പാഠം 59
എതിർപ്പും ഉപദ്രവവും നേരിട്ടാലും നിങ്ങൾക്ക് വിശ്വസ്തരായിരിക്കാനാകും
ക്രിസ്ത്യാനികളായ നമുക്ക് ഇന്ന് അല്ലെങ്കിൽ നാളെ എതിർപ്പുകളുണ്ടായേക്കാം. നമ്മളെ പലരും ഉപദ്രവിക്കുകപോലും ചെയ്തേക്കാം. അതെക്കുറിച്ചോർത്ത് പേടിക്കണോ?
1. എതിർപ്പും ഉപദ്രവവും നമ്മൾ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.” (2 തിമൊഥെയൊസ് 3:12) സാത്താന്റെ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് യേശുവിന് ഉപദ്രവം സഹിക്കേണ്ടിവന്നു. നമ്മളും ഈ ലോകത്തിന്റെ ഭാഗമല്ല. അതുകൊണ്ടുതന്നെ മതസംഘടനകളോ ഗവൺമെന്റുകളോ നമ്മളെ ഉപദ്രവിച്ചാൽ അതിൽ നമ്മൾ ഒട്ടും അതിശയിക്കേണ്ടതില്ല.—യോഹന്നാൻ 15:18, 19.
2. എതിർപ്പും ഉപദ്രവവും നേരിടാൻ നമുക്ക് എങ്ങനെ ഒരുങ്ങാം?
യഹോവയിലുള്ള നമ്മുടെ വിശ്വാസം നമ്മൾ ഇപ്പോഴേ ശക്തമാക്കണം. ദിവസവും ദൈവത്തോടു പ്രാർഥിക്കാനും ബൈബിളിന്റെ ഒരു ഭാഗം വായിക്കാനും ക്രമമായി മീറ്റിങ്ങുകൾക്കു കൂടിവരാനും നമ്മൾ സമയം കണ്ടെത്തണം. ഇതൊക്കെ ചെയ്താൽ ഏതൊരു എതിർപ്പിനെയും ഉപദ്രവത്തെയും ധൈര്യത്തോടെ നേരിടാൻ നമുക്കു കഴിയും, അതു കുടുംബാംഗങ്ങളിൽനിന്ന് ആണെങ്കിൽപ്പോലും. പല പ്രാവശ്യം ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്ന അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.”—എബ്രായർ 13:6.
പതിവായി സന്തോഷവാർത്ത അറിയിച്ചുകൊണ്ടും നമുക്കു ധൈര്യം വളർത്താൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ യഹോവയിൽ കൂടുതൽ ആശ്രയിക്കാനും മനുഷ്യരെ പേടിക്കുന്നത് ഒഴിവാക്കാനും നമ്മൾ പഠിക്കും. (സുഭാഷിതങ്ങൾ 29:25) സന്തോഷവാർത്ത പ്രസംഗിക്കാൻ നമ്മൾ ഇപ്പോൾ ധൈര്യം കാണിച്ചാൽ ഭാവിയിൽ നമ്മുടെ പ്രവർത്തനങ്ങളെ ഗവൺമെന്റുകൾ നിരോധിച്ചാൽപ്പോലും പ്രസംഗിക്കുന്നതു തുടരാൻ നമുക്കു കഴിയും.—1 തെസ്സലോനിക്യർ 2:2.
