‘പുനരുത്ഥാനത്തിൽ എഴുന്നേറ്റു വരുമെന്ന് എനിക്ക് അറിയാം’
‘നമ്മുടെ കൂട്ടുകാരൻ ഉറങ്ങുകയാണ്. ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ.’—യോഹ. 11:11.
1. മാർത്തയ്ക്ക് ആങ്ങളയായ ലാസറിന്റെ കാര്യത്തിൽ എന്ത് ഉറപ്പുണ്ടായിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
മാർത്തയുടെ ഹൃദയം പിടയുകയാണ്. ആങ്ങളയായ ലാസർ മരിച്ചതിന്റെ ദുഃഖത്തിൽ മാർത്തയ്ക്ക് ആശ്വാസമേകുന്ന എന്തെങ്കിലുമുണ്ടോ? ഉണ്ട്. തന്റെ ഉറ്റ സുഹൃത്തും ശിഷ്യയും ആയ മാർത്തയ്ക്ക് യേശു ഈ ഉറപ്പു കൊടുത്തു: “നിന്റെ ആങ്ങള എഴുന്നേറ്റുവരും.” ആ വാക്കുകൾ മാർത്തയുടെ സങ്കടങ്ങളെല്ലാം മായ്ച്ചുകളഞ്ഞിട്ടുണ്ടാവില്ല. എങ്കിലും യേശു പറഞ്ഞ വാക്കുകൾ മാർത്ത വിശ്വസിച്ചു. മാർത്ത ഇങ്ങനെ പറഞ്ഞു: “അവസാനനാളിലെ പുനരുത്ഥാനത്തിൽ ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം.” (യോഹ. 11:20-24) അതു ഭാവിയിൽ സംഭവിക്കുമെന്നു മാർത്തയ്ക്ക് ഉറപ്പായിരുന്നു. പക്ഷേ, യേശു അപ്പോൾത്തന്നെ ഒരു അത്ഭുതം ചെയ്തു, ലാസറിനെ അന്നേ ദിവസംതന്നെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു.
2. പുനരുത്ഥാനത്തിൽ മാർത്തയ്ക്കുണ്ടായിരുന്ന അതേ ഉറപ്പുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
2 യേശുവോ യേശുവിന്റെ പിതാവോ നമുക്കുവേണ്ടി ഇപ്പോൾ അങ്ങനെയൊരു അത്ഭുതം ചെയ്യുമെന്നു പ്രതീക്ഷിക്കാനാകില്ല. എങ്കിലും, നിങ്ങളുടെ പ്രിയപ്പെട്ടവർ ഭാവിയിൽ പുനരുത്ഥാനത്തിൽ വരുമെന്നു മാർത്തയ്ക്കുണ്ടായിരുന്നത്ര ഉറപ്പു നിങ്ങൾക്കുണ്ടോ? ചിലപ്പോൾ നിങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്നതു നിങ്ങളുടെ ഇണയായിരിക്കാം, നിങ്ങളുടെ അച്ഛനോ അമ്മയോ ആകാം, നിങ്ങൾ സ്നേഹിക്കുന്ന മുത്തച്ഛനോ മുത്തശ്ശിയോ ആകാം. അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയെയായിരിക്കാം നഷ്ടപ്പെട്ടത്. അവരെ ഒന്നു കെട്ടിപ്പിടിക്കാനും അവരോടു സംസാരിക്കാനും അവരോടൊത്ത് പൊട്ടിച്ചിരിക്കാനും നിങ്ങളുടെ ഹൃദയം തുടിക്കുന്നുണ്ടായിരിക്കും. നിങ്ങൾക്കു സന്തോഷിക്കാൻ കാരണമുണ്ട്. മാർത്തയെപ്പോലെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘എന്റെ പ്രിയപ്പെട്ടവർ പുനരുത്ഥാനത്തിൽ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം.’ എങ്കിലും, ഇങ്ങനെ ശക്തമായ ബോധ്യമുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ഓരോ ക്രിസ്ത്യാനിയും ആഴമായി ചിന്തിക്കുന്നതു പ്രയോജനം ചെയ്യും.
3, 4. യേശു നടത്തിയ പുനരുത്ഥാനങ്ങൾ മാർത്തയുടെ ബോധ്യം എങ്ങനെ ശക്തമാക്കിയിട്ടുണ്ടാകും?
3 ഗലീലയിലെ നയിനു സമീപത്ത് ജീവിച്ചിരുന്ന വിധവയുടെ മകനെ യേശു ഉയിർപ്പിക്കുന്നത്, യരുശലേമിന് അടുത്ത് താമസിച്ചിരുന്ന മാർത്ത കണ്ടിരിക്കാൻ സാധ്യതയില്ല. എങ്കിലും അതെക്കുറിച്ച് കേട്ടിട്ടുണ്ടാകും. യേശു യായീറൊസിന്റെ മകളെ ഉയിർപ്പിച്ച സംഭവമോ? ആ പെൺകുട്ടിയുടെ വീട്ടിൽ വന്നവർക്ക് ‘അവൾ മരിച്ചുപോയെന്ന് അറിയാമായിരുന്നു.’ എങ്കിലും യേശു അവളുടെ ചേതനയറ്റ കൈ പിടിച്ച് ഇങ്ങനെ പറഞ്ഞു: “കുഞ്ഞേ, എഴുന്നേൽക്കൂ!” ഉടൻതന്നെ അവൾ എഴുന്നേറ്റു. ഈ സംഭവവും മാർത്ത നേരിട്ട് കണ്ടിട്ടുണ്ടാകില്ല, പക്ഷേ, അതെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാകും. (ലൂക്കോ. 7:11-17; 8:41, 42, 49-55) യേശുവിനു രോഗികളെ സൗഖ്യമാക്കാൻ കഴിയുമെന്നു മാർത്തയ്ക്കും സഹോദരിയായ മറിയയ്ക്കും അറിയാമായിരുന്നു. അതുകൊണ്ട് യേശു അവിടെയുണ്ടായിരുന്നെങ്കിൽ ലാസർ മരിക്കില്ലായിരുന്നെന്ന് അവർക്കു തോന്നി. എന്നാൽ യേശുവിന്റെ പ്രിയസ്നേഹിതനായ ലാസർ മരിച്ചു. ലാസറിന് ഇനി എന്തു പ്രത്യാശയാണുള്ളത്? ഭാവിയിൽ, ‘അവസാനനാളിൽ’ ലാസർ ജീവനിലേക്കു തിരികെ വരുമെന്നു മാർത്ത പറഞ്ഞതു ശ്രദ്ധിക്കുക. എന്തുകൊണ്ടാണു മാർത്തയ്ക്ക് അത് അത്ര ഉറപ്പായിരുന്നത്? നിങ്ങളുടെ പ്രിയപ്പെട്ടവരും ജീവനിലേക്കു വന്നേക്കാവുന്ന ഒരു പുനരുത്ഥാനം ഭാവിയിലുണ്ടാകുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
4 ഉറപ്പായും പുനരുത്ഥാനം നടക്കുമെന്നു വിശ്വസിക്കാൻ നമുക്ക് അനേകം കാരണങ്ങളുണ്ട്. അവയിൽ ചിലത് ഇപ്പോൾ നോക്കാം. പുനരുത്ഥാനത്തെക്കുറിച്ച് ഒരുപക്ഷേ ഇതിനു മുമ്പ് ചിന്തിച്ചിട്ടില്ലാത്ത ചില ആശയങ്ങൾ ദൈവവചനത്തിൽനിന്ന് നമ്മൾ പഠിക്കും. പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്ന നമ്മുടെ വിശ്വാസത്തിന് അതു ബലമേകും.
പ്രത്യാശ ശക്തിപ്പെടുത്തുന്ന സംഭവങ്ങൾ
5. ലാസർ പുനരുത്ഥാനത്തിൽ വരുമെന്നു മാർത്തയ്ക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
5 മാർത്തയുടെ വാക്കുകൾ ഒരിക്കൽക്കൂടി മനസ്സിലേക്കു കൊണ്ടുവരുക. ‘ലാസർ എഴുന്നേറ്റുവരുമെന്ന് ഞാൻ കരുതുന്നു’ എന്നല്ല, “ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം” എന്നാണു മാർത്ത പറഞ്ഞത്. അത്ര ഉറപ്പു തോന്നാൻ എന്തായിരുന്നു കാരണം? യേശുവിനു മുമ്പ് നടന്നിട്ടുള്ള പുനരുത്ഥാനങ്ങളെക്കുറിച്ചും മാർത്തയ്ക്ക് അറിയാമായിരുന്നിരിക്കാം. ചെറുപ്പമായിരുന്നപ്പോൾത്തന്നെ വീട്ടിലും സിനഗോഗിലും വെച്ച് മാർത്ത അതെക്കുറിച്ച് പഠിച്ചിരുന്നു. അത്തരത്തിലുള്ള മൂന്നു തിരുവെഴുത്തുഭാഗങ്ങൾ നമുക്കു ചർച്ച ചെയ്യാം.
