‘സകല മനുഷ്യരോടും പൂർണ്ണ സൗമ്യത’ കാണിപ്പിൻ
‘ശാന്തന്മാരായി സകല മനുഷ്യരോടും പൂർണ്ണ സൗമ്യത കാണിപ്പാൻ അവരെ ഓർമ്മപ്പെടുത്തുക.’—തീത്തൊസ് 3:2.
1. സൗമ്യത പ്രകടമാക്കുക എല്ലായ്പോഴും എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
“ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (1 കൊരിന്ത്യർ 11:1) ഈ ഉദ്ബോധനം അനുസരിക്കാൻ സകല ദൈവദാസന്മാരും ഇന്ന് കഠിനമായി ശ്രമിക്കുന്നുണ്ട്. അത് എളുപ്പമല്ല എന്നുള്ളത് ശരിതന്നെ. എന്തെന്നാൽ, ക്രിസ്തുവിന്റെ മാതൃകയ്ക്കു ചേരാത്ത സ്വാർഥാഭിലാഷങ്ങളും വൈകാരികഭാവങ്ങളും ആദ്യ മാതാപിതാക്കളിൽനിന്ന് നാം അവകാശപ്പെടുത്തിയിരിക്കുന്നു. (റോമർ 3:23; 7:21-25) എന്നിരുന്നാലും, ശ്രമിക്കുന്നപക്ഷം സൗമ്യത പ്രകടമാക്കുന്ന കാര്യത്തിൽ, നമുക്കേവർക്കും വിജയിക്കാനാകും. അതിന് സ്വന്തം ദൃഢതീരുമാനത്തിൽ ആശ്രയിച്ചാൽ മാത്രം പോരാ. മറ്റെന്തുംകൂടെ ആവശ്യമാണ്?
2. നമുക്ക് എങ്ങനെ ‘സകല മനുഷ്യരോടും പൂർണ്ണ സൗമ്യത’ കാണിക്കാനാകും?
2 ദൈവിക സൗമ്യത പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്. ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയുടെ വഴിനടത്തിപ്പിനു നാം എത്രത്തോളം കീഴ്പെടുന്നുവോ അത്രത്തോളം അതിന്റെ ഫലം നമ്മിൽ പ്രകടമായിത്തീരും. അപ്പോൾ മാത്രമേ നമുക്ക് സകലരോടും ‘പൂർണസൗമ്യത’ കാണിക്കാനാകൂ. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (തീത്തൊസ് 3:2) നമുക്ക് എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാമെന്നും നമ്മോടൊത്ത് സഹവസിക്കുന്നവർ “നവോന്മേഷം കണ്ടെത്തു”ന്ന വിധത്തിൽ നമുക്ക് അവരോട് എങ്ങനെ ഇടപെടാമെന്നും നോക്കാം.—മത്തായി 11:29, NW; ഗലാത്യർ 5:22, 23.
കുടുംബത്തിൽ
3. കുടുംബത്തിലെ ഏതു സ്ഥിതിവിശേഷം ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു?
3 സൗമ്യത അനിവാര്യമായിരിക്കുന്ന ഒരു മണ്ഡലം കുടുംബമാണ്. സ്ത്രീകളുടെ ആരോഗ്യത്തിനു നേരെ കുടുംബത്തിലെ അക്രമം ഉയർത്തുന്ന ഭീഷണി, വാഹനാപകടങ്ങളും മലമ്പനിയും ഒരുമിച്ചു ചേർന്ന് ഉയർത്തുന്ന ഭീഷണിയെക്കാൾ വലിയതാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഉദാഹരണത്തിന്, ഇംഗ്ലണ്ടിലെ ലണ്ടനിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന അക്രമാസക്ത കുറ്റകൃത്യങ്ങളുടെ കാൽഭാഗവും കുടുംബങ്ങളിൽ അരങ്ങേറുന്നവയാണ്. ‘അട്ടഹാസത്താലും ദൂഷണത്താലും [“ദുഷിച്ച സംസാരം,” NW]’ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നവരെ പോലീസിന് കൂടെക്കൂടെ കൈകാര്യം ചെയ്യേണ്ടിവരുന്നു. അതിലും മോശമായി, തങ്ങളുടെ വൈവാഹിക ബന്ധത്തെ തകരാറിലാക്കാൻ ചില ദമ്പതികൾ “വിദ്വേഷ”ത്തെ അനുവദിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള സകലതരം പെരുമാറ്റങ്ങളും ഈ ‘ലോകത്തിന്റെ ആത്മാവിന്റെ’ ദുഃഖകരമായ പ്രതിഫലനമാണ്. അവയ്ക്ക് ക്രിസ്തീയ കുടുംബങ്ങളിൽ യാതൊരു സ്ഥാനവുമില്ല.—എഫെസ്യർ 4:31, പി.ഒ.സി. ബൈബിൾ; 1 കൊരിന്ത്യർ 2:12.
