യുവജനങ്ങൾ ചോദിക്കുന്നു . . .
സ്കൂൾപഠനത്തിൽ എനിക്കു മെച്ചപ്പെടാൻ കഴിയുമോ?
“ഡാഡിക്കും മമ്മിക്കും മാർക്കാണ് പ്രധാനം. ‘കണക്കിന് എത്ര മാർക്ക് കിട്ടി? ഇംഗ്ലീഷിന് എത്ര മാർക്ക് കിട്ടി?’ എനിക്കതു കേൾക്കുന്നതേ ദേഷ്യമാണ്!”—13 വയസ്സുകാരൻ സാം.
ഇതു സാമിന്റെ മാത്രം പ്രശ്നമല്ല. “ഇതിലും മെച്ചപ്പെടാം” എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ ഗ്രന്ഥകാരന്മാർ എഴുതുന്നു: “തന്റെ കുട്ടി പഠനകാര്യങ്ങളിൽ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നു കരുതുന്ന മാതാവിനെയോ പിതാവിനെയോ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.” പഠനകാര്യങ്ങളിൽ മെച്ചപ്പെടാൻ—ഒരുപക്ഷേ മുൻപന്തിയിലെത്താൻപോലും—മാതാപിതാക്കൾ വളരെ സമ്മർദം ചെലുത്തുന്നതായി സാമിനെപ്പോലെ പല കുട്ടികൾക്കും തോന്നുന്നു. ഇതിനുപുറമേ ക്ലാസ്സിലും അവർക്കു സമ്മർദം നേരിടേണ്ടിവന്നേക്കാം. “അധ്യാപകർ വേണ്ടത്ര ക്ഷമ കാട്ടുന്നില്ല,” ഒരു കൗമാരപ്രായക്കാരൻ പരാതിപ്പെടുന്നു. “നിങ്ങൾ കാര്യങ്ങൾ കേട്ടപാടെ ഓർത്തിരിക്കണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ നിങ്ങൾ ഒരു മണ്ടനാണെന്ന ചിന്ത അവർ നിങ്ങളിൽ ഉളവാക്കും. അതുകൊണ്ട് ഞാൻ അതിന് ശ്രമിച്ചു നോക്കാറുപോലുമില്ല.”
മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാത്ത യുവജനങ്ങളെ മിക്കപ്പോഴും ഉഴപ്പന്മാർ എന്നാണു വിളിക്കാറ്. ഏതാണ്ട് എല്ലാ വിദ്യാർഥികളുംതന്നെ സ്കൂൾപഠനത്തിന്റെ ചില ഘട്ടങ്ങളിൽ ഉഴപ്പാറുണ്ട്. എന്തുകൊണ്ടാണത്? എല്ലായ്പോഴും, മടിയോ പഠിക്കാനുള്ള പ്രാപ്തിക്കുറവോ അല്ല കാരണം എന്നതു ശ്രദ്ധേയമാണ്.a
ചിലർ ഉഴപ്പുന്നതിന്റെ കാരണം
പരീക്ഷയിൽ എങ്ങനെയെങ്കിലും കടന്നുകൂടിയാൽ മതി എന്ന ചിന്തയോടെ പഠിക്കുന്ന ചില കുട്ടികളുണ്ടെന്നതു ശരിതന്നെ. “ഏറ്റവും കുറഞ്ഞ ശ്രമംകൊണ്ട് കടന്നുകൂടാൻ സാധിക്കുമെങ്കിൽ ഞാൻ അതു മതിയെന്നു വെക്കും,” 15 വയസ്സുകാരൻ ഹെർമൻ സമ്മതിച്ചുപറയുന്നു. എങ്കിലും ഈ കുട്ടികളിൽ എല്ലാവരും പഠനത്തിൽ നിസ്സംഗത പുലർത്തുന്നവരൊന്നുമല്ല. ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തോട് അവർക്ക് അത്ര താത്പര്യം തോന്നുന്നില്ലായിരിക്കാം. പഠിക്കുന്ന വിഷയത്തിന്റെ പ്രായോഗിക മൂല്യം കാണാൻ ബുദ്ധിമുട്ടുള്ള ചിലരുമുണ്ട്. 17 വയസ്സുള്ള രൂബെൻ അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: “സ്കൂൾജീവിതം വിട്ടാൽ പിന്നെയൊരിക്കലും എനിക്ക് ഉപയോഗിക്കേണ്ടി വരികയില്ലെന്ന് ഉറപ്പുള്ള ചില വിഷയങ്ങളുണ്ട്.” താത്പര്യക്കുറവോ പ്രചോദനത്തിന്റെ അഭാവമോ, ഒരുവനെ എളുപ്പത്തിൽ ഉഴപ്പനാക്കിയേക്കാം.