6. ശ്രദ്ധേയമായ എന്ത് അത്ഭുതമാണ് ഏലിയ പ്രവർത്തിച്ചത്, മാർത്തയെ അത് എങ്ങനെ സ്വാധീനിച്ചിരിക്കാം?
6 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കാം. അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ഏലിയ പ്രവാചകനെ പ്രാപ്തനാക്കിയ കാലത്താണ് അതു നടന്നത്. ഫൊയ്നീക്യയിലെ ഒരു തീരദേശപട്ടണമായ സാരെഫാത്തിലെ പാവപ്പെട്ട ഒരു വിധവ, ഏലിയയെ അതിഥിയായി സ്വീകരിച്ചു. അവരുടെ വീട്ടിലെ മാവും എണ്ണയും തീർന്നുപോകാതെ ദൈവം അത്ഭുതകരമായി അവർക്കുവേണ്ടി കരുതി. അങ്ങനെ അവരുടെ ജീവൻ രക്ഷിച്ചു. (1 രാജാ. 17:8-16) എന്നാൽ, പിന്നീട് ആ മകൻ രോഗം ബാധിച്ച് മരിച്ചു. ഏലിയ ആ വിധവയുടെ ദുഃഖം മനസ്സിലാക്കി. അദ്ദേഹം കുട്ടിയുടെ മൃതശരീരം തൊട്ട് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ ഇവനിൽ മടക്കിവരുത്തേണമേ.” എന്താണു സംഭവിച്ചത്? ദൈവം ഏലിയയുടെ പ്രാർഥന കേട്ടു. കുട്ടി ജീവനിലേക്കു തിരിച്ചുവന്നു! (1 രാജാക്കന്മാർ 17:17-24 വായിക്കുക.) ശ്രദ്ധേയമായ ഈ സംഭവം മാർത്തയ്ക്കു തീർച്ചയായും അറിയാമായിരുന്നു.
7, 8. (എ) ഒരു സ്ത്രീയുടെ ദുഃഖം അകറ്റാൻ എലീശ എന്തു ചെയ്തെന്നു വിവരിക്കുക. (ബി) എലീശ ചെയ്ത അത്ഭുതം യഹോവയ്ക്ക് എന്തിനുള്ള ശക്തിയുണ്ടെന്നു തെളിയിക്കുന്നു?
7 തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ പുനരുത്ഥാനം നടത്തിയത് ഏലിയയുടെ പിൻഗാമിയായ എലീശ പ്രവാചകനാണ്. ശൂനേമിലെ പ്രമുഖയായ ഒരു സ്ത്രീ എലീശയ്ക്ക് ആതിഥ്യമരുളി. മക്കളില്ലായിരുന്ന ആ സ്ത്രീക്കും പ്രായം ചെന്ന ഭർത്താവിനും ഒരു മകനെ കൊടുത്തുകൊണ്ട് ദൈവം അവരെ അനുഗ്രഹിച്ചു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മകൻ മരിച്ചുപോയി. ആ അമ്മയുടെ മനസ്സിൽ അണപൊട്ടിയ ദുഃഖം ഒന്നു ഭാവനയിൽ കാണുക. ഭർത്താവിന്റെ അനുവാദത്തോടെ ആ സ്ത്രീ ഏകദേശം 30 കിലോമീറ്റർ യാത്ര ചെയ്ത് കർമേൽ പർവതത്തിൽ എത്തി എലീശയെ കണ്ടു. എലീശ ഉടനെ സഹായിയായ ഗേഹസിയെ അവർക്കു മുമ്പേ ശൂനേമിലേക്ക് അയച്ചു. പക്ഷേ അയാൾക്ക് ആ കുട്ടിയെ ജീവനിലേക്കു കൊണ്ടുവരാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അടങ്ങാത്ത ദുഃഖവും പേറി ആ അമ്മ എലീശയോടൊപ്പം ശൂനേമിൽ എത്തിച്ചേർന്നു.—2 രാജാ. 4:8-31.
8 ശൂനേമിൽ എത്തിയ എലീശ കുട്ടിയുടെ മൃതശരീരത്തിന് അടുത്തുചെന്ന് പ്രാർഥിച്ചു. അത്ഭുതം! മരിച്ച കുട്ടി ജീവനിലേക്കു തിരിച്ചുവന്നു. മകനെ തിരിച്ചുകിട്ടിയ ആ അമ്മയ്ക്ക് എന്തുമാത്രം സന്തോഷം തോന്നിക്കാണും! (2 രാജാക്കന്മാർ 4:32-37 വായിക്കുക.) ഹന്നയുടെ പ്രാർഥനയിലെ വാക്കുകൾ ആ സ്ത്രീയുടെ മനസ്സിലേക്ക് അപ്പോൾ വന്നിട്ടുണ്ടാകും. വന്ധ്യയായിരുന്ന ഹന്നയ്ക്കു ദൈവത്തിന്റെ അനുഗ്രഹത്താൽ ഒരു മകനുണ്ടായി. അവനെ വിശുദ്ധകൂടാരത്തിൽ സേവിക്കാൻ കൊണ്ടുവന്നപ്പോൾ ഹന്ന ഇങ്ങനെ പ്രാർഥിച്ചു: “യഹോവ . . . ശവക്കുഴിയിൽ ഇറക്കുന്നു, ഉയർത്തുകയും ചെയ്യുന്നു.” (1 ശമു. 2:6) അതെ, പുനരുത്ഥാനപ്പെടുത്താനുള്ള തന്റെ കഴിവ് തെളിയിച്ചുകൊണ്ട് ഒരു അക്ഷരീയ അർഥത്തിൽത്തന്നെ ശൂനേമിലെ ആ കുട്ടിയെ യഹോവ ‘ഉയർത്തി.’
9. ബൈബിളിൽ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ പുനരുത്ഥാനത്തിൽ എലീശ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു വിവരിക്കുക.
9 എന്നാൽ എലീശ ഉൾപ്പെട്ട അവസാനത്തെ പുനരുത്ഥാനമല്ലായിരുന്നു അത്. 50-ലധികം വർഷം ഒരു പ്രവാചകനായി സേവിച്ചശേഷം ‘എലീശയ്ക്ക് ഒരു രോഗം പിടിപെട്ട് മരിച്ചു.’ നാളുകൾ കടന്നുപോയി. എലീശയെ അടക്കിയ സ്ഥലത്ത് എലീശയുടെ അസ്ഥികൾ മാത്രം ബാക്കിയായി. ആ കാലത്ത് ഇസ്രായേലിന്റെ ശത്രുക്കളായ ഒരു സംഘം ദേശത്ത് വന്നു. അപ്പോൾ ചില ഇസ്രായേല്യർ ഒരാളുടെ ശവം അടക്കാനായി കൊണ്ടുപോകുകയായിരുന്നു. ശത്രുക്കൾ വരുന്നതു കണ്ടപ്പോൾ മൃതശരീരം എലീശയെ അടക്കിയ സ്ഥലത്തേക്ക് ഇട്ടിട്ട് അവർ ഓടിപ്പോയി. അപ്പോൾ എന്തു സംഭവിച്ചു? ബൈബിൾ ഇങ്ങനെ പറയുന്നു: “എലീശയുടെ അസ്ഥികളിൽ തട്ടിയതും മരിച്ച ആൾ ജീവൻ വെച്ച് എഴുന്നേറ്റുനിന്നു.” (2 രാജാ. 13:14, 20, 21) പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈ വിവരണങ്ങൾ ദൈവത്തിനു മരണത്തിന്റെ മേൽ അധികാരമുണ്ടെന്നു മാർത്തയ്ക്ക് ഉറപ്പു കൊടുത്തു. നമ്മുടെ കാര്യത്തിലോ? ദൈവത്തിന്റെ ശക്തിക്കു പരിധികളില്ലെന്ന് നമുക്കും ഉറപ്പു ലഭിക്കുന്നു.
ഒന്നാം നൂറ്റാണ്ടിൽ നടന്ന സംഭവങ്ങൾ
10. ഒരു ക്രിസ്തീയസഹോദരി മരിച്ചപ്പോൾ പത്രോസ് എന്തു ചെയ്തു?
