സമർപ്പണവും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യവും
“അത്തരം സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി.”—ഗലാത്യർ 5:1, NW.
1. ‘സമർപ്പണം,’ ‘പ്രതിഷ്ഠ,’ ‘ഏൽപ്പിച്ചുകൊടുക്കൽ’ എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങൾ മുഖ്യമായും എന്തിനു ബാധകമാകുന്നു?
ഒരു വിശുദ്ധോദ്ദേശ്യത്തിനായി പ്രവർത്തിക്കാൻ വേർതിരിക്കപ്പെട്ടവർ അഥവാ ഉഴിഞ്ഞുവെക്കപ്പെട്ടവർ എന്ന ആശയം ധ്വനിപ്പിക്കാൻ ബൈബിളെഴുത്തുകാർ പല എബ്രായ, ഗ്രീക്കു പദങ്ങൾ ഉപയോഗിച്ചു. മലയാളം ബൈബിളിൽ ഇവ ‘സമർപ്പണം,’ ‘പ്രതിഷ്ഠ,’ ‘ഏൽപ്പിച്ചുകൊടുക്കൽ’ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ചിലയവസരങ്ങളിൽ ഇവ കെട്ടിടങ്ങളോടുള്ള—പൊതുവേ പുരാതന യെരൂശലേമിലെ ദൈവാലയത്തോടും അവിടെ നടത്തിയിരുന്ന ആരാധനയോടുമുള്ള—ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നു. ലൗകിക കാര്യങ്ങളോടുള്ള ബന്ധത്തിൽ ഈ വാക്കുകൾ അപൂർവമായേ ഉപയോഗിക്കുന്നുള്ളൂ.
“യിസ്രായേലിന്റെ ദൈവ”ത്തിനുള്ള സമർപ്പണം
2. യഹോവയെ “യിസ്രായേലിന്റെ ദൈവ”മെന്ന് ഉചിതമായും വിളിക്കാൻ കഴിഞ്ഞതെന്തുകൊണ്ട്?
2 പൊ.യു.മു. 1513-ൽ ദൈവം ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. അതിനുശേഷം താമസിയാതെ, അവരുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടുകൊണ്ട് അവൻ അവരെ തന്റെ പ്രത്യേക ജനമായി വേർതിരിച്ചു. അവരോട് ഇങ്ങനെ പറയപ്പെട്ടു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.” (പുറപ്പാടു 19:5; സങ്കീർത്തനം 135:4) ഇസ്രായേല്യരെ തന്റെ പ്രത്യേക സ്വത്താക്കിയതിനാൽ യഹോവയെ ഉചിതമായും “യിസ്രായേലിന്റെ ദൈവ”മെന്നു വിളിക്കാനാകുമായിരുന്നു.—യോശുവ 24:23.
3. ഇസ്രായേലിനെ സ്വന്തജനമായി തിരഞ്ഞെടുത്തതിൽ യഹോവ പക്ഷപാതം കാണിക്കുകയല്ലാഞ്ഞതെന്തുകൊണ്ട്?
3 ഇസ്രായേല്യരെ തന്റെ സമർപ്പിത ജനമാക്കിയതിൽ യഹോവ പക്ഷപാതം കാണിക്കുകയായിരുന്നില്ല. എന്തെന്നാൽ അവൻ ഇസ്രായേല്യേതരരോടും സ്നേഹപുരസ്സരമായ താത്പര്യം പ്രകടമാക്കി. അവൻ തന്റെ ജനത്തെ ഇങ്ങനെ പ്രബോധിപ്പിച്ചു: “പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യപുസ്തകം 19:33, 34) ദൈവത്തിന്റെ ഈ വീക്ഷണം പത്രൊസ് അപ്പോസ്തലനിൽ രൂഢമൂലമായിരുന്നതിനാലാണ് നൂറ്റാണ്ടുകൾക്കുശേഷംപോലും അവനിങ്ങനെ പറയാൻ കഴിഞ്ഞത്: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
4. ദൈവത്തിനും ഇസ്രായേലിനുമിടയിലെ ബന്ധത്തിന്റെ വ്യവസ്ഥകൾ എന്തെല്ലാമായിരുന്നു, ഇസ്രായേല്യർ അതിനു ചേർച്ചയിൽ ജീവിച്ചുവോ?
4 ശ്രദ്ധിക്കുക, ദൈവത്തിന്റെ സമർപ്പിത ജനമായിരിക്കുകയെന്നത് സോപാധികമായിരുന്നു. അവർ കർശനമായും ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും അവന്റെ ഉടമ്പടി പാലിക്കുകയും ചെയ്തെങ്കിൽ മാത്രമേ അവർക്ക് അവന്റെ ‘പ്രത്യേക സ്വത്ത്’ ആയിരിക്കാനാകുമായിരുന്നുള്ളൂ. സങ്കടകരമെന്നു പറയട്ടെ, ഈ നിബന്ധനകൾ പാലിക്കാൻ ഇസ്രായേല്യർ പരാജയപ്പെട്ടു. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ദൈവം അയച്ച മിശിഹായെ തള്ളിക്കളഞ്ഞപ്പോൾ അവർ അവരുടെ പ്രത്യേക പദവി നഷ്ടപ്പെടുത്തി. യഹോവ മേലാൽ “യിസ്രായേലിന്റെ ദൈവ”മല്ലാതായി. സ്വാഭാവിക ഇസ്രായേല്യർ മേലാൽ ദൈവത്തിന്റെ സമർപ്പിത ജനവുമല്ലാതായി.—മത്തായി 23:23 താരതമ്യം ചെയ്യുക.
“ദൈവത്തിന്റെ യിസ്രായേലി”ന്റെ സമർപ്പണം
5, 6. (എ) മത്തായി 21:42, 43-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാവചനിക വാക്കുകളാൽ അവൻ എന്താണ് അർഥമാക്കിയത്? (ബി) എപ്പോൾ, എങ്ങനെ ‘ദൈവത്തിന്റെ യിസ്രായേൽ’ അസ്തിത്വത്തിൽ വന്നു?
5 ഇതിനർഥം യഹോവയ്ക്കിപ്പോൾ ഒരു സമർപ്പിത ജനമില്ലെന്നാണോ? അല്ല. സങ്കീർത്തനക്കാരനെ ഉദ്ധരിച്ചുകൊണ്ട്, യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞു: ‘“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.’—മത്തായി 21:42, 43.
6 “അതിന്റെ ഫലം കൊടുക്കുന്ന ജാതി” ക്രിസ്തീയ സഭയാണെന്നു തെളിഞ്ഞു. യേശുവിന്റെ ഭൗമിക ജീവിതകാലത്ത്, അവൻ അതിന്റെ ഭാവിയംഗങ്ങളിൽ ആദ്യകൂട്ടത്തെ തിരഞ്ഞെടുത്തു. എന്നാൽ പൊ.യു. 33-ലെ പെന്തക്കോസ്ത് നാളിൽ, 120 പേരോളംവരുന്ന അതിന്റെ ആദ്യ അംഗങ്ങളുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് ക്രിസ്തീയ സഭ സ്ഥാപിച്ചത് യഹോവയാം ദൈവംതന്നെയായിരുന്നു. (പ്രവൃത്തികൾ 1:15; 2:1-4) പത്രൊസ് അപ്പോസ്തലൻ പിൽക്കാലത്ത് എഴുതിയതുപോലെ, പുതുതായി രൂപംകൊണ്ട ഈ സഭ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” ആയിത്തീർന്നു. എന്തിനു തിരഞ്ഞെടുക്കപ്പെട്ടവർ? “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു [അവരെ] വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷി”ക്കേണ്ടതിന്. (1 പത്രൊസ് 2:9) ദൈവാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ട, ക്രിസ്തുവിന്റെ അനുഗാമികൾ ഇപ്പോൾ ഒരു സമർപ്പിത ജനതയായ, ‘ദൈവത്തിന്റെ യിസ്രായേൽ’ ആയി.—ഗലാത്യർ 6:16.
7. ദൈവത്തിന്റെ ഇസ്രായേലിൽപ്പെട്ടവർ എന്ത് ആസ്വദിക്കണമായിരുന്നു, അതുകൊണ്ട് എന്ത് ഒഴിവാക്കാൻ അവരോട് ആവശ്യപ്പെട്ടു?
7 ആ വിശുദ്ധ ജനതയിലെ അംഗങ്ങൾ “സ്വന്തജന”മായിരുന്നെങ്കിലും അവരെ അടിമകളാക്കുകയില്ലായിരുന്നു. മറിച്ച്, സ്വാഭാവിക ഇസ്രായേൽ എന്ന സമർപ്പിത ജനത ആസ്വദിച്ചിരുന്നതിനെക്കാൾ വലിയ സ്വാതന്ത്ര്യം അവർക്കു ലഭിക്കുമായിരുന്നു. ഈ പുതിയ ജനതയിലെ ഭാവിയംഗങ്ങൾക്ക് യേശു ഈ വാഗ്ദാനം നൽകി: “[നിങ്ങൾ] സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) ക്രിസ്ത്യാനികൾ ന്യായപ്രമാണ ഉടമ്പടിയുടെ നിബന്ധനകളിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നുവെന്ന് പൗലൊസ് അപ്പോസ്തലൻ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു ഗലാത്യയിലുള്ള സഹവിശ്വാസികളെ അവൻ ഇങ്ങനെ അനുശാസിച്ചു: “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.”—ഗലാത്യർ 5:1.
