അധ്യായം 3
“യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”
1, 2. യെശയ്യാ പ്രവാചകന് ഏതു ദർശനം ലഭിച്ചു, അത് യഹോവയെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
ആ രംഗം യെശയ്യാവിൽ ആശ്ചര്യവും ഭയാദരവും ഉണർത്തി—ദൈവത്തിൽനിന്നുള്ള ഒരു ദർശനം ആയിരുന്നു അത്. വളരെ യഥാർഥമായ ഒന്നായി അതു കാണപ്പെട്ടു! യഹോവ തന്റെ ഉന്നതമായ സിംഹാസനത്തിൽ “ഇരിക്കുന്നതു ഞാൻ കണ്ടു” എന്ന് അവൻ പിന്നീട് എഴുതുകയുണ്ടായി. യഹോവയുടെ വസ്ത്രത്തിന്റെ വിളുമ്പുകൾ യെരൂശലേമിലെ വലിയ ആലയത്തെ നിറച്ചു.—യെശയ്യാവു 6:1, 2.
2 യെശയ്യാവ് കേട്ട കാര്യവും അവനിൽ ഭയാദരവു ജനിപ്പിച്ചു—ആലയത്തിന്റെ അടിസ്ഥാനങ്ങൾവരെ കുലുക്കാൻതക്ക ശക്തിയുള്ള ഗീതാലാപനമാണ് അവൻ കേട്ടത്. ഉന്നത സ്ഥാനം വഹിക്കുന്ന ആത്മജീവികളായ സാറാഫുകളിൽനിന്നാണ് ഗാനം ഉയർന്നത്. ഗംഭീരമായ സ്വരൈക്യത്തോടെ ലളിതമനോഹരമായ വാക്കുകളാൽ അവർ പാടി: “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവു 6:3, 4) “പരിശുദ്ധൻ” എന്ന പദം മൂന്നു പ്രാവശ്യം ഉപയോഗിച്ചത് അതിനു പ്രത്യേക ദൃഢത കൊടുത്തു. അത് ഉചിതമായിരുന്നു, കാരണം യഹോവ പൂർണമായ അർഥത്തിൽ പരിശുദ്ധനാണ്. (വെളിപ്പാടു 4:8) യഹോവയുടെ പരിശുദ്ധിയെ ബൈബിളിൽ ഉടനീളം ഊന്നിപ്പറയുന്നുണ്ട്. നൂറുകണക്കിനു വാക്യങ്ങൾ അവന്റെ നാമത്തെ “പരിശുദ്ധൻ,” “പരിശുദ്ധി” എന്നീ വാക്കുകളോടു ബന്ധപ്പെടുത്തിയിരിക്കുന്നു.
3. യഹോവയുടെ പരിശുദ്ധിയെ കുറിച്ചുള്ള തെറ്റായ വീക്ഷണങ്ങൾ, അവനോട് അടുത്തു ചെല്ലുന്നതിനു പകരം അകന്നുപോകാൻ അനേകരെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
3 അപ്പോൾ യഹോവയെ കുറിച്ചു നാം അറിയണമെന്ന് അവൻ ആഗ്രഹിക്കുന്ന മുഖ്യ സംഗതികളിലൊന്ന് അവൻ പരിശുദ്ധനാണ് എന്നതാണ്. എന്നാൽ, ഇന്ന് അനേകരെയും സംബന്ധിച്ചിടത്തോളം ദൈവത്തോട് അകൽച്ച തോന്നാൻ ആ ആശയം ഇടയാക്കിയിരിക്കുന്നു. ചിലർ പരിശുദ്ധിയെ സ്വയനീതിയുമായി അല്ലെങ്കിൽ വ്യാജഭക്തിയുമായി ബന്ധിപ്പിക്കുന്നു. തങ്ങളെത്തന്നെ വിലകുറഞ്ഞവരായി വീക്ഷിക്കുന്നവരെ സംബന്ധിച്ചാകട്ടെ ദൈവത്തിന്റെ പരിശുദ്ധി ആകർഷകമല്ല, ഭയജനകമാണ്. ഈ പരിശുദ്ധ ദൈവത്തോട് അടുത്തു ചെല്ലാൻ തങ്ങൾ ഒരിക്കലും യോഗ്യരായേക്കുകയില്ലെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ട് അനേകർ അവന്റെ പരിശുദ്ധി നിമിത്തം അവനിൽനിന്ന് അകന്നുമാറുന്നു. അതു സങ്കടകരമാണ്, കാരണം ദൈവത്തിന്റെ പരിശുദ്ധി യഥാർഥത്തിൽ അവനോട് അടുത്തു ചെല്ലുന്നതിനുള്ള ശക്തമായ ഒരു കാരണമാണ്. എന്തുകൊണ്ട്? ആ ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പ്, യഥാർഥ പരിശുദ്ധി എന്താണെന്നു നമുക്കു ചർച്ചചെയ്യാം.
എന്താണ് പരിശുദ്ധി?
4, 5. (എ) പരിശുദ്ധിയുടെ അർഥമെന്ത്, അതിന് എന്തർഥമില്ല? (ബി) പ്രധാനമായും ഏതു വിധങ്ങളിലാണ് യഹോവ “വേർപെട്ടവൻ” ആയിരിക്കുന്നത്?
4 ദൈവം പരിശുദ്ധനാണ് എന്നതിന് അവൻ അഹങ്കാരിയോ മറ്റുള്ളവരെ നിന്ദയോടെ വീക്ഷിക്കുന്നവനോ സ്വയം-കൃതാർഥനോ ആണെന്ന് അർഥമില്ല. മറിച്ച്, അവൻ അത്തരം സ്വഭാവവിശേഷതകളെ വെറുക്കുകയാണു ചെയ്യുന്നത്. (സദൃശവാക്യങ്ങൾ 16:5; യാക്കോബ് 4:6) ആ സ്ഥിതിക്ക്, “പരിശുദ്ധൻ” എന്ന പദത്തിന്റെ യഥാർഥ അർഥം എന്താണ്? ബൈബിൾ എഴുതപ്പെട്ട എബ്രായഭാഷയിൽ ഈ പദം “വേർപെട്ട” എന്നർഥമുള്ള ഒരു വാക്കിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. ആരാധനയിൽ, “പരിശുദ്ധം” എന്നത് പൊതു ഉപയോഗത്തിൽനിന്നു വേർപെടുത്തിയതിനെ അല്ലെങ്കിൽ പരിപാവനമായി കരുതുന്നതിനെ കുറിക്കുന്നു. പരിശുദ്ധി പ്രമുഖമായും ശുദ്ധിയുടെയും നിർമലതയുടെയും ആശയമാണു നൽകുന്നത്. ഈ പദം യഹോവയ്ക്ക് എങ്ങനെ യോജിക്കുന്നു? അവൻ അപൂർണ മനുഷ്യരിൽനിന്ന് “വേർപെട്ടവൻ,” നമ്മിൽനിന്ന് വളരെ അകന്നു നിൽക്കുന്നവൻ ആണെന്ന് അത് അർഥമാക്കുന്നുണ്ടോ?
5 അശേഷമില്ല. തന്റെ ജനം പാപികൾ ആയിരുന്നെങ്കിലും, “യിസ്രായേലിന്റെ പരിശുദ്ധൻ” എന്ന നിലയിൽ അവരുടെ “മദ്ധ്യേ” വസിക്കുന്നവനായി യഹോവ തന്നെത്തന്നെ വർണിച്ചു. (യെശയ്യാവു 12:6; ഹോശേയ 11:9) അതുകൊണ്ട്, അവന്റെ പരിശുദ്ധി അവനെ നമ്മിൽനിന്ന് അകറ്റുന്നില്ല. ആ സ്ഥിതിക്ക്, അവൻ എങ്ങനെയാണ് “വേർപെട്ടവൻ” ആയിരിക്കുന്നത്? രണ്ടു പ്രധാനപ്പെട്ട വിധങ്ങളിൽ. ഒന്ന്, അവൻ അത്യുന്നതൻ ആയിരിക്കുന്നതിനാൽ എല്ലാ സൃഷ്ടികളിൽനിന്നും വേർപെട്ടവനാണ്. അവന്റെ നിർമലതയും ശുദ്ധിയും സമ്പൂർണവും അതിരറ്റതുമാണ്. (സങ്കീർത്തനം 40:5; 83:18) രണ്ട്, യഹോവ സകല പാപത്തിൽനിന്നും തികച്ചും വേർപെട്ടവനാണ്, അത് ആശ്വാസപ്രദമായ ഒരു ആശയമാണ്. എന്തുകൊണ്ട്?
6. യഹോവ പാപത്തിൽനിന്ന് പൂർണമായും വേറിട്ടവനാണ് എന്ന വസ്തുതയിൽനിന്ന് നമുക്ക് ആശ്വാസം കണ്ടെത്താവുന്നത് എന്തുകൊണ്ട്?
6 യഥാർഥ പരിശുദ്ധി വിരളമായിരിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യസമുദായത്തിൽ സകലതും പാപത്താലും അപൂർണതയാലും കളങ്കപ്പെട്ടതാണ്, ഏതെങ്കിലും വിധത്തിൽ മലിനപ്പെട്ടതാണ്. നമുക്കെല്ലാവർക്കും നമ്മിലെ പാപത്തിനെതിരെ പോരാടേണ്ടതായിട്ടുണ്ട്. ജാഗ്രത പാലിക്കാത്തപക്ഷം നാമെല്ലാം പാപത്തിനു വശംവദരായേക്കാം. (റോമർ 7:15-25; 1 കൊരിന്ത്യർ 10:12) എന്നാൽ യഹോവ അത്തരമൊരു അവസ്ഥയിലല്ല. പാപത്തിൽനിന്ന് പൂർണമായും വേറിട്ടവനാകയാൽ പാപത്തിന്റെ ഒരു കണികപോലും അവനെ ഒരിക്കലും കളങ്കപ്പെടുത്തുകയില്ല. യഹോവ ഉത്തമപിതാവാണ് എന്ന നമ്മുടെ ധാരണയെ അത് ഒന്നുകൂടെ ഉറപ്പിക്കുന്നു, കാരണം അതിന്റെ അർഥം അവൻ പൂർണമായും വിശ്വാസയോഗ്യനാണ് എന്നാണ്. പാപികളായ മാനുഷ പിതാക്കന്മാരിൽ പലരെയുംപോലെ യഹോവ ഒരിക്കലും അധഃപതിച്ചവനോ അധർമിയോ ഉപദ്രവകാരിയോ ആയിത്തീരുകയില്ല. പരിശുദ്ധനായ ഒരു ദൈവത്തിന് ഒരിക്കലും അത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. യഹോവ പലപ്പോഴും സ്വന്തം പരിശുദ്ധിയെക്കൊണ്ട് ആണയിടുകപോലും ചെയ്തിട്ടുണ്ട്, കാരണം മറ്റൊന്നിനും അതിൽ കൂടുതൽ വിശ്വാസയോഗ്യം ആയിരിക്കാവുന്നതല്ല. (ആമോസ് 4:2) അത് ആശ്വാസപ്രദമല്ലേ?
7. പരിശുദ്ധി യഹോവയുടെ പ്രകൃതത്തിൽ അന്തർലീനമാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7 പരിശുദ്ധി യഹോവയുടെ പ്രകൃതത്തിൽത്തന്നെ അന്തർലീനമാണ്. അതിന്റെ അർഥമെന്താണ്? ദൃഷ്ടാന്തമായി, “മനുഷ്യൻ,” “അപൂർണൻ” എന്നീ പദങ്ങളെ കുറിച്ചു ചിന്തിക്കുക. രണ്ടാമത്തെ പദത്തെ കുറിച്ചു ചിന്തിക്കാതെ ആദ്യപദം നിങ്ങൾക്കു വർണിക്കാനാവില്ല. കാരണം അപൂർണത നമ്മിൽ വ്യാപരിക്കുകയും നമ്മൾ ചെയ്യുന്ന സകലത്തെയും സ്വാധീനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇനി ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ, “യഹോവ,” “പരിശുദ്ധൻ” എന്നീ പദങ്ങളെ കുറിച്ചു പരിചിന്തിക്കുക. പരിശുദ്ധി യഹോവയെ വലയംചെയ്യുന്നു. അവനെ സംബന്ധിച്ച സകലവും നിർമലവും ശുദ്ധവും നേരുള്ളതുമാണ്. “പരിശുദ്ധൻ” എന്ന അർഥഗംഭീരമായ ഈ പദത്തെ കുറിച്ചു പരിചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ നമുക്ക് യഹോവയെ അവൻ ആയിരിക്കുന്ന വിധത്തിൽ അറിയാൻ കഴിയില്ല.
“പരിശുദ്ധി യഹോവയ്ക്കുള്ളത്”
8, 9. ഒരു ആപേക്ഷിക അർഥത്തിൽ വിശുദ്ധരായിത്തീരാൻ യഹോവ അപൂർണ മനുഷ്യരെ സഹായിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
8 യഹോവ പരിശുദ്ധി എന്ന ഗുണത്തിന്റെ മൂർത്തിമദ്ഭാവമാകയാൽ സകല പരിശുദ്ധിയുടെയും ഉറവ് അവനാണെന്ന് ഉചിതമായി പറയാവുന്നതാണ്. അവൻ ഈ വിലയേറിയ ഗുണം തന്നിൽ മാത്രമായി ഒതുക്കി നിറുത്തുന്നില്ല. അവൻ അതു മറ്റുള്ളവർക്കു പങ്കുവെക്കുന്നു, അതും ഉദാരമായി. എന്തിന്, കത്തുന്ന മുൾപ്പടർപ്പിങ്കൽ ദൈവം ഒരു ദൂതൻ മുഖാന്തരം മോശെയോടു സംസാരിച്ചപ്പോൾ ആ പരിസരം പോലും യഹോവയോടുള്ള അതിന്റെ ബന്ധം നിമിത്തം വിശുദ്ധമായിത്തീർന്നു.—പുറപ്പാടു 3:5.
9 യഹോവയുടെ സഹായത്തോടെ അപൂർണ മനുഷ്യർക്ക് വിശുദ്ധരാകാൻ കഴിയുമോ? ഉവ്വ്, ഒരു ആപേക്ഷിക അർഥത്തിൽ. ദൈവം തന്റെ ജനമായ ഇസ്രായേലിന് “ഒരു വിശുദ്ധ ജനത” ആയിത്തീരാനുള്ള പ്രതീക്ഷ കൊടുത്തു. (പുറപ്പാടു 19:6, NW) വിശുദ്ധവും നിർമലവുമായ ഒരു ആരാധനാ സമ്പ്രദായം നൽകി അവൻ അവരെ അനുഗ്രഹിച്ചു. മോശൈക ന്യായപ്രമാണത്തിൽ വിശുദ്ധിയെ കുറിച്ച് കൂടെക്കൂടെ പരാമർശിച്ചിരിക്കുന്നത് അതുകൊണ്ടാണ്. മഹാപുരോഹിതൻ അദ്ദേഹത്തിന്റെ തലപ്പാവിന്റെ മുൻവശത്ത് തങ്കംകൊണ്ടുള്ള ഒരു പട്ടം ധരിച്ചിരുന്നു, അതു പ്രകാശത്തിൽ തിളങ്ങുന്നത് എല്ലാവർക്കും കാണാൻ കഴിയുമായിരുന്നു. “പരിശുദ്ധി യഹോവയ്ക്കുള്ളത്” എന്ന വാക്കുകൾ അതിന്മേൽ ആലേഖനം ചെയ്തിരുന്നു. (പുറപ്പാടു 28:36, NW) അങ്ങനെ ശുദ്ധിയുടെയും നിർമലതയുടെയും ഉയർന്ന നിലവാരം അവരുടെ ആരാധനയിലും ജീവിതരീതിയിലും പ്രതിഫലിക്കണമായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് യഹോവ അവരോടു പറഞ്ഞു. (ലേവ്യപുസ്തകം 19:2) അപൂർണ മനുഷ്യർക്കു സാധ്യമാകുന്ന അളവിൽ ഇസ്രായേല്യർ ദൈവത്തിന്റെ ബുദ്ധിയുപദേശം അനുസരിച്ചു ജീവിച്ചിടത്തോളം കാലം അവർ ആപേക്ഷികമായ അർഥത്തിൽ വിശുദ്ധരായിരുന്നു.
10. വിശുദ്ധിയുടെ കാര്യത്തിൽ, പുരാതന ഇസ്രായേലും ചുറ്റുമുണ്ടായിരുന്ന ജനതകളും തമ്മിൽ എന്തു വൈരുദ്ധ്യം നിലനിന്നിരുന്നു?
10 വിശുദ്ധിക്കു നൽകപ്പെട്ടിരിക്കുന്ന ഈ ഊന്നൽ ഇസ്രായേലിനു ചുറ്റുമുണ്ടായിരുന്ന ജനതകളുടെ ആരാധനയ്ക്കു കടകവിരുദ്ധമായിരുന്നു. ആ വിജാതീയ ജനതകൾ അസ്തിത്വത്തിലില്ലായിരുന്ന വ്യാജ ദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. ആ ദൈവങ്ങളെ ഉഗ്രമൂർത്തികളും അത്യാഗ്രഹികളും അസന്മാർഗികളുമായി ചിത്രീകരിച്ചിരിക്കുന്നു. സകല വിധത്തിലും അശുദ്ധരായിരുന്നു അവർ. അങ്ങനെയുള്ള ദൈവങ്ങളുടെ ആരാധന ജനങ്ങളെ അശുദ്ധരാക്കി. അതുകൊണ്ട്, വിജാതീയ ആരാധകരിൽനിന്നും അവരുടെ മലിനമായ മതാചാരങ്ങളിൽനിന്നും വേർപെട്ടു നിൽക്കാൻ യഹോവ തന്റെ ദാസന്മാർക്കു മുന്നറിയിപ്പു നൽകി.—ലേവ്യപുസ്തകം 18:24-28; 1 രാജാക്കന്മാർ 11:1, 2.
11. യഹോവയുടെ സ്വർഗീയ സംഘടനയുടെ വിശുദ്ധി (എ) ദൂതന്മാരിൽ (ബി) സാറാഫുകളിൽ (സി) യേശുവിൽ ദൃശ്യമായിരിക്കുന്നത് എങ്ങനെ?
11 യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്ന പുരാതന ഇസ്രായേലിന്, അത്യന്തം അനുകൂലമായ സാഹചര്യങ്ങളിൽ പോലും ദൈവത്തിന്റെ സ്വർഗീയ സംഘടനയുടെ വിശുദ്ധിയുടെ ഒരു മങ്ങിയ പ്രതിഫലനം മാത്രമേ പ്രദാനംചെയ്യാൻ കഴിഞ്ഞുള്ളൂ. ദൈവത്തെ വിശ്വസ്തമായി സേവിക്കുന്ന ദശലക്ഷക്കണക്കിന് ആത്മജീവികളെ അവന്റെ ‘ലക്ഷോപലക്ഷം വിശുദ്ധന്മാർ’ എന്നും ‘ആയിരമായിരം വിശുദ്ധന്മാർ’ എന്നും പരാമർശിച്ചിരിക്കുന്നു. (ആവർത്തനപുസ്തകം 33:2; യൂദാ 15) അവർ ദൈവത്തിന്റെ പരിശുദ്ധിയുടെ ശുഭ്രമായ, നിർമലമായ മനോഹാരിതയെ പൂർണമായി പ്രതിഫലിപ്പിക്കുന്നു. യെശയ്യാവ് ദർശനത്തിൽ കണ്ട സാറാഫുകളെ ഓർക്കുക. ശക്തരായ ഈ ആത്മജീവികൾ യഹോവയുടെ പരിശുദ്ധിയെ അഖിലാണ്ഡത്തിലെങ്ങും പ്രസിദ്ധമാക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്ന് അവരുടെ ഗീതത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നു. എന്നാൽ ഒരു ആത്മജീവി—ദൈവത്തിന്റെ ഏകജാതനായ പുത്രൻ—ഇവർക്കെല്ലാം മീതെയാണ്. യേശു യഹോവയുടെ പരിശുദ്ധിയെ ഏറ്റവും ശ്രേഷ്ഠമായ വിധത്തിൽ പ്രതിഫലിപ്പിക്കുന്നു. ഉചിതമായിത്തന്നെ അവൻ “ദൈവത്തിന്റെ പരിശുദ്ധൻ” എന്ന് അറിയപ്പെടുന്നു.—യോഹന്നാൻ 6:68, 69.
പരിശുദ്ധ നാമം, പരിശുദ്ധാത്മാവ്
12, 13. (എ) ദൈവത്തിന്റെ നാമം പരിശുദ്ധമെന്നു വർണിക്കപ്പെടുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവനാമം വിശുദ്ധീകരിക്കപ്പെടേണ്ടത് എന്തുകൊണ്ട്?
12 ദൈവത്തിന്റെ സ്വന്തം നാമം സംബന്ധിച്ചെന്ത്? നമ്മൾ 1-ാം അധ്യായത്തിൽ കണ്ടതുപോലെ, ആ നാമം വെറും സ്ഥാനപ്പേരോ തിരിച്ചറിയൽ അടയാളമോ അല്ല. അത് യഹോവയാം ദൈവത്തെ അവന്റെ സകല ഗുണങ്ങളും സഹിതം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്, അവന്റെ ‘നാമം പരിശുദ്ധ’മാണെന്നു ബൈബിൾ നമ്മോടു പറയുന്നു. (യെശയ്യാവു 57:15) മോശൈക ന്യായപ്രമാണ പ്രകാരം ദൈവനാമത്തെ അശുദ്ധമാക്കുന്നതു വധശിക്ഷാർഹമായിരുന്നു. (ലേവ്യപുസ്തകം 24:16) യേശു പ്രാർഥനയിൽ ഏതു സംഗതിക്കാണു മുൻഗണന കൊടുത്തത് എന്നു ശ്രദ്ധിക്കുക: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) എന്തിനെയെങ്കിലും വിശുദ്ധീകരിക്കുന്നത് അതിനെ പാവനമായി വേർതിരിക്കുകയും അതിനെ ആദരിക്കുകയും പരിശുദ്ധമായി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിനെ അർഥമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാമം പോലെ സ്വതവേ നിർമലമായ ഒന്നിനെ വിശുദ്ധീകരിക്കേണ്ട ആവശ്യമെന്ത്?
