ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഫെബ്രുവരി 3-9
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 12–14
“നിങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഒരു ഉടമ്പടി”
it-1-E 522 ¶4
ഉടമ്പടി
അബ്രാഹാമുമായി ചെയ്ത ഉടമ്പടി. കനാനിലേക്കുള്ള യാത്രയിൽ അബ്രാം (അബ്രാഹാം) യൂഫ്രട്ടീസ് നദി കടന്നപ്പോൾ, ദൈവം അബ്രാഹാമുമായി ചെയ്ത ഉടമ്പടി നിലവിൽ വന്നെന്നു പറയാം. അതിനു ശേഷം 430 വർഷം കഴിഞ്ഞാണ് നിയമ ഉടമ്പടി ചെയ്തത്. (ഗല 3:17) അബ്രാഹാം മെസൊപ്പൊത്താമ്യയിലെ ഊർ നഗരത്തിൽ താമസിച്ചിരുന്ന സമയത്താണ് യഹോവ അബ്രാഹാമിനോടു താൻ കാണിച്ചുതരാൻ പോകുന്ന ദേശത്തേക്കു പോകാൻ പറഞ്ഞത്. കൽദയരുടെ ഒരു പട്ടണമായിരുന്നു ഊർ. (പ്രവൃ 7:2, 3; ഉൽ 11:31; 12:1-3) ഈജിപ്തിലും കനാനിലും ആയി കഴിഞ്ഞ 430 വർഷത്തെ പരദേശവാസത്തിനു ശേഷം, 430 വർഷം “പൂർത്തിയായ അന്നുതന്നെ,” ഇസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് പോന്നെന്നു പുറപ്പാട് 12:40, 41 (LXX) പറയുന്നു. ബി.സി. 1513 നീസാൻ 14-ന് പെസഹ ദിവസത്തിലാണ് ഈജിപ്തിൽനിന്ന് അവർ പോന്നത്. (പുറ 12:2, 6, 7) ഇതു സൂചിപ്പിക്കുന്നത് അബ്രാഹാം കനാനിലേക്കുള്ള യാത്രയിൽ യൂഫ്രട്ടീസ് നദി കടന്നത് ബി.സി. 1943 നീസാൻ 14-ന് ആണ് എന്നാണ്. അന്ന് അബ്രാഹാമ്യ ഉടമ്പടി നിലവിൽ വന്നു. അബ്രാഹാം കനാൻ ദേശത്ത് പ്രവേശിച്ച് ശെഖേം വരെ സഞ്ചരിച്ചു. ആ സമയത്ത് ദൈവം അബ്രാഹാമിനു വീണ്ടും പ്രത്യക്ഷനായി. തന്റെ വാഗ്ദാനത്തിൽ കുറെക്കൂടി കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു കൊടുക്കാൻപോകുന്നു.” ഇത് അബ്രാഹാമ്യ ഉടമ്പടിക്ക് ഏദെനിലെ ഉടമ്പടിയുമായി ബന്ധമുണ്ടെന്നു സൂചന നൽകുന്നു. അതായത് “സന്തതി” ഒരു മനുഷ്യനായിരിക്കുമെന്നും ആ സന്തതി അബ്രാഹാമിന്റെ വംശാവലിയിലൂടെ വരുമെന്നും ദൈവം വെളിപ്പെടുത്തി. (ഉൽ 12:4-7) തന്റെ ഉടമ്പടിയുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് യഹോവ വെളിപ്പെടുത്തിയത് ഉൽപത്തി 13:14-17; 15:18; 17:2-8, 19; 22:15-18 തുടങ്ങിയ വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
w89-E 7/1 3 ¶4
അബ്രാഹാമിനെക്കുറിച്ചുള്ള സത്യം അറിയേണ്ടതിന്റെ കാരണം
“(അബ്രാഹാമിലൂടെ) ഭൂമിയിലെ കുടുംബങ്ങളെല്ലാം ഉറപ്പായും അനുഗ്രഹം നേടും” എന്നതു ശരിക്കും അതിശയിപ്പിക്കുന്ന ഒരു വാഗ്ദാനമായിരുന്നു. മറ്റു രണ്ട് അവസരങ്ങളിൽക്കൂടി അബ്രാഹാം അതു കേട്ടു. (ഉൽപത്തി 18:18; 22:18) ആ വാഗ്ദാനം നിറവേറ്റുന്നതിന് ഭൂമുഖത്തുനിന്ന് ഇല്ലാതായ കുടുംബങ്ങളിൽപ്പെട്ടവരെപ്പോലും ദൈവം ഉയിർപ്പിക്കും. പുനരുത്ഥാനപ്പെട്ട് വരുന്നവരുടെ ജീവിതം ശരിക്കും അനുഗൃഹീതമായിരിക്കും. കാരണം മനുഷ്യൻ ആദ്യം നഷ്ടപ്പെടുത്തിയ പറുദീസയ്ക്ക് സമാനമായ അവസ്ഥയിലേക്കായിരിക്കും അവർ വരുന്നത്. അതിനുശേഷം, നിത്യജീവൻ എന്ന അനുഗ്രഹം നേടാൻ എങ്ങനെ കഴിയുമെന്ന് അവരെ പഠിപ്പിക്കും.—ഉൽപത്തി 2:8, 9, 15-17; 3:17-23.
