്റെടുക്കുക. കുപ്പിപ്പാത്രങ്ങളോ ലഹരിപാനീയങ്ങളോ കൺവെൻഷൻ സ്ഥലത്തു കൊണ്ടുവരാൻ പാടില്ലെന്നു ദയവായി ഓർമിക്കുക. കുടിവെള്ളത്തിനുള്ള ചെറിയ പാത്രങ്ങൾ ആവശ്യമാണെങ്കിൽ, അവ നിങ്ങളുടെ ഇരിപ്പിടത്തിനടിയിൽ ഒതുങ്ങുന്നവയായിരിക്കണം. നിങ്ങൾ കൊണ്ടുവരുന്നതു കഴിക്കുന്നതിനും കുടിക്കുന്നതിനും ഉച്ചയ്ക്കത്തെ ഇടവേളയിൽ മതിയായ സമയമുണ്ടെന്ന് ഓർമിക്കുക. നമ്മുടെ രാജ്യഹാളിൽ യോഗസമയത്തു നാം ചെയ്യുന്നതുപോലെതന്നെ, സെഷന്റെ സമയത്തു ഭക്ഷണം കഴിക്കുന്നതിൽനിന്നു നാം എല്ലായ്പോഴും ഒഴിഞ്ഞിരിക്കുന്നു. ആരാധനക്കു വേണ്ടിയുള്ള ക്രമീകരണത്തോടും പ്രദാനം ചെയ്യപ്പെടുന്ന ആത്മീയ ഭക്ഷണത്തോടുമുള്ള ആദരവു നാം അപ്രകാരം പ്രകടിപ്പിക്കുന്നു.
23 ആദ്യത്തെ “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ പെട്ടെന്നുതന്നെ തുടങ്ങും. സംബന്ധിക്കാനുള്ള തയ്യാറെടുപ്പുകൾ നിങ്ങൾ പൂർത്തീകരിച്ചിരിക്കുന്നുവോ? മൂന്നു ദിവസത്തെ സന്തുഷ്ട കൂട്ടായ്മയും ആത്മീയ നന്മകളും ആസ്വദിക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണോ? ഈ വർഷത്തെ കൺവെൻഷനു സംബന്ധിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമാറാകട്ടെ എന്നാണു ഞങ്ങളുടെ ആത്മാർഥമായ പ്രാർഥന.
[6-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
സ്നാപനം: ശനിയാഴ്ച രാവിലത്തെ പരിപാടികൾ തുടങ്ങുന്നതിനു മുമ്പ് സ്നാപനാർഥികൾക്കു വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഭാഗത്തെ ഇരിപ്പിടങ്ങളിൽ അവർ ചെന്നിരിക്കേണ്ടതാണ്. സ്നാപനപ്പെടാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും ഉചിതമായ ഒരു സ്നാപന വസ്ത്രവും തോർത്തും കൊണ്ടുവരേണ്ടതാണ്. നമ്മുടെ ശുശ്രൂഷാ പുസ്തകത്തിലെ ചോദ്യങ്ങൾ സ്നാപനാർഥികളുമായി പുനരവലോകനം ചെയ്യുന്ന സഭാമൂപ്പൻമാർ, ഓരോരുത്തരും ഈ ആശയങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആഗ്രഹിക്കും. പ്രസംഗകൻ സ്നാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ച ശേഷം ആ സെഷൻ ചെയർമാൻ സ്നാപനാർഥികൾക്കുളള ഹ്രസ്വമായ നിർദേശങ്ങൾ നൽകിയിട്ട്, ഒരു ഗീതത്തിനായുള്ള ആഹ്വാനം നൽകും. അവസാനത്തെ വരി പാടിത്തീർന്നശേഷം സേവകർ സ്നാപനാർഥികളെ സ്നാപനമേൽക്കാനുളള സ്ഥലത്തേക്കു നയിക്കും. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായുളള സ്നാപനം ആ വ്യക്തിയും യഹോവയും തമ്മിലുളള സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യമായിരിക്കുന്നതുകൊണ്ട്, ഒന്നോ അതിലധികമോ സ്നാപനാർഥികൾ കെട്ടിപ്പിടിച്ചോ കൈകൾ കോർത്തുപിടിച്ചോ സ്നാപനമേൽക്കുന്നതരം പങ്കാളി സ്നാപനങ്ങൾക്ക് അവസരമുണ്ടായിരിക്കുന്നതല്ല.
ബാഡ്ജ് കാർഡുകൾ: കൺവെൻഷൻ സ്ഥലത്തും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും 1996 ബാഡ്ജ് കാർഡ് ദയവായി ധരിക്കുക. യാത്ര ചെയ്യുമ്പോൾ നല്ലൊരു സാക്ഷ്യം നൽകാൻ ഇതു മിക്കപ്പോഴും സഹായിക്കുന്നു. ബാഡ്ജ് കാർഡുകളും ഹോൾഡറുകളും നിങ്ങളുടെ സഭ മുഖാന്തരം വാങ്ങേണ്ടതാണ്, കാരണം കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കുന്നതല്ല. നിങ്ങൾക്കും കുടുംബത്തിനുംവേണ്ടി കാർഡുകൾ ചോദിക്കുന്നതിനു കൺവെൻഷന്റെ ഏതാനും ദിവസം മുമ്പുവരെ കാത്തിരിക്കരുത്. നിങ്ങളുടെ നിലവിലുളള മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് എടുക്കാൻ ഓർമിക്കണം.
