‘കറയറ്റവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ നിലനിൽക്കുക’
“ഒടുവിൽ കറയററവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ കണ്ടെത്തപ്പെടാൻ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക.”—2 പത്രോസ് 3:14.
1, 2. വിശുദ്ധി എന്താണ്?
യഹോവയാം ദൈവം വിശുദ്ധനാണ്. അവന്റെ പുത്രനായ യേശുക്രിസ്തു അവനെ പ്രാർത്ഥനാപൂർവ്വം “പരിശുദ്ധ പിതാവേ” എന്നു സംബോധന ചെയ്തു. (യോഹന്നാൻ 17:1, 11) “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് സ്വർഗ്ഗത്തിലെ ആത്മസൃഷ്ടികൾ പറയുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. (യെശയ്യാവ് 6:3) എന്നാൽ എന്താണ് പരിശുദ്ധി?
2 “പരിശുദ്ധം” “പരിശുദ്ധി” എന്നീ പദങ്ങൾ ശാരീരികമായി “തെളിഞ്ഞ” “പുതിയ, അകളങ്കിതം അഥവാ നിർമ്മലം” എന്നിങ്ങനെ അർത്ഥമുള്ള എബ്രായപദങ്ങളിൽ നിന്ന് വിവർത്തനം ചെയ്തിരിക്കുന്നതാണ്. എന്നിരുന്നാലും, തിരുവെഴുത്തുകളിൽ ഈ പദങ്ങൾ മുഖ്യമായി ധാർമ്മികമോ ആത്മീയമോ ആയ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. മൂല എബ്രായ പദം യഹോവക്കായി വേർതിരിക്കുന്നതിന്റെ, ഉഴിഞ്ഞുവെക്കുന്നതിന്റെ അഥവാ വിശുദ്ധീകരണത്തിന്റെ, ആശയവും നൽകുന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും “പരിശുദ്ധം” “പരിശുദ്ധി” എന്നീ പദങ്ങൾ ദൈവത്തിനായി വേർതിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. യഹോവയുടെ ഒരു ഗുണമായ പരിശുദ്ധിയേയും അതുപോലെതന്നെ ഒരാളുടെ വ്യക്തിപരമായ നടത്തയിലെ വിശുദ്ധിയെ അല്ലെങ്കിൽ പൂർണ്ണതയെയും പരാമർശിക്കാനും അവ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട്, പരിശുദ്ധിയുടെ അർത്ഥം ശുദ്ധി, നിർമ്മലത, അഥവാ പരിപാവനതയെന്നാണ്.
യഹോവയുടെ ജനത്തിൽനിന്ന് വിശുദ്ധി ആവശ്യപ്പെടുന്നു
3. യഹോവ ശുദ്ധാരാധന അർഹിക്കുന്നതെന്തുകൊണ്ട്?
3 അപ്പോൾ, “സർവ്വശക്തനായ ദൈവമായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന സ്വർഗ്ഗീയ പ്രഖ്യാപനം എന്തർത്ഥമാക്കുന്നു? (വെളിപ്പാട് 4:8) ഇത് ദൈവത്തിന് അതിശ്രേഷ്ഠ അളവിലുള്ള വിശുദ്ധി, പരിശുദ്ധി, ആരോപിക്കുന്നു! തന്നിമിത്തം “അതിപരിശുദ്ധനായ” യഹോവ വിശുദ്ധാരാധന അർഹിക്കുന്നു. (സദൃശവാക്യങ്ങൾ 9:10) അതിൻപ്രകാരം, “നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ വിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങൾ നിങ്ങളേത്തന്നെ വിശുദ്ധരെന്നു തെളിയിക്കണം” എന്ന് യിസ്രായേല്യരോട് പറയാൻ യഹോവയാം ദൈവം പ്രവാചകനായ മോശെയോട് നിർദ്ദേശിച്ചു.—ലേവ്യപുസ്തകം 19:1, 2.
4. എങ്ങനെ മാത്രമേ യഹോവയെ സ്വീകാര്യമായി ആരാധിക്കാൻ കഴിയുകയുള്ളു?
4 അശുദ്ധി പ്രവർത്തിച്ചുകൊണ്ടിരിക്കെ യഹോവയ്ക്കു സ്വീകാര്യമായ സേവനം അനുഷ്ഠിക്കുന്നതായി അവകാശപ്പെടുന്ന ഏതൊരാളും അവന്റെ ദൃഷ്ടിയിൽ അറയ്ക്കത്തക്കവനാണ്, എന്തുകൊണ്ടെന്നാൽ ദൈവീക ജ്ഞാനത്തോടും വിശുദ്ധിയോടും കൂടെ മാത്രമേ അവനെ സ്വീകാര്യമായി ആരാധിക്കാൻ സാദ്ധ്യമാകൂ. (സദൃശവാക്യങ്ങൾ 20:25; 21:27) അങ്ങനെ, തന്റെ പ്രവാസികളായ ജനത്തിന് ബാബിലോനിൽനിന്ന് യെരൂശലേമിലേക്കു മടങ്ങിപ്പോകുന്നതിനുള്ള വഴിയൊരുക്കമെന്നു ദൈവം മുൻകൂട്ടി പറഞ്ഞപ്പോൾ “അത് വിശുദ്ധിയുടെ വഴിയെന്നു വിളിക്കപ്പെടും. അശുദ്ധൻ അതിൽകൂടെ കടന്നുപോകുകയില്ല” എന്ന് അവൻ പറഞ്ഞു. (യെശയ്യാവ് 35:8) ക്രി. മു. 537-ൽ മടങ്ങിപ്പോയ ശേഷിപ്പ് വിശുദ്ധ ആന്തരങ്ങളോടെ, “അതിപരിശുദ്ധനായവന്റെ” സത്യാരാധന പുനഃസ്ഥിതീകരിക്കുന്നതിനാണ് അങ്ങനെ ചെയ്തത്. ദൈവത്തെ അനുസരിക്കുന്നതിനാൽ യിസ്രായേല്യർക്ക് വിശുദ്ധരെന്നു തെളിയിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവർ അവന്റെ നിലപാടിൽ വിശുദ്ധൻ, കറയററവർ, ആയി നിലകൊള്ളുന്നതിൽ പരാജയപ്പെട്ടു.—യാക്കോബ് 1:27 താരതമ്യപ്പെടുത്തുക.
5. ആത്മീയ യിസ്രായേല്യർ ദൈവത്തെ വിശുദ്ധിയിൽ ആരാധിക്കണമെന്ന് പൗലോസ് എങ്ങനെ പ്രകടമാക്കി?
5 ആത്മീയ യിസ്രായേല്യരും അഥവാ അഭിഷിക്ത ക്രിസ്ത്യാനികളും യഹോവയെ വിശുദ്ധിയിൽ ആരാധിക്കണം. (ഗലാത്യർ 6:16) ഈ കാര്യത്തിൽ, ‘തങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയുമുള്ള, സ്വീകാര്യമായ യാഗമായി ദൈവത്തിന് അർപ്പിക്കാൻ’ അപ്പോസ്തലനായ പൗലോസ് സഹവിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇത് ചെയ്യുന്നതിന് ഈ വിശ്വാസികൾ തങ്ങൾ ദൈവേഷ്ടം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ വ്യവസ്ഥിതിക്കനുരൂപമാകുന്നതു നിർത്തി നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവേഷ്ടം നിങ്ങൾക്കുതന്നെ ഉറപ്പുവരുത്തേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുക.”—റോമർ 12:1, 2.
6. സകല ക്രിസ്ത്യാനികളും എന്തിനെതിരെ ജാഗ്രതപുലർത്തണം?
6 വർദ്ധനവിന്റെ ഈ കാലത്ത് അനേകം പുതിയവർ യഹോവയുടെ സ്ഥാപനത്തിലേക്ക് കൂടിവരുന്നുണ്ട്. അവരും യഹോവയെ വിശുദ്ധിയിൽ ആരാധിക്കുന്നു. അവർ “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിന്റെയും ദൈവത്തിന്റെ നീതിയുള്ള പുതിയ വ്യവസ്ഥിതിയിൽ ഒരു പരദീസാഭൂമിയിൽ നിത്യജീവൻ ആസ്വദിക്കുന്നതിന്റെയും പ്രത്യാശയിൽ എത്ര സന്തോഷിക്കുന്നു! (മത്തായി 24:21; ലൂക്കോസ് 23:43) എന്നാൽ സ്വർഗ്ഗീയ പ്രത്യാശകളുള്ളവരും ഭൗമീക പ്രത്യാശകളോടുകൂടിയ” മഹാപുരുഷാരവും” അനന്തജീവിതം ആസ്വദിക്കണമെങ്കിൽ അവർ മലിനീകരിക്കുന്ന ശീലങ്ങൾക്കെതിരെ, അല്ലെങ്കിൽ തിരുവചനാനുസൃത സൻമാർഗ്ഗങ്ങൾക്കും പഠിപ്പിക്കലിനും വിരുദ്ധമായ മറെറന്തിനുമെതിരെ, ജാഗ്രത പുലർത്തണം.—വെളിപ്പാട് 7:9, 14.
7. “നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിൽ” മാതൃകായോഗ്യരായിരിക്കേണ്ടതിന്റെ ആവശ്യത്തെ പത്രോസ് എങ്ങനെ ഊന്നിപ്പറയുന്നു?
7 നമ്മുടെ കാലത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “യഹോവയുടെ ദിവസം ഒരു കള്ളനെപ്പോലെ വരും, അതിൽ ആകാശങ്ങൾ [ലോക ഗവൺമെൻറുകൾ] ഒരു ശൂൽക്കാരശബ്ദത്തോടെ നീങ്ങിപ്പോകും, എന്നാൽ മൂലകങ്ങൾ [ലോക മനോഭാവങ്ങളും നടപടികളും] ഉഗ്രമായ ചൂടിനാൽ വിലയിക്കും, ഭൂമിയും [ദൈവത്തിൽ നിന്ന് അന്യപ്പെട്ട മനുഷ്യസമുദായം] അതിലെ പണികളും കണ്ടുപിടിക്കപ്പെടും.” യഹോവയുടെ ദിവസത്തിലെ വിനാശകമായ അഗ്നിയിൽ അവ “ആകാശങ്ങളും” “മൂലകങ്ങളും” പോലെ കത്തിപ്പോകുന്നതായി കണ്ടുപിടിക്കപ്പെടും. അതുകൊണ്ട് പത്രോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇവയെല്ലാം ഇങ്ങനെ വിലയിക്കാനിരിക്കുന്നതിനാൽ നിങ്ങൾ നടത്തയുടെ വിശുദ്ധ പ്രവർത്തനങ്ങളിലും ദൈവഭക്തിപ്രവൃത്തികളിലും ഏതുതരം ആളുകളായിരിക്കേണ്ടതാണ്, ആകാശങ്ങൾ അഗ്നിക്കിരയായി വിലയിക്കുകയും മൂലകങ്ങൾ ഉഗ്രമായി ചൂടുപിടിച്ച് ഉരുകുകയും ചെയ്യുന്ന യഹോവയുടെ ദിവസത്തിന്റെ സാന്നിദ്ധ്യത്തിനായി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചുനിർത്തിയും കൊണ്ടുതന്നെ!” അതെ, യഹോവയുടെ സകല സാക്ഷികളും “നടത്തയുടെ വിശുദ്ധ പ്രവർത്തനങ്ങളിൽ” മാതൃകായോഗ്യരായിരിക്കണം. വിശുദ്ധി പാലിക്കുന്നവർക്ക് ദൈവത്തിന്റെ നീതിയുള്ള ‘പുതിയ ആകാശങ്ങളിലും പുതിയ ഭൂമിയിലും’ ഒരു സുരക്ഷിതസ്ഥാനത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയും. (2 പത്രോസ് 3:7, 10-13) എത്ര അനുഗൃഹീത പ്രത്യാശകൾ!
8. ഒരു ക്രിസ്ത്യാനി വിശുദ്ധിയുടെ ഗതിയിൽനിന്ന് വ്യതിചലിക്കുന്നുവെങ്കിൽ അയാൾ എന്തു ചെയ്യേണ്ട ആവശ്യമുണ്ട്?
8 എന്നിരുന്നാലും, ഒരു ക്രിസ്ത്യാനി യഹോവയുടെ സേവനത്തിൽ കുറേ കാലം നന്നായി പ്രവർത്തിച്ചശേഷം പിന്നീട് മലിനീകരിക്കുന്ന ശീലങ്ങൾ വളർത്തുകയോ ബൈബിളുപദേശങ്ങൾക്കോ ധാർമ്മിക നിഷ്ഠകൾക്കോ എതിരായി പോകുകയോ ചെയ്താലോ? അപ്പോൾ അയാൾ വിശുദ്ധഗതിയിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു, അയാൾ യഥാർത്ഥ അനുതാപം പ്രകടമാക്കുകയും ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കയും ചെയ്യേണ്ടതുണ്ട്. സഹ അഭിഷിക്കരോട് പൗലോസ് പറഞ്ഞപ്രകാരം: “പ്രിയരേ, നമുക്ക് ഈ വാഗ്ദത്തങ്ങൾ ഉള്ളതിനാൽ നമുക്ക് ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കിക്കൊണ്ട് ജഡത്തിലെയും ആത്മാവിലെയും സകല മലിനീകരണവും നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കാം.” (2 കൊരിന്ത്യർ 7:1) തന്റെ വഴിപിഴച്ച ഗതിതിരുത്തേണ്ട ആവശ്യമുള്ള ഏതു ക്രിസ്ത്യാനിയും തീർച്ചയായും സ്നേഹികളായ മേൽവിചാരകൻമാരുടെ തിരുവെഴുത്തു ബുദ്ധിയുപദേശം ഒരു അനുഗ്രഹമെന്നു കണ്ടെത്തും.—സദൃശവാക്യങ്ങൾ 28:13; യാക്കോബ് 5:13,20.
9. 2 പത്രോസ് 3:14-ന്റെ കാഴ്ച്ചപ്പാടിൽ ഏതു ചോദ്യം ഉദിക്കുന്നു?
9 നീതിയുള്ള പുതിയ വ്യവസ്ഥിതിയിലേക്കു വിരൽ ചൂണ്ടിയശേഷം പത്രോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “പ്രിയരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കുന്നതിനാൽ [യഹോവയാം ദൈവത്താൽ] ഒടുവിൽ കറയററവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ കണ്ടെത്തപ്പെടാൻ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക.” (2 പത്രോസ് 3:14) ആ വാക്കുകൾ അഭിഷിക്ത ക്രിസ്ത്യാനികളിലേക്കാണു തിരിച്ചുവിടപ്പെട്ടത്, എന്നാൽ തീർച്ചയായും യഹോവയുടെ സകല സാക്ഷികളും ‘കറയില്ലാത്തവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ’ കണ്ടെത്തപ്പെടണം. അതുകൊണ്ട്, നാം എന്തു ചെയ്യണം?
“കറയറ്റവരും നിഷ്ക്കളങ്കരും”
10. “മഹാപുരുഷാര”ത്തിൽ പെട്ടവർ യേശുവിന്റെ രക്തത്തിൽ തങ്ങളുടെ “അങ്കികൾ” അലക്കി ശുദ്ധിയാക്കിയിരിക്കുന്നതെങ്ങനെ?
10 “കറയററവരും നിഷ്ക്കളങ്കരു”മായി കണ്ടെത്തപ്പെടാൻ നാം നമ്മുടെ പരമാവധി ചെയ്യേണ്ടതുണ്ട്. “മഹാപുരുഷാര”ത്തിൽ പെട്ടവർ ‘തങ്ങളുടെ അങ്കികൾ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കിവെളുപ്പിച്ചിരിക്കുന്നു.’ ഒരു കാലത്ത് അവർ ഈ പാപപൂർണ്ണമായ ലോകത്തിന്റെ ഭാഗമായിരുന്നു. അവരുടെ തിരിച്ചറിയലിന്റെ അങ്കികൾ അതിനാൽ കറപിടിച്ചതായിരുന്നു, യഹോവയുടെ ദൃഷ്ടിയിൽ ചെളി പററിയതായിരുന്നു. അവർ “കുഞ്ഞാടിന്റെ രക്ത”ത്തിൽ തങ്ങളുടെ അങ്കികൾ കറയില്ലാതെ വെളുപ്പിച്ചതെങ്ങനെയായിരുന്നു? ‘രക്തം ചൊരിയപ്പെടാതെ മോചനമില്ലെന്നും’ യേശു “ലോകത്തിന്റെ പാപത്തെ ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” ആണെന്നുമുള്ള അവരുടെ വിശ്വാസം പ്രകടമാക്കിയതിനാൽ. (വെളിപ്പാട് 7:9, 14; എബ്രായർ 9:22; യോഹന്നാൻ 1:29, 36) ദൈവത്തിന് നിരുപാധികമായ ഒരു സമർപ്പണം ചെയ്തതിനാലും വെള്ളത്തിലെ മുഴുവനായ ആഴ്ത്തലിനാൽ, സ്നാപനത്താൽ, അതിനെ ലക്ഷ്യപ്പെടുത്തിയതിനാലുമാണ് അവർ ഇതു ചെയ്തത്. അങ്ങനെയുള്ള സമർപ്പണം യേശുക്രിസ്തു മുഖേനയാണ് ചെയ്യേണ്ടിയിരുന്നത്. അവന്റെ ചൊരിയപ്പെട്ട രക്തം ദൈവം അവരുടെ പാപങ്ങൾ ക്ഷമിക്കുന്നതു സാദ്ധ്യമാക്കുന്നുവെന്നും അവന്റെ ദൃഷ്ടിയിൽ അവരെ സ്വീകാര്യരാക്കുന്നുവെന്നുമുള്ള ബോധ്യവും ആവശ്യമായിരുന്നു.
11. പാപം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ താറുമാറാക്കുന്നതിനാൽ നാം ഏതവസ്ഥയിൽ നിലകൊള്ളേണ്ടതുണ്ട്?
11 “മഹാപുരുഷാരം” ലൗകീകതയാൽ കളങ്കപ്പെടാതെയും അങ്ങനെ തങ്ങളുടെ ക്രിസ്തീയ വ്യക്തിത്വവും യഹോവയുടെ അംഗീകൃത സാക്ഷികളെന്ന തിരിച്ചറിയലും നഷ്ടപ്പെടുത്താതെയുമിരിക്കുന്നതിനാൽ തങ്ങളുടെ അങ്കികൾ “വെളുത്ത”തായി സൂക്ഷിക്കേണ്ടതാണ്. തീർച്ചയായും, സകല യഥാർത്ഥ ക്രിസ്ത്യാനികളും ലൗകീക വഴികളാലും പ്രവൃത്തികളാലും മനോഭാവങ്ങളാലും കളങ്കപ്പെടുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കേണ്ടതാണ്. പാപം ദൈവവുമായുള്ള നമ്മുടെ സമാധാനത്തെ ഭംഗപ്പെടുത്തുന്നതിനാൽ, നമ്മുടെ പാപങ്ങൾക്കു പരിഹാരം വരുത്താൻ കഴിയുന്ന ഒരു അവസ്ഥയിൽ സ്ഥിതിചെയ്യുന്നതിനാൽ മാത്രമേ ‘യഹോവയുടെ മഹാദിവസ’ത്തിന്റെ വരവിങ്കൽ നമുക്ക് “സമാധാനത്തിൽ” കണ്ടെത്തപ്പെടാൻ കഴിയൂ. വ്യാജമതാചാരങ്ങളാലോ ഈ ലോകത്തിന്റെ ദുർമ്മാർഗ്ഗത്താലോ ഉള്ള കറകൾ നമുക്കു പാടില്ല.
12. ക്രിസ്തീയസഭയ്ക്കുപോലും 2 പത്രോസ് 2:13 എങ്ങനെ ബാധകമാക്കാൻ കഴിയും?
12 കറയില്ലാത്തവരും നിഷ്ക്കളങ്കരുമായി സ്ഥിതി ചെയ്യുന്നതിന് “വ്യാജോപദേഷ്ടാക്കൻമാരു”ടേതിൽ നിന്ന് വിപരീതമായ നടത്തയും മനോഭാവങ്ങളും ആവശ്യമാണ്, അവരെ സംബന്ധിച്ച് പത്രോസ് ഇങ്ങനെ എഴുതി: “പകൽ സമയത്തെ ആഡംബരജീവിതം ഒരു ഉല്ലാസമാണെന്ന് അവർ കരുതുന്നു. അവർ നിങ്ങളോടൊത്ത് വിരുന്നുകഴിക്കവേ തങ്ങളുടെ വഞ്ചനാത്മകമായ ഉപദേശങ്ങളിൽ അനിയന്ത്രിതമായ സന്തോഷത്തോടെ ആസക്തരാകുന്ന കറകളും കളങ്കങ്ങളുമാകുന്നു.” (2 പത്രോസ് 2:1, 13) അതെ, സഭയ്ക്കുള്ളിൽപോലും “പകൽസമയത്തെ ആഡംബരജീവിതം ഒരു ഉല്ലാസമെന്നു കരുതുന്ന” വ്യാജോപദേഷ്ടാക്കളെ നാം സൂക്ഷിക്കണം. മററുള്ളവരുടെ ആത്മീയ പ്രയോജനത്തിനുവേണ്ടി വളരെയധികം ചെയ്യാൻ കഴിയുന്ന പകൽ സമയത്തെ മണിക്കൂറുകളിൽ അനാത്മീയരായ വ്യക്തികൾ തകർപ്പുകളും അമിതമായ ഭക്ഷണവും കുടിയും ഉൾപ്പെടെയുള്ള ദുഷ്പ്രവൃത്തികളിൽ ഏർപ്പെട്ടേക്കാം. അവർ വിവാഹ സ്വീകരണങ്ങൾ പോലെയുള്ള സാമൂഹ്യ സംഭവങ്ങളെ വികാരോദ്ദീപകമായ സംഗീതത്തിനും ഭോഗാസക്തമായ ഡാൻസിംഗിനും അതിഭക്ഷണത്തിനും ലഹരിപാനീയങ്ങളുടെ അമിതോപയോഗത്തിനുമുള്ള അവസരങ്ങളാക്കി മാററാൻ ശ്രമിച്ചേക്കാം. യഹോവയുടെ ജനത്തിന്റെ ഇടയിൽ ഇവയിലൊന്നും സംഭവിക്കാൻ അനുവദിക്കരുത്.—യെശയ്യാവ് 5:11, 12; 1984 ഏപ്രിൽ 15-ലെ വാച്ച്ററവർ പേജ് 16-22 കാണുക.
13. ഒരു സാമൂഹ്യകൂട്ടം ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതായിരിക്കാൻ ഒരു ആതിഥേയന് എന്തു ചെയ്യാൻ കഴിയും?
13 ഒരു സാമൂഹ്യകൂട്ടത്തിന്റെ ആതിഥേയൻ അവിടെ നടക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരവാദിത്തം വഹിക്കണം. പരിപാടി ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതായിരിക്കാൻ അതിന്റെ വലിപ്പം കൈകാര്യം ചെയ്യാവുന്നതാക്കിനിർത്തുന്നതും ഹാനികരമായ സ്വാധീനം ആനയിക്കാനിടയുള്ള ഏതൊരാളെയും ക്ഷണിക്കാതിരിക്കുന്നതും ജ്ഞാനമാണ്. 2 തിമൊഥെയോസ് 2:20-22-ലെ പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, ഒരു സഭയോട് സഹവസിക്കുന്ന എല്ലാവരും ആവശ്യം അഭികാമ്യരായ കൂട്ടുകാരായിരിക്കണമെന്നില്ല. തന്നിമിത്തം, കടിഞ്ഞാണില്ലാതെ സംസാരിക്കുന്നവരോ തീററിയിലോ കുടിയിലോ അമിതമായി ഏർപ്പെടുന്നവരോ ആയി അറിയപ്പെടുന്നവരെ ക്ഷണിക്കാൻ ഒരു ക്രിസ്തീയ ആതിഥേയന് കടപ്പാടില്ല. ‘നാം തിന്നാലും കുടിച്ചാലും മറെറന്തു ചെയ്താലും നാം എല്ലാം ദൈവമഹത്വത്തിനായി ചെയ്യേണ്ടതാണെന്ന്’ അയാൾ ഓർത്തിരിക്കുന്നു.—1 കൊരിന്ത്യർ 10:31.
14. വ്യാജോപദേഷ്ടാക്കൻമാരെ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കണം?
14 ചുരുക്കം ചിലർ മാത്രമേ നമ്മോട് സഹവസിക്കുമ്പോൾ ‘വഞ്ചനാപരമായ ഉപദേശങ്ങളിൽ സന്തോഷപൂർവ്വം ആസക്തരാകുന്ന കറകളും കളങ്കങ്ങളും’മായിരിക്കുന്നുള്ളു. എന്നാൽ സഭയിലെ മേൽവിചാരകൻമാരും മററുള്ളവരും ജാഗ്രതപുലർത്തുകയും സഭയിലേക്ക് നുഴഞ്ഞുകയറി ദുർമ്മാർഗ്ഗമോ ദുരുപദേശമോ പ്രചരിപ്പിക്കാൻ ശ്രമിച്ചേക്കാവുന്ന ഏതു വ്യാജോപദേഷ്ടാക്കളെയും സുദൃഢം തള്ളിക്കളയുകയും വേണം. (യൂദാ 3, 4) ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങളോട് ദൃഢമായി പററിനിൽക്കുന്നതിനാൽ മാത്രമേ സഭയെ കറയററതും നിഷ്ക്കളങ്കവുമായി സൂക്ഷിക്കാൻ സാദ്ധ്യമാകുകയുള്ളു.
“സമാധാന”ത്തിലായിരിക്കാൻ എന്താണാവശ്യം?
15. (എ) ഒരുവന് ദൈവവുമായി എങ്ങനെ സമാധാനത്തിലാകാൻ കഴിയും? (ബി) യഹോവയുടെ മഹാദിവസത്തിന്റെ വരവിങ്കൽ “സമാധാനത്തിൽ” കണ്ടെത്തപ്പെടാൻ നാം എന്തു ചെയ്യണം?
15 “സമാധാനത്തിൽ” കണ്ടെത്തപ്പൊൻ യഹോവയുടെ ജനം അവനോടുള്ള സമാധാനം നിലനിർത്തണം. (2 പത്രോസ് 3:14) യേശുക്രിസ്തു മുഖേനയാണ് നമുക്ക് ഈ നില ലഭിച്ചിരിക്കുന്നത് അവനേ സംബന്ധിച്ച് പൗലോസ് ഇങ്ങനെ എഴുതി: “സകല പൂർണ്ണതയും അവനിൽ വസിക്കുന്നതും ഭൂമിയിലെ അസ്തിത്വങ്ങളായാലും സ്വർഗ്ഗത്തിലെ അസ്തിത്വങ്ങളായാലും മറെറല്ലാ അസ്തിത്വങ്ങളെയും അവൻ ദണ്ഡനസ്തംഭത്തിൽ ചൊരിഞ്ഞ രക്തത്താൽ അവൻ മുഖേന തന്നോടുതന്നെ രഞ്ജിപ്പിക്കുന്നതും നന്നാണെന്ന് ദൈവം കണ്ടു.” (കൊലോസ്യർ 1:19, 20) ഗരുതരമായ പാപങ്ങൾ യഹോവയുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തെ ക്ഷീണിപ്പിക്കുകയും അയാളെ മനഃസാക്ഷിക്കുത്തുള്ള ഒരു അസ്വസ്ഥാവസ്ഥയിലാക്കുകയും ചെയ്യുന്നു. അതേസമയം സമാധാനം ദൈവകല്പനകളനുസരിക്കുന്നവരുടെ സ്വത്താണ്. (സങ്കീർത്തനം 38:3; യെശയ്യാവ് 48:18) അപ്പോൾ യഹോവയുടെ മഹാദിവസത്തിന്റെ വരവിങ്കൽ “സമാധാനത്തിൽ” കണ്ടെത്തപ്പെടുന്നതിന് നാം യേശു ദണ്ഡനസ്തംഭത്തിൽ ചൊരിഞ്ഞ രക്തത്താൽ നമ്മുടെ പാപങ്ങൾക്ക് പരിഹാരം വരുത്താവുന്ന ഒരു ഭക്തിപൂർവ്വകമായ അവസ്ഥയിൽ സ്ഥിതി ചെയ്യേണ്ടതാണ്.
16. അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച് നമുക്ക് സഹവിശ്വാസികളുമായി എങ്ങനെ സമാധാനം പിന്തുടരാൻ കഴിയും?
16 നാം യഹോവയുടെ മററ് ആരാധകരുമായും സമാധാനത്തിലായിരിക്കേണ്ടതാണ്. പൗലോസ് ഇങ്ങനെ ഉപദേശിച്ചു: “നമുക്ക് സമാധാനം കൈവരുത്തുന്ന കാര്യങ്ങളും പരസ്പരം പരിപുഷ്ടിപ്പെടുത്തുന്ന കാര്യങ്ങളും പിന്തുടരാം.” ഭക്ഷണത്തോടൊ കുടിയോടോ മറെറന്തിനോടുമോ ഉള്ള ബന്ധത്തിൽ നാം സഹവിശ്വാസികളെ ഇടറിക്കാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കണമെന്ന് സന്ദർഭം പ്രകടമാക്കുന്നു. (റോമർ 14:13-23) എന്നാൽ സംഗതി അതിനെക്കാൾ ഉപരിയാണ്, എന്തുകൊണ്ടെന്നാൽ പൗലോസ് എഫേസ്യ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “മനസ്സിന്റെ പൂർണ്ണമായ എളിമയോടും സൗമ്യതയോടും ദീർഘക്ഷമയോടും കൂടെ സ്നേഹത്തിൽ അന്യോന്യം പൊറുത്തുകൊണ്ട്, ഐക്യപ്പെടുത്തുന്ന സമാധാനബന്ധത്തിൽ ആത്മാവിന്റെ ഒരുമ പാലിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ട്, നിങ്ങളെ വിളിച്ച വിളിക്കു യോഗ്യമായി നടക്കാൻ . . . ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.” (എഫേസ്യർ 4:1-3) തിർച്ചയായും, സമാധാനം കെടുത്തിക്കളയുന്ന സകല വാക്കുകളും പ്രവൃത്തികളും ഒഴിവാക്കിക്കൊണ്ടും യഹോവയുടെ പരമാധികാരത്തിന്റെ പിന്തുണക്കാരെന്ന നിലയിൽ ഉറച്ചുനിന്നുകൊണ്ടും നമ്മുടെ ഐക്യം പ്രകടമാക്കാൻ നാം ആഗ്രഹിക്കുന്നു.
17. 1 പത്രോസ് 3:10-12 അനുസരിച്ച് ‘സമാധാനം അന്വേഷിക്കുന്നതിൽ’ ഉൾപ്പെട്ടിരിക്കുന്നതെന്താണ്?