it-2-E 213 ¶3
നിയമം
തെളിവുകളുടെ അടിസ്ഥാനത്തിൽ ചില പണ്ഡിതന്മാർ വിശ്വസിക്കുന്നത്, പണ്ടുകാലത്ത് ഭൂമി കൈമാറ്റം ചെയ്യുമ്പോൾ സ്ഥലം വാങ്ങുന്നയാളെ സ്ഥലത്തിന്റെ കൃത്യമായ അതിരുകൾ കാണിച്ചുകൊടുക്കുമായിരുന്നു എന്നാണ്. ഉയർന്ന ഒരു സ്ഥാനത്തുനിന്ന് അതിരുകൾ കണ്ടതിനു ശേഷം സ്ഥലം വാങ്ങുന്നയാൾ “കണ്ടു” എന്ന് പറഞ്ഞാൽ അത് അയാളുടെ നിയമപരമായ സമ്മതമാണ് സൂചിപ്പിക്കുന്നത്. യഹോവ അബ്രാഹാമിന് കനാൻ ദേശം കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ആദ്യം ആ ഭൂഭാഗത്തിന്റെ നാലു ദിക്കിലേക്കും നോക്കാൻ അബ്രാഹാമിനോട് ആവശ്യപ്പെട്ടു. എന്നാൽ അബ്രാഹാം “കണ്ടു” എന്നു പറഞ്ഞില്ല. വാഗ്ദത്തദേശം അബ്രാഹാമിന്റെ സന്തതിക്കു കൊടുക്കുമെന്നു ദൈവം പറഞ്ഞതുകൊണ്ടായിരിക്കും അബ്രാഹാം അങ്ങനെ പറയാതിരുന്നത്. (ഉൽ 13:14, 15) തുടക്കത്തിൽ പറഞ്ഞ പണ്ഡിതന്മാരുടെ അഭിപ്രായം ശരിയാണെങ്കിൽ, ഇസ്രായേല്യരുടെ നിയമപരമായ പ്രതിനിധിയെന്ന നിലയിൽ മോശയോട് ദൈവം വാഗ്ദത്തദേശം ‘കാണാൻ’ ആവശ്യപ്പെട്ടതിന് നിയമപരമായ ഒരു അർഥമുണ്ടായിരുന്നു. അതായത്, ദേശം ഇസ്രായേലിന് നിയമപരമായി കൈമാറുന്നതിനെയും യോശുവയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നതിനെയും ഇതു സൂചിപ്പിക്കുമായിരുന്നു. (ആവ 3:27, 28; 34:4; മത്ത 4:8-ൽ, യേശുവിനു സാത്താൻ കൊടുത്ത വാഗ്ദാനം കാണുക.) ഇതുപോലെ നിയമപരമായ സൂചനയുള്ള മറ്റൊന്നാണ് ഭൂമി കൈവശമാക്കാനുള്ള ഉദ്ദേശ്യത്തിൽ ഭൂമിയിൽ കടക്കുന്നതും അതിലൂടെ നെടുകെയും കുറുകെയും നടക്കുന്നതും. (ഉൽ 13:17; 28:13) ഭൂമി കച്ചവടം ചെയ്ത ഓരോ അവസരത്തിലും അതിലെ വൃക്ഷങ്ങളുടെ എണ്ണം പട്ടികപ്പെടുത്തിയിരുന്നതായി ചില പുരാതന രേഖകളിൽ കാണുന്നുണ്ട്.—ഉൽ 23:17, 18 താരതമ്യം ചെയ്യുക.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 683 ¶1
