വിശ്വാസം പ്രകടമാക്കിക്കൊണ്ട് ദൈവത്തിന്റെ വാഗ്ദത്തങ്ങളോടു പ്രതികരിക്കുക
“അവൻ [യഹോവയാം ദൈവം] നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു.”—2 പത്രൊസ് 1:4.
1. യഥാർഥ വിശ്വാസം പ്രകടമാക്കുന്നതിനു നമ്മെ പ്രാപ്തരാക്കുന്നത് എന്ത്?
യഹോവയുടെ വാഗ്ദത്തങ്ങളിൽ നാം വിശ്വാസം പ്രകടിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും, “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.” (2 തെസ്സലൊനീക്യർ 3:2) ഈ ഗുണം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ ഫലങ്ങളിലൊന്നാണ്. (ഗലാത്യർ 5:22, 23) ആയതിനാൽ, യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്നവർക്കു മാത്രമേ വിശ്വാസം പ്രകടമാക്കാൻ കഴിയൂ.
2. അപ്പോസ്തലനായ പൗലോസ് “വിശ്വാസ”ത്തെ എങ്ങനെ നിർവചിക്കുന്നു?
2 എങ്കിൽ വിശ്വാസമെന്നാൽ എന്താണ്? അപ്പോസ്തലനായ പൗലോസ് അതിനെ “കാണാത്ത കാര്യങ്ങളുടെ നിശ്ചയ”[യാഥാർഥ്യങ്ങളുടെ പ്രസ്പഷ്ട പ്രകടനം, NW]മെന്നു വിളിക്കുന്നു. കാണാത്ത കാര്യങ്ങളുടെ തെളിവ് വളരെ ശക്തമായതിനാൽ വിശ്വാസത്തെ അതിനോടു സമതുലനം ചെയ്തിരിക്കുന്നു. വിശ്വാസം “ആശിക്കുന്നതിന്റെ ഉറപ്പ്” ആണെന്നും പറഞ്ഞിരിക്കുന്നു, കാരണം ഈ ഗുണം ഉള്ളവർക്കു യഹോവയാം ദൈവം ചെയ്തിരിക്കുന്ന വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയായിക്കഴിഞ്ഞതുപോലെതന്നെ വളരെ ഉറപ്പാണ്.—എബ്രായർ 11:1.
വിശ്വാസവും യഹോവയുടെ വാഗ്ദത്തങ്ങളും
3. അഭിഷിക്ത ക്രിസ്ത്യാനികൾ വിശ്വാസം പ്രകടിപ്പിച്ചാൽ എന്തനുഭവിക്കും?
3 യഹോവയെ പ്രസാദിപ്പിക്കുന്നതിന് അവിടുത്തെ വാഗ്ദത്തങ്ങളിൽ നാം വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്. അപ്പോസ്തലനായ പത്രോസ് പൊ.യു. (പൊതുയുഗം) ഏതാണ്ട് 64-ൽ എഴുതിയ തന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനത്തിൽ ഇതു പ്രകടമാക്കി. അഭിഷിക്തരായ തന്റെ സഹക്രിസ്ത്യാനികൾ വിശ്വാസം പ്രകടിപ്പിച്ചാൽ അവർ ദൈവത്തിന്റെ “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളു”ടെ നിവൃത്തി കാണുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തത്ഫലമായി അവർ സ്വർഗീയ രാജ്യത്തിൽ യേശുക്രിസ്തുവിന്റെ കൂട്ടവകാശികൾ എന്ന നിലയിൽ “ദിവ്യ സ്വഭാവത്തിന്നു കൂട്ടാളികളായിത്തീരും.” വിശ്വാസത്താലും യഹോവയാം ദൈവത്തിന്റെ സഹായത്താലും അവർ ഈ ലോകത്തിന്റെ ദുഷിച്ച ശീലങ്ങളുടെയും നടപടികളുടെയും അടിമത്തത്തിൽനിന്നു രക്ഷപെട്ടിരുന്നു. (2 പത്രൊസ് 1:2-4) ഒന്നു വിഭാവന ചെയ്യുക! യഥാർഥവിശ്വാസം പ്രകടമാക്കുന്നവർ വിലതീരാത്ത അതേ സ്വാതന്ത്ര്യം ഇന്ന് ആസ്വദിക്കുന്നു.
4. നമ്മുടെ വിശ്വാസത്തിനു നാം എന്തെല്ലാം ഗുണങ്ങൾ പ്രദാനം ചെയ്യണം?
