തിരക്കുള്ളവരായിരിക്കുന്നതു നിർജ്ജീവപ്രവൃത്തികളിലോ യഹോവയുടെ സേവനത്തിലോ?
“ഖേദമുണ്ട്, ഞാൻ തിരക്കിലാണ്.” യഹോവയുടെ സാക്ഷികൾ പൊതുജനങ്ങളോട് രാജ്യസുവാർത്ത പ്രസംഗിക്കുമ്പോൾ അവർ അഭിമുഖീകരിക്കുന്ന തടസ്സവാദങ്ങളിലൊന്നാണിത്. (മത്തായി 24:14) “ഞാൻ തിരക്കിലാണ്” എന്ന അവകാശവാദം ചിലപ്പോൾ സൗകര്യപ്രദമായ ഒരു ഒഴികഴിവല്ലാതെ മറെറാന്നുമല്ലെങ്കിലും അനേകർ തിരക്കിലാണ് എന്നതാണ് വാസ്തവം. അവർ ഫലത്തിൽ “ഈ ലോകത്തിന്റെ ചിന്ത”യിൽ—ഉപജീവനം തേടുന്നതിന്റെയും ബില്ലുകൾക്ക് പണമടക്കുന്നതിന്റെയും ജോലിക്കു പോകുന്നതിന്റെയും വരുന്നതിന്റെയും കുട്ടികളെ വളർത്തുന്നതിന്റെയും വീടും കാറും മററു സ്വത്തുക്കളും സംരക്ഷിക്കുന്നതിന്റെയും സമ്മർദ്ദങ്ങളിൽ ഉരുകിത്തീരുകയാണ്.—മത്തായി 13:22.
എന്നിരുന്നാലും, ആളുകൾ തീർച്ചയായും തിരക്കിലായിരിക്കാമെങ്കിലും അധികംപേർ ഫലപ്രദമോ ഉത്പാദനക്ഷമമോ ആയ വേലകളിൽ ഏർപ്പെട്ടിരിക്കുന്നില്ല. അത് ജ്ഞാനിയായ ശലോമോൻ ഒരിക്കൽ എഴുതിയതുപോലെയാണ്: “സൂര്യനുകീഴെ പ്രയത്നിക്കുന്ന സകല പ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം? അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല; അതും മായ അത്രേ.”—സഭാപ്രസംഗി 2:22, 23.
ബൈബിൾ വളരെയധികമായ വ്യർത്ഥപ്രവർത്തനത്തെ “നിർജ്ജീവപ്രവൃത്തികൾ” എന്നാണ് വിളിക്കുന്നത്. (എബ്രായർ 9:14) അങ്ങനെയുള്ള പ്രവൃത്തികൾ നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നുവോ? ദൈവം “ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരംനൽകു”മെന്നതുകൊണ്ട് ഇത് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങൾക്ക് വലിയ താത്പര്യം ആവശ്യമുള്ള സംഗതിയായിരിക്കണം. (സങ്കീർത്തനം 62:12) “കാലം ചുരുങ്ങിയിരിക്കുന്നു” എന്നതുകൊണ്ട് നാം നിർജ്ജീവപ്രവൃത്തികളിൽ സമയം പാഴാക്കാതിരിക്കാൻ വിശേഷാൽ തത്പരരായിരിക്കണം. (1 കൊരിന്ത്യർ 7:29) എന്നാൽ എന്താണ് നിർജ്ജീവപ്രവൃത്തികൾ? നാം അവയെ എങ്ങനെ വീക്ഷിക്കണം? നാം യഥാർത്ഥ മൂല്യമുള്ള പ്രവൃത്തികളിൽ തിരക്കുള്ളവരാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
നിർജ്ജീവപ്രവൃത്തികളെ തിരിച്ചറിയൽ
എബ്രായർ 6:1, 2-ൽ പൗലോസ് ഇങ്ങനെ എഴുതി: “അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.” “അടിസ്ഥാന”ത്തിൽ “നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം” ഉൾപ്പെടുന്നുവെന്നത് ശ്രദ്ധിക്കുക. ക്രിസ്ത്യാനികളെന്ന നിലയിൽ, പൗലോസിന്റെ വായനക്കാർ അപ്പോൾത്തന്നെ അങ്ങനെയുള്ള നിർജ്ജീവപ്രവൃത്തികൾ സംബന്ധിച്ച് അനുതപിച്ചിരുന്നു. എങ്ങനെ?
