ബൈബിളിന്റെവീക്ഷണം
അപ്പോസ്തലനായ പൗലോസ് സ്ത്രീവിരോധിയായിരുന്നോ?
“ക്രിസ്തീയ . . . സഭയ്ക്കുള്ളിലെ സ്ത്രീവിരുദ്ധ മുൻവിധികളിൽ അധികത്തിന്റെയും അടിസ്ഥാനമെന്ന നിലയിൽ” അപ്പോസ്തലനായ “പൗലോസിന്റെ പഠിപ്പിക്കലുകളാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.” സൈപ്രസിൽ നടന്ന കോമൺവെൽത്ത് ലോ കോൺഫറൻസിന് 1993 ആരംഭത്തിൽ സമർപ്പിച്ച ഒരു പ്രമാണപത്രത്തിൽ ന്യൂസിലൻഡിലെ ഓക്ലൻഡിലുള്ള സസീലി റഷ്ടൺ എന്ന ന്യായാധിപയാണ് അങ്ങനെ പറഞ്ഞത്. ആ വനിത ഇങ്ങനെ കൂട്ടിച്ചേർത്തു: “തിമോത്തിക്കുള്ള പൗലോസിന്റെ ലേഖനം അദ്ദേഹത്തിന്റെ ചിന്തയെ വെളിപ്പെടുത്തുന്നു: ‘സ്ത്രീ പഠിപ്പിക്കുന്നതോ പുരുഷന്റെമേൽ അധികാരം നടത്തുന്നതോ എനിക്കു സഹിക്കില്ല, പിന്നെയോ സ്ത്രീ മിണ്ടാതിരിക്കേണം.’”—1 തിമോത്തി 2:12, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
പൗലോസ് സ്ത്രീകളുടെ പങ്കിനെക്കുറിച്ച് അഥവാ അവരുടെ സ്ഥാനത്തെക്കുറിച്ച് എഴുതിയപ്പോൾ, പ്രകടമായത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നോ, അതോ അദ്ദേഹം ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടിരുന്നോ? മൊത്തത്തിൽ വീക്ഷിക്കുമ്പോൾ, പൗലോസിന്റെ ലേഖനങ്ങൾ അഥവാ കത്തുകൾ വാസ്തവത്തിൽ സ്ത്രീവിരുദ്ധ മുൻവിധിയെ പ്രതിഫലിപ്പിക്കുന്നുവോ? തിമോത്തിക്കുള്ള പൗലോസിന്റെ മേലുദ്ധരിച്ച വാക്കുകൾ ഏതു സന്ദർഭത്തിലാണു ബാധകമാകുന്നത്?
പൗലോസിന്റെ വിശ്വാസയോഗ്യത
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ 27 പുസ്തകങ്ങളിൽ പതിന്നാലെണ്ണം എഴുതിയത് പൗലോസാണ്. പൗലോസിന്റെമേലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തെളിവായിരുന്നു അനേകം ഭാഷകളിൽ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രാപ്തി. മാത്രമല്ല, അദ്ദേഹം പ്രകൃത്യാതീത ദർശനങ്ങൾക്കും സാക്ഷ്യം വഹിച്ചു. (1 കൊരിന്ത്യർ 14:18; 2 കൊരിന്ത്യർ 12:1-5) ആത്മത്യാഗപരവും മുഴുദേഹിയോടെയുമുള്ള പൗലോസിന്റെ സ്നേഹപുരസ്സരമായ ദൃഷ്ടാന്തം അദ്ദേഹത്തിനും തന്റെ ക്രിസ്തീയ സമകാലീനർക്കുമിടയിൽ ഊഷ്മളമായ സഹോദരപ്രീതിയുടെ ഒരു അടുത്ത ബന്ധം ഉളവാക്കി. (പ്രവൃത്തികൾ 20:37, 38) സ്ത്രീകളെക്കുറിച്ച് പൗലോസ് പറഞ്ഞതുൾപ്പെടെ അദ്ദേഹത്തിന്റെ എഴുത്തുകൾ, ‘ദൈവശ്വാസീയവും അഭ്യസനത്തിനു പ്രയോജനപ്രദവുമായ’ തിരുവെഴുത്തുകളുടെ ഭാഗമാണ്.—2 തിമൊഥെയൊസ് 3:16.
സ്ത്രീകൾ, പൗലോസിന്റെ എഴുത്തുകളിൽ
പൗലോസ് സ്ത്രീകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളിലുടനീളം അതിന്റെ മതിയായ തെളിവുണ്ട്. സഭാപരവും കുടുംബപരവുമായി അവർക്കുള്ള അനേകം ധർമങ്ങളിൽ അദ്ദേഹം അവരെ ആവർത്തിച്ചു പരാമർശിക്കുന്നുണ്ട്. തന്റെ ലേഖനങ്ങളിലൊന്നിൽ, ഒരു ക്രിസ്തീയ ഇടയന്റെ അഭികാമ്യമായ ഗുണങ്ങളെ മുലയൂട്ടുന്ന ഒരു മാതാവ് പ്രകടമാക്കുന്ന ഗുണങ്ങളോടു പൗലോസ് ഉപമിച്ചു.—1 തെസ്സലൊനീക്യർ 2:7.