3. എതിർപ്പും ഉപദ്രവവും സഹിക്കുന്നത് നമുക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
എതിർപ്പും ഉപദ്രവവും ഒന്നും നമുക്കു സന്തോഷം തരുന്ന കാര്യമല്ല. എങ്കിലും ആ പ്രശ്നങ്ങളെല്ലാം സഹിച്ചുനിൽക്കുന്നതിൽ വിജയിച്ചാൽ നമ്മുടെ വിശ്വാസം ശക്തമാകും. ഒട്ടും മുന്നോട്ടുപോകാൻ കഴിയില്ലെന്നു തോന്നുന്ന സന്ദർഭങ്ങളിൽ യഹോവ നമ്മളെ സഹായിക്കുന്നതു കാണുമ്പോൾ യഹോവയോടു നമ്മൾ കൂടുതൽ അടുക്കും. (യാക്കോബ് 1:2-4 വായിക്കുക.) നമ്മൾ ദുരിതം അനുഭവിക്കുമ്പോൾ യഹോവയ്ക്കു വിഷമം തോന്നും. എന്നാൽ നമ്മൾ സഹിച്ചുനിൽക്കുമ്പോൾ യഹോവയ്ക്കു വളരെ സന്തോഷവും തോന്നും. ബൈബിൾ പറയുന്നത്, “നല്ല കാര്യങ്ങൾ ചെയ്തിട്ട് കഷ്ടത സഹിച്ചാൽ അതിൽ ദൈവം പ്രസാദിക്കുന്നു” എന്നാണ്. (1 പത്രോസ് 2:20) വിശ്വസ്തതയോടെ സഹിച്ചുനിൽക്കുന്നവർക്ക് യഹോവ എന്തു പ്രതിഫലം കൊടുക്കും? ആരും സത്യാരാധനയെ എതിർക്കാത്ത ഒരു ലോകത്തിൽ എന്നേക്കുമുള്ള ജീവിതം!—മത്തായി 24:13.
ആഴത്തിൽ പഠിക്കാൻ
എതിർപ്പുകൾ ഉള്ളപ്പോഴും യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയുന്നത് എങ്ങനെയെന്നും അതിലൂടെ നമുക്കു ലഭിക്കുന്ന പ്രയോജനങ്ങൾ എന്താണെന്നും നോക്കാം.
4. കുടുംബത്തിൽനിന്നുള്ള എതിർപ്പുകൾ നമുക്കു മറികടക്കാൻ കഴിയും
നമ്മൾ യഹോവയെ ആരാധിക്കുന്നതു നമ്മുടെ കുടുംബാംഗങ്ങൾക്കു ചിലപ്പോൾ ഇഷ്ടമാകില്ലെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. മത്തായി 10:34-36 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയെ ആരാധിക്കാൻ ഒരു വ്യക്തി തീരുമാനിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്തു ചെയ്തേക്കാം?
ഇതിനൊരു ഉദാഹരണം നോക്കാം. വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
നിങ്ങൾ യഹോവയെ ആരാധിക്കുന്നത് തടയാൻ ഒരു സുഹൃത്തോ ബന്ധുവോ ശ്രമിച്ചാൽ എന്തു ചെയ്യും?
സങ്കീർത്തനം 27:10; മർക്കോസ് 10:29, 30 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ തിരുവെഴുത്തും വായിച്ചതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
കുടുംബാംഗങ്ങളിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ എതിർപ്പോ ഉപദ്രവമോ നേരിടുമ്പോൾ ഈ വാഗ്ദാനം ആശ്വാസം തരുന്നത് എങ്ങനെയാണ്?
5. എതിർപ്പും ഉപദ്രവവും ഉണ്ടെങ്കിലും യഹോവയെ ആരാധിക്കുന്നതിൽ തുടരുക
യഹോവയെ ആരാധിക്കുന്നതു തടയാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ അതു നേരിടാൻ ശരിക്കും നമുക്കു ധൈര്യം വേണം. വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട മാതൃകകൾ നിങ്ങൾക്കു ധൈര്യം തന്നത് എങ്ങനെ?
പ്രവൃത്തികൾ 5:27-29; എബ്രായർ 10:24, 25 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ തിരുവെഴുത്തും വായിച്ചതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മൾ മീറ്റിങ്ങുകൾക്കു കൂടിവരാനോ സന്തോഷവാർത്ത പ്രസംഗിക്കാനോ പാടില്ലെന്ന് ഗവൺമെന്റുകൾ പറഞ്ഞാൽപ്പോലും നമ്മൾ അതെല്ലാം തുടരേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6. സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കും
എതിർപ്പുകളും ഉപദ്രവങ്ങളും നേരിടേണ്ടിവന്നിട്ടുപോലും പ്രായഭേദമെന്യേ യഹോവയുടെ സാക്ഷികൾ യഹോവയെ വിശ്വസ്തമായി ആരാധിച്ചിരിക്കുന്നു. അവർക്ക് അതിനു കഴിഞ്ഞത് എങ്ങനെയാണ്? വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരീസഹോദരന്മാർക്ക് സഹിച്ചുനിൽക്കാൻ കഴിഞ്ഞത് എങ്ങനെയാണ്?
റോമർ 8:35, 37-39; ഫിലിപ്പിയർ 4:13 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ തിരുവെഴുത്തും വായിച്ചതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ഏതൊരു പരിശോധനയും സഹിച്ചുനിൽക്കാൻ കഴിയുമെന്ന് ഈ വാക്യം നമുക്ക് ഉറപ്പുതരുന്നത് എങ്ങനെയാണ്?
മത്തായി 5:10-12 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
എതിർപ്പും ഉപദ്രവവും ഒക്കെ നേരിടേണ്ടിവന്നാലും നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഉപദ്രവമൊക്കെ സഹിക്കാൻ എന്നെക്കൊണ്ടു പറ്റുമെന്നു തോന്നുന്നില്ല.”
ഇങ്ങനെ പറയുന്നവർക്കു ധൈര്യം കൊടുക്കാൻ നിങ്ങൾ ഏതു തിരുവെഴുത്തുകൾ ഉപയോഗിക്കും?
ചുരുക്കത്തിൽ
എതിർപ്പും ഉപദ്രവവും ഉള്ളപ്പോൾപ്പോലും യഹോവയെ ആരാധിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വളരെ വിലമതിക്കുന്നു. യഹോവയുടെ സഹായത്താൽ ഏതു പരിശോധനയെയും നമുക്കു വിജയകരമായി മറികടക്കാൻ കഴിയും!
ഓർക്കുന്നുണ്ടോ?
ക്രിസ്തുവിന്റെ അനുഗാമികളായ നമ്മൾ എതിർപ്പും ഉപദ്രവവും പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
ഉപദ്രവങ്ങൾ വരുന്നതിനു മുമ്പേ തയ്യാറായിരിക്കാൻ ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാം?
എന്തൊക്കെ പരിശോധനകൾ വന്നാലും അതെല്ലാം മറികടന്ന് യഹോവയെ വിശ്വസ്തമായി ആരാധിക്കാൻ കഴിയുമെന്നു നിങ്ങൾക്ക് ഉറപ്പിക്കാവുന്നത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
നിഷ്പക്ഷതയുടെ പേരിൽ ജയിലിൽ കഴിയേണ്ടിവന്ന യുവപ്രായത്തിലുള്ള ഒരു സഹോദരനെ യഹോവ സഹായിച്ചത് എങ്ങനെയെന്നു മനസ്സിലാക്കുക.
എതിർപ്പുകളും ഉപദ്രവങ്ങളും ഉണ്ടായിട്ടും വർഷങ്ങളോളം യഹോവയെ വിശ്വസ്തതയോടെ ആരാധിക്കാൻ ഒരു ദമ്പതികളെ സഹായിച്ചത് എന്താണെന്നു കാണുക.
ഉപദ്രവങ്ങളെ ധൈര്യത്തോടെ എങ്ങനെ നേരിടാമെന്നു പഠിക്കാം.
“ഉപദ്രവങ്ങൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കുക” (വീക്ഷാഗോപുരം 2019 ജൂലൈ)
കുടുംബത്തിൽനിന്ന് എതിർപ്പുണ്ടായാൽ അത് എങ്ങനെ കൈകാര്യം ചെയ്യണം? അപ്പോൾപ്പോലും സമാധാനത്തോടെയും സന്തോഷത്തോടെയും യഹോവയെ എങ്ങനെ സേവിക്കാം?
“സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്” (വീക്ഷാഗോപുരം 2017 ഒക്ടോബർ)