“ചുരുളുകളും വിശേഷാൽ തുകൽച്ചുരുളുകളും കൊണ്ടുവരണം”
മിഷനറിവേലയിൽ കൂട്ടാളിയായിരുന്ന തിമൊഥെയൊസിനോട് പൗലോസ് അപ്പൊസ്തലൻ നടത്തിയ അഭ്യർഥനയാണ് അത്. പൗലോസ് പറഞ്ഞ ചുരുളുകളും തുകൽച്ചുരുളുകളും ഏതാണ്? അവൻ അവ ആവശ്യപ്പെടാൻ കാരണമെന്തായിരുന്നു? ആ അഭ്യർഥനയിൽനിന്ന് നമുക്കെന്തു പഠിക്കാം?
പൗലോസ് ഇത് എഴുതുന്നത് ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ആ കാലമായപ്പോഴേക്കും എബ്രായ തിരുവെഴുത്തുകളിലെ 39 പുസ്തകങ്ങളെ 22-ഓ 24-ഓ ഭാഗങ്ങളായി തിരിച്ചിരുന്നു. അവയിൽ മിക്കതും വെവ്വേറെ ചുരുളുകളായിട്ടാണ് വിഭാഗിച്ചിരുന്നത്. ഈ ചുരുളുകൾക്കു നല്ല വിലയുണ്ടായിരുന്നെങ്കിലും “ഒരുവിധം ഭേദപ്പെട്ട സാമ്പത്തികശേഷിയുള്ളവർക്ക് അവ സ്വന്തമാക്കാനാകുമായിരുന്നു” എന്ന് പ്രൊഫസർ അലൻ മില്ലാർഡ് പറയുന്നു. ചിലർക്ക് കുറഞ്ഞത് ഒരു ചുരുളെങ്കിലും സ്വന്തമായുണ്ടായിരുന്നു. ഉദാഹരണത്തിന്, തന്റെ കൈവശമുണ്ടായിരുന്ന അത്തരമൊരു ചുരുളിൽനിന്നാണ് എത്യോപ്യനായ ഷണ്ഡൻ രഥത്തിലിരുന്ന് യെശയ്യാപ്രവചനം വായിച്ചത്. “എത്യോപ്യക്കാരുടെ രാജ്ഞിയായ കന്ദക്കയുടെ കീഴിലുള്ള ഒരു അധികാരിയും അവളുടെ ധനകാര്യവിചാരകനു”മായിരുന്ന അവന് തിരുവെഴുത്തു ചുരുളുകൾ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നിരിക്കണം.—പ്രവൃ. 8:27, 28.
തിമൊഥെയൊസിനോട് പൗലോസ് ഇപ്രകാരം ആവശ്യപ്പെട്ടു: “നീ വരുമ്പോൾ, ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ ഏൽപ്പിച്ചിട്ടുപോന്ന കുപ്പായവും ചുരുളുകളും വിശേഷാൽ തുകൽച്ചുരുളുകളും കൊണ്ടുവരണം.” (2 തിമൊ. 4:13) പൗലോസിന് ഒന്നിലധികം ചുരുളുകൾ സ്വന്തമായുണ്ടായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. തന്റെ ഗ്രന്ഥശേഖരത്തിൽ ഏറ്റവും വിലയേറിയതായി പൗലോസ് കണ്ടത് ദൈവവചനമായിരുന്നു എന്നതിനു സംശയമില്ല. പൗലോസ് പരാമർശിച്ച ‘തുകൽച്ചുരുളിനെ’ക്കുറിച്ച് പണ്ഡിതനായ എ. റ്റി. റോബർട്ട്സൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പാപ്പിറസിനെക്കാൾ വിലയുള്ള തുകൽച്ചുരുളുകളിൽ എഴുതപ്പെട്ട ഈ വേദഭാഗങ്ങൾ പഴയനിയമ പുസ്തകങ്ങളുടെ പ്രതികൾ ആയിരിക്കാനാണ് സാധ്യത.” ന്യായപ്രമാണ പ്രബോധകനായിരുന്ന ‘ഗമാലിയേലിന്റെ കാൽക്കലിരുന്ന്’ ചെറുപ്പംമുതൽ ‘വിദ്യ അഭ്യസിച്ച’ വ്യക്തിയായിരുന്നു പൗലോസ്. അതുകൊണ്ടുതന്നെ അവൻ വിശുദ്ധലിഖിതങ്ങളുടെ ചുരുളുകൾ വാങ്ങി സൂക്ഷിച്ചിരുന്നു എന്ന് ന്യായമായും നിഗമനംചെയ്യാം.—പ്രവൃ. 5:34; 22:3.
