വിശ്വാസം നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു!
“[അബ്രാഹാമിന്റെ] പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.”—യാക്കോബ് 2:22.
1, 2. നമുക്കു വിശ്വാസമുണ്ടെങ്കിൽ നാമെങ്ങനെ പ്രവർത്തിക്കും?
ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്ന അനേകരുണ്ട്. എന്നാൽ, വിശ്വാസമുണ്ടെന്ന പറച്ചിൽ മാത്രമേയുള്ളുവെങ്കിൽ അത് മൃതദേഹംപോലെ നിർജീവമാണ്. ‘വിശ്വാസം പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജ്ജീവമാകുന്നു’വെന്ന് ശിഷ്യനായ യാക്കോബ് എഴുതി. ദൈവഭക്തനായിരുന്ന അബ്രാഹാമിന് ‘പ്രവൃത്തിയോടുകൂടെ വ്യാപരിച്ച’ വിശ്വാസമുണ്ടായിരുന്നെന്നും അവൻ പറഞ്ഞു. (യാക്കോബ് 2:17, 22) അത്തരം വാക്കുകൾക്കു നമ്മെ സംബന്ധിച്ച് എന്തു പ്രാധാന്യമാണുള്ളത്?
2 നമുക്കു യഥാർഥ വിശ്വാസമുണ്ടെങ്കിൽ, നാം ക്രിസ്തീയ യോഗങ്ങളിൽ കേൾക്കുന്നതു വിശ്വസിക്കുകമാത്രം ചെയ്യുന്നവരായിരിക്കുകയില്ല. നാം വിശ്വാസത്തിനു തെളിവു നൽകുന്നവരുമായിരിക്കും, എന്തുകൊണ്ടെന്നാൽ നാം യഹോവയുടെ സജീവ സാക്ഷികളാണ്. അതേ, വിശ്വാസം നമ്മെ ദൈവവചനം ജീവിതത്തിൽ ബാധകമാക്കാൻ പ്രചോദിപ്പിക്കുകയും പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യും.
പക്ഷപാതം വിശ്വാസത്തിനു നിരക്കുന്നതല്ല
3, 4. നാം മറ്റുള്ളവരോട് ഇടപെടുന്ന വിധത്തെ വിശ്വാസം എങ്ങനെ സ്വാധീനിക്കണം?
3 നമുക്കു ദൈവത്തിലും ക്രിസ്തുവിലും യഥാർഥ വിശ്വാസമുണ്ടെങ്കിൽ, നാം പക്ഷപാതം കാണിക്കുകയില്ല. (യാക്കോബ് 2:1-4) യാക്കോബ് ആർക്കുവേണ്ടി എഴുതിയോ അവരിൽ ചിലർ സത്യക്രിസ്ത്യാനികൾക്ക് ആവശ്യമായ നിഷ്പക്ഷത പ്രകടമാക്കുന്നുണ്ടായിരുന്നില്ല. (റോമർ 2:11) അതുകൊണ്ട്, യാക്കോബ് അനുശാസിക്കുന്നു: “തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു.” മോടിയുള്ള വസ്ത്രം ധരിച്ച, പൊന്മോതിരം ഇട്ട സമ്പന്നനായ ഒരു അവിശ്വാസിയും “മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും” യോഗങ്ങൾക്കു വന്നപ്പോൾ രണ്ടുപേർക്കും ഊഷ്മള സ്വാഗതം നൽകേണ്ടിയിരുന്നു. എന്നാൽ ധനികർക്കു പ്രത്യേക പരിഗണന കൊടുത്തിരുന്നു. അവരെ ‘സുഖേന ഇരുത്തിയിരുന്നു.’ അതേസമയം ദരിദ്രരായ അവിശ്വാസികളോട് അവിടെ നിൽക്കാനോ തറയിൽ മറ്റുള്ളവരുടെ കാൽക്കൽ ഇരിക്കാനോ ആവശ്യപ്പെട്ടിരുന്നു.
4 ധനികർക്കുവേണ്ടി മാത്രമല്ല ദരിദ്രർക്കുവേണ്ടിയും കൂടെയാണ് യഹോവ യേശുക്രിസ്തുവിനെ മറുവിലയാഗമായി നൽകിയത്. (2 കൊരിന്ത്യർ 5:14) അതുകൊണ്ട്, ധനികരോടു പക്ഷപാതം കാണിക്കുന്നെങ്കിൽ, ‘ദാരിദ്ര്യത്താൽ നാം സമ്പന്നർ ആകേണ്ടതിന്നു ദരിദ്രനായിത്തീർന്ന’ ക്രിസ്തുവിന്റെ വിശ്വാസം വിട്ടകലുകയാകും. (2 കൊരിന്ത്യർ 8:9) നമുക്ക് ഒരിക്കലും ആളുകളെ അങ്ങനെ വിലയിരുത്താതിരിക്കാം, തെറ്റായ ആന്തരത്തോടെ ആളുകളെ ബഹുമാനിക്കാതിരിക്കാം. ദൈവം പക്ഷപാതമുള്ളവനല്ല, എന്നാൽ നാം പക്ഷപാതം കാണിക്കുന്നെങ്കിൽ, നാം “ന്യായരഹിതമായി വിധിക്കു”കയായിരിക്കും. (ഇയ്യോബ് 34:19) ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹമുണ്ടെങ്കിൽ, പക്ഷപാതം കാണിക്കുന്നതിനോ ‘കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി’ പറയുന്നതിനോ ഉള്ള പ്രലോഭനത്തിനു നാം തീർച്ചയായും വഴങ്ങുകയില്ല.—യൂദാ 4, 16.
5. ‘വിശ്വാസത്തിൽ സമ്പന്നരാ’യിരിക്കേണ്ടതിനു ദൈവം ആരെ തിരഞ്ഞെടുത്തിരിക്കുന്നു, ഭൗതികമായി സമ്പന്നരായിരിക്കുന്നവർ പലപ്പോഴും എങ്ങനെയാണു പ്രവർത്തിക്കുന്നത്?
5 യാക്കോബ് യഥാർഥ സമ്പന്നനെ തിരിച്ചറിയിച്ചിട്ട് എല്ലാവരോടും പക്ഷപാതമില്ലാതെ സ്നേഹം പ്രകടമാക്കാൻ ഉദ്ബോധിപ്പിക്കുന്നു. (യാക്കോബ് 2:5-9) ‘വിശ്വാസത്തിൽ സമ്പന്നരും രാജ്യത്തിന്റെ അവകാശികളുമായിരിക്കാൻ ദൈവം ദരിദ്രരെ തിരഞ്ഞെടുത്തിരിക്കുന്നു.’ ഇതിനു കാരണം സാധാരണമായി ദരിദ്രർ സുവാർത്തയോടു കൂടുതലായി പ്രതികരിക്കുന്നുവെന്നതാണ്. (1 കൊരിന്ത്യർ 1:26-29) സമ്പന്നവർഗം കടബാധ്യത, വേതനം, നിയമപരമായ നടപടികൾ എന്നിവയുടെ കാര്യത്തിൽ പൊതുവേ മറ്റുള്ളവരെ പീഡിപ്പിക്കുന്നു. അവർ ക്രിസ്തുവിനെക്കുറിച്ചു ദുഷിച്ചുസംസാരിക്കുകയും അവന്റെ നാമം വഹിക്കുന്നതുനിമിത്തം നമ്മെ പീഡിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അയൽക്കാരനോടുള്ള സ്നേഹം ആവശ്യമാക്കുന്ന “രാജകീയന്യായപ്രമാണം” അനുസരിക്കാൻ, ധനവാന്മാരെയും ദരിദ്രരെയും ഒരുപോലെ സ്നേഹിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. (ലേവ്യപുസ്തകം 19:18; മത്തായി 22:37-40) ദൈവം ഇത് ആവശ്യപ്പെടുന്നതുകൊണ്ട് പക്ഷപാതം കാണിക്കുന്നത് “പാപം ചെയ്യ”ലാകുന്നു.
“കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു”
6. മറ്റുള്ളവരോടു കരുണാപൂർവം ഇടപെട്ടിട്ടില്ലെങ്കിൽ, നാമെങ്ങനെ നിയമലംഘികളാകും?
6 കരുണയില്ലാതെ പക്ഷപാതം കാണിക്കുന്നെങ്കിൽ നാം നിയമലംഘികളാണ്. (യാക്കോബ് 2:10-13) ഈ സംഗതിയിൽ ഒരു തെറ്റായ പടി സ്വീകരിക്കുന്നതിലൂടെ, നാം എല്ലാ ദൈവനിയമങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവരാകും. വ്യഭിചാരം ചെയ്തില്ലെങ്കിലും മോഷണം നടത്തിയ ഇസ്രായേല്യർ മോശൈക ന്യായപ്രമാണ ലംഘകരായി. ക്രിസ്ത്യാനികളെന്ന നിലയിൽ, പുതിയ ഉടമ്പടിയുടെ നിയമം ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന, ആ ഉടമ്പടിപ്രകാരമുള്ള ആത്മീയ ഇസ്രായേൽ എന്ന “ഒരു സ്വതന്ത്രജനത്തിന്റെ നിയമ”ത്താൽ (NW) നാം ന്യായംവിധിക്കപ്പെടുന്നു.—യിരെമ്യാവു 31:31-33.
7. പക്ഷപാതം കാണിക്കുന്നതിൽ തുടരുന്നവർക്കു ദൈവത്തിൽനിന്നു കരുണ പ്രതീക്ഷിക്കാൻ കഴിയുകയില്ലാത്തതെന്തുകൊണ്ട്?
7 വിശ്വാസമുണ്ടെന്നു നാം അവകാശപ്പെടുകയും അതേസമയം പക്ഷപാതം കാണിക്കുന്നതിൽ തുടരുകയും ചെയ്താൽ, നമുക്കത് അപകടമാണ്. സ്നേഹശൂന്യർക്കും കരുണയില്ലാത്തവർക്കും കരുണാരഹിതന്യായവിധി ലഭിക്കും. (മത്തായി 7:1, 2) യാക്കോബ് പറയുന്നു: “കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.” നമ്മുടെ എല്ലാ ഇടപെടലുകളിലും കരുണ പ്രകടമാക്കിക്കൊണ്ട് നാം യഹോവയുടെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം സ്വീകരിക്കുന്നെങ്കിൽ, ന്യായവിധിയുടെ സമയത്ത് നാം കുറ്റംവിധിക്കപ്പെടുകയില്ല. മറിച്ച്, നാം കരുണ അനുഭവിക്കുകയും അങ്ങനെ കർശനനീതിയുടെമേൽ അല്ലെങ്കിൽ പ്രതികൂല ന്യായവിധിയുടെമേൽ ജയം നേടുകയും ചെയ്യും.
വിശ്വാസം ഉത്തമ പ്രവൃത്തികൾ ഉളവാക്കുന്നു
8. വിശ്വാസമുണ്ടെന്നു പറയുന്നെങ്കിലും പ്രവൃത്തികളില്ലാത്ത ഒരു വ്യക്തിയുടെ അവസ്ഥയെന്ത്?
8 നമ്മെ സ്നേഹവാന്മാരും കാരുണ്യവാന്മാരുമാക്കുന്നതിനുപുറമേ, വിശ്വാസം മറ്റ് ഉത്തമ പ്രവൃത്തികളും ഉളവാക്കുന്നു. (യാക്കോബ് 2:14-26) തീർച്ചയായും, വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതേസമയം പ്രവൃത്തികളില്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ, അതു നമ്മെ രക്ഷിക്കാൻ പോകുന്നില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളിലൂടെ ദൈവവുമായി നമുക്കു നീതിനിഷ്ഠമായ ഒരു നില സമ്പാദിക്കാനാവില്ലെന്നത് ശരിതന്നെ. (റോമർ 4:2-5) ഒരു നിയമ സംഹിതയാലല്ല, മറിച്ച് വിശ്വാസത്താലും സ്നേഹത്താലും പ്രചോദിതമായ പ്രവൃത്തിയെക്കുറിച്ചാണ് യാക്കോബ് പറയുന്നത്. അത്തരം ഗുണങ്ങളാൽ നാം പ്രേരിതരാകുന്നെങ്കിൽ, ദരിദ്രനായ ഒരു സഹാരാധകനു കേവലം ശുഭാശംസകൾ നേരുകയില്ല; ഭക്ഷണത്തിനും വസ്ത്രത്തിനുംവേണ്ടി കഷ്ടപ്പെടുന്ന ഒരു സഹോദരനോ സഹോദരിക്കോ നാം ഭൗതിക സഹായം നൽകും. യാക്കോബ് ചോദിക്കുന്നു: ‘ദരിദ്രനായ ഒരു സഹോദരനോടു നിങ്ങളിൽ ഒരുത്തൻ: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?’ ഒരു പ്രയോജനവുമില്ല. (ഇയ്യോബ് 31:16-22) അത്തരം “വിശ്വാസം” നിർജീവമാണ്!
9. നമുക്കു വിശ്വാസമുണ്ടെന്ന് എന്തു പ്രകടമാക്കുന്നു?
9 ദൈവജനവുമായി നാം കുറച്ചൊക്കെ സഹവസിക്കുന്നുണ്ടാകും, എന്നാൽ വിശ്വാസമുണ്ടെന്ന നമ്മുടെ അവകാശവാദത്തിനു കഴമ്പുണ്ടാകണമെങ്കിൽ, മുഴുഹൃദയത്തോടെയുള്ള പ്രവൃത്തികൾ ഉണ്ടായിരിക്കണം. ത്രിത്വ വിശ്വാസം തള്ളിക്കളഞ്ഞ് ഒരു സത്യദൈവമേയുള്ളുവെന്നു നാം വിശ്വസിക്കുന്നത് ഉത്തമംതന്നെ. എങ്കിലും, കേവലമായ അറിവ് വിശ്വാസമല്ല. നാശം വരുമെന്നതിനാൽ ‘പിശാചുകളും വിശ്വസിക്കുകയും’ ഭയന്നു ‘വിറെക്കുകയും ചെയ്യുന്നു.’ നമുക്കു യഥാർഥത്തിൽ വിശ്വാസമുണ്ടെങ്കിൽ, സുവാർത്ത പ്രസംഗിക്കൽ, ദരിദ്രരായ സഹവിശ്വാസികൾക്കു ഭക്ഷണവും വസ്ത്രവും നൽകൽ എന്നിവപോലുള്ള പ്രവൃത്തികൾ ചെയ്യാൻ അതു നമ്മെ പ്രേരിപ്പിക്കും. യാക്കോബ് ചോദിക്കുന്നു: “വ്യർത്ഥമനുഷ്യാ [ദൈവത്തെക്കുറിച്ചു സൂക്ഷ്മപരിജ്ഞാനമില്ലാത്തയാൾ], പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?” അതേ, വിശ്വാസം പ്രവൃത്തികൾ ആവശ്യമാക്കിത്തീർക്കുന്നു.
10. അബ്രാഹാമിനെ “വിശ്വാസമുള്ള എല്ലാവരുടെയും പിതാവ്” എന്നു വിളിക്കുന്നതെന്തുകൊണ്ട്?
10 ദൈവഭക്തനും ഗോത്രപിതാവുമായിരുന്ന അബ്രാഹാമിന്റെ വിശ്വാസം അവനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. “വിശ്വാസമുള്ള എല്ലാവരുടെയും പിതാവ്” എന്നനിലയിൽ, അവൻ ‘തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു.’ (റോമർ 4:11, 12, NW; ഉല്പത്തി 22:1-14) ദൈവത്തിനു യിസ്ഹാക്കിനെ പുനരുത്ഥാനപ്പെടുത്താനും അവനിലൂടെ സന്തതിയെക്കുറിച്ചുള്ള തന്റെ വാഗ്ദാനം നിവർത്തിക്കാനും കഴിയുമെന്നുള്ള വിശ്വാസം അബ്രാഹാമിനില്ലായിരുന്നെങ്കിലോ? അബ്രാഹാം ഒരിക്കലും തന്റെ പുത്രനെ ബലിയർപ്പിക്കാൻ ഒരുമ്പെടുമായിരുന്നില്ല. (എബ്രായർ 11:19) അബ്രാഹാമിന്റെ അനുസരണമുള്ള പ്രവൃത്തികളാലാണ് അവന്റെ “വിശ്വാസം പൂർണ്ണ”മാക്കപ്പെട്ടത്, അല്ലെങ്കിൽ തികവുള്ളതാക്കപ്പെട്ടത്. അതിനാൽ, “അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു [ഉല്പത്തി 15:6] നിവൃത്തിയായി.” യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ ഒരുമ്പെട്ടതിലെ അബ്രാഹാമിന്റെ പ്രവൃത്തികൾ അവൻ നീതിമാനായിരുന്നുവെന്ന് ദൈവം മുമ്പ് പ്രഖ്യാപിച്ചതിനെ ദൃഢീകരിച്ചു. വിശ്വാസത്തിന്റെ പ്രവൃത്തികളിലൂടെ, അവൻ ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കുകയും “ദൈവത്തിന്റെ സ്നേഹിതൻ” എന്നു വിളിക്കപ്പെടാനിടവരികയും ചെയ്തു.
11. രാഹാബിന്റെ കാര്യത്തിൽ വിശ്വാസത്തിന്റേതായ എന്തു തെളിവു നാം കാണുന്നു?
11 “മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു” എന്ന് അബ്രാഹാം തെളിയിച്ചു. യെരീഹോയിലെ ഒരു വേശ്യയായിരുന്ന രാഹാബിന്റെ കാര്യത്തിലും അതു ശരിയായിരുന്നു. അവൾ “[ഇസ്രായേല്യ] ദൂതരെ കൈക്കൊൾകയും” കനാന്യ ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ ‘വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു.’ ഇസ്രായേല്യ ചാരന്മാരെ കണ്ടുമുട്ടുന്നതിനുമുമ്പ്, അവൾ യഹോവയെ സത്യദൈവമായി തിരിച്ചറിഞ്ഞിരുന്നു. അതിനുശേഷമുള്ള അവളുടെ വാക്കുകളും വ്യഭിചാരവൃത്തി വിട്ടുകളഞ്ഞതും അവളുടെ വിശ്വാസത്തിനുള്ള തെളിവായി. (യോശുവ 2:9-11; എബ്രായർ 11:31) പ്രവൃത്തികളിലൂടെ പ്രകടമാക്കപ്പെട്ട വിശ്വാസത്തിന്റെ ഈ രണ്ടാമത്തെ ദൃഷ്ടാന്തത്തിനുശേഷം, യാക്കോബ് പറയുന്നു: “ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.” ഒരു വ്യക്തി മരിച്ചവനായിരിക്കുമ്പോൾ, അയാളിൽ ജീവിപ്പിക്കുന്ന ശക്തി, അല്ലെങ്കിൽ “ആത്മാവ്” ഇല്ല, അയാൾ യാതൊന്നും നിർവഹിക്കുന്നില്ല. കേവല വിശ്വാസം മൃതശരീരത്തെപ്പോലെ നിർജീവവും ഉപയോഗശൂന്യവുമാണ്. എന്നാൽ നമുക്കു യഥാർഥ വിശ്വാസമുണ്ടെങ്കിൽ, അതു നമ്മെ ദൈവിക പ്രവൃത്തിക്കു പ്രേരിപ്പിക്കും.
ആ നാവിനെ നിയന്ത്രിക്കുക!
12. സഭാ മൂപ്പന്മാർ എന്തു പരിഗണിക്കേണ്ടതുണ്ട്?
12 പ്രസംഗവും പഠിപ്പിക്കലും വിശ്വാസത്തിന്റെ തെളിവു പ്രദാനം ചെയ്യും, എന്നാൽ ഒരു കടിഞ്ഞാണിന്റെ ആവശ്യമുണ്ട്. (യാക്കോബ് 3:1-4) സഭയിൽ പഠിപ്പിക്കുന്നവരെന്ന നിലയിൽ, മൂപ്പന്മാർക്കു ഭാരിച്ച ഉത്തരവാദിത്വവും ദൈവത്തോട് വലിയ ബാധ്യതയുമുണ്ട്. അതുകൊണ്ട്, തങ്ങളുടെ ആന്തരങ്ങളും യോഗ്യതകളും അവർ താഴ്മയോടെ പരിശോധിക്കണം. അറിവും പ്രാപ്തിയും ഉണ്ടായിരിക്കുന്നതിനുപുറമേ, ഈ പുരുഷന്മാർക്ക് ദൈവത്തോടും സഹവിശ്വാസികളോടും ആഴമായ സ്നേഹവുമുണ്ടായിരിക്കണം. (റോമർ 12:3, 16; 1 കൊരിന്ത്യർ 13:3, 4) മൂപ്പന്മാർ തങ്ങളുടെ ബുദ്ധ്യുപദേശം തിരുവെഴുത്തുകളിലധിഷ്ഠിതമാക്കണം. ഒരു മൂപ്പൻ തെറ്റായ ഉപദേശങ്ങൾ നൽകുകയും അതു മറ്റുള്ളവർക്കു പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തെങ്കിൽ, ക്രിസ്തുവിലൂടെ അയാൾക്ക് ദൈവത്തിൽനിന്നുള്ള പ്രതികൂല ന്യായവിധി ഉണ്ടാകും. അതുകൊണ്ട്, മൂപ്പന്മാർ താഴ്മയുള്ളവരും പഠനതത്പരരും ദൈവവചനത്തോടു വിശ്വസ്തതയോടെ പറ്റിനിൽക്കുന്നവരും ആയിരിക്കണം.
13. നാം വാക്കിൽ തെറ്റുന്നതെന്തുകൊണ്ട്?
13 ഏറ്റവും മികച്ച ഉപദേഷ്ടാക്കന്മാർപോലും—വാസ്തവത്തിൽ നാമെല്ലാം—അപൂർണതനിമിത്തം “പലതിലും തെററിപ്പോകുന്നു.” വാക്കിൽ തെറ്റിപ്പോകുക എന്നത് കൂടെക്കൂടെ സംഭവിക്കുന്നതും അതേസമയം ഹാനികരമാകാവുന്നതുമായ ഒരു പിഴവാണ്. യാക്കോബ് പറയുന്നു: “ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള [“പൂർണതയുള്ള,” NW] പുരുഷൻ ആകുന്നു.” യേശുക്രിസ്തുവിൽനിന്നു വ്യത്യസ്തമായി, നമുക്കു നാവിന്മേൽ പൂർണ നിയന്ത്രണമില്ല. അതുണ്ടായിരുന്നെങ്കിൽ, ശരീരത്തിന്റെ മറ്റ് അവയവ അംഗങ്ങളെ നമുക്കു നിയന്ത്രിക്കാനാകുമായിരുന്നു. എന്തൊക്കെയായാലും, കടിഞ്ഞാണും കടിവാളവും നാം നയിക്കുന്നിടത്തേക്കു കുതിരയെ തിരിക്കുന്നു; ശക്തമായ കാറ്റിനാൽ മുന്നോട്ടുപോകുന്ന വലിയ നൗകയെ ഒരു ചെറിയ ചുക്കാൻകൊണ്ട് അമരക്കാരൻ ആഗ്രഹിക്കുന്നിടത്തേക്കു തിരിച്ചുവിടാനാകും.
14. നാവിനെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത് ആവശ്യമാണെന്ന് യാക്കോബ് ഊന്നിപ്പറയുന്നതെങ്ങനെ?
14 യഥാർഥ ശ്രമം ചെയ്യുന്നെങ്കിലേ നാവിനെ നിയന്ത്രിക്കാനാകൂ എന്നു നാം ആത്മാർഥമായി സമ്മതിക്കണം. (യാക്കോബ് 3:5-12) കുതിരയുമായുള്ള താരതമ്യത്തിൽ, കടിഞ്ഞാൺ ചെറുതാണ്; കപ്പലിനോടുള്ള താരതമ്യത്തിൽ ചുക്കാനും. മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ നാവ് ചെറുതെങ്കിലും, “വളരെ വമ്പു പറയുന്നു.” വമ്പു പറച്ചിൽ ദൈവത്തെ അപ്രീതിപ്പെടുത്തുന്നുവെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നതുകൊണ്ട്, അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നമുക്ക് അവന്റെ സഹായം തേടാം. (സങ്കീർത്തനം 12:3, 4; 1 കൊരിന്ത്യർ 4:7) കാടുമുഴുവൻ കത്താൻ ഒരു തീപ്പൊരി മതിയെന്ന് ഓർത്തുകൊണ്ട്, പ്രകോപിപ്പിക്കപ്പെടുമ്പോൾ നമുക്കു നാവിനു കടിഞ്ഞാണിടാം. യാക്കോബ് സൂചിപ്പിക്കുന്നതുപോലെ, “നാവും ഒരു തീ തന്നേ;” അതു വലിയ ദോഷം വരുത്താൻ കഴിവുള്ളതാണ്. (സദൃശവാക്യങ്ങൾ 18:21) യഥാർഥത്തിൽ അടക്കമില്ലാത്ത ഒരു നാവാണ് “അനീതിയുടെ ഒരു ലോകത്തിനു രൂപം നൽകി”യിരിക്കുന്നത്! (NW) ഈ അഭക്ത ലോകത്തിന്റെ സകല ദുഷ്ടസ്വഭാവവും അനിയന്ത്രിത നാവിനോടു ബന്ധപ്പെട്ടിരിക്കുന്നു. ദൂഷണവും വ്യാജപഠിപ്പിക്കലുംപോലുള്ള ഹാനികരമായ സംഗതികൾക്കെല്ലാം കാരണം അതാണ്. (ലേവ്യപുസ്തകം 19:16; 2 പത്രൊസ് 2:1) നിങ്ങളെന്തു വിചാരിക്കുന്നു? നാവിനെ നിയന്ത്രിക്കാൻ കഠിനശ്രമം ചെയ്യുന്നതിനു നമ്മുടെ വിശ്വാസം നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?
15. കടിഞ്ഞാണില്ലാത്ത നാവ് എന്തു ദ്രോഹം ചെയ്തേക്കാം?
15 കടിഞ്ഞാണില്ലാത്ത നാവ് നമ്മെ പൂർണമായും ‘മലിനമാക്കുന്നു.’ ഉദാഹരണത്തിന്, ആവർത്തിച്ചു നുണ പറഞ്ഞതിനു നാം പിടിക്കപ്പെടുന്നെങ്കിൽ, നാം നുണയന്മാരായി അറിയപ്പെട്ടേക്കാം. എന്നാൽ അടക്കമില്ലാത്ത നാവ് ‘ജീവചക്രത്തിന്നു തീ കൊളുത്തുന്ന’തെങ്ങനെയാണ്? ജീവിതത്തെ ഒരു ദൂഷിതവലയംപോലെയാക്കിക്കൊണ്ട്. ഒരു അനിയന്ത്രിത നാവു മുഖാന്തരം ഒരു സഭ മുഴുവൻ വിഷമത്തിലായേക്കാം. യാക്കോബ് “ഗീഹെന്നാ”യെ (NW), ഹിന്നോം താഴ്വരയെക്കുറിച്ചു സൂചിപ്പിക്കുന്നു. ഒരിക്കൽ ശിശുബലിക്കായി ഉപയോഗിച്ചിരുന്ന ആ സ്ഥലം യെരൂശലേമിലെ പാഴ്വസ്തുക്കൾ ദഹിപ്പിക്കുന്നതിനുള്ള സ്ഥലമായിത്തീർന്നു. (യിരെമ്യാവു 7:31) അതിനാൽ ഗീഹെന്നാ നാശത്തിന്റെ പ്രതീകമാണ്. ഒരർഥത്തിൽ, ഗീഹെന്നായുടെ നാശകരമായ ശക്തി അടക്കമില്ലാത്ത നാവിനു ബാധകമാണ്. നമ്മുടെ നാവിനു കടിഞ്ഞാണിടുന്നില്ലെങ്കിൽ, നാം തീകൊടുക്കുന്ന അതേ അഗ്നിതന്നെ നമ്മെ നശിപ്പിച്ചേക്കാം. (മത്തായി 5:22) ഒരാളെ അധിക്ഷേപിച്ചതിനു നാം ചിലപ്പോൾ സഭയിൽനിന്നു പുറത്താക്കപ്പെടുകപോലും ചെയ്തേക്കാം.—1 കൊരിന്ത്യർ 5:11-13.
16. അടക്കമില്ലാത്ത നാവു ദോഷം വരുത്തിവെച്ചേക്കാമെന്നതിനാൽ നാമെന്തു ചെയ്യണം?
16 ദൈവവചനം വായിക്കുന്നതിൽനിന്നു നമുക്കറിയാവുന്നതുപോലെ, മനുഷ്യൻ മൃഗസൃഷ്ടികളെ അധീനതയിലാക്കണമെന്ന് യഹോവ കൽപ്പിച്ചു. (ഉല്പത്തി 1:28) എല്ലാത്തരം ജീവികളെയും മെരുക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, കഴുകന്മാരെ പരിശീലിപ്പിച്ച് വേട്ടയാടുന്നതിന് ഉപയോഗിക്കാറുണ്ട്. യാക്കോബ് സൂചിപ്പിക്കുന്ന ‘ഇഴജാതികളി’ൽ പാമ്പാട്ടികളുടെ അധീനതയിലുള്ള സർപ്പങ്ങളും ഉൾപ്പെട്ടേക്കാം. (സങ്കീർത്തനം 58:4, 5) മനുഷ്യനു തിമിംഗലങ്ങളെവരെ നിയന്ത്രിക്കാൻ കഴിയും, എന്നാൽ പാപികളായ മനുഷ്യർക്കു നാവിനെ പൂർണമായി മെരുക്കാനാകില്ല. എന്നിരുന്നാലും, ദുഷിച്ചുപറയുന്ന, മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന, അല്ലെങ്കിൽ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നത് നാം ഒഴിവാക്കണം. അടക്കമില്ലാത്ത നാവ് മാരകവിഷം പുരട്ടിയ അപകടകരമായ ഒരു ആയുധംപോലെ ആയിരുന്നേക്കാം. (റോമർ 3:13) സങ്കടകരമെന്നു പറയട്ടെ, വ്യാജോപദേഷ്ടാക്കളുടെ നാവുകൾ ചില ആദിമ ക്രിസ്ത്യാനികളെ ദൈവത്തിൽനിന്ന് അകറ്റിക്കളഞ്ഞു. അതുകൊണ്ട് വിശ്വാസത്യാഗികൾ പറയുന്നതോ എഴുതിവിടുന്നതോ ആയ വിഷലിപ്തമായ വാക്കുകൾ നമ്മെ സ്വാധീനിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്.—1 തിമൊഥെയൊസ് 1:18-20; 2 പത്രൊസ് 2:1-3.
17, 18. യാക്കോബ് 3:9-12-ൽ എന്തു പൊരുത്തക്കേട് സൂചിപ്പിച്ചിരിക്കുന്നു, ഇക്കാര്യത്തിൽ നാമെന്തു ചെയ്യണം?
17 ദൈവത്തിലുള്ള വിശ്വാസവും അവനെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹവും നമ്മെ വിശ്വാസത്യാഗത്തിൽനിന്നു സംരക്ഷിക്കുകയും തോന്നുംവിധം നാവിനെ ഉപയോഗിക്കുന്നതിൽനിന്നു തടയുകയും ചെയ്യും. ഇക്കാര്യത്തിൽ ചിലർക്കുള്ള പൊരുത്തക്കേടിനെ പരാമർശിച്ചുകൊണ്ട്, യാക്കോബ് പറയുന്നു: ‘നാവിനാൽ നാം പിതാവായ യഹോവയെ സ്തുതിക്കുകയും ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.’ (ഉല്പത്തി 1:26) “എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്ന”തിനാൽ യഹോവ നമ്മുടെ പിതാവാണ്. (പ്രവൃത്തികൾ 17:24, 25) ആത്മീയ അർഥത്തിൽ അവൻ അഭിഷിക്ത ക്രിസ്ത്യാനികളുടെയും പിതാവാണ്. മൃഗങ്ങളിൽനിന്നു നമ്മെ വ്യത്യസ്തരാക്കുന്ന സ്നേഹം, നീതി, ജ്ഞാനം എന്നിവയുൾപ്പെടെ മാനസികവും ധാർമികവുമായ ഗുണങ്ങളുടെ കാര്യത്തിൽ, നാമെല്ലാവരും “ദൈവത്തിന്റെ സാദൃശ്യത്തി”ലുള്ളവരാണ്. അതുകൊണ്ട് നമുക്കു യഹോവയിൽ വിശ്വാസമുണ്ടെങ്കിൽ നാമെങ്ങനെ പ്രവർത്തിക്കണം?
18 നാം മനുഷ്യരെ ശപിക്കുന്നെങ്കിൽ, അതിനർഥം അവരുടെമേൽ അനർഥം വരാൻ അപേക്ഷിക്കുന്നു എന്നാണ്. ആരുടെയെങ്കിലുംമേൽ അനർഥം അപേക്ഷിച്ചുവരുത്താൻ നാം ദിവ്യനിശ്വസ്തതയുള്ള പ്രവാചകന്മാരല്ല, അതുകൊണ്ട് അത്തരം വാക്കുകൾ വിദ്വേഷമുണ്ടെന്നുള്ളതിനു തെളിവാകുകയേ ഉള്ളൂ. അത് നമ്മുടെ ദൈവാരാധനയെ വ്യർഥമാക്കും. ഒരു വായിൽനിന്നുതന്നേ “സ്തോത്രവും ശാപവും” പുറപ്പെടുന്നത് ഉചിതമല്ല. (ലൂക്കൊസ് 6:27, 28; റോമർ 12:14, 17-21; യൂദാ 9) യോഗങ്ങളിൽ ദൈവത്തിനു സ്തുതികൾ ആലപിക്കുകയും പിന്നീട് സഹവിശ്വാസികളെക്കുറിച്ചു ദൂഷണം പറയുകയും ചെയ്യുന്നത് എത്ര പാപകരം! ഒരേ ഉറവയിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെടില്ല. “അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കു”കയില്ലാത്തതുപോലെ ഉപ്പുറവയിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നല്ലതു സംസാരിക്കേണ്ട നാം നിരന്തരം സംസാരിക്കുന്നത് ഹാനികരമായ വാക്കുകളാണെങ്കിൽ ആത്മീയമായി എന്തോ കുഴപ്പമുണ്ട്. അങ്ങനെയൊരു ശീലം നമുക്കുണ്ടെങ്കിൽ, ആ വിധത്തിൽ സംസാരിക്കുന്നതു നിർത്താൻ യഹോവയുടെ സഹായത്തിനായി നമുക്കു പ്രാർഥിക്കാം.—സങ്കീർത്തനം 39:1.
ഉയരത്തിൽനിന്നുള്ള ജ്ഞാനത്തോടെ പ്രവർത്തിക്കുവിൻ
19. സ്വർഗീയ ജ്ഞാനത്താൽ നയിക്കപ്പെടുന്നെങ്കിൽ, നാം മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചേക്കാം?
19 വിശ്വാസമുള്ളവർക്കു യോജിച്ചരീതിയിൽ സംസാരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നമുക്കെല്ലാം ജ്ഞാനം ആവശ്യമാണ്. (യാക്കോബ് 3:13-18) നമുക്കു ദൈവത്തോടു ഭയഭക്തിയുള്ളപ്പോൾ, അവൻ നമുക്കു സ്വർഗീയ ജ്ഞാനം, അതായത് അറിവ് ശരിയായ വിധത്തിൽ ഉപയോഗിക്കാനുള്ള പ്രാപ്തി നൽകും. (സദൃശവാക്യങ്ങൾ 9:10; എബ്രായർ 5:14) നാം “ജ്ഞാനലക്ഷണമായ സൌമ്യത” പ്രകടമാക്കേണ്ടതെങ്ങനെയെന്ന് അവന്റെ വചനം നമ്മെ പഠിപ്പിക്കുന്നു. സൗമ്യരായിരിക്കുമ്പോൾ, നമുക്കു സഭയിലെ സമാധാനം ഉന്നമിപ്പിക്കാനാകും. (1 കൊരിന്ത്യർ 8:1, 2) സഹവിശ്വാസികളുടെമേൽ വലിയ ഉപദേഷ്ടാക്കന്മാരാണെന്നു വമ്പുപറയുന്നവർ ആരായാലും അവർ അഹങ്കാരത്തെ കുറ്റംവിധിക്കുന്ന ‘ക്രിസ്തീയ സത്യത്തിനെതിരായി ഭോഷ്കു’പറയുകയാണ്. (ഗലാത്യർ 5:26) അവരുടെ “ജ്ഞാനം” ‘ഭൗമിക’മാണ്—ദൈവത്തിൽനിന്ന് അന്യപ്പെട്ട പാപികളായ മനുഷ്യരുടെ സ്വഭാവപ്രകാരമുള്ളതാണ്. ജഡിക പ്രവണതകളുടെ നിർമിതിയായതിനാൽ അതു “പ്രാകൃത”മാണ് [“മൃഗീയമാണ്,” NW]. അതു “പൈശാചികവു”മാണ്, എന്തെന്നാൽ ദുഷ്ടാത്മാക്കൾ അഹങ്കാരികളാണ്! (1 തിമൊഥെയൊസ് 3:6) അതുകൊണ്ടു നമുക്കു ജ്ഞാനത്തോടെയും താഴ്മയോടെയും പ്രവർത്തിക്കാം, അങ്ങനെയാകുമ്പോൾ ദൂഷണവും പക്ഷപാതവുംപോലുള്ള ‘ദുഷ്പ്രവൃത്തികൾ’ തഴച്ചുവളരുന്ന ഒരു സാഹചര്യം ഉടലെടുക്കാൻ നാം ഇടവരുത്തുകയില്ല.
20. നിങ്ങൾ സ്വർഗീയ ജ്ഞാനത്തെ എങ്ങനെ വർണിക്കും?
20 “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മല”മാണ്, അതു നമ്മെ ധാർമികമായും ആത്മീയമായും ശുദ്ധരാക്കുന്നു. (2 കൊരിന്ത്യർ 7:11) സമാധാനം പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നതുകൊണ്ട്, അതു “സമാധാന”പരമാണ്. (എബ്രായർ 12:14) സ്വർഗീയ ജ്ഞാനം നമ്മെ കടുംപിടുത്തക്കാരും ഇടപെടാൻ പ്രയാസമുള്ളവരും ആക്കുന്നില്ല, മറിച്ച് “ന്യായബോധമുള്ള”വരാക്കുന്നു (NW). (ഫിലിപ്പിയർ 4:5) ഉയരത്തിൽനിന്നുള്ള ജ്ഞാനം “അനുസരിക്കാൻ ഒരുക്കമുള്ള”താണ് (NW), അങ്ങനെ അത് ദിവ്യബോധനത്തോടുള്ള അനുസരണവും യഹോവയുടെ സ്ഥാപനത്തോടുള്ള സഹകരണവും ഉന്നമിപ്പിക്കുന്നു. (റോമർ 6:17) ഉയരത്തിൽനിന്നുള്ള ജ്ഞാനം നമ്മെ കരുണയും അനുകമ്പയുമുള്ളവരാക്കുന്നു. (യൂദാ 22, 23) ‘സൽഫലങ്ങൾ’ നിറഞ്ഞതാകയാൽ അതു മറ്റുള്ളവരോടു താത്പര്യമെടുക്കുന്നതിനും നന്മ, നീതി, സത്യം എന്നിവയുമായി യോജിപ്പിലുള്ള പ്രവർത്തനങ്ങൾക്കും പ്രചോദനമേകും. (എഫെസ്യർ 5:9) സമാധാനമുണ്ടാക്കുന്നവർ എന്നനിലയിൽ, നാം സമാധാനപൂർണമായ അവസ്ഥയിൻകീഴിൽ തഴച്ചുവളരുന്ന “നീതി എന്ന ഫലം” ആസ്വദിക്കുന്നു.
21. യാക്കോബ് 2:1–3:18 പറയുന്നതനുസരിച്ച്, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഏതു പ്രവൃത്തികൾക്കായി നമ്മെ പ്രേരിപ്പിക്കണം?
21 അപ്പോൾ, വ്യക്തമായും വിശ്വാസം നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു. അതു നമ്മെ നിഷ്പക്ഷരും കരുണയുള്ളവരും സത്പ്രവൃത്തികളിൽ ഊർജസ്വലരുമാക്കുന്നു. നാവിനെ നിയന്ത്രിക്കാനും സ്വർഗീയ ജ്ഞാനത്തോടെ പ്രവർത്തിക്കാനും വിശ്വാസം നമ്മെ സഹായിക്കുന്നു. എന്നാൽ അതു മാത്രമല്ല നമുക്ക് ഈ ലേഖനത്തിൽനിന്നു പഠിക്കാൻ സാധിക്കുന്നത്. യഹോവയിൽ വിശ്വാസമുള്ളവർക്കു യോജിച്ചവിധം പെരുമാറാൻ നമ്മെ സഹായിക്കുന്ന കൂടുതലായ ബുദ്ധ്യുപദേശവും യാക്കോബിന്റെ പക്കലുണ്ട്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ പക്ഷപാതം കാണിക്കുന്നത് തെറ്റായിരിക്കുന്നതെന്തുകൊണ്ട്?
□ വിശ്വാസവും പ്രവൃത്തികളും ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
□ നാവിനെ നിയന്ത്രിക്കുന്നത് വളരെ പ്രാധാന്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
□ സ്വർഗീയ ജ്ഞാനം എന്താണ്?