4 യഹോവയുടെ വാഗ്ദത്തങ്ങളിലുള്ള വിശ്വാസവും നമ്മുടെ ദൈവദത്ത സ്വാതന്ത്ര്യത്തിനുള്ള നന്ദിയും മാതൃകായോഗ്യരായ ക്രിസ്ത്യാനികളാകുന്നതിനു നമ്മുടെ പരമാവധി ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം. പത്രോസ് പറഞ്ഞു: “അതേ, ഈ കാരണത്താൽത്തന്നെ, പ്രതികരണമായി സകല ആത്മാർഥ ശ്രമവും ചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണവും നിങ്ങളുടെ സദ്ഗുണത്തിന് അറിവും നിങ്ങളുടെ അറിവിന് ആത്മനിയന്ത്രണവും നിങ്ങളുടെ ആത്മനിയന്ത്രണത്തിനു സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തിയും നിങ്ങളുടെ ദൈവഭക്തിക്കു സഹോദരപ്രീതിയും നിങ്ങളുടെ സഹോദരപ്രീതിക്കു സ്നേഹവും പ്രദാനം ചെയ്യുക.” (2 പത്രോസ് 1:5-7, NW) അങ്ങനെ നാം ഓർമയിൽ വെക്കേണ്ട ഒരു ലിസ്ററ് പത്രോസ് നൽകുന്നു. ഈ ഗുണങ്ങളെ നമുക്കു കുറെക്കൂടെ അടുത്തു പരിചിന്തിക്കാം.
വിശ്വാസത്തിന്റെ മർമപ്രധാനമായ ഘടകങ്ങൾ
5, 6. സദ്ഗുണമെന്നാൽ എന്ത്, അത് നമുക്കു നമ്മുടെ വിശ്വാസത്തിന് എങ്ങനെ പ്രദാനം ചെയ്യാൻ കഴിയും?
5 സദ്ഗുണം, അറിവ്, ആത്മനിയന്ത്രണം, സഹിഷ്ണുത, ദൈവഭക്തി, സഹോദരപ്രീതി, സ്നേഹം എന്നീ ഗുണങ്ങൾ പരസ്പരവും വിശ്വാസത്തിനും പ്രദാനം ചെയ്യേണ്ടതാണ് എന്നു പത്രോസ് പറഞ്ഞു. ഈ ഗുണങ്ങളെ നമ്മുടെ വിശ്വാസത്തിന്റെ മർമപ്രധാനമായ ഘടകങ്ങളാക്കിത്തീർക്കാൻ നാം കഠിനാധ്വാനം ചെയ്യണം. ദൃഷ്ടാന്തത്തിന്, സദ്ഗുണമെന്നതു വിശ്വാസം കൂടാതെ നാം പ്രകടിപ്പിക്കുന്ന ഒരു ഗുണമല്ല. നിഘണ്ടുനിർമാതാവായ ഡബ്ലിയൂ. ഇ. വൈൻ 2 പത്രോസ് 1:5-ൽ “വിശ്വാസപ്രകടനത്തിലെ അത്യാവശ്യമായ ഒരു ഗുണമായി സദ്ഗുണം ചേർക്കപ്പെട്ടിരിക്കുന്നു” എന്നു ചൂണ്ടിക്കാട്ടുന്നു. പത്രോസ് പറഞ്ഞിരിക്കുന്ന മററു ഗുണങ്ങളിൽ ഓരോന്നും നമ്മുടെ വിശ്വാസത്തിന്റെ ഓരോ ഘടകമായിരിക്കേണ്ടതുണ്ട്.
6 ആദ്യമായി നാം നമ്മുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യണം. സദ്ഗുണമുള്ളവരായിരിക്കുക എന്നതു ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലതു ചെയ്യുന്നതിനെ അർഥമാക്കുന്നു. “സദ്ഗുണ”മെന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിനു ചില ഭാഷാന്തരങ്ങൾ “നൻമ” എന്ന് ഉപയോഗിക്കുന്നു. (ദ ന്യൂ ഇൻറർനാഷനൽ വേർഷൻ; ദ ജറുസലേം ബൈബിൾ; ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) സദ്ഗുണം തിൻമ ചെയ്യുന്നതോ സഹ മനുഷ്യർക്കു ദ്രോഹം ചെയ്യുന്നതോ ഒഴിവാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. (സങ്കീർത്തനം 97:10) അത്, മററുള്ളവർക്ക് ആത്മീയവും ശാരീരികവും വൈകാരികവുമായ പ്രയോജനത്തിനുവേണ്ടി നൻമ ചെയ്യുന്നതിൽ ധീരമായ പ്രവർത്തനത്തിനും പ്രോത്സാഹിപ്പിക്കുന്നു.
7. നമ്മുടെ വിശ്വാസത്തിനും സദ്ഗുണത്തിനും അറിവു പ്രദാനം ചെയ്യേണ്ടത് എന്തുകൊണ്ട്?
7 എന്തുകൊണ്ടാണു പത്രോസ് നമ്മുടെ വിശ്വാസത്തിനും സദ്ഗുണത്തിനും അറിവ് പ്രദാനം ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്? കൊള്ളാം, നമ്മുടെ വിശ്വാസത്തിനെതിരായുള്ള പുതിയ വെല്ലുവിളികളെ നാം അഭിമുഖീകരിക്കുമ്പോൾ ശരിയും തെററും തിരിച്ചറിയുന്നതിനു നമുക്ക് അറിവ് ആവശ്യമാണ്. (എബ്രായർ 5:14) ബൈബിൾ പഠനവും ദൈവവചനം ബാധകമാക്കുന്നതിലും ദൈനംദിന ജീവിതത്തിൽ പ്രായോഗികബുദ്ധി പ്രയോഗിക്കുന്നതിലുമുള്ള അനുഭവവും മൂലം നാം നമ്മുടെ അറിവു വർധിപ്പിക്കുന്നു. ഫലത്തിൽ ഇതു നമ്മുടെ വിശ്വാസം നിലനിർത്തുന്നതിനും പീഡാനുഭവത്തിൻ കീഴിൽ തുടർന്നു നൻമ പ്രവർത്തിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നു.—സദൃശവാക്യങ്ങൾ 2:6-8; യാക്കോബ് 1:5-8.
8. ആത്മനിയന്ത്രണം എന്നാൽ എന്ത്, അതു സഹിഷ്ണുതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
8 പീഡാനുഭവങ്ങളെ വിശ്വാസത്താൽ നേരിടുന്നതിനു നാം നമ്മുടെ അറിവിന് ആത്മനിയന്ത്രണം പ്രദാനം ചെയ്യേണ്ടതുണ്ട്. “ആത്മനിയന്ത്രണ”ത്തിനുള്ള ഗ്രീക്ക്പദം നമ്മുടെമേൽത്തന്നെ നിയന്ത്രണം നേടാനുള്ള പ്രാപ്തിയെ കുറിക്കുന്നു. ദൈവാത്മാവിന്റെ ഈ ഫലം ചിന്തയിലും വാക്കിലും നടത്തയിലും നിയന്ത്രണം പാലിക്കുന്നതിനു നമ്മെ സഹായിക്കുന്നു. ആത്മനിയന്ത്രണം പ്രയോഗിക്കുന്നതിലുള്ള നിർബന്ധത്താൽ നാം അതിനു സഹിഷ്ണുത പ്രദാനം ചെയ്യുന്നു. “സഹിഷ്ണുത”ക്കുള്ള ഗ്രീക്ക്പദം രക്ഷപെടാൻ കഴിയാത്ത ദുരിതത്തിലേക്കുള്ള ദുഃഖഭാവത്തിലുള്ള പിൻവാങ്ങലിനെയല്ല ധീരമായ സ്ഥിരതയെ അർഥമാക്കുന്നു. തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷമോർത്താണു യേശുക്രിസ്തു ദണ്ഡനസ്തംഭത്തെ സഹിച്ചത്. (എബ്രായർ 12:2) സഹിഷ്ണുതയോടു ബന്ധപ്പെട്ട ദൈവദത്തമായ ബലം നമ്മുടെ വിശ്വാസത്തെ താങ്ങുകയും ക്ലേശത്തിൽ സന്തോഷിക്കുന്നതിനും പ്രലോഭനത്തെ ചെറുക്കുന്നതിനും പീഡിപ്പിക്കപ്പെടുമ്പോൾ അനുരഞ്ജനം ഒഴിവാക്കുന്നതിനും നമ്മെ സഹായിക്കുകയും ചെയ്യുന്നു.—ഫിലിപ്പിയർ 4:13.
9. (എ) എന്താണു ദൈവികഭക്തി? (ബി) നമ്മുടെ ദൈവികഭക്തിക്ക് സഹോദരപ്രീതി പ്രദാനം ചെയ്യേണ്ടത് എന്തുകൊണ്ട്? (സി) നമുക്ക് എങ്ങനെ നമ്മുടെ സഹോദരപ്രീതിക്ക് സ്നേഹം പ്രദാനം ചെയ്യാൻ കഴിയും?
9 നമ്മുടെ സഹിഷ്ണുതക്കു നാം ദൈവഭക്തി പ്രദാനം ചെയ്യണം—ബഹുമാനവും ആരാധനയും യഹോവക്കുള്ള സേവനവും തന്നെ. നാം ദൈവിക ഭക്തി ആചരിക്കുകയും യഹോവ തന്റെ ജനവുമായി എപ്രകാരം ഇടപെടുന്നുവെന്നു കാണുകയും ചെയ്യുമ്പോൾ നമ്മുടെ വിശ്വാസം വളരുന്നു. എന്നിരുന്നാലും ദൈവഭക്തി പ്രകടമാക്കുന്നതിനു നമുക്കു സഹോദരപ്രീതി ആവശ്യമാണ്. ഏതായാലും, “താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല”. (1 യോഹന്നാൻ 4:20) യഹോവയുടെ മററു ദാസൻമാരോടു യഥാർഥ പ്രീതി കാണിക്കുന്നതിനും എല്ലാസമയത്തും അവരുടെ ക്ഷേമം അന്വേഷിക്കുന്നതിനും നമ്മുടെ ഹൃദയം നമ്മെ പ്രേരിപ്പിക്കണം. (യാക്കോബ് 2:14-17) എന്നാൽ എന്തുകൊണ്ടാണു നമ്മുടെ സഹോദരപ്രീതിക്കു സ്നേഹം പ്രദാനം ചെയ്യാൻ നമ്മോടു പറഞ്ഞിരിക്കുന്നത്? വ്യക്തമായും പത്രോസ് അർഥമാക്കിയത് നാം നമ്മുടെ സഹോദരങ്ങളോടു മാത്രമല്ല മുഴു മനുഷ്യവർഗത്തോടും സ്നേഹം പ്രകടമാക്കണം എന്നാണ്. ഈ സ്നേഹം പ്രകടമാക്കുന്നതു വിശേഷാൽ സുവാർത്ത പ്രസംഗിക്കുകയും ആളുകളെ ആത്മീയമായി സഹായിക്കുകയും ചെയ്തുകൊണ്ടാണ്.—മത്തായി 24:14; 28:19, 20.
