‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്യൽ’
വിജയകരമായ ജീവിതത്തിനുള്ള മർമപ്രധാനമായ തത്ത്വങ്ങളുടെ കലവറയാണു ദൈവവചനം. പഠിപ്പിക്കാനും ശാസിക്കാനും തെറ്റുതിരുത്താനും ഒരു ശുശ്രൂഷകനെ സഹായിക്കാൻ അതിനു കഴിയും. (2 തിമൊഥെയൊസ് 3:16, 17) എന്നാൽ ദൈവികമായി നൽകപ്പെട്ട ഈ മാർഗദർശകഗ്രന്ഥത്തിൽനിന്നു പൂർണമായ പ്രയോജനം നേടാൻ, തിമോത്തിക്കു പൗലോസ് അപ്പോസ്തലൻ കൊടുത്ത ഈ ബുദ്ധ്യുപദേശം നാം പിൻപറ്റണം: “സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാൻ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പിൽ അർഹതയോടെ പ്രത്യക്ഷപ്പെടാൻ ഉത്സാഹപൂർവ്വം പരിശ്രമിക്കുക.”—2 തിമോത്തേയോസ് 2:15, പി.ഒ.സി. ബൈബിൾ.
ദൈവവചനത്തെ മറ്റു പല സംഗതികളുമായി സാദൃശ്യപ്പെടുത്തിയിരിക്കുന്നതിന്റെ കൂട്ടത്തിൽ, പോഷകപ്രദമായ പാൽ, കട്ടിയായ ആഹാരം, നവോന്മേഷപ്രദവും നിർമലീകരിക്കുന്നതുമായ ജലം, കണ്ണാടി, മൂർച്ചയേറിയ വാൾ എന്നിവയെല്ലാമുണ്ട്. ഈ പദങ്ങൾ എന്ത് അർഥമാക്കുന്നുവെന്നു മനസ്സിലാക്കുന്നത് ഒരു ശുശ്രൂഷകനെ ബൈബിൾ വിദഗ്ധമായി ഉപയോഗിക്കാൻ സഹായിക്കും.
ദൈവവചനത്തിലെ പാൽ വിതരണം ചെയ്യൽ
നവജാത ശിശുക്കൾക്ക് ആവശ്യമായ ഭക്ഷണമാണു പാൽ. ശിശു വളരുന്നതനുസരിച്ച്, ക്രമേണ ശിശുവിന്റെ ഭക്ഷണക്രമത്തിൽ കട്ടിയായ ആഹാരവും ഉൾപ്പെടുത്തിത്തുടങ്ങുന്നു. എന്നാൽ ആരംഭത്തിൽ അതിനു പാൽ മാത്രമേ ദഹിക്കുകയുള്ളൂ. ദൈവവചനത്തെക്കുറിച്ചു കാര്യമായ പരിജ്ഞാനമില്ലാത്തവർ, പല സംഗതികളിലും, ശിശുക്കളെപ്പോലെയാണ്. ഒരു വ്യക്തി ദൈവവചനത്തിൽ പുതുതായി താത്പര്യം കാട്ടിയവനാണെങ്കിലും, അല്ലെങ്കിൽ കുറെ നാളുകളായി പരിചിതനാണെങ്കിലും, ബൈബിൾ പറയുന്നതിനെക്കുറിച്ച് ഒരു പ്രാഥമിക ഗ്രാഹ്യം മാത്രമേയുള്ളൂവെങ്കിൽ, അയാൾ ഒരു ആത്മീയ ശിശുവാണ്; അതുകൊണ്ടുതന്നെ എളുപ്പം ദഹിക്കുന്ന ആഹാരമായ ആത്മീയ “പാൽ” ആണ് ആവശ്യമായിരിക്കുന്നത്. ദൈവവചനത്തിലെ ആഴമേറിയ സംഗതികളായ “കട്ടിയായ ആഹാരം” ദഹിപ്പിക്കാൻ അവന് ഇനിയും പ്രാപ്തി വന്നിട്ടില്ല.—എബ്രായർ 5:12.
