വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുവിൻ
    വീക്ഷാഗോപുരം—2002 | സെപ്‌റ്റംബർ 15
    • “കെട്ടുകഥ”കൾ തള്ളിക്കളയുക

      8. (എ) സാത്താൻ ഇന്ന്‌ നമ്മുടെ വിശ്വാസം നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ എങ്ങനെ? (ബി) 2 തിമൊഥെയൊസ്‌ 4:​3, 4-ൽ പൗലൊസ്‌ എന്തു മുന്നറിയിപ്പു നൽകുന്നു?

      8 നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ചു സംശയങ്ങൾ വിതച്ചുകൊണ്ട്‌ നമ്മുടെ ദൃഢവിശ്വസ്‌തത തകർക്കാൻ സാത്താൻ ശ്രമിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പോലെ ഇന്നും വിശ്വാസത്യാഗികളും മറ്റുള്ളവരും ശുദ്ധഹൃദയരുടെ വിശ്വാസം നശിപ്പിക്കാൻ ശ്രമിക്കുകയാണ്‌. (ഗലാത്യർ 2:4; 5:​7, 8) ചിലപ്പോൾ യഹോവയുടെ ജനത്തിന്റെ ആന്തരങ്ങളെയും അവരുടെ പ്രവർത്തന വിധങ്ങളെയും കുറിച്ചുള്ള വളച്ചൊടിച്ച വിവരങ്ങളോ കല്ലുവെച്ച നുണകൾ പോലുമോ പരത്താൻ അവർ ബഹുജനമാധ്യമങ്ങൾ ഉപയോഗിക്കുന്നു. ചിലർ സത്യത്തിൽനിന്നു വ്യതിചലിപ്പിക്കപ്പെടുമെന്ന്‌ പൗലൊസ്‌ മുന്നറിയിപ്പു നൽകി. “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും” എന്ന്‌ അവൻ എഴുതി.​—⁠2 തിമൊഥെയൊസ്‌ 4:​3, 4.

      9. “കെട്ടുകഥ”കളെ കുറിച്ചു പറഞ്ഞപ്പോൾ എന്തായിരുന്നിരിക്കാം പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌?

      9 ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുന്നതിനു പകരം ചിലർ “കെട്ടുകഥ”കളിൽ തത്‌പരരായിത്തീർന്നു. ഈ കെട്ടുകഥകൾ എന്തായിരുന്നു? ഒരുപക്ഷേ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്നവയിൽ ഒന്നായ തോബിത്തിലേതു പോലുള്ള സാങ്കൽപ്പിക കഥകളായിരുന്നിരിക്കാം പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌.a ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉദ്വേഗജനകമായ കിംവദന്തികളും ഈ കെട്ടുകഥകളിൽ ഉൾപ്പെട്ടിരുന്നിരിക്കാം. ഇനിയും, ദൈവത്തിന്റെ നിലവാരങ്ങൾ സംബന്ധിച്ച്‌ അനുവാദാത്മക വീക്ഷണം പുലർത്തുന്ന അല്ലെങ്കിൽ സഭയിൽ നേതൃത്വം എടുക്കുന്നവരെ വിമർശിക്കുന്ന ആളുകളാൽ ചിലരുടെ ചിന്താഗതി​—⁠തങ്ങളുടെ “സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം”​—⁠തെറ്റായ രീതിയിൽ സ്വാധീനിക്കപ്പെട്ടിരുന്നിരിക്കാം. (3 യോഹന്നാൻ 9, 10; യൂദാ 4) ഉൾപ്പെട്ടിരുന്ന ഇടർച്ചക്കല്ലുകൾ എന്തുതന്നെ ആയിരുന്നെങ്കിലും ഒരു കാര്യം വ്യക്തമാണ്‌, ചിലർ ദൈവവചനത്തിലെ സത്യങ്ങളെക്കാൾ വ്യാജങ്ങൾ ഇഷ്ടപ്പെട്ടു. താമസിയാതെ അവർ തങ്ങൾ പഠിച്ച കാര്യങ്ങൾക്കൊത്തു പ്രവർത്തിക്കുന്നതു നിറുത്തിക്കളഞ്ഞു, ഇത്‌ അവരുടെ സ്വന്തം ആത്മീയതയ്‌ക്കു ഹാനിവരുത്തി.​—⁠2 പത്രൊസ്‌ 3:​15, 16.

      10. ചില ആധുനികകാല കെട്ടുകഥകൾ ഏവ, ജാഗ്രതയുള്ളവർ ആയിരിക്കേണ്ടതിന്റെ ആവശ്യം യോഹന്നാൻ ഊന്നിപ്പറഞ്ഞത്‌ എങ്ങനെ?

      10 നാം കേൾക്കുകയും വായിക്കുകയും ചെയ്യുന്ന സംഗതികൾ സൂക്ഷ്‌മമായി പരിശോധിക്കുകയും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുകയുമാണെങ്കിൽ ഇന്ന്‌ കെട്ടുകഥകളാൽ വശീകരിക്കപ്പെടുന്നതു നമുക്ക്‌ ഒഴിവാക്കാൻ കഴിയും. ഉദാഹരണത്തിന്‌ മാധ്യമങ്ങൾ മിക്കപ്പോഴും അധാർമികതയെ ഉന്നമിപ്പിക്കുന്നു. പലരും അജ്ഞേയവാദത്തെയും നിരീശ്വരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബൈബിൾ ദിവ്യനിശ്വസ്‌തമാണെന്ന അതിന്റെ അവകാശവാദത്തെ അതികൃത്തിപ്പുകാർ പരിഹസിക്കുന്നു. ആധുനികകാല വിശ്വാസത്യാഗികൾ ക്രിസ്‌ത്യാനികളുടെ വിശ്വാസത്തെ തകർക്കാൻ തക്കവണ്ണം സംശയത്തിന്റെ വിത്തുകൾ പാകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ കള്ളപ്രവാചകന്മാരിൽനിന്ന്‌ സമാനമായ ഒരു അപകടത്തെ നേരിട്ടപ്പോൾ അപ്പൊസ്‌തലനായ യോഹന്നാൻ ഈ മുന്നറിയിപ്പു നൽകി: “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും [“നിശ്വസ്‌തമൊഴിയും,” NW] വിശ്വസിക്കാതെ ആത്മാക്കൾ [“നിശ്വസ്‌തമൊഴികൾ,” NW] ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.” (1 യോഹന്നാൻ 4:⁠1) അതുകൊണ്ട്‌ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം.

      11. നാം വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു പരിശോധിക്കാനുള്ള ഒരു മാർഗമേത്‌?

      11 ഇതിനോടുള്ള ബന്ധത്തിൽ പൗലൊസ്‌ എഴുതി: “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ [“പരിശോധിക്കുന്നതിൽ തുടരുക,” NW].” (2 കൊരിന്ത്യർ 13:⁠5) നാം മുഴു ക്രിസ്‌തീയ വിശ്വാസങ്ങളോടും പറ്റിനിൽക്കുന്നുവോ എന്ന്‌ ഉറപ്പുവരുത്താനായി നമ്മെത്തന്നെ തുടർച്ചയായി പരിശോധിക്കാൻ അപ്പൊസ്‌തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പരാതിക്കാരായ വ്യക്തികൾക്കു ശ്രദ്ധനൽകാനും അവരുടെ അഭിപ്രായങ്ങളോടു യോജിക്കാനുമുള്ള ഒരു ചായ്‌വ്‌ നമുക്കുള്ളതായി കണ്ടാൽ നാം പ്രാർഥനാപൂർവം നമ്മെത്തന്നെ പരിശോധിക്കണം. (സങ്കീർത്തനം 139:​23, 24) യഹോവയുടെ ജനത്തിൽ കുറ്റം കണ്ടുപിടിക്കാൻ പ്രവണതയുള്ളവരാണോ നാം? ആണെങ്കിൽ എന്തുകൊണ്ട്‌? ആരുടെയെങ്കിലും വാക്കുകളോ പ്രവൃത്തികളോ നമ്മെ വേദനിപ്പിച്ചിട്ടുണ്ടോ? എങ്കിൽ, കാര്യങ്ങളെ ഉചിതമായ ഒരു കാഴ്‌ചപ്പാടിൽ നാം കാണുന്നുവോ? ഈ വ്യവസ്ഥിതിയിൽ നാം നേരിടുന്ന ഏതു കഷ്ടവും താത്‌കാലികമാണ്‌. (2 കൊരിന്ത്യർ 4:17) സഭയിൽ നമുക്ക്‌ എന്തെങ്കിലും പരിശോധന നേരിടുന്നെങ്കിൽത്തന്നെ ദൈവത്തെ സേവിക്കുന്നത്‌ നാം എന്തിനു നിറുത്തിക്കളയണം? എന്തെങ്കിലും പ്രശ്‌നം നമ്മെ വിഷമിപ്പിക്കുന്നെങ്കിൽ അതു പരിഹരിക്കാൻ നമ്മാലാവുന്നതു ചെയ്‌തശേഷം അതു യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നതല്ലേ ഏറെ മെച്ചം?​—⁠സങ്കീർത്തനം 4:4; സദൃശവാക്യങ്ങൾ 3:​5, 6; എഫെസ്യർ 4:26.

      12. ബെരോവക്കാർ നമുക്കു നല്ല മാതൃക വെച്ചിരിക്കുന്നത്‌ എങ്ങനെ?

      12 വിമർശന മനോഭാവമുള്ളവർ ആയിരിക്കാതെ വ്യക്തിപരമായ പഠനത്തിലൂടെയും സഭായോഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങൾ സംബന്ധിച്ച്‌ ആത്മീയമായി ആരോഗ്യാവഹമായ ഒരു വീക്ഷണം നമുക്കു നിലനിറുത്താം. (1 കൊരിന്ത്യർ 2:​14, 15) ദൈവവചനത്തെ ചോദ്യംചെയ്യുന്നതിനു പകരം തിരുവെഴുത്തുകളെ അടുത്തു പരിശോധിച്ച ഒന്നാം നൂറ്റാണ്ടിലെ ബെരോവക്കാരുടെ മനോഭാവം ഉണ്ടായിരിക്കുന്നത്‌ എത്ര ജ്ഞാനമാണ്‌! (പ്രവൃത്തികൾ 17:​10, 11) തുടർന്ന്‌, കെട്ടുകഥകളെ തള്ളിക്കളയുകയും സത്യത്തെ മുറുകെപ്പിടിക്കുകയും ചെയ്‌തുകൊണ്ടു പഠിക്കുന്നതിന്‌ അനുസരിച്ചു നമുക്കു പ്രവർത്തിക്കാം.

      13. നാം അറിയാതെ കെട്ടുകഥകൾ പ്രചരിപ്പിച്ചേക്കാവുന്നത്‌ എങ്ങനെ?

      13 മറ്റൊരുതരം കെട്ടുകഥയ്‌ക്ക്‌ എതിരെയും നാം ജാഗ്രത പുലർത്തേണ്ടതുണ്ട്‌. പലപ്പോഴും ഇ-മെയിൽ മുഖാന്തരം ഉദ്വേഗജനകമായ ഒട്ടേറെ വിവരങ്ങൾ പ്രചരിക്കുന്നു. അത്തരം വിവരങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതു ബുദ്ധിയാണ്‌, പ്രത്യേകിച്ചും അതിന്റെ യഥാർഥ ഉറവിടം നമുക്ക്‌ അറിയില്ലെങ്കിൽ. സത്‌പേരുള്ള ഒരു ക്രിസ്‌ത്യാനിയാണ്‌ ഒരു അനുഭവം അല്ലെങ്കിൽ വിവരം അയച്ചു തരുന്നതെങ്കിൽ പോലും ആ വ്യക്തിക്കു വസ്‌തുതകളെ കുറിച്ചു നേരിട്ടുള്ള അറിവ്‌ ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടാണ്‌ ഉറപ്പില്ലാത്ത വിവരങ്ങൾ ആവർത്തിക്കുകയോ മറ്റുള്ളവർക്ക്‌ അയച്ചുകൊടുക്കുകയോ ചെയ്യുന്നതു സംബന്ധിച്ചു നാം ജാഗ്രത പുലർത്തുന്നതു പ്രധാനമായിരിക്കുന്നത്‌. തീർച്ചയായും, ‘ഭക്തിവിരുദ്ധമായ കഥകൾ [“കെട്ടുകഥകൾ,” പി.ഒ.സി. ബൈബിൾ]’ ആവർത്തിക്കാൻ നാം ആഗ്രഹിക്കുകയില്ല. (1 തിമൊഥെയൊസ്‌ 4:​7) കൂടാതെ, അന്യോന്യം സത്യം സംസാരിക്കാനുള്ള കടപ്പാട്‌ നമുക്ക്‌ ഉള്ളതിനാൽ അറിയാതെ പോലും വ്യാജങ്ങൾ പരത്താൻ ഇടയാക്കിയേക്കാവുന്ന എന്തും നാം ഒഴിവാക്കുന്നതു ബുദ്ധിയായിരിക്കും.​—⁠എഫെസ്യർ 4:25.

  • പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുവിൻ
    വീക്ഷാഗോപുരം—2002 | സെപ്‌റ്റംബർ 15
    • a സാധ്യതയനുസരിച്ച്‌ പൊ.യു.മു. മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തോബിത്തിൽ തോബിയാസ്‌ എന്ന യഹൂദനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ നിറഞ്ഞ കഥ അടങ്ങിയിരിക്കുന്നു. ഒരു അസാധാരണ മത്സ്യത്തിന്റെ ചങ്കും കരളും പിത്തരസവും ഉപയോഗിച്ച്‌ രോഗങ്ങൾ സൗഖ്യമാക്കാനും ഭൂതങ്ങളെ പുറത്താക്കാനുമുള്ള പ്രാപ്‌തി അയാൾ നേടിയിരുന്നതായി പറഞ്ഞിരിക്കുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക