ബൈബിൾ പുസ്തക നമ്പർ 55—2 തിമൊഥെയൊസ്
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 65
1. പൊ.യു. ഏതാണ്ട് 64-ൽ റോമിൽ ഏതു പീഡനം ആളിക്കത്തി, പ്രത്യക്ഷത്തിൽ ഏതു കാരണത്താൽ?
ഒരിക്കൽകൂടി പൗലൊസ് റോമിൽ തടവുപുളളിയായി. അന്നു പൊ.യു. ഏതാണ്ട് 65 ആയിരുന്നു. ഈ രണ്ടാം തടവുവാസത്തിന്റെ സാഹചര്യങ്ങൾ ഒന്നാമത്തേതിനെക്കാൾ വളരെയധികം കഠിനമാണ്. പൊ.യു. 64 ജൂലൈയിൽ ഒരു വലിയ തീ റോമിൽ ആളിപ്പടർന്നു നഗരത്തിലെ 14 മേഖലകളിൽ പത്തിലും വിപുലമായ നാശനഷ്ടം വരുത്തിക്കൂട്ടി. റോമൻചരിത്രകാരനായ ററാസിററസ് പറയുന്നതനുസരിച്ച്, “അഗ്നിപ്രളയം ഒരു ഉത്തരവിന്റെ ഫലമാണെന്നുളള കപടവിശ്വാസത്തെ നിഷ്കാസനംചെയ്യാൻ” നീറോയ്ക്കു കഴിഞ്ഞില്ല. “തത്ഫലമായി, ശ്രുതി ഒഴിവാക്കുന്നതിന്, വെറുപ്പുളവാക്കുന്ന കാര്യങ്ങൾ നിമിത്തം ദ്വേഷിക്കപ്പെട്ടവരായി, ജനസമൂഹം ക്രിസ്ത്യാനികൾ എന്നു വിളിച്ച ഒരു വർഗത്തിൻമേൽ നീറോ കുററം കെട്ടിവെക്കുകയും അവരെ അത്യന്തം തീവ്രമായി ദണ്ഡനമേൽപ്പിക്കുകയും ചെയ്തു. . . . അധികവും നഗരത്തിനു തീവെച്ചുവെന്ന കുററം നിമിത്തമല്ല, പിന്നെയോ മനുഷ്യവർഗത്തോടുളള വിദ്വേഷം സംബന്ധിച്ച് ഒരു വലിയ പുരുഷാരം കുററം ചുമത്തപ്പെട്ടു. അവരുടെ മരണങ്ങളോടു സകലതരം പരിഹാസവും കൂട്ടപ്പെട്ടു. മൃഗചർമംകൊണ്ട് ആവരണംചെയ്ത അവരെ പട്ടികൾ കടിച്ചുകീറുകയും അവർ നശിക്കുകയും ചെയ്തു, അല്ലെങ്കിൽ കുരിശുകളിൽ തറച്ചു, അല്ലെങ്കിൽ പകൽവെളിച്ചം തീർന്നപ്പോൾ രാത്രിയിലെ ദീപാലങ്കാരത്തിനുതകുന്നതിനു തീക്കിരയാക്കാൻ വിധിക്കുകയും ദഹിപ്പിക്കുകയും ചെയ്തു. ഈ പ്രദർശനത്തിനു നീറോ തന്റെ തോട്ടങ്ങൾ വിട്ടുകൊടുത്തു . . . ഒരു സഹതാപവികാരം ഉയർന്നുവന്നു; എന്തെന്നാൽ അവരെ നശിപ്പിച്ചുകൊണ്ടിരുന്നതു വിചാരിച്ചതുപോലെ പൊതുജന നൻമക്കായിരുന്നില്ല, പിന്നെയോ ഒരു മമനുഷ്യന്റെ ക്രൂരതയെ തൃപ്തിപ്പെടുത്താനായിരുന്നു.”a
2. ഏതു സാഹചര്യങ്ങളിൽ പൗലൊസ് രണ്ടു തിമൊഥെയൊസ് എഴുതി, അവൻ ഒനേസിഫൊരൊസിനെക്കുറിച്ചു വിലമതിപ്പോടെ സംസാരിക്കുന്നത് എന്തുകൊണ്ട്?
2 പൗലൊസ് വീണ്ടും റോമിൽ തടവുകാരനായത് ഈ ഉഗ്ര പീഡനതരംഗത്തിന്റെ സമയത്തോടടുത്തായിരിക്കാനിടയുണ്ട്. ഇപ്പോൾ അവൻ ബന്ധനസ്ഥനായിരുന്നു. വിമോചിതനാകാൻ അവൻ പ്രതീക്ഷിച്ചില്ല, അന്തിമവിധിയും നടപ്പിലാക്കലും പ്രതീക്ഷിക്കുകമാത്രം ചെയ്തു. സന്ദർശകർ ചുരുക്കമായിരുന്നു. തീർച്ചയായും ആരെങ്കിലും പരസ്യമായി ക്രിസ്ത്യാനിയെന്നു സ്വയം തിരിച്ചറിയിക്കുന്നത് അറസ്ററിന്റെയും ദണ്ഡനത്താലുളള മരണത്തിന്റെയും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. അതുകൊണ്ട് എഫേസൂസിൽനിന്നുളള തന്റെ സന്ദർശകനെസംബന്ധിച്ചു പൗലൊസിനു വിലമതിപ്പോടെ എഴുതാൻ കഴിഞ്ഞു: “പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നൽകുമാറാകട്ടെ. അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താത്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.” (2 തിമൊ. 1:16, 17) മരണനിഴലിൻകീഴിൽ എഴുതിക്കൊണ്ടു പൗലൊസ്, “ക്രിസ്തുയേശുവിലുളള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ” എന്നു തന്നേത്തന്നെ വിളിക്കുന്നു. (1:1) ക്രിസ്തുയേശുവിനോട് ഐക്യത്തിലുളള ജീവൻ തനിക്കു ലഭിക്കാനിരിക്കുകയാണെന്നു പൗലൊസിനറിയാമായിരുന്നു. അന്നറിയപ്പെട്ട ലോകത്തിൽ യെരുശലേംമുതൽ റോംവരെ, ഒരുപക്ഷേ സ്പെയിൻവരെപോലും, അനേകം മുഖ്യനഗരങ്ങളിൽ അവൻ പ്രസംഗിച്ചിരുന്നു. (റോമ. 15:24, 28) അവൻ വിശ്വസ്തതയോടെ അവസാനത്തോളം ഓടിയിരുന്നു.—2 തിമൊ. 4:6-8.
3. രണ്ടു തിമൊഥെയൊസ് എപ്പോൾ എഴുതി, അതു യുഗങ്ങളിലെല്ലാം ക്രിസ്ത്യാനികൾക്കു പ്രയോജനംചെയ്തിരിക്കുന്നത് എങ്ങനെ?
3 ഈ ലേഖനം പൗലൊസിന്റെ രക്തസാക്ഷിമരണത്തിനു തൊട്ടുമുമ്പു പൊ.യു. ഏകദേശം 65-ൽ എഴുതിയിരിക്കാൻ സാധ്യതയുണ്ട്. തിമൊഥെയൊസ് അപ്പോഴും എഫേസൂസിലായിരുന്നിരിക്കണം, കാരണം അവിടെ കഴിയാൻ പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. (1 തിമൊ. 1:3) ഇപ്പോൾ, പെട്ടെന്നു തന്റെ അടുക്കൽ വരാൻ പൗലൊസ് തിമൊഥെയൊസിനെ രണ്ടു പ്രാവശ്യം പ്രോത്സാഹിപ്പിക്കുന്നു. കൂടെ മർക്കൊസിനെയും ത്രോവാസിൽ പൗലൊസ് വെച്ചേച്ചുപോന്ന അങ്കിയും ചുരുളുകളും കൊണ്ടുപോരാനും അവൻ ആവശ്യപ്പെടുന്നു. (2 തിമൊ. 4:9, 11, 13, 21) ഇത്ര വിഷമകരമായ ഒരു സമയത്ത് എഴുതപ്പെട്ട ഈ ലേഖനത്തിൽ തിമൊഥെയൊസിനു ശക്തമായ പ്രോത്സാഹനം അടങ്ങിയിരുന്നു. അന്നുമുതലുളള എല്ലാ യുഗങ്ങളിലും സത്യക്രിസ്ത്യാനികൾക്കു പ്രയോജനകരമായ പ്രോത്സാഹനം തുടർന്നു നൽകുകയും ചെയ്തിരിക്കുന്നു.
4. രണ്ടു തിമൊഥെയൊസ് വിശ്വാസ്യവും കാനോനികവുമാണെന്ന് എന്തു തെളിയിക്കുന്നു?
