ആദിമ ക്രിസ്ത്യാനിത്വവും രാഷ്ട്രവും
തന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്കുമുമ്പ്, യേശു തന്റെ ശിഷ്യന്മാരോടായി പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല, എന്നാൽ നിങ്ങളെ ഞാൻ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നു, ഇക്കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹന്നാൻ 15:19, NW) എന്നാൽ ക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ അധികാരികളോട് ഒരു ശത്രുതാ മനോഭാവം സ്വീകരിക്കണമെന്ന് ഇതിന് അർഥമുണ്ടോ?
ലൗകികരല്ല, എന്നാൽ ശത്രുക്കളുമല്ല
റോമിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികളോടു പൗലോസ് അപ്പോസ്തലൻ പറഞ്ഞു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമർ 13:1) സമാനമായി പത്രോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “ഉന്നതാധികാരിയായ രാജാവോ, ദുഷ്കർമ്മികളെ ശിക്ഷിക്കാനും സൽക്കർമ്മികളെ പ്രശംസിക്കാനുമായി രാജാവിനാൽ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും, നിങ്ങൾ കർത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കുവിൻ.” (1 പത്രോസ് 2:13, 14, പി.ഒ.സി. ബൈബിൾ) രാഷ്ട്രത്തോടും നിയമാനുസൃതമായി നിയമിതരായ അതിന്റെ പ്രതിനിധികളോടുമുള്ള വിധേയത്വം ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ വ്യക്തമായും അംഗീകരിക്കപ്പെട്ടിരുന്ന ഒരു തത്ത്വമായിരുന്നു. നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കാനും എല്ലാ മനുഷ്യരോടും സമാധാനത്തിൽ കഴിഞ്ഞുകൂടാനും പരിശ്രമിച്ചവരായിരുന്നു അവർ.—റോമർ 12:18.
ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ “സഭയും രാഷ്ട്രവും” എന്ന ശീർഷകത്തിൻ കീഴിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എഡി ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ക്രിസ്തീയ സഭ മിക്കവാറും ഔദ്യോഗിക റോമൻ സമൂഹത്തിൽനിന്നു ഒഴിഞ്ഞുനിന്നിരുന്നു . . . എന്നിരുന്നാലും, ക്രിസ്തീയ നേതാക്കന്മാർ . . . ക്രിസ്തീയ വിശ്വാസം അനുവദിക്കുന്ന പരിധിക്കുള്ളിൽനിന്നുകൊണ്ടു റോമൻ നിയമത്തോട് അനുസരണവും ചക്രവർത്തിയോടു വിശ്വസ്തതയും പഠിപ്പിച്ചു.”
ബഹുമാനം, ആരാധനയല്ല
ക്രിസ്ത്യാനികൾ റോമാ ചക്രവർത്തിയുടെ വിരോധികളായിരുന്നില്ല. അവർ അദ്ദേഹത്തിന്റെ അധികാരത്തെ ആദരിക്കുകയും പദവിക്ക് അർഹമായ ബഹുമാനം അദ്ദേഹത്തിനു കൊടുക്കുകയും ചെയ്തു. നീറോ ചക്രവർത്തിയുടെ ഭരണകാലത്ത്, റോമാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്കു പത്രോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “എല്ലാവരെയും ബഹുമാനിപ്പിൻ . . . രാജാവിനെ ബഹുമാനിപ്പിൻ.” (1 പത്രൊസ് 2:17) ഗ്രീക്കു സംസാരിക്കുന്ന ലോകത്തു പ്രാദേശിക രാജാക്കന്മാർക്കുമാത്രമല്ല റോമാ ചക്രവർത്തിക്കും “രാജാവ്” എന്ന പദംതന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തു ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ പൗലോസ് അപ്പോസ്തലൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; . . . മാനം കാണിക്കേണ്ടവന്നു മാനം.” (റോമർ 13:7) റോമാ ചക്രവർത്തി തീർച്ചയായും ബഹുമാനം ആവശ്യപ്പെട്ടിരുന്നു. കാലക്രമത്തിൽ അദ്ദേഹം ആരാധനപോലും ആവശ്യപ്പെട്ടു. എന്നാൽ, ഇവിടെ ആദിമ ക്രിസ്ത്യാനികൾ അതിർത്തിരേഖ വരച്ചു.
പൊ.യു. (പൊതുയുഗം) രണ്ടാം നൂറ്റാണ്ടിൽ ഒരു റോമൻ ഗവർണറുടെ മുമ്പാകെയുള്ള തന്റെ വിചാരണവേളയിൽ പോളിക്കാർപ്പ് ഇങ്ങനെ പ്രഖ്യാപിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “ഞാൻ ഒരു ക്രിസ്ത്യാനിയാണ്. . . . ദൈവം സ്ഥാപിച്ചിരിക്കുന്ന ശക്തികൾക്കും അധികാരങ്ങൾക്കും . . . അർഹിക്കുന്ന മുഴുബഹുമാനവും കൊടുക്കാനാണു ഞങ്ങളെ പഠിപ്പിക്കുന്നത്.” എന്നിരുന്നാലും ചക്രവർത്തിയെ ആരാധിക്കുന്നതിനെക്കാളും മരിക്കുന്നതിനാണു പോളിക്കാർപ്പു തീരുമാനിച്ചത്. രണ്ടാം നൂറ്റാണ്ടിലെ വിശ്വാസപ്രതിവാദിയായ, അന്ത്യോക്യയിലെ തിയോഫിലസ് എഴുതി: “ഞാൻ ചക്രവർത്തിയെ ബഹുമാനിക്കും, മറിച്ച് തീർച്ചയായും അദ്ദേഹത്തെ ആരാധിക്കുകയില്ല, എന്നാൽ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുന്നതാണ്. അതേസമയം ഞാൻ ദൈവത്തെ, ജീവനുള്ള സത്യദൈവത്തെ ആരാധിക്കുന്നു.”
ചക്രവർത്തിയെക്കുറിച്ചുള്ള ഉചിതമായ പ്രാർഥനകൾക്ക് ഒരുതരത്തിലും ചക്രവർത്തിയാരാധനയുമായോ ദേശീയവാദവുമായോ ബന്ധമുണ്ടായിരുന്നില്ല. അവയുടെ ഉദ്ദേശ്യം പൗലോസ് അപ്പോസ്തലൻ ഇങ്ങനെ വിശദീകരിച്ചു: “എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.”—1 തിമൊഥെയൊസ് 2:1, 2.
“സമൂഹത്തിന്റെ ഓരത്ത്”
ആദിമ ക്രിസ്ത്യാനികളുടെ ഭാഗത്തെ ഈ ആദരപൂർവകമായ നടത്ത തങ്ങൾ ജീവിച്ച ലോകത്തിന്റെ സൗഹൃദം അവർക്കു കൈവരുത്തിയില്ല. ആദിമ ക്രിസ്ത്യാനികൾ “സമൂഹത്തിന്റെ ഓരത്ത് ജീവിച്ചവരായിരുന്നു”വെന്നു ഫ്രഞ്ച് ചരിത്രകാരനായ എ. അമാൻ വിവരിക്കുന്നു. വാസ്തവത്തിൽ, യഹൂദർ, റോമാക്കാർ എന്നീ രണ്ടു സമൂഹങ്ങളുടെ ഓരത്തു ജീവിച്ച അവർ രണ്ടുകൂട്ടരിൽനിന്നും വളരെ മുൻവിധികളും തെറ്റിദ്ധാരണകളും ഏറ്റുവാങ്ങി.
ഉദാഹരണത്തിന്, യഹൂദ നേതാക്കന്മാർ പൗലോസ് അപ്പോസ്തലനെ തെറ്റായി കുറ്റംവിധിച്ചപ്പോൾ, അവൻ റോമൻ ഗവർണറുടെ മുമ്പാകെ പ്രതിവാദം ചെയ്തുകൊണ്ട് പ്രസ്താവിച്ചു: “യഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. . . . ഞാൻ കൈസരെ അഭയംചൊല്ലുന്നു”! (പ്രവൃത്തികൾ 25:8, 12) യഹൂദന്മാർ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നു മനസ്സിലാക്കി പൗലോസ് നീറോയുടെ അടുക്കൽ ഉപരിവിചാരണ ആവശ്യപ്പെട്ടു, അങ്ങനെ റോമൻ ചക്രവർത്തിയുടെ അധികാരം അംഗീകരിച്ചു. അതേത്തുടർന്ന്, റോമിലെ അവന്റെ ആദ്യവിചാരണയിങ്കൽ, പൗലോസ് കുറ്റവിമുക്തനാക്കപ്പെട്ടതായി കാണുന്നു. എന്നാൽ പിന്നീട് അവനെ വീണ്ടും തടവിലാക്കി. പാരമ്പര്യം പറയുന്നതനുസരിച്ച്, നീറോയുടെ കൽപ്പനയാൽ അവൻ വധിക്കപ്പെട്ടു.
റോമാ സമൂഹത്തിൽ ആദിമ ക്രിസ്ത്യാനികളുടെ ദുഷ്കരമായ സ്ഥാനം സംബന്ധിച്ച്, സമുദായശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായ ഏൺസ്റ്റ് ട്രോൽറ്റ്ക് എഴുതി: “വിഗ്രഹാരാധനയുമായോ ചക്രവർത്തിയാരാധനയുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്ന എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ജീവിതവൃത്തികളും, അല്ലെങ്കിൽ രക്തംചൊരിയലുമായോ വധശിക്ഷയുമായോ ക്രിസ്ത്യാനികളെ പുറജാതീയ അധാർമികതയുമായി സമ്പർക്കത്തിൽ വരുത്തുന്നവയുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്ന എന്തും അവർ ഒഴിവാക്കിയിരുന്നു.” ഈ നിലപാടു മുഖാന്തരം ക്രിസ്ത്യാനികൾക്കും രാഷ്ട്രത്തിനും ഇടയിൽ സമാധാനപൂർണവും പരസ്പരാദരപൂർവകവുമായ ബന്ധത്തിനു സ്ഥാനം ഉണ്ടായിരുന്നില്ലേ?
“കൈസർക്കുള്ളതു” കൈസർക്കു കൊടുക്കൽ
“കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു പ്രഖ്യാപിച്ചുകൊണ്ട് റോമൻ രാഷ്ട്രത്തോടോ, അല്ലെങ്കിൽ ഇക്കാര്യത്തിൽ വേറെ ഏതു ഗവൺമെൻറിനോടോ ഉള്ള ബന്ധത്തിൽ ക്രിസ്ത്യാനികളുടെ നടത്തയെ നിയന്ത്രിക്കുന്ന പ്രമാണസൂത്രം യേശു പ്രദാനം ചെയ്യുകയുണ്ടായി. (മത്തായി 22:21) യേശുവിന്റെ അനുഗാമികൾക്കുള്ള ഈ ബുദ്ധ്യുപദേശം റോമൻ ആധിപത്യത്തെ ചെറുക്കുകയും ഒരു വിദേശ ശക്തിക്കു നികുതി കൊടുക്കുന്നതിലെ നിയമസാധുതയ്ക്കെതിരെ പോരാടുകയും ചെയ്തിരുന്ന ദേശീയവാദികളായ അനേകം യഹൂദരുടെ മനോഭാവത്തിനു നേർവിപരീതമായിരുന്നു.
പിൽക്കാലത്ത്, പൗലോസ് റോമിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികളോടു പറഞ്ഞു: “അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ [ഗവൺമെന്റുകളായ “ശ്രേഷ്ഠാധികാരങ്ങൾ”] ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു. എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം.” (റോമർ 13:5-7) ക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗം അല്ലാതിരിക്കുമ്പോൾത്തന്നെ, രാഷ്ട്രം ചെയ്തുതരുന്ന സേവനങ്ങൾക്കു വില നൽകിക്കൊണ്ടു സത്യസന്ധരായിരിക്കുന്നതിനും നികുതിദായകരായ പൗരന്മാരായിരിക്കുന്നതിനുമുള്ള കടപ്പാട് അവർക്കുണ്ട്.—യോഹന്നാൻ 17:16.
എന്നാൽ യേശുവിന്റെ വാക്കുകൾ ബാധിക്കുന്നതു നികുതികൾ കൊടുക്കലിനെ മാത്രമാണോ? കൈസർക്കുള്ളതും ദൈവത്തിനുള്ളതും കൃത്യമായി എന്തെല്ലാമാണെന്നു യേശു നിർവചിക്കാഞ്ഞതുകൊണ്ട്, സാഹചര്യമനുസരിച്ച്, അല്ലെങ്കിൽ മുഴു ബൈബിളിനെക്കുറിച്ചു നമുക്കുള്ള ഗ്രാഹ്യമനുസരിച്ചു തീരുമാനമെടുക്കേണ്ടതായ അഗ്രസ്പർശിയായ സംഗതികളുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു ക്രിസ്ത്യാനി കൈസർക്കു കൊടുക്കാവുന്ന സംഗതികൾ എന്തെല്ലാമെന്നു തീരുമാനിക്കുന്നതിൽ ബൈബിൾതത്ത്വങ്ങളാൽ പ്രബുദ്ധമാക്കപ്പെട്ടപ്രകാരമുള്ള ക്രിസ്ത്യാനിയുടെ മനസ്സാക്ഷി ചിലപ്പോൾ ഉൾപ്പെട്ടേക്കാം.
രണ്ടു മത്സരാത്മക ആവശ്യങ്ങൾക്കിടയിൽ ശ്രദ്ധാപൂർവകമായ സമനില
കൈസർക്കുള്ളതു കൈസർക്കു തിരിച്ചുകൊടുക്കണമെന്നു പ്രസ്താവിച്ചശേഷം “ദൈവത്തിന്നുള്ളതു ദൈവത്തിന്നും [തിരിച്ചു]കൊടുപ്പിൻ” എന്നു യേശു കൂട്ടിച്ചേർത്തുവെന്ന് അനേകരും മറന്നുപോകുന്നു. ക്രിസ്ത്യാനികളുടെ മുൻഗണന ആരോടാണെന്നു പത്രോസ് അപ്പോസ്തലൻ പ്രകടമാക്കുകയുണ്ടായി. “രാജാവി”നോടും, അല്ലെങ്കിൽ ചക്രവർത്തിയോടും അവന്റെ “നാടുവാഴിക”ളോടുമുള്ള കീഴ്പെടലിനായി ബുദ്ധ്യുപദേശിച്ചതിനുശേഷം ഉടൻതന്നെ പത്രോസ് എഴുതി: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.” (1 പത്രൊസ് 2:16, 17) മനുഷ്യഭരണാധിപന്റെയല്ല, ദൈവത്തിന്റെ അടിമകളാണു ക്രിസ്ത്യാനികൾ എന്ന് അപ്പോസ്തലൻ പ്രകടമാക്കി. അവർ രാഷ്ട്രത്തിന്റെ പ്രതിനിധികളോട് ഉചിതമായ ബഹുമാനവും ആദരവും പ്രകടമാക്കണം. അതേസമയം, പരമോന്നതമായ നിയമങ്ങളുള്ള ദൈവത്തെ ഭയപ്പെട്ടുകൊണ്ടായിരിക്കണം അവർ അങ്ങനെ ചെയ്യേണ്ടത്.
വർഷങ്ങൾക്കുമുമ്പുതന്നെ, മനുഷ്യനിയമങ്ങളുടെ മേൽ ദൈവനിയമത്തിനുള്ള ശ്രേഷ്ഠത പത്രോസ് വ്യക്തമാക്കിയിരുന്നു. റോമാക്കാർ സിവിലും മതപരവുമായ അധികാരം നൽകിയിരുന്ന ഒരു ഭരണസംഘമായിരുന്നു യഹൂദ സൻഹെദ്രീം. ക്രിസ്തുവിന്റെ നാമത്തിൽ പ്രസംഗിക്കുന്നതു നിർത്താൻ യേശുവിന്റെ അനുഗാമികളോട് അതു കൽപ്പിച്ചപ്പോൾ, പത്രോസും മറ്റ് അപ്പോസ്തലന്മാരും ആദരപൂർവം, അതേസമയം ദൃഢതയോടെ, ഇങ്ങനെ പ്രതിവചിച്ചു: “ഞങ്ങൾ മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.” (പ്രവൃത്തികൾ 5:29, NW) വ്യക്തമായും, ആദിമ ക്രിസ്ത്യാനികൾ ദൈവത്തോടുള്ള അനുസരണത്തിനും മനുഷ്യ അധികാരികളോടുള്ള ഉചിതമായ കീഴ്പെടലിനും ഇടയിൽ ശ്രദ്ധാപൂർവമായ ഒരു സമനില കാത്തുസൂക്ഷിക്കണമായിരുന്നു. പൊ.യു. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത്, തെർത്തുല്യൻ അതിനെ ഇപ്രകാരം വർണിച്ചു: “എല്ലാം കൈസർക്കുള്ളതാണെങ്കിൽ, ദൈവത്തിന് എന്താ ശേഷിക്കുക?”