13 അസത്യങ്ങളും ദൂഷണങ്ങളും ദൈവത്തിന്റെ പരിശുദ്ധനാമത്തിന്മേൽ നിന്ദ വരുത്തിയിരിക്കുന്നു, അതിനെ അപകീർത്തിപ്പെടുത്തിയിരിക്കുന്നു. ഏദെനിൽവെച്ച്, സാത്താൻ യഹോവയെ കുറിച്ചു ഭോഷ്കു പറയുകയും അവൻ നീതികെട്ട പരമാധികാരിയാണെന്നു സൂചിപ്പിക്കുകയും ചെയ്തു. (ഉല്പത്തി 3:1-5) അന്നുമുതൽ സാത്താൻ—ഈ അശുദ്ധ ലോകത്തിന്റെ ഭരണാധിപൻ—ദൈവത്തെ കുറിച്ചുള്ള ഭോഷ്കുകൾ പെരുകാൻ ഇടവരുത്തിയിരിക്കുന്നു. (യോഹന്നാൻ 8:44; 12:31; വെളിപ്പാടു 12:9) മതങ്ങൾ ദൈവത്തെ സ്വേച്ഛാധിപതിയോ അടുക്കാൻ കഴിയാത്തവനോ ക്രൂരനോ ഒക്കെയായി വരച്ചുകാട്ടിയിരിക്കുന്നു. രക്തപ്പുഴകൾ ഒഴുക്കിക്കൊണ്ട് തങ്ങൾ നടത്തിയ യുദ്ധങ്ങൾക്ക് അവന്റെ പിന്തുണ ഉണ്ടെന്ന് അവർ അവകാശപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ അത്ഭുത സൃഷ്ടിക്രിയക്കുള്ള ബഹുമതി മിക്കപ്പോഴും യാദൃച്ഛികതയ്ക്ക് അല്ലെങ്കിൽ പരിണാമത്തിനു കൊടുക്കപ്പെട്ടിരിക്കുന്നു. അതേ, ദൈവനാമം അങ്ങേയറ്റം നിന്ദിക്കപ്പെട്ടിരിക്കുന്നു. അതു വിശുദ്ധീകരിക്കപ്പെടണം; ഉചിതമായ മഹത്ത്വത്തിലേക്കു പുനഃസ്ഥാപിക്കപ്പെടണം. അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിനും അവന്റെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കപ്പെടുന്നതിനും വേണ്ടി നാം കാംക്ഷിക്കുന്നു. ആ മഹത്തായ ഉദ്ദേശ്യത്തിൽ ഏതു പങ്കുവഹിക്കുന്നതിലും നാം സന്തോഷിക്കുന്നു.
14. ദൈവത്തിന്റെ ആത്മാവ് പരിശുദ്ധമെന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്? പരിശുദ്ധാത്മാവിനെ ദുഷിക്കുന്നത് വളരെ ഗുരുതരമായിരിക്കുന്നത് എന്തുകൊണ്ട്?
14 യഹോവയോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നതും എല്ലായ്പോഴുംതന്നെ പരിശുദ്ധം എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായ ഒന്നുണ്ട്: അവന്റെ ആത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി. (ഉല്പത്തി 1:2) യഹോവ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ഈ അപ്രതിരോധ്യ ശക്തി ഉപയോഗിക്കുന്നു. വിശുദ്ധവും നിർമലവുമായ വിധത്തിലാണ് ദൈവം സകല കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവന്റെ പ്രവർത്തനനിരതമായ ശക്തി ഉചിതമായി പരിശുദ്ധാത്മാവ് അഥവാ വിശുദ്ധിയുടെ ആത്മാവ് എന്നു വിളിക്കപ്പെടുന്നു. (ലൂക്കൊസ് 11:13; റോമർ 1:5) പരിശുദ്ധാത്മാവിനെ ദുഷിക്കുന്നതിൽ യഹോവയുടെ ഉദ്ദേശ്യങ്ങൾക്കെതിരെ മനഃപൂർവം പ്രവർത്തിക്കുന്നത് ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ അത് അക്ഷന്തവ്യമായ പാപമാണ്.—മർക്കൊസ് 3:29.
യഹോവയുടെ പരിശുദ്ധി നമ്മെ അവനിലേക്ക് അടുപ്പിക്കുന്നതിന്റെ കാരണം
15. ദൈവിക ഭയം പ്രകടമാക്കുന്നത് യഹോവയുടെ പരിശുദ്ധിയോടുള്ള ഉചിതമായ ഒരു പ്രതികരണമായിരിക്കുന്നത് എന്തുകൊണ്ട്, അത്തരം ഭയത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
15 ആ സ്ഥിതിക്ക് ബൈബിൾ, ദൈവത്തിന്റെ പരിശുദ്ധിയെയും മനുഷ്യന്റെ ഭാഗത്തെ ദൈവിക ഭയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ പ്രയാസമില്ല. ദൃഷ്ടാന്തത്തിന്, സങ്കീർത്തനം 99:3 ഇങ്ങനെ വായിക്കുന്നു: “അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ [“ഭയജനകവുമായ,” NW] നാമത്തെ സ്തുതിക്കട്ടെ.” എന്നിരുന്നാലും, ഇത് അനാരോഗ്യകരമായ ഒരു ഭീതിയല്ല. പകരം ഭയഭക്തിയുടേതായ ആഴമായ ഒരു വികാരമാണ്, ആദരവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു രൂപമാണ്. ആ വികാരം ഉചിതമാണ്, കാരണം ദൈവത്തിന്റെ വിശുദ്ധി നമ്മുടേതിനെക്കാൾ വളരെയധികം ഉന്നതമാണ്. അത് പരിശുദ്ധമാണ്, മഹത്ത്വമാർന്നതാണ്. എങ്കിലും, അത് നമ്മെ അവനിൽനിന്ന് അകറ്റുന്നില്ല. മറിച്ച്, ദൈവത്തിന്റെ പരിശുദ്ധിയെ കുറിച്ചുള്ള ഉചിതമായ വീക്ഷണം നമ്മെ അവനോട് ഏറെ അടുപ്പിക്കും. എന്തുകൊണ്ട്?
മനോഹാരിത നമ്മെ ആകർഷിക്കുന്നതുപോലെ, വിശുദ്ധിയും നമ്മെ ആകർഷിക്കണം
16. (എ) പരിശുദ്ധി മനോഹാരിതയോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം നൽകുക. (ബി) ദർശനത്തിൽ യഹോവയെ കുറിച്ചുള്ള വർണനകൾ ശുദ്ധിയെയും നിർമലതയെയും വെളിച്ചത്തെയും ദൃഢീകരിക്കുന്നത് എങ്ങനെ?
16 ഒന്നാമതായി, ബൈബിൾ പരിശുദ്ധിയെ മനോഹാരിതയുമായി ബന്ധിപ്പിക്കുന്നു. യെശയ്യാവു 63:15 [NW] സ്വർഗത്തെ ദൈവത്തിന്റെ, “പരിശുദ്ധിയും മനോഹാരിതയുമുള്ള ഉന്നത നിവാസ”മെന്നു വർണിക്കുന്നു. മനോഹാരിത നമ്മെ ആകർഷിക്കുന്നു. ദൃഷ്ടാന്തത്തിന്, 33-ാം പേജിലെ ചിത്രം കാണുക. ആ രംഗം നിങ്ങളെ ആകർഷിക്കുന്നില്ലേ? അതിനെ ഇത്രയധികം ആകർഷകമാക്കുന്നത് എന്താണ്? ജലം എത്ര സ്വച്ഛമാണെന്നു ശ്രദ്ധിക്കുക. വായുപോലും ശുദ്ധമായിരിക്കണം, കാരണം ആകാശം നീലനിറമാണ്, അന്തരീക്ഷം പ്രകാശമാനമാണ്. ഇപ്പോൾ ഇതേ രംഗത്തിനു മാറ്റം വന്നാലോ? അരുവിയിലാകെ ചപ്പുചവറുകൾ കുമിഞ്ഞുകിടക്കുന്നു, വൃക്ഷങ്ങളും പാറകളും കുത്തിവരച്ച് വികൃതമാക്കപ്പെട്ടിരിക്കുന്നു, വായു പുകമഞ്ഞിനാൽ മലീമസമായിരിക്കുന്നു—അങ്ങനെയൊരു രംഗം ഒരിക്കലും നമ്മെ ആകർഷിക്കുകയില്ല; എന്തിന്, അതു കാണാൻ പോലും നാം ഇഷ്ടപ്പെടുകയില്ല. നാം സ്വാഭാവികമായി മനോഹാരിതയെ ശുദ്ധിയോടും നിർമലതയോടും വെളിച്ചത്തോടും ബന്ധിപ്പിക്കുന്നു. ഇതേ വാക്കുകൾ യഹോവയുടെ പരിശുദ്ധിയെ വർണിക്കാനും ഉപയോഗിക്കാൻ കഴിയും. ദർശനത്തിലെ യഹോവയെ കുറിച്ചുള്ള വർണനകൾ നമ്മുടെ മനംകവരുന്നതിൽ അതിശയമില്ല! പ്രകാശോജ്ജ്വലം, രത്നക്കല്ലുകൾ പോലെ വെട്ടിത്തിളങ്ങുന്നത്, തീ പോലെ അല്ലെങ്കിൽ അതിശുദ്ധവും അതിശോഭനവുമായ വിലയേറിയ ലോഹങ്ങൾ പോലെ ജ്വലിക്കുന്നത്—നമ്മുടെ പരിശുദ്ധ ദൈവത്തിന്റെ മനോഹാരിതയെ വർണിക്കുന്നത് അങ്ങനെയെല്ലാമാണ്.—യെഹെസ്കേൽ 1:25-28; വെളിപ്പാടു 4:2, 3.
17, 18. (എ) യെശയ്യാവിനു ലഭിച്ച ദർശനം ആദ്യം അവനിൽ എന്തു ഫലം ഉളവാക്കി? (ബി) യെശയ്യാവിനെ ആശ്വസിപ്പിക്കാൻ യഹോവ ഒരു സാറാഫിനെ ഉപയോഗിച്ചത് എങ്ങനെ, സാറാഫിന്റെ പ്രവർത്തനത്തിന്റെ പ്രാധാന്യം എന്തായിരുന്നു?
17 അങ്ങനെയെങ്കിൽ, ദൈവത്തിന്റെ പരിശുദ്ധിയോടുള്ള താരതമ്യത്തിൽ നാം താഴ്ന്നവരാണെന്നു കരുതണമോ? തീർച്ചയായും വേണം. കാരണം നമ്മൾ യഹോവയെക്കാൾ താഴ്ന്നവർതന്നെയാണ്—താഴ്ന്നവർ എന്നുവെച്ചാൽ അങ്ങേയറ്റം താഴ്ന്നവർ! എന്നാൽ ആ അറിവ് നമ്മെ അവനിൽനിന്ന് അകറ്റേണ്ടതുണ്ടോ? സാറാഫുകൾ യഹോവയുടെ പരിശുദ്ധിയെ ഘോഷിക്കുന്നതു കേട്ടപ്പോഴത്തെ യെശയ്യാവിന്റെ പ്രതികരണം പരിചിന്തിക്കുക. “അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” (യെശയ്യാവു 6:5) അതേ, യഹോവയുടെ അതിരറ്റ പരിശുദ്ധി, താൻ എത്ര പാപപൂർണനും അപൂർണനുമാണെന്ന് യെശയ്യാവിനെ അനുസ്മരിപ്പിച്ചു. ആദ്യം ആ വിശ്വസ്ത മനുഷ്യൻ തളർന്നുപോയി. എന്നാൽ യഹോവ അവനെ ആ അവസ്ഥയിൽ വിട്ടില്ല.
18 ഒരു സാറാഫ് സത്വരം പ്രവാചകനെ ആശ്വസിപ്പിച്ചു. ശക്തനായ ആ ആത്മജീവി യാഗപീഠത്തിങ്കലേക്കു പറന്നുചെന്ന് അതിൽനിന്ന് ഒരു കനൽ എടുത്ത് യെശയ്യാവിന്റെ അധരങ്ങളിൽ തൊടുവിച്ചു. അത് ആശ്വസിപ്പിക്കുന്നതിനെക്കാളധികം വേദനിപ്പിക്കുന്നതായി തോന്നിയേക്കാം. എന്നാൽ ഇത് പ്രതീകാത്മക അർഥം ഉൾക്കൊള്ളുന്ന ഒരു ദർശനമായിരുന്നു എന്ന് ഓർക്കുക. ദിവസവും ആലയ യാഗപീഠത്തിൽ, പാപപരിഹാരത്തിനായി യാഗങ്ങൾ അർപ്പിച്ചിരുന്ന കാര്യം ഒരു വിശ്വസ്ത യഹൂദനായിരുന്ന യെശയ്യാവിന് നന്നായി അറിയാമായിരുന്നു. പ്രവാചകൻ തീർച്ചയായും അപൂർണൻ, “ശുദ്ധിയില്ലാത്ത അധരങ്ങൾ” ഉള്ളവൻ, ആയിരുന്നെങ്കിലും അവന് അപ്പോഴും ദൈവമുമ്പാകെ ശുദ്ധമായ ഒരു നിലയിലേക്കു വരാൻ കഴിയുമെന്ന് സാറാഫ് അവനെ സ്നേഹപൂർവം അനുസ്മരിപ്പിച്ചു.a പാപിയായ ഒരു അപൂർണ മനുഷ്യനെ വിശുദ്ധനായി വീക്ഷിക്കാൻ യഹോവ സന്നദ്ധനായിരുന്നു, ആപേക്ഷികമായ ഒരു അർഥത്തിലാണെങ്കിൽ പോലും.—യെശയ്യാവു 6:6, 7.
19. അപൂർണരാണെങ്കിലും, ഒരു ആപേക്ഷിക അർഥത്തിൽ നമുക്ക് വിശുദ്ധരായിരിക്കാൻ കഴിയുന്നത് എങ്ങനെ?
19 ഇത് ഇന്നും സത്യമാണ്. യെരൂശലേമിലെ യാഗപീഠത്തിൽ അർപ്പിക്കപ്പെട്ട യാഗങ്ങളെല്ലാം കൂടുതൽ ശ്രേഷ്ഠമായ ഒന്നിന്റെ—പൊ.യു. 33-ൽ യേശുക്രിസ്തു അർപ്പിച്ച ഏക പൂർണയാഗത്തിന്റെ—നിഴലുകൾ മാത്രമായിരുന്നു. (എബ്രായർ 9:11-14) നാം നമ്മുടെ പാപങ്ങൾ സംബന്ധിച്ച് യഥാർഥമായി അനുതപിക്കുകയും നമ്മുടെ തെറ്റായ ഗതി തിരുത്തുകയും യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്താൽ നമുക്കു ദൈവത്തിൽനിന്നു ക്ഷമ ലഭിക്കും. (1 യോഹന്നാൻ 2:2) നമുക്കും ദൈവമുമ്പാകെ ശുദ്ധമായ ഒരു നില ആസ്വദിക്കാൻ കഴിയും. അതുകൊണ്ട്, പത്രൊസ് അപ്പൊസ്തലൻ നമ്മെ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: “‘ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ’ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (1 പത്രൊസ് 1:16) നാം അവനെ പോലെ വിശുദ്ധരായിരിക്കണമെന്ന് യഹോവ പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക. അസാധ്യമായത് അവൻ ഒരിക്കലും നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. (സങ്കീർത്തനം 103:13, 14) പകരം, താൻ വിശുദ്ധനാകയാൽ നാമും വിശുദ്ധരായിരിക്കണമെന്നാണ് യഹോവ നമ്മോടു പറയുന്നത്. അപൂർണ മനുഷ്യരായ നാം “പ്രിയമക്കൾ” എന്നപോലെ അവനെ അനുകരിക്കാൻ നമ്മുടെ പരമാവധി ശ്രമിക്കുന്നു. (എഫെസ്യർ 5:1) അതുകൊണ്ട്, വിശുദ്ധി പ്രാപിക്കൽ തുടർച്ചയായ ഒരു പ്രക്രിയയാണ്. നാം ആത്മീയമായി വളരുമ്പോൾ നാം അനുദിനം “വിശുദ്ധിയെ തികക്കാൻ” ശ്രമിക്കുന്നു.—2 കൊരിന്ത്യർ 7:1.
