പാഠം 60
ഇനിയും പുരോഗതി വരുത്തുക
ഇതുവരെയുള്ള നിങ്ങളുടെ ബൈബിൾപഠനത്തിൽനിന്ന് യഹോവയെക്കുറിച്ച് നിങ്ങൾ ഒരുപാടു കാര്യങ്ങൾ പഠിച്ചു. പഠിച്ചുകഴിഞ്ഞപ്പോൾ നിങ്ങൾക്കു യഹോവയോടുള്ള സ്നേഹം വർധിച്ചു. അത്, ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും സ്നാനപ്പെടാനും നിങ്ങളെ പ്രേരിപ്പിച്ചു. നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഒരുപക്ഷേ അടുത്തുതന്നെ അതു ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ, നമ്മൾ പുരോഗമിക്കുന്നത് സ്നാനത്തോടെ അവസാനിക്കുന്നില്ല. തുടർന്നങ്ങോട്ടും യഹോവയോടുള്ള നിങ്ങളുടെ ബന്ധം കൂടുതൽക്കൂടുതൽ ശക്തമാക്കാൻ കഴിയും. എങ്ങനെ?
1. തുടർന്നും യഹോവയുമായുള്ള നമ്മുടെ സുഹൃദ്ബന്ധം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
യഹോവയുമായുള്ള സുഹൃദ്ബന്ധം ശക്തമാക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം. ഇല്ലെങ്കിൽ നമ്മൾ ‘ഒഴുകിപ്പോകും’ അഥവാ യഹോവയിൽനിന്ന് അകന്നുപോകും എന്നു ബൈബിൾ പറയുന്നു. (എബ്രായർ 2:1) യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മളെ എന്തു സഹായിക്കും? ഉത്സാഹത്തോടെ സന്തോഷവാർത്ത അറിയിക്കുക, യഹോവയെ കുറെക്കൂടെ നന്നായി സേവിക്കാൻ സഹായിക്കുന്ന മറ്റ് അവസരങ്ങളും കണ്ടെത്തുക. (ഫിലിപ്പിയർ 3:16 വായിക്കുക.) നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നമ്മുടെ ജീവിതം യഹോവയെ സേവിക്കാൻ ഉപയോഗിക്കുന്നതാണ്.—സങ്കീർത്തനം 84:10.
2. മറ്റ് എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ തുടർന്നും ചെയ്യണം?
ഈ ബൈബിൾപഠന പരിപാടി ഇതോടുകൂടെ അവസാനിക്കുകയാണ്. എങ്കിലും ഒരു ക്രിസ്ത്യാനിയായുള്ള നിങ്ങളുടെ ജീവിതം പിന്നെയും തുടരും. ബൈബിൾ പറയുന്നത് ‘പുതിയ വ്യക്തിത്വം ധരിക്കുക’ എന്നാണ്. (എഫെസ്യർ 4:23, 24) തുടർന്നും ദൈവവചനം പഠിച്ചുകൊണ്ടും മീറ്റിങ്ങുകളിൽ പങ്കെടുത്തുകൊണ്ടും യഹോവയെക്കുറിച്ചും യഹോവയുടെ ഗുണങ്ങളെക്കുറിച്ചും പുതിയപുതിയ കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാം. യഹോവയുടെ ആ മനോഹരമായ ഗുണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പകർത്തുന്നതിനുവേണ്ടി നന്നായി ശ്രമിക്കുക. യഹോവയെ സന്തോഷിപ്പിക്കാൻ ആവശ്യമായ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ അതൊക്കെ വരുത്തുന്നതിൽ തുടരുക.
3. പുരോഗമിക്കാൻ യഹോവ നിങ്ങളെ എങ്ങനെ സഹായിക്കും?
ബൈബിൾ പറയുന്നു: “ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും.” (1 പത്രോസ് 5:10) നമുക്കെല്ലാവർക്കും പ്രലോഭനങ്ങൾ നേരിടേണ്ടിവരും. എന്നാൽ അവയെ മറികടക്കാനുള്ള ശക്തി യഹോവ നമുക്കു തരും. (സങ്കീർത്തനം 139:23, 24) യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിനുള്ള ആഗ്രഹവും ഊർജവും നമുക്കു തരുമെന്നു ദൈവം വാക്കു തന്നിട്ടുണ്ട്.—ഫിലിപ്പിയർ 2:13 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
തുടർന്നും എങ്ങനെ പുരോഗമിക്കാമെന്നും യഹോവ അതിനെ എങ്ങനെ അനുഗ്രഹിക്കുമെന്നും നമുക്കു നോക്കാം.
4. യഹോവയോടു സംസാരിക്കുക, യഹോവ പറയുന്നതു കേൾക്കുക
യഹോവയുടെ സുഹൃത്താകാൻ പ്രാർഥനയും ബൈബിൾപഠനവും നിങ്ങളെ സഹായിച്ചില്ലേ? ഇതേ കാര്യങ്ങൾ യഹോവയോടു കൂടുതൽ അടുക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കുമെന്നു നോക്കാം.
സങ്കീർത്തനം 62:8 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കാൻ ഏതു വിധത്തിൽ പ്രാർഥിക്കാം?
സങ്കീർത്തനം 1:2-ഉം അടിക്കുറിപ്പും വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയുമായുള്ള ബന്ധം ശക്തമാക്കാൻ നിങ്ങളുടെ ബൈബിൾവായന എങ്ങനെ മെച്ചപ്പെടുത്താം?
വ്യക്തിപരമായ പഠനത്തിൽനിന്ന് പൂർണപ്രയോജനം കിട്ടാൻ എന്തു ചെയ്യാം? ചില കാര്യങ്ങൾ നോക്കാം: വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട ഏതൊക്കെ നിർദേശങ്ങളാണു നിങ്ങൾ പരീക്ഷിച്ചുനോക്കാൻ പോകുന്നത്?
നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ഏതൊക്കെയാണ്?
5. ആത്മീയലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുക
യഹോവയുടെ സേവനത്തിൽ ലക്ഷ്യങ്ങൾ വെക്കുന്നതു പുരോഗതി വരുത്തുന്നതിൽ തുടരാൻ നിങ്ങളെ സഹായിക്കും. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ആത്മീയലക്ഷ്യങ്ങൾ വെച്ചത്, വീഡിയോയിൽ കണ്ട കാമറോണിനെ സഹായിച്ചത് എങ്ങനെയാണ്?
മറ്റൊരിടത്തു പോയി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിച്ചെന്നുവരില്ല. എങ്കിലും എത്തിച്ചേരാനാകുന്ന ചില ലക്ഷ്യങ്ങൾ നമുക്കെല്ലാം വെക്കാനാകും. സുഭാഷിതങ്ങൾ 21:5 വായിക്കുക. എന്നിട്ട് നിങ്ങൾ വെക്കാൻ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുക:
സഭയിൽ.
ശുശ്രൂഷയിൽ.
നിങ്ങൾ വെച്ച ലക്ഷ്യങ്ങളിലെത്താൻ ഈ വാക്യത്തിലെ തത്ത്വം എങ്ങനെയാണു സഹായിക്കുന്നത്?
നിങ്ങൾക്കു വെക്കാവുന്ന ചില ലക്ഷ്യങ്ങൾ
പ്രാർഥനയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക.
ബൈബിൾ മുഴുവനും വായിക്കുക.
സഭയിലെ എല്ലാവരെയും അടുത്തറിയുക.
ഒരു ബൈബിൾപഠനം കണ്ടെത്തി നടത്തുക.
സഹായ മുൻനിരസേവനമോ സാധാരണ മുൻനിരസേവനമോ ചെയ്യുക.
നിങ്ങൾ ഒരു സഹോദരനാണെങ്കിൽ ശുശ്രൂഷാദാസനാകാൻ ലക്ഷ്യംവെച്ച് പ്രവർത്തിക്കുക.
6. ജീവിതം ആസ്വദിക്കാം എന്നേക്കും!
സങ്കീർത്തനം 22:26 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഇപ്പോഴും എന്നേക്കും ജീവിതം ആസ്വദിക്കാൻ എന്തു ചെയ്യാം?
ചുരുക്കത്തിൽ
തുടർന്നും, യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം ശക്തമാക്കുകയും ആത്മീയലക്ഷ്യങ്ങൾ വെക്കുകയും ചെയ്യാം. അങ്ങനെയാണെങ്കിൽ ജീവിതം എന്നേക്കും ആസ്വദിക്കാം!
ഓർക്കുന്നുണ്ടോ?
വിശ്വസ്തമായി യഹോവയെ സേവിക്കാൻ യഹോവതന്നെ നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം എങ്ങനെ ശക്തമാക്കാൻ കഴിയും?
ആത്മീയലക്ഷ്യങ്ങൾ വെക്കുന്നത് പുരോഗമിക്കാൻ എങ്ങനെയാണു നിങ്ങളെ സഹായിക്കുന്നത്?
കൂടുതൽ മനസ്സിലാക്കാൻ
വല്ലപ്പോഴുമുള്ള ഭക്തിപ്രകടനങ്ങളാണോ അതോ ജീവിതകാലം മുഴുവൻ തന്നോടു വിശ്വസ്തരായിരിക്കുന്നതാണോ യഹോവ കൂടുതൽ വിലയുള്ളതായി കാണുന്നത്?
യഹോവയുടെ ഒരു വിശ്വസ്തദാസനുപോലും ചിലപ്പോൾ സന്തോഷം നഷ്ടപ്പെട്ടേക്കാം. എന്നാൽ അതു വീണ്ടെടുക്കാൻ എങ്ങനെ കഴിയും?
പഠനത്തിലൂടെയും ധ്യാനത്തിലൂടെയും സന്തോഷം വീണ്ടെടുക്കുക (5:25)
നിങ്ങൾക്ക് എങ്ങനെയാണ് ആത്മീയലക്ഷ്യങ്ങൾ വെക്കാനും അതിൽ എത്തിച്ചേരാനും കഴിയുക?
നമുക്കു ക്രിസ്തീയപക്വത ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? അത് എങ്ങനെ നേടാം?