അധ്യായം 13
ദൈവഭക്തിയോടുകൂടിയ ജീവിതം സന്തുഷ്ടി നൽകുന്നതിന്റെ കാരണം
1. യഹോവയുടെ വഴി സന്തുഷ്ടി കൈവരുത്തുന്നുവെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
യഹോവ “സന്തുഷ്ടനായ ദൈവം” ആണ്, നിങ്ങൾ ജീവിതം ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു. (1 തിമോത്തി 1:11, NW) അവന്റെ വഴിയിൽ നടക്കുന്നതിനാൽ നിങ്ങൾക്കു പ്രയോജനം നേടാനും സദാ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെ അഗാധവും നിലനിൽക്കുന്നതുമായ പ്രശാന്തത അനുഭവിക്കാനും കഴിയും. ദൈവവഴിയിൽ നടക്കുന്നതു “സമുദ്രത്തിലെ തിരപോലെ” തുടർച്ചയായ നീതിപ്രവൃത്തികൾ ചെയ്യുന്നതിന് ഒരുവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതു യഥാർഥ സന്തുഷ്ടി കൈവരുത്തുന്നു.—യെശയ്യാവു 48:17, 18.
2. ക്രിസ്ത്യാനികളോടു ചിലപ്പോൾ ദുഷിച്ച രീതിയിൽ പെരുമാറുന്നുവെങ്കിലും അവർക്ക് എങ്ങനെ സന്തുഷ്ടരായിരിക്കാൻ കഴിയും?
2 ‘നീതി പ്രവർത്തിക്കുന്നതു നിമിത്തം ആളുകൾ ചിലപ്പോൾ കഷ്ടപ്പെടുന്നു’ എന്നു ചിലയാളുകൾ തടസ്സവാദം പറഞ്ഞേക്കാം. സത്യംതന്നെ, യേശുവിന്റെ അപ്പോസ്തലൻമാർക്കു സംഭവിച്ചത് അതാണ്. എന്നിരുന്നാലും, പീഡിപ്പിക്കപ്പെട്ടെങ്കിലും, അവർ സന്തോഷിക്കുകയും “യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും” ചെയ്തുകൊണ്ടിരുന്നു. (പ്രവൃത്തികൾ 5:40-42) നമുക്ക് ഇതിൽനിന്നു മൂല്യവത്തായ പാഠങ്ങൾ പഠിക്കാൻ കഴിയും. ദൈവഭക്തിയോടുകൂടിയ നമ്മുടെ ജീവിതം നമ്മോട് മററുളളവർ എല്ലായ്പോഴും നന്നായി പെരുമാറുമെന്നുളളതിന് ഉറപ്പുനൽകുന്നില്ല എന്നതാണ് ഒന്ന്. “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുളളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (2 തിമൊഥെയൊസ് 3:12) സാത്താനും അവന്റെ ലോകവും ദൈവഭക്തിയോടെ ജീവിക്കുന്നവരോട് എതിരാണെന്നുളളതാണ് ഇതിനു കാരണം. (യോഹന്നാൻ 15:18, 19; 1 പത്രൊസ് 5:8) എന്നാൽ യഥാർഥ സന്തുഷ്ടി ബാഹ്യസംഗതികളെ ആശ്രയിച്ചിരിക്കുന്നില്ല. പകരം, നാം നൻമ ചെയ്യുന്നുവെന്നും തന്നിമിത്തം നമുക്കു ദൈവാംഗീകാരം ഉണ്ടെന്നുമുളള ബോധ്യത്തിൽനിന്നാണ് അതു സംജാതമാകുന്നത്.—മത്തായി 5:10-12; യാക്കോബ് 1:2, 3; 1 പത്രൊസ് 4:13, 14.
3. യഹോവയുടെ ആരാധന ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
3 വല്ലപ്പോഴുമുളള ഭക്തിക്രിയകൾകൊണ്ടു ദൈവപ്രീതി നേടാൻ കഴിയുമെന്നും എന്നാൽ മററു സമയങ്ങളിൽ അവനെ മറക്കാമെന്നും വിചാരിക്കുന്ന ആളുകളുണ്ട്. യഹോവയാം ദൈവത്തിന്റെ സത്യാരാധന അതുപോലെയല്ല. അതു ദിനന്തോറും വർഷംതോറും ഒരു വ്യക്തി ഉണർന്നിരിക്കുന്ന മണിക്കൂറുകളിലുടനീളം അയാളുടെ നടത്തയെ ബാധിക്കുന്നു. അതുകൊണ്ടാണ് അതു ‘മാർഗം’ എന്നും വിളിക്കപ്പെടുന്നത്. (പ്രവൃത്തികൾ 19:9; യെശയ്യാവു 30:21) അതു ദൈവവചനത്തിനു ചേർച്ചയിൽ സംസാരിക്കാനും പ്രവർത്തിക്കാനും നമ്മെ ആഹ്വാനംചെയ്യുന്ന ദൈവികഭക്തിയോടുകൂടിയ ഒരു ജീവിതമാർഗമാണ്.
4. ദൈവവഴികളനുസരിച്ചു ജീവിക്കത്തക്കവണ്ണം മാററങ്ങൾ വരുത്തുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
4 യഹോവയെ പ്രസാദിപ്പിക്കുന്നതിനു തങ്ങൾ ചില മാററങ്ങൾ വരുത്തേണ്ടതുണ്ടെന്നു പുതിയ ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കുമ്പോൾ ‘ദൈവികഭക്തിയോടുകൂടിയ ജീവിതം യഥാർഥത്തിൽ ജീവിതാർഹമാണോ?’ എന്ന് അവർ സംശയിച്ചേക്കാം. ആണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “ദൈവം സ്നേഹം” ആണ്, തന്നിമിത്തം അവന്റെ വഴികൾ നമുക്കു പ്രയോജനംചെയ്യാൻ ഉദ്ദേശിച്ചിട്ടുളളതാണ്. (1 യോഹന്നാൻ 4:8) ദൈവം ജ്ഞാനിയുമാണ്, നമുക്ക് ഏററവും നല്ലത് എന്താണെന്ന് അവന് അറിയാം. യഹോവയാം ദൈവം സർവശക്തനാകയാൽ, ഒരു ദുശ്ശീലം ഉപേക്ഷിച്ച് അവനെ പ്രസാദിപ്പിക്കാനുളള നമ്മുടെ ആഗ്രഹം നിറവേററുന്നതിനു നമ്മെ ബലിഷ്ഠരാക്കാൻ അവൻ പ്രാപ്തനാണ്. (ഫിലിപ്പിയർ 4:13) ദൈവികഭക്തിയോടുകൂടിയ ജീവിതത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില തത്ത്വങ്ങൾ പരിചിന്തിച്ചിട്ട് അവയുടെ ബാധകമാക്കൽ സന്തുഷ്ടി കൈവരുത്തുന്നത് എങ്ങനെയെന്നു നമുക്കു കാണാം.