4 ഒന്നു തിമൊഥെയൊസ് കീഴിൽ പറഞ്ഞുകഴിഞ്ഞ കാരണങ്ങളാൽ രണ്ടു തിമൊഥെയൊസ് എന്ന പുസ്തകം വിശ്വാസ്യവും കാനോനികവുമാണ്. അതു പൊ.യു. രണ്ടാം നൂററാണ്ടിലെ പോളിക്കാർപ്പ് ഉൾപ്പെടെ ആദിമ എഴുത്തുകാരാലും ഭാഷ്യകാരൻമാരാലും അംഗീകരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തു.
രണ്ടു തിമൊഥെയൊസിന്റെ ഉളളടക്കം
5. തിമൊഥെയൊസിൽ ഏതു തരം വിശ്വാസം കുടികൊളളുന്നു, എന്നാലും അവൻ എന്തു ചെയ്തുകൊണ്ടിരിക്കണം?
5 “ആരോഗ്യപ്രദമായ വചനങ്ങളുടെ മാതൃക പിടിച്ചുകൊൾക” (1:1–3:17). തന്റെ പ്രാർഥനകളിൽ തിമൊഥെയൊസിനെ താൻ ഒരിക്കലും മറന്നുപോകുന്നില്ലെന്നും അവനെ കാണാൻ താൻ വാഞ്ഛിക്കുന്നുവെന്നും പൗലൊസ് തിമൊഥെയൊസിനോടു പറയുന്നു. തിമൊഥെയൊസിലുള്ളതും ആദ്യം അവന്റെ വല്യമ്മയായ ലോവീസിലും അമ്മയായ യൂനിക്കയിലും കുടികൊണ്ടിരുന്നതുമായ ‘നിർവ്യാജവിശ്വാസം’ അവൻ ഓർക്കുന്നു. തിമൊഥെയൊസ് തന്നിലുളള വരത്തെ ഒരു തീപോലെ ജ്വലിപ്പിക്കണം, ‘എന്തുകൊണ്ടെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം തന്നതു.’ അതുകൊണ്ട് അവൻ സുവാർത്തക്കുവേണ്ടി സാക്ഷീകരിക്കുന്നതിലും തിൻമ സഹിക്കുന്നതിലും ലജ്ജിക്കാതിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ രക്ഷകനായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ ദൈവത്തിന്റെ അനർഹദയ വ്യക്തമായി പ്രകടമായിരിക്കുന്നു. തിമൊഥെയൊസ് പൗലൊസിൽനിന്നു കേട്ട “ആരോഗ്യാവഹമായ വചനങ്ങളുടെ മാതൃക പിടിച്ചു”കൊളളണം, ഒരു നല്ല ഉപനിധിയായി അതിനെ കാത്തുകൊണ്ടുതന്നെ.—1:5, 7, 13, NW.
6. പഠിപ്പിക്കൽ സംബന്ധിച്ചു പൗലൊസ് എന്തു ബുദ്ധ്യുപദേശം നൽകുന്നു, തിമൊഥെയൊസിന് ഒരു അംഗീകൃതവേലക്കാരനും മാന്യതയുളള പാത്രവുമായിരിക്കാൻ എങ്ങനെ കഴിയുമായിരുന്നു?
6 തിമൊഥെയൊസ് പൗലൊസിൽനിന്നു കേട്ട കാര്യങ്ങൾ “മററുളളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ” ഭരമേൽപ്പിക്കണം. തിമൊഥെയൊസ് സ്വയം ക്രിസ്തുയേശുവിന്റെ ഒരു നല്ല ഭടനെന്നു തെളിയിക്കണം. ഒരു ഭടൻ വ്യാപാര നൂലാമാലകൾ വർജിക്കുന്നു. മാത്രവുമല്ല, കളികളിൽ കീരിടം ലഭിക്കുന്നവൻ ചട്ടപ്രകാരം പോരാടുന്നു. വിവേചന നേടുന്നതിനു തിമൊഥെയൊസ് പൗലൊസിന്റെ വാക്കുകൾക്കു നിരന്തര ചിന്ത കൊടുക്കണം. ഓർക്കുകയും മററുളളവരെ ഓർമിപ്പിക്കുകയും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ, ‘യേശുക്രിസ്തു ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേററു’വെന്നും രക്ഷയും ക്രിസ്തുവിനോടുളള ഐക്യത്തിൽ അവനോടുകൂടെ രാജാക്കൻമാരായി വാഴുന്നതിലുളള നിത്യമഹത്ത്വവുമാണു സഹിച്ചുനിൽക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവർക്കുളള പ്രതിഫലങ്ങൾ എന്നുമുളളതാണ്. അർബുദവ്യാധിപോലെ വ്യാപിക്കുന്ന ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നുകൊണ്ടു ദൈവത്തിന് ഒരു അംഗീകൃതവേലക്കാരനായി തന്നേത്തന്നെ കാഴ്ചവെക്കാൻ തിമൊഥെയൊസ് തന്റെ പരമാവധി പ്രവർത്തിക്കേണ്ടതാണ്. ഒരു വലിയ ഭവനത്തിൽ മാന്യതയുളള ഒരു പാത്രം മാന്യതയില്ലാത്ത ഒരു പാത്രത്തിൽനിന്നു മാററിവെക്കുന്നതുപോലെ, “യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക” എന്നു പൗലൊസ് തിമൊഥെയൊസിനെ ബുദ്ധ്യുപദേശിക്കുന്നു. കർത്താവിന്റെ അടിമ എല്ലാവരോടും ശാന്തനും സൗമ്യതയോടെ പ്രബോധിപ്പിച്ചുകൊണ്ടു പഠിപ്പിക്കാൻ യോഗ്യനും ആയിരിക്കേണ്ടതുണ്ട്.—2:2, 8, 22.
7. നിശ്വസ്ത തിരുവെഴുത്തുകൾ “അന്ത്യകാലത്തു” വിശേഷാൽ പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
7 “അന്ത്യകാലത്തു” ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങളും “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത”വരായി തങ്ങളുടെ ദൈവികഭക്തിപ്രകടനം വ്യാജമാണെന്നു തെളിയുന്ന ആളുകളും ഉണ്ടായിരിക്കും. എന്നാൽ തിമൊഥെയൊസ് പൗലൊസിന്റെ പഠിപ്പിക്കലിനെയും അവന്റെ ജീവിതഗതിയെയും കർത്താവ് അവനെ വിടുവിച്ച അവന്റെ പീഡനങ്ങളെയും അടുത്തു പിന്തുടർന്നിരിക്കുന്നു. “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുളളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് അവൻ കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും, തിമൊഥെയൊസ് തന്നെ രക്ഷക്കു ജ്ഞാനിയാക്കുവാൻ പ്രാപ്തമായ, ശൈശവംമുതൽ പഠിച്ച കാര്യങ്ങളിൽ തുടരണം, എന്തുകൊണ്ടെന്നാൽ ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു.’—3:1, 7, 12, 16, NW.
8. എന്തു ചെയ്യാൻ പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുന്നു, ഈ ബന്ധത്തിൽ പൗലൊസ് എങ്ങനെ ആഹ്ലാദിക്കുന്നു?
8 ശുശ്രൂഷ നിറപടിയായി നിവർത്തിക്കൽ (4:1-22). അടിയന്തിരതയോടെ “വചനം പ്രസംഗി”ക്കാൻ പൗലൊസ് തിമൊഥെയൊസിനോട് ആജ്ഞാപിക്കുന്നു. (4:2) ആളുകൾ ആരോഗ്യാവഹമായ പഠിപ്പിക്കൽ പൊറുക്കാതെ വ്യാജോപദേഷ്ടാക്കളിലേക്കു തിരിയുന്ന കാലം വരും, എന്നാൽ തിമൊഥെയൊസ് സുബോധം പാലിക്കുകയും ‘ഒരു സുവിശേഷകന്റെ പ്രവൃത്തി ചെയ്യുകയും അവന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുകയും’ ചെയ്യട്ടെ. തന്റെ മരണം ആസന്നമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടു താൻ നല്ല പോർ പൊരുതിയിരിക്കുന്നതിലും അവസാനംവരെ ഓട്ടം ഓടുകയും വിശ്വാസം കാക്കുകയും ചെയ്തിരിക്കുന്നതിലും പൗലൊസ് ആഹ്ലാദിക്കുന്നു. ഇപ്പോൾ അവൻ “നീതിയുടെ കിരീട”മാകുന്ന പ്രതിഫലത്തിന് ആത്മവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുകയാണ്.—4:5, 8.
9. കർത്താവിന്റെ ശക്തിയിൽ പൗലൊസ് എന്തു വിശ്വാസം പ്രകടമാക്കുന്നു?
