ബൈബിൾവാക്യങ്ങളുടെ വിശദീകരണം
1 പത്രോസ് 5:6, 7—“ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. . . . നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
“അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക. ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:6, 7. പുതിയ ലോക ഭാഷാന്തരം.
“അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രോസ് 5:6, 7, സത്യവേദപുസ്തകം.
1 പത്രോസ് 5:6, 7-ന്റെ അർഥം
പ്രശ്നങ്ങളും ഉത്കണ്ഠകളും ഒക്കെ ഉണ്ടാകുമ്പോൾ പൂർണവിശ്വാസത്തോടെ ദൈവത്തോടു പ്രാർഥിക്കാൻ കഴിയുമെന്ന് ക്രിസ്ത്യാനികൾക്ക് ഇതിലൂടെ ഉറപ്പുകൊടുക്കുകയായിരുന്നു പത്രോസ് അപ്പോസ്തലൻ. താഴ്മയുള്ളവർ ദൈവത്തിനു പ്രിയപ്പെട്ടവരാണ്. അവരെ ദൈവം വലിയ അളവിൽ അനുഗ്രഹിക്കും.
“അതുകൊണ്ടു ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ.” ക്ഷമയോടെ പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്നെങ്കിൽ, ദൈവം തന്നെ ഉയർത്തുമെന്ന് അഥവാ അനുഗ്രഹിക്കുമെന്ന് ഒരു വ്യക്തിക്ക് ഉറപ്പുണ്ടായിരിക്കാനാകും. തന്റെ ആരാധകർ എല്ലാ കാലവും പ്രശ്നങ്ങൾ അനുഭവിക്കാനോ താങ്ങാൻ പറ്റാത്ത പ്രശ്നങ്ങൾ നേരിടാനോ ദൈവം അനുവദിക്കില്ല. (1 കൊരിന്ത്യർ 10:13) അതേസമയം നന്മ ചെയ്യുന്നതിൽ തുടരുന്നെങ്കിൽ ദൈവം “തക്കസമയത്ത്” നമ്മളെ അനുഗ്രഹിക്കും.—ഗലാത്യർ 6:9.
“ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.” സംരക്ഷിക്കാനുള്ള ദൈവത്തിന്റെ ശക്തിയെ കുറിക്കാനാണു മിക്കപ്പോഴും ബൈബിളിൽ ‘ദൈവത്തിന്റെ കൈ’ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. (പുറപ്പാട് 3:19; ആവർത്തനം 26:8; എസ്ര 8:22) ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ കൈയുടെ കീഴിൽ താഴ്മയോടെയിരിക്കുകയാണ്. അവർ തങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നു. പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ തനിയെ കഴിയില്ലെന്ന് അവർ തിരിച്ചറിയുന്നു. (സുഭാഷിതങ്ങൾ 3:5, 6; ഫിലിപ്പിയർ 4:13) ഉചിതമായ സമയത്ത് ഏറ്റവും നല്ല വിധത്തിൽ തങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ശക്തി ദൈവത്തിനുണ്ടെന്ന് അവർക്ക് ഉറപ്പാണ്.—യശയ്യ 41:10.
“ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.” താഴ്മയോടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ട് ക്രിസ്ത്യാനികൾക്കു തങ്ങളുടെ ഉത്കണ്ഠകൾ ദൈവത്തിന്റെ മേൽ ഇടാനാകും. ഒരു പരാമർശഗ്രന്ഥം ഇതെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: “ഇടുക എന്നതിന് ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം തങ്ങളുടെ കൈയിലുള്ള എന്തെങ്കിലും ശ്രമം ചെയ്ത് വലിച്ചെറിയുന്നതിനെ കുറിക്കുന്നു. അത് ഒരാൾ ബോധപൂർവം ചെയ്യേണ്ടതാണ്.” ഒരു ക്രിസ്ത്യാനി തന്റെ ഉത്കണ്ഠകളെല്ലാം ദൈവത്തിന്റെ മേൽ എറിഞ്ഞുകഴിഞ്ഞാൽ അദ്ദേഹത്തിന്റെ ടെൻഷൻ കുറയും. ബൈബിളിൽ പറഞ്ഞിരിക്കുന്ന “ദൈവസമാധാനം” അനുഭവിച്ചറിയാൻ അയാൾക്കു കഴിയും. (ഫിലിപ്പിയർ 4:6, 7) തന്നെ ദൈവം സഹായിക്കുമെന്ന കാര്യത്തിൽ ഒരു ക്രിസ്ത്യാനിക്കു സംശയമില്ല. കാരണം, ദൈവത്തിനു തന്നെക്കുറിച്ച് ചിന്തയുണ്ടെന്നും താൻ വീണുപോകാതിരിക്കാനായി ദൈവത്തിനു അപാരമായ ശക്തി ഉപയോഗിക്കാനാകുമെന്നും അദ്ദേഹത്തിന് അറിയാം.—സങ്കീർത്തനം 37:5; 55:22.
1 പത്രോസ് 5:6, 7-ന്റെ സന്ദർഭം
പത്രോസ് ക്രിസ്ത്യാനികൾക്ക് എഴുതിയ ആദ്യത്തെ കത്തിലെ അവസാന അധ്യായമാണ് ഇത്. (1 പത്രോസ് 1:1) ഇന്നത്തെപ്പോലെ അന്നത്തെ ക്രിസ്ത്യാനികൾക്കും വിശ്വാസത്തിന്റെ പല പരിശോധനകളും നേരിട്ടു. അതു കാരണം അവർക്ക് ഉത്കണ്ഠ തോന്നിയിട്ടുണ്ടാകും. (1 പത്രോസ് 1:6, 7) അവർ നേരിടുന്ന പരിശോധനകളെക്കുറിച്ച് പത്രോസിനു അറിയാവുന്നതുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കാനായി ഏതാണ്ട് എ.ഡി. 62-64 കാലഘട്ടത്തിൽ പത്രോസ് അവർക്കൊരു കത്ത് എഴുതി.—1 പത്രോസ് 5:12.
പത്രോസ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത് വിശ്വാസത്തിന്റെ പേരിൽ കഷ്ടത സഹിക്കുന്നവർക്കു പ്രചോദനമേകുന്ന ഒരു ഓർമപ്പെടുത്തലോടെയാണ്. താഴ്മയോടെ തുടരുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ ഉറച്ചുനിൽക്കാൻ ദൈവം സഹായിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (1 പത്രോസ് 5:5-10) പരിശോധനകൾ സഹിക്കുന്ന ഇന്നത്തെ ക്രിസ്ത്യാനികൾക്കും പത്രോസിന്റെ ഈ വാക്കുകൾ പ്രോത്സാഹനം പകരുന്നു.
1 പത്രോസ് എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.