മറ്റു ഘടകങ്ങളുമുണ്ട്. ഉദാഹരണത്തിന്, കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനാകാത്തവിധം അത്ര വേഗത്തിലാണ് അധ്യാപകൻ പഠിപ്പിക്കുന്നതെന്നു തോന്നുന്നെങ്കിൽ നിങ്ങൾക്ക് നിരാശയനുഭവപ്പെട്ടേക്കാം. തീരെ സാവധാനത്തിലാണെങ്കിലോ, അത് നിങ്ങളെ ബോറടിപ്പിച്ചേക്കാം. സഹപാഠികളിൽനിന്നുള്ള സമ്മർദവും നിങ്ങൾ എത്ര നന്നായി പഠിക്കുന്നു എന്നതിനെ ബാധിച്ചേക്കാം. ഉഴപ്പുന്ന കുട്ടികൾ എന്ന ഇംഗ്ലീഷ് പുസ്തകം വിവരിക്കുന്നു: “ബുദ്ധിശാലിയായ, പഠനത്തിൽ സമർഥനായ ഒരു കുട്ടിക്ക്, പഠനകാര്യത്തിൽ താത്പര്യമില്ലാത്ത കൂട്ടുകാരാൽ അംഗീകരിക്കപ്പെടാനുള്ള ആഗ്രഹമുണ്ടെങ്കിൽ ഉഴപ്പാൻ അവൻ നിർബന്ധിതനായേക്കാം.” സ്കൂൾ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ കഠിനാധ്വാനം ചെയ്തിരുന്നപ്പോൾ മറ്റുള്ളവർ തന്നോട് അസൂയപ്പെട്ടിരുന്നതായും തന്നെ കളിയാക്കിയിരുന്നതായും ഒരു കൗമാരപ്രായക്കാരൻ പരാതിപ്പെട്ടു. അതേ, സദൃശവാക്യങ്ങൾ 14:17, (NW)-ലെ ഈ തത്ത്വത്തിന്റെ സത്യത ഒരു യുവാവ് അഭിമുഖീകരിച്ചേക്കാം: “ചിന്താപ്രാപ്തികളുള്ള മനുഷ്യൻ ദ്വേഷിക്കപ്പെടും.”
ചില സാഹചര്യങ്ങളിൽ ഉഴപ്പാനുള്ള കാരണങ്ങൾ കൂടുതൽ സങ്കീർണമായിരിക്കാം. ചില കുട്ടികൾ തങ്ങളെക്കുറിച്ചുതന്നെ തെറ്റായ ധാരണയോടെയാണു വളർന്നുവരുന്നത്. കുട്ടിയെ നിരന്തരം കിഴങ്ങൻ, മടയൻ അല്ലെങ്കിൽ മടിയൻ എന്നൊക്കെയുള്ള പരുഷമായ ഇരട്ടപ്പേരുകൾ വിളിക്കുന്നതുമൂലം ഇതു സംഭവിച്ചേക്കാം. സങ്കടകരമെന്നു പറയട്ടെ, ഒരു കുട്ടി അത്തരം പേരുകൾക്കു ചേർച്ചയിൽ ജീവിച്ചേക്കാം. ഒരു ഡോക്ടർ പറയുന്നതുപോലെ, “നിങ്ങളൊരു മടയനാണെന്ന് ആളുകൾ പറയുകയും അത് നിങ്ങൾ വിശ്വസിക്കാൻ ഇടയാകുകയും ചെയ്താൽ നിങ്ങൾ അതുപോലെതന്നെ പ്രവർത്തിക്കും.”
ഒട്ടുമിക്കപ്പോഴും മാതാപിതാക്കളും അധ്യാപകരും പ്രേരണ ചെലുത്തുന്നത് നല്ല ആന്തരത്തോടെയാണ്. എങ്കിൽപ്പോലും തങ്ങളിൽനിന്നു കൂടുതൽ ആവശ്യപ്പെടുന്നതായി കുട്ടികൾക്കു തോന്നിയേക്കാം. നിങ്ങളുടെ കാര്യത്തിൽ അതു ശരിയാണെങ്കിൽ, മാതാപിതാക്കളും അധ്യാപകരും നിങ്ങളുടെമേൽ അമിതഭാരം കെട്ടിവെക്കാൻ ശ്രമിക്കുകയല്ലെന്ന് ഉറപ്പുണ്ടായിരിക്കുക. നിങ്ങളുടെ പ്രാപ്തികൾ മുഴുവൻ ഉപയോഗപ്പെടുത്തണമെന്നു മാത്രമായിരിക്കാം അവരുടെ ആഗ്രഹം. എങ്കിലും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുമോ എന്ന ഉത്കണ്ഠ, പരാജയമടയുകയാണെന്ന തോന്നൽ നിങ്ങളിൽ ഉളവാക്കിയേക്കാം. എന്നാൽ ധൈര്യപ്പെടുക: സ്കൂൾപഠനത്തിൽ നിങ്ങൾക്ക് മെച്ചപ്പെടാനാകും.
പ്രചോദനം നേടൽ
പ്രചോദനം നേടലാണ് ആദ്യ പടി! അതിന്, നിങ്ങളുടെ പഠനത്തിന്റെ ഉദ്ദേശ്യം നിങ്ങൾക്കു മനസ്സിലാകണം. ബൈബിൾ ഇപ്രകാരം പറയുന്നു: ‘ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണം.’ (1 കൊരിന്ത്യർ 9:10) ചില പ്രത്യേക വിഷയങ്ങളിലൂടെ ‘ഉഴുന്ന’തിന്റെ മൂല്യം മനസ്സിലാക്കുന്നത് എല്ലായ്പോഴും എളുപ്പമല്ല. ഉദാഹരണത്തിന്, നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: ‘ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആകണമെന്നാണ് എന്റെ മോഹം. അപ്പോൾപിന്നെ ഞാൻ എന്തിന് ചരിത്രം പഠിക്കണം?’
പാഠ്യവിഷയങ്ങളെല്ലാം പ്രസക്തമായി തോന്നുകയില്ലെന്നതു ശരിതന്നെ—ചുരുങ്ങിയപക്ഷം ഇപ്പോഴെങ്കിലും. എന്നാൽ ഒരു ദീർഘവീക്ഷണം ഉണ്ടായിരിക്കാൻ ശ്രമിക്കുക. വിവിധ വിഷയങ്ങളിലുള്ള ഒരു പൊതുവിദ്യാഭ്യാസം ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർധിപ്പിക്കും. ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ളവരോട് രാജ്യസന്ദേശം അവതരിപ്പിക്കുന്നതിൽ പ്രാഗത്ഭ്യമുള്ളവരായിരുന്നുകൊണ്ട് ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ സമഗ്ര വിദ്യാഭ്യാസം തങ്ങളെ സഹായിച്ചിരിക്കുന്നതായി യഹോവയുടെ സാക്ഷികൾക്കിടയിലെ പല യുവജനങ്ങളും കണ്ടെത്തിയിരിക്കുന്നു. (1 കൊരിന്ത്യർ 9:22) ഒരു വിഷയത്തിന് പ്രായോഗിക മൂല്യമില്ലാത്തതായി തോന്നിയാലും അതിൽ പ്രാവീണ്യം നേടുന്നതിൽനിന്നു നിങ്ങൾ പ്രയോജനമനുഭവിക്കും. ചുരുങ്ങിയപക്ഷം, കാലാന്തരത്തിൽ നിങ്ങൾക്കു വലിയ പ്രയോജനം കൈവരുത്തുന്ന “ചിന്താപ്രാപ്തി” വർധിക്കാൻ അത് ഇടയാക്കും.—സദൃശവാക്യങ്ങൾ 1:1-4, NW.
നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനും സ്കൂൾപഠനം ഉതകും. അപ്പോസ്തലനായ പൗലൊസ് തിമൊഥെയൊസിന് എഴുതി: “നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം.” (2 തിമൊഥെയൊസ് 1:6) തിമൊഥെയൊസ് ക്രിസ്തീയ സഭയിൽ ചില പ്രത്യേക സേവനപദവികൾ വഹിച്ചിരുന്നുവെന്ന് സ്പഷ്ടമാണ്. എന്നാൽ അവന്റെ ദൈവദത്തമായ പ്രാപ്തി—അവനിലുള്ള “കൃപാവരം”—മയങ്ങിക്കിടക്കാനും അങ്ങനെ പാഴായിപ്പോകാനും ഇടവരാതിരിക്കേണ്ടതിന് അത് ഉണർത്തപ്പെടേണ്ടിയിരുന്നു. തിമൊഥെയൊസിനുണ്ടായിരുന്ന കൃപാവരത്തിൽനിന്നു വ്യത്യസ്തമായി നിങ്ങളുടെ പഠനപ്രാപ്തികൾ ദൈവം നേരിട്ട് ചൊരിഞ്ഞുതന്നതല്ല. എന്നിരുന്നാലും, നിങ്ങൾക്കുള്ള പ്രാപ്തികൾ—കലയിലോ സംഗീതത്തിലോ ഗണിതത്തിലോ ശാസ്ത്രത്തിലോ മറ്റു മേഖലകളിലോ എന്തിൽത്തന്നെയായാലും—നിങ്ങളെ മറ്റുള്ളവരിൽനിന്നു പ്രത്യേകതയുള്ളവനാക്കുന്നു. അത്തരം കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിൽ സ്കൂൾപഠനം സഹായകമാകും.
നല്ല പഠനശീലങ്ങൾ
എങ്കിലും സ്കൂളിൽനിന്ന് ഏറ്റവും പ്രയോജനം അനുഭവിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഒരു പഠനചര്യ ഉണ്ടായിരിക്കേണ്ടതാണ്. (ഫിലിപ്പിയർ 3:16 താരതമ്യം ചെയ്യുക.) പാഠ്യവിഷയത്തിന്റെ വേണ്ടത്ര വിവരങ്ങൾ പരിചിന്തിക്കാൻ മതിയായ സമയം പട്ടികയിൽ നീക്കിവെക്കണമെങ്കിലും ഉന്മേഷം ലഭിക്കാൻ ഇടയ്ക്കിടെ വിരാമവും ആവശ്യമാണ്. വായിച്ചു പഠിക്കുകയാണെങ്കിൽ വിവരത്തിന്റെ ഒരു ആകമാന വീക്ഷണം ലഭിക്കാൻ ആദ്യം അതൊന്ന് ഓടിച്ചുവായിക്കുക. അടുത്തതായി, അധ്യായത്തിന്റെ തലക്കെട്ടുകളെയോ പ്രധാന ശീർഷകങ്ങളെയോ അടിസ്ഥാനമാക്കി ചോദ്യങ്ങൾ രൂപീകരിക്കുക. എന്നിട്ട് വായിക്കുക. വായിക്കുമ്പോൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ഒടുവിൽ, പഠിച്ച സംഗതി ഓർമയിൽനിന്നു പറയാൻ സാധിക്കുന്നുണ്ടോയെന്നു നോക്കുക.
പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തുക. ഉദാഹരണത്തിന്, ശാസ്ത്രപഠനം ദൈവത്തിന്റെ ‘അദൃശ്യഗുണങ്ങൾ വ്യക്തമായി കാണാനാകുന്ന’ ഒരു ജാലകമായി ഉതകിയേക്കാം. (റോമർ 1:20, NW) “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു” എന്ന പ്രസ്താവനയുടെ സത്യത സ്വയം കണ്ടെത്താൻ ചരിത്രം സഹായകമാകും. (യിരെമ്യാവു 10:23) പഠനത്തിൽ മുഴുകിയിരിക്കുമ്പോൾ പഠനം എളുപ്പമുള്ളതായിത്തീരുന്നതായി—കൂടുതൽ രസകരമാകുന്നതായിപോലും—നിങ്ങൾ കണ്ടേക്കാം! ശലോമോൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.”—സദൃശവാക്യങ്ങൾ 14:6.
ശരിയായ മനോഭാവം നിലനിർത്തൽ
എങ്കിലും ചിലപ്പോൾ, ഉഴപ്പൽ ഒരുവന് എങ്ങനെയുള്ള സുഹൃത്തുക്കളാണുള്ളത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കൾ വിജയം കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരാണോ അതോ അവർതന്നെ ഉഴപ്പന്മാരാണോ? ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) അതുകൊണ്ട് ബുദ്ധിപൂർവം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. സ്കൂൾപഠനത്തോട് ശരിയായ മനോഭാവമുള്ളവരുമായി സൗഹൃദത്തിലാകുക. മാർക്കുകൾ മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് അധ്യാപകരുമായി സംസാരിക്കാൻ മടിക്കരുത്. അതിനായി നിങ്ങളെ സഹായിക്കുന്നതിൽ അധ്യാപകർ കൂടുതൽ ശ്രമം ചെയ്യുമെന്നതിനു സംശയം വേണ്ട.
നിങ്ങളുടെ പ്രാപ്തികൾ സംബന്ധിച്ച നിഷേധാത്മക ചിന്തകൾ അലട്ടുമ്പോൾ അപ്പോസ്തലനായ പൗലൊസിന്റെ ഉദാഹരണം പരിചിന്തിക്കുക. അവന്റെ പ്രസംഗപ്രാപ്തിയെക്കുറിച്ച് ആളുകൾ വിമർശിച്ചപ്പോൾ അവൻ മറുപടി നൽകിയത് ഇപ്രകാരമാണ്: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല.” (2 കൊരിന്ത്യർ 10:10; 11:6) അതേ, പൗലൊസ് ശ്രദ്ധ കേന്ദ്രീകരിച്ചത് തന്റെ കുറവുകളിലല്ല, മറിച്ച് കഴിവുകളിലാണ്. നിങ്ങളുടെ കഴിവുകൾ എന്തൊക്കെയാണ്? അവ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ പിന്തുണയ്ക്കുന്ന മുതിർന്ന ഒരാളോട് എന്തുകൊണ്ട് അതേക്കുറിച്ചു സംസാരിച്ചുകൂടാ? നിങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതു പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്നതിന് അത്തരം ഒരു സുഹൃത്തിനു കഴിയും.
പ്രശ്നങ്ങളുണ്ടെങ്കിലും പുരോഗമിക്കൽ
“നിന്റെ അഭിവൃദ്ധി എല്ലാവർക്കും വ്യക്തമായി കാണാൻ കഴിയേണ്ടതിന് നിന്റെ മുഴു ശ്രദ്ധയും മുഴു ഊർജവും ഈ കാര്യങ്ങളിൽ കേന്ദ്രീകരിക്കുക.” (1 തിമൊഥെയൊസ് 4:15, ഫിലിപ്സ്) തന്റെ ശുശ്രൂഷയിൽ അതിനോടകം വിജയം കൈവരിച്ചിരുന്ന തിമൊഥെയൊസിനെ കൂടുതൽ പുരോഗതി കൈവരിക്കാൻ മകനെയെന്നപോലെ പൗലൊസ് പ്രോത്സാഹിപ്പിച്ചു. ബൈബിൾ കാലങ്ങളിൽ “പുരോഗമിക്കുക” എന്ന ഗ്രീക്ക് ക്രിയാപദത്തിന്റെ അക്ഷരീയ അർഥം “മുറിച്ച് മുന്നേറുക” എന്നായിരുന്നു. ഒരാൾ കുറ്റിക്കാട് വെട്ടിത്തെളിച്ച് മുന്നേറുന്നതിനെ അത് അനുസ്മരിപ്പിക്കുന്നു. ചിലപ്പോൾ സ്കൂൾജീവിതവും അതുപോലെ കാണപ്പെട്ടേക്കാം. എന്നാൽ ഒടുവിൽ ലഭിക്കാൻ പോകുന്ന പ്രതിഫലം തക്ക മൂല്യമുള്ളതാണെന്ന് കരുതുന്നെങ്കിൽ സ്കൂൾ ജീവിതത്തിലൂടെ കടന്നുപോകാൻ വളരെ എളുപ്പമായിരിക്കും.
ശ്രമം, പ്രചോദനം, പഠനം എന്നിവ കൈകോർത്തു നീങ്ങുന്നു. ദൃഷ്ടാന്തീകരിച്ചാൽ: ഒരു സംഗീതോപകരണം വായിക്കുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുക. അത് ആസ്വദിക്കുന്നെങ്കിൽ അയാളതു കൂടുതൽ വായിക്കും. എത്രയധികം വായിക്കുന്നുവോ അത്രയധികം അയാളുടെ കഴിവ് വർധിക്കും, അത് അയാളുടെ ആനന്ദം വർധിപ്പിക്കും. നാം എത്രയധികം പഠിക്കുന്നുവോ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അത്രയധികം എളുപ്പമായിരിക്കും. അതുകൊണ്ട് സ്കൂൾ പഠനത്തെക്കുറിച്ചോർത്ത് നിരുത്സാഹപ്പെടരുത്. ആവശ്യമായിരിക്കുന്ന ശ്രമം ചെയ്യുക, മികവു കാട്ടാൻ നിങ്ങളെ സഹായിക്കുന്നവരുമായി സഹവസിക്കുക. പുരാതനനാളുകളിലെ ആസ രാജാവിനോടുള്ള അസര്യാവിന്റെ ഈ വാക്കുകൾ ഓർത്തിരിക്കുക: “നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.”—2 ദിനവൃത്താന്തം 15:7.
[അടിക്കുറിപ്പ്]
a പഠന വൈകല്യങ്ങളുള്ള യുവജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക വെല്ലുവിളികൾ നേരിട്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക് 1996 ജൂൺ 22 ലക്കം ഉണരുക!യുടെ 11-13 പേജുകൾ കാണുക.
[21-ാം പേജിലെ ചിത്രം]
മാർക്കുകൾ മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് അധ്യാപകനോടു സംസാരിക്കാൻ മടിക്കരുത്
[22-ാം പേജിലെ ചിത്രം]
ഒരു വിഷയം പ്രായോഗികമൂല്യമില്ലാത്തതായി തോന്നുന്നെങ്കിലും അതിൽ പ്രാവീണ്യം നേടുന്നതിൽനിന്ന് നിങ്ങൾക്കു പ്രയോജനമുണ്ടാകും