അധ്യായം 16
ദൈവത്തിന്റെ ഗവൺമെൻറ് ഭരണം തുടങ്ങുന്നു
1. (എ) വിശ്വാസമുളള ആളുകൾ ദീർഘനാളായി എന്തിനു നോക്കിപ്പാർത്തിരുന്നിട്ടുണ്ട്? (ബി) ദൈവരാജ്യം ഒരു “നഗരം” എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
1 ആയിരക്കണക്കിനു വർഷങ്ങളിൽ ദൈവത്തിന്റെ ഗവൺമെൻറിൽ വിശ്വാസമുളള ആളുകൾ അതു ഭരണം തുടങ്ങുന്ന സമയത്തിനുവേണ്ടി നോക്കിപ്പാർത്തിരുന്നിട്ടുണ്ട്. ദൃഷ്ടാന്തമായി, വിശ്വസ്തനായ അബ്രാഹാം “യഥാർഥ അടിസ്ഥാനങ്ങളോടു കൂടിയ നഗരത്തിനായി കാത്തിരിക്കുകയായിരുന്നു”വെന്നു ബൈബിൾ പറയുന്നു, “ആ നഗരത്തിന്റെ ശില്പിയും നിർമാതാവും ദൈവമാകുന്നു.” (എബ്രായർ 11:10) ആ “നഗരം” ദൈവരാജ്യമാണ്. എന്നാൽ അത് ഇവിടെ ഒരു “നഗരം” എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പുരാതനകാലങ്ങളിൽ ഒരു നഗരത്തെ ഒരു രാജാവു ഭരിക്കുന്നതു സാധാരണമായിരുന്നു. അതുകൊണ്ടു ജനങ്ങൾ മിക്കപ്പോഴും ഒരു നഗരത്തെ ഒരു രാജ്യമായി വിചാരിച്ചിരുന്നു.
2. (എ) രാജ്യം ക്രിസ്തുവിന്റെ ആദിമ അനുഗാമികൾക്കു യഥാർഥമായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) അതുസംബന്ധിച്ച് എന്തറിയാൻ അവർ ആഗ്രഹിച്ചു?
2 ദൈവരാജ്യം ക്രിസ്തുവിന്റെ ആദിമ അനുഗാമികൾക്കു യഥാർഥമായിരുന്നു. അതിന്റെ ഭരണത്തിലുളള അവരുടെ തീവ്രമായ താല്പര്യത്താൽ അതു പ്രകടമാക്കപ്പെടുന്നു. (മത്തായി 20:20-23) അവരുടെ മനസ്സിലെ ഒരു ചോദ്യം: ക്രിസ്തുവും അവന്റെ ശിഷ്യൻമാരും എപ്പോൾ ഭരിക്കാൻ തുടങ്ങും എന്നതായിരുന്നു. ഒരിക്കൽ യേശു തന്റെ പുനരുത്ഥാനശേഷം ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ “കർത്താവേ, നീ ഈ കാലത്താണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിക്കുന്നത്” എന്ന് അവർ ചോദിച്ചു. (പ്രവൃത്തികൾ 1:6) അതുകൊണ്ട്, ക്രിസ്തുവിന്റെ ശിഷ്യൻമാരെപ്പോലെ ദൈവത്തിന്റെ ഗവൺമെൻറിന്റെ രാജാവെന്ന നിലയിൽ ക്രിസ്തു എപ്പോൾ ഭരിച്ചു തുടങ്ങുമെന്നറിയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടോ?
ക്രിസ്ത്യാനികൾ പ്രാർഥിക്കുന്ന രാജ്യം
3, 4. (എ) ദൈവം എല്ലായ്പ്പോഴും രാജാവായി ഭരിച്ചിട്ടുണ്ടെന്ന് എന്തു പ്രകടമാക്കുന്നു? (ബി) അതുകൊണ്ട് ദൈവരാജ്യം വരാൻ പ്രാർഥിക്കുന്നതിനു ക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചതെന്തുകൊണ്ട്?
3 “നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കാൻ ക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9, 10) എന്നാൽ ‘യഹോവയാം ദൈവം എല്ലായ്പ്പോഴും രാജാവായി ഭരിച്ചിട്ടില്ലേ? ഉണ്ടെങ്കിൽ അവന്റെ രാജ്യം വരാൻ പ്രാർഥിക്കുന്നതെന്തുകൊണ്ട്?’ എന്നു ചിലർ ചോദിച്ചേക്കാം.