ചുരുളുകളുടെ ഉപയോഗം ആദിമക്രിസ്ത്യാനികളുടെ കാലത്ത്
എന്നാൽ സാധാരണക്കാർക്ക് തിരുവെഴുത്തു ചുരുളുകൾ സമ്പാദിക്കുക എളുപ്പമായിരുന്നില്ല. അപ്പോൾ, ആദിമക്രിസ്ത്യാനികളിൽ മിക്കവർക്കും ദൈവവചനം പ്രാപ്യമല്ലായിരുന്നു എന്നാണോ? പൗലോസ് തിമൊഥെയൊസിന് എഴുതിയ ആദ്യലേഖനത്തിൽ അതിനുള്ള ഉത്തരമുണ്ട്. ‘ഞാൻ വരുന്നതുവരെ വിശുദ്ധ ലിഖിതങ്ങൾ പരസ്യമായി വായിക്കുന്നതിൽ അർപ്പിതനായിരിക്കുക’ എന്ന് അവൻ തിമൊഥെയൊസിനോട് ആവശ്യപ്പെട്ടു. (1 തിമൊ. 4:13) ക്രിസ്തീയ യോഗങ്ങളിൽ തിരുവെഴുത്തുകൾ പരസ്യമായി വായിക്കുന്ന രീതി അന്നുണ്ടായിരുന്നു എന്ന് അതിൽനിന്നു വ്യക്തമാകുന്നു. മോശയുടെ കാലംതുടങ്ങി ദൈവജനം പിൻപറ്റിപ്പോന്ന ഒരു സമ്പ്രദായമായിരുന്നു അത്.—പ്രവൃ. 13:15; 15:21; 2 കൊരി. 3:15.
ഒരു ക്രിസ്തീയ മൂപ്പൻ ആയിരുന്ന തിമൊഥെയൊസ് തിരുവെഴുത്തുകൾ പരസ്യമായി വായിക്കുന്നതിൽ ‘അർപ്പിതനായിരിക്കേണ്ടിയിരുന്നു.’ വിശുദ്ധലിഖിതങ്ങളുടെ പ്രതികൾ സ്വന്തമായി ഇല്ലാത്തവർക്ക് തിരുവെഴുത്തുസത്യങ്ങൾ കേട്ടുപഠിക്കാൻ അത് അവസരമൊരുക്കി. ആ സന്ദർഭങ്ങളിൽ ശ്രോതാക്കളെല്ലാം ഓരോ വാക്കും കാതുകൂർപ്പിച്ചു കേട്ടിട്ടുണ്ടാകണം. യോഗങ്ങളിൽ വായിച്ചുകേട്ട കാര്യങ്ങൾ മാതാപിതാക്കളും കുട്ടികളും വീട്ടിൽ വന്ന് ഒരുമിച്ചിരുന്ന് ചർച്ചചെയ്തിട്ടുമുണ്ടാകാം.