പുരോഹിതൻ
ശാലേംരാജാവായ മൽക്കീസേദെക്ക് ഒരു പുരോഹിതൻ (കോഹേൻ) ആയിരുന്നു. അദ്ദേഹം ഒരു സാധാരണ പുരോഹിതനായിരുന്നില്ല. അദ്ദേഹത്തിന്റെ ജനനം, മരണം, വംശാവലി തുടങ്ങിയവയെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് പൗരോഹിത്യം പാരമ്പര്യമായി കിട്ടിയതായിരുന്നില്ല. അതുപോലെ പുരോഹിതശുശ്രൂഷയിൽ മൽക്കീസേദെക്കിന് മുൻഗാമികളോ പിൻഗാമികളോ ഉണ്ടായിരുന്നില്ല. അദ്ദേഹം രാജാവും പുരോഹിതനുമായി സേവിച്ചു. മൽക്കീസേദെക്കിന്റെ പൗരോഹിത്യം ലേവ്യപൗരോഹിത്യത്തെക്കാൾ ശ്രേഷ്ഠമായിരുന്നു. കാരണം, ഒരുവിധത്തിൽ പറഞ്ഞാൽ ലേവിയിൽനിന്ന് ദശാംശം വാങ്ങിയ ആളാണു മൽക്കീസേദെക്ക്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അബ്രാഹാം മൽക്കീസേദെക്കിന് ദശാംശം കൊടുക്കുകയും മൽക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിൽനിന്ന് വരാനിരിക്കുകയായിരുന്നല്ലോ. (ഉൽ 14:18-20; എബ്ര 7:4-10) ഇതിലെല്ലാം മൽക്കീസേദെക്ക് “എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ” ആയ യേശുക്രിസ്തുവിനെ മുൻനിഴലാക്കി.—എബ്ര 7:17.
വയൽസേവനത്തിനു സജ്ജരാകാം
w12-E 1/1 8
ദൈവഭക്തിയുള്ള ഒരു സ്ത്രീയും ഉത്തമയായ ഒരു ഭാര്യയും
ശ്രദ്ധേയമായ വിശ്വാസമുണ്ടായിരുന്ന ഒരാളെയാണു സാറ വിവാഹം കഴിച്ചത്. എന്നാൽ ദൈവഭക്തിയുള്ള ഈ സ്ത്രീയും ശ്രദ്ധേയമായ ഒരു മാതൃക വെച്ചിട്ടുണ്ട്. സത്യത്തിൽ, ദൈവഭക്തിയുള്ള സ്ത്രീകൾ അനുകരിക്കേണ്ട ഒരു വ്യക്തിയായി ബൈബിൾ മൂന്നു പ്രാവശ്യം സാറയുടെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്. (യശയ്യ 51:1, 2; എബ്രായർ 11:11; 1 പത്രോസ് 3:3-6) സാറയെക്കുറിച്ച് അധികമൊന്നും ബൈബിൾ പറഞ്ഞിട്ടില്ലെങ്കിലും, പറഞ്ഞത്രയും കാര്യങ്ങളിൽനിന്ന് സാറയെക്കുറിച്ചുള്ള മനോഹരമായ ഒരു ചിത്രം വരച്ചെടുക്കാൻ നമുക്കു കഴിയും.
ഊർ നഗരം വിട്ടുപോകാനുള്ള ദൈവത്തിന്റെ കല്പനയെക്കുറിച്ച് അബ്രാഹാം സാറയോടു പറഞ്ഞപ്പോൾ സാറയുടെ മനസ്സിലൂടെ എന്തെല്ലാം ചിന്തകൾ കടന്നുപോയിരിക്കാം എന്നു ചിന്തിക്കുക. എങ്ങോട്ടാണു പോകുന്നതെന്നും എന്തിനാണു പോകുന്നതെന്നും സാറ ചിന്തിച്ചുകാണുമോ? തന്റെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് എന്തു ചെയ്യും എന്ന് ഉത്കണ്ഠപ്പെട്ടുകാണുമോ? കുടുംബത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ സാറയ്ക്കു വിഷമം തോന്നിക്കാണുമോ? അവരെ ഇനി എന്നാണു താൻ കാണാൻപോകുന്നതെന്നു ചിന്തിച്ചോ? ഇനി ഒരിക്കലും അവരെ കാണാൻ കഴിയാതെ വരുമോ എന്നു ഓർത്തുകാണുമോ? ഇത്തരം ചിന്തകളെല്ലാം സ്വാഭാവികമായും സാറയുടെ മനസ്സിലൂടെ കടന്നുപോയിരിക്കാം. എന്നിട്ടും സാറ മനസ്സോടെ ഊർ നഗരം വിട്ടു. യഹോവയെ അനുസരിച്ചാൽ യഹോവ തന്നെ അനുഗ്രഹിക്കും എന്ന ഉറപ്പു സാറയ്ക്കുണ്ടായിരുന്നു.—പ്രവൃത്തികൾ 7:2, 3.
ദൈവത്തിന്റെ ഒരു വിശ്വസ്തദാസിയായിരുന്നതോടൊപ്പം സാറ നല്ല ഒരു ഭാര്യകൂടിയായിരുന്നു. വീട്ടുകാര്യങ്ങളുടെ നിയന്ത്രണം തനിക്കു കിട്ടാൻ ഭർത്താവിനോടു മത്സരിക്കുന്നതിനു പകരം സാറ ഉള്ളിന്റെ ഉള്ളിൽ ഭർത്താവിനോടു ബഹുമാനം വളർത്തിയെടുത്തു. അബ്രാഹാം തീരുമാനങ്ങൾ എടുത്തപ്പോൾ സ്നേഹത്തോടെ അദ്ദേഹത്തെ പിന്തുണച്ചു. അങ്ങനെ നല്ല ഗുണങ്ങൾകൊണ്ട് സാറ തന്നെത്തന്നെ അലങ്കരിച്ചു.—1 പത്രോസ് 3:1-6.
അങ്ങനെയുള്ള ഗുണങ്ങൾ ഇക്കാലത്തെ ഭാര്യമാർക്കുള്ളതുകൊണ്ട് പ്രയോജനമുണ്ടോ? 30-ലധികം വർഷമായി സന്തോഷമുള്ള കുടുംബജീവിതം നയിക്കുന്ന ജിൽ എന്ന സ്ത്രീ പറയുന്നു: “എനിക്കു തോന്നുന്ന അഭിപ്രായങ്ങൾ ഒരു മടിയുംകൂടാതെ ഭർത്താവിനോടു തുറന്നുപറയാമെന്നു സാറയുടെ മാതൃക എന്നെ പഠിപ്പിച്ചു. എന്നാൽ കുടുംബനാഥനെന്ന നിലയിൽ ഒരു കാര്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടതു ഭർത്താവാണ്. അദ്ദേഹം ഒരു തീരുമാനമെടുത്താൽ പിന്നെ എന്റെ ഉത്തരവാദിത്വം ആ തീരുമാനം നടപ്പാക്കാൻ എന്നെക്കൊണ്ട് കഴിയുന്നതു ചെയ്യുക എന്നതാണ്.”
സാറയിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന ഏറ്റവും വലിയ പാഠം ഇതാണ്: സുന്ദരിയായിരുന്നെങ്കിലും ആ സൗന്ദര്യത്തിന്റെ പേരിൽ സാറ അഹങ്കരിച്ചില്ല. (ഉൽപത്തി 12:10-13) പകരം, ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ അബ്രാഹാമിനെ താഴ്മയോടെ പിന്തുണച്ചു. അബ്രാഹാമും സാറയും വിശ്വസ്തരായ, താഴ്മയുള്ള, പരസ്പരം സ്നേഹമുള്ള ദമ്പതികളായിരുന്നു എന്നതിന് ഒരു സംശയവുമില്ല. അബ്രാഹാം സാറയ്ക്കും സാറ അബ്രാഹാമിനും ഒരു അനുഗ്രഹമായിരുന്നു.
ഫെബ്രുവരി 10-16
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 15–17
“യഹോവ അബ്രാമിന്റെയും സാറായിയുടെയും പേരു മാറ്റിയത് എന്തുകൊണ്ട്?”
it-1-E 817
കുറ്റം, കുറ്റം കണ്ടുപിടിക്കൽ
മനുഷ്യന്റെ വഴികളും അവന്റെ പ്രവർത്തനങ്ങളും കുറവുകൾ ഉള്ളതാണ്. ആദാമിന്റെ മക്കളായതുകൊണ്ട് നമ്മളെല്ലാം പാപികളാണ്, നമുക്ക് എല്ലാം പിഴവുകൾ പറ്റും. (റോമ 5:12; സങ്ക 51:5) പക്ഷേ കുറ്റമില്ലാത്തവനായ യഹോവയ്ക്കു “നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു . . . നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു.” ദൈവം നമ്മളോടു കരുണ കാണിക്കുന്നു. (സങ്ക 103:13, 14) അനുസരണവും വിശ്വസ്തതയും ഉണ്ടായിരുന്ന നോഹയെ ആ ‘തലമുറയിൽ കുറ്റമറ്റവനായി’ ദൈവം കണ്ടു. (ഉൽ 6:9) യഹോവ അബ്രാഹാമിനോട്, “നീ എന്റെ മുമ്പാകെ നേരോടെ നടന്ന് നിഷ്കളങ്കനാണെന്നു (“കുറ്റമറ്റവനാണെന്ന്,” അടിക്കുറിപ്പ്) തെളിയിക്കുക” എന്നു കല്പിച്ചു. (ഉൽ 17:1) അപൂർണരായ ഈ രണ്ടു പുരുഷന്മാരും മരിച്ചെങ്കിലും ‘ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്ന’ യഹോവ അവരെ നിഷ്കളങ്കരായി, കുറ്റമറ്റവരായി കണ്ടു. (1ശമു 16:7; 2രാജ 20:3 താരതമ്യം ചെയ്യുക; 2ദിന 16:9) പിന്നീട് യഹോവ ഇസ്രായേലിനോട് ഇങ്ങനെ കല്പിച്ചു: “നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിഷ്കളങ്കനായിരിക്കണം.” (ആവ 18:13; 2ശമു 22:24) ഒരു മോചനവിലയായി യഹോവ നിഷ്കളങ്കനായ തന്റെ മകനെ (എബ്ര 7:26) തന്നു. ഈ മോചനവിലയുടെ അടിസ്ഥാനത്തിൽ വിശ്വാസവും അനുസരണവും പ്രകടമാക്കുന്നവരെ “നീതിമാൻ” അഥവാ നിഷ്കളങ്കൻ ആയി കണക്കാക്കാക്കാൻ ദൈവത്തിനു കഴിയും. അതേസമയം നീതിമാനും കുറ്റമില്ലാത്തവനും ആയ ന്യായാധിപൻ എന്ന തന്റെ പേരു കാത്തുസൂക്ഷിക്കാനും പറ്റും.—റോമ 3:25, 26.
it-1-E 31 ¶1
അബ്രാഹാം
കാലം കടന്നുപോയി. അബ്രാഹാമും കൂടെയുള്ളവരും കനാനിൽ വന്നിട്ട് ഏകദേശം പത്തു വർഷമായി. പക്ഷേ സാറ ഇപ്പോഴും വന്ധ്യയായിരുന്നു. അതുകൊണ്ട് തനിക്കു പകരം തന്റെ ഈജിപ്തുകാരിയായ ദാസി ഹാഗാറുമായി ബന്ധപ്പെടാൻ അബ്രാഹാമിനോടു സാറ പറയുന്നു. ഹാഗാറിലൂടെ ഒരു കുട്ടിയെ കിട്ടുന്നതിനായിരുന്നു സാറ ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ടുവെച്ചത്. അബ്രാഹാം അതു സമ്മതിച്ചു. അങ്ങനെ ബി.സി. 1932-ൽ, അബ്രാഹാമിനു 86 വയസ്സായപ്പോൾ യിശ്മായേൽ ജനിച്ചു. (ഉൽ 16:3, 15, 16) പിന്നെയും വർഷങ്ങൾ മുന്നോട്ടുപോയി. ബി.സി. 1919-ൽ അബ്രാഹാമിനു 99 വയസ്സായപ്പോൾ അബ്രാഹാമിന്റെ വീട്ടിലെ എല്ലാ ആണുങ്ങളെയും പരിച്ഛേദന ചെയ്യാൻ യഹോവ കല്പിച്ചു. യഹോവയും അബ്രാഹാമും തമ്മിലുള്ള പ്രത്യേക ഉടമ്പടിബന്ധത്തിന്റെ അടയാളമായിട്ടായിരുന്നു അത്. അന്നാണ്, “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കും” എന്നു പറഞ്ഞുകൊണ്ട് യഹോവ അബ്രാം എന്ന പേര് അബ്രാഹാം എന്നു മാറ്റിയത്. (ഉൽ 17:5, 9-27; റോമ 4:11) ഈ സംഭവത്തിനു ശേഷം അധികം വൈകാതെ, മനുഷ്യ ശരീരത്തിൽ വന്ന മൂന്നു ദൂതന്മാരെ അബ്രാഹാം യഹോവയുടെ നാമത്തിൽ സ്വീകരിക്കുകയും അവരെ സത്കരിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ സാറ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്ന് അവർ അബ്രാഹാമിനോടു പറഞ്ഞു.—ഉൽ 18:1-15.
w09-E 2/1 13
പേരിൽ അല്പം കാര്യമുണ്ട്
ചില വ്യക്തികൾക്കു ദൈവം പ്രാവചനിക അർഥമുള്ള പേരുകൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, അബ്രാം എന്ന പേരിന്റെ അർഥം “പിതാവ് ഉന്നതനാണ്” എന്നാണ്. ആ പേരു മാറ്റി ദൈവം “പുരുഷാരത്തിന്റെ പിതാവ്” എന്ന് അർഥമുള്ള അബ്രാഹാം എന്നാക്കി. പേരുപോലെതന്നെ അബ്രാഹാം പല ജനതകളുടെ പിതാവായി. (ഉൽ 17:5, 6) അതുപോലെ, “കലഹിക്കുന്ന” എന്ന് അർഥംവരുന്ന സാറായി എന്ന പേരും യഹോവ മാറ്റി. പകരം “രാജകുമാരി” എന്ന് അർഥമുള്ള സാറ എന്നാക്കിയപ്പോൾ സാറയ്ക്ക് എത്ര സന്തോഷം തോന്നിക്കാണും! സാറ രാജാക്കന്മാരുടെ പൂർവികയാകും എന്ന് ആ പേരു സൂചിപ്പിച്ചു.—ഉൽ 17:15, 16.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 460-461
കാലക്കണക്ക്
യഹോവ അബ്രാമിനോടു (അബ്രാഹാമിനോടു) പറഞ്ഞു: “ഇത് അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി അവരുടേതല്ലാത്ത ദേശത്ത് പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.” (ഉൽ 15:13; പ്രവൃ 7:6, 7-ഉം കൂടെ കാണുക.) വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയായ യിസ്ഹാക്ക് ജനിക്കുന്നതിനു മുമ്പാണ് ഇതു പറഞ്ഞത്. ബി.സി. 1932-ൽ ഈജിപ്തുകാരിയായ ദാസി ഹാഗാറിൽ അബ്രാഹാമിനു യിശ്മായേൽ ജനിച്ചു. ബി.