പൗലോസിന്റെ ലേഖനങ്ങളിൽ പേരു പറഞ്ഞു പരാമർശിക്കപ്പെട്ടിട്ടുള്ള അനേകം ക്രിസ്തീയ സഹോദരിമാർ അദ്ദേഹത്തിന്റെ ഊഷ്മളമായ അനുമോദനത്തിനു പാത്രീഭൂതരാണ്. റോമിലുള്ള സഭയിലെ അംഗങ്ങൾക്കുള്ള തന്റെ അഭിവാദനങ്ങളിൽ, “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ” ചില സ്ത്രീകളെ പ്രത്യേകം അഭിസംബോധന ചെയ്യുന്ന അഭിവാദനങ്ങൾ ഉൾപ്പെട്ടിരുന്നു. (റോമർ 16:12) യുവൊദ്യയോടും സുന്തുകയോടുമുള്ള ബന്ധത്തിൽ “എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കു”ന്ന അവർക്കു “തുണനില്ക്കേണം” എന്ന് ഫിലിപ്പിയിലെ സഹോദരൻമാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. (ഫിലിപ്പിയർ 4:3) തിമോത്തിക്കുള്ള തന്റെ കത്തിൽ ആ ചെറുപ്പക്കാരന്റെ വല്യമ്മയായ ലോവീസിന്റെയും അമ്മയായ യൂനീക്കയുടെയും മാതൃകാപരമായ വിശ്വാസത്തെ പൗലോസ് അംഗീകരിച്ചു.—2 തിമൊഥെയൊസ് 1:5.
പൗലോസിന്റെ ക്രിസ്തീയ സഹോദരിമാർ അദ്ദേഹത്തെക്കുറിച്ച് എങ്ങനെ വിചാരിച്ചിരുന്നു എന്നതു സംബന്ധിച്ച് എന്തെങ്കിലും സൂചനയുണ്ടോ? അക്വിലായെയും പ്രിസ്കയെയും സംബന്ധിച്ച് അദ്ദേഹം നന്ദിയോടെ സാക്ഷ്യപ്പെടുത്തി. വിവാഹിത ദമ്പതികളായ അവരുമായി അദ്ദേഹത്തിനു വ്യക്തിപരമായ അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അക്വില മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ പ്രിസ്കയും “[തന്റെ] പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു.”—റോമർ 16:3, 4.
സ്ത്രീവിരുദ്ധ മുൻവിധിയോ?
“മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരൻമാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.” (1 തിമൊഥെയൊസ് 5:1, 2) തിമോത്തിക്കുള്ള പൗലോസിന്റെ ഈ വാക്കുകൾ സ്ത്രീവർഗത്തോടുള്ള ആരോഗ്യാവഹമായ ആദരവിനെ പ്രതിഫലിപ്പിക്കുന്നില്ലേ? പൗലോസ് ക്രിസ്തീയ സഭയിലെ പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരേ അളവിലുള്ള ബഹുമാനമാണു നൽകിയത്. അദ്ദേഹം ഇങ്ങനെ എഴുതി: “യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—ഗലാത്യർ 3:28.
വിവാഹജീവിതത്തിലെ ദൈവദത്തമായ ധർമങ്ങളെ സംബന്ധിച്ച് പൗലോസ് ഇങ്ങനെയെഴുതി: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.” (എഫെസ്യർ 5:22, 23; താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 11:3.) അതേ, ഭർത്താവിന്റെയും ഭാര്യയുടെയും അതാതു ധർമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു, ഏതെങ്കിലും ഒരിണയ്ക്കു ശ്രേഷ്ഠത കുറവാണെന്നല്ല അതിന്റെ അർഥം. ഈ ധർമങ്ങൾ പരസ്പരം അനുപൂരകമാണ്. ഓരോന്നും നിവർത്തിക്കുന്നതു വെല്ലുവിളിപരമാണ്. എന്നാൽ ആ വെല്ലുവിളിയെ നേരിടാൻ കഴിഞ്ഞാൽ അതു കുടുംബക്ഷേമത്തിനു നിദാനമായിരിക്കും. ഇനിയും, ഭർത്താവു ശിരഃസ്ഥാനം പ്രയോഗിക്കുന്നത് മർദകമോ സ്നേഹശൂന്യമോ ആയ ഒരു വിധത്തിലായിരിക്കാൻ പാടില്ലായിരുന്നു. പൗലോസ് ഇങ്ങനെ തുടർന്നു: “ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു,” അവർക്കു വേണ്ടി വലിയ ത്യാഗങ്ങൾ സഹിക്കാൻ മനസ്സുള്ളവരായിത്തന്നെ. (എഫെസ്യർ 5:28, 29) കുട്ടികൾ പിതാവിനെയും മാതാവിനെയും അനുസരിക്കേണ്ടിയിരുന്നു.—എഫെസ്യർ 6:1, 2.