സത്യസന്ധത സന്തുഷ്ടിയിൽ കലാശിക്കുന്നു
5. ഭോഷ്കുപറച്ചിലിനെയും മോഷണത്തെയുംകുറിച്ചു ബൈബിൾ എന്തു പറയുന്നു?
5 യഹോവ “സത്യത്തിന്റെ ദൈവ”മാകുന്നു. (സങ്കീർത്തനം 31:5, NW) നിങ്ങൾ അവന്റെ മാതൃക പിന്തുടരാനും സത്യസന്ധനായ ഒരാളായി അറിയപ്പെടാനും ആഗ്രഹിക്കുന്നുവെന്നുളളതിനു സംശയമില്ല. സത്യസന്ധത ആത്മാഭിമാനത്തിലേക്കും ഒരു ക്ഷേമബോധത്തിലേക്കും നയിക്കുന്നു. എന്നിരുന്നാലും ഈ പാപപൂർണമായ ലോകത്തിൽ വഞ്ചന വളരെ സാധാരണമായിരിക്കുന്നതുകൊണ്ടു ക്രിസ്ത്യാനികൾക്ക് ഈ ഓർമിപ്പിക്കൽ ആവശ്യമാണ്: “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; . . . കളളൻ ഇനി കക്കാതെ മുട്ടുളളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു . . . അദ്ധ്വാനിക്കയത്രേ വേണ്ടതു.” (എഫെസ്യർ 4:25, 28) ക്രിസ്തീയ തൊഴിലാളികൾ ഒരു ദിവസത്തെ സത്യസന്ധമായ വേല ചെയ്യുന്നു. അവരുടെ തൊഴിലുടമ അനുവദിക്കാത്ത പക്ഷം അയാളുടെ വസ്തുക്കൾ അവർ എടുക്കുന്നില്ല. ജോലിസ്ഥലത്തായാലും, സ്കൂളിലായാലും വീട്ടിലായാലും യഹോവയുടെ ഒരു ആരാധകൻ ‘സകലത്തിലും സത്യസന്ധൻ’ ആയിരിക്കണം. (എബ്രായർ 13:18, NW) പതിവായി നുണപറയുകയോ മോഷ്ടിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ദൈവത്തിന്റെ പ്രീതി ഉണ്ടായിരിക്കുക സാധ്യമല്ല.—ആവർത്തനപുസ്തകം 5:19; വെളിപ്പാടു 21:8.
6. ദൈവഭക്തനായ ഒരാളുടെ സത്യസന്ധത യഹോവക്ക് എങ്ങനെ മഹത്ത്വം കൈവരുത്തിയേക്കാം?
6 സത്യസന്ധരായിരിക്കുന്നത് അനേകം അനുഗ്രഹങ്ങളിൽ കലാശിക്കുന്നു. സെലീന യഹോവയാം ദൈവത്തെയും അവന്റെ നീതിയുളള തത്ത്വങ്ങളെയും സ്നേഹിക്കുന്ന ദരിദ്രയായ ഒരു ആഫ്രിക്കക്കാരി വിധവയാണ്. ഒരു ദിവസം ഒരു പാസ്ബുക്കും വലിയ പണത്തുകയുമടങ്ങിയ ഒരു ബാഗ് അവൾ കണ്ടെത്തി. ഒരു ടെലഫോൺ ഡയറക്ടറി ഉപയോഗിച്ച് അവൾക്ക് ഉടമസ്ഥനെ കണ്ടുപിടിക്കാൻ കഴിഞ്ഞു—കൊളളയടിക്കപ്പെട്ടിരുന്ന ഒരു കടക്കാരൻ. തീർത്തും രോഗിയായിരുന്നിട്ടും സെലീന അദ്ദേഹത്തെ സന്ദർശിച്ചു ബാഗിലുണ്ടായിരുന്നതു മുഴുവൻ തിരിച്ചുകൊടുത്തപ്പോൾ ആ മനുഷ്യനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഇത്തരം സത്യസന്ധതക്കു പ്രതിഫലം നൽകേണ്ടതാണ്” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു പണത്തുക അവൾക്കു കൊടുത്തു. അതിലും പ്രധാനമായി, ഈ മനുഷ്യൻ സെലീനയുടെ മതത്തെ പ്രശംസിച്ചു. അതേ, സത്യസന്ധമായ പ്രവൃത്തികൾ ബൈബിളുപദേശത്തെ അലങ്കരിക്കുന്നു, യഹോവയാം ദൈവത്തെ മഹത്ത്വീകരിക്കുന്നു, അവന്റെ സത്യസന്ധരായ ആരാധകർക്കു സന്തുഷ്ടി കൈവരുത്തുകയും ചെയ്യുന്നു.—തീത്തൊസ് 2:10; 1 പത്രൊസ് 2:12.
ഔദാര്യം സന്തുഷ്ടി കൈവരുത്തുന്നു
7. ചൂതാട്ടത്തിന്റെ തെറെറന്താണ്?
7 ഉദാരമതികൾ ആയിരിക്കുന്നതിൽ സന്തുഷ്ടി ഉണ്ട്, അതേസമയം അത്യാഗ്രഹികൾ “ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:10) അത്യാഗ്രഹത്തിന്റെ ഒരു സാധാരണരൂപം ചൂതാട്ടമാണ്, അതു മററുളളവരുടെ നഷ്ടങ്ങളിലൂടെ പണമുണ്ടാക്കാനുളള ഒരു ശ്രമമാണ്. ‘ദുർല്ലാഭമോഹികളെ’ യഹോവ അംഗീകരിക്കുന്നില്ല. (1 തിമൊഥെയൊസ് 3:8) ചൂതാട്ടം നിയമപരമായിരിക്കുന്നടത്തും ഒരുവൻ രസത്തിനായി ചൂതാട്ടം നടത്തുന്നടത്തും പോലും അയാൾ ആസക്തനാകാനും അനേകം ജീവിതങ്ങളെ നശിപ്പിച്ചിരിക്കുന്ന ഒരു ഏർപ്പാടിനെ പ്രോത്സാഹിപ്പിക്കാനും ഇടയുണ്ട്. ചൂതാട്ടം മിക്കപ്പോഴും ചൂതാട്ടക്കാരന്റെ കുടുംബത്തിനു പ്രയാസം കൈവരുത്തുന്നു, അവർ ഭക്ഷ്യവും വസ്ത്രവും പോലെയുളള അവശ്യവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തവരായിത്തീർന്നേക്കാം.—1 തിമൊഥെയൊസ് 6:10.