10 ഗ്രീക്കുതിരുവെഴുത്തുകളിലും ദൈവത്തിന്റെ വിശ്വസ്തദാസർ പുനരുത്ഥാനം നടത്തിയതിനെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. നയിൻ പട്ടണത്തിന് അടുത്തുവെച്ചും യായീറൊസിന്റെ വീട്ടിൽവെച്ചും യേശു നടത്തിയ പുനരുത്ഥാനങ്ങളെക്കുറിച്ച് നമ്മൾ കണ്ടു. അപ്പോസ്തലനായ പത്രോസ് ക്രിസ്ത്യാനിയായ തബീഥയെ (ഡോർക്കസ്) ഉയിർപ്പിച്ചതാണു മറ്റൊന്ന്. തബീഥ മരിച്ചപ്പോൾ മൃതശരീരം ഇരുന്ന മുറിയിൽ പത്രോസ് എത്തി പ്രാർഥിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “തബീഥേ, എഴുന്നേൽക്ക്!” അവൾ ജീവനിലേക്കു വന്നു. പുനരുത്ഥാനത്തിൽ വന്ന തബീഥയെ സഹക്രിസ്ത്യാനികൾക്കു പത്രോസ് “കാണിച്ചുകൊടുത്തു.” അങ്ങനെ ഒരു സംഭവം നടന്നെന്ന് ആർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ സംഭവത്തെക്കുറിച്ച് കേട്ട “ധാരാളം പേർ കർത്താവിൽ വിശ്വസിച്ചു.” കർത്താവിനെക്കുറിച്ചും മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവയ്ക്കു കഴിവുണ്ടെന്നതിനെക്കുറിച്ചും സാക്ഷ്യം കൊടുക്കാൻ ആ പുതിയ ശിഷ്യന്മാർക്കു കഴിയുമായിരുന്നു.—പ്രവൃ. 9:36-42.
11. ഒരു യുവാവുമായി ബന്ധപ്പെട്ട എന്തു സംഭവമാണു വൈദ്യനായ ലൂക്കോസ് എഴുതിയത്, അതു മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചു?
11 മറ്റൊരു പുനരുത്ഥാനത്തിനും അനേകർ സാക്ഷികളായി. ഒരിക്കൽ അപ്പോസ്തലനായ പൗലോസ്, ഇന്നത്തെ തുർക്കിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ത്രോവാസിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിൽ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. പൗലോസിന്റെ പ്രസംഗം അർധരാത്രിവരെ നീണ്ടു. യൂത്തിക്കൊസ് എന്ന ഒരു യുവാവ് ജനൽപ്പടിയിൽ ഇരുന്ന് പ്രസംഗം കേൾക്കുകയായിരുന്നു. ഉറക്കത്തിൽ ആണ്ടുപോയ അവൻ മൂന്നാം നിലയിൽനിന്ന് താഴേക്കു വീണു. ഒരുപക്ഷേ വൈദ്യനായ ലൂക്കോസായിരിക്കാം ആദ്യം യൂത്തിക്കൊസിന്റെ അടുത്ത് എത്തിയത്. അവനെ പരിശോധിച്ചപ്പോൾ ലൂക്കോസിനു കാര്യം മനസ്സിലായി. വീഴ്ചയിൽ യൂത്തിക്കൊസിനു പരിക്കുപറ്റുകയോ ബോധം പോകുകയോ അല്ല ചെയ്തത്, യൂത്തിക്കൊസ് മരിച്ചു! അപ്പോഴേക്കും പൗലോസ് താഴെ ഇറങ്ങിവന്നിരുന്നു. യൂത്തിക്കൊസിനെ കെട്ടിപ്പിടിച്ച് അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇവന് ഇപ്പോൾ ജീവനുണ്ട്.” ആ അത്ഭുതം കണ്ടുനിന്നവരെ അത് എത്ര ആഴമായി സ്വാധീനിച്ചുകാണും! പുനരുത്ഥാനം നടന്നെന്നു മനസ്സിലായപ്പോൾ ആളുകൾക്കു “വലിയ ആശ്വാസമായി.”—പ്രവൃ. 20:7-12.
ഉറപ്പുള്ള ഒരു പ്രത്യാശ
12, 13. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈ ചർച്ചയിൽനിന്ന് എന്തൊക്കെ ചോദ്യങ്ങൾ മനസ്സിൽ വന്നേക്കാം?
12 ജീവദാതാവായ ദൈവത്തിനു മരിച്ചുപോയ വ്യക്തികളെ ജീവനിലേക്കു കൊണ്ടുവരാനുള്ള കഴിവുണ്ടെന്നു മാർത്തയ്ക്ക് ഉറപ്പുണ്ടായിരുന്നു. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈ വിവരണങ്ങൾ നമുക്കും അതേ ഉറപ്പ് തരേണ്ടതാണ്. എന്നാൽ ദൈവം അത്ഭുതങ്ങൾ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ആ പുനരുത്ഥാനങ്ങൾ നടന്നത്. മാത്രമല്ല ഏലിയയെയും യേശുവിനെയും പത്രോസിനെയും പോലെ ദൈവത്തിന്റെ ഒരു വിശ്വസ്തദാസൻ അപ്പോൾ സന്നിഹിതനുമായിരുന്നു. എന്നാൽ ചരിത്രത്തിലെ മറ്റു സമയങ്ങളിൽ മരിച്ചുപോയവരെക്കുറിച്ചെന്ത്? ആ കാലഘട്ടങ്ങളിൽ ദൈവം പുനരുത്ഥാനം നടത്തിയിട്ടില്ലാത്ത സ്ഥിതിക്ക്, പിന്നീട് എപ്പോഴെങ്കിലും പുനരുത്ഥാനം നടത്തുമെന്ന് അന്ന് ജീവിച്ചിരുന്ന വിശ്വസ്തരായ സ്ത്രീപുരുഷന്മാർക്കു പ്രതീക്ഷിക്കാനാകുമായിരുന്നോ? “അവസാനനാളിലെ പുനരുത്ഥാനത്തിൽ (എന്റെ ആങ്ങള) എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം” എന്നു പറഞ്ഞ മാർത്തയുടെ അതേ ഉറപ്പ് അവർക്കുണ്ടായിരുന്നോ? ഭാവിയിൽ ഒരു പുനരുത്ഥാനം നടക്കുമെന്ന് മാർത്ത വിശ്വസിച്ചത് എന്തുകൊണ്ട്?
13 പിന്നീട് ഒരു സമയത്ത് പുനരുത്ഥാനം നടക്കുമെന്ന് യഹോവയുടെ വിശ്വസ്തരായ ദാസർക്ക് അറിയാമായിരുന്നെന്നു കാണിക്കുന്ന മറ്റു പല ഭാഗങ്ങളും ബൈബിളിലുണ്ടെന്നതാണ് സത്യം. ചിലതു നമുക്കു നോക്കാം.
14. അബ്രാഹാമിനെക്കുറിച്ചുള്ള വിവരണം പുനരുത്ഥാനത്തെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
14 വർഷങ്ങൾ കാത്തിരുന്നശേഷമാണ് അബ്രാഹാമിനു യിസ്ഹാക്ക് ജനിക്കുന്നത്. യഹോവ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ യിസ്ഹാക്കിനെ . . . ദഹനയാഗമായി അർപ്പിക്കണം.” (ഉൽപ. 22:2) ആ കല്പന കേട്ടപ്പോൾ അബ്രാഹാമിനുണ്ടായ മനോവേദന ഒന്നു ഭാവനയിൽ കാണുക. അബ്രാഹാമിന്റെ സന്തതിയിലൂടെയാണ് എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടുന്നതെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. (ഉൽപ. 13:14-16; 18:18; റോമ. 4:17, 18) “യിസ്ഹാക്കിലൂടെയായിരിക്കും” അനുഗ്രഹം വരുന്നതെന്നും യഹോവ പറഞ്ഞിരുന്നു. (ഉൽപ. 21:12) എന്നാൽ അബ്രാഹാം യിസ്ഹാക്കിനെ യാഗമായി അർപ്പിച്ചാൽ ഈ വാഗ്ദാനങ്ങളൊക്കെ എങ്ങനെ നടപ്പാകും? മരിച്ചവരിൽനിന്ന് മകനെ ഉയിർപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന് അബ്രാഹാം വിശ്വസിച്ചിരുന്നെന്നു ദൈവപ്രചോദിതമായി പൗലോസ് എഴുതി. (എബ്രായർ 11:17-19 വായിക്കുക.) ആ കല്പന അനുസരിച്ചാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിലോ ഒരു ദിവസത്തിനുള്ളിലോ ഒരു ആഴ്ചയ്ക്കുള്ളിലോ യിസ്ഹാക്ക് ജീവനിലേക്കു വരുമെന്ന് അബ്രാഹാം കരുതിയതായി ബൈബിൾ പറയുന്നില്ല. യിസ്ഹാക്ക് എന്ന് പുനരുത്ഥാനത്തിലേക്കു വരുമെന്ന് അബ്രാഹാമിന് അറിയാൻ ഒരു മാർഗവുമില്ലായിരുന്നു. എന്നാൽ ഒരു കാര്യം അബ്രാഹാമിന് ഉറപ്പായിരുന്നു: യഹോവ യിസ്ഹാക്കിനെ പുനരുത്ഥാനപ്പെടുത്തുമെന്ന്.
15. ഗോത്രപിതാവായ ഇയ്യോബിന് എന്തു പ്രത്യാശയുണ്ടായിരുന്നു?
15 ഭാവിയിൽ നടക്കുന്ന ഒരു പുനരുത്ഥാനത്തിനായി നോക്കിയിരുന്ന മറ്റൊരാളാണു ഗോത്രപിതാവായ ഇയ്യോബ്. ഒരു കാര്യം അദ്ദേഹം ശ്രദ്ധിച്ചു. ഒരു മരം വെട്ടിയിട്ടാൽ പിന്നെയും പൊട്ടിക്കിളിർക്കും, ഒരു പുതിയ ചെടിപോലെ അതു വളർന്നുവരും. എന്നാൽ മനുഷ്യന്റെ കാര്യം അങ്ങനെയല്ല. (ഇയ്യോ. 14:7-12; 19:25-27) ഒരു മനുഷ്യൻ മരിച്ചാൽ ശവക്കുഴിയിൽനിന്ന് സ്വയം ജീവൻ പ്രാപിച്ചുവരാൻ അയാൾക്കു കഴിയില്ല. (2 ശമു. 12:23; സങ്കീ. 89:48) പക്ഷേ, ദൈവത്തിന് ആരെ വേണമെങ്കിലും പുനരുത്ഥാനപ്പെടുത്താനുള്ള കഴിവുണ്ട്. വാസ്തവത്തിൽ, ഇയ്യോബിനെ ഓർക്കാൻ യഹോവ ഒരു സമയം നിശ്ചയിക്കുമെന്ന് ഇയ്യോബ് പ്രതീക്ഷിച്ചു. (ഇയ്യോബ് 14:13-15 വായിക്കുക.) ഭാവിയിൽ എപ്പോഴാണ് ആ സമയമെന്ന് ഇയ്യോബിന് അറിയില്ലായിരുന്നു. എന്നാൽ, മനുഷ്യജീവൻ സൃഷ്ടിച്ച ദൈവത്തിനു മരിച്ചുപോയ ഒരാളെ ഓർക്കാനും അയാളെ ജീവനിലേക്കു കൊണ്ടുവരാനും കഴിയുമെന്നു മാത്രമല്ല, അതു ചെയ്യുമെന്നും ഇയ്യോബിന് ഉറപ്പുണ്ടായിരുന്നു.
16. ഒരു ദൂതൻ ദാനിയേൽ പ്രവാചകനെ എങ്ങനെയാണു പ്രോത്സാഹിപ്പിച്ചത്?
16 എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തനായ മറ്റൊരു വ്യക്തിയാണു ദാനിയേൽ. പതിറ്റാണ്ടുകളോളം ദാനിയേൽ ദൈവത്തെ വിശ്വസ്തമായി സേവിച്ചു. യഹോവ ദാനിയേലിന് ആവശ്യമായ പിന്തുണ കൊടുക്കുകയും ചെയ്തു. ഒരിക്കൽ ഒരു ദൂതൻ ദാനിയേലിനെ ‘എത്രയും പ്രിയപ്പെട്ടവൻ’ എന്നു വിളിക്കുകയും ധൈര്യമുള്ളവനായിരിക്കാനും സമാധാനത്തോടിരിക്കാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.—ദാനി. 9:22, 23; 10:11, 18, 19.
17, 18. ഭാവിയെക്കുറിച്ച് ദൈവം ദാനിയേലിന് എന്തു വാക്കു കൊടുത്തു?
17 ദാനിയേലിന് 100 വയസ്സിന് അടുത്തായി. ജീവിതയാത്ര അതിന്റെ അവസാനത്തോട് അടുത്തു. തനിക്കായി ദൈവം എന്തു ഭാവിയാണ് കരുതിവെച്ചിരിക്കുന്നത് എന്നു ദാനിയേൽ ചിന്തിച്ചുകാണും. അദ്ദേഹം വീണ്ടും ജീവിക്കുമോ? തീർച്ചയായും. ദൈവം അദ്ദേഹത്തിനു കൊടുത്ത ഈ ഉറപ്പു ദാനിയേൽ പുസ്തകത്തിന്റെ അവസാനം നമ്മൾ വായിക്കുന്നു: ‘നീയോ അവസാനംവരെ ഉറച്ചുനിൽക്കുക. നീ വിശ്രമിക്കും.’ (ദാനി. 12:13) ശവക്കുഴിയിൽ “ആസൂത്രണവും അറിവും ജ്ഞാനവും” ഒന്നുമില്ലെന്നും മരിച്ചവർ അവിടെ വിശ്രമിക്കുകയാണെന്നും വൃദ്ധനായ ദാനിയേലിന് അറിയാമായിരുന്നു. ഉടൻതന്നെ ദാനിയേലിന്റെ അവസ്ഥയും അതുതന്നെയാകുമായിരുന്നു. (സഭാ. 9:10) പക്ഷേ അതോടെ എല്ലാം അവസാനിക്കില്ലായിരുന്നു. യഹോവ ദാനിയേലിനു മഹത്തായ ഒരു വാഗ്ദാനം കൊടുത്തു.
18 ദാനിയേൽ പ്രവാചകനുള്ള സന്ദേശം ഇങ്ങനെ തുടർന്നു: “കാത്തിരിപ്പിന്റെ കാലം കഴിയുമ്പോൾ നിന്റെ ഓഹരിക്കായി നീ എഴുന്നേൽക്കും.” പക്ഷേ ഒരു തീയതിയോ ആ കാത്തിരിപ്പ് എത്ര കാലം നീണ്ടുനിൽക്കുമെന്നോ ഒന്നും ദാനിയേലിനോടു പറഞ്ഞില്ല. ദാനിയേൽ മരിച്ച് ‘വിശ്രമിക്കുമായിരുന്നു.’ എങ്കിലും ‘ഓഹരിക്കായി ദാനിയേൽ എഴുന്നേൽക്കും’ എന്ന വാക്കുകൾ ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു പുനരുത്ഥാനത്തിലേക്കു വിരൽചൂണ്ടി. അതു പക്ഷേ, ‘കാത്തിരിപ്പിന്റെ കാലം കഴിയുമ്പോഴായിരിക്കും.’ അതായത്, ദാനിയേൽ മരിച്ച് കുറെ കാലം കഴിഞ്ഞ്.
19, 20. (എ) യേശുവിനോടു മാർത്ത പറഞ്ഞ വാക്കുകൾ ഇതുവരെ നമ്മൾ ചർച്ച ചെയ്ത വിവരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
19 അതുകൊണ്ട് വിശ്വസ്തനായ ലാസർ ‘അവസാനനാളിലെ പുനരുത്ഥാനത്തിൽ എഴുന്നേറ്റുവരുമെന്നു’ വിശ്വസിക്കാൻ മാർത്തയ്ക്കു കാരണങ്ങളുണ്ടായിരുന്നു. ദാനിയേലിനു കൊടുത്ത വാഗ്ദാനവും മാർത്തയുടെ വിശ്വാസത്തോടെയുള്ള വാക്കുകളും ഇന്നു ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികൾക്ക് ഈ ഉറപ്പേകണം: പുനരുത്ഥാനം, അതു സംഭവിക്കുകതന്നെ ചെയ്യും.
20 കഴിഞ്ഞ കാലത്ത് നടന്ന യഥാർഥസംഭവങ്ങളിൽനിന്ന് നമ്മൾ ഒരു കാര്യം മനസ്സിലാക്കി: പുനരുത്ഥാനം സാധ്യമാണ്, മരിച്ചുപോയവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ കഴിയും. അതുപോലെ, പിന്നീട് ഒരു സമയത്ത് പുനരുത്ഥാനം നടക്കുമെന്ന് വിശ്വസ്തരായ സ്ത്രീപുരുഷന്മാർ പ്രതീക്ഷിച്ചെന്നു നമ്മൾ പഠിച്ചു. പക്ഷേ വാഗ്ദാനം ചെയ്ത് വളരെ നാളുകൾക്കു ശേഷം പുനരുത്ഥാനം നടക്കുമെന്നതിനു എന്തെങ്കിലും തെളിവുണ്ടോ? ഉണ്ടെങ്കിൽ മാർത്ത കാത്തിരുന്നതുപോലെ ഭാവിയിലെ പുനരുത്ഥാനത്തിനായി കാത്തിരിക്കാൻ അതു നമുക്കു കൂടുതലായ കാരണങ്ങൾ തരും. ഭാവിയിൽ ആ പുനരുത്ഥാനം എപ്പോഴായിരിക്കും സംഭവിക്കുക? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പഠിക്കും.