ബൈബിൾ വിശേഷാശയങ്ങൾ സങ്കീർത്തനങ്ങൾ 1-41
സങ്കീർത്തനക്കാരൻ യഹോവക്ക് സ്തുതി പാടുന്നു
“സ്തുതികൾ” സങ്കീർത്തനപുസ്തകത്തിന്റെ എബ്രായപേരിന്റെ അർത്ഥമതാണ്, അത് എത്ര അനുയോജ്യവുമാണ്! ഫലത്തിൽ, മുഴു പുസ്തകവും യഹോവയാം ദൈവത്തിനുള്ള സ്തുതിയുടെ ഒരു ദീർഘമായ ആർപ്പുവിളിയാണ്. സങ്കീർത്തനങ്ങൾ യഹോവയുടെ ഗുണങ്ങളും ശക്തമായ പ്രവർത്തനങ്ങളും വർണ്ണിക്കുന്നു. അവയിൽ പ്രവചനങ്ങൾ ഉൾക്കൊള്ളുന്നു. കൂടാതെ നിശ്വസ്ത എഴുത്തുകാർ പീഡനവും ഒററിക്കൊടുക്കലും നിരുത്സാഹപ്പെടുത്തലും ഒരു ചീത്ത മനസ്സാക്ഷിപോലും സഹിക്കേണ്ടിവന്നപ്പോൾ തങ്ങളുടെ വികാരങ്ങൾ എന്തായിരുന്നു എന്ന് അവ നമ്മോടു പറയുകയും ചെയ്യുന്നു. സമാനമായ പരിശോധനകൾ നേരിടുന്ന അനേക ക്രിസ്ത്യാനികളും സങ്കീർത്തനങ്ങളിലെ വാക്കുകളിൽ നിന്ന് ധൈര്യം ഉൾക്കൊള്ളുന്നുണ്ട്.
സങ്കീർത്തന പുസ്തകം അഞ്ചുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവയിൽ ആദ്യഭാഗത്തെ, സങ്കീർത്തനങ്ങൾ 1 മുതൽ 41 വരെ ഇവിടെ ഞങ്ങൾ ചർച്ച ചെയ്യുന്നു.
യഹോവയുടെ ഉദ്ദേശ്യങ്ങൾക്കു കീഴ്പെടുന്നു
ദയവായി സങ്കീർത്തനങ്ങൾ 1 മുതൽ 14 വരെ വായിക്കുക. സങ്കീർത്തനങ്ങളുടെ ഈ കൂട്ടം സങ്കീർത്തന പുസ്തകത്തിന്റെ മുഖ്യവിഷയങ്ങളിൽ ചിലവ അവതരിപ്പിക്കുന്നു: ന്യായപ്രമാണത്തിന്റെ പ്രാധാന്യം, വരാനിരുന്ന മശിഹൈക രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ, കഠിന സമ്മർദ്ദങ്ങളിൻ മുമ്പിൽ സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥനകൾ എന്നിവ. കൂടാതെ, ദുഷ്ടൻമാരുടെ താല്ക്കാലിക ഉന്നമനമുണ്ടായിരുന്നാലും നീതിമാൻമാർ അനുഗ്രഹിക്കപ്പെടുമെന്ന് നമ്മെ പഠിപ്പിക്കുന്നു.
◆ 2:1—രാഷ്ട്രങ്ങൾ ഏതു “വ്യർത്ഥകാര്യ”മാണ് “പിറുപിറുത്തുകൊണ്ടിരിക്കുന്നത്”?
രാഷ്ട്രങ്ങൾ യഹോവയുടെ അഭിഷിക്തനെ സ്വീകരിക്കുന്നതിനു പകരം തങ്ങളുടെ തന്നെ അധികാരം ശാശ്വതമായി നിലനിർത്തുന്നതിനെക്കുറിച്ച് “പിറുപിറുത്തുകൊണ്ട് (അഥവാ “ധ്യാനിച്ചുകൊണ്ട്”) ഇരിക്കുന്നു. ക്രി. വ. ഒന്നാം നൂററാണ്ടിൽ റോമൻ, യഹൂദ അധികാരികൾ ഒരുമിച്ച് യഹോവയുടെ അഭിഷിക്ത രാജാവായ യേശുക്രിസ്തുവിനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ഈ വാക്കുകൾക്ക് ഒരു പ്രയുക്തതയുണ്ടായിരുന്നു. (പ്രവൃത്തികൾ 4:26-28) എന്നിരുന്നാലും, പ്രമുഖ നിവൃത്തി 1914 മുതൽ സകല രാഷ്ട്രങ്ങളും ദൈവത്തിന്റെ സിംഹാസനസ്ഥനായ രാജാവിനെ തിരസ്ക്കരിക്കയും തങ്ങളുടെ തന്നെ പരമാധികാരത്തെ ഊർജ്ജിതപ്പെടുത്താൻ പരിശ്രമിക്കയും ചെയ്തപ്പോൾ മുതലാണ്.