8. യേശു ഔദാര്യത്തിന്റെ നല്ല മാതൃക വെച്ചതെങ്ങനെ, നമുക്ക് എങ്ങനെ ഉദാരമതികളായിരിക്കാൻ കഴിയും?
8 തങ്ങളുടെ സ്നേഹപൂർവകമായ ഔദാര്യം നിമിത്തം, ക്രിസ്ത്യാനികൾ മററുളളവരെ, വിശേഷാൽ ഞെരുക്കമുളള സഹവിശ്വാസികളെ, സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. (യാക്കോബ് 2:15, 16) യേശു ഭൂമിയിലേക്കു വരുന്നതിനുമുമ്പ് അവൻ മനുഷ്യവർഗത്തോടുളള ദൈവത്തിന്റെ ഔദാര്യം നിരീക്ഷിച്ചു. (പ്രവൃത്തികൾ 14:16, 17) യേശുതന്നെ തന്റെ സമയവും തന്റെ കഴിവുകളും, തന്റെ ജീവൻപോലും, മനുഷ്യവർഗത്തിനുവേണ്ടി കൊടുത്തു. അതുകൊണ്ടു “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” എന്നു പറയാൻ അവൻ തികച്ചും യോഗ്യനായിരുന്നു. (പ്രവൃത്തികൾ 20:35) ആലയഭണ്ഡാരത്തിൽ ഔദാര്യത്തോടെ രണ്ടു ചെറിയ നാണയങ്ങളിട്ട ദരിദ്രയായ വിധവയെക്കുറിച്ചു യേശു പ്രശംസിച്ചുപറയുകയും ചെയ്തു, എന്തുകൊണ്ടെന്നാൽ അവൾ “തന്റെ ഉപജീവനം മുഴുവനും” കൊടുത്തു. (മർക്കൊസ് 12:41-44) സഭക്കും രാജ്യവേലക്കും ഭൗതികസഹായം നൽകുന്നതിൽ പുരാതന ഇസ്രായേല്യരും ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളും സന്തോഷപ്രദമായ ഔദാര്യത്തിന്റെ ദൃഷ്ടാന്തങ്ങൾ വെച്ചിരിക്കുന്നു. (1 ദിനവൃത്താന്തം 29:9; 2 കൊരിന്ത്യർ 9:11-14) ഈ ഉദ്ദേശ്യങ്ങൾക്കായി ഭൗതികസംഭാവനകൾ കൊടുക്കുന്നതിനു പുറമേ, ഇക്കാലത്തെ ക്രിസ്ത്യാനികൾ സന്തോഷപൂർവം ദൈവത്തിനു സ്തുതി കരേററുകയും തങ്ങളുടെ ജീവിതത്തെ അവന്റെ സേവനത്തിൽ വിനിയോഗിക്കുകയും ചെയ്യുന്നു. (റോമർ 12:1; എബ്രായർ 13:15) അവരുടെ സമയവും ഊർജവും പണം ഉൾപ്പെടെ മററു വിഭവങ്ങളും സത്യാരാധനയെ പിന്തുണക്കുന്നതിനും ലോകവ്യാപക സുവാർത്താപ്രസംഗവേലയെ പുരോഗമിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതുകൊണ്ടു യഹോവ അവരെ അനുഗ്രഹിക്കുന്നു.—സദൃശവാക്യങ്ങൾ 3:9, 10.
സന്തുഷ്ടി വർധിപ്പിക്കുന്ന മററു ഘടകങ്ങൾ
9. ലഹരിപാനീയങ്ങളുടെ അമിതമായ ഉപയോഗത്തിന്റെ തെററ് എന്താണ്?
9 സന്തുഷ്ടരായിരിക്കുന്നതിന്, ക്രിസ്ത്യാനികൾ ‘തങ്ങളുടെ ചിന്താപ്രാപ്തികളെ കാത്തുകൊളളുകയും’ വേണം. (സദൃശവാക്യങ്ങൾ 5:1, 2, NW) ഇത് അവർ ദൈവവചനവും ഉത്തമ ബൈബിൾ സാഹിത്യങ്ങളും വായിച്ചു ധ്യാനിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. എന്നാൽ ഒഴിവാക്കേണ്ട സംഗതികളുണ്ട്. ഉദാഹരണത്തിന്, ലഹരിപാനീയങ്ങളുടെ അമിതമായ കുടിക്ക് ഒരു വ്യക്തിയുടെ ചിന്താ നിയന്ത്രണം നഷ്ടപ്പെടാനിടയാക്കാൻ കഴിയും. അങ്ങനെയുളള ഒരു അവസ്ഥയിൽ അനേകമാളുകൾ അധാർമിക നടത്തയിൽ ഉൾപ്പെടുന്നു, അക്രമാസക്തമായി പ്രവർത്തിക്കുന്നു, മാരകമായ അപകടങ്ങൾ വരുത്തിക്കൂട്ടുകയും ചെയ്യുന്നു. മുഴുക്കുടിയൻമാർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്നു ബൈബിൾ പറയുന്നത് അതിയശമല്ല! (1 കൊരിന്ത്യർ 6:10) ‘സുബോധമുളളവരായി’ കഴിയാൻ ഉറച്ചുകൊണ്ടു സത്യക്രിസ്ത്യാനികൾ മുഴുക്കുടി ഒഴിവാക്കുന്നു, ഇത് അവരുടെ ഇടയിൽ സന്തുഷ്ടി വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.—തീത്തൊസ് 2:2-6.
10. (എ) ക്രിസ്ത്യാനികൾ പുകയില ഉപയോഗിക്കാത്തത് എന്തുകൊണ്ട്? (ബി) ആസക്തിയുളവാക്കുന്ന ശീലങ്ങൾ മാററുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
10 ശുദ്ധിയുളള ഒരു ശരീരം സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നു. എന്നിരുന്നാലും, അനേകർ ഹാനികരമായ വസ്തുക്കളിൽ ആസക്തരായിത്തീരുന്നു. ദൃഷ്ടാന്തത്തിന്, പുകയിലയുടെ ഉപയോഗം പരിചിന്തിക്കുക. പുകവലി “ഓരോ വർഷവും 30 ലക്ഷം പേരെ കൊല്ലുന്നു” എന്നു ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. പിൻമാററം ഉളവാക്കുന്ന തത്കാല അസ്വാസ്ഥ്യങ്ങൾ നിമിത്തം പുകയിലശീലം നിർത്തുന്നതു പ്രയാസമായിരുന്നേക്കാം. എന്നാൽ പുകവലി ഉപേക്ഷിച്ച അനേകർ തങ്ങൾക്കു മെച്ചപ്പെട്ട ആരോഗ്യവും വീട്ടാവശ്യങ്ങൾക്കു കൂടുതൽ പണവും ഉണ്ടെന്നു കണ്ടെത്തുന്നു. സത്യമായി, പുകയിലശീലമോ ഹാനികരമായ മററു വസ്തുക്കളിലെ ആസക്തിയോ തരണംചെയ്യുന്നത് ഒരു ശുദ്ധിയുളള ശരീരവും തെളിഞ്ഞ മനസ്സാക്ഷിയും യഥാർഥ സന്തുഷ്ടിയും ഉണ്ടായിരിക്കുന്നതിനു സംഭാവന ചെയ്യും.—2 കൊരിന്ത്യർ 7:1.
വിവാഹജീവിതത്തിൽ സന്തുഷ്ടി
11. നിയമപരവും നിലനിൽക്കുന്നതുമായ ഒരു മാന്യവിവാഹത്തിന് ആവശ്യമായിരിക്കുന്നത് എന്ത്?
11 ഭാര്യാഭർത്താക്കൻമാരായി ഒരുമിച്ചു ജീവിക്കുന്നവർ തങ്ങളുടെ വിവാഹം ഗവൺമെൻറ് അധികാരികളുടെ അടുക്കൽ ഉചിതമായി രജിസ്ററർ ചെയ്തിട്ടുളളതായി ഉറപ്പുവരുത്തണം. (മർക്കൊസ് 12:17) അവർ ദാമ്പത്യബന്ധത്തെ ഗൗരവമുളള ഒരു ഉത്തരവാദിത്വമായി വീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. മനഃപൂർവമായ അവഗണനയോ അതിർകടന്ന ദുഷ്പെരുമാററമോ ആത്മീയതയുടെ പൂർണമായ അപകടമോ ഉളളപ്പോൾ വേർപാട് ആവശ്യമായിത്തീർന്നേക്കാം എന്നതു ശരി. (1 തിമൊഥെയൊസ് 5:8; ഗലാത്യർ 5:19-21) എന്നാൽ 1 കൊരിന്ത്യർ 7:10-17-ലെ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ഒരുമിച്ചു കഴിയാൻ വിവാഹിത ഇണകളെ പ്രോത്സാഹിപ്പിക്കുന്നു. തീർച്ചയായും യഥാർഥ സന്തുഷ്ടി ലഭിക്കാൻ അവർ പരസ്പരം വിശ്വസ്തരായിരിക്കണം. പൗലോസ് എഴുതി: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക [“വിവാഹശയ്യ,” NW] നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) “വിവാഹശയ്യ” എന്ന പദം നിയമപരമായി അന്യോന്യം വിവാഹിതരായിരിക്കുന്ന സ്ത്രീപുരുഷൻമാർ തമ്മിലുളള ലൈംഗികബന്ധത്തെ സൂചിപ്പിക്കുന്നു. ഒന്നിലധികം ഭാര്യമാരുമായുളള വിവാഹംപോലെ, മററ് ഒരു ലൈംഗികബന്ധത്തെയും ‘എല്ലാവർക്കും മാന്യം’ എന്നു വർണിക്കാൻ കഴിയില്ല. കൂടാതെ, ബൈബിൾ വിവാഹത്തിനു മുമ്പുളള ലൈംഗികബന്ധത്തെയും സ്വവർഗസംഭോഗത്തെയും കുററംവിധിക്കുന്നു.—റോമർ 1:26, 27; 1 കൊരിന്ത്യർ 6:18.
12. പരസംഗത്തിന്റെ ചില ദുഷ്ഫലങ്ങളേവ?
12 പരസംഗം ഏതാനും നിമിഷങ്ങളിലെ ശാരീരികോല്ലാസം കൈവരുത്തിയേക്കാം, പക്ഷേ അതു യഥാർഥ സന്തുഷ്ടിയിൽ കലാശിക്കുന്നില്ല. അതു ദൈവത്തെ അപ്രീതിപ്പെടുത്തുന്നു, ഒരുവന്റെ മനസ്സാക്ഷിക്കു ക്ഷതമേൽപ്പിക്കാനും അതിനു കഴിയും. (1 തെസ്സലൊനീക്യർ 4:3-5) അവിഹിത ലൈംഗികതയുടെ സങ്കടകരമായ പരിണതഫലങ്ങൾ എയ്ഡ്സും ലൈംഗികമായി പകരുന്ന മററു രോഗങ്ങളുമായിരിക്കാം. “ലോകവ്യാപകമായി വർഷംതോറും 25 കോടിയിൽപ്പരമാളുകളെ ഗൊണോറിയാ ബാധിക്കുന്നുവെന്നും 5 കോടിയോളമാളുകളെ സിഫിലിസ് ബാധിക്കുന്നുവെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു” എന്ന് ഒരു മെഡിക്കൽ റിപ്പോർട്ടു പ്രസ്താവിക്കുന്നു. ആഗ്രഹിക്കാത്ത ഗർഭധാരണങ്ങളുടെ പ്രശ്നവുമുണ്ട്. ലോകമെമ്പാടും ഓരോ വർഷവും 15-നും 19-നും ഇടയ്ക്കു പ്രായമുളള 15 ദശലക്ഷത്തിൽപ്പരം പെൺകുട്ടികൾ ഗർഭിണികളാകുന്നുവെന്നും അവരിൽ മൂന്നിലൊന്നു ഗർഭച്ഛിദ്രം നടത്തുന്നുവെന്നും ഇൻറർനാഷനൽ പ്ലാൻഡ് പേരൻറ്ഹുഡ് ഫെഡറേഷൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത്, കുമാരികളുടെ ഇടയിൽ ഉണ്ടാകുന്ന 72 ശതമാനം മരണത്തിന്റെ കാരണം ഗർഭച്ഛിദ്ര കുഴപ്പങ്ങൾ ആണെന്ന് ഒരു പഠനം പ്രകടമാക്കി. പരസംഗം ചെയ്യുന്ന ചിലർക്കു രോഗമോ ഗർഭധാരണമോ ഉണ്ടാകാതിരുന്നേക്കാം, എന്നാൽ വൈകാരികമായ ക്ഷതത്തിൽനിന്ന് അവർ ഒഴിഞ്ഞുപോകയില്ല. അനേകർക്ക് ആത്മാഭിമാനം നഷ്ടപ്പെടുന്നു, തങ്ങളോടുതന്നെ അവർക്കു വെറുപ്പും തോന്നിയേക്കാം.
13. വ്യഭിചാരം കൂടുതലായ വേറെ ഏതു പ്രശ്നങ്ങൾക്കിടയാക്കുന്നു, പരസംഗക്കാരും വ്യഭിചാരികളുമായി തുടരുന്നവരുടെ ഭാവി എന്ത്?
13 വ്യഭിചാരം ക്ഷമിക്കാവുന്നതാണെങ്കിലും, എന്നാൽ അതു നിർദോഷിയായ ഇണയുടെ ഭാഗത്തു വിവാഹമോചനത്തിനുളള സാധുവായ തിരുവെഴുത്തുകാരണമാണ്. (മത്തായി 5:32; ഹോശേയ 3:1-5 താരതമ്യം ചെയ്യുക.) അത്തരം ദുർമാർഗം ഒരു ദാമ്പത്യബന്ധത്തിന്റെ തകർച്ചയിൽ കലാശിക്കുമ്പോൾ, അതു നിർദോഷിയായ ഇണയിലും മക്കളിലും ആഴത്തിലുളള വൈകാരികവടുക്കൾ അവശേഷിപ്പിച്ചേക്കാം. മനുഷ്യകുടുംബത്തിന്റെ നൻമക്കുവേണ്ടി, അനുതാപമില്ലാത്ത പരസംഗക്കാരുടെയും വ്യഭിചാരികളുടെയും മേൽ ദൈവത്തിന്റെ പ്രതികൂല ന്യായവിധി വരുമെന്നു ദൈവവചനം ചൂണ്ടിക്കാട്ടുന്നു. തന്നെയുമല്ല, ലൈംഗികദുർമാർഗത്തിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് അതു വ്യക്തമായി പ്രകടമാക്കുന്നു.—ഗലാത്യർ 5:19, 21.
“ലോകത്തിന്റെ ഭാഗമല്ല”
14. (എ) ദൈവഭക്തനായ ഒരാൾ ഒഴിവാക്കുന്ന വിഗ്രഹാരാധനയുടെ ചില രൂപങ്ങളേവ? (ബി) യോഹന്നാൻ 17:14, യെശയ്യാവു 2:4 എന്നിവിടങ്ങളിൽ ഏതു മാർഗനിർദേശം നൽകിയിരിക്കുന്നു?
14 യഹോവയെ പ്രസാദിപ്പിക്കാനും രാജ്യാനുഗ്രഹങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ ഏതു രൂപത്തിലുമുളള വിഗ്രഹാരാധനയെ ഒഴിവാക്കുന്നു. ക്രിസ്തുവിന്റേതോ യേശുവിന്റെ മാതാവായ മറിയയുടേതോ ഉൾപ്പെടെയുളള പ്രതിമകൾ ഉണ്ടാക്കുന്നതും അവയെ ആരാധിക്കുന്നതും തെററാണെന്നു ബൈബിൾ പ്രകടമാക്കുന്നു. (പുറപ്പാടു 20:4, 5; 1 യോഹന്നാൻ 5:21) അതുകൊണ്ട്, സത്യക്രിസ്ത്യാനികൾ ബിംബങ്ങളെയും കുരിശുകളെയും പ്രതിമകളെയും ആരാധിക്കുന്നില്ല. പതാകകളോടുളള ഭക്തിക്രിയകളും രാഷ്ട്രങ്ങളെ മഹത്ത്വീകരിക്കുന്ന ഗാനാലാപനവും പോലെ കൂടുതൽ തന്ത്രപരമായ വിഗ്രഹാരാധനാരൂപങ്ങളെയും അവർ ഒഴിവാക്കുന്നു. അങ്ങനെയുളള പ്രവർത്തനങ്ങൾ നടത്താൻ സമ്മർദം ചെലുത്തപ്പെടുമ്പോൾ അവർ സാത്താനോടുളള യേശുവിന്റെ വാക്കുകൾ ഓർക്കുന്നു: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്, അവനു മാത്രമാണു നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്.” (മത്തായി 4:8-10, NW) തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 17:14, NW) അതിന്റെ അർഥം രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കുക എന്നും യെശയ്യാവു 2:4-നോടുളള ചേർച്ചയിൽ സമാധാനപരമായി ജീവിക്കുക എന്നുമാണ്, അതിങ്ങനെ പറയുന്നു: “അവൻ [യഹോവയാം ദൈവം] ജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി [“ജനത,” NW] ജാതിക്കു നേരെ വാളോങ്ങുകയില്ല, അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.”
15. മഹാബാബിലോൻ എന്താണ്, അവളിൽനിന്നു പുറത്തുവരാൻ അനേകം പുതിയ ബൈബിൾവിദ്യാർഥികൾ എന്തു ചെയ്യുന്നു?
15 ‘ലോകത്തിന്റെ ഭാഗമല്ലാ’തിരിക്കുന്നതു വ്യാജമതലോകസാമ്രാജ്യമായ “മഹാബാബിലോ”നോടുളള സകല സഹവാസവും വിച്ഛേദിക്കുന്നതിനെയും അർഥമാക്കുന്നു. അശുദ്ധാരാധന പുരാതന ബാബിലോനിൽനിന്നു വ്യാപിച്ച് ഒടുവിൽ ഭൂവ്യാപകമായി ജനങ്ങളുടെമേൽ ഹാനികരമായ ആത്മീയാധിപത്യം പുലർത്തി. “മഹാബാബിലോൻ” ദൈവപരിജ്ഞാനത്തിനു ചേർച്ചയിലല്ലാത്ത ഉപദേശങ്ങളും ആചാരങ്ങളുമുളള സകല മതങ്ങളെയും ഉൾക്കൊളളുന്നു. (വെളിപാട് 17:1, 5, 15, NW) വ്യത്യസ്ത മതങ്ങളുമായി ആരാധനയിൽ പങ്കുപററിക്കൊണ്ടോ മഹാബാബിലോന്റെ ഏതെങ്കിലും ഭാഗവുമായി ആത്മീയ കൂട്ടായ്മയിൽ ഏർപ്പെട്ടുകൊണ്ടോ യഹോവയുടെ യാതൊരു വിശ്വസ്താരാധകനും മിശ്രവിശ്വാസപ്രവർത്തനങ്ങളിൽ ഉൾപ്പെടുകയില്ല. (സംഖ്യാപുസ്തകം 25:1-9; 2 കൊരിന്ത്യർ 6:14) തത്ഫലമായി അനേകം പുതിയ ബൈബിൾ വിദ്യാർഥികൾ അവർ ഉൾപ്പെട്ടുനിൽക്കുന്ന മതസ്ഥാപനത്തിന് ഒരു രാജിക്കത്ത് അയയ്ക്കുന്നു. വാഗ്ദത്തം ചെയ്തിരിക്കുന്നതുപോലെ ഇത് അവരെ സത്യദൈവത്തോടു കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ” കൈക്കൊളളും. (2 കൊരിന്ത്യർ 6:17; വെളിപ്പാടു 18:4, 5) നമ്മുടെ സ്വർഗീയ പിതാവിനാലുളള അത്തരം അംഗീകരണമല്ലേ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നത്?
വാർഷികാചരണങ്ങളെ തൂക്കിനോക്കൽ
16. സത്യക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കാത്തത് എന്തുകൊണ്ട്?
16 ദൈവഭക്തിയോടുകൂടിയ ജീവിതം, മിക്കപ്പോഴും ഭാരമായിരിക്കുന്ന ലൗകിക വിശേഷദിവസങ്ങളുടെ ആചരണത്തിൽനിന്നു നമ്മെ വിമുക്തരാക്കുന്നു. ഉദാഹരണത്തിന്, ബൈബിൾ യേശുവിന്റെ കൃത്യമായ ജനനദിവസം വെളിപ്പെടുത്തുന്നില്ല. ‘യേശു ഡിസംബർ 25-നു ജനിച്ചുവെന്നാണു ഞാൻ വിചാരിച്ചത്!’ എന്നു ചിലർ ആശ്ചര്യപൂർവം പറഞ്ഞേക്കാം. അതു സാധ്യമല്ല, കാരണം അവൻ 33 1/2 വയസ്സിൽ, പൊ. യു. 33-ലെ വസന്തത്തിലാണു മരിച്ചത്. കൂടാതെ അവന്റെ ജനനസമയത്ത് ഇടയൻമാർ “രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.” (ലൂക്കൊസ് 2:8) ഇസ്രായേൽ ദേശത്ത്, ഡിസംബറിന്റെ ഒടുവിൽ തണുപ്പുളള മഴക്കാലമാണ്, ആ സമയത്ത് ആടുകളെ ശീതകാലാവസ്ഥയിൽനിന്നു സംരക്ഷിക്കാൻ രാത്രിയിൽ സങ്കേതങ്ങളിൽ സൂക്ഷിക്കുമായിരുന്നു. യഥാർഥത്തിൽ, റോമാക്കാർ തങ്ങളുടെ സൂര്യദേവന്റെ ജൻമദിനമായി ഡിസംബർ 25-നെ കരുതിയിരുന്നു. യേശു ഭൂമിയിലായിരുന്നതിനു നൂററാണ്ടുകൾക്കുശേഷം വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ജൻമദിനാഘോഷത്തിന് ഈ തീയതി സ്വീകരിച്ചു. തത്ഫലമായി സത്യക്രിസ്ത്യാനികൾ ക്രിസ്മസോ വ്യാജമതവിശ്വാസങ്ങളിൽ അധിഷ്ഠിതമായ മറേറതെങ്കിലും വിശേഷദിവസമോ ആഘോഷിക്കുന്നില്ല. അവർ യഹോവക്കു സമ്പൂർണഭക്തി കൊടുക്കുന്നതുകൊണ്ടു പാപപൂർണരായ മനുഷ്യരെയോ രാഷ്ട്രങ്ങളെയോ വിഗ്രഹമാക്കുന്ന വിശേഷദിവസങ്ങളും ആഘോഷിക്കുന്നില്ല.
17. ദൈവഭക്തർ ജൻമദിനങ്ങൾ ആഘോഷിക്കാത്തത് എന്തുകൊണ്ട്, ഏതായാലും ക്രിസ്തീയ കുട്ടികൾ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
17 ബൈബിൾ പ്രത്യേകമായി രണ്ടു ജൻമദിനാഘോഷങ്ങളെക്കുറിച്ചു മാത്രമേ പറയുന്നുളളു, രണ്ടിലും ഉൾപ്പെട്ടിരുന്നതു ദൈവത്തെ സേവിക്കാഞ്ഞ ആളുകളാണ്. (ഉല്പത്തി 40:20-22; മത്തായി 14:6-11) പൂർണ മനുഷ്യനായിരുന്ന യേശുക്രിസ്തുവിന്റെ ജനനദിവസം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നില്ലാത്തതുകൊണ്ട് അപൂർണമനുഷ്യരുടെ ജൻമദിനങ്ങൾക്കു നാം പ്രത്യേകശ്രദ്ധ കൊടുക്കുന്നത് എന്തിന്? (സഭാപ്രസംഗി 7:1) തീർച്ചയായും, ദൈവഭക്തിയുളള മാതാപിതാക്കൾ തങ്ങളുടെ മക്കളോടു സ്നേഹം കാണിക്കാൻ ഒരു പ്രത്യേകദിവസത്തിനായി കാത്തിരിക്കുന്നില്ല. 13 വയസ്സുകാരിയായ ഒരു ക്രിസ്തീയ ബാലിക ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ കുടുംബത്തിനും എനിക്കും ധാരാളം വിനോദമുണ്ട്. . . . എനിക്ക് എന്റെ മാതാപിതാക്കളോടു വളരെ അടുപ്പമാണ്. ഞാൻ വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്നു മറ്റു കുട്ടികൾ ചോദിക്കുമ്പോൾ ഞാൻ എല്ലാ ദിവസവും ആഘോഷിക്കുന്നുവെന്നു അവരോടു പറയുന്നു.” 17 വയസ്സുളള ഒരു ക്രിസ്തീയ യുവാവ് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വീട്ടിൽ സമ്മാനദാനം വർഷത്തിൽ ഉടനീളമാണ്.” സ്വതഃപ്രേരിതമായി സമ്മാനങ്ങൾ കൊടുക്കുമ്പോൾ വർധിച്ച സന്തുഷ്ടി ലഭിക്കുന്നു.
18. ഏതു വാർഷികാചരണം നടത്താൻ യേശു തന്റെ അനുഗാമികളോടു കല്പിച്ചു, അതു നമ്മെ എന്ത് അനുസ്മരിപ്പിക്കുന്നു?
18 ദൈവികഭക്തിയുടെ ജീവിതം നയിക്കുന്നവർക്ക് ഓരോ വർഷത്തിലും ഒരു ദിവസം പ്രത്യേകം ആചരിക്കാൻ ഉണ്ട്. അതു മിക്കപ്പോഴും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം എന്നു വിളിക്കപ്പെടുന്ന കർത്താവിന്റെ സന്ധ്യാഭക്ഷണമാണ്. അതിനെ സംബന്ധിച്ച്, യേശു തന്റെ അനുഗാമികളോട് “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്നു കല്പിച്ചു. (ലൂക്കൊസ് 22:19, 20; 1 കൊരിന്ത്യർ 11:23-25) യേശു പൊ.യു. 33 നീസാൻ 14-ലെ രാത്രിയിൽ ഈ ഭക്ഷണം ഏർപ്പെടുത്തിയപ്പോൾ അവൻ തന്റെ പാപരഹിതമായ മനുഷ്യശരീരത്തെയും അവന്റെ പൂർണതയുളള രക്തത്തെയും പ്രതിനിധാനംചെയ്യുന്ന പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉപയോഗിച്ചു. (മത്തായി 26:26-29) ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ക്രിസ്ത്യാനികൾ ഈ ചിഹ്നങ്ങളിൽ പങ്കുപററുന്നു. അവർ പുതിയ ഉടമ്പടിയിലേക്കും രാജ്യത്തിനുവേണ്ടിയുളള ഉടമ്പടിയിലേക്കും എടുക്കപ്പെട്ടിരിക്കുന്നു. അവർക്ക് ഒരു സ്വർഗീയ പ്രത്യാശയാണുളളത്. (ലൂക്കൊസ് 12:32; 22:20, 28-30; റോമർ 8:16, 17; വെളിപ്പാടു 14:1-5) എന്നിരുന്നാലും, പുരാതന യഹൂദകലണ്ടറിലെ നീസാൻ 14-നോട് ഒക്കുന്ന സന്ധ്യാസമയത്തു ഹാജരാകുന്ന എല്ലാവർക്കും പ്രയോജനങ്ങൾ അനുഭവപ്പെടുന്നു. ദിവ്യപ്രീതിയുളളവർക്കു നിത്യജീവൻ സാധ്യമാക്കുന്ന പാപപരിഹാരത്തിനുളള മറുവിലയാഗത്തിൽ യഹോവയാം ദൈവവും യേശുക്രിസ്തുവും പ്രകടമാക്കിയ സ്നേഹം അവർ അനുസ്മരിപ്പിക്കപ്പെടുന്നു.—മത്തായി 20:28; യോഹന്നാൻ 3:16.
തൊഴിലും വിനോദവും
19. ഉപജീവനമാർഗം തേടുന്നതിൽ ക്രിസ്ത്യാനികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം എന്ത്?
19 കഠിനജോലി ചെയ്തു തങ്ങളുടെ ആവശ്യങ്ങൾക്കായി കരുതാനുളള കടപ്പാടിൻകീഴിലാണു സത്യക്രിസ്ത്യാനികൾ. ഇതിന്റെ നിർവഹണം കുടുംബത്തലവൻമാർക്കു സംതൃപ്തിയുടെ ഒരു അനുഭൂതി കൈവരുത്തുന്നു. (1 തെസ്സലൊനീക്യർ 4:11, 12) തീർച്ചയായും, ഒരു ക്രിസ്ത്യാനിയുടെ തൊഴിൽ ബൈബിളിനു വിരുദ്ധമാണെങ്കിൽ അത് അയാളുടെ സന്തുഷ്ടി കവർന്നുകളയും. എന്നിരുന്നാലും, ഒരു ക്രിസ്ത്യാനിക്കു ബൈബിൾപ്രമാണങ്ങൾക്കു ചേർച്ചയിലുളള ജോലി കണ്ടെത്തുക ചിലപ്പോൾ പ്രയാസമാണ്. ഉദാഹരണത്തിന്, ഇടപാടുകാരെ വഞ്ചിക്കാൻ ചില തൊഴിലുടമകൾ തൊഴിലാളികളോട് ആവശ്യപ്പെടുന്നു. മറിച്ച്, ആശ്രയിക്കാവുന്ന ഒരു തൊഴിലാളി നഷ്ടപ്പെടാനാഗ്രഹിക്കുന്നില്ലാത്തതിനാൽ സത്യസന്ധനായ ഒരു ജോലിക്കാരന്റെ മനസ്സാക്ഷിയെ പ്രീണിപ്പിക്കാൻ അനേകം മുതലാളിമാർ വഴങ്ങും. എന്തു സംഭവിച്ചാലും, നിങ്ങൾക്കു ശുദ്ധമായ ഒരു മനസ്സാക്ഷി നൽകുന്ന തൊഴിൽ കണ്ടെത്താനുളള ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—2 കൊരിന്ത്യർ 4:2.
20. നാം നല്ല വിനോദം തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്?
20 തന്റെ ദാസൻമാർ സന്തുഷ്ടരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നതുകൊണ്ട്, നാം നവോൻമേഷം പകരുന്ന വിനോദത്തിന്റെയും വിശ്രമത്തിന്റെയും വേളകൾകൊണ്ടു കഠിനജോലിയെ സമീകരിക്കേണ്ടതുണ്ട്. (മർക്കൊസ് 6:31; സഭാപ്രസംഗി 3:12, 13) സാത്താന്റെ ലോകം ഭക്തികെട്ട വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്, നാം വായിക്കുന്ന പുസ്തകങ്ങളും കേൾക്കുന്ന റേഡിയോ പരിപാടികളും സംഗീതവും കാണുന്ന കച്ചേരികളും സിനിമകളും നാടകങ്ങളും ടെലിവിഷൻപരിപാടികളും വീഡിയോകളും തിരഞ്ഞെടുക്കേണ്ടതാണ്. കഴിഞ്ഞ കാലത്തു നാം തിരഞ്ഞെടുത്ത വിനോദം ആവർത്തനപുസ്തകം 18:10-12, സങ്കീർത്തനം 11:5, എഫെസ്യർ 5:3-5 എന്നീ തിരുവെഴുത്തുകളിലെ മുന്നറിയിപ്പുകൾക്കു വിരുദ്ധമാണെങ്കിൽ, ഭേദഗതികൾ വരുത്തുന്നപക്ഷം നാം യഹോവയെ പ്രസാദിപ്പിക്കുകയും ഏറെ സന്തുഷ്ടരായിരിക്കുകയും ചെയ്യും.
ജീവനോടും രക്തത്തോടുമുളള ആദരവ്
21. ജീവനോടുളള ആദരവ് ഗർഭച്ഛിദ്രത്തെക്കുറിച്ചുളള നമ്മുടെ വീക്ഷണത്തെയും നമ്മുടെ ശീലങ്ങളെയും നടത്തയെയും എങ്ങനെ ബാധിക്കണം?
21 യഥാർഥസന്തുഷ്ടിക്ക്, യഹോവ വീക്ഷിക്കുന്നതുപോലെ നാം മനുഷ്യജീവനെ പവിത്രമായി കരുതേണ്ടതുണ്ട്. കൊല ചെയ്യുന്നതിൽനിന്ന് അവന്റെ വചനം നമ്മെ വിലക്കുന്നു. (മത്തായി 19:16-18) യഥാർഥത്തിൽ, ഇസ്രായേലിനു കൊടുത്ത ദൈവത്തിന്റെ ന്യായപ്രമാണം ഒരു അജാതശിശുവിനെ ഒരു വിലയേറിയ ജീവനായി—നശിപ്പിക്കാൻ പാടില്ലാത്ത ഒന്നായി—അവൻ വീക്ഷിക്കുന്നുവെന്നു പ്രകടമാക്കുന്നു. (പുറപ്പാടു 21:22, 23) ആ കാരണത്താൽത്തന്നെ, പുകയില ഉപയോഗിച്ചുകൊണ്ടും മയക്കുമരുന്നോ മദ്യമോ കൊണ്ടു നമ്മുടെ ശരീരത്തെ ദുർവിനിയോഗം ചെയ്തുകൊണ്ടും അല്ലെങ്കിൽ അനാവശ്യമായ സാഹസങ്ങൾ പ്രവർത്തിച്ചുകൊണ്ടും നാം ജീവനെ വിലകുറഞ്ഞതായി കരുതരുത്. ജീവനു ഭീഷണി ഉയർത്തുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിൽ നാം ഏർപ്പെടുകയുമരുത് അല്ലെങ്കിൽ രക്തപാതകത്തിൽ കലാശിക്കുംവിധം സുരക്ഷിതത്വത്തിനുളള മുൻകരുതലുകളെ അവഗണിക്കയുമരുത്.—ആവർത്തനപുസ്തകം 22:8.
22. (എ) രക്തത്തിന്റെയും അതിന്റെ ഉപയോഗത്തിന്റെയും ദൈവികമായ വീക്ഷണം എന്താണ്? (ബി) ആരുടെ രക്തം മാത്രമേ യഥാർഥത്തിൽ ജീവരക്ഷാകരമായിരിക്കുന്നുളളു?
22 രക്തം പ്രാണനെ അഥവാ ജീവനെ പ്രതിനിധാനംചെയ്യുന്നുവെന്നു നോഹയോടും അവന്റെ കുടുംബത്തോടും യഹോവ പറഞ്ഞു. അതുകൊണ്ട് ഏതെങ്കിലും രക്തം ഭക്ഷിക്കുന്നതിൽനിന്ന് അവരെ ദൈവം വിലക്കി. (ഉല്പത്തി 9:3, 4) നാം അവരുടെ സന്തതികളായതുകൊണ്ട് ആ നിയമം നമുക്കെല്ലാം ബാധകമാണ്. രക്തം നിലത്ത് ഒഴിച്ചുകളയണമെന്നും മമനുഷ്യന്റെ സ്വന്ത ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും യഹോവ ഇസ്രായേല്യരോടു പറഞ്ഞു. (ആവർത്തനപുസ്തകം 12:15, 16) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളോട് “രക്തം . . . വർജ്ജി”ക്കാൻ നിർദേശിച്ചപ്പോൾ രക്തംസംബന്ധിച്ച ദൈവനിയമം ആവർത്തിക്കപ്പെട്ടു. (പ്രവൃത്തികൾ 15:28, 29) ജീവന്റെ പവിത്രതയോടുളള ആദരവു നിമിത്തം ദൈവഭക്തരായ ആളുകൾ രക്തപ്പകർച്ച സ്വീകരിക്കുന്നില്ല, അത്തരം ഒരു നടപടി ജീവരക്ഷാകരമാണെന്നു മററുളളവർ നിർബന്ധം പിടിച്ചാലും. യഹോവയുടെ സാക്ഷികൾക്കു സ്വീകാര്യമായ ഒട്ടേറെ പകര ചികിത്സകൾ വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്, അവ ഒരുവനെ രക്തപ്പകർച്ചകളുടെ അപകടങ്ങൾക്കു വിധേയനാക്കുന്നുമില്ല. യേശുവിന്റെ ചൊരിയപ്പെട്ട രക്തം മാത്രമേ യഥാർഥത്തിൽ ജീവരക്ഷാകരമായിരിക്കുന്നുളളുവെന്നു ക്രിസ്ത്യാനികൾക്ക് അറിയാം. അതിലുളള വിശ്വാസം പാപമോചനവും നിത്യജീവന്റെ പ്രത്യാശയും കൈവരുത്തുന്നു.—എഫെസ്യർ 1:7.
23. ദൈവഭക്തിയോടുകൂടിയ ജീവിതരീതിയുടെ ചില പ്രതിഫലങ്ങൾ ഏവ?
23 ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കുന്നതിനു ശ്രമം ആവശ്യമാണെന്നു വ്യക്തമാണ്. അതു കുടുംബാംഗങ്ങളിൽനിന്നോ പരിചയക്കാരിൽനിന്നോ ഉളള പരിഹാസം കൈവരുത്തിയേക്കാം. (മത്തായി 10:32-39; 1 പത്രൊസ് 4:4) എന്നാൽ അങ്ങനെയുളള ജീവിതം നയിക്കുന്നതിന്റെ പ്രതിഫലങ്ങൾ ഏതു പീഡാനുഭവങ്ങളെക്കാളും വളരെ മുൻതൂക്കമുളളതാണ്. അതു ശുദ്ധമായ മനസ്സാക്ഷി നൽകുകയും യഹോവയുടെ സഹാരാധകരുമായുളള ഉത്തമമായ സഖിത്വം പ്രദാനംചെയ്യുകയും ചെയ്യുന്നു. (മത്തായി 19:27, 29) ഇനി, ദൈവത്തിന്റെ നീതിയുളള പുതിയ ലോകത്തിൽ ജീവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. (യെശയ്യാവു 65:17, 18) ബൈബിൾ ബുദ്ധ്യുപദേശം അനുസരിച്ചു പ്രവർത്തിക്കുന്നതിലും അങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിലും എത്ര സന്തോഷമുണ്ട്! (സദൃശവാക്യങ്ങൾ 27:11) ദൈവഭക്തിയോടുകൂടിയ ജീവിതം സന്തുഷ്ടി കൈവരുത്തുന്നത് അതിശയമല്ല!—സങ്കീർത്തനം 128:1, 2.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കുന്നതു സന്തുഷ്ടി കൈവരുത്തുന്നതിന്റെ ചില കാരണങ്ങളേവ?
ദൈവഭക്തിയോടുകൂടിയ ജീവിതം ഏതു മാററങ്ങൾ ആവശ്യമാക്കിത്തീർത്തേക്കാം?
നിങ്ങൾ ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കാനാഗ്രഹിക്കുന്നത് എന്തുകൊണ്ട്?
[124, 125 പേജുകളിലെ ചിത്രങ്ങൾ]
ആത്മീയ പ്രവർത്തനങ്ങളെ വിനോദഘട്ടങ്ങളുമായി സമീകരിക്കുന്നത് ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കുന്നവരുടെ സന്തുഷ്ടിയെ വർധിപ്പിക്കും