വൈവാഹിക അടുപ്പം സംബന്ധിച്ച ബന്ധത്തിലെ പൗലോസിന്റെ വാക്കുകളും ശ്രദ്ധാർഹമാണ്. പൗലോസ് മുഖപക്ഷമില്ലാതെയാണ് ഇങ്ങനെ എഴുതിയത്: “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിൻമേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിൻമേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.”—1 കൊരിന്ത്യർ 7:3, 4.
“സ്ത്രീ . . . മിണ്ടാതിരിക്കേണം”
പ്രാരംഭ ഖണ്ഡികയിൽ ഉദ്ധരിച്ച 1 തിമോത്തി 2:12-ലെ പൗലോസിന്റെ വാക്കുകളെടുക്കുക. ഒരു സ്ത്രീവിരുദ്ധ മുൻവിധിയിൽനിന്നാണോ സ്ത്രീകൾ “മിണ്ടാതിരി”ക്കണമെന്ന അദ്ദേഹത്തിന്റെ വാദം ഉദയം ചെയ്തത്? അല്ല! ആഹ്വാനം ചെയ്യപ്പെട്ട ഈ ‘മൗനത’ ക്രിസ്തീയ സഭയിൽ പഠിപ്പിക്കുകയോ ആത്മീയ അധികാരം പ്രയോഗിക്കുകയോ ചെയ്യുന്നതിനോടു ബന്ധപ്പെട്ടായിരുന്നു. ഇതു നേരത്തെ പരാമർശിച്ച ദിവ്യമായി നൽകപ്പെട്ട പുരുഷ-സ്ത്രീ ബന്ധത്തോടുള്ള ആദരവിൽനിന്നായിരുന്നു.a
സ്ത്രീകൾ ദിവ്യസത്യത്തെ പഠിപ്പിക്കുന്നവർ ആകാൻ പാടില്ല എന്നല്ല ഇതിന്റെ അർഥം. ചെറുപ്പക്കാരികൾക്കു “നൻമ ഉപദേശിക്കുന്നവരായിരി”ക്കാൻ [“പഠിപ്പിക്കുന്നവർ,” NW] പൗലോസ് മുതിർന്ന സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. തിമോത്തിയെ പഠിപ്പിച്ച യൂനീക്കയുടെയും ലോവീസിന്റെയും ദൃഷ്ടാന്തം പിൻപററിക്കൊണ്ട് ക്രിസ്തീയ അമ്മമാർ തങ്ങളുടെ കുട്ടികളെ ദൈവിക വഴികളിൽ പരിശീലിപ്പിക്കേണ്ടതുണ്ട്. (തീത്തൊസ് 2:3-5; 2 തിമൊഥെയൊസ് 1:5) പരസ്യമായി സുവാർത്ത പ്രസംഗിക്കുന്നതിലും പുരുഷൻമാരെയും സ്ത്രീകളെയും ശിഷ്യരാക്കുന്നതിലും യുവൊദ്യയുടെയും സുന്തുകയുടെയും ദൃഷ്ടാന്തത്തെ ഇന്ന് യഹോവയുടെ സാക്ഷികളുടെ സഭകളിൽ പിൻപററുന്നതിൽ ലക്ഷക്കണക്കിനു ക്രിസ്തീയ സ്ത്രീകൾ ആത്മീയ സംതൃപ്തി കണ്ടെത്തുന്നു.—സങ്കീർത്തനം 68:11; മത്തായി 28:20; ഫിലിപ്പിയർ 4:2, 3.
അതുകൊണ്ട് നിങ്ങളുടെ വിലയിരുത്തൽ എന്താണ്? പൗലോസിന്റെ എഴുത്തുകളെ മൊത്തമായി വീക്ഷിക്കുമ്പോൾ സ്ത്രീവിരുദ്ധ മുൻവിധി എന്ന ആരോപണത്തെ അവ ന്യായീകരിക്കുന്നുവോ?
[അടിക്കുറിപ്പുകൾ]
a 1 തിമോത്തി 2:11-ലെ (ന്യൂ ഇൻറർനാഷണൽ വേർഷൻ) “പൂർണമായ കീഴ്പെടൽ” എന്ന പദപ്രയോഗത്തെ പരാമർശിച്ചുകൊണ്ട് ബൈബിൾ പണ്ഡിതനായ ഡബ്ലിയു. ഇ. വൈൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഈ നിരോധനം മനസ്സിനെയും മനസ്സാക്ഷിയെയും കീഴ്പെടുത്തുന്നതിനു നേർക്കോ സ്വകാര്യ ന്യായനിർണയത്തിന്റെ കടമയെ പരിത്യജിക്കുന്നതിനു നേർക്കോ ഉള്ളതല്ല; ‘സകല കീഴ്പ്പെടലോടും കൂടെ’ എന്ന പദപ്രയോഗം അധികാരം പിടിച്ചെടുക്കുന്നതിനെതിരെയുള്ള ഒരു മുന്നറിയിപ്പാണ്. ഇതിന്റെ ഉദാഹരണമാണ് അടുത്ത വാക്യത്തിലേത്.”