4 ബൈബിൾ യഹോവയെ “നിത്യതയുടെ രാജാവ്” എന്നു വിളിക്കുന്നുവെന്നതു സത്യംതന്നെ. (1 തിമൊഥെയോസ് 1:17) അതു പറയുന്നു: “യഹോവതന്നെ ആകാശങ്ങളിൽ തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു; അവന്റെ സ്വന്തം രാജത്വം സകലത്തിൻമേലും ആധിപത്യം നടത്തിയിരിക്കുന്നു.” (സങ്കീർത്തനം 103:19) അതുകൊണ്ട് യഹോവ തന്റെ സകല സൃഷ്ടികളുടെമേലും എല്ലായ്പ്പോഴും പരമോന്നതഭരണാധികാരി ആയിരുന്നിട്ടുണ്ട്. (യിരെമ്യാവ് 10:10) എന്നുവരികിലും, തന്റെ ഭരണാധിപത്യത്തിനെതിരായി ഏദൻതോട്ടത്തിലുണ്ടായ മത്സരം ഹേതുവായി ദൈവം ഒരു പ്രത്യേക ഗവൺമെൻറിനു ക്രമീകരണം ചെയ്തു. ഈ ഗവൺമെൻറിനുവേണ്ടി പ്രാർഥിക്കാനാണ് യേശുക്രിസ്തു പിന്നീടു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. അതിന്റെ ഉദ്ദേശ്യം പിശാചായ സാത്താനും മററുളളവരും ദൈവത്തിന്റെ ഭരണാധിപത്യത്തിൽനിന്ന് അകന്നുപോയപ്പോഴുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിക്കുകയാണ്.
5. അതു ദൈവത്തിന്റെ രാജ്യമാണെങ്കിൽ അതു ക്രിസ്തുവിന്റെ രാജ്യമെന്നും 1,44,000 പേരുടെ രാജ്യമെന്നുംകൂടെ വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
5 ഈ പുതിയ രാജ്യഗവൺമെൻറിനു ഭരിക്കാനുളള അവകാശവും അധികാരവും ലഭിക്കുന്നതു മഹാരാജാവായ യഹോവയാം ദൈവത്തിൽനിന്നാണ്. അത് അവന്റെ രാജ്യമാണ്. ബൈബിൾ വീണ്ടുംവീണ്ടും അതിനെ “ദൈവരാജ്യം” എന്നു വിളിക്കുന്നു. (ലൂക്കോസ് 9:2, 11, 60, 62; 1 കൊരിന്ത്യർ 6:9, 10; 15:50) എന്നിരുന്നാലും, യഹോവ തന്റെ പുത്രനെ അതിന്റെ മുഖ്യഭരണാധികാരിയായി നിയമിച്ചിരിക്കുന്നതുകൊണ്ട് അതിനെ ക്രിസ്തുവിന്റെ രാജ്യം എന്നും പരാമർശിക്കുന്നുണ്ട്. (2 പത്രോസ് 1:11) നാം ഒരു മുൻ അധ്യായത്തിൽ പഠിച്ചപ്രകാരം മനുഷ്യവർഗത്തിന്റെ ഇടയിൽനിന്നുളള 1,44,000 പേർ ക്രിസ്തുവിനോടുകൂടെ അവന്റെ രാജ്യത്തിൽ ഭരിക്കും. (വെളിപ്പാട് 14:1-4; 20:6) അതുകൊണ്ടു ബൈബിൾ അതിനെ “അവരുടെ രാജ്യം” എന്നും പരാമർശിക്കുന്നു.—ദാനിയേൽ 7:27.
6. ചിലർ പറയുന്നതനുസരിച്ച്, ദൈവരാജ്യം എപ്പോൾ ഭരിക്കാൻ തുടങ്ങി?
6 യേശു സ്വർഗത്തിലേക്കു മടങ്ങിപ്പോയ വർഷത്തിൽ രാജ്യം ഭരിക്കാൻ തുടങ്ങിയെന്നു ചിലർ പറയുന്നു. പൊ. യു. 33-ാമാണ്ടിലെ യഹൂദപെന്തെക്കോസ്തു പെരുന്നാളിൽ ക്രിസ്തു തന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ അവൻ ഭരിച്ചുതുടങ്ങിയെന്നാണവർ പറയുന്നത്. (പ്രവൃത്തികൾ 2:1-4) എന്നാൽ സാത്താന്റെ മത്സരത്താൽ സൃഷ്ടിക്കപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ യഹോവ ക്രമീകരിച്ച രാജ്യഗവൺമെൻറ് അന്നു ഭരണം തുടങ്ങിയില്ല. ക്രിസ്തു ഭരണാധികാരിയായുളള ദൈവത്തിന്റെ ഗവൺമെൻറാകുന്ന ‘ആൺകുട്ടി’ അന്നു ജനിച്ചുവെന്നും ഭരണം തുടങ്ങിയെന്നും പ്രകടമാക്കുന്ന യാതൊന്നുമില്ല. (വെളിപ്പാട് 12:1-10) എന്നാൽ, പൊ. യു. 33-ാമാണ്ടിൽ യേശുവിന് ഏതെങ്കിലും വിധത്തിൽ ഒരു രാജ്യം ലഭിച്ചോ?
7. ക്രിസ്തു പൊ. യു. 33 മുതൽ ആരുടെമേൽ ഭരിച്ചുകൊണ്ടാണിരുന്നത്?
7 ഉവ്വ്, യേശു അന്നു തക്കസമയത്തു സ്വർഗത്തിൽ തന്നോടു ചേരേണ്ടിയിരുന്ന തന്റെ അനുഗാമികളുടെ സഭയുടെമേൽ ഭരിക്കാൻ തുടങ്ങി. അങ്ങനെ ബൈബിൾ അവരെക്കുറിച്ച് അവർ ഭൂമിയിലായിരിക്കുമ്പോൾ “ദൈവത്തിന്റെ ഇഷ്ടപുത്രന്റെ രാജ്യ”ത്തിലേക്ക് എടുക്കപ്പെടുന്നതായി പറയുന്നു. (കൊലോസ്യർ 1:13) എന്നാൽ സ്വർഗീയജീവന്റെ പ്രത്യാശയുളള ക്രിസ്ത്യാനികളുടെമേലുളള ഈ ഭരണം അഥവാ “രാജ്യം” യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചതനുസരിച്ചു വരാൻവേണ്ടി അവർ പ്രാർഥിക്കുന്ന രാജ്യഗവൺമെൻറല്ല. തന്നോടുകൂടെ സ്വർഗത്തിൽ ഭരിക്കാനുളള 1,44,000 പേരുടെമേൽ മാത്രമുളള ഒരു രാജ്യമാണത്. ഈ നൂററാണ്ടുകളിലെല്ലാം അവർ മാത്രമാണ് അതിന്റെ പ്രജകളായിരുന്നിട്ടുളളത്. അതുകൊണ്ട് ഈ ഭരണം അഥവാ ‘ദൈവത്തിന്റെ ഇഷ്ടപുത്രന്റെ രാജ്യം’ സ്വർഗീയപ്രത്യാശയുളള ഈ പ്രജകളിൽ അവസാനത്തവനും മരിച്ചു സ്വർഗത്തിൽ ക്രിസ്തുവിനോടു ചേരുമ്പോൾ അവസാനിക്കും. അവർ മേലാൽ ക്രിസ്തുവിന്റെ പ്രജകളായിരിക്കയില്ല, എന്നാൽ അവർ ദീർഘനാളായി വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന ദൈവത്തിന്റെ രാജ്യഗവൺമെൻറിൽ അവനോടുകൂടെ അന്നു രാജാക്കൻമാരായിരിക്കും.
ശത്രുക്കളുടെ മധ്യേയുളള ഭരണത്തിന്റെ ആരംഭം
8. (എ) ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം അവൻ ഭരിച്ചുതുടങ്ങുന്നതിനുമുമ്പ് ഒരു കാത്തിരിപ്പിൻകാലം ഉണ്ടായിരിക്കുമെന്ന് എന്തു പ്രകടമാക്കുന്നു? (ബി) ക്രിസ്തുവിനു ഭരിക്കാനുളള സമയം വന്നപ്പോൾ ദൈവം അവനോട് എന്തു പറഞ്ഞു?
8 ക്രിസ്തു പുനരുത്ഥാനശേഷം സ്വർഗത്തിലേക്കു മടങ്ങിപ്പോയപ്പോൾ അവൻ ദൈവത്തിന്റെ ഗവൺമെൻറിന്റെ രാജാവായി അന്നു ഭരിച്ചുതുടങ്ങിയില്ല. പകരം അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നതുപോലെ ഒരു കാത്തിരിപ്പിൻ കാലം ഉണ്ടായിരിക്കണമായിരുന്നു. “ഈ മനുഷ്യൻ [യേശുക്രിസ്തു] നിത്യമായി പാപങ്ങൾക്കുവേണ്ടി ഏകയാഗം അർപ്പിക്കുകയും ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു, അവന്റെ ശത്രുക്കൾ അവന്റെ പാദങ്ങൾക്ക് ഒരു പീഠമായി വെക്കപ്പെടുന്നതുവരെ അന്നുമുതൽ കാത്തിരുന്നുകൊണ്ടുതന്നെ.” (എബ്രായർ 10:12, 13) ക്രിസ്തുവിനു ഭരിക്കാനുളള സമയം വന്നപ്പോൾ, “നിന്റെ ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ട് [അഥവാ ജയിച്ചടക്കിക്കൊണ്ട്] പുറപ്പെടുക” എന്നു യഹോവ അവനോടു പറഞ്ഞു.—സങ്കീർത്തനം 110:1, 2, 5, 6.
9. (എ) എല്ലാവരും ദൈവരാജ്യം ആഗ്രഹിക്കുന്നില്ലാത്തതെന്തുകൊണ്ട്? (ബി) ദൈവത്തിന്റെ ഗവൺമെൻറ് ഭരിച്ചുതുടങ്ങുമ്പോൾ ജനതകൾ എന്തു ചെയ്യുന്നു?
9 ആരെങ്കിലും ദൈവത്തിന്റെ ഗവൺമെൻറിന്റെ ശത്രു ആയിരിക്കുമെന്നുളളതു വിചിത്രമെന്നു തോന്നുന്നുവോ? എന്നിരുന്നാലും, പ്രജകൾ നീതിചെയ്യണമെന്നു നിഷ്ക്കർഷിക്കുന്ന ഒരു ഗവൺമെൻറിൻകീഴിൽ ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് യഹോവയും അവന്റെ പുത്രനും എങ്ങനെ ലോകാധിപത്യം ഏറെറടുക്കുമെന്നു പറഞ്ഞശേഷം ബൈബിൾ “ജനതകൾ ക്രുദ്ധിച്ചു” എന്നു പറയുന്നു. (വെളിപ്പാട് 11:15, 17, 18) ദൈവരാജ്യത്തെ എതിർക്കുന്നതിലേക്കു സാത്താൻ ജനതകളെ വഴിതെററിക്കുന്നതു നിമിത്തം അവർ അതിനെ സ്വാഗതം ചെയ്യുന്നില്ല.
10, 11. (എ) ദൈവത്തിന്റെ ഗവൺമെൻറ് ഭരണം തുടങ്ങുമ്പോൾ സ്വർഗത്തിൽ എന്തു സംഭവിക്കുന്നു? (ബി) ഭൂമിയിൽ എന്തു സംഭവിക്കുന്നു? (സി) അതുകൊണ്ടു നാം ഏതു പ്രധാന ആശയം ഓർത്തിരിക്കാനാഗ്രഹിക്കുന്നു?
10 ദൈവത്തിന്റെ ഗവൺമെൻറ് ഭരണം തുടങ്ങുമ്പോൾ സാത്താനും അവന്റെ ദൂതൻമാരും സ്വർഗത്തിലാണു വസിക്കുന്നത്. അവർ രാജ്യഭരണത്തെ എതിർക്കുന്നതുകൊണ്ടു പെട്ടെന്നു യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. തൽഫലമായി സാത്താനും അവന്റെ ദൂതൻമാരും സ്വർഗത്തിൽനിന്നു പുറന്തളളപ്പെടുന്നു. ഇപ്പോൾ ഒരു വലിയ ശബ്ദം പറയുന്നു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും തുടങ്ങിയിരിക്കുന്നു.” ഉവ്വ്, ദൈവത്തിന്റെ ഗവൺമെൻറ് ആരംഭിക്കുന്നു! സാത്താനും അവന്റെ ദൂതൻമാരും സ്വർഗത്തിൽനിന്നു നീക്കം ചെയ്യപ്പെട്ടതുകൊണ്ട് അവിടെ ആനന്ദമുണ്ട്. “ഈ കാരണത്താൽ സ്വർഗങ്ങളേ, നിങ്ങളും, സ്വർഗനിവാസികളേ, നിങ്ങളും സന്തോഷിപ്പിൻ!” എന്നു ബൈബിൾ പറയുന്നു.—വെളിപ്പാട് 12:7-12.
11 ഇതു ഭൂമിക്കും ഒരു സന്തോഷകാലമാണോ? അല്ല! പകരം, ഭൂമിയിൽ ഉണ്ടായിട്ടുളളതിലേക്കും വലിയ അനർഥകാലം ആണ്. ബൈബിൾ പറയുന്നു: “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് ഒരു ചുരുങ്ങിയ കാലഘട്ടമാണ് ഉളളതെന്നറിഞ്ഞുകൊണ്ടു മഹാകോപത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:12) അതുകൊണ്ട് ഇത് ഓർത്തിരിക്കേണ്ട ഒരു പ്രധാന ആശയമാണ്: ദൈവരാജ്യഭരണത്തിന്റെ തുടക്കം ഭൂമിയിൽ പെട്ടെന്നു സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നില്ല. ദൈവരാജ്യം ഭൂമിയുടെ പൂർണനിയന്ത്രണം ഏറെറടുക്കുമ്പോൾ പിന്നീടാണു യഥാർഥസമാധാനം കൈവരുന്നത്. ഇതു സംഭവിക്കുന്നതു “ചുരുങ്ങിയ കാലഘട്ട”ത്തിന്റെ അന്ത്യത്തിലാണ്, അന്നു മേലാൽ ആരെയും ഉപദ്രവിക്കാൻ കഴിയാത്തവിധം സാത്താനെയും അവന്റെ ദൂതൻമാരെയും നീക്കംചെയ്യും.
12. ദൈവരാജ്യം എപ്പോൾ ഭരിച്ചുതുടങ്ങുമെന്നു ബൈബിൾ പറയും എന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
12 എന്നാൽ “ഒരു ചുരുങ്ങിയ കാലഘട്ട”ത്തിൽ ഭൂമിയിൽ കുഴപ്പങ്ങൾ വരുത്തത്തക്കവണ്ണം സാത്താനെ സ്വർഗത്തിൽനിന്നു ബഹിഷ്ക്കരിക്കുന്നത് എപ്പോഴാണ്? ദൈവത്തിന്റെ ഗവൺമെൻറ് ഭരണം തുടങ്ങുന്നത് എപ്പോഴാണ്? ബൈബിൾ ഒരു ഉത്തരം നൽകുന്നുണ്ടോ? അത് ഉത്തരം നൽകുമെന്നു നാം പ്രതീക്ഷിക്കേണ്ടതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവപുത്രൻ മിശിഹ ആയിത്തീരുന്നതിന് ആദ്യം ഭൂമിയിൽ ഒരു മനുഷ്യനായി പ്രത്യക്ഷപ്പെടുന്നത് എപ്പോഴെന്നു ദീർഘനാൾ മുമ്പേ ബൈബിൾ മുൻകൂട്ടിപ്പറയുകയുണ്ടായി. യഥാർഥത്തിൽ അവൻ മിശിഹായായിത്തീർന്ന വർഷത്തിലേക്കുതന്നെ അതു വിരൽ ചൂണ്ടി. അപ്പോൾ അതിലും പ്രധാനപ്പെട്ട, തന്റെ രാജ്യഭരണം തുടങ്ങാനുളള മിശിഹായുടെ അഥവാ ക്രിസ്തുവിന്റെ വരവു സംബന്ധിച്ചെന്ത്? തീർച്ചയായും ഇത് എപ്പോൾ സംഭവിക്കുമെന്നും ബൈബിൾ പറയുമെന്നു നാം പ്രതീക്ഷിക്കും!
13. മിശിഹാ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കൃത്യവർഷം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതെങ്ങനെ?
13 എന്നാൽ ഒരു വ്യക്തി ചോദിച്ചേക്കാം: ‘മിശിഹാ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കൃത്യവർഷം ബൈബിൾ എവിടെ മുൻകൂട്ടിപ്പറയുന്നു?’ ദാനിയേൽ എന്ന ബൈബിൾ പുസ്തകം പറയുന്നു: “യരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പുതുക്കിപ്പണിയാനുളള കല്പന പുറപ്പെടുന്നതു മുതൽ നേതാവായ മിശിഹാവരെ ഏഴ് ആഴ്ചകളും അറുപത്തിരണ്ട് ആഴ്ചകളും ഉണ്ടായിരിക്കും,” അല്ലെങ്കിൽ മൊത്തം 69 ആഴ്ചകൾ. (ദാനിയേൽ 9:25) എന്നിരുന്നാലും, ഇവ 69 അക്ഷരീയ ആഴ്ചകളല്ല, അവ 483 ദിവസങ്ങൾ അഥവാ ഒരു വർഷത്തിൽ അല്പം കൂടുതൽ മാത്രമേ ആകുന്നുളളു. അവ വർഷങ്ങളുടെ 69 ആഴ്ചകളാണ്, അല്ലെങ്കിൽ 483 വർഷങ്ങൾ. (സംഖ്യാപുസ്തകം 14:34 താരതമ്യപ്പെടുത്തുക.) യരൂശലേമിന്റെ മതിലുകൾ യഥാസ്ഥാനപ്പെടുത്തി പുതുക്കിപ്പണിയാനുളള കല്പന കൊടുക്കപ്പെട്ടതു പൊ. യു. മു. 455a-ൽ ആണ്. (നെഹെമ്യാവ് 2:1-8) അതുകൊണ്ടു വർഷങ്ങളുടെ ഈ 69 ആഴ്ചകൾ 483 വർഷം കഴിഞ്ഞു പൊ. യു. 29-ൽ അവസാനിച്ചു. ഈ വർഷത്തിൽത്തന്നെയായിരുന്നു യേശു സ്നാനമേൽക്കാൻ യോഹന്നാൻ സ്നാപകന്റെ അടുക്കലേക്കു ചെന്നത്! ആ സന്ദർഭത്തിൽ അവൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും മിശിഹായോ ക്രിസ്തുവോ ആയിത്തീരുകയും ചെയ്തു.—ലൂക്കോസ് 3:1, 2, 21-23.
ദൈവത്തിന്റെ ഗവൺമെൻറ് ഭരിച്ചുതുടങ്ങുന്ന സമയം
14. ദാനിയേൽ നാലാമധ്യായത്തിലെ “വൃക്ഷം” എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
14 കൊളളാം, ദൈവത്തിന്റെ ഗവൺമെൻറിന്റെ രാജാവെന്ന നിലയിൽ ക്രിസ്തു ഭരിച്ചുതുടങ്ങുന്ന വർഷത്തെ ബൈബിൾ എവിടെയാണു മുൻകൂട്ടിപ്പറയുന്നത്? അതും ദാനിയേൽ എന്ന ഇതേ ബൈബിൾ പുസ്തകത്തിലാണ്. (ദാനിയേൽ 4:10-37) അവിടെ ആകാശത്തോളം ഉയരമുളള ഒരു പടുകൂററൻ വൃക്ഷം ബാബിലോനിലെ നെബുഖദ്നേസ്സർ രാജാവിനെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ആ കാലത്തെ ഏററവും ഉയർന്ന മാനുഷരാജാവ് അവനായിരുന്നു. എന്നിരുന്നാലും, തന്നെക്കാൾ ഉയർന്ന ഒരുവൻ ഭരിക്കുന്നുണ്ടെന്ന് അറിയാൻ നെബുഖദ്നേസ്സർ രാജാവു നിർബന്ധിതനാക്കപ്പെട്ടു. ഈ ഒരുവൻ “അത്യുന്നതൻ” അഥവാ “സ്വർഗത്തിലെ രാജാവ്” ആയ യഹോവയാം ദൈവമാണ്. (ദാനിയേൽ 4:34, 37) അതുകൊണ്ട്, പ്രാധാന്യമേറിയ ഒരു വിധത്തിൽ ഈ ആകാശത്തോളമെത്തുന്ന വൃക്ഷം വിശേഷിച്ചു നമ്മുടെ ഭൂമിയോടുളള ബന്ധത്തിൽ ദൈവത്തിന്റെ പരമോന്നത ഭരണാധിപത്യത്തെ പ്രതിനിധാനം ചെയ്യാൻ ഇടയാകുന്നു. യഹോവയുടെ ഭരണാധിപത്യം കുറേക്കാലത്തേക്ക് അവൻ ഇസ്രായേൽ ജനതയുടെമേൽ സ്ഥാപിച്ച രാജ്യം മുഖേന പ്രകടമാക്കപ്പെട്ടിരുന്നു. അങ്ങനെ ഇസ്രായേല്യരുടെമേൽ ഭരിച്ചിരുന്ന യഹൂദാഗോത്രത്തിലെ രാജാക്കൻമാർ “യഹോവയുടെ സിംഹാസനത്തിൽ ഇരിക്കുന്ന”തായി പറയപ്പെട്ടിരുന്നു.—1 ദിനവൃത്താന്തം 29:23.
15. “വൃക്ഷം” വെട്ടിയിടപ്പെട്ടപ്പോൾ അതിൻമേൽ ബന്ധനങ്ങൾ വെക്കപ്പെട്ടതെന്തുകൊണ്ട്?
15 ദാനിയേൽ നാലാമധ്യായത്തിലെ ബൈബിൾ വിവരണപ്രകാരം ആകാശത്തോളം ഉയർന്ന ആ വൃക്ഷം വെട്ടിയിടപ്പെട്ടു. എന്നിരുന്നാലും കുററി ശേഷിച്ചിരുന്നു, ഇരുമ്പും ചെമ്പും കൊണ്ടുളള ബന്ധനങ്ങൾ അതിൻമേൽ വെക്കപ്പെട്ടു. ഇതു ബന്ധനങ്ങൾ നീക്കാനും വീണ്ടും വളരാൻ അനുവദിക്കാനുമുളള ദൈവത്തിന്റെ തക്കസമയംവരെ കുററി വളരാതെ തടയും. എന്നാൽ ദൈവത്തിന്റെ ഭരണാധിപത്യം എങ്ങനെ, എപ്പോൾ വെട്ടിയിടപ്പെട്ടു?
16. (എ) ദൈവത്തിന്റെ ഭരണാധിപത്യം എങ്ങനെ, എപ്പോൾ വെട്ടിയിടപ്പെട്ടു? (ബി) യഹോവയുടെ സിംഹാസനത്തിലിരുന്ന അവസാനത്തെ യഹൂദാരാജാവിനോട് എന്തു പറയപ്പെട്ടു?
16 കാലക്രമത്തിൽ, യഹോവ സ്ഥാപിച്ചിരുന്ന യഹൂദാരാജ്യം വളരെ വഷളായിത്തീർന്നതുകൊണ്ട് അതിനെ നശിപ്പിക്കാൻ, വെട്ടിയിടാൻ, അവൻ നെബുഖദ്നേസ്സർ രാജാവിനെ അനുവദിച്ചു. ഇതു പൊ. യു. മു. 607 എന്ന വർഷത്തിലാണു സംഭവിച്ചത്. ആ കാലത്തു യഹോവയുടെ സിംഹാസനത്തിലിരുന്ന യഹൂദയിലെ അവസാനത്തെ രാജാവായ സെദക്യാവിനോട് ഇങ്ങനെ പറയപ്പെട്ടു: “കിരീടം എടുത്തുകളയുക. . . .നിയമപരമായ അവകാശമുളളവൻ വരുന്നതുവരെ അതു തീർച്ചയായും ആരുടേതുമല്ലാതായിത്തീരും, ഞാൻ അത് അവനു കൊടുക്കേണ്ടതാണ്.”—യെഹെസ്കേൽ 21:25-27.
17. പൊ. യു. മു. 607-ൽ ഏതു കാലഘട്ടം തുടങ്ങി?
17 അങ്ങനെ “വൃക്ഷ”ത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട ദൈവത്തിന്റെ ഭരണാധിപത്യം പൊ. യു. മു. 607-ൽ വെട്ടിയിടപ്പെട്ടു. ഭൂമിയിൽ ദൈവത്തിന്റെ ഭരണാധിപത്യത്തെ പ്രതിനിധാനം ചെയ്യാൻ മേലാൽ ഒരു ഗവൺമെൻറും ഉണ്ടായിരുന്നില്ല. അങ്ങനെ പൊ. യു. മു. 607-ൽ യേശുക്രിസ്തു പിന്നീട് “ജനതകളുടെ നിയമിതകാലങ്ങൾ” അഥവാ “വിജാതീയരുടെ കാലങ്ങൾ” എന്നു പരാമർശിച്ച ഒരു കാലഘട്ടം തുടങ്ങി. (ലൂക്കോസ് 21:24; കിംഗ് ജയിംസ് വേർഷൻ) ഈ “നിയമിതകാലങ്ങളിൽ” ദൈവത്തിനു ഭൂമിയിൽ തന്റെ ഭരണാധിപത്യത്തെ പ്രതിനിധാനം ചെയ്യാൻ ഒരു ഗവൺമെൻറ് ഉണ്ടായിരുന്നില്ല.
18. “ജനതകളുടെ നിയമിതകാലങ്ങ”ളുടെ അന്ത്യത്തിൽ എന്തു സംഭവിക്കണമായിരുന്നു?
18 ഈ “ജനതകളുടെ നിയമിതകാലങ്ങ”ളുടെ അന്ത്യത്തിൽ എന്തു സംഭവിക്കണമായിരുന്നു? യഹോവ ഭരണാധികാരം “നിയമപരമായ അവകാശമുളളവനു” കൊടുക്കേണ്ടിയിരുന്നു. അവൻ യേശുക്രിസ്തു ആണ്. അതുകൊണ്ട് “ജനതകളുടെ നിയമിതകാലങ്ങൾ” എപ്പോൾ അവസാനിക്കുമെന്നു നമുക്കു കണ്ടുപിടിക്കാൻ കഴിയുമെങ്കിൽ ക്രിസ്തു എപ്പോൾ രാജാവായി ഭരിക്കാൻ തുടങ്ങുന്നുവെന്നു നാം അറിയും.
19. ഭൂമിമേലുളള ദൈവത്തിന്റെ ഭരണാധിപത്യം എത്ര “കാലങ്ങളിൽ” മുടങ്ങിപ്പോകുമായിരുന്നു?
19 ദാനിയേൽ നാലാമധ്യായമനുസരിച്ച്, ഈ “നിയമിതകാലങ്ങൾ” “ഏഴു കാലങ്ങൾ” ആയിരിക്കും. “വൃക്ഷ”ത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട ദൈവത്തിന്റെ ഭരണാധിപത്യം ഭൂമിമേൽ പ്രവർത്തനത്തിലിരിക്കാത്ത “ഏഴു കാലങ്ങൾ” ഉണ്ടായിരിക്കുമെന്നു ദാനിയേൽ പ്രകടമാക്കുന്നു. (ദാനിയേൽ 4:16, 23) ഈ “ഏഴു കാലങ്ങൾ” എത്ര ദീർഘമാണ്?
20. (എ) ഒരു “കാലം” എത്ര ദീർഘമാണ്? (ബി) “ഏഴു കാലങ്ങൾ” എത്ര ദീർഘമാണ്? (സി) നാം ഒരു വർഷത്തിന് ഒരു ദിവസം കണക്കാക്കുന്നതെന്തുകൊണ്ട്?
20 വെളിപ്പാട് 12-ാം അധ്യായത്തിൽ 6-ഉം 14-ഉം വാക്യങ്ങളിൽനിന്ന് 1,260 ദിവസം “ഒരു കാലത്തോടും [അതായത് 1 കാലം] കാലങ്ങളോടും [അതായത് 2 കാലങ്ങൾ] അര കാലത്തോടും” തുല്യമാണെന്നു നാം മനസ്സിലാക്കുന്നു. അതു മൊത്തം 31⁄2 കാലങ്ങളാണ്. അതുകൊണ്ട് “ഒരു കാലം” 360 ദിവസങ്ങളോടു തുല്യമാണ്. അതുകൊണ്ട് “ഏഴു കാലങ്ങൾ” 360ന്റെ 7 ഇരട്ടി അഥവാ 2,520 ദിവസങ്ങളാണ്. ഒരു ബൈബിൾ ചട്ടമനുസരിച്ചു നാം ഒരു വർഷത്തിന് ഒരു ദിവസം കണക്കാക്കുന്നുവെങ്കിൽ “ഏഴു കാലങ്ങൾ” 2,520 വർഷങ്ങൾക്കു തുല്യമാണ്.—സംഖ്യാപുസ്തകം 14:34; യെഹെസ്കേൽ 4:6.
21. (എ) “ജനതകളുടെ നിയമിതകാലങ്ങൾ” എപ്പോൾ തുടങ്ങുന്നു, എപ്പോൾ അവസാനിക്കുന്നു? (ബി) ദൈവത്തിന്റെ ഗവൺമെൻറ് എപ്പോൾ ഭരണം തുടങ്ങുന്നു? (സി) ദൈവരാജ്യം വരാൻ പ്രാർഥിക്കുന്നത് ഇപ്പോഴും ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
21 “ജനതകളുടെ നിയമിതകാലങ്ങൾ” പൊ. യു. മു. 607-ാമാണ്ടിൽ തുടങ്ങിയെന്നു നാം നേരത്തെ മനസ്സിലാക്കി. അതുകൊണ്ട് ആ തീയതിമുതൽ 2,520 വർഷം എണ്ണുമ്പോൾ നാം പൊ. യു. 1914-ൽ എത്തുന്നു. ഈ “നിയമിത കാലങ്ങൾ” അവസാനിച്ച വർഷം അതാണ്. ഇപ്പോഴും ജീവിക്കുന്ന ദശലക്ഷക്കണക്കിനാളുകൾ 1914-ൽ സംഭവിച്ചവ ഓർക്കുന്നുണ്ട്. ആ വർഷത്തിൽ നമ്മുടെ നാളോളം തുടർന്നിരിക്കുന്ന ഭയങ്കര പ്രക്ഷുബ്ധതയുടെ ഒരു കാലഘട്ടത്തിന് ഒന്നാം ലോകമഹായുദ്ധം തുടക്കം കുറിച്ചു. അതിന്റെ അർഥം യേശുക്രിസ്തു 1914-ൽ ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറിന്റെ രാജാവായി ഭരിക്കാൻ തുടങ്ങി എന്നാണ്. രാജ്യം അതിന്റെ ഭരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നതിനാൽ അതു “വരാനും” സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ ഭൂമിയിൽനിന്നു തുടച്ചുനീക്കാനും നാം പ്രാർഥിക്കുന്നത് എത്ര കാലോചിതമാണ്!—മത്തായി 6:10; ദാനിയേൽ 2:44.
22. ചിലർ ഏതു ചോദ്യം ചോദിച്ചേക്കാം?
22 എന്നിരുന്നാലും, ‘ക്രിസ്തു തന്റെ പിതാവിന്റെ രാജ്യത്തിൽ ഭരിക്കാൻ ഇപ്പോൾത്തന്നെ തിരിച്ചുവന്നിരിക്കുന്നുവെങ്കിൽ നാം അവനെ എന്തുകൊണ്ടു കാണുന്നില്ല?’ എന്ന് ഒരുവൻ ചോദിച്ചേക്കാം.
[അടിക്കുറിപ്പുകൾ]
a ഈ കല്പന പൊ. യു. മു. 455-ലാണു കൊടുക്കപ്പെട്ടതെന്നുളളതിന്റെ ചരിത്രത്തെളിവിനു വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻക്. പ്രസിദ്ധീകരിച്ച ബൈബിൾഗ്രാഹ്യസഹായി [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ “അർത്ഥഹ്ശഷ്ടാവ്” എന്ന വിഷയം കാണുക.
[140, 141 പേജുകളിലെ ചാർട്ട്]
പൊ.യു.മു. 607-ൽ ദൈവത്തിന്റെ യഹൂദാരാജ്യം നിപതിച്ചു.
പൊ.യു. 1914-ൽ യേശുക്രിസ്തു ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറിന്റെ രാജാവെന്ന നിലയിൽ ഭരിക്കാൻ തുടങ്ങി
പൊ.യു.മു. 607—പൊ.യു. 1914
പൊ.യു.മു. 607 ഒക്ടോബർ—പൊ.യു.മു. 1ഒക്ടോബർ = 606 വർഷങ്ങൾ
പൊ.യു.മു. 1 ഒക്ടോബർ—പൊ.യു. 1914 ഒക്ടോബർ = 1,914 വർഷങ്ങൾ
ജാതികളുടെ ഏഴു കാലങ്ങൾ = 2,520 വർഷങ്ങൾ
[134-ാം പേജിലെ ചിത്രം]
“നീ ഈ കാലത്താണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിക്കുന്നത്?”
[139-ാം പേജിലെ ചിത്രം]
ദാനിയേൽ 4-ാം അധ്യായത്തിലെ ഉയരമുളള വൃക്ഷം ദിവ്യഭരണാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കുറേക്കാലത്തേക്കു യഹൂദാരാജ്യത്തിലൂടെയാണു പ്രകടിതമായത്
[140, 141 പേജുകളിലെ ചിത്രം]
യഹൂദാരാജ്യം നശിപ്പിക്കപ്പെട്ടപ്പോൾ വൃക്ഷം വെട്ടിയിടപ്പെട്ടു