ക്രിസ്തുവിനെ സ്വീകരിക്കുന്നതിനു മുമ്പ്, ഒന്നാം നൂററാണ്ടിലെ ചിലർ നിർജ്ജീവമായ “ജഡത്തിന്റെ പ്രവൃത്തികളിൽ,” അതായത്, “ദുർന്നടുപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ”കളിലും മററു തിൻമകളിലും ഏർപ്പെട്ടിരുന്നു. (ഗലാത്യർ 5:19-21) നിയന്ത്രിക്കപ്പെടാതിരുന്നാൽ അങ്ങനെയുള്ള പ്രവൃത്തികൾ അവരുടെ ആത്മീയ മരണത്തിലേക്കു നയിക്കുമായിരുന്നു. എന്നിരുന്നാലും, ആ ക്രിസ്ത്യാനികൾ ദൈവാനുഗ്രഹത്താൽ തങ്ങളുടെ വിനാശകരമായ ഗതിയിൽനിന്ന് അകന്നുമാറുകയും അനുതപിക്കുകയും അനന്തരം “കഴുകി ശുദ്ധിയാക്കപ്പെടുകയും” ചെയ്തു. അങ്ങനെ അവർ യഹോവയിങ്കൽ ഒരു ശുദ്ധമായ നിലപാട് ആസ്വദിച്ചു.—1 കൊരിന്ത്യർ 6:9-11.
എന്നിരുന്നാലും, എല്ലാ ക്രിസ്ത്യാനികളും ദുഷ്ടമോ അധാർമ്മികമോ ആയ പ്രവൃത്തികളിൽനിന്ന് അനുതപിക്കേണ്ടയാവശ്യമില്ലായിരുന്നു. പൗലോസിന്റെ ലേഖനം മുഖ്യമായി യഹൂദവിശ്വാസികളെ സംബോധനചെയ്യുന്നതായിരുന്നു, അവരിലനേകർ ക്രിസ്തുവിനെ സ്വീകരിക്കുന്നതിനു മുമ്പ് മോശൈകന്യായപ്രമാണത്തോടു കർശനമായി പററിനിന്നിരുന്നുവെന്നതിന് സംശയമില്ല. അപ്പോൾ അവർ ഏതു നിർജ്ജീവപ്രവൃത്തികൾ സംബന്ധിച്ചാണ് അനുതപിച്ചിരുന്നത്? തീർച്ചയായും അവർ ന്യായപ്രമാണത്തിന്റെ കർമ്മാനുഷ്ഠാനങ്ങളും ആഹാരക്രമസംബന്ധമായ നിബന്ധനകളും അനുസരിച്ചതിൽ യാതൊരു തെററുമില്ലായിരുന്നു. ന്യായപ്രമാണം, “വിശുദ്ധവും ന്യായവും നല്ലതും” അല്ലായിരുന്നോ? (റോമർ 7:12) അതെ, എന്നാൽ റോമർ 12:2, 3-ൽ (NW) പൗലോസ് യഹൂദൻമാരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവർക്ക് ദൈവത്തെക്കുറിച്ച് ഒരു തീക്ഷ്ണതയുണ്ടെന്ന് ഞാൻ അവരെക്കുറിച്ചു സാക്ഷ്യംപറയുന്നു; എന്നാൽ സൂക്ഷ്മപരിജ്ഞാനപ്രകാരമല്ല; എന്തെന്നാൽ ദൈവത്തിന്റെ നീതി അറിയാതെ സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിക്കുകനിമിത്തം അവർ ദൈവത്തിന്റെ നീതിക്ക് തങ്ങളേത്തന്നെ കീഴ്പ്പെടുത്തിയില്ല.”
അതെ, ന്യായപ്രമാണം ശ്രദ്ധാപൂർവം അനുസരിക്കുന്നതിനാൽ തങ്ങൾക്ക് രക്ഷനേടാൻ കഴിയുമെന്ന് യഹൂദൻമാർ തെററായി വിശ്വസിച്ചു. എന്നാൽ “യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല” എന്ന് പൗലോസ് വിശദീകരിച്ചു. (ഗലാത്യർ 2:16) ക്രിസ്തുവിന്റെ മറുവില പ്രദാനംചെയ്യപ്പെട്ട ശേഷം, ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ—എത്ര ഭക്തിപൂർവകമോ ശ്രേഷ്ഠമോ ആയാലും—നിർജ്ജീവപ്രവൃത്തികളായിരുന്നു, രക്ഷ നേടുന്നതിൽ യാതൊരു മൂല്യവുമില്ലാത്തതായിരുന്നു. അതുകൊണ്ട് നീതിഹൃദയികളായ യഹൂദൻമാർ അങ്ങനെയുള്ള നിർജ്ജീവപ്രവൃത്തികൾസംബന്ധിച്ച് അനുതപിച്ചുകൊണ്ടും തങ്ങളുടെ അനുതാപത്തെ പ്രതീകപ്പെടുത്താൻ സ്നാപനമേററുകൊണ്ടും ദൈവപ്രീതി തേടി.—പ്രവൃത്തികൾ 2:38.
ഇതിൽനിന്ന് നാം എന്താണ് പഠിക്കുന്നത്? നിർജ്ജീവപ്രവൃത്തികളിൽ ദുഷ്ടമോ അധാർമ്മികമോ ആയ പ്രവൃത്തികളെക്കാളധികം ഉൾപ്പെട്ടേക്കാമെന്നുതന്നെ; അവയിൽ ആത്മീയമായി നിർജ്ജീവമോ വ്യർത്ഥമോ നിഷ്ഫലമോ ആയ ഏതു പ്രവൃത്തിയും ഉൾപ്പെടുന്നു. എന്നാൽ ക്രിസ്ത്യാനികളെല്ലാം തങ്ങളുടെ സ്നാപനത്തിനു മുമ്പ് അങ്ങനെയുള്ള നിർജ്ജീവപ്രവൃത്തികൾസംബന്ധിച്ച് അനുതപിക്കുന്നില്ലേ? സത്യംതന്നെ, എന്നാൽ ഒന്നാം നൂററാണ്ടിലെ ചില ക്രിസ്ത്യാനികൾ അധാർമ്മിക നടത്തയിലേക്ക് പിൻമാറിപ്പോയിരുന്നു. (1 കൊരിന്ത്യർ 5:1) യഹൂദക്രിസ്ത്യാനികളുടെ ഇടയിൽ, മോശൈകന്യായപ്രമാണത്തിന്റെ നിർജ്ജീവപ്രവൃത്തികളിൽ ഏർപ്പെടുന്നതിലേക്കു പിന്തിരിയുന്നതിനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. നിർജ്ജീവപ്രവൃത്തികളിലേക്കു മടങ്ങിപ്പോകാതിരിക്കാൻ പൗലോസ് അവരെ ഓർമ്മിപ്പിക്കേണ്ടിവന്നു—ഗലാത്യർ 4:21; 5:1.
നിർജ്ജീവപ്രവൃത്തികൾക്കെതിരെ സൂക്ഷിക്കുക
അതുകൊണ്ട് യഹോവയുടെ ജനം ഇന്ന് നിർജ്ജീവപ്രവൃത്തികളിലേക്ക് പിൻമാറിപ്പോകാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കണം. നാം ധാർമ്മികമായി വിട്ടുവീഴ്ച ചെയ്യാനും സത്യസന്ധതയില്ലാത്തവരായിരിക്കാനും ലൈംഗികദുർന്നടത്തയുടെ പ്രവൃത്തികളിലേർപ്പെടാനുമുള്ള സമ്മർദ്ദങ്ങളാൽ ഫലത്തിൽ എല്ലാ ദിശകളിലുംനിന്ന് ആക്രമിക്കപ്പെടുകയാണ്. ഓരോ വർഷവും ആയിരക്കണക്കിനു ക്രിസ്ത്യാനികൾ അങ്ങനെയുള്ള സമ്മർദ്ദങ്ങൾക്കു വഴിപ്പെടുകയും അനുതാപമില്ലെങ്കിൽ പുറത്താക്കപ്പെടുയും ചെയ്യുന്നുണ്ടെന്നു പറയാൻ സങ്കടമുണ്ട്. അപ്പോൾ മുമ്പെന്നത്തേതിലുമധികമായി ഒരു ക്രിസ്ത്യാനി എഫേസ്യർ 4:22-24-ലെ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കേണ്ടതുണ്ട്: “മുമ്പിലത്തെ നടപ്പുസംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കംപ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ (പുതിയ വ്യക്തിത്വം, NW) ധരിച്ചുകൊൾവിൻ.”
തീർച്ചയായും, പൗലോസ് ആർക്കെഴുതിയോ ആ എഫേസ്യർ അപ്പോൾത്തന്നെ ഒരു വലിയ അളവിൽ പുതിയ വ്യക്തിത്വം ധരിച്ചിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ഒരു തുടർച്ചയായ പ്രക്രിയ ആണെന്ന് മനസ്സിലാക്കാൻ പൗലോസ് അവരെ സഹായിച്ചു! അവിരാമമായ ശ്രമമില്ലെങ്കിൽ ക്രിസ്ത്യാനികൾക്ക് ദുഷിപ്പിക്കുന്ന ഒരു സ്വാധീനമെന്ന നിലയിൽ നിലനിൽക്കുന്ന വഞ്ചനാത്മകമായ മോഹങ്ങളാൽ നിർജ്ജീവപ്രവൃത്തികളിലേക്ക് പിന്തിരിപ്പിക്കപ്പെടാൻ കഴിയും. ഇന്നു നമ്മേസംബന്ധിച്ചും അതുതന്നെ സത്യമാണ്. പുതിയ വ്യക്തിത്വം ധരിക്കാൻ നാം നിരന്തരം കഠിനശ്രമം ചെയ്യണം, നമ്മുടെ പഴയ ജീവിതരീതിയിൽ സമ്പാദിച്ച ഏതെങ്കിലും സ്വഭാവവിശേഷങ്ങളാൽ അതു കളങ്കപ്പെടാൻ അനുവദിക്കരുത്. നാം ജഡത്തിന്റെ ദുഷ്ടപ്രവൃത്തികളുടെ ഏതു രൂപത്തെയും വർജ്ജിക്കണം—വെറുക്കണം. “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ” എന്നു സങ്കീർത്തനക്കാരൻ ഉദ്ബോധിപ്പിക്കുന്നു.—സങ്കീർത്തനം 97:10.
യഹോവയുടെ ജനത്തിൽ ബഹുഭൂരിപക്ഷവും ഇന്ന് ഈ ബുദ്ധിയുപദേശം അനുസരിക്കുകയും ധാർമ്മികമായി ശുദ്ധരായി നിലകൊള്ളുകയും ചെയ്തിട്ടുള്ളത് പ്രശംസനീയമാണ്. എന്നിരുന്നാലും ചിലർ അവയിൽത്തന്നെ തെററല്ലാത്തതെങ്കിലും ആത്യന്തികമായി വ്യർത്ഥവും നിഷ്ഫലവുമായ പ്രവൃത്തികളാൽ വ്യതിചലിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ചിലർ പണസമ്പാദനപദ്ധതികളിലോ ഭൗതികവസ്തുക്കളുടെ സമ്പാദനത്തിലോ പൂർണ്ണമായും ഉൾപ്പെട്ടുപോയിരിക്കുന്നു. എന്നാൽ ബൈബിൾ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “ധനികൻമാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” (1 തിമൊഥെയോസ് 6:9) മററുള്ളവരെ സംബന്ധിച്ചാണെങ്കിൽ, ലൗകികവിദ്യാഭ്യാസം ഒരു കെണിയായിത്തീർന്നിട്ടുണ്ട്. ജോലി കിട്ടുന്നതിന് ഒരു നിശ്ചിത അളവിലുള്ള ലൗകികവിദ്യാഭ്യാസം ആവശ്യമായിരിക്കാമെന്നത് സത്യംതന്നെ. എന്നാൽ സമയം കളയുന്ന പുരോഗമിച്ച ലൗകികവിദ്യാഭ്യാസത്തിന്റെ തേട്ടത്തിൽ ചിലർ ആത്മീയമായി തങ്ങളേത്തന്നെ ദ്രോഹിച്ചിട്ടുണ്ട്.
അതെ, അനേകം പ്രവൃത്തികൾ അവയിൽതന്നെ ധാർമ്മികമായി തെററല്ലായിരിക്കാം. എന്നിരുന്നാലും അവ ഇപ്പോൾ നിങ്ങളുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നില്ലെങ്കിൽ അല്ലെങ്കിൽ നമുക്ക് യഹോവയാം ദൈവത്തിന്റെ പ്രീതി നേടിത്തരുന്നില്ലെങ്കിൽ അവ നിർജ്ജീവമാണ്. അങ്ങനെയുള്ള പ്രവൃത്തികൾ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തുകയും ആത്മീയപ്രയോജനങ്ങൾ, നിലനിൽക്കുന്ന നവോൻമേഷം, ഉളവാക്കാതിരിക്കുകയും ചെയ്യുന്നു.—സഭാപ്രസംഗി 2:11 താരതമ്യപ്പെടുത്തുക.
നിങ്ങൾ പ്രയോജനകരമായ ആത്മീയപ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുകയാണെന്നുള്ളതിനു സംശയമില്ല. എന്നിരുന്നാലും, നിരന്തരം നിങ്ങളേത്തന്നെ സൂക്ഷ്മപരിശോധന നടത്തുന്നത് നല്ലതാണ്. കാലാകാലങ്ങളിൽ നിങ്ങൾക്ക് നിങ്ങളോടുതന്നെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്: ‘ഞാൻ ആവശ്യമില്ലാത്ത ലൗകികജോലി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് എന്റെ സേവനപങ്കുപററലിലും യോഗഹാജരിലും വീഴ്ച വരുന്നുണ്ടോ?’ ‘എനിക്ക് വിനോദത്തിനു സമയമുണ്ടെങ്കിലും വ്യക്തിപരവും കുടുംബപരവുമായ അദ്ധ്യയനത്തിന് സമയം കുറവാണോ?’ ‘ഞാൻ ഭൗതികസ്വത്തുക്കളിൽ ശ്രദ്ധിക്കുന്നതിന് വളരെയധികം സമയവും ഊർജ്ജവും ചെലവഴിക്കുന്നുവെങ്കിലും രോഗികളെയും പ്രായാധിക്യമുള്ളവരെയുംപോലെ സഭയിൽ ശ്രദ്ധയാവശ്യമുള്ളവർക്കുവേണ്ടി കരുതുന്നതിൽ പരാജയപ്പെടുന്നുവോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ഭാഗത്ത് ആത്മീയ പ്രവൃത്തികൾക്ക് കൂടിയ മുൻഗണന കൊടുക്കേണ്ടതിന്റെ ആവശ്യത്തെ വെളിപ്പെടുത്തിയേക്കാം.
യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കുക
ഒന്നു കൊരിന്ത്യർ 15:58 (NW) പറയുന്നതുപോലെ, “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ” ഉണ്ട്. ഏററം പ്രമുഖമായത് രാജ്യപ്രസംഗ, ശിഷ്യരാക്കൽ വേലയാണ്. 2 തിമൊഥെയോസ് 4:5-ൽ പൗലോസ് ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “സുവാർത്താപ്രസംഗത്തെ സമഗ്രമായ സേവനത്തിൽ നിങ്ങളുടെ ജീവിതവൃത്തിയാക്കുക.” (ജറൂസലം ബൈബിൾ) ആട്ടിൻകൂട്ടത്തിന്റെ ആവശ്യങ്ങൾ നോക്കുന്നതിന് മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും വളരെയധികം ചെയ്യാനുണ്ട്. (1 തിമൊഥെയോസ് 3:1, 5, 13; 1 പത്രൊസ് 5:2) കുടുംബത്തലവൻമാർക്കും—അവരിലനേകർ ഏകസ്ഥരാണ്—തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുന്നതിനും ദൈവത്തോടുള്ള ബന്ധത്തിൽ വളരാൻ തങ്ങളുടെ മക്കളെ സഹായിക്കുന്നതിനും ഘനമായ ഉത്തരവാദിത്തങ്ങളുണ്ട്. അങ്ങനെയുള്ള പ്രവൃത്തികൾ ചിലപ്പോൾ ക്ഷീണിപ്പിക്കുന്നതും ആകുലീകരിക്കുന്നതുപോലുമായിരിക്കാൻ കഴിയും. എന്നാൽ അവ അശേഷം നിർജ്ജീവമായിരിക്കാതെ യഥാർത്ഥസംതൃപ്തി കൈവരുത്തുന്നു!
പ്രശ്നം ഇതാണ്: പ്രയോജനകരമായ ഈ അവശ്യപ്രവൃത്തികളെല്ലാം നിർവഹിക്കുന്നതിന് ഒരുവൻ എങ്ങനെ സമയം കണ്ടെത്തുന്നു? ആത്മശിക്ഷണവും വ്യക്തിപരമായ ക്രമീകരണവും അത്യന്താപേക്ഷിതമാണ്. 1 കൊരിന്ത്യർ 9:26, 27-ൽ പൗലോസ് ഇങ്ങനെ എഴുതി: “ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധംചെയ്യുന്നത്. മററുള്ളവരോടു പ്രസംഗിച്ച ശേഷം ഞാൻതന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” ഈ വാക്യത്തിലെ തത്വം ബാധകമാക്കുന്നതിനുള്ള ഒരു മാർഗ്ഗം ആനുകാലികമായി നിങ്ങളുടെ വ്യക്തിപരമായ ദിനചര്യയെയും ജീവിതരീതിയെയും പരിശോധിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ സമയത്തിന്റെയും ഊർജ്ജത്തിന്റെയും അനാവശ്യമായ പല ശോഷണങ്ങളും നീക്കംചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ഉചിതമായി കണ്ടെത്തിയേക്കാം.
ദൃഷ്ടാന്തത്തിന്, നിങ്ങളുടെ ഊർജ്ജത്തിലും സമയത്തിലും അധികപങ്കും ററിവി കാഴ്ചയിലും വിനോദത്തിലും ലൗകികവായനയിലും അല്ലെങ്കിൽ ഹോബികളിലും ചെലവഴിക്കപ്പെടുകയാണോ? ദ ന്യൂയോർക്ക് റൈറംസിലെ ഒരു ലേഖനമനുസരിച്ച്, ഐക്യനാടുകളിലെ സാധാരണക്കാരനായ മുതിർന്നയൊരാൾ ററിവി കാഴ്ചക്ക് “വാരത്തിൽ 30 മണിക്കൂറുകൾക്കുമേൽ” ചെലവഴിക്കുന്നു. തീർച്ചയായും, അങ്ങനെയുള്ള സമയം മെച്ചമായി വിനിയോഗിക്കാൻ കഴിയും! ഒരു സഞ്ചാര മേൽവിചാരകന്റെ ഭാര്യ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ടെലിവിഷൻ കാഴ്ചപോലെ സമയം പാഴാക്കുന്ന സകലവും ഞാൻ മിക്കവാറും പൂർണ്ണമായി ഒഴിവാക്കി.” ഫലമെന്തായിരുന്നു? അവർക്ക് തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച എന്ന ബൈബിൾവിജ്ഞാനകോശം മുഴുവൻ വായിച്ചുതീർക്കാൻ കഴിഞ്ഞു!
നിങ്ങളുടെ ജീവിതരീതിയെ എത്രത്തോളം ലഘൂകരിക്കാൻ കഴിയുമെന്നും നിങ്ങൾ പരിചിന്തിക്കേണ്ടതുണ്ടായിരിക്കാം. ശലോമോൻ ഇങ്ങനെ പറഞ്ഞു: “വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:12) നിങ്ങളുടെ വളരെയധികം സമയവും ഊർജ്ജവും അനാവശ്യമായ ഭൗതികസ്വത്തുക്കളുടെ സൂക്ഷിപ്പിന് വിനിയോഗിക്കുകയാണോ? യഥാർത്ഥത്തിൽ, നമുക്ക് എത്രയധികം വസ്തുക്കളുണ്ടോ അത്രയധികം വസ്തുക്കളെ നാം സൂക്ഷിക്കുകയും ഇൻഷ്വർ ചെയ്യുകയും കേടുപോക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ചില വസ്തുക്കൾ കേവലം ഒഴിവാക്കുന്നത് നിങ്ങൾക്ക് പ്രയോജനകരമായിരിക്കുമോ?
പ്രായോഗികമായ ഒരു പട്ടിക നിങ്ങളുടെ സമയത്തെ മെച്ചമായി വിനിയോഗിക്കുന്നതിനുള്ള മറെറാരു മാർഗ്ഗമാണ്. അങ്ങനെയുള്ള ഒരു പട്ടിക വിശ്രമത്തിനോ വിനോദത്തിനോ ഉള്ള ഒരുവന്റെ ആവശ്യത്തെയും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ ആത്മീയ താത്പര്യങ്ങൾക്ക് മുൻഗണന കൊടുക്കണം. ക്രമമായ അടിസ്ഥാനത്തിൽ സഭാമീററിംഗുകൾക്കെല്ലാം ഹാജരാകുന്നതിന് സമയം മാററിവെക്കണം. സുവിശേഷിക്കൽവേലക്ക് ഏതു ദിവസങ്ങൾ അല്ലെങ്കിൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ കഴിയുമെന്നും നിങ്ങൾക്ക് മുന്നമേ തീരുമാനിക്കാവുന്നതാണ്. ശ്രദ്ധാപൂർവമായ ആസൂത്രണത്താൽ, ഒരുപക്ഷേ കാലാകാലങ്ങളിൽ ഒരു സഹായപയനിയറായി സേവിച്ചുകൊണ്ട് നിങ്ങളുടെ സേവനത്തിലെ പങ്കു വർദ്ധിപ്പിക്കാൻപോലും നിങ്ങൾക്കു കഴിഞ്ഞേക്കും. എന്നിരുന്നാലും യോഗങ്ങൾക്കുവേണ്ടിയുള്ള പൂർണ്ണമായ തയ്യാറാകൽ ഉൾപ്പെടെ വ്യക്തിപരവും കുടുംബപരവുമായ പഠനത്തിന് സമയം പട്ടികപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുക. തയ്യാറാകുന്നതിനാൽ നിങ്ങൾക്കുതന്നെ യോഗങ്ങളിൽനിന്ന് കൂടുതൽ പ്രയോജനം കിട്ടുമെന്നു മാത്രമല്ല, നിങ്ങളുടെ അഭിപ്രായങ്ങളാൽ “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” നിങ്ങൾ മെച്ചപ്പെട്ട നിലയിലായിരിക്കുകയും ചെയ്യും.—എബ്രായർ 10:24.
പഠനത്തിന് സമയം കണ്ടെത്തുന്നതിന് ചില ത്യാഗങ്ങൾ ആവശ്യമായേക്കാം. ദൃഷ്ടാന്തത്തിന്, ലോകവ്യാപകമായുള്ള ബഥേൽ കുടുംബങ്ങൾ ദിനവാക്യപരിചിന്തനത്തിന് ഓരോ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നു. വ്യക്തിപരമായ പഠനത്തിനായി നിങ്ങൾക്ക് ഓരോ പ്രഭാതത്തിലും അല്പം സമയം വിലക്കു വാങ്ങുക സാദ്ധ്യമാണോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ഉദയത്തിനുമുമ്പേ എഴുന്നേററു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു.” (സങ്കീർത്തനം 119:147) തീർച്ചയായും, നേരത്തെ എഴുന്നേൽക്കൽ, അടുത്ത ദിവസം ആരോഗ്യത്തോടെയും വിശ്രമപൂർവവും തുടക്കമിടാൻ സാധിക്കേണ്ടതിന് ഉറങ്ങാൻ കിടക്കുന്നതിന് ന്യായമായ സമയം പട്ടികപ്പെടുത്തേണ്ടതാവശ്യമാക്കിത്തീർക്കും.
യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
“കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കു”ന്നതിന് ആസൂത്രണവും ശിക്ഷണവും ആത്മത്യാഗവും ആവശ്യംതന്നെയാണ്. എന്നാൽ തത്ഫലമായി നിങ്ങൾ എണ്ണമററ പ്രയോജനങ്ങൾ ആസ്വദിക്കും. അതുകൊണ്ട് തിരക്കുള്ളവരായിരിക്കുക, ശൂന്യതയും വേദനയും മാത്രം കൈവരുത്തുന്ന നിർജ്ജീവമോ വ്യർത്ഥമോ ആയ പ്രവൃത്തികളിലല്ല, പിന്നെയോ യഹോവയുടെ സേവനത്തിൽ. എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള പ്രവൃത്തികളാലാണ് നിങ്ങൾ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്നതും, ദൈവാംഗീകാരവും ആത്യന്തികമായി നിത്യജീവന്റെ പ്രതിഫലവും പ്രാപിക്കുന്നതും!
[28-ാം പേജിലെ ചിത്രം]
പ്രായോഗികമായ ഒരു പട്ടിക ഉണ്ടാക്കുന്നത് തന്റെ സമയത്തെ കൂടുതൽ ജ്ഞാനപൂർവം വിനിയോഗിക്കാൻ ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നു