സി. 1918-ൽ യിസ്ഹാക്കും ജനിച്ചു. (ഉൽ 16:16; 21:5) ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ട വർഷമാണു 400 വർഷത്തെ ‘കഷ്ടതയുടെ’ കാലം അവസാനിച്ചത്. (ഉൽ 15:14) ആ വർഷത്തിൽനിന്ന് 400 വർഷം പുറകോട്ടു കണക്കു കൂട്ടിയാൽ നമ്മൾ ബി.സി. 1913-ൽ വന്നുനിൽക്കും. ആ വർഷമാണു യിസ്ഹാക്കിന്റെ മുലകുടി മാറിയത്. അന്ന് അഞ്ചു വയസ്സുണ്ടായിരുന്ന യിസ്ഹാക്ക് അപ്പോൾത്തന്നെ ‘പരദേശിയായി’ ജീവിക്കുകയായിരുന്നു. അപ്പോൾ 19 വയസ്സുണ്ടായിരുന്ന യിശ്മായേൽ യിസ്ഹാക്കിനെ ‘പരിഹസിച്ചു’ എന്നു ബൈബിൾ പറയുന്നു. അങ്ങനെ മുൻകൂട്ടിപ്പറഞ്ഞ കഷ്ടതയുടെ കാലം തുടങ്ങി. (ഉൽ 21:8, 9) യിശ്മായേൽ പരിഹസിച്ചു എന്നു പറഞ്ഞിരിക്കുന്നതിനു വലിയ പ്രാധാന്യമില്ല എന്ന് ഇപ്പോൾ ആളുകൾ ചിന്തിച്ചേക്കാം. പക്ഷേ ഗോത്രപിതാക്കന്മാരുടെ കാലത്ത് അതു ഗൗരവമായി കണ്ടു. യിശ്മായേൽ പരിഹസിച്ചപ്പോൾ സാറയുടെ പ്രതികരണവും ഹാഗാറിനെയും മകനായ യിശ്മായേലിനെയും ഇറക്കിവിടാൻ സാറ നിർബന്ധിച്ചതും അതിന്റെ തെളിവാണ്. (ഉൽ 21:10-13) ബൈബിളിൽ ഈ വിവരണം വിശദമായി എഴുതിയിരിക്കുന്നു എന്നതും, ഇസ്രായേല്യരുടെ പുറപ്പാടോടെ അവസാനിച്ച 400 വർഷത്തെ കഷ്ടതയുടെ കാലം ഈ സംഭവത്തോടെയാണ് ആരംഭിച്ചതെന്നു കാണിക്കുന്നു.—ഗല 4:29.
it-1-E 778 ¶4
പുറപ്പാട്
“നാലാം തലമുറ.” അബ്രാഹാമിന്റെ പിൻഗാമികളുടെ നാലാം തലമുറ കനാനിലേക്കു മടങ്ങിവരും എന്ന് യഹോവ അബ്രാഹാമിനോടു പറഞ്ഞു. (ഉൽ 15:16) അബ്രാഹാമുമായുള്ള ഉടമ്പടി പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടതുവരെ 430 വർഷമാണ്. അക്കാലത്തെ ആളുകളുടെ ആയുസ്സ് കൂടുതലായിരുന്നു എന്ന വസ്തുത കണക്കിലെടുത്താൽപ്പോലും ആ 430 വർഷത്തെ കാലയളവിനുള്ളിൽ, നാലിൽ കൂടുതൽ തലമുറക്കാർ ജീവിച്ചിരുന്നു. എന്നാൽ ഇസ്രായേല്യർ ഈജിപ്തിലായിരുന്ന കാലഘട്ടം ശരിക്കും 215 വർഷമാണ്. ഇസ്രായേല്യർ ഈജിപ്തിൽ പ്രവേശിച്ചതുമുതൽ നാലു തലമുറ കണക്കുകൂട്ടാൻ നമുക്കു ലേവി ഗോത്രത്തിൽനിന്ന് ഒരു ഉദാഹരണം എടുക്കാം: (1) ലേവി, (2) കൊഹാത്ത്, (3) അമ്രാം, (4) മോശ.—പുറ 6:16, 18, 20.
ഫെബ്രുവരി 17-23
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 18-19
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w88-E 5/15 23 ¶4-5
ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?
അബ്രാഹാം എന്തുകൊണ്ടാണു മനുഷ്യശരീരമെടുത്ത് വന്ന ദൈവദൂതനെ “യഹോവേ” എന്നു വിളിച്ചത്? യഹോവയെ പ്രതിനിധാനം ചെയ്തുവന്ന ആ ദൂതൻ ദൈവം അബ്രാഹാമിനോടു എന്തു പറയാനാണോ ഉദ്ദേശിച്ചത്, അതുതന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണു ബൈബിളിൽ അബ്രാഹാമിന് “യഹോവ പ്രത്യക്ഷപ്പെട്ടു” എന്നു പറഞ്ഞിരിക്കുന്നത്.—ഉൽപത്തി 18:1.