20. (എ) നമ്മുടെ പരിശുദ്ധ ദൈവത്തിന്റെ ദൃഷ്ടിയിൽ നമുക്ക് ശുദ്ധരായിരിക്കാൻ കഴിയുമെന്നു മനസ്സിലാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) തന്റെ പാപങ്ങൾക്കു ക്ഷമ ലഭിച്ചെന്നു മനസ്സിലാക്കിയത് യെശയ്യാവിൽ എന്തു ഫലം ഉളവാക്കി?
20 യഹോവ സത്യവും ശുദ്ധവുമായതിനെ സ്നേഹിക്കുന്നു. അവൻ പാപത്തെ വെറുക്കുന്നു. (ഹബക്കൂക് 1:13) എന്നാൽ അവൻ നമ്മെ വെറുക്കുന്നില്ല. തിന്മയെ വെറുക്കുകയും നന്മയെ സ്നേഹിക്കുകയും ചെയ്തുകൊണ്ട് നാം ദൈവം വീക്ഷിക്കുന്നതുപോലെ പാപത്തെ വീക്ഷിക്കുകയും ക്രിസ്തുയേശുവിന്റെ പൂർണതയുള്ള കാൽച്ചുവടുകൾ പിൻപറ്റാൻ ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കും. (ആമോസ് 5:15; 1 പത്രൊസ് 2:21) നമ്മുടെ പരിശുദ്ധ ദൈവത്തിന്റെ ദൃഷ്ടിയിൽ നമുക്കു നിർമലരായിരിക്കാൻ കഴിയുമെന്നു നാം മനസ്സിലാക്കുമ്പോൾ അതു വലിയ ഫലങ്ങൾ കൈവരുത്തും. യഹോവയുടെ പരിശുദ്ധി ആദ്യം യെശയ്യാവിനെ സ്വന്തം അശുദ്ധിയെ കുറിച്ചു ബോധവാനാക്കി എന്ന് ഓർക്കുക. “എനിക്കു അയ്യോ കഷ്ടം” എന്ന് അവൻ നിലവിളിച്ചു. എന്നാൽ തന്റെ പാപങ്ങൾക്കു ക്ഷമ ലഭിച്ചെന്ന് മനസ്സിലായിക്കഴിഞ്ഞപ്പോൾ അവന്റെ വീക്ഷണത്തിനു മാറ്റമുണ്ടായി. ഒരു നിയോഗത്തിനായി ഒരു സന്നദ്ധ സേവകനെ യഹോവ ആവശ്യപ്പെട്ടപ്പോൾ, എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് അറിയില്ലായിരുന്നെങ്കിലും യെശയ്യാവ് പ്രതികരിച്ചു. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന് അവൻ പറഞ്ഞു.—യെശയ്യാവു 6:5-8.
21. വിശുദ്ധി എന്ന ഗുണം നമുക്കു നട്ടുവളർത്താൻ കഴിയുമെന്നുള്ള ഉറപ്പിന് എന്ത് അടിസ്ഥാനമുണ്ട്?
21 ധാർമിക ഗുണങ്ങളും ആത്മീയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയും സഹിതം പരിശുദ്ധ ദൈവത്തിന്റെ പ്രതിച്ഛായയിലാണു നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉല്പത്തി 1:26) വിശുദ്ധി കൈവരിക്കാൻ നമുക്കെല്ലാവർക്കും കഴിയും. നാം വിശുദ്ധി നട്ടുവളർത്തുന്നതിൽ തുടരുമ്പോൾ നമ്മെ സഹായിക്കാൻ യഹോവ സന്തോഷമുള്ളവനാണ്. അങ്ങനെ ചെയ്യുമ്പോൾ, നാം നമ്മുടെ പരിശുദ്ധ ദൈവത്തോട് മുമ്പെന്നത്തെക്കാളുമധികം അടുക്കും. കൂടാതെ, അടുത്ത അധ്യായങ്ങളിൽ യഹോവയുടെ ഗുണങ്ങൾ പരിചിന്തിക്കവേ, ദൈവത്തോട് അടുത്തു ചെല്ലുന്നതിന് ശക്തമായ അനേകം കാരണങ്ങൾ ഉണ്ടെന്നു നാം മനസ്സിലാക്കും!
a “ശുദ്ധിയില്ലാത്ത അധരങ്ങൾ” എന്ന പദപ്രയോഗം ഉചിതമാണ്, കാരണം ബൈബിളിൽ സംസാരത്തെ അഥവാ ഭാഷയെ പ്രതിനിധാനം ചെയ്യാൻ ആലങ്കാരികമായി അധരങ്ങൾ എന്ന പദം ഉപയോഗിക്കുന്നു. എല്ലാ അപൂർണ മനുഷ്യരിലും, പാപങ്ങളുടെ ഏറിയ പങ്കും നാം സംസാരപ്രാപ്തി ഉപയോഗിക്കുന്ന വിധത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാൻ കഴിയും.—സദൃശവാക്യങ്ങൾ 10:19; യാക്കോബ് 3:2, 6.