4. സൗമ്യതയ്ക്ക് കുടുംബത്തിനുള്ളിൽ എന്തു ഫലമുളവാക്കാൻ കഴിയും?
4 ലൗകിക പ്രവണതകളെ ചെറുത്തു തോൽപ്പിക്കുന്നതിന് നമുക്ക് ദൈവാത്മാവ് ആവശ്യമാണ്. “കർത്താവിന്റെ [“യഹോവയുടെ,” NW] ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.” (2 കൊരിന്ത്യർ 3:17) സ്നേഹവും ദയയും ആത്മനിയന്ത്രണവും ദീർഘക്ഷമയും അപൂർണരായ ഭാര്യാഭർത്താക്കന്മാരുടെ ഐക്യത്തെ ബലിഷ്ഠമാക്കുന്നു. (എഫെസ്യർ 5:32) സൗമ്യത ഭവനാന്തരീക്ഷത്തെ കൂടുതൽ ആനന്ദകരമാക്കുന്നു, അത് അനേകം കുടുംബങ്ങളെയും താറുമാറാക്കുന്ന കലഹത്തിനും ശണ്ഠയ്ക്കും നേർവിപരീതമാണ്. ഒരു വ്യക്തി എന്തു പറയുന്നുവെന്നത് പ്രധാനമാണെങ്കിലും അത് എങ്ങനെ പറയുന്നു എന്നതാണു വാക്കുകൾക്കു പിന്നിലെ വികാരം വെളിപ്പെടുത്തുന്നത്. ആശങ്കകളും ആകുലതകളും സൗമ്യതയോടെ പറയുന്നത് സംഘർഷങ്ങൾക്ക് അയവു വരുത്തുന്നു. ജ്ഞാനിയായ ശലോമോൻ രാജാവ് പിൻവരുന്ന വിധം എഴുതി: “മൃദുവായ [“സൗമ്യമായ,” ഓശാന ബൈബിൾ] ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 15:1.
5. മതപരമായി വിഭജിതമായ ഒരു ഭവനത്തിൽ സൗമ്യത ഒരു സഹായമായിരിക്കുന്നത് എങ്ങനെ?
5 മതപരമായി വിഭജിതമായ ഒരു ഭവനത്തിൽ സൗമ്യത വിശേഷാൽ പ്രധാനമാണ്. സൗമ്യതയും ദയാപ്രവൃത്തികളും ഒത്തുചേരുമ്പോൾ അത് വിരോധികളായവർ യഹോവയിലേക്ക് ചേർന്നുവരാൻ സഹായിക്കും. ക്രിസ്തീയ ഭാര്യമാരെ പത്രൊസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.”—1 പത്രൊസ് 3:1-4.
6. സൗമ്യത പ്രകടമാക്കുന്നതിലൂടെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുന്നതെങ്ങനെ?
6 മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനു വിള്ളൽ വീണേക്കാം, പ്രത്യേകിച്ച് യഹോവയോടുള്ള സ്നേഹം ഇല്ലാതാകുമ്പോൾ. എന്നാൽ എല്ലാ ക്രിസ്തീയ കുടുംബങ്ങളിലും കുടുംബാംഗങ്ങൾ സൗമ്യത കാണിക്കേണ്ട ആവശ്യമുണ്ട്. പൗലൊസ് പിതാക്കന്മാരെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) കുടുംബത്തിൽ സൗമ്യത മുന്തിനിൽക്കുമ്പോൾ, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുത്ത ബന്ധം ശക്തമായിത്തീരുന്നു. അഞ്ചു മക്കളിൽ ഒരാളായ ഡിൻ തന്റെ പിതാവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഡാഡി സൗമ്യനായിരുന്നു. അദ്ദേഹവുമായി ഒരിക്കൽപ്പോലും വാദപ്രതിവാദം നടത്തിയതായി ഞാൻ ഓർക്കുന്നില്ല—കൗമാരത്തിൽപ്പോലും. അദ്ദേഹം എല്ലായ്പോഴും, അങ്ങേയറ്റം അസ്വസ്ഥനായിരിക്കുമ്പോൾപ്പോലും, വളരെ സൗമ്യനായിരുന്നു. ചിലപ്പോൾ ഒരു ശിക്ഷ എന്ന നിലയിൽ അദ്ദേഹം എന്നെ മുറിക്കു പുറത്തിറങ്ങാൻ അനുവദിക്കുമായിരുന്നില്ല അല്ലെങ്കിൽ ചില പ്രത്യേക ആനുകൂല്യങ്ങൾ നിഷേധിക്കുമായിരുന്നു. പക്ഷേ, ഞങ്ങൾ തമ്മിൽ ഒരിക്കൽപ്പോലും ഒരു വാക്കുതർക്കം ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് അദ്ദേഹം പിതാവു മാത്രമായിരുന്നില്ല, സുഹൃത്തു കൂടിയായിരുന്നു. അദ്ദേഹത്തെ നിരാശനാക്കാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചില്ല.” സൗമ്യത തീർച്ചയായും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു.
നമ്മുടെ ശുശ്രൂഷയിൽ
7, 8. വയൽശുശ്രൂഷയിൽ ആയിരിക്കെ സൗമ്യത പ്രകടമാക്കുന്നത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 സൗമ്യത പ്രധാനമായിരിക്കുന്ന മറ്റൊരു മേഖല വയൽശുശ്രൂഷയാണ്. മറ്റുള്ളവരുമായി രാജ്യസുവാർത്ത പങ്കുവെക്കുമ്പോൾ, വിവിധ രീതിയിൽ പ്രതികരിക്കുന്നവരെയാണ് നാം കണ്ടുമുട്ടുന്നത്. ചിലർ നാം കൊണ്ടുചെല്ലുന്ന പ്രത്യാശാ ദൂതു സന്തോഷത്തോടെ കേൾക്കുന്നു. മറ്റുചിലർ വിവിധ കാരണങ്ങളാൽ പ്രതികൂലമായി പ്രതികരിച്ചേക്കാം. ഇവിടെയാണ്, ഭൂമിയുടെ അററത്തോളവും സാക്ഷികൾ ആയിരിക്കാനുള്ള നിയോഗം നിറവേറ്റുന്നതിൽ സൗമ്യത എന്ന ഗുണം നമുക്കു വലിയ സഹായമായിരിക്കുന്നത്.—പ്രവൃത്തികൾ 1:8; 2 തിമൊഥെയൊസ് 4:5.
8 അപ്പൊസ്തലനായ പത്രൊസ് ഇപ്രകാരം എഴുതി: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും [“ആഴമായ ആദരവും,” NW] പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ് 3:14ബി, 15) ക്രിസ്തുവിനെ നാം മാതൃകാപുരുഷനായി നമ്മുടെ ഹൃദയങ്ങളിൽ കരുതിക്കൊള്ളുന്നതിനാൽ, പരുഷമായി സംസാരിക്കുന്നവരോട് സാക്ഷീകരിക്കുമ്പോൾ സൗമ്യതയും ആദരവും പ്രകടമാക്കാൻ നാം ശ്രദ്ധിക്കുന്നു. അങ്ങനെ ചെയ്യുന്നത് മിക്കപ്പോഴും ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കുന്നു.
9, 10. വയൽ ശുശ്രൂഷയിൽ ആയിരിക്കെ സൗമ്യത പ്രകടമാക്കുന്നതിന്റെ മൂല്യം എടുത്തുകാട്ടുന്ന ഒരു അനുഭവം വിശദീകരിക്കുക.
9 കിത്തിന്റെ വീട്ടുവാതിൽക്കൽ വന്ന സന്ദർശകനുമായി അദ്ദേഹത്തിന്റെ ഭാര്യ സംസാരിക്കുകയായിരുന്നു. കിത്ത് അപ്പോഴും മാറിനിന്നതേയുള്ളൂ. സന്ദർശകൻ ഒരു യഹോവയുടെ സാക്ഷിയാണെന്നു മനസ്സിലാക്കിയപ്പോൾ, കുട്ടികളോടു ക്രൂരത കാട്ടുന്നവരാണ് സാക്ഷികളെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിത്തെറിച്ചു. ആ സഹോദരൻ ശാന്തനായിത്തന്നെ നിന്നു. തുടർന്ന്, സൗമ്യതയോടെ അദ്ദേഹം പറഞ്ഞു: “നിങ്ങൾ അങ്ങനെ കരുതുന്നതിൽ എനിക്കു ഖേദമുണ്ട്. യഹോവയുടെ സാക്ഷികൾ എന്താണു വിശ്വസിക്കുന്നതെന്ന് ദയവായി ഞാൻ നിങ്ങളെ കാണിക്കട്ടെ?” ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന കിത്ത് അപ്പോൾ വാതിൽക്കലേക്ക് വന്ന് സംഭാഷണം നിറുത്തിച്ചു.