യെശയ്യാപുസ്തകത്തിന്റെ പ്രസിദ്ധമായ ചാവുകടൽ ചുരുളിന് ഏതാണ്ട് 24 അടി നീളമുണ്ട്. സാധാരണ ഒരു ചുരുളിന്റെ രണ്ടറ്റത്തും ഓരോ ദണ്ഡുകൾ പിടിപ്പിച്ചിട്ടുണ്ടാകും. മാത്രമല്ല, കേടുപറ്റാതിരിക്കാൻ കൂടിനുള്ളിലാണ് ചുരുളുകൾ സൂക്ഷിച്ചിരുന്നത്. ചുരുളുകൾക്ക് നല്ല കനം ഉണ്ടായിരുന്നു എന്ന് സാരം. അതുകൊണ്ട്, പ്രസംഗവേലയ്ക്ക് പോകുമ്പോൾ ക്രിസ്ത്യാനികൾക്ക് ചുരുളുകളെല്ലാം കൊണ്ടുപോകാനാകില്ലായിരുന്നു. പൗലോസിനും, സ്വന്തമായുണ്ടായിരുന്ന തിരുവെഴുത്തു ചുരുളുകൾ മുഴുവനും പോകുന്ന സ്ഥലത്തെല്ലാം കൊണ്ടുപോകാനാകുമായിരുന്നില്ല. അതുകൊണ്ടായിരിക്കാം ചിലത് അവൻ ത്രോവാസിലുള്ള കർപ്പൊസ് എന്ന സുഹൃത്തിന്റെ പക്കൽ ഏൽപ്പിച്ചത്.
പൗലോസിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
റോമിൽ രണ്ടാംതവണ തടവിലായിരിക്കെ, തിമൊഥെയൊസിനോട് മേൽപ്പറഞ്ഞ അഭ്യർഥന നടത്തുന്നതിന് തൊട്ടുമുമ്പ്, പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ നല്ല പോർ പൊരുതി; ഓട്ടം തികച്ചിരിക്കുന്നു; . . . ഇപ്പോൾമുതൽ നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” (2 തിമൊ. 4:7, 8) ഏതാണ്ട് എ.ഡി. 65-ൽ, നീറോ ചക്രവർത്തി ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന കാലത്തായിരിക്കണം അവൻ ഇത് എഴുതിയത്. ഇത്തവണ കടുത്ത തടവുശിക്ഷയായിരുന്നു അവന് ലഭിച്ചത്. താൻ വൈകാതെ വധിക്കപ്പെടും എന്ന വസ്തുത പൗലോസ് തിരിച്ചറിഞ്ഞിട്ടുണ്ടാകണം. (2 തിമൊ. 1:16; 4:6) ഈ സമയത്ത് തിരുവെഴുത്തു ചുരുളുകൾക്കായി അവൻ അതിയായി വാഞ്ഛിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. താൻ ഓട്ടം തികച്ചിരിക്കുന്നു എന്ന് അവന് ഉറപ്പുണ്ടായിരുന്നെങ്കിലും ദൈവവചനത്തിൽനിന്ന് തുടർന്നും കരുത്താർജിക്കാൻ അവൻ ആഗ്രഹിച്ചു.
പൗലോസിന്റെ കത്തു ലഭിച്ചപ്പോൾ തിമൊഥെയൊസ് സാധ്യതയനുസരിച്ച് എഫെസൊസിൽ തന്നെയായിരുന്നിരിക്കണം. (1 തിമൊ. 1:3) എഫെസൊസിൽനിന്ന് ത്രോവാസ് വഴി റോമിലെത്താൻ ഏതാണ്ട് 1,600 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. “ശീതകാലത്തിനു മുമ്പേ ഇവിടെ എത്താൻ നീ കഴിവതും ശ്രമിക്കണം” എന്ന് ആ കത്തിൽ പൗലോസ് പറഞ്ഞിരുന്നു. (2 തിമൊ. 4:21) പൗലോസ് പ്രതീക്ഷിച്ച സമയത്തിനുള്ളിൽ റോമിലെത്താൻ കഴിയുന്ന ഏതെങ്കിലുമൊരു കപ്പലിൽ കയറിപ്പറ്റാൻ തിമൊഥെയൊസിനായോ? അതേക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല.
