-
“തണുപ്പകററി നന്നായി ആഹാരം കഴിക്കുക” എന്നു പറയുന്നതിലധികം ചെയ്യുകവീക്ഷാഗോപുരം—1987 | ജൂലൈ 1
-
-
“തണുപ്പകററി നന്നായി ആഹാരം കഴിക്കുക” എന്നു പറയുന്നതിലധികം ചെയ്യുക
നിങ്ങളിലൊരാൾ . . . [ദരിദ്ര സഹോദരൻമാരോട്] ‘സമാധാനത്തോടെ പോയി തണുപ്പകററി നന്നായി ആഹാരം കഴിക്കുക’ എന്നു പറയുന്നതല്ലാതെ അവരുടെ ശരീരത്തിനാവശ്യമുള്ളവ അവർക്കു കൊടുക്കുന്നില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? . . . വിശ്വാസം, അതിനു പ്രവൃത്തികളില്ലെങ്കിൽ അതിൽത്തന്നെ ചത്തതാണ്.”—യാക്കോബ് 2:15-17.
1. നൈജീറിയായിലെ ഒരു സഹോദരൻ ഞെരുക്കത്തിലായതെങ്ങനെ?
ലബക്കി ഒക്ക്വാരാവോക്കാ 1880-നു മുമ്പ് ജനിച്ചതായിട്ടാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ട് അയാൾക്ക് നൂറിലധികം വയസ്സുണ്ട്. അയാൾ തന്റെ നൈജീറിയൻ മാതാപിതാക്കളുടെ ജൂജൂ വിശ്വാസം അവകാശപ്പെടുത്തി അതനുസരിച്ച് ആരാധിച്ചിരുന്നു. പിന്നീട്, അയാൾ തന്റെ 80-കളിൽ ആയിരുന്നപ്പോൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അങ്ങനെ അയാൾ 30-ഓളം വർഷമായി ഒരു സാക്ഷിയാണ്. കുറച്ചുനാൾ മുമ്പ് അയാളുടെ സഭയിൽനിന്നുള്ള മൂപ്പൻമാർ ഒരു കനത്ത മഴക്കുശേഷം അയാളെയും 72 വയസ്സുള്ള ആംഗ്ലിക്കൻ ഭാര്യയെയും സന്ദർശിച്ചു. ഇരുവരും നിരാശരായിരുന്നു. അവരുടെ കുടിലിന്റെ തറ വെള്ളത്തിനടിയിലായിരുന്നു. അവർക്ക് പാർപ്പിടം കൊടുക്കാനോ കേടുപാടു പോക്കാൻ സഹായിക്കാനോ ബന്ധുക്കളില്ലായിരുന്നു. നിങ്ങൾ അവിടെ എത്തിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? എന്തു സംഭവിച്ചുവെന്നു കണ്ടുപിടിക്കുന്നതിനു മുമ്പ് നമുക്ക് ചില ബൈബിൾ ബുദ്ധിയുപദേശങ്ങൾ പരിചിന്തിക്കാം.
2. നാം “സൽപ്രവൃത്തികളിൽ” തത്പരരായിരിക്കുന്നതെന്തുകൊണ്ട്?
2 യേശുക്രിസ്തു “സൽപ്രവൃത്തികളിൽ തീക്ഷ്ണതയുള്ളവരായി . . . വിശേഷാൽ തനിക്ക് സ്വന്തമായ ഒരു ജനത്തെ ശുദ്ധീകരിക്കേണ്ടതിന് നമുക്കുവേണ്ടി തന്നേത്തന്നെ ഏൽപ്പിച്ചുതന്നു.” (തീത്തോസ് 2:14) ഈ പ്രവൃത്തികൾ ജീവദായകമായ രാജ്യപ്രസംഗത്തിൽ കേന്ദ്രീകരിക്കുന്നു. (മർക്കോസ് 13:10; വെളിപ്പാട് 7:9, 10) എന്നിരുന്നാലും, ക്രിസ്തീയ “സൽപ്രവൃത്തികളിൽ” മർമ്മപ്രധാനമായ പ്രസംഗത്തിലുപരി ഉൾപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ യേശുവിന്റെ അർദ്ധസഹോദരനായ യാക്കോബ് ഇങ്ങനെ വിശദീകരിക്കുന്നു: “നമ്മുടെ ദൈവവും പിതാവുമായവന്റെ നിലപാടിൽ ശുദ്ധവും നിർമ്മലവുമായ ആരാധനാരീതി ഇതാണ്: അനാഥരെയും വിധവമാരെയും അവരുടെ കഷ്ടപ്പാടിൽ ശുശ്രൂഷിക്കുന്നതും ലോകത്തിൽനിന്നുള്ള കളങ്കം പററാതെ തന്നേത്തന്നെ സൂക്ഷിക്കുന്നതും തന്നെ.”—യാക്കോബ് 1:27.
3, 4. നമുക്ക് 1 തിമൊഥെയോസ് 3-5 വരെയുള്ള അദ്ധ്യായങ്ങളിൽനിന്ന് “സൽപ്രവൃത്തികളെ”ക്കുറിച്ച് എന്തു പഠിക്കാൻ കഴിയും, ഇത് ഏതു ചോദ്യങ്ങളിലേക്കു നയിക്കുന്നു?
3 ഒന്നാം നൂററാണ്ടിലെ സഭകൾ രണ്ടുതരം “സൽപ്രവൃത്തി”കളിലും ഉൾപ്പെട്ടിരുന്നു. 1 തിമൊഥെയോസ് 3-ാം അദ്ധ്യായത്തിൽ മേൽവിചാരകൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ വിവരിച്ചശേഷം അപ്പോസ്തലനായ പൗലോസ് ‘ജീവനുള്ള ദൈവത്തിന്റെ സഭ സത്യത്തിന്റെ തൂണും താങ്ങു’മാണെന്ന് എഴുതി. (1 തിമൊഥെയോസ് 3:1-15) അത്തരം സത്യോപദേശങ്ങളിൽ ഉറച്ചുനിൽക്കുന്ന ക്രിസ്ത്യാനികൾക്ക് തങ്ങളേത്തന്നെയും തങ്ങളെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കാൻ കഴിയുമായിരുന്നു. (1 തിമൊഥെയോസ് 4:16) അനന്തരം, “ദരിദ്രരായ” വിശ്വസ്ത വിധവകൾക്കുവേണ്ടി സാമ്പത്തികമായി കരുതുന്ന ‘സൽപ്രവൃത്തി’യെക്കുറിച്ചു പൗലോസ് ചർച്ച ചെയ്തു.—1 തിമൊഥെയോസ് 5:3-5.
4 അതുകൊണ്ട്, നമ്മുടെ സുവിശേഷിക്കലിനു പുറമേ ‘അനാഥരെയും വിധവമാരെയും അവരുടെ കഷ്ടപ്പാടിൽ ശുശ്രൂഷിക്കുന്നതുപോലെയുള്ള “സൽപ്രവൃത്തികൾക്കും” നാം ശ്രദ്ധ കൊടുക്കേണ്ടതാണ്. “നേതൃത്വമെടുക്കുന്നവരെ”ന്നനിലയിൽ മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും ഈ കാര്യത്തിൽ എന്തു ചെയ്യാൻ കഴിയും? (എബ്രായർ 13:17) നമ്മിൽപെട്ട മററുള്ളവർക്ക് ഈ കാര്യത്തിൽ അവരെ എങ്ങനെ സഹായിക്കാൻ കഴിയും? ഇത്തരം “സൽപ്രവൃത്തികളിൽ” ഏർപ്പെടുന്നതിന് നമുക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയും?
നല്ല നേതൃത്വം വഹിക്കുന്ന മൂപ്പൻമാർ
5. പൗലോസ് ഒരു പ്രത്യേക ആവശ്യം സാധിച്ചതെങ്ങനെ, അതിന് എന്ത് ആധുനിക സമാന്തരങ്ങളുണ്ട്?
5 യഹൂദ്യയിൽ ഒരു പ്രത്യേക ആവശ്യം ഉയർന്നുവന്നപ്പോൾ ഒരു മൂപ്പനായിരുന്ന പൗലോസ് ഒരു ദുരിതാശ്വാസ ശുശ്രൂഷക്ക് ഏർപ്പാടു ചെയ്യുന്നതിൽ നേതൃത്വം വഹിച്ചു. അങ്ങനെയുള്ള നേതൃത്വം ഏതൊരു കുഴപ്പത്തെയും കുറച്ചു; ആവശ്യാനുസരണം തുല്യതയോടെ വസ്തുക്കൾ വിതരണം ചെയ്യാൻ കഴിഞ്ഞു. (1 കൊരിന്ത്യർ 16:1-3; പ്രവൃത്തികൾ 6:1, 2) ആധുനിക മൂപ്പൻമാരും വിപൽക്കരമായ പ്രളയങ്ങൾക്കും ചെളിപ്രവാഹങ്ങൾക്കും വേലിയേററങ്ങൾക്കും കൊടുങ്കാററുകൾക്കും ഭൂകമ്പങ്ങൾക്കും ശേഷം ദുരിതാശ്വാസ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുകയും അങ്ങനെ ‘മററുള്ളവരിൽ വ്യക്തിപരമായ താത്പര്യത്തോടെ ദൃഷ്ടി പതിപ്പിക്കുകയും’ ചെയ്തിട്ടുണ്ട്.—ഫിലിപ്യർ 2:3, 4.
6. ഐക്യനാടുകളിലെ കാലിഫോർണിയായിൽ ഒരു വിപത്തു സംഭവിച്ചപ്പോൾ മൂപ്പൻമാരുടെ പ്രതിവർത്തനം എന്തായിരുന്നു?
6 പ്രവർത്തനത്തിലിരിക്കുന്ന അത്തരം ക്രിസ്ത്യാനിത്വത്തിന്റെ ഒരു ദൃഷ്ടാന്തം 1986 ഒക്ടോബർ 8-ലെ എവേക്ക് നൽകുകയുണ്ടായി. ഐക്യനാടുകളിലെ കാലിഫോർണിയായിൽ ഒരു തകർന്ന തടബന്ധം പ്രളയം വരുത്തികൂട്ടിയപ്പോൾ മൂപ്പൻമാർ പ്രതികരിച്ചു. ഈ ആത്മീയ ഇടയൻമാർ ആരെ കാണാതായെന്ന് അല്ലെങ്കിൽ ആർക്ക് വൈദ്യസഹായത്തിന്റെയോ ഭക്ഷണത്തിന്റെയോ താമസസൗകര്യത്തിന്റെയോ ആവശ്യമുണ്ടെന്ന് കണ്ടെത്താൻ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളിൽ പരിശോധന നടത്തി. മൂപ്പൻമാർ യഹോവയുടെ സാക്ഷികളുടെ മുഖ്യാസ്ഥാന ആഫീസുമായി തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിച്ചു. ഒരു ദുരിതാശ്വാസക്കമ്മററി രൂപവൽക്കരിക്കപ്പെട്ടു. സഹായിക്കാൻ സഹസാക്ഷികൾ എത്തിയപ്പോൾ അവർ കേടുവന്ന വീടുകൾ ശുചീകരിച്ച് കേടുപോക്കാൻ കൂട്ടങ്ങളായി സംഘടിപ്പിക്കപ്പെട്ടു. മൂപ്പൻമാർ സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് മേൽനോട്ടം വഹിച്ചു. അങ്ങനെയുള്ള പ്രത്യേക ആവശ്യങ്ങൾ ഉയർന്നുവരുമ്പോൾ ‘തനിക്ക് നിർവ്വാഹമുള്ളതനുസരിച്ച് എന്തുകൊടുക്കാമെന്ന് അഥവാ ചെയ്യാമെന്ന് ഓരോ ശിഷ്യനും തീരുമാനിക്കാൻ കഴിയും,’ എന്നാൽ സ്ഥലത്തെ മേൽവിചാരകൻമാരോട് ആലോചിക്കുന്നതും അവരിൽ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും ബുദ്ധിയായിരിക്കും.—പ്രവൃത്തികൾ 11:27-30 താരതമ്യപ്പെടുത്തുക.
7. നാമും ഏത് കൂടുതൽ സാധാരണമായ ആവശ്യങ്ങളോടു പ്രതികരിക്കണം?
7 ഒരു വിപത്തിനുശേഷമുള്ള ഒരു വലിയ ആവശ്യത്തോട് നിങ്ങൾക്ക് (മൂപ്പനായാലും അല്ലെങ്കിലും) പ്രതികരിക്കാൻ ചിലപ്പോഴൊക്കെ സാധിച്ചേക്കാമെന്നിരിക്കെ, അത്രതന്നെ മർമ്മപ്രധാനമായ ഏറെ സാധാരണമായ ആവശ്യങ്ങൾ ഉണ്ട്—നിങ്ങളുടെ സഭയിൽ തന്നെ. ഇത്തരം ആവശ്യങ്ങൾ ഒരു വലിയ വിപത്തുപോലെ വികാരപരമല്ലായിരിക്കാമെന്നുള്ളതുകൊണ്ട് അവ അനായസം അവഗണിക്കപ്പെടുകയോ കുറഞ്ഞ ശ്രദ്ധ കൊടുക്കപ്പെടുകയോ ചെയ്തേക്കാം. എന്നാൽ യഥാർത്ഥത്തിൽ യാക്കോബ് 2:15-17-ൽ പറഞ്ഞിരിക്കുന്നത് പ്രാദേശികാവശ്യങ്ങളെക്കുറിച്ചാണ്. അതെ, നിങ്ങളുടെ ‘വിശ്വാസത്തിന് പ്രവൃത്തികളുണ്ടോ, അതോ അതിൽത്തന്നെ അത് ചത്തതാണോ’ എന്നതിൽ നിങ്ങളുടെ സഭ ഏററവും വലിയ വെല്ലുവിളി ഉയർത്തിയേക്കാം.
8. സഭയിലെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മേൽവിചാരകൻമാർക്ക് എങ്ങനെ ജ്ഞാനം പ്രകടമാക്കാവുന്നതാണ്?
8 നേതൃത്വമെടുക്കുമ്പോൾ, മൂപ്പൻമാർ “ജ്ഞാനികളും വിവേകികളും” ആയിരിക്കാൻ കഠിനശ്രമം ചെയ്യേണ്ടതാണ്. (യാക്കോബ് 3:13) സഹോദരൻമാരുടെ (അല്ലെങ്കിൽ സഭകളുടെ) അടുക്കലേക്ക് മാറിമാറിപോയി പണം കടം മേടിക്കുകയോ “സഹായം” കിട്ടാൻ കഥകൾ കെട്ടിചമക്കുകയോ ചെയ്യുന്ന വഞ്ചകർക്കെതിരെ അവർക്ക് ആട്ടിൻകൂട്ടത്തെ ജ്ഞാനപൂർവ്വം സംരക്ഷിക്കാൻ കഴിയും. മേൽവിചാരകൻമാർ ജ്ഞാനപൂർവ്വം അലസതയോട് അനുഭാവം കാട്ടുന്നില്ല, എന്തുകൊണ്ടെന്നാൽ ബൈബിൾ ചട്ടം ഇതാണ്: “ആരെങ്കിലും വേല ചെയ്യാനാഗ്രഹിക്കുന്നില്ലെങ്കിൽ അയാൾ ഭക്ഷിക്കാതെയുമിരിക്കട്ടെ.” (2 തെസ്സലോനീക്യർ 3:10-15) അപ്പോഴും അവർ ‘സ്വന്തം കരുണാർദ്രതകളുടെ വാതിൽ അടയ്ക്കാനോ’ അതു ചെയ്യാൻ തങ്ങളുടെ സഹോദരങ്ങളെ നയിക്കുവാനോ ആഗ്രഹിക്കുന്നില്ല. (1 യോഹന്നാൻ 3:17) അവർ ജ്ഞാനം പ്രകടമാക്കേണ്ടതിന്റെ മറെറാരു കാരണം ദരിദ്രരെയും ക്ലേശിതരെയും പരിപാലിക്കുന്നതു സംബന്ധിച്ച് ബൈബിൾ നമുക്ക് അനന്തമായ ചട്ടങ്ങൾ നൽകുന്നില്ലെന്നുള്ളതാണ്. സാഹചര്യങ്ങൾ യുഗങ്ങൾ തോറും സ്ഥലങ്ങൾതോറും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
9. (എ) ഒന്നാം നൂററാണ്ടിൽ അർഹതയുണ്ടായിരുന്ന വിധവമാർ എങ്ങനെ പരിപാലിക്കപ്പെട്ടു? (ബി) ഇക്കാലത്ത് അങ്ങനെയുള്ളവർക്ക് ഏതു രൂപത്തിലുള്ള സഹായത്തിൽനിന്ന് പ്രയോജനം അനുഭവിക്കാവുന്നതാണ്?
9 ദൃഷ്ടാന്തമായി, “നിരാലംബരായി” വിടപ്പെട്ടിരുന്ന അർഹതയുള്ള വിധവമാരെക്കുറിച്ച് 1 തിമൊഥെയോസ് 5:3-10-ൽ പൗലോസ് ചർച്ചചെയ്യുകയുണ്ടായി. വിശ്വാസികളായിരുന്ന അവരുടെ ബന്ധുക്കൾക്കായിരുന്നു അവരെ സഹായിക്കാൻ മുഖ്യ ഉത്തരവാദിത്തമുണ്ടായിരുന്നത്; ആ കടമയെ അവഗണിക്കുന്നത് ദൈവമുമ്പാകെയുള്ള ബന്ധുക്കളുടെ നിലയ്ക്കു തകരാറു വരുത്തുമായിരുന്നു. എന്നാൽ ദരിദ്രയും അർഹതയുള്ളവളുമായ ഒരു വിധവക്ക് ഈ വിധത്തിൽ സഹായം കിട്ടാൻ സാധിക്കുന്നില്ലെങ്കിൽ മൂപ്പൻമാർക്ക് സഭയിൽനിന്ന് എന്തെങ്കിലും സഹായം കൊടുക്കാൻ ഏർപ്പാടു ചെയ്യാൻ സാദ്ധ്യമാകുമായിരുന്നു. ആധുനിക കാലങ്ങളിലും ചില സഭകൾ തങ്ങളുടെ ഇടയിലെ വിശേഷാൽ ദരിദ്രരായിരിക്കുന്നവരെ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, വയോധികർക്കോ ദുർബ്ബലർക്കോ, മനസ്സുണ്ടെങ്കിലും ജോലി കണ്ടെത്താൻ കഴിയാത്തവർക്കോ, നികുതിപ്പണത്തിൽനിന്ന് സഹായം ചെയ്യാനുള്ള പരിപാടികൾ ഇപ്പോൾ മിക്ക രാജ്യങ്ങൾക്കുമുണ്ട്. എന്നാൽ മറെറാരു വിധത്തിൽ സഹായിക്കാൻ ക്രിസ്തീയ മൂപ്പൻമാർ ആഗ്രഹിച്ചേക്കാം. പൊതുപ്രയോജനങ്ങളുടെ യഥാർത്ഥ ആവശ്യമുള്ളവരും പൂർണ്ണമായും അർഹതയുള്ളവരുമായ ചിലർക്ക് അവ ലഭിക്കുന്നില്ല. കാരണം അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് അവർക്കറിയില്ല, അല്ലെങ്കിൽ ചോദിക്കാൻ അവർക്ക് വളരെ ഭയമാണ്. അപ്പോൾ മൂപ്പൻമാർക്ക് ഗവൺമെൻറ് ഏജൻസികളുമായി അന്വേഷണം നടത്താവുന്നതാണ്, അല്ലെങ്കിൽ ഈ കാര്യങ്ങളിൽ അനുഭവപരിചയമുള്ള സാക്ഷികളെ സമീപിക്കാവുന്നതാണ്. അപ്പോൾ ലഭ്യമായ പ്രയോജനങ്ങൾ കിട്ടാൻ ആവശ്യക്കാരനെ സഹായിക്കുന്നതിന് പ്രാപ്തനായ ഒരു സഹോദരനേയോ സഹോദരിയേയോ അവർക്ക് ഏർപ്പാടു ചെയ്യാവുന്നതാണ്.—റോമർ 13:1, 4.
പ്രായോഗിക സഹായത്തിന് ക്രമീകരിക്കൽ
10. മൂപ്പൻമാർ ആട്ടിൻകൂട്ടത്തെ മേയിക്കുമ്പോൾ അവർ എന്തിനു ശ്രദ്ധകൊടുക്കണം?
10 ക്ലേശിതരും ദരിദ്രരുമായവർക്ക് സ്നേഹമുള്ള സഹോദരൻമാരിൽനിന്നും സഹോദരിമാരിൽനിന്നും സഹായം ലഭിക്കുന്നതിൽ ശ്രദ്ധിക്കുന്നതിലുള്ള താക്കോൽ മിക്കപ്പോഴും ജാഗ്രതയുള്ള മേൽവിചാരകൻമാരാണ്. മൂപ്പൻമാർ ആട്ടിൻകൂട്ടത്തിലെ എല്ലാവരെയും മേയിക്കുമ്പോൾ അവർ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കണം. മൂപ്പൻമാർ ഗ്രാഹ്യത്തോടെ “പ്രാർത്ഥനക്കും വചനശുശ്രൂഷക്കും” ഊന്നൽ കൊടുക്കുന്നു. (പ്രവൃത്തികൾ 6:4) തന്നിമിത്തം, ആട്ടിൻകൂട്ടത്തിലെ അംഗങ്ങളിൽ രോഗശയ്യയിലോ ആശുപത്രിയിലോ ആയിരിക്കുന്നവർ ആത്മീയമായി പോഷിപ്പിക്കപ്പെടത്തക്കവണ്ണം കാര്യങ്ങൾ ക്രമീകരിക്കാൻ അവർ ശ്രമിക്കും. ഹാജരാകാൻ അപ്രാപ്തരായിരിക്കുന്നവർക്കുവേണ്ടി യോഗങ്ങൾ റെക്കോർഡ് ചെയ്യാൻ മൂപ്പൻമാർക്കു ക്രമീകരിക്കാവുന്നതാണ്. റേറപ്പുകൾ കൊടുക്കുന്നതിന് മാറി മാറി പോകുന്ന മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും മററ് ആത്മീയവരങ്ങൾ പ്രദാനം ചെയ്യാൻ തങ്ങളുടെ സന്ദർശനങ്ങൾ തങ്ങളെ പ്രാപ്തരാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. (റോമർ 1:11, 12) അതേ സമയം അവർക്ക് തൽസമയത്തെ ആവശ്യങ്ങൾ ചോദിച്ചറിയാൻ കഴിയും.
11. ആവശ്യമുള്ള ഒരു സഹോദരിക്ക് എങ്ങനെ സഹായം കൊടുക്കാൻ ക്രമീകരിക്കാമെന്ന് ചിത്രീകരിക്കുക.
11 കുളിക്കാനോ വസ്ത്രമണിയാനോ ഒരു സഹോദരി സഹായിക്കുന്നപക്ഷം ഒരു വികലാംഗയോ വൃദ്ധയോ ആയ സഹോദരിക്ക് ചില സമയങ്ങളിൽ രാജ്യഹാളിൽ വരാനോ വയൽശുശ്രൂഷയിൽ അല്പസമയം പങ്കെടുക്കാനോ കഴിഞ്ഞേക്കുമെന്ന് അവർ കണ്ടേക്കാം. (സങ്കീർത്തനം 23:1, 2, 5 താരതമ്യപ്പെടുത്തുക) ക്രമീകരണങ്ങൾ ചെയ്യാൻ മേൽവിചാരകൻമാർക്ക് തങ്ങളിൽ ഒരാളെ നിയോഗിക്കാൻപോലും കഴിയും. അതുപോലെതന്നെ, ക്ലേശിതയായ വ്യക്തിയോടുകൂടെ സഞ്ചരിക്കാനോ ഒരു സൗജന്യയാത്ര അനുവദിക്കാനോ സന്നദ്ധതയുള്ളവർക്കുവേണ്ടി സഭയിൽ അവർക്ക് ആരായാവുന്നതാണ്. ഇതിന് ഒരു പട്ടികയുള്ളത് കാര്യങ്ങൾ കൂടുതൽ ക്രമീകൃതമാക്കുകപോലും ചെയ്യും.
12. രോഗികളേയോ വൃദ്ധരെയോ സഹായിക്കുന്നതിൽ മററുള്ളവർക്ക് മേൽവിചാരകൻമാരോടുകൂടെ എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
12 സഹായം കൊടുക്കാനോ സ്നേഹപൂർവ്വകമായ ഏർപ്പാടുകൾ ചെയ്യാനോ കഴിയുന്ന മററു കാര്യങ്ങൾ മൂപ്പൻമാർ നിരീക്ഷിച്ചേക്കാം. ഉദാഹരണത്തിന്, വൃദ്ധയോ രോഗിയോ ആയ ഒരു സഹോദരിക്ക് പതിവുപോലെ വീടു സൂക്ഷിക്കാൻ കഴിഞ്ഞില്ലെന്നു വയ്ക്കുക. ചില ശുശ്രൂഷാദാസൻമാർക്കോ മററുള്ളവർക്കോ സഹായഹസ്തം നീട്ടാൻ കഴിയുമോ? പുല്ലും ചെടിയും വെട്ടി വൃത്തിയാക്കുന്നത് അവർക്ക് കൂടുതൽ സുഖം തോന്നാൻപോലുമിടയാക്കിയേക്കാം, കാരണം അവരുടെ വീട് അയൽക്കാരുടെ ഇടയിൽ നിന്ദക്കു കാരണമല്ലെന്ന് അവർ അറിയുന്നു. പൂന്തോട്ടത്തിലെ കള പറിക്കുകയോ അതിനു വെള്ളമൊഴിക്കുകയോ ചെയ്യേണ്ടതുണ്ടോ? ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന ഒരു സഹോദരിക്ക് അവരെ സന്ദർശിക്കുന്നതിനും അനന്തരം ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതിനും മനസ്സുണ്ടായിരിക്കുമോ? അങ്ങനെയുള്ള പ്രായോഗികവശങ്ങളിൽ അപ്പോസ്തലൻമാർ തത്പരരായിരുന്നുവെന്നോർക്കുക. സഭയിൽ സഹായിക്കുന്നതിനു പ്രാപ്തിയുള്ളവരെ അവർ സംഘടിപ്പിച്ചു.—പ്രവൃത്തികൾ 6:1-6.
13. നേരത്തെ പറഞ്ഞ നൈജീറിയൻ സഹോദരനെ മൂപ്പൻമാർ സഹായിച്ചതുകൊണ്ട് എന്തു ഫലമുണ്ടായി?
13 നേരത്തെ പറഞ്ഞ മൂപ്പൻമാർ അത്തരം ക്രിസ്തീയ താത്പര്യം പ്രകടമാക്കി. ഒരു ഇടയസന്ദർശനം നടത്തിയപ്പോഴാണ് അവർ ലബക്കി ഒക്വാരാവോക്കായെയും ഭാര്യയെയും ഒരു സങ്കടകരമായ അവസ്ഥയിൽ കണ്ടെത്തിയത്. പെട്ടെന്ന് മൂപ്പൻമാരുടെ സംഘം സംഗതി പരിഗണിക്കുകയും തങ്ങളുടെ ഉദ്ദേശ്യം സഭയെ അറിയിക്കുകയും ചെയ്തു—വീടു പുനർനിർമ്മിച്ചുകൊടുക്കുക. വിവിധ സഹോദീസഹോദരൻമാർ സാധനങ്ങൾ സംഭാവനചെയ്യുകയും നിർമ്മാണത്തിൽ സ്വമേധയാ പങ്കെടുക്കുകയും ചെയ്തു. ഒരാഴ്ചകൊണ്ട് ലോഹമേൽക്കൂരയോടുകൂടിയ ഉറപ്പുള്ള ഒരു വീട് അവർ നിർമ്മിച്ചു. നൈജീറിയായിൽ നിന്നുള്ള റിപ്പോർട്ട് ഇതാണ്:
“അത്ഭുതം കൂറിയ ഗ്രാമീണർ അടുത്ത മഴക്കുമുമ്പ് പണി പൂർത്തിയാക്കാൻ നീണ്ടമണിക്കൂറുകളിൽ തിരക്കോടെ പണിയെടുത്ത സഹോദരീസഹോദരൻമാർക്കുവേണ്ടി സ്വപ്രേരിതരായി ഭക്ഷ്യപാനീയങ്ങൾ എത്തിച്ചുകൊടുത്തു. അനേകം ഗ്രാമീണർ മററു മതസമൂഹങ്ങളെക്കുറിച്ചു പരാതിപറഞ്ഞു. സാധുക്കളെ സഹായിക്കുന്നതിനുപകരം അവരെ അവ കൊള്ളയടിക്കുകയാണെന്നാണ് അവർ പറഞ്ഞത്. ഈ സംഭവം ആ ജനസമുദായത്തിലെ സംസാരവിഷയമായിരുന്നു. ഗ്രാമീണർ വളരെ സ്വീകാര്യക്ഷമതയുള്ളവരായിത്തീർന്നു. പല ഭവനബൈബിളദ്ധ്യയനങ്ങൾ തുടങ്ങി.”
ഈ “സൽപ്രവൃത്തികളിൽ” നിങ്ങളുടെ പങ്ക്
14. നമ്മുടെ സഹോദരൻമാർക്ക് “സൽപ്രവൃത്തികൾ” ചെയ്യുന്നതു സംബന്ധിച്ച് നമുക്ക് എന്തു വീക്ഷണമുണ്ടായിരിക്കണം?
14 തീർച്ചയായും, നമ്മുടെ ചുററുമുള്ള വൃദ്ധരുടെയോ ദുർബ്ബലരുടെയോ ആശുപത്രിയിലാക്കിയ രോഗികളുടെയോ മററു വിധത്തിൽ ക്ലേശിതരായിരിക്കുന്നവരുടെയോ ആവശ്യങ്ങളോട് നമുക്ക് മിക്കപ്പോഴും സ്വകാര്യമായോ നേരിട്ടോ പ്രതികരിക്കാൻ കഴിയും. നാം യഥാർത്ഥ ക്രിസ്ത്യാനിത്വം പ്രകടമാക്കാൻ ഒരു വഴി കാണുന്നുവെങ്കിൽ എന്തുകൊണ്ട് മുമ്പോട്ടുപോയി സഹായിക്കാൻ ശ്രമിച്ചുകൂടാ? (പ്രവൃത്തികൾ 9:36-39) നമ്മുടെ പ്രേരകശക്തി മററുള്ളവരിൽനിന്നുള്ള സമ്മർദ്ദമല്ല, പിന്നെയോ ക്രിസ്തീയസ്നേഹമാണ്. ഏതൊരു പ്രായോഗിക സഹായത്തിന്റെയും പ്രഥമഘടകം നമ്മുടെ യഥാർത്ഥ താത്പര്യവും സഹാനുഭൂതിയുമാണ്. തീർച്ചയായും നമ്മിലാർക്കും വൃദ്ധരെ സംബന്ധിച്ചടത്തോളം ഘടികാരം പിമ്പോട്ട് തിരിക്കാനോ അത്ഭുതരോഗശാന്തിവരുത്താനോ സഭയിലെ എല്ലാവർക്കും സാമ്പത്തിക സമത്വം കൈവരുത്താനോ കഴികയില്ല. എന്നാൽ നമുക്കു തീർച്ചയായും താത്പര്യപൂർവ്വകമായ ഒരു കൊടുക്കൽ മനോഭാവം ഉണ്ടായിരിക്കണം. നമുക്ക് അത് ഉണ്ടായിരിക്കുമ്പോൾ, അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, അതു നമ്മളും നമ്മൾ സഹായിക്കുന്നവരും തമ്മിലുള്ള സ്നേഹബന്ധത്തെ ബലിഷ്ഠമാക്കും. പൗലോസിന്റെയും ഒനേസിമൂസിന്റെയും സംഗതിയിൽ അങ്ങനെയായിരുന്നു. ഒനേസിമൂസ് ‘പൗലോസിനെ അവന്റെ കാരാഗൃഹബന്ധങ്ങളിൽ ശുശ്രൂഷിച്ച’ താരതമ്യേന പുതിയ ഒരു ക്രിസ്ത്യാനിയായിരുന്നു.—ഫിലേമോൻ 10-13; കൊലോസ്യർ 3:12-14; 4:10, 11.
15. യഥാർത്ഥ ഞെരുക്കമുള്ള ചില അർഹതയുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാം?
15 ചിലപ്പോൾ പേരറിയിക്കാതെ അയച്ചുകൊണ്ടോ സ്വകാര്യമായി കൊടുത്തുകൊണ്ടോ ആയാലും ദയാപൂർവ്വകമായ ഒരു ദാനം കൊടുത്തുകൊണ്ട് നമുക്ക് ഒരു ഭൗതികാവശ്യത്തോടു പ്രതികരിക്കാൻ കഴിയും. ഒരു സഹോദരന് ജോലി നഷ്ടപ്പെട്ടിട്ട് മറെറാന്നു കണ്ടെത്താൻ കഴിയാതിരിക്കുകയാണോ? ഒരു സഹോദരിക്ക് അപ്രതീക്ഷിതമായ ചികിത്സാചെലവുകൾ നേരിട്ടോ? അവൾ അപകടത്തിൽ പെടുകയോ കവർച്ചക്കിരയാകുകയോ ചെയ്തോ? നമുക്കു ചുററും ഇത്തരം സാഹചര്യങ്ങൾ പൊന്തിവന്നേക്കാം. നാം “ദാനധർമ്മങ്ങൾ” ചെയ്യുമ്പോൾ രഹസ്യത്തിൽ നോക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ പിതാവ് നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യും. (മത്തായി 6:1-4) അല്ലെങ്കിൽ പണം കൊടുക്കാതെ, ഇയ്യോബിനെപ്പോലെ, നമുക്ക് ദരിദ്രർക്ക് ഉടുപ്പുകളോ വിധവക്കോ അനാഥനോ ഭക്ഷ്യവസ്തുക്കളോ വീട്ടിലുണ്ടാക്കിയ ആഹാരമോ കൊടുക്കാൻ കഴിഞ്ഞേക്കും.—ഇയ്യോബ് 6:14; 29:12-16; 31:16-22.
16. വേറെ ഏതു പ്രായോഗിക വിധത്തിൽ ചിലപ്പോൾ സഹായം കൊടുക്കാൻ കഴിയും. വിശദമാക്കുക.
16 നിങ്ങളുടെ അനുഭവപരിചയത്തിനോ സമ്പർക്കങ്ങൾക്കോ പ്രായോഗിക സഹായത്തിന്റെ ഉറവായിരിക്കാൻ കഴിയും. ഒരു സഹോദരൻ മറെറാരു സഹോദരനോട് ഒരു ലോൺ ചോദിച്ചു. ‘പണം കടം കൊടുക്കാൻ എന്റെ കൈവശം പണം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നത് എന്തുകൊണ്ട്?’ എന്ന ചോദ്യമായിരുന്നു അയാളുടെ ദയാപൂർവ്വകമായ പ്രതിവചനം. ‘തങ്ങൾക്ക് മെച്ചമായി പണം കൈകാര്യം ചെയ്യാൻ അറിയാവുന്നതുകൊണ്ട്’ എന്നായിരുന്നു മറുപടി. ആവശ്യമുള്ളവർക്ക് പലപ്പോഴും പണം കടം കൊടുത്തിട്ടുള്ള ആ സഹോദരൻ വിവേചനയോടെ ‘ഒരുപക്ഷേ നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമായിരിക്കുന്നത് പണം കൈകാര്യം ചെയ്യാൻ പഠിക്കുന്നതിന് കുറെ സഹായമാണ്’ എന്നു നിർദ്ദേശിച്ചു; ‘എന്റെ സഹായം ആഗ്രഹിക്കുന്നുവെങ്കിൽ സഹായിക്കുന്നത് എനിക്ക് സന്തോഷമാണ്’ എന്നും അയാൾ പറഞ്ഞു. തങ്ങളുടെ ജീവിത നിലവാരത്തെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തേണ്ടയാവശ്യമുള്ളവരോ അല്ലെങ്കിൽ മതിപ്പുകുറഞ്ഞതരം ജോലിയിൽപോലും കഠിനവേല ചെയ്യാൻ മനസ്സുള്ളവരോ ആയ സഹോദരൻമാർ അത്തരം സഹായത്തെ വിശേഷാൽ വിലമതിക്കുന്നു. തീർച്ചയായും, ഒരു ലോൺ യഥാർത്ഥത്തിൽ ആവശ്യമാണെങ്കിൽ പിന്നീട് പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഒരു രേഖ നിർമ്മിച്ച് ഒപ്പിടുന്നത് നന്നായിരിക്കും. എന്നിരുന്നാലും, പണം കടം വാങ്ങാൻ ഇഷ്ടപ്പെടാത്ത അനേകം സഹോദരൻമാർ ബുദ്ധിയുപദേശത്തിന്റെയോ പങ്കുവെക്കുന്ന അനുഭവപരിചയത്തിന്റെയോ രൂപത്തിലുള്ള വ്യക്തിപരമായ സഹായത്തെ അഗാധമായി വിലമതിക്കും. (റോമർ 13:8) പശ്ചിമാഫ്രിക്കയിൽനിന്നുള്ള ഒരു അനുഭവത്താൽ ഇതു ചിത്രീകരിക്കപ്പെടുന്നു, ഇമ്മാനുവേലായിരുന്നു ഉൾപ്പെട്ടിരുന്നത്.
ഇമ്മാനുവേൽ പരിശീലനം സിദ്ധിച്ച ഒരു ബാർബർ ആയിരുന്നെങ്കിലും പതിവുകാർ കുറവായിരുന്നു. ഉപജീവനം തേടുന്നതിലുള്ള അപ്രാപ്തിയിൽ അയാൾ അസന്തുഷ്ടനായിരുന്നു. അങ്ങനെയിരിക്കെ, ജാഗ്രതയുണ്ടായിരുന്ന സഭയിലെ ഒരു മൂപ്പൻ മറെറാരു ജോലി ചെയ്യുന്നതിനെക്കുറിച്ചു പരിഗണിക്കാമോയെന്ന് ഇമ്മാനുവേലിനോടു ചോദിച്ചു. ഉവ്വ് എന്നായിരുന്നു അയാളുടെ പ്രതിവചനം, കാരണം തൊഴിൽപരമായ അഭിമാനം തടസ്സമായിരിക്കാൻ അയാൾ അനുവദിക്കാൻ പോകുന്നില്ലായിരുന്നു. മൂപ്പൻ സഹകാരികളുമായി സംസാരിക്കുകയും ഒരു ആശുപത്രിയിലെ സേവകനായി ഇമ്മാനുവേലിന് ജോലി കണ്ടെത്തുകയും ചെയ്തു. ഈ ജോലി അയാൾ നന്നായി ചെയ്തു. സഭയിലെ മററുള്ളവരെ സഹായിക്കാനും അയാൾക്കു കഴിഞ്ഞു.
17. ആശുപത്രിയിലായിരിക്കുന്ന ഒരു സഹോദരനെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിഞ്ഞേക്കും? (സങ്കീർത്തനം 41:1-3)
17 ഒരു സഹക്രിസ്ത്യാനി ഒരു ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ ആയിരിക്കുമ്പോൾ സഹായിക്കുന്നതിന് പ്രത്യേക അവസരങ്ങളുണ്ട്. വീണ്ടും, ആത്മാർത്ഥമായ താൽപര്യവും കരുതലുമാണ് അടിസ്ഥാനമായിരിക്കുന്നത്. കെട്ടുപണിചെയ്യുന്ന ക്രിസ്തീയ സാഹിത്യം രോഗിയെ വായിച്ചു കേൾപ്പിക്കുന്നതിനോ പ്രോത്സാഹജനകമായ അനുഭവങ്ങൾ പറഞ്ഞുകേൾപ്പിക്കുന്നതിനോ ഉള്ള നിങ്ങളുടെ സന്നദ്ധതയാൽ നിങ്ങൾക്ക് ഇവ പ്രകടമാക്കാവുന്നതാണ്. എന്നാൽ നിങ്ങൾക്കു സഹായിക്കാവുന്ന ശാരീരികാവശ്യങ്ങളുണ്ടോ? ചിലപ്രദേശങ്ങളിൽ സന്ദർശകൻ ചെയ്യാത്തപക്ഷം രോഗിയെ കുളിപ്പിക്കുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയില്ലാത്തവിധം ചികിത്സാ സൗകര്യങ്ങൾക്ക് അമിതമായ ചെലവാണ്. അതുകൊണ്ട് ഡോക്ടർമാർ സമ്മതിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഒരു പോഷകഗുണമുള്ള ഭക്ഷണം കൊണ്ടുകൊടുക്കുകയോ മുടികഴുകാനോ കുളിക്കാനോ സഹായിക്കുകയോ ചെയ്യാവുന്നതാണ്. ചൂടുള്ള ഒരു വസ്ത്രമോ ചെരുപ്പുകളോ വിലമതിക്കപ്പെടുമോ? (2 തിമൊഥെയോസ് 4:13) അല്ലെങ്കിൽ രോഗിയെ വ്യാകുലപ്പെടുത്തുന്ന ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് സഹായവാഗ്ദാനം ചെയ്യാമോ? ഒരുപക്ഷേ അയാളുടെ ശമ്പളച്ചെക്ക് എങ്ങനെ മാറാമെന്നും ഉപഭോഗബില്ലുകളുടെ പണം എങ്ങനെ അടയ്ക്കാമെന്നും അയാൾ ഉൽക്കണ്ഠപ്പെടുകയായിരിക്കാം. അയാളുടെ വീട്ടിൽ എഴുത്തുകൾ കുന്നുകൂടുന്നില്ലെന്ന് അല്ലെങ്കിൽ ചെടികൾക്ക് വെള്ളമൊഴിക്കുന്നുണ്ടെന്ന് അല്ലെങ്കിൽ ഫർണസ് ഓഫ് ചെയ്തെന്ന് ഉറപ്പുവരുത്തുന്നതുപോലെയുള്ള ലളിതമായ കാര്യങ്ങൾ ചെയ്യുന്നതിനാൽ നിങ്ങൾക്ക് സഹായകമായ ആശ്വാസം പ്രദാനം ചെയ്യാവുന്നതാണ്.
18. ദരിദ്രസഹോദരൻമാരെ സംബന്ധിച്ച് നിങ്ങൾ എന്തു ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു?
18 നിസ്സംശയമായി, “തണുപ്പകററി നന്നായി ആഹാരം കഴിക്കുക” എന്ന് പറയുകമാത്രം ചെയ്യുന്നതിലുപരി ചെയ്യുന്നതിൽ മെച്ചപ്പെടാൻ കഴിയുന്ന മാർഗ്ഗങ്ങൾ നമ്മിലോരോരുത്തർക്കും കണ്ടെത്താൻ കഴിയും. (യാക്കോബ് 2:16) നിങ്ങളുടെ സഭയിലെ സഹോദരീസഹോദരൻമാരെക്കുറിച്ചു ചിന്തിക്കുക. അർഹതയുള്ള ചിലർ യഥാർത്ഥ സാമ്പത്തിക ഞെരുക്കമുള്ളവരോ രോഗികളോ വികലരോ കിടപ്പിലായവരോ ആണോ? ക്രിസ്തു ആർക്കുവേണ്ടി മരിച്ചോ ആ സഭയിലെ പ്രിയപ്പെട്ട അംഗങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും? ഈ മനോഭാവം പ്രയാസങ്ങൾ പൊന്തിവരുന്നുവെങ്കിൽ പെട്ടെന്ന് പ്രതികരിക്കാൻ മെച്ചമായി സജ്ജരാകുന്നതിന് നിങ്ങളെ സഹായിക്കും.
19. (എ)ഈ മണ്ഡലത്തിൽ സമനില വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) മററുള്ളവർക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏററവും വലിയ നൻമയെന്ത്? ഇത് അങ്ങനെയായിരിക്കുന്നതെന്തുകൊണ്ട്? (സങ്കീർത്തനം 72:4, 16)
19 നമ്മുടെ സഹോദരൻമാരെ സഹായിക്കുന്നതിൽ ശ്രദ്ധിക്കുന്നതിനാൽ നമ്മുടെ വിശ്വാസം ചത്തതല്ലെന്നു നാം തെളിയിക്കുന്നതായിരിക്കും. അതേ വിശ്വാസം ക്രിസ്തീയ പ്രസംഗത്തിൽ കഠിനവേല ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. നാം മററുള്ളവരെ ഭൗതികമായി സഹായിക്കുന്നതും ക്രിസ്തീയ സുവിശേഷിക്കലിൽ ക്രമമായി പങ്കെടുക്കുന്നതും തമ്മിൽ സമനില പാലിക്കേണ്ടയാവശ്യമുണ്ട്. (മത്തായി 15:3-9; 23:23 താരതമ്യപ്പെടുത്തുക) മാർത്തയോടും മറിയയോടുമുള്ള യേശുവിന്റെ ബുദ്ധിയുപദേശം ആ സമനിലയെ പ്രതിഫലിപ്പിക്കുന്നു. ഒരു വ്യക്തി ഭൗതിക വസ്തുക്കളെയും ആത്മീയ ഭക്ഷണത്തെയും തമ്മിൽ തൂക്കുകയാണെങ്കിൽ ഒടുവിലത്തേതാണ് “നല്ല പങ്ക്” എന്നും അത് ആരും എടുത്തുകൊണ്ടുപോകയില്ലെന്നും അവൻ പറഞ്ഞു. (ലൂക്കോസ് 10:39-42) ഈ വ്യവസ്ഥിതിയിൽ രോഗികളും ദരിദ്രരും എപ്പോഴും ഉണ്ടായിരിക്കും. അവർക്ക് നൻമ ചെയ്യാൻ നമുക്കു കഴിയും, ചെയ്യേണ്ടതുമാണ്. (മർക്കോസ് 14:7) എന്നാലും, നമുക്കു ചെയ്യാൻ കഴിയുന്ന ഏററവും നല്ലതും ഏററവും നിലനിൽക്കുന്നതുമായ നൻമ ദൈവരാജ്യത്തെക്കുറിച്ചു മററുള്ളവരെ പഠിപ്പിക്കുന്നതാണ്. യേശു അതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. (ലൂക്കോസ്4:16-19) ആ വിധത്തിലാണ് ദരിദ്രർക്കും രോഗികൾക്കും കഷ്ടപ്പെടുന്നവർക്കും ശാശ്വതമായ ആശ്വാസം കിട്ടാൻ കഴിയുന്നത്. തങ്ങളുടെ പ്രത്യാശ ദൈവത്തിൽ വെക്കാനും “യഥാർത്ഥ ജീവനെ മുറുകെ പിടിക്കാനും” നമ്മുടെ സഹോദരൻമാരെയും മററുള്ളവരെയും സഹായിക്കുന്നത് എന്തോരു സന്തോഷമാണ്.—1 തിമൊഥെയോസ് 6:17-19. (w86 10/15)
-
-
“തണുപ്പകററി നന്നായി ആഹാരം കഴിക്കുക” എന്നു പറയുന്നതിലധികം ചെയ്യുകവീക്ഷാഗോപുരം—1987 | ജൂലൈ 1
-
-
[17-ാം പേജിലെ ചതുരം]
സഭ പരിപാലിച്ചു
ഒരു ഗ്രാമപ്രദേശത്തെ ഒരു ചെറിയ സഭയിലേക്കുമാറിപ്പോയിരുന്ന ഒരു ദമ്പതികൾ ചിന്തോദ്ദീപകമായ റിപ്പോർട്ടു നൽകി:
മൂന്നു വർഷം മുമ്പ് ഞാനും ഭാര്യയും ഞങ്ങളുടെ വീടു വിററിട്ട് പക്വമായ സഹായമാവശ്യമായിരുന്ന ഒരു വിദൂര സഭയിലേക്കു മാറി, കാരണം അവിടെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പെട്ടെന്നുതന്നെ എനിക്ക് നാല് ഉത്തരവാദിത്ത സ്ഥാനങ്ങൾ വഹിക്കേണ്ടിവന്നു. ഞങ്ങൾ സഹോദരൻമാരെ സ്നേഹിച്ചതുകൊണ്ട് അവരോടുകൂടെ പ്രവർത്തിക്കാനാഗ്രഹിച്ചു. പല മാസങ്ങൾകൊണ്ട് സഭയുടെ ആത്മാവു മെച്ചപ്പെടുകയും രണ്ടു നല്ല മൂപ്പൻമാർ വന്നുചേരുകയും ചെയ്തു.
‘എന്റെ ഭാര്യക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങി. കഴിഞ്ഞവർഷം അവൾക്ക് ഒരു മേജർ ഓപ്പറേഷൻ ആവശ്യമായിത്തീർന്നു. അവൾ ആശുപത്രിയിൽ പ്രവേശിച്ച ദിവസംതന്നെ എനിക്ക് കരൾ വീക്കം ബാധിച്ചു. രണ്ടു മാസം കഴിഞ്ഞ് എനിക്ക് ജോലി വിടേണ്ടിവന്നു, കാരണം ആ പ്രദേശത്തെ സാമ്പത്തികനില വളരെ മോശമായിരുന്നു. ഞങ്ങളുടെ പണം തീർന്നു. എനിക്കു ജോലിയില്ലെന്നായി ഞങ്ങളിരുവരും ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡിസ്ട്രിക്ററ് കൺവെൻഷൻ അടുത്തുവരികയായിരുന്നു. എനിക്ക് മ്ലാനതയായി. രണ്ടാഴ്ചക്കകം സർക്കിട്ട് സമ്മേളനത്തിലും എനിക്ക് ഒരു ഭാഗമുണ്ടായിരുന്നു. എന്നാൽ പണമില്ലാഞ്ഞതുകൊണ്ട് സമ്മേളനങ്ങൾക്ക് എങ്ങനെ പോകാൻ കഴിയുമെന്നോ എന്റെ കുടുംബത്തെ എങ്ങനെ പരിപാലിക്കാമെന്നുപോലും എനിക്ക് ഒരു വിവരവുമില്ലായിരുന്നു. ഒരു ദിവസം രാവിലെ ഭാര്യ വയൽസേവനത്തിനുപോയി. ഞാൻ ഞങ്ങളുടെ സാഹചര്യങ്ങളെ പുനരവലോകനം ചെയ്യാൻ കുത്തിയിരുന്നു.
‘ജനാലയിലൂടെ പുറത്തേക്കു നോക്കവെ, യഹോവയിലുള്ള എന്റെ ആശ്രയമെവിടെ? എന്നു ഞാൻ എന്നോടുതന്നെ ചോദിച്ചു. വ്യാകുലപ്പെടാതിരിക്കാൻ ഞാൻ എന്റെ ഭാര്യയോടു പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ സംശയിക്കാൻ തുടങ്ങുകയായിരുന്നു. പിന്നീട് ഞാൻ എന്റെ “അല്പവിശ്വാസ”ത്തെക്കുറിച്ച് യഹോവയോടു പറയുകയും സഹായത്തിനായി അവനോടു യാചിക്കുകയും ചെയ്തു. ഞാൻ പ്രാർത്ഥിച്ചുതീർന്നപ്പോൾ ഒരു സഹോദരൻ വാതിൽക്കൽ മുട്ടി. ഒരു കപ്പു കാപ്പികുടിക്കാൻ അയാളോടൊത്ത് പോകാൻ അയാളാവശ്യപ്പെട്ടു. അന്നു രാത്രിയിലെ യോഗത്തിന് ഒരു ഭാഗം തയ്യാറാകാനുള്ളതുകൊണ്ട് ഞാൻ പോരുന്നില്ലെന്നു ഞാൻ പറഞ്ഞു. ചുരുക്കം ചില മിനിററുകളേ അവശ്യമുള്ളുവെന്നു പറഞ്ഞുകൊണ്ട് അയാൾ വളരെ നിർബ്ബന്ധിച്ചു. അങ്ങനെ ഞങ്ങൾ പോയി ഒരു അര മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ മടങ്ങിയെത്തി. ഞാൻ അയാളുടെ കാറിൽനിന്ന് ഇറങ്ങിയപ്പോൾ എനിക്കു സുഖം തോന്നി.
‘ഞാൻ വീട്ടിൽ കടന്നപ്പോൾ അടുക്കളയിൽ പലചരക്കുകൾ അടുക്കിവെച്ചിരിക്കുന്നതു ഞാൻ കണ്ടു. എന്റെ ഭാര്യ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുമെന്ന് ഞാൻ വിചാരിച്ചു. “എന്നാൽ നിൽക്കു, ഞങ്ങൾക്ക് ഒട്ടും പണമില്ലാഞ്ഞതിനാൽ അവൾക്ക് എങ്ങനെ പോകാൻ കഴിയും?” അനന്തരം ഞാൻ ഒരു കവർ കണ്ടു. അതിന്റെ പുറത്ത് ഇങ്ങനെ എഴുതിയിരുന്നു:
“നിങ്ങളെ വളരെയധികം സ്നേഹിക്കുന്ന നിങ്ങളുടെ സഹോദരീസഹോദരൻമാരിൽനിന്ന്. ഇതിൽ ഒട്ടും സംഭാവനപ്പെട്ടിയിലിടരുത്. ഇത് നിങ്ങൾക്കുവേണ്ടി കരുതിയതാണ്.”
‘എനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ എന്റെ “അല്പവിശ്വാസ”ത്തെക്കുറിച്ചു ചിന്തിച്ചു. അത് എന്നെ കൂടുതൽ കരയിച്ചു. അപ്പോൾ ഭാര്യ വീട്ടിൽവന്നു. ഞാൻ ഭക്ഷണവും മററു ദാനങ്ങളും ചൂണ്ടിക്കാട്ടി. അവളും പൊട്ടിക്കരഞ്ഞു. അവളോടുകൂടെ വന്ന രണ്ടു സഹോദരിമാരും ഒപ്പം കരഞ്ഞു. ഞങ്ങൾക്ക് ഇത്രയും സ്വീകരിക്കാനാവില്ലെന്ന് വിശദീകരിക്കാൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ ആർ എന്തൊക്കെ തന്നുവെന്ന് ആർക്കും അറിയാൻ പാടില്ലെന്ന് സഹോദരിമാർ ഞങ്ങളോടു പറഞ്ഞു. മുഴു സഭയ്ക്കും ഒരു പങ്കുണ്ടായിരുന്നു. മററുള്ളവർക്ക് എങ്ങനെ കൊടുക്കണമെന്ന് ഞങ്ങൾ പഠിപ്പിച്ചതായി അവർ വിചാരിച്ചതുകൊണ്ടാണ് അവർ ഇതു ചെയ്യാനാഗ്രഹിച്ചത് ഇതു കൂടുതൽ കണ്ണുനീർ വരുത്തുകമാത്രമാണ് ചെയ്തത്!’
പിന്നീട് ഈ സഹോദരൻ ഇത് എഴുതിയപ്പോൾ അയാളുടെ ജോലി പുരോഗമിച്ചിരുന്നു. അയാളും ഭാര്യയും സഹായപയനിയറിംഗിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
[18-ാം പേജിലെ ചതുരം]
ക്രിസ്തീയസ്നേഹത്തിന്റെ തെളിവ്
പശ്ചിമ ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികളുടെ ഒരു സഭ തിരുവെഴുത്തുകളിൽ ശുപാർശ ചെയ്തിരിക്കുന്ന തരം ക്രിസ്തീയ സ്നേഹം പ്രകടമാക്കാൻ തങ്ങളെ അനുവദിച്ച ഒരു അപൂർവ്വ സാഹചര്യത്തെ അഭിമുഖീകരിച്ചു. അവരുടെ പ്രദേശത്ത് മസ്തിഷ്ക്കവാതത്താൽ ഗുരുതരമായ വൈകല്യം ബാധിച്ചവർക്കുവേണ്ടി സംസ്ഥാനം ഒരു കേന്ദ്രം തുറന്നു. ആദ്യ അന്തേവാസികളിൽ ഒരാൾ 25 വയസ്സുണ്ടായിരുന്ന ഗാരി ആയിരുന്നു. അയാളെ മേലാൽ വീട്ടിൽ ശുശ്രൂഷിക്കുക സാദ്ധ്യമല്ലായിരുന്നു. ഈ രോഗം അയാളെ കാലുകളും കൈകളുമുപയോഗിച്ചു നടക്കുന്നവനാക്കിത്തീർത്തു. അയാളുടെ സംസാരവും ബാധിക്കപ്പെട്ടു.
ഗാരി ഏഴു വർഷമായി സ്നാനമേററ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. പുതിയ കേന്ദ്രത്തിൽ എത്തിയപ്പോൾ അയാൾ സ്ഥലത്തെ സഭയുടെ യോഗങ്ങൾക്ക് ഹാജരാകാനാഗ്രഹിച്ചു. അയാളുടെ മാതാപിതാക്കൾ താമസിച്ചിരുന്നത് വിദൂരത്തിലല്ലായിരുന്നു. കുറേക്കാലം അവർ അയാളെ കൊണ്ടുവന്നിരുന്നു. എന്നാൽ അവരുടെ പ്രായാധിക്യത്തിന്റെ വീക്ഷണത്തിൽ സഭയിലെ മററു സഹോദരൻമാർ സഹായിക്കാൻ തുടങ്ങി. ഒരാൾക്ക് ഒരു വാൻ ഉണ്ടായിരുന്നു. തന്നിമിത്തം അയാളും ഭാര്യയും അവരുടെ രണ്ടു പെൺകുട്ടികളും ഗാരിയെ കൊണ്ടുപോകാൻ കഴിയത്തക്കവണ്ണം യോഗങ്ങൾക്ക് 45 മിനിററ് മുമ്പേ ഒരുങ്ങി പുറപ്പെടുമായിരുന്നു. അവർ പിന്നീട് അയാളെ കേന്ദ്രത്തിൽ തിരികെ കൊണ്ടുവിടുമായിരുന്നു, അവർ വീട്ടിൽ വളരെ താമസിച്ചായിരുന്നു തിരിച്ചെത്തുന്നത്.
എന്നാൽ കേന്ദ്രത്തിൽ ചിലതു സംഭവിച്ചുകൊണ്ടിരുന്നു മററ് മസ്തിഷ്ക്കവാതക്കാർ ബൈബിൾ സത്യത്തിൽ താൽപ്പര്യം പ്രകടമാക്കി. പെട്ടെന്ന് അവരിൽ രണ്ടുപേർ ബൈബിളദ്ധ്യയനത്തിനു സമ്മതിച്ചു. പിന്നീടു മററുള്ളവരും താത്പര്യം പ്രകടമാക്കി. അവരെയെല്ലാം എങ്ങനെ യോഗങ്ങൾക്കു കൊണ്ടുവരും? സഭയിലെ മറെറാരാൾ ഒരു വാൻ വാങ്ങി. സ്ഥലത്തെ സാക്ഷികളുടെ ഉടമസ്ഥതയിലുള്ള ഒരു വ്യാപാരസ്ഥാപനം മൂന്നാമതൊരു വാൻ ലഭ്യമാക്കി. എന്നിരുന്നാലും ഈ മാർഗ്ഗങ്ങൾ ചിലപ്പോൾ അപര്യാപ്തമോ അസൗകര്യപ്രദമോ ആയിരുന്നു. സഭക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
മൂപ്പൻമാർ ഈ കാര്യം ചർച്ച ചെയ്യുകയും ഈ വികലാംഗരെ യോഗങ്ങൾക്കു കൊണ്ടുവരാനും തിരികെകൊണ്ടുപോകാനും മാത്രമായി ഒരു വാൻ വാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. സഭ സമ്മതിക്കുകയും സന്തോഷപൂർവ്വം സംഭാവന ചെയ്യുകയും ചെയ്തു. ഈ പദ്ധതിയെക്കുറിച്ച് കേട്ട ചുററുപാടുമുണ്ടായിരുന്ന ചില സാക്ഷികളും സംഭാവന ചെയ്തു. ഒരു വാൻ വാങ്ങുകയും അതിൽ വീൽ ചെയറുകൾ കൊണ്ടുപോകത്തക്കവണ്ണം ഫിററ് ചെയ്യുകയും ചെയ്തു.
ഇപ്പോൾ യോഗങ്ങളിലേക്കും സമ്മേളനങ്ങളിലേക്കും വാൻ ഓടിക്കുന്നതിൽ ഓരോ വ്യത്യസ്ത സഭാപുസ്തകാദ്ധ്യയനവും പങ്കെടുക്കുന്നു. മസ്തിഷ്ക്കവാത കേന്ദ്രത്തിൽനിന്ന് അഞ്ചുപേർ ക്രമമായി ഹാജരാകുന്നു. അവരിൽ നാലുപേർ ഇപ്പോൾ സ്നാനമേററ സാക്ഷികളാണ്. സഹായിക്കുന്നതിലുള്ള സന്തോഷമനുഭവിക്കുന്ന അനേകം സഹോദരീസഹോദരൻമാരാൽ അവർ അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ഇടയായിരിക്കുന്നു. എങ്ങനെ? യോഗസമയത്ത് പാട്ടുപുസ്തകം പിടിച്ചുകൊടുക്കുന്നതിനാലും തിരുവെഴുത്തുകൾ എടുത്തുകൊടുക്കുന്നതിനാലും. സർക്കിട്ട് സമ്മേളനങ്ങളിലും ഡിസ്ട്രിക്ററ് സമ്മേളനങ്ങളിലും സ്വയം ഭക്ഷണം കഴിക്കാൻ കഴിയാത്തവരെ അതിനുപോലും അവർ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ ഹൃദയോദ്ദീപകമായ ഒരു പരസ്പര പ്രിയം ഉളവാക്കിയിരിക്കുന്നു. ഗാരിയെ സംബന്ധിച്ചെന്ത്? അയാൾ സ്നേഹത്തിന്റെ ഇത്തരം തെളിവു നൽകിയ ഈ സഭയിൽ ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു.—പ്രവൃത്തികൾ 20:35.
-