10 പിന്നീട്, സന്ദർശകനോടു പരുഷമായി പെരുമാറിയതിൽ ഇരുവർക്കും ഖേദം തോന്നി. അദ്ദേഹത്തിന്റെ സൗമ്യത അവരെ സ്പർശിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് ആ സഹോദരൻ മടങ്ങിച്ചെന്നു. അത് അവരെ ഏറെ അതിശയിപ്പിച്ചു. ഇത്തവണ കിത്തും ഭാര്യയും അദ്ദേഹത്തിന്റെ വിശ്വാസത്തിനുള്ള തിരുവെഴുത്ത് അടിസ്ഥാനങ്ങൾ വിശദീകരിക്കാൻ അദ്ദേഹത്തെ അനുവദിച്ചു. “അടുത്ത രണ്ടു വർഷം മറ്റു സാക്ഷികൾ പറഞ്ഞ അനേകം കാര്യങ്ങൾക്ക് ഞങ്ങൾ ശ്രദ്ധ കൊടുത്തു” എന്ന് അവർ പിന്നീടു പറയുകയുണ്ടായി. ഇരുവരും ഒരു ബൈബിളധ്യയനത്തിന് സമ്മതിക്കുകയും ഒടുവിൽ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമെന്ന നിലയിൽ സ്നാപനമേൽക്കുകയും ചെയ്തു. കിത്തിനെയും ഭാര്യയെയും ആദ്യം സന്ദർശിച്ച ആ സാക്ഷിക്ക് ലഭിച്ച എത്ര നല്ല പ്രതിഫലം! വർഷങ്ങൾക്കു ശേഷം ഈ ദമ്പതികളെ ആ സാക്ഷി കണ്ടുമുട്ടി. അവർ അപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ സഹോദരനും സഹോദരിയും ആയിത്തീർന്നിരുന്നു. സൗമ്യത വിജയിക്കുന്നു.
11. ഒരു വ്യക്തി ക്രിസ്തീയ സത്യം സ്വീകരിക്കാൻ സൗമ്യത ഇടയാക്കിയേക്കാവുന്നത് എങ്ങനെ?
11 ഒരു പട്ടാളക്കാരൻ ആയിരുന്നപ്പോഴുള്ള ഹാരൊൾഡിന്റെ അനുഭവങ്ങൾ അദ്ദേഹത്തെ അമർഷം ഉള്ളവനും ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നവനും ആക്കിത്തീർത്തു. മദ്യപിച്ച് ലക്കുകെട്ട ഒരു ഡ്രൈവർ നിമിത്തം ഉണ്ടായ ഒരു വാഹനാപകടത്തിൽപ്പെട്ട് വികലാംഗനായിത്തീർന്നത് അദ്ദേഹത്തിന്റെ പ്രശ്നങ്ങളെ ഒന്നുകൂടെ വഷളാക്കി. യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചപ്പോൾ അവിടെ ചെല്ലരുതെന്നു ഹാരൊൾഡ് വിലക്കി. എന്നാൽ ഒരു ദിവസം ബിൽ എന്ന ഒരു സാക്ഷി ഹാരൊൾഡിന്റെ വീട്ടിൽനിന്ന് രണ്ടു വീടുകൾക്ക് അപ്പുറത്തുള്ള ഒരു താത്പര്യക്കാരനെ സന്ദർശിക്കാനായി പോകുമ്പോൾ അബദ്ധവശാൽ ഹാരൊൾഡിന്റെ വീട്ടുവാതിൽക്കൽ മുട്ടി. രണ്ട് ചൂരൽവടികളിൽ ഊന്നിവന്ന് ഹാരൊൾഡ് വാതിൽ തുറന്നു. ബിൽ പെട്ടെന്നു ക്ഷമചോദിച്ചിട്ട് തനിക്കു വീടു മാറിപ്പോയതാണെന്നു പറഞ്ഞു. ഹാരൊൾഡിന്റെ പ്രതികരണം എന്തായിരുന്നു? യഹോവയുടെ സാക്ഷികൾ വളരെ കുറഞ്ഞ സമയംകൊണ്ട് ഒരു രാജ്യഹാൾ നിർമിക്കാനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതു സംബന്ധിച്ച ഒരു വാർത്ത അദ്ദേഹം ടെലിവിഷനിൽ കണ്ടിരുന്നു. ബിൽ അക്കാര്യം അറിഞ്ഞിരുന്നില്ല. ഇത്രയധികം ആളുകൾ ഐക്യത്തോടെ പ്രവർത്തിക്കുന്നതു കണ്ട് മതിപ്പു തോന്നിയ അദ്ദേഹം സാക്ഷികളോടുള്ള തന്റെ മനോഭാവത്തിനു മാറ്റംവരുത്തിയിരുന്നു. ബില്ലിന്റെ ദയാപുരസ്സരമായ ക്ഷമാപണത്തിലും ഹൃദ്യമായ സൗമ്യഭാവത്തിലും മതിപ്പുതോന്നിയ ഹാരൊൾഡ് സാക്ഷികളുടെ സന്ദർശനം സ്വാഗതം ചെയ്യാൻ തീരുമാനമെടുത്തു. അദ്ദേഹം ബൈബിൾ പഠിച്ചു പുരോഗതി വരുത്തുകയും യഹോവയുടെ സ്നാപനമേറ്റ ഒരു ദാസനായിത്തീരുകയും ചെയ്തു.
സഭയിൽ
12. ക്രിസ്തീയ സഭാംഗങ്ങൾ ലൗകികമായ ഏതു സ്വഭാവവിശേഷങ്ങളെ ചെറുത്തുനിൽക്കണം?
12 സൗമ്യത സുപ്രധാനമായിരിക്കുന്ന മൂന്നാമത്തെ മണ്ഡലം ക്രിസ്തീയ സഭയാണ്. ഇന്നത്തെ സമൂഹത്തിൽ ഏറ്റുമുട്ടൽ സാധാരണമാണ്. ജീവിതത്തെ ഒരു ലൗകിക കാഴ്ചപ്പാടിൽ കാണുന്നവർക്കിടയിൽ തർക്കങ്ങളും വാഗ്വാദങ്ങളും ശണ്ഠകളും പതിവാണ്. ചിലപ്പോഴൊക്കെ ലൗകികമായ അത്തരം സ്വഭാവവിശേഷങ്ങൾ ക്രിസ്തീയ സഭയ്ക്കുള്ളിലേക്ക് നുഴഞ്ഞു കയറി കലഹങ്ങളിലും വാക്കു തർക്കങ്ങളിലും കലാശിക്കാറുണ്ട്. ഇത്തരം സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഉത്തരവാദിത്വമുള്ള സഹോദരങ്ങൾക്ക് ദുഃഖം അനുഭവപ്പെടുന്നു. എന്നിരുന്നാലും, അനുതപിച്ച് തിരിഞ്ഞുവരാനായി തെറ്റിലകപ്പെടുന്നവരെ സഹായിക്കാൻ യഹോവയോടും സഹോദരങ്ങളോടുമുള്ള സ്നേഹം അവരെ പ്രേരിപ്പിക്കുന്നു.—ഗലാത്യർ 5:25, 26.
13, 14. ‘വിരോധികളെ സൗമ്യതയോടെ പഠിപ്പിക്കുന്നതുകൊണ്ട്’ എന്തു ഫലം ലഭിച്ചേക്കാം?
13 ഒന്നാം നൂറ്റാണ്ടിൽ പൗലൊസിനും അവന്റെ സഹകാരി ആയിരുന്ന തിമൊഥെയൊസിനും സഭയിലെ ചിലരിൽനിന്നും ബുദ്ധിമുട്ടുകൾ നേരിടുകയുണ്ടായി. ‘ഹീനകാര്യത്തിനുള്ള’ പാത്രങ്ങളോടു സമാനരായ സഹോദരങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൗലൊസ് തിമൊഥെയൊസിന് മുന്നറിയിപ്പു നൽകി. ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. വിരോധികളെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു’ എന്ന് പൗലൊസ് ന്യായവാദം ചെയ്തു. പ്രകോപിത സാഹചര്യങ്ങളിൽപ്പോലും നാം സൗമ്യത പാലിക്കുമ്പോൾ എതിരാളികൾ മിക്കപ്പോഴും തങ്ങളുടെ വിമർശനങ്ങളെ ഒന്നുകൂടി വിലയിരുത്താൻ പ്രേരിതരാകുന്നു. പൗലൊസ് എഴുതുന്നതുപോലെ, അപ്പോൾ യഹോവ അവർക്ക് ‘സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കിയേക്കാം.’ (2 തിമൊഥെയൊസ് 2:20, 21, 24-26) ശാന്തതയെയും ദോഷം സഹിക്കുന്നതിനെയും പൗലൊസ് സൗമ്യതയുമായി ബന്ധിപ്പിക്കുന്നുവെന്നത് ശ്രദ്ധിക്കുക.
14 താൻ പ്രസംഗിച്ച കാര്യങ്ങൾക്ക് അനുസൃതമായി പൗലൊസ് പ്രവർത്തിച്ചു. കൊരിന്ത്യ സഭയിലെ “അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെ” കൈകാര്യം ചെയ്യവേ അവൻ സഹോദരങ്ങളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൌലൊസായ ഞാൻ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഓർപ്പിച്ചു [“ക്രിസ്തുവിന്റെ സൗമ്യതയിലും ശാന്തതയിലും,” ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം] നിങ്ങളെ പ്രബോധിപ്പിക്കുന്നു.” (2 കൊരിന്ത്യർ 10:1; 11:5) പൗലൊസ് ക്രിസ്തുവിനെ യഥാർഥമായും അനുകരിച്ചു. ക്രിസ്തുവിന്റെ ‘സൗമ്യതയിൽ’ ആണ് അവൻ സഹോദരങ്ങൾക്കു തന്റെ പ്രബോധനം നൽകിയത് എന്നത് ശ്രദ്ധിക്കുക. അങ്ങനെ അടക്കിഭരിക്കുന്ന, മേധാവിത്വം പുലർത്തുന്ന ഒരു മനോഭാവം അവൻ ഒഴിവാക്കി. സഭയിലെ സ്വീകാര്യക്ഷമമായ ഹൃദയമുണ്ടായിരുന്ന വ്യക്തികൾക്ക് അവന്റെ ഉദ്ബോധനം ഇഷ്ടപ്പെട്ടുവെന്നതിന് സംശയമില്ല. അവൻ വ്യക്തികൾക്കിടയിലെ വഷളായ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും സഭയിൽ സമാധാനത്തിനും ഐക്യത്തിനുമുള്ള അടിസ്ഥാനം ഇടുകയും ചെയ്തു. നാമേവരും അനുകരിക്കാൻ ശ്രമിക്കേണ്ട ഒരു പ്രവർത്തനഗതിയല്ലേ ഇത്? മൂപ്പന്മാർ പ്രത്യേകിച്ച് ക്രിസ്തുവിന്റെയും പൗലൊസിന്റെയും പ്രവർത്തനങ്ങളെ അനുകരിക്കേണ്ടതുണ്ട്.
15. ബുദ്ധിയുപദേശം നൽകുമ്പോൾ സൗമ്യത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 തീർച്ചയായും, സഭയിലെ സമാധാനവും ഐക്യവും അപകടത്തിലാകുമ്പോൾ മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്തരവാദിത്വമുള്ളത്. വ്യക്തിബന്ധങ്ങൾ വഷളാകുന്നതിനു വളരെ മുമ്പുതന്നെ സഹോദരങ്ങൾക്ക് സ്നേഹപുരസ്സരമായ മാർഗനിർദേശം ആവശ്യമാണ്. ‘സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ [‘ബോധവാനാകുംമുമ്പേ തെറ്റായ ഒരു ചുവട് വെക്കുന്നെങ്കിൽത്തന്നെ,’ NW] ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ യഥാസ്ഥാനപ്പെടുത്തുവിൻ’ എന്നു പൗലൊസ് ഉദ്ബോധിപ്പിച്ചു. എന്നാൽ എങ്ങനെ? “സൌമ്യതയുടെ ആത്മാവിൽ.” പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” (ഗലാത്യർ 6:1) ‘സൗമ്യതയുടെ ആത്മാവ്’ നിലനിറുത്തുക എന്നത് എല്ലായ്പോഴും എളുപ്പമല്ല. നിയമിത പുരുഷന്മാർ ഉൾപ്പെടെ സകല ക്രിസ്ത്യാനികളും പാപപ്രവണതകൾക്കു വിധേയരാണ് എന്നതുതന്നെയാണ് മുഖ്യ കാരണം. എന്നിരുന്നാലും, സൗമ്യത പ്രകടമാക്കുന്നെങ്കിൽ തെറ്റുചെയ്യുന്ന ഒരുവന് യഥാസ്ഥാനപ്പെടൽ കൂടുതൽ എളുപ്പമായിത്തീരും.
16, 17. ബുദ്ധിയുപദേശം പ്രാവർത്തികമാക്കാനുള്ള ഏതൊരു വൈമുഖ്യത്തെയും തകർത്തുകളയാൻ എന്തു സഹായിച്ചേക്കാം?
16 ‘യഥാസ്ഥാനപ്പെടുത്തുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന് മൂല ഗ്രീക്കിൽ, ഒടിഞ്ഞ അസ്ഥികളെ പൂർവസ്ഥാനത്താക്കുന്നതിനെ അല്ലെങ്കിൽ നേരെയാക്കുന്നതിനെ അർഥമാക്കാനും കഴിയും. അത് വേദനാജനകമായ ഒരു പ്രവൃത്തിയാണ്. ഒടിഞ്ഞ അസ്ഥി നേരെയാക്കുന്ന ആശ്വാസപ്രദനായ ഒരു ഡോക്ടർ അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ച് ക്രിയാത്മകമായി സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ശാന്തഭാവം ആശ്വാസപ്രദമാണ്. അസ്ഥി നേരെയാക്കുന്നതിനു മുമ്പായി അദ്ദേഹം പറയുന്ന ഏതാനും വാക്കുകൾക്ക് കഠിനവേദനയെ മയപ്പെടുത്താനാകും. സമാനമായി, ആത്മീയ യഥാസ്ഥാനപ്പെടുത്തൽ വേദനാജനകമായിരിക്കാം. എന്നാൽ സൗമ്യത അതിനെ കൂടുതൽ സ്വീകാര്യമാക്കിത്തീർക്കും. അങ്ങനെ നല്ല ബന്ധങ്ങൾ വീണ്ടെടുക്കപ്പെടുകയും തെറ്റിലകപ്പെടുന്ന വ്യക്തി തന്റെ ഗതി തിരുത്തുന്നതിലേക്ക് അതു നയിക്കുകയും ചെയ്യും. ബുദ്ധിയുപദേശത്തെ ആദ്യം നിരസിച്ചാൽപ്പോലും, സഹായം നൽകുന്ന വ്യക്തിയുടെ സൗമ്യത, ഉത്തമ തിരുവെഴുത്തു ബുദ്ധിയുപദേശം പിൻപറ്റാനുള്ള ഏതൊരു വൈമുഖ്യത്തെയും തകർത്തുകളഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 25:15, ഓശാന ബൈ.
17 യഥാസ്ഥാനപ്പെടാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നൽകപ്പെടുന്ന ബുദ്ധിയുപദേശം വിമർശനമായി വ്യാഖ്യാനിക്കപ്പെടുന്നതിന്റെ അപകടം എപ്പോഴുമുണ്ട്. ഒരു എഴുത്തുകാരൻ അതു സംബന്ധിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മറ്റുള്ളവരെ തിരുത്തേണ്ടിവരുമ്പോഴാണ് നാം നമ്മുടെ അഭിപ്രായങ്ങൾ ശാഠ്യപൂർവം ഉറപ്പിച്ചു പറയാൻ ഏറ്റവും അധികം സാധ്യതയുള്ളത്. അതുകൊണ്ടുതന്നെ സൗമ്യത ഏറ്റവും അധികം ആവശ്യമായിരിക്കുന്നത് അപ്പോഴാണ്.” താഴ്മയിൽനിന്ന് ഉളവാകുന്ന സൗമ്യത നട്ടുവളർത്തുന്നത് ഈ അപകടം ഒഴിവാക്കാൻ ക്രിസ്തീയ ബുദ്ധിയുപദേശകരെ സഹായിക്കും.
‘സകല മനുഷ്യരോടും’
18, 19. (എ) ലൗകിക അധികാരികളോട് ഇടപെടുമ്പോൾ സൗമ്യത കാണിക്കാൻ ക്രിസ്ത്യാനികൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) അധികാരികളോടു സൗമ്യത കാണിക്കാൻ ക്രിസ്ത്യാനികളെ എന്തു സഹായിക്കും, അത് ഏതു ഫലത്തിൽ കലാശിച്ചേക്കാം?
18 ലൗകിക അധികാരികളുമായി ഇടപെടുമ്പോൾ സൗമ്യത കാണിക്കാൻ ബുദ്ധിമുട്ടുള്ളതായി അനേകരും കണ്ടെത്തുന്നു. അധികാരസ്ഥാനത്ത് ഇരിക്കുന്ന ചിലർ കണ്ണിൽച്ചോരയില്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്നുവെന്നത് ശരിയാണ്. (സഭാപ്രസംഗി 4:1; 8:9) എന്നിരുന്നാലും, യഹോവയോടുള്ള നമ്മുടെ സ്നേഹം അവന്റെ പരമാധികാരം അംഗീകരിക്കാനും ഗവണ്മെന്റ് അധികാരികളോട് അവർ അർഹിക്കുന്ന ആപേക്ഷിക കീഴ്പെടൽ പ്രകടമാക്കാനും നമ്മെ സഹായിക്കും. (റോമർ 13:1, 4; 1 തിമൊഥെയൊസ് 2:1, 2) നമ്മുടെ ആരാധനയുടെ പരസ്യ പ്രകടനത്തെ തടയാൻ അധികാരസ്ഥാനങ്ങളിലുള്ളവർ ശ്രമിക്കുമ്പോൾപ്പോലും, നമ്മുടെ സ്തുതിയാഗം അർപ്പിക്കാനുള്ള മറ്റു വിധങ്ങൾ നാം സന്തോഷത്തോടെ തേടുന്നു.—എബ്രായർ 13:15, NW.
19 ഒരിക്കലും നാം പോരാട്ടത്തിലേർപ്പെടുന്നില്ല. നീതിപൂർവകമായ തത്ത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച വരുത്താത്തപ്പോൾത്തന്നെ ന്യായബോധം ഉള്ളവരായിരിക്കാൻ നാം ശ്രമിക്കുന്നു. ഈ വിധത്തിൽ, ലോകത്തിനു ചുറ്റുമുള്ള 234 രാജ്യങ്ങളിൽ തങ്ങളുടെ ശുശ്രൂഷ തുടർന്നുകൊണ്ടുപോകാൻ നമ്മുടെ സഹോദരങ്ങൾക്ക് കഴിയുന്നു. “വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി [“ന്യായബോധമുള്ളവരായി,” NW] സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും” ഉള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കുന്നു.—തീത്തൊസ് 3:1, 2.
20. സൗമ്യത പ്രകടമാക്കുന്നവർക്കുള്ള പ്രതിഫലങ്ങൾ ഏവ?
20 സൗമ്യത പ്രകടമാക്കുന്ന എല്ലാവർക്കും സമൃദ്ധമായ അനുഗ്രഹങ്ങളാണ് ലഭിക്കാനിരിക്കുന്നത്. യേശു പ്രഖ്യാപിച്ചു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,“ NW]; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) ക്രിസ്തുവിന്റെ ആത്മാഭിഷിക്ത സഹോദരന്മാരെ സംബന്ധിച്ചിടത്തോളം, സൗമ്യത നിലനിറുത്തുന്നത് സന്തുഷ്ടിയും രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തെ ഭരിക്കുക എന്ന പദവിയും അവർക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ‘വേറെ ആടുകളിൽ’പെട്ട “മഹാപുരുഷാര”ത്തെ സംബന്ധിച്ചാണെങ്കിൽ അവർ സൗമ്യത പ്രകടമാക്കുന്നതിൽ തുടരുകയും പറുദീസാ ഭൂമിയിലെ ജീവിതത്തിനായി നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. (വെളിപ്പാടു 7:9; യോഹന്നാൻ 10:16; സങ്കീർത്തനം 37:11) എത്ര അത്ഭുതകരമായ പ്രതീക്ഷകളാണ് നമ്മുടെ മുമ്പാകെയുള്ളത്! അതുകൊണ്ട് പൗലൊസ് എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് നൽകിയ ഓർമിപ്പിക്കൽ നമുക്ക് ഒരിക്കലും അവഗണിക്കാതിരിക്കാം: ‘കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണവിനയത്തോടും സൌമ്യതയോടും കൂടെ നടക്ക.’—എഫെസ്യർ 4:1, 2.
പുനരവലോകനം
• പിൻവരുന്ന മണ്ഡലങ്ങളിൽ സൗമ്യത പ്രകടമാക്കുന്നതുകൊണ്ടുള്ള അനുഗ്രഹങ്ങൾ ഏവ?
• കുടുംബത്തിൽ
• വയൽശുശ്രൂഷയിൽ
• സഭയിൽ
• സൗമ്യതയുള്ളവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലങ്ങൾ ഏവ?
[21 -ാം പേജിലെ ചിത്രം]
മതപരമായി വിഭജിച്ച ഭവനങ്ങളിൽ സൗമ്യത വിശേഷാൽ പ്രധാനമാണ്
[21 -ാം പേജിലെ ചിത്രം]
സൗമ്യത കുടുംബബന്ധങ്ങളെ ശക്തീകരിക്കുന്നു
[23 -ാം പേജിലെ ചിത്രം]
സൗമ്യതയോടും ആഴമായ ആദരവോടുംകൂടെ പ്രതിവാദം നടത്തുക
[24 -ാം പേജിലെ ചിത്രം]
ബുദ്ധിയുപദേശം നൽകുന്നയാളുടെ സൗമ്യത തെറ്റുകാരനെ സഹായിച്ചേക്കാം