9 പെട്ടെന്നു തന്റെ അടുക്കൽ വരാൻ തിമൊഥെയൊസിനെ പൗലൊസ് പ്രോത്സാഹിപ്പിക്കുകയും യാത്രസംബന്ധിച്ചു നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു. പൗലൊസ് തന്റെ ആദ്യപ്രതിവാദം നടത്തിക്കൊണ്ടിരുന്നപ്പോൾ എല്ലാവരും അവനെ കൈവിട്ടു, എന്നാൽ ജനതകളുടെ ഇടയിൽ പ്രസംഗം പൂർണമായി നിവർത്തിക്കപ്പെടേണ്ടതിനു കർത്താവ് അവനിൽ ശക്തി പകർന്നു. അതേ, കർത്താവ് അവനെ ഏതു ദുഷ്ടപ്രവൃത്തിയിൽനിന്നും വിടുവിക്കുകയും തന്റെ സ്വർഗീയരാജ്യത്തിനുവേണ്ടി രക്ഷിക്കുകയും ചെയ്യും എന്ന് അവന് ആത്മവിശ്വാസമുണ്ട്.
എന്തുകൊണ്ടു പ്രയോജനപ്രദം
10. (എ) രണ്ടു തിമൊഥെയൊസിൽ ‘എല്ലാ തിരുവെഴുത്തുകളുടെയും’ പ്രത്യേക പ്രയോജനം ഊന്നിപ്പറഞ്ഞിരിക്കുന്നത് എങ്ങനെ, ക്രിസ്ത്യാനികൾ ആരാകാൻ കഠിനശ്രമം ചെയ്യണം? (ബി) ഏതു സ്വാധീനം ഒഴിവാക്കേണ്ടതാണ്, ഇത് എങ്ങനെ ചെയ്യാവുന്നതാണ്? (സി) എന്തിന്റെ അടിയന്തിരാവശ്യം തുടരുന്നു?
10 ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു.’ എന്തിനു പ്രയോജനപ്രദം? “ദൈവത്തിന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്പ്രവൃത്തിക്കും പൂർണമായി സജ്ജീകൃതൻ ആയിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരേയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്” എന്നു പൗലൊസ് തിമൊഥെയൊസിനുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ നമ്മോടു പറയുന്നു. (3:16, 17, NW) അങ്ങനെ ‘പഠിപ്പിക്കലി’ന്റെ പ്രയോജനം ഈ ലേഖനത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നു. ഇന്നത്തെ സകല നീതിസ്നേഹികളും വചനത്തിന്റെ ഉപദേഷ്ടാക്കളായിത്തീരുന്നതിനു കഠിനശ്രമംചെയ്യുന്നതിലും “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു” ദൈവത്തിന്റെ അംഗീകൃതവേലക്കാരായിത്തീരുന്നതിനു പരമാവധി പ്രവർത്തിക്കുന്നതിലും ഈ ലേഖനത്തിലെ ജ്ഞാനോപദേശം അനുസരിക്കാനാഗ്രഹിക്കും. തിമൊഥെയൊസിന്റെ നാളിലെ എഫേസൂസിലെന്നപോലെ, ഈ ആധുനികനാളിലും “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത”വരും തങ്ങൾ സ്വാർഥപൂർവം ആഗ്രഹിക്കുന്ന വിധത്തിൽ രസിപ്പിക്കുന്ന ഉപദേഷ്ടാക്കൾക്കനുകൂലമായി “പത്ഥ്യോപദേശ”ത്തെ തളളിക്കളയുന്നവരും “ബുദ്ധിയില്ലാത്ത മൌഢ്യതർക്ക”ത്തിലേർപ്പെടുന്നവരും ഉണ്ട്. (2:15, 23; 3:7; 4:3, 4) ഈ ദുഷിപ്പിക്കുന്ന ലോകസ്വാധീനം ഒഴിവാക്കുന്നതിനു വിശ്വാസത്തിലും സ്നേഹത്തിലും ‘പത്ഥ്യവചനം മാതൃകയാക്കിക്കൊളേളണ്ടത്’ ആവശ്യമാണ്. തന്നെയുമല്ല, കൂടുതൽ കൂടുതൽ ആളുകൾ ‘ദൈവത്തിന്റെ മനുഷ്യനായ’ തിമൊഥെയൊസിനെപ്പോലെ സഭയ്ക്കകത്തും പുറത്തും “മററുളളവരെ ഉപദേശിപ്പാൻ സമർത്ഥരായ”വർ ആയിത്തീരേണ്ടതിന്റെ അടിയന്തിരാവശ്യം ഉണ്ട്. ‘സൌമ്യതയോടെ പഠിപ്പിക്കാൻ യോഗ്യർ’ ആയിത്തീർന്നുകൊണ്ട് ഈ ഉത്തരവാദിത്വം വഹിക്കുന്നവരും ‘സകല ദീർഘക്ഷമയോടും ഉപദേശത്തോടും കൂടെ’ വചനം പ്രസംഗിക്കുന്നവരുമായ എല്ലാവരും സന്തുഷ്ടരാകുന്നു!—1:13; 2:2, 24, 25; 4:2.
11. യുവജനങ്ങളെസംബന്ധിച്ച് ഏതു ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
11 പൗലൊസ് പ്രസ്താവിച്ചതുപോലെ, തിമൊഥെയൊസ് ലോവീസിന്റെയും യൂനിക്കയുടെയും സ്നേഹനിർഭരമായ പ്രബോധനം നിമിത്തം “ബാല്യംമുതൽ [“ശൈശവംമുതൽ,” NW]” തിരുവെഴുത്തുകൾ അറിഞ്ഞിരുന്നു. “ശൈശവം മുതൽ” എന്നത് ഇന്നു കുട്ടികൾക്കു ബൈബിൾ പ്രബോധനം തുടങ്ങാനുളള സമയത്തെയും സൂചിപ്പിക്കുന്നു. എന്നാൽ പിൽക്കാല വർഷങ്ങളിൽ, ആദിമകാല തീക്ഷ്ണതയാകുന്ന തീ കെട്ടടങ്ങുന്നുവെങ്കിലോ? പൗലൊസിന്റെ ബുദ്ധ്യുപദേശം കപടഭക്തിരഹിത വിശ്വാസം കാത്തുകൊണ്ടു “ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും” ആത്മാവിൽ ആ തീ ജ്വലിപ്പിക്കാനാണ്. “അന്ത്യകാലത്തു” ദുഷ്കൃത്യത്തിന്റെയും വ്യാജോപദേശങ്ങളുടെയും പ്രശ്നങ്ങളുമായി ദുർഘടസമയങ്ങൾ വരുമെന്ന് അവൻ പറഞ്ഞു. അതുകൊണ്ടാണു വിശേഷാൽ യുവജനങ്ങളും മറെറല്ലാവരും ‘സകലത്തിലും സുബോധംപാലിക്കുകയും അവരുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുകയും’ ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നത്—3:15; 1:5-7; 3:1-5; 4:5.
12. (എ) പൗലൊസ് രാജ്യസന്തതിയിലേക്ക് എങ്ങനെ ശ്രദ്ധക്ഷണിച്ചു, അവൻ എന്തു പ്രത്യാശ പ്രകടിപ്പിച്ചു? (ബി) ദൈവത്തിന്റെ ദാസൻമാർക്ക് ഇന്നു പൗലൊസിന്റെ അതേ മാനസികഭാവം ഉണ്ടായിരിക്കാൻ എങ്ങനെ കഴിയും?
12 സമ്മാനം പോരാട്ടത്തിനു തക്ക മൂല്യമുളളതാണ്. (2:3-7) ഈ ബന്ധത്തിൽ, രാജ്യസന്തതിയിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ടു പൗലൊസ് പറയുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേററിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” ആ സന്തതിയോടുളള ഐക്യത്തിൽ കഴിയുക എന്നതായിരുന്നു പൗലൊസിന്റെ പ്രത്യാശ. തുടർന്ന്, സമീപിച്ചുകൊണ്ടിരുന്ന തന്റെ വധത്തെക്കുറിച്ച് അവൻ ജയോത്സവവാക്കുകളോടെ സംസാരിക്കുന്നു: “ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുളള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” (2:8; 4:8) അനേകം വർഷത്തെ വിശ്വസ്തസേവനത്തിലേക്കു പിന്തിരിഞ്ഞുനോക്കി അതുതന്നെ പറയാൻ കഴിയുന്ന എല്ലാവരും എത്ര സന്തുഷ്ടരാണ്! എന്നിരുന്നാലും, ഇതു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയോടുളള സ്നേഹത്തോടെ ഇപ്പോൾ സേവിക്കേണ്ടതും പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ് പ്രകടമാക്കിയ അതേ ആത്മവിശ്വാസം പ്രകടമാക്കേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു: “കർത്താവു എന്നെ സകലദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.”—4:18.
[അടിക്കുറിപ്പുകൾ]
a ററാസിററസിന്റെ മുഴുകൃതികളും (ഇംഗ്ലീഷ്), 1942, മോസ്സസ് ഹദസ് സംവിധാനംചെയ്തത്, പേജുകൾ 380-1.