രാഷ്ട്രവുമായി വിട്ടുവീഴ്ച
സമയം കടന്നുപോയതോടെ, രാഷ്ട്രത്തോടുള്ള ബന്ധത്തിൽ ഒന്നാംനൂറ്റാണ്ടു ക്രിസ്ത്യാനികൾ കൈക്കൊണ്ടിരുന്ന നിലപാടു ക്രമേണ ദുർബലമായി. യേശുവും അപ്പോസ്തലന്മാരും മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ചു. (മത്തായി 13:37, 38; പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:3-12; 2 പത്രൊസ് 2:1-3) വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം റോമൻ ലോകവുമായി വിട്ടുവീഴ്ചകൾ ചെയ്തു, അതിന്റെ പുറജാതീയ ഉത്സവങ്ങളും തത്ത്വശാസ്ത്രവും കൈക്കൊണ്ടു, സിവിൽ സേവനത്തിൽ മാത്രമല്ല, സൈനിക സേവനത്തിലും ഏർപ്പെട്ടു.
പ്രൊഫെസർ ട്രോൽറ്റ്ക് എഴുതി: “മൂന്നാം നൂറ്റാണ്ടുമുതൽ സ്ഥിതിവിശേഷം കൂടുതൽ ദുഷ്കരമായി, കാരണം സമൂഹത്തിന്റെ ഉന്നത ശ്രേണികളിലും പ്രമുഖ ജോലികളിലും സൈന്യത്തിലും ഔദ്യോഗിക വൃത്തങ്ങളിലും ക്രിസ്ത്യാനികളുടെ എണ്ണം വളരെയധികം വർധിച്ചു. [ബൈബിളിലില്ലാത്ത] ക്രിസ്തീയ എഴുത്തുകളിൽ പല ഖണ്ഡികകളിലും ഈ വക സംഗതികളിൽ പങ്കുപറ്റുന്നതിനെതിരെ രോഷംകലർന്ന പ്രതിഷേധങ്ങളുണ്ട്. അതേസമയം, വിട്ടുവീഴ്ച ചെയ്യാനുള്ള ശ്രമങ്ങളും—അസ്വസ്ഥമായ മനസ്സാക്ഷിക്കു സ്വാന്തനമേകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന വാദഗതികളും—നാം കാണുന്നു . . . കോൺസ്റ്റന്റയിന്റെ കാലംമുതൽ ഈ വിഷമതകൾ അപ്രത്യക്ഷമായി; ക്രിസ്ത്യാനികളും പുറജാതികളുംതമ്മിലുള്ള ഉരസൽ അവസാനിച്ചു, രാഷ്ട്രത്തിലെ എല്ലാ ഉദ്യോഗങ്ങളും ലഭ്യമാക്കപ്പെട്ടു.”
പൊ.യു. നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ, മായംചേർക്കപ്പെട്ട, വീട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ഈ ക്രിസ്ത്യാനിത്വം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിത്തീർന്നു.
കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് സഭകളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ക്രൈസ്തവലോകം അതിന്റെ ചരിത്രത്തിലുടനീളം രാഷ്ട്രീയത്തിൽ ആഴമായി ഉൾപ്പെട്ടും യുദ്ധങ്ങളെ പിന്തുണച്ചും രാഷ്ട്രവുമായി വിട്ടുവീഴ്ച ചെയ്യുന്നതിൽ തുടർന്നിരിക്കുന്നു. ഇതിൽ പകെച്ചുപോയിട്ടുള്ള ആത്മാർഥരായ അനേകം പള്ളിയംഗങ്ങൾ രാഷ്ട്രവുമായുള്ള ബന്ധത്തിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ നിലപാടു നിലനിർത്തുന്ന ക്രിസ്ത്യാനികൾ ഇന്നുമുണ്ടെന്ന് അറിയുന്നതിൽ നിസ്സംശയമായും സന്തുഷ്ടരായിരിക്കും. പിൻവരുന്ന രണ്ടു ലേഖനങ്ങൾ ഈ സംഗതി കൂടുതൽ വിശദമായി ചർച്ചചെയ്യുന്നതാണ്.
[5-ാം പേജിലെ ചിത്രം]
നീറോ കൈസരിനെക്കുറിച്ച് പത്രോസ് എഴുതി: “രാജാവിനെ ബഹുമാനിപ്പിൻ”
[കടപ്പാട]
Musei Capitolini, Roma
[6-ാം പേജിലെ ചിത്രം]
ചക്രവർത്തിയെ ആരാധിക്കുന്നതിനെക്കാൾ പോളിക്കാർപ്പു മരിക്കാൻ തീരുമാനിച്ചു
[7-ാം പേജിലെ ചിത്രം]
ആദിമ ക്രിസ്ത്യാനികൾ ശാന്തശീലരും സത്യസന്ധരും നികുതിദായകരുമായ പൗരന്മാരായിരുന്നു