നിങ്ങൾ നിങ്ങളുടെ വിശ്വാസത്താൽ ലോകത്തെ കുററംവിധിക്കുന്നുവോ?
“വിശ്വാസത്താൽ നോഹ . . . തന്റെ കുടുംബത്തിന്റെ രക്ഷിക്കലിനായി ഒരു പെട്ടകം നിർമ്മിച്ചു; അവൻ തന്റെ വിശ്വാസത്താൽ ലോകത്തെ കുററം വിധിച്ചു.”—എബ്രായർ 11:7
1, 2. നോഹയുടെ ജീവിതത്തിന്റെ ഒരു പരിശോധനയിൽനിന്ന് നമുക്കെന്തു പഠിക്കാൻ കഴിയും?
യഹോവ നോഹക്കും അവന്റെ കുടുംബത്തിനും—വെറും എട്ടുപേർക്ക്—പ്രളയത്തെ അതിജീവിക്കാനുള്ള മനുഷ്യർ എന്ന പദവി അനുവദിച്ചു. നോഹയുടെ സമകാലീനരിൽ ശേഷിച്ച സകലരുടെയും ജീവിതങ്ങൾ ദൈവം അവരെ ഒരു ജലാശയശവക്കുഴിയിലേക്ക് വാരിക്കൂട്ടിയിട്ടപ്പോൾ വെട്ടിച്ചുരുക്കപ്പെട്ടു. അതുകൊണ്ട് നോഹ നമ്മുടെ പൊതു പൂർവികനായതിനാൽ അവൻ പ്രകടമാക്കിയ വിശ്വാസത്തിന് നാം വളരെ നന്ദിയുള്ളവരായിരിക്കണം.
2 നോഹയുടെ ജീവിതത്തെ പരിശോധിക്കുന്നതിൽനിന്ന് നമുക്ക് വളരെയധികം പഠിക്കാൻ കഴിയും. ദൈവം നോഹയുടെ തലമുറയിലെ ജനങ്ങളെ നശിപ്പിച്ചപ്പോൾ അവൻ നോഹക്ക് രക്ഷ കൊടുത്തനുഗ്രഹിച്ചതെന്തുകൊണ്ടെന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. ഇതേ ദിവ്യരേഖ നമ്മുടെ തലമുറ ദൈവത്താലുള്ള സമാനമായ ഒരു ന്യായവിധിയെ അഭിമുഖീകരിക്കുന്നുവെന്ന് വ്യക്തമായി പ്രകടമാക്കുന്നു. ഇതിനെ സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ലോകാരംഭംമുതൽ ഇപ്പോൾവരെയും സംഭവിച്ചിട്ടില്ലാത്തതും, ഇല്ല, വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം ഉണ്ടായിരിക്കും.” (മത്തായി 24:21) നോഹയുടെ വിശ്വാസത്തെ അനുകരിക്കുന്നതിനാൽ, നമുക്ക് ഇപ്പോഴത്തെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ ആസന്നമായിരിക്കുന്ന നാശത്തെ അതിജീവിക്കാനുള്ള ഉറപ്പുള്ള പ്രത്യാശയുണ്ടായിരിക്കാൻ കഴിയും.—റോമർ 15:4; എബ്രായർ 13:7 താരതമ്യപ്പെടുത്തുക.
3. യഹോവ പ്രളയം വരുത്തിയതെന്തുകൊണ്ട്?
3 ആദാമിന്റെ സൃഷ്ടിമുതൽ പ്രളയംവരെയുള്ള 1,656 വർഷങ്ങളിൽ നൻമചെയ്യുന്നതിനുള്ള ചായ്വ് വളരെ കുറച്ചാളുകൾക്കേ ഉണ്ടായിരുന്നുള്ളു. ധാർമ്മികത അത്യന്തം അധമമായ ഒരു നിലയിലേക്ക് താണു. “മമനുഷ്യന്റെ വഷളത്വം ഭൂമിയിൽ ധാരാളമാണെന്നും അവന്റെ ഹൃദയചിന്തകളുടെ ഓരോ ചായ്വും എല്ലാ സമയത്തും മോശംമാത്രമാണെന്നും യഹോവ കണ്ടു.” (ഉല്പത്തി 6:5) അക്രമവും ഉല്ലാസാന്വേഷണവും, സ്ത്രീകളെ വിവാഹംചെയ്യുകയും രാക്ഷസ സന്തതികളെ ഉല്പാദിപ്പിക്കുകയും ചെയ്ത ജഡംധരിച്ച ദൂതൻമാരുടെ സാന്നിദ്ധ്യവും, പുരാതന മനുഷ്യവർഗ്ഗലോകത്തിൻമേൽ ദൈവത്തിന്റെ ന്യായവിധി നടപ്പിലാക്കുന്നതിലേക്കു നയിച്ച ഘടകങ്ങളിൽപെട്ടവയായിരുന്നു. നോഹയോട് യഹോവ ഇങ്ങനെ പറഞ്ഞു: “സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പാകെ വന്നിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ നിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു.” “സർവഭൂമിയുടെയും ന്യായാധിപതി”യായ സ്രഷ്ടാവിന്റെ ക്ഷമ അററുപോയിരുന്നു.—ഉല്പത്തി 6:13; 18:25.
നോഹ ദൈവത്തോടുകൂടെ നടന്നു
4. (എ) യഹോവ നോഹയെ എങ്ങനെ വീക്ഷിച്ചു, എന്തുകൊണ്ട്? (ബി) ദൈവത്തിന്റെ നീതി ആ ദുഷ്ടലോകത്തിന്റെ നാശം ആവശ്യപ്പെട്ടുവെന്നിരിക്കെ, നോഹയോടും അവന്റെ കുടുംബത്തോടുമുള്ള അവന്റെ സ്നേഹം എങ്ങനെ പ്രകടമായി?
