നിങ്ങൾ ദൈവത്തിന്റെ ഉടമ്പടികളിൽനിന്ന് പ്രയോജനം നേടുമോ?
“‘നീ മുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടും.’ തത്ഫലമായി, വിശ്വാസത്തോടു പററിനിൽക്കുന്നവർ വിശ്വസ്തനായ അബ്രഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.”—ഗലാത്യർ 3:8, 9.
1. അനേകം ഭരണാധിപത്യങ്ങളുടെ ഫലത്തെസംബന്ധിച്ച് ചരിത്രം എന്ത് പ്രകടമാക്കുന്നു?
“ഉപകാരികളായ [അല്ലെങ്കിൽ, പ്രബുദ്ധരായ] സ്വേച്ഛാധികാരികൾ” എന്നാണ് 18-ാം നൂററാണ്ടിലെ ചില യൂറോപ്യൻഭരണാധികാരികൾ വിളിക്കപ്പെടുന്നത്. ‘അവർക്ക് തങ്ങളുടെ ജനത്തെ പിതൃനിർവിശേഷമായ ദയയോടെ ഭരിക്കുകയെന്ന സദുദ്ദേശ്യമുണ്ടായിരുന്നു, എന്നാൽ അവരുടെ പദ്ധതികൾ തെററിപ്പോയി, അവരുടെ പരിഷ്ക്കാരങ്ങൾ പരാജയപ്പെട്ടു.’a (ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ) പെട്ടെന്നുതന്നെ യൂറോപ്പിനെ ഗ്രസിച്ചുകളഞ്ഞ വിപ്ലവങ്ങളുടെ ഒരു പ്രമുഖ കാരണമായിരുന്നു ഇത്.
2, 3. യഹോവ മനുഷ്യരാജാക്കൻമാരിൽനിന്ന് എങ്ങനെ വ്യത്യസ്തനായിരിക്കുന്നു?
2 പ്രവചനാതീതരായ മനുഷ്യ ഭരണാധികാരികളിൽനിന്ന് യഹോവ എത്ര വ്യത്യസ്തൻ. ഒടുവിൽ അനീതിക്കും കഷ്ടപ്പാടിനും യഥാർത്ഥ പരിഹാരമാർഗ്ഗങ്ങൾ ഉളവാക്കുന്ന മാററത്തിനുവേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ അത്യാവശ്യം നമുക്ക് അനായാസം കാണാൻ കഴിയും. എന്നാൽ ഇതു കൈവരുത്തുന്നതിനുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങൾ ഏതെങ്കിലും തോന്നലിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് നാം ആകുലപ്പെടേണ്ടതില്ല. ലോകത്തിൽ ഏററവുമധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകത്തിൽ വിശ്വസിക്കുന്ന മനുഷ്യവർഗ്ഗത്തിന് നിലനിൽക്കുന്ന അനുഗ്രഹങ്ങൾ കൈവരുത്തുമെന്നുള്ള അവന്റെ വാഗ്ദാനത്തെ തെളിയിക്കുന്ന പ്രമാണങ്ങൾ നൽകിയിട്ടുണ്ട്. ഇത് ആളുകളുടെ മുൻ ദേശീയതയോ വർഗ്ഗമോ വിദ്യാഭ്യാസമോ സാമൂഹിക നിലയോ ഗണ്യമാക്കാതെയായിരിക്കും. (ഗലാത്യർ 3:28) എന്നാൽ നിങ്ങൾക്ക് ഇതിൽ ആശ്രയിക്കാൻ കഴിയുമോ?
3 അപ്പോസ്തലനായ പൗലോസ് അബ്രഹാമിന് ദൈവം കൊടുത്തിരുന്ന ഉറപ്പിന്റെ ഒരു ഭാഗം ഉദ്ധരിച്ചു: “സുനിശ്ചിതമായി അനുഗ്രഹത്തിൽ ഞാൻ നിന്നെ അനുഗ്രഹിക്കും.” “ദൈവത്തിന് ഭോഷ്കുപറയുക അസാദ്ധ്യ”മായതുകൊണ്ട് “നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ പിടിച്ചുകൊള്ളാൻ നമുക്ക് ശക്തമായ പ്രോൽസാഹനമുണ്ടായിരിക്കാ”മെന്ന് പൗലോസ് കൂട്ടിച്ചേർത്തു. (എബ്രായർ 6:13-18) അനുഗ്രഹങ്ങൾ കൈവരുത്തുന്നതിന് ദൈവം ക്രമീകൃതമായി ഇട്ട അടിസ്ഥാനത്തിന്റെ വിധം കുറിക്കൊള്ളുന്നതിനാൽ ആ അനുഗ്രഹങ്ങളിലുള്ള നമ്മുടെ വിശ്വാസം കൂടുതലായി ബലിഷ്ഠമാക്കപ്പെടാൻ കഴിയും.
4. ദൈവം തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ വിവിധ ഉടമ്പടികളെ ഉപയോഗിച്ചതെങ്ങനെ?
