ജീവനുവേണ്ടിയുള്ള ഓട്ടത്തിൽനിന്നു പിന്മാറാതിരിക്കുവിൻ!
“നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ [“സഹിഷ്ണുതയോടെ,” “Nw”] ഓടുക.”—എബ്രായർ 12:1.
1, 2. ഏത് ആവേശകരമായ സംഭവങ്ങൾ ഈ അന്ത്യകാലത്ത് യഹോവയുടെ ദാസന്മാരെ പുളകിതരാക്കിയിരിക്കുന്നു?
നാം ജീവിക്കുന്നത് പുളകപ്രദവും വെല്ലുവിളിപരവുമായ നാളുകളിലാണ്. 80-ലധികം വർഷം മുമ്പ്, 1914-ൽ, യേശുക്രിസ്തു ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവെന്ന നിലയിൽ സിംഹാസനസ്ഥനാക്കപ്പെട്ടു. “കർത്താവിന്റെ ദിവസ”വും അതോടൊപ്പം ഈ വ്യവസ്ഥിതിയുടെ “അന്ത്യകാല”വും ആരംഭിച്ചു. (വെളിപ്പാടു 1:10, NW; ദാനീയേൽ 12:9) ജീവനുവേണ്ടിയുള്ള ക്രിസ്ത്യാനിയുടെ ഓട്ടത്തിന് അന്നുമുതൽ വർധിച്ച അടിയന്തിരത കൈവന്നിരിക്കുന്നു. യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ അപ്രതിരോധ്യമാംവണ്ണം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന അവന്റെ സ്വർഗീയ സ്ഥാപനമാകുന്ന സ്വർഗീയ രഥത്തോടൊപ്പം മുന്നോട്ടു നീങ്ങാനായി ദൈവദാസന്മാർ കഠിനമായി അധ്വാനിച്ചിരിക്കുന്നു.—യെഹെസ്കേൽ 1:4-28; 1 കൊരിന്ത്യർ 9:24.
2 നിത്യജീവനെ ലാക്കാക്കി ‘ഓടവേ’ ദൈവജനം സന്തോഷം കണ്ടെത്തിയിട്ടുണ്ടോ? തീർച്ചയായും ഉണ്ട്! യേശുവിന്റെ സഹോദരന്മാരിൽ ശേഷിക്കുന്നവരുടെ കൂട്ടിച്ചേർപ്പ് കാണുന്നതിൽ അവർ പുളകിതരായിരിക്കുന്നു. 1,44,000-ത്തിൽ ശേഷിക്കുന്നവരുടെ അന്തിമ മുദ്രയിടൽ അതിന്റെ പരിസമാപ്തിയിലേക്ക് അടുത്തുവരുന്നുവെന്നു തിരിച്ചറിയുന്നതിൽ അവർ സന്തോഷിക്കുന്നു. (വെളിപ്പാടു 7:3, 4) അതിനുപുറമേ, “ഭൂമിയിലെ വിളവു” കൊയ്യുന്നതിനായി യഹോവയുടെ നിയമിത രാജാവ് അരിവാൾ നീട്ടിയിരിക്കുന്നുവെന്നു തിരിച്ചറിയുന്നതിൽ അവർ ആവേശംകൊള്ളുന്നു. (വെളിപ്പാടു 14:15, 16) അതെന്തൊരു കൊയ്ത്താണ്! (മത്തായി 9:37) ഇപ്പോൾത്തന്നെ, 50 ലക്ഷത്തിലധികം ദേഹികൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു—“സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” തന്നെ. (വെളിപ്പാടു 7:9) ആ മഹാപുരുഷാരത്തെ എണ്ണാൻ യാതൊരു മനുഷ്യനും കഴിയാത്തതുകൊണ്ട് അത് ഒടുവിൽ എത്ര വലുതായിത്തീരുമെന്ന് ആർക്കും പറയാനാവില്ല.
3. ഏതു പ്രതിബന്ധങ്ങളുടെ മധ്യേ സന്തോഷകരമായ ഒരു മനോഭാവം നട്ടുവളർത്താൻ നാം എല്ലായ്പോഴും ശ്രമിക്കണം?
3 ഓട്ടത്തിൽ നാം വേഗത നിലനിർത്തവേ നമ്മെ ഇടറിക്കാനോ മന്ദീഭവിപ്പിക്കാനോ സാത്താൻ ശ്രമിക്കുന്നുവെന്നതു സത്യമാണ്. (വെളിപ്പാടു 12:17) യുദ്ധം, ക്ഷാമം, പകർച്ചവ്യാധി, അന്ത്യകാലത്തെ അടയാളപ്പെടുത്തുന്ന മറ്റു ദുരിതങ്ങൾ എന്നിവയെല്ലാം ഉണ്ടായിരിക്കെ ഓട്ടം തുടരുന്നത് എളുപ്പമായിരുന്നിട്ടില്ല. (മത്തായി 24:3-9; ലൂക്കൊസ് 21:11; 2 തിമൊഥെയൊസ് 3:1-5) എന്നിട്ടും, ഓട്ടത്തിന്റെ സമാപ്തി അടുത്തുവരവേ നമ്മുടെ ഹൃദയത്തിൽ സന്തോഷം തിരതല്ലുന്നു. ഏതു മനോഭാവമുള്ളവരായിരിക്കാൻ തന്റെ നാളിലെ ക്രിസ്ത്യാനികളെ പൗലൊസ് പ്രോത്സാഹിപ്പിച്ചുവോ ആ മനോഭാവം പ്രതിഫലിപ്പിക്കാൻ നാം പരിശ്രമിക്കുന്നു: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.”—ഫിലിപ്പിയർ 4:4.
4. ഫിലിപ്പിയിലെ ക്രിസ്ത്യാനികൾ ഏതുതരം മനോഭാവമാണ് പ്രകടമാക്കിയത്?
4 പൗലൊസ് ആ വാക്കുകൾ ആർക്കെഴുതിയോ ആ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൽ അപ്പോൾത്തന്നെ സന്തോഷം കണ്ടെത്തിയിരുന്നുവെന്നതിനു യാതൊരു സംശയവുമില്ല. കാരണം പൗലൊസ് അവരോടു പറഞ്ഞു: “കർത്താവിൽ സന്തോഷിക്കുന്നതിൽ തുടരുവിൻ.” (ഫിലിപ്പിയർ 3:1, NW) തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും സേവിച്ച, ഔദാര്യവും സ്നേഹവുമുള്ള ഒരു സഭയായിരുന്നു ഫിലിപ്പിയരുടേത്. (ഫിലിപ്പിയർ 1:3-5; 4:10, 14-20) എന്നാൽ ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്ത്യാനികൾക്കും ആ മനോഭാവം ഉണ്ടായിരുന്നില്ല. ദൃഷ്ടാന്തത്തിന്, പൗലൊസ് എബ്രായ ലേഖനം ആർക്കെഴുതിയോ ആ യഹൂദ ക്രിസ്ത്യാനികളിൽ ചിലർ ഉത്കണ്ഠയ്ക്കു കാരണമായിരുന്നു.
‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’
5. (എ) ആദ്യ ക്രിസ്തീയ സഭ രൂപീകൃതമായപ്പോൾ എബ്രായ ക്രിസ്ത്യാനികൾക്ക് ഏതു മനോഭാവമുണ്ടായിരുന്നു? (ബി) പൊ.യു. ഏകദേശം 60-ൽ ചില എബ്രായ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന മനോഭാവം വിവരിക്കുക.
5 ലോകചരിത്രത്തിലെ ആദ്യ ക്രിസ്തീയ സഭ സ്വാഭാവിക യഹൂദന്മാരും യഹൂദമതപരിവർത്തിതരും അടങ്ങിയതായിരുന്നു. അത് പൊ.യു. 33-ൽ യെരൂശലേമിൽ സ്ഥാപിതമായി. ഏതുതരം മനോഭാവമാണ് അതിനുണ്ടായിരുന്നത്? പീഡനത്തിന്മധ്യേ പോലുമുള്ള അതിന്റെ ഉത്സാഹവും സന്തോഷവും മനസ്സിലാക്കുന്നതിന് ഒരുവൻ പ്രവൃത്തികളുടെ പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ വായിക്കുകയേ വേണ്ടൂ. (പ്രവൃത്തികൾ 2:44-47; 4:32-34; 5:41; 6:7) എന്നാൽ പതിറ്റാണ്ടുകൾ കടന്നുപോയതോടെ സാഹചര്യങ്ങൾക്കു മാറ്റം ഭവിച്ചു. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ അനേകം യഹൂദക്രിസ്ത്യാനികൾ മന്ദഗതിയിലായെന്നതു സ്പഷ്ടമാണ്. പൊ.യു. ഏകദേശം 60-ൽ അവരുടെയിടയിൽ നിലവിലിരുന്ന അവസ്ഥയെക്കുറിച്ച് ഒരു പരാമർശ ഗ്രന്ഥം ഇപ്രകാരം പറയുന്നു: “മന്ദീഭാവം, മടുപ്പ്, നിവൃത്തിയേറാഞ്ഞ പ്രതീക്ഷകൾ, ആശാവിളംബനം, മനഃപൂർവ പിഴവുകൾ, അനുദിന കാര്യാദികളിലെ വിശ്വാസമില്ലായ്മ എന്നിവയുടേതായ ഒരവസ്ഥ നിലനിന്നിരുന്നു. ക്രിസ്ത്യാനികളായിരുന്നെങ്കിലും അവർക്കു തങ്ങളുടെ വിളിയുടെ മാഹാത്മ്യത്തോട് കാര്യമായ വിലമതിപ്പുണ്ടായിരുന്നില്ല.” അഭിഷിക്ത ക്രിസ്ത്യാനികൾക്ക് അത്തരമൊരു അവസ്ഥയിൽ ആയിത്തീരാൻ എങ്ങനെ കഴിഞ്ഞു? (പൊ.യു. ഏകദേശം 61-ൽ എഴുതിയ) എബ്രായർക്കുള്ള പൗലൊസിന്റെ ലേഖനത്തിന്റെ ചില ഭാഗങ്ങൾ പരിചിന്തിക്കുന്നത് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. സമാനമായി ദുർബലമായൊരു ആത്മീയ അവസ്ഥയിലേക്ക് ആഴ്ന്നുപോകുന്നത് ഒഴിവാക്കാൻ അത്തരമൊരു പരിചിന്തനം ഇന്നു നമ്മെയെല്ലാം സഹായിക്കും.
6. മോശൈക ന്യായപ്രമാണത്തിൻ കീഴിലെ ആരാധനയും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ആരാധനയും തമ്മിലുള്ള ചില വ്യത്യാസങ്ങൾ ഏവ?
6 യഹോവ മോശ മുഖാന്തരം നൽകിയ ന്യായപ്രമാണം അനുസരിക്കുന്നുവെന്ന് അവകാശപ്പെട്ട യഹൂദ മതവ്യവസ്ഥിതിയിൽനിന്ന് എബ്രായ ക്രിസ്ത്യാനികൾ പുറത്തുവന്നു. എങ്കിലും, ആ ന്യായപ്രമാണം തുടർന്നും ഒട്ടനവധി യഹൂദക്രിസ്ത്യാനികളെ ആകർഷിച്ചിരുന്നതായി തോന്നുന്നു. അനേക നൂറ്റാണ്ടുകളായി ദൈവത്തെ സമീപിക്കാനുള്ള ഏക മാർഗം അതായിരുന്നതുകൊണ്ടും പൗരോഹിത്യവും ക്രമമായ ബലികളും യരൂശലേമിലെ ലോകപ്രസിദ്ധ ആലയവും സഹിതം അത് മതിപ്പുളവാക്കുന്ന ഒരു ആരാധനാ സമ്പ്രദായമായിരുന്നതുകൊണ്ടും ആയിരുന്നിരിക്കാം അങ്ങനെ സംഭവിച്ചത്. ക്രിസ്ത്യാനിത്വം വ്യത്യസ്തമാണ്. ഭാവിയിലെ “പ്രതിഫലം നോക്കി”ക്കൊണ്ടു ‘വിശ്വാസത്താൽ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചു’നിന്ന മോശയ്ക്ക് ഉണ്ടായിരുന്നതുപോലുള്ള ഒരു ആത്മീയ കാഴ്ചപ്പാട് അത് ആവശ്യപ്പെടുന്നു. (എബ്രായർ 11:25-27) തെളിവനുസരിച്ച് മിക്ക യഹൂദക്രിസ്ത്യാനികൾക്കും അത്തരമൊരു ആത്മീയ കാഴ്ചപ്പാടില്ലായിരുന്നു. ഉദ്ദേശ്യപൂർണമായ ഒരു വിധത്തിൽ ഓടുന്നതിനുപകരം അവർ മുടന്തിനടക്കുകയായിരുന്നു.
7. നാം ഏതു വ്യവസ്ഥിതിയിൽനിന്നാണോ പുറത്തുവന്നത് ആ വ്യവസ്ഥിതി ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നാം ഓടുന്ന വിധത്തെ ബാധിച്ചേക്കാവുന്നതെങ്ങനെ?
7 ഇന്ന് സമാനമായൊരു സാഹചര്യമുണ്ടോ? കാര്യങ്ങൾ കൃത്യമായും അന്നത്തേതുപോലെയല്ലെന്നുള്ളത് നിഷേധിക്കാനാവില്ല. എങ്കിലും, അതിയായി വീമ്പിളക്കുന്ന ഒരു വ്യവസ്ഥിതിയിൽനിന്ന് ക്രിസ്ത്യാനികൾ പുറത്തുവരുന്നു. ലോകം ആവേശമുണർത്തുന്ന അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം അത് ആളുകളുടെമേൽ ഭാരപ്പെടുത്തുന്ന ഉത്തരവാദിത്വങ്ങൾ കെട്ടിവെക്കുകയും ചെയ്യുന്നു. അതിനുപുറമേ, സന്ദേഹ മനോഭാവം സാധാരണമായിരിക്കുന്ന, സ്വാർഥരും ഞാൻ-മുമ്പൻ എന്ന മനോഭാവത്തോടെ കാര്യങ്ങളെ സമീപിക്കുന്നവരുമായ ആളുകളുള്ള ദേശങ്ങളിലാണ് നമ്മിലനേകരും ജീവിക്കുന്നത്. അത്തരമൊരു വ്യവസ്ഥിതി നമ്മെ സ്വാധീനിക്കാൻ അനുവദിക്കുന്നെങ്കിൽ നമ്മുടെ “ഹൃദയദൃഷ്ടി” എളുപ്പം മങ്ങിപ്പോയേക്കാം. (എഫെസ്യർ 1:17) നാം എങ്ങോട്ടാണു പോകുന്നതെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നാമെങ്ങനെ നന്നായി ഓടും?
8. ന്യായപ്രമാണത്തിൻ കീഴിലുള്ള ആരാധനയെ അപേക്ഷിച്ച് ക്രിസ്ത്യാനിത്വം ശ്രേഷ്ഠമായിരിക്കുന്ന ചില വിധങ്ങളേവ?
8 യഹൂദക്രിസ്ത്യാനികളെ ശുഷ്കാന്തിയുള്ളവരാക്കാൻ, മോശൈക ന്യായപ്രമാണത്തെ അപേക്ഷിച്ച് ക്രിസ്തീയ വ്യവസ്ഥയ്ക്കുള്ള ശ്രേഷ്ഠതയെക്കുറിച്ച് പൗലൊസ് അവരെ ഓർമിപ്പിച്ചു. ജഡിക ഇസ്രായേൽ ജനത ന്യായപ്രമാണത്തിൻ കീഴിൽ യഹോവയുടെ ജനമായിരുന്നപ്പോൾ നിശ്വസ്ത പ്രവാചകന്മാരിലൂടെ യഹോവ അവരോട് സംസാരിച്ചുവെന്നതു സത്യംതന്നെ. എന്നാൽ പൗലൊസ് പറയുന്നു, ഇന്ന് അവൻ “പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.” (എബ്രായർ 1:2) അതിനുപുറമേ, ദാവീദിന്റെ വംശാവലിയിലുള്ള എല്ലാ രാജാക്കന്മാരെക്കാളും, അവന്റെ “പങ്കാളികളെ”ക്കാളും, വലിയവനാണ് യേശു. അവൻ ദൂതന്മാരെക്കാൾ പോലും വലിയവനാണ്.—എബ്രായർ 1:5, 6, 9, NW.
9. പൗലൊസിന്റെ നാളിലെ യഹൂദക്രിസ്ത്യാനികളെപ്പോലെ, നാം യഹോവ പറയുന്ന കാര്യങ്ങൾക്ക് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ട”തെന്തുകൊണ്ട്?
9 അതുകൊണ്ട് പൗലൊസ് യഹൂദക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിച്ചു: “നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്, കേട്ട കാര്യങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.” (എബ്രായർ 2:1, NW) ക്രിസ്തുവിനെക്കുറിച്ച് പഠിക്കുന്നത് അതിശയകരമായ ഒരു അനുഗ്രഹമായിരുന്നെങ്കിലും, അതിലധികം ആവശ്യമായിരുന്നു. തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന യഹൂദലോകത്തിന്റെ സ്വാധീനത്തെ നിഷ്ഫലമാക്കുന്നതിന് അവർ ദൈവവചനത്തിന് അടുത്ത ശ്രദ്ധ നൽകേണ്ടതുണ്ടായിരുന്നു. ഈ ലോകത്ത് നാം കാണുകയും കേൾക്കുകയും ചെയ്യുന്ന നിരന്തര പ്രചരണങ്ങളുടെ വീക്ഷണത്തിൽ, നാമും യഹോവ പറയുന്ന കാര്യങ്ങൾക്ക് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ട”തുണ്ട്. നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുകയും നല്ലൊരു ബൈബിൾ വായനാ പട്ടിക നിലനിർത്തുകയും ചെയ്യുന്നതിനെ ഇതർഥമാക്കുന്നു. എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് പിന്നീട് പറയുന്നതുപോലെ, യോഗങ്ങളിലും മറ്റുള്ളവരോട് നമ്മുടെ വിശ്വാസത്തെക്കുറിച്ച് ഘോഷിക്കുന്നതിലും ക്രമമുള്ളവരായിരിക്കുന്നതിനെയും അത് അർഥമാക്കുന്നു. (എബ്രായർ 10:23-25) മഹത്തായ പ്രത്യാശ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് നഷ്ടപ്പെടാതിരിക്കാൻ തക്കവണ്ണം ആത്മീയമായി ജാഗ്രതയുള്ളവരായി തുടരാൻ അത്തരം പ്രവർത്തനം നമ്മെ സഹായിക്കും. യഹോവയുടെ ചിന്തകൾകൊണ്ടു നാം നമ്മുടെ ഹൃദയത്തെ നിറയ്ക്കുന്നെങ്കിൽ, ഈ ലോകത്തിനു നമ്മോടു ചെയ്യാൻ കഴിയുന്ന യാതൊന്നിനാലും നാം തളർന്നുപോകുകയോ നമ്മുടെ സമനിലതെറ്റുകയോ ഇല്ല.—സങ്കീർത്തനം 1:1-3; സദൃശവാക്യങ്ങൾ 3:1-6.
“അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ടേയിരിപ്പിൻ”
10. (എ) യഹോവയുടെ വചനത്തിന് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽ”കാത്ത ഒരുവന് എന്തു സംഭവിക്കാവുന്നതാണ്? (ബി) നമുക്ക് “അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ടേയിരി”ക്കാൻ കഴിയുന്നതെങ്ങനെ?
10 നാം ആത്മീയ കാര്യങ്ങൾക്ക് അടുത്ത ശ്രദ്ധ നൽകുന്നില്ലെങ്കിൽ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ വാസ്തവികമല്ലെന്നു തോന്നിയേക്കാം. സഭകൾ പൂർണമായും അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്നുണ്ടായതായിരിക്കുകയും അപ്പോസ്തലന്മാരിൽ ചിലർ ജീവിച്ചിരിക്കുകയും ചെയ്തിട്ടും, ഒന്നാം നൂറ്റാണ്ടിൽ അപ്രകാരം സംഭവിച്ചു. പൗലൊസ് എബ്രായർക്ക് ഇപ്രകാരം മുന്നറിയിപ്പു നൽകി: “സഹോദരന്മാരേ, ജീവനുള്ള ദൈവത്തിൽനിന്ന് അകന്ന് വിശ്വാസരഹിതമായ ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലെങ്കിലും വികാസം പ്രാപിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ; മറിച്ച് പാപത്തിന്റെ വഞ്ചകമായ ശക്തിയാൽ നിങ്ങളിൽ ആരും കഠിനപ്പെടാതിരിക്കേണ്ടതിന് ‘ഇന്ന്’ എന്നു വിളിക്കാവുന്നിടത്തോളംകാലം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ടേയിരിപ്പിൻ.” (എബ്രായർ 3:12, 13, NW) പൗലൊസ് ഉപയോഗിച്ച, “സൂക്ഷിച്ചുകൊൾവിൻ” എന്ന പ്രയോഗം ജാഗ്രതപാലിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകുന്നു. എന്നാൽ ഒരു അപകടമുണ്ട്! നമ്മുടെ ഹൃദയത്തിൽ വിശ്വാസരാഹിത്യം—‘പാപം’—വികാസം പ്രാപിച്ചിട്ട്, നാം ദൈവത്തോട് അടുത്തുചെല്ലുന്നതിനു പകരം ദൈവത്തിൽനിന്ന് അകന്നുപോയേക്കാം എന്നതാണ് അത്. (യാക്കോബ് 4:8) “അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ടേയിരി”ക്കാൻ പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു. സഹോദര സഹവാസത്തിന്റെ ഊഷ്മളത നമുക്കാവശ്യമാണ്. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) അത്തരം സഹവാസത്തിന്റെ ആവശ്യം സഭായോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുന്നതിൽ ക്രമമുള്ളവരായിരിക്കാൻ ഇന്ന് ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നു.
11, 12. അടിസ്ഥാന ക്രിസ്തീയ ഉപദേശങ്ങൾ മാത്രം അറിയുന്നതിൽ നാം തൃപ്തരായിരിക്കരുതാത്തത് എന്തുകൊണ്ട്?
11 തന്റെ ലേഖനത്തിൽ പിന്നീട് പൗലൊസ് കൂടുതലായ ഈ അമൂല്യ ബുദ്ധ്യുപദേശം നൽകുന്നു: “കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. . . . കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി [“ഗ്രഹണപ്രാപ്തികളുള്ളവരായി,” NW] പ്രായം തികഞ്ഞവർക്കേ പററുകയുള്ളു.” (എബ്രായർ 5:12-14) വ്യക്തമായും, ചില യഹൂദക്രിസ്ത്യാനികൾ തങ്ങളുടെ ഗ്രഹണപ്രാപ്തി വർധിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ന്യായപ്രമാണവും പരിച്ഛേദനയും സംബന്ധിച്ചുള്ള വർധിച്ച വെളിച്ചം സ്വീകരിക്കുന്നതിൽ അവർ മാന്ദ്യമുള്ളവരായിരുന്നു. (പ്രവൃത്തികൾ 15:27-29; ഗലാത്യർ 2:11-14; 6:12, 13) പ്രതിവാര ശബത്തും വിശുദ്ധമായ വാർഷിക പാപപരിഹാര ദിനാചരണവും പോലുള്ള പരമ്പരാഗത അനുഷ്ഠാനങ്ങളെ ചിലർ അപ്പോഴും അമൂല്യമായി കരുതിയിരുന്നിരിക്കാം.—കൊലൊസ്സ്യർ 2:16, 17; എബ്രായർ 9:1-14.
12 അതുകൊണ്ട് പൗലൊസ് പറയുന്നു: “ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.” (എബ്രായർ 6:2) നല്ല ആഹാരക്രമം പാലിക്കുന്ന ഒരു മാരത്തോൺ ഓട്ടക്കാരൻ ദീർഘമായ, ആയാസകരമായ ഓട്ടം തുടരാൻ കൂടുതൽ പ്രാപ്തനാണ്. സമാനമായി, പോഷകപ്രദമായ ആത്മീയ ആഹാരക്രമം പാലിക്കുന്ന—അടിസ്ഥാന ഉപദേശങ്ങളിൽ, ‘ആദ്യപാഠങ്ങ’ളിൽ ഒതുങ്ങിക്കഴിയാത്ത—ഒരു ക്രിസ്ത്യാനി ഓട്ടം തുടരാനും അതു പൂർത്തീകരിക്കാനും കൂടുതൽ പ്രാപ്തനായിരിക്കും. (2 തിമൊഥെയൊസ് 4:7 താരതമ്യം ചെയ്യുക.) സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” മനസ്സിലാക്കുന്നതിൽ താത്പര്യം വളർത്തിയെടുത്തുകൊണ്ട് പക്വതയിലേക്കു പുരോഗമിക്കുന്നതിനെ ഇത് അർഥമാക്കുന്നു.—എഫെസ്യർ 3:18.
“സഹിഷ്ണുത നിങ്ങൾക്കു ആവശ്യം”
13. പൂർവകാലങ്ങളിൽ എബ്രായ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം പ്രകടമാക്കിയതെങ്ങനെ?
13 പൊ.യു. 33-ലെ പെന്തക്കോസ്തിനു തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തിൽ യഹൂദക്രിസ്ത്യാനികൾ കടുത്ത പീഡനമുണ്ടായിരുന്നിട്ടും ഉറച്ചുനിന്നു. (പ്രവൃത്തികൾ 8:1) പിൻവരുന്നപ്രകാരം എഴുതിയപ്പോൾ ഇത് പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം: “പ്രകാശനം ലഭിച്ചശേഷം . . . കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” (എബ്രായർ 10:32, 33) അത്തരം വിശ്വസ്തമായ സഹിഷ്ണുത അവർക്കു ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുകയും അവന്റെ മുമ്പാകെ സംസാരസ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു. (1 യോഹന്നാൻ 4:17) വിശ്വാസരാഹിത്യം നിമിത്തം അത് നഷ്ടപ്പെടുത്തരുതെന്ന് പൗലൊസ് അവരെ പ്രബോധിപ്പിക്കുന്നു. അവൻ അവരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: ‘ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്കു ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല.”’—എബ്രായർ 10:35-37.
14. യഹോവയെ വർഷങ്ങളോളം സേവിച്ചതിനു ശേഷവും സഹിച്ചുനിൽക്കാൻ ഏതു വസ്തുതകൾ നമ്മെ സഹായിക്കണം?
14 ഇന്ന് നമ്മെ സംബന്ധിച്ചോ? ക്രിസ്തീയ സത്യം നാം ആദ്യം പഠിച്ചപ്പോൾ നമ്മിൽ മിക്കവരും തീക്ഷ്ണതയുള്ളവരായിരുന്നു. നമുക്കിപ്പോഴും അതേ തീക്ഷ്ണതയുണ്ടോ? അതോ നാം നമ്മുടെ “ആദ്യസ്നേഹം വിട്ടുകളഞ്ഞു”വോ? (വെളിപ്പാടു 2:4) ഒരുപക്ഷേ അർമഗെദോനുവേണ്ടി കാത്തിരിക്കുന്നതിൽ അൽപ്പം നിരാശയോ മടുപ്പോ തോന്നി നാം തണുത്തുപോയിട്ടുണ്ടോ? എന്നാൽ, ഇതു പരിചിന്തിക്കുക. സത്യത്തിന്റെ മാഹാത്മ്യത്തിന് ഇപ്പോൾ മുമ്പത്തെക്കാൾ ഒട്ടും കുറവു സംഭവിച്ചിട്ടില്ല. യേശു ഇപ്പോഴും നമ്മുടെ സ്വർഗീയ രാജാവാണ്. പറുദീസാ ഭൂമിയിലെ നിത്യജീവനുവേണ്ടി നാമിപ്പോഴും പ്രത്യാശിക്കുന്നു. യഹോവയുമായുള്ള ബന്ധം നമുക്കിപ്പോഴുമുണ്ട്. “വരുവാനുള്ളവൻ വരും താമസിക്കയുമില്ല” എന്നത് ഒരിക്കലും മറക്കരുത്.
15. യേശുവിനെപ്പോലെ, ചില ക്രിസ്ത്യാനികൾ അതികഠിനമായ പീഡനം എപ്രകാരം സഹിച്ചിരിക്കുന്നു?
15 അതുകൊണ്ട്, എബ്രായർ 12:1, 2-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ സമുചിതമാണ്: “സകല ഭാരവും മുറുകെ പററുന്ന പാപവും [വിശ്വാസരാഹിത്യം] വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” ഈ അന്ത്യനാളുകളിൽ ദൈവദാസന്മാർ സഹിച്ചിരിക്കുന്ന അനേക കാര്യങ്ങളുണ്ട്. യാതനാപൂർണമായ മരണംവരെ വിശ്വസ്തനായിരുന്ന യേശുവിനെപ്പോലെ, നമ്മുടെ ചില സഹോദരീസഹോദരന്മാർ കൊടിയ പീഡനം—തടങ്കൽപ്പാളയങ്ങൾ, മർദനം, ബലാൽസംഗം—വിശ്വസ്തമായി സഹിച്ചിട്ടുണ്ട്, മരണംപോലും വരിച്ചിട്ടുണ്ട്. (1 പത്രൊസ് 2:21) അവരുടെ നിർമലതയെക്കുറിച്ച് പരിചിന്തിക്കുമ്പോൾ അവരോടുള്ള സ്നേഹത്താൽ നമ്മുടെ ഹൃദയം നിറഞ്ഞുകവിയുന്നില്ലേ?
16, 17. (എ) തങ്ങളുടെ വിശ്വാസത്തിനെതിരായ ഏതു വെല്ലുവിളികളോടു മിക്ക ക്രിസ്ത്യാനികളും പോരാടുന്നു? (ബി) ജീവനുവേണ്ടി ഓടിക്കൊണ്ടിരിക്കാൻ എന്ത് ഓർമിക്കുന്നത് നമ്മെ സഹായിക്കും?
16 എന്നാൽ, മിക്കവർക്കും പൗലൊസിന്റെ തുടർന്നുള്ള വാക്കുകൾ ബാധകമാകുന്നു: “പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല.” (എബ്രായർ 12:4) എന്നിരുന്നാലും, ഈ വ്യവസ്ഥിതിയിൽ സത്യത്തിന്റെ മാർഗം നമുക്കാർക്കും ആയാസരഹിതമല്ല. ജോലിസ്ഥലത്തെയോ സ്കൂളിലെയോ “പാപികളാലുള്ള വിരുദ്ധസംസാരം” നിമിത്തം ചിലർ നിരുത്സാഹിതരാണെങ്കിലും അവർ പരിഹാസം സഹിക്കുകയോ പാപം ചെയ്യാനുള്ള സമ്മർദത്തെ ചെറുത്തുനിൽക്കുകയോ ചെയ്യുന്നു. (എബ്രായർ 12:3, NW) ശക്തമായ പ്രലോഭനങ്ങൾ ഉന്നത ദൈവിക നിലവാരങ്ങൾ കാത്തുസൂക്ഷിക്കാനുള്ള ചിലരുടെ തീരുമാനത്തെ ദുർബലപ്പെടുത്തിയിരിക്കുന്നു. (എബ്രായർ 13:4, 5) വിശ്വാസത്യാഗികളുടെ വിഷലിപ്ത പ്രചാരണത്തിന് ശ്രദ്ധ കൊടുത്തത് ചിലരുടെ ആത്മീയ സമനിലയെ ബാധിച്ചിരിക്കുന്നു. (എബ്രായർ 13:9) വ്യക്തിത്വഭിന്നതകൾ മറ്റുചിലരുടെ സന്തോഷം കവർന്നുകളഞ്ഞിരിക്കുന്നു. വിനോദത്തിനും ഒഴിവുസമയപ്രവർത്തനങ്ങൾക്കും അമിതപ്രാധാന്യം നൽകിയത് ചില ക്രിസ്ത്യാനികളെ ദുർബലരാക്കിയിരിക്കുന്നു. ഈ വ്യവസ്ഥിതിയിൽ ജീവിക്കുന്നതിന്റെ ഫലമായുള്ള പ്രശ്നങ്ങളാൽ മിക്കവർക്കും സമ്മർദം അനുഭവപ്പെടുന്നു.
17 ഈ സാഹചര്യങ്ങളൊന്നും ‘പ്രാണത്യാഗത്തോളമുള്ള എതിർത്തുനിൽപ്പ്’ ആവശ്യമാക്കിത്തീർക്കുന്നില്ലെന്നുള്ളതു സത്യംതന്നെ. ചില പ്രശ്നങ്ങളുടെ കാരണം നാം തന്നെ എടുത്ത തെറ്റായ തീരുമാനങ്ങളായിരിക്കാം. എന്നാൽ അവയെല്ലാം നമ്മുടെ വിശ്വാസത്തിനു വെല്ലുവിളി ഉയർത്തുന്നു. അതുകൊണ്ടാണ് നാം സഹിഷ്ണുത സംബന്ധിച്ച യേശുവിന്റെ മഹത്തായ ദൃഷ്ടാന്തത്തിൽ നമ്മുടെ ദൃഷ്ടി പതിപ്പിക്കേണ്ടത്. നമ്മുടെ പ്രത്യാശ എത്ര വിസ്മയാവഹമാണെന്നുള്ളതു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. യഹോവ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു”വെന്ന ബോധ്യം നമുക്ക് ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. (എബ്രായർ 11:6) അപ്പോൾ, ജീവനുവേണ്ടി ഓടിക്കൊണ്ടിരിക്കാനുള്ള ആത്മീയ ശക്തി നമുക്കുണ്ടായിരിക്കും.
നമുക്ക് സഹിച്ചുനിൽക്കാൻ കഴിയും
18, 19. യെരൂശലേമിലെ എബ്രായ ക്രിസ്ത്യാനികൾ പൗലൊസിന്റെ നിശ്വസ്ത ബുദ്ധ്യുപദേശത്തിനു ശ്രദ്ധനൽകിയെന്ന് ഏതു ചരിത്ര സംഭവങ്ങൾ സൂചിപ്പിക്കുന്നു?
18 പൗലൊസിന്റെ ലേഖനത്തോട് യഹൂദക്രിസ്ത്യാനികൾ പ്രതികരിച്ചതെങ്ങനെ? എബ്രായർക്കുള്ള ലേഖനം എഴുതി ഏതാണ്ട് ആറുവർഷം കഴിഞ്ഞപ്പോൾ യഹൂദ്യയിൽ യുദ്ധം നടക്കുകയായിരുന്നു. “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ” എന്ന യേശുവിന്റെ വാക്കുകൾ നിവർത്തിച്ചുകൊണ്ട്, പൊ.യു. 66-ൽ റോമൻ സൈന്യം യെരൂശലേമിനെ ഉപരോധിച്ചു. (ലൂക്കൊസ് 21:20) എന്നാൽ ആ സമയത്തെ യെരൂശലേമിലെ ക്രിസ്ത്യാനികളുടെ പ്രയോജനാർഥം യേശു പറഞ്ഞു: “അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കൊസ് 21:21) അതുകൊണ്ട്, റോമാക്കാരുമായുള്ള ആ യുദ്ധം ഒരു പരിശോധന ഉളവാക്കി: ആ യഹൂദക്രിസ്ത്യാനികൾ യഹൂദാരാധനയുടെ കേന്ദ്രവും പ്രൗഢോജ്വല ആലയം സ്ഥിതിചെയ്തിരുന്നിടവുമായ യെരൂശലേം ഉപേക്ഷിക്കുമായിരുന്നോ?
19 പെട്ടെന്നുതന്നെ, അജ്ഞാതമായ ഏതോ കാരണത്താൽ, റോമാക്കാർ പിൻവാങ്ങി. ദൈവം തങ്ങളുടെ വിശുദ്ധ നഗരത്തെ സംരക്ഷിക്കുന്നതിന്റെ തെളിവായി മതഭക്തിയുള്ള യഹൂദന്മാർ അതിനെ വീക്ഷിച്ചിരിക്കാം. എന്നാൽ ക്രിസ്ത്യാനികളെ സംബന്ധിച്ചോ? അവർ അവിടെനിന്ന് പലായനം ചെയ്തെന്ന് ചരിത്രം നമ്മോടു പറയുന്നു. പിന്നീട്, പൊ.യു. 70-ൽ റോമാക്കാർ തിരിച്ചുവന്ന് യെരൂശലേമിനെ പൂർണമായി നശിപ്പിച്ച് ഭീതിദമായ ജീവനാശം വരുത്തി. യോവേൽ മുൻകൂട്ടിപ്പറഞ്ഞ ‘യഹോവയുടെ ദിവസം’ യെരൂശലേമിൽ വന്നെത്തിയിരുന്നു. എന്നാൽ വിശ്വസ്തരായ ക്രിസ്ത്യാനികൾ അവിടെ ഉണ്ടായിരുന്നില്ല. അവർ ‘രക്ഷിക്കപ്പെട്ടു.’—യോവേൽ 2:30-32; പ്രവൃത്തികൾ 2:16-21.
20. “യഹോവയുടെ” മഹത്തായ “ദിവസം” സമീപത്താണെന്ന് അറിയുന്നത് എന്തൊക്കെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
20 ഇന്ന് ഈ മുഴു വ്യവസ്ഥിതിയെയും “യഹോവയുടെ” മറ്റൊരു മഹത്തായ “ദിവസം” പെട്ടെന്നുതന്നെ ബാധിക്കുമെന്നു നമുക്കറിയാം. (യോവേൽ 3:12-16) ആ ദിവസം എന്നു വരുമെന്നു നമുക്കറിയില്ല. എന്നാൽ അതു നിശ്ചയമായും വരുമെന്ന് ദൈവവചനം നമുക്ക് ഉറപ്പുതരുന്നു! അതു താമസിക്കുകയില്ലെന്ന് യഹോവ പറയുന്നു. (ഹബക്കൂക് 2:3; 2 പത്രൊസ് 3:9, 10) അതുകൊണ്ട് നമുക്ക് ‘കേട്ട കാര്യങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകാം.’ “മുറുകെ പററുന്ന പാപ”മായ വിശ്വാസരാഹിത്യം ഒഴിവാക്കുക. ആവശ്യമായിരിക്കുന്നത്ര കാലം സഹിച്ചുനിൽക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക. ഓർമിക്കുക, യഹോവയുടെ മഹത്തായ രഥസമാന സ്വർഗീയ സ്ഥാപനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് അതിന്റെ ഉദ്ദേശ്യം നിവർത്തിക്കും. അതുകൊണ്ട് ജീവനുവേണ്ടിയുള്ള ഓട്ടത്തിൽനിന്നു പിന്മാറാതെ നമുക്കെല്ലാം ഓടിക്കൊണ്ടിരിക്കാം!
നിങ്ങൾ ഓർമിക്കുന്നുവോ?
□ ഫിലിപ്പിയർക്കുള്ള പൗലൊസിന്റെ ഏത് ഉദ്ബോധനത്തിനു ശ്രദ്ധകൊടുക്കുന്നത് ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും?
□ നമ്മെ വ്യതിചലിപ്പിക്കാനുള്ള ഈ ലോകത്തിന്റെ പ്രവണതയെ ചെറുത്തു നിൽക്കാൻ എന്ത് നമ്മെ സഹായിക്കും?
□ ഓട്ടത്തിൽ സഹിച്ചുനിൽക്കുന്നതിന് നമുക്ക് അന്യോന്യം എങ്ങനെ സഹായിക്കാം?
□ ഒരു ക്രിസ്ത്യാനിയെ മന്ദീഭവിപ്പിച്ചേക്കാവുന്ന ചില കാര്യങ്ങളേവ?
□ യേശുവിന്റെ ദൃഷ്ടാന്തം സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
[8, 9 പേജുകളിലെ ചിത്രം]
ക്രിസ്ത്യാനികൾ, ഓട്ടക്കാരെപ്പോലെ, തങ്ങളെ വ്യതിചലിപ്പിക്കാൻ യാതൊന്നിനെയും അനുവദിക്കരുത്
[10-ാം പേജിലെ ചിത്രം]
യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽനിന്ന് അവന്റെ മഹത്തായ സ്വർഗീയ രഥത്തെ തടയാൻ യാതൊന്നിനും കഴിയില്ല