4 നോഹ തന്റെ നാളിലെ ആളുകളിൽനിന്ന് എത്ര വ്യത്യസ്തനായിരുന്നു! അവൻ “യഹോവയുടെ ദൃഷ്ടികളിൽ പ്രീതി കണ്ടെത്തി. . . . നോഹ നീതിമാനായ ഒരു മനുഷ്യൻ ആയിരുന്നു. അവൻ തന്റെ സമകാലീനൻമാരുടെ ഇടയിൽ സ്വയം നിഷ്ക്കളങ്കനെന്നു തെളിയിച്ചു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.” (ഉല്പത്തി 6:8, 9) നോഹ എങ്ങനെയാണ് ദൈവത്തോടുകൂടെ നടന്നത്? നീതിയുടെ ഒരു വക്താവെന്ന നിലയിൽ പ്രസംഗിക്കുന്നതുപോലെയും വിശ്വാസത്തിലും അനുസരണത്തിലും പെട്ടകംപണിയുന്നതുപോലെയുമുള്ള ശരിയായ കാര്യങ്ങൾ ചെയ്തുകൊണ്ട്. അങ്ങനെ ആ പുരാതന ലോകം തികച്ചും ദുഷിച്ചതായിരുന്നതുകൊണ്ട് അതു നശിപ്പിക്കപ്പെട്ടെങ്കിലും, ദൈവം “ഭക്തികെട്ട ആളുകളുടെ ഒരു ലോകത്തിൻമേൽ ഒരു പ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗകനായിരുന്ന നോഹയെ വേറെ ഏഴുപേരോടുകൂടെ സുരക്ഷിതമായി കാത്തു.” (2 പത്രോസ് 2:5) അതെ, നമ്മുടെ സ്നേഹവാനും നീതിമാനുമായ ദൈവമായ യഹോവ നീതിമാൻമാരെ ദുഷ്ടരോടുകൂടെ നശിപ്പിച്ചില്ല. നോഹയുടെതന്നെയും അവന്റെ കുടുംബത്തിന്റെയും നിരവധി മൃഗങ്ങളുടെയും രക്ഷക്കായി ഒരു വലിയ പെട്ടകം പണിയാൻ അവനോട് യഹോവ നിർദ്ദേശിച്ചു, പ്രളയത്തിനുശേഷം ഭൂമിയിൽ വീണ്ടും അധിവസിപ്പിക്കാൻതന്നെ. നോഹ “അങ്ങനെതന്നെ ചെയ്തു.”—ഉല്പത്തി 6:22.
5. തിരുവെഴുത്തുകൾ നോഹയുടെ നീതിയെയും വിശ്വാസത്തെയും വർണ്ണിക്കുന്നതെങ്ങനെ?
5 പെട്ടകംപണി പൂർത്തിയായപ്പോൾ ദൈവം നോഹയോടു പറഞ്ഞു: “നീയും നിന്റെ മുഴു കുടുംബവും പെട്ടകത്തിലേക്കു പോകുക, എന്തുകൊണ്ടെന്നാൽ ഈ തലമുറയുടെ ഇടയിൽ ഞാൻ നീതിമാനായി കണ്ടിരിക്കുന്ന ഏകൻ നീയാണ്.” പൗലോസ് കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു: “അതുവരെ കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യമുന്നറിയിപ്പു ലഭിച്ചശേഷം, വിശ്വാസത്താൽ നോഹ ദൈവികഭയം പ്രകടമാക്കുകയും തന്റെ കുടുംബത്തിന്റെ രക്ഷിക്കലിനായി ഒരു പെട്ടകം നിർമ്മിക്കുകയുംചെയ്തു; അവൻ തന്റെ വിശ്വാസത്താൽ ലോകത്തെ കുററംവിധിച്ചു, അവൻ വിശ്വാസപ്രകാരമുള്ള നീതിയുടെ ഒരു അവകാശിയായിത്തീർന്നു.”—ഉല്പത്തി 7:1; എബ്രായർ 11:7.
6. നോഹ തന്റെ നാളിലെ ലോകത്തെ തന്റെ വിശ്വാസത്താൽ കുററം വിധിച്ചതെങ്ങനെ?
6 നോഹക്ക് മുന്തിയ വിശ്വാസമുണ്ടായിരുന്നു. ആ തലമുറയെ തുടച്ചുനീക്കുന്നതിനെക്കുറിച്ച് ദൈവം പറഞ്ഞത് അവൻ വിശ്വസിച്ചു. നോഹക്ക് യഹോവയെ അപ്രീതിപ്പെടുത്തുന്നതിൽ ആരോഗ്യാവഹമായ ഒരു ഭയമുണ്ടായിരുന്നു. അവൻ ദൈവദത്തമായ ആജ്ഞകൾക്കനുസൃതമായി അനുസരണപൂർവം പെട്ടകം പണിതു. മാത്രവുമല്ല, ഒരു നീതിപ്രസംഗകനെന്ന നിലയിൽ നോഹ വരാനിരുന്ന നാശത്തെക്കുറിച്ച് മററുള്ളവരോടു പറഞ്ഞു. അവർ അവന്റെ വാക്ക് ശ്രദ്ധിച്ചില്ലെങ്കിലും ആ ദുഷ്ടലോകം ‘അതിന്റെ മൂശയിലേക്ക് അവനെ ഞെക്കിക്കടത്താൻ’ അനുവദിക്കുന്നതിന് അവൻ വിസമ്മതിച്ചു. (റോമർ 12:2, ഫിലിപ്സ്) പകരം, നോഹ തന്റെ വിശ്വാസത്താൽ ലോകത്തിന്റെ ദുഷ്ടത നിമിത്തം അതിനെ കുററം വിധിക്കുകയും അതു നാശമർഹിച്ചതായി പ്രകടമാക്കുകയുംചെയ്തു. അവനും അവന്റെ കുടുംബത്തിനും പുറമേ മററുള്ളവർക്കും തങ്ങളുടെ ജീവിതരീതിക്കു മാററം വരുത്താൻ മനസ്സുണ്ടായിരുന്നെങ്കിൽ അതിജീവിക്കാൻ കഴിയുമായിരുന്നുവെന്ന് അവന്റെ അനുസരണവും നീതിപ്രവൃത്തികളും പ്രകടമാക്കി. തീർച്ചയായും, തന്റെ സ്വന്തം അപൂർണ്ണ ജഡത്തിന്റെയും തന്റെ ചുററുമുണ്ടായിരുന്ന ദുഷ്ട ലോകത്തിന്റെയും പിശാചിന്റെയും സമ്മർദ്ദങ്ങളുണ്ടായിരുന്നിട്ടും ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുക സാദ്ധ്യമാണെന്ന് നോഹ തെളിയിച്ചു.
ദൈവം ഈ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ കാരണം
7. നാം അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന് നാം എങ്ങനെ അറിയുന്നു?
7 ഈ ഇരുപതാം നൂററാണ്ടിന്റെ ഓരോ ദശാബ്ദവും ലോകം ദുഷ്ടതയിലേക്ക് അധികം ആഴത്തിൽ താഴുന്നത് കണ്ടിരിക്കുന്നു. വിശേഷാൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കംമുതൽ ഇത് സത്യമായിരുന്നിട്ടുണ്ട്. മനുഷ്യവർഗ്ഗം ലൈംഗികദുർമ്മാർഗ്ഗം, കുററകൃത്യം, അക്രമം, യുദ്ധം, വിദ്വേഷം, അത്യാഗ്രഹം, രക്തത്തിന്റെ ദുരുപയോഗം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വളരെയധികം ആണ്ടുപോയിരിക്കുന്നതിനാൽ നീതിയെ സ്നേഹിക്കുന്നവർ അവസ്ഥകൾക്ക് ഇതിലും വഷളാകാൻകഴിയുമോയെന്ന് സംശയിച്ചിരിക്കുന്നു. എന്നിരുന്നാലും, അങ്ങേയററം ദുഷ്ടത നിറഞ്ഞ നമ്മുടെ തലമുറയിലെ വികാസത്തെ, നാം “അന്ത്യനാളുകളിൽ” ആണെന്നുള്ളതിന് കൂടുതലായ തെളിവു നൽകിക്കൊണ്ട് ബൈബിൾ മുൻകൂട്ടിപ്പറയുകയുണ്ടായി.—2 തിമൊഥെയോസ് 3:1-5; മത്തായി 24:34.
8. പാപത്തെക്കുറിച്ചുള്ള ബോധത്തെസംബന്ധിച്ച് ചിലർ എന്തു പറഞ്ഞിരിക്കുന്നു?
8 ഇന്ന്, ബഹുഭൂരിപക്ഷത്തിന്റെയും മനസ്സുകളിൽ പാപമെന്ന ആശയം ഉദാസീനമാക്കപ്പെട്ടിരിക്കുകയാണ്. 40-ൽപരം വർഷം മുമ്പ് പയസ് XII-ാമൻ പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു: “ഈ നൂററാണ്ടിന്റെ പാപം പാപത്തിന്റെ സകല ബോധവും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്.” ഇപ്പോഴത്തെ തലമുറ പാപവും കുററവും ഉണ്ടെന്ന് സമ്മതിക്കാൻ വിസമ്മതിക്കുന്നു. പാപത്തിന് എന്തുതന്നെ സംഭവിച്ചു? എന്ന തന്റെ പുസ്തകത്തിൽ ഡോ. കാൾ മെനിൻജർ ഇങ്ങനെ പ്രസ്താവിച്ചു: “‘പാപം’ എന്ന പദംതന്നെ . . . മിക്കവാറും ആ ആശയം സഹിതം അപ്രത്യക്ഷമായിരിക്കുന്നു. എന്തുകൊണ്ട്? മേലാൽ ആരും പാപംചെയ്യുന്നില്ലേ?” തെററിൽനിന്ന് ശരി തിരിച്ചറിയാനുള്ള പ്രാപ്തി അനേകർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ നമുക്കിതിൽ അതിശയമില്ല, എന്തുകൊണ്ടെന്നാൽ യേശു “അന്ത്യകാല”ത്തിലെ ‘തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളം’ ചർച്ചചെയ്തപ്പോൾ അങ്ങനെയുള്ള വികാസങ്ങളെ മുൻകൂട്ടിപ്പറയുകയുണ്ടായി.—മത്തായി 24:3; ദാനിയേൽ 12:4.
ന്യായവിധിയുടെ മാതൃക നോഹയുടെ നാളിൽ വെക്കപ്പെട്ടു
9. യേശു നോഹയുടെ നാളിനെ തന്റെ സാന്നിദ്ധ്യകാലത്ത് സംഭവിക്കുന്നതുമായി താരതമ്യപ്പെടുത്തിയതെങ്ങനെ?
9 യേശു നോഹയുടെ നാളിലെ സംഭവങ്ങളും 1914-ൽ തുടങ്ങിയ രാജ്യാധികാരത്തിലുള്ള തന്റെ സാന്നിദ്ധ്യകാലത്ത് സംഭവിക്കുന്നവയും തമ്മിലുള്ള സമാന്തരത്വം വരച്ചുകാട്ടി. അവൻ ഇങ്ങനെ പറഞ്ഞു: “നോഹയുടെ നാളുകൾ എങ്ങനെയായിരുന്നോ അങ്ങനെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ [യേശു] സാന്നിദ്ധ്യം. എന്തെന്നാൽ പ്രളയത്തിനു മുമ്പത്തെ ആ നാളുകളിൽ, നോഹ പെട്ടകത്തിൽ പ്രവേശിച്ച നാൾവരെ, അവർ തിന്നുകയും കുടിക്കുകയും പുരുഷൻമാർ വിവാഹംചെയ്യുകയും സ്ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയും ചെയ്തകൊണ്ടിരുന്നു; പ്രളയംവരുകയും അവരെയെല്ലാം അടിച്ചൊഴുക്കിക്കൊണ്ടുപോകുകയും ചെയ്തതുവരെ അവർ ഗൗനിക്കാതിരുന്നതുപോലെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യം ആയിരിക്കും.”—മത്തായി 24:37-39.
10. പൊതുജനങ്ങൾ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തോടു ബന്ധപ്പെട്ട സുപ്രധാന സംഭവങ്ങളെ എങ്ങനെ ഗൗനിക്കാതിരിക്കുന്നു?
10 അതെ, നോഹയുടെ നാളിലെപ്പോലെ, ആളുകൾ ഇന്ന് ഗൗനിക്കുന്നില്ല. അനുദിന ജീവിതത്തിലും സ്വാർത്ഥ വ്യാപാരങ്ങളിലും വളരെ തിരക്കുള്ളവരായിരിക്കുന്നതിനാൽ, ഇപ്പോഴത്തെ അവസ്ഥകൾ കഴിഞ്ഞകാലത്തേതിൽനിന്ന് ഗണ്യമായി വ്യത്യസ്തമാണെന്നും അന്ത്യകാലത്തെ അടയാളപ്പെടുത്തുമെന്ന് യേശു പറഞ്ഞതിനോട് കൃത്യമായി യോജിക്കുന്നുവെന്നും അംഗീകരിക്കാൻ അവർ വിസമ്മതിക്കുന്നു. സ്വർഗ്ഗത്തിലെ മശിഹൈകരാജാവായുള്ള യേശുവിന്റെ സാന്നിദ്ധ്യം 1914-ൽ തുടങ്ങിയെന്നും “വ്യവസ്ഥിതിയുടെ സമാപന”ത്തിന് സമാന്തരമായി പോകുന്നുവെന്നും യഹോവയുടെ സാക്ഷികൾ വർഷങ്ങളായി ആധുനിക തലമുറയോട് പറഞ്ഞുകൊണ്ടാണിരിക്കുന്നത്. (മത്തായി 24:3) മിക്കയാളുകളും രാജ്യദൂതിനെ പരിഹസിക്കുകയാണ്, എന്നാൽ അപ്പോസ്തലനായ പത്രോസ് പിൻവരുന്നപ്രകാരം എഴുതിയപ്പോൾ ഇതുപോലും മുൻകൂട്ടിപ്പറഞ്ഞിരുന്നു: “അന്ത്യനാളുകളിൽ തങ്ങളുടെ സ്വന്തമോഹങ്ങൾക്കനുസൃതമായി നീങ്ങുകയും ‘അവന്റെ ഈ വാഗ്ദത്തസാന്നിദ്ധ്യം എവിടെ? എന്തിന്, നമ്മുടെ പൂർവപിതാക്കൾ മരണത്തിൽ നിദ്രപ്രാപിച്ച നാൾമുതൽ സകല കാര്യങ്ങളും സൃഷ്ടിയുടെ തുടക്കത്തിലേതുപോലെതന്നെ കൃത്യമായി തുടരുകയാണ്’ എന്ന് പറയുകയും ചെയ്തുകൊണ്ട് പരിഹാസികൾ തങ്ങളുടെ പരിഹാസത്തോടെ വരുമെന്ന് ആദ്യംതന്നെ അറിയുക.”—2 പത്രോസ് 3:3, 4.
11. മഹോപദ്രവം വന്നെത്തുമ്പോൾ ഇന്നത്തെ തലമുറക്ക് ഒഴികഴിവുണ്ടായിരിക്കുകയില്ലാത്തതെന്തുകൊണ്ട്?
11 എന്നിരുന്നാലും ഇന്നത്തെ തലമുറക്ക് മഹോപദ്രവം വന്നെത്തുമ്പോൾ ഒഴികഴിവുണ്ടായിരിക്കയില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നമ്മുടെ നാളിൽ ദൈവം ചെയ്യാനിരിക്കുന്നതിന്റെ ഒരു മാതൃകവെക്കുന്ന പുരാതനകാലത്തെ ദിവ്യ ന്യായവിധികളുടെ ബൈബിൾവിവരണങ്ങൾ ഉണ്ട്. (യൂദാ 5-7) നമ്മുടെ കണ്ണുകൾക്കു മുമ്പിൽത്തന്നെ നിവൃത്തിയായിക്കൊണ്ടിരിക്കുന്ന ബൈബിൾപ്രവചനം കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണ് എന്ന് അസന്ദിഗ്ദ്ധമായി പ്രകടമാക്കുന്നു. ഈ തലമുറക്ക് അതിന്റെ മുമ്പാകെ യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനവും നോഹയുടേതുപോലെയുള്ള അവരുടെ നിർമ്മലതാപാലനത്തിന്റെ രേഖയുമുണ്ട്.
12. ചുരുക്കത്തിൽ, പത്രോസ് നോഹയുടെ നാളിലെ ലോകത്തിന്റെ നാശത്തെ “ഇപ്പോഴുള്ള ആകാശങ്ങളുടെയും ഭൂമിയുടെയുംമേൽ” വരാനിരിക്കുന്ന നാശത്തോടു താരതമ്യപ്പെടുത്തുന്നതെങ്ങനെ?
12 ഈ വസ്തുതകൾ ഗൗനിക്കാതിരിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്ന് പത്രോസ് വിശദീകരിക്കുന്നു. യേശുവിനെപ്പോലെ നോഹയുടെ നാളിൽ സംഭവിച്ചതിനെ പരാമർശിച്ചുകൊണ്ടാണ് അപ്പോസ്തലൻ അങ്ങനെ ചെയ്യുന്നത്, ഇങ്ങനെ പറഞ്ഞുകൊണ്ട്: “പണ്ടു മുതലുള്ള ആകാശങ്ങളും ദൈവവചനത്താൽ വെള്ളത്തിൽനിന്നും വെള്ളത്തിൻമദ്ധ്യേയും ദൃഢമായി നിൽക്കുന്ന ഒരു ഭൂമിയും ഉണ്ടായിരുന്നുവെന്നും ആ മുഖാന്തരങ്ങളാൽ ആ കാലത്തെ ലോകം അത് ജലപ്രളയത്തിൽ ആഴ്ത്തപ്പെട്ടപ്പോൾ നാശമനുഭവിച്ചുവെന്നുമുള്ള ഈ വസ്തുത അവരുടെ ആഗ്രഹപ്രകാരം അവരുടെ ശ്രദ്ധയിൽപെടാതിരിക്കുന്നു. എന്നാൽ അതേ വചനത്താൽ ഇപ്പോഴുള്ള ആകാശങ്ങളും ഭൂമിയും തീക്കായി കരുതിവെക്കപ്പെടുകയും ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്ക് നീക്കിവെക്കപ്പെടുകയുമാണ്.”—2 പത്രോസ് 3:5-7.
13. ഭാവിയിലെ സുപ്രധാന സംഭവങ്ങളുടെ വീക്ഷണത്തിൽ, പത്രോസിൽനിന്നുള്ള എന്തു ബുദ്ധിയുപദേശത്തിന് ചെവികൊടുക്കണം?
13 നമ്മുടെ മുഖത്ത് ദൈവത്തിന്റെ ഈ സുനിശ്ചിത ന്യായവിധി തുറിച്ചുനോക്കുമ്പോൾ നമുക്ക് പരിഹാസികളാൽ വഞ്ചിക്കപ്പെടുകയോ ഭയപ്പെടുത്തപ്പെടുകയോ ചെയ്യാതിരിക്കാം. നാം അവരുടെ ഭാഗധേയത്തിൽ പങ്കുപറേറണ്ടതില്ല. പത്രോസ് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഇവയെല്ലാം ഇങ്ങനെ വിലയിക്കാനിരിക്കുന്നതിനാൽ, തീ പിടിച്ചിരിക്കുന്ന ആകാശങ്ങൾ വിലയിക്കുകയും മൂലകങ്ങൾ ഉഗ്രമായി ചൂടായി ഉരുകുകയുംചെയ്യുന്ന യഹോവയുടെ ദിവസത്തിന്റെ സാന്നിദ്ധ്യത്തിനായി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചുനിർത്തിയുംകൊണ്ട് നിങ്ങൾ നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്തിയുടെ പ്രവൃത്തികളിലും ഏതുതരം ആളുകളായിരിക്കേണ്ടതാണ്! എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന, പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്, ഇവയിൽ നീതി വസിക്കേണ്ടതാണ്.”—2 പത്രോസ് 3:11-13.
അതിജീവനത്തിനായി നോഹയുടെ വിശ്വാസത്തെ അനുകരിക്കുക
14. ഏതു ചോദ്യങ്ങൾക്ക് നമ്മേത്തന്നെ വിശകലനംചെയ്യുന്നതിന് നമ്മെ സഹായിക്കാൻ കഴിയും?
14 ഇന്ന്, അതിജീവനത്തിനായുള്ള സ്ഥാനാർത്ഥികളായിത്തീരുകയും നിലനിൽക്കുകയുംചെയ്യുന്നതിൽ നാം നോഹയെയും അവന്റെ കുടുംബത്തെയും അഭിമുഖീകരിച്ച അതേ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. നോഹയെപ്പോലെ യഹോവയുടെ സാക്ഷികൾ സൽപ്രവൃത്തികളാൽ പിന്താങ്ങപ്പെടുന്ന തങ്ങളുടെ വിശ്വാസത്താൽ ലോകത്തെ കുററംവിധിക്കുകയാണ്. എന്നാൽ നമുക്കോരോരുത്തർക്കും തന്നോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഞാൻ വ്യക്തിപരമായി എങ്ങനെ ചെയ്യുന്നു? മഹോപദ്രവം നാളെ വരുകയാണെങ്കിൽ ദൈവം എന്നെ അതിജീവനത്തിന് യോഗ്യനായി വിധിക്കുമോ? “തന്റെ സമകാലീനരുടെ ഇടയിൽ സ്വയം നിഷ്ക്കളങ്കനെന്നു തെളിയിച്ച” നോഹയെപ്പോലെ, ലോകത്തിൽനിന്ന് വ്യത്യസ്തനായിരിക്കാനുള്ള ധൈര്യം എനിക്കുണ്ടോ? അതോ ഞാൻ പ്രവർത്തിക്കുകയും സംസാരിക്കുകയും വസ്ത്രംധരിക്കുകയുംചെയ്യുന്ന വിധത്താൽ ഞാനും ഒരു ലൗകികമനുഷ്യനും തമ്മിലുള്ള വ്യത്യാസം പറയുക ചിലപ്പോൾ പ്രയാസമാണോ?’ (ഉല്പത്തി 6:9) യേശു തന്റെ ശിഷ്യൻമാരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 17:16; 1 യോഹന്നാൻ 4:4-6 താരതമ്യപ്പെടുത്തുക.
15. (എ) 1 പത്രോസ് 4:3, 4 അനുസരിച്ച് നമ്മുടെ മുൻ ലൗകികചിന്തയെയും നടത്തയെയും നാം എങ്ങനെ വീക്ഷിക്കണം? (ബി) നാം മുൻ ലൗകിക സുഹൃത്തുക്കളാൽ വിമർശിക്കപ്പെടുകയാണെങ്കിൽ നാം എന്തു ചെയ്യണം?
15 പത്രോസ് ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ അഴിഞ്ഞ നടത്തയുടെ പ്രവൃത്തികളിലും കാമാർത്തികളിലും വീഞ്ഞിന്റെ അമിതത്വങ്ങളിലും ആഹ്ലാദത്തിമിർപ്പുകളിലും കുടിമത്സരങ്ങളിലും നിയമവിരുദ്ധ വിഗ്രഹാരാധനകളിലും മുന്നോട്ടുപോയി ജനതകളുടെ ഇഷ്ടംചെയ്തിരിക്കുന്നതിന് കഴിഞ്ഞുപോയ കാലം മതി. നിങ്ങൾ ഈ ഗതിയിൽ വഷളത്വത്തിന്റെ ഇതേ അധമനിലയിൽ അവരോടൊത്ത് തുടർന്ന് വിഹരിക്കാത്തതുകൊണ്ട് അവർ അന്ധാളിക്കുകയും നിങ്ങളേക്കുറിച്ചു ദുഷിച്ചുസംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.” (1 പത്രോസ് 4:3, 4) നിങ്ങൾ ദൈവത്തോടുകൂടെ നടക്കുന്നതുകൊണ്ടും മേലാൽ അവരോടുകൂടെ വിഹരിക്കാത്തതുകൊണ്ടും നിങ്ങളുടെ മുൻ ലൗകികസുഹൃത്തുക്കൾ നിങ്ങളെക്കുറിച്ച് ദുഷിച്ചുസംസാരിച്ചേക്കാം. എന്നാൽ നോഹയെപ്പോലെ നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്താലും വിനയത്തോടെ നിർവഹിക്കുന്ന സൽപ്രവൃത്തികളാലും അവരെ കുററം വിധിക്കാൻ കഴിയും.—മീഖാ 6:8.
16. ദൈവം നോഹയെ എങ്ങനെ വീക്ഷിച്ചു, ഏതു ചോദ്യങ്ങൾ നമ്മുടെ ചിന്തകളെയും നടത്തയെയും പരിശോധിക്കുന്നതിന് നമ്മെ സഹായിച്ചേക്കാം?
16 നോഹ ഒരു നീതിമാനായ മനുഷ്യനാണെന്ന് ദൈവം പരിഗണിച്ചു. വിശ്വസ്തനായ ആ ഗോത്രപിതാവ് “യഹോവയുടെ ദൃഷ്ടികളിൽ പ്രീതി കണ്ടെത്തി.” (ഉല്പത്തി 6:8) നിങ്ങൾ ദൈവത്തിന്റെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ നിങ്ങളുടെ ചിന്തകളെയും നടത്തയെയും പരിശോധിക്കുമ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനെയും നിങ്ങൾ പോകുന്ന എല്ലാ സ്ഥലങ്ങളെയും ദൈവം അംഗീകരിക്കുന്നുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? നിങ്ങൾ ചിലപ്പോൾ ഇപ്പോൾ വളരെ പ്രബലപ്പെട്ടിരിക്കുന്ന അധഃപതിച്ച വിനോദത്തിൽ ഇടപെടുന്നുവോ? നാം നിർമ്മലവും ആരോഗ്യാവഹവും പരിപുഷ്ടിപ്പെടുത്തുന്നതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ദൈവവചനം പറയുന്നു. (ഫിലിപ്പിയർ 4:8) നിങ്ങൾ ‘ശരിയും തെററും തമ്മിൽ തിരിച്ചറിയാൻ നിങ്ങളുടെ ഗ്രഹണശക്തികളെ പരിശീലിപ്പിക്ക’ത്തക്കവണ്ണം ദൈവവചനം ഉത്സാഹപൂർവം പഠിക്കുന്നുണ്ടോ? (എബ്രായർ 5:14) നിങ്ങൾ ചീത്ത കൂട്ടുകാരെ ത്യജിക്കുകയും ക്രിസ്തീയയോഗങ്ങളിലും മററു സന്ദർഭങ്ങളിലും യഹോവയുടെ സഹാരാധകരുമായുള്ള സഹവാസത്തെ വിലമതിക്കുകയുംചെയ്യുന്നുവോ?—1 കൊരിന്ത്യർ 15:33; എബ്രായർ 10:24, 25; യാക്കോബ് 4:4.
17. യഹോവയുടെ സാക്ഷികളെന്ന നിലയിൽ, നമുക്ക് നോഹയെപ്പോലെയായിരിക്കാൻ കഴിയുന്നതെങ്ങനെ?
17 പെട്ടകത്തിന്റെ പൂർത്തീകരണത്തെക്കുറിച്ച് റിപ്പോർട്ടുചെയ്തശേഷം തിരുവെഴുത്തുകൾ പറയുന്നു: “നോഹ ദൈവം തന്നോടു കല്പിച്ചിരുന്നതുപോലെതന്നെ ചെയ്യാൻ തുടങ്ങി. അവൻ അങ്ങനെതന്നെ ചെയ്തു.” (ഉല്പത്തി 6:22) ദൈവഭക്തിയുണ്ടായിരുന്ന ആ മനുഷ്യൻ യഹോവയുടെ ഒരു സാക്ഷിയെന്ന നിലയിൽ പ്രസംഗിക്കുന്നതിലും ഉത്സുകനായിരുന്നു. നോഹയെപ്പോലെ നിങ്ങൾക്കും നീതിയുടെ ഒരു നിരന്തരപ്രസംഗകനെന്ന നിലയിൽ ശരിയായതിന്റെ ഒരു ഉറച്ച വക്താവായിരിക്കാൻ കഴിയും. അധികംപേർ ശ്രദ്ധിക്കുന്നില്ലെങ്കിലും ഈ ദുഷ്ടലോകത്തിന്റെ അവസാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് മുഴക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുക. അവസാനത്തിനു മുമ്പ് ശിഷ്യരാക്കൽവേല ചെയ്തുതീർക്കുന്നതിന് സഹവിശ്വാസികളുമായി ഒററക്കെട്ടായി പ്രവർത്തിക്കുക.—മത്തായി 28:19, 20.
18. ഏതടിസ്ഥാനത്തിലാണ് യഹോവ ആർ മഹോപദ്രവത്തെ അതിജീവിക്കണമെന്ന് തീരുമാനിക്കുന്നത്?
18 നോഹയുടെ നാളിൽ ചെയ്തതുപോലെ ദൈവം നീതിനിഷ്ഠവും ന്യായവുമായ പ്രമാണങ്ങൾ ബാധകമാക്കിക്കൊണ്ട് മഹോപദ്രവത്തെ ആർ അതിജീവിക്കണമെന്നും അതിൽ ആർ നശിക്കണമെന്നും ഇപ്പോൾ തീരുമാനിക്കുകയാണ്. ഇപ്പോഴത്തെ വേർതിരിക്കൽവേലയെ യേശു ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതിനോട് ഉപമിച്ചു. (മത്തായി 25:31-46) തങ്ങളുടെ ജീവിതത്തെ സ്വാർത്ഥമോഹങ്ങളിലും യത്നങ്ങളിലും കേന്ദ്രീകരിക്കുന്ന ആളുകൾ പഴയലോകം അവസാനിക്കാനാഗ്രഹിക്കുന്നില്ല, അവർ അതിജീവിക്കുകയില്ല. എന്നാൽ ഈ ലോകത്തിന്റെ മാലിന്യത്തിൽ ഉൾപ്പെടുന്നതിനെ ഒഴിവാക്കുകയും ദൈവത്തിൽ ശക്തമായ വിശ്വാസം നിലനിർത്തുകയും രാജ്യസന്ദേശം തുടർന്നു പ്രസംഗിച്ചുകൊണ്ടിരിക്കുകയും യഹോവയുടെ വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് മുഴക്കുകയും ചെയ്യുന്നവർ അതിജീവകർ എന്ന നിലയിൽ ദിവ്യപ്രീതി ആസ്വദിക്കും. യേശു പറഞ്ഞു: “അന്ന് രണ്ടു മനുഷ്യർ വയലിൽ ആയിരിക്കും: ഒരുവൻ എടുക്കപ്പെടും, മററവൻ ഉപേക്ഷിക്കപ്പെടും; രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും: ഒരാൾ എടുക്കപ്പെടും, മറേറയാൾ ഉപേക്ഷിക്കപ്പെടും.”—മത്തായി 24:40, 41; 2 തെസ്സലോനീക്യർ 1:6-9; വെളിപ്പാട് 22:12-15.
നോഹയോടുകൂടെ അനുഗ്രഹങ്ങൾ അവകാശപ്പെടുത്തുക
19. യെശയ്യാവും മീഖായും അന്ത്യനാളുകളിലേക്ക് ഏത് കൂട്ടിച്ചേർക്കൽ മുൻകൂട്ടിപ്പറഞ്ഞു?
19 സമാന്തരപ്രവചനങ്ങളിൽ, ദൈവത്തിന്റെ പ്രവാചകൻമാരായിരുന്ന യെശയ്യാവും മീഖായും അന്ത്യനാളുകളിൽ എന്തു സംഭവിക്കുമെന്ന് വർണ്ണിക്കുകയുണ്ടായി. ഇന്ന് നിവർത്തിച്ചുകൊണ്ടിരിക്കുന്നതായി നാം കാണുന്നതിനെ അവർ മുൻകൂട്ടിക്കണ്ടു—പഴയലോകത്തിൽനിന്ന് വരുന്നവരും സത്യാരാധനയുടെ പ്രതീകാത്മക പർവതത്തിലേക്ക് കയറിപ്പോകുന്നവരുമായ നീതിഹൃദയികളായ ആളുകളുടെ ഒരു ഒഴുക്ക്. അവർ മററുള്ളവർക്ക് ഈ ക്ഷണം നീട്ടിക്കൊടുക്കുന്നു: “ജനങ്ങളേ, വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻദൈവത്തിന്റെ ആലയത്തിലേക്ക്, കയറിപ്പോകാം; അവൻ തന്റെ വഴികളെക്കുറിച്ചു നമ്മെ പ്രബോധിപ്പിക്കുകയും നാം അവന്റെ പാതകളിൽ നടക്കുകയുംചെയ്യും.” (യെശയ്യാവ് 2:2, 3; മീഖാ 4:1, 2) നിങ്ങൾ ഈ സന്തുഷ്ടരായ ജനക്കൂട്ടത്തോടുകൂടെ നടക്കുന്നുണ്ടോ?
20. തങ്ങളുടെ വിശ്വാസത്താൽ ലോകത്തെ കുററം വിധിക്കുന്നവർ ഏതനുഗ്രഹങ്ങൾ ആസ്വദിക്കും?
20 യെശയ്യായും മീഖായും തങ്ങളുടെ വിശ്വാസത്താൽ ലോകത്തെ കുററംവിധിക്കുന്നവർ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ എടുത്തുപറഞ്ഞു. യഥാർത്ഥ സമാധാനവും നീതിയും അവരുടെ ഇടയിൽ പ്രബലപ്പെടും, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയില്ല. അവർക്ക് യഹോവയിൽനിന്നുള്ള ഒരു അവകാശത്തിന്റെ സുനിശ്ചിതമായ പ്രത്യാശയുണ്ട്. അവർ “ഓരോരുത്തൻ അവനവന്റെ മുന്തിരിവള്ളിയിൻകീഴിലും അത്തിവൃക്ഷത്തിൻകീഴിലും ഇരിക്കും.” എന്നാൽ ഓരോ വ്യക്തിയും ഒരു ഉറച്ച തീരുമാനമെടുക്കണം, എന്തുകൊണ്ടെന്നാൽ രണ്ടു ഗതികൾ സാദ്ധ്യമാണെന്ന് മീഖാ പ്രകടമാക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “സകല ജനങ്ങളും, തങ്ങളുടെ ഭാഗത്ത്, ഓരോന്നും അതിന്റെ ദൈവത്തിന്റെ നാമത്തിൽ നടക്കും; എന്നാൽ നാം, നമ്മുടെ ഭാഗത്ത്, നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അനിശ്ചിതകാലം, എന്നേക്കുംതന്നെ നടക്കും.”—മീഖാ 4:3-5; യെശയ്യാവ് 2:4.
21. നിങ്ങൾക്ക് ഭൂമിയിലെ നിത്യജീവനാകുന്ന മഹത്തായ അനുഗ്രഹത്തിൽ എങ്ങനെ പങ്കുപററാൻ കഴിയും?
21 മഹോപദ്രവത്തെ അതിജീവിക്കാൻ എന്താണാവശ്യമായിരിക്കുന്നതെന്ന് തിരുവെഴുത്തുകൾ വ്യക്തമായി കാണിച്ചുതരുന്നു: ശക്തമായ ഒരു വിശ്വാസംതന്നെ. നോഹക്ക് അത്തരം വിശ്വാസമുണ്ടായിരുന്നു, എന്നാൽ നിങ്ങൾക്ക് അതുണ്ടോ? ഉണ്ടെങ്കിൽ, അവനെപ്പോലെ നിങ്ങൾ “വിശ്വാസപ്രകാരമുള്ള നീതിയുടെ ഒരു അവകാശി” ആയിത്തീരും.” (എബ്രായർ 11:7) നോഹ അവന്റെ തലമുറയുടെമേൽ വന്ന ദൈവകല്പിത നാശത്തെ അതിജീവിച്ചു. പ്രളയത്തിനുശേഷം അവൻ 350 വർഷം ജീവിച്ചുവെന്നു മാത്രമല്ല, പിന്നെയോ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രതീക്ഷയോടെ അവൻ പുനരുത്ഥാനംപ്രാപിക്കുകയും ചെയ്യും. എന്തോരു മഹത്തായ അനുഗ്രഹം! (എബ്രായർ 11:13-16) നിങ്ങൾക്ക് നോഹയോടും അവന്റെ കുടുംബത്തോടും നീതിയെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് മററുള്ളവരോടുംകൂടെ ആ അനുഗ്രഹത്തിൽ പങ്കുപററാൻകഴിയും. എങ്ങനെ? അവസാനത്തോളം സഹിച്ചുനിൽക്കുന്നതിനാലും നിങ്ങളുടെ വിശ്വാസത്താൽ ലോകത്തെ കുററം വിധിക്കുന്നതിനാലുംതന്നെ. (w89 10⁄1)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ നോഹയുടെ ജീവിതത്തിന്റെ ഒരു പഠനം ക്രിസ്ത്യാനികൾക്ക് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ ഈ തലമുറയിലെ ആളുകൾ തങ്ങളുടെ നാശത്തിലേക്ക് നയിച്ചുകൊണ്ട് എന്തു ഗൗനിക്കുന്നില്ല?
◻ നോഹയെപ്പോലെ, നമുക്ക് ഈ ലോകത്തെ എങ്ങനെ കുററംവിധിക്കാൻ കഴിയും?
◻ നമുക്ക് ഒരു നീതിപ്രസംഗകനെന്ന നിലയിൽ നോഹയെപ്പോലെയായിരിക്കാൻ കഴിയുന്നതെങ്ങനെ?