ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഒക്ടോബർ 7-13
വയൽസേവനത്തിനു സജ്ജരാകാം
നമ്മുടെ പാപങ്ങൾ ഏറ്റുപറയേണ്ടത് എന്തുകൊണ്ട്, ആരോട്?
w10-E 9/1 23-24
നമ്മുടെ പാപങ്ങൾ ഏറ്റുപറയേണ്ടത് ആരോട്?
തനിക്കെതിരെയുള്ള പാപങ്ങൾ ക്ഷമിച്ചുകൊടുക്കാൻ ദൈവം മനുഷ്യരെ ചുമതലപ്പെടുത്തിയിട്ടില്ല. അതു ദൈവത്തിനു മാത്രമേ കഴിയൂ. ബൈബിൾ വ്യക്തമായി നമ്മളോടു പറയുന്നു: “പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.” (1 യോഹന്നാൻ 1:9) എന്നാൽ നമ്മൾ ആരോടാണു പാപങ്ങൾ ഏറ്റുപറയേണ്ടത്?
ക്ഷമിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നുള്ളതുകൊണ്ട്, ഏറ്റുപറയേണ്ടത് ദൈവത്തോടാണ്. ദാവീദ് ചെയ്തത് അതാണ്. അങ്ങനെയെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണു നമുക്കു ക്ഷമ കിട്ടുന്നത്? ബൈബിൾ പറയുന്നു: ‘അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകിട്ടാൻ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക; അപ്പോൾ യഹോവ ഉന്മേഷകാലങ്ങൾ നൽകും.’ (പ്രവൃത്തികൾ 3:19) ഇതിന്റെ അടിസ്ഥാനത്തിൽ, ക്ഷമ കിട്ടാൻ ഒരാൾ തെറ്റു മനസ്സിലാക്കുകയും അത് ഏറ്റുപറയുകയും ചെയ്താൽ മാത്രം പോരാ. തെറ്റായ ജീവിതഗതിയിൽനിന്ന് തിരിച്ചുവരുകയും വേണം. ഇക്കാര്യം അത്ര എളുപ്പമല്ല. പക്ഷേ അതു ചെയ്യാൻ നമുക്കു സഹായമുണ്ട്.
ശിഷ്യനായ യാക്കോബിന്റെ വാക്കുകൾ ഓർമിക്കുക: “അതുകൊണ്ട് പരസ്പരം പാപങ്ങൾ ഏറ്റുപറയുകയും ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുകയും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖപ്പെടും.” യാക്കോബ് ഇങ്ങനെയുംകൂടെ പറഞ്ഞു: “നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.” (യാക്കോബ് 5:16) ‘നീതിമാൻ’ എന്നതു 14-ാം വാക്യത്തിൽ യാക്കോബ് പറഞ്ഞിരിക്കുന്ന മൂപ്പന്മാരിൽ ഒരാളായിരിക്കാം. ക്രിസ്തീയസഭയിലെ ആത്മീയപക്വതയുള്ള പുരുഷന്മാരാണു മൂപ്പന്മാർ. ദൈവത്തിന്റെ ക്ഷമ കിട്ടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്ന ഉത്തരവാദിത്വം അവർക്കുണ്ട്. ആ മൂപ്പന്മാർക്ക് ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചുകൊടുക്കാനുള്ള അധികാരമില്ല. കാരണം ദൈവത്തിന് എതിരെ ചെയ്ത ഒരു തെറ്റു ക്ഷമിക്കാനുള്ള അധികാരം ദൈവം ആരെയും ഏൽപ്പിച്ചിട്ടില്ല. എന്നാൽ ഗുരുതരമായ പാപം ചെയ്ത ഒരാളെ തിരുത്താനും നേരെയാക്കാനും ഉള്ള ആത്മീയയോഗ്യതയുള്ളവരാണ് മൂപ്പന്മാർ. തെറ്റിന്റെ ഗൗരവവും പശ്ചാത്തപിക്കേണ്ട ആവശ്യവും തിരിച്ചറിയാൻ തെറ്റുകാരനെ സഹായിക്കുന്നതിന് അവർക്കു കഴിയും. —ഗലാത്യർ 6:1.
എന്തുകൊണ്ടാണ് പാപങ്ങൾ ഏറ്റുപറയേണ്ടത്?
പാപം ഗുരുതരമാണെങ്കിലും അല്ലെങ്കിലും, തെറ്റു ചെയ്തയാൾക്കു ദൈവവുമായും സഹമനുഷ്യനും ആയുള്ള ബന്ധത്തിനു കോട്ടം തട്ടിയിട്ടുണ്ട്. അതുകൊണ്ട് അയാൾക്ക് അസ്വസ്ഥത തോന്നിയേക്കാം. ദൈവം തന്നിരിക്കുന്ന മനസ്സാക്ഷിയുള്ളതുകൊണ്ടാണു നമുക്ക് അങ്ങനെ തോന്നുന്നത്. (റോമർ 2:14, 15) നമുക്ക് എന്തു ചെയ്യാൻ കഴിയും?
യാക്കോബിന്റെ പുസ്തകത്തിൽ നമുക്കു വളരെയധികം പ്രോത്സാഹനം തരുന്ന ഈ വാക്കുകൾ കാണാം: “നിങ്ങളിൽ (ആത്മീയമായി) രോഗിയായി ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്തട്ടെ. അവർ യഹോവയുടെ നാമത്തിൽ അയാളുടെ മേൽ എണ്ണ തേച്ച് അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സുഖപ്പെടുത്തും. യഹോവ അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും.”—യാക്കോബ് 5:14, 15.
ആട്ടിൻപറ്റത്തിന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാൻ മൂപ്പന്മാരോട് ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നു. എങ്ങനെ? ഒരാൾ തെറ്റ് ഏറ്റുപറയുമ്പോൾ അതു കേട്ടിരുന്നുകൊണ്ട് മാത്രമല്ല. പകരം, ആ വ്യക്തി ഇപ്പോൾ ആത്മീയമായി രോഗിയായതുകൊണ്ട് അയാളെ ‘സുഖപ്പെടുത്താൻ’ വേണ്ടതു ചെയ്തുകൊണ്ട്. രണ്ടു കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു യാക്കോബ് പറയുന്നു.
ഒന്ന്, ‘എണ്ണ തേക്കുക.’ സുഖപ്പെടുത്താനുള്ള ദൈവവചനത്തിന്റെ ശക്തിയാണ് ഇതു സൂചിപ്പിക്കുന്നത്. ദൈവവചനത്തിന് ഒരാളുടെ ഹൃദയത്തിന്റെയും മനസ്സിന്റെയും ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. അദ്ദേഹം എഴുതി: “ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും . . . ആണ്. . . . അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്.” (എബ്രായർ 4:12) ബൈബിൾ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് പ്രശ്നത്തിന്റെ കാരണം മനസ്സിലാക്കാനും ദൈവമുമ്പാകെ കാര്യങ്ങൾ നേരെയാക്കാനും ആത്മീയമായി രോഗം ബാധിച്ചയാളെ സഹായിക്കുന്നതിനു മൂപ്പന്മാർക്കു കഴിയും.
രണ്ട്, “വിശ്വാസത്തോടെയുള്ള പ്രാർഥന.” മൂപ്പന്മാർ പ്രാർഥിക്കുന്നതുകൊണ്ട് ദൈവം നീതി നടപ്പാക്കാതിരിക്കണമെന്നില്ല. എങ്കിലും മോചനവിലയുടെ അടിസ്ഥാനത്തിൽ നമ്മളോടു ക്ഷമിക്കാൻ ആഗ്രഹമുള്ള ദൈവം ഈ പ്രാർഥനകൾ കണക്കിലെടുക്കും. (1 യോഹന്നാൻ 2:2) ആത്മാർഥമായി മാനസാന്തരപ്പെടുകയും ‘മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും’ ചെയ്യുന്ന ഏതൊരു പാപിയെയും സഹായിക്കാൻ യഹോവയ്ക്കു മനസ്സാണ്.—പ്രവൃത്തികൾ 26:20.
പാപങ്ങൾ മനുഷ്യരോടു ചെയ്തതായാലും ദൈവത്തോടു ചെയ്തതായാലും, അത് ഏറ്റുപറയേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്? അങ്ങനെ ചെയ്തെങ്കിലേ ദൈവത്തിന്റെ അംഗീകാരം നമുക്കു കിട്ടുകയുള്ളൂ. ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ ദൈവത്തെ ആരാധിക്കണമെങ്കിൽ ആദ്യം നമ്മൾ സഹമനുഷ്യനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും അവരുമായി സമാധാനത്തിലാകുകയും വേണമെന്നു യേശു സൂചിപ്പിച്ചു. (മത്തായി 5:23, 24) സുഭാഷിതങ്ങൾ 28:13 പറയുന്നു: “സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല; അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.” യഹോവയുടെ മുമ്പാകെ നമ്മളെത്തന്നെ താഴ്ത്തി നമ്മൾ ക്ഷമയ്ക്കായി യാചിക്കുന്നെങ്കിൽ, ദൈവത്തിന്റെ പ്രീതി നേടാൻ നമുക്കു കഴിയും. ദൈവം തക്കസമയത്ത് നമ്മളെ ഉയർത്തും.—1 പത്രോസ് 5:6.
ഒക്ടോബർ 14-20
ദൈവവചനത്തിലെ നിധികൾ | 1 പത്രോസ് 1-2
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 565 ¶3
മേൽവിചാരകൻ
ഏറ്റവും വലിയ മേൽവിചാരകൻ. ‘ആടുകളെപ്പോലെ അലഞ്ഞുനടന്ന’ എന്ന യശയ്യ 53:6-ലെ വാക്കുകളായിരിക്കാം ഇവിടെ 1 പത്രോസ് 2:25-ൽ ഉദ്ധരിച്ചിരിക്കുന്നത്. അതിനു ശേഷം പത്രോസ് ഇങ്ങനെ പറയുന്നു: “എന്നാൽ ഇപ്പോൾ (നിങ്ങൾ) നിങ്ങളുടെ ജീവന്റെ മേൽവിചാരകനും ഇടയവനും ആയവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.” (1പത്ര 2:25, അടിക്കുറിപ്പ്) ദൈവമായ യഹോവയെ ആയിരിക്കണം ഇവിടെ ജീവന്റെ മേൽവിചാരകനും ഇടയനും എന്നു പരാമർശിച്ചിരിക്കുന്നത്. കാരണം പത്രോസ് കത്ത് എഴുതിയ ആളുകൾ ക്രിസ്തുയേശുവിൽനിന്ന് അകന്നുപോയവരല്ല, പകരം തന്റെ ജനത്തിന്റെ വലിയ ഇടയനായ യഹോവയിലേക്കു ക്രിസ്തുയേശുവിലൂടെ മടങ്ങിവന്നവരാണ്. (സങ്ക 23:1; 80:1; യിര 23:3; യഹ 34:12) യഹോവ ഒരു മേൽവിചാരകനുമാണ്. കാരണം യഹോവ പരിശോധന നടത്തുന്നു എന്നു ബൈബിൾ പറയുന്നു. (സങ്ക 17:3) പരിശോധന (ഗ്രീക്ക്, എപിസ്കൊപീ) എന്നു പറയുമ്പോൾ അത് യഹോവയിൽനിന്ന് വരുന്ന പ്രതികൂല ന്യായവിധിയാകാം. ഒന്നാം നൂറ്റാണ്ടിലെ യരുശലേമിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. ആ നഗരം അതിന്റെ “പരിശോധനാകാലം” തിരിച്ചറിഞ്ഞില്ല. (ലൂക്ക 19:44) ഇനി, ദൈവത്തിന്റെ പരിശോധനയുടെ ഫലമായി ദൈവത്തിന്റെ പ്രീതിയും മറ്റ് അനുഗ്രഹങ്ങളും ലഭിച്ചേക്കാം. ദൈവം “പരിശോധിക്കാൻ” (ഗ്രീക്കിൽ, എപിസ്കൊപെസ്) വരുന്ന ദിവസം ദൈവത്തെ മഹത്ത്വപ്പെടുത്തുന്നവരുടെ കാര്യത്തിലെന്നപോലെ.—1പത്ര 2:12.