വിപരീതമായ ഫലങ്ങൾ
10. (എ) നമ്മുടെ വിശ്വാസത്തിന് സദ്ഗുണവും അറിവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവഭക്തിയും സഹോദരപ്രീതിയും സ്നേഹവും പ്രദാനം ചെയ്യപ്പെടുന്നുവെങ്കിൽ നാമെങ്ങനെ പ്രവർത്തിക്കും? (ബി) ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരുവന് ഈ ഗുണങ്ങൾ ഇല്ലെങ്കിൽ എന്തു സംഭവിക്കുന്നു?
10 നമ്മുടെ വിശ്വാസത്തിനു നാം സദ്ഗുണവും, അറിവും, ആത്മനിയന്ത്രണവും, സഹിഷ്ണുതയും, ദൈവഭക്തിയും, സഹോദരപ്രീതിയും, സ്നേഹവും പ്രദാനം ചെയ്യുന്നുവെങ്കിൽ നാം ദൈവാംഗീകാരമുള്ള വിധങ്ങളിൽ ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. നേരെമറിച്ച് ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരുവൻ ഈ ഗുണങ്ങൾ പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടാൽ അയാൾ ആത്മീയമായി കുരുടനായിത്തീരുന്നു. അയാൾ ദൈവത്തിൽനിന്നുള്ള പ്രകാശത്തിനുനേരെ ‘ഹ്രസ്വദൃഷ്ടി’യുള്ളവൻ ആയിരിക്കുകയും മുമ്പിലത്തെ പാപങ്ങളിൽനിന്നു താൻ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നതു വിസ്മരിക്കുകയും ചെയ്യുന്നു. (2 പത്രൊസ് 1:8-10; 2:20-22) നമുക്ക് ഒരിക്കലും അപ്രകാരം പരാജയപ്പെടുകയും അങ്ങനെ ദൈവത്തിന്റെ വാഗ്ദത്തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യാം.
11. വിശ്വസ്തരായ അഭിഷിക്തരിൽ നിന്ന് ഉചിതമായി എന്തു നമുക്കു പ്രതീക്ഷിക്കാൻ കഴിയും?
11 വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾക്കു യഹോവയുടെ വാഗ്ദത്തങ്ങളിൽ വിശ്വാസമുണ്ട്, അവിടുത്തെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുന്നതിന് അവർ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. തങ്ങളുടെ വഴിയിലുള്ള എന്തു വിലങ്ങുതടികളെയും ഗണ്യമാക്കാതെ അവർ ദൈവിക ഗുണങ്ങൾ പ്രകടമാക്കുന്നതിനു നമുക്കു പ്രതീക്ഷിക്കാൻ കഴിയും. വിശ്വസ്തരായ അഭിഷിക്തർ സ്വർഗത്തിലെ ആത്മീയ ജീവനിലേക്കുള്ള പുനരുത്ഥാനത്താൽ ‘യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.’—2 പത്രൊസ് 1:11.
12. നാം 2 പത്രൊസ് 1:12-15-ൽ പറഞ്ഞിരിക്കുന്ന വാക്കുകൾ എങ്ങനെ മനസ്സിലാക്കേണ്ടതാണ്?
12 പത്രോസിനു താൻ താമസിയാതെ മരിക്കുമെന്ന് അറിയാമായിരുന്നു, സ്വർഗീയ ജീവനിലേക്കുള്ള ഒരു പുനരുത്ഥാനം ഒടുവിൽ ലഭിക്കുന്നതിന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം “ഈ കൂടാരത്തിൽ”—തന്റെ മനുഷ്യശരീരത്തിൽ—ജീവിച്ചിരിക്കുന്നിടത്തോളം സഹവിശ്വാസികളിൽ വിശ്വാസം പരിപുഷ്ടിപ്പെടുത്തുന്നതിനും ദിവ്യാംഗീകാരത്തിന് ആവശ്യമായതെന്താണെന്ന് ഓർമിപ്പിച്ചുകൊണ്ട് അവരെ ഉണർത്തുന്നതിനും ശ്രമിച്ചു. പത്രോസിന്റെ മരണത്തിലുള്ള വേർപാടിനുശേഷം ആത്മീയ സഹോദരൻമാർക്കും സഹോദരിമാർക്കും അദ്ദേഹത്തിന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ടു തങ്ങളുടെ വിശ്വാസത്തെ താങ്ങിനിർത്തുന്നതിനു കഴിഞ്ഞു.—2 പത്രൊസ് 1:12-15.
പ്രവാചക വചനത്തിലുള്ള വിശ്വാസം
13. ദൈവം ക്രിസ്തുവിന്റെ വരവിനെപ്പററി വിശ്വാസത്തെ ബലപ്പെടുത്തുന്ന സാക്ഷ്യം നല്കിയത് എങ്ങനെയാണ്?
13 യേശുവിന്റെ “മഹാശക്തിയോടും തേജസ്സോടും കൂടെ”യുള്ള വരവിന്റെ ഉറപ്പിനെ സംബന്ധിച്ചു ദൈവംതന്നെ വിശ്വാസത്തെ ബലപ്പെടുത്തുന്ന സാക്ഷ്യം വഹിച്ചു. (മത്തായി 24:30; 2 പത്രൊസ് 1:16-18) തങ്ങളുടെ ദൈവങ്ങളെപ്പററി തെളിവൊന്നുമില്ലാതെ വിജാതീയ പുരോഹിതൻമാർ തെററായ കഥകൾ പറഞ്ഞു, എന്നാൽ പത്രോസും യാക്കോബും യോഹന്നാനും മറുരൂപത്തിൽ ക്രിസ്തുവിന്റെ മഹിമാവിനു ദൃക്സാക്ഷികളായിരുന്നു. (മത്തായി 17:1-5) യേശു മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നത് അവർ കാണുകയും തന്റെ പ്രിയ പുത്രനാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു. ആ അംഗീകാരവും ക്രിസ്തുവിനു കൊടുക്കപ്പെട്ട അത്യുജ്ജലമായ പ്രത്യക്ഷതയും, അവിടുത്തേക്കു കൊടുത്ത മാനവും മഹത്ത്വവുമായിരുന്നു. ഈ ദിവ്യ വെളിപ്പാടുനിമിത്തം പത്രോസ് മിക്കവാറും ഹെർമോന്റെ ശിഖരത്തിലുള്ള ആ സ്ഥലത്തെ “വിശുദ്ധ പർവതം” എന്നു വിളിച്ചു.—പുറപ്പാടു 3:4, 5 താരതമ്യം ചെയ്യുക.
14. യേശുവിന്റെ മറുരൂപപ്പെടൽ നമ്മുടെ വിശ്വാസത്തെ എപ്രകാരം ബാധിക്കണം?
14 യേശുവിന്റെ മറുരൂപം നമ്മുടെ വിശ്വാസത്തെ എപ്രകാരം ബാധിക്കണം? പത്രോസ് പറഞ്ഞു: “പ്രവാചകവാക്യവും [വചനം, NW] അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.” (2 പത്രൊസ് 1:19) “പ്രവാചകവചന”ത്തിൽ സ്പഷ്ടമായും എബ്രായ തിരുവെഴുത്തിലെ മിശിഹയെ സംബന്ധിച്ച പ്രവചനങ്ങൾ മാത്രമല്ല താൻ “മഹാശക്തിയോടും തേജസ്സോടും കൂടെ” വരുമെന്ന യേശുവിന്റെ പ്രസ്താവനയും ഉൾപ്പെടുന്നുണ്ട്. എങ്ങനെയാണു മറുരൂപത്താൽ പ്രവാചകവാക്യം “അധികം സ്ഥിരമായ”ത്? ആ സംഭവം രാജ്യാധികാരത്തിൽ തേജസ്സിലുള്ള ക്രിസ്തുവിന്റെ വരവിനെ സ്ഥിരീകരിച്ചു.
15. പ്രവാചകവചനത്തിനു ശ്രദ്ധകൊടുക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
15 നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനു നാം പ്രവാചകവചനത്തിനു ചെവികൊടുക്കണം. ആ വചനം പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങളിൽ അതു ചർച്ചചെയ്യുന്നതും അതിലെ ബുദ്ധ്യുപദേശം പ്രാവർത്തികമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. (യാക്കോബ് 1:22-27) നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട് “ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കു” ആയിരിക്കാൻ നാം അതിനെ അനുവദിക്കണം. (എഫെസ്യർ 1:18) അപ്പോൾ മാത്രമേ “ഉദയ നക്ഷത്രം” അല്ലെങ്കിൽ “ശുഭ്രമായ ഉദയനക്ഷത്രം” ആയ യേശുക്രിസ്തു തന്നെത്തന്നെ തേജസ്സിൽ വെളിപ്പെടുത്തുന്നതുവരെ അതു നമ്മെ നയിക്കുകയുള്ളു. (വെളിപ്പാടു 22:16) ആ വെളിപാടു വിശ്വാസഹീനർക്കു നാശവും വിശ്വാസം പ്രകടിപ്പിക്കുന്നവർക്ക് അനുഗ്രഹവും കൈവരുത്തും.—2 തെസ്സലൊനീക്യർ 1:6-10.