“ചുരുളുകളും വിശേഷാൽ തുകൽച്ചുരുളുകളും കൊണ്ടുവരണം” എന്ന പൗലോസിന്റെ അഭ്യർഥനയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമയത്തും ദൈവവചനം വായിക്കാനും പഠിക്കാനും അവൻ ആഗ്രഹിച്ചു. എപ്പോഴും ആത്മീയമായി ഊർജസ്വലതയോടും ഉണർവോടും കൂടെ പ്രവർത്തിക്കാനും പലർക്കും പ്രോത്സാഹനം പകരാനും പൗലോസിനു കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്.
സമ്പൂർണ ബൈബിളിന്റെ ഒരു പതിപ്പ് സ്വന്തമായി ഉണ്ടായിരിക്കാൻ കഴിയുന്നത് എത്ര വലിയ അനുഗ്രഹമാണ്! നമ്മിൽ ചിലരുടെ കൈവശം ബൈബിളിന്റെ നിരവധി പതിപ്പുകളും ഭാഷാന്തരങ്ങളും ഉണ്ട്. തിരുവെഴുത്തുകളിലെ ഗഹനമായ സത്യങ്ങൾ മനസ്സിലാക്കാനുള്ള വാഞ്ഛ പൗലോസിനെപ്പോലെ നമ്മളും വളർത്തിയെടുക്കണം. തിമൊഥെയൊസിനുള്ള രണ്ടാമത്തെ ലേഖനമായിരുന്നു പൗലോസ് എഴുതിയ 14 നിശ്വസ്തലേഖനങ്ങളിൽ അവസാനത്തേത്. ഈ ലേഖനത്തിന്റെ അവസാനഭാഗത്തായാണ് അവൻ തന്റെ ആഗ്രഹം തിമൊഥെയൊസിനെ അറിയിക്കുന്നത്. “ചുരുളുകളും വിശേഷാൽ തുകൽച്ചുരുളുകളും കൊണ്ടുവരണം” എന്ന ആ അഭ്യർഥന അവന്റെ അന്ത്യാഭിലാഷങ്ങളിൽ ഒന്നായിരുന്നു എന്നു പറയാം.
പൗലോസിനെപ്പോലെ നല്ല പോർ പൊരുതി ഓട്ടം തികയ്ക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ആത്മീയമായി ഊർജസ്വലതയോടിരിക്കാനും യഹോവ “മതി” എന്നു പറയുന്നതുവരെ സാക്ഷീകരണവേലയിൽ ഉത്സാഹത്തോടെ ഏർപ്പെടാനും നിങ്ങൾ വാഞ്ഛിക്കുന്നില്ലേ? എങ്കിൽ, “നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക” എന്ന പൗലോസിന്റെ പ്രോത്സാഹനത്തിനു ചെവികൊടുക്കുക. (1 തിമൊ. 4:16) പണ്ടുകാലത്തെ അപേക്ഷിച്ച് തിരുവെഴുത്തുകൾ ഇന്ന് കൂടുതൽ എളുപ്പത്തിൽ ലഭ്യമാണ്, അതും ചുരുളുകളെക്കാൾ സൗകര്യപ്രദമായ രൂപത്തിൽ! സദാ ഉത്സാഹത്തോടെ ബൈബിൾ പഠിച്ചുകൊണ്ട് ക്രിസ്ത്യാനികൾക്കുള്ള പൗലോസിന്റെ മേൽപ്പറഞ്ഞ ഉദ്ബോധനം കൈക്കൊള്ളാൻ നമുക്ക് ഇത് പ്രചോദനമാകേണ്ടതല്ലേ?
[18, 19 പേജുകളിലെ മാപ്പ്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
എഫെസൊസ്
ത്രോവാസ്
റോം