നിങ്ങൾ എന്തായിരിക്കുന്നുവോ അതിൽനിന്ന് നിങ്ങൾക്ക് എങ്ങനെ മാററം വരുത്താൻ കഴിയും?
ഇതുവരെ ചർച്ച ചെയ്ത പെരുമാററ രീതികളുടെ സ്ഥാപിക്കലിലും അവയുടെ മാററിമറിക്കലിലും എന്താണ് ഇല്ലാത്തത്? വ്യക്തിയുടെ സ്വന്തം ആഗ്രഹങ്ങളും ഇച്ഛാശക്തിയുടെ ഉപയോഗവും! കാര്യജ്ഞാനമുള്ള വ്യക്തിപരമായ തെരഞ്ഞെടുപ്പിലൂടെയുള്ള അയാളുടെ സ്വന്തം ഇച്ഛാശക്തിയുടെ പ്രയോഗം. ചുരുക്കിപ്പറഞ്ഞാൽ അയാളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു!
ചികിത്സിക്കപ്പെടുന്ന വ്യക്തികൾക്ക് പെരുമാററം സംബന്ധിച്ച് സ്വന്തം ലക്ഷ്യങ്ങൾ വെക്കാൻ അവസരം നൽകപ്പെടുകയാണെങ്കിൽ നിലനിൽക്കുന്ന പ്രയോജനങ്ങൾ നേടുന്നതിന് തങ്ങൾക്ക് കൂടുതൽ സാദ്ധ്യതയുണ്ടെന്ന് പെരുമാററം സംബന്ധിച്ച ചികിത്സാവിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നു. ദി പീപ്പിൾ ഷെയിപ്പേഴ്സ് എന്ന തന്റെ പുസ്തകത്തിൽ വാൻസ് പാക്കാർഡ് ഇപ്രകാരം എഴുതുന്നു: “പ്രത്യക്ഷത്തിൽ ഒരൽപ്പം ബുദ്ധിയുപദേശം ലഭിച്ചാൽ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും സ്വന്തം പെരുമാററത്തിൽ മാററം വരുത്താൻ കഴിയും.” ഇതിനെ സ്വയകാര്യനിർവ്വഹണം എന്നു വിളിക്കാം. മററു വാക്കുകളിൽ പറഞ്ഞാൽ ആത്മനിയന്ത്രണം പ്രയോഗിക്കപ്പെടുന്നിടത്ത് ശ്രദ്ധേയമായ അഭിവൃദ്ധി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നിടത്ത് ക്രിസ്ത്യാനികൾക്ക് ഒരു നേട്ടമുണ്ട്, എന്തുകൊണ്ടെന്നാൽ ദൈവാത്മാവിന്റെ ഒൻപത് ഫലങ്ങളിൽ ഒന്ന് എന്ന നിലയിൽ അതു പാലിക്കാൻ അവർ പഠിച്ചിരിക്കുന്നു. (ഗലാത്യർ 5:22, 23) അതിന്റെ അർത്ഥം സർവശക്തനായ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി നിങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന പെരുമാററ വ്യതിയാനത്തിന് അനുകൂലമായി പ്രയോഗിക്കപ്പെടാനും അതിന് നിങ്ങളെ അതിൽ വിജയിക്കാൻ സഹായിക്കാനും കഴിയും എന്നാണ്.
അതുകൊണ്ട്, നിങ്ങളുടെ പെരുമാററം സംബന്ധിച്ച് എന്തു ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? മാററംവരുത്താൻ യഥാർത്ഥത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്തു മാററം? എന്തിന്? നിങ്ങളുടെ സ്വന്തം നിയന്ത്രണത്തിൽ നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുമോ? പ്രയോജനം മാത്രം പ്രദാനം ചെയ്യുന്ന സഹായം നിങ്ങൾക്ക് എവിടെ കണ്ടെത്താൻ കഴിയും?
പെരുമാററരീതികൾക്ക് മാററം വരുത്തുന്നതിനുള്ള ചില രീതികളും അതിൽ എന്താണുൾപ്പെട്ടിരിക്കുന്നതെന്നും നമുക്കൊന്നു പരിശോധിക്കാം.
പടി 1: നിങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയുള്ള ആളാണെന്ന് കണ്ടുപിടിക്കുക
നിങ്ങൾ എന്തായിത്തീരാൻ ആഗ്രഹിക്കുന്നുവോ അതിനുള്ള അസംസ്കൃത വസ്തു നിങ്ങളാണ്. പഴയ നിങ്ങൾക്ക് മാററം വരുത്തിക്കൊണ്ടുവേണം പുതിയ നിങ്ങളെ പടുത്തുയർത്താൻ. അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൃത്യമായി അറിയണം. നിങ്ങളുടെ പെരുമാററത്തിന്റെ ഏതുവശത്തിനാണ് മാററം വരുത്താൻ ആഗ്രഹിക്കുന്നത് എന്ന് നിങ്ങൾക്ക് കൃത്യമായി പറയാൻ കഴിയുമോ?
നിങ്ങളുടെ സ്വന്തം പെരുമാററം വിലയിരുത്തുക പ്രയാസമായതിനാൽ ആദരണീയവും വിശ്വസനീയവുമായ ഒരു നിലവാരത്തോട് നിങ്ങൾ അതിനെ താരതമ്യം ചെയ്യേണ്ടതുണ്ട്. അതിനായി വിശുദ്ധ ബൈബിൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. ബൈബിൾ ഉപയോഗിക്കുക, അപ്പോൾ നിങ്ങളെപ്പററിത്തന്നെ ഇതിനുമുമ്പ് ലഭിച്ചിട്ടില്ലാത്ത ഒരു വീക്ഷണം നിങ്ങൾക്കു ലഭിക്കും. പ്രതിബിംബിച്ചു കാണുന്നത് നിങ്ങൾ ഇഷ്ടപ്പെടുകപോലുമില്ലായിരിക്കാം, എന്നാൽ അത് ഒരു കൃത്യമായ ചിത്രമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
ബൈബിൾ ഒരു മുഖക്കണ്ണാടിയോട് ഉപമിക്കപ്പെട്ടിരിക്കുന്നു, അതിലേക്ക് ഉററു നോക്കാൻ ആളുകൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. “ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് ഒക്കുന്നു. അവൻ തന്നെത്താൻ കണ്ട് പുറപ്പെട്ട് താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടൻ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉററുനോക്കി അതിൽ നിലനിൽക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ (സന്തുഷ്ടൻ, NW) ആകും.” (യാക്കോബ് 1:23-25) ബൈബിൾ ഉചിതമായി മനസ്സിലാക്കുകയും അതു ഉപയോഗിക്കുകയുമാണെങ്കിൽ അതിന് നിങ്ങൾ ഏതുതരം വ്യക്തിയാണെന്ന് എടുത്തുകാണിക്കുക മാത്രമല്ല നിങ്ങളുടെ ആന്തരങ്ങളെയും മനോഭാവങ്ങളെയും വെളിപ്പെടുത്തുകപോലും ചെയ്യുന്ന, ഉള്ളിലേക്ക് തുളച്ചു കയറുന്ന, അപഗ്രഥനശക്തിയുണ്ട്. അതുകൊണ്ട് പൗലോസ് ഇപ്രകാരം എഴുതി: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” യഥാർത്ഥത്തിൽ ശരിയേത് തെറേറത് എന്നതു സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ട് ദൈവത്തിന്റെ വചനം അതിലും അധികം ചെയ്യുന്നു.—എബ്രായർ 4:12; 5:14.
നിങ്ങൾക്കുവേണ്ടി ബൈബിളിന് ഇതെല്ലാം ചെയ്യാൻ കഴിയും. എന്തുകൊണ്ടെന്നാൽ അതു ഗ്രഹണശക്തിയുള്ള സത്യദൈവമായ യഹോവയുടെ വചനമാണ്. സങ്കീർത്തനം 139 പറയുന്നതനുസരിച്ച് ദൈവം നിങ്ങളുടെ ഉള്ള് പരിശോധിക്കുകയും നിങ്ങൾ ആരാണ് എന്ന് കൃത്യമായി അപഗ്രഥിക്കുകയും ചെയ്യുന്നു. ഒന്നാം വാക്യം പറയുന്നു: “യഹോവേ നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു.” നിങ്ങളുടെ ഉത്ഭവം മുതൽ ദൈവം നിങ്ങളെ നയിച്ചിട്ടുണ്ട്. അവന് നിങ്ങളെ നന്നായി അറിയാം. മാനുഷജീവിതത്തിന്റെ എല്ലാ വശങ്ങളെയും സംബന്ധിച്ചുള്ള വിവരണങ്ങൾ ബൈബിളിൽ അവൻ എഴുതിച്ചിട്ടുണ്ട്. അതിന്റെ പേജുകളിൽ എവിടെയെങ്കിലും ക്രിയാത്മകമായോ നിഷേധാത്മകമായോ നിങ്ങൾ പ്രതിബിംബിക്കുന്നതായി നിങ്ങൾ കണ്ടെത്തും.
അങ്ങനെ, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.
പടി 2: നിങ്ങൾ എന്തായിത്തീരാൻ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കുക
നിങ്ങൾ ഒരു മാററം വരുത്താൻ പോവുകയാണെങ്കിൽ ആ മാററം മൂല്യമുള്ളതാണെന്ന് ഉറപ്പുവരുത്തുക. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും അത് ഇപ്പോഴത്തേതിനേക്കാൾ മെച്ചമാണെന്നും ഉറപ്പുവരുത്തുക. പെരുമാററം സംബന്ധിച്ച് മെച്ചപ്പെട്ട എന്തു ലക്ഷ്യങ്ങളാണ് നിങ്ങൾ വെക്കേണ്ടത്? അഭികാമ്യമായ പെരുമാററരീതി സംബന്ധിച്ച് ശരിയായ ഉപദേശം നിങ്ങൾക്ക് എവിടെനിന്ന് ലഭിക്കും? വീണ്ടും ബൈബിൾ ഇതിനായി ശുപാർശ ചെയ്യുന്നു.
മെച്ചപ്പെടാൻ, “ഒരു പുതിയ വ്യക്തിത്വം” സ്വീകരിക്കാൻ ബൈബിൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പൗലോസ് ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “മുമ്പിലത്തെ നടപ്പു സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച് നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” (എഫേസ്യർ 4:22-24) ഈ മെച്ചപ്പെട്ട പെരുമാററരീതികൾ എന്തൊക്കെയാണെന്ന് ബൈബിൾ കാണിച്ചുതരുന്നു. മുമ്പേ വിവരിക്കപ്പെട്ട പൂർണ്ണതയുള്ള ലോകം നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ആ ലോകത്തിന്റെ ഭാഗമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കൊലൊസ്യർ 3:12-17-ൽ വിവരിച്ചിരിക്കുന്ന ഗുണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ആവശ്യകത നിങ്ങൾ കാണേണ്ടതുണ്ട്, മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, ക്ഷമിക്കാനുള്ള മനസ്സൊരുക്കം, സ്നേഹം, സമാധാനം, നന്ദി എന്നിവ തന്നെ.
അതുകൊണ്ട് ബൈബിൾ പരിശോധിച്ചശേഷം ലക്ഷ്യങ്ങൾ സ്ഥാപിക്കുക. അവ കുറിച്ചുവെക്കുക. ഓരോന്നിനും അതിനർഹമായ മുൻഗണന നൽകുക. അതു വികസിപ്പിക്കാൻ ശ്രമിക്കുക!
പടി 3: മൂല്യവത്തായ മാതൃകകൾ തേടുക
നിങ്ങളുടെ പെരുമാററരീതികളിലധികവും മററുള്ളവരെ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മാതാപിതാക്കൾ, സ്കൂൾ അദ്ധ്യാപകർ എന്നിവരെ അനുകരിച്ചതിനാലാണ് സ്ഥാപിക്കപ്പെട്ടത്.
അപ്പോൾ പെരുമാററം സംബന്ധിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ തിട്ടപ്പെടുത്തിയശേഷം നിങ്ങൾ അനുകരിക്കാൻ ആഗ്രഹിക്കുന്നതരത്തിൽ പെരുമാറുന്ന ഒരാളെ എന്തുകൊണ്ട് അന്വേഷിച്ചു കൂടാ? എന്നിട്ട് ആ വ്യക്തിയുടെ സഹായം തേടുക. ഒരു ബൈബിൾ സദൃശവാക്യം ജ്ഞാനപൂർവം ഇപ്രകാരം പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയായിത്തീരും.”—സദൃശവാക്യങ്ങൾ 13:20.
ബൈബിളിൽ നമുക്ക് എല്ലാവർക്കുംവേണ്ടിയുള്ള ഏററം നല്ല മാതൃകയുടെ, യേശുക്രിസ്തുവിന്റെ തന്നെ ജീവിതത്തെപ്പററിയുള്ള വിവരണങ്ങൾ ഉണ്ട്. അവൻ എല്ലാത്തരം സാഹചര്യങ്ങളിലും എങ്ങനെ പെരുമാറി എന്ന് വായിച്ചറിയുക. അവന്റെ ധാർമ്മിക നടത്ത, അവന്റെ ഉൾക്കാഴ്ചയും ജ്ഞാനവും, അവന്റെ മാന്യത, സഹമനുഷ്യർക്കുവേണ്ടിയുള്ള അവന്റെ പരിഗണനയും അസാധാരണ ദയയും കരുതലും. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു”! എന്നു പറഞ്ഞപ്പോഴത്തെ യേശുവിന്റെ വാക്കുകൾ എത്ര നവോൻമേഷദായകമാണ്.—മത്തായി 11:28-30.
എല്ലാ രാജ്യത്തുനിന്നുമുള്ള ദശലക്ഷങ്ങൾ ഇപ്പോൾതന്നെ തങ്ങൾക്കുവേണ്ടിയുള്ള മാതൃകയെന്ന നിലയിൽ യേശുക്രിസ്തുവിലേക്ക് തിരിയുകയും അവന്റെ കാലടികളെ പിന്തുടരാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു, അവൻ അവന്റെ സ്വർഗ്ഗീയ പിതാവായ യഹോവ നിർദ്ദേശിച്ച വഴികളിൽ നടന്നതുപോലെ തന്നെ. ഈ ദശലക്ഷങ്ങൾ ലോകത്തിൽ ഇന്നു പൊതുവേയുള്ള മോശമായ പെരുമാററങ്ങളാൽ നിറക്കപ്പെട്ടശേഷം സഹായത്തിനും മാർഗ്ഗനിർദ്ദേശത്തിനും വേണ്ടി യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിലേക്ക് തിരിഞ്ഞിരിക്കുന്നു, അവർ നിരാശരാകേണ്ടി വന്നിട്ടുമില്ല. അവരുടെ രാജ്യഹോളുകളിൽ വളരെ നല്ല ക്രിസ്തു സമാന ദൃഷ്ടാന്തങ്ങൾ ധാരാളമായിട്ടുണ്ട്, തങ്ങളുടെ വ്യക്തിപരമായ പെരുമാററം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം സഹായം നൽകപ്പെട്ടിട്ടുമുണ്ട്. അപൂർണ്ണ മനുഷ്യവർഗ്ഗത്തിന് പൊതുവിലുള്ള ബലഹീനതകൾ തീർച്ചയായും സാക്ഷികൾക്കുമുണ്ട്; എന്നാൽ അവർക്ക് മനസ്സുകളെ പ്രചോദിപ്പിക്കുന്ന ക്രിയാത്മകമായ ഒരു ആത്മശക്തിയും കൂടെയുണ്ട്.—എഫേസ്യർ 4:23.
പടി 4: നിങ്ങൾ വിജയിക്കുന്നതിനാവശ്യമായ ശക്തി സംഭരിക്കുക
തങ്ങളുടെ വഴികൾക്കു മാററം വരുത്താൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള സഹായം ലഭ്യമാണ് എന്നറിയുന്നത് ആശ്വാസകരമായിരിക്കും. “പുതിയവ്യക്തിത്വം,” “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ടത്” എന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു. (എഫേസ്യർ 4:24) ആഗ്രഹിക്കുന്നവർക്ക് ദൈവത്തിൽനിന്നുതന്നെയുള്ള മനുഷ്യാതീതമായ ശക്തി ലഭ്യമാണ് എന്ന് ഇതു ഉറപ്പുനൽകുന്നു. യഹോവയാം ദൈവത്തിന്റെ സഹായം നിങ്ങൾക്ക് എങ്ങനെയാണ് ലഭിക്കുക?
ഏററം പ്രമുഖമായ സഹായങ്ങളിലൊന്ന് വ്യക്തിപരമായ പ്രാർത്ഥനയാണ്. നമ്മുടെ വഴികൾക്ക് മാററം വരുത്താൻ ആവശ്യമായ ശക്തിയുടെ ഉറവിടവുമായി മർമ്മപ്രധാനമായ കൂടിയാലോചന നടത്താൻ പ്രാർത്ഥന അവസരം നൽകുന്നു. ഏതു സമയത്തും, ഒരു അടിയന്തിരാവശ്യത്തിന് ഇടയിൽപ്പോലും സ്വതന്ത്രമായും തുറന്നും സംസാരിക്കാൻ പ്രാർത്ഥന നിങ്ങളെ അനുവദിക്കുന്നു. യാഥാർത്ഥ്യമായ, നമുക്കുവേണ്ടി കരുതുന്ന, ഒരു ദൈവത്തെ അത്തരത്തിൽ സമീപിക്കാൻ കഴിയുകയെന്നത് ഏതൊരു മാനുഷ സഹായവും ലഭിക്കുന്നതിനേക്കാൾ ഏറെ മെച്ചമാണ്, അതു ഉടൻതന്നെ ഫലം ലഭിക്കുന്നതുമാണ്. അതുകൊണ്ട് അപ്പോസ്തലനായ യോഹന്നാന് ഇപ്രകാരം എഴുതാൻ കഴിഞ്ഞു: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനോടുള്ള ധൈര്യമാകുന്നു.” (1 യോഹന്നാൻ 5:14) കൂടാതെ, പ്രവാചകനായ യെശയ്യാവിന്റെ വാക്കുകൾ നമ്മെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “യഹോവയെ കണ്ടെത്താവുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവ് 55:6, 7.
നവോൻമേഷം പ്രദാനം ചെയ്തുകൊണ്ടും ദിവസേന നമ്മുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രാപ്തരാക്കിക്കൊണ്ടും ബൈബിൾപഠനം നമുക്കു ശക്തി നൽകുന്നു. പെരുമാററം സംബന്ധിച്ച് നിങ്ങൾ വെച്ചിരിക്കുന്ന ലക്ഷ്യത്തിലേക്ക് നിങ്ങൾ പുരോഗമിക്കുമ്പോൾ ബൈബിൾ ക്രിയാത്മകമായ ബലം പ്രദാനം ചെയ്യുന്നു. കൂടാതെ അത് നിങ്ങളുടെ മുൻഗതി സംബന്ധിച്ച് നിങ്ങളിൽ ഒരു വെറുപ്പ് ഉണർത്തുന്നു. ബൈബിളിനെയും അതിന്റെ ഉള്ളടക്കത്തെയും സംബന്ധിച്ച് ദിവസേന അറിവു സമ്പാദിക്കുന്നത് ലോക മാദ്ധ്യമങ്ങളിൽനിന്നും അതിന്റെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽനിന്നും നമ്മുടെ മനസ്സുകളിലേക്ക് അരിച്ചിറങ്ങിയേക്കാവുന്ന തെററായ ആശയങ്ങളെ പുറന്തള്ളുന്നതിനും സഹായിക്കും.
യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹോളിലെ ക്രിസ്തീയയോഗങ്ങൾ ബൈബിൾനിലവാരങ്ങൾ സംബന്ധിച്ചുള്ള വിദ്യാഭ്യാസം മാത്രമല്ല മെച്ചപ്പെട്ട പെരുമാററത്തിനുള്ള കൂട്ടായ പിന്തുണയും പരസ്പര പ്രോത്സാഹനവും കൂടെ ലഭ്യമാക്കുന്നു. സഭയിലൂടെ നൽകപ്പെടുന്ന ഈ പിന്തുണ പെരുമാററം സംബന്ധിച്ച് വിജയകരമായ മാററങ്ങൾ വരുത്താൻ അനേകരെ സഹായിച്ചിട്ടുണ്ട്. നിങ്ങൾക്ക് ആരിൽനിന്ന് ഈ മാസിക ലഭിച്ചുവോ ആ വ്യക്തിയോട് അത്തരം സഹായത്തെപ്പററി എന്തുകൊണ്ട് ഒന്നു ചർച്ചചെയ്തുകൂടാ?
പടി 5: പുന:പതനങ്ങളെ തരണം ചെയ്യുക
അനേകർ തങ്ങളുടെ വഴികൾ മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു പക്ഷേ ഒഴിവാക്കാനാവാത്ത പുന:പതനങ്ങളാൽ അവർ നിരുത്സാഹിതരായിത്തീർന്നിരിക്കുന്നു. ചിലർ തങ്ങളുടെ ശ്രമങ്ങളെ ഉപേക്ഷിച്ചുകളയുന്നു എന്നതാണ് അതിന്റെ ഫലം. തങ്ങളുടെ ഏക പ്രത്യാശ എന്നു കരുതിയിരുന്നത് പരാജയപ്പെട്ടതിനാൽ ഇനി യാതൊരു പ്രത്യാശക്കും വകയില്ല എന്നാണ് അങ്ങനെയുള്ളവർ മിക്കപ്പോഴും ചിന്തിക്കുന്നത്. അപ്പോൾ അവർ തങ്ങളെത്തന്നെ ലോക സ്വാധീനങ്ങൾക്ക് ഏൽപ്പിച്ചുകൊടുത്തേക്കാം. അവർ മിക്കപ്പോഴും മാററം വരുത്താൻ ശ്രമിച്ചപ്പോഴത്തേതിനേക്കാൾ മോശമായ അവസ്ഥയിലായിത്തീരുന്നു.
നേരത്തെയുണ്ടായിരുന്ന അനഭികാമ്യമായ ഏതു ഗതിയിൽനിന്നും രക്ഷപ്പെടുന്നത് പ്രധാനമാണ് എന്ന് നിങ്ങളെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക. തന്റെ മുൻ പെരുമാററത്തെയും ജീവിതശൈലിയെയുംപററി അപ്പോസ്തലനായ പൗലോസ് ചവററുകൂന അല്ലെങ്കിൽ ചപ്പ് എന്നു പരാമർശിച്ചു. (ഫിലിപ്യർ 3:8) അതുകൊണ്ട് മാററം വരുത്താനുള്ള ശ്രമത്തിൽ എന്തെങ്കിലും തടസ്സത്തിൽ തട്ടി നിങ്ങൾ വീഴുന്നുവെങ്കിൽ അല്ലെങ്കിൽ ഒരു പുന:പതനം സംഭവിക്കുന്നുവെങ്കിൽ വീണ്ടും എഴുന്നേൽക്കുക, മുമ്പോട്ടുതന്നെ പോവുക. ശ്രമം തുടരുക! പോരാടിക്കൊണ്ടിരിക്കുക! അതു തക്ക മൂല്യമുള്ളതാണ്!
നിങ്ങളുടെ വഴികളിലും പെരുമാററ രീതികളിലും അധികഭാഗവും നിങ്ങൾക്ക് തെരഞ്ഞെടുക്കാനോ നിയന്ത്രിക്കാനോ കഴിയാഞ്ഞ ഒരു സമയത്ത് ബാഹ്യ ശക്തികളാൽ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ് എന്ന് ഓർക്കുക. ഈ ശക്തികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവ നിങ്ങളെ അവയുടെ മൂശയിലേക്ക് തള്ളിക്കയററാൻ നിങ്ങൾ അവയെ അനുവദിക്കുമോ? ഇല്ല, അല്ലേ? എങ്കിൽ ഒരിക്കലും ശ്രമം ഉപേക്ഷിച്ചു കളയരുത്!
വിവിധ സംസ്കാരങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിനാളുകൾ—കുററപ്പുള്ളികളും അധാർമ്മികനടത്തയിൽ ആഴമായി ഉൾപ്പെട്ടിരുന്നവരും പോലും—വിജയകരമായി തങ്ങളുടെ പെരുമാററത്തിന് മാററം വരുത്തിയിട്ടുണ്ട്. അവർ ഇന്നോളം തങ്ങളുടെ മെച്ചപ്പെട്ട അവസ്ഥകളിൽ തുടർന്നുപോരുന്നു. ചിലരാകട്ടെ ദശാബ്ദങ്ങളായി, തങ്ങൾ മനസ്സാവരിച്ച അഭിനന്ദനാർഹമായ നിർമ്മലതയിൽ തങ്ങളുടെ മെച്ചപ്പെട്ട വഴികളോടു പററിനിന്നുകൊണ്ടുതന്നെ. എന്നാൽ അതു ചെയ്യുന്നതിനുള്ള ശക്തിക്കും ഉൾപ്രേരണക്കും വേണ്ടി അവർ ദൈവത്തിന് നന്ദി നൽകുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞപ്രകാരം: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു.”—ഫിലിപ്പിയർ 4:13.
ശരിയായതു ചെയ്യാനുള്ള പോരാട്ടത്തിൽ അവർ വിജയിക്കുകയാണ്. നിങ്ങളും യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് മാററം വരുത്തുന്നതിനും ദൈവത്തിന്റെ പുതിയലോകത്തിൽ ജീവിതം ആസ്വദിക്കുന്നതിനും കഴിയും.—സങ്കീർത്തനം 37:29; 2 പത്രോസ് 3:13. (g91 7/8)
[7-ാം പേജിലെ ചിത്രം]
പടി 1: നിങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയുള്ള ആളാണെന്ന് കണ്ടുപിടിക്കുക
[8-ാം പേജിലെ ചിത്രം]
പടി 2: നിങ്ങൾ എന്തായിരിക്കാൻ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കുക
[8-ാം പേജിലെ ചിത്രം]
പടി 3: മൂല്യവത്തായ മാതൃകകൾ തേടുക
[9-ാം പേജിലെ ചിത്രം]
പടി 4: നിങ്ങൾ വിജയിക്കുന്നതിന് ആവശ്യമായ ശക്തി സംഭരിക്കുക
[9-ാം പേജിലെ ചിത്രം]
പടി 5: പുനഃപതനങ്ങളെ തരണം ചെയ്യുക
[10-ാം പേജിലെ ചിത്രം]
മാററം വരുത്തുന്നവർക്ക് മാററം വന്ന ഒരു ഭൂമിയെ അവകാശമാക്കാൻ കഴിയും