8. ക്രിസ്തീയ ക്രമീകരണം ന്യായപ്രമാണ ഉടമ്പടിക്കു കീഴിലുണ്ടായിരുന്നവർ ആസ്വദിച്ചിരുന്നതിനെക്കാൾ വലിയ സ്വാതന്ത്ര്യം വ്യക്തികൾക്കു പ്രദാനം ചെയ്യുന്നത് ഏതു വിധത്തിൽ?
8 പുരാതന കാലത്തെ സ്വാഭാവിക ഇസ്രായേലിൽനിന്നു വ്യത്യസ്തമായി, ദൈവത്തിന്റെ ഇസ്രായേൽ അതിന്റെ സമർപ്പണ നിബന്ധനകൾ ഇന്നുവരെയും കർശനമായി അനുസരിച്ചിരിക്കുന്നു. അതിന്റെ അംഗങ്ങൾ അവ അനുസരിക്കാൻ സ്വമനസ്സാലെ തീരുമാനിച്ചതിനാൽ ഇതിൽ അതിശയിക്കാനില്ല. സ്വാഭാവിക ഇസ്രായേലിന്റെ അംഗങ്ങൾ ജന്മനാ സമർപ്പിതരായിരിക്കെ, സ്വന്തം തിരഞ്ഞെടുപ്പിനാലാണ് ഒരുവൻ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമാകുന്നത്. തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം കൊടുക്കാതെ വ്യക്തിയുടെമേൽ സമർപ്പണം അടിച്ചേൽപ്പിച്ചിരുന്ന യഹൂദ ന്യായപ്രമാണ ഉടമ്പടിയിൽനിന്നു വ്യത്യസ്തമായിരുന്നു ക്രിസ്തീയ ക്രമീകരണം.
9, 10. (എ) സമർപ്പണത്തിന്റെ കാര്യത്തിൽ ഒരു മാറ്റം സംഭവിക്കുമെന്ന് യിരെമ്യാവു സൂചിപ്പിച്ചതെങ്ങനെ? (ബി) ഇന്നത്തെ എല്ലാ സമർപ്പിത ക്രിസ്ത്യാനികളും ദൈവത്തിന്റെ ഇസ്രായേലിൽ അംഗങ്ങളല്ലെന്ന് നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
9 സമർപ്പണം സംബന്ധിച്ച് ഒരു മാറ്റം സംഭവിക്കുമെന്ന് യിരെമ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം [“ഉടമ്പടി,” NW] ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 31:31-33.
10 ദൈവത്തിന്റെ നിയമം “അവരുടെ ഉള്ളി”ലായിരിക്കുന്നതിനാൽ, ആലങ്കാരികമായി പറഞ്ഞാൽ “അവരുടെ ഹൃദയ”ത്തിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ, ദൈവത്തിന്റെ ഇസ്രായേലിൽപ്പെട്ടവർ തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ പ്രചോദിതരാക്കപ്പെടുന്നു. സ്വന്തം തിരഞ്ഞെടുപ്പിനാലല്ല, മറിച്ച് ജന്മനാ സമർപ്പിതരായിരുന്ന സ്വാഭാവിക ഇസ്രായേലിനെക്കാൾ ശക്തമായാണ് അവർ പ്രചോദിതരാക്കപ്പെടുന്നത്. ദൈവഹിതം നിവർത്തിക്കുന്നതിൽ ദൈവത്തിന്റെ ഇസ്രായേലിനുള്ള ശക്തമായ പ്രചോദനത്തിൽ വേറൊരു കൂട്ടം ഇന്നു പങ്കുപറ്റുന്നുണ്ട്, ലോകമെമ്പാടുമുള്ള അമ്പതു ലക്ഷത്തിലധികംവരുന്ന അവരുടെ സഹാരാധകർ. യഹോവയാം ദൈവത്തിന്റെ ഹിതം നിവർത്തിക്കാൻ അവരും തങ്ങളുടെ ജീവിതം അവനു സമർപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ ഇസ്രായേലിലെ അംഗങ്ങൾക്കുള്ളതുപോലെ സ്വർഗീയ ജീവിതത്തിനുള്ള പ്രത്യാശയില്ലെങ്കിലും ഈ വ്യക്തികൾ ദൈവത്തിന്റെ സ്വർഗീയ രാജ്യഭരണത്തിൻ കീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ സന്തോഷിക്കുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു [തങ്ങളെ] വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാ”നുള്ള ആത്മീയ ഇസ്രായേലിന്റെ നിയമനം നിറവേറ്റുന്നതിൽ അതിന്റെ ചെറിയ ശേഷിപ്പിനെ സജീവമായി പിന്തുണച്ചുകൊണ്ട് അവർ അവരോടു വിലമതിപ്പു പ്രകടമാക്കുന്നു.
