“ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും”
“യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ. ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.”—സങ്കീ. 86:11.
1-3. (എ) ബൈബിൾസത്യം നമ്മൾ എങ്ങനെയാണു കാണേണ്ടത്? ദൃഷ്ടാന്തം പറയുക. (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.) (ബി) ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
സാധനങ്ങൾ വാങ്ങിയിട്ട് പിന്നെ അവ തിരികെ കൊടുക്കുന്നത് ഇന്ന് ഒരു പതിവായിരിക്കുകയാണ്. ചില രാജ്യങ്ങളിൽ കടകളിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെ ഏതാണ്ട് ഒൻപതു ശതമാനവും തിരികെ കൊടുക്കുന്നെന്നാണു കണക്കുകൾ കാണിക്കുന്നത്. ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങളുടെ കാര്യത്തിൽ അതു മുപ്പതു ശതമാനത്തിൽ അധികമാണ്. സാധനങ്ങൾ പ്രതീക്ഷിച്ചതുപോലെ നല്ലതല്ലെന്നോ അവയ്ക്കു കേടുപാടുണ്ടായിരുന്നെന്നോ അതുമല്ലെങ്കിൽ സാധനം ഇഷ്ടപ്പെട്ടില്ലെന്നോ ഒക്കെയാണ് കാരണമായി പറയുന്നത്. അതുകൊണ്ട് ആളുകൾ ഒന്നുകിൽ സാധനം മാറ്റി വാങ്ങും, അല്ലെങ്കിൽ അതിന്റെ വില ആവശ്യപ്പെടും.
2 വാങ്ങുന്ന സാധനങ്ങൾ ഒരുപക്ഷേ നമ്മൾ തിരികെ കൊടുത്ത് പണം ആവശ്യപ്പെട്ടേക്കാം. എന്നാൽ നമ്മൾ ‘വാങ്ങിയ’ ബൈബിൾസത്യം ‘വിറ്റുകളയാൻ’ അഥവാ തിരികെ കൊടുക്കാൻ നമ്മൾ ആഗ്രഹിക്കില്ല. (സുഭാഷിതങ്ങൾ 23:23 വായിക്കുക; 1 തിമൊ. 2:4) കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, വളരെയധികം സമയം ചെലവഴിച്ചാണ് നമ്മൾ സത്യം സ്വന്തമാക്കിയത്. കൂടാതെ സത്യം വാങ്ങുന്നതിന്, നമ്മൾ നല്ല സാമ്പത്തികലാഭം ഉണ്ടാക്കാൻ കഴിയുന്ന തൊഴിൽ ഉപേക്ഷിച്ചിരിക്കാം, മറ്റുള്ളവരുമായി നമുക്കു മുമ്പുണ്ടായിരുന്ന അടുപ്പം നഷ്ടപ്പെട്ടിരിക്കാം, നമ്മുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തിയിരിക്കാം, തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതികളും ഉപേക്ഷിച്ചിരിക്കാം. എന്നാൽ നമുക്കു ലഭിച്ച അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ കൊടുത്ത വില ഒന്നുമല്ല.
3 ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം അതു കണ്ടെത്തുന്നവർക്ക് എത്ര മൂല്യവത്താണെന്നു മനസ്സിലാക്കാൻ, യേശു മേന്മയേറിയ മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയുടെ ദൃഷ്ടാന്തം പറഞ്ഞു. അദ്ദേഹം ഒരു മുത്ത് കണ്ടെത്തി. വാസ്തവത്തിൽ ആ മുത്തിന് അത്ര മൂല്യമുണ്ടായിരുന്നതുകൊണ്ട് അതു വാങ്ങാനായി അദ്ദേഹം തനിക്കുള്ളതെല്ലാം ‘ഉടൻതന്നെ വിറ്റു.’ (മത്താ. 13:45, 46) ബൈബിൾസത്യം ലഭിച്ചപ്പോൾ നമുക്ക് ഇതുപോലെയല്ലേ തോന്നിയത്? ബൈബിളിൽനിന്ന് നമ്മൾ പഠിച്ച ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യവും മറ്റ് അമൂല്യസത്യങ്ങളും നമുക്കു വളരെ വിലയുള്ളതായിരുന്നു. അതു സ്വന്തമാക്കാൻ മനസ്സോടെ, ഉടൻതന്നെ നമ്മൾ വേണ്ട ത്യാഗങ്ങൾ ചെയ്തു. സത്യത്തെ വിലമതിക്കുന്നിടത്തോളം കാലം നമ്മൾ ‘അത് ഒരിക്കലും വിറ്റുകളയില്ല.’ എന്നാൽ ദൈവജനത്തിൽപ്പെട്ട ചിലർ, അവർ വാങ്ങിയ സത്യത്തിന്റെ മൂല്യം മറന്നുകളഞ്ഞിരിക്കുന്നു, അതു വിറ്റുകളയുകപോലും ചെയ്തിരിക്കുന്നു. നമുക്ക് അങ്ങനെ സംഭവിക്കാതിരിക്കട്ടെ! നമ്മൾ സത്യത്തെ വിലമതിക്കുന്നെന്നും ഒരിക്കലും വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാണിക്കാൻ ‘സത്യത്തിൽ നടക്കാനുള്ള’ ബൈബിളിന്റെ ഉപദേശം നമ്മൾ അനുസരിക്കണം. (3 യോഹന്നാൻ 2-4 വായിക്കുക.) സത്യത്തിനു നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കുന്നതും എപ്പോഴും അതനുസരിച്ച് ജീവിക്കുന്നതും സത്യത്തിൽ നടക്കുന്നതിൽ ഉൾപ്പെടുന്നു. നമുക്ക് ഇപ്പോൾ മൂന്നു ചോദ്യങ്ങൾ ചിന്തിക്കാം: ചിലർ സത്യം ‘വിറ്റുകളഞ്ഞേക്കാവുന്നത്’ എന്തുകൊണ്ട്, എങ്ങനെ? അത്തരമൊരു തെറ്റു നമുക്ക് എങ്ങനെ ഒഴിവാക്കാം? ‘സത്യത്തിൽ നടക്കാനുള്ള’ തീരുമാനം എങ്ങനെ ശക്തമാക്കാം?
ചിലർ സത്യം ‘വിറ്റുകളയുന്നത്’ എങ്ങനെ, എന്തുകൊണ്ട്?
4. ഒന്നാം നൂറ്റാണ്ടിൽ ചിലർ എന്തുകൊണ്ടാണു സത്യം ‘വിറ്റുകളഞ്ഞത്?’
4 ഒന്നാം നൂറ്റാണ്ടിൽ, യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ച ചിലർ സത്യത്തിൽ തുടർന്നും നടന്നില്ല. ഉദാഹരണത്തിന്, യേശു ഒരിക്കൽ ഒരു വലിയ ജനക്കൂട്ടത്തിന് അത്ഭുതകരമായി ഭക്ഷണം കൊടുത്തു. അതിനു ശേഷം ആ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ഗലീലക്കടലിന്റെ മറുകരയ്ക്കു പോയി. അവിടെവെച്ച് യേശു അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.” ഇതു കേട്ട് ആളുകൾ ഞെട്ടിപ്പോയി. യേശു എന്താണ് അർഥമാക്കിയത് എന്നു ചോദിച്ച് മനസ്സിലാക്കുന്നതിനു പകരം അവർ യേശുവിന്റെ വാക്കുകൾ കേട്ട് വിശ്വാസത്തിൽനിന്ന് വീണുപോയി, അവർ ഇങ്ങനെ പറഞ്ഞു: “ഹൊ, എന്തൊക്കെയാണ് ഇദ്ദേഹം ഈ പറയുന്നത്? ഇതൊക്കെ കേട്ടുനിൽക്കാൻ ആർക്കു കഴിയും!” അതിന്റെ ഫലമായി, “യേശുവിന്റെ ശിഷ്യരിൽ പലരും അവർ വിട്ടിട്ടുപോന്ന കാര്യങ്ങളിലേക്കു തിരിച്ചുപോയി. അവർ യേശുവിന്റെകൂടെ നടക്കുന്നതു നിറുത്തി.”—യോഹ. 6:53-66.
5, 6. (എ) അടുത്ത കാലത്ത് ചിലർ സത്യം വിട്ടുകളഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? (ബി) ഒരുവൻ പതിയെപ്പതിയെ സത്യം വിട്ടുപോകുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
5 ദുഃഖകരമെന്നു പറയട്ടെ, ഇന്നും ചിലർ സത്യം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു ബൈബിൾവിഷയത്തെക്കുറിച്ച് ഗ്രാഹ്യത്തിൽ വന്ന മാറ്റമാണു ചിലരെ ഇടറിവീഴാൻ ഇടയാക്കിയത്. പ്രമുഖനായ ഒരു സഹോദരൻ ചെയ്തതോ പറഞ്ഞതോ ആയ കാര്യമാണു മറ്റു ചിലർക്കു പ്രശ്നമായത്. തങ്ങൾക്കു ലഭിച്ച തിരുവെഴുത്തു ബുദ്ധിയുപദേശമാണു ചിലരെ മുഷിപ്പിച്ചത്. ഒരു സഹക്രിസ്ത്യാനിയുമായുള്ള വ്യക്തിത്വഭിന്നതയാണു വേറെ ചിലരുടെ പ്രശ്നം. ചില ആളുകൾ, വിശ്വാസത്യാഗികളും നമ്മുടെ വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന എതിരാളികളും ആയി കൂട്ടു കൂടുന്നു. ഇങ്ങനെയുള്ള ഓരോരോ കാരണങ്ങളാൽ പലരും യഹോവയിൽനിന്നും സംഘടനയിൽനിന്നും മനഃപൂർവം ‘അകന്നുപോയിരിക്കുന്നു.’ (എബ്രാ. 3:12-14) അപ്പോസ്തലനായ പത്രോസിനെപ്പോലെ അവർ യേശുവിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! യേശു അപ്പോസ്തലന്മാരോട്, അവർക്കും പോകണമെന്നുണ്ടോ എന്നു ചോദിച്ചപ്പോൾ പത്രോസ് പെട്ടെന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്!”—യോഹ. 6:67-69.
6 ചിലർ പതിയെപ്പതിയെ, അവർ പോലുമറിയാതെയാണു സത്യം വിട്ടുപോകുന്നത്. നദിയുടെ തീരത്തുനിന്ന് ഒരു വള്ളം പതുക്കെ നീങ്ങിപ്പോകുന്നതുപോലെയാണ് അത്. ക്രമേണയുള്ള അത്തരം മാറ്റം, ‘ഒഴുകിപ്പോകുന്നതുപോലെ’ ആണ് എന്നാണു ബൈബിൾ പറയുന്നത്. (എബ്രാ. 2:1) സത്യത്തിൽനിന്ന് അകന്നുപോകുന്നവർ മനഃപൂർവമാണ് സത്യം വിട്ടുപോകുന്നതെന്നു നമ്മൾ കണ്ടു. എന്നാൽ സത്യത്തിൽനിന്ന് ഒഴുകിപ്പോകുന്നവരുടെ കാര്യത്തിൽ, അത് അറിയാതെയാണു സംഭവിക്കുന്നത്. എങ്കിൽപ്പോലും, യഹോവയുമായുള്ള അയാളുടെ ബന്ധത്തിനു വിള്ളൽ വീഴും, അതു നഷ്ടപ്പെടുകപോലും ചെയ്തേക്കാം. അത്തരമൊരു ദുരന്തം സംഭവിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം?
സത്യം വിറ്റുകളയുന്നത് എങ്ങനെ ഒഴിവാക്കാം?
7. സത്യം വിറ്റുകളയാതിരിക്കാൻ നമുക്കു സ്വീകരിക്കാവുന്ന ആദ്യപടി ഏത്?
7 സത്യത്തിൽ നടക്കുന്നതിന്, നമ്മൾ യഹോവ പറയുന്ന എല്ലാ കാര്യങ്ങളും സ്വീകരിക്കുകയും അനുസരിക്കുകയും വേണം. നമ്മൾ സത്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുകയും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും വേണം. യഹോവയോടു പ്രാർഥിച്ചപ്പോൾ, ദാവീദ് ഇങ്ങനെ വാക്കു കൊടുത്തു: “ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.” (സങ്കീ. 86:11) അതെ, ദാവീദ് ഉറച്ച തീരുമാനമെടുത്തിരുന്നു. ദൈവത്തിന്റെ സത്യത്തിൽ നടക്കാൻ നമ്മളും ഉറച്ച തീരുമാനമെടുക്കണം. ഇല്ലെങ്കിൽ സത്യത്തിനുവേണ്ടി കൊടുത്ത വിലയെക്കുറിച്ച് നമ്മൾ ഖേദിച്ചുതുടങ്ങിയേക്കാം. സത്യം വാങ്ങിയപ്പോൾ നമുക്കുണ്ടായ ‘നഷ്ടങ്ങളിൽ’ ചിലതു തിരിച്ചുപിടിക്കാൻ ഇപ്പോൾ പ്രലോഭനം തോന്നിയേക്കാം. സത്യത്തിൽ ചിലതു മാത്രം സ്വീകരിച്ചിട്ട് ബാക്കി വേണ്ടെന്നുവെക്കാൻ നമുക്ക് അവകാശമില്ലെന്ന് ഓർക്കുക. നമ്മൾ ‘സകലസത്യത്തിലും’ നടക്കേണ്ടവരാണ്. (യോഹ. 16:13, സത്യവേദപുസ്തകം) നമുക്ക് ഇപ്പോൾ, സത്യം വാങ്ങുന്നതിനുവേണ്ടി ഒരുപക്ഷേ നമ്മൾ കൊടുത്ത ആ അഞ്ചു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. അങ്ങനെ ചെയ്യുന്നത് നമ്മൾ കൊടുത്ത വിലയിൽ അൽപ്പംപോലും തിരികെ വാങ്ങുകയില്ല എന്ന നമ്മുടെ തീരുമാനം ശക്തമാക്കും.—മത്താ. 6:19.
8. ബുദ്ധിശൂന്യമായി സമയം ചെലവിട്ടാൽ, ഒരു ക്രിസ്ത്യാനി സത്യത്തിൽനിന്ന് ഒഴുകിപ്പോയേക്കാവുന്നത് എങ്ങനെ? ഒരു അനുഭവം പറയുക.
8 സമയം. സത്യത്തിൽനിന്ന് ഒഴുകിപ്പോകാതിരിക്കാൻ നമ്മൾ സമയം ബുദ്ധിപൂർവം ഉപയോഗിക്കണം. സൂക്ഷിച്ചില്ലെങ്കിൽ വിനോദത്തിനും ഇന്റർനെറ്റിൽ പരതുന്നതിനും ടിവി കാണുന്നതിനും ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങൾക്കുംവേണ്ടി കണക്കിലധികം സമയം നമ്മൾ ചെലവഴിച്ചേക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും വ്യക്തിപരമായ പഠനത്തിനും മറ്റ് ആത്മീയകാര്യങ്ങൾക്കും ആയി നമ്മൾ മാറ്റിവെച്ചിരുന്ന സമയം അതു കവർന്നെടുത്തേക്കാം. എമ്മ എന്ന സഹോദരിയുടെ അനുഭവം നോക്കാം.a ചെറുപ്പംമുതലേ, എമ്മയ്ക്കു കുതിരകളോടു വലിയ ഭ്രമമായിരുന്നു. അവസരം കിട്ടിയാൽ ഉടനെ, എമ്മ കുതിരസവാരിക്കു പോകും. കുറച്ച് കാലം കഴിഞ്ഞപ്പോൾ, ഇതിനുവേണ്ടി വളരെയധികം സമയം കളയുന്നുണ്ടെന്ന് എമ്മയ്ക്കു തോന്നി. മാറ്റങ്ങൾ വരുത്തുകയും പതുക്കെ വിനോദത്തെ അതിന്റെ സ്ഥാനത്ത് നിറുത്താൻ പഠിക്കുകയും ചെയ്തു. മുമ്പ് കുതിരപ്പുറത്ത് സർക്കസ് നടത്തിക്കൊണ്ടിരുന്ന കോറി വെൽസ് സഹോദരിയുടെ അനുഭവം എമ്മയ്ക്കു പ്രോത്സാഹനമായി.b ആത്മീയപ്രവർത്തനങ്ങൾക്കും കുടുംബവും കൂട്ടുകാരും ഒത്ത് ചെലവഴിക്കാനും എമ്മയ്ക്ക് ഇപ്പോൾ ധാരാളം സമയമുണ്ട്. യഹോവയുമായി എമ്മയ്ക്കു കൂടുതൽ അടുപ്പം തോന്നുന്നു. സമയം ബുദ്ധിപൂർവം ഉപയോഗിക്കുന്നതുകൊണ്ട് വലിയ മനസ്സമാധാനവും ഉണ്ട്.
9. ഭൗതികവസ്തുക്കളുടെ പിന്നാലെ പോയാൽ ആത്മീയകാര്യങ്ങൾ എങ്ങനെ അവഗണിക്കപ്പെട്ടേക്കാം?
9 സാമ്പത്തികനേട്ടങ്ങൾ. എന്നും സത്യത്തിൽ നടക്കുന്നതിന്, നമ്മൾ പണവും വസ്തുവകകളും അതിന്റെ സ്ഥാനത്ത് നിറുത്തണം. സത്യം പഠിച്ചപ്പോൾ നമ്മൾ ഭൗതികവസ്തുക്കൾക്കു പകരം ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ തുടങ്ങി. സത്യത്തിൽ നടക്കാൻ സന്തോഷത്തോടെ ചില ത്യാഗങ്ങളും ചെയ്തു. എന്നാൽ പിന്നീട്, മറ്റുള്ളവർ പുതിയപുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതും ഭൗതികനേട്ടങ്ങൾ ആസ്വദിക്കുന്നതും കാണുമ്പോൾ ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെടുകയാണെന്നു നമുക്കു തോന്നിത്തുടങ്ങിയേക്കാം. അത്യാവശ്യകാര്യങ്ങൾകൊണ്ട് തൃപ്തിപ്പെടുന്നതിനു പകരം വസ്തുവകകൾ വാരിക്കൂട്ടാനായി ആത്മീയകാര്യങ്ങളെ മാറ്റിനിറുത്തിയേക്കാം. ദേമാസിന്റെ കാര്യം ഓർക്കുക. “ഈ വ്യവസ്ഥിതിയോടുള്ള” ഇഷ്ടം കാരണം ദേമാസ് പൗലോസ് അപ്പോസ്തലനുമൊത്തുള്ള സേവനം ഉപേക്ഷിച്ചു. (2 തിമൊ. 4:10) എന്തുകൊണ്ടാണ് ദേമാസ് പൗലോസിനെ വിട്ട് പോയത്? ബൈബിൾ അതു വ്യക്തമാക്കുന്നില്ല. ചിലപ്പോൾ ആത്മീയകാര്യങ്ങളെക്കാൾ ഭൗതികവസ്തുക്കളെ സ്നേഹിച്ചതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ പൗലോസുമൊത്തുള്ള സേവനത്തിൽ ത്യാഗങ്ങൾ ചെയ്യാനുള്ള മനസ്സ് നഷ്ടപ്പെട്ടതായിരിക്കാം കാരണം. ഭൗതികവസ്തുക്കളോടുള്ള സ്നേഹം നമ്മുടെ ഉള്ളിൽ വീണ്ടും നാമ്പിടാനും അതു സത്യത്തോടുള്ള സ്നേഹത്തെ ഞെരുക്കിക്കളയാനും നമ്മൾ ആഗ്രഹിക്കില്ല.
10. സത്യത്തിൽ നടക്കുന്നതിനു നമ്മൾ ഏതു സമ്മർദം ചെറുത്തുനിൽക്കണം?
10 വ്യക്തിബന്ധങ്ങൾ. എന്നും സത്യത്തിൽ നടക്കണമെങ്കിൽ, മറ്റുള്ളവരിൽനിന്നുള്ള സമ്മർദത്തിനു നമ്മൾ വഴങ്ങിക്കൊടുക്കരുത്. സത്യത്തിൽ നടക്കാൻ തുടങ്ങിയപ്പോൾ സാക്ഷികളല്ലാത്ത കുടുംബാംഗങ്ങളും മറ്റു ചിലരും നമ്മളെ എതിർത്തുകാണും. അത് അവരുമായുള്ള നമ്മുടെ ബന്ധത്തെ ബാധിച്ചിട്ടുണ്ടാകും. (1 പത്രോ. 4:4) കുടുംബാംഗങ്ങളുമായി നല്ല ബന്ധമുണ്ടായിരിക്കാനും അവരോടു ദയയോടെ ഇടപെടാനും നമ്മൾ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ പ്രസാദിപ്പിക്കാനായി വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. അവരോട് ഒത്തുപോകാൻ നമ്മൾ പരമാവധി ശ്രമിക്കും. എങ്കിലും 1 കൊരിന്ത്യർ 15:33-ലെ മുന്നറിയിപ്പിനു ചേർച്ചയിൽ യഹോവയെ സ്നേഹിക്കുന്നവർ മാത്രമായിരിക്കും നമ്മുടെ ഉറ്റ സുഹൃത്തുക്കൾ.
11. ദൈവികമല്ലാത്ത ചിന്തയും പ്രവർത്തനങ്ങളും നമുക്ക് എങ്ങനെ ഒഴിവാക്കാം?
11 ദൈവികമല്ലാത്ത ചിന്തയും പ്രവർത്തനങ്ങളും. സത്യത്തിൽ നടക്കുന്ന എല്ലാവരും വിശുദ്ധിയുള്ളവരായിരിക്കണം. (യശ. 35:8; 1 പത്രോസ് 1:14-16 വായിക്കുക.) സത്യം പഠിച്ച സമയത്ത് ബൈബിൾനിലവാരങ്ങളനുസരിച്ച് ജീവിക്കാൻ നമ്മൾ പല മാറ്റങ്ങളും വരുത്തി. ചിലരുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമായിരുന്നു. എന്തുതന്നെയാണെങ്കിലും, അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് നമ്മുടെ വിശുദ്ധി നമ്മൾ കളഞ്ഞുകുളിക്കരുത്. ഈ അപകടം നമുക്ക് എങ്ങനെ ഒഴിവാക്കാം? നമ്മൾ വിശുദ്ധരായി നിൽക്കുന്നതിന് യഹോവ നൽകിയ വിലയേറിയ സമ്മാനത്തെക്കുറിച്ച് ചിന്തിക്കുക. അതു സ്വന്തം പുത്രനായ യേശുക്രിസ്തുവിന്റെ വിലയേറിയ രക്തമാണ്. (1 പത്രോ. 1:18, 19) യഹോവയുടെ മുന്നിൽ വിശുദ്ധമായ ഒരു നില കാത്തുസൂക്ഷിക്കുന്നതിനു യേശുവിന്റെ മോചനവിലയുടെ മൂല്യം നമ്മുടെ മനസ്സിൽ എപ്പോഴുമുണ്ടായിരിക്കണം.
12, 13. (എ) വിശേഷദിവസങ്ങളെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാട് അനുസരിച്ച് ജീവിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഇനി എന്താണു ചർച്ച ചെയ്യാൻ പോകുന്നത്?
12 തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതികളും. വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളും സഹജോലിക്കാരും സഹപാഠികളും ഒക്കെ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നമ്മളെ ക്ഷണിക്കാറുണ്ട്. യഹോവയ്ക്കു മഹത്ത്വം കൊടുക്കാത്ത ആചാരങ്ങളിലും വിശേഷദിവസങ്ങളിലും പങ്കെടുക്കാനുള്ള സമ്മർദം എങ്ങനെ ചെറുത്തുനിൽക്കാം? വിശേഷദിവസങ്ങളെപ്പറ്റിയുള്ള യഹോവയുടെ കാഴ്ചപ്പാട് എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. അത്തരം ആഘോഷങ്ങളുടെ ഉത്ഭവത്തെപ്പറ്റി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന വിവരങ്ങൾ വായിക്കുക. ഇതുപോലുള്ള ആഘോഷങ്ങളിൽ പങ്കെടുക്കരുതാത്തത് എന്തുകൊണ്ടാണ് എന്നതിന്റെ തിരുവെഴുത്തുകാരണങ്ങൾ ഓർമിക്കുന്നെങ്കിൽ “കർത്താവിനു സ്വീകാര്യമായ” വിധത്തിലാണു നടക്കുന്നതെന്നു നമുക്ക് ഉറപ്പു വരുത്താനാകും. (എഫെ. 5:10) യഹോവയിലും യഹോവയുടെ വചനത്തിലും വിശ്വസിക്കുന്നെങ്കിൽ നമ്മൾ ഒരിക്കലും ‘മനുഷ്യരെ പേടിക്കില്ല.’ —സുഭാ. 29:25.
13 സത്യത്തിൽ നടക്കുക എന്നത് ഇടയ്ക്കുവെച്ച് അവസാനിപ്പിക്കാവുന്ന ഒരു യാത്രപോലെയല്ല. മറിച്ച്, നിത്യതയിലുടനീളം സത്യത്തിൽ നടക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. സത്യത്തിൽ നടക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കാൻ എങ്ങനെ കഴിയും? മൂന്നു വിധങ്ങൾ നോക്കാം.
സത്യത്തിൽ നടക്കാനുള്ള തീരുമാനം ശക്തമാക്കുക
14. (എ) സത്യം വാങ്ങുന്നത്, സത്യം വിറ്റുകളയാതിരിക്കാനുള്ള നമ്മുടെ തീരുമാനം എങ്ങനെ ശക്തമാക്കും? (ബി) ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും നമുക്കുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
14 ഒന്നാമത്, ദൈവവചനത്തിലെ അമൂല്യമായ സത്യങ്ങൾ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിൽ തുടരുക. അതിനുവേണ്ടി ക്രമമായി സമയം മാറ്റിവെക്കുക, അങ്ങനെ സത്യം വാങ്ങുക. അങ്ങനെ ചെയ്യുന്നെങ്കിൽ, സത്യത്തോടുള്ള വിലമതിപ്പും അതു വിറ്റുകളയാതിരിക്കാനുള്ള തീരുമാനവും ശക്തമാകും. സത്യം വാങ്ങുന്നതോടൊപ്പം സുഭാഷിതങ്ങൾ 23:23 പറയുന്നതനുസരിച്ച് “ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും” വാങ്ങണം. അറിവ് മാത്രം പോരാ. നമ്മൾ സത്യത്തിനു ചേർച്ചയിൽ ജീവിക്കണം. യഹോവ പറയുന്ന കാര്യങ്ങൾ പരസ്പരം എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ഗ്രാഹ്യം സഹായിക്കും. ജ്ഞാനമുണ്ടെങ്കിൽ നമ്മൾ അറിവിനനുസരിച്ച് പ്രവർത്തിക്കും. ചില സമയത്ത് നമ്മൾ ഏതൊക്കെ മേഖലകളിലാണു മാറ്റങ്ങൾ വരുത്തേണ്ടതെന്നു കാണിച്ചുതന്നുകൊണ്ട് സത്യം നമുക്കു ശിക്ഷണം നൽകുന്നു. അത്തരം വഴിനടത്തിപ്പിന് എപ്പോഴും ശ്രദ്ധ കൊടുക്കണം. അതിന്റെ മൂല്യം വെള്ളിയെക്കാളും വലുതാണ്.—സുഭാ. 8:10.
15. സത്യം എന്ന അരപ്പട്ട നമ്മളെ സംരക്ഷിക്കുന്നത് എങ്ങനെയാണ്?
15 രണ്ടാമത്, അനുദിനം സത്യത്തിനനുസരിച്ച് ജീവിക്കാൻ ദൃഢനിശ്ചയം ചെയ്യുക. സത്യത്തിന്റെ അരപ്പട്ട ധരിക്കുക. (എഫെ. 6:14) ബൈബിൾക്കാലങ്ങളിൽ ഒരു പട്ടാളക്കാരന്റെ അരപ്പട്ട അയാളുടെ അരക്കെട്ടും ആന്തരികാവയവങ്ങളും സംരക്ഷിച്ചിരുന്നു. അതു നന്നായി മുറുക്കിക്കെട്ടിയാൽ മാത്രമേ അതുകൊണ്ട് ഗുണമുണ്ടാകുമായിരുന്നുള്ളൂ. അയഞ്ഞ ഒരു അരപ്പട്ടകൊണ്ട് യാതൊരു പ്രയോജനവുമില്ല. സത്യം അരയ്ക്കു കെട്ടുന്നതു നമ്മളെ എങ്ങനെയാണു സംരക്ഷിക്കുന്നത്? ഒരു അരപ്പട്ടപോലെ സത്യം മുറുക്കിക്കെട്ടുന്നെങ്കിൽ, തെറ്റായ ന്യായവാദങ്ങളിൽനിന്ന് അതു നമ്മളെ സംരക്ഷിക്കും, ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും. പ്രലോഭനങ്ങളോ പരിശോധനകളോ ഉണ്ടാകുമ്പോൾ, ശരിയായതു ചെയ്യാനുള്ള തീരുമാനത്തെ ബൈബിൾസത്യം ശക്തമാക്കും. അരപ്പട്ട ധരിക്കാതെ യുദ്ധത്തിനു പോകുന്നതിനെക്കുറിച്ച് ഒരു പട്ടാളക്കാരൻ ചിന്തിക്കുകപോലുമില്ല. അതുപോലെ സത്യം എന്ന അരപ്പട്ട ഉപേക്ഷിക്കാതിരിക്കാൻ നമ്മൾ ദൃഢനിശ്ചയം ചെയ്യണം. സത്യത്തിനനുസരിച്ച് ജീവിച്ചുകൊണ്ട് ആ അരപ്പട്ട നമ്മുടെ ശരീരത്തിൽ മുറുക്കിക്കെട്ടണം. പട്ടാളക്കാരന്റെ അരപ്പട്ട വാൾ തൂക്കിയിടാനും ഉപയോഗിച്ചിരുന്നു. സത്യത്തിൽ നടക്കുന്നതിൽ തുടരാൻ വാൾ എങ്ങനെയാണു സഹായിക്കുന്നതെന്നു നോക്കാം.
16. സത്യത്തിൽ നടക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കാൻ സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതു സഹായിക്കുന്നത് എങ്ങനെ?
16 മൂന്നാമത്, ബൈബിൾസത്യം മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു നമ്മളാലാകുന്നതെല്ലാം ചെയ്യുക. അങ്ങനെ “ദൈവവചനം” എന്ന ദൈവാത്മാവിന്റെ വാളിൽ പിടിയുറപ്പിക്കാൻ നമുക്കു കഴിയും. (എഫെ. 6:17) “സത്യവചനം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തുകൊണ്ട്” നല്ല അധ്യാപകരാകാൻ നമുക്കെല്ലാം ശ്രമിക്കാം. (2 തിമൊ. 2:15) സത്യം വാങ്ങാനും തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കാനും നമ്മൾ ബൈബിൾ ഉപയോഗിച്ച് മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ദൈവം പറയുന്ന കാര്യങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ ഉറയ്ക്കും. അങ്ങനെ സത്യത്തിൽ നടക്കുക എന്ന നമ്മുടെ തീരുമാനം ശക്തമാകും.
17. സത്യം എന്തുകൊണ്ടാണു നിങ്ങൾക്കു വിലയേറിയതായിരിക്കുന്നത്?
17 യഹോവയിൽനിന്നുള്ള വിലയേറിയ ഒരു സമ്മാനമാണു സത്യം. ആ സമ്മാനത്തിലൂടെ നമുക്കു സ്വർഗീയപിതാവുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരിക്കുന്നു, അതാണു നമ്മുടെ ഏറ്റവും അമൂല്യമായ സ്വത്ത്. യഹോവ ഇതുവരെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ഒരു തുടക്കം മാത്രമാണ്. നിത്യതയിൽ, നമ്മൾ ഇപ്പോൾ വാങ്ങിയിരിക്കുന്ന സത്യത്തോടൊപ്പം കൂടുതൽ സത്യം കൂട്ടിച്ചേർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് സത്യത്തെ വിലയേറിയ ഒരു മുത്തുപോലെ സൂക്ഷിക്കുക. ‘സത്യം വാങ്ങുന്നതിൽ തുടരുക. അത് ഒരിക്കലും വിറ്റുകളയരുത്.’ അപ്പോൾ ദാവീദിനെപ്പോലെ, നിങ്ങളും യഹോവയോടുള്ള ഈ വാഗ്ദാനം നിറവേറ്റും: “ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.”—സങ്കീ. 86:11.
a ഇത് യഥാർഥപേരല്ല.
b JW പ്രക്ഷേപണത്തിൽ അഭിമുഖങ്ങളും അനുഭവങ്ങളും എന്നതിനു കീഴിൽ സത്യം ജീവിതത്തിനു പരിവർത്തനം വരുത്തുന്നു എന്ന ഭാഗം കാണുക.