താമസസൗകര്യം: നിങ്ങൾക്കു ഹോട്ടലിൽവെച്ച് എന്തെങ്കിലും പ്രശ്നം നേരിടുന്നപക്ഷം അതു കൺവെൻഷൻ സ്ഥലത്തെ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് മേൽവിചാരകന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ മടിക്കരുത്, കാരണം ഉടൻതന്നെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാകും. അനുയോജ്യമായ കൺവെൻഷൻ അഡ്രസ്സിൽ മുറികൾക്കുളള അപേക്ഷാഫാറങ്ങൾ സത്വരം അയയ്ക്കാൻ സഭാസെക്രട്ടറിമാർ ശ്രദ്ധിക്കണം. കൺവെൻഷൻ ഭാരവാഹികൾ ക്രമീകരിച്ച ഏതെങ്കിലും താമസസൗകര്യം നിങ്ങൾക്കു ക്യാൻസൽ ചെയ്യേണ്ടതുണ്ടെങ്കിൽ ഉടൻതന്നെ വിവരം കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറിനെ അറിയിക്കേണ്ടതുണ്ട്. അങ്ങനെയാവുമ്പോൾ ആ മുറി മററാർക്കെങ്കിലും കൊടുക്കാൻ സാധിക്കും.
സ്വമേധയാ സേവനം: ചുരുക്കപ്പെട്ട ഭക്ഷ്യസേവനം നിമിത്തം, മുമ്പ് ആ ഡിപ്പാർട്ടുമെൻറിൽ ജോലിചെയ്തിരുന്നവർ മറ്റെവിടെയെങ്കിലും ജോലിചെയ്യുന്നതിനുവേണ്ടി തങ്ങൾക്കു സ്വമേധയാ മുന്നോട്ടു വരാൻ കഴിയുമെന്ന് ഇപ്പോൾ കണ്ടെത്തിയേക്കാം. ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെൻറിൽ സഹായിക്കാൻ കൺവെൻഷനിൽവെച്ച് നിങ്ങൾക്കു കുറെ സമയം നീക്കിവെക്കാൻ കഴിയുമോ? ഏതാനും മണിക്കൂറുകളാണെങ്കിൽപ്പോലും നമ്മുടെ സഹോദരങ്ങളെ സേവിക്കുന്നതു വളരെ സഹായകരമായിരിക്കാൻ കഴിയും, അതു വളരെ സംതൃപ്തിയും കൈവരുത്തും. നിങ്ങൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ, കൺവെൻഷനിലെ സ്വമേധയാ സേവന ഡിപ്പാർട്ടുമെൻറിനെ അത് അറിയിക്കുക. മാതാപിതാക്കളുടെ ആരുടെയെങ്കിലുമോ ഉത്തരവാദിത്വമുളള മററാരുടെയെങ്കിലുമോ കീഴിൽ ജോലി ചെയ്തുകൊണ്ട് 16 വയസ്സിനു താഴെയുളള കുട്ടികൾക്കും ഒരു നല്ല സഹായമായിരിക്കാവുന്നതാണ്.
മുന്നറിയിപ്പിൻ വാക്കുകൾ: ഉണ്ടാകാനിടയുളള പ്രശ്നങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതിനാൽ, അനാവശ്യമായ ബുദ്ധിമുട്ടുകളിൽനിന്നു നമ്മെത്തന്നെ രക്ഷിക്കാൻ കഴിയും. മിക്കപ്പോഴും കളളൻമാരും തത്ത്വദീക്ഷയില്ലാത്ത മററു വ്യക്തികളും തങ്ങളുടെ ഭവന ചുററുപാടിൽനിന്നും അകലെയായിരിക്കുന്ന ആളുകളെ പററിക്കാൻ തക്കംപാർത്തിരിക്കും. വലിയ കൂട്ടങ്ങളിലാണ് കളളൻമാരും പോക്കററടിക്കാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിലയുളള സാധനങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിൽ വെച്ചിട്ടു പോകുന്നതു ബുദ്ധിയായിരിക്കില്ല. ചുററുമുളള എല്ലാവരും ക്രിസ്ത്യാനികളാണെന്ന് യാതൊരു ഉറപ്പുമില്ല. എന്തിനാണു പ്രലോഭനം വെച്ചുനീട്ടുന്നത്? കുട്ടികളെ വശീകരിച്ചുകൊണ്ടുപോകാൻ പുറത്തുളള ചിലർ ശ്രമിച്ചിട്ടുളള സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ സമയത്തും നിങ്ങളുടെ കുട്ടികളെ കാഴ്ചപ്പാടിൽ നിർത്തുക.
പല ഹോട്ടലുകളിലുമുളള കേബിൾ ടെലിവിഷനും വീഡിയോ പരിപാടികളും ചിലപ്പോൾ അസഭ്യവും അശ്ലീലവുമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ഈ കെണി സംബന്ധിച്ചു ജാഗ്രത പുലർത്തുക, മേൽനോട്ടമില്ലാതെ കുട്ടികൾ മുറിയിൽ ടിവി കാണാൻ അനുവദിക്കരുത്.
കൺവെൻഷൻ കാര്യങ്ങൾ സംബന്ധിച്ചുളള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കൺവെൻഷൻ ഓഡിറേറാറിയത്തിലെ നടത്തിപ്പുകാർക്കു ദയവായി ഫോൺ ചെയ്യരുത്. മൂപ്പൻമാരിൽനിന്ന വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, ദയവായി 1996 ആഗസ്ററിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കൺവെൻഷൻ കേന്ദ്രങ്ങളുടെ അഡ്രസ്സിൽ എഴുതുക.