16. ദൈവവചനത്തിലെ എല്ലാ പ്രവാചകവാഗ്ദത്തങ്ങളും നിറവേറുമെന്നു നമുക്കു വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
16 ദൈവത്തിന്റെ പ്രവാചകൻമാർ വിദഗ്ദ്ധമായ പ്രവചനങ്ങൾ നടത്തിയ വെറും കുശാഗ്രബുദ്ധികളായ വ്യക്തികളായിരുന്നില്ല, കാരണം പത്രോസ് പറഞ്ഞു: “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് 1:20, 21) ദൃഷ്ടാന്തത്തിനു ദാവീദ് എഴുതി: “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു.” (2 ശമൂവേൽ 23:1, 2) കൂടാതെ, പൗലോസ് എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാ”ണ്. (2 തിമൊഥെയൊസ് 3:16) ദൈവത്തിന്റെ പ്രവാചകൻമാർ അവിടുത്തെ ആത്മാവിനാൽ നിശ്വസ്തരാക്കപ്പെട്ടിരുന്നതിനാൽ അവിടുത്തെ വചനത്തിലെ എല്ലാ വാഗ്ദത്തങ്ങളും നിവൃത്തിയാകുമെന്നു നമുക്കു വിശ്വസിക്കാൻ കഴിയും.
അവർക്കു ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വാസമുണ്ടായിരുന്നു
17. ഹാബേലിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ഏതു വാഗ്ദത്തമായിരുന്നു?
17 ക്രൈസ്തവയുഗത്തിനു മുമ്പുള്ള യഹോവയുടെ ‘സാക്ഷികളുടെ സമൂഹത്തിന്റെ’ വിശ്വാസത്തിന്റെ ഒരു അടിസ്ഥാനം യഹോവയുടെ വാഗ്ദത്തങ്ങളായിരുന്നു. (എബ്രായർ 11:1–12:1) ദൃഷ്ടാന്തത്തിന്, “സർപ്പത്തിന്റെ” തല തകർക്കുവാൻ പോകുന്ന “സന്തതി”യെപ്പററിയുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഹാബേലിനു വിശ്വാസം ഉണ്ടായിരുന്നു. ഹാബേലിന്റെ മാതാപിതാക്കളുടെമേലുള്ള ദൈവത്തിന്റെ ശിക്ഷ നിവൃത്തിയായതിനു തെളിവുണ്ടായിരുന്നു. ശപിക്കപ്പെട്ടിരുന്ന ഭൂമി മുള്ളും പറക്കാരയും മുളപ്പിച്ചതിനാൽ ഏദൻതോട്ടത്തിനു വെളിയിൽ ആദാമും കുടുംബവും തങ്ങളുടെ മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിച്ചു. ഹവ്വായ്ക്ക് ഭർത്താവിനോടുള്ള ആഗ്രഹം ഹാബേൽ ശ്രദ്ധിക്കുകയും ആദാം ഭാര്യയെ ഭരിക്കുന്നതു കാണുകയും ചെയ്തിരിക്കാനിടയുണ്ട്. ഹവ്വാ തന്റെ പ്രസവവേദനയെക്കുറിച്ചു തീർച്ചയായും പറഞ്ഞിരിക്കണം. ഏദൻതോട്ടത്തിലേക്കുള്ള പ്രവേശനം തടയാൻ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി കെരൂബുകളെ നിർത്തിയിരുന്നു. (ഉല്പത്തി 3:14-19, 24) വാഗ്ദത്ത സന്തതിയിൽക്കൂടി വിടുതൽ വരുമെന്നുള്ളതിന് ഇതെല്ലാം ഹാബേലിന് ഉറപ്പുകൊടുത്ത ഒരു “പ്രസ്പഷ്ട പ്രകടനം” ആയിരുന്നു. വിശ്വാസപൂർവം പ്രവർത്തിച്ചുകൊണ്ടു ഹാബേൽ ദൈവത്തിനു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു.—എബ്രായർ 11:1, 4.
18, 19. ഏതു വിധത്തിലാണ് അബ്രാഹാമും സാറായും വിശ്വാസം പ്രകടിപ്പിച്ചത്?
18 ഗോത്രപിതാക്കൻമാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും യഹോവയുടെ വാഗ്ദത്തങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. താൻ നിമിത്തം ഭൂമിയിലുള്ള സകല കുടുംബങ്ങളും തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്നും തന്റെ സന്തതിക്ക് ഒരു ദേശം കിട്ടുമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിൽ അബ്രാഹാം വിശ്വാസം പ്രകടിപ്പിച്ചു. (ഉല്പത്തി 12:1-9; 15:18-21) അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കും പൗത്രനായ യാക്കോബും “വാഗ്ദത്തത്തിന്നു കൂട്ടവകാശിക”ളായിരുന്നു. വിശ്വാസത്താൽ അബ്രാഹാം “വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു . . . പാർത്തുകൊണ്ടു” ‘അടിസ്ഥാനങ്ങളുള്ള നഗരത്തിന്നായി’ കാത്തിരുന്നു, ദൈവത്തിന്റെ ആ സ്വർഗീയരാജ്യത്തിൻകീഴിൽ ഭൂമിയിലെ ജീവനിലേക്ക് അദ്ദേഹം പുനരുത്ഥാനം പ്രാപിക്കും. (എബ്രായർ 11:8-10) നിങ്ങൾക്കു സമാനമായ വിശ്വാസമുണ്ടോ?