ടെലിഫോണിലൂടെ നമ്മുടെ വാക്കുകൾ അതേപടി മറ്റൊരാളുടെ അടുത്ത് എത്തുന്നതുപോലെ, ദൈവത്തിന്റെ ഒരു ദൂതസന്ദേശവാഹകന് ദൈവത്തിന്റെ സന്ദേശങ്ങൾ അതേപടി നമ്മളോടു പറയാൻ കഴിയും. അതുകൊണ്ട് അബ്രാഹാമിനും മോശയ്ക്കും മനോഹയ്ക്കും തങ്ങളോടു സംസാരിച്ച ദൂതനോടു ദൈവത്തോടു സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിഞ്ഞു. അവർക്കൊക്കെ ദൂതന്മാരെയും അവരിലൂടെ പ്രതിഫലിച്ച യഹോവയുടെ തേജസ്സും കാണാൻ കഴിഞ്ഞെങ്കിലും ദൈവത്തെ കാണാൻ കഴിഞ്ഞില്ല. യോഹന്നാൻ അപ്പോസ്തലന്റെ ഈ വാക്കുകൾക്കു ചേർച്ചയിലാണ് ഇത്: “ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.” (യോഹന്നാൻ 1:18) ആ മനുഷ്യർ കണ്ടതു ദൈവത്തിന്റെ ദൂതപ്രതിനിധികളെ മാത്രമാണ്, അല്ലാതെ ദൈവത്തെയല്ല.
ഫെബ്രുവരി 24–മാർച്ച് 1
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 20–21
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w89-E 7/1 20 ¶9
അബ്രാഹാം—ദൈവത്തിന്റെ സുഹൃത്താകാൻ ശ്രമിക്കുന്ന എല്ലാവർക്കും ഒരു മാതൃക
അബ്രാം തന്റെ വിശ്വാസം പ്രകടിപ്പിക്കാൻ മറ്റൊരു കാര്യം ചെയ്തു. വിവരണം പറയുന്നു: “യഹോവയ്ക്ക് അബ്രാം അവിടെ ഒരു യാഗപീഠം പണിതു.” (ഉൽപത്തി 12:7) ‘യാഗപീഠം’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് അബ്രാം മൃഗയാഗങ്ങൾ അർപ്പിച്ചിരുന്നെന്നു മനസ്സിലാക്കാം. പിന്നീട് ആ ദേശത്തിന്റെ പല ഭാഗങ്ങളിൽ താമസിച്ചപ്പോഴും അബ്രാം ഇങ്ങനെ ചെയ്തിരുന്നു. കൂടാതെ അബ്രാം ‘യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.’ (ഉൽപത്തി 12:8; 13:18; 21:33) ‘പേര് വാഴ്ത്തിസ്തുതിക്കുക’ എന്ന എബ്രായ പ്രയോഗത്തിന് ‘പേര് ഘോഷിക്കുക, പേര് പ്രസിദ്ധമാക്കുക’ എന്നൊക്കെ അർഥമുണ്ട്. അബ്രാം തന്റെ ദൈവമായ യഹോവയുടെ പേര് ധൈര്യത്തോടെ വീട്ടുകാരോടും കനാനിലെ ആളുകളോടും ഒക്കെ ഘോഷിച്ചിട്ടുണ്ടാകും, സംശയമില്ല. (ഉൽപത്തി 14:22-24) സമാനമായി, ഇന്ന് ദൈവത്തിന്റെ സുഹൃത്താകാൻ ശ്രമിക്കുന്ന എല്ലാവരും ദൈവത്തിന്റെ പേര് വാഴ്ത്തിസ്തുതിക്കണം. അതിൽ നമ്മൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഉൾപ്പെടുന്നു. അതെ, “ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അധരഫലം, അതായത് സ്തുതികളാകുന്ന ബലി, നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.”—എബ്രായർ 13:15; റോമർ 10:10.