4 “ഭൂമിയിലെ സകല ജനതകളെയും” അനുഗ്രഹിക്കുന്നതിനുള്ള മുഖാന്തരമായിരിക്കുന്ന ഒരു സന്തതി ഉൾപ്പെടുന്ന ഒരു ഉടമ്പടി ദൈവം അബ്രഹാമിനോടു ചെയ്തുവെന്ന് നാം കണ്ടുകഴിഞ്ഞു. (ഉല്പത്തി 22:17, 18) ഇസ്രായേല്യർ ഒരു ജഡികസന്തതിയായിത്തീർന്നു, എന്നാൽ പ്രാധാന്യമേറിയ ആത്മീയ അർത്ഥത്തിൽ യേശുക്രിസ്തു അബ്രഹാമിന്റെ സന്തതിയുടെ മുഖ്യഭാഗമാണെന്നു തെളിഞ്ഞു. യേശു വലിപ്പമേറിയ അബ്രഹാമായ യഹോവയുടെ പുത്രനോ സന്തതിയോകൂടെ ആയിരുന്നു. “ക്രിസ്തുവിന്നുള്ളവർ” ആയ ക്രിസ്ത്യാനികൾ അബ്രഹാമിന്റെ സന്തതിയുടെ ഉപഭാഗമാണ്. (ഗലാത്യർ 3:16, 29) അബ്രഹാമ്യ ഉടമ്പടി രൂപവൽക്കരിച്ചശേഷം ദൈവം താല്ക്കാലികമായി ഇസ്രായേൽജനതയോട് ന്യായപ്രമാണ ഉടമ്പടി കൂട്ടിച്ചേർത്തു. ഇസ്രായേല്യർ സ്ഥിരമായ ഒരു പുരോഹിതനും ഒരു പൂർണ്ണ ബലിയും ആവശ്യമായ പാപികളാണെന്ന് അത് തെളിയിച്ചു. അത് സന്തതിയുടെ വംശാവലിയെ സംരക്ഷിക്കുകയും അവനെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്തു. ഏതോ വിധത്തിൽ ദൈവം രാജപുരോഹിതൻമാരുടെ ഒരു ജനതയെ ആനയിക്കുമെന്നും ന്യായപ്രമാണ ഉടമ്പടി പ്രകടമാക്കി. ന്യായപ്രമാണം പ്രാബല്യത്തിലിരുന്നപ്പോൾത്തന്നെ, ഇസ്രായേലിൽ ഒരു രാജവംശം ഉണ്ടായിരിക്കാൻ ദൈവം ദാവീദുമായി ഒരു ഉടമ്പടിചെയ്തു. ദാവീദിക രാജ്യഉടമ്പടിയും ഭൂമിമേൽ സ്ഥിരമായ ആധിപത്യമുള്ള ഒരുവനിലേക്കു വിരൽചൂണ്ടി.
5. ഏതു ചോദ്യങ്ങൾക്ക് അഥവാ പ്രശ്നങ്ങൾക്ക് പിന്നെയും പരിഹാരം വേണമായിരുന്നു?
5 എന്നിരുന്നാലും, അപൂർണ്ണമെന്നോ വിശദീകരണം ആവശ്യമുള്ളതെന്നോ തോന്നിയ വശങ്ങൾ അല്ലെങ്കിൽ ലക്ഷ്യങ്ങൾ ഈ ഉടമ്പടികൾക്കുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, വരാനിരിക്കുന്ന സന്തതി ദാവീദിന്റെ വംശത്തിലെ ഒരു രാജാവായിരിക്കേണ്ടതാണെങ്കിൽ അവന് മുൻ പുരോഹിതൻമാരേക്കാളധികമായി ചെയ്യുന്ന ഒരു സ്ഥിരപുരോഹിതനായിരിക്കാൻ എങ്ങനെ കഴിയും? (എബ്രായർ 5:1; 7:13, 14) ഈ രാജാവിന് ഒരു പരിമിത ഭൗമികമണ്ഡലത്തെക്കാളധികം ഭരിക്കാൻ കഴിയുമോ? സന്തതിയുടെ ഉപ ഭാഗം വലിപ്പമേറിയ അബ്രഹാമിന്റെ കുടുംബത്തിൽ ഉൾപ്പെടാൻ എങ്ങനെ യോഗ്യത നേടും? അവർക്ക് അതു കഴിഞ്ഞാൽപോലും, മിക്ക അംഗങ്ങളും ദാവീദിന്റെ വംശജരല്ലാത്തതുകൊണ്ട് അവർക്ക് ഏതു ഭരണപ്രദേശമായിരിക്കും കിട്ടുക? ഈ പ്രശ്നങ്ങൾക്കു പരിഹാരം വരുത്തുകയും നമ്മുടെ നിത്യാനുഗ്രഹത്തിനു വഴിതുറക്കുകയും ചെയ്യുന്ന കൂടുതലായ ഉടമ്പടികളുടെ രൂപത്തിൽ ദൈവം നിയമനടപടികൾ സ്വീകരിച്ചതെങ്ങനെയെന്ന് നമുക്ക് കാണാം.
ഒരു സ്വർഗ്ഗീയപുരോഹിതനുവേണ്ടിയുള്ള ഉടമ്പടി
6, 7. (എ) സങ്കീർത്തനം 110:4 അനുസരിച്ച് ദൈവം കൂടുതലായി ഏത് ഉടമ്പടി സ്ഥാപിച്ചു? (ബി) ഈ കൂടുതലായ ഉടമ്പടി മനസ്സിലാക്കാൻ ഏത് പശ്ചാത്തലം നമ്മെ സഹായിക്കുന്നു?
6 നാം കണ്ടതുപോലെ, ന്യായപ്രമാണ ഉടമ്പടിയുടെ പരിധക്കുള്ളിൽ ദൈവം ഒരു ഭൗമികപ്രദേശത്തിൻമേൽ വാഴുന്ന ഒരു വംശജനുവേണ്ടി (സന്തതി) ദാവീദിനോട് ഉടമ്പടിചെയ്തു. എന്നാൽ നിലനിൽക്കുന്ന ഒരു പുരോഹിതൻ വരുമെന്നും യഹോവ ദാവീദിനു വെളിപ്പെടുത്തി. ദാവീദ് എഴുതി: “യഹോവ ആണയിട്ടിരിക്കുന്നു (അവൻ ഖേദിക്കുകയില്ല): ‘നീ മെൽക്കീസേദക്കിന്റെ രീതിപ്രകാരം അനിശ്ചിതകാലത്തോളം ഒരു പുരോഹിതനാകുന്നു!’” (സങ്കീർത്തനം 110:4) യഹോവയും വരാനിരിക്കുന്ന പുരോഹിതനുമായുള്ള ഒരു വ്യക്തിപരമായ ഉടമ്പടിയായിത്തീരുന്ന ദൈവത്തിന്റെ ഈ ആണയിട്ട വചനത്തിന്റെ പിന്നിൽ എന്താണുണ്ടായിരുന്നത്?
7 മെൽക്കീസേദക്ക് പുരാതന ശാലേമിലെ രാജാവായിരുന്നു, അത് തെളിവനുസരിച്ച് പിൽക്കാലത്ത് യരുശലേം നഗരം (“ശാലേം” ഉൾപ്പെടുന്ന ഒരു പേർ) പണിയപ്പെട്ട സ്ഥാനത്തായിരുന്നു. അവനുമായുള്ള അബ്രഹാമിന്റെ ഇടപെടലിനെക്കുറിച്ചുള്ള വിവരണം അവൻ “അത്യുന്നതനായ ദൈവത്തെ” ആരാധിച്ച ഒരു രാജാവായിരുന്നുവെന്ന് പ്രദീപ്തമാക്കുന്നു. (ഉല്പത്തി 14:17-20) എന്നിരുന്നാലും, സങ്കീർത്തനം 110:4-ലെ ദൈവത്തിന്റെ പ്രസ്താവന മെൽക്കീസേദക്ക് ഒരു പുരോഹിതനും കൂടെയായിരുന്നുവെന്ന് പ്രകടമാക്കുന്നു, അത് അവനെ ഒരു അനുപമ വ്യക്തിയാക്കുന്നു. അവൻ ഒരു രാജാവും ഒരു പുരോഹിതനുമായിരുന്നു. ദാവീദികരാജാക്കൻമാരും ലേവ്യ പുരോഹിതൻമാരും പിൽക്കാലത്ത് ദിവ്യക്രമീകൃത ധർമ്മങ്ങൾ നിറവേററിയടത്താണ് അവൻ സേവിച്ചിരുന്നത്.
8. മെൽക്കീസേദക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഈ ഉടമ്പടി ആരുമായിട്ടാണ് ചെയ്യപ്പെട്ടത്, എന്തു ഫലത്തോടെ?
8 മെൽക്കീസേദക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഈ ഉടമ്പടിസംബന്ധിച്ച കൂടുതലായ വിശദാംശങ്ങൾ പൗലോസ് നമുക്കു നൽകുന്നു. ദൃഷ്ടാന്തമായി, “മെൽക്കീസേദക്കിന്റെ രീതിപ്രകാരം ഒരു മഹാപുരോഹിതൻ എന്നു ദൈവത്താൽ വിളിക്കപ്പെട്ട”ത് യേശുക്രിസ്തു ആയിരുന്നുവെന്ന് അവൻ പറയുന്നു. (എബ്രായർ 5:4-10; 6:20; 7:17, 21, 22) മെൽക്കീസേദക്കിന് മനുഷ്യ മാതാപിതാക്കൾ ഉണ്ടായിരുന്നുവെന്ന് സ്പഷ്ടമായിരുന്നുവെങ്കിലും അവന്റെ വംശാവലിരേഖയില്ല. അങ്ങനെ മെൽക്കീസേദക്കിന്റെ രേഖപ്പെടുത്തപ്പെട്ട ഒരു വംശാവലിപ്രകാരം യേശു ഒരു പുരോഹിതന്റെ ഉദ്യോഗം അവകാശപ്പെടുത്തുന്നതിനു പകരം അവന്റെ നിയമനം നേരിട്ട് ദൈവത്തിൽനിന്നാണ് വന്നത്. യേശുവിന്റെ പൗരോഹിത്യം ഒരു പിൻഗാമിയിലേക്ക് മാററപ്പെടുകയില്ല, എന്തുകൊണ്ടെന്നാൽ “അവൻ സ്ഥിരം ഒരു പുരോഹിതനായി നിലനിൽക്കുന്നു.” ഇതിങ്ങനെയാണ്, എന്തുകൊണ്ടെന്നാൽ അവന്റെ പൗരോഹിത്യ സേവനത്തിന്റെ പ്രയോജനങ്ങൾ നിത്യമായിരിക്കും. “തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണ്ണമായും രക്ഷിക്കാൻ പ്രാപ്തനും” വിശ്വസ്തരെ നിത്യമായി പഠിപ്പിക്കാനും നയിക്കാനും പ്രാപ്തനുമായ ഒരു പുരോഹിതൻ നമുക്കുള്ളതിൽ നമുക്ക് യഥാർത്ഥത്തിൽ അനുഗൃഹീതരായിരിക്കാൻ കഴിയും.—എബ്രായർ 7:1-3, 15-17, 23-25.
9, 10. ഈ അഞ്ചാമത്തെ ഉടമ്പടിയെ സംബന്ധിച്ച അറിവ് ദൈവോദ്ദേശ്യം നിവർത്തിക്കപ്പെടുന്ന വിധം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെ വിപുലപ്പെടുത്തുന്നതെങ്ങനെ?
9 രാജ-പുരോഹിതൻ എന്ന യേശുവിന്റെ റോൾ ഭൗമികമണ്ഡലത്തെ കവിഞ്ഞുപോകുന്നുവെന്നതാണ് മറെറാരു പ്രധാന വസ്തുത. മെൽക്കീസേദക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഈ ഉടമ്പടിയെക്കുറിച്ച് ദാവീദ് പറഞ്ഞ അതേ സന്ദർഭത്തിൽത്തന്നെ അവൻ ഇങ്ങനെ എഴുതി: “എന്റെ കർത്താവിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാണ്: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് ഒരു പീഠം പോലെ വെക്കുന്നതുവരെ നീ എന്റെ വലതുഭാഗത്തിരിക്ക.’” അങ്ങനെ ദാവീദിന്റെ കർത്താവായിരുന്ന യേശുവിന് യഹോവയോടൊത്ത് ഒരു സ്ഥാനം ലഭിക്കണമായിരുന്നു, അത് അവന്റെ സ്വർഗ്ഗാരോഹണത്തിങ്കൽ ലഭിച്ചു. ക്രിസ്തുവിന് തന്റെ ശത്രുക്കളെ കീഴടക്കാനും ന്യായവിധികൾ നടപ്പിലാക്കാനും സ്വർഗ്ഗത്തിൽ തന്റെ പിതാവിനോടൊത്ത് അധികാരം പ്രയോഗിക്കാൻ കഴിയും.—സങ്കീർത്തനം 110:1, 2; പ്രവൃത്തികൾ 2:33-36; എബ്രായർ 1:3; 8:1; 12:2.
10 തത്ഫലമായി, ഈ അഞ്ചാമത്തെ ഉടമ്പടിയെക്കുറിച്ച് അറിയുന്നതിനാൽ യഹോവ തന്റെ ഉദ്ദേശ്യം നിറവേററുന്ന ക്രമീകൃതവും പൂർണ്ണവുമായ വിധത്തിന്റെ ഒരു വിപുലമായ വീക്ഷണം കിട്ടുന്നു. സന്തതിയുടെ പ്രഥമ ഭാഗം സ്വർഗ്ഗത്തിലെ ഒരു പുരോഹിതനായിരിക്കുമെന്നും രാജ-പുരോഹിതനെന്ന അവന്റെ അധികാരത്തിന് സാർവ്വത്രിക വ്യാപ്തി ഉണ്ടായിരിക്കുമെന്നും അത് സ്ഥാപിക്കുന്നു.—1 പത്രോസ് 3:22.
പുതിയ ഉടമ്പടിയും സന്തതിയുടെ ഉപ ഭാഗവും
11. സന്തതിയുടെ ഉപഭാഗം സംബന്ധിച്ച് ഏത് കുഴപ്പങ്ങൾ സ്ഥിതിചെയ്തിരുന്നു?
11 നാം നേരത്തെ അബ്രഹാമ്യ ഉടമ്പടിയെക്കുറിച്ചു പരിചിന്തിച്ചപ്പോൾ യേശു സ്വാഭാവിക അവകാശത്താൽ സന്തതിയുടെ പ്രഥമ ഭാഗമായിത്തീർന്നുവെന്ന് നാം ഗൗനിച്ചു. അവൻ ഗോത്രപിതാവായിരുന്ന അബ്രഹാമിന്റെ നേരിട്ടുള്ള ഒരു സന്തതിയായിരുന്നു. ഒരു പൂർണ്ണമനുഷ്യൻ എന്ന നിലയിൽ അവൻ വലിപ്പമേറിയ അബ്രഹാമിന്റെ ഒരു അംഗീകൃതപുത്രനായിരുന്നു. എന്നാൽ അബ്രഹാമിന്റെ സന്തതിയുടെ ഉപഭാഗമായിത്തീരാനുള്ള പദവിയുള്ള മനുഷ്യരെ—“ഒരു വാഗ്ദത്തം സംബന്ധിച്ച് അവകാശിക”ളായവരെ—സംബന്ധിച്ചെന്ത്? (ഗലാത്യർ 3:29) പാപിയായ ആദാമിന്റെ കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ അപൂർണ്ണരായതുകൊണ്ട്, അവർ വലിപ്പമേറിയ അബ്രഹാമായ യഹോവയുടെ കുടുംബത്തിലായിരിക്കാൻ അയോഗ്യരായിരിക്കും. അപൂർണ്ണതയുടെ ഈ തടസ്സത്തെ എങ്ങനെ തരണംചെയ്യാൻ കഴിയും? അത് മനുഷ്യർക്ക് അസാദ്ധ്യമായിരിക്കും, എന്നാൽ ദൈവത്തിന് അത് അസാദ്ധ്യമല്ല.—മത്തായി 19:25, 26.
12, 13. (എ) ദൈവം മറെറാരു ഉടമ്പടിയെ മുൻകൂട്ടിപ്പറഞ്ഞതെങ്ങനെ? (ബി) ഈ ഉടമ്പടിയുടെ ഏതു പ്രത്യേകസവിശേഷത നമ്മുടെ ശ്രദ്ധ അർഹിക്കുന്നു?
12 ന്യായപ്രമാണം പ്രാബല്യത്തിലിരുന്നപ്പോൾത്തന്നെ ദൈവം തന്റെ പ്രവാചകൻമുഖാന്തരം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ ഇസ്രയേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടി ചെയ്യും; ഞാൻ അവരുടെ പൂർവ പിതാക്കളോട് ചെയ്ത ഉടമ്പടി പോലെയല്ല . . . ‘എന്റെ ആ ഉടമ്പടി അവർതന്നെ ലംഘിച്ചു’ . . . ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ ആക്കും, അവരുടെ ഹൃദയത്തിൽ ഞാൻ അത് എഴുതും. ഞാൻ അവരുടെ ദൈവമായിത്തീരും, അവർതന്നെ എന്റെ ജനമായിത്തീരും. അവർ മേലാൽ ‘യഹോവയെ അറിയുക’ എന്നു പഠിപ്പിക്കുകയില്ല, എന്തെന്നാൽ അവർ എല്ലാവരും എന്നെ അറിയും . . . എന്തെന്നാൽ ഞാൻ അവരുടെ അകൃത്യം ക്ഷമിക്കും, അവരുടെ പാപം ഞാൻ മേലാൽ ഓർക്കുകയില്ല.”—യിരെമ്യാവ് 31:31-34.
13 ഈ പുതിയ ഉടമ്പടിയുടെ ഒരു വശം പാപങ്ങളുടെ മോചനമായിരുന്നുവെന്ന് കാണുക, സ്പഷ്ടമായും ന്യായപ്രമാണത്തിൻകീഴിലെ മൃഗയാഗങ്ങൾകൊണ്ടുള്ള ക്രമീകരണം ‘പോലെ’യല്ലാത്ത ഒരു വിധത്തിൽത്തന്നെ. യേശു മരിച്ച ദിവസത്തിൽ ഇതിൻമേൽ വെളിച്ചം വീശി. ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നതുപോലെ പെസഹാ ആഘോഷിക്കുന്നതിൽ ശിഷ്യൻമാരോടു ചേർന്നശേഷം ക്രിസ്തു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തി. ഈ വാർഷികാഘോഷത്തിൽ ഒരു വീഞ്ഞിൻപാനപാത്രത്തിലെ പങ്കുപററൽ ഉൾപ്പെടും. അതിനെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.”—ലൂക്കോസ് 22:14-20.
14. സന്തതിയുടെ ഉപഭാഗത്തെ ഉളവാക്കുന്നതിൽ പുതിയ ഉടമ്പടി പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
14 അതുകൊണ്ട്, പുതിയ ഉടമ്പടി യേശുവിന്റെ രക്തത്താലായിരിക്കും പ്രവർത്തനക്ഷമമാക്കപ്പെടുന്നത്. അങ്ങനെയുള്ള പൂർണ്ണതയുള്ള ഒരു ബലിയുടെ അടിസ്ഥാനത്തിൽ ദൈവത്തിന് എന്നെന്നേക്കുമായി ‘അകൃത്യവും പാപവും ക്ഷമിക്കാൻ’ കഴിയുമായിരുന്നു. അത് എന്ത് അർത്ഥമാക്കുമെന്നു ചിന്തിക്കുക! ആദാമിന്റെ കുടുംബത്തിലെ അർപ്പിതമനുഷ്യരുടെ പാപങ്ങൾ പൂർണ്ണമായും ക്ഷമിക്കാൻ പ്രാപ്തനാകയാൽ ദൈവത്തിന് അവരെ പാപരഹിതരായി വീക്ഷിക്കാനും വലിപ്പമേറിയ അബ്രഹാമിന്റെ ആത്മീയ പുത്രൻമാരായി ജനിപ്പിക്കാനും അനന്തരം പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യാനും കഴിയും. (റോമർ 8:14-17) അങ്ങനെ, യേശുവിന്റെ ബലിയാൽ സാധുവാക്കപ്പെട്ട പുതിയ ഉടമ്പടി അബ്രഹാമിന്റെ സന്തതിയുടെ ഉപഭാഗമായിത്തീരാൻ യേശുവിന്റെ ശിഷ്യൻമാരെ പ്രാപ്തരാക്കുന്നു. പൗലോസ് എഴുതി: “[യേശു] മരണത്തിനിടയാക്കാനുള്ള മാർഗ്ഗമുള്ളവനെ, അതായത്, പിശാചിനെ, തന്റെ മരണത്താൽ നാസ്തിയാക്കും; മരണഭീതിനിമിത്തം തങ്ങളുടെ ആയുസ്സിലെല്ലാം അടിമത്തത്തിന് വിധേയമായിരുന്നവരെ [അവൻ] വിടുവിക്കും. എന്തെന്നാൽ അവൻ യഥാർത്ഥത്തിൽ ദൂതൻമാരെ അശേഷം സഹായിക്കുന്നില്ല, എന്നാൽ അവൻ അബ്രഹാമിന്റെ സന്തതിയെ സഹായിക്കുകയാണ്.”—എബ്രായർ 2:14-16; 9:14.
15. പുതിയ ഉടമ്പടിയുടെ കക്ഷികൾ ആരൊക്കെയാണ്?
15 യേശു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനും സാധുവാക്കുന്ന ബലിയുമായതിനാൽ ഉടമ്പടിയിലെ കക്ഷികൾ ആരായിരുന്നു? ദൈവമാണ് “ഇസ്രയേൽഗൃഹ”വുമായുള്ള ഈ ഉടമ്പടിചെയ്യുന്നതെന്ന് യിരെമ്യാവ് മുൻകൂട്ടിപ്പറഞ്ഞു. ഏത് ഇസ്രയേൽ? ന്യായപ്രമാണപ്രകാരം പരിഛേദനയേററ ജഡിക ഇസ്രയേലല്ല, എന്തെന്നാൽ പുതിയ ഉടമ്പടി ആ മുൻ ഉടമ്പടിയെ പ്രവർത്തനരഹിതമാക്കി. (എബ്രായർ 8:7, 13; 32-ാം പേജ് കാണുക.) ഇപ്പോൾ ദൈവം വിശ്വാസത്താൽ ആലങ്കാരികമായി ‘ആത്മാവിനാൽ ഹൃദയത്തിൽ പരിഛേദനയേററിരിക്കുന്ന’ യഹൂദൻമാരോടും വിജാതീയരോടും ഇടപെടുമായിരുന്നു. ഇത് പുതിയ ഉടമ്പടിയിലുള്ളവരുടെ ‘മനസ്സിലും ഹൃദയങ്ങളിലും തന്റെ നിയമങ്ങൾ എഴുതപ്പെടും’ എന്നുള്ള തന്റെ പ്രസ്താവനയോട് യോജിക്കുന്നു. (റോമർ 2:28, 29; എബ്രായർ 8:10) അങ്ങനെയുള്ള ആത്മീയ യഹൂദൻമാരെ പൗലോസ് “ദൈവത്തിന്റെ ഇസ്രയേൽ” എന്നു വിളിച്ചു.—ഗലാത്യർ 6:16; യാക്കോബ് 1:1.
16. പുറപ്പാട് 19:6 വിരൽചൂണ്ടിയത് നിറവേററുന്നതിന് പുതിയ ഉടമ്പടി സഹായിക്കുന്നതെങ്ങനെ?
16 ദൈവം ഇപ്പോൾ ആത്മീയ ഇസ്രയേലുമായി ഇടപ്പെട്ടിരുന്നതുകൊണ്ട് അവസരത്തിന്റെ ഒരു വാതിൽ തുറന്നു. ദൈവം ന്യായപ്രമാണം സ്ഥാപിച്ചപ്പോൾ ഇസ്രയേൽപുത്രൻമാർ തനിക്ക് “പുരോഹിതൻമാരുടെ ഒരു രാജ്യവും ഒരു വിശുദ്ധജനതയും” ആയിത്തീരുന്നതിനെക്കുറിച്ച് അവൻ പറഞ്ഞിരുന്നു. (പുറപ്പാട് 19:6) യഥാർത്ഥത്തിൽ, ജഡിക ഇസ്രയേലിന് എല്ലാവരും രാജപുരോഹിതൻമാരായിരിക്കുന്ന ഒരു ജനത ആയിത്തീരാൻ കഴിയുമായിരുന്നില്ല, ഒരിക്കലും ആയിത്തീർന്നുമില്ല. എന്നാൽ അബ്രഹാമിന്റെ സന്തതിയുടെ ഉപഭാഗമായി അംഗീകരിക്കപ്പെട്ട യഹൂദൻമാർക്കും വിജാതീയർക്കും രാജ-പുരോഹിതൻമാരായിത്തീരാൻ കഴിയുമായിരുന്നു.b അങ്ങനെയുള്ളവരോട് ഇങ്ങനെ പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പത്രോസ് ഇതു സ്ഥിരീകരിച്ചു: “നിങ്ങൾ അന്ധകാരത്തിൽനിന്നു നിങ്ങളെ . . . വിളിച്ചവന്റെ മാഹാത്മ്യങ്ങളെ വിസ്തൃതമായി ഘോഷിക്കേണ്ടതിന് ‘തെരഞ്ഞെടുക്കപ്പെട്ട ഒരു വർഗ്ഗവും ഒരു രാജകീയ പുരോഹിതവർഗ്ഗവും ഒരു വിശുദ്ധജനതയും പ്രത്യേക സ്വത്തായ ഒരു ജനവും’ ആകുന്നു.” ‘അവർക്കുവേണ്ടി ക്ഷയിക്കാത്ത ഒരു അവകാശം സ്വർഗ്ഗങ്ങളിൽ കരുതിവെക്കപ്പെട്ടിരിക്കുന്നു’ എന്നും അവൻ എഴുതി.—1 പത്രോസ് 1:4; 2:9, 10.
17. പുതിയ ഉടമ്പടി ന്യായപ്രമാണ ഉടമ്പടിയെക്കാൾ “മെച്ച”മായിരിക്കുന്നതെന്തുകൊണ്ട്?
17 തത്ഫലമായി, സന്തതിയുടെ ഉപഭാഗത്തെ ഉളവാക്കാൻ പുതിയ ഉടമ്പടി മുന്നമേ നിലവിലുള്ള അബ്രഹാമ്യ ഉടമ്പടിയുമായി ഒത്തു പ്രവർത്തിക്കുന്നു. യഹോവയും ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളും തമ്മിലുള്ള ഈ പുതിയ ഉടമ്പടി വലിപ്പമേറിയ അബ്രഹാമിന്റെ രാജകീയകുടുംബത്തിൽ രാജപുരോഹിതൻമാരുടെ ഒരു സ്വർഗ്ഗീയജനതയുടെ രൂപവൽക്കരണത്തിന് അനുവദിക്കുന്നു. അപ്പോൾ, ഇത് “മെച്ചപ്പെട്ട വാഗ്ദാനങ്ങളിൻമേൽ നിയമപരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന അനുഗുണമായി മെച്ചപ്പെട്ട ഒരു ഉടമ്പടി”യാണെന്ന് പൗലോസ് പറഞ്ഞതെന്തുകൊണ്ടെന്ന് നമുക്കു കാണാൻ കഴിയും. (എബ്രായർ 8:6) ആ വാഗ്ദാനങ്ങളിൽ അർപ്പിതരുടെ ഹൃദയങ്ങളിൽ ദൈവനിയമം എഴുതപ്പെടുന്നതിന്റെ അനുഗ്രഹം ഉൾപ്പെടുന്നു, അവരുടെ പാപങ്ങൾ ഓർക്കപ്പെടുന്നില്ല, എല്ലാവരും ‘ചെറിയവൻ മുതൽ വലിയവൻവരെ യഹോവയെ അറിയുകയും ചെയ്യുന്നു.’—എബ്രായർ 8:11.
ഒരു രാജ്യത്തിനുവേണ്ടിയുള്ള യേശുവിന്റെ ഉടമ്പടി
18. നാം ഇത്രത്തോളം പരിചിന്തിച്ച ഉടമ്പടികൾ ദൈവോദ്ദേശ്യത്തെ പൂർണ്ണമായും നിവർത്തിച്ചിട്ടില്ലാത്തത് ഏതർത്ഥത്തിൽ?
18 നാം ചർച്ചചെയ്തുകഴിഞ്ഞ ആറു ഉടമ്പടികളെക്കുറിച്ചു വിചിന്തനംചെയ്യുമ്പോൾ യഹോവ തന്റെ ഉദ്ദേശ്യം നിറവേററാൻ ആവശ്യമായതെല്ലാം നിയമപരമായി ക്രമീകരിച്ചിരിക്കുന്നുവെന്നു തോന്നിയേക്കാം. എന്നിരുന്നാലും, നാം പരിചിന്തിച്ചുകഴിഞ്ഞതിനോട് ബന്ധപ്പെടുന്ന മറെറാരു ഉടമ്പടി ബൈബിൾ ആനയിക്കുന്നു, അത് ഈ സുപ്രധാന കാര്യത്തിന്റെ കൂടുതലായ വശങ്ങളെ പൂർത്തിയാക്കുന്ന ഒരു ഉടമ്പടിയാണ്. ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികൾ ‘കർത്താവ് സകല ദുഷ്ടപ്രവൃത്തികളിൽനിന്നും തങ്ങളെ വിടുവിക്കുമെന്നും തന്റെ സ്വർഗ്ഗീയരാജ്യത്തിനുവേണ്ടി തങ്ങളെ രക്ഷിക്കുമെന്നും’ ഉചിതമായി പ്രതീക്ഷിക്കുന്നു. (2 തിമൊഥെയോസ് 4:18) സ്വർഗ്ഗത്തിൽ, അവർ രാജ-പുരോഹിതൻമാരുടെ ഒരു ജനതയായിരിക്കും, എന്നാൽ അവരുടെ ഭരണപ്രദേശം ഏതായിരിക്കും? അവർ സ്വർഗ്ഗത്തിലേക്കു ഉയർത്തപ്പെടുമ്പോൾ ക്രിസ്തു അപ്പോൾത്തന്നെ ഒരു പൂർണ്ണ മഹാപുരോഹിതനെന്ന നിലയിൽ അവിടെ ഉണ്ടായിരിക്കും. അവൻ സാർവത്രികഭരണത്തിനുവേണ്ടി രാജകീയാധികാരത്തോടെ എഴുന്നേററിരിക്കും. (സങ്കീർത്തനം 2:6-9; വെളിപ്പാട് 11:15) മററു രാജ-പുരോഹിതൻമാർക്ക് അവിടെ എന്താണ് ചെയ്യാനുള്ളത്?
19. എപ്പോൾ എങ്ങനെ ഏഴാമത്തെ ഒരു പ്രധാന ഉടമ്പടി ചെയ്യപ്പെട്ടു?
19 ക്രി.വ. 33 നീസാൻ 14-ൽ യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുകയും “[തന്റെ] രക്തം ഹേതുവായുള്ള പുതിയ ഉടമ്പടി”യെക്കുറിച്ചു പറയുകയുംചെയ്ത സന്ധ്യാവേളയിൽ അവൻ മറെറാരു ഉടമ്പടിയെക്കുറിച്ചു പ്രസ്താവിച്ചു, ചർച്ചക്കു വരുന്ന ഏഴാമത്തേതുതന്നെ. അവൻ തന്റെ വിശ്വസ്തരായ അപ്പോസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളാണ് എന്റെ പീഡാനുഭവങ്ങളിൽ എന്നോടു പററിനിന്നിരിക്കുന്നവർ; എന്റെ പിതാവ് എന്നോട് ഒരു രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടിചെയ്തിരിക്കുന്നതുപോലെ ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു, നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിൽ തിന്നുകയും കുടിക്കുകയും ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും ന്യായം വിധിക്കാൻ സിംഹാസനങ്ങളിൽ ഇരിക്കുകയുംചെയ്യേണ്ടതിനു തന്നെ.” (ലൂക്കോസ് 22:20, 28-30) മെൽക്കീസേദക്കിനെപ്പോലെ ഒരു പുരോഹിതനായിരിക്കാൻ യേശുവുമായി പിതാവ് ഒരു ഉടമ്പടിചെയ്തതുപോലെ, ക്രിസ്തു തന്റെ വിശ്വസ്ത അനുഗാമികളുമായി ഒരു വ്യക്തിപരമായ ഉടമ്പടിചെയ്തു.
20. രാജ്യത്തിനുവേണ്ടിയുള്ള ഒരു ഉടമ്പടി ആരുമായിട്ടാണ് ചെയ്യപ്പെട്ടത്, എന്തുകൊണ്ട്? (ദാനിയേൽ 7:18; 2 തിമൊഥെയോസ് 2:11-13)
20 ആ 11 അപ്പോസ്തലൻമാർ തീർച്ചയായും അവന്റെ പീഡാനുഭവങ്ങളിൽ അവനോട് പററിനിന്നിരുന്നു, അവർ സിംഹാസനങ്ങളിലിരിക്കുമെന്ന് ഉടമ്പടി പ്രകടമാക്കി. കൂടാതെ, വിശ്വസ്തരെന്നു തെളിയിക്കുന്ന ആത്മജനനംപ്രാപിക്കുന്ന എല്ലാ ക്രിസ്ത്യാനികളും സ്വർഗ്ഗീയസിംഹാസനങ്ങളിലിരിക്കുമെന്ന് വെളിപ്പാട് 3:21 തെളിയിക്കുന്നു. അങ്ങനെ, പുരോഹിതൻമാരെന്ന നിലയിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിനും “ഭൂമിമേൽ രാജാക്കൻമാരായി ഭരിക്കുന്നതിനും” യേശുവിന്റെ രക്തത്താൽ വിലക്കുവാങ്ങപ്പെട്ട 1,44,000 പേരുമായിട്ടാണ് ഈ ഉടമ്പടി ചെയ്യപ്പെടുന്നത്. (വെളിപ്പാട് 1:4-6; 5:9, 10; 20:6) യേശു അവരുമായി ചെയ്യുന്ന ഉടമ്പടി അവന്റെ ഭരണത്തിൽ പങ്കുപററാൻ അവരെ അവനോടു ചേർക്കുന്നു. ഒരർത്ഥത്തിൽ, അത് ഒരു കുലീനകുടുംബത്തിൽനിന്നുള്ള ഒരു മണവാട്ടി വിവാഹത്താൽ ഒരു ഭരണാധിപനോടു ചേർന്നതുപോലെയാണ്. അങ്ങനെ അവൾ അവന്റെ രാജ്യഭരണത്തിൽ പങ്കുപററുന്ന സ്ഥാനത്തേക്കു വരുന്നു.—യോഹന്നാൻ 3:29; 2 കൊരിന്ത്യർ 11:2; വെളിപ്പാട്19:7, 8.
21, 22. ഈ ഉടമ്പടികൾ നിറവേററുന്ന കാര്യങ്ങൾ നിമിത്തം ഏതനുഗ്രഹങ്ങൾ പ്രതീക്ഷിക്കാൻ കഴിയും?
21 ഇത് അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് എന്തു പ്രയോജനങ്ങൾ തുറന്നുകൊടുക്കും? യേശുവോ 1,44,000മോ “യഥാർത്ഥ പരിഹാരങ്ങൾ പ്രദാനംചെയ്യാൻ കഴിയാത്ത” ഉപകാരികളായ സ്വേച്ഛാധികാരികളെപ്പോലെയായിരിക്കുകയില്ല. എന്നാൽ, യേശു “എല്ലാ വശങ്ങളിലും, എന്നാൽ പാപം കൂടാതെ, നമ്മേപ്പോലെ പരിശോധിക്കപ്പെട്ടിരിക്കുന്ന” ഒരു മഹാപുരോഹിതനാണെന്ന് നമുക്ക് ഉറപ്പ് ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അവന് മാനുഷദൗർബല്യങ്ങളിൽ ‘സഹതപിക്കാൻ കഴിയുന്ന’തെന്തുകൊണ്ടെന്നും അഭിഷിക്തക്രിസ്ത്യാനികളെ സംബന്ധിച്ചു സത്യമായിരിക്കുന്നതുപോലെ “വേറെ ആടുകൾക്കും” “സംസാര സ്വാതന്ത്ര്യത്തോടെ” ക്രിസ്തുവിലൂടെ ദൈവ സിംഹാസനത്തെ സമീപിക്കാൻ കഴിയുമെന്നും നമുക്കു മനസ്സിലാക്കാൻ കഴിയും. അങ്ങനെ, അവർക്കും “തക്ക സമയത്തെ സഹായത്തിനുവേണ്ടി കരുണ ലഭിക്കാവുന്നതും അനർഹദയ കണ്ടെത്താവുന്നതുമാണ്.”—എബ്രായർ 4:14-16; യോഹന്നാൻ 10:16.
22 രാജപുരോഹിതൻമാരെന്ന നിലയിൽ യേശുവിനോടുകൂടെ പങ്കുലഭിക്കാനുള്ള ഉടമ്പടിയിലുള്ളവരും മനുഷ്യവർഗ്ഗത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കു പററുന്നു. പുരാതന ലേവ്യപുരോഹിതൻമാർ മുഴു ഇസ്രയേൽജനതക്കും പ്രയോജനംചെയ്തതുപോലെ, യേശുവിനോടുകൂടെ സ്വർഗ്ഗീയ സിംഹാസനങ്ങളിൽ സേവിക്കുന്നവർ ഭൂമിയിൽ ജീവിക്കുന്ന എല്ലാവരെയും നീതിയിൽ ന്യായം വിധിക്കും. (ലൂക്കോസ് 22:30) ആ രാജപുരോഹിതൻമാർ ഒരിക്കൽ മനുഷ്യരായിരുന്നു, അതുകൊണ്ട് അവർ മനുഷ്യവർഗ്ഗത്തിന്റെ ആവശ്യങ്ങളോട് സഹതാപമുള്ളവരായിരിക്കും. സന്തതിയുടെ ഈ ഉപഭാഗം “സകല ജനതകളും അനുഗ്രഹിക്കപ്പെട്ടു”കാണുന്നതിൽ യേശുവിനോടു സഹകരിക്കും.—ഗലാത്യർ 3:8.
23. വ്യക്തികൾ ഈ ഉടമ്പടികളോടു സഹകരിച്ച് എങ്ങനെ പ്രവർത്തിക്കണം?
23 ദൈവത്തിന്റെ ഉടമ്പടികളിൽനിന്ന് പ്രയോജനമനുഭവിച്ചുകൊണ്ട് മനുഷ്യവർഗ്ഗത്തിൻമേലുള്ള ആ അനുഗ്രഹത്തിൽ പങ്കുപററാൻ ആഗ്രഹിക്കുന്ന എല്ലാവരും അങ്ങനെ ചെയ്യാൻ ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. (വെളിപ്പാട് 22:17) ഒരു നല്ല നടപടി 1990 ഏപ്രിൽ 10-ാം തീയതി ചൊവ്വാഴ്ച സൂര്യാസ്തമയശേഷം നടത്തപ്പെടുന്ന കർത്താവിന്റെ അത്താഴത്തിന്റെ ആഘോഷത്തിനുവേണ്ടി ഹാജരാകുകയാണ്. യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ ഹാജരാകാൻ ഇപ്പോൾ ദയവായി ആസൂത്രണംചെയ്യുക. അവിടെ നിങ്ങൾ ദിവ്യ ഉടമ്പടികളെ സംബന്ധിച്ചു കൂടുതൽ പഠിക്കുകയും അവയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാമെന്ന് കൂടുതലായി മനസ്സിലാക്കുകയും ചെയ്യും. (w89 2/1)
[അടിക്കുറിപ്പ്]
a അത്യന്തം സാഹസികമായ പരിഷ്ക്കാരങ്ങൾ പോലും ദരിദ്രകൃഷീവലൻമാരെയും അമിതാനുകൂല്യങ്ങളുള്ളവരെയും നികുതിക്കുറവുള്ള പ്രഭുക്കൻമാരെയും ഭരണത്തിലും സമുദായത്തിലും അപര്യാപ്തമായി ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന ഇടത്തരക്കാരെയും അവശേഷിപ്പിച്ചു . . . പ്രബുദ്ധ സ്വേച്ഛാധിപത്യങ്ങൾ മേലാൽ അവഗണിക്കാൻ കഴിയാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ തുടങ്ങിയെന്നിരിക്കെ അതിന് ഈ യുഗത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങൾക്കുള്ളിൽ യഥാർത്ഥ പരിഹാരങ്ങൾ പ്രദാനംചെയ്യാൻ കഴിഞ്ഞില്ലെന്ന് പറയേണ്ടിയിരിക്കുന്നു.—പാശ്ചാത്യനാഗരികത—അതിന്റെ ഉലപത്തിയും ഭാവിയും: ആധുനിക പൈതൃകം.
b യേശു പുതിയ ഉടമ്പടിയുടെ ഒരു കക്ഷിയല്ല. അവൻ അതിന്റെ മദ്ധ്യസ്ഥനും മോചനം ആവശ്യമുള്ള പാപങ്ങളില്ലാത്തവനുമാകുന്നു. കൂടാതെ, അതിനാൽ അവൻ ഒരു രാജപുരോഹിതനായിത്തീരേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ അവൻ ദാവീദിക ഉടമ്പടിപ്രകാരമുള്ള ഒരു രാജാവും മെൽക്കീസേദക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുമാകുന്നു.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻സങ്കീർത്തനം 110:4-ൽ പറഞ്ഞിരിക്കുന്ന ഉടമ്പടി ചെയ്യപ്പെട്ടതെന്തിന്, അത് എന്ത് നിവർത്തിച്ചു?
◻പുതിയ ഉടമ്പടിയിൽ ഉള്ളതാരാണ്, അത് രാജപുരോഹിതൻമാരുടെ ഒരു ജനതയെ ഉളവാക്കാൻ സഹായിച്ചതെങ്ങനെ?
◻യേശു തന്റെ അനുഗാമികളുമായി വ്യക്തിപരമായ ഒരു ഉടമ്പടിചെയ്തതെന്തിന്?
◻നാം പരിചിന്തിച്ചിരിക്കുന്ന ഏഴ് ഉടമ്പടികൾ ഏവ?
[17-ാം പേജിലെ രേഖാചിത്രം]
(For fully formatted text, see publication)
ഏദനിക ഉടമ്പടി ഉല്പത്തി 3:15
അബ്രഹാമ്യ ഉടമ്പടി
ന്യായപ്രമാണ ഉടമ്പടി
ദാവീദിക രാജ്യ ഉടമ്പടി
മെൽക്കീസേദക്കിനെപ്പോലെയുള്ള പുരോഹിതനായിരിക്കാനുള്ള ഉടമ്പടി
പ്രഥമ സന്തതി
ഉപ സന്തതി
നിത്യ അനുഗ്രഹങ്ങൾ
[19-ാം പേജിലെ രേഖാചിത്രം]
(For fully formatted text, see publication)
ഏദനിക ഉടമ്പടി ഉല്പത്തി 3:15
അബ്രഹാമ്യ ഉടമ്പടി
ന്യായപ്രമാണ ഉടമ്പടി
പുതിയ ഉടമ്പടി
ദാവീദിക രാജ്യ ഉടമ്പടി
മെൽക്കീസേദക്കിനെപ്പോലെയുള്ള പുരോഹിതനായിരിക്കാനുള്ള ഉടമ്പടി
പ്രഥമ സന്തതി
ഒരു സ്വർഗ്ഗീയരാജ്യത്തിനുവേണ്ടിയുള്ള ഉടമ്പടി
ഉപ സന്തതി
നിത്യ അനുഗ്രഹങ്ങൾ