19 അബ്രാഹാമിന്റെ ഭാര്യയായ സാറായ്ക്കു 90 വയസ്സാകുകയും തീർച്ചയായും പ്രസവത്തിനുള്ള പ്രായം കഴിയുകയും ചെയ്തപ്പോഴാണ് ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വാസമർപ്പിക്കുകയും “പുത്രോത്പാദനത്തിനു” ശക്തി പ്രാപിക്കുകയും യിസ്ഹാക്കിനു ജൻമം നൽകുകയും ചെയ്തത്. അങ്ങനെ ഉത്പാദനശേഷി സംബന്ധിച്ചു “മൃതപ്രായനായവ”ൻ ആയിരുന്ന 100 വയസ്സുള്ള അബ്രാഹാമിന് ഒടുവിൽ “പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ . . . സന്തതി ജനിച്ചു.”—എബ്രായർ 11:11, 12; ഉല്പത്തി 17:15-17; 18:11; 21:1-7.
20. ഗോത്രപിതാക്കൻമാരോടുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ പൂർണമായ നിവൃത്തി അവർ കണ്ടില്ലെങ്കിലും അവർ എന്തു ചെയ്തു?
20 വിശ്വസ്ത ഗോത്രപിതാക്കൻമാർ തങ്ങളോടുള്ള വാഗ്ദത്തങ്ങളുടെ പരിപൂർണ നിവൃത്തി കാണാതെ മരിച്ചു. എന്നിരുന്നാലും, “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏററുപറഞ്ഞു.” വാഗ്ദത്തദേശം അബ്രാഹാമിന്റെ സന്തതികൾക്ക് അവകാശമായി കിട്ടുന്നതിനു മുമ്പു തലമുറകൾതന്നെ കടന്നുപോയി. എന്നിരുന്നാലും, ദൈവഭയമുള്ള ഗോത്രപിതാക്കൻമാർ തങ്ങളുടെ ജീവകാലമെല്ലാം യഹോവയുടെ വാഗ്ദത്തങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചു. അവരുടെ വിശ്വാസം ഒരിക്കലും നഷ്ടപ്പെടാഞ്ഞതിനാൽ ദൈവം അവർക്കായി ഒരുക്കിയ മിശിഹൈക രാജ്യമായ “നഗര”ത്തിന്റെ ഭൗമിക മണ്ഡലത്തിലെ ജീവനിലേക്ക് അവർ താമസിയാതെ ഉയിർപ്പിക്കപ്പെടും. (എബ്രായർ 11:13-16) സമാനമായി, യഹോവയുടെ അത്ഭുതകരമായ വാഗ്ദത്തങ്ങളുടെ പെട്ടെന്നുള്ള നിവൃത്തി നാം കാണുന്നില്ലെങ്കിലും നമ്മെ അവിടുത്തോടു വിശ്വസ്തരായി നിലനിർത്താൻ വിശ്വാസത്തിനു കഴിയും. അബ്രാഹാം ചെയ്തതുപോലെതന്നെ ദൈവത്തെ അനുസരിക്കാൻ നമ്മുടെ വിശ്വാസത്തിനു നമ്മെ പ്രേരിപ്പിക്കാൻ കഴിയും. അദ്ദേഹം തന്റെ സന്തതികൾക്ക് ഒരു ആത്മീയ പൈതൃകം കൊടുത്തതുപോലെ യഹോവയുടെ വിലയേറിയ വാഗ്ദത്തങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതിനു നമുക്കു നമ്മുടെ മക്കളെ സഹായിക്കാൻ കഴിയും.—എബ്രായർ 11:17-21.
വിശ്വാസം ക്രിസ്ത്യാനികൾക്കു ജീവത്പ്രധാനം
21. ഇന്നു ദൈവത്തിനു സ്വീകാര്യരായിരിക്കുന്നതിന് വിശ്വാസപ്രകടനത്തിൽ എന്ത് ഉൾപ്പെടുത്തണം?
21 തീർച്ചയായും യഹോവയുടെ വാഗ്ദത്തങ്ങളിൽ ദൃഢവിശ്വാസമുണ്ടായിരിക്കുന്നതിലും അധികം വിശ്വാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ അംഗീകാരം ആസ്വദിക്കണമെങ്കിൽ മനുഷ്യചരിത്രത്തിലുടനീളം വ്യത്യസ്ത വിധങ്ങളിൽ ദൈവത്തിൽ വിശ്വാസം അർപ്പിക്കേണ്ടത് ആവശ്യമായിരുന്നിട്ടുണ്ട്. “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ” എന്നു പൗലോസ് ചൂണ്ടിക്കാട്ടി. (എബ്രായർ 11:6) ഇന്ന് യഹോവയാൽ അംഗീകരിക്കപ്പെടുന്നതിന് ഒരു വ്യക്തി യേശുക്രിസ്തുവിലും അവിടുന്നു മുഖാന്തരം ദൈവം പ്രദാനം ചെയ്തിരിക്കുന്ന മറുവിലയാഗത്തിലും വിശ്വാസം അർപ്പിക്കേണ്ടതുണ്ട്. (റോമർ 5:8; ഗലാത്യർ 2:15, 16) ഇത് യേശുതന്നെ പറഞ്ഞതുപോലെയാണ്: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം [മനുഷവർഗ] ലോകത്തെ സ്നേഹിച്ചു. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.”—യോഹന്നാൻ 3:16, 36.
