അധ്യായം അഞ്ച്
അവരുടെ വിശ്വാസം കഠിന പരിശോധനയെ അതിജീവിച്ചു
1. ദൈവത്തോടും മാതൃദേശത്തോടുമുള്ള ഭക്തി സംബന്ധിച്ച് അനേകർ എന്തു വിചാരിക്കുന്നു?
നിങ്ങളുടെ ഭക്തി ആർക്കു നൽകണം, ദൈവത്തിനോ നിങ്ങൾ വസിക്കുന്ന ദേശത്തിനോ? ‘ദൈവത്തെയും ദേശത്തെയും ഞാൻ ആദരിക്കുന്നു. എന്റെ മതം അനുശാസിക്കുന്നത് അനുസരിച്ച് ഞാൻ ദൈവത്തെ ആരാധിക്കുന്നു; അതേസമയം, എന്റെ മാതൃരാജ്യത്തോടു ഞാൻ കൂറു പുലർത്തുന്നു’ എന്ന് അനേകരും ഉത്തരം പറയുന്നു.
2. ബാബിലോൺ രാജാവ് മത-രാഷ്ട്രീയ നേതാവ് ആയിരുന്നത് എപ്രകാരം?
2 മതഭക്തിയെയും ദേശഭക്തിയെയും തമ്മിൽ വേർതിരിക്കുന്ന അതിര് ഇന്ന് അവ്യക്തമായിരിക്കാം. എന്നാൽ പുരാതന ബാബിലോണിലാണെങ്കിൽ അങ്ങനെയൊരു അതിരേ ഇല്ലായിരുന്നു. ഭരണ-മത കാര്യങ്ങൾ കെട്ടുപിണഞ്ഞു കിടന്നിരുന്നതിനാൽ ചില അവസരങ്ങളിൽ അവ വേർതിരിച്ച് അറിയാൻ കഴിയുമായിരുന്നില്ല എന്നതാണു വാസ്തവം. പ്രൊഫസർ ചാൾസ് എഫ്. ഫെഫർ എഴുതുന്നു: “പുരാതന ബാബിലോണിൽ രാജാവ് മഹാപുരോഹിതനായും രാജ്യ ഭരണാധിപനായും സേവിച്ചിരുന്നു. അദ്ദേഹം യാഗങ്ങൾ അർപ്പിക്കുകയും തന്റെ പ്രജകളുടെ മത ജീവിതം നിർണയിക്കുകയും ചെയ്തിരുന്നു.”
3. നെബൂഖദ്നേസർ ഒരു തികഞ്ഞ മതഭക്തൻ ആയിരുന്നെന്നു പ്രകടമാക്കുന്നത് എന്ത്?
3 നെബൂഖദ്നേസർ രാജാവിന്റെ കാര്യം പരിചിന്തിക്കുക. അവന്റെ പേരിന്റെ അർഥം തന്നെ “ഓ നെബോ, അവകാശിയെ സംരക്ഷിക്കേണമേ!” എന്നാണ്. ജ്ഞാനത്തിന്റെയും കൃഷിയുടെയും ബാബിലോണിയൻ ദേവനായിരുന്നു നെബോ. നെബൂഖദ്നേസർ ഒരു തികഞ്ഞ മതഭക്തൻ ആയിരുന്നു. മുമ്പു പ്രസ്താവിച്ചതുപോലെ, പ്രധാനമായും ഒരു മർദൂക്ക് ഭക്തനായിരുന്ന അവൻ നിരവധി ബാബിലോണിയൻ ദേവന്മാർക്കു ക്ഷേത്രങ്ങൾ പണിയുകയും അവ മോടിപിടിപ്പിക്കുകയും ചെയ്തു. തന്റെ സൈനിക വിജയങ്ങൾക്ക് അവൻ മർദൂക്കിനു ബഹുമതി നൽകി.a നെബൂഖദ്നേസർ തന്റെ യുദ്ധ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഭാവികഥനവിദ്യയെ ഏറെ ആശ്രയിച്ചിരുന്നതായും കാണപ്പെടുന്നു.—യെഹെസ്കേൽ 21:18-23.
4. ബാബിലോണിലെ മതാന്തരീക്ഷം വിവരിക്കുക.
4 വാസ്തവത്തിൽ മുഴു ബാബിലോണിലും മതപരമായ ഒരു അന്തരീക്ഷം നിലവിലിരുന്നു. ത്രിത്വ ദേവന്മാരായ അനു (ആകാശ ദേവൻ), എൻലിൽ (ഭൂമി, വായു, കൊടുങ്കാറ്റ് എന്നിവയുടെ ദേവൻ), ഈയാ (ജലദേവൻ) എന്നിവർ ഉൾപ്പെടെ വലിയൊരു ഗണം ദേവീദേവന്മാർ ആരാധിക്കപ്പെടുന്ന 50-ലധികം ക്ഷേത്രങ്ങൾ ഉള്ളതായി ആ നഗരം വീമ്പിളക്കി. സിൻ (ചന്ദ്രദേവൻ), ഷമാഷ് (സൂര്യദേവൻ), ഇഷ്ടാർ (ഫലപുഷ്ടിയുടെ ദേവത) എന്നിവർ ചേർന്ന മറ്റൊരു ത്രിത്വവും ഉണ്ടായിരുന്നു. മന്ത്രവാദം, ആഭിചാരം, ജ്യോതിഷം എന്നിവ ബാബിലോണിയൻ ആരാധനയിൽ ഒരു മുഖ്യ പങ്കുവഹിച്ചു.
5. ബാബിലോണിലെ മതാന്തരീക്ഷം യഹൂദ പ്രവാസികൾക്ക് എന്തു വെല്ലുവിളി ഉയർത്തി?
5 അനേക ദേവന്മാരെ പൂജിച്ചിരുന്ന ആളുകളുടെ ഇടയിലെ വാസം യഹൂദ പ്രവാസികൾക്ക് ഒരു ഭയങ്കര വെല്ലുവിളി ഉയർത്തി. അത്യുന്നത നിയമദാതാവിന് എതിരെ മത്സരിക്കാൻ തീരുമാനിച്ചാൽ ദാരുണമായ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്നു നൂറ്റാണ്ടുകൾക്കു മുമ്പു മോശെ ഇസ്രായേല്യർക്കു മുന്നറിയിപ്പു നൽകിയിരുന്നു. മോശെ അവരോടു പറഞ്ഞു: “യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും [“സേവിക്കേണ്ടിവരും,” NW].”—ആവർത്തനപുസ്തകം 28:15, 36.
6. ബാബിലോണിലെ ജീവിതം ദാനീയേലിനും ഹനന്യാവിനും മീശായേലിനും അസര്യാവിനും ഒരു പ്രത്യേക വെല്ലുവിളി ഉയർത്തിയത് എന്തുകൊണ്ട്?
6 ഇപ്പോൾ യഹൂദന്മാർ മുൻകൂട്ടി പറയപ്പെട്ട ആ സ്ഥിതിവിശേഷത്തിലായി. യഹോവയോടു നിർമലത പാലിക്കുക ബുദ്ധിമുട്ട് ആയിരിക്കുമായിരുന്നു, വിശേഷിച്ച് ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക്. ഗവൺമെന്റു സേവനങ്ങൾക്കായുള്ള പരിശീലനത്തിനു വിശേഷാൽ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു ആ നാല് എബ്രായ യുവാക്കൾ. (ദാനീയേൽ 1:3-5) സാധ്യതയനുസരിച്ച് അവരെ പുതിയ ചുറ്റുപാടുകളോട് അനുരൂപരാക്കാൻ അവർക്കു യഥാക്രമം ബേൽത്ത്ശസ്സർ, ശദ്രക്ക്, മേശക്ക്, അബേദ്-നെഗോ എന്നീ ബാബിലോണിയൻ പേരുകൾ നൽകുകപോലും ചെയ്തെന്ന് ഓർമിക്കുക.b ദേശത്തെ ദേവന്മാരെ ആരാധിക്കാനുള്ള ഏതൊരു വിസമ്മതവും, അവരുടെ ഉന്നത സ്ഥാനങ്ങൾ നിമിത്തം എളുപ്പം ശ്രദ്ധിക്കപ്പെടുമായിരുന്നു—രാജ്യദ്രോഹമായി പോലും കരുതപ്പെടുമായിരുന്നു.
ഒരു സ്വർണ ബിംബം ഭീഷണി ഉയർത്തുന്നു
7. (എ) നെബൂഖദ്നേസർ സ്ഥാപിച്ച ബിംബത്തെ വർണിക്കുക. (ബി) അതിന്റെ പിന്നിലെ ലക്ഷ്യം എന്തായിരുന്നു?
7 തെളിവ് അനുസരിച്ച്, തന്റെ സാമ്രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ നെബൂഖദ്നേസർ ദൂരാ സമഭൂമിയിൽ ഒരു സ്വർണ ബിംബം സ്ഥാപിച്ചു. അതിന് 60 മുഴം (27 മീറ്റർ) ഉയരവും 6 മുഴം (2.7 മീറ്റർ) വീതിയും ഉണ്ടായിരുന്നു.c ആ ബിംബം വെറുമൊരു സ്തംഭമോ സമചതുര സ്തൂപമോ ആയിരുന്നെന്നു ചിലർ വിചാരിക്കുന്നു. ഒരുപക്ഷേ നെബൂഖദ്നേസരിനെത്തന്നെയോ നെബോ ദേവനെയോ പ്രതിനിധാനം ചെയ്ത മനുഷ്യ സാദൃശ്യത്തിലുള്ള ഒരു വലിയ ബിംബം സ്ഥിതി ചെയ്തിരുന്ന വളരെ ഉയർന്ന ഒരു പീഠം അതിന് ഉണ്ടായിരുന്നിരിക്കാം. വാസ്തവം എന്തുതന്നെ ആയിരുന്നാലും, ഈ പടുകൂറ്റൻ സ്മാരകം ബാബിലോണിയൻ സാമ്രാജ്യത്തിന്റെ ഒരു ചിഹ്നം ആയിരുന്നു. അതിനെ ആ നിലയിൽ കണക്കാക്കുകയും പൂജിക്കുകയും ചെയ്യണമായിരുന്നു.—ദാനീയേൽ 3:1.
8. (എ) ബിംബത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കപ്പെട്ടത് ആരെല്ലാം, സന്നിഹിതരായിരുന്ന എല്ലാവരും എന്തു ചെയ്യണമായിരുന്നു? (ബി) ബിംബത്തിനു മുന്നിൽ കുമ്പിടാൻ വിസമ്മതിക്കുന്നതിന്റെ ശിക്ഷ എന്തായിരുന്നു?
8 ആയതിനാൽ, നെബൂഖദ്നേസർ ഒരു ഉദ്ഘാടന ചടങ്ങു ക്രമീകരിച്ചു. തന്റെ പ്രധാനദേശാധിപന്മാർ, സ്ഥാനപതിമാർ, ദേശാധിപന്മാർ, ന്യായാധിപന്മാർ, ഭണ്ഡാരവിചാരകന്മാർ, മന്ത്രിമാർ, നഗരാധിപന്മാർ എന്നിവരെയും സകല സംസ്ഥാനപാലകന്മാരെയും അവൻ ഒന്നിച്ചു കൂട്ടി. അപ്പോൾ ഒരു ഘോഷകൻ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ: കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണു, നെബൂഖദ്നേസർരാജാവു നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കേണം. ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.”—ദാനീയേൽ 3:2-6.
9. നെബൂഖദ്നേസർ നിർത്തിയ ബിംബത്തിനു മുന്നിൽ കുമ്പിടുന്നതു പ്രത്യക്ഷത്തിൽ എന്ത് അർഥമാക്കി?
9 യഹോവയ്ക്കുള്ള തങ്ങളുടെ ആരാധനയിൽ വിട്ടുവീഴ്ച ചെയ്യാൻ യഹൂദന്മാരെ നിർബന്ധിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടാണ് നെബൂഖദ്നേസർ ഈ ചടങ്ങു ക്രമീകരിച്ചതെന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ അതു ശരിയായിരിക്കാൻ ഇടയില്ല. കാരണം തെളിവ് അനുസരിച്ച്, ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരെ മാത്രമേ ആ ചടങ്ങിനു ക്ഷണിച്ചിരുന്നുള്ളൂ. അങ്ങനെയാകുമ്പോൾ, യഹൂദന്മാരിൽ ഗവൺമെന്റ് സ്ഥാനങ്ങളിൽ സേവിച്ചിരുന്നവർ മാത്രമേ അവിടെ സന്നിഹിതർ ആകുമായിരുന്നുള്ളൂ. ആയതിനാൽ, ബിംബത്തിന്റെ മുന്നിൽ കുമ്പിടുന്നതു ഭരണ വർഗത്തിന്റെ ഐക്യദാർഢ്യം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു ചടങ്ങ് ആയിരുന്നെന്നു തോന്നുന്നു. പണ്ഡിതനായ ജോൺ എഫ്. വാൽവൂർഡ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഉദ്യോഗസ്ഥന്മാരുടെ ആ അണിനിരത്തൽ, ഒരു വശത്ത്, നെബൂഖദ്നേസരിന്റെ സാമ്രാജ്യ ശക്തിയുടെ സംതൃപ്തിജനകമായ ഒരു പ്രകടനവും മറുവശത്ത്, തങ്ങൾക്കു വിജയം നേടിത്തന്നവർ എന്ന് അവർ വിചാരിച്ച ദേവീദേവന്മാർക്കുള്ള അംഗീകാരമെന്ന നിലയിൽ പ്രാധാന്യം അർഹിക്കുന്നതും ആയിരുന്നു.”
യഹോവയുടെ ദാസന്മാർ വിട്ടുവീഴ്ചയ്ക്കു വിസമ്മതിക്കുന്നു
10. നെബൂഖദ്നേസരിന്റെ കൽപ്പന അനുസരിക്കാൻ യഹൂദർ അല്ലാത്തവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുമായിരുന്നില്ലാഞ്ഞത് എന്തുകൊണ്ട്?
10 വ്യത്യസ്ത പാലക ദേവന്മാരുടെ ഭക്തർ ആയിരുന്നെങ്കിലും, നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുന്നിൽ കൂടിവന്ന മിക്കവർക്കും ബിംബത്തെ നമസ്കരിക്കാൻ മനസ്സാക്ഷിപരമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. “അവരുടെ കാര്യത്തിൽ വിഗ്രഹാരാധന ഒരു പുതുമ അല്ലായിരുന്നു, ഒരു ദേവനെ ആരാധിക്കുന്നതു മറ്റൊരു ദേവനെ നമസ്കരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞിരുന്നതുമില്ല” എന്ന് ഒരു ബൈബിൾ പണ്ഡിതൻ വിശദീകരിച്ചു. അദ്ദേഹം തുടർന്നു: “അനേകം ദേവന്മാർ ഉണ്ടെന്നുള്ള വിഗ്രഹാരാധികളുടെ പൊതു വീക്ഷണവുമായി അതു യോജിപ്പിലായിരുന്നു . . . ഏതൊരു ജനതയുടെയോ രാജ്യത്തിന്റെയോ ദേവനെ പൂജിക്കുന്നത് അനുചിതം ആയിരുന്നില്ല.”
11. ശദ്രക്കും മേശക്കും അബേദ്നെഗോവും ബിംബത്തിന്റെ മുന്നിൽ കുമ്പിടാൻ വിസമ്മതിച്ചത് എന്തുകൊണ്ട്?
11 എന്നാൽ യഹൂദന്മാരുടെ കാര്യത്തിൽ സംഗതി വ്യത്യസ്തം ആയിരുന്നു. അവരുടെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിച്ചിരുന്നു: “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.” (പുറപ്പാടു 20:4, 5) അതുകൊണ്ട്, സംഗീതം ആരംഭിക്കുകയും സമ്മേളിതർ ബിംബത്തിന്റെ മുമ്പാകെ കുമ്പിടുകയും ചെയ്തപ്പോൾ ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്ന് എബ്രായ യുവാക്കൾ കുമ്പിടാതെ നിന്നു.—ദാനീയേൽ 3:7.
12. ചില കൽദയർ മൂന്ന് എബ്രായരുടെ മേൽ എന്തു കുറ്റം ചുമത്തി, എന്തുകൊണ്ട്?
12 മൂന്ന് എബ്രായ ഉദ്യോഗസ്ഥന്മാർ ബിംബത്തെ ആരാധിക്കാൻ വിസമ്മതിച്ചതു ചില കൽദയരെ കോപാകുലരാക്കി. ഉടനടി അവർ രാജാവിനെ സമീപിച്ച് “യെഹൂദന്മാരെ കുററം ചുമത്തി.”d വിശദീകരണം ആരായാൻ അവർക്കു താത്പര്യം ഇല്ലായിരുന്നു. ആ എബ്രായർ അഭക്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷിക്കപ്പെടണം എന്ന ആഗ്രഹത്തോടെ ആരോപകർ പറഞ്ഞു: “ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.”—ദാനീയേൽ 3:8-12.
13, 14. ശദ്രക്കും മേശക്കും അബേദ്നെഗോവും സ്വീകരിച്ച ഗതിയോടു നെബൂഖദ്നേസർ പ്രതികരിച്ചത് എങ്ങനെ?
13 ആ മൂന്ന് എബ്രായർ തന്റെ കൽപ്പന അനുസരിക്കാതിരുന്നതു നെബൂഖദ്നേസരിനെ എത്ര നിരാശിതൻ ആക്കിയിരിക്കണം! ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബിലോണിയൻ സാമ്രാജ്യത്തിന്റെ വിശ്വസ്ത വക്താക്കൾ ആക്കി മാറ്റുന്നതിൽ അവൻ വിജയിച്ചില്ലെന്നു വ്യക്തമായിരുന്നു. അവൻ അവരെ കൽദയ ജ്ഞാനം അഭ്യസിപ്പിച്ചതല്ലായിരുന്നോ? എന്തിന്, അവൻ അവരുടെ പേരു പോലും മാറ്റിയിരുന്നു! എന്നാൽ, ഉത്കൃഷ്ടമെന്നു തോന്നിയ വിദ്യാഭ്യാസം അവരെ ഒരു പുതിയ ആരാധനാ രീതി പഠിപ്പിക്കുമെന്നോ പേരുകൾ മാറ്റുന്നത് അവരുടെ വ്യക്തിത്വത്തെ തന്നെ മാറ്റുമെന്നോ നെബൂഖദ്നേസർ കരുതിയിരുന്നു എങ്കിൽ, അവന് അങ്ങേയറ്റം പിശകു പറ്റിയിരുന്നു. ശദ്രക്കും മേശക്കും അബേദ്നെഗോവും യഹോവയുടെ വിശ്വസ്ത ദാസന്മാരായി നിലകൊണ്ടു.
14 നെബൂഖദ്നേസർ ക്രുദ്ധനായി. തത്ക്ഷണം അവൻ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിച്ചു വരുത്തി. അവൻ ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ?” നെബൂഖദ്നേസർ ഈ വാക്കുകൾ ഉച്ചരിച്ചതു തികഞ്ഞ അവിശ്വാസത്തോടെ ആയിരുന്നു എന്നതിനു തെല്ലും സംശയമില്ല. ‘സുബോധമുള്ള മൂന്നു പുരുഷന്മാർക്ക് ഇത്ര വ്യക്തവും അനുസരണക്കേടിന് ഇത്ര കഠിനമായ ശിക്ഷ ലഭിക്കുന്നതുമായ ഒരു കൽപ്പന എങ്ങനെ അവഗണിക്കാൻ കഴിയും?’ എന്ന് അവൻ ന്യായവാദം ചെയ്തിട്ടുണ്ടാകണം.—ദാനീയേൽ 3:13, 14.
15, 16. മൂന്ന് എബ്രായർക്ക് നെബൂഖദ്നേസർ എന്ത് അവസരം വെച്ചുനീട്ടി?
15 ആ മൂന്ന് എബ്രായർക്ക് ഒരു അവസരം കൂടെ നൽകാൻ നെബൂഖദ്നേസർ ഒരുക്കമായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?”—ദാനീയേൽ 3:15.
16 (ദാനീയേൽ 2-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന) സ്വപ്നത്തിൽ കണ്ട ബിംബത്തെ കുറിച്ചുള്ള പാഠം നെബൂഖദ്നേസരിന്റെ മനസ്സിലും ഹൃദയത്തിലും ആഴമായ യാതൊരു മതിപ്പും ഉളവാക്കിയിരുന്നില്ലെന്നു പ്രകടമാണ്. “നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും . . . ആകുന്നു” എന്ന ദാനീയേലിനോടുള്ള സ്വന്തം പ്രസ്താവന അവൻ മറന്നുപോയിരിക്കണം. (ദാനീയേൽ 2:47) എബ്രായർക്കു വരാനിരിക്കുന്ന ശിക്ഷയിൽനിന്ന് അവരെ രക്ഷിക്കാൻ യഹോവയ്ക്കു പോലും സാധിക്കില്ലെന്നു പറഞ്ഞുകൊണ്ടു നെബൂഖദ്നേസർ ഇപ്പോൾ യഹോവയെ വെല്ലുവിളിക്കുക ആയിരുന്നുവെന്നു തോന്നുന്നു.
17. ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിന്റെ വാഗ്ദാനത്തോട് എങ്ങനെ പ്രതികരിച്ചു?
17 ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും കാര്യങ്ങൾ പുനഃപരിശോധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അവർ ഉടനടി ഇങ്ങനെ പ്രതിവചിച്ചു: “നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും.”—ദാനീയേൽ 3:16-18.
എരിയുന്ന തീച്ചൂളയിലേക്ക്!
18, 19. മൂന്ന് എബ്രായരെ തീച്ചൂളയിൽ എറിഞ്ഞപ്പോൾ എന്തു സംഭവിച്ചു?
18 ചൂള പതിവിലും ഏഴു മടങ്ങു ചൂടു പിടിപ്പിക്കാൻ കോപാകുലനായ നെബൂഖദ്നേസർ തന്റെ ദാസന്മാരോടു കൽപ്പിച്ചു. എന്നിട്ട് അവൻ “മഹാബലവാന്മാരായ ചില പുരുഷന്മാരോടു” ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബന്ധിച്ച് “എരിയുന്ന തീച്ചൂളയിൽ” എറിയാൻ കൽപ്പിച്ചു. ആ മൂന്ന് എബ്രായരെ ബന്ധിച്ചു തീയിൽ എറിഞ്ഞുകൊണ്ട് അവർ രാജകൽപ്പന അനുസരിച്ചു. പെട്ടെന്ന് കത്തിക്കരിയാൻ വേണ്ടി ആയിരുന്നിരിക്കാം, വസ്ത്രങ്ങളൊന്നും ഊരിമാറ്റാതെ അവരെ തീയിൽ എറിഞ്ഞത്. എന്നാൽ, അഗ്നിജ്വാലയാൽ കൊല്ലപ്പെട്ടത് നെബൂഖദ്നേസരിന്റെ വിശ്വസ്ത സേവകർ ആയിരുന്നു.—ദാനീയേൽ 3:19-22.
19 എന്നാൽ, അസാധാരണമായ ചിലതു സംഭവിക്കുകയായിരുന്നു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീച്ചൂളയുടെ മധ്യത്തിൽ ആയിരുന്നെങ്കിലും തീജ്വാല അവരെ ദഹിപ്പിച്ചുകളഞ്ഞില്ല. നെബൂഖദ്നേസരിന്റെ ആശ്ചര്യം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! അവരെ ദൃഢമായി ബന്ധിച്ച് കത്തിജ്വലിക്കുന്ന തീയിൽ എറിഞ്ഞിരുന്നു, എന്നാൽ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്തിന്, അവർ തീയിൽ സ്വതന്ത്രരായി നടക്കുകയായിരുന്നു! എന്നാൽ നെബൂഖദ്നേസർ മറ്റൊന്നു കൂടെ നിരീക്ഷിച്ചു. “നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു” എന്ന് അവൻ തന്റെ ഉന്നത രാജകീയ ഉദ്യോഗസ്ഥന്മാരോടു ചോദിച്ചു. “സത്യം തന്നേ രാജാവേ,” അവർ പ്രതിവചിച്ചു. നെബൂഖദ്നേസർ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു.”—ദാനീയേൽ 3:23-25.
20, 21. (എ) ശദ്രക്കും മേശക്കും അബേദ്നെഗോവും തീച്ചൂളയിൽനിന്നു പുറത്തു വന്നപ്പോൾ നെബൂഖദ്നേസർ അവരിൽ എന്തു നിരീക്ഷിച്ചു? (ബി) എന്തു സമ്മതിക്കാൻ നെബൂഖദ്നേസർ നിർബന്ധിതനായി?
20 നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ എത്തി. “അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരുവിൻ,” അവൻ വിളിച്ചുപറഞ്ഞു. ആ മൂന്ന് എബ്രായർ തീയുടെ നടുവിൽനിന്നു പുറത്തുവന്നു. പ്രധാനദേശാധിപതിമാരും സ്ഥാനപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും ഉൾപ്പെടെ ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായ എല്ലാവരും അമ്പരന്നുപോയി എന്നതിൽ തെല്ലും സംശയമില്ല. എന്തിന്, ആ മൂന്ന് യുവാക്കൾ തീച്ചൂളയിൽ പ്രവേശിച്ചു പോലുമില്ലെന്നു തോന്നി! അവരെ തീയുടെ മണം പോലും തട്ടിയിരുന്നില്ല. തലയിലെ ഒരു മുടിപോലും കരിഞ്ഞതുമില്ല.—ദാനീയേൽ 3:26, 27.
21 യഹോവ അത്യുന്നത ദൈവമാണെന്നു സമ്മതിക്കാൻ നെബൂഖദ്നേസർ രാജാവ് ഇപ്പോൾ നിർബന്ധിതനായി. അവൻ പ്രഖ്യാപിച്ചു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.” എന്നിട്ട് അവൻ ശക്തമായ ഈ മുന്നറിയിപ്പു നൽകി: “ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറെറാരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെററും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു.” തുടർന്ന് ആ മൂന്ന് എബ്രായർക്ക് വീണ്ടും രാജകീയ അംഗീകാരവും “ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങ”ളും ലഭിച്ചു.”—ദാനീയേൽ 3:28-30.
വിശ്വാസവും കഠിന പരിശോധനയും ഇന്ന്
22. യഹോവയുടെ ഇന്നത്തെ ആരാധകർ ശദ്രക്കും മേശക്കും അബേദ്നെഗോവും നേരിട്ടതിനോടു സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നത് എങ്ങനെ?
22 ശദ്രക്കും മേശക്കും അബേദ്നെഗോവും നേരിട്ടതിനോടു സമാനമായ സാഹചര്യങ്ങളെ യഹോവയുടെ ആരാധകർ ഇന്ന് അഭിമുഖീകരിക്കുന്നു. ദൈവജനം അക്ഷരീയ അർഥത്തിൽ പ്രവാസികൾ അല്ലായിരിക്കാം എന്നതു സത്യം തന്നെ. എന്നാൽ, തന്റെ അനുഗാമികൾ ‘ലോകത്തിന്റെ ഭാഗമല്ലെ’ന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:14, NW) തങ്ങൾക്കു ചുറ്റുമുള്ള തിരുവെഴുത്തു വിരുദ്ധമായ ആചാരങ്ങളും മനോഭാവങ്ങളും നടപടികളും സ്വീകരിക്കുന്നില്ല എന്ന അർഥത്തിൽ അവർ “പരദേശികൾ” ആണ്. പൗലൊസ് അപ്പൊസ്തലൻ എഴുതിയതുപോലെ ക്രിസ്ത്യാനികൾ “ഈ ലോകത്തിന്നു അനുരൂപമാകാ”തിരിക്കേണ്ടതുണ്ട്.—റോമർ 12:2.
23. മൂന്ന് എബ്രായർ അചഞ്ചലത പ്രകടമാക്കിയത് എങ്ങനെ, ഇന്നു ക്രിസ്ത്യാനികൾക്ക് അവരുടെ ദൃഷ്ടാന്തം എങ്ങനെ പിൻപറ്റാൻ കഴിയും?
23 ആ മൂന്ന് എബ്രായർ ബാബിലോണിയൻ വ്യവസ്ഥയ്ക്കു അനുരൂപരാകാൻ വിസമ്മതിച്ചു. കൽദയ ജ്ഞാനത്തിലുള്ള സമഗ്ര പ്രബോധനം പോലും അവരെ വ്യതിചലിപ്പിച്ചില്ല. ആരാധനയുടെ കാര്യത്തിലുള്ള അവരുടെ നിലപാടു ചർച്ചചെയ്ത് മാറ്റം വരുത്താവുന്നത് അല്ലായിരുന്നു. അവരുടെ കൂറ് യഹോവയോട് ആയിരുന്നു. ഇന്നു ക്രിസ്ത്യാനികളും അതേപോലെതന്നെ അചഞ്ചലർ ആയിരിക്കണം. ലോകത്തിൽ ഉള്ളവരിൽനിന്നു വ്യത്യസ്തർ ആയിരിക്കുന്നതു നിമിത്തം അവർ ലജ്ജിക്കേണ്ടതില്ല. തീർച്ചയായും, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു.” (1 യോഹന്നാൻ 2:17) അതുകൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിക്ക് അനുരൂപരാകുന്നതു മൗഢ്യവും നിഷ്ഫലവും ആയിരിക്കും.
24. സത്യക്രിസ്ത്യാനികളുടെ നിലപാട് ആ മൂന്ന് എബ്രായരുടെ നിലപാടിനോടു സമാനമായിരിക്കുന്നത് എങ്ങനെ?
24 വിഗ്രഹാരാധനയുടെ അത്ര പ്രകടമല്ലാത്ത രൂപങ്ങൾe ഉൾപ്പെടെയുള്ള എല്ലാത്തരം വിഗ്രഹാരാധനയ്ക്കും എതിരെ ക്രിസ്ത്യാനികൾ ജാഗ്രത പുലർത്തണം. (1 യോഹന്നാൻ 5:21) ശദ്രക്കും മേശക്കും അബേദ്നെഗോവും സ്വർണ ബിംബത്തിന്റെ മുമ്പാകെ അനുസരണത്തോടും ആദരവോടും കൂടെ നിന്നു. എന്നാൽ അതിനു മുമ്പാകെ കുമ്പിടുന്നതിൽ വെറും ആദരസൂചനയെക്കാൾ ഏറെ കാര്യങ്ങൾ ഉൾപ്പെടുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. അത് ഒരു ആരാധനാക്രിയ ആയിരുന്നു. അതിൽ പങ്കുപറ്റുന്നതു യഹോവയുടെ ക്രോധത്തിന് ഇടയാക്കുമായിരുന്നു. (ആവർത്തനപുസ്തകം 5:8-10) ജോൺ എഫ്. വാൽവൂർഡ് എഴുതുന്നു: “മതപരമായ കൂറും ദേശീയ കൂറും പരസ്പരം കെട്ടുപിണഞ്ഞു കിടന്നിരുന്നതിനാൽ, അതിനു മതപരമായ ഒരു അർഥം കൂടെ ഉണ്ടായിരുന്നിരിക്കാം എങ്കിലും അതു ഫലത്തിൽ ഒരു പതാക വന്ദനം ആയിരുന്നു.” ഇന്നു യഥാർഥ ക്രിസ്ത്യാനികൾ വിഗ്രഹാരാധനയ്ക്ക് എതിരെ അത്രതന്നെ ഉറച്ച ഒരു നിലപാടു സ്വീകരിക്കുന്നു.
25. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും യഥാർഥ ജീവിത കഥയിൽനിന്നു നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
25 യഹോവയ്ക്ക് അനന്യഭക്തി നൽകാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന സകലർക്കും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കുറിച്ചുള്ള ഈ ബൈബിൾ വിവരണം ഒരു ഉത്കൃഷ്ട സാധനപാഠമാണ്. “തീയുടെ ബലം കെടുത്ത”വർ ഉൾപ്പെടെ, വിശ്വാസം പ്രകടമാക്കിയ അനേകരെ കുറിച്ചു പറഞ്ഞപ്പോൾ പൗലൊസ് അപ്പൊസ്തലന്റെ മനസ്സിൽ ഈ മൂന്ന് എബ്രായർ ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. (എബ്രായർ 11:33, 34) അത്തരം വിശ്വാസം അനുകരിക്കുന്ന സകലർക്കും യഹോവ പ്രതിഫലം നൽകും. ആ മൂന്ന് എബ്രായർ തീച്ചൂളയിൽനിന്നു വിടുവിക്കപ്പെട്ടു. എന്നാൽ നിർമലതാപാലകർ എന്ന നിലയിൽ ജീവൻ നഷ്ടമായ എല്ലാ വിശ്വസ്തരെയും യഹോവ ജീവനിലേക്കു തിരികെ കൊണ്ടുവന്ന് നിത്യജീവൻ നൽകി അനുഗ്രഹിക്കുമെന്നു നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. എങ്ങനെയായാലും, യഹോവ “തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.”—സങ്കീർത്തനം 97:10.
[അടിക്കുറിപ്പുകൾ]
a ബാബിലോണിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായി പരിഗണിക്കപ്പെടുന്ന മർദൂക്ക്, ദിവ്യത്വം കൽപ്പിക്കപ്പെട്ട നിമ്രോദിനെ പ്രതിനിധാനം ചെയ്യുന്നുവെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ അതു ശരിയാണോ എന്ന് ഉറപ്പിച്ചു പറയാനാകില്ല.
b “ബേൽത്ത്ശസ്സർ” എന്നതിന്റെ അർഥം “രാജാവിന്റെ ജീവൻ രക്ഷിക്കുക” എന്നാണ്. “ശദ്രക്ക്” എന്ന പേരിന്റെ അർഥം “അക്കുവിന്റെ കൽപ്പന” എന്നായിരിക്കാം, സുമേറിയൻ ചന്ദ്രദേവനാണ് അക്കു. “മേശെക്ക്” എന്നത് സാധ്യതയനുസരിച്ച് ഒരു സുമേറിയൻ ദേവനെ പരാമർശിക്കുന്നു. “അബേദ്-നെഗോ” എന്നതിന്റെ അർഥം നെബോയുടെ അഥവാ “നെഗോയുടെ ദാസൻ” എന്നാണ്.
c ആ ബിംബം തടികൊണ്ടു നിർമിച്ചിട്ടു സ്വർണം പൊതിഞ്ഞതായിരുന്നെന്ന്, അതിന്റെ ഭീമമായ വലിപ്പം കണക്കിലെടുത്തുകൊണ്ട് ചില ബൈബിൾ പണ്ഡിതന്മാർ കരുതുന്നു.
d “കുററം ചുമത്തി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അരമായ പദപ്രയോഗത്തിന്റെ അർഥം, ഏഷണിയിലൂടെ ആലങ്കാരികമായി ഒരു വ്യക്തിയുടെ ശരീര ‘ഭാഗങ്ങൾ തിന്നുക,’ അയാളെ ചവച്ചരച്ചു തീർക്കുക എന്നാണ്.
e ദൃഷ്ടാന്തത്തിന്, ബൈബിൾ അമിതാഹാരത്തെയും അത്യാഗ്രഹത്തെയും വിഗ്രഹാരാധനയുമായി ബന്ധപ്പെടുത്തുന്നു.—ഫിലിപ്പിയർ 3:18, 19; കൊലൊസ്സ്യർ 3:5.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ശദ്രക്കും മേശക്കും അബേദ്നെഗോവും നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുന്നിൽ കുമ്പിടാൻ വിസമ്മതിച്ചത് എന്തുകൊണ്ട്?
• മൂന്ന് എബ്രായർ സ്വീകരിച്ച നിലപാടിനോടു നെബൂഖദ്നേസർ എങ്ങനെ പ്രതികരിച്ചു?
• മൂന്ന് എബ്രായരുടെ വിശ്വാസത്തിനു യഹോവ എങ്ങനെ പ്രതിഫലം നൽകി?
• ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും യഥാർഥ ജീവിത കഥയ്ക്കു ശ്രദ്ധ കൊടുത്തതിൽനിന്നു നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
[68-ാം പേജ് നിറയെയുള്ള ചിത്രം]
[70-ാം പേജിലെ ചിത്രങ്ങൾ]
1. ബാബിലോണിലെ ക്ഷേത്ര ഗോപുരം (സിഗുറാറ്റ്)
2. മർദൂക്കിന്റെ ക്ഷേത്രം
3. മർദൂക്ക് ദേവനും (ഇടത്ത്) നെബോ ദേവനും (വലത്ത്) വ്യാളികളുടെ മേൽ നിൽക്കുന്നതായി ചിത്രീകരിക്കുന്ന വെങ്കല ഫലകം
4. നിർമാണ പദ്ധതികൾക്കു പേരു കേട്ട നെബൂഖദ്നേസരിന്റെ രൂപം കൊത്തിയ രത്നം
[76-ാം പേജ് നിറയെയുള്ള ചിത്രം]
[78-ാം പേജ് നിറയെയുള്ള ചിത്രം]