◆ 2:12—“പുത്രനെ ചുംബിക്ക” എന്ന കല്പന എന്തുകൊണ്ട്?
ബൈബിൾ കാലങ്ങളിൽ ചുംബനം സൗഹൃദത്തിന്റെ ഒരു പ്രകടനമായും അതിഥികളെ ഒരുവന്റെ ഭവനത്തിലെ ആതിഥേയത്തിലേക്ക് സ്വീകരിക്കുന്നതിനായും ഉപയോഗിച്ചിരുന്നു. ഈ വാക്യത്തിൽ യഹോവ തന്റെ പുത്രനെ തന്റെ അഭിഷിക്ത രാജാവെന്ന നിലയിൽ ചുംബിക്കുന്നതിന് അഥവാ സ്വീകരിക്കുന്നതിന് രാഷ്ട്രങ്ങളോടു കല്പിക്കുന്നു.—സങ്കീർത്തനം 2:2, 6-8.
◆ 9:12—യഹോവ “രക്തപാതകത്തെ നിരീക്ഷിക്കുന്നതിന്” പോകുന്നതെന്തുകൊണ്ട്?
ഒരു ന്യായാധിപൻ ന്യായവിധിക്ക് ഇരിക്കുന്നതുപോലെ യഹോവ തന്റെ നിരപരാധികളുടെ രക്തം ചീന്തുന്നതിനാൽ രക്തപാതകികളായിത്തീരുന്നവരെ അന്വേഷിക്കുന്നു. (ഉല്പത്തി 9:5, 6; ലൂക്കോസ് 11:49, 50) അവൻ കുററക്കാരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അവന്റെ ശിക്ഷകൾ വിവേചനാരഹിതമല്ല. സങ്കീർത്തനക്കാരനായ ദാവീദ് നമുക്ക് ഇപ്രകാരം ഉറപ്പു നൽകുന്നു: “അവൻ നിശ്ചയമായും പീഡിതരുടെ കരച്ചിൽ മറക്കുന്നില്ല.”—2 പത്രോസ് 2:9 താരതമ്യപ്പെടുത്തുക.
◆ 11:3—മറിഞ്ഞുവീഴുന്ന ”അടിസ്ഥാനങ്ങൾ” ഏവയാണ്?
അടിസ്ഥാനങ്ങൾ നീതി, നിയമം, ക്രമം എന്നിവയാണ്—സമൂഹം നിലനിൽക്കുന്ന അടിസ്ഥാനങ്ങൾ. നീതിസാദ്ധ്യമല്ലാതെ സാമൂഹ്യക്രമത്തിന് തകരാറു സംഭവിക്കുന്നിടത്ത് ദൈവഭയമുള്ള ആൾ എന്തു ചെയ്യണം? യഹോവയിൽ ആശ്രയിക്കുക. സംഭവിക്കുന്നതെല്ലാം കണ്ടുകൊണ്ട് അവൻ തന്റെ സ്വർഗ്ഗീയ സിംഹാസനത്തിലുണ്ട്, നാം പരാജയപ്പെടാൻ വിടുകയുമില്ല.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനം 4:5 ദൈവഭയമുള്ള ആളുകളെ “നീതിയുടെ യാഗങ്ങൾ അർപ്പിക്കാൻ” നിർബ്ബന്ധിക്കുന്നു. ദാവീദിന്റെ കാലത്ത് യിസ്രായേല്യർക്ക് യഹോവയുടെ യാഗപീഠത്തിൽ ബലികൾ അർപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവർക്ക് ശരിയായ മനോഭാവം ഉണ്ടായിരിക്കയും യഥാർത്ഥ അനുതാപം പ്രകടിപ്പിക്കയും വേണമായിരുന്നു. (യെശയ്യാവ് 1:11-17) ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയ യാഗങ്ങൾ അർപ്പിക്കുമ്പോൾ അവരും ശരിയായ മനോഭാവമുള്ളവരായിരിക്കുന്നതും യഹോവയുടെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയായി ജീവിക്കുന്നതും ആവശ്യമാണ്.—എബ്രായർ 13:4, 5, 15, 16; 1 പത്രോസ് 2:1, 5.)
അതുല്യനായ ദൈവം
സങ്കീർത്തനങ്ങൾ 15 മുതൽ 24 വരെ വായിക്കുക. സങ്കീർത്തങ്ങളുടെ ഈ ഗണത്തിൽ യഹോവയെ സ്തുതിക്കുന്ന അനേകം ആശയ പ്രകടനങ്ങളും ഉൾക്കൊള്ളുന്നു. അവൻ തന്റെ ജനത്തിന്റെ സംരക്ഷകനും (18), സ്രഷ്ടാവും നിയമദാതാവും (19), രക്ഷകനും (20), തന്റെ തിരഞ്ഞെടുക്കപ്പെട്ട രാജാവിന്റെ സംരക്ഷകനും (21), വലിയ ഇടയനും (23), മഹത്വമുള്ള രാജാവും (24) ആകുന്നു.
◆ 16:10—ഇവിടെ പ്രതിപാദിച്ചിരിക്കുന്ന “വിശ്വസ്തൻ” ആരാണ്?
തെളിവായി ചില എബ്രായ കൈയെഴുത്തു പ്രതികളിൽ “വിശ്വസ്തൻ” എന്നതിനുള്ള പദം ബഹുവചനരൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചില ബൈബിൾ പണ്ഡിതൻമാർ ഈ വാക്യം വിശ്വസ്തരായവർക്ക് പൊതുവെ ബാധകമാക്കുന്നു. എന്നിരുന്നാലും ഈ വാക്യം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തിൽ ഉദ്ധരിക്കുമ്പോൾ കേവലം ഒററ “വിശ്വസ്തനെ” സൂചിപ്പിച്ചുകൊണ്ട് ഏകവചന രൂപത്തിലാണ്. അവൻ ആരാണ്? ആദ്യ സംഗതിയിൽ സാധ്യതയനുസരിച്ച് ദാവീദു തന്നെയാണ്. എന്നാൽ പ്രവാചകപരമായി, പത്രോസും പൗലോസും ഈ വാക്യം യേശുവിനു ബാധകമാക്കുന്നു.—പ്രവൃത്തികൾ 2:25-32; 13:35-37.
◆ 21:3—“ശുദ്ധിചെയ്ത സ്വർണ്ണ കിരീടം” എന്തായിരുന്നു?
ഒരു പക്ഷെ മൽക്കാം വിഗ്രഹത്തിൽ നിന്നു നീക്കം ചെയ്തതുപോലെ അക്ഷരീയമായ ഒരു കിരീടമായിരുന്നിരിക്കാം. (2 ശമുവേൽ 12:29, 30 താരതമ്യം ചെയ്യുക) അല്ലെങ്കിൽ ഒരു പക്ഷെ, കിരീടം ദാവീദിന്റെ വിജയം അവന്റെ മഹത്തായ രാജത്വത്തിനു കൂടുതലായ അലങ്കാരം നൽകിയെന്ന വസ്തുതയുടെ ഒരു ചിഹ്നം എന്ന നിലയിൽ കേവലം ആലങ്കാരികമായിരിക്കാം. എന്നിരുന്നാലും, പ്രവചനപരമായി ഈ സങ്കീർത്തനം 1914-ൽ യഹോവ യേശുവിന് ഭരണത്തിന്റെ കിരീടം നൽകിയെന്ന് ചൂണ്ടിക്കാണിക്കുന്നു. “ശുദ്ധിചെയ്ത സ്വർണ്ണ കിരീടം” എന്നത് അവന്റെ ഭരണം ഏററവും ഉയർന്ന മേൻമയുള്ളതാണ് എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നു.
◆ 22:1—ദൈവം ദാവീദിനെ ഉപേക്ഷിച്ചോ?
ഇല്ല, എന്നാൽ ദാവീദ് തന്റെ ശത്രുക്കളുടെ തീവ്രസമ്മർദ്ദത്തിൻ കീഴിലായിരുന്നപ്പോൾ അപ്രകാരം തോന്നി. എന്നിരുന്നാലും, ദാവീദ് തന്റെ ദാരുണമായ വിഷമഘട്ടങ്ങളോടുള്ള മാനുഷ പ്രതികരണത്തിൽ വിശ്വാസക്കുറവ് പ്രതിഫലിപ്പിച്ചിരുന്നില്ല, എന്തുകൊണ്ടെന്നാൽ അവൻ വിടുതലിനുവേണ്ടി ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. (16-19 വാക്യങ്ങൾ) യേശു ദണ്ഡന സ്തംഭത്തിൽ മരിക്കുന്നതിനു മുമ്പ് ഈ സങ്കീർത്തനത്തിൽ നിന്ന് ഉദ്ധരിച്ചു എന്നത് താല്പര്യജനകമാണ്. “എന്തുകൊണ്ട്?” എന്നു ചോദിച്ചുകൊണ്ട് യേശു തന്നെ ഞെരുക്കിയ അതീവ സമ്മർദ്ദത്തെ പ്രകടിപ്പിക്കയും അതേ സമയം തന്റെ വധത്തിലേക്കു നയിച്ച വ്യാജ ആരോപണങ്ങളുടെ നിരപരാധിത്വം പ്രഖ്യാപിക്കയും ചെയ്തു.
നമുക്കുവേണ്ടിയുള്ള പാഠം: അപ്പോസ്തലനായ പൗലോസ് സങ്കീർത്തനം 22:22 ഉദ്ധരിക്കയും യേശുക്രിസ്തു തന്റെ അഭിഷിക്ത സഹോദരൻമാരുടെ ഇടയിൽ യഹോവയുടെ നാമം പ്രഘോഷിക്കുന്നതിൽ നേതൃത്വമെടുത്ത വിധം ബാധകമാക്കുകയും ചെയ്തു. (എബ്രായർ 2:11, 12) സങ്കീർത്തനം 22:27 “രാഷ്ട്രങ്ങളിലെ സകല കുടുംബങ്ങളും യഹോവയെ സ്തുതിക്കുന്നതിൽ അവന്റെ ജനത്തോടു ചേരുന്ന സമയം ചൂണ്ടിക്കാണിക്കുന്നു. ഇന്ന്, ഒരു വിപുലമായ അന്തർദ്ദേശിയ കൂട്ടം യേശുവിന്റെ സഹോദരൻമാരോടൊപ്പം ദൈവത്തെ ആരാധിക്കുന്നു. (വെളിപ്പാട് 7:9) നാം ഈ ദിവ്യമായ സംഘടിത ക്രമീകരണത്തോട് അടുത്തു നിൽക്കണം.
യഹോവയുടെ വലിയ ശക്തി
സങ്കീർത്തനങ്ങൾ 25-34 വായിക്കുക. സങ്കീർത്തനങ്ങൾ 25-ലും 26-ലും ദാവീദ് തന്റെ നിർമ്മലതയിൽ നടക്കുന്നതിനുള്ള ആഗ്രഹം പ്രഖ്യാപിക്കുന്നു. പിന്നിട് യഹോവയിലുള്ള ധൈര്യപൂർവ്വകമായ ആശ്രയത്വത്തിന്റെ വാക്കുകൾ പിൻതുടരുകയും സങ്കീർത്തനം 33-ൽ യഹോവയുടെ ശക്തിയുടെ വിപുലമായ വിവരണം നൽകുകയും ചെയ്യുന്നു.
◆ 28:8—യഹോവയുടെ “അഭിഷിക്തൻ” ആരാണ്?
ഈ വാക്യത്തിൽ, “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു” എന്നു സമാന്തരവരിയിൽ കാണുന്നതിനു ചേർച്ചയായി “അഭിഷിക്തൻ” യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. ഈ വാക്കുകൾക്ക് ഹബക്കൂക്ക് 3:13-ലേതിനോട് സമാനമായി ഒരു പ്രവചനപരമായ സൂചനയുണ്ട്. അവ അർമ്മഗെദ്ദോൻ യുദ്ധത്തിൽ യഹോവ തന്റെ അഭിഷിക്തശേഷിപ്പിനെ രക്ഷിക്കുന്നതിനെ ചൂണ്ടിക്കാണിക്കുന്നു.
◆ 29:5, 6—യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നതെങ്ങനെയാണ്?
ഈ സങ്കീർത്തനത്തിൽ യഹോവയുടെ ശക്തി, അവന്റെ ശബ്ദത്തെ ഒരു ഭയങ്കര കൊടുങ്കാററിനോടു താരതമ്യപ്പെടുത്തിക്കൊണ്ട് വ്യക്തമായ ചിത്രം വരച്ചു കാണിച്ചിരിക്കുന്നു. ആ കൊടുങ്കാററ് വടക്ക് ലബാനോനിൽനിന്ന് തെക്കു മരുപ്രദേശത്തുകൂടെ സഞ്ചരിക്കുന്നു, അത് അങ്ങനെ പോകുമളവിൽ ഭയം ഉല്പാദിപ്പിക്കുന്നു. (വാക്യം 9ബി) അതിന്റെ കാററ് ലബാനോന്റെ ദേവദാരുക്കളെ “ഒരു കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു.” അതിന്റെ മിന്നൽ ചില വൃക്ഷങ്ങളെ അടിച്ചു വീഴ്ത്തി ‘തകർക്കുകയും’ ചെയ്യുന്നു. അതുപോലെ കൊടുങ്കാററ് ‘മരുഭൂമിയിയെ നടുക്കുന്നു.’ (വാക്യം 8) മരുഭൂമിയിലെ മണൽ കഠിന ദുഃഖത്താൽ പുളയുന്നതുപോലെ ചുഴലം ചെയ്യുന്നു.
◆ 33:6—‘യഹോവയുടെ വായിലെ ആത്മാവ്” എന്താണ്?
ആത്മാവ് അഥവാ ശ്വാസം എന്നതിന് ഇവിടെ യഹോവയുടെ പരിശുദ്ധാത്മാവ് അഥവാ കർമ്മോദ്യുക്തശക്തി എന്നാണ് അർത്ഥം. നമ്മുടെ വാക്കുകളും ശ്വാസവും വായിൽ നിന്ന് ഒരേ സമയത്ത് പുറപ്പെടുന്നതുപോലെ യഹോവയുടെ വചനം അഥവാ ആജ്ഞയും അവന്റെ ശ്വാസം അഥവാ ആത്മാവുമായി സംയോജിച്ചിരിക്കുന്നു. ദൈവം സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിങ്ങനെ സ്ഥൂല സ്വർഗ്ഗങ്ങളിലെ എല്ലാ ആലങ്കാരിക സൈന്യത്തെയും സൃഷ്ടിച്ചപ്പോൾ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു.—ഉല്പത്തി 1:1, 2താരതമ്യപ്പെടുത്തുക.
നമുക്ക് വേണ്ടിയുള്ള പാഠം: സങ്കീർത്തനം 26:5-ൽ ദാവീദ് ദുഷ്ടൻമാരുടെ സഭയെ വെറുത്തു എന്നു പറഞ്ഞു. അതുപോലെ ഇന്ന് യഹോവയുടെ സാക്ഷികൾ ദുഷ്പ്രവൃത്തിക്കാരോടുള്ള സഹവാസം ഒഴിവാക്കുന്നു. (1 കൊരിന്ത്യർ 15:33) ദാവീദ് ദൈവത്തിന്റെ ഭവനത്തോട് കാണിച്ച വലിയ താല്പര്യംപോലെതന്നെ, ഈ സത്യക്രിസ്ത്യാനികൾ യഹോവയുടെ സ്ഥാപനത്തിനുള്ളിലുള്ള ഓരോരുത്തരുമായി സഹവസിക്കുന്നതിൽ സന്തുഷ്ടരാണ്.—സങ്കീർത്തനം 26:6-8; 122:1.
“യഹോവ അനുഗ്രഹിക്കപ്പെടട്ടെ”
സങ്കീർത്തനങ്ങൾ 35-41 വായിക്കുക. ഈ ഗണത്തിൽ യഹോവയെ ജീവന്റെ ഉറവ് എന്ന നിലയിൽ തിരിച്ചറിയിച്ചുകൊണ്ട് സങ്കീർത്തനം 36 ഉപദേശപാത്രങ്ങളായവർക്ക് പിന്നീടു ലഭിക്കുന്ന പ്രതിഫലത്തിന്റെ ഉറപ്പ് നമുക്കു നൽകിക്കൊണ്ട് സങ്കീർത്തനം 37 മുന്തി നിൽക്കുന്നു. യേശുക്രിസ്തുവനു ബാധകമാകുന്ന പ്രവചനപരമായ വാക്കുകൾ അടങ്ങുന്ന സങ്കീർത്തനം 40 പ്രത്യേകിച്ച് സവിശേഷമാണ്.
◆ 35:19—ദാവീദിന്റെ ശത്രുക്കൾ “കണ്ണു ചിമ്മുന്ന”തെന്തുകൊണ്ട്?
എബ്രായപാഠം അക്ഷരീയമായി അവരെ “വഞ്ചന (യിൽ) എന്റെ ശത്രുക്കൾ” എന്നു വിളിക്കുന്നു. അതായത്, അവരുടെ അശുദ്ധ പ്രേരണയിൽ നിന്ന് വിദ്വേഷം വളർന്നു വന്നു. ദാവീദ് അവരുടെ ശത്രുത സമ്പാദിക്കത്തക്കവണ്ണം ഒന്നും ചെയ്തിരുന്നില്ല, അവർക്ക് സന്തോഷത്തിനൊ അവന്റെമേൽ വിജയം വരിക്കുന്നതിനൊ ഇടവരരുതേ എന്ന് അവൻ പ്രാർത്ഥിക്കയും ചെയ്തു. (വാക്യം 19എ) പിന്നീട്, അവൻ തന്റെ ദുഷ്ട ശത്രുക്കൾക്ക് “കണ്ണു ചിമ്മുന്ന”തിനുള്ള കാരണം ഉണ്ടാകരുതേ എന്നും അപേക്ഷിച്ചു, എന്തുകൊണ്ടെന്നാൽ അത്തരം അക്ഷരീയ ചിമ്മൽ തങ്ങളുടെ ദുഷ്ടപദ്ധതികളുടെ വിജയത്തിൻമേൽ മതിമറന്നുള്ള നിഗളത്തിന് തെളിവു നൽകും. (സദൃശവാക്യങ്ങൾ 10:10; 16:29, 30) യേശു ഈ വാക്യം ഉദ്ധരിക്കയും തന്നെ ദ്വേഷിച്ചവർക്ക് ബാധകമാക്കയും ചെയ്തു.—യോഹന്നാൻ 15:24, 25.
◆ 36:3—അത്തരം ദുഷ്ടൻമാർക്ക് ഒരിക്കൽ ഉൾക്കാഴ്ചയുണ്ടായിരുന്നോ?
അത്തരം വ്യക്തിയുടെ നടത്തയിൽ ഒരു മാററമുണ്ടായി എന്നും അയാൾ മേലാൽ ഒരിക്കൽ നടിച്ചിരുന്നതുപോലെയല്ലെന്നും ആണ് വിവക്ത. ഒരുപക്ഷെ അയാൾ ഒരിക്കൽ ജ്ഞാനം പ്രകടിപ്പിക്കയും നല്ലകാര്യങ്ങൾ ചെയ്യുകയും ചെയ്തിരുന്നിരിക്കാം. എന്നാൽ അയാൾ വിശ്വാസത്യാഗിയായിത്തീർന്നുകൊണ്ട് അത് ഉപേക്ഷിച്ചുകളഞ്ഞു. ശൗൽ രാജാവ് ജ്ഞാനത്തിന്റെ വഴി ഉപേക്ഷിക്കയും ദാവീദിനോട് വിദ്വേഷം പ്രകടിപ്പിക്കയും ചെയ്ത ഒരുവനായിരുന്നു. (1 ശമുവേൽ, അദ്ധ്യായം 18) ദാവീദ് ശൗലിനെ മനസ്സിൽ വെച്ചുകൊണ്ടായിരുന്നു സങ്കീർത്തനം 36-ൽ ഈ പരാമർശം നടത്തിയത് എന്നുപോലും ചില പണ്ഡിതൻമാർ വിചാരിക്കുന്നു.
◆ 40:6—‘എന്റെ ചെവികൾ നീ തുറക്കുന്നു’ എന്ന വാക്കുകളുടെ അർത്ഥമെന്താണ്?