17 ‘സമാധാനം അന്വേഷിക്കുന്നതിന്’ നാം നമ്മുടെ പ്രവൃത്തികളും നമ്മുടെ വാക്കുകളും സൂക്ഷിക്കേണ്ടതാവശ്യമാണ്, എന്തുകൊണ്ടെന്നാൽ അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “ജീവനെ സ്നേഹിക്കുകയും നല്ല നാളുകൾ കാണുകയും ചെയ്യുന്നവർ തന്റെ നാവിനെ ചീത്തയിൽനിന്നും അധരങ്ങളെ വഞ്ചന സംസാരിക്കുന്നതിൽനിന്നും പിൻവലിക്കട്ടെ, എന്നാൽ അവൻ ചീത്തയിൽ നിന്ന് അകലുകയും നൻമ ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ യഹോവയുടെ കണ്ണുകൾ നീതിമാൻമാരുടെ മേലുണ്ട്, അവന്റെ ചെവികൾ അവരുടെ അപേക്ഷയുടെ നേരെയാണ്; എന്നാൽ യഹോവയുടെ മുഖം ചീത്തകാര്യങ്ങൾ ചെയ്യുന്നവർക്കെതിരാണ്.” (1 പത്രോസ് 3:10-12; സങ്കീർത്തനം 34:12-16) അപ്പോൾ, യഹോവയുടെ വിശ്വസ്തദാസൻമാർ “സമാധാനത്തിൽ” കണ്ടെത്തപ്പെടുന്നതിന് വിവിധ വിധങ്ങളിൽ “സമാധാനം അന്വേഷിക്കു”ന്നതിൽ തുടരണം.
യഹോവയുടെ സഹായത്തിൽ ആശ്രയിക്കുക
18. ലൗകീകരീതികളോ പ്രവൃത്തികളോ മനോഭാവങ്ങളോ നമുക്ക് ആകർഷകമായിരിക്കുന്നുവെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും?
18 “മൂലകങ്ങൾ,” ലൗകീകാത്മാവ്, അഥവാ മനോഭാവങ്ങളും നടപടികളും, “യഹോവയുടെ ദിവസ”ത്തിൽ “വിലയിക്കു”മെന്ന് അല്ലെങ്കിൽ നശിപ്പിക്കപ്പെടുമെന്ന് പത്രോസ് സൂചിപ്പിച്ചു. (2 പത്രോസ് 3:7, 10) എന്നാൽ ലൗകീകരീതികളും പ്രവർത്തനങ്ങളും അല്ലെങ്കിൽ മനോഭാവങ്ങളും നമുക്ക് ആകർഷകമാണെങ്കിലോ? തീർച്ചയായും, നാം യഹോവയുടെ സ്ഥാപനം മുഖേന ചെയ്യപ്പെടുന്ന ആത്മീയ കരുതലുകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മററുള്ളവരുടെ കൂട്ടത്തിൽ, നാം ദൈവവചനവും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും ക്രമമായി പഠിക്കണം. (മത്തായി 24:45-47) നാം മറുവിലയുടെ ഏർപ്പാടിനുവേണ്ടി, “നിഷ്ക്കളങ്കവും കറയററതുമായ കുഞ്ഞാടിന്റേതുപോലെയുള്ള ” ‘യേശുവിന്റെ വിലയേറിയ രക്ത’ത്തിനുവേണ്ടി തുടർച്ചയായി നന്ദി പ്രകടമാക്കുകയും വേണം.—1 പത്രോസ് 1:18, 19.
19. ലോക മനോഭാവങ്ങൾ നമ്മെ സ്വാധീനിക്കുന്നുവെങ്കിൽ പ്രാർത്ഥനയ്ക്ക് എങ്ങനെ സഹായകമായിരിക്കാൻ കഴിയും?
19 നാം “നീതി പിന്തുടരുന്നതിന്” ദൈവസഹായത്തിനുവേണ്ടി പ്രാർത്ഥിക്കണം. (1 തിമൊഥെയോസ് 6:11-14) ലോകസ്വാധീനങ്ങൾ നമ്മെ സ്വാധീനിക്കുന്നതായി നാം തിരിച്ചറിയുന്നുവെങ്കിൽ, അല്ലെങ്കിൽ സ്നേഹമുള്ള ഏതെങ്കിലും സഹവിശ്വാസി നമ്മുടെ ശ്രദ്ധയിലേക്ക് ഇതു വരുത്തുന്നുവെങ്കിൽ ഈ ചായ്വുകളെ തരണം ചെയ്യുന്നതിന് നമ്മെ സഹായിക്കാൻ യഹോവയോട് അപേക്ഷിച്ചുകൊണ്ട് നമ്മുടെ പ്രാർത്ഥനകളിൽ ഈ പ്രശ്നം പ്രത്യേകമായി ഉൾപ്പെടുത്തുന്നത് ജ്ഞാനപൂർവ്വകമായിരിക്കും. തീർച്ചയായും ദൈവാത്മാവിനുവേണ്ടിയും ലോക മനോഭാവങ്ങളിൽ നിന്നും രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ അതിന്റെ ഫലം നട്ടുവളർത്തുന്നതിലുള്ള അവന്റെ സഹായത്തിനുവേണ്ടിയും അപേക്ഷിക്കുന്നത് ഉചിതമായിരിക്കും. (ഗലാത്യർ 5:16-25; സങ്കീർത്തനം 25:4, 5; 119:27, 35) നീതിനിഷ്ഠവും നിർമ്മലവും യോഗ്യവും സ്തുത്യർഹവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യഹോവയ്ക്കു നമ്മെ സഹായിക്കാൻ കഴിയും. അതുല്യമായ “ദൈവസമാധാനം” നമ്മുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും കാക്കേണ്ടതിന് അവനോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നത് എത്ര ഉചിതമാണ്! (ഫിലിപ്യർ 4:6, 7) അനന്തരം ഉൽക്കണ്ഠകളും പ്രലോഭനങ്ങളും അതുപോലുള്ളവയും അനിയന്ത്രിതമാകുന്ന ഘട്ടംവരെ വളരുകയില്ല. പകരം, നമ്മുടെ ജീവിതത്തിൽ ദൈവദത്തമായ പ്രശാന്തത ഉണ്ടായിരിക്കും. തീർച്ചയായും, “[യഹോവയുടെ] നിയമത്തെ സ്നേഹിക്കുന്നവർക്ക് സമൃദ്ധമായ സമാധാനമുണ്ട്.”—സങ്കീർത്തനം 119:165.
‘കറയറ്റവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ’ നിലനിൽക്കുക
20. ആത്മീയമായി നിഷ്ക്കളങ്കമായ ഒരു അവസ്ഥ സാദ്ധ്യമാണെന്ന് നമുക്ക് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
20 സന്തോഷകരമെന്നു പറയട്ടെ, ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന പുതിയവർ ഉൾപ്പെടെ, യഹോവയുടെ സ്ഥാപനത്തിലുള്ള എല്ലാവർക്കും ദൈവത്തിനു സ്വീകാര്യരായിരിക്കാൻ കഴിയും. (പ്രവൃത്തികൾ 10:34, 35) യഹോവയുടെ സഹായത്താൽ “അഭക്തിയും ലൗകീകമോഹങ്ങളും പരിത്യജിക്കുക”യും സത്യക്രിസ്ത്യാനികളെപ്പോലെ ജീവിക്കുകയും ചെയ്യുക സാദ്ധ്യമാണ്. (തീത്തോസ് 2:11-14) നാം ഒരിക്കൽ യഹോവയിൽ നിന്ന് അന്യപ്പെട്ടവരായി നമ്മുടെ മനസ്സുകൾ ദുഷ്ടപ്രവൃത്തികളിലായിരുന്നുവെങ്കിലും ക്രിസ്തുവിന്റെ മരണത്താൽ നാം ദൈവത്തോട് നിരപ്പിക്കപ്പെട്ടിരിക്കുന്നു. നാം വിശ്വാസത്തിൽ തുടരുകയും സുവാർത്തയുടെ പ്രത്യാശയിൽനിന്ന് മാറിപ്പോകാതിരിക്കുകയുമാണെങ്കിൽ ആത്മീയമായി നിഷ്ക്കളങ്കമായ ഒരു അവസ്ഥ സാദ്ധ്യമാണ്.—കൊലോസ്യർ 1:21-23.
21. നമുക്ക് ഒടുവിൽ ‘കറയററവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ’ കണ്ടെത്തപ്പെടാൻ എങ്ങനെ കഴിയും?
21 യഹോവയുടെയും അവന്റെ വചനത്തിന്റെയും അവന്റെ സ്ഥാപനത്തിന്റെയും സഹായത്താൽ നമുക്ക് ലോകത്താൽ കറപററാതെയും അതിന്റെ വഴികളാലും പ്രവൃത്തികളാലും മനോഭാവങ്ങളാലും കളങ്കപ്പെടാതെയും നിലകൊള്ളാൻ കഴിയും. അങ്ങനെ നമുക്ക് യഥാർത്ഥ സമാധാനം അറിയാനും കഴിയും. അതെ, നമ്മുടെ വിശുദ്ധ യഹോവാരാധനയിൽ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുന്നതിനാൽ നമുക്ക് ഒടുവിൽ ‘കറയററവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ’ കണ്ടെത്തപ്പെടാൻ കഴിയും. (w86 5/1)
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ യഹോവയുടെ ജനത്തിൽനിന്ന് വിശുദ്ധി ആവശ്യപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
◻ നമുക്ക് കറയററവരും നിഷ്ക്കളങ്കരുമായി നിലകൊള്ളാൻ എങ്ങനെ കഴിയും?
◻ “സമാധാനത്തിൽ” ആയിരിക്കാൻ ആവശ്യമായിരിക്കുന്നതെന്ത്?
◻ നമുക്ക് ഏതു വിധങ്ങളിൽ ദൈവസഹായത്തിലുള്ള ആശ്രയം പ്രകടമാക്കാം?
[12, 13 പേജുകളിലെ ചിത്രങ്ങൾ]
‘കറയററവരും നിഷ്ക്കളങ്കരുമായി സമാധാനത്തിൽ’ നിലനിൽക്കുന്നതിന്റെ വശങ്ങൾ മുഴുഹൃദയത്തോടുകൂടിയ സമർപ്പണത്തിൽ ദൈവത്തെ സേവിക്കൽ
ക്രിസ്തീയ വ്യക്തിത്വം നട്ടുവളർത്തൽ
ആത്മീയമായി പരിപുഷ്ഠിപ്പെടുത്തുന്ന സഹവാസം
പ്രാർത്ഥനയിലൂടെ ദൈവത്തോടുള്ള സമാധാനം അന്വേഷിക്കൽ