നാവിനെ നിയന്ത്രിച്ചുകൊണ്ട് സ്നേഹവും ആദരവും പ്രകടമാക്കുക
“ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആദരിക്കണം,” ഓശാന ബൈബിൾ].”—എഫെസ്യർ 5:32, 33.
1, 2. വിവാഹിതരായിട്ടുള്ള എല്ലാവരും ഏതു സുപ്രധാന ചോദ്യം തങ്ങളോടുതന്നെ ചോദിക്കണം, എന്തുകൊണ്ട്?
“ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക” എന്ന് എഴുതിയിട്ടുള്ള ഒരു സമ്മാനപ്പൊതി ലഭിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? അതു പൊട്ടിപ്പോകാതിരിക്കാൻ കഴിവിന്റെ പരമാവധി നിങ്ങൾ ശ്രദ്ധിക്കും എന്നതിനു സംശയമില്ല. ദാമ്പത്യമെന്ന സമ്മാനത്തിന്റെ കാര്യത്തിലോ?
2 ഒരു ഇസ്രായേല്യ വിധവയായ നൊവൊമി യുവപ്രായത്തിലുള്ള ഒർപ്പായോടും രൂത്തിനോടും ഇങ്ങനെ പറഞ്ഞു: “നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ [“സമ്മാനം,” NW] നല്കുമാറാകട്ടെ.” (രൂത്ത് 1:3-9) അതേപോലെ, നല്ലൊരു ഭാര്യയെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.” (സദൃശവാക്യങ്ങൾ 19:14) നിങ്ങൾ വിവാഹംകഴിച്ച ഒരു വ്യക്തിയാണെങ്കിൽ നിങ്ങളുടെ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായി വീക്ഷിക്കേണ്ടതുണ്ട്. ദൈവം നൽകിയിരിക്കുന്ന സമ്മാനം നിങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്?
3. ഭാര്യാഭർത്താക്കന്മാർ പൗലൊസിന്റെ ഏതു ബുദ്ധിയുപദേശത്തിനു ചെവികൊടുക്കണം?
3 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.” (എഫെസ്യർ 5:32, 33) ഭാര്യാഭർത്താക്കന്മാർക്ക് അവരുടെ സംഭാഷണത്തിൽ ഈ ഉദ്ബോധനം എങ്ങനെ ബാധകമാക്കാൻ കഴിയുമെന്നു നോക്കാം.
നാവ്—“അടങ്ങാത്ത ദോഷം”
4. നാവിന് നന്മയ്ക്കോ തിന്മയ്ക്കോ ഉള്ള ഒരു സ്വാധീനമായിരിക്കാൻ കഴിയുന്നത് എങ്ങനെ?
4 “മരണകരമായ വിഷം നിറഞ്ഞ” “അടങ്ങാത്ത ദോഷ”മാണ് നാവ് എന്ന് ബൈബിളെഴുത്തുകാരനായ യാക്കോബ് പറയുന്നു. (യാക്കോബ് 3:8) നിയന്ത്രണംവിട്ടു സംസാരിക്കുന്നതു നാശകരമാണെന്ന അടിസ്ഥാന സത്യം അവന് അറിയാമായിരുന്നു. ചിന്താശൂന്യമായ വാക്കുകളെ ‘തുളച്ചുകയറുന്ന വാളിനോട്’ ഉപമിക്കുന്ന ബൈബിൾ സദൃശവാക്യം അവനു സുപരിചിതമായിരുന്നു എന്നതിനു സംശയമില്ല. അതേ സദൃശവാക്യംതന്നെ “വിവേകിയുടെ വാക്കുകൾ മുറിവുണക്കുന്നു” എന്നും പറയുന്നു. (സദൃശവാക്യങ്ങൾ 12:18, പി.ഒ.സി. ബൈബിൾ) നിശ്ചയമായും വാക്കുകൾക്കു ശക്തിയുണ്ട്. മുറിപ്പെടുത്താനോ സുഖപ്പെടുത്താനോ അവയ്ക്കു കഴിയും. നിങ്ങളുടെ വാക്കുകൾക്ക് ഇണയുടെമേൽ എന്തു ഫലമാണുള്ളത്? ഇതേക്കുറിച്ച് ഇണയോടു ചോദിച്ചാൽ നിങ്ങൾക്കു ലഭിക്കുന്ന മറുപടി എന്തായിരിക്കും?
5, 6. നാവിനെ നിയന്ത്രിക്കുന്നതു ചിലർക്കു പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
5 മുറിപ്പെടുത്തുന്ന സംസാര രീതി ദാമ്പത്യജീവിതത്തിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതു പരിഹരിക്കാൻ നിങ്ങൾക്കു കഴിയും. എന്നാൽ അതിനു ശ്രമം കൂടിയേ തീരൂ. എന്തുകൊണ്ട്? അപൂർണ ജഡവുമായി നമുക്ക് ഒരു പോരാട്ടം നടത്തേണ്ടതുണ്ട് എന്നതാണ് ഒരു കാരണം. അവകാശപ്പെടുത്തിയ പാപം, നാം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിധത്തെ ദോഷകരമായി സ്വാധീനിക്കുന്നു. “ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു” എന്ന് യാക്കോബ് എഴുതി.—യാക്കോബ് 3:2.
6 മാനുഷിക അപൂർണതയ്ക്കു പുറമേ മോശമായ കുടുംബ പശ്ചാത്തലവും നാവിന്റെ ദുരുപയോഗത്തിനു വളംവെക്കുന്നു. “ഇണങ്ങാത്തവരും . . . അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും” ആയ മാതാപിതാക്കളുടെ പരിചരണയിലായിരിക്കാം ചിലർ വളർന്നുവന്നിട്ടുള്ളത്. (2 തിമൊഥെയൊസ് 3:1-3) അത്തരമൊരു സാഹചര്യത്തിൽ വളരുന്ന കുട്ടികൾ പ്രായമാകുമ്പോൾ സമാനമായ സ്വഭാവവിശേഷതകൾ പ്രകടമാക്കുന്നു. തീർച്ചയായും അപൂർണതയോ മോശമായ സാഹചര്യത്തിൽ വളരേണ്ടിവന്നതോ ഒന്നും ഹാനികരമായി സംസാരിക്കുന്നതിന് ഒഴികഴിവല്ല. എന്നാൽ ഇത് അറിഞ്ഞിരിക്കുന്നത്, മുറിപ്പെടുത്തുന്ന കാര്യങ്ങൾ പറയാതവണ്ണം നാവിനെ നിയന്ത്രിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം വിശേഷാൽ പ്രയാസമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
അധിക്ഷേപവാക്കുകൾ ഒഴിവാക്കുക
7. “എല്ലാനുണയും നീക്കിക്കള”യാൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചപ്പോൾ പത്രൊസ് എന്താണ് അർഥമാക്കിയത്?
7 കാരണം എന്തുതന്നെ ആയിരുന്നാലും മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുന്നത് ഇണയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും അഭാവത്തെ സൂചിപ്പിച്ചേക്കാം. “എല്ലാനുണയും നീക്കിക്കള”യാൻ ക്രിസ്ത്യാനികളെ പത്രൊസ് ഉദ്ബോധിപ്പിച്ചതു നല്ല കാരണത്തോടെയാണ്. (1 പത്രൊസ് 2:1) ഇവിടെ “നുണ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “അധിക്ഷേപം” എന്നാണ്. ‘ആളുകളുടെനേരെ വാക്ശരങ്ങൾ എയ്തുവിടുന്നതിന്റെ’ ഒരു ചിത്രമാണ് അതു നൽകുന്നത്. നിയന്ത്രണംവിട്ടു സംസാരിക്കുന്നതിന്റെ ദുഷ്ഫലം അത് എത്ര നന്നായി വ്യക്തമാക്കുന്നു!
8, 9. അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് എന്തിൽ കലാശിച്ചേക്കാം, ദമ്പതികൾ അങ്ങനെ ചെയ്യരുതാത്തത് എന്തുകൊണ്ട്?
8 അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അത്ര ഗുരുതരമൊന്നുമല്ലെന്നു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ ഭാര്യയോ ഭർത്താവോ അങ്ങനെ സംസാരിച്ചാൽ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. വിഡ്ഢി, മടിയൻ/മടിച്ചി, സ്വാർഥൻ/സ്വാർഥ എന്നൊക്കെ വിളിക്കുന്നതിലൂടെ, ഇണയുടെ മറ്റെല്ലാ ഗുണങ്ങളും അവമതിച്ചുകൊണ്ട് മുഴു വ്യക്തിത്വത്തെയും നികൃഷ്ടമായ ഒരൊറ്റ വാക്കിൽ ഒതുക്കിക്കളയുകയാണു ചെയ്യുന്നത്! അതു തീർച്ചയായും ക്രൂരമാണ്. അതേപോലെ, ഇണയുടെ പോരായ്മകൾ പെരുപ്പിച്ചു കാണിക്കുന്ന വിധത്തിൽ ഒരു വ്യക്തി സംസാരിക്കുന്നുവെങ്കിലോ? “ഞാൻ പറയുന്നത് ഒന്നും നിങ്ങൾ കേൾക്കുന്നില്ല” “ഒരു കാര്യവും നേരത്തും കാലത്തും ചെയ്യില്ല” എന്നൊക്കെ പറയുന്നത് യഥാർഥത്തിൽ സത്യമാണോ? അത്തരം പ്രസ്താവനകൾ ഇണയെ ചൊടിപ്പിക്കുകയേ ഉള്ളൂ; ചൂടുപിടിച്ച വാഗ്വാദത്തിന് അതു തിരികൊളുത്തിയേക്കാം.—യാക്കോബ് 3:5.
9 അധിക്ഷേപ വാക്കുകൾ നിറഞ്ഞ സംഭാഷണം ദാമ്പത്യത്തിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു. ഇവിടെയും അനന്തരഫലം ഗുരുതരമായിരുന്നേക്കാം. സദൃശവാക്യങ്ങൾ 25:24 ഇങ്ങനെ പറയുന്നു: “ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.” ശണ്ഠയിടുന്ന ഭർത്താവിന്റെ കാര്യത്തിലും ഇതു സത്യമാണ്. അറുത്തുമുറിച്ച വാക്കുകൾ കാലക്രമത്തിൽ ദാമ്പത്യത്തിന്റെ അടിത്തറ തകർക്കും. താൻ സ്നേഹിക്കപ്പെടുന്നില്ലെന്നോ സ്നേഹിക്കപ്പെടാൻ തനിക്കു യോഗ്യതയില്ലെന്നോപോലും ഭാര്യാഭർത്താക്കന്മാർ ചിന്തിക്കാൻ അത് ഇടയാക്കിയേക്കാം. നാവിനു കടിഞ്ഞാണിടുന്നത് എത്ര പ്രധാനമാണ്! എന്നാൽ അതെങ്ങനെ ചെയ്യാനാകും?
‘നാവിനു കടിഞ്ഞാണിടുക’
10. നാവിനു കടിഞ്ഞാണിടുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 “നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല,” യാക്കോബ് 3:8 പറയുന്നു. എന്നിരുന്നാലും, കുതിരക്കാരൻ കടിഞ്ഞാൺ ഉപയോഗിച്ചു കുതിരയെ നിയന്ത്രിക്കുന്നതുപോലെ നാവിനെ നിയന്ത്രിക്കാൻ നാം പരമാവധി ശ്രമിക്കണം. “ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.” (യാക്കോബ് 1:26; 3:2, 3) നിങ്ങൾ നാവ് എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഗൗരവമുള്ള ഒരു കാര്യമാണെന്ന് ഈ വാക്കുകൾ പ്രകടമാക്കുന്നു. ഇണയുമായുള്ള ബന്ധത്തെ മാത്രമല്ല, അതിലുപരിയായി യഹോവയാം ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെയും അതു ബാധിക്കുന്നു.—1 പത്രൊസ് 3:7.
11. ഭിന്നതകൾ ചൂടുപിടിച്ച വാക്കേറ്റമായിത്തീരാതെ തടയാൻ എങ്ങനെ കഴിയും?
11 ഇണയോട് എങ്ങനെ സംസാരിക്കുന്നുവെന്നതിനു ശ്രദ്ധകൊടുക്കുന്നതു ജ്ഞാനമാണ്. പ്രയാസകരമായ ഒരു സാഹചര്യം ഉടലെടുക്കുന്നപക്ഷം സമ്മർദം ലഘൂകരിക്കാൻ ശ്രമിക്കുക. ഉല്പത്തി 27:46–28:4-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യിസ്ഹാക്കിന്റെയും റിബേക്കയുടെയും ജീവിതത്തിലുണ്ടായ പിൻവരുന്ന സാഹചര്യം പരിചിന്തിക്കുക: “റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.” യിസ്ഹാക്ക് പരുഷമായി പ്രതികരിച്ചതായി വിവരണം പറയുന്നില്ല. പകരം റിബേക്കയ്ക്കു മനഃക്ലേശത്തിനു കാരണക്കാരിയാകാൻ സാധ്യതയില്ലാത്ത, ദൈവഭയമുള്ള ഒരു സ്ത്രീയെ കണ്ടെത്താൻ അവൻ യാക്കോബിനെ ഒരു ദൂരദേശത്തേക്ക് അയച്ചു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നുവെന്നിരിക്കട്ടെ. “നീ,” “നിങ്ങൾ” എന്നൊക്കെ പറഞ്ഞ് ഇണയെ കുറ്റപ്പെടുത്തുന്നതിനു പകരം “ഞാൻ” അല്ലെങ്കിൽ “എനിക്ക്” എന്നു പറഞ്ഞുകൊണ്ട് പ്രശ്നം തുറന്നു പറയുന്നത് ചെറിയ ചെറിയ ഭിന്നതകൾ ചൂടുപിടിച്ച വാക്കേറ്റമായിത്തീരാതിരിക്കാൻ സഹായിക്കും. ഉദാഹരണത്തിന്, “നിങ്ങൾ ഒരിക്കലും എന്നോടൊപ്പം സമയം ചെലവഴിക്കുന്നില്ല!” എന്നതിനു പകരം, “കുറച്ചു സമയം നമുക്കൊരുമിച്ചു ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ” എന്നു പറയാനാവില്ലേ? ഇണയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനു പകരം പ്രശ്നം പരിഹരിക്കാൻ നോക്കുക. ആരുടെ പക്ഷത്താണ് ശരി എന്നു തെളിയിക്കാനുള്ള പ്രവണത ഒഴിവാക്കുക. “സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക” എന്ന് റോമർ 14:19 പറയുന്നു.
“കൈപ്പും കോപവും ക്രോധവും” വിട്ടുകളയുക
12. നാവിനു കടിഞ്ഞാണിടാൻ, നാം എന്തിനുവേണ്ടി പ്രാർഥിക്കണം, എന്തുകൊണ്ട്?
12 നാവിനു കടിഞ്ഞാണിടുന്നതിൽ നമ്മുടെ വാക്കുകൾക്കു ശ്രദ്ധകൊടുക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. നാം പറയുന്ന കാര്യങ്ങൾ വായിലൂടെയാണു പുറത്തുവരുന്നതെങ്കിലും യഥാർഥത്തിൽ അവ ഉത്ഭവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. യേശു ഇങ്ങനെ പറഞ്ഞു: “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്.” (ലൂക്കൊസ് 6:45) അതുകൊണ്ട് നാവിന്റെമേൽ നിയന്ത്രണം നേടാൻ നിങ്ങൾ ദാവീദിനെപ്പോലെ ഇങ്ങനെ പ്രാർഥിക്കേണ്ടതുണ്ടായിരുന്നേക്കാം: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.”—സങ്കീർത്തനം 51:10.
13. കൈപ്പും കോപവും ക്രോധവും ദൂഷണത്തിലേക്കു നയിക്കുന്നത് എങ്ങനെ?
13 മുറിപ്പെടുത്തുന്ന വാക്കുകൾ മാത്രമല്ല, അവയ്ക്കു പിന്നിലുള്ള വികാരങ്ങളും ഒഴിവാക്കാൻ പൗലൊസ് എഫെസ്യരെ ഉദ്ബോധിപ്പിച്ചു. “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ,” അവൻ എഴുതി. (എഫെസ്യർ 4:31) “കൂറ്റാരവും ദൂഷണവും” പരാമർശിക്കുന്നതിനുമുമ്പ് പൗലൊസ് “കൈപ്പും കോപവും ക്രോധവും” സംബന്ധിച്ച് എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക. ഉള്ളിൽ തിളച്ചുമറിയുന്ന ക്രോധമാണ് മുറിപ്പെടുത്തുന്ന വാക്കുകളുടെ രൂപത്തിൽ പുറത്തേക്കു വരുന്നത്. അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: “ഞാൻ ഹൃദയത്തിൽ കൈപ്പും ക്രോധവും വെച്ചുകൊണ്ടിരിക്കുന്നുവോ?” “പെട്ടെന്നു ‘ക്രോധിക്കുന്ന’ പ്രവണതയുള്ളവനാണോ ഞാൻ?” (സദൃശവാക്യങ്ങൾ 29:22) നിങ്ങൾ അങ്ങനെയുള്ള ഒരു വ്യക്തിയാണെങ്കിൽ, അത്തരം പ്രവണതകൾ തരണംചെയ്യാനും കോപത്താൽ പൊട്ടിത്തെറിക്കാതിരിക്കാൻ കഴിയേണ്ടതിന് ആത്മനിയന്ത്രണം പാലിക്കാനുമുള്ള സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക. “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽ വച്ചു ധ്യാനിച്ചു മൗനമായിരിക്കുക” എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 4:4, പി.ഒ.സി.) ആത്മനിയന്ത്രണം നഷ്ടപ്പെടുമെന്നും കോപം ആളിക്കത്തുമെന്നും നിങ്ങൾക്കു തോന്നുന്നപക്ഷം, സദൃശവാക്യങ്ങൾ 17:14-ലെ പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കുക: “കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.” സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ കുറച്ചുനേരത്തേക്ക് ആ സാഹചര്യത്തിൽനിന്നു മാറിപ്പോകുക.
14. നീരസം ദാമ്പത്യജീവിതത്തെ എങ്ങനെ ബാധിച്ചേക്കാം?
14 കോപവും ക്രോധവും നിയന്ത്രിക്കുകയെന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് ‘കൈപ്പ്’ എന്നു പൗലൊസ് പരാമർശിച്ച വികാരം അവയ്ക്കു കാരണമായിരിക്കുമ്പോൾ. “അനുരഞ്ജനത്തിന് ഒരുക്കമല്ലാത്ത നീരസത്തിന്റെ ആത്മാവും” ‘തെറ്റുകളുടെ കണക്കു സൂക്ഷിക്കുന്ന സ്വഭാവവും’ സവിശേഷതയായുള്ള ഒരു വികാരമെന്നാണ് പൗലൊസ് ഉപയോഗിച്ച ഗ്രീക്കു പദം നിർവചിക്കപ്പെട്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ വിദ്വേഷം കനത്ത മൂടൽമഞ്ഞുപോലെ ഏറെനേരം തങ്ങിനിന്നേക്കാം. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടാതിരിക്കുമ്പോൾ അവർ പരസ്പരം നിർവികാരമായ അവഗണന പ്രകടമാക്കിയേക്കാം. എന്നാൽ കഴിഞ്ഞകാല തെറ്റുകളെപ്രതി നീരസം വെച്ചുകൊണ്ടിരിക്കുന്നതു വ്യർഥമാണ്. സംഭവിച്ചതു സംഭവിച്ചു, അതു മാറ്റാനാവില്ല. ക്ഷമിച്ച തെറ്റുകൾ നാം മറന്നുകളയേണ്ടതുണ്ട്. സ്നേഹം “ദോഷം കണക്കിടുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
15. പരുഷമായി സംസാരിക്കുന്നവർക്ക് ആ ശീലത്തിൽ മാറ്റംവരുത്താൻ എന്തു സഹായിക്കും?
15 കുടുംബാംഗങ്ങൾ പരുഷമായി സംസാരിക്കുന്നതു കേട്ടുവളരുകയും അങ്ങനെ സംസാരിക്കുന്നതു ശീലമാക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിലോ? മാറ്റങ്ങൾ വരുത്തുക സാധ്യമാണ്. ജീവിതത്തിന്റെ പല മണ്ഡലങ്ങളിലും ഇപ്പോൾത്തന്നെ വിവിധ നിയന്ത്രണങ്ങൾ വെച്ചിട്ടുള്ളവരാണു നിങ്ങൾ. അതൊന്നും നിങ്ങൾ ലംഘിക്കാറുമില്ല. സംസാരിക്കുന്നതിനോടുള്ള ബന്ധത്തിലും ഇപ്പോൾ അതു ചെയ്യേണ്ടിയിരിക്കുന്നു. എങ്ങനെ? മോശമായ വാക്കുകൾ ഉപയോഗിക്കുമെന്നു തോന്നുന്ന ഘട്ടത്തിലെത്തുമ്പോൾ സംഭാഷണം നിറുത്തുക. എഫെസ്യർ 4:29-ലെ പിൻവരുന്ന മുന്നറിയിപ്പ് സഹായകമാണെന്നു നിങ്ങൾക്കു കാണാൻ കഴിയും: “ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.” അതിനായി നിങ്ങൾ “പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ” ധരിക്കേണ്ടതുണ്ട്.—കൊലൊസ്സ്യർ 3:9, 10.
“ആലോചന” അത്യാവശ്യം
16. ഇണകൾ പരസ്പരം സംസാരിക്കാതിരിക്കുന്നത് ദാമ്പത്യത്തിനു ഹാനികരമായിരിക്കുന്നത് എന്തുകൊണ്ട്?
16 മൗനവ്രതത്തിലെന്നപോലെ പരസ്പരം സംസാരിക്കാതിരിക്കുന്നതുകൊണ്ട് ഭാര്യാഭർത്താക്കന്മാർ ഒന്നുംതന്നെ നേടുന്നില്ല. അതവർക്കു ഹാനികരവുമാണ്. സംസാരിക്കാതിരിക്കുന്നത് ഇണയെ ശിക്ഷിക്കാൻ മനഃപൂർവം സ്വീകരിക്കുന്ന ഒരു നടപടിയായിരിക്കണമെന്നില്ല—ഇച്ഛാഭംഗമോ നിരുത്സാഹമോ നിമിത്തം ചിലർ അങ്ങനെ ചെയ്തേക്കാം. എന്നിരുന്നാലും പരസ്പരം സംസാരിക്കാതിരിക്കുന്നത് പിരിമുറുക്കം വർധിപ്പിക്കുകയല്ലാതെ പ്രശ്നപരിഹാരത്തിനു തെല്ലും സഹായിക്കില്ല. “വീണ്ടും സംസാരിക്കാൻ തുടങ്ങിയാലും ഞങ്ങൾക്കുണ്ടായ പ്രശ്നത്തെക്കുറിച്ചു ഞങ്ങൾ ഒരിക്കലും ചർച്ചചെയ്യാറില്ല” എന്ന ഒരു ഭാര്യയുടെ അഭിപ്രായം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
17. ദാമ്പത്യജീവിതത്തിൽ പിരിമുറുക്കം അനുഭവിക്കുന്ന ക്രിസ്ത്യാനികൾ എന്തു ചെയ്യണം?
17 ദാമ്പത്യജീവിതത്തിൽ പിരിമുറുക്കം നിലയുറപ്പിക്കുമ്പോൾ പ്രശ്നപരിഹാരം കൂടുതൽ പ്രയാസമായിത്തീരുന്നു. “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 15:22 പറയുന്നു. ഇണയോടൊപ്പമിരുന്നു കാര്യങ്ങൾ ചർച്ചചെയ്യേണ്ടത് അനിവാര്യമാണ്. തുറന്ന മനസ്സോടും ഹൃദയത്തോടും കൂടെ പരസ്പരം ശ്രദ്ധിക്കുക. അതു പ്രയാസമാണെങ്കിൽ ക്രിസ്തീയ സഭയിലെ മൂപ്പന്മാരിൽനിന്നു സഹായം തേടാവുന്നതാണ്. തിരുവെഴുത്തു പരിജ്ഞാനവും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ അനുഭവപരിചയവുമുള്ള അവർ “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവു”മാണ്.—യെശയ്യാവു 32:2.
നിങ്ങൾക്കു വിജയിക്കാനാകും
18. റോമർ 7:18-23 ഏതു പോരാട്ടത്തെ വർണിക്കുന്നു?
18 നാവിനു കടിഞ്ഞാണിടുകയെന്നത് ഒരു പോരാട്ടംതന്നെയാണ്. നമ്മുടെ പ്രവൃത്തികൾ നിയന്ത്രിക്കുന്നതിന്റെ കാര്യത്തിലും അതു സത്യമാണ്. പൗലൊസ് അപ്പൊസ്തലൻ നേരിട്ട വെല്ലുവിളയെക്കുറിച്ച് അവൻ ഇങ്ങനെ എഴുതി: “എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.” നമ്മുടെ ‘അവയവങ്ങളിലെ പാപപ്രമാണം’ നിമിത്തം നാവും ശരീരത്തിലെ മറ്റ് അവയവങ്ങളും ദുരുപയോഗം ചെയ്യാൻ നാം ചായ്വുള്ളവരാണ്. (റോമർ 7:18-23) പക്ഷേ നാം പോരാട്ടം നടത്തിയേ തീരു, വിജയിക്കാൻ ദൈവം നമ്മെ സഹായിക്കുകയും ചെയ്യും.
19, 20. നാവിനു കടിഞ്ഞാണിടാൻ യേശുവിന്റെ ദൃഷ്ടാന്തം ഭാര്യാഭർത്താക്കന്മാരെ എങ്ങനെ സഹായിക്കും?
19 സ്നേഹവും ആദരവും ഇഴചേർന്ന ഒരു ബന്ധത്തിൽ ചിന്താശൂന്യവും പരുഷവുമായ വാക്കുകൾക്കു സ്ഥാനമില്ല. ഇക്കാര്യത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മാതൃക നോക്കുക. ശിഷ്യന്മാരെ അവൻ ഒരിക്കലും അധിക്ഷേപിച്ചു സംസാരിച്ചില്ല. ഭൂമിയിലെ തന്റെ അവസാന ദിവസം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി ശിഷ്യന്മാർ തർക്കിച്ചുകൊണ്ടിരുന്നപ്പോൾപ്പോലും അവൻ അവരെ ശകാരിച്ചില്ല. (ലൂക്കൊസ് 22:24-27) തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തുകൊണ്ട് ക്രിസ്തു “സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ” എന്ന് ബൈബിൾ ഭർത്താക്കന്മാരെ ഉദ്ബോധിപ്പിക്കുന്നു.—എഫെസ്യർ 5:25-27.
20 ഭാര്യമാരെ സംബന്ധിച്ചെന്ത്? “ഭാര്യ ഭർത്താവിനെ ആദരിക്കണം.” (എഫെസ്യർ 5:33, ഓശാന) ഭർത്താവിനെ ആദരിക്കുന്ന ഒരു ഭാര്യ അദ്ദേഹത്തിനുനേരെ ആക്രോശിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുമോ? “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു,” പൗലൊസ് എഴുതി. (1 കൊരിന്ത്യർ 11:3) ക്രിസ്തു ദൈവത്തിനു കീഴ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാർ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കണം. (കൊലൊസ്സ്യർ 3:18) അപൂർണനായ ഒരു മനുഷ്യനും യേശുവിനെ പൂർണമായി അനുകരിക്കാൻ കഴിയില്ലെങ്കിലും “അവന്റെ കാൽച്ചുവടു [അടുത്ത്] പിന്തുടരുവാൻ” ശ്രമിക്കുന്നത് നാവിന്റെ ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ ഭാര്യാഭർത്താക്കന്മാരെ സഹായിക്കും.—1 പത്രൊസ് 2:21.
നിങ്ങൾ എന്തു പഠിച്ചു?
• അടക്കമില്ലാത്ത നാവ് ദാമ്പത്യത്തിനു ഹാനികരമായിരിക്കുന്നത് എങ്ങനെ?
• നാവിനു കടിഞ്ഞാണിടുക പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
• നാവിനു കടിഞ്ഞാണിടാൻ നമ്മെ എന്തു സഹായിക്കുന്നു?
• ദാമ്പത്യജീവിതത്തിൽ പിരിമുറുക്കം അനുഭവപ്പെടുമ്പോൾ നിങ്ങൾ എന്തു ചെയ്യണം?
[24-ാം പേജിലെ ചിത്രം]
മൂപ്പന്മാർ ബൈബിളധിഷ്ഠിത സഹായം പ്രദാനം ചെയ്യുന്നു