പഠനലേഖനം 29
യേശുവിന്റെ നേതൃത്വത്തിൻകീഴിൽ പ്രവർത്തിക്കുക
“സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.”—മത്താ. 28:18.
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
ചുരുക്കംa
1. ഇന്ന് യഹോവ ആഗ്രഹിക്കുന്നത് എന്താണ്?
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഇന്നു ഭൂമിയിൽ എല്ലായിടത്തും പ്രസംഗിക്കണമെന്നതു ദൈവത്തിന്റെ ഇഷ്ടമാണ്. (മർക്കോ. 13:10; 1 തിമൊ. 2:3, 4) യഹോവ അതിനെ വളരെ പ്രധാനപ്പെട്ടതായി കാണുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പ്രവർത്തനത്തെ നയിക്കാനുള്ള ഉത്തരവാദിത്വം യഹോവ തന്റെ പ്രിയമകനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. നേതൃത്വമെടുക്കുന്നതു യേശുവായതുകൊണ്ട്, അവസാനം വരുന്നതിനു മുമ്പായി യഹോവ ആഗ്രഹിക്കുന്ന രീതിയിൽത്തന്നെ ഈ പ്രവർത്തനം പൂർത്തിയാകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—മത്താ. 24:14.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ആത്മീയാഹാരം നൽകുന്നതിനുവേണ്ടി യേശു എങ്ങനെയാണു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ ഉപയോഗിക്കുന്നതെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. കൂടാതെ ഈ അടിമയെ ഉപയോഗിച്ച് ഇതുവരെ നടന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ പ്രസംഗപ്രവർത്തനത്തിനു യേശു തന്റെ അനുഗാമികളെ സംഘടിപ്പിക്കുന്നത് എങ്ങനെയാണെന്നും കാണും. (മത്താ. 24:45) ഇനി, യേശുവിനെയും വിശ്വസ്ത അടിമയെയും നമുക്ക് ഓരോരുത്തർക്കും എങ്ങനെ പിന്തുണയ്ക്കാമെന്നും മനസ്സിലാക്കും.
യേശു പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നു
3. യേശുവിന് എന്ത് അധികാരം കിട്ടിയിരിക്കുന്നു?
3 യേശുവാണ് ഇന്നു പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നത്. നമുക്ക് അത് എങ്ങനെ അറിയാം? സ്വർഗത്തിലേക്കു പോകുന്നതിനു തൊട്ടുമുമ്പ് യേശു ഗലീലയിലെ ഒരു മലയിൽവെച്ച് വിശ്വസ്തരായ കുറെ ശിഷ്യന്മാരുമായി കൂടിക്കണ്ടു. അപ്പോൾ യേശു അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.” എന്നിട്ട് തൊട്ടടുത്ത വാചകത്തിൽ യേശു പറഞ്ഞതു ശ്രദ്ധിക്കുക: ‘അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക.’ (മത്താ. 28:18, 19) അതു കാണിക്കുന്നതു പല ഉത്തരവാദിത്വങ്ങളോടും ഒപ്പം പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കാനുള്ള അധികാരവും യേശുവിനു കിട്ടിയിട്ടുണ്ടെന്നാണ്.
4. യേശുവാണ് ഇന്നും പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നതെന്നു നമുക്ക് എങ്ങനെ ഉറപ്പിച്ചുപറയാം?
4 സന്തോഷവാർത്ത അറിയിക്കുകയും ആളുകളെ ശിഷ്യരാക്കുകയും ചെയ്യുന്ന പ്രവർത്തനം ‘എല്ലാ ജനതകളുടെയും’ ഇടയിൽ നടക്കുമെന്നു യേശു പറഞ്ഞു. കൂടാതെ “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും” തന്റെ അനുഗാമികളുടെകൂടെ ഉണ്ടായിരിക്കുമെന്നും യേശു ഉറപ്പുനൽകി. (മത്താ. 28:20) നമ്മുടെ ഈ നാളിലും പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നതു യേശുവാണെന്നാണ് ആ വാക്കുകൾ സൂചിപ്പിക്കുന്നത്.
5. സങ്കീർത്തനം 110:3-ലെ പ്രവചനം നിറവേറുന്നതിൽ നമുക്ക് എന്തു പങ്കുണ്ട്?
5 ഈ വ്യവസ്ഥിതിയുടെ അവസാനകാലത്ത് പ്രസംഗപ്രവർത്തനം ചെയ്യാൻ ആവശ്യത്തിന് ആളുകൾ ഉണ്ടായിരിക്കുമോ എന്ന ഉത്കണ്ഠയൊന്നും യേശുവിന് ഇല്ലായിരുന്നു. കാരണം സങ്കീർത്തനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് അങ്ങനെതന്നെ നടക്കുമെന്നു യേശുവിന് അറിയാമായിരുന്നു. അവിടെ പറയുന്നു: “അങ്ങയുടെ സേനാദിവസത്തിൽ അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും.” (സങ്കീ. 110:3) നമ്മൾ ഇന്ന് ആളുകളെ സന്തോഷവാർത്ത അറിയിക്കുമ്പോൾ, ആ പ്രവചനം നിറവേറുകയാണ്. കൂടാതെ നമ്മൾ യേശുവിനെയും വിശ്വസ്തനും വിവേകിയും ആയ അടിമയെയും അതിലൂടെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ന് ഈ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. എന്നാൽ അതോടൊപ്പം പല പ്രതിസന്ധികളുമുണ്ട്.
6. നമ്മൾ ഇന്നു നേരിടുന്ന ഒരു പ്രശ്നം എന്താണ്?
6 പ്രസംഗപ്രവർത്തനവുമായി ബന്ധപ്പെട്ട് നമ്മൾ ഇന്നു നേരിടുന്ന ഒരു പ്രശ്നം എതിരാളികളിൽനിന്നുള്ള എതിർപ്പാണ്. വിശ്വാസത്യാഗികളും മതനേതാക്കന്മാരും രാഷ്ട്രീയക്കാരും നമ്മുടെ പ്രവർത്തനത്തെക്കുറിച്ച് ആളുകളിൽ തെറ്റായ ധാരണകളുണ്ടാക്കാൻ ശ്രമിക്കുന്നു. ഇത്തരം വ്യാജവാർത്തകൾ വിശ്വസിച്ച് നമ്മുടെ ബന്ധുക്കളും പരിചയക്കാരും കൂടെ ജോലി ചെയ്യുന്നവരും യഹോവയെ സേവിക്കുന്നതിൽനിന്നും പ്രസംഗപ്രവർത്തനം ചെയ്യുന്നതിൽനിന്നും നമ്മളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചേക്കാം. ചില രാജ്യങ്ങളിൽ ശത്രുക്കൾ നമ്മുടെ സഹോദരങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും അറസ്റ്റു ചെയ്യുകയും ജയിലിൽ അടയ്ക്കുകയുംപോലും ചെയ്തിരിക്കുന്നു. ഇതൊന്നും നമ്മളെ അതിശയിപ്പിക്കുന്നില്ല. കാരണം യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “എന്റെ പേര് നിമിത്തം എല്ലാ ജനതകളും നിങ്ങളെ വെറുക്കും.” (മത്താ. 24:9) നമുക്ക് ഇതുപോലുള്ള എതിർപ്പുകൾ നേരിടുന്നു എന്നതുതന്നെ നമ്മൾ യഥാർഥത്തിൽ യേശുവിന്റെ ശിഷ്യന്മാരാണ് എന്നതിന്റെയും നമുക്ക് യഹോവയുടെ അംഗീകാരമുണ്ട് എന്നതിന്റെയും തെളിവാണ്. (മത്താ. 5:11, 12) ഈ എതിർപ്പിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നതു പിശാചാണ്. എന്നാൽ നമുക്ക് ഒന്ന് ഓർക്കാം: സാത്താനെക്കാളെല്ലാം വളരെ ശക്തനാണു യേശു! ഇന്നു യേശുവിന്റെ പിന്തുണയോടെ നമുക്ക് എല്ലാ ജനതകളുടെയും ഇടയിൽ സന്തോഷവാർത്ത അറിയിക്കാനാകുന്നു.
7. വെളിപാട് 14:6, 7 നിറവേറുന്നു എന്നതിന്റെ എന്തെല്ലാം തെളിവാണു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്?
7 സന്തോഷവാർത്ത എല്ലാ ജനതകളുടെയും ഇടയിൽ എത്തിക്കുന്നതിനുള്ള മറ്റൊരു തടസ്സം ഭാഷയാണ്. എന്നാൽ നമ്മുടെ നാളിൽ ആ പ്രശ്നത്തെ മറികടക്കുമെന്ന് അപ്പോസ്തലനായ യോഹന്നാനു യേശു നൽകിയ വെളിപാടിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (വെളിപാട് 14:6, 7 വായിക്കുക.) അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നു കഴിയുന്നത്ര ആളുകൾക്കു സ്വന്തം ഭാഷയിൽ രാജ്യസന്ദേശം കേൾക്കാനും അതു സ്വീകരിക്കാനും ഉള്ള അവസരം നമ്മൾ കൊടുത്തുകൊണ്ടിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആളുകൾക്കു നമ്മുടെ jw.org വെബ്സൈറ്റിൽനിന്ന് ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കാനാകും. കാരണം 1,000-ത്തിലേറെ ഭാഷകളിൽ അവ ഈ സൈറ്റിൽ ലഭ്യമാണ്. കൂടാതെ ആളുകളെ ശിഷ്യരാക്കുന്നതിനുവേണ്ടി ഇന്നു പ്രധാനമായി ഉപയോഗിക്കുന്ന ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകം 700-ലധികം ഭാഷകളിലേക്കു പരിഭാഷ ചെയ്യാനുള്ള അനുവാദവും ഭരണസംഘം കൊടുത്തിട്ടുണ്ട്. ഇനി, കേൾവിശക്തിയില്ലാത്തവർക്കുവേണ്ടി വീഡിയോ രൂപത്തിലും കാഴ്ചശക്തിയില്ലാത്തവർക്കുവേണ്ടി ബ്രെയിൽ ലിപിയിലും നമ്മൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പുറത്തിറക്കുന്നു. അങ്ങനെ ബൈബിൾ പ്രവചനങ്ങൾ നിറവേറുന്നതു നമുക്കു കൺമുന്നിൽ കാണാം. “ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള” ആളുകൾ ഇന്നു ബൈബിൾസത്യമാകുന്ന “ശുദ്ധമായ ഒരു ഭാഷ” സംസാരിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. (സെഖ. 8:23; സെഫ. 3:9) ഇതെല്ലാം ഇന്നു നടക്കുന്നതു യേശുക്രിസ്തു മികച്ച രീതിയിൽ പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നതുകൊണ്ടാണ്.
8. നമ്മുടെ പ്രസംഗപ്രവർത്തനംകൊണ്ട് ഇതുവരെ എന്തെല്ലാം നല്ല ഫലങ്ങളുണ്ടായിരിക്കുന്നു?
8 ഇന്ന് 240 ദേശങ്ങളിൽ 80 ലക്ഷത്തിലധികം ആളുകൾ യഹോവയുടെ സംഘടനയോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ഓരോ വർഷവും 1,00,000-ത്തിലധികം ആളുകൾ സ്നാനമേൽക്കുന്നുമുണ്ട്. എന്നാൽ ഇതിനെക്കാളെല്ലാം എടുത്തുപറയേണ്ട ഒരു കാര്യം പുതുതായി ശിഷ്യരായിത്തീർന്നവർ ജീവിതത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ്. അവർ ക്രിസ്തീയഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട് “പുതിയ വ്യക്തിത്വം” ധരിച്ചിരിക്കുന്നു. (കൊലോ. 3:8-10) അവരിൽ പലരും മുമ്പ് കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നവരും അക്രമസ്വഭാവമുള്ളവരും മുൻവിധിയുള്ളവരും ദേശീയവാദികളും ഒക്കെ ആയിരുന്നു. എന്നാൽ അവർ അതെല്ലാം ഉപേക്ഷിക്കാൻ തയ്യാറായി. യശയ്യ 2:4-ലെ പ്രവചനം നിറവേറുന്നതു നമുക്കു കാണാനാകുന്നു. ‘അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയില്ല’ എന്നാണ് അവിടെ പറയുന്നത്. നല്ല ശ്രമം ചെയ്ത് നമ്മൾ പുതിയ വ്യക്തിത്വം ധരിക്കുന്നതു കാണുമ്പോൾ അതു കൂടുതൽക്കൂടുതൽ ആളുകളെ യഹോവയുടെ സംഘടനയിലേക്ക് ആകർഷിക്കുന്നു. കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ യേശുക്രിസ്തുവിന്റെ നേതൃത്വത്തിനു കീഴ്പെടുന്നെന്നു നമ്മൾ തെളിയിക്കുകയുമാണ്. (യോഹ. 13:35; 1 പത്രോ. 2:12) ഇതൊന്നും തനിയെ സംഭവിക്കുന്നതല്ല, ആവശ്യമായ സഹായം യേശു നമുക്കു ചെയ്തുതരുന്നുണ്ട്.
യേശു ഒരു അടിമയെ നിയമിക്കുന്നു
9. മത്തായി 24:45-47-ൽ അവസാനകാലത്തെക്കുറിച്ച് യേശു എന്തു മുൻകൂട്ടിപ്പറഞ്ഞിരുന്നു?
9 മത്തായി 24:45-47 വായിക്കുക. അവസാനകാലത്ത് ആത്മീയഭക്ഷണം നൽകുന്നതിനുവേണ്ടി ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നിയമിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. അങ്ങനെ ഒരു അടിമ ഇന്നുണ്ടോ? ഉണ്ട്. അഭിഷിക്തക്രിസ്ത്യാനികളുടെ ഒരു ചെറിയ കൂട്ടമാണ് ആ അടിമ. യേശു ഇന്ന് അവരെ ഉപയോഗിച്ച് ദൈവജനത്തിനും താത്പര്യക്കാർക്കും “തക്കസമയത്ത്” ആത്മീയഭക്ഷണം നൽകുന്നു. ഈ അടിമ ദൈവജനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ അവർ മറ്റുള്ളവരുടെ വിശ്വാസത്തിന്മേൽ ആധിപത്യം നടത്തുന്നില്ല. (2 കൊരി. 1:24) ദൈവജനത്തിന്റെ “നായകനും ഭരണാധികാരിയും” യേശുവാണെന്ന ബോധ്യത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്.—യശ. 55:4.
10. ചിത്രത്തിൽ കാണുന്ന ഏതു പുസ്തകമാണ് യഹോവയെക്കുറിച്ച് പഠിച്ചുതുടങ്ങാൻ നിങ്ങളെ സഹായിച്ചത്?
10 1919 മുതൽ വിശ്വസ്തനും വിവേകിയും ആയ അടിമ താത്പര്യക്കാർക്കു ബൈബിൾസത്യങ്ങൾ പഠിക്കുന്നതിനുവേണ്ടി പല തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1921-ൽ, അടിസ്ഥാന ബൈബിൾസത്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നതിനുവേണ്ടി ദൈവത്തിന്റെ കിന്നരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. തുടർന്ന് ഓരോ കാലത്തും പുതുതായി പല പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നമ്മുടെ സ്വർഗീയപിതാവിനെ അറിയാനും സ്നേഹിക്കാനും ഏതു പുസ്തകമാണു നിങ്ങളെ സഹായിച്ചത്? അത് “ദൈവം സത്യവാൻ” എന്ന പുസ്തകം ആയിരുന്നോ? നിത്യജീവനിലേക്കു നയിക്കുന്ന സത്യം ആയിരുന്നോ? അല്ലെങ്കിൽ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?, ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? ഇവയിൽ ഏതെങ്കിലും പുസ്തകമായിരുന്നോ? അതോ നമ്മുടെ ഏറ്റവും പുതിയ, ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകമാണോ? ഈ ഓരോ പ്രസിദ്ധീകരണവും അതാതു കാലത്ത് ബൈബിൾസത്യങ്ങൾ അറിയാൻ ആളുകളെ സഹായിക്കുന്നതിന് ഏറ്റവും പറ്റിയതായിരുന്നു.
11. ആത്മീയാഹാരം നമുക്ക് എല്ലാവർക്കും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 കട്ടിയായ ആത്മീയാഹാരം പുതുതായി പഠിച്ചുവരുന്നവർക്കു മാത്രമല്ല നമുക്ക് എല്ലാവർക്കും വേണം. അപ്പോസ്തലനായ പൗലോസ് അതെക്കുറിച്ച് പറഞ്ഞത് ‘കട്ടിയായ ആഹാരം മുതിർന്നവർക്കുള്ളതാണ്’ എന്നാണ്. (എബ്രാ. 5:14) ഇത്തരം ആത്മീയാഹാരം കഴിക്കുന്നതും അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതും ‘ശരിയും തെറ്റും വിവേചിച്ചറിയാൻ’ നമ്മളെ സഹായിക്കുമെന്നും പൗലോസ് കൂട്ടിച്ചേർത്തു. ശരിയും തെറ്റും സംബന്ധിച്ച ലോകത്തിന്റെ നിലവാരം ഓരോ ദിവസം കഴിയുംതോറും താഴ്ന്നുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് ഒട്ടും എളുപ്പമല്ല. എന്നാൽ നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താൻ ആവശ്യമായ ആത്മീയാഹാരം നമുക്കു കിട്ടുന്നുണ്ടെന്നു യേശു ഉറപ്പുവരുത്തുന്നു. ഇന്നു യേശുവിന്റെ നേതൃത്വത്തിൻകീഴിൽ വിശ്വസ്തനും വിവേകിയും ആയ അടിമ അതു തയ്യാറാക്കി വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ബൈബിളിനെ അടിസ്ഥാനമാക്കിയാണ് അവർ ഇതൊക്കെ തയ്യാറാക്കുന്നത്.
12. യേശുവിനെപ്പോലെ നമ്മൾ എങ്ങനെയാണു ദൈവത്തിന്റെ പേരിനെ മഹത്ത്വപ്പെടുത്തുന്നത്?
12 യേശുവിനെപ്പോലെ നമ്മളും ഇന്നു ദൈവത്തിന്റെ പേരിന് എല്ലാ മഹത്ത്വവും നൽകുന്നു. (യോഹ. 17:6, 26) ഉദാഹരണത്തിന് 1931-ൽ, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള യഹോവയുടെ സാക്ഷികൾ എന്ന പേര് നമ്മൾ സ്വീകരിച്ചു. (യശ. 43:10-12) അങ്ങനെ ചെയ്തതിലൂടെ ദൈവത്തിന്റെ പേര് നമുക്ക് എത്ര പ്രധാനമാണെന്നും ആ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നെന്നും നമ്മൾ തെളിയിക്കുകയായിരുന്നു. കൂടാതെ അതേ വർഷം ഒക്ടോബർ മാസംമുതൽ വീക്ഷാഗോപുരത്തിന്റെ പുറംതാളിൽ ദൈവത്തിന്റെ പേര് നമ്മൾ ഉപയോഗിച്ചുതുടങ്ങി. ഇനി, വിശുദ്ധ തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം ബൈബിളിൽ ദൈവത്തിന്റെ പേര് വരേണ്ട സ്ഥലങ്ങളിലെല്ലാം അതു തിരികെ കൊണ്ടുവന്നു. ഇന്നു ക്രൈസ്തവമതങ്ങൾ അവരുടെ പല ബൈബിൾപരിഭാഷകളിൽനിന്നും യഹോവ എന്ന പേര് നീക്കം ചെയ്യുമ്പോഴാണു നമ്മൾ ഇങ്ങനെ ചെയ്യുന്നതെന്ന് ഓർക്കണം. നമ്മുടെ സംഘടന ഇക്കാര്യത്തിൽ മറ്റു മതങ്ങളിൽനിന്ന് എത്ര വ്യത്യസ്തമാണ്, അല്ലേ?
യേശു തന്റെ അനുഗാമികളെ സംഘടിപ്പിക്കുന്നു
13. യേശു ഇന്നു വിശ്വസ്തനും വിവേകിയും ആയ അടിമയെ ഉപയോഗിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്? (യോഹന്നാൻ 6:68)
13 ഇന്നു ശുദ്ധാരാധന ഉയർന്ന ഒരു സ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുവേണ്ടി ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ ഉപയോഗിച്ചുകൊണ്ട് യേശു ഭൂമിയിൽ ഒരു സംഘടനയെ വളർത്തിയെടുത്തിരിക്കുന്നു. ഈ സംഘടനയെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? ഒരുപക്ഷേ അപ്പോസ്തലനായ പത്രോസ് പറഞ്ഞതുപോലെയായിരിക്കാം നിങ്ങൾക്കും തോന്നുന്നത്. പത്രോസ് യേശുവിനോടു പറഞ്ഞു: “ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്!” (യോഹ. 6:68) യഹോവയുടെ സംഘടനയുടെ ഭാഗമായില്ലായിരുന്നെങ്കിൽ ഇന്നു നമ്മളൊക്കെ എവിടെ ആയിരിക്കുമായിരുന്നെന്ന് ഒന്ന് ഓർത്തുനോക്കൂ. ഈ സംഘടനയിലൂടെ നമുക്കെല്ലാം ആത്മീയാഹാരം ആവശ്യമായ അളവിൽ കിട്ടുന്നുണ്ടെന്നു ക്രിസ്തു ഉറപ്പുവരുത്തുന്നു. കൂടാതെ പ്രസംഗപ്രവർത്തനം നല്ല രീതിയിൽ ചെയ്യാൻ ആവശ്യമായ പരിശീലനവും നമുക്കു നൽകുന്നുണ്ട്. ഇനി, യഹോവയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നതിനുവേണ്ടി “പുതിയ വ്യക്തിത്വം” ധരിക്കാനും യേശു നമ്മളെ സഹായിക്കുന്നു.—എഫെ. 4:24.
14. കോവിഡ്-19 മഹാമാരിയുടെ സമയത്ത് യഹോവയുടെ സംഘടനയുടെ ഭാഗമായിരുന്നതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമുണ്ടായി?
14 പ്രതിസന്ധികളുണ്ടാകുമ്പോൾ അവയെ മറികടക്കാൻ ആവശ്യമായ ഏറ്റവും നല്ല നിർദേശങ്ങൾ യേശു നമുക്കു നൽകുന്നു. ഉദാഹരണത്തിന്, കോവിഡ്-19 മഹാമാരി തുടങ്ങിയ സമയത്ത് ഇത്തരം നിർദേശങ്ങളുടെ പ്രയോജനം നമ്മൾ ശരിക്കും അനുഭവിച്ചറിഞ്ഞതാണ്. ലോകത്തുള്ള പലരും എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചുനിന്നപ്പോൾ സുരക്ഷിതരായിരിക്കുന്നതിനു വേണ്ട നിർദേശങ്ങൾ നമുക്ക് ഓരോരുത്തർക്കും കിട്ടുന്നുണ്ടെന്നു യേശു ഉറപ്പുവരുത്തി. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും നമ്മളെ പ്രോത്സാഹിപ്പിച്ചു. കൂടാതെ മൂപ്പന്മാരോടു സഭയിലെ സഹോദരങ്ങളെ പതിവായി വിളിച്ച് അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും അവർ സുരക്ഷിതരും ആത്മീയമായി ശക്തരും ആണെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. (യശ. 32:1, 2) ഇനി, ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങളിലൂടെയും നമുക്ക് ആവശ്യമായ നിർദേശങ്ങളും പ്രോത്സാഹനവും കിട്ടിക്കൊണ്ടിരുന്നു.
15. മഹാമാരിയുടെ സമയത്ത് മീറ്റിങ്ങുകളും പ്രസംഗപ്രവർത്തനവും നടത്തുന്നതിനെക്കുറിച്ച് നമുക്ക് എന്തു നിർദേശമാണു ലഭിച്ചത്, എന്തായിരുന്നു അതിന്റെ ഫലം?
15 മഹാമാരിയുടെ സമയത്ത് എങ്ങനെ മീറ്റിങ്ങുകളും പ്രസംഗപ്രവർത്തനവും നടത്താം എന്നതിനെക്കുറിച്ചും നമുക്കു വ്യക്തമായ നിർദേശങ്ങൾ ലഭിച്ചു. വളരെ പെട്ടെന്നുതന്നെ നമ്മൾ സഭായോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളും ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്താൻതുടങ്ങി. കൂടാതെ നമ്മുടെ പ്രസംഗപ്രവർത്തനം ഏതാണ്ട് മുഴുവനായുംതന്നെ കത്തുകളിലൂടെയും ടെലിഫോണിലൂടെയും ആയി. നമ്മുടെ ഈ ശ്രമങ്ങളെയെല്ലാം യഹോവ അനുഗ്രഹിച്ചിരിക്കുന്നു. പല ബ്രാഞ്ചോഫീസുകളും പ്രചാരകരുടെ എണ്ണത്തിൽ വലിയ വർധനയാണു റിപ്പോർട്ട് ചെയ്തത്. പലർക്കും നല്ലനല്ല അനുഭവങ്ങളുമുണ്ടായി.—“യഹോവ നമ്മുടെ പ്രസംഗപ്രവർത്തനത്തെ അനുഗ്രഹിച്ചിരിക്കുന്നു” എന്ന ചതുരം കാണുക.
16. നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
16 മഹാമാരിയോടുള്ള ബന്ധത്തിൽ സംഘടന തരുന്ന നിർദേശങ്ങൾ ‘അൽപ്പം കൂടിപ്പോകുന്നില്ലേ’ എന്നു ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും. എന്നാൽ സംഘടനയിലൂടെ നമുക്കു ലഭിക്കുന്ന നിർദേശങ്ങൾ എത്ര ജ്ഞാനത്തോടെയുള്ളതായിരുന്നു എന്നതിന്റെ തെളിവുകൾ പലപ്പോഴും നമ്മൾ കണ്ടറിഞ്ഞു. (മത്താ. 11:19) യേശു ഇന്നു സ്നേഹത്തോടെ തന്റെ ജനത്തെ നയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഒരു കാര്യം ബോധ്യമാകുന്നു: നാളെ എന്തുതന്നെ സംഭവിച്ചാലും യഹോവയും പ്രിയമകനായ യേശുവും നമ്മുടെ കൂടെയുണ്ടായിരിക്കും.—എബ്രായർ 13:5, 6 വായിക്കുക.
17. യേശുവിന്റെ നേതൃത്വത്തിൻകീഴിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
17 യേശുവിന്റെ നേതൃത്വത്തിൻകീഴിൽ നമുക്ക് ഇന്നു പ്രവർത്തിക്കാനാകുന്നത് എത്ര വലിയ അനുഗ്രഹമാണ്! സംസ്കാരത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ പേരിലുള്ള ഭിന്നതകൾ ഇല്ലാത്ത ഒരു സംഘടനയിലാണു നമ്മൾ ഇന്ന്. നമുക്കു ‘കഴിക്കാൻ’ ആത്മീയാഹാരം ധാരാളമായുണ്ട്. പ്രസംഗപ്രവർത്തനം നന്നായി ചെയ്യാൻ ആവശ്യമായ എല്ലാ പരിശീലനവും നമുക്കു ലഭിക്കുന്നു. കൂടാതെ പുതിയ വ്യക്തിത്വം ധരിക്കാൻ നമുക്ക് ഓരോരുത്തർക്കും വേണ്ട സഹായം കിട്ടുന്നു. പരസ്പരം സ്നേഹിക്കാൻ നമ്മൾ പഠിക്കുന്നു. നമ്മുടെ നായകനായി യേശു ഉണ്ടായിരിക്കുന്നതിൽ നമുക്ക് അഭിമാനം തോന്നുന്നില്ലേ?
ഗീതം 16 അഭിഷിക്തനാം മകനെപ്രതി യാഹിനെ സ്തുതിപ്പിൻ!
a ലക്ഷക്കണക്കിനു പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇന്ന് ഉത്സാഹത്തോടെ സന്തോഷവാർത്ത അറിയിക്കുന്നു. നിങ്ങളും അവരിൽ ഒരാളാണോ? എങ്കിൽ നിങ്ങൾ പ്രവർത്തിക്കുന്നതു കർത്താവായ യേശുക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിലാണ്. യേശു ഇന്നു പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നു എന്നതിന്റെ ചില തെളിവുകൾ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അതെക്കുറിച്ച് പഠിക്കുന്നതു ക്രിസ്തുവിന്റെ നേത്വത്തിൻകീഴിൽ യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനം കൂടുതൽ ശക്തമാക്കും.