സഹിഷ്ണുതയോടെ മൽസരയോട്ടത്തിൽ പങ്കെടുക്കൽ
“നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഓട്ടം നമുക്ക് സഹിഷ്ണുതയോടെ ഓടാം.”—എബ്രായർ 12:1.
1. (എ) നാം യഹോവക്ക് സമർപ്പണം നടത്തുമ്പോൾ നമ്മുടെ മുമ്പാകെ വയ്ക്കപ്പെടുന്നത് എന്താണ്? (ബി) ഏതുതരം മൽസയോട്ടത്തിനാണ് ഒരു ക്രിസ്ത്യാനി തയ്യാറാകേണ്ടത്?
നാം യേശുക്രിസ്തുവിലൂടെ നമ്മെത്തന്നെ യഹോവക്ക് സമർപ്പിച്ചപ്പോൾ ആലങ്കാരികമായി പറഞ്ഞാൽ ഒരു മൽസരയോട്ടം ദൈവം നമ്മുടെ മുമ്പാകെ വച്ചു. ഓട്ടത്തിന്റെ അവസാനം വിജയകരമായി ഓട്ടം പൂർത്തിയാക്കുന്ന എല്ലാവർക്കും ഒരു സമ്മാനം നൽകപ്പെടും. എന്തു സമ്മാനം? നിത്യജീവൻ! മഹത്തായ ഈ സമ്മാനം നേടുന്നതിന് ഒരു ക്രിസ്തീയ ഓട്ടക്കാരൻ ഒരു ഹ്രസ്വദൂര ഓട്ടത്തിനല്ല ഒരു ദീർഘദൂര ഓട്ടത്തിനു തന്നെ തയ്യാറായിരിക്കണം. അതുകൊണ്ട് അയാൾക്ക് സഹിഷ്ണുത ആവശ്യമാണ്. അയാൾ ആ ദീർഘദൂര ഓട്ടത്തിന്റെ കഠിനാദ്ധ്വാനവും ഓട്ടത്തിനിടയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന മാർഗ്ഗതടസ്സങ്ങളും സഹിക്കേണ്ടതുണ്ട്.
2, 3. (എ) ക്രിസ്തീയ ഓട്ടം പൂർത്തിയാക്കുന്നതിന് എന്ത് നമ്മെ സഹായിക്കും? (ബി) ഓട്ടം സഹിഷ്ണുതയോടെ ഓടാൻ സന്തോഷം യേശുവിനെ സഹായിച്ചതെങ്ങനെ?
2 അത്തരം ഒരു ഓട്ടം അവസാനം വരെ ഓടി പൂർത്തിയാക്കുന്നതിന് നമ്മെ എന്തു സഹായിക്കും? കൊള്ളാം, ഭൂമിയിൽ ഒരു മനുഷ്യനായിരുന്നപ്പോൾ സഹിച്ചു നിൽക്കാൻ യേശുവിനെ സഹായിച്ചത് എന്തായിരുന്നു? തന്റെ സന്തോഷത്തിന്റെ ഗുണമേൻമയിൽ നിന്ന് അവൻ ആന്തരികമായ ശക്തി ആർജ്ജിച്ചു. എബ്രായർ 12:1-3-ൽ നാം ഇപ്രകാരം വായിക്കുന്നു: “അതുകൊണ്ട് നമുക്ക് ചുററും സാക്ഷികളുടെ ഇത്ര വലിയ ഒരു മേഘമുള്ളതുകൊണ്ട് നമുക്ക് എല്ലാ ഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും വിട്ട് നമ്മുടെ വിശ്വാസത്തിന്റെ പൂർത്തിവരുത്തുന്നവനും മുഖ്യകാര്യസ്ഥനുമായ യേശുവിനെ സൂക്ഷിച്ചു നിരീക്ഷിച്ചുകൊണ്ട് നമ്മുടെ മുമ്പാകെയുള്ള ഓട്ടം സഹിഷ്ണുതയോടെ ഓടാം. തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ദണ്ഡനസ്തംഭം സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതു ഭാഗത്ത് ഇരിക്കുകയും ചെയ്തു. നിങ്ങളുടെ ദേഹികളിൽ ക്ഷീണിച്ചു മടുത്തു പോകാതിരിക്കാൻ തങ്ങളുടെതന്നെ താൽപ്പര്യത്തിനെതിരായി പാപികളാലുള്ള വിരുദ്ധ സംസാരം സഹിച്ചവനെ അടുത്തു പരിഗണിച്ചുകൊൾവിൻ.”
3 തന്റെ പരസ്യശുശ്രൂഷയുടെ കാലത്തെല്ലാം യഹോവയിങ്കലെ സന്തോഷം നിമിത്തം യേശുവിന് തന്റെ ഓട്ടം സ്ഥിരതയോടെ ഓടാൻ കഴിഞ്ഞു. (നെഹെമ്യാവ് 8:10 താരതമ്യം ചെയ്യുക.) അവന്റെ സന്തോഷം ഒരു ദണ്ഡനസ്തംഭത്തിലെ ലജ്ജാകരമായ മരണം സഹിക്കാൻ അവനെ സഹായിച്ചു, അതേത്തുടർന്ന് മരിച്ചവരുടെയിടയിൽ നിന്ന് ഉയർപ്പിക്കപ്പെടുന്നതിന്റെ അവാച്യമായ സന്തോഷം അവൻ ആസ്വദിക്കുകയും ദൈവത്തിന്റെ വേല പൂർത്തിയാക്കുന്നതിനുവേണ്ടി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കാൻ കരേറിപ്പോവുകയും ചെയ്തു. ഒരു മനുഷ്യനെന്ന നിലയിൽ ദൈവത്തിന്റെ ഭാഗത്ത് സഹിച്ചു നിന്നതിനാൽ നിത്യജീവനുവേണ്ടിയുള്ള അവന്റെ അവകാശത്തെ അവൻ മുറുകെ പിടിച്ചു. അതെ, ലൂക്കോസ് 21:19 പറയുന്നതനുസരിച്ച്: “നിങ്ങളുടെ ഭാഗത്തെ സഹിഷ്ണുതയാൽ നിങ്ങൾ നിങ്ങളുടെ ദേഹികളെ നേടും.”
4. തന്നോടൊപ്പം ഓടുന്നവർക്ക് യേശു എന്തു ദൃഷ്ടാന്തമാണ് വച്ചത്, നാം നമ്മുടെ മനസ്സുകൾ എന്തിൽ പതിപ്പിക്കണം?
4 തന്നോടൊപ്പം ഓടുന്നവർക്ക് യേശു ഏററം നല്ല ദൃഷ്ടാന്തം തന്നെ വച്ചു, അവന്റെ ദൃഷ്ടാന്തം നമുക്കും വിജയികളായിരിക്കാൻ കഴിയുമെന്ന് നമുക്ക് ഉറപ്പു നൽകുന്നു. (1 പത്രോസ് 2:21) നാം ചെയ്യാൻ യേശു ആവശ്യപ്പെടുന്നത് നമുക്ക് ചെയ്യാൻ കഴിയും. അവൻ സഹിച്ചു നിന്നതുപോലെ നമുക്കും സഹിച്ചു നിൽക്കാൻ കഴിയും. അവനെ അനുകരിക്കുന്നതിൽ നാം സ്ഥിരതയുള്ളവരായി നിൽക്കുമ്പോൾ സന്തുഷ്ടരായിരിക്കുന്നതിനുള്ള നമ്മുടെ കാരണങ്ങളിൻമേൽ നാം മനസ്സു പതിപ്പിക്കണം. (യോഹന്നാൻ 15:11, 20, 21) നിത്യജീവന്റെ മഹത്തായ സമ്മാനം നേടുന്നതുവരെ യഹോവയുടെ സേവനത്തിന്റേതായ മൽസരയോട്ടത്തിൽ പിടിച്ചു നിൽക്കുന്നതിന് സന്തുഷ്ടി നമ്മെ ശക്തീകരിക്കും.—കൊലൊസ്സ്യർ 1:10, 11.
5. നമുക്ക് സന്തുഷ്ടരായിരിക്കാനും നമ്മുടെ മുമ്പിലുള്ള ഓട്ടത്തിനു വേണ്ടി ശക്തീകരിക്കപ്പെടാനും കഴിയുന്നതെങ്ങനെ?
5 മൽസരയോട്ടത്തിൽ പിടിച്ചു നിൽക്കുന്നതിന് യഹോവ സാധാരണയിൽ കവിഞ്ഞ ശക്തി പ്രദാനം ചെയ്യുന്നു. നാം പീഡിപ്പിക്കപ്പെടുമ്പോൾ, ആ ശക്തിയും പീഡനം സഹിക്കാൻ നമുക്ക് പദവി ലഭിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്ന തിരിച്ചറിവും നമ്മെ ബലപ്പെടുത്തുന്നു. (2 കൊരിന്ത്യർ 4:7-9) ദൈവത്തിന്റെ നാമം മഹത്വീകരിക്കുന്നതിനും അവന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുംവേണ്ടി നാം സഹിക്കേണ്ടിവരുന്ന എന്തും സന്തോഷത്തിന് കാരണമാണ്. ആ സന്തോഷം നമ്മിൽ നിന്ന് എടുത്തു കളയാൻ ആർക്കും കഴിയുകയുമില്ല. (യോഹന്നാൻ 16:22) യേശുവിനോടുള്ള ബന്ധത്തിൽ യഹോവയാം ദൈവം ചെയ്ത അത്ഭുതകരമായ കാര്യങ്ങളെ സംബന്ധിച്ച് സാക്ഷ്യം വഹിച്ചതിന് സൻഹദ്രീമിന്റെ കൽപ്പനപ്രകാരം പ്രഹരമേൽക്കേണ്ടിവന്നശേഷം അപ്പോസ്തലൻമാർ സന്തോഷിച്ചത് എന്തുകൊണ്ടെന്ന് ഇതു വിശദീകരിക്കുന്നു. “എന്തുകൊണ്ടെന്നാൽ അവന്റെ നാമം നിമിത്തം നിന്ദ സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിനാൽ അവർ സന്തോഷിച്ചു.” (പ്രവൃത്തികൾ 5:41, 42) അവർക്ക് സന്തോഷം ലഭിച്ചത് പീഡനത്തിൽ നിന്ന് ആയിരുന്നില്ല. മറിച്ച് അവർ യഹോവയെയും യേശുക്രിസ്തുവിനെയും പ്രസാദിപ്പിക്കുകയാണ് എന്ന അറിവിൽ നിന്ന് ഉളവായ ആഴമായ ആന്തരിക സംതൃപ്തിയിൽ നിന്നുമായിരുന്നു.
6, 7. കഷ്ടപ്പാടുകൾ ഉള്ളപ്പോഴും ക്രിസ്തീയ ഓട്ടക്കാരന് സന്തോഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്, എന്തു ഫലങ്ങളോടെ?
6 നമ്മുടെ ജീവിതത്തിൽ നമ്മെ താങ്ങി നിർത്തുന്ന മറെറാരു ശക്തി ദൈവം നമ്മുടെ മുമ്പാകെ വച്ചിരിക്കുന്ന പ്രത്യാശയാണ്. പൗലോസ് പറഞ്ഞപ്രകാരം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്ക് ദൈവത്തോടുള്ള സമാധാനം ആസ്വദിക്കാം. നാം ഇപ്പോൾ നിൽക്കുന്ന ആ അനർഹ ദയയിലേക്ക് നമുക്ക് അവനിലൂടെ വിശ്വാസത്താൽ പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവമഹത്വത്തിന്റെ പ്രത്യാശയിൽ അധിഷ്ഠിതമായി നമുക്ക് സന്തോഷിക്കാം. അതുമാത്രമല്ല. കഷ്ടത സഹിഷ്ണുതയും സഹിഷ്ണുത ക്രമത്തിൽ ഒരു അംഗീകൃത നിലയും അംഗീകൃത നില ക്രമത്തിൽ പ്രത്യാശയും കൈവരുത്തുന്നുവെന്നും പ്രത്യാശ നിരാശയിലേക്ക് നയിക്കുന്നില്ല എന്നും നമുക്ക് അറിയാവുന്നതുകൊണ്ട് നമുക്ക് കഷ്ടങ്ങളിലും സന്തോഷിക്കാം.”—റോമർ 5:1-5.
7 പീഡനങ്ങൾ അവയിൽ തന്നെ സന്തോഷകരമല്ല, എന്നിരുന്നാലും പിന്നീട് അവ കൈവരുത്തുന്ന സമാധാനഫലങ്ങൾ സന്തോഷകരം തന്നെ. സഹിഷ്ണുത, ഒരു അംഗീകൃത നില, പ്രത്യാശ, ആ പ്രത്യാശയുടെ നിവൃത്തി എന്നിവയാണ് ആ ഫലങ്ങൾ. നമ്മുടെ സഹിഷ്ണുത നമുക്ക് ദൈവാംഗീകാരം ലഭിക്കുന്നതിലേക്ക് നയിക്കും. ദൈവാംഗീകാരമുള്ളപ്പോൾ അവൻ നൽകിയിരിക്കുന്ന വാഗ്ദാനങ്ങളുടെ നിവർത്തിക്കായി നമുക്ക് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാൻ കഴിയും. ഈ പ്രത്യാശ നമ്മെ ശരിയായ ഗതിയിൽ നിർത്തുകയും പ്രത്യാശയുടെ നിവർത്തി വരെ പീഡനത്തിൻ കീഴിൽ നമ്മെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 4:16-18.
സഹിച്ചു നിൽക്കുന്നവർ സന്തുഷ്ടർ!
8. കാത്തിരിപ്പിന്റെ ഈ കാലഘട്ടം നമ്മെ സംബന്ധിച്ചിടത്തോളം സമയം പാഴാക്കലല്ലാത്തത് എന്തുകൊണ്ട്?
8 മൽസരയോട്ടക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിന് ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തിനായി നാം കാത്തിരിക്കുമ്പോൾ നമ്മിൽ ചില മാററങ്ങൾ സംഭവിക്കുന്നു. ഇത് പരിശോധനകളെ വിജയകരമായി തരണം ചെയ്യുന്നതിൽ നിന്ന് നമുക്കുണ്ടാകുന്ന ആത്മീയാഭിവൃദ്ധികളാണ്. അവ നാം ദൈവമുമ്പാകെ വലിയ കൃപ കണ്ടെത്താൻ ഇടയാക്കുന്നു. അവ നാം ആരാണെന്ന് തെളിയിക്കുകയും പുരാതനകാലത്തെ വിശ്വസ്തർ, വിശേഷിച്ചും നമ്മുടെ ശ്രേഷ്ഠ മാതൃകയായ യേശുക്രിസ്തു പ്രകടമാക്കിയ അതേ നല്ല ഗുണങ്ങൾ പ്രകടമാക്കാൻ നമുക്ക് അവസരം നൽകുകയും ചെയ്യുന്നു. ശിഷ്യനായ യാക്കോബ് ഇപ്രകാരം പറയുന്നു: “എന്റെ സഹോദരൻമാരെ നിങ്ങൾ വിവിധ പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധിക്കപ്പെട്ട ഈ ഗുണം സഹിഷ്ണുത കൈവരുത്തുന്നു എന്നറിഞ്ഞുകൊണ്ട് അതെല്ലാം സന്തോഷമെന്ന് കരുതുവിൻ. എന്നാൽ നിങ്ങൾ ഒന്നിനും കുറവില്ലാതെ സകലത്തിലും തികഞ്ഞവരും പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണുതയുടെ പ്രവൃത്തി തികഞ്ഞു വരട്ടെ.” (യാക്കോബ് 1:2-4) അതെ, നമുക്ക് വിവിധ പരിശോധനകൾ പ്രതീക്ഷിക്കാൻ കഴിയും, എന്നാൽ അവ ശരിയായ ഗുണങ്ങൾ നട്ടുവളർത്തുന്നതിന് നമ്മെ സഹായിക്കും. അപ്രകാരം എന്തു തടസ്സങ്ങളെ നേരിടേണ്ടി വന്നാലും സമ്മാനം നേടുന്നതുവരെ ഈ മൽസരയോട്ടത്തിൽ നിലനിൽക്കുമെന്ന് നാം പ്രകടമാക്കും.
9, 10. (എ) പരിശോധനകൾ സഹിക്കുന്നവർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്, നാം പരിശോധനകളെ എങ്ങനെ നേരിടണം? (ബി) പുരാതന കാലത്തെ സന്തുഷ്ടർ ആരായിരുന്നു, നമുക്ക് അവരോടൊപ്പം എണ്ണപ്പെടാൻ കഴിയുന്നത് എങ്ങനെ?
9 അപ്പോൾ, “പരിശോധനകളെ സഹിച്ചു നിൽക്കുന്നതിൽ തുടരുന്ന മനുഷ്യൻ സന്തുഷ്ടൻ, എന്തുകൊണ്ടെന്നാൽ അംഗീകാരം ലഭിച്ചശേഷം തന്നെ സ്നേഹിക്കുന്നതിൽ തുടരുന്നവർക്ക് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അയാൾക്ക് ലഭിക്കും” എന്ന് യാക്കോബ് പറഞ്ഞത് അതിശയമല്ല! (യാക്കോബ് 1:12) പരിശോധനകളെ നേരിടുന്നതിന് നമ്മെ ശക്തരാക്കുന്ന ദൈവിക ഗുണങ്ങൾ ധരിച്ചുകൊണ്ട് നമുക്ക് എല്ലായ്പ്പോഴും അവയെ നേരിടാം.—2 പത്രോസ് 1:5-8.
10 ദൈവം നമ്മോട് ഇടപെടുന്ന വിധത്തിൽ പുതുമയൊന്നുമില്ല എന്ന് ഓർമ്മിക്കുക. പുരാതനകാലത്തെ വിശ്വസ്തരായ “സാക്ഷികളുടെ മേഘത്തോട്” അവർ ദൈവത്തോടുള്ള വിശ്വസ്തത തെളിയിക്കുകയിൽ ഇതേവിധത്തിലായിരുന്നു ദൈവം ഇടപെട്ടത്. (എബ്രായർ 12:1) അവർക്ക് ദൈവാംഗീകാരം ലഭിച്ചു എന്നത് അവന്റെ വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവർ പരിശോധനയിൻകീഴിൽ സഹിച്ചു നിന്നതിനാൽ നാം അവരെയെല്ലാം സന്തുഷ്ടരെന്ന് എണ്ണുന്നു. യാക്കോബ് പറയുന്നു: “സഹോദരൻമാരെ, യഹോവയുടെ നാമത്തിൽ സംസാരിച്ച പ്രവാചകൻമാരെ കഷ്ടാനുഭവത്തിനും ദീർഘക്ഷമക്കും ദൃഷ്ടാന്തമായി കരുതിക്കൊള്ളുവിൻ. നോക്കൂ! സഹിച്ചു നിന്നിട്ടുള്ളവരെ നാം സന്തുഷ്ടരെന്ന് വിളിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുത നാം കേട്ടും യഹോവ നൽകിയ ഫലം കണ്ടുമിരിക്കുന്നു, യഹോവ ആർദ്ര ദയയും കരുണയുമുള്ളവൻ തന്നെ.” (യാക്കോബ് 5:10, 11) പുരാതന നൂററാണ്ടുകളിൽ ആ പ്രവാചകൻമാർ നിർമ്മലതയിൽ യഹോവയെ സേവിച്ചതുപോലെ അവനെ സേവിക്കുന്ന ചിലർ ഈ ദുർഘടമായ അന്ത്യനാളുകളിൽ ലോകത്തിൽ പ്രത്യക്ഷപ്പെടുമെന്ന് മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു. അങ്ങനെ ചെയ്യുന്നവരായിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ?—ദാനിയേൽ 12:3; വെളിപ്പാട് 7:9.
യഹോവയുടെ പ്രോൽസാഹജനകമായ വചനത്തിൽ നിന്ന് ശക്തി ആർജ്ജിക്കൽ
11. ദൈവചനത്തിന് സഹിച്ചു നിൽക്കാൻ നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ, നാം യേശുവിന്റെ ഉപമയിലെ പാറപ്പുറം പോലെയായിരിക്കരുതാത്തതെന്തുകൊണ്ട്?
11 “ക്ഷമയോടെയുള്ള സഹിച്ചു നിൽപ്പിനാലും തിരുവെഴുത്തുകളിൽ നിന്ന് ആർജ്ജിക്കുന്ന പ്രോൽസാഹനത്താലും നാം നമ്മുടെ പ്രത്യാശയെ മുറുകെ പിടിക്കേണ്ടതിന്” എന്ന് പറഞ്ഞപ്പോൾ പൗലോസ് സഹിച്ചു നിൽക്കുന്നതിനുള്ള മറെറാരു സഹായത്തിലേക്ക് വിരൽ ചൂണ്ടി. (റോമർ 15:4, ദ റെറ്വാൻറിയത് സെഞ്ച്വറി ന്യൂടെസ്ററമെൻറ്) നമ്മിൽ നിന്ന് എല്ലായ്പ്പോഴും ഉചിതമായ പ്രതികരണം തന്നെ ഉണ്ടാകേണ്ടതിന് സത്യം, ദൈവത്തിന്റെ വചനം, നമ്മിൽ ആഴത്തിൽ വേരൂന്നണം. നാം വിതക്കാരന്റെ ഉപമയിൽ യേശു വിവരിച്ച പാറപ്പുറം പോലെയായിരുന്നാൽ നമുക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല: “ഇവയാണ് പാറപ്പുറത്ത് വിതക്കപ്പെട്ടവ: അവർ വചനം കേട്ടമാത്രയിൽ അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാൽ അവർക്ക് അവരിൽ തന്നെ വേരില്ല, അവർ കുറേക്കാലം നിലനിൽക്കുന്നു; പിന്നീട് വചനം നിമിത്തം കഷ്ടപ്പാടോ പീഡനമോ വരുമ്പോൾ അവർ ഇടറിപ്പോകുന്നു.” (മർക്കോസ് 4:16, 17) അത്തരമാളുകളിൽ ദൈവചനത്തിൽ നിന്നുള്ള സത്യം ആഴത്തിൽ വേരൂന്നുന്നില്ല; അതുകൊണ്ട് കഷ്ടപ്പാടിന്റെ സമയത്ത് ശക്തിയുടെയും പ്രത്യാശയുടെയും യഥാർത്ഥ ഉറവെന്ന നിലയിൽ അവർക്ക് അതിൽ നിന്ന് ശക്തി ആർജ്ജിക്കാൻ കഴിയുന്നില്ല.
12. സുവാർത്ത സ്വീകരിക്കുമ്പോൾ എന്തിനെ സംബന്ധിച്ചാണ് നാം തെററിദ്ധാരണ വച്ചുപുലർത്തരുതാത്തത്?
12 രാജ്യസുവാർത്ത സ്വീകരിക്കുന്ന യാതൊരാളും തന്റെ ഭാവിയെപ്പററി തെററായ ധാരണകൾ വച്ചുപുലർത്തരുത്. തന്റെമേൽ തന്നെ കഷ്ടപ്പാടും പീഡനവും വരുത്തിവയ്ക്കുന്ന ഒരു ജീവിതഗതിയാണ് അയാൾ ഏറെറടുക്കുന്നത്. (2 തിമൊഥെയോസ് 3:12) എന്നാൽ ദൈവത്തിന്റെ വചനം മുറുകെപിടിക്കുന്നതിനും അതേപ്പററി മററുള്ളവരോട് സംസാരിക്കുന്നതിനും വേണ്ടി വിവിധ പരിശോധനകൾ അഭിമുഖീകരിക്കാൻ പദവി ലഭിക്കുന്നത് “എല്ലാം സന്തോഷമായി” അയാൾ കരുതണം.—യാക്കോബ് 1:2, 3.
13. തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ച് പൗലോസ് സന്തോഷിച്ചത് എങ്ങനെ, എന്തുകൊണ്ട്?
13 ഒന്നാം നൂററാണ്ടിൽ പൗലോസിന്റെ പ്രസംഗം നിമിത്തം തെസ്സലൊനീക്യയിലെ എതിരാളികൾ ലഹളയുണ്ടാക്കി. പൗലോസ് ബെരോവയിലേക്ക് പോയപ്പോൾ ഈ പീഡകർ അവിടെ കൂടുതൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി അവന്റെ പിന്നാലെ ചെന്നു. തെസ്സലൊനീക്യയിൽ അവൻ വിട്ടേച്ചുപോയ വിശ്വസ്തർക്ക് പീഡിപ്പിക്കപ്പെട്ട അപ്പോസ്തലൻ ഇപ്രകാരം എഴുതി: “സഹോദരൻമാരെ നിങ്ങളുടെ വിശ്വാസം ഏററം വർദ്ധിച്ചും നിങ്ങളിൽ ഓരോരുത്തരുടെയും എല്ലാവരുടെയും പരസ്പരസ്നേഹം പെരുകിയും വരുന്നതിനാലും ഉചിതമാംവണ്ണം നിങ്ങൾ നിമിത്തം ഞങ്ങൾ എല്ലായ്പ്പോഴും ദൈവത്തിന് നന്ദികൊടുക്കാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ സഹിക്കുന്ന പീഡനങ്ങളിലും കഷ്ടങ്ങളിലും നിങ്ങൾ കാണിക്കുന്ന സഹിഷ്ണുതയും വിശ്വാസവും നിമിത്തം ദൈവത്തിന്റെ സഭകൾക്കിടയിൽ ഞങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നു. നിങ്ങൾ എന്തിനുവേണ്ടി കഷ്ടം സഹിക്കുന്നുവോ ആ ദൈവരാജ്യത്തിന് യോഗ്യരായി എണ്ണപ്പെടുന്നതിലേക്ക് നയിക്കുന്ന ദൈവിക ന്യായവിധിയുടെ നീതിയാണ് ഇതു തെളിയിക്കുന്നത്.” (2 തെസ്സലൊനീക്യർ 1:3-5) ശത്രുക്കളുടെ കയ്യാലുള്ള കഷ്ടപ്പാടുകൾ ഗണ്യമാക്കാതെ തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികൾ ക്രിസ്തുതുല്യ വ്യക്തിത്വത്തിലും എണ്ണത്തിലും വളർന്നു വന്നു. അതു സാദ്ധ്യമായത് എങ്ങനെയായിരുന്നു? എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ പ്രോൽസാഹജനകമായ വചനത്തിൽ നിന്ന് ശക്തി ആർജ്ജിച്ചു. അവർ കർത്താവിന്റെ കൽപന അനുസരിക്കുകയും ഓട്ടം സഹിഷ്ണതയോടെ ഓടുകയും ചെയ്തു.—2 തെസ്സലൊനീക്യർ 2:13-17.
മററുള്ളവരുടെ രക്ഷക്കുവേണ്ടി
14. (എ) കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും നാം സന്തോഷപൂർവ്വം ശുശ്രൂഷയിൽ നിലനിൽക്കുന്നത് എന്തിനുവേണ്ടിയാണ്? (ബി) നാം എന്തിനുവേണ്ടി പ്രാർത്ഥിക്കുന്നു, എന്തുകൊണ്ട്?
14 പ്രമുഖമായും ദൈവത്തിന്റെ ഭാഗത്തെ നീതി സംസ്ഥാപിക്കാൻ വേണ്ടി നാം വിശ്വസ്തതയോടെയും പരാതികൂടാതെയും കഷ്ടപ്പാടുകളും പീഡനങ്ങളും സഹിക്കുന്നു. എന്നാൽ നാം അത്തരം കാര്യങ്ങൾ സഹിക്കുന്നതിന് നിസ്വാർത്ഥമായ മറെറാരു കാരണവുംകൂടെയുണ്ട്: രാജ്യസുവാർത്ത നാം മററുള്ളവർക്ക് എത്തിച്ചു കൊടുക്കേണ്ടതിനും “രക്ഷക്ക് വേണ്ടി പരസ്യപ്രഖ്യാപനം നടത്തുന്നതിന്” കൂടുതൽ രാജ്യ പ്രഘോഷകരെ ഉളവാക്കുന്നതിനുംവേണ്ടി തന്നെ. (റോമർ 10:10) ദൈവസേവനത്തിൽ വേല ചെയ്യുന്നവർ കൂടുതൽ രാജ്യ പ്രസാധകരെ നൽകിക്കൊണ്ട് കൊയ്ത്തിന്റെ യജമാനൻ തങ്ങളുടെ വേലയെ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണം. (മത്തായി 9:38) പൗലോസ് തിമൊഥെയോസിന് ഇപ്രകാരം എഴുതി: “അനേകം സാക്ഷികളുടെ പിന്തുണയോടെ നീ എന്നോട് കേട്ട കാര്യങ്ങളെല്ലാം മററുള്ളവരെ പഠിപ്പിക്കാൻ യോഗ്യരായവരെ ഭരമേൽപ്പിക്കുക. ക്രിസ്തുയേശുവിന്റെ ഒരു നല്ല ഭടനായി കഷ്ടം സഹിക്കുന്നതിൽ നിന്റെ പങ്ക് ഏറെറടുക്കുക.”—2 തിമൊഥെയോസ് 2:2, 3.
15. നാം പടയാളികളെപ്പോലെയും “മൽസരക്കളികളിൽ” ഏർപ്പെടുന്നവരെപ്പോലെയും പെരുമാറേണ്ടത് എന്തുകൊണ്ട്?
15 ഒരു പടയാളി സാധാരണയായി പടയാളികളല്ലാത്ത പൗരൻമാരുടെ നിയന്ത്രണങ്ങൾ കുറഞ്ഞ ജീവിതരീതികളിൽ നിന്ന് തന്നെത്തന്നെ അകററി നിറുത്തുന്നു. അതുപോലെ’ നാമും കർത്താവിന്റെ സൈന്യത്തിൽ ഉൾപ്പെടാത്തവരുടെ, വാസ്തവത്തിൽ എതിർപക്ഷത്ത് ആയിരിക്കുന്നവരുടെ കാര്യാദികളിൽ കുരുങ്ങിപ്പോകാൻ നമ്മെത്തന്നെ അനുവദിക്കരുത്. അപ്രകാരം, പൗലോസ് തിമൊഥെയോസിന് കൂടുതലായി എഴുതി: “ഒരു പടയാളിയായി സേവിക്കുന്ന ഏതൊരുവനും, തന്നെ പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്, ജീവിത വ്യാപാരങ്ങളിൽ ഉൾപ്പെടാതിരിക്കുന്നു. മാത്രവുമല്ല ഒരുവൻ ഒരു മൽസരത്തിൽ പങ്കെടുക്കുന്നുവെങ്കിലും ചട്ടപ്രകാരം മൽസരിക്കുന്നില്ലെങ്കിൽ വിജയകിരീടം ലഭിക്കുകയില്ല.” (2 തിമൊഥെയോസ് 2:4, 5) “ജീവകിരീടത്തിനു”വേണ്ടിയുള്ള മൽസരത്തിൽ വിജയിക്കാൻ ശ്രമിക്കുന്നവർ ആത്മനിയന്ത്രണം പാലിക്കുകയും അനാവശ്യമായ ഭാരങ്ങളും കുരുക്കുകളും ഒഴിവാക്കുകയും വേണം. ഈ വിധത്തിൽ അവർക്ക് രക്ഷയുടെ സുവാർത്ത മററുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.—യാക്കോബ് 1:12; 1 കൊരിന്ത്യർ 9:24, 25 താരതമ്യം ചെയ്യുക.
16. എന്തിനെയാണ് ബന്ധനത്തിലാക്കാൻ കഴിയാത്തത്, നാം സഹിച്ചു നിൽക്കുന്നത് ആരുടെ പ്രയോജനത്തിനുവേണ്ടിയാണ്?
16 നാം ദൈവത്തെയും അവനെ അന്വേഷിക്കുന്ന ചെമ്മരിയാടു തുല്യരായ ആളുകളെയും സ്നേഹിക്കുന്നതിനാൽ രക്ഷയുടെ സുവാർത്തയുമായി മററുള്ളവരെ സമീപിക്കുന്നതിന് നാം സന്തോഷപൂർവ്വം വളരെയധികം സഹിക്കുന്നു. ദൈവവചനം പ്രസംഗിക്കുന്നതിന്റെ പേരിൽ ശത്രുക്കൾ നമ്മെ ബന്ധനത്തിലാക്കിയേക്കാം. എന്നാൽ ദൈവത്തിന്റെ വചനം ബന്ധനത്തിൽ വയ്ക്കാനോ മററുള്ളവരുടെ രക്ഷക്കുവേണ്ടി അത് പ്രസംഗിക്കുന്നതിനെ ചങ്ങലയിടുവാനോ കഴിയുന്നതല്ല. താൻ പരിശോധനയെ നേരിടാൻ അത്രകണ്ട് തയ്യാറായിരുന്നത് എന്തുകൊണ്ടാണെന്ന് പൗലോസ് തിമൊഥെയോസിനോട് വിവരിച്ചു: “ഞാൻ പ്രസംഗിക്കുന്ന സുവാർത്തയനുസരിച്ച് യേശുക്രിസ്തു മരിച്ചവരുടെയിടയിൽ നിന്ന് ഉയർപ്പിക്കപ്പെട്ടുവെന്നും അവൻ ദാവീദിന്റെ സന്തതിയായിരുന്നുവെന്നും ഓർമ്മിക്കുക. അതിനോടുള്ള ബന്ധത്തിൽ ഞാൻ ഒരു ദുഷ്പ്രവൃത്തിക്കാരൻ എന്ന നിലയിൽ ചങ്ങല ധരിക്കുന്ന അളവോളം കഷ്ടം സഹിക്കുന്നു. എന്നിരുന്നാലും ദൈവവചനം ബന്ധിക്കപ്പെട്ടിരിക്കുന്നില്ല. അതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി, നിത്യതേജസ്സോടുകൂടി യേശുക്രിസ്തുവിലുള്ള രക്ഷ അവർക്ക് കിട്ടേണ്ടതിന് ഞാൻ ഇതെല്ലാം സഹിക്കുന്നു.” (2 തിമൊഥെയോസ് 2:8-10) ഇന്ന് സ്വർഗ്ഗീയ രാജ്യം ലഭിക്കാനുള്ള നിരയിലായിരിക്കുന്ന ശേഷിപ്പിന്റെ ചെറിയകൂട്ടം മാത്രമല്ല, മറിച്ച് നല്ലയിടയനായ യേശുക്രിസ്തുവിന്റെ വേറെയാടുകളുടെ മഹാപുരുഷാരവും നമ്മുടെ മനസ്സിലുണ്ട്, ക്രിസ്തുവിന്റെ രാജ്യത്തിൻകീഴിൽ ഭൗമിക പരദീസ അവകാശമാക്കുന്ന മഹാപുരുഷാരം തന്നെ.—വെളിപ്പാട് 7:9-17.
17. നാം മത്സരയോട്ടത്തിൽ നിന്ന് പിൻമാറരുതാത്തത് എന്തുകൊണ്ട്, നാം ഓട്ടത്തിൽ അവസാനം വരെ തുടർന്നാൽ എന്തു പ്രയോജനമുണ്ട്?
17 നാം വിശ്വാസം ഉപേക്ഷിച്ചുകളയുന്നവരായിരുന്നെങ്കിൽ നാം നമ്മെത്തന്നെയോ മററാരെയെങ്കിലുമോ രക്ഷപെടാൻ സഹായിക്കുകയില്ലായിരുന്നു. നേരിടേണ്ടി വരുന്ന തടസ്സങ്ങൾ ഗണ്യമാക്കാതെ ക്രിസ്തീയ ഓട്ടത്തിൽ സഹിച്ചു നിൽക്കുന്നതിനാൽ നാം നമ്മെത്തന്നെ സമ്മാനം ലഭിക്കാനുള്ളവരുടെ നിരയിൽ ആക്കി വയ്ക്കുന്നു. ബലത്തിന്റെ ഒരു ശക്തമായ ദൃഷ്ടാന്തമായിരുന്നുകൊണ്ട് മററുള്ളവരെ രക്ഷക്കായി നേരിട്ടു സഹായിക്കാൻ നമുക്കു കഴിയുകയും ചെയ്യുന്നു. നമ്മുടെ പ്രത്യാശ സ്വർഗ്ഗീയമോ ഭൗമികമോ ആയിരുന്നാലും “സമ്മാനമാകുന്ന ലക്ഷ്യത്തിലേക്ക് ഓടുക” എന്ന പൗലോസിന്റെ മനോഭാവം നമുക്ക് അനുകരിക്കാൻ പററിയതാണ്.—ഫിലിപ്യർ 3:14, 15.
ഓട്ടത്തിൽ സ്ഥിരതയോടെ തുടരുക
18. സമ്മാനം നേടുന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ അവസാനംവരെ സഹിച്ചു നിൽക്കുന്നതിന് എന്ത് ഒഴിവാക്കേണ്ടതുണ്ട്?
18 യഹോവയുടെ നീതി സംസ്ഥാപിച്ചുകൊണ്ട് നമ്മുടെ ക്രിസ്തീയ ഓട്ടം വിജയകരമായി പൂർത്തിയാക്കുന്നതും അവൻ നമുക്കായി കരുതിവച്ചിരിക്കുന്ന സമ്മാനം നേടുന്നതും ഓട്ടത്തിന്റെ മുഴുദൂരവും നാം സ്ഥിരതയോടെ ഓടി തികക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നീതിക്ക് ഉതകാത്ത കാര്യങ്ങളാൽ നാം നമ്മെത്തന്നെ ഭാരപ്പെടുത്തുന്നുവെങ്കിൽ നമുക്ക് അവസാനത്തോളം പിടിച്ചു നിൽക്കാൻ കഴിയുകയില്ല. അത്തരം കാര്യങ്ങൾ വിട്ടുകളഞ്ഞാലും അപ്പോഴും നാം നമ്മുടെ മുഴുശക്തിയും പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാക്കിത്തീർക്കത്തക്കവണ്ണം നിബന്ധനകൾ അത്ര കഠിനമാണ്. അതുകൊണ്ട് പൗലോസ് ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “എല്ലാ ഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും വിട്ടുകളഞ്ഞ് നമുക്ക് നമ്മുടെ മുമ്പിലുള്ള ഓട്ടം സഹിഷ്ണുതയോടെ ഓടാം.” (എബ്രായർ 12:1) യേശുവിനെപ്പോലെ നാമും സഹിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾക്ക് അധികം ഊന്നൽ കൊടുക്കാതെ സന്തുഷ്ടകരമായ സമ്മാനത്തിന് നാം കൊടുക്കേണ്ടിവരുന്ന നിസ്സാര വിലയായി മാത്രം അവയെ കാണണം.—റോമർ 8:18 താരതമ്യം ചെയ്യുക.
19. (എ) തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്ത് പൗലോസ് എന്തു ആത്മവിശ്വാസമാണ് പ്രകടമാക്കിയത്? (ബി) നാം സഹിഷ്ണുതയുടെ ഓട്ടത്തിന്റെ അവസാനത്തെ സമീപിക്കുമ്പോൾ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം സംബന്ധിച്ച് നമുക്ക് എന്ത് ആത്മവിശ്വാസമുണ്ടായിരിക്കണം?
19 തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്ത് പൗലോസിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതി, ഞാൻ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു, ഞാൻ വിശ്വാസം കാത്തു. ഇപ്പോൾ മുതൽ നീതിയുടെ കിരീടം എനിക്കായി കരുതി വയ്ക്കപ്പെട്ടിരിക്കുന്നു.” (2 തിമൊഥെയോസ് 4:7, 8) നാം നിത്യജീവനാകുന്ന ഈ സമ്മാനം നേടാനുള്ള മൽസരയോട്ടത്തിലാണ്. നാം ഓട്ടം തുടങ്ങിയപ്പോൾ നാം പ്രതീക്ഷിച്ചതിനേക്കാൾ ഓട്ടം നീണ്ടു പോകുന്നതുകൊണ്ട് നമ്മുടെ സഹിഷ്ണുത ക്ഷയിച്ചുപോകുന്നെങ്കിൽ വാഗ്ദാനം ചെയ്യപ്പെട്ട സമ്മാനം നേടുന്നതിനോട് അടുത്ത് എത്തിയശേഷം നാം പരാജയപ്പെടും. അബദ്ധം പററരുത്. സമ്മാനം ലഭിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
20. ഓട്ടത്തിന്റെ അവസാനംവരെ നമ്മുടെ ദൃഢനിശ്ചയമെന്തായിരിക്കണം?
20 ആദ്യം മഹാബാബിലോനും തുടർന്ന് സാത്താന്റെ സ്ഥാപനത്തിന്റെ ശേഷിച്ച ഭാഗങ്ങളും നശിപ്പിക്കുന്നതിന് മഹോപദ്രവം ആരംഭിക്കുന്നതു കാണാൻ നോക്കിയിരുന്ന് നമ്മുടെ കണ്ണുകൾ മടുത്തുപോകാതിരിക്കട്ടെ. (2 പത്രോസ് 3:11, 12) നമുക്ക് ചുററുമുള്ള നിർണ്ണായകമായ അടയാളങ്ങളുടെ വീക്ഷണത്തിൽ നമുക്ക് വിശ്വാസത്തോടെ മുന്നോട്ട് നോക്കാം. നമുക്ക് നമ്മുടെ സഹനശക്തിയുടെ അരകൾ മുറുക്കാം, അവസാനത്തോളം, യേശു ക്രിസ്തുവിലൂടെ യഹോവയുടെ നീതി സംസ്ഥാപിക്കുകയും നാം സന്തുഷ്ടമായ സമ്മാനം നേടുകയും ചെയ്യുന്നുവരെ യഹോവ നമ്മുടെ മുമ്പിൽ വച്ചിരിക്കുന്ന ഓട്ടത്തിൽ നമുക്ക് ധൈര്യസമേതം മുന്നേറാം. (w91 11/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ഏതുതരം മൽസരയോട്ടത്തിന് ഒരു ക്രിസ്ത്യാനി തയ്യാറായിരിക്കണം?
◻ഓട്ടം തികക്കുന്നതിന് സന്തോഷം വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻കഷ്ടപ്പാടുണ്ടെങ്കിലും ഏതു മുഖ്യകാരണങ്ങളാൽ നാം ശുശ്രൂഷയിൽ തുടരണം?
◻ദൈവം നമ്മുടെ മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം നാം ഉപേക്ഷിച്ചു കളയരുതാത്തതെന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
ഒരു ദീർഘദൂര ഓട്ടത്തിലെന്നപോലെ ക്രിസ്ത്യാനികൾ സഹിച്ചു നിൽക്കണം
[17-ാം പേജിലെ ചിത്രം]
“ജീവകിരീടം” എത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ ഓട്ടക്കാർ ആത്മനിയന്ത്രണം പാലിക്കണം