“സങ്കേതനഗര”ത്തിൽ പാർത്ത് ജീവനോടിരിക്കുക!
“അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു.”—സംഖ്യാപുസ്തകം 35:28.
1. രക്തപ്രതികാരകൻ ആരാണ്, അവൻ ഉടൻതന്നെ എന്തു നടപടി സ്വീകരിക്കും?
യഹോവയുടെ രക്തപ്രതികാരകൻ, യേശുക്രിസ്തു, നിഗ്രഹിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. തന്റെ ദൂതഗണത്തോടൊപ്പം ഈ പ്രതികാരകൻ, രക്തപാതകക്കുറ്റം വഹിക്കുന്ന അനുതാപമില്ലാത്ത സകലർക്കുമെതിരെ പെട്ടെന്നുതന്നെ നടപടി സ്വീകരിക്കും. അതേ, സത്വരം സമീപിച്ചിരിക്കുന്ന “മഹോപദ്രവ”ത്തിൽ യേശു ദൈവത്തിന്റെ വധനിർവാഹകൻ എന്നനിലയിൽ സേവനമനുഷ്ഠിക്കും. (മത്തായി 24:21, 22, NW; യെശയ്യാവു 26:21) അപ്പോൾ മനുഷ്യവർഗം തങ്ങളുടെ രക്തപാതകക്കുറ്റത്തിന്റെ അനന്തരഫലങ്ങൾ നേരിട്ടനുഭവിക്കും.
2. യഥാർഥ സങ്കേതത്തിനുള്ള ഏക ഇടം ഏതാണ്, എന്തു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്?
2 പ്രതിമാതൃക സങ്കേത നഗരത്തിലേക്കുള്ള വഴിയിൽ പ്രവേശിക്കുകയും ജീവരക്ഷാർഥം ഓടുകയുമാണു സുരക്ഷിതത്വത്തിനുള്ള മാർഗം! നഗരത്തിൽ കൈക്കൊള്ളുന്നപക്ഷം ഒരു അഭയാർഥി അതിൽ പാർക്കേണ്ടിയിരുന്നു. കാരണം സങ്കേതത്തിനുള്ള ഏക ഇടം അതു മാത്രമായിരുന്നു. എന്നാൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘നമ്മിലനേകരും ഒരിക്കലും ആരെയും കൊന്നിട്ടില്ലാത്ത സ്ഥിതിക്കു നാം വാസ്തവത്തിൽ രക്തപാതകക്കുറ്റമുള്ളവരാണോ? എന്തുകൊണ്ടാണ് യേശു രക്തപ്രതികാരകനായിരിക്കുന്നത്? ആധുനിക സങ്കേത നഗരം എന്താണ്? ആർക്കെങ്കിലും എന്നെങ്കിലും സുരക്ഷിതമായി അവിടം വിട്ടുപോകാനാവുമോ?’
നാം വാസ്തവത്തിൽ രക്തപാതകക്കുറ്റമുള്ളവരാണോ?
3. ഭൂമിയിൽ കോടിക്കണക്കിനാളുകൾ രക്തപാതകക്കുറ്റത്തിൽ പങ്കുള്ളവരാണെന്നു കാണാൻ മോശൈക ന്യായപ്രമാണത്തിലെ എന്തു വശം നമ്മെ സഹായിക്കും?
3 ഭൂമിയിൽ കോടിക്കണക്കിനാളുകൾ രക്തപാതകക്കുറ്റത്തിൽ പങ്കുള്ളവരാണെന്നു കാണാൻ മോശൈക ന്യായപ്രമാണത്തിന്റെ ഒരു വശം നമ്മെ സഹായിക്കും. ദൈവം ഇസ്രായേല്യരുടെമേൽ രക്തച്ചൊരിച്ചിലിനുള്ള ഒരു കൂട്ടുത്തരവാദിത്വം വയ്ക്കുകയുണ്ടായി. ഒരുവൻ കൊല്ലപ്പെടുകയും അയാളുടെ ഘാതകൻ ആരെന്നു തിട്ടമില്ലാതെ വരുകയുമാണെങ്കിൽ ഏറ്റവും അടുത്ത നഗരം ഏതാണെന്നു നിർണയിക്കുന്നതിനു ന്യായാധിപന്മാർ വന്നു ചുറ്റുമുള്ള നഗരങ്ങളിലേക്കുള്ള ദൂരം അളക്കണമായിരുന്നു. പാതകം നീക്കിക്കളയുന്നതിനു പ്രത്യക്ഷത്തിൽ രക്തപാതകക്കുറ്റമുള്ള നഗരത്തിലെ മൂപ്പന്മാർ, ഒരിക്കലും കൃഷിചെയ്തിട്ടില്ലാത്ത നീരൊഴുക്കുള്ള ഒരു താഴ്വരയിൽവെച്ച് ഒരിക്കലും വേലചെയ്യിച്ചിട്ടില്ലാത്ത ഒരു പശുക്കിടാവിന്റെ കഴുത്തൊടിക്കണമായിരുന്നു. ലേവ്യ പുരോഹിതന്മാരുടെ മുമ്പാകെയാണ് ഇതു ചെയ്തിരുന്നത്. കാരണം ‘അവരെയായിരുന്നു യഹോവ വ്യവഹാരവും അടികലശലും തീർക്കുന്നതിനു തിരഞ്ഞെടുത്തിരുന്നത്.’ നഗരത്തിലെ മൂപ്പന്മാർ ആ പശുക്കിടാവിന്മേൽ കൈകൾ കഴുകിക്കൊണ്ട് ഇങ്ങനെ പറയുമായിരുന്നു: “ഞങ്ങളുടെ കൈകൾ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല. യഹോവേ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ.” (ആവർത്തനപുസ്തകം 21:1-9) ഇസ്രായേൽ ദേശം രക്തപങ്കിലമാകാനോ അതിലെ ജനം രക്തപാതകത്തിന്റെ കൂട്ടുത്തരവാദിത്വം വഹിക്കാനോ യഹോവ ആഗ്രഹിച്ചിരുന്നില്ല.
4. മഹാബാബിലോന് രക്തപാതകക്കുറ്റത്തിന്റെ എന്തു രേഖയാണുള്ളത്?
4 അതേ, കൂട്ടരക്തപാതകക്കുറ്റം അഥവാ സമൂഹരക്തപാതകക്കുറ്റം എന്നൊരു സംഗതിയുണ്ട്. വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെമേലുള്ള കയ്യും കണക്കുമില്ലാത്ത രക്തപാതകക്കുറ്റത്തെക്കുറിച്ചു പരിചിന്തിക്കുക. എന്തിന്, അവൾ യഹോവയുടെ ദാസരുടെ രക്തം കുടിച്ചു മത്തയായിരിക്കുകയാണ്! (വെളിപ്പാടു 17:5, 6; 18:24) സമാ ധാനപ്രഭുവിനെ അനുഗമിക്കുന്നുവെന്നു ക്രൈസ്തവലോകം അവകാശവാദം നടത്തുന്നുണ്ടെങ്കിലും യുദ്ധങ്ങൾ, മതവിചാരണകൾ, മരണകരമായ കുരിശുയുദ്ധങ്ങൾ എന്നിവ അവളെ ദൈവമുമ്പാകെ രക്തപാതകക്കുറ്റമുള്ളവളാക്കിയിരിക്കുന്നു. (യെശയ്യാവു 9:6; യിരെമ്യാവു 2:34) വാസ്തവത്തിൽ, ഈ നൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങളിലായി നടന്ന കോടിക്കണക്കിനാളുകളുടെ മരണത്തിനു പ്രമുഖ കുറ്റം അവൾ വഹിക്കേണ്ടതുണ്ട്. തന്മൂലം, വ്യാജമതത്തോടു പറ്റിനിൽക്കുന്നവരും മാനവ യുദ്ധങ്ങളെ പിന്തുണയ്ക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നവരും ദൈവമുമ്പാകെ രക്തപാതകക്കുറ്റമുള്ളവരാണ്.
5. ചിലയാളുകൾ ഇസ്രായേലിലെ അബദ്ധവശാൽ കൊലചെയ്തവനെപ്പോലെ ആയിരിക്കുന്നത് എങ്ങനെ?
5 ചിലർ മനപ്പൂർവമോ അശ്രദ്ധമൂലമോ മനുഷ്യമരണത്തിന് ഇടവരുത്തിയിട്ടുണ്ട്. മറ്റുചിലർ, ഒരുപക്ഷേ മതനേതാക്കന്മാരുടെ പ്രേരണയിൽക്കുടുങ്ങി, കൂട്ടക്കൊലയിൽ പങ്കെടുത്തിട്ടുണ്ട്. അതു ദൈവഹിതമാണെന്നാണ് അവരുടെ മതം. ഇനിയും, വേറെചിലർ ദൈവദാസരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. നാം അത്തരം കാര്യങ്ങൾ ചെയ്തിട്ടില്ലെന്നുവരികിലും ദൈവത്തിന്റെ നിയമവും ഹിതവും അറിയാതെ നാം മനുഷ്യജീവന്റെ നഷ്ടത്തിൽ സമൂഹ ഉത്തരവാദിത്വം വഹിക്കുന്നു. നാം ‘പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടകാരനെ കൊന്ന’ വ്യക്തിയെപോലെയാണ്. (ആവർത്തനപുസ്തകം 19:4) അത്തരം വ്യക്തികൾ ദൈവത്തോടു കരുണയ്ക്കായി യാചിക്കുകയും പ്രതിമാതൃക സങ്കേത നഗരത്തിലേക്ക് ഓടുകയും വേണം. അല്ലാത്തപക്ഷം അവർ രക്തപ്രതികാരകനുമായി മാരകമായ ഏറ്റുമുട്ടലിൽ ഏർപ്പെടും.
യേശുവിന്റെ മർമപ്രധാനമായ റോളുകൾ
6. യേശു മനുഷ്യവർഗത്തിന്റെ ഏറ്റവും അടുത്ത ബന്ധുവാണെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
6 ഇസ്രായേലിൽ രക്തപ്രതികാരകൻ കൊലചെയ്യപ്പെട്ട ആളിന്റെ അടുത്ത ബന്ധുവായിരുന്നു. ഭൂമിയിൽ കൊല്ലപ്പെട്ട സകലരുടെയും, പ്രത്യേകിച്ച് യഹോവയുടെ കൊല്ലപ്പെട്ട ദാസരുടെ, രക്തത്തിനു പ്രതികാരം ചെയ്യുന്നതിന് ഇപ്പോഴത്തെ രക്തപ്രതികാരകൻ സകല മനുഷ്യവർഗത്തിന്റെയും ബന്ധുവായിരിക്കണം. യേശുക്രിസ്തു ആ സ്ഥാനം അലങ്കരിക്കുന്നു. അവൻ ഒരു പൂർണമനുഷ്യനായിട്ടാണു പിറന്നത്. യേശു പാപരഹിതമായ തന്റെ ജീവൻ ഒരു മറുവിലയാഗമായി അർപ്പിച്ചു. സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടശേഷം അവൻ അതിന്റെ മൂല്യം പാപപൂർണനായ ആദാമിന്റെ മരിച്ചുകൊണ്ടിരിക്കുന്ന സന്താനങ്ങൾക്കായി ദൈവമുമ്പാകെ സമർപ്പിച്ചു. അങ്ങനെ ക്രിസ്തു മനുഷ്യവർഗത്തിന്റെ വിമോചകൻ, ഏറ്റവും അടുത്ത ബന്ധു—അർഹതയുള്ള രക്തപ്രതികാരകൻ ആയിത്തീർന്നു. (റോമർ 5:12; 6:23; എബ്രായർ 10:12) തന്റെ കാലടികളെ പിന്തുടരുന്ന അഭിഷിക്ത അനുഗാമികളുടെ സഹോദരനായി യേശു തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. (മത്തായി 25:40, 45; എബ്രായർ 2:11-17) അവന്റെ ബലിയിൽനിന്നു പ്രയോജനമനുഭവിക്കുന്ന ഭൗമിക പ്രജകൾക്ക്, സ്വർഗീയ രാജാവെന്ന നിലയിൽ അവൻ “നിത്യപിതാവു” ആയിത്തീരുന്നു. അവർ എന്നേക്കും ജീവിക്കും. (യെശയ്യാവു 9:6, 7) അതുകൊണ്ട്, യഹോവ മനുഷ്യവർഗത്തിന്റെ ഈ ബന്ധുവിനെ രക്തപ്രതികാരകനായി നിയോഗിച്ചിരിക്കുന്നതു യഥോചിതമാണ്.
7. വലിയ മഹാപുരോഹിതൻ എന്നനിലയിൽ യേശു മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യുന്നു?
7 യേശു പാപരഹിതനായ, ശോധനചെയ്യപ്പെട്ട, സഹതാപമുള്ള ഒരു മഹാപുരോഹിതനുമാണ്. (എബ്രായർ 4:15) ആ നിലയിൽ അവൻ തന്റെ പാപപരിഹാര ബലിയുടെ മൂല്യം മനുഷ്യവർഗത്തിനു ബാധകമാക്കുന്നു. “യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയി”ട്ടാണു സങ്കേത നഗരങ്ങൾ നിർമിക്കപ്പെട്ടത്. (സംഖ്യാപുസ്തകം 35:15) തന്മൂലം, മഹാപുരോഹിതൻ തന്റെ ബലിയുടെ മൂല്യം ആദ്യം തന്റെ അഭിഷിക്ത അനുഗാമികൾക്ക്, “യിസ്രായേൽമക്കൾ”ക്കു ബാധകമാക്കി. ഇപ്പോൾ അതു പ്രതിമാതൃക സങ്കേത നഗരത്തിലുള്ള ‘പരദേശികൾ’ക്കും ‘വന്നു താമസിക്കുന്നവർ’ക്കും ബാധകമാക്കിക്കൊണ്ടിരിക്കുകയാണ്. കർത്താവായ യേശുക്രിസ്തുവിന്റെ ഈ “വേറെ ആടുകൾ” ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നു.—യോഹന്നാൻ 10:16; സങ്കീർത്തനം 37:29, 34.
ഇന്നത്തെ സങ്കേത നഗരം
8. പ്രതിമാതൃക സങ്കേത നഗരം എന്താണ്?
8 പ്രതിമാതൃക സങ്കേത നഗരം എന്താണ്? അത് ആറു ലേവ്യ സങ്കേത നഗരങ്ങളിലൊന്നും ഇസ്രായേലിലെ മഹാപുരോഹിതന്റെ ഭവനവുമായിരുന്ന ഹെബ്രോൻ പോലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനമല്ല. ഇന്നത്തെ സങ്കേത നഗരം, രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവത്തിന്റെ നിയമം ലംഘിക്കുന്നതിൽനിന്നു നമ്മെ രക്ഷിക്കുന്നതിനുള്ള അവന്റെ കരുതലാണ്. (ഉല്പത്തി 9:6) മനപ്പൂർവമായാലും അബദ്ധവശാലായാലും, ആ കൽപ്പന ലംഘിക്കുന്നവരെല്ലാം മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ രക്തത്തിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിന്റെ ക്ഷമയ്ക്കായും തന്റെ പാപമോചനത്തിനായും യാചിക്കണം. സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്തരും ഭൗമിക പ്രത്യാശയുള്ള “മഹാപുരുഷാര”വും യേശുവിന്റെ ബലിയുടെ പാപപരിഹാര മൂല്യത്തിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു പ്രതിമാതൃക സങ്കേത നഗരത്തിനുള്ളിലാണ്.—വെളിപ്പാടു 7:9, 14; 1 യോഹന്നാൻ 1:7; 2:1, 2.
9. തർസൊസുകാരനായ ശൗൽ രക്തം സംബന്ധിച്ച നിയമം ലംഘിച്ചതെങ്ങനെ, അവൻ തന്റെ മനോഭാവത്തിനു മാറ്റം വരുത്തിയതെങ്ങനെ?
9 ക്രിസ്ത്യാനി ആകുന്നതിനുമുമ്പ് അപ്പോസ്തലനായ പൗലോസ് രക്തം സംബന്ധിച്ച നിയമം ലംഘിച്ചിരുന്നു. തർസൊസുകാരനായ ശൗൽ ആയിരിക്കെ അവൻ യേശുവിന്റെ അനുഗാമികളെ പീഡിപ്പിക്കുകയും അവരുടെ മരണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു. “എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു” എന്നു പൗലോസ് പറഞ്ഞു. (1 തിമൊഥെയൊസ് 1:13; പ്രവൃത്തികൾ 9:1-19) ശൗലിന് അനുതാപ മനോഭാവമുണ്ടായിരുന്നു, പിന്നീട് അത് അനേകം പ്രവൃത്തികളിലൂടെ തെളിയിച്ചു. എന്നാൽ പ്രതിമാതൃക സങ്കേത നഗരത്തിൽ പ്രവേശിക്കുന്നതിനു മറുവിലയാഗത്തിലുള്ള വിശ്വാസത്തെക്കാളധികം ആവശ്യമായിട്ടുണ്ട്.
10. ഒരു നല്ല മനസ്സാക്ഷി എങ്ങനെ നേടിയെടുക്കാൻ കഴിയും, അതു നിലനിർത്താൻ എന്തു ചെയ്യണം?
10 രക്തം ചൊരിഞ്ഞതിനോടുള്ള ബന്ധത്തിൽ തനിക്കു ദൈവമുമ്പാകെ ഒരു നല്ല മനസ്സാക്ഷിയുണ്ടെന്ന് അബദ്ധവശാൽ കൊലചെയ്തവനു തെളിയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇസ്രായേലിലെ സങ്കേത നഗരങ്ങളിലൊന്നിൽ അയാൾക്കു പാർക്കാൻ കഴിയുമായിരുന്നുള്ളൂ. ഒരു നല്ല മനസ്സാക്ഷി നേടിയെടുക്കുന്നതിനു നാം യേശുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കുകയും പാപങ്ങളിൽ അനുതപിക്കുകയും ജീവിതഗതിയിൽ മാറ്റം വരുത്തുകയും ചെയ്യണം. ദൈവത്തിനായുള്ള പ്രാർഥനാപൂർവകമായ സമർപ്പണം ജലസ്നാപനത്തിലൂടെ പ്രതീകപ്പെടുത്തിക്കൊണ്ടു നാം ക്രിസ്തു മുഖാന്തരം ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി അപേക്ഷിക്കണം. (1 പത്രൊസ് 3:20, 21) യഹോവയുമായി ശുദ്ധമായ ഒരു ബന്ധം നേടിയെടുക്കുന്നതിന് ഈ നല്ല മനസ്സാക്ഷി നമ്മെ അനുവദിക്കുന്നു. ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിനുള്ള ഏക വഴി, പുരാതന സങ്കേത നഗരങ്ങളിലെ അഭയാർഥികൾ ന്യായപ്രമാണം അനുസരിക്കുകയും തങ്ങളുടെ നിയമിത വേലകൾ ചെയ്തുതീർക്കുകയും ചെയ്യേണ്ടിയിരുന്നതുപോലെ, ദൈവത്തിന്റെ നിബന്ധനകളനുസരിച്ചുകൊണ്ടു പ്രതിമാതൃക സങ്കേത നഗരത്തിൽ നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല ചെയ്യുകയാണ്. ഇന്നു യഹോവയുടെ ജനത്തിന്റെ പ്രമുഖ വേല രാജ്യസന്ദേശം പ്രഖ്യാപിക്കുകയാണ്. (മത്തായി 24:14; 28:19, 20) ആ വേല ചെയ്യുന്നത് ഇപ്പോഴത്തെ സങ്കേത നഗരത്തിലെ ഉപയോഗപ്രദരായ നിവാസികളായിരിക്കാൻ നമ്മെ സഹായിക്കും.
11. ഇന്നത്തെ സങ്കേത നഗരത്തിൽ സുരക്ഷിതമായി നിലനിൽക്കേണ്ടതിനു നാം എന്ത് ഒഴിവാക്കേണ്ടതുണ്ട്?
11 ഇന്നത്തെ സങ്കേത നഗരത്തിൽനിന്നു പുറത്തുപോകുന്നുവെങ്കിൽ നാം സ്വയം നാശവിധേയരാക്കുകയായിരിക്കും. കാരണം രക്തപ്രതികാരകൻ രക്തപാതകക്കുറ്റം വഹിക്കുന്ന ഏവർക്കുമെതിരെ പെട്ടെന്നു നടപടിയെടുക്കാൻ പോവുകയാണ്. ഈ സംരക്ഷണാത്മക നഗരത്തിനു പുറത്തോ അതിന്റെ ഫലഭൂയിഷ്ഠ നിലങ്ങളുടെ അതിർത്തിക്കു സമീപമോവെച്ചു പിടിക്കപ്പെടുന്നതിനുള്ള സമയമല്ലിത്. മഹാപുരോഹിതന്റെ പാപപരിഹാര ബലിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ നാം പ്രതിമാതൃക സങ്കേത നഗരത്തിനു പുറത്തായിത്തീരും. (എബ്രായർ 2:1; 6:4-6) ലൗകിക വഴികൾ സ്വീകരിച്ചു യഹോവയുടെ സ്ഥാപനത്തിന്റെ വക്കിൽ നിലകൊള്ളുകയോ നമ്മുടെ സ്വർഗീയ പിതാവിന്റെ നീതിനിഷ്ഠമായ പ്രമാണങ്ങളിൽനിന്നു വ്യതിചലിക്കുകയോ ചെയ്യുന്നപക്ഷവും നാം സുരക്ഷിതരായിരിക്കുകയില്ല.—1 കൊരിന്ത്യർ 4:4.
സങ്കേത നഗരത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടുന്നു
12. മുമ്പു രക്തപാതകക്കുറ്റം വഹിച്ചിരുന്നവർ എത്രകാലം സങ്കേത നഗരത്തിൽ പാർക്കണം?
12 അബദ്ധവശാൽ കൊലചെയ്യുന്നവൻ ‘മഹാപുരോഹിതന്റെ മരണം’വരെ ഒരു സങ്കേത നഗരത്തിൽ പാർക്കേണ്ടിയിരുന്നു. (സംഖ്യാപുസ്തകം 35:28) അതുകൊണ്ട്, മുമ്പു രക്തപാതകക്കുറ്റം വഹിച്ചിരുന്നവർ എത്രകാലം സങ്കേത നഗരത്തിൽ പാർക്കണം? മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ സേവനങ്ങൾ അവർക്കു വേണ്ടാതെ വരുന്നിടത്തോളം കാലം. “താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി . . . അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു” എന്നു പൗലോസ് എഴുതി. (എബ്രായർ 7:25) അൽപ്പമെങ്കിലും പാപക്കറയും മുൻരക്തപാതകക്കുറ്റവും തുടരുന്നിടത്തോളംകാലം അപൂർണ മനുഷ്യർക്കു ദൈവമുമ്പാകെ ഒരു നല്ല നില ഉണ്ടായിരിക്കാൻ മഹാപുരോഹിതന്റെ സേവനങ്ങൾ ആവശ്യമാണ്.
13. ഇപ്പോഴത്തെ “യിസ്രായേൽ മക്കൾ” ആരാണ്, അവർ എത്ര കാലം “സങ്കേതനഗര”ത്തിൽ പാർക്കണം?
13 പുരാതന സങ്കേത നഗരങ്ങൾ “യിസ്രായേൽമക്കൾക്കും” പരദേശികൾക്കും വന്നുപാർക്കുന്നവർക്കും വേണ്ടിയാണു സ്ഥാപിക്കപ്പെട്ടത് എന്നതോർക്കുക. “യിസ്രായേൽമക്കൾ” ആത്മീയ ഇസ്രായേല്യരാണ്. (ഗലാത്യർ 6:16) ഭൂമിയിൽ ജീവിക്കുന്നകാലമെല്ലാം അവർ പ്രതിമാതൃക സങ്കേത നഗരത്തിൽ പാർക്കണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അവർ ഇപ്പോഴും അപൂർണ ജഡത്തിലായിരിക്കുന്നതിനാൽ തങ്ങളുടെ സ്വർഗീയ മഹാപുരോഹിതന്റെ പാപപരിഹാരമൂല്യം അവർക്ക് ആവശ്യമാണ്. എന്നാൽ ഈ അഭിഷിക്ത ക്രിസ്ത്യാനികൾ മരിച്ച്, സ്വർഗത്തിൽ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ മഹാപുരോഹിതന്റെ പാപപരിഹാര സേവനങ്ങൾ അവർക്കു മേലാൽ വേണ്ടിവരുന്നില്ല. കാരണം അവർ ജഡവും അതോടു ബന്ധപ്പെട്ട രക്തപാതകക്കുറ്റവും എന്നേക്കുമായി വെടിഞ്ഞിരിക്കും. ഉയിർപ്പിക്കപ്പെട്ട അഭിഷിക്തരെ സംബന്ധിച്ചിടത്തോളം പാപപരിഹാരവും സംരക്ഷണവും നൽകുന്ന കാര്യത്തിൽ മഹാപുരോഹിതൻ മരിച്ചിരിക്കും.
14. സ്വർഗീയ പ്രത്യാശയുള്ളവർ ഇന്നത്തെ സങ്കേത നഗരത്തിൽ താമസിക്കണമെന്നു മറ്റെന്തുകൂടെ ആവശ്യമാക്കിത്തീർക്കുന്നു?
14 മനുഷ്യ പ്രകൃതം അവകാശമാക്കിയിരിക്കുന്നുവെന്ന വസ്തുത, സ്വർഗത്തിൽ “ക്രിസ്തുവിന്നു കൂട്ടവകാശിക”ളായവർ വിശ്വസ്തതയോടെ തങ്ങളുടെ ഭൗമികജീവിതഗതി അവസാനിക്കുന്നതുവരെ പ്രതിമാതൃക സങ്കേത നഗരത്തിൽ താമസിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. മരിക്കുമ്പോൾ അവർ മനുഷ്യ പ്രകൃതം എന്നേക്കുമായി ത്യജിക്കും. (റോമർ 8:17; വെളിപ്പാടു 2:10) മനുഷ്യ പ്രകൃതമുള്ളവർക്കു മാത്രമേ യേശുവിന്റെ ബലി ബാധകമാകുന്നുള്ളൂ. തന്മൂലം ആ ആത്മീയ ഇസ്രായേല്യർ ഉയിർപ്പിക്കപ്പെടുകയും “ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി” സ്വർഗത്തിൽ നിത്യം വസിക്കുന്ന ആത്മജീവികളായിത്തീരുകയും ചെയ്യുമ്പോൾ അവരെ സംബന്ധിച്ചിടത്തോളം മഹാപുരോഹിതൻ മരിക്കുന്നു.—2 പത്രൊസ് 1:4.
15. ആധുനിക നാളിലെ ‘പരദേശികളും’ ‘വന്നുപാർക്കുന്നവരും’ ആരാണ്, വലിയ മഹാപുരോഹിതൻ അവർക്കുവേണ്ടി എന്തുചെയ്യും?
15 ആധുനിക നാളിലെ ‘പരദേശികൾ,’ ‘വന്നുതാമസിക്കുന്നവർ’ എന്നിവരെ പ്രതിമാതൃക സങ്കേത നഗരത്തിൽനിന്നു പുറത്തുപോകാൻ അനുവദിച്ചുകൊണ്ടു മഹാപുരോഹിതൻ ‘മരിക്കുന്നത്’ എപ്പോഴായിരിക്കും? മഹാപുരുഷാരത്തിലെ അംഗങ്ങൾക്കു മഹോപദ്രവം കഴിഞ്ഞ ഉടനെ ആ സങ്കേത നഗരത്തിൽനിന്നു പുറത്തുപോകാൻ കഴിയുകയില്ല. എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ അവർ അപ്പോഴും അപൂർണരും പാപപങ്കിലമായ ജഡമുള്ളവരും ആയിരിക്കും. തന്മൂലം മഹാപുരോഹിതന്റെ സംരക്ഷണയിൻ കീഴിൽ കഴിയേണ്ടതുണ്ട്. ആയിരവർഷ രാജത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും നാളുകളിൽ അവന്റെ പാപപരിഹാര സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അവർ ക്രമേണ മാനുഷ പൂർണത കൈവരിക്കും. അപ്പോൾ സാത്താനെയും അവന്റെ ഭൂതങ്ങളെയും അൽപ്പനേരത്തേക്ക് അഴിച്ചുവിട്ടുകൊണ്ട് യേശു അവരെ തങ്ങളുടെ നിർമലതയുടെ നിർണായകമായ ഒരു അന്തിമ പരിശോധനയ്ക്കു വിധേയരാക്കുന്നതിനു ദൈവത്തിന് ഏൽപ്പിക്കും. അവർ ദിവ്യാംഗീകാരത്തോടെ ഈ പരിശോധനയിൽ വിജയികളാകുന്നതിനാൽ യഹോവ അവരെ നീതിമാന്മാരെന്നു പ്രഖ്യാപിക്കും. അങ്ങനെ അവർ മനുഷ്യ പൂർണതയിൽ എത്തും.—1 കൊരിന്ത്യർ 15:28; വെളിപ്പാടു 20:7-10.a
16. മഹോപദ്രവത്തിലെ അതിജീവകർക്കു മഹാപുരോഹിതന്റെ പാപപരിഹാര സേവനങ്ങളുടെ ആവശ്യമില്ലാതെ വരുന്നതെപ്പോൾ?
16 അതുകൊണ്ട്, മഹോപദ്രവത്തെ അതിജീവിക്കുന്നവർ തങ്ങൾ ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയുടെ അവസാനംവരെ ആ സങ്കേത നഗരത്തിൽ താമസിച്ചുകൊണ്ട് ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പൂർണരാക്കപ്പെട്ട മനുഷ്യരെന്നനിലയിൽ അവർക്കപ്പോൾ മഹാപുരോഹിതന്റെ പാപപരിഹാര സേവനങ്ങളുടെ കൂടുതലായ ആവശ്യം ഉണ്ടായിരിക്കുകയില്ല, അവന്റെ സംരക്ഷണത്തിൽനിന്ന് അവർ വെളിയിൽ വരുകയും ചെയ്യും. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം മഹാപുരോഹിതനെന്ന നിലയിൽ യേശു മരിക്കും, കാരണം തന്റെ ബലിയുടെ ശുദ്ധീകരണ രക്തംകൊണ്ട് അവർക്കുവേണ്ടി അവനു മേലാൽ പ്രവർത്തിക്കേണ്ടതില്ല. അന്ന് അവർ പ്രതിമാതൃക സങ്കേത നഗരം വിട്ടുപോകും.
17. ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത് ഉയിർപ്പിക്കപ്പെടുന്നവർക്ക് സങ്കേത നഗരത്തിൽ പ്രവേശിക്കുന്നതിന്റെയും അവിടെ പാർക്കുന്നതിന്റെയും ആവശ്യമില്ലാത്തത് എന്തുകൊണ്ട്?
17 യേശുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത് ഉയിർപ്പിക്കപ്പെടുന്നവർ പ്രതിമാതൃക സങ്കേത നഗരത്തിൽ പ്രവേശിക്കുകയും മഹാപുരോഹിതന്റെ മരണംവരെ അവിടെ താമസിക്കുകയും ചെയ്യണമോ? വേണ്ട, എന്തുകൊണ്ടെന്നാൽ മരിച്ചതിലൂടെ അവരുടെ പാപങ്ങൾക്കു ശിക്ഷ ലഭിച്ചു. (റോമർ 6:7; എബ്രായർ 9:27) എന്നുവരികിലും, പൂർണതയിൽ എത്തിച്ചേരുന്നതിനു മഹാപുരോഹിതൻ അവരെ സഹായിക്കും. സഹസ്രാബ്ദത്തിനുശേഷമുള്ള അന്തിമ പരിശോധനയെ അവർ വിജയപൂർവം നേരിടുന്നുവെങ്കിൽ ഭൂമിയിൽ നിത്യജീവന്റെ ഉറപ്പേകിക്കൊണ്ടു ദൈവം അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുകയും ചെയ്യും. ദൈവത്തിന്റെ നിബന്ധനകൾ പാലിക്കുന്നതിലെ പരാജയം നിർമലതാപാലകർ എന്നനിലയിലുള്ള അന്തിമ പരിശോധനയിൽ ജയിക്കാത്ത ഏതൊരുവന്റെമേലും കുറ്റവിധിയും നാശവും കൈവരുത്തും.
18. യേശുവിന്റെ രാജത്വത്തോടും പൗരോഹിത്യത്തോടുമുള്ള ബന്ധത്തിൽ മനുഷ്യവർഗത്തോടൊപ്പം നിലനിൽക്കുന്നതെന്താണ്?
18 ഇസ്രായേലിന്റെ മഹാപുരോഹിതൻ ഒടുവിൽ മരിച്ചു. എന്നാൽ യേശു “മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി”രിക്കുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (എബ്രായർ 6:19, 20; 7:3) തന്മൂലം, മനുഷ്യവർഗത്തിനുവേണ്ടി മധ്യസ്ഥം വഹിക്കുന്ന മഹാപുരോഹിതനെന്ന നിലയിൽ സ്ഥാനമൊഴിയുന്നതോടെ യേശു മരിക്കുന്നില്ല. രാജാവും മഹാപുരോഹിതനുമെന്ന നിലയിലുള്ള അവന്റെ നല്ല സേവനഫലങ്ങൾ മനുഷ്യവർഗത്തോടൊപ്പം എന്നേക്കും നിലനിൽക്കും. ഈ നിലകളിലെല്ലാം അവൻ സേവിച്ചതുകൊണ്ടു മനുഷ്യർ നിത്യം അവനോടു കടപ്പെട്ടിരിക്കും. കൂടാതെ, നിത്യതയിലുടനീളം യഹോവയുടെ നിർമലാരാധനയിൽ യേശു നേതൃത്വം വഹിക്കും.—ഫിലിപ്പിയർ 2:5-11.
നമുക്കുള്ള വിലയേറിയ പാഠങ്ങൾ
19. സങ്കേത നഗരങ്ങളുടെ കരുതലിൽനിന്നു വിദ്വേഷവും സ്നേഹവും സംബന്ധിച്ച് എന്തു പാഠം പഠിക്കാവുന്നതാണ്?
19 സങ്കേത നഗരങ്ങളുടെ കരുതലിൽനിന്നു നമുക്കു വ്യത്യസ്ത പാഠങ്ങൾ പഠിക്കാനാവും. ഉദാഹരണത്തിന്, കൊലചെയ്യപ്പെട്ട വ്യക്തിയോടു നാശകരമായ വിദ്വേഷം പുലർത്തിയിരുന്ന ഒരു കൊലയാളിക്കും സങ്കേത നഗരത്തിൽ പാർക്കാൻ അനുവാദമില്ലായിരുന്നു. (സംഖ്യാപുസ്തകം 35:20, 21) തന്മൂലം, പ്രതിമാതൃക സങ്കേത നഗരത്തിലുള്ള ഒരുവനു തന്റെ സഹോദരനെപ്രതി ഹൃദയത്തിൽ വിദ്വേഷം വളർത്തിയെടുക്കാൻ എങ്ങനെ കഴിയും? “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. അതുകൊണ്ടു നാമും “അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.”—1 യോഹന്നാൻ 3:15; 4:7.
20. രക്തപ്രതികാരകനിൽനിന്നുള്ള സംരക്ഷണത്തിനുവേണ്ടി പ്രതിമാതൃക സങ്കേത നഗരത്തിലുള്ളവർ എന്തു ചെയ്യണം?
20 രക്തപ്രതികാരകനിൽനിന്നുള്ള സംരക്ഷണത്തിന് അബദ്ധവശാൽ കൊലചെയ്തവൻ സങ്കേത നഗരത്തിൽ പാർക്കണമായിരുന്നു, അതിന്റെ മേച്ചൽപ്പുറം വിട്ടു ചുറ്റിത്തിരിയാൻ പാടില്ലായിരുന്നു. പ്രതിമാതൃക സങ്കേത നഗരത്തിലുള്ളവരെ സംബന്ധിച്ചെന്ത്? വലിയ രക്തപ്രതികാരകനിൽനിന്നുള്ള സുരക്ഷയെപ്രതി അവർ ആ നഗരം വിട്ടുപോകരുത്. ഒരർഥത്തിൽ ആ മേച്ചൽപ്പുറങ്ങളുടെ അതിർവരമ്പിലേക്കു പോകുന്നതിനുള്ള ആകർഷണങ്ങൾക്കെതിരെ അവർ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സാത്താന്റെ ലോകത്തോടു തങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹം വളർത്തിയെടുക്കാതിരിക്കാൻ അവർ ജാഗരൂകരായിരിക്കണം. ഇതിനു പ്രാർഥനയും ശ്രമവും ആവശ്യമാണെന്നുവന്നേക്കാം. എന്നാൽ അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നു.—1 യോഹന്നാൻ 2:15-17; 5:19.
21. ഇന്നത്തെ സങ്കേത നഗരത്തിലുള്ളവർ എന്തു ഫലദായകമായ വേലയാണു ചെയ്തുകൊണ്ടിരിക്കുന്നത്?
21 പുരാതന സങ്കേത നഗരങ്ങളിലുണ്ടായിരുന്ന, അബദ്ധവശാൽ കൊലചെയ്തവർ ഉത്പാദനക്ഷമരായ ജോലിക്കാരായിരിക്കണമായിരുന്നു. സമാനമായി, വിളവെടുപ്പുകാരും രാജ്യ പ്രഘോഷകരും എന്നനിലയിൽ അഭിഷിക്ത “യിസ്രായേൽമക്കൾ” ഒരു നല്ല മാതൃക വെച്ചിട്ടുണ്ട്. (മത്തായി 9:37, 38; മർക്കൊസ് 13:10) ഇന്നത്തെ സങ്കേത നഗരത്തിൽ ‘പരദേശികളും’ ‘വന്നുപാർക്കുന്നവരും’ എന്നനിലയിൽ ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികൾക്കു ഭൂമിയിലുള്ള അഭിഷിക്തരോടൊപ്പം ഈ ജീവരക്ഷാ വേല ചെയ്യുന്നതിനുള്ള പദവിയുണ്ട്. എത്ര പ്രതിഫലദായകമായ വേലയാണത്! സങ്കേത നഗരത്തിൽ വിശ്വസ്തതയോടെ വേല ചെയ്യുന്നവർ രക്തപ്രതികാരകന്റെ കരങ്ങളാലുള്ള നിത്യമരണത്തിൽനിന്നു രക്ഷപ്പെടും. പകരം, ദൈവത്തിന്റെ വലിയ മഹാപുരോഹിതനെന്ന നിലയിലുള്ള അവന്റെ സേവനത്തിൽനിന്ന് അവർ നിത്യപ്രയോജനങ്ങൾ ആസ്വദിക്കും. നിങ്ങൾ സങ്കേത നഗരത്തിൽ പാർത്തുകൊണ്ട് എന്നെന്നും ജീവനോടിരിക്കുമോ?
[അടിക്കുറിപ്പുകൾ]
a 1991 ഡിസംബർ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) പേജ് 12, ഖണ്ഡികകൾ 15, 16 കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ഭൂമിയിലെ ശതകോടികൾ രക്തപാതകക്കുറ്റമുള്ളവരാണെന്നു പറയാവുന്നതെന്തുകൊണ്ട്?
◻ മനുഷ്യവർഗത്തോടുള്ള ബന്ധത്തിൽ യേശുക്രിസ്തു എന്തു റോളുകളാണ് അലങ്കരിക്കുന്നത്?
◻ പ്രതിമാതൃക സങ്കേത നഗരം എന്താണ്, ഒരുവൻ അതിൽ പ്രവേശിക്കുന്നതെങ്ങനെ?
◻ പ്രതിമാതൃക സങ്കേത നഗരത്തിൽനിന്ന് ആളുകൾ മോചിക്കപ്പെടുന്നതെപ്പോൾ?
◻ സങ്കേത നഗരത്തിന്റെ കരുതലിൽനിന്നു നമുക്ക് എന്തു വിലയേറിയ പാഠങ്ങൾ പഠിക്കാൻ കഴിയും?
[16-ാം പേജിലെ ചിത്രം]
യേശുക്രിസ്തു മർമപ്രധാനമായ എന്തെല്ലാം റോളുകളാണ് അലങ്കരിക്കുന്നതെന്നു നിങ്ങൾക്കറിയാമോ?