ദൈവദത്ത സ്വാതന്ത്ര്യം ബുദ്ധിപൂർവം വിനിയോഗിക്കൽ
11. മനുഷ്യൻ എന്തു പ്രാപ്തിയോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, അതെങ്ങനെ വിനിയോഗിക്കപ്പെടണം?
11 സ്വാതന്ത്ര്യത്തെ നിധിപോലെ വിലമതിക്കാൻ ദൈവം മനുഷ്യരെ സൃഷ്ടിച്ചു. അവൻ അവർക്ക് ഇച്ഛാസ്വാതന്ത്ര്യ പ്രാപ്തി നൽകി. ആദ്യ മാനുഷ ദമ്പതികൾ തങ്ങളുടെ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉപയോഗിച്ചു. എന്നാൽ അവർ തങ്ങൾക്കും സന്താനങ്ങൾക്കും ദുരന്തംവരുത്തിവെച്ച ബുദ്ധിശൂന്യവും സ്നേഹശൂന്യവുമായ ഒരു തിരഞ്ഞെടുപ്പു നടത്തി. എന്നിട്ടും ബുദ്ധിയുള്ള സൃഷ്ടികൾ തങ്ങളുടെ ആന്തരിക പ്രേരണകൾക്കോ അഭിലാഷങ്ങൾക്കോ വിപരീതമായ ഒരു ഗതി സ്വീകരിക്കണമെന്ന് യഹോവ ഒരിക്കലും നിർബന്ധിക്കുന്നില്ലെന്ന് ഇതു വ്യക്തമായി പ്രകടമാക്കുന്നു. “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്ന”തുകൊണ്ട്, അവനു സ്വീകാര്യമായ ഒരേയൊരു സമർപ്പണം സ്നേഹത്തിലധിഷ്ഠിതവും സന്തോഷത്തോടെ സ്വമേധയാ ചെയ്യുന്നതും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യത്തിലധിഷ്ഠിതവുമാണ്. (2 കൊരിന്ത്യർ 9:7) മറ്റു യാതൊരു തരത്തിലുള്ളതും സ്വീകാര്യമല്ല.
12, 13. കുട്ടികളുടെ ഉചിതമായ പരിശീലനത്തിന്റെ കാര്യത്തിൽ തിമൊഥെയൊസ് ഒരു മാതൃകയായിരിക്കുന്നതെങ്ങനെ, അവന്റെ മാതൃക അനേകം യുവജനങ്ങളെ എന്തിലേക്കു നയിച്ചിരിക്കുന്നു?
12 ഈ നിബന്ധന പൂർണമായും അംഗീകരിച്ചുകൊണ്ട്, യഹോവയുടെ സാക്ഷികൾ ഓരോരുത്തരെയും സ്വയം ദൈവത്തിനു സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ അവർ ആരെയും, സ്വന്തം മക്കളെപ്പോലും നിർബന്ധിച്ചു സമർപ്പണം നടത്തിക്കുന്നില്ല. അനേകം സഭകളിൽനിന്നു വ്യത്യസ്തമായി, വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ പ്രയോജനം കൂടാതെ ബലാത്കാരേണ സമർപ്പണം ചെയ്യിക്കുക സാധ്യമാണെന്നമട്ടിൽ സാക്ഷികൾ തങ്ങളുടെ കുട്ടികൾക്കു ശിശുസ്നാനം നൽകുന്നില്ല. യുവാവായ തിമൊഥെയൊസിന്റെ മാതൃകയാണ് പിൻപറ്റേണ്ട തിരുവെഴുത്തുപരമായ രീതി. പ്രായപൂർത്തിയെത്തിയ അവനോട് പൗലൊസ് അപ്പോസ്തലൻ പറഞ്ഞു: “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.”—2 തിമൊഥെയൊസ് 3:14, 15.
13 ശൈശവംമുതൽ പഠിപ്പിക്കപ്പെട്ടിരുന്നതിനാൽ തിമൊഥെയൊസിന് വിശുദ്ധ ലിഖിതങ്ങൾ അറിയാമായിരുന്നുവെന്നതു ശ്രദ്ധേയമാണ്. അമ്മയാലും വല്യമ്മയാലും അവൻ ക്രിസ്തീയ പഠിപ്പിക്കലുകൾ വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ടു, അല്ലാതെ നിർബന്ധിക്കപ്പെട്ടില്ല. (2 തിമൊഥെയൊസ് 1:5) അതിന്റെ ഫലമായി, ക്രിസ്തുവിന്റെ അനുഗാമിയായിത്തീരുന്നതിലെ ജ്ഞാനം മനസ്സിലാക്കി തിമൊഥെയൊസ് ക്രിസ്തീയ സമർപ്പണത്തിനായി വ്യക്തിപരമായ തിരഞ്ഞെടുപ്പു നടത്തി. ആധുനിക നാളിൽ, യഹോവയുടെ സാക്ഷികൾ മാതാപിതാക്കളായുള്ള പതിനായിരക്കണക്കിനു യുവതീയുവാക്കൾ ഈ മാതൃക പിൻപറ്റിയിട്ടുണ്ട്. (സങ്കീർത്തനം 110:3) അങ്ങനെ ചെയ്യാത്തവരുമുണ്ട്. അതു വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.
ആരുടെ അടിമയാകാൻ തിരഞ്ഞെടുക്കുന്നു?
14. പൂർണ സ്വാതന്ത്ര്യത്തെക്കുറിച്ചു റോമർ 6:16 നമ്മോട് എന്തു പറയുന്നു?
14 ഒരു മനുഷ്യനും പൂർണമായി സ്വതന്ത്രനല്ല. ഗുരുത്വാകർഷണനിയമംപോലുള്ള ഭൗതിക നിയമങ്ങളാൽ ഓരോരുത്തരുടെയും സ്വാതന്ത്ര്യം പരിമിതപ്പെടുന്നു. ഹാനി തട്ടാതെ അത്തരം നിയമങ്ങളെ അവഗണിക്കാനാവില്ല. ആത്മീയ അർഥത്തിലും ഒരാളും പൂർണമായി സ്വതന്ത്രനല്ല. പൗലൊസ് ഇങ്ങനെ ന്യായവാദം ചെയ്തു: “നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.”—റോമർ 6:16.
15. (എ) അടിമകളായിരിക്കുന്നതിനെക്കുറിച്ച് ആളുകൾക്കെന്തു തോന്നുന്നു, എന്നാൽ മിക്കവരും അവസാനം എന്തു ചെയ്യുന്നതിൽ കലാശിക്കുന്നു? (ബി) നമുക്കു നമ്മോടുതന്നെ ഉചിതമായ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
15 ആരുടെയെങ്കിലും അടിമയായിരിക്കുകയെന്ന ആശയംതന്നെ മിക്കവർക്കും അരോചകമാണ്. എന്നിരുന്നാലും, ഇന്നത്തെ ലോകത്തിൽ ആളുകൾ മറ്റുള്ളവരുടെ കൈയിലെ പാവകളാകാൻ തങ്ങളെത്തന്നെ അനുവദിക്കുകയും കുടിലമായ അനേകം വിധങ്ങളാൽ സ്വാധീനിക്കപ്പെട്ട് സ്വന്തം ഇച്ഛയ്ക്കു വിരുദ്ധമായി മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിക്കുകയും ചെയ്യാറുണ്ടെന്നതാണ് വാസ്തവം. ഉദാഹരണത്തിന്, ആളുകൾക്കു പിൻപറ്റുന്നതിനുള്ള നിലവാരങ്ങൾ വെച്ചുകൊണ്ട് പരസ്യവ്യവസായവും വിനോദലോകവും അവരെ ഒരു മൂശയിലൊതുക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ, മത സംഘടനകൾ എല്ലായ്പോഴും തങ്ങളുടെ ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും ആളുകളുടെ പിന്തുണതേടുന്നത് ശക്തമായ വാദമുഖങ്ങളിലൂടെയല്ല, മറിച്ച് പലപ്പോഴും ഐക്യദാർഢ്യത്തിന്റെയോ കൂറിന്റെയോ പേരിലാവും. ‘നാം അനുസരിച്ചു പോരുന്നവർക്കു നാം ദാസന്മാരാകുന്നു’വെന്നു പൗലൊസ് പ്രസ്താവിക്കുന്നതുകൊണ്ട് നാം ഓരോരുത്തരും സ്വയം ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്, ‘ഞാൻ ആരുടെ അടിമയാണ്? എന്റെ തീരുമാനങ്ങളിന്മേലും എന്റെ ജീവിതരീതിയുടെമേലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നതാരാണ്? പുരോഹിതന്മാരോ രാഷ്ട്രീയ നേതാക്കന്മാരോ ധനാഢ്യരോ കലാകാരന്മാരോ? ഞാൻ ആരെയാണ് അനുസരിക്കുന്നത്—ദൈവത്തെയോ മനുഷ്യരെയോ?’
16. ഏതർഥത്തിലാണ് ക്രിസ്ത്യാനികൾ ദൈവത്തിന്റെ അടിമകളായിരിക്കുന്നത്, അത്തരം അടിമത്തത്തെക്കുറിച്ചുള്ള ഉചിതമായ കാഴ്ചപ്പാടെന്ത്?
16 ദൈവത്തെ അനുസരിക്കുന്നതുകൊണ്ട് വ്യക്തിപരമായ സ്വാതന്ത്ര്യം അന്യായമായി നഷ്ടപ്പെടുമെന്നു ക്രിസ്ത്യാനികൾ വിചാരിക്കുന്നില്ല. തങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളും മുൻഗണനകളും ദൈവഹിതത്തിനു ചേർച്ചയിലാക്കിക്കൊണ്ട് തങ്ങളുടെ മാതൃകാപുരുഷനായ യേശുക്രിസ്തുവിന്റെ രീതിയിൽത്തന്നെ അവർ തങ്ങളുടെ സ്വാതന്ത്ര്യം മനസ്സോടെ വിനിയോഗിക്കുന്നു. (യോഹന്നാൻ 5:30; 6:38) സഭയുടെ ശിരസ്സ് എന്നനിലയിൽ ക്രിസ്തുവിനു തങ്ങളെത്തന്നെ വിധേയരാക്കിക്കൊണ്ട് അവർ ‘ക്രിസ്തുവിന്റെ മനസ്സ്’ വികസിപ്പിച്ചെടുക്കുന്നു. (1 കൊരിന്ത്യർ 2:14-16; കൊലൊസ്സ്യർ 1:15-18) ഇത് ഏറെയും താൻ സ്നേഹിക്കുന്ന ഒരു പുരുഷനെ വിവാഹം ചെയ്ത് അയാളോടു മനസ്സോടെ സഹകരിക്കുന്ന ഒരു സ്ത്രീയെപ്പോലെയാണ്. വാസ്തവത്തിൽ, അഭിഷിക്ത ക്രിസ്ത്യാനികളുടെ സംഘത്തെ ക്രിസ്തുവിനു വിവാഹവാഗ്ദാനം ചെയ്തിരിക്കുന്ന ഒരു നിർമല കന്യകയായിട്ടാണ് വർണിച്ചിരിക്കുന്നത്.—2 കൊരിന്ത്യർ 11:2; എഫെസ്യർ 5:23, 24; വെളിപ്പാടു 19:7, 8.
17. എല്ലാ യഹോവയുടെ സാക്ഷികളും ആരായിത്തീരാനാണ് തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നത്?
17 സ്വർഗീയ പ്രത്യാശയോ ഭൗമിക പ്രത്യാശയോ ഉള്ള ഓരോ യഹോവയുടെ സാക്ഷിയും ദൈവഹിതം ചെയ്യാനും അവനെ ഭരണാധിപനായി അനുസരിക്കാനും ഒരു വ്യക്തിപരമായ സമർപ്പണം നടത്തിയിരിക്കുന്നു. ഓരോ സാക്ഷിയെയും സംബന്ധിച്ചിടത്തോളം, സമർപ്പണം മനുഷ്യരുടെ അടിമയായി തുടരുന്നതിനെക്കാൾ നല്ലത് ദൈവത്തിന്റെ ഒരു അടിമയാകുന്നതാണ് എന്ന വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമായിരുന്നു. ഇത് പൗലൊസ് അപ്പോസ്തലന്റെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിലാണ്: “നിങ്ങളെ വിലെക്കു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസൻമാരാകരുതു.”—1 കൊരിന്ത്യർ 7:23.
നമുക്കുതന്നെ പ്രയോജനംചെയ്യാൻ പഠിക്കൽ
18. സാക്ഷിയാകാൻ സാധ്യതയുള്ള ഒരാൾ സ്നാപനത്തിനു യോഗ്യതപ്രാപിക്കുന്നതെപ്പോൾ?
18 യഹോവയുടെ ഒരു സാക്ഷിയായിത്തീരാൻ യോഗ്യത പ്രാപിക്കുക സാധ്യമാകണമെങ്കിൽ ഒരുവൻ തിരുവെഴുത്തുപരമായ യോഗ്യതകളിൽ എത്തിച്ചേരണം. ക്രിസ്തീയ സമർപ്പണത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്ന് സാക്ഷിയാകാൻ ആഗ്രഹിക്കുന്ന വ്യക്തി ശരിക്കും മനസ്സിലാക്കുന്നുണ്ടോ എന്ന് മൂപ്പന്മാർ സസൂക്ഷ്മം നിർണയിക്കുന്നു. ഒരു യഹോവയുടെ സാക്ഷിയായിത്തീരാൻ അയാൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? അതിന്റെ നിബന്ധനകൾക്കനുസൃതം ജീവിക്കാൻ അയാൾക്കു മനസ്സൊരുക്കമുണ്ടോ? ഇല്ലെങ്കിൽ, അയാൾക്കു സ്നാപനത്തിനുള്ള യോഗ്യതയില്ല.
19. ദൈവത്തിന്റെ ഒരു സമർപ്പിത ദാസനായിത്തീരാൻ തീരുമാനിക്കുന്ന ആരെയെങ്കിലും വിമർശിക്കുന്നത് ന്യായമല്ലാത്തതെന്തുകൊണ്ട്?
19 എന്നിരുന്നാലും, ഒരു വ്യക്തി എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ, ദൈവത്താലും അവന്റെ നിശ്വസ്ത വചനത്താലും സ്വാധീനിക്കപ്പെടാൻ സ്വയം അനുവദിക്കുന്നതിനു വ്യക്തിപരമായ ഒരു തീരുമാനം സ്വമനസ്സാലെ കൈക്കൊണ്ടിരിക്കുന്നതിന് അയാളെന്തിനു വിമർശിക്കപ്പെടണം? മനുഷ്യർക്കു പകരം ദൈവത്താൽ സ്വാധീനിക്കപ്പെടാൻ ഒരുവൻ സ്വയം അനുവദിക്കുന്നത് താരതമ്യേന കുറഞ്ഞ തോതിലാണോ സ്വീകാര്യമായിരിക്കുന്നത്? അല്ലെങ്കിൽ അതിനു കുറഞ്ഞ പ്രയോജനമേയുള്ളോ? യഹോവയുടെ സാക്ഷികൾ അങ്ങനെ ചിന്തിക്കുന്നില്ല. യെശയ്യാവ് പിൻവരുന്നപ്രകാരം എഴുതിയ ദൈവത്തിന്റെ വാക്കുകളോട് അവർ മുഴുഹൃദയത്തോടെ യോജിക്കുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17.
20. ബൈബിൾ സത്യം ആളുകളെ ഏതെല്ലാം വിധങ്ങളിൽ സ്വതന്ത്രരാക്കുന്നു?
20 ബൈബിൾസത്യം ആളുകളെ ഒരു അഗ്നിനരകത്തിലെ നിത്യദണ്ഡനംപോലുള്ള വ്യാജമതപഠിപ്പിക്കലുകൾ വിശ്വസിക്കുന്നതിൽനിന്നു സ്വതന്ത്രരാക്കുന്നു. (സഭാപ്രസംഗി 9:5, 10) പകരം, അത് യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ സാധ്യമാക്കപ്പെട്ട പുനരുത്ഥാനമെന്ന, മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശയോടുള്ള കൃതജ്ഞത ഹൃദയങ്ങളിൽ നിറയ്ക്കുന്നു. (മത്തായി 20:28; പ്രവൃത്തികൾ 24:15; റോമർ 6:23) എല്ലായ്പോഴും പരാജയപ്പെടുന്ന രാഷ്ട്രീയ വാഗ്ദാനങ്ങളിൽ ആശ്രയിക്കുന്നതുകൊണ്ടുള്ള നിരാശയിൽനിന്ന് ബൈബിൾസത്യം ആളുകളെ സ്വതന്ത്രരാക്കുന്നു. പകരം, അത് യഹോവയുടെ രാജ്യം സ്വർഗത്തിൽ ഇപ്പോൾത്തന്നെ ഭരണം നടത്തുന്നുവെന്നും താമസിയാതെ മുഴുഭൂമിമേലും ഭരണം നടത്തുമെന്നും അറിയുന്നതുകൊണ്ടുള്ള സന്തോഷത്താൽ അവരുടെ ഹൃദയം നിറഞ്ഞുകവിയാൻ ഇടയാക്കുന്നു. ദൈവത്തെ അപമാനിക്കുന്നതും പാപപൂർണമായ ജഡത്തിന് ആകർഷകമെങ്കിലും തകർന്ന ബന്ധങ്ങൾ, രോഗങ്ങൾ, അകാലമൃത്യു എന്നിവയുടെ രൂപത്തിൽ ഗുരുതരമായ ഭവിഷ്യത്തുകൾ വരുത്തിവെക്കുന്നതുമായ പ്രവൃത്തികളിൽനിന്ന് ബൈബിൾസത്യം ആളുകളെ സ്വതന്ത്രരാക്കുന്നു. ചുരുക്കത്തിൽ, ദൈവത്തിന്റെ അടിമയായിരിക്കുന്നത് മനുഷ്യരുടെ അടിമയായിരിക്കുന്നതിനെക്കാൾ വളരെയേറെ പ്രയോജനകരമാണ്. വാസ്തവത്തിൽ, ദൈവത്തിനുള്ള സമർപ്പണം “ഈ കാലഘട്ടത്തിൽ”ത്തന്നെയുള്ള പ്രയോജനങ്ങളും “വരുവാനിരിക്കുന്ന വ്യവസ്ഥിതിയിൽ നിത്യജീവ”നും വാഗ്ദാനം ചെയ്യുന്നു.—മർക്കൊസ് 10:29, 30, NW.
21. യഹോവയുടെ സാക്ഷികൾ ദൈവത്തിനുള്ള സമർപ്പണത്തെ എങ്ങനെ വീക്ഷിക്കുന്നു, അവരുടെ ആഗ്രഹമെന്ത്?
21 പുരാതന നാളിലെ ഇസ്രായേല്യരെപ്പോലെ, ജന്മനാ ഒരു സമർപ്പിത ജനതയുടെ ഭാഗമായിത്തീർന്നവരല്ല ഇന്നത്തെ യഹോവയുടെ സാക്ഷികൾ. സമർപ്പിത ക്രിസ്ത്യാനികളുടെ ഒരു സഭയുടെ ഭാഗമാണ് സാക്ഷികൾ. വ്യക്തിപരമായ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉപയോഗിച്ചു സമർപ്പണം നടത്തിക്കൊണ്ടാണ് ഓരോരുത്തരും സ്നാപനമേറ്റ സാക്ഷിയായിത്തീർന്നിരിക്കുന്നത്. നിശ്ചയമായും, യഹോവയുടെ സാക്ഷികൾക്ക്, സമർപ്പണം ദൈവവുമായി ഊഷ്മളമായൊരു വ്യക്തിപരമായ ബന്ധം സാധ്യമാക്കുന്നു, മനസ്സോടെ അവനെ സേവിക്കുന്നത് അതിന്റെ പ്രത്യേകതയാണ്. യേശുക്രിസ്തു അവരെ ഏതു സ്വാതന്ത്ര്യത്തിലേക്കു സ്വതന്ത്രരാക്കിയിരിക്കുന്നുവോ അത് എന്നെന്നും മുറുകെപ്പിടിച്ചുകൊണ്ട് ഈ സന്തുഷ്ടബന്ധം നിലനിർത്താൻ അവർ സർവാത്മനാ ആഗ്രഹിക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ഇസ്രായേലിനെ ‘പ്രത്യേക സ്വത്ത്’ ആയി തിരഞ്ഞെടുത്തതിൽ യഹോവ പക്ഷപാതം കാണിക്കുകയല്ലാഞ്ഞതെന്തുകൊണ്ട്?
□ ക്രിസ്തീയ സമർപ്പണം സ്വാതന്ത്ര്യനഷ്ടം വരുത്തുന്നില്ലെന്നു നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
□ യഹോവയാം ദൈവത്തിനുള്ള സമർപ്പണത്തിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
□ മനുഷ്യരുടെ അടിമയായിരിക്കുന്നതിനെക്കാൾ യഹോവയുടെ അടിമയായിരിക്കുന്നതു മെച്ചമായിരിക്കുന്നതെന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
പുരാതന ഇസ്രായേലിൽ, ദൈവത്തിനുള്ള സമർപ്പണം ജന്മനാലുള്ളതായിരുന്നു
[16-ാം പേജിലെ ചിത്രം]
ക്രിസ്തീയ സമർപ്പണം തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു