സ്വഭാവരൂപവത്കരണ വർഷങ്ങൾ നിങ്ങളുടെ പരമാവധി ശ്രമം അത്യന്തം ആവശ്യമായിരിക്കുന്ന സമയം
കുട്ടികൾ “യഹോവ നൽകുന്ന അവകാശ”മാണെന്നു പറയപ്പെടുന്നു. അവർ “നിന്റെ മേശക്കു ചുററും ഒലിവുതൈകൾ പോലെ”യാണെന്നു പറയപ്പെടുന്നു. (സങ്കീർത്തനങ്ങൾ 127:3; 128:3) “അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്കരണത്തിലും വളർത്തിക്കൊണ്ടു”വരാൻ മാതാപിതാക്കൾ ഉപദേശിക്കപ്പെടുന്നു.—എഫേസ്യർ 6:4.
നല്ല കായ്ഫലമുണ്ടാകാൻ ഒലിവുമരങ്ങളെ നിങ്ങൾ രൂപപ്പെടുത്താനൊരുങ്ങുന്നെങ്കിൽ അതു ചെയ്യുന്നതിനുള്ള സമയം അവ നിങ്ങളുടെ ‘മേശക്കു ചുററുമുള്ള തൈകൾ പോലെ’യായിരിക്കുമ്പോഴാണ്. മുള വളയ്ക്കുന്നതിലെയേ മരം വളരൂ. നിങ്ങളുടെ കുട്ടികളെ ദൈവത്തിന്റെ വഴികൾക്കനുരൂപരായി വളർത്താൻ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ, അതു ചെയ്യുന്നതിനുള്ള ഏററവും ഉചിതമായ സമയം അവരുടെ ശൈശവം മുതലാണ്. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6; 2 തിമൊഥെയോസ് 3:15) ശൈശവത്തിൽ തലച്ചോറു പിന്നീടെപ്പൊഴത്തേക്കാളും വളരെ വേഗത്തിൽ വിവരങ്ങൾ ആഗിരണം ചെയ്യുന്നു. അതു നിങ്ങളുടെ കുട്ടികൾക്കുവേണ്ടി നിങ്ങളുടെ പരമാവധി ചെയ്യാൻ പററിയ അവസരമാണ്.
സോണി കോർപ്പറേഷന്റെ സ്ഥാപകനായ മസാരു ഇബുക്ക കിൻറർഗാർട്ടൺ വളരെ വൈകിപ്പോകുന്നു (Kindergarten Is Too Late!) എന്ന ഒരു പുസ്തകം രചിച്ചു. അതിന്റെ പുറംചട്ടയിൽ ഈ വാക്കുകൾ പ്രത്യക്ഷപ്പെട്ടു: “പഠിക്കാനുള്ള നിങ്ങളുടെ കുട്ടിയുടെ കഴിവ് ഏററവും കൂടുതലായിരിക്കുന്നതു ജീവിതത്തിന്റെ ആദ്യത്തെ രണ്ടോ മൂന്നോ വർഷങ്ങളിലാണ്. അതുകൊണ്ടു കാത്തിരിക്കരുത് . . . കിൻറർഗാർട്ടൺ വളരെ വൈകിപ്പോകുന്നു.”
ഐക്യനാടുകളിലെ മാനുഷസിദ്ധികളുടെ സമ്പാദനത്തിനുള്ള സ്ഥാപനങ്ങളുടെ ഡയറക്ടറായ ഗ്ലെൻ ഡോമൻ ഒരു അവതാരികയിൽ ഇങ്ങനെ പറയുന്നു: “ശ്രീമാൻ ഇബുക്കയുടെ ഗംഭീരവും ശ്രേഷ്ഠവുമായ പുസ്തകം അതീവപ്രസക്തിയുള്ള ഏതെങ്കിലും തരം പ്രസ്താവനകൾ നടത്തുന്നില്ല. തീരെ ചെറുപ്പമായിരിക്കുമ്പോൾ ഫലത്തിൽ എന്തും പഠിക്കാനുള്ള കഴിവു കൊച്ചുകുട്ടികൾക്കു സ്വന്തമായുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അവർ രണ്ടോ മൂന്നോ നാലോ വയസ്സുള്ളപ്പോൾ കാര്യമായ യാതൊരു ശ്രമവും കൂടാതെ പഠിക്കുന്നതു ജീവിതത്തിൽ പിന്നീടു വലിയ ശ്രമംകൊണ്ടുമാത്രം പഠിക്കാൻ കഴിയുന്നതോ ഒരുപക്ഷേ ഒരിക്കലും പഠിക്കാൻ കഴിയാത്തതോ ആയിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മുതിർന്നവർ കഷ്ടപ്പെട്ടു പഠിക്കുന്നതു കുട്ടികൾ സന്തോഷത്തോടെ പഠിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുതിർന്നവർ ഒച്ചിഴയുന്നതുപോലെ പഠിക്കുന്നതു കൊച്ചുകുട്ടികൾ മിക്കവാറും അതിവേഗം പഠിക്കുന്നു എന്നദ്ദേഹം പറയുന്നു. മുതിർന്നവർ ചിലപ്പോൾ പഠിത്തം ഒഴിവാക്കുന്നു, എന്നാൽ കൊച്ചുകുട്ടികൾ തിന്നുന്നതിനെക്കാൾക്കൂടുതൽസന്തോഷത്തോടെ പഠിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കിൻറർഗാർട്ടൻ വളരെ വൈകുമെന്നു ഇബുക്ക പറയുന്നതിന്റെ കാരണം പഠിക്കുന്നതിനുള്ള കുട്ടിയുടെ ഏററവും നല്ല സമയം അപ്പോഴേക്കും കഴിഞ്ഞുപോയിരിക്കും എന്നതാണ്. എന്നാൽ മറെറാരു കാരണമുണ്ട്. ഇന്നു ധർമ്മച്യുതി കിൻറർഗാർട്ടനിലെത്തിയിരിക്കുന്നു, അതുകൊണ്ട്, കുട്ടിയെ ദുഷിപ്പിൽനിന്നു സംരക്ഷിക്കുന്നതിന് അവിടെയെത്തുന്നതിനുമുമ്പുതന്നെ മാതാപിതാക്കൾ ശക്തമായ ധാർമ്മികനിയമങ്ങൾ അവന്റെ മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട്.
കിൻറർഗാർട്ടനിൽ ചേർത്തിട്ട് ഏറെക്കാലമാകാഞ്ഞ ആറു വയസ്സുള്ള ഒരു ബാലന്റെ മാതാപിതാക്കളുടെ റിപ്പോർട്ട് ഈ ആവശ്യം പ്രകടമാക്കുന്നു. “കിൻറർഗാർട്ടനിലെ ആദ്യവാരത്തിൽ, സ്കൂൾബസ്സിൽ യാത്രചെയ്യുന്ന 15 മിനിററിനുള്ളിൽ എന്റെ മകനെ മറെറാരു കുട്ടി ലൈംഗികമായി ആക്രമിച്ചു. ഇതു പലദിവസം തുടർന്നുകൊണ്ടേയിരുന്നു. അതു വെറും പിള്ളകളിയോ ഡോക്ടർചമയലോ അല്ലായിരുന്നു, മറിച്ച്, സ്പഷ്ടമായും അതിരുകടന്ന പെരുമാററമായിരുന്നു.
“മുതിർന്നവർക്കു മാത്രമുള്ള ചലച്ചിത്രം കാണാൻ എന്റെ മകന്റെ ക്ലാസ്സിലെ അനേകം കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടൊപ്പം പോകാറുണ്ട്. ഒരു ആയയുടെ സംശയകരമായ പരിരക്ഷയിൻകീഴിൽ തങ്ങളുടെ കുട്ടികളെ വിട്ടേച്ചുപോകുന്നതിനേക്കാൾ അവരെ ഒരുപക്ഷേ തങ്ങളോടൊപ്പം കൊണ്ടുപോകുന്നതാണു കൂടുതൽ സുരക്ഷിതമെന്ന് അവർ ചിന്തിക്കുന്നു. ചില കുട്ടികൾ കേബിൾ ടി വിയിലോ തങ്ങളുടെ മാതാപിതാക്കൾ വീട്ടിൽ സൂക്ഷിക്കുന്ന ചലച്ചിത്രങ്ങളിലോ മുതിർന്നവർക്കു മാത്രമുള്ള ചിത്രങ്ങൾ വീക്ഷിക്കുന്നു.
“ഞങ്ങളുടെ മകന്റെ സ്വഭാവരൂപവത്കരണ വർഷങ്ങളിൽ, ശൈശവം മുതൽതന്നെ, ധാർമ്മികതത്ത്വങ്ങൾ അവന്റെ മനസ്സിൽ പതിപ്പിക്കേണ്ടതിന്റെ മൂല്യം ഞങ്ങളുടെതന്നെ ഭവനത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവത്താൽ ഞങ്ങൾക്കു ബോധ്യപ്പെട്ടു. മുതിർന്ന ചില അഥിതികളോടൊപ്പം നാലു വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. ലൈംഗികത വിവാഹിതരായ മുതിർന്നവർക്കു മാത്രമുള്ളതാണെന്നു പ്രബോധിപ്പിക്കപ്പെട്ടിരുന്ന എന്റെ മകനോടൊപ്പം അവൾ അവന്റെ വിനോദമുറിയിലായിരുന്നു. ഭാര്യയും ഭർത്താവുമായി അഭിനയിക്കാൻ അവൾ ആഗ്രഹിക്കുകയും അവൻ കിടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിഷ്കളങ്കനായി അവൻ അങ്ങനെ ചെയ്തപ്പോൾ അവൾ അവന്റെമേൽ കിടന്നു. അവൻ ഭയപരവശനാകയും ഇങ്ങനെ വിളിച്ചുപറകയും ചെയ്തു: ‘അതു വിവാഹിതർക്കു മാത്രമുള്ളതാണ്!’ പിടിവിടുവിച്ചുകൊണ്ട് അവൻ വിനോദമുറിയിൽനിന്നോടിയപ്പോൾ അവളിങ്ങനെ വിളിച്ചുപറഞ്ഞു: ‘ആരോടും പറയല്ലേ’”—ഉല്പത്തി 39:12 താരതമ്യം ചെയ്യുക.
പിൻവരുന്നവ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും നടക്കുന്ന ചില സംഗതികളാണ്—നിങ്ങളുടെ കൊച്ചുകുട്ടികളെ ശൈശവംമുതൽ സംരക്ഷിക്കേണ്ട സംഗതികൾതന്നെ.
ഒരു പബ്ലിക് സ്കൂളിലെ വിശ്രമമുറിയിൽ വച്ച് ആറു വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായി ഏഴു വയസ്സുള്ള രണ്ടു ബാലൻമാർ കുററം ചുമത്തപ്പെട്ടു. ആറും ഏഴും ഒൻപതും വയസ്സുള്ള മൂന്ന് ആൺകുട്ടികൾ ഒരു ആറുവയസ്സുകാരിയെ ലൈംഗികമായി കൈയ്യേററം ചെയ്തു. എട്ടു വയസ്സുള്ള ഒരു ബാലൻ കിൻറർഗാർട്ടനിലെ ഒരാൺകുട്ടിയുമായി പുരുഷമൈഥുനത്തിലേർപ്പെട്ടു. രണ്ടു വയസ്സുപ്രായമുള്ള ഒരു പെൺകുട്ടിയെ 11 വയസ്സുള്ള ഒരു ബാലൻ ബലാൽസംഗം ചെയ്തതായി കുററമാരോപിക്കപ്പെട്ടു. മിക്കപ്പോഴും, ഇത്തരം കുററക്കാർ തീരെ ചെറുപ്പമായിരുന്നപ്പോൾ ലൈംഗികമായി ദുർവിനിയോഗം ചെയ്യപ്പെട്ടവരായിരുന്നെന്നു ചില ചികിത്സകർ വാദിക്കുന്നു.
ഒരു കൊച്ചുകുട്ടിയുടെ കാര്യത്തിൽ ഇതുറപ്പാക്കപ്പെട്ടു. അവൻ ഒരു ശിശുവായിരുന്നപ്പോൾ 20 വയസ്സുള്ള അവന്റെ ചിററമ്മ പതിവായി അവനുമായി അധരഭോഗത്തിൽ ഏർപ്പെട്ടിരുന്നു. 18 മാസം പ്രായമായപ്പോൾ മുതൽ 30 മാസം പ്രായമാകുന്നതുവരെ ഈ ലൈംഗിക ദുർവിനിയോഗത്തിന് അവൻ ഇരയായിക്കൊണ്ടിരുന്നു. രണ്ടുമൂന്നു വർഷം കഴിഞ്ഞ് അവൻ കൊച്ചു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. അവൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ഈ പ്രവൃത്തി തുടരുകയും അവൻ ഒന്നാം ക്ലാസ്സിൽവച്ചും വീണ്ടും രണ്ടാം ക്ലാസ്സിൽവച്ചും പുറത്താക്കപ്പെടുകയും ചെയ്തു.
നേരത്തേയുള്ള പരിശീലനത്തിന്റെ ആവശ്യം
സ്വഭാവരൂപവത്കരണ വർഷങ്ങളിൽ ഉചിതമായ പരിശീലനം നൽകുന്നതിലുള്ള മാതാപിതാക്കളുടെ പക്ഷത്തെ പരാജയം ദുഷ്കൃത്യങ്ങൾക്കു വഴിതെളിക്കുകയും അതു നശീകരണപ്രവണത, ഭവനഭേദനം, കൊലപാതകം എന്നിങ്ങനെ ഗുരുതരമായ കുററകൃത്യങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തേക്കാം. പിൻവരുന്നവ അതിന്റെ ഏതാനും ചില ഉദാഹരണങ്ങളാണ്.
ആറു വയസ്സുള്ള മൂന്നു ബാലൻമാർ തങ്ങളുടെ കൂട്ടുകാരന്റെ ഭവനം കൊള്ളയിടുകയും അതിലെ എല്ലാ മുറികളുംതന്നെ നശിപ്പിക്കുകയും ചെയ്തു. ഒൻപതു വയസ്സുള്ള ഒരു വിനാശകാരി നിയമലംഘനക്കുററത്തിനും ഭവനഭേദനത്തിനും മറെറാരു കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനും ഒരു പെണ്ണിന്റെ മുടി കത്തിച്ചതിനും കുററമാരോപിക്കപ്പെട്ടു. 11 വയസ്സുള്ള രണ്ടു ബാലൻമാർ ഒരു ഒൻപതു മില്ലീമീററർ തോക്കു പത്തു വയസ്സുള്ള ഒരുവന്റെ വായിലേക്കു തള്ളിവച്ചുകൊണ്ട് അവന്റെ വാച്ചു മോഷ്ടിച്ചു. ഒരു വീഡിയോകളിയെച്ചൊല്ലി ഒരു പത്തുവയസ്സുകാരൻ ഏഴുവയസ്സുള്ള ഒരു പെൺകുട്ടിയെ വെടിവെച്ചുകൊന്നു. പത്തു വയസ്സുള്ള മറെറാരു ബാലൻ തന്റെ കളിക്കൂട്ടുകാരനെ തോക്കിനിരയാക്കുകയും ജഡം തന്റെ വീടിനടിയിൽ മറച്ചുവയ്ക്കുകയും ചെയ്തു. പിച്ചവച്ചുനടക്കുന്ന ഒരു കുട്ടിയെ ഒരഞ്ചുവയസ്സുകാരൻ അഞ്ചാം നിലയിലെ ഗോവണിയിൽനിന്നു മരണത്തിലേക്കു തള്ളിയിട്ടു. ഒരേഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി അവന്റെ കുടുംബത്തിൽനിന്നു പണം പിടുങ്ങുന്നതിന് ഒരു 13 വയസ്സുകാരൻ രണ്ടു ചെറുപ്പക്കാരോടു ചേർന്നു, എന്നാൽ മോചനദ്രവ്യത്തിനു കുടുംബത്തിലേക്കു ഫോൺവിളിക്കുന്നതിനു മുമ്പുതന്നെ അവർ അവനെ ജീവനോടെ കുഴിച്ചിട്ടു.
പിന്നെ അന്തിമമായി, തോക്കുധാരികളും തെരുവുകൾ കൊള്ളയിടുകയും പരസ്പരം വെടിവയ്പിലേർപ്പെടുകയും തങ്ങളുടെ തോക്കുകളിൽനിന്നുതിരുന്ന വെടിയുണ്ടകളാൽ അന്യോന്യം മാത്രമല്ല അതിനിടയിൽപെട്ടുപോകുന്ന നിർദ്ദോഷികളായ കുട്ടികളെയും മുതിർന്നവരെയും കൂടി കൊലപ്പെടുത്തകയും ചെയ്യുന്നവരുമായ കൗമാരപ്രായക്കാരുടെ കൊള്ളസംഘങ്ങൾ നിമിത്തമുള്ള ഭീതിയുമുണ്ട്. വലിയ നഗരങ്ങളിൽ അവർ അനേകം അയൽപ്രദേശങ്ങളെ ഭീതിയിലാഴ്ത്തുകയാണ്—ലോസ് ആഞ്ചലസ് കൗണ്ടിയിൽ മാത്രം തിരിച്ചറിയാവുന്ന 800-ലധികം സംഘങ്ങളിലായി 1,00,000-ൽപരം അംഗങ്ങളുണ്ട്.” (സെവൻറീൻ, ആഗസ്ററ് 1991) അനേകരും ചിദ്രിച്ച ഭവനങ്ങളിൽനിന്നുള്ളവരാണ്. കൊള്ളസംഘം അവരുടെ കുടുംബമായിത്തീരുന്നു. അനേകരും ജയിലിൽ എത്തുന്നു. പലരും മരിക്കുന്നു. ജയിലിൽനിന്നെഴുതിയ മൂന്നു കത്തുകളിൽനിന്നുള്ള പിൻവരുന്ന ഉദ്ധരണികൾ ഉദാഹരണങ്ങളാണ്.
ഒന്നാമത്തേത്: പിടിച്ചുപറിശ്രമം നിമിത്തം ഞാൻ ഇപ്പോഴും ജയിലിലാണ്. ഞങ്ങൾ നാലു പേരായിരുന്നു. അപ്പോൾ പോലീസെത്തി. സംഘത്തിൽപ്പെട്ട രണ്ടുപേർ ഒരു വഴിക്കോടി, ഞാനും മററവനും മറെറാരുവഴിക്കോടി, എങ്കിലും ഞങ്ങളെ പിടികൂടിയ ജർമ്മൻ ഷെപ്പേർഡ് നായകളേക്കാൾ വേഗത്തിലായിരുന്നില്ല. ഞാൻ പുറത്തിറങ്ങുമ്പോൾ സവിശേഷതയുള്ള ആരെങ്കിലുമായിത്തീരുമെന്നാശിക്കുന്നു. സ്കൂളിൽ പോകുന്നതും നല്ല മാർക്കു വാങ്ങുന്നതും എനിക്കു എപ്പോഴും വലിയ പ്രയാസമായിരുന്നു. എന്നാൽ സുഹൃത്തേ, ജയിലിലായിരിക്കുന്നതിനേക്കാൾ പ്രയാസകരമായ യാതൊന്നും ഇല്ല!
രണ്ടാമത്തേത്: ‘ഞാൻ മെക്സിക്കോയിൽ നിന്ന് ആദ്യം വന്നപ്പോൾ എനിക്ക് എട്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. പന്ത്രണ്ടു വയസ്സായപ്പോൾ ഞാൻ ഒരു മുഷ്ക്കരസംഘത്തിൽ ചേർന്നു. എനിക്കു 15 വയസ്സ് ആയപ്പോൾ ഞാൻ അതിൽ മുഴുകി. ആളുകളെ വെടിവച്ചുകൊണ്ടു ഞാൻ കാറിൽ പാഞ്ഞുപോകുമായിരുന്നു. എനിക്ക് എപ്പോഴും എന്റെ തോക്കു കൈവശമുണ്ടായിരുന്നു. എനിക്കു 16 വയസ്സായപ്പോൾ വെടിയേൽക്കുകയും മരണത്തിന്റെ വക്കുവരെയെത്തുകയും ചെയ്തു. അപ്പോഴും കർത്താവിന് എന്നെ വേണ്ടാഞ്ഞതിൽ ഞാൻ അവനു നന്ദി പറയുന്നു, കാരണം ഞാൻ അവനോടൊപ്പം പോകാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ എന്റെ കാലുകളിൽ വെടിയുണ്ടയേററ ദ്വാരങ്ങളുണ്ട്. അതുകൊണ്ട് എന്റെ ഉപദേശം മുഷ്ക്കരസംഘത്തിലെ അംഗമാകരുതെന്നാണ്!!! ആയാൽ എന്നേപ്പോലെ ജയിലിൽ മുടന്തനും ഏകാന്തനുമായിത്തീരും!’
മൂന്നാമത്തേത്: ‘11 വയസ്സുമുതൽ ഞാൻ അറിയപ്പെടുന്ന ഒരു മുഷ്ക്കരസംഘാംഗമായിരുന്നു. എനിക്കു നാലു പ്രാവശ്യം കത്തിക്കുത്തേററു, മൂന്നു പ്രാവശ്യം വെടിയേററു, ജയിലിലടയ്ക്കപ്പെട്ടു, കണക്കില്ലാത്തവിധം പ്രഹരിക്കപ്പെടുകയും ചെയ്തു. നടക്കാതെപോയ ഒരേയൊരു സംഗതി മരണമാണ്. എന്നാൽ 13 വയസ്സുമുതൽ ഞാൻ എന്നും അതിനു തയ്യാറായിരുന്നിട്ടുണ്ട്, ഇപ്പോൾ എനിക്കു 16 വയസ്സുണ്ട്. ഞാനിപ്പോൾ ഒരു എട്ടുമാസ ശിക്ഷയനുഭവിക്കുകയാണ്, ഏതാനും വർഷങ്ങൾക്കുള്ളിൽ ഞാൻ മരിച്ചുപോകും, എന്നാൽ ഒരു മുഷ്ക്കരസംഘത്തിൽ ചേരാതിരിക്കുന്നതിനാൽ നിങ്ങൾക്കിതെല്ലാം ഒഴിവാക്കാൻ കഴിയും.’
അനുകൂലസമയം പ്രയോജനപ്പെടുത്തുക
ഇപ്പോൾ, ഇതെല്ലാം സ്വഭാവരൂപവത്കരണ വർഷങ്ങളിൽ കുട്ടികളെ പരിശിലീപ്പിക്കുന്നതിലുള്ള പരാജയം അവശ്യം ഈ ഭയങ്കര കുററകൃത്യങ്ങളിൽ കലാശിക്കുമെന്നു പറയാനല്ല. എന്നാൽ അതു ചെയ്യുന്നതിലുള്ള പരാജയത്തിനു താറുമാറായ സ്വഭാവത്തിലേക്കു നയിക്കാൻ കഴിയും, അതു ദുഷ്കൃത്യത്തിലേക്കു വളരുകയും നിയന്ത്രിക്കാതെവിട്ടാൽ കുററകൃത്യങ്ങളിലും ജയിലിലും മരണത്തിലും ചെന്നവസാനിക്കുകയും ചെയ്തേക്കാം.
നിങ്ങളുടെ കുട്ടികളിലുള്ള ഇത്തരം ഏതു പ്രവണതകളുടെയും തടയൽ, അവർ കൗമാരപ്രായത്തിലെത്തുന്നതുവരെ കാത്തിരിക്കാതെ അതിനു മുമ്പുതന്നെ വളരെ അനായാസം നിർവഹിക്കാൻ കഴിയും. വാസ്തവത്തിൽ കിൻറർഗാർട്ടനു മുമ്പുള്ള സ്വഭാവരൂപവത്കരണ വർഷങ്ങളിൽ, അവർ ഏറെക്കുറെ എല്ലായ്പോഴും നിങ്ങളോടൊപ്പമുള്ള കാലമാണു തുടങ്ങാനുള്ള സമയം, പുറത്തെ സ്വാധീനം അവരുടെ ശ്രദ്ധയെ ആകർഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനു മുമ്പുതന്നെ. അവരുടെ ശൈശവത്തിൽ നിങ്ങൾ അവരോട് അടുപ്പമുള്ളവരായിരുന്നില്ലെങ്കിൽ അവരുടെ കൗമാരപ്രായത്തിൽ അവരോടടുക്കാൻ അവർ നിങ്ങളെ അനുവദിച്ചെന്നുവരില്ല. അവരുടെ തരപ്പടിക്കാർ നിങ്ങൾക്കു പകരമായിത്തീർന്നിരിക്കുന്നുവെന്നു നിങ്ങൾ മനസ്സിലാക്കും. അതുകൊണ്ട് അവർക്കുവേണ്ടി നിങ്ങളുടെ പരമാവധി ശ്രമം ചെയ്യുന്നതു നിങ്ങളുടെയും അവരുടെയും അനുഗ്രഹത്തിനായി ഏററവും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുമെന്നതിനാൽ ഈ സ്വഭാവരൂപവത്കരണ വർഷങ്ങളിൽ നിങ്ങളുടെ കുട്ടികളെ അവഗണിക്കരുത് എന്നതാണ് മാതാപിതാക്കൾക്കുള്ള ഉപദേശം.—മത്തായി 7:16-20 താരതമ്യപ്പെടുത്തുക. (g92 9⁄22)