പൗലോസ് കൊരിന്ത്യർക്ക് ഇങ്ങനെ എഴുതിയപ്പോൾ പുതുതായി രൂപീകരിക്കപ്പെട്ട അവിടത്തെ സഭയിലെ സ്ഥിതിവിശേഷം അതായിരുന്നു: “ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു.” (1 കൊരിന്ത്യർ 3:2) “ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകളുടെ പ്രാഥമിക സംഗതിക”ളെക്കുറിച്ച് കൊരിന്ത്യർ ആദ്യം പഠിക്കേണ്ടതുണ്ടായിരുന്നു. (എബ്രായർ 5:12, NW) വളർച്ചയുടെ ആ ഘട്ടത്തിൽ, അവർക്ക് “ദൈവത്തിന്റെ ആഴങ്ങളെ” ദഹിക്കുമായിരുന്നില്ല.—1 കൊരിന്ത്യർ 2:10.
പൗലോസിനെപ്പോലെ, ഇന്നു ക്രിസ്തീയ ശുശ്രൂഷകർ “പാൽ” നൽകിക്കൊണ്ട്, അതായത് അടിസ്ഥാന ക്രിസ്തീയ തത്ത്വങ്ങളിൽ ഉറച്ച അടിത്തറയുള്ളവരായിത്തീരാൻ സഹായിച്ചുകൊണ്ട്, ആത്മീയ ശിശുക്കളോടുള്ള തങ്ങളുടെ താത്പര്യം പ്രകടമാക്കുന്നു. അവർ അത്തരം പുതിയവരെ, അല്ലെങ്കിൽ പക്വതയില്ലാത്തവരെ “മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛ”യുള്ളവരാകാൻ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രൊസ് 2:2) “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ” എന്നു പൗലോസ് എഴുതിയപ്പോൾ പുതിയവർക്കു സവിശേഷവിധമായ ശ്രദ്ധയാവശ്യമാണെന്നു താൻ വിവേചിച്ചുവെന്നു പ്രകടമാക്കുകയായിരുന്നു അവൻ. (എബ്രായർ 5:13) പുതിയവർക്കും അനുഭവപരിചയം കുറഞ്ഞവർക്കും ഭവനബൈബിളധ്യയനത്തിലൂടെയും സഭയിലൂടെയും ദൈവവചനത്തിലെ നിർമലമായ പാൽ പങ്കുവെക്കുമ്പോൾ ദൈവത്തിന്റെ ശുശ്രൂഷകർക്കു ക്ഷമയും പരിഗണനയും സഹാനുഭൂതിയും മാന്യതയും ആവശ്യമാണ്.
ദൈവവചനത്തിലെ കട്ടിയായ ആഹാരം കൈകാര്യം ചെയ്യൽ
രക്ഷയിലേക്കു വളരുന്നതിന്, ഒരു ക്രിസ്ത്യാനിക്ക് “പാലി”നെക്കാൾ കൂടുതൽ ആവശ്യമാണ്. ബൈബിളിലെ പ്രാഥമിക സത്യങ്ങൾ വ്യക്തമായി ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതോടെ ‘പക്വതയുള്ള മനുഷ്യർക്കുള്ള കട്ടിയായ ഭക്ഷണ’ത്തിലേക്കു തിരിയാൻ അയാൾ സജ്ജനായിത്തീരുന്നു. (എബ്രായർ 5:14, NW) അയാൾക്കിത് എങ്ങനെ ചെയ്യാൻ കഴിയും? അടിസ്ഥാനപരമായി, വ്യക്തിപരമായ പഠനവും ക്രിസ്തീയ യോഗങ്ങളിലെ സഹവാസവും ഉൾപ്പെട്ട ക്രമമുള്ള ഒരു പട്ടികയിലൂടെ അതു ചെയ്യാനാവും. അത്തരം നല്ല സ്വഭാവങ്ങൾ ഒരു ക്രിസ്ത്യാനിയെ ആത്മീയമായി ബലിഷ്ഠനും പക്വതയുള്ളവനും ശുശ്രൂഷയിൽ ഫലപ്രദനുമാകുന്നതിനു സഹായിക്കും. (2 പത്രൊസ് 1:8) അറിവിനുപുറമേ, യഹോവയുടെ ഹിതം നിറവേറ്റുന്നതും ആത്മീയ ഭക്ഷണത്തിന്റെ ഭാഗമാണെന്ന സംഗതി നാം മറക്കരുത്.—യോഹന്നാൻ 4:34.
ഇന്ന്, ദൈവത്തിന്റെ ദാസന്മാർക്കു കൃത്യസമയത്തു ഭക്ഷണം നൽകുന്നതിനും “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം” മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനും “വിശ്വസ്തനും വിവേകിയുമായ” ഒരു “അടിമ” നിയമിതനായിരിക്കുന്നു. യഹോവ തന്റെ ആത്മാവിനാൽ, “തക്കസമയത്തെ” ആത്മീയ “ഭക്ഷണം” വിശ്വസ്തതയോടെ പ്രസിദ്ധീകരിക്കുന്ന ഈ വിശ്വസ്ത അടിമയിലൂടെ ആഴമായ തിരുവെഴുത്തു സത്യങ്ങൾ വെളിപ്പെടുത്തുന്നു. (മത്തായി 24:45-47, NW; എഫെസ്യർ 3:10, 11; വെളിപ്പാടു 1:1, 2 താരതമ്യം ചെയ്യുക.) പ്രസിദ്ധീകരിക്കപ്പെടുന്ന അത്തരം കരുതലുകൾ പൂർണമായി ഉപയോഗപ്പെടുത്താൻ ഓരോ ക്രിസ്ത്യാനിക്കും ഉത്തരവാദിത്വമുണ്ട്.—വെളിപ്പാടു 1:3.
തീർച്ചയായും, പക്വതയുള്ള ക്രിസ്ത്യാനികൾക്കുപോലും “ഗ്രഹിക്കാൻ പ്രയാസമുള്ള” ചില സംഗതികൾ ബൈബിളിലുണ്ട്. (2 പത്രൊസ് 3:16) വളരെയധികം പഠനവും ധ്യാനവും ആവശ്യമായിവരുന്ന, കുഴപ്പിക്കുന്ന പ്രസ്താവങ്ങളും പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളുമുണ്ട് അതിൽ. അതുകൊണ്ട്, വ്യക്തിപരമായ പഠനത്തിൽ ദൈവവചനത്തിലേക്കു കുഴിച്ചിറങ്ങുന്നത് ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 1:5, 6; 2:1-5) സഭയിൽ പഠിപ്പിക്കുമ്പോൾ മൂപ്പന്മാർക്ക് ഈ വശത്തു വിശേഷാൽ ഒരു ഉത്തരവാദിത്വമുണ്ട്. സഭാപുസ്തക അധ്യയനമോ വീക്ഷാഗോപുര അധ്യയനമോ, പരസ്യപ്രസംഗങ്ങൾ നടത്തലോ വേറെ ഏതെങ്കിലും പഠിപ്പിക്കൽ സ്ഥാനത്തു സേവിക്കലോ ആണെങ്കിലും, തങ്ങളുടെ വിവരങ്ങളുമായി പൂർണമായും പരിചിതരും അവർ സഭയ്ക്കു കട്ടിയായ ആത്മീയ ഭക്ഷണം വിതരണം ചെയ്യുമ്പോൾ “പഠിപ്പിക്കൽ കല”യ്ക്കു ശ്രദ്ധകൊടുക്കാൻ തയ്യാറുള്ളവരുമായിരിക്കണം.—2 തിമോത്തി 4:2, NW.
നവോന്മേഷപ്രദമാക്കുകയും നിർമലീകരിക്കുകയും ചെയ്യുന്ന ജലം
കുടിക്കാനായി താൻ കൊടുക്കുന്നതു ശമര്യക്കാരി സ്ത്രീയിൽ “നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരു”മെന്ന് കിണറ്റിൻകരയിൽവെച്ച് യേശു അവളോടു പറഞ്ഞു. (യോഹന്നാൻ 4:13, 14; 17:3) ജീവൻ നേടുന്നതിനു ദൈവത്തിന്റെ കുഞ്ഞാടിലൂടെ ദൈവം ചെയ്തിരിക്കുന്ന എല്ലാ കരുതലുകളും ഈ ജീവദായകജലത്തിൽ ഉൾപ്പെടുന്നു. ഈ കരുതലുകളെല്ലാം ബൈബിളിൽ വിശദമാക്കിയിട്ടുണ്ട്. “ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന് ആത്മാവും ക്രിസ്തുവിന്റെ മണവാട്ടിയും നൽകുന്ന ക്ഷണം നാം, ആ “ജല”ത്തിനുവേണ്ടി ദാഹിക്കുന്ന വ്യക്തികൾ എന്നനിലയിൽ, സ്വീകരിക്കുന്നു. (വെളിപ്പാടു 22:17) ഈ ജലം കുടിക്കുന്നതു ജീവനെ അർഥമാക്കാൻ കഴിയും.
കൂടാതെ, ബൈബിൾ സത്യക്രിസ്ത്യാനികൾക്കുവേണ്ടി ധാർമികവും ആത്മീയവുമായ നിലവാരങ്ങൾ വെക്കുന്നു. ദൈവികമായി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ നിലവാരങ്ങൾ നാം പ്രാവർത്തികമാക്കുമ്പോൾ, യഹോവയാം ദൈവം വെറുക്കുന്ന എല്ലാ പ്രവൃത്തികളിൽനിന്നും “പവിത്രീകരിക്ക”പ്പെട്ട് നാം യഹോവയുടെ വചനത്താൽ നിർമലീകരിക്കപ്പെടുന്നു. (1 കോറിന്തോസ് 6:9-11, പി.ഒ.സി. ബൈ.) ഇക്കാരണത്താൽ, നിശ്വസ്തവചനത്തിൽ അടങ്ങിയിരിക്കുന്ന സത്യത്തെ ഒരു “ജലസ്നാന”മായി പറഞ്ഞിരിക്കുന്നു. (എഫെസ്യർ 5:26) ഈ വിധത്തിൽ നമ്മെ നിർമലീകരിക്കാൻ നാം ദൈവത്തിന്റെ സത്യത്തെ അനുവദിക്കുന്നില്ലെങ്കിൽ, നമ്മുടെ ആരാധന അവനു സ്വീകാര്യമായിരിക്കില്ല.
രസകരമായിത്തന്നെ, ‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്യുന്ന’ മൂപ്പന്മാരെയും ജലത്തോടു സാദൃശ്യപ്പെടുത്തുന്നുണ്ട്. അവർ “വരണ്ട സ്ഥലത്തു അരുവിപോലെ”യാണെന്നു യെശയ്യാവ് പറയുന്നു. (ഏശയ്യാ 32:1, 2, പി.ഒ.സി. ബൈ.) കെട്ടുപണിചെയ്യുന്ന, ആശ്വാസദായകമായ, ആത്മീയമായ വിവരങ്ങൾ—കരുത്തേകി ബലിഷ്ഠമാക്കുന്ന വിവരം—പ്രദാനം ചെയ്യാൻ ദൈവത്തിന്റെ നവോന്മേഷപ്രദമായ വചനം ഉപയോഗിച്ചുകൊണ്ട് ആത്മീയ ഇടയന്മാർ എന്നനിലയിൽ സ്നേഹസമ്പന്നരായ മൂപ്പന്മാർ സഹോദരങ്ങളെ സന്ദർശിക്കുമ്പോൾ, അവർ പ്രവർത്തിക്കുന്നത് ഈ വർണനപ്രകാരമാണ്.—മത്തായി 11:28, 29 താരതമ്യം ചെയ്യുക.a
മൂപ്പന്മാരുടെ സന്ദർശനങ്ങൾക്കായി ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുന്നവരാണു സഭാംഗങ്ങൾ. ബോണി ഇങ്ങനെ പറയുന്നു: “മൂപ്പന്മാർക്ക് എത്രകണ്ട് ആശ്വാസം പകരുന്നവരായിരിക്കാൻ കഴിയുമെന്ന് എനിക്കറിയാം. യഹോവ ചെയ്തിരിക്കുന്ന ഈ കരുതലിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടയാണ്.” ലിൻഡ എന്ന ഒറ്റക്കാരിയായ മാതാവ് ഇങ്ങനെ എഴുതുന്നു: “പ്രശ്നങ്ങൾ തരണം ചെയ്യാൻ തിരുവെഴുത്തുപരമായ പ്രോത്സാഹനം തന്ന് മൂപ്പന്മാർ എന്നെ സഹായിച്ചു. അവർ എന്നെ ശ്രദ്ധിക്കുകയും എന്നോട് അനുകമ്പ കാട്ടുകയും ചെയ്തു.” മൈക്കിൾ ഇപ്രകാരം പറയുന്നു: “കരുതലുള്ള ഒരു സ്ഥാപനത്തിന്റെ ഭാഗമാണു ഞാനെന്ന തോന്നൽ അവർ എന്നിലുളവാക്കി.” “കടുത്ത വിഷാദ കാലഘട്ടങ്ങളെ തരണം ചെയ്യാൻ മൂപ്പന്മാരുടെ സന്ദർശനങ്ങൾ എന്നെ സഹായിച്ചു” എന്ന് മറ്റൊരാൾ പറയുന്നു. മൂപ്പന്മാർ നടത്തുന്ന ആത്മീയമായി ഉന്മേഷദായകമായ ഒരു സന്ദർശനം തണുത്ത, നവോന്മേഷപ്രദമായ ഒരു പാനീയംപോലെയാണ്. തിരുവെഴുത്തു തത്ത്വങ്ങൾ തങ്ങളുടെ സാഹചര്യത്തിൽ എപ്രകാരം ബാധകമാകുന്നുവെന്നു മനസ്സിലാക്കാൻ ചെമ്മരിയാടുതുല്യരെ സ്നേഹവാന്മാരായ മൂപ്പന്മാർ സഹായിക്കുമ്പോൾ അവർക്ക് അത് ആശ്വാസമായിത്തീരുന്നു.—റോമർ 1:11, 12; യാക്കോബ് 5:14.
ദൈവത്തിന്റെ വചനം ഒരു കണ്ണാടിയായി ഉപയോഗിക്കുക
ഒരു വ്യക്തി കട്ടിയായ ആഹാരം കഴിക്കുമ്പോൾ, കേവലം രുചി ആസ്വദിക്കുകയല്ല ഉദ്ദേശ്യം. മറിച്ച്, പ്രവർത്തിക്കാൻ തന്നെ പ്രാപ്തനാക്കുന്ന പോഷണം ലഭിക്കാനാണ് അയാൾ പ്രതീക്ഷിക്കുന്നത്. കുട്ടിയാണെങ്കിൽ, വളർന്നു പ്രായപൂർത്തിയുള്ളവനായിത്തീരാൻ അതു തന്നെ സഹായിക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. അതുപോലെതന്നെയാണ് ആത്മീയ ആഹാരത്തിന്റെ കാര്യവും. വ്യക്തിപരമായ ബൈബിൾപഠനം ആസ്വാദ്യമായിരിക്കാവുന്നതാണ്, എന്നാൽ പഠിക്കുന്നതിനുള്ള കാരണം അതു മാത്രമല്ല. ആത്മീയ ആഹാരം നമ്മിൽ പരിവർത്തനമുണ്ടാക്കണം. ആത്മാവിന്റെ ഫലം തിരിച്ചറിഞ്ഞ് അവ പുറപ്പെടുവിക്കാൻ അതു നമ്മെ സഹായിക്കുന്നു. കൂടാതെ “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“വ്യക്തിത്വത്തെ,” NW] ധരിക്കാ”നും അതു നമ്മെ സഹായിക്കുന്നു. (കൊലൊസ്സ്യർ 3:10; ഗലാത്യർ 5:22-24) നമ്മുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുന്നതിലും തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കാൻ നമ്മെ കൂടുതൽ മികച്ച രീതിയിൽ പ്രാപ്തമാക്കിക്കൊണ്ടു പക്വതയിലേക്കു വളരാനും ആത്മീയ ഭക്ഷണം സഹായിക്കുന്നു.
ബൈബിൾ നമ്മുടെമേൽ ആ ഫലം ഉളവാക്കുന്നുണ്ടോ എന്നു നമുക്ക് എങ്ങനെ പറയാനാവും? ഒരു കണ്ണാടി എന്നപോലെ നാം ബൈബിൾ ഉപയോഗിക്കുന്നു. യാക്കോബ് ഇങ്ങനെ പറഞ്ഞു: “കേൾവിക്കാർ മാത്രമായിരിക്കാതെ, വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ . . . ഒരുവൻ വചനം കേൾക്കുന്നവനാണ്, എന്നാൽ പ്രവർത്തിക്കുന്നവനല്ലെങ്കിൽ, ഈ ഒരുവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യനെപ്പോലെയാണ്. അവൻ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താൻ ഏതുതരം മനുഷ്യനെന്ന് ഉടൻതന്നെ മറക്കുന്നു. എന്നാൽ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പൂർണ്ണതയുള്ള നിയമത്തിലേക്ക് ഉറ്റുനോക്കുകയും അതിൽ ഉറച്ചു നില്ക്കുകയും ചെയ്യുന്നവൻ കേട്ടതു മറക്കുന്നവനല്ല, പ്രവർത്തിക്കുന്നവനാണ്, അതു ചെയ്യുന്നതിൽ ഈ മനുഷ്യൻ സന്തുഷ്ടനായിരിക്കും.”—യാക്കോബ് 1:22-25, NW.
നാം ദൈവവചനം സൂക്ഷ്മമായി പരിശോധിച്ച് നമ്മൾ ആയിരിക്കുന്നവിധവും ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് നാം ആയിരിക്കേണ്ടവിധവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നാം ദൈവവചനത്തിലേക്ക് ‘ഉറ്റുനോക്കുകയാണ്.’ ഇതു ചെയ്യുകവഴി നാം “കേൾവിക്കാർ മാത്രമായിരിക്കാതെ, വചനം പ്രവർത്തിക്കുന്നവർ” ആയിത്തീരും. ബൈബിളിനു നമ്മുടെമേൽ ഒരു ഉത്തമ സ്വാധീനം ഉണ്ടാകുകയായിരിക്കും.
വാൾ എന്നനിലയിൽ ദൈവവചനം
അവസാനമായി, ദൈവവചനത്തെ നമുക്കെങ്ങനെ വാൾ എന്നനിലയിൽ ഉപയോഗിക്കാനാവുമെന്നു കാണാൻ പൗലോസ് നമ്മെ സഹായിക്കുന്നു. “ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപൻമാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കു”മെതിരെ നമുക്കു മുന്നറിയിപ്പു നൽകവേ, “ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കാ”ൻ അവൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫേസോസ് 6:12, 17, പി.ഒ.സി. ബൈ.) “ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന” ഏതൊരാശയങ്ങളെയും വെട്ടിവീഴ്ത്താൻ നമുക്ക് ഉപയോഗിക്കാവുന്ന അനുപേക്ഷണീയമായ ഒരു ആയുധമാണു ദൈവവചനം.—2 കൊരിന്ത്യർ 10:3-5.
നിസ്സംശയമായും, “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാണ്.” (എബ്രായർ 4:12, NW) തന്റെ നിശ്വസ്ത വചനത്തിന്റെ പേജുകളിലൂടെ യഹോവ മനുഷ്യവർഗത്തോടു സംസാരിക്കുന്നു. മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും വ്യാജപഠിപ്പിക്കലുകൾ തുറന്നുകാട്ടുന്നതിലും അതു നന്നായി ഉപയോഗിക്കുക. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കെട്ടുപണിചെയ്യാനും നവോന്മേഷിതരാക്കാനും ആശ്വസിപ്പിക്കാനും പ്രചോദിപ്പിക്കാനും ആത്മീയമായി ബലിഷ്ഠരാക്കാനും അതു പ്രയോജനപ്പെടുത്തുക. യഹോവ “നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻതക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി” നിങ്ങൾ എല്ലായ്പോഴും ‘അവനു പ്രസാദമുള്ളതു’ ചെയ്യുമാറാകട്ടെ.—എബ്രായർ 13:21.
[അടിക്കുറിപ്പ്]
a 1993 സെപ്റ്റംബർ 15 വീക്ഷാഗോപുരം, 20-3 പേജുകളിലെ “അവർ കുഞ്ഞാടുകളെ അനുകമ്പയോടെ മേയിക്കുന്നു” എന്ന ശീർഷകത്തിലുള്ള ലേഖനം കാണുക.
[31-ാം പേജിലെ ചിത്രം]
“സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്” മൂപ്പന്മാർ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു