ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 2-8
ദൈവവചനത്തിലെ നിധികൾ | എബ്രായർ 7-8
“എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ”
it-2-E 366
മൽക്കീസേദെക്ക്
പുരാതന ശാലേമിലെ രാജാവും ‘അത്യുന്നതദൈവമായ (യഹോവയുടെ) പുരോഹിതനും.’ (ഉൽ 14:18, 22) തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ആദ്യത്തെ പുരോഹിതൻ അദ്ദേഹമാണ്. ബി.സി. 1933-നു മുമ്പുള്ള ഒരു സമയത്താണ് അദ്ദേഹം പുരോഹിതനായി സേവിച്ചത്. ശാലേം എന്ന വാക്കിന് അർഥം “സമാധാനം” എന്നാണ്. അതുകൊണ്ട് പൗലോസ് അപ്പോസ്തലൻ ശാലേമിലെ രാജാവായ മൽക്കീസേദെക്കിനെ “സമാധാനത്തിന്റെ രാജാവ്” എന്നു വിളിച്ചു. മൽക്കീസേദെക്ക് എന്ന പേരിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ “നീതിയുടെ രാജാവ്” എന്നും വിളിച്ചു. (എബ്ര 7:1, 2) പുരാതന ശാലേമാണു പിന്നീട് യരുശലേം നഗരമായിത്തീർന്നത്. ആ വാക്കിൽനിന്നാണ് യരുശലേമിന് ആ പേരു കിട്ടിയതും. യരുശലേമിനെ ചിലപ്പോൾ ശാലേം എന്നും വിളിച്ചിട്ടുണ്ട്.—സങ്ക 76:2.
അബ്രാം (അബ്രാഹാം) കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോൽപ്പിച്ച് മടങ്ങിവരുമ്പോൾ ശാവേ താഴ്വരയിൽവെച്ച്, അതായത് രാജതാഴ്വരയിൽവെച്ച്, മൽക്കീസേദെക്ക് അബ്രാഹാമിനെ കണ്ടു. മൽക്കീസേദെക്ക് അബ്രാഹാമിന് “അപ്പവും വീഞ്ഞും കൊണ്ടുവന്നു.” അബ്രാഹാമിനെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ. നിന്നെ ദ്രോഹിക്കുന്നവരെ നിന്റെ കൈകളിൽ ഏൽപ്പിച്ച അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ!” അപ്പോൾ അബ്രാഹാം “എല്ലാത്തിന്റെയും,” അതായത് യുദ്ധത്തിൽ “പിടിച്ചെടുത്ത കൊള്ളവസ്തുക്കളിൽ വിശേഷപ്പെട്ടവയുടെ,” “പത്തിലൊന്ന്” മൽക്കീസേദെക്കിനു കൊടുത്തു.—ഉൽ 14:17-20; എബ്ര 7:4.
it-2-E 367 ¶4
മൽക്കീസേദെക്ക്
മൽക്കീസേദെക്കിന്റെ “ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല” എന്നു പറഞ്ഞിരിക്കുന്നത് എങ്ങനെ ശരിയാകും?
മൽക്കീസേദെക്കിനെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു കാര്യം പൗലോസ് എടുത്തുപറഞ്ഞു: “മൽക്കീസേദെക്കിന് അപ്പനില്ല, അമ്മയില്ല, വംശാവലിയില്ല, ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല. അങ്ങനെ ദൈവം മൽക്കീസേദെക്കിനെ ദൈവപുത്രനെപ്പോലെ ആക്കിത്തീർത്തതുകൊണ്ട് അദ്ദേഹം എന്നെന്നും പുരോഹിതനാണ്.” (എബ്ര 7:3) മറ്റു മനുഷ്യരെപ്പോലെത്തന്നെ, മൽക്കീസേദെക്ക് ജനിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെയും മാതാവിന്റെയും പേരുകൾ ബൈബിളിൽ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മുൻഗാമികളെയോ പിൻഗാമികളെയോ കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആരംഭത്തെയും അവസാനത്തെയും കുറിച്ചും ഒരു വിവരവുമില്ല. അതുകൊണ്ട് ഉചിതമായും മൽക്കീസേദെക്കിനു യേശുവിനെ മുൻനിഴലാക്കാൻ കഴിയും. യേശുവും അനന്തമായ ഒരു കാലത്തേക്കു പുരോഹിതനായിരിക്കും. മൽക്കീസേദെക്കിന്റെ ഏതെങ്കിലും പിൻഗാമിയോ മുൻഗാമിയോ പുരോഹിതനായി സേവിച്ചതിനെക്കുറിച്ച് ബൈബിൾ പറഞ്ഞിട്ടില്ല. അതുപോലെ ക്രിസ്തുവിനു തുല്യനായ ഒരു പുരോഹിതൻ ക്രിസ്തുവിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല എന്നു ബൈബിൾ കാണിച്ചുതരുന്നു. യേശു ജനിച്ചത് യഹൂദ ഗോത്രത്തിലെ ദാവീദിന്റെ രാജവംശത്തിലാണ്. യേശുവിന്റെ വംശാവലിക്ക് പൗരോഹിത്യവുമായി ഒരു ബന്ധവുമില്ല. പൗരോഹിത്യവും രാജത്വവും യേശുവിൽ ഒരുമിച്ച് ചേർന്നത് യേശുവിന്റെ മാനുഷികപാരമ്പര്യത്തിന്റെ ഫലമായിട്ടല്ല. മറിച്ച്, യേശുവിനോടുള്ള യഹോവയുടെ ആണയുടെ ഫലമായിട്ടാണ് അങ്ങനെ സംഭവിച്ചത്.
it-2-E 366
മൽക്കീസേദെക്ക്
ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ മാതൃക. മിശിഹയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പ്രവചനത്തിൽ “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ!” എന്ന് യഹോവ ദാവീദിന്റെ “കർത്താവിനോട്” ആണയിട്ട് പറഞ്ഞു. (സങ്ക 110:1, 4) ദൈവപ്രചോദിതമായി എഴുതിയ ഈ സങ്കീർത്തനം വാഗ്ദത്തമിശിഹ ഒരു പുരോഹിതനും രാജാവും ആയിരിക്കുമെന്നു വിശ്വസിക്കാനുള്ള കാരണം എബ്രായക്രിസ്ത്യാനികൾക്കു നൽകി. മുൻകൂട്ടിപ്പറഞ്ഞത് യേശുവിനെക്കുറിച്ചാണെന്ന് യാതൊരു സംശയത്തിനും ഇട നൽകാതെ എബ്രായർക്കുള്ള കത്തിൽ പൗലോസ് അപ്പോസ്തലൻ വ്യക്തമാക്കി. എങ്ങനെ? “എന്നേക്കുമായി മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായിത്തീർന്ന യേശു” എന്നു പറഞ്ഞുകൊണ്ട്.—എബ്ര 6:20; 5:10.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 523 ¶5
ഉടമ്പടി
നിയമ ഉടമ്പടി എങ്ങനെയാണു ‘കാലഹരണപ്പെട്ടത്?’
ഒരു പുതിയ ഉടമ്പടി നിലവിൽ വരുമെന്നു ദൈവം യിരെമ്യയിലൂടെ പ്രഖ്യാപിച്ചപ്പോൾ ഒരർഥത്തിൽ നിയമയുടമ്പടി “കാലഹരണപ്പെട്ടതായി.” (യിര 31:31-34; എബ്ര 8:13) എ.ഡി. 33-ൽ ക്രിസ്തു ദണ്ഡനസ്തംഭത്തിൽ മരിച്ചപ്പോൾ നിയമ ഉടമ്പടി നീക്കം ചെയ്യപ്പെടുകയും അതിന്റെ സ്ഥാനത്ത് പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരുകയും ചെയ്തു.—കൊലോ 2:14; എബ്ര 7:12; 9:15; പ്രവൃ 2:1-4.
വയൽസേവനത്തിനു സജ്ജരാകാം
it-1-E 524 ¶3-5
പുതിയ ഉടമ്പടി. ബി.സി. 7-ാം നൂറ്റാണ്ടിൽ യഹോവ യിരെമ്യ പ്രവാചകനിലൂടെ പുതിയ ഉടമ്പടിയെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞു. ഇസ്രായേൽ ലംഘിച്ച നിയമയുടമ്പടിയിൽനിന്ന് പുതിയ ഉടമ്പടി വ്യത്യസ്തമായിരിക്കും എന്ന് യഹോവ പറഞ്ഞു. (യിര 31:31-34) എ.ഡി. 33 നീസാൻ 14-ന്, മരിക്കുന്നതിനു മുമ്പുള്ള രാത്രിയിൽ, കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോൾ, യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരാൻപോകുന്ന പുതിയ ഉടമ്പടിയെക്കുറിച്ച് യേശു പറഞ്ഞു. (ലൂക്ക 22:20) പുനരുത്ഥാനത്തിനു ശേഷം 50-ാം ദിവസം, അതായത് സ്വർഗാരോഹണം ചെയ്ത് 10-ാം ദിവസം, യേശു യഹോവയിൽനിന്ന് ലഭിച്ച പരിശുദ്ധാത്മാവിനെ യരുശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നിരുന്ന ശിഷ്യന്മാരുടെ മേൽ പകർന്നു.—പ്രവൃ 2:1-4, 17, 33; 2കൊ 3:6, 8, 9; എബ്ര 2:3, 4.
യഹോവയും ‘ദൈവത്തിന്റെ ഇസ്രായേലും’ തമ്മിലാണു പുതിയ ഉടമ്പടി. ക്രിസ്തുവിൽ ഒന്നായിത്തീർന്ന, ക്രിസ്തുവിന്റെ സഭ അല്ലെങ്കിൽ ശരീരം ആകുന്ന, ആത്മാഭിഷിക്തക്രിസ്ത്യാനികൾ അടങ്ങുന്നതാണു ‘ദൈവത്തിന്റെ ഇസ്രായേൽ.’ (എബ്ര 8:10; 12:22-24; ഗല 6:15, 16; 3:26-28; റോമ 2:28, 29) യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തമാണു (ബലിയായി അർപ്പിച്ച മനുഷ്യജീവൻ) പുതിയ ഉടമ്പടിയെ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. സ്വർഗാരോഹണം ചെയ്തതിനു ശേഷം യേശു ആ രക്തത്തിന്റെ മൂല്യം യഹോവയ്ക്കു മുന്നിൽ സമർപ്പിച്ചു. (മത്ത 26:28) ഒരാളെ ദൈവം സ്വർഗീയവിളിക്കായി തിരഞ്ഞെടുക്കുമ്പോൾ (എബ്ര 3:1) ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ദൈവം ആ വ്യക്തിയെ തന്റെ ഉടമ്പടിയിലേക്കു കൊണ്ടുവരുന്നു. (സങ്ക 50:5; എബ്ര 9:14, 15, 26) യേശുക്രിസ്തുവാണു പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ. (എബ്ര 8:6; 9:15) അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗവും ക്രിസ്തുവാണ്. (ഗല 3:16) പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായതുകൊണ്ട്, ഉടമ്പടിയിൽ അംഗമാകുന്നവരെ അബ്രാഹാമിന്റെ യഥാർഥസന്തതിയുടെ ഭാഗമാകാൻ യേശു സഹായിക്കുന്നു. (എബ്ര 2:16; ഗല 3:29) അവരുടെ പാപങ്ങളുടെ ക്ഷമ സാധ്യമാക്കിക്കൊണ്ടാണ് യേശു ഇതു ചെയ്യുന്നത്. യഹോവ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു.—റോമ 5:1, 2; 8:33; എബ്ര 10:16, 17.
ആത്മജാതരായ, ക്രിസ്തുവിന്റെ സഹോദരന്മാരായ അഭിഷിക്തക്രിസ്ത്യാനികൾ മഹാപുരോഹിതന്റെ കീഴിലുള്ള പുരോഹിതന്മാർ, അതായത് ഒരു ‘രാജകീയ പുരോഹിതസംഘം,’ ആയിത്തീരുന്നു. (1പത്ര 2:9; വെളി 5:9, 10; 20:6) ഇവർ ഒരു പൗരോഹിത്യവേല, ഒരു ‘പൊതുജനസേവനം,’ (ഫിലി 2:17) ആണു ചെയ്യുന്നത്. ‘പുതിയ ഉടമ്പടിയുടെ ശുശ്രൂഷകർ’ എന്നാണ് അവരെ വിളിക്കുന്നത്. (2കൊ 3:6) ഇങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നവർ മരിക്കുന്നതുവരെ വിശ്വസ്തതയോടെ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലണം. അതിനു ശേഷം യഹോവ അവരെ പുരോഹിതന്മാരുടെ ഒരു രാജ്യമാക്കും. അവരെ ദൈവപ്രകൃതിയിൽ പങ്കാളികളാക്കും. ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ കൂട്ടവകാശികളായ അവർക്ക് അമർത്യതയും അനശ്വരതയും നൽകും. (1പത്ര 2:21; റോമ 6:3, 4; 1കൊ 15:53; 1പത്ര 1:4; 2പത്ര 1:4) അബ്രാഹാമിന്റെ സന്തതിയുടെ ഭാഗമായ ഒരു ജനതയെ യഹോവയുടെ നാമത്തിനുവേണ്ടി തിരഞ്ഞെടുക്കുക എന്നതാണു പുതിയ ഉടമ്പടിയുടെ ഉദ്ദേശ്യം. (പ്രവൃ 15:14) അവർ ക്രിസ്തുവിന്റെ ‘മണവാട്ടിയായിത്തീരുന്നു.’ തന്നോടൊപ്പം ഭരിക്കുന്നതിനുവേണ്ടി യേശു രാജ്യയുടമ്പടി ചെയ്ത ഒരു കൂട്ടം ആളുകളാണ് അവർ. (യോഹ 3:29; 2കൊ 11:2; വെളി 21:9; ലൂക്ക 22:29; വെളി 1:4-6; 5:9, 10; 20:6) ദൈവത്തിന്റെ ഇസ്രായേലിലെ എല്ലാ അംഗങ്ങളും അമർത്യരായി സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നതുവരെ പുതിയ ഉടമ്പടി പ്രാബല്യത്തിലുണ്ടായിരിക്കും. പുതിയ ഉടമ്പടിയുടെ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങൾ എന്നേക്കുമുള്ളതാണ്. അതുകൊണ്ടാണ് അതിനെ നിത്യമായ ഉടമ്പടി എന്നു വിളിക്കുന്നത്.—എബ്ര 13:20.
സെപ്റ്റംബർ 9-15
ദൈവവചനത്തിലെ നിധികൾ | എബ്രായർ 9–10
“വരാനിരുന്ന നന്മകളുടെ നിഴൽ”
it-1-E 862 ¶1
ക്ഷമ
ഒരു വ്യക്തി ദൈവത്തിനോ മനുഷ്യനോ എതിരെ പാപം ചെയ്താൽ ക്ഷമ ലഭിക്കുന്നതിനുവേണ്ടി എന്തു ചെയ്യണമെന്നു ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകിയ നിയമത്തിൽ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ആദ്യം അയാൾ നിയമം പറയുന്ന വിധത്തിൽ തെറ്റിനു പരിഹാരം ചെയ്യണം. മിക്കപ്പോഴും, അതിനു ശേഷം രക്തം ഉൾപ്പെടുന്ന ഒരു യാഗം യഹോവയ്ക്ക് അർപ്പിക്കുകയും വേണമായിരുന്നു. (ലേവ 5:5–6:7) ഇതിന്റെ പിന്നിലെ തത്ത്വത്തെക്കുറിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു: “മിക്കവാറും എല്ലാംതന്നെ രക്തത്താൽ ശുദ്ധിയാകുന്നു എന്നാണു നിയമം പറയുന്നത്. രക്തം ചൊരിയാതെ ക്ഷമ ലഭിക്കില്ല.” (എബ്ര 9:22) വാസ്തവത്തിൽ, മൃഗബലികളുടെ രക്തത്തിനു ഒരു വ്യക്തിയുടെ പാപം നീക്കാനോ അയാളുടെ മനസാക്ഷിയെ പൂർണമായി ശുദ്ധമാക്കാനോ കഴിയില്ല. (എബ്ര 10:1-4; 9:9, 13, 14) നേരെമറിച്ച്, മുൻകൂട്ടിപ്പറയപ്പെട്ട പുതിയ ഉടമ്പടി യേശുക്രിസ്തു നൽകിയ മോചനവിലയിലൂടെ പാപങ്ങളുടെ യഥാർഥ ക്ഷമ സാധ്യമാക്കുന്നു. (യിര 31:33, 34; മത്ത 26:28; 1കൊ 11:25; എഫ 1:7) തളർന്നുപോയ ഒരാളെ സുഖപ്പെടുത്തിക്കൊണ്ട് തനിക്കു പാപങ്ങൾ ക്ഷമിക്കാനുള്ള അധികാരമുണ്ടെന്നു ഭൂമിയിലായിരുന്നപ്പോൾപ്പോലും യേശു കാണിച്ചു.—മത്ത 9:2-7.
it-2-E 602-603
പൂർണത
മോശയുടെ നിയമത്തിന്റെ പൂർണത. പൗരോഹിത്യശുശ്രൂഷ നടത്തുന്നതിനും മൃഗബലികൾ അർപ്പിക്കുന്നതിനും വേണ്ട ക്രമീകരണങ്ങളെപ്പറ്റി ഇസ്രായേൽ ജനത്തിനു മോശയിലൂടെ നൽകിയ നിയമത്തിൽ പറഞ്ഞിരുന്നു. നിയമം യഹോവ നൽകിയതായതുകൊണ്ടു പൂർണമായിരുന്നു. എങ്കിലും അപ്പോസ്തലൻ പറയുന്നതുപോലെ, ആ നിയമമോ പൗരോഹിത്യ ക്രമീകരണമോ ബലികളോ ഒന്നും ആ നിയമത്തിൻ കീഴിൽ ഉള്ളവരെ പൂർണതയിലേക്കു നയിച്ചില്ല. (എബ്ര 7:11, 19; 10:1) പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം കൊടുക്കുന്നതിനു പകരം പാപം എന്താണെന്നു ആ നിയമം വ്യക്തമായി തുറന്നുകാട്ടി. (റോമ 3:20; 7:7-13) എങ്കിലും ദൈവം എന്തിനുവേണ്ടിയാണോ ഈ കരുതലുകൾ ചെയ്തത്, ആ ഉദ്ദേശ്യം അവ സാധിച്ചു. മോശയുടെ നിയമം ക്രിസ്തുവിലേക്കു നയിക്കുന്ന “ശിശുപാലകനായി.” ‘വരാനുള്ള നന്മകളുടെ’ പൂർണതയുള്ള ഒരു ‘നിഴലായിരുന്നു’ അത്. (ഗല 3:19-25; എബ്ര 10:1) “ജഡത്തിന്റെ ബലഹീനത കാരണം നിയമത്തിനു ചെയ്യാൻ കഴിയാഞ്ഞതു” (റോമ 8:3) എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? എബ്ര 7:11-ഉം 18-28-ഉം വിശദീകരിക്കുന്നതുപോലെ ജൂതന്മാരുടെ മഹാപുരോഹിതനു (നിയമമനുസരിച്ച് അദ്ദേഹത്തിനായിരുന്നു യാഗക്രമീകരണങ്ങളുടെ മേൽനോട്ടം. അതുപോലെ പാപപരിഹാരദിവസം ബലിമൃഗങ്ങളുടെ രക്തവുമായി അതിവിശുദ്ധത്തിലേക്ക് ചെന്നിരുന്നതും അദ്ദേഹമാണ്.) താൻ സേവിച്ചിരുന്നവരെ “പൂർണമായി രക്ഷിക്കാൻ” കഴിയാതിരുന്നതിനെയാണ് അത് അർഥമാക്കിയത്. അഹരോന്യപൗരോഹിത്യത്തിലൂടെയുള്ള ബലികൾ ജനത്തിനു ദൈവമുമ്പാകെ അംഗീകൃതനില ഉണ്ടാകാൻ സഹായിച്ചു എന്നതു ശരിയാണ്. എങ്കിലും തങ്ങൾ പാപികളാണെന്ന ചിന്തയിൽനിന്ന് അത് അവരെ പൂർണമായി മോചിപ്പിച്ചില്ല. പാപപരിഹാരദിവസത്തിലെ ബലികൾക്കു, “വരുന്നവരെ പരിപൂർണരാക്കാൻ” കഴിയില്ല, അതായത് അവരുടെ മനസ്സാക്ഷിയെ പൂർണമായി ശുദ്ധമാക്കാൻ കഴിയില്ല എന്നു പറഞ്ഞപ്പോൾ ഇതാണ് അപ്പോസ്തലൻ അർഥമാക്കിയത്. (എബ്ര 10:1-4; എബ്ര 9:9 താരതമ്യം ചെയ്യുക.) പാപത്തിൽനിന്ന് പൂർണമായി മോചിപ്പിക്കാൻ കഴിയുന്ന ഒരു മോചനവില കൊടുക്കാൻ മഹാപുരോഹിതനു സാധിക്കില്ലായിരുന്നു. പുരോഹിതൻ എന്ന നിലയിലുള്ള ക്രിസ്തുവിന്റെ സേവനത്തിനും അനുയോജ്യമായ ബലിക്കും മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. —എബ്ര 9:14; 10:12-22.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 249-250
സ്നാനം
സ്നാനസമയത്ത് യേശു പ്രാർഥിക്കുകയായിരുന്നെന്നു ലൂക്കോസ് റിപ്പോർട്ടു ചെയ്യുന്നു. (ലൂക്ക 3:21) കൂടാതെ, എബ്രായർക്കുള്ള കത്തിന്റെ എഴുത്തുകാരൻ പറയുന്നതനുസരിച്ച്, യേശു “ലോകത്തിലേക്കു വരുമ്പോൾ” (അതായത്, യേശു ജനിച്ചപ്പോഴല്ല. കാരണം അപ്പോൾ ഈ വാക്കുകൾ വായിക്കാനോ പറയാനോ കഴിയുമായിരുന്നില്ല. മറിച്ച് സ്നാനസമയത്ത് തന്നെത്തന്നെ വിട്ടുകൊടുക്കുകയും ശുശ്രൂഷ ആരംഭിക്കുകയും ചെയ്തപ്പോഴാണ്.) സങ്കീർത്തനം 40:6-8-ലെ (LXX) വാക്കുകൾ പറയുകയായിരുന്നു: “ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല; എന്നാൽ അങ്ങ് എനിക്കായി ഒരു ശരീരം ഒരുക്കി. . . . ‘ഇതാ, ഞാൻ വന്നിരിക്കുന്നു. (ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.) ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.’” (എബ്ര 10:5-9) യേശു ജനനംകൊണ്ട് ജൂതജനതയിലെ ഒരു അംഗം ആയിരുന്നു. ആ ജനത ‘നിയമയുടമ്പടി’ മുഖേന ദൈവവുമായി ഉടമ്പടി ബന്ധത്തിലായിരുന്നു. (പുറ 19:5-8; ഗല 4:4) അതുകൊണ്ട് യോഹന്നാന്റെ അടുത്ത് സ്നാനമേൽക്കാൻ വരുന്നതിനു മുമ്പേ യേശു ദൈവമായ യഹോവയുമായി ഉടമ്പടിബന്ധത്തിലായിരുന്നു. നിയമം അനുസരിച്ച് തനിക്കു ചെയ്യാൻ കടപ്പാടില്ലാത്ത ഒരു കാര്യമാണ് യേശു ഇവിടെ ചെയ്യുന്നത്. പിതാവായ യഹോവയുടെ “ഇഷ്ടം” ചെയ്യുന്നതിനു യേശു തന്നെത്തന്നെ പിതാവിനു വിട്ടുകൊടുക്കുകയായിരുന്നു. എന്തായിരുന്നു ആ “ഇഷ്ടം?” തന്റെ ‘ഒരുക്കിയ’ ശരീരം യാഗമായി അർപ്പിക്കുന്നതും അതുവഴി മോശയുടെ നിയമത്തിന്റെ കീഴിൽ അർപ്പിച്ചിരുന്ന മൃഗബലികൾ നിർത്തലാക്കുന്നതും ആ ഇഷ്ടത്തിൽ ഉൾപ്പെട്ടിരുന്നു. പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു: “ആ ‘ഇഷ്ടത്താൽ’ യേശുക്രിസ്തു ഒരിക്കലായിട്ടു തന്റെ ശരീരം അർപ്പിക്കുകയും അങ്ങനെ നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്തു.” (എബ്ര 10:10) ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി യേശു തന്നെത്തന്നെ വിട്ടുകൊടുക്കുക എന്നതും പിതാവിന്റെ ഇഷ്ടമായിരുന്നു. (ലൂക്ക 4:43; 17:20, 21) യേശു തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ യഹോവ എങ്ങനെയാണു പ്രതികരിച്ചത്? യഹോവ യേശുവിനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുകയും ഇങ്ങനെ പറയുകയും ചെയ്തു: “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” യേശുവിന്റെ പ്രവൃത്തി യഹോവ അംഗീകരിച്ചു എന്നാണ് ഇതു കാണിക്കുന്നത്.—മർ 1:9-11; ലൂക്ക 3:21-23; മത്ത 3:13-17.
സെപ്റ്റംബർ 16- 22
ദൈവവചനത്തിലെ നിധികൾ | എബ്രായർ 11
“വിശ്വാസത്തിന്റെ പ്രാധാന്യം”
w13-E 11/1 11 ¶2-5
‘ദൈവത്തെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകും’
യഹോവയെ സന്തോഷിപ്പിക്കുന്നത് എന്താണ്? പൗലോസ് എഴുതുന്നു: “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.” ശ്രദ്ധിക്കുക, വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നല്ല പൗലോസ് പറയുന്നത്. മറിച്ച് കഴിയില്ലെന്നുതന്നെയാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തെ പ്രസാദിപ്പിക്കാൻ ഒഴിച്ചുകൂടാനാകാത്ത ഒന്നാണു വിശ്വാസം.
ഏതു തരം വിശ്വാസമാണ് യഹോവയെ സന്തോഷിപ്പിക്കുന്നത്? ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു രണ്ടു വശങ്ങളുണ്ട്. ഒന്ന്, നമ്മൾ ‘ദൈവമുണ്ടെന്നു വിശ്വസിക്കേണ്ടതാണ്.’ മറ്റൊരു പരിഭാഷ പറയുന്നതനുസരിച്ച് “ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കണം.” ദൈവത്തിന്റെ അസ്തിത്വത്തിൽ സംശയമുണ്ടെങ്കിൽ നമുക്ക് എങ്ങനെയാണു ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയുക? എന്നാൽ യഥാർഥവിശ്വാസത്തിൽ അതിലേറെ ഉൾപ്പെടുന്നുണ്ട്. കാരണം ഭൂതങ്ങൾപോലും യഹോവയുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നുണ്ട്. (യാക്കോബ് 2:19) ദൈവമുണ്ട് എന്ന നമ്മുടെ വിശ്വാസം നമ്മളെ പ്രവൃത്തിയിലേക്കു നയിക്കണം. അതായത്, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ജീവിച്ചുകൊണ്ട് നമ്മൾ നമ്മുടെ വിശ്വാസം തെളിയിച്ച് കാണിക്കണം.—യാക്കോബ് 2:20, 26
രണ്ട്, നമ്മൾ “ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.” ദൈവത്തിൽ യഥാർഥവിശ്വാസമുള്ള ഒരു വ്യക്തിക്കു ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കാൻ ശ്രമിക്കുന്നതു വെറുതേയാകില്ല എന്ന് ഉറച്ച ബോധ്യമുണ്ട്. (1 കൊരിന്ത്യർ 15:58) യഹോവയ്ക്കു പ്രതിഫലം നൽകാൻ ആഗ്രഹമില്ലെന്നോ, കഴിവില്ലെന്നോ കരുതുകയാണെങ്കിൽ നമുക്ക് എങ്ങനെ ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയും? (യാക്കോബ് 1:17; 1 പത്രോസ് 5:7) കരുതലില്ലാത്ത, വിലമതിപ്പില്ലാത്ത, ഉദാരനല്ലാത്ത ഒരാളാണു ദൈവമെന്ന് ഒരു വ്യക്തി കരുതുന്നെങ്കിൽ അയാൾക്കു ബൈബിളിലെ ദൈവത്തെ അറിയില്ല.
യഹോവ ആർക്കാണു പ്രതിഫലം നൽകുന്നത്? ദൈവത്തെ “ആത്മാർഥമായി അന്വേഷിക്കുന്നവർക്ക്” എന്നാണു പൗലോസ് പറഞ്ഞത്. ബൈബിൾ പരിഭാഷകർക്കുവേണ്ടിയുള്ള ഒരു ഗ്രന്ഥം പറയുന്നത് “ആത്മാർഥമായി അന്വേഷിക്കുന്നവർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിനു ‘കണ്ടെത്താൻ പോകുന്ന’ എന്ന അർഥമല്ല, പകരം, “ആരാധനയിൽ” ദൈവത്തിന്റെ അടുത്തേക്കു വരുന്നതിനെയാണു കുറിക്കുന്നത്. വേറൊരു ഗ്രന്ഥം പറയുന്നത് ഈ ഗ്രീക്കു പദം ഏകാഗ്രവും തീവ്രവും ആയ ശ്രമത്തെയാണ് കുറിക്കുന്നത് എന്നാണ്. മുഴുഹൃദയത്തോടെയും മുഴുശക്തിയോടെയും ദൈവത്തെ ആരാധിക്കാൻ വിശ്വാസം പ്രേരിപ്പിക്കുന്ന വ്യക്തികൾക്കു ദൈവം തീർച്ചയായും പ്രതിഫലം നൽകും.—മത്തായി 22:37.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 804 ¶5
വിശ്വാസം
വിശ്വാസത്തിന്റെ പുരാതനകാല മാതൃകകൾ. പൗലോസ് സൂചിപ്പിച്ച ‘സാക്ഷികളുടെ ഇത്ര വലിയൊരു കൂട്ടത്തിൽ’ ഉൾപ്പെട്ട ഓരോരുത്തരുടെയും വിശ്വാസത്തിന് ഉറച്ച അടിസ്ഥാനമുണ്ടായിരുന്നു. (എബ്ര 12:1) ഉദാഹരണത്തിന്, സർപ്പത്തിന്റെ തല തകർക്കുന്ന സന്തതിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം ഹാബേലിന് അറിയാമായിരുന്നു. തന്റെ മാതാപിതാക്കളുടെ മേൽ യഹോവ വിധിച്ച ശിക്ഷ നിറവേറുന്നതിന്റെ വ്യക്തമായ തെളിവുകൾ ഹാബേൽ കണ്ടു. ഏദെനു വെളിയിൽ, ഭൂമി ശപിക്കപ്പെട്ടിരുന്നതു കാരണം നിലത്തുനിന്ന് മുൾച്ചെടിയും ഞെരിഞ്ഞിലും വളർന്നു. ദൈവം പറഞ്ഞതുപോലെ, ആദാമും കുടുംബവും വിയർത്ത മുഖത്തോടെ ആഹാരം കഴിച്ചു. ഭർത്താവിന്റെ സ്നേഹത്തിനും വാത്സല്യത്തിനും ആയി ഹവ്വ അമിതമായി മോഹിക്കുന്നതും ആദാം ഭാര്യയെ ഭരിക്കുന്നതും ഹാബേൽ നിരീക്ഷിച്ചുകാണും. പ്രസവസമയത്തെ തന്റെ വേദനയെക്കുറിച്ച് ഹവ്വ തീർച്ചയായും പറഞ്ഞിട്ടുണ്ടാകും. അതുപോലെ, ഏദെൻ തോട്ടത്തിന്റെ വാതിൽക്കൽ കെരൂബുകൾ കാവൽ നിൽപ്പുണ്ടായിരുന്നു, അങ്ങോട്ട് ആരും പ്രവേശിക്കാതിരിക്കാൻ കവാടത്തിൽ ജ്വലിക്കുന്ന വായ്ത്തലയുള്ള ഒരു വാളും കറങ്ങിക്കൊണ്ടിരുന്നു. (ഉൽ 3:14-19, 24) ഇതെല്ലാം ഹാബേലിനു ‘ശക്തമായ തെളിവുകളായിരുന്നു.’ വാഗ്ദത്തസന്തതിയിലൂടെ മോചനം ലഭിക്കുമെന്നു ഹാബേലിന് അത് ഉറപ്പേകി. വിശ്വാസത്താൽ പ്രേരിതനായി, ഹാബേൽ “ദൈവത്തിനു . . . ബലി അർപ്പിച്ചു.” അതു കയീന്റേതിനെക്കാൾ ഏറെ മൂല്യമുള്ള ഒന്നായിരുന്നു.—എബ്ര 11:1, 4.
സെപ്റ്റംബർ 23-29
ദൈവവചനത്തിലെ നിധികൾ | എബ്രായർ 12-13
“ശിക്ഷണം—യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവ്”
w12-E 7/1 21 ¶3
“പ്രാർഥിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥിക്കണം: ‘പിതാവേ’”
സ്നേഹമുള്ള ഒരു പിതാവ് മക്കൾക്കു ശിക്ഷണം കൊടുക്കും. അവർ മുതിർന്നുവരുമ്പോൾ എങ്ങനെയുള്ള ആളുകളാകുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു ചിന്തയുണ്ട്. (എഫെസ്യർ 6:4) അദ്ദേഹം കർക്കശക്കാരനായിരുന്നേക്കാം. പക്ഷേ കുട്ടികളെ തിരുത്തുമ്പോൾ അദ്ദേഹം ഒരിക്കലും മോശമായി പെരുമാറില്ല. സമാനമായി ചിലപ്പോഴൊക്കെ നമുക്കു ശിക്ഷണം ആവശ്യമാണെന്നു നമ്മുടെ സ്വർഗീയ പിതാവ് മനസ്സിലാക്കും. പക്ഷേ ദൈവത്തിന്റെ ശിക്ഷണം എപ്പോഴും സ്നേഹത്തിൽ ചാലിച്ചാണു തരുന്നത്. അത് ഒരിക്കലും ക്രൂരമല്ല. പിതാവിനെപ്പോലെ യേശുവും ഒരിക്കലും പരുക്കനായിരുന്നില്ല. തിരുത്തൽ കിട്ടിയപ്പോൾ ശിഷ്യന്മാർ ആദ്യമൊന്നും മാറ്റം വരുത്തിയില്ല. അപ്പോഴും യേശു മോശമായി പെരുമാറിയില്ല.—മത്തായി 20:20-28; ലൂക്കോസ് 22:24-30.
സെപ്റ്റംബർ 30–ഒക്ടോബർ 6
ദൈവവചനത്തിലെ നിധികൾ | യാക്കോബ് 1-2
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 253-254
വെളിച്ചം
യഹോവ ‘ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവാണ്.’ (യാക്ക 1:17) “പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ” തരുകയും “രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ” വെക്കുകയും മാത്രമല്ല യഹോവ ചെയ്യുന്നത്. യഹോവ എല്ലാ ആത്മീയവെളിച്ചങ്ങളുടെയും ഉറവിടമാണ്. (യിര 31:35; 2കൊ 4:6) തങ്ങളെ വഴിനയിക്കാൻ യഹോവയുടെ നിയമങ്ങളെയും തീർപ്പുകളെയും വചനത്തെയും അനുവദിക്കുന്നവർക്ക് അത് വെളിച്ചം പകരും. (സങ്ക 43:3; 119:105; സുഭ 6:23; യശ 51:4) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.” (സങ്ക 36:9; സങ്ക 27:1-ഉം 43:3-ഉം താരതമ്യം ചെയ്യുക) പ്രഭാതത്തിലെ സൂര്യപ്രകാശം “നട്ടുച്ചവരെ” കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നതുപോലെയാണു നീതിമാന്മാരുടെ പാത. ദൈവികജ്ഞാനം വെളിച്ചം പകരുന്ന അതു കൂടുതൽക്കൂടുതൽ ശോഭയുള്ളതാകുന്നു. (സുഭ 4:18) യഹോവ കാണിച്ചുതരുന്ന പാതയിലൂടെ നടക്കുക എന്നാൽ യഹോവയുടെ വെളിച്ചത്തിൽ നടക്കുക എന്നാണ് അർഥം. (യശ 2:3-5) നേരേ മറിച്ച്, കാര്യങ്ങളെ ഒരു മോശമായ കണ്ണിലൂടെയോ ദുഷ്ടബുദ്ധിയോടെയോ കാണുന്ന ഒരു വ്യക്തി വലിയ ആത്മീയ അന്ധകാരത്തിലാണ്. യേശുവിന്റെ വാക്കുകൾ ഓർക്കുക: “കണ്ണ് അസൂയയുള്ളതാണെങ്കിൽ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുട്ടാണെങ്കിൽ ആ ഇരുട്ട് എത്ര വലുതായിരിക്കും!”—മത്ത 6:23; ആവ 15:9-ഉം 28:54-57-ഉം സുഭ 28:22-ഉം 2പത്ര 2:14-ഉം താരതമ്യം ചെയ്യുക.
it-2-E 222 ¶4
നിയമം
‘രാജകീയനിയമം.’ മനുഷ്യർ തമ്മിലുള്ള പെരുമാറ്റത്തിനു തന്റെ പ്രജകൾക്കുവേണ്ടി ഒരു രാജാവ് വെക്കുന്ന നിയമങ്ങളിൽ മുന്തിനിൽക്കുന്നതു ‘രാജകീയനിയമമാണ്.’ (യാക്ക 2:8) നിയമ ഉടമ്പടിയുടെ അടിസ്ഥാനം സ്നേഹമാണ്. മാത്രമല്ല, മുഴുനിയമവും പ്രവാചകവചനങ്ങളും അടങ്ങിയിരിക്കുന്ന കല്പനകളിൽ രണ്ടാമത്തേത് ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം (രാജകീയനിയമം) എന്നതാണ്. (മത്ത 22:37-40) ക്രിസ്ത്യാനികൾ ഇന്ന് നിയമ ഉടമ്പടിയുടെ കീഴിലല്ല. എന്നാൽ പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അവർ രാജാവായ യഹോവയുടെയും മകനായ യേശുക്രിസ്തുവിന്റെയും നിയമത്തിൻകീഴിലാണ്.