പഠനലേഖനം 27
“യഹോവയിൽ പ്രത്യാശ വെക്കൂ!”
“യഹോവയിൽ പ്രത്യാശ വെക്കൂ! ധീരരായിരിക്കൂ! മനക്കരുത്തുള്ളവരായിരിക്കൂ!”—സങ്കീ. 27:14.
ഗീതം 128 അവസാനത്തോളം സഹിച്ചുനിൽക്കുക
ചുരുക്കംa
1. (എ) യഹോവ നമുക്കു തന്നിരിക്കുന്ന പ്രത്യാശ എന്താണ്? (ബി) യഹോവയിൽ പ്രത്യാശ വെക്കൂ എന്നു പറയുന്നതിന്റെ അർഥം എന്താണ്? (“പദപ്രയോഗത്തിന്റെ വിശദീകരണം” കാണുക.)
തന്നെ സ്നേഹിക്കുന്നവർക്ക് യഹോവ എത്ര നല്ല പ്രത്യാശയാണു തന്നിരിക്കുന്നത്! പെട്ടെന്നുതന്നെ രോഗവും ദുഃഖവും മരണവും ദൈവം അവസാനിപ്പിക്കും. (വെളി. 21:3, 4) ഈ ഭൂമി പറുദീസയാക്കാൻ യഹോവ സൗമ്യതയുള്ള ആളുകളെ സഹായിക്കും. (സങ്കീ. 37:9-11) യഹോവയുമായി നമുക്ക് ഇപ്പോഴുള്ളതിനെക്കാൾ അടുപ്പവും സ്നേഹബന്ധവും അന്ന് ആസ്വദിക്കാനാകുകയും ചെയ്യും. എത്ര നല്ല ഒരു പ്രത്യാശയാണ് അത്! എന്നാൽ ദൈവം വാക്കുതന്നിരിക്കുന്ന ഈ കാര്യങ്ങളൊക്കെ സത്യമായിത്തീരുമെന്നു നമുക്കു വിശ്വസിക്കാനാകുമോ? ആകും. കാരണം യഹോവ ഒരിക്കലും വാക്കു മാറ്റില്ല. യഹോവയിൽ പ്രത്യാശ വെക്കുന്നതിനുള്ള എത്ര നല്ല കാരണം!b (സങ്കീ. 27:14) യഹോവ തന്റെ വാക്കു പാലിക്കുന്ന ആ സമയംവരെ ക്ഷമയോടും സന്തോഷത്തോടും കൂടെ നമുക്കു കാത്തിരിക്കാം.—യശ. 55:10, 11.
2. യഹോവ ഇതിനോടകം എന്തു തെളിയിച്ചിരിക്കുന്നു?
2 യഹോവ വാക്കു പാലിക്കുന്ന ദൈവമാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു ഉദാഹരണം നോക്കാം. നമ്മുടെ നാളിൽ നടക്കാൻപോകുന്ന ഒരു കാര്യത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിൽ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്നുള്ള ആളുകളെ ശുദ്ധാരാധനയ്ക്കായി കൂട്ടിച്ചേർക്കുമെന്നാണ് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നത്. ആ കൂട്ടമാണ് ഇന്നു “മഹാപുരുഷാരം” എന്ന് അറിയപ്പെടുന്നത്. (വെളി. 7:9, 10) ലോകമെങ്ങുമുള്ള, പല ഭാഷക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ കൂട്ടത്തിലുണ്ട്. (സങ്കീ. 133:1; യോഹ. 10:16) എന്നാലും അവർ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സമാധാനത്തിൽ കഴിയുന്നു. അവരെല്ലാം വളരെ ഉത്സാഹത്തോടെ സന്തോഷവാർത്ത പ്രസംഗിക്കുന്നവരുമാണ്. കേൾക്കാൻ മനസ്സുള്ളവരോട് അവരുടെ പ്രത്യാശയെക്കുറിച്ച്, അതായത് പുതിയ ലോകത്തെക്കുറിച്ച്, സംസാരിക്കാൻ അവർ എപ്പോഴും ഒരുങ്ങിയിരിക്കുന്നു. (മത്താ. 28:19, 20; വെളി. 14:6, 7; 22:17) നിങ്ങൾ ആ മഹാപുരുഷാരത്തിന്റെ ഭാഗമാണെങ്കിൽ, ഇനി വരാൻപോകുന്ന ആ നല്ല ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നിങ്ങൾ വളരെ അമൂല്യമായി കാണും.
3. എന്താണു സാത്താന്റെ ലക്ഷ്യം?
3 നമ്മുടെ പ്രത്യാശ തകർക്കുക എന്നതാണു സാത്താന്റെ ലക്ഷ്യം. യഹോവ നമുക്കുവേണ്ടി കരുതുന്നില്ല, യഹോവ വാക്കു പാലിക്കില്ല എന്നൊക്കെ നമ്മൾ വിശ്വസിക്കാൻ അവൻ ആഗ്രഹിക്കുന്നു. നമ്മൾ അതൊക്കെ വിശ്വസിച്ചാൽ നമ്മുടെ ധൈര്യം നഷ്ടപ്പെടും. യഹോവയെ സേവിക്കുന്നതുപോലും നമ്മൾ നിറുത്തിയേക്കാം. ഇയ്യോബിന്റെ കാര്യത്തിൽ സാത്താൻ അതിനാണു ശ്രമിച്ചത്. ഇയ്യോബിന്റെ പ്രത്യാശ തകർക്കാനും അങ്ങനെ അദ്ദേഹത്തെ യഹോവയിൽനിന്ന് അകറ്റാനുമായിരുന്നു അവന്റെ ലക്ഷ്യം. അതെക്കുറിച്ചാണു നമ്മൾ ഇനി പഠിക്കാൻപോകുന്നത്.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (ഇയ്യോബ് 1:9-12)
4 യഹോവയോടുള്ള ഇയ്യോബിന്റെ വിശ്വസ്തത തകർക്കാൻവേണ്ടി സാത്താൻ ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. (ഇയ്യോബ് 1:9-12 വായിക്കുക.) ഒപ്പം, ഇയ്യോബിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും കാണും. കൂടാതെ, ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും തന്റെ വാക്കു പാലിക്കുമെന്നും എപ്പോഴും ഓർക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കും.
ഇയ്യോബിന്റെ പ്രത്യാശ തകർക്കാൻ സാത്താൻ ശ്രമിച്ചു
5-6. കുറച്ച് സമയംകൊണ്ട് ഇയ്യോബിന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു?
5 വളരെ സന്തോഷത്തോടെ ജീവിച്ചുപോരുകയായിരുന്നു ഇയ്യോബ്. യഹോവയുമായി വളരെ അടുത്ത ബന്ധം, സ്നേഹവും ഐക്യവും ഉള്ള ഒരു കുടുംബം, ധാരാളം സമ്പത്ത്. (ഇയ്യോ. 1:1-5) എന്നാൽ ഒറ്റ ദിവസംകൊണ്ട് ഇയ്യോബിനു മിക്കവാറും എല്ലാംതന്നെ നഷ്ടപ്പെട്ടു. ആദ്യം സമ്പത്തെല്ലാം പോയി. (ഇയ്യോ. 1:13-17) പിന്നെ പ്രിയപ്പെട്ട മക്കൾ മരിച്ചു. ഒന്ന് ആലോചിച്ചു നോക്കുക, ഒരു മകനോ മകളോ മരിച്ചാൽത്തന്നെ മാതാപിതാക്കൾക്ക് അതു സഹിക്കാൻ പറ്റില്ല. അപ്പോൾ ഒറ്റയടിക്ക് പത്തു മക്കളെയും നഷ്ടപ്പെട്ടാലുള്ള അവസ്ഥയോ. മക്കളുടെ മരണവാർത്ത കേട്ടപ്പോൾ ഇയ്യോബിനും ഭാര്യക്കും ഉണ്ടായ ഞെട്ടലും വിഷമവും വേദനയും എത്ര വലുതായിരുന്നിരിക്കണം! ഇയ്യോബ് തന്റെ വസ്ത്രം കീറി, തളർന്ന് കുമ്പിട്ടിരുന്നു എന്നു ബൈബിൾ പറയുന്നതിൽ അതിശയിക്കാനില്ല.—ഇയ്യോ. 1:18-20.
6 അടുത്തതായി സാത്താൻ ഇയ്യോബിന് ഒരു രോഗം വരുത്തി. കണ്ടാൽ അറപ്പു തോന്നുന്ന, ഒരുപാടു വേദനയുണ്ടാക്കുന്ന ഒരു രോഗം. (ഇയ്യോ. 2:6-8; 7:5) ഒരുകാലത്ത് ആളുകൾ ഇയ്യോബിനെ വളരെ ആദരിച്ചിരുന്നതാണ്. ഉപദേശം തേടിപ്പോലും ആളുകൾ അദ്ദേഹത്തിന്റെ അടുത്ത് വരുമായിരുന്നു. (ഇയ്യോ. 31:18) എന്നാൽ ഇപ്പോൾ ഇയ്യോബിനെ ആരും കണ്ട ഭാവം നടിക്കുന്നില്ല. സ്വന്തം സഹോദരന്മാരും കൂട്ടുകാരും വീട്ടിലെ വേലക്കാർപോലും അദ്ദേഹത്തെ ഒഴിവാക്കുകയാണ്.—ഇയ്യോ. 19:13, 14, 16.
7. (എ) തന്റെ ദുരന്തങ്ങൾക്കെല്ലാം കാരണം എന്താണെന്നാണ് ഇയ്യോബ് ചിന്തിച്ചത്, എന്നാൽ ഇയ്യോബ് എന്തു ചെയ്തില്ല? (ബി) ഈ ചിത്രത്തിൽ കാണുന്നതുപോലുള്ള എന്തു പ്രശ്നം ഒരു ക്രിസ്ത്യാനിക്കു നേരിട്ടേക്കാം?
7 ദൈവത്തിന്റെ അംഗീകാരം ഇല്ലാത്തതുകൊണ്ടാണു തനിക്ക് ഈ കഷ്ടപ്പാടൊക്കെ അനുഭവിക്കേണ്ടിവരുന്നതെന്ന് ഇയ്യോബ് ചിന്തിക്കാൻ സാത്താൻ ആഗ്രഹിച്ചു. എന്നാൽ അതിനുവേണ്ടി സാത്താൻ എന്താണു ചെയ്തത്? ആകാശത്തുനിന്ന് ഒരു തീ ഇറക്കി ഇയ്യോബിന്റെ ആടുകളെയും ദാസന്മാരെയും കൊന്നുകളഞ്ഞു. (ഇയ്യോ. 1:16) പിന്നെ ഇയ്യോബിന്റെ പത്തു മക്കൾ വീട്ടിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു കൊടുങ്കാറ്റ് അടിച്ച് വീട് തകർന്ന് അവരെല്ലാം മരിക്കാൻ ഇടയാക്കി. (ഇയ്യോ. 1:18, 19) ആകാശത്തുനിന്ന് തീ ഇറങ്ങുകയും കൊടുങ്കാറ്റ് അടിക്കുകയും ചെയ്തതുകൊണ്ട് ഇതിനു പിന്നിൽ യഹോവയായിരിക്കുമെന്ന് ഇയ്യോബ് ചിന്തിച്ചു. താൻ ഏതെങ്കിലും വിധത്തിൽ യഹോവയെ വിഷമിപ്പിച്ചിട്ടുണ്ടായിരിക്കണം, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് ഇയ്യോബ് കരുതി. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ സ്വർഗീയപിതാവിനെ ഇയ്യോബ് ഒരിക്കലും ശപിച്ചില്ല. ‘യഹോവയിൽനിന്ന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയതാണല്ലോ, അതുകൊണ്ട് ഇപ്പോഴത്തെ ഈ മോശമായ അവസ്ഥയും സ്വീകരിക്കാൻ താൻ തയ്യാറാകേണ്ടതല്ലേ’ എന്നാണ് ഇയ്യോബ് ചിന്തിച്ചത്. അതുകൊണ്ട് ഇയ്യോബ് പറഞ്ഞു: “യഹോവയുടെ പേര് സ്തുതിക്കപ്പെടട്ടെ.” (ഇയ്യോ. 1:20, 21; 2:10) സാമ്പത്തികനഷ്ടവും മക്കളുടെ മരണവും ആരോഗ്യപ്രശ്നങ്ങളും പോലെയുള്ള ഒരുപാടു ദുരന്തങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും ഇയ്യോബ് യഹോവയോടു വിശ്വസ്തനായിത്തന്നെ തുടർന്നു. എന്നാൽ സാത്താൻ തന്റെ ക്രൂരത അവിടംകൊണ്ടൊന്നും അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.
8. സാത്താൻ ഇയ്യോബിന് എതിരെ പ്രയോഗിക്കുന്ന അടുത്ത തന്ത്രം ഏതാണ്?
8 ഇയ്യോബിന്റെ കാര്യത്തിൽ സാത്താൻ മറ്റൊരു തന്ത്രംകൂടെ ഉപയോഗിച്ചു. മൂന്നു വ്യാജകൂട്ടുകാരെ ഉപയോഗിച്ച്, താൻ ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്ത ഇയ്യോബിന് ഉണ്ടാക്കാൻ സാത്താൻ ശ്രമിച്ചു. ഇയ്യോബ് ജീവിതത്തിൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങളുടെ ഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അവർ ഇയ്യോബിനോടു പറഞ്ഞത്. (ഇയ്യോ. 22:5-9) ഇനി, ഇയ്യോബ് തെറ്റൊന്നും ചെയ്തില്ലെങ്കിൽപ്പോലും, ദൈവത്തെ സന്തോഷിപ്പിക്കാൻവേണ്ടി ചെയ്യുന്ന കാര്യങ്ങളൊന്നും ദൈവം ശ്രദ്ധിക്കുന്നില്ലെന്നും അവർ പറഞ്ഞു. (ഇയ്യോ. 4:18; 22:2, 3; 25:4) ചുരുക്കിപ്പറഞ്ഞാൽ ദൈവം ഇയ്യോബിനെ സ്നേഹിക്കുന്നില്ല, ഇയ്യോബിനുവേണ്ടി കരുതുന്നില്ല, ദൈവത്തെ സേവിക്കുന്നതിൽ ഒരു അർഥവുമില്ല എന്നൊക്കെ ഇയ്യോബ് ചിന്തിക്കാൻ ഇടവരുത്തുന്ന വിധത്തിലാണ് അവർ സംസാരിച്ചത്. അവരുടെ ആ വാക്കുകളൊക്കെ ഇയ്യോബിന്റെ പ്രത്യാശ നശിപ്പിക്കാൻ ഇടയാക്കുന്ന തരത്തിലുള്ളവയായിരുന്നു.
9. നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ ഇയ്യോബിനെ സഹായിച്ചത് എന്താണ്?
9 വേദനകൊണ്ട് പുളഞ്ഞ് ചാരത്തിൽ ഇരിക്കുന്ന ഇയ്യോബിനെ ഒന്നു മനസ്സിൽ കാണുക. (ഇയ്യോ. 2:8) ഇയ്യോബിന്റെ സ്വഭാവം ശരിയല്ലെന്നും ഇതുവരെ ഇയ്യോബ് ചെയ്തിട്ടുള്ള കാര്യങ്ങൾക്കൊന്നും ഒരു വിലയുമില്ലെന്നും ആണ് കൂട്ടുകാർ പറയുന്നത്. താൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമവും മക്കളുടെ വേർപാടും തനിക്കു താങ്ങാനാകാത്ത ഒരു ഭാരമായി ഇയ്യോബിനു തോന്നുന്നു. ആദ്യം ഇയ്യോബ് മിണ്ടാതിരിക്കുന്നു. (ഇയ്യോ. 2:13–3:1) സ്രഷ്ടാവിനെ മറന്നതുകൊണ്ടാണ് ഇയ്യോബ് മിണ്ടാതിരിക്കുന്നതെന്നു കൂട്ടുകാർ ചിന്തിച്ചെങ്കിൽ അവർക്കു തെറ്റി. ഒരു അവസരത്തിൽ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല!” (ഇയ്യോ. 27:5) സാധ്യതയനുസരിച്ച് തല ഉയർത്തിപ്പിടിച്ച്, ആ കൂട്ടുകാരുടെ മുഖത്ത് നോക്കിയായിരിക്കണം ഇയ്യോബ് അതു പറഞ്ഞത്. ഈ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിക്കുമ്പോഴും ഇത്ര ധൈര്യത്തോടെ ഇയ്യോബിന് അതു പറയാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? കാരണം അപ്പോഴും ഇയ്യോബിന്റെ പ്രത്യാശ നഷ്ടപ്പെട്ടില്ല. തന്നെ സ്നേഹിക്കുന്ന പിതാവ് ഒരിക്കലും തന്നെ ഉപേക്ഷിക്കില്ലെന്ന് ഇയ്യോബിന് അറിയാമായിരുന്നു. മരിച്ചാൽപ്പോലും തന്നെ വീണ്ടും ജീവനിലേക്കു കൊണ്ടുവന്നുകൊണ്ട് യഹോവ തന്നെ സംരക്ഷിക്കുമെന്ന് ഇയ്യോബിന് ഉറപ്പായിരുന്നു.—ഇയ്യോ. 14:13-15.
നമുക്ക് എങ്ങനെ ഇയ്യോബിന്റെ മാതൃക പകർത്താം?
10. ഇയ്യോബിന്റെ അനുഭവം നമ്മളെ എന്തൊക്കെ കാര്യങ്ങളാണു പഠിപ്പിക്കുന്നത്?
10 നമ്മൾ ഇതുവരെ എന്താണു പഠിച്ചത്? സാത്താൻ പല സമ്മർദങ്ങളും കൊണ്ടുവന്നേക്കാം. എങ്കിലും യഹോവയോടു വിശ്വസ്തരായിരിക്കണോ വേണ്ടയോ എന്ന തീരുമാനം പൂർണമായും നമ്മുടേതാണ്. സാത്താന് അക്കാര്യത്തിൽ നിയന്ത്രണമില്ല. കൂടാതെ നമ്മൾ കടന്നുപോകുന്ന ഓരോ സാഹചര്യവും യഹോവയ്ക്കു നന്നായി അറിയാം. മറ്റു പല പ്രധാനപ്പെട്ട പാഠങ്ങളെക്കുറിച്ചും ഇയ്യോബിന്റെ അനുഭവത്തിൽനിന്ന് നമുക്കു പഠിക്കാനുണ്ട്. അതെക്കുറിച്ച് ഇനി നോക്കാം.
11. നമ്മൾ എപ്പോഴും യഹോവയിൽ ആശ്രയിച്ചാൽ നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും? (യാക്കോബ് 4:7)
11 നമ്മൾ എപ്പോഴും യഹോവയിൽ ആശ്രയിക്കുകയാണെങ്കിൽ സഹിച്ചുനിൽക്കാനും സാത്താനെ എതിർത്ത് തോൽപ്പിക്കാനും നമുക്കു കഴിയുമെന്ന് ഇയ്യോബിന്റെ അനുഭവം തെളിയിക്കുന്നു. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ബൈബിൾ പറയുന്നതുപോലെ സാത്താൻ നമ്മളെ വിട്ട് ഓടിപ്പോകും.—യാക്കോബ് 4:7 വായിക്കുക.
12. പുനരുത്ഥാനപ്രത്യാശ ഇയ്യോബിനു ശക്തി പകർന്നത് എങ്ങനെ?
12 നമുക്കു പുനരുത്ഥാനപ്രത്യാശയിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കണം. മുൻലേഖനത്തിൽ പഠിച്ചതുപോലെ യഹോവയോടുള്ള നമ്മുടെ വിശ്വസ്തത നമ്മൾ ഉപേക്ഷിക്കുന്നതിനുവേണ്ടി സാത്താൻ മരണഭയം എന്ന കെണി മിക്കപ്പോഴും ഉപയോഗിക്കുന്നു. സ്വന്തം ജീവൻ രക്ഷിക്കുന്നതിനുവേണ്ടി ഇയ്യോബ് യഹോവയോടുള്ള വിശ്വസ്തതയിൽ വിട്ടുവീഴ്ച വരുത്താൻ തയ്യാറാകുമെന്നാണു സാത്താൻ പറഞ്ഞത്. എന്നാൽ സാത്താനു തെറ്റി. മരണത്തെ മുഖാമുഖം കണ്ടെങ്കിലും ഇയ്യോബ് യഹോവയോടുള്ള തന്റെ വിശ്വസ്തത ഉപേക്ഷിച്ചില്ല. യഹോവ ചെയ്തിരിക്കുന്ന നന്മകളെക്കുറിച്ച് ചിന്തിച്ചതും കാര്യങ്ങളെല്ലാം കൃത്യസമയത്ത് യഹോവ നേരെയാക്കും എന്ന പ്രത്യാശയുണ്ടായിരുന്നതും, മുന്നോട്ടു പോകാൻ ഇയ്യോബിനെ സഹായിച്ചു. ഒരുപക്ഷേ ഇപ്പോൾ കാര്യങ്ങളൊന്നും ശരിയായില്ലെങ്കിലും ഭാവിയിൽ, തന്നെ ജീവനിലേക്കു കൊണ്ടുവന്നുകൊണ്ടുപോലും ദൈവം തനിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് ഇയ്യോബിന് അറിയാമായിരുന്നു. പുനരുത്ഥാനം ഇയ്യോബിന് വളരെ ഉറപ്പുള്ള ഒരു പ്രത്യാശയായിരുന്നു. ഇയ്യോബിനെപ്പോലെ നമുക്കും അതേ ഉറപ്പുണ്ടെങ്കിൽ മരിച്ചുപോകുമെന്ന ഒരു സാഹചര്യം വന്നാൽപ്പോലും യഹോവയോടുള്ള വിശ്വസ്തത നമ്മൾ ഉപേക്ഷിക്കില്ല.
13. ഇയ്യോബിന്റെ കാര്യത്തിൽ സാത്താൻ ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് നമ്മൾ നന്നായി മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ്?
13 ഇയ്യോബിന്റെ കാര്യത്തിൽ സാത്താൻ ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് നമ്മൾ നന്നായി മനസ്സിലാക്കണം. കാരണം അതുപോലുള്ള തന്ത്രങ്ങളാണു സാത്താൻ നമ്മുടെ കാര്യത്തിലും ഉപയോഗിക്കുന്നത്. സാത്താന്റെ ആരോപണം ഇതായിരുന്നു: “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ (ഇയ്യോബ് മാത്രമല്ല) തനിക്കുള്ളതെല്ലാം കൊടുക്കും.” (ഇയ്യോ. 2:4, 5) ആ പറഞ്ഞതിലൂടെ സാത്താൻ ഉദ്ദേശിച്ചത്, ‘നമ്മൾ ആരും യഹോവയെ ശരിക്കും സ്നേഹിക്കുന്നില്ല, ജീവനു ഭീഷണി നേരിടുന്ന ഒരു സാഹചര്യം വന്നാൽ നമ്മൾ യഹോവയെ തള്ളിപ്പറയും’ എന്നാണ്. കൂടാതെ ദൈവത്തിനു നമ്മളോടു സ്നേഹമില്ലെന്നും ദൈവത്തെ സന്തോഷിപ്പിക്കാൻ നമ്മൾ ചെയ്യുന്നതെല്ലാം വെറും പാഴ്വേലയാണെന്നും ആണ് അവന്റെ വാദം. സാത്താന്റെ തന്ത്രങ്ങൾ യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ട് അവന്റെ നുണകളിൽ നമ്മൾ വീണുപോകില്ല.
14. നമുക്കു നേരിടുന്ന പരീക്ഷണങ്ങൾ നമ്മളെക്കുറിച്ച് എന്തു വെളിപ്പെടുത്തും? ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
14 പരീക്ഷണങ്ങളുണ്ടാകുമ്പോൾ, നമ്മളെത്തന്നെ മനസ്സിലാക്കാനുള്ള അവസരങ്ങളായി അതിനെ കാണുക. ഇയ്യോബിനു നേരിട്ട പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ കുറവുകൾ മനസ്സിലാക്കാനും പരിഹരിക്കാനും അദ്ദേഹത്തെ സഹായിച്ചു. ഉദാഹരണത്തിന് താഴ്മ കാണിക്കുന്ന കാര്യത്തിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഇയ്യോബ് മനസ്സിലാക്കി. (ഇയ്യോ. 42:3) നമുക്കും പരീക്ഷണങ്ങൾ നേരിടുമ്പോൾ നമ്മളെക്കുറിച്ചുതന്നെ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്കാകും. നിക്കോളാസ്c സഹോദരന്റെ അനുഭവം അതാണു കാണിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അധികാരികൾ ജയിലിലാക്കി. അദ്ദേഹം പറയുന്നു: “ജയിൽവാസം ഒരു എക്സ്റേപോലെയാണെന്നു പറയാം. നമുക്കുള്ള കുറവുകൾ എന്താണെന്ന് അതു കാണിച്ചുതരും.” അവ മനസ്സിലാക്കിയാൽ നമുക്ക് അവ പരിഹരിക്കാനാകും.
15. നമ്മൾ ആരുടെ വാക്കുകൾ ശ്രദ്ധിക്കണം, എന്തുകൊണ്ട്?
15 നമ്മൾ യഹോവയുടെ വാക്കുകൾക്കാണു ശ്രദ്ധ കൊടുക്കേണ്ടത്. അല്ലാതെ നമ്മുടെ ശത്രുക്കൾക്ക് അല്ല. യഹോവ സംസാരിച്ചപ്പോൾ ഇയ്യോബ് നന്നായി ശ്രദ്ധിച്ചു. ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിക്കുന്നതുപോലെയായിരുന്നു: ‘ഓരോന്നും സൃഷ്ടിക്കാൻ ഞാൻ ഉപയോഗിച്ച ശക്തി നീ കാണുന്നില്ലേ? എനിക്കു നിന്നെ സംരക്ഷിക്കാൻ കഴിയില്ലെന്നു നിനക്കു തോന്നുന്നുണ്ടോ? നിനക്കു സംഭവിച്ച ഓരോ കാര്യവും ഞാൻ അറിയുന്നുണ്ടായിരുന്നു.’ യഹോവ ഇയ്യോബിനോടു സംസാരിക്കുന്ന ആ സമയത്തും അദ്ദേഹത്തിന്റെ സാഹചര്യങ്ങൾക്കു മാറ്റമൊന്നും വന്നിരുന്നില്ല. സാധ്യതയനുസരിച്ച് ഇയ്യോബ് അപ്പോഴും ചാരത്തിൽ ഇരിക്കുകയാണ്. ദേഹമെല്ലാം പൊട്ടിയൊലിക്കുന്നുണ്ട്. കൂടാതെ മക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയും. എന്നിട്ടും യഹോവ സംസാരിച്ചതിനെക്കുറിച്ചും യഹോവയുടെ നന്മയെക്കുറിച്ചും ഒക്കെ ചിന്തിച്ചപ്പോൾ താഴ്മയോടെ, ആദരവോടെ ഇയ്യോബിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്റെ ചെവികൾ അങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ട്; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾകൊണ്ട് ഞാൻ അങ്ങയെ കാണുന്നു.” (ഇയ്യോ. 42:5) യഹോവ ഇയ്യോബിനെ സ്നേഹിക്കുന്നില്ലെന്നാണു കൂട്ടുകാർ പറഞ്ഞതെങ്കിലും താൻ ഇപ്പോഴും ഇയ്യോബിനെ സ്നേഹിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും യഹോവ ഇയ്യോബിന് ഉറപ്പുകൊടുത്തു.—ഇയ്യോ. 42:7, 8.
16. പരീക്ഷണങ്ങൾ നേരിടുന്ന സമയത്ത് യശയ്യ 49:15, 16 പറയുന്ന ഏതു കാര്യം നമ്മൾ മനസ്സിൽപ്പിടിക്കണം?
16 ഇന്നും ആളുകൾ നമ്മളെ കളിയാക്കുകയും നമ്മൾ ഒരു വിലയും ഇല്ലാത്തവരാണെന്നപോലെ നമ്മളോടു പെരുമാറുകയും ചെയ്തേക്കാം. (മത്താ. 5:11) നമ്മളെക്കുറിച്ചോ സംഘടനയെക്കുറിച്ചോ പലതരം അപവാദം പറഞ്ഞുകൊണ്ട് നമ്മുടെ പേര് നശിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാൽ ഇയ്യോബിന്റ വിവരണത്തിൽനിന്ന് നമ്മൾ പഠിച്ച പാഠം ഇതാണ്: എന്തൊക്കെ പരീക്ഷണങ്ങൾ നേരിട്ടാലും നമ്മൾ യഹോവയോടു വിശ്വസ്തരായിരിക്കുമെന്ന ഉറപ്പ് യഹോവയ്ക്കുണ്ട്. യഹോവ നമ്മളെ സ്നേഹിക്കുന്നു. തന്നിൽ പ്രത്യാശ വെക്കുന്നവരെ യഹോവ ഒരിക്കലും ഉപേക്ഷിക്കില്ല. (യശയ്യ 49:15, 16 വായിക്കുക.) അതുകൊണ്ട് ദൈവത്തിന്റെ ശത്രുക്കൾ പറഞ്ഞുപരത്തുന്ന നുണകൾക്കൊന്നും നമ്മൾ ശ്രദ്ധ കൊടുക്കരുത്. തുർക്കിയിലുള്ള ജയിംസ് സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക. അദ്ദേഹത്തിനും കുടുംബത്തിനും ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ആ സഹോദരൻ പറയുന്നു: “ദൈവജനത്തെക്കുറിച്ച് ആളുകൾ പറയുന്ന നുണകളൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ ഉത്സാഹമൊക്കെ പോകും എന്നു ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് ദൈവരാജ്യ പ്രത്യാശയ്ക്കു ഞങ്ങൾ കൂടുതൽ ശ്രദ്ധ കൊടുത്തു. ദൈവസേവനത്തിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾക്കു സന്തോഷം നിലനിറുത്താൻ കഴിഞ്ഞു.” ഇയ്യോബിനെപ്പോലെ നമുക്കും യഹോവയുടെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കാം. ശത്രുക്കളുടെ നുണകൾ നമ്മുടെ പ്രത്യാശയെ നശിപ്പിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കരുത്.
വിശ്വസ്തരായി നിൽക്കാൻ പ്രത്യാശ സഹായിക്കും
17. എബ്രായർ 11-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ മാതൃകയിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
17 കടുത്ത പരീക്ഷണങ്ങളും പ്രയാസങ്ങളും ഒക്കെ നേരിട്ടപ്പോഴും ധൈര്യത്തോടും മനക്കരുത്തോടും കൂടെ യഹോവയെ സേവിച്ച ദൈവദാസന്മാരിൽ ഒരാൾ മാത്രമാണ് ഇയ്യോബ്. അപ്പോസ്തലനായ പൗലോസ് എബ്രായർക്ക് എഴുതിയ കത്തിൽ അതുപോലുള്ള ധാരാളം പേരെക്കുറിച്ച് പറയുന്നുണ്ട്. ‘സാക്ഷികളുടെ വലിയൊരു കൂട്ടം’ എന്നാണു പൗലോസ് അവരെ വിളിച്ചത്. (എബ്രാ. 12:1) അവർക്കെല്ലാം വിശ്വാസത്തിന്റെ പേരിൽ പല കഷ്ടതകളും സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും അവർ യഹോവയോടു വിശ്വസ്തരായി തുടർന്നു. (എബ്രാ. 11:36-40) അവർ സഹിച്ചുനിന്നതും കഠിനാധ്വാനം ചെയ്തതും ഒക്കെ വെറുതേയായോ? ഒരിക്കലുമില്ല! ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങൾ ജീവിച്ചിരുന്ന സമയത്ത് അവർക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും യഹോവയിൽ പ്രത്യാശ വെക്കുന്നതിൽ അവർ തുടർന്നു. ദൈവത്തിന്റെ അംഗീകാരം തങ്ങൾക്കുള്ളതുകൊണ്ട് യഹോവയുടെ വാഗ്ദാനങ്ങളെല്ലാം നിറവേറുന്നതു കാണാനാകുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. (എബ്രാ. 11:4, 5) ആ വിശ്വസ്തദാസരുടെ മാതൃക യഹോവയിൽ തുടർന്നും പ്രത്യാശ വെക്കാൻ നമ്മളെയും പ്രോത്സാഹിപ്പിക്കുന്നു.
18. എന്താണു നിങ്ങളുടെ തീരുമാനം? (എബ്രായർ 11:6)
18 ഈ ലോകം ഓരോ ദിവസവും കൂടുതൽക്കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. (2 തിമൊ. 3:13) ഇന്നും സാത്താൻ ദൈവജനത്തെ പരീക്ഷിക്കുന്നുണ്ട്. ഭാവിയിൽ നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാമെങ്കിലും യഹോവയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുമെന്ന് നമുക്ക് ഉറച്ച തീരുമാനമെടുക്കാം. കാരണം “നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത്” ജീവനുള്ള ദൈവത്തിലാണ്. (1 തിമൊ. 4:10) യഹോവ ഇയ്യോബിനു ചെയ്തുകൊടുത്ത കാര്യങ്ങളിൽനിന്ന് മനസ്സിലാക്കാനാകുന്നത് നമ്മുടെ പിതാവ് “വാത്സല്യവും കരുണയും നിറഞ്ഞ” ദൈവമാണെന്നാണ്. (യാക്കോ. 5:11) നമുക്കും യഹോവയോട് എപ്പോഴും വിശ്വസ്തരായിരിക്കാം. ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകും’ എന്ന് ഉറപ്പാണ്.—എബ്രായർ 11:6 വായിക്കുക.
ഗീതം 150 വിടുതലിനായി ദൈവത്തെ അന്വേഷിക്കാം
a ഒരുപാടു പ്രയാസങ്ങൾ അനുഭവിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ ഇയ്യോബിന്റെ പേരായിരിക്കാം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ആ വിശ്വസ്ത ദൈവദാസനിൽനിന്ന് നമുക്ക് എന്തൊക്കെ മനസ്സിലാക്കാം? സാത്താൻ പല സമ്മർദങ്ങളും കൊണ്ടുവന്നേക്കാമെങ്കിലും യഹോവയോടു വിശ്വസ്തരായിരിക്കണോ എന്ന തീരുമാനം പൂർണമായി നമ്മുടേതാണ്. സാത്താന് അക്കാര്യത്തിൽ നിയന്ത്രണമില്ല. കൂടാതെ നമ്മൾ നേരിടുന്ന എല്ലാ സാഹചര്യങ്ങളും യഹോവയ്ക്കു നന്നായി അറിയാം. മാത്രമല്ല, ഇയ്യോബിന്റെ പ്രശ്നങ്ങൾക്കെല്ലാം യഹോവ ഒരു അവസാനം വരുത്തിയതുപോലെ, നമ്മുടെ പ്രശ്നങ്ങളും യഹോവ ഒരു ദിവസം അവസാനിപ്പിക്കും. ഇക്കാര്യങ്ങളൊക്കെ വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണെങ്കിൽ ‘യഹോവയിൽ പ്രത്യാശ വെച്ച്’ പ്രവർത്തിച്ച ദൈവദാസരെപ്പോലെയായിരിക്കും നമ്മളും.
b പദപ്രയോഗത്തിന്റെ വിശദീകരണം: “പ്രത്യാശ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്റെ അർഥം ആകാംക്ഷയോടെ എന്തിനെങ്കിലുംവേണ്ടി കാത്തിരിക്കുക എന്നാണ്. ആ വാക്കിന് ഒരു വ്യക്തിയെ വിശ്വസിക്കുന്നതിനെയോ ആശ്രയിക്കുന്നതിനെയോ അർഥമാക്കാനാകും. കൂടാതെ, പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്തെങ്കിലും ഉറപ്പായും സംഭവിക്കും എന്ന ഉറച്ച ബോധ്യത്തെയും ആ പദം കുറിക്കുന്നു.—സങ്കീ. 25:2, 3; 62:5.
c ചില പേരുകൾക്കു മാറ്റമുണ്ട്.
d ചിത്രങ്ങളുടെ വിവരണം: ഒരു ദുരന്തം തന്റെ മക്കളുടെയെല്ലാം ജീവൻ കവർന്നു എന്നു വിശ്വസിക്കാനാകാതെ നിൽക്കുന്ന ഇയ്യോബും ഭാര്യയും.
e ചിത്രങ്ങളുടെ വിവരണം : തനിക്കു നേരിട്ട കഷ്ടപ്പാടുകളെല്ലാം ഇയ്യോബ് വിശ്വസ്തമായി സഹിച്ചുനിന്നു. ഇയ്യോബും ഭാര്യയും യഹോവ അവർക്കും കുടുംബത്തിനും നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.