അധ്യായം 3
“നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക”
എബ്രായർ 13:7-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ “നിങ്ങളെ ഭരിക്കുന്നവരെ ഓർത്തുകൊള്ളുക” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. എ.ഡി. 33-ലെ പെന്തിക്കോസ്തുമുതൽ കർത്താവായ യേശുക്രിസ്തുവിന്റെ വിശ്വസ്തരായ അപ്പോസ്തലന്മാർ ഒരു ഭരണസംഘമായി പ്രവർത്തിച്ചുപോന്നു. പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭയ്ക്കു മാർഗനിർദേശം നൽകുന്നതിൽ അവർ നേതൃത്വമെടുത്തു. (പ്രവൃ. 6:2-4) എ.ഡി. 49 ആയപ്പോഴേക്കും യേശുവിന്റെ അപ്പോസ്തലന്മാർക്കു പുറമേ മറ്റു ചിലരെയും ചേർത്ത് ഭരണസംഘം വിപുലപ്പെടുത്തി. പരിച്ഛേദനാപ്രശ്നത്തിൽ തീരുമാനമെടുത്ത സമയത്ത് ഭരണസംഘത്തിൽ ‘യരുശലേമിലുള്ള അപ്പോസ്തലന്മാരും മൂപ്പന്മാരും’ ഉണ്ടായിരുന്നു. (പ്രവൃ. 15:1, 2) എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളെ ബാധിക്കുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമായിരുന്നു. അവർ സഭകൾക്കു കത്തുകളും തീരുമാനങ്ങളും എഴുതി അയച്ചു. അങ്ങനെ ചെയ്തതു സഭകളെ ബലപ്പെടുത്തുകയും ചിന്തയിലും പ്രവൃത്തിയിലും ഒരുമയുള്ളവരായിരിക്കാൻ ശിഷ്യന്മാരെ സഹായിക്കുകയും ചെയ്തു. സഭകൾ ഭരണസംഘത്തിന്റെ നിർദേശങ്ങൾക്ക് അനുസരണയോടെ കീഴ്പെട്ടു. അതിന്റെ ഫലമായി സഭകളെ യഹോവ അനുഗ്രഹിച്ചു, വലിയ അഭിവൃദ്ധിയുണ്ടാകുകയും ചെയ്തു.—പ്രവൃ. 8:1, 14, 15; 15:22-31; 16:4, 5; എബ്രാ. 13:17.
2 അപ്പോസ്തലന്മാരുടെ മരണശേഷം വലിയ വിശ്വാസത്യാഗം ഉടലെടുത്തു. (2 തെസ്സ. 2:3-12) ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ ഗോതമ്പിനെ (അഭിഷിക്തക്രിസ്ത്യാനികൾ) കളകൾ (വ്യാജക്രിസ്ത്യാനികൾ) വന്ന് മൂടുമായിരുന്നു. കൊയ്ത്തുവരെ അതായത് “വ്യവസ്ഥിതിയുടെ അവസാനകാലം”വരെ, നൂറ്റാണ്ടുകളോളം ഇവ ഒരുമിച്ച് വളരുമായിരുന്നു. (മത്താ. 13:24-30, 36-43) ആ കാലങ്ങളിൽ ജീവിച്ചിരുന്ന അഭിഷിക്തക്രിസ്ത്യാനികൾ വ്യക്തികളെന്ന നിലയിൽ യേശുവിന്റെ പ്രീതിയുള്ളവരായിരുന്നു. പക്ഷേ അവർക്കു നിർദേശങ്ങൾ നൽകാൻ അക്കാലങ്ങളിൽ ഒരു ഭരണസംഘത്തെയോ ഒരു സരണിയെയോ യേശു ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. (മത്താ. 28:20) എന്നാൽ കൊയ്ത്തുകാലത്ത് സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു.
3 “വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്” എന്ന ചോദ്യത്തോടെ യേശുക്രിസ്തു ഒരു ഉപമ അഥവാ ദൃഷ്ടാന്തം പറഞ്ഞു. ‘വ്യവസ്ഥിതിയുടെ അവസാനത്തെ’ കുറിക്കുന്ന “അടയാള”ത്തിന്റെ ഭാഗമായാണു യേശു ഇതു പറഞ്ഞത്. (മത്താ. 24:3, 42-47) വ്യവസ്ഥിതിയുടെ അവസാനകാലത്ത് വിശ്വസ്തനായ ഈ അടിമ, ദൈവജനത്തിനു “തക്കസമയത്ത്” ആത്മീയഭക്ഷണം നൽകുന്നതിൽ തിരക്കുള്ളവനായിരിക്കുമെന്നു യേശു സൂചിപ്പിച്ചു. എന്നാൽ ഈ അടിമ ഒരൊറ്റ ആളായിരിക്കുമോ? അല്ല. കാരണം ഒന്നാം നൂറ്റാണ്ടിൽ നേതൃത്വമെടുക്കുന്നതിനു യേശു ഒരു വ്യക്തിയെയല്ല പകരം ഒരു കൂട്ടം പുരുഷന്മാരെയാണ് ഉപയോഗിച്ചത്. അതുപോലെ വ്യവസ്ഥിതിയുടെ അവസാനകാലത്തും യേശു ഒരാളെയായിരിക്കുകയില്ല ഉപയോഗിക്കുക.
“വിശ്വസ്തനും വിവേകിയും ആയ അടിമ”യെ തിരിച്ചറിയുക
4 തന്റെ അനുഗാമികളെ ആത്മീയമായി പോഷിപ്പിക്കുന്നതിനു യേശു ആരെയാണു നിയമിച്ചിരിക്കുന്നത്? ഭൂമിയിലുള്ള അഭിഷിക്തരായിരിക്കില്ലേ അതിന് ഏറ്റവും പറ്റിയവർ? കാരണം ബൈബിൾ അവരെ ‘രാജകീയ പുരോഹിതസംഘം’ എന്നാണു വിളിച്ചിരിക്കുന്നത്. ‘ഇരുളിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു തങ്ങളെ വിളിച്ച ദൈവത്തിന്റെ നന്മയെ എല്ലായിടത്തും അറിയിക്കാനുള്ള’ നിയോഗം ലഭിച്ചവരാണ് അവർ. (1 പത്രോ. 2:9; മലാ. 2:7; വെളി. 12:17) പക്ഷേ, ഭൂമിയിലുള്ള എല്ലാ അഭിഷിക്തരും ചേർന്നുള്ളതാണോ വിശ്വസ്തനായ അടിമ? അല്ല. ഒരിക്കൽ യേശു വിശന്നുവലഞ്ഞ ഒരു ജനക്കൂട്ടത്തിന് അത്ഭുതകരമായി ഭക്ഷണം നൽകുകയുണ്ടായി. സ്ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാർതന്നെ ഏതാണ്ട് 5,000 പേരുണ്ടായിരുന്നു. ജനങ്ങൾക്കു നൽകാനായി യേശു ഭക്ഷണം ശിഷ്യന്മാരെ ഏൽപ്പിച്ചു. ശിഷ്യന്മാരാണ് അതു ജനക്കൂട്ടത്തിനു വിതരണം ചെയ്തത്. (മത്താ. 14:19) ഏതാനും പേരെ ഉപയോഗിച്ച് യേശു അന്ന് അനേകരെ പോഷിപ്പിച്ചു. ഇന്നു യേശു ആത്മീയഭക്ഷണം വിളമ്പുന്നതും അതുപോലൊരു വിധത്തിലാണ്.
5 അതുകൊണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് ആത്മീയഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിൽ നേരിട്ട് ഉൾപ്പെട്ടിരിക്കുന്ന അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടമാണു “വിശ്വസ്തനും വിവേകിയും ആയ കാര്യസ്ഥൻ.” (ലൂക്കോ. 12:42) അന്ത്യനാളുകളിലുടനീളം “വിശ്വസ്തനും വിവേകിയും ആയ അടിമ”യിൽ ഉൾപ്പെടുന്ന അഭിഷിക്തസഹോദരന്മാർ ലോകാസ്ഥാനത്ത് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ അഭിഷിക്തസഹോദരന്മാരാണ് ഇന്ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘമായി വർത്തിക്കുന്നത്.
6 ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധമാക്കാനും അനുദിനജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ എങ്ങനെയാണു പ്രാവർത്തികമാക്കേണ്ടത് എന്നതിനെക്കുറിച്ച് യഥാസമയം നിർദേശങ്ങൾ നൽകാനും ക്രിസ്തു ഈ കൂട്ടത്തെ ഉപയോഗിക്കുന്നു. ഇവർ തയ്യാറാക്കുന്ന ആത്മീയഭക്ഷണം ഓരോ പ്രദേശത്തുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിലൂടെ വിതരണം ചെയ്യപ്പെടുന്നു. (യശ. 43:10; ഗലാ. 6:16) ബൈബിൾക്കാലങ്ങളിൽ വിശ്വസ്തനായ ഒരു അടിമ അല്ലെങ്കിൽ കാര്യസ്ഥൻ വീട്ടുകാര്യങ്ങളെല്ലാം നോക്കിനടത്തുന്ന ഒരാളായിരുന്നു. അതുപോലെ, വിശ്വസ്തനും വിവേകിയും ആയ അടിമയ്ക്കും വിശ്വാസികളെല്ലാം ചേർന്ന ഭവനത്തിന്റെ ആത്മീയകാര്യങ്ങൾ നോക്കിനടത്താനുള്ള ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് അവരുടെ ഉത്തരവാദിത്വത്തിൽ സംഘടനയുടെ ഭൗതികമായ ആസ്തികൾ, പ്രസംഗപ്രവർത്തനം, സമ്മേളനങ്ങൾ, കൺവെൻഷനുകൾ, സംഘടനയുടെ വിവിധ തലങ്ങളിൽ മേൽവിചാരകന്മാരെ നിയമിക്കൽ, ബൈബിൾപ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കൽ എന്നിവയുടെയെല്ലാം മേൽനോട്ടം വഹിക്കുന്നതും ഉൾപ്പെടുന്നു. അങ്ങനെ ‘വീട്ടുജോലിക്കാരുടെ’ ക്ഷേമത്തിനുവേണ്ടി വിശ്വസ്തനായ അടിമ പ്രവർത്തിക്കുന്നു.—മത്താ. 24:45.
7 അപ്പോൾ ആരാണ് “വീട്ടുജോലിക്കാർ?” പോഷിപ്പിക്കപ്പെടുന്നവർ ആരോ അവരാണു വീട്ടുജോലിക്കാർ. അവസാനകാലത്തിന്റെ തുടക്കത്തിൽ വീട്ടുജോലിക്കാരെല്ലാം അഭിഷിക്തരായിരുന്നു. പിന്നീട്, ‘വേറെ ആടുകളുടെ’ മഹാപുരുഷാരവും വീട്ടുജോലിക്കാരുടെ ഭാഗമായിത്തീർന്നു. (യോഹ. 10:16) ഈ രണ്ടു കൂട്ടങ്ങളും വിശ്വസ്തയടിമ വിളമ്പുന്ന ആത്മീയാഹാരംകൊണ്ട് പോഷിപ്പിക്കപ്പെടുന്നു.
8 മഹാകഷ്ടതയുടെ സമയത്ത് ഈ ദുഷ്ടവ്യവസ്ഥിതിയുടെ മേൽ ന്യായവിധി പ്രഖ്യാപിക്കാനും അതു നടപ്പാക്കാനും ആയി യേശു വരും. അപ്പോൾ വിശ്വസ്തയടിമയെ യേശു “തന്റെ എല്ലാ സ്വത്തുക്കളുടെയും” മേൽ നിയമിക്കും. (മത്താ. 24:46, 47) വിശ്വസ്തയടിമയിൽ ഉൾപ്പെട്ടിരുന്നവർക്കെല്ലാം അവരുടെ സ്വർഗീയപ്രതിഫലം കിട്ടും. 1,44,000-ത്തിലെ മറ്റുള്ളവരോടൊപ്പം അവരും ക്രിസ്തുവിന്റെ സ്വർഗീയമായ അധികാരത്തിൽ പങ്കുചേരും. ഭൂമിയിൽ പിന്നീടു വിശ്വസ്തനും വിവേകിയും ആയ ഒരു അടിമ ഉണ്ടായിരിക്കുകയില്ല. യഹോവയും യേശുവും മിശിഹൈകരാജ്യത്തിന്റെ ഭൂമിയിലെ പ്രജകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. “പ്രഭുക്കന്മാരായി” നിയമിക്കപ്പെടുന്നവരിലൂടെയായിരിക്കും അവർ അതു ചെയ്യുന്നത്.—സങ്കീ. 45:16.
‘നേതൃത്വമെടുക്കുന്നവരെ ഓർക്കേണ്ടത്’ എന്തുകൊണ്ട്?
9 ‘നേതൃത്വമെടുക്കുന്നവരെ ഓർക്കാനും’ അവരോടു കൂറും വിശ്വസ്തതയും കാണിക്കാനും പല കാരണങ്ങളുണ്ട്. അതു നമ്മുടെ നന്മയിലേ കലാശിക്കൂ! എന്തുകൊണ്ട്? പൗലോസ് അപ്പോസ്തലൻ ഇങ്ങനെ വിശദീകരിച്ചു: ‘നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നു. . . . അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.’ (എബ്രാ. 13:17) നേതൃത്വമെടുക്കുന്നവരെ അനുസരിക്കുകയും അവരുടെ നിർദേശങ്ങൾക്കു കീഴ്പെടുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്. കാരണം നമ്മുടെ ആത്മീയസുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഉണർന്നിരിക്കുന്നവരാണ് അവർ.
10 “ചെയ്യുന്നതെല്ലാം സ്നേഹത്തോടെ ചെയ്യുക” എന്ന് 1 കൊരിന്ത്യർ 16:14-ൽ പൗലോസ് പറഞ്ഞു. ദൈവജനത്തിനുവേണ്ടിയുള്ള തീരുമാനങ്ങളെല്ലാം സ്നേഹം എന്ന അതിവിശിഷ്ടമായ ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് എടുക്കുന്നത്. സ്നേഹത്തെക്കുറിച്ച് 1 കൊരിന്ത്യർ 13:4-8 ഇങ്ങനെ പറയുന്നു: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകില്ല.” യഹോവയുടെ ദാസന്മാരുടെ ക്ഷേമത്തെ കരുതി എടുക്കുന്ന ഓരോ തീരുമാനങ്ങളുടെയും അടിസ്ഥാനം സ്നേഹമായതുകൊണ്ട് അതു നമ്മുടെ നന്മയിൽ കലാശിക്കും, അത് അനുസരിക്കുമ്പോൾ നമ്മൾ സുരക്ഷിതരായിരിക്കും. ഏറ്റവും പ്രധാനമായി, ഇത് യഹോവയുടെ സ്നേഹത്തിന്റെ പ്രതിഫലനവുമാണ്.
നമ്മുടെ ആത്മീയ ക്ഷേമത്തെ കരുതി ഉണർന്നിരിക്കുന്നവർക്കു കീഴ്പെട്ടിരിക്കേണ്ടതു വളരെ പ്രധാനമാണ്
11 ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ ഇന്നും തന്റെ ജനത്തിനു നേതൃത്വം കൊടുക്കാൻ യഹോവ അപൂർണമനുഷ്യരെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലും തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിനായി യഹോവ അപൂർണമനുഷ്യരെ ഉപയോഗിച്ചിട്ടുണ്ട്. നോഹ ഒരു പെട്ടകം പണിയുകയും തന്റെ നാളിൽ വരാൻ പോകുന്ന നാശത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. (ഉൽപ. 6:13, 14, 22; 2 പത്രോ. 2:5) യഹോവയുടെ ജനത്തെ ഈജിപ്തിൽനിന്ന് കൊണ്ടുവരുന്നതിനു നേതൃത്വമെടുക്കാൻ യഹോവ മോശയെ നിയമിച്ചു. (പുറ. 3:10) കൂടാതെ അപൂർണമനുഷ്യരെയാണു ബൈബിൾ എഴുതാൻ നിയോഗിച്ചത്. (2 തിമൊ. 3:16; 2 പത്രോ. 1:21) ഇന്ന്, പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള പ്രവർത്തനത്തിനു നേതൃത്വമെടുക്കാൻ യഹോവ അപൂർണമനുഷ്യരെ ഉപയോഗിക്കുന്നതുകൊണ്ട് ദൈവത്തിന്റെ സംഘടനയിലുള്ള നമ്മുടെ വിശ്വാസം ദുർബലപ്പെട്ടുപോകരുത്. പിന്നെയോ നമ്മുടെ വിശ്വാസം ശക്തിപ്പെടുകയാണു വേണ്ടത്. കാരണം യഹോവയുടെ പിന്തുണയില്ലാതെ ഈ സംഘടനയ്ക്ക്, ഇന്നു നിർവഹിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാൻ ഒരിക്കലും കഴിയുന്നതല്ല. വർഷങ്ങളിലെ അനുഭവങ്ങൾകൊണ്ടും പ്രയാസസാഹചര്യങ്ങളെ അതിജീവിച്ചതുകൊണ്ടും ദൈവാത്മാവാണ് അടിമയെ നയിക്കുന്നതെന്നു തെളിഞ്ഞിരിക്കുന്നു. യഹോവയുടെ സംഘടനയുടെ ഈ ദൃശ്യഭാഗത്തിന്മേൽ ഇന്ന് യഹോവ വലിയ അളവിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കുന്നു. അതുകൊണ്ട് മുഴുഹൃദയത്തോടെ, നമ്മുടെ കൂറും പിന്തുണയും ഈ സംഘടനയ്ക്കു നൽകാം. അതിൽ വിശ്വാസമർപ്പിക്കാം!
യഹോവയിലും യഹോവയുടെ ക്രമീകരണങ്ങളിലും വിശ്വാസമുണ്ടെന്നു തെളിയിക്കാൻ
12 സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന സഹോദരങ്ങൾ എങ്ങനെയാണ് യഹോവയിലും യഹോവയുടെ ക്രമീകരണങ്ങളിലും അവർക്കു വിശ്വാസമുണ്ടെന്നു കാണിക്കുന്നത്? അവർക്കു കിട്ടുന്ന നിയമനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും ചുമതലകൾ വിശ്വസ്തതയോടെ നിർവഹിക്കുകയും ചെയ്തുകൊണ്ട്. (പ്രവൃ. 20:28) രാജ്യഘോഷകരെന്ന നിലയിൽ നമ്മളെല്ലാം തീക്ഷ്ണതയോടെ വീടുതോറും പ്രവർത്തിക്കുന്നു, മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്തുന്നു. (മത്താ. 24:14; 28:19, 20) സമ്മേളനങ്ങളും കൺവെൻഷനുകളും ഉൾപ്പെടെയുള്ള ക്രിസ്തീയയോഗങ്ങളിൽ വിശ്വസ്തയടിമ നമുക്കു പോഷകസമൃദ്ധമായ ആത്മീയാഹാരം വിളമ്പിത്തരുന്നു. അവയിൽനിന്ന് പൂർണമായ പ്രയോജനം നേടാൻ നമ്മൾ നന്നായി തയ്യാറായി അവിടെ കൂടിവരുന്നു. ഇത്തരം ക്രിസ്തീയകൂടിവരവുകളിൽ സഹോദരങ്ങളുമായി സഹവസിക്കുമ്പോൾ പരസ്പരം പ്രോത്സാഹിപ്പിക്കാൻ നമുക്കു കഴിയുന്നു.—എബ്രാ. 10:24, 25.
13 നമ്മൾ സംഭാവനകൾ നൽകുമ്പോഴും സംഘടനയിൽ വിശ്വാസമുണ്ടെന്നു കാണിക്കുകയാണ്. (സുഭാ. 3:9, 10) നമ്മുടെ സഹോദരങ്ങൾക്കു പണമോ മറ്റെന്തെങ്കിലുമോ ആവശ്യമുണ്ടെന്നു കാണുമ്പോൾ നമ്മൾ പെട്ടെന്നുതന്നെ സഹായവുമായി ഓടിയെത്തുന്നു. (ഗലാ. 6:10; 1 തിമൊ. 6:18) നമ്മൾ ഇതെല്ലാം ചെയ്യുന്നതു സഹോദരങ്ങളോടുള്ള സ്നേഹംകൊണ്ടാണ്. യഹോവയും സംഘടനയും നമ്മുടെ മേൽ നന്മകൾ വർഷിച്ചിരിക്കുന്നു. അതുകൊണ്ട് നന്ദിയും വിലമതിപ്പും കാണിക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുക.—യോഹ. 13:35.
14 സംഘടനയുടെ തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ടും നമുക്കു സംഘടനയിലുള്ള വിശ്വാസം കാണിക്കാം. മേൽവിചാരകസ്ഥാനങ്ങളിലുള്ളവരുടെ നിർദേശങ്ങൾ താഴ്മയോടെ അനുസരിക്കുന്നത് ഇതിലുൾപ്പെടുന്നു. ഉദാഹരണത്തിന്, സർക്കിട്ട് മേൽവിചാരകന്മാരും സഭാമൂപ്പന്മാരും ഒക്കെ ഇത്തരം മേൽവിചാരകസ്ഥാനങ്ങളിൽ ഉള്ളവരാണ്. “നേതൃത്വമെടുക്കുന്ന”വരിൽ ഉൾപ്പെടുന്ന ഈ സഹോദരന്മാരെ നമ്മൾ അനുസരിക്കുകയും അവർക്കു കീഴ്പെട്ടിരിക്കുകയും വേണം. (എബ്രാ. 13:7, 17) ചില പ്രത്യേക തീരുമാനങ്ങളെടുക്കുമ്പോൾ അവയുടെ കാരണങ്ങൾ നമുക്കു പൂർണമായി മനസ്സിലായെന്നുവരില്ല. എങ്കിലും അവ അനുസരിക്കുന്നതു നമ്മുടെ നിലനിൽക്കുന്ന നന്മയ്ക്കുവേണ്ടിയാണെന്നു നമുക്ക് അറിയാം. അങ്ങനെ ചെയ്താൽ തന്റെ വചനത്തോടും സംഘടനയോടും നമ്മൾ കാണിക്കുന്ന അനുസരണത്തെപ്രതി യഹോവ നമ്മളെ അനുഗ്രഹിക്കും. അങ്ങനെ നമ്മൾ നമ്മുടെ യജമാനനായ യേശുക്രിസ്തുവിനോടുള്ള കീഴ്പെടൽ കാണിക്കുന്നു.
15 വിശ്വസ്തനും വിവേകിയും ആയ അടിമയെ നമുക്കു പൂർണമായി വിശ്വസിക്കാം. യഹോവയുടെ നാമത്തിന്മേലും സംഘടനയിന്മേലും നിന്ദയും അപമാനവും വരുത്താൻ ഈ വ്യവസ്ഥിതിയുടെ ദൈവമായ സാത്താൻ സകലശ്രമവും ചെയ്തുകൊണ്ടിരിക്കുകയാണ്. (2 കൊരി. 4:4) അവന്റെ കുടിലതന്ത്രങ്ങൾക്ക് ഇരയാകരുത്! (2 കൊരി. 2:11) അഗാധത്തിൽ അടയ്ക്കപ്പെടുന്നതിനു മുമ്പ്, “തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ” എന്നു സാത്താന് അറിയാം. (വെളി. 12:12) അതുകൊണ്ട് ദൈവജനത്തിലെ കഴിയുന്നത്ര പേരെ ദൈവത്തിൽനിന്ന് അകറ്റിക്കളയാൻ അവൻ കരുതിക്കൂട്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. സാത്താൻ ശ്രമങ്ങൾ തീവ്രമാക്കുന്നതനുസരിച്ച് നമുക്ക് യഹോവയോടു കൂടുതൽക്കൂടുതൽ അടുക്കാം. യഹോവയിൽ ആശ്രയമർപ്പിക്കാം. ഇന്നു തന്റെ ജനത്തെ നയിക്കാൻ യഹോവ ഉപയോഗിക്കുന്ന സരണിയിലും വിശ്വാസമർപ്പിക്കാം. ഒറ്റക്കെട്ടായി യഹോവയെ സേവിക്കുന്ന ഒരു സഹോദരകുടുംബം—അതായിരിക്കും അതിന്റെ ഫലം!