ഇതിന് ദാവീദിന്റെ ചെവികളെ ദൈവത്തിന്റെ നിർദ്ദേശങ്ങളോട് അനുകൂലമാക്കാൻ യഹോവ ഇടയാക്കുന്നു എന്നോ അഥവാ ദാവീദിന് ദൈവത്തിന്റെ കല്പനകൾ കേൾക്കാൻ കഴിയത്തക്കവണ്ണം യഹോവ അവന്റെ ചെവികൾ സൃഷ്ടിച്ചു എന്നോ അർത്ഥമാക്കാൻ കഴിയും. രസാവഹമായി, സെപ്ററവജിൻറിൽ ഈ വാക്കുകൾക്കു പകരം ഇപ്രകാരം ചേർത്തിരിക്കുന്നു: “നീ എനിക്ക് ഒരു ശരീരം ഒരുക്കിയിരിക്കുന്നു.” ഈ ഭാഷാന്തരത്തിന്റെ ഉറവിടം ഏതുതന്നെയായിരുന്നാലും ഇത് എബ്രായയിലെ അതേ അടിസ്ഥാന ആശയം വഹിക്കുന്നു. അതായത് ഇത് അനുസരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നു. (1 ശമുവേൽ 15:22; ഹോശേയാ 6:6 ഇവ താരതമ്യം ചെയ്യുക) പൗലോസ് ഈ വാക്യം യേശുക്രിസ്തുവിനു ബാധകമാക്കുന്നു. (എബ്രായർ 10:5-10) പൗലോസ് സെപ്ററവജിൻറ് ഭാഷാന്തരം ഉപയോഗിച്ചതിനാൽ, “നീ എനിക്ക് ഒരു ശരീരം ഒരുക്കി” എന്നത് ഇപ്പോൾ “ദൈവ നിശ്വസ്തമായ” “എല്ലാതിരുവെഴുത്തുകളുടെയും” ഒരു ഭാഗമാണ്.—2 തിമൊഥെയോസ് 3:16.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനം 37-ൽ നമ്മെപ്പോലെ ഒരു ദുഷ്ട തലമുറയുടെ മദ്ധ്യേ വസിക്കുന്നവർക്ക് അനേക പാഠങ്ങൾ അടങ്ങിയിരിക്കുന്നു. ദുഷ്പ്രവൃത്തിക്കാർ സമ്പൽ സമൃദ്ധിപ്രാപിക്കുന്നെങ്കിലും നാം അസൂയാലുക്കളാകയോ അവരെ അനുകരിക്കാൻ ശ്രമിക്കയോ ചെയ്യരുത്. പകരം, ദുഷി പറയാതെ ശാന്തമായി യഹോവയിൽ ആശ്രയിച്ചുകൊണ്ട് നമുക്കുവേണ്ടി അവൻ തന്റെ സ്വന്തസമയത്ത് നടപടിയെടുക്കുന്നതിനായി “യഹോവയുടെ മുമ്പാകെ നിശബ്ദരായി കാത്തിരിക്കണം.”—സങ്കീർത്തനം 37:5, 7.
ഉവ്വ്, സങ്കീർത്തനങ്ങൾ ധാരാളം നിശ്വസ്തവും ആശ്വാസപ്രദവുമായ വാക്കുകൾ പ്രദാനം ചെയ്യുന്നു. ആദ്യത്തെ ഈ 41 സങ്കീർത്തനങ്ങൾ, നമ്മുടെ സാഹചര്യങ്ങൾ എത്ര പ്രയാസകരമായിരുന്നാലും യഹോവ നമ്മെ കൈവിടുകയില്ല എന്ന് ആവർത്തിച്ചു കാണിച്ചിരിക്കുന്നു. നിശ്ചയമായും, നാം അവ വായിച്ചശേഷം സങ്കീർത്തനം 41-ൽ പറഞ്ഞിരിക്കുന്ന, “യിസ്രായേലിന്റെ ദൈവമായ യഹോവ അനിശ്ചിതകാലം മുതൽ അനിശ്ചിതകാലംവരെത്തന്നേ അനുഗ്രഹിക്കപ്പെടട്ടെ. ആമേൻ, ആമേൻ” എന്ന വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ പ്രേരിതരായിത്തീരും.