22. മിശിഹൈക രാജ്യം ഏതു വാഗ്ദത്തത്തിന്റെ നിവൃത്തി കൈവരുത്തും?
22 ക്രിസ്ത്യാനികൾ പ്രാർഥിക്കുന്ന രാജ്യത്തെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തിയിൽ യേശുക്രിസ്തു ഒരു മർമപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. (യെശയ്യാവു 9:6, 7; ദാനീയേൽ 7:13, 14; മത്തായി 6:9, 10) പത്രോസ് പ്രകടമാക്കിയപ്രകാരം മറുരൂപം രാജ്യാധികാരത്തിലും മഹത്ത്വത്തിലുമുള്ള യേശുവിന്റെ വരവിനെ സംബന്ധിച്ചുള്ള പ്രവാചകവചനത്തെ സ്ഥിരീകരിച്ചു. മിശിഹൈകരാജ്യം ദൈവത്തിന്റെ മറെറാരു വാഗ്ദത്തത്തിനു നിവൃത്തി കൈവരുത്തും, കാരണം പത്രോസ് എഴുതി: “അവിടുത്തെ വാഗ്ദത്തപ്രകാരം നാം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്, അവയിൽ നീതി വസിക്കേണ്ടതാണ്.” (2 പത്രോസ് 3:13, NW) പൊതുയുഗത്തിനുമുമ്പ് 537-ൽ സെരുബാബേൽ ഭരണാധിപതിയും യോശുവ മഹാപുരോഹിതനുമായുള്ള ഒരു ഗവൺമെൻറിൻ കീഴിൽ ബാബിലോനിലെ യഹൂദപ്രവാസികൾ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ സമാനമായ ഒരു പ്രവചനം നിറവേറി. (യെശയ്യാവു 65:17) എന്നാൽ പത്രോസ് “പുതിയ ആകാശങ്ങൾ”—സ്വർഗീയ മിശിഹൈക രാജ്യം—“ഒരു പുതിയ ഭൂമി”മേൽ, ഈ ഭൂഗോളത്തിൽ ജീവിക്കുന്ന നീതിയുള്ള മനുഷ സമുദായത്തിൻമേൽ, ഭരണം നടത്തുന്ന ഒരു ഭാവികാലത്തിലേക്കു വിരൽചൂണ്ടി.—സങ്കീർത്തനം 96:1 താരതമ്യം ചെയ്യുക.
23. സദ്ഗുണത്തെ സംബന്ധിച്ചുള്ള എന്തു ചോദ്യങ്ങൾ നാം അടുത്തതായി പരിചിന്തിക്കും?
23 യഹോവയുടെ വിശ്വസ്തസേവകരും അവിടുത്തെ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെ അനുഗാമികളുമെന്ന നിലയിൽ നാം ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകത്തിനുവേണ്ടി ഉൽക്കടമായി ആശിക്കുന്നു. അത് അടുത്തെത്തിയെന്നു നമുക്കറിയാം. തന്നെയുമല്ല യഹോവയുടെ ഉൽകൃഷ്ടമായ എല്ലാ പ്രവചനങ്ങളും നിറവേറുമെന്നു നമുക്കു വിശ്വാസമുണ്ട്. ദൈവ മുമ്പാകെ സ്വീകാര്യരായി നടക്കുന്നതിനു നാം നമ്മുടെ വിശ്വാസത്തിന് സദ്ഗുണവും അറിവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവഭക്തിയും സഹോദരപ്രീതിയും സ്നേഹവും പ്രദാനം ചെയ്തുകൊണ്ട് അതിനെ ബലപ്പെടുത്തേണ്ടതുണ്ട്.a ഈ ഘട്ടത്തിൽ നമുക്കെങ്ങനെ സദ്ഗുണം പ്രകടിപ്പിക്കാമെന്നു ചോദിച്ചേക്കാം. നാം സദ്ഗുണമുള്ളവരായിരിക്കുന്നതു നമുക്കും മററുള്ളവർക്കും, വിശേഷാൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടു ദൈവത്തിന്റെ വാഗ്ദത്തങ്ങളോടു പ്രതികരിച്ച നമ്മുടെ ക്രിസ്തീയ കൂട്ടാളികൾക്ക്, എങ്ങനെ പ്രയോജനം ചെയ്യും?
[അടിക്കുറിപ്പ്]
a വിശ്വാസവും സദ്ഗുണവും വീക്ഷാഗോപുരത്തിന്റെ ഈ ലക്കത്തിൽ ചർച്ചചെയ്യുന്നു. അറിവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവഭക്തിയും സഹോദരപ്രീതിയും സ്നേഹവും വരുംലക്കങ്ങളിൽ കൂടുതൽ പൂർണമായി പരിചിന്തിക്കുന്നതാണ്.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ “വിശ്വാസ”ത്തെ എങ്ങനെ നിർവചിക്കാം?
◻ എന്തുഗുണങ്ങളാണ് 2 പത്രോസ് 1:5-7 പറയുന്