‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
1. ബൈബിൾ അതിന്റെ രചയിതാവിനെ എങ്ങനെ തിരിച്ചറിയിക്കുന്നു, തിരുവെഴുത്തുകൾ ഏതുതരം പരിജ്ഞാനം നൽകുന്നു?
‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാകുന്നു.’ 2 തിമൊഥെയൊസ് 3:16-ലെ [NW] ഈ വാക്കുകൾ യഹോവയെന്നു നാമമുളള ദൈവത്തെ വിശുദ്ധ തിരുവെഴുത്തുകൾ രചിച്ചവനും നിശ്വസിച്ചവനുമെന്ന നിലയിൽ തിരിച്ചറിയിക്കുന്നു. നിശ്വസ്ത തിരുവെഴുത്തുകൾ എത്ര സംതൃപ്തികരമാംവിധം ആഹ്ലാദസന്ദായകമാണ്! അവ യഥാർഥ പരിജ്ഞാനത്തിന്റെ എത്ര അത്ഭുതകരമായ നിധിയാണു പ്രദാനംചെയ്യുന്നത്! അവ തീർച്ചയായും സകല യുഗങ്ങളിലെയും നീതിസ്നേഹികൾ അന്വേഷിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുളള “ദൈവപരിജ്ഞാനം”തന്നെയാണ്.—സദൃ. 2:5.
2. മോശയും ദാവീദും ശലോമോനും ദൈവികജ്ഞാനത്തെ വിലയിരുത്തിയതെങ്ങനെ?
2 ഈ പരിജ്ഞാനം അന്വേഷിച്ചവരിൽ ഒരാൾ ദൈവത്തിന്റെ ജനതയായിരുന്ന ഇസ്രായേലിന്റെ ദൃശ്യനേതാവും സംഘാടകനുമായ മോശ ആയിരുന്നു. ദിവ്യപ്രബോധനം “മഞ്ഞുപോലെയും ഇളമ്പുല്ലിൻമേൽ പൊടിമഴപോലെയും സസ്യത്തിൻമേൽ മാരിപോലെയും” ആണെന്ന് അവൻ പറയുകയുണ്ടായി. കൂടാതെ ശൂരനായ പോരാളിയും യഹോവയുടെ നാമത്തെ ഉയർത്തിപ്പിടിച്ചവനുമായ ദാവീദുണ്ടായിരുന്നു. അവൻ “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും” എന്നു പ്രാർഥിച്ചു. ഈ ഭൂമിയിൽ സ്ഥിതിചെയ്തിട്ടുളളതിലേക്കും അതിമഹത്തായ സൗധങ്ങളിലൊന്നായ യെരുശലേമിലെ യഹോവയുടെ ആലയത്തിന്റെ നിർമാതാവും സമാധാനകാംക്ഷിയുമായ ശലോമോൻ ഉണ്ടായിരുന്നു. അവൻ ഈ വാക്കുകളിൽ ദൈവികജ്ഞാനത്തെ വിലയിരുത്തി: “അതിന്റെ സമ്പാദനം വെളളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.”—ആവ. 32:2; സങ്കീ. 86:11; സദൃ. 3:14, 15.
3. യേശുവും ദൈവംതന്നെയും ദിവ്യവചനത്തിന് എന്തു മൂല്യം കൽപ്പിച്ചു?
3 ദൈവപുത്രനായ യേശു “നിന്റെ വചനം സത്യം ആകുന്നു” എന്നു പ്രഖ്യാപിച്ചുകൊണ്ടു ദൈവവചനത്തിന് ഏററവും ഉയർന്ന മൂല്യം കൽപ്പിച്ചു. തന്റെ അനുഗാമികളോട് അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യൻമാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.” (യോഹ. 17:17; 8:31, 32) യേശുവിനു തന്റെ പിതാവിൽനിന്നു ലഭിച്ച ഈ വചനം തീർച്ചയായും ശക്തമാണ്. അതു ദൈവവചനമാണ്. തന്റെ മരണത്തിനും പുനരുത്ഥാനത്തിനും സ്വർഗത്തിലെ യഹോവയുടെ സ്വന്തം വലതുഭാഗത്തേക്കുളള ആരോഹണത്തിനും ശേഷം യേശു തന്റെ പിതാവിന്റെ വചനത്തെ കൂടുതലായി വെളിപ്പെടുത്തി, അതിൽ പറുദീസാഭൂമിയിലെ മനുഷ്യവർഗത്തിനുവേണ്ടിയുളള ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ ഒരു ആനന്ദപ്രദമായ വർണന ഉൾപ്പെടുന്നു. അതിനെ തുടർന്നു ദൈവം അപ്പോസ്തലനായ യോഹന്നാനോട് ഇങ്ങനെ നിർദേശിച്ചു: “എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവുമാകുന്നു.” നിശ്വസ്ത തിരുവെഴുത്തുകളിലെ സകല വചനങ്ങളും “വിശ്വാസയോഗ്യവും സത്യവും ആകുന്നു,” അനുസരിക്കുന്നവർക്ക് അളവററ അനുഗ്രഹങ്ങൾ കൈവരുത്തുന്നവ തന്നെ.—വെളി. 21:5.
4. നിശ്വസ്ത തിരുവെഴുത്തുകൾ എന്തിനു പ്രയോജനപ്രദമാണ്?
4 ആ അനുഗ്രഹങ്ങൾ കൈവരുന്നത് എങ്ങനെയാണ്? 2 തിമൊഥെയൊസ് 3:16, 17-ലെ [NW] അപ്പോസ്തലനായ പൗലൊസിന്റെ മുഴു പ്രസ്താവനയും ഉത്തരം പ്രദാനംചെയ്യുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്പ്രവൃത്തിക്കും പൂർണമായി സജ്ജീകൃതൻ, ആയിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരേയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്, പ്രയോജനപ്രദവുമാകുന്നു.” അപ്പോൾ നിശ്വസ്ത തിരുവെഴുത്തുകൾ ശരിയായ ഉപദേശവും ശരിയായ നടത്തയും പഠിപ്പിക്കുന്നതിനും നമ്മുടെ മനസ്സിലും ജീവിതത്തിലും കാര്യങ്ങൾ നേരെയാക്കുന്നതിനും നാം താഴ്മയോടെ സത്യത്തിലും നീതിയിലും നടക്കേണ്ടതിനു നമുക്കു ശാസനവും ശിക്ഷണവും നൽകുന്നതിനും പ്രയോജനപ്രദമാണ്. ദൈവവചനത്തിലെ പഠിപ്പിക്കലിനു നമ്മേത്തന്നെ കീഴ്പ്പെടുത്തുന്നതിനാൽ നമുക്കു “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിത്തീരാവുന്നതാണ്. (1 കൊരി. 3:9) ‘തികച്ചും യോഗ്യനും പൂർണമായി സജ്ജീകൃതനുമായ ദൈവമനുഷ്യൻ’ എന്ന നിലയിൽ ഒരുവൻ ദൈവവേലയിൽ തിരക്കുളളവനായിരിക്കുന്നതിനെക്കാൾ വലിയ പദവി ഇന്നു ഭൂമിയിലില്ല.
വിശ്വാസത്തിനു ദൃഢമായ അടിസ്ഥാനം
5. വിശ്വാസം എന്നാലെന്ത്, അത് എങ്ങനെ മാത്രമേ ലഭിക്കുകയുളളു?
5 ഒരുവനു ദൈവത്തിന്റെ ഒരു കൂട്ടുവേലക്കാരനായിരിക്കുന്നതിനു വിശ്വാസം ആവശ്യമാണ്. വിശ്വാസവും ഇന്നു വളരെ പ്രബലപ്പെട്ടിരിക്കുന്ന വെളളംചേർത്ത ക്ഷണികവിശ്വാസവും തമ്മിലുളള വ്യത്യാസം കാണുന്നതിൽ പരാജയപ്പെടരുത്. കക്ഷിപരമോ പരിണാമപരമോ തത്ത്വശാസ്ത്രപരമോ ആയ ഏതെങ്കിലും വിശ്വാസം മതിയെന്ന് അനേകമാളുകൾ വിചാരിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ മനുഷ്യൻ “ആരോഗ്യപ്രദമായ വചനങ്ങളുടെ മാതൃക ക്രിസ്തുയേശുവിനോടു ബന്ധപ്പെട്ട വിശ്വാസത്തോടും സ്നേഹത്തോടും കൂടെ പിടിച്ചുകൊളള”ണം. (2 തിമൊ. 1:13, NW) അയാളുടെ വിശ്വാസം യഥാർഥവും സജീവവുമായിരിക്കണം, എന്തുകൊണ്ടെന്നാൽ “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാകുന്നു.” അതു ദൈവത്തിലും അവനെ പ്രസാദിപ്പിക്കുന്നവർക്കുളള പ്രതിഫലങ്ങളിലുമുളള ദൃഢമായ വിശ്വാസത്തിൽ അടിസ്ഥാനമുളളതായിരിക്കണം. (എബ്രാ. 11:1, 6) ഈ വിശ്വാസം ദൈവവചനമായ ബൈബിളിന്റെ ഉത്സുകമായ പഠനത്തിലൂടെ മാത്രമാണു നേടേണ്ടത്. അതു ബൈബിളിനോടും ബൈബിളിലെ ദൈവമായ യഹോവയോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുമുളള അഗാധമായ സ്നേഹത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത്തരം സജീവമായ വിശ്വാസം ഒന്നേയുളളു, ഏക കർത്താവായി യേശുക്രിസ്തുവും എല്ലാവരുടെയും ഏക ദൈവവും പിതാവുമായി യഹോവയും മാത്രം ഉളളതുപോലെതന്നെ.—എഫെ. 4:5, 6.
6. യഥാർഥ വിശ്വാസം എന്തു ഗുണമുളളതാണ്?
6 ദൈവവചനം എന്താണെന്നും അത് എവിടെനിന്നു വന്നുവെന്നും മാത്രമല്ല, അതിന്റെ പ്രാമാണ്യവും ഉദ്ദേശ്യവും നീതിക്കുവേണ്ടിയുളള അതിന്റെ ശക്തിയും നാം അറിയേണ്ടതുണ്ട്. അതിന്റെ മഹത്തായ സന്ദേശത്തോടുളള വിലമതിപ്പു നേടുന്നതിനാൽ നമുക്കു വിശ്വാസം ലഭിക്കും. തന്നെയുമല്ല, ആ വിശ്വാസത്തെയും സ്നേഹത്തെയും അടിച്ചമർത്താൻ യാതൊന്നിനും ഒരിക്കലും കഴിയാത്തവണ്ണം അത്ര തീക്ഷ്ണമായി നാം ബൈബിളിനെയും അതിന്റെ രചയിതാവിനെയും സ്നേഹിക്കാനിടയാകും. യേശുക്രിസ്തുവിന്റെ മൊഴികൾ ഉൾപ്പെടുന്ന തിരുവെഴുത്തുകളാണു വിശ്വാസത്തിനുളള ദൃഢമായ അടിസ്ഥാനം കെട്ടുപണിചെയ്യുന്നത്. യഥാർഥ വിശ്വാസം പരിശോധനയെയും കഠിന പീഡാനുഭവത്തെയും പീഡനങ്ങളെയും ഒരു ഭക്തികെട്ട സമൂഹത്തിന്റെ ഭൗതികത്വപരമായ മുന്നേററങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും സഹിച്ചുനിൽക്കുന്ന തരത്തിലുളളതായിരിക്കും. അതു ദൈവത്തിന്റെ നീതിയുളള പുതിയ ലോകത്തിലേക്കുതന്നെ മഹത്തായി ജയിച്ചുകയറും. “ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.”—1 യോഹ. 5:4.
7. ബൈബിൾജ്ഞാനത്തിന്റെ കണ്ടെത്തലോടെ ഏതു പ്രതിഫലങ്ങൾ ലഭിക്കുന്നു?
7 വിശ്വാസം നേടുന്നതിനും അതിനോടു പററിനിൽക്കുന്നതിനും, നാം നിശ്വസ്ത തിരുവെഴുത്തുകളാകുന്ന ദൈവവചനത്തോടുളള സ്നേഹവും വിലമതിപ്പും കെട്ടുപണിചെയ്യുന്നതിൽ ദത്തശ്രദ്ധരാകേണ്ടതുണ്ട്. തിരുവെഴുത്തുകൾ മനുഷ്യവർഗത്തിനുളള ദൈവത്തിന്റെ നിസ്തുലമായ ദാനമാണ്, ആത്മീയ നിക്ഷേപങ്ങളുടെ ഒരു കലവറതന്നെ. അതിലെ അഗാധജ്ഞാനം അളവററതാണ്. പ്രബുദ്ധതയും നീതിക്കായി പ്രചോദനവുമേകുന്നതിനുളള അതിന്റെ ശക്തി എക്കാലത്തും എഴുതപ്പെട്ടിട്ടുളള മറെറല്ലാ പുസ്തകങ്ങളുടെയും ശക്തിയെ കവിയുന്നതാണ്. ദൈവവചനത്തിന്റെ പരിജ്ഞാനം നേടുന്നതിനു നാം ആഴത്തിൽ കുഴിച്ചുചെല്ലുമ്പോൾ അപ്പോസ്തലനായ പൗലൊസിനോടുകൂടെ നാം “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!” എന്ന് ഉദ്ഘോഷിക്കുന്നതിലേക്കു നയിക്കപ്പെടും. നിശ്വസ്ത തിരുവെഴുത്തുകളെയും അവയുടെ രചയിതാവിനെയും അറിയുന്നതു നിത്യസന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും പാതയിലേക്കു പ്രവേശിക്കലാണ്.—റോമ. 11:33; സങ്കീ. 16:11.
യഹോവ—ആശയവിനിമയംചെയ്യുന്ന ഒരു ദൈവം
8. (എ)യഹോവ ആശയവിനിമയംചെയ്യുന്ന ഒരു ദൈവമായിരിക്കുന്നതിൽ നാം നന്ദിയുളളവരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) അവൻ ഭൂതദൈവങ്ങളിൽനിന്നു വ്യത്യസ്തനായിരിക്കുന്നത് ഏതു വിധത്തിൽ?
8 യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ദാവീദ്, “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു” എന്ന് ഉദ്ഘോഷിച്ചു. (സങ്കീ. 86:10) ഭൂമിയിലെ മനുഷ്യവർഗത്തിനുവേണ്ടി യഹോവ അനേകം “അത്ഭുതങ്ങ”ൾ ചെയ്തിരിക്കുന്നു. അവയിൽ അവർക്കായുളള തന്റെ വചനത്തിന്റെ അറിയിക്കലും ഉൾപ്പെടുന്നു. അതേ, യഹോവ ആശയവിനിയമം ചെയ്യുന്ന ഒരു ദൈവമാകുന്നു, തന്റെ സൃഷ്ടികളുടെ പ്രയോജനത്തിനുവേണ്ടി സ്നേഹപൂർവം ആശയപ്രകടനം നടത്തുന്ന ഒരു ദൈവംതന്നെ. നമ്മുടെ സ്രഷ്ടാവ് അകന്നുനിൽക്കുന്ന അധിപതി, മർമങ്ങളിൽ മറഞ്ഞിരിക്കുന്നവനും ഭൂമിയിലെ നീതിസ്നേഹികളുടെ ആവശ്യങ്ങളോടു പ്രതികരണം കാട്ടാത്തവനും, ആയിരിക്കാത്തതിൽ നാം എത്ര നന്ദിയുളളവരായിരിക്കണം! വരാനിരിക്കുന്ന പുതിയ ലോകത്തിലും യഹോവ ചെയ്യാനിരിക്കുന്നതുപോലെ, അവൻ തന്റെ അന്വേഷകരായ മക്കളെ നല്ല കാര്യങ്ങൾ അറിയിക്കുന്ന ദയാലുവായ ഒരു പിതാവെന്ന ബന്ധത്തിൽ, തന്നോടു വിശ്വാസവും സ്നേഹവും പ്രകടമാക്കുന്നവരോടുകൂടെ ഇപ്പോൾപ്പോലും വസിക്കുന്നു. (വെളി. 21:3) നമ്മുടെ സ്വർഗീയ പിതാവു ഭയാവഹമായ ഊമവിഗ്രഹങ്ങളാൽ പ്രതിനിധാനംചെയ്യപ്പെടേണ്ട ഭൂത-ദൈവങ്ങളെപ്പോലെയല്ല. ലോഹവും കല്ലുംകൊണ്ടുളള ദൈവങ്ങൾക്ക് അജ്ഞാനാന്ധകാരത്തിലകപ്പെട്ടിരിക്കുന്ന അവയുടെ ആരാധകരോടു പിതൃനിർവിശേഷമായ ബന്ധമില്ല. അവരോട് അവയ്ക്കു പ്രയോജനകരമായ യാതൊന്നും അറിയിക്കാൻ കഴിയില്ല. സത്യമായി, “അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെ ആയിത്തീരും.”—സങ്കീ. 135:15-19, NW; 1 കൊരി. 8:4-6.
9. മീതെയുളള മണ്ഡലങ്ങളിലെ ദൈവത്തിൽനിന്ന് ഏതുതരം സന്ദേശം വന്നിരിക്കുന്നു?
9 യഹോവ “കരുണയുളളവനും കൃപാലുവും, കോപത്തിനു താമസമുളളവനും സ്നേഹദയയിലും സത്യത്തിലും സമൃദ്ധനുമായ ദൈവം” ആകുന്നു. (പുറ. 34:6, NW) അവന്റെ സ്നേഹദയയുടെ സമൃദ്ധിയിൽനിന്ന് അവൻ മനുഷ്യവർഗത്തെ സമൃദ്ധമായ സത്യം അറിയിച്ചിരിക്കുന്നു. ഇതെല്ലാം മനുഷ്യവർഗത്തിന്റെ മാർഗനിർദേശത്തിനുളള സാരവത്തായ ബുദ്ധ്യുപദേശമാണ്, അതിൽ ഭാവി അനുഗ്രഹങ്ങളിലേക്കുളള ഒരുവന്റെ പാതയിൽ പ്രകാശം ചൊരിയുന്നതിനുളള പ്രവചനം ഉൾപ്പെടുന്നു. “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമ. 15:4) മീതെയുളള മണ്ഡലങ്ങളിൽനിന്ന്, സ്വർഗത്തിൽനിന്നുതന്നേ, കീഴെയുളള മണ്ഡലങ്ങളിലെ മനുഷ്യവർഗത്തെ പ്രബോധിപ്പിക്കുന്നതിനുളള ആശ്രയയോഗ്യമായ വിവരങ്ങൾ വന്നിരിക്കുന്നു.—യോഹ. 8:23.
10. ഏതു ഭാഷകളിൽ യഹോവ ആശയവിനിയമം നടത്തിയിരിക്കുന്നു, എന്തുകൊണ്ട്?
10 യഹോവ ഒരിക്കലും അജ്ഞാതമായ ഒരു ഭാഷയിലല്ല, പിന്നെയോ എല്ലായ്പോഴും മനുഷ്യവർഗത്തിന്റെ ഭാഷയിൽ, തന്റെ വിശ്വസ്തസാക്ഷികളുടെ ജീവത്ഭാഷയിൽ, ആശയവിനിയമം നടത്തിയിരിക്കുന്നു. (പ്രവൃ. 2:5-11) ആദാം, നോഹ, അബ്രഹാം, മോശ, എബ്രായ പ്രവാചകൻമാർ എന്നിവരോട് ഇപ്പോൾ എബ്രായ എന്നറിയപ്പെടുന്ന മനുഷ്യവർഗത്തിന്റെ ആദ്യഭാഷയിൽ യഹോവ സംസാരിച്ചു. എബ്രായ മനസ്സിലാക്കാൻ കഴിഞ്ഞടത്തോളം കാലം, പുനരുത്ഥാനം പ്രാപിച്ച യേശു എബ്രായ ഭാഷയിൽ തർസൂസിലെ ശൗലിനോടു സംസാരിച്ച കാലംവരെ പോലും, ആ ഭാഷ തുടർന്ന് ഉപയോഗിക്കപ്പെട്ടു. (പ്രവൃ. 26:14) കൽദയരുടെ അരമായഭാഷ പ്രവാസത്തിലായിരുന്ന ഇസ്രായേല്യരുടെ ഇടയിൽ പ്രബലപ്പെട്ടുവന്നപ്പോൾ, അന്നു ദൈവത്തിൽനിന്നു കുറേ വിവരങ്ങൾ ആ ഭാഷയിൽ വന്നു, കാരണം ജനത്തിന് ആ ഭാഷ മനസ്സിലാകുമായിരുന്നു. (എസ്രാ 4:8–6:18; 7:12-26; ദാനീ. 2:4ബി–7:28) പിന്നീടു ഗ്രീക്ക് സാർവദേശീയ ഭാഷയും യഹോവയുടെ സാക്ഷികളുടെ മുഖ്യ ഭാഷയുമായിത്തീർന്നപ്പോൾ അവന്റെ സന്ദേശങ്ങൾ ആ ഭാഷയിൽ നൽകപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്തു. ബൈബിളിൽ സൂക്ഷിച്ച മൊഴികൾ യഹോവയുടെ സന്ദേശമാണ്, എല്ലായ്പോഴും ഭൂമിയിലെ തന്റെ വിനീതരായ, സത്യസ്നേഹികളായ, മനുഷ്യരുടെ പ്രയോജനത്തിനുവേണ്ടി ഒരു ജീവത്ഭാഷയിൽ സംസാരിക്കപ്പെട്ടവതന്നെ.
11. യഹോവ എല്ലാ ഭാഷകളുടെയും നിർമാതാവാണെന്നു പറയാവുന്നതെന്തുകൊണ്ട്?
11 മനസ്സിന്റെയും സംസാരാവയവങ്ങളുടെയും സ്രഷ്ടാവു യഹോവയാണ്. നാവും വായും കണ്ഠവും ഉൾപ്പെടുന്ന ആ സംസാരാവയവങ്ങളാണ് അനേകം ഭാഷാരീതികളിൽ ഓരോന്നിന്റെയും ഭാഷണശബ്ദങ്ങളുടെ സകല സങ്കീർണതകളും രൂപപ്പെടുത്തുന്നത്. അങ്ങനെ, യഹോവയാണു സകല ഭാഷകളുടെയും നിർമാതാവെന്നു പറയാൻ കഴിയും. മനുഷ്യവർഗത്തിന്റെ ഭാഷയിൻമേലുളള അവന്റെ അധികാരം ബാബേൽ ഗോപുരത്തിങ്കൽ ചെയ്ത അവന്റെ അത്ഭുതത്താൽ പ്രകടമാക്കപ്പെട്ടു. (പുറ. 4:11; ഉല്പ. 11:6-9; 10:5; 1 കൊരി. 13:1) യാതൊരു ഭാഷയും യഹോവക്ക് അപരിചിതമല്ല. അവൻ മനുഷ്യന് ആദ്യത്തെ എബ്രായഭാഷ നൽകുകമാത്രമല്ല, പിന്നെയോ മനസ്സും സംസാരാവയവങ്ങളും സൃഷ്ടിക്കുകവഴി അരമായയ്ക്കും ഗ്രീക്കിനും ഇപ്പോൾ മനുഷ്യവർഗം സംസാരിക്കുന്ന ഏതാണ്ട് 3,000 ഭാഷകൾക്കുമുളള അടിസ്ഥാനം പ്രദാനംചെയ്യുകയും ചെയ്തു.
സത്യത്തിന്റെ ഭാഷ
12, 13. (എ)യഹോവ തന്റെ സന്ദേശങ്ങൾ മനസ്സിലാക്കാൻ എളുപ്പമുളളതാക്കിയിരിക്കുന്നതെങ്ങനെ? (ബി) ദൃഷ്ടാന്തങ്ങൾ നൽകുക.
12 യഹോവ ഉപയോഗിക്കുന്ന മനുഷ്യ ഭാഷാരീതി എന്തായിരുന്നാലും, എല്ലാ സന്ദർഭങ്ങളിലും അവൻ മതപരമായ രഹസ്യാത്മകതകളിലല്ല, സത്യത്തിന്റെ ഭാഷയിൽ ആശയവിനിയമം ചെയ്തിരിക്കുന്നു. അതു ലളിതവും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഒരു ഭാഷയാണ്. (സെഫ. 3:9) ഭൗമികമനുഷ്യനു ത്രിമാന ദ്രവ്യങ്ങൾ, അതായത്, ഉയരവും വീതിയും നീളവുമുളളവയും കാലത്തിന്റെ നീരൊഴുക്കിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നവയുമായ വസ്തുക്കൾ, അനായാസം മനസ്സിലാക്കാൻ കഴിയും. തന്നിമിത്തം, മനുഷ്യമനസ്സിനു ഗ്രഹിക്കാൻ കഴിയുന്ന മാതൃകാപ്രതിരൂപങ്ങൾ ഉപയോഗിച്ചുകൊണ്ടു യഹോവ അദൃശ്യകാര്യങ്ങളെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ദൃഷ്ടാന്തമെന്ന നിലയിൽ, ദൈവം രൂപകൽപ്പനചെയ്തതും മോശ മരുഭൂമിയിൽ ഉയർത്തിയതുമായ സമാഗമനകൂടാരമുണ്ടായിരുന്നു. നിശ്വസ്തതയിൽ പൗലൊസ് സ്വർഗത്തിലെതന്നെ മഹത്തായ യാഥാർഥ്യങ്ങളെ വിശദീകരിക്കുന്നതിന് അതിന്റെ ത്രിമാനപ്രതീകങ്ങളെ ഉപയോഗിച്ചു.—എബ്രാ. 8:5; 9:9.
13 മറെറാരു ദൃഷ്ടാന്തം: ആത്മാവായ യഹോവ സ്വർഗത്തിലെ ഒരു സിംഹാസനതുല്യമായ കസേരയിൽ അക്ഷരീയമായി ഇരിക്കുന്നില്ല. എന്നിരുന്നാലും, ദൃശ്യയാഥാർഥ്യങ്ങളുടെ അതിരുകളാൽ ചുററപ്പെട്ട വെറും മനുഷ്യരായ നമുക്കു ഗ്രാഹ്യം നൽകുന്നതിന് അത്തരം ദൃശ്യമായ ഒരു പ്രതീകം ഉപയോഗിച്ചുകൊണ്ടു ദൈവം ആശയം പ്രകടിപ്പിക്കുന്നു. അവൻ സ്വർഗീയ കോടതിനടപടികൾ ആരംഭിക്കുമ്പോൾ അതു ഭൂമിയിലെ ഒരു രാജാവു സിംഹാസനത്തിൽ ഉപവിഷ്ടനായി നടപടികൾ ആരംഭിക്കുന്നതുപോലെതന്നെയാണ്.—ദാനീ. 7:9-14.
അനായാസം വിവർത്തനം ചെയ്യപ്പെടുന്നു
14, 15. ബൈബിൾ മനുഷ്യതത്ത്വശാസ്ത്രപരമായ എഴുത്തുകളിൽനിന്നു വ്യത്യസ്തമായി മററു ഭാഷകളിലേക്ക് അനായാസം വിവർത്തനം ചെയ്യാൻ കഴിയുന്നതായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
14 അനായാസം മനസ്സിലാകുന്ന ഈ പ്രായോഗികപദങ്ങളുപയോഗിച്ചു ബൈബിൾ എഴുതപ്പെട്ടിരിക്കുന്നതിനാൽ, ആധുനികനാളിലെ മിക്ക ഭാഷകളിലും അതിലെ പ്രതീകങ്ങളും പ്രവർത്തനങ്ങളും വ്യക്തമായും കൃത്യമായും വിവർത്തനം ചെയ്യുക സാധ്യമാണ്. സത്യത്തിന്റെ മൂല ശക്തിയും സ്വാധീനവും എല്ലാ ഭാഷാന്തരങ്ങളിലും കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. “കുതിര,” “യുദ്ധം,” “കിരീടം,” “സിംഹാസനം,” “ഭർത്താവ്,” “ഭാര്യ,” “കുട്ടികൾ” എന്നിവപോലുളള ലളിതമായ ദൈനംദിന പദങ്ങൾ സകല ഭാഷകളിലും കൃത്യമായ ആശയം വ്യക്തമായി പകർന്നുതരുന്നു. ഇതു തത്ത്വശാസ്ത്രപരമായ മാനുഷിക എഴുത്തുകളിൽനിന്നു വ്യത്യസ്തമാണ്, അവ മിക്കപ്പോഴും കൃത്യമായ വിവർത്തനത്തിനു സഹായകമല്ല. അവയിലെ സങ്കീർണമായ പദപ്രയോഗങ്ങളും അനിശ്ചിതമായ പദാവലിയും മിക്കപ്പോഴും മറെറാരു ഭാഷയിൽ കൃത്യമായി പകർത്തുക സാധ്യമല്ല.
15 ബൈബിളിന്റെ ആശയപ്രകടനശക്തി വളരെ മികച്ചതാണ്. ദൈവം വിശ്വാസികളല്ലാത്തവരോടു ന്യായവിധിദൂതുകൾ അറിയിച്ചപ്പോൾപോലും അവൻ തത്ത്വശാസ്ത്രപരമായ ഭാഷ ഉപയോഗിക്കാതെ അനുദിനപ്രതീകങ്ങൾ ഉപയോഗിച്ചു. ഇതു ദാനീയേൽ 4:10-12-ൽ പ്രകടമാക്കപ്പെടുന്നു. ഇവിടെ തന്നെത്താൻ മഹത്ത്വീകരിച്ച പുറജാതിരാജാവിന്റെ രാജ്യത്തെ ഒരു വൃക്ഷത്തിന്റെ പ്രതീകത്തിൽ സവിസ്തരം വർണിച്ചു. അനന്തരം ഈ വൃക്ഷം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ മുഖേന ഭാവിസംഭവങ്ങൾ കൃത്യമായി മുൻകൂട്ടിപ്പറയപ്പെട്ടു. ഇതെല്ലാം മററു ഭാഷകളിലേക്കുളള വിവർത്തനങ്ങളിൽ വ്യക്തമായി ഗ്രഹിപ്പിക്കപ്പെടുന്നു. “യഥാർഥ പരിജ്ഞാനം സമൃദ്ധമായി”ത്തീരേണ്ടതിനു യഹോവ ഈ വിധത്തിൽ സ്നേഹപൂർവം വിവരങ്ങൾ പകർന്നുതന്നിരിക്കുന്നു. ഇത് എത്ര അത്ഭുതകരമായി ഈ “അന്ത്യകാലത്ത്” പ്രവചനഗ്രാഹ്യത്തിനു സഹായിച്ചിരിക്കുന്നു!—ദാനീ. 12:4, NW.
ആശയവിനിമയ സരണി
16. യഹോവയുടെ ആശയവിനിമയ സരണിയെ എങ്ങനെ വിവരിക്കാം?
16 ആശയവിനിമയ ഉപാധി എന്തായിരുന്നുവെന്ന് ആരെങ്കിലും ചോദിച്ചേക്കാം. ആധുനികനാളിലെ ഒരു ദൃഷ്ടാന്തത്താൽ ഇതു നന്നായി വിശദീകരിക്കാവുന്നതാണ്. ആശയവിനിമയ സരണികൾക്ക് (1) സന്ദേശം പറയുന്ന അല്ലെങ്കിൽ ഉളവാക്കുന്ന ആൾ; (2) പ്രേഷകം (3) സന്ദേശം കടന്നുപോകുന്ന മാധ്യമം; (4) സ്വീകരിണി; (5) ശ്രോതാവ് എന്നിവ ഉണ്ട്. ടെലഫോൺ സന്ദേശങ്ങളിൽ നമുക്ക് (1) സന്ദേശം ഉളവാക്കുന്ന ടെലഫോൺ ഉപയോക്താവും (2) സന്ദേശത്തെ വൈദ്യുത ആവേഗങ്ങളാക്കി മാററുന്ന ടെലഫോൺ പ്രേഷകവും (3) വൈദ്യുത ആവേഗങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്ന ടെലഫോൺ ലൈനുകളും (4) സന്ദേശത്തെ ആവേഗങ്ങളിൽനിന്നു വീണ്ടും ശബ്ദങ്ങളാക്കിമാററുന്ന സ്വീകരിണിയും (5) ശ്രോതാവും ഉണ്ട്. അതുപോലെ സ്വർഗത്തിൽ (1) യഹോവയാം ദൈവം തന്റെ അരുളപ്പാടുകൾ ഉളവാക്കുന്നു; (2) അനന്തരം ഇപ്പോൾ യേശുക്രിസ്തു എന്നറിയപ്പെടുന്ന അവന്റെ ഔദ്യോഗികവചനം അഥവാ വക്താവു മിക്കപ്പോഴും സന്ദേശം സംപ്രേഷണം ചെയ്യുന്നു; (3) ആശയവിനിമയ മാധ്യമമായി ഉപയോഗിക്കപ്പെടുന്ന പ്രവർത്തനനിരത ശക്തിയായ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അതിനെ ഭൂമിയിൽ എത്തിക്കുന്നു; (4) ഭൂമിയിലെ ദൈവത്തിന്റെ പ്രവാചകൻ സന്ദേശം സ്വീകരിക്കുന്നു; (5) അവൻ പിന്നീട് അതു ദൈവജനത്തിന്റെ പ്രയോജനത്തിനുവേണ്ടി പ്രസിദ്ധപ്പെടുത്തുന്നു. ഇന്നു ചിലപ്പോഴൊക്കെ ഒരു പ്രധാനപ്പെട്ട സന്ദേശം എത്തിച്ചുകൊടുക്കുന്നതിന് ഒരു സന്ദേശവാഹകൻ അയയ്ക്കപ്പെട്ടേക്കാവുന്നതുപോലെ, ചില സമയങ്ങളിൽ ചില സന്ദേശങ്ങൾ സ്വർഗത്തിൽനിന്നു ഭൂമിയിലെ തന്റെ ദാസൻമാരിൽ എത്തിക്കാൻ ആത്മ-സന്ദേശവാഹകരെ അല്ലെങ്കിൽ ദൂതൻമാരെ ഉപയോഗിക്കാൻ യഹോവ ഇഷ്ടപ്പെട്ടു.—ഗലാ. 3:19; എബ്രാ. 2:2.
നിശ്വസ്തതയുടെ പ്രക്രമം
17. ഏതു ഗ്രീക്കുപദമാണു “ദൈവനിശ്വസ്തം” എന്നു വിവർത്തനംചെയ്തിരിക്കുന്നത്, അതിന്റെ അർഥം നിശ്വസ്തതയുടെ പ്രക്രമം മനസ്സിലാക്കുന്നതിനു നമ്മെ സഹായിക്കുന്നതെങ്ങനെ?
17 “ദൈവനിശ്വസ്തം” എന്ന പദപ്രയോഗം “ദൈവശ്വാസീയം” എന്നർഥമുളള തെയോന്യൂസ്റേറാസ് എന്ന ഗ്രീക്കുപദത്തിൽനിന്നു വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നതാണ്. (2 തിമൊഥെയൊസ് 3:16-ന്റെ ആദ്യ അടിക്കുറിപ്പു കാണുക, NW) പരിശുദ്ധ തിരുവെഴുത്തുകൾ സമാഹരിക്കുന്നതിനും എഴുതുന്നതിനും ഇടയാക്കിക്കൊണ്ടു വിശ്വസ്ത മനുഷ്യരുടെമേൽ ദൈവം ‘നിശ്വസിച്ചിരിക്കുന്നത്’ തന്റെ സ്വന്തം ആത്മാവ്, തന്റെ പ്രവർത്തനനിരതമായ ശക്തി, ആണ്. ഈ നടപടി നിശ്വസ്തത എന്നറിയപ്പെടുന്നു. നിശ്വസ്തതക്കു വിധേയരായിത്തീർന്ന യഹോവയുടെ പ്രവാചകൻമാരുടെയും മററു വിശ്വസ്ത ദാസൻമാരുടെയും മനസ്സുകൾ ഈ പ്രവർത്തനനിരതമായ ശക്തിയാൽ നയിക്കപ്പെട്ടു. അതിന്റെ അർഥം അവർക്ക് ഉദ്ദേശ്യത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ദൈവത്തിൽനിന്നു സന്ദേശങ്ങൾ ലഭിച്ചുവെന്നും അവ അവരുടെ മനസ്സിലെ പരിപഥങ്ങളിൽ ദൃഢമായി പതിഞ്ഞുവെന്നുമാണ്. എന്തുകൊണ്ടെന്നാൽ “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകൽപ്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”—2 പത്രൊ. 1:21; യോഹ. 20:21, 22.
18. നിശ്വസ്ത സന്ദേശങ്ങൾ അവയുടെ മനുഷ്യസ്വീകരിണികളിൽ എത്ര ആഴമായി പതിഞ്ഞു?
18 ദൈവത്തിന്റെ ഈ മനുഷ്യർ ഉണർന്നു പൂർണബോധാവസ്ഥയിലിരിക്കെ, അല്ലെങ്കിൽ ഒരു സ്വപ്നത്തിൽ നിദ്രയിലായിരിക്കെ, അവന്റെ ആത്മാവ് ആശയവിനിമയ സരണിയുടെ ദിവ്യോത്ഭവസ്ഥാനത്തുനിന്നു പുറപ്പെടുന്ന സന്ദേശം ദൃഢമായി നിവേശിപ്പിച്ചു. സന്ദേശം ലഭിച്ചപ്പോൾ പ്രവാചകനു മററുളളവർക്ക് അതു വാഗ്രൂപത്തിൽ എത്തിച്ചുകൊടുക്കാനുളള ഉത്തരവാദിത്വം ഉണ്ടായി. മോശയും മററു വിശ്വസ്ത പ്രവാചകൻമാരും പുനരുത്ഥാനത്തിൽ മടങ്ങിവരുമ്പോൾ നിസ്സംശയമായി അവരുടെ എഴുത്തുകളുടെ കാത്തുസൂക്ഷിക്കപ്പെട്ട രേഖകളുടെ കൃത്യതയെ സ്ഥിരീകരിക്കാൻ അവർ പ്രാപ്തരായിരിക്കും, എന്തുകൊണ്ടെന്നാൽ പുനഃസൃഷ്ടിക്കപ്പെടുന്ന അവരുടെ വിലമതിപ്പുളള മനസ്സുകൾ അപ്പോഴും അവരുടെ സ്മരണയിൽ മൂല സന്ദേശങ്ങൾ പിടിച്ചുകൊളളാനിടയുണ്ട്. അതേ രീതിയിൽ, മറുരൂപദർശനത്താൽ വളരെ അഗാധമായ ധാരണയുണ്ടായതുകൊണ്ട് അപ്പോസ്തലനായ പത്രൊസിനു പിന്നീടു 30-ൽപ്പരം വർഷം കഴിഞ്ഞ് അതിന്റെ മഹിമയെക്കുറിച്ചു ഭംഗ്യന്തരേണ എഴുതാൻ കഴിഞ്ഞു.—മത്താ. 17:1-9; 2 പത്രൊ. 1:16-21.
രചയിതാവും അവന്റെ വിരലും
19. ഏതു തിരുവെഴുത്തുകളാൽ തെളിയിക്കപ്പെടുന്ന പ്രകാരം ദൈവത്തിന്റെ “വിരൽ” എന്താണ്?
19 മാനുഷരചയിതാക്കൾ പുരാതനകാലത്ത് ഒരു തൂലിക അഥവാ നാരായം മുഖേനയും ആധുനികകാലത്ത് ഒരു പേനയോ ടൈപ്പ്റൈറ്ററോ കമ്പ്യൂട്ടറോ മുഖേനയും എഴുതാൻ വിരലുകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ വിരലുകൾ മുഖേന ഉളവാക്കപ്പെട്ടത് അവയുടെ ഉടമയുടെ മനസ്സിനാൽ രചിക്കപ്പെട്ടതാണെന്നു പറയപ്പെടുന്നു. എന്നാൽ ദൈവത്തിന് ഒരു വിരൽ ഉണ്ടെന്നു നിങ്ങൾക്ക് അറിയാമോ? അതു സത്യമാണ്, കാരണം ദൈവത്തിന്റെ ആത്മാവിനെക്കുറിച്ച് അവന്റെ “വിരൽ” എന്നു യേശു പറയുകയുണ്ടായി. ഭൂതബാധിതനായ ഒരു മമനുഷ്യന്റെ സംസാരപ്രാപ്തിയും കാഴ്ചയും വീണ്ടുകിട്ടത്തക്കവണ്ണം അയാളെ യേശു സൗഖ്യമാക്കിയപ്പോൾ മതശത്രുക്കൾ യേശു ആ മനുഷ്യനെ സൗഖ്യമാക്കാനുപയോഗിച്ചിരുന്ന ഉപാധിയെ ദുഷിച്ചു. മത്തായി പറയുന്നതനുസരിച്ച്, “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം” എന്നു യേശു അവരോടു പറഞ്ഞു. (മത്താ. 12:22, 28) സമാനമായ ഒരു സന്ദർഭത്തിൽ “ദൈവത്തിന്റെ വിരൽമുഖേനയാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം യഥാർഥമായി നിങ്ങളെ കടന്നുപോയിരിക്കുന്നു” എന്നു യേശു പറഞ്ഞതായി ഉദ്ധരിച്ചുകൊണ്ടു ലൂക്കൊസ് നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുന്നു. (ലൂക്കൊ. 11:20, NW) മുമ്പൊരിക്കൽ, ഈജിപ്തിലെ മന്ത്രവാദികളായ പുരോഹിതൻമാർ “ഇതു ദൈവത്തിന്റെ വിരൽ ആകുന്നു” എന്നു സമ്മതിച്ചുകൊണ്ട് ഈജിപ്തിലെ ബാധകൾ യഹോവയുടെ മികച്ച ശക്തിയുടെ ഒരു പ്രദർശനമാണെന്ന് അംഗീകരിക്കാൻ നിർബദ്ധരായി.—പുറ. 8:18, 19.
20. ദൈവത്തിന്റെ “വിരൽ” എങ്ങനെ പ്രവർത്തിച്ചിരിക്കുന്നു, ഫലം എന്തായിരുന്നു?
20 “വിരൽ” എന്ന പദത്തിന്റെ ഈ ഉപയോഗങ്ങളോടുളള ചേർച്ചയിൽ “ദൈവത്തിന്റെ വിരലി”നു വലിയ ശക്തി ഉണ്ടെന്നും ബൈബിളിന്റെ എഴുത്തിനു തന്റെ ആത്മാവ് ഉപയോഗിച്ചപ്പോൾ ആ നാമധേയം അതിനു നന്നായി ബാധകമാകുന്നുവെന്നും മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു “ദൈവത്തിന്റെ വിരൽ” മുഖേന അവൻ രണ്ടു കൽപ്പലകകളിൽ പത്തു കൽപ്പനകൾ എഴുതിയെന്നു തിരുവെഴുത്തുകൾ നമ്മെ അറിയിക്കുന്നു. (പുറ. 31:18; ആവ. 9:10) അതുപോലെ, വിശുദ്ധ ബൈബിളിലെ വിവിധ പുസ്തകങ്ങൾ എഴുതുന്നതിനു ദൈവം മനുഷ്യരെ ഉപയോഗിച്ചപ്പോൾ ആ മനുഷ്യരുടെ തൂലികക്കു പിമ്പിലെ മാർഗനിർദേശക ശക്തി അവന്റെ പ്രതീകാത്മക വിരൽ അഥവാ ആത്മാവ് ആയിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അദൃശ്യമാണ്, എന്നാൽ അത് അത്യത്ഭുതകരമായ ഒരു വിധത്തിൽ പ്രവർത്തനനിരതമായിരുന്നിട്ടുണ്ട്. ദൈവത്തിന്റെ സത്യവചനമാകുന്ന വിലപ്പെട്ട ദാനം, അവന്റെ ബൈബിൾ, മനുഷ്യവർഗത്തിനു ലഭിച്ചിരിക്കുന്നു എന്നതാണു ദൃശ്യവും സ്പർശനീയവുമായ ഫലം. ബൈബിളിന്റെ രചയിതാവു സ്വർഗീയ സന്ദേശദാതാവായ യഹോവയാം ദൈവമാണെന്നുളളതിനു തർക്കമില്ല.
നിശ്വസ്ത ശേഖരം തുടങ്ങുന്നു
21. (എ)തിരുവെഴുത്തുകളുടെ എഴുത്ത് എങ്ങനെ തുടങ്ങി? (ബി) അവയുടെ സംരക്ഷണത്തിനു യഹോവ ഏതു വിധത്തിൽ കരുതൽ ചെയ്തു?
21 കണ്ടുകഴിഞ്ഞതുപോലെ, യഹോവ “ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ [മോശയുടെ] പക്കൽ കൊടുത്തു.” (പുറ. 31:18) ഈ എഴുത്തിൽ പത്തു കൽപ്പനകളായിരുന്നു അടങ്ങിയിരുന്നത്. ഈ രേഖ യഹോവ എന്ന ദിവ്യനാമം ഔദ്യോഗികമായി എട്ടു പ്രാവശ്യം അവതരിപ്പിക്കുന്നുവെന്നതു താത്പര്യജനകമാണ്. പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 1513 എന്ന അതേ വർഷത്തിൽ സ്ഥിരമായ രേഖകൾ ഉണ്ടാക്കിത്തുടങ്ങാൻ യഹോവ മോശയോടു കൽപ്പിച്ചു. പരിശുദ്ധ തിരുവെഴുത്തുകളുടെ എഴുത്തിന് അങ്ങനെ തുടക്കമിട്ടു. (പുറ. 17:14; 34:27) “സാക്ഷ്യപ്പെട്ടകം” അഥവാ “ഉടമ്പടിയുടെ പെട്ടകം” നിർമിക്കാനും ദൈവം മോശയോടു കൽപ്പിച്ചു, അത് അത്യന്തം വിലപ്പെട്ട ഈ വിവരം ഇസ്രായേല്യർ സൂക്ഷിച്ചുവെക്കേണ്ടിയിരുന്ന മനോഹരമായി പണിത ഒരു പെട്ടി ആയിരുന്നു. (പുറ. 25:10-22; 1 രാജാ. 8:6, 9) പെട്ടകത്തിന്റെയും അതു വെച്ചിരുന്ന സമാഗമന കൂടാരത്തിന്റെയും രൂപകൽപ്പന യഹോവ നൽകിയതായിരുന്നു; മുഖ്യ കരകൗശലപ്പണിക്കാരനും നിർമാതാവുമായ ബെസലേൽ അവന്റെ വേല ദിവ്യമാതൃകപ്രകാരം പൂർത്തിയാക്കുന്നതിനു ‘ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർഥ്യവും കൊണ്ടു നിറയ്ക്കപ്പെട്ടു.’—പുറ. 35:30-35.
22. (എ)നിശ്വസ്ത തിരുവെഴുത്തുകളുടെ രചയിതാവ് ആരാണ്, എഴുത്തിന് എത്ര കാലം എടുത്തു? (ബി) ബൈബിളിന്റെ സഹ ലേഖകർ ആരായിരുന്നു, അവരെ സംബന്ധിച്ച് എന്തറിയപ്പെടുന്നു?
22 തന്റെ ഉദ്ദേശ്യങ്ങൾ അറിയിക്കുന്നതിന്, ദൈവം ഒരു ദീർഘകാലഘട്ടത്തിൽ ‘അനേകം അവസരങ്ങളിലും അനേകം വിധങ്ങളിലും സംസാരിച്ചു.’ (എബ്രാ. 1:1, NW) തന്റെ വചനം എഴുതിയ എഴുത്തുകാർ പൊ.യു.മു. 1513 മുതൽ പൊ.യു. (പൊതുയുഗം) ഏതാണ്ട് 98 വരെ അല്ലെങ്കിൽ ഏതാണ്ട് 1,610 വർഷക്കാലത്താണ് അങ്ങനെ ചെയ്തത്. ഏക രചയിതാവായ യഹോവയാം ദൈവം ഈ എഴുത്തുകാരിൽ അല്ലെങ്കിൽ മനുഷ്യസെക്രട്ടറിമാരിൽ ഏതാണ്ടു 40 പേരെ ഉപയോഗിച്ചു. ഈ സഹ ലേഖകരെല്ലാം എബ്രായരും തന്നിമിത്തം ‘ദൈവത്തിന്റെ അരുളപ്പാടുകൾ ഭരമേൽപ്പിക്കപ്പെട്ട’ ഒരു ജനതയിലെ അംഗങ്ങളുമായിരുന്നു. (റോമ. 3:2) അവരിൽ എട്ടുപേർ വ്യക്തിപരമായോ അവന്റെ അപ്പോസ്തലൻമാർ മുഖേനയോ യേശുവിനെ അറിഞ്ഞ ക്രിസ്തീയ യഹൂദൻമാർ ആയിരുന്നു. അവരുടെ കാലത്തിനു മുമ്പ് എഴുതപ്പെട്ട നിശ്വസ്ത തിരുവെഴുത്തുകൾ മിശിഹായുടെ അഥവാ ക്രിസ്തുവിന്റെ വരവിനു സാക്ഷ്യം വഹിച്ചിരുന്നു. (1 പത്രൊ. 1:10, 11) പല ജീവിത തുറകളിൽനിന്നു വിളിക്കപ്പെട്ടിരുന്നെങ്കിലും മോശമുതൽ അപ്പോസ്തലനായ യോഹന്നാൻവരെയുളള ഈ ഭൗമിക ബൈബിളെഴുത്തുകാരെല്ലാം യഹോവയാം ദൈവത്തിന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിലും ഭൂമിയിൽ അവന്റെ ഉദ്ദേശ്യങ്ങൾ പ്രഘോഷിക്കുന്നതിലും പങ്കെടുത്തു. അവർ യഹോവയുടെ നാമത്തിലും അവന്റെ ആത്മാവിന്റെ ശക്തിയാലും എഴുതി.—യിരെ. 2:2, 4; യെഹെ. 6:3; 2 ശമൂ. 23:2; പ്രവൃ. 1:16; വെളി. 1:10.
23. ഏതു മുൻരേഖകൾ ചില ബൈബിളെഴുത്തുകാർ ഉപയോഗിച്ചു, ഇവ നിശ്വസ്ത തിരുവെഴുത്തായിത്തീർന്നതെങ്ങനെ?
23 ഈ എഴുത്തുകാരിൽ പലരും തങ്ങളുടെ രേഖകളിൽ മുൻ എഴുത്തുകാർ നിർമിച്ച ദൃക്സാക്ഷിരേഖകളിൽനിന്നുളള സമാഹാരങ്ങൾ ഉൾപ്പെടുത്തുന്നു. ആ എഴുത്തുകാരെല്ലാം നിശ്വസ്തരല്ലായിരുന്നു. ദൃഷ്ടാന്തത്തിന്, ന്യായാധിപൻമാരുടെ പുസ്തകം എഴുതിയപ്പോൾ ശമൂവേൽ ചെയ്തിരിക്കാവുന്നതുപോലെ, മോശ ഉല്പത്തിയുടെ ഭാഗങ്ങൾ അങ്ങനെയുളള ദൃക്സാക്ഷിവിവരണങ്ങളിൽനിന്നു സമാഹരിച്ചിരിക്കാം. യിരെമ്യാവ് ഒന്നും രണ്ടും രാജാക്കൻമാർ സമാഹരിച്ചതും എസ്രാ ഒന്നും രണ്ടും ദിനവൃത്താന്തങ്ങൾ എഴുതിയതും ഏറെയും ഈ വിധത്തിൽത്തന്നെ. പരിശുദ്ധാത്മാവ് ഈ സമാഹർത്താക്കളെ പഴയ മനുഷ്യരേഖകളുടെ ഏതു ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നു നിർണയിക്കുന്നതിൽ നയിച്ചു, അങ്ങനെ ഈ സമാഹാരങ്ങളെ ആശ്രയയോഗ്യമായി പ്രമാണീകരിച്ചു. പഴയ രേഖകളിൽനിന്നുളള ഈ ഭാഗങ്ങൾ അവയുടെ സമാഹരണത്തിന്റെ സമയംമുതൽ നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമായിത്തീർന്നു.—ഉല്പ. 2:4; 5:1; 2 രാജാ. 1:18; 2 ദിന. 16:11.
24, 25. (എ)ബൈബിളിൽ ഏതു ചരിത്രകാലഘട്ടം ഉൾപ്പെടുത്തിയിരിക്കുന്നു? (ബി) 12-ാം പേജിലെ ചാർട്ടിൽ കാണപ്പെടുന്ന താത്പര്യജനകമായ ചില വസ്തുതകൾ ചൂണ്ടിക്കാട്ടുക.
24 ഏതു ക്രമത്തിലാണ് 66 ബൈബിൾപുസ്തകങ്ങൾ നമുക്കു കൈവന്നിരിക്കുന്നത്? കാലത്തിന്റെ അനന്തമായ നീരൊഴുക്കിന്റെ ഏതു ഭാഗത്തെയാണ് അവ ഉൾപ്പെടുത്തുന്നത്? ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും മനുഷ്യഭവനമായുളള ഭൂമിയുടെ ഒരുക്കലും വർണിച്ച ശേഷം ഉല്പത്തി പൊ.യു.മു. 4026-ലെ ആദ്യമമനുഷ്യന്റെ സൃഷ്ടിപ്പുമുതലുളള മനുഷ്യചരിത്രത്തിന്റെ തുടക്കം പ്രതിപാദിക്കുന്നു. പരിശുദ്ധ എഴുത്തുകൾ പിന്നീടു പൊ.യു.മു. 443-നുശേഷം അൽപ്പകാലംകൂടെ കഴിയുന്നതുവരെയുളള പ്രധാനപ്പെട്ട സംഭവങ്ങൾ വിവരിക്കുന്നു. അനന്തരം, 400 വർഷത്തെ ഒരു വിടവിനുശേഷം അവ വീണ്ടും പൊ.യു.മു. 3-ൽ തുടങ്ങി വിവരണത്തെ പൊ.യു. ഏതാണ്ട് 98 വരെ എത്തിക്കുന്നു. അങ്ങനെ, ഒരു ചരിത്രപരമായ വീക്ഷണത്തിൽ തിരുവെഴുത്തുകൾ 4,123 വർഷം നീളുന്ന ഒരു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു.
25 പന്ത്രണ്ടാം പേജിലെ ചാർട്ട് ബൈബിളെഴുത്തുകാരുടെ പശ്ചാത്തലവും ബൈബിളെഴുത്തുകൾ നമുക്കു ലഭ്യമായ ക്രമവും ഗ്രഹിക്കുന്നതിനു സഹായിക്കും.
ദിവ്യസത്യത്തിന്റെ സമ്പൂർണമായ “പുസ്തകം”
26. തിരുവെഴുത്തുകൾ ഏതു വിധത്തിലാണ് ഒരു സമ്പൂർണമായ പുസ്തകമായിരിക്കുന്നത്?
26 പരിശുദ്ധ തിരുവെഴുത്തുകൾ ഉല്പത്തിമുതൽ വെളിപ്പാടുവരെ ഒരു ശേഖരമെന്ന നിലയിൽ സമ്പൂർണമായ ഒരു പുസ്തകം, ഒരു പൂർണഗ്രന്ഥശേഖരം, ആയിത്തീരുന്നു, എല്ലാം ഏക പരമോന്നത രചയിതാവിനാൽ നിശ്വസ്തംതന്നെ. ഒരു ഭാഗത്തിനു കുറഞ്ഞ പ്രാധാന്യം കൊടുക്കത്തക്കവണ്ണം അവയെ രണ്ടു ഭാഗങ്ങളായി തിരിക്കാൻപാടില്ല. എബ്രായ തിരുവെഴുത്തുകളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും പരസ്പരം ഒഴിച്ചുകൂടാൻ പാടില്ലാത്തവയാണ്. ദിവ്യസത്യത്തിന്റെ സമ്പൂർണമായ ഏക പുസ്തകം ഉളവാക്കാൻ ഒടുവിലത്തേതു മുമ്പത്തേതിന് അനുബന്ധം നൽകുന്നു. 66 ബൈബിൾ പുസ്തകങ്ങൾ എല്ലാം ഒന്നിച്ചുചേർന്നു വിശുദ്ധ തിരുവെഴുത്തുകളുടെ ഒരു ഗ്രന്ഥശേഖരമായിത്തീരുന്നു.—റോമ. 15:4.
27. “പഴയ നിയമം” “പുതിയ നിയമം” എന്നീ പദപ്രയോഗങ്ങൾ തെററായി പ്രയോഗിക്കുന്ന പേരുകളായിരിക്കുന്നത് എന്തുകൊണ്ട്?
27 ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചുകൊണ്ട് ഉല്പത്തിമുതൽ മലാഖിവരെയുളള ഒന്നാം ഭാഗത്തെ “പഴയ നിയമം” എന്നും മത്തായിമുതൽ വെളിപ്പാടുവരെയുളള രണ്ടാം ഭാഗത്തെ “പുതിയ നിയമം” എന്നും വിളിക്കുന്നതു പാരമ്പര്യപരമായ ഒരു തെററാണ്. 2 കൊരിന്ത്യർ 3:14-ൽ, പ്രസിദ്ധമായ ജയിംസ് രാജാവിന്റെ ഭാഷാന്തരം “പഴയ നിയമത്തിന്റെ വായന”യെക്കുറിച്ചു പറയുന്നു, എന്നാൽ അപ്പോസ്തലൻ ഇവിടെ പുരാതന എബ്രായ തിരുവെഴുത്തുകളെ മുഴുവനായി പരാമർശിക്കുകയല്ല. നിശ്വസ്ത ക്രിസ്തീയ എഴുത്തുകൾ ഒരു “പുതിയ നിയമം [ഉടമ്പടി]” ആണെന്നും അവൻ അർഥമാക്കുന്നില്ല. അപ്പോസ്തലൻ മോശ പഞ്ചഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതും ക്രിസ്തുവിനു മുമ്പുളള തിരുവെഴുത്തുകളുടെ ഒരു ഭാഗംമാത്രമായിരിക്കുന്നതുമായ ന്യായപ്രമാണ ഉടമ്പടിയെക്കുറിച്ചു സംസാരിക്കുകയാണ്. ഈ കാരണത്താൽ അവൻ അടുത്ത വാക്യത്തിൽ “മോശ വായിക്കപ്പെടുമ്പോൾ” എന്നു പറയുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ “നിയമം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം അനേകം ആധുനിക ഭാഷാന്തരങ്ങളിൽ “ഉടമ്പടി” എന്നു വിവർത്തനം ചെയ്തിരിക്കുന്നു.—മത്താ. 26:28; 2 കൊരി. 3:6, 14, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം, പുതിയ നിയമം ആധുനികവിവർത്തനം, മലയാളം ബൈബിൾ പുതിയ നിയമം.
28. ബൈബിൾപ്രവചനങ്ങൾ സംബന്ധിച്ച് എന്ത് ഉറപ്പു നൽകപ്പെടുന്നു?
28 വിശുദ്ധ തിരുവെഴുത്തുകൾ എന്ന നിലയിൽ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്തിരിക്കുന്നതിനു മാററം വരുത്താൻ പാടില്ല. (ആവ. 4:1, 2; വെളി. 22:18, 19) ഈ കാര്യം സംബന്ധിച്ച് അപ്പോസ്തലനായ പൗലൊസ് എഴുതുന്നു: “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ, സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ. 1:8; യോഹന്നാൻ 10:35 കൂടെ കാണുക.) യഹോവയുടെ സകല പ്രവാചകവചനവും തക്ക സമയത്തു നിവൃത്തിയാകേണ്ടതാണ്. “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുളളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശ. 55:11.
തിരുവെഴുത്തുകൾ പരിശോധിക്കൽ
29. ഈ പുസ്തകത്തിൽ, ഓരോ ബൈബിൾപുസ്തകവും ക്രമത്തിൽ പരിശോധിക്കുമ്പോൾ ഏത് ആമുഖവിവരങ്ങൾ പ്രദാനംചെയ്യപ്പെടുന്നു?
29 തുടർന്നുവരുന്ന പേജുകളിൽ പരിശുദ്ധ തിരുവെഴുത്തുകളുടെ 66 പുസ്തകങ്ങൾ ക്രമത്തിൽ പരിശോധിക്കപ്പെടുകയാണ്. ഓരോ പുസ്തകത്തിന്റെയും രംഗവിധാനം വർണിക്കുന്നു, എഴുത്തുകാരനെക്കുറിച്ചുളള വിവരങ്ങളും എഴുത്തിന്റെ സമയവും ചിലതിന്റെ കാര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടവും നൽകുന്നു. പുസ്തകം വിശ്വാസ്യമാണെന്നും അത് ഉചിതമായി നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമാണെന്നും പ്രകടമാക്കുന്നതിനുളള തെളിവും സമർപ്പിക്കപ്പെടുന്നു. ഈ തെളിവു യേശുക്രിസ്തുവിന്റെ വാക്കുകളിലോ മററു ദൈവദാസൻമാരുടെ നിശ്വസ്ത എഴുത്തുകളിലോ കാണപ്പെട്ടേക്കാം. ഒട്ടുമിക്കപ്പോഴും ബൈബിൾപ്രവചനത്തിന്റെ അനിഷേധ്യമായ നിവൃത്തികളാലോ പുസ്തകത്തിന്റെ യോജിപ്പും സത്യസന്ധതയും നിഷ്കപടതയും പോലെ അതിൽനിന്നുതന്നെയുളള ആന്തരിക തെളിവിനാലോ പുസ്തകത്തിന്റെ വിശ്വാസ്യത പ്രകടമാക്കപ്പെടുന്നു. ഉപോൽബലകമായ തെളിവു പുരാവസ്തുശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളിൽനിന്നോ ആശ്രയയോഗ്യമായ ലൗകികചരിത്രത്തിൽനിന്നോ എടുത്തേക്കാം.
30. ഓരോ ബൈബിൾപുസ്തകത്തിന്റെയും ഉളളടക്കം ഏതു വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു?
30 ഓരോ പുസ്തകത്തിന്റെയും ഉളളടക്കം വിശദമായി വിവരിക്കുമ്പോൾ, വായനക്കാരന്റെ ഹൃദയത്തിൽ നിശ്വസ്ത തിരുവെഴുത്തുകളോടും അവയുടെ രചയിതാവായ യഹോവയാം ദൈവത്തോടുമുളള ആഴമായ സ്നേഹം ജനിപ്പിക്കത്തക്ക വിധത്തിൽ ബൈബിളെഴുത്തുകാരന്റെ ശക്തമായ സന്ദേശം മുന്തിനിൽക്കാനിടയാക്കുന്നതിനും അങ്ങനെ സകല പ്രായോഗികതയും യോജിപ്പും മനോഹാരിതയും സഹിതമുളള ദൈവവചനത്തിന്റെ ജീവത് സന്ദേശത്തോടുളള വിലമതിപ്പു വർധിപ്പിക്കുന്നതിനുമാണു ശ്രമിക്കുന്നത്. പുസ്തകത്തിന്റെ ഉളളടക്കം ഖണ്ഡികാ ഉപതലക്കെട്ടുകളിൻകീഴിൽ വിവരിക്കപ്പെടുന്നു. ഇതു പഠനത്തിനുളള സൗകര്യത്തിനുവേണ്ടിയാണ്, ബൈബിളിലെ പുസ്തകങ്ങൾക്കു സ്വേച്ഛാപരമായ ഉപവിഭാഗങ്ങൾ ഉണ്ടെന്ന് അതർഥമാക്കുന്നില്ല. ഓരോ പുസ്തകവും അതിൽത്തന്നെ ഒരു സത്തയാണ്, ദിവ്യോദ്ദേശ്യങ്ങളുടെ ഗ്രാഹ്യത്തിന് വിലപ്പെട്ട സംഭാവന ചെയ്യുന്ന ഒന്നുതന്നെ.
31. (എ) ഓരോ പുസ്തകവും പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട് എന്നു പ്രകടമാക്കുന്നതിന് ഏതു വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നു? (ബി) ബൈബിൾപുസ്തകങ്ങളുടെ ചർച്ചകളിലുടനീളം ഏതു മഹത്തായ പ്രതിപാദ്യവിഷയം മുൻപന്തിയിൽ നിർത്തിയിരിക്കുന്നു?
31 ഓരോ പുസ്തകവും ഉപസംഹരിക്കുമ്പോൾ, നിശ്വസ്ത തിരുവെഴുത്തുകളുടെ ഈ ഭാഗം എന്തുകൊണ്ട് ‘പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരേയാക്കുന്നതിന്, നീതിയിൽ ശിക്ഷണംകൊടുക്കുന്നതിന്, പ്രയോജനപ്രദ’മായിരിക്കുന്നുവെന്നു ചർച്ച ചൂണ്ടിക്കാണിക്കുന്നു. (2 തിമൊ. 3:16, NW) പ്രവചന നിവൃത്തികൾ, പിൽക്കാല ബൈബിളെഴുത്തുകാരുടെ നിശ്വസ്ത സാക്ഷ്യത്താൽ സൂചിപ്പിക്കപ്പെടുന്നടത്ത് അവ പരിചിന്തിക്കപ്പെടുന്നു. ഓരോ സന്ദർഭത്തിലും ബൈബിളിന്റെ ആകമാന പ്രതിപാദ്യവിഷയത്തിന്റെ വികസിപ്പിക്കലിൽ ആ പുസ്തകത്തിന്റെ സംഭാവന എടുത്തുകാണിക്കുന്നു. ബൈബിൾ കെട്ടുകഥയല്ല. അതിൽ മനുഷ്യവർഗത്തിനുവേണ്ടിയുളള ഏക ജീവത് സന്ദേശം ഉൾക്കൊളളുന്നു. ആദ്യപുസ്തകമായ ഉൽപ്പത്തിമുതൽ അവസാന പുസ്തകമായ വെളിപാടുവരെ നിശ്വസ്ത തിരുവെഴുത്തുകൾ, തന്റെ സന്തതി ഭരിക്കുന്ന രാജ്യം മുഖേന തന്റെ നാമത്തെ വിശുദ്ധീകരിക്കാനുളള അഖിലാണ്ഡസ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. അതിലാണു സകല നീതിസ്നേഹികളുടെയും മഹത്തായ പ്രത്യാശ സ്ഥിതിചെയ്യുന്നത്.—മത്താ. 12:18, 21.
32. ബൈബിളിനോടുളള വിലമതിപ്പു വർധിപ്പിക്കുന്നതിന് ഏതു വിവരങ്ങൾ പ്രദാനംചെയ്തിരിക്കുന്നു?
32 അറുപത്താറു ബൈബിൾപുസ്തകങ്ങളെക്കുറിച്ചുതന്നെ പരിചിന്തിച്ചശേഷം ബൈബിളിന്റെ പശ്ചാത്തലവിവരങ്ങൾ നൽകുന്നതിനു നാം കുറെ സ്ഥലം വിനിയോഗിക്കുന്നു. വാഗ്ദത്തദേശത്തിന്റെ ഭൂമിശാസ്ത്രം സംബന്ധിച്ച പഠനങ്ങളും ബൈബിളിലെ സംഭവങ്ങൾ നടന്ന സമയവും ബൈബിൾവിവർത്തനങ്ങളും പുരാവസ്തുശാസ്ത്രപരമായും അല്ലാതെയും ബൈബിളിന്റെ വിശ്വാസ്യതക്ക് ഉപോൽബലകമായ തെളിവുകളും ബൈബിൾപുസ്തകപട്ടികയുടെ തെളിവും ഇതിൽ ഉൾപ്പെടുന്നു. മററു വിലയേറിയ വിവരങ്ങളും പട്ടികകളും ഈ വിഭാഗത്തിൽ ഉണ്ട്. ഇതെല്ലാം ഭൂമിയിൽ ഇന്നുളള ഏററവും പ്രായോഗികവും പ്രയോജനകരവുമായ പുസ്തകമെന്ന നിലയിൽ ബൈബിളിനോടുളള വിലമതിപ്പു വർധിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുളളവയാണ്.
33. ബൈബിളിനെ എങ്ങനെ വർണിക്കാവുന്നതാണ്, അതിന്റെ പഠനംകൊണ്ട് എന്തു പ്രയോജനമുണ്ട്?
33 ദിവ്യഗ്രന്ഥകാരൻ മനുഷ്യവർഗത്തോടു സുദീർഘമായി സംസാരിച്ചിരിക്കുന്നു. അവൻ അത്യഗാധസ്നേഹവും ഭൂമിയിലെ തന്റെ മക്കൾക്കുവേണ്ടി താൻ ചെയ്തിരിക്കുന്നതിൽ പിതൃനിർവിശേഷമായ താത്പര്യവും പ്രകടമാക്കിയിരിക്കുന്നു. അവൻ വിശുദ്ധ തിരുവെഴുത്തുകളിൽ നിശ്വസ്ത രേഖകളുടെ എന്തൊരു ശ്രദ്ധേയമായ ശേഖരമാണു നമുക്കുവേണ്ടി ഒരുക്കിത്തന്നിരിക്കുന്നത്! സത്യമായി, അവ നിസ്തുലമായ ഒരു നിക്ഷേപം, സമ്പന്നതയിലും വ്യാപ്തിയിലും വെറും മനുഷ്യരുടെ എഴുത്തുകളെക്കാൾ വളരെ മികവുളള ‘ദിവ്യ നിശ്വസിത’ വിവരങ്ങളുടെ ഒരു വിപുലമായ ശേഖരം ആണ്. ദൈവവചനത്തിന്റെ പഠനത്തിലുളള അർപ്പണബോധം “ശരീരത്തിനു ക്ഷീണം” വരുത്തുകയില്ല, മറിച്ച്, അത് ‘എന്നേക്കും നിലനിൽക്കുന്ന യഹോവയുടെ മൊഴി’ അറിയുന്നവർക്കു നിത്യപ്രയോജനങ്ങൾ കൈവരുത്തും.—സഭാ. 12:12; 1 പത്രൊ. 1:24, 25, NW.
[12-ാം പേജിലെ ചാർട്ട്]
ബൈബിളിന്റെ നിശ്വസ്ത എഴുത്തുകാരും അവരുടെ എഴുത്തുകളും
(തീയതിക്രമത്തിൽ)
ക്രമം എഴുത്തുകാർ തൊഴിലുകൾ പൂർത്തിയാക്കിയ എഴുത്തുകൾ
എഴുത്തുകൾ
1. മോശ പണ്ഡിതൻ, 1473 ബി. സി. ഉല്പത്തി; പുറപ്പാട്;
ഇടയൻ, ലേവ്യപുസ്തകം; ഇയ്യോബ്;
പ്രവാചകൻ, സംഖ്യാപുസ്തകം;
നേതാവ് ആവർത്തനപുസ്തകം;
(സാധ്യതയനുസരിച്ച് 91-ഉം)
2. യോശുവ നേതാവ് പൊ.യു.മു.
ഏകദേശം 1450 യോശുവ
3. ശമൂവേൽ ലേവ്യൻ, പൊ.യു.മു. ന്യായാധിപൻമാർ; രൂത്ത്;
പ്രവാചകൻ 1080-നുമുമ്പ് ഒന്നു ശമൂവേലിന്റെ
ഭാഗം
4. ഗാദ് പ്രവാചകൻ പൊ.യു.മു. ഏകദേശം 1040 ഒന്നു ശമൂവേലിന്റെ
ഭാഗം; രണ്ടു
ശമൂവേൽ (രണ്ടും
നാഥാനോടുകൂടെ)
5. നാഥാൻ പ്രവാചകൻ പൊ.യു.മു. ഏകദേശം 1040 മുകളിലത്തേതു കാണുക
(ഗാദിനോടുകൂടെ)
6. ദാവീദ് രാജാവ്, ഇടയൻ, പൊ.യു.മു. 1037 സങ്കീർത്തനങ്ങളിൽ
സംഗീതജ്ഞൻ പലതും 7. കോരഹ്പുത്രൻമാർ സങ്കീർത്തനങ്ങളിൽ ചിലത്
8. ആസാഫ് പാട്ടുകാരൻ സങ്കീർത്തനങ്ങളിൽ ചിലത്
9. ഹേമാൻ ജ്ഞാനി സങ്കീർത്തനം 88
10. ഏഥാൻ ജ്ഞാനി സങ്കീർത്തനം 89
11. ശലോമോൻ രാജാവ്, പൊ.യു.മു. ഏകദേശം 1000 മിക്ക സദൃശവാക്യങ്ങളും;
നിർമാതാവ്, ഉത്തമഗീതം;
ജ്ഞാനി സഭാപ്രസംഗി;
12. ആഗൂർ സദൃശവാക്യങ്ങൾ അധ്യായം 30
13. ലമൂവേൽ രാജാവ് സദൃശവാക്യങ്ങൾ അധ്യായം 31
14. യോനാ പ്രവാചകൻ പൊ.യു.മു. ഏകദേശം 844 യോനാ
15. യോവേൽ പ്രവാചകൻ പൊ.യു.മു. ഏകദേശം 820(?) യോവേൽ
16. ആമോസ്, പ്രവാചകൻ പൊ.യു.മു. ഏകദേശം 804 ആമോസ്
ഇടയൻ
17. ഹോശേയ പ്രവാചകൻ പൊ.യു.മു. 745-നുശേഷം ഹോശേയ
18. യെശയ്യാവ് പ്രവാചകൻ പൊ.യു.മു. 732-നുശേഷം യെശയ്യാവ്
19. മീഖാ പ്രവാചകൻ പൊ.യു.മു. 717-നുമുമ്പ് മീഖാ
20. സെഫന്യാവ് പ്രഭു,
പ്രവാചകൻ പൊ.യു.മു. 648-നുമുമ്പ് സെഫന്യാവ്
21. നഹൂം പ്രവാചകൻ പൊ.യു.മു. 632-നുമുമ്പ് നഹൂം 22. ഹബക്കൂക്ക് പ്രവാചകൻ പൊ.യു.മു. ഏകദേശം 628(?) ഹബക്കൂക്ക്
23. ഓബദ്യാവ് പ്രവാചകൻ പൊ.യു.മു. ഏകദേശം 607 ഓബദ്യാവ്
24. യെഹെസ്കേൽ പുരോഹിതൻ, പൊ.യു.മു. ഏകദേശം 591 യെഹെസ്കേൽ
പ്രവാചകൻ
25. യിരെമ്യാവ് പുരോഹിതൻ, പൊ.യു.മു. 580 ഒന്നും രണ്ടും
പ്രവാചകൻ രാജാക്കൻമാർ; യിരെമ്യാവ്;
വിലാപങ്ങൾ
26. ദാനീയേൽ പ്രഭു, പൊ.യു.മു. ഏകദേശം 536 ദാനീയേൽ
ഭരണാധികാരി,
പ്രവാചകൻ
27. ഹഗ്ഗായി പ്രവാചകൻ പൊ.യു.മു. 520 ഹഗ്ഗായി
28. സെഖര്യാവ് പ്രവാചകൻ പൊ.യു.മു. 518 സെഖര്യാവ്
29 . മൊർദേഖായ് പ്രധാനമന്ത്രി പൊ.യു.മു. ഏകദേശം 475 എസ്ഥേർ
30. എസ്രാ പുരോഹിതൻ, പൊ.യു.മു. ഏകദേശം 460 ഒന്നും രണ്ടും
പകർപ്പെഴുത്തുകാരൻ, ദിനവൃത്താന്തങ്ങൾ, എസ്രാ
ഭരണാധികാരി
31. നെഹെമ്യാവ് കൊട്ടാരം പൊ.യു.മു. 443-നുശേഷം നെഹെമ്യാവ്
ഉദ്യോഗസ്ഥൻ,
നാടുവാഴി
32. മലാഖി പ്രവാചകൻ പൊ.യു.മു. 443-നുശേഷം മലാഖി
33. മത്തായി നികുതി പൊ.യു. ഏകദേശം 41 മത്തായി
പിരിവുകാരൻ,
അപ്പോസ്തലൻ
34. ലൂക്കൊസ് വൈദ്യൻ, പൊ.യു. ഏകദേശം 61 ലൂക്കൊസ്; പ്രവൃത്തികൾ
മിഷനറി
35. യാക്കോബ് മേൽവിചാരകൻ പൊ.യു. 62-നുമുമ്പ് യാക്കോബ്
(യേശുവിന്റെ
സഹോദരൻ)
36. മർക്കോസ് മിഷനറി പൊ.യു. ഏകദേശം 60-65 മർക്കൊസ്
37. പത്രൊസ് മീൻപിടുത്തക്കാരൻ, പൊ.യു. ഏകദേശം 64 ഒന്നും രണ്ടും
അപ്പോസ്തലൻ പത്രൊസ്
38. പൗലൊസ് മിഷനറി, പൊ.യു. ഏകദേശം 65 ഒന്നും രണ്ടും
അപ്പോസ്തലൻ, തെസ്സലൊനീക്യർ;
കൂടാരപ്പണിക്കാരൻ ഗലാത്യർ; ഒന്നും
രണ്ടും
കൊരിന്ത്യർ;
റോമർ; എഫെസ്യർ;
ഫിലിപ്പിയർ;
കൊലൊസ്സ്യർ;
ഫിലേമോൻ; എബ്രായർ;
ഒന്നും രണ്ടും
തിമൊഥെയൊസ്; തീത്തൊസ്
39. യൂദാ ശിഷ്യൻ, പൊ.യു. ഏകദേശം 65 യൂദാ
(യേശുവിന്റെ
സഹോദരൻ)
40. യോഹന്നാൻ
മീൻപിടുത്തക്കാരൻ, പൊ.യു. ഏകദേശം 98 വെളിപ്പാടു;
അപ്പോസ്തലൻ ഒന്നും രണ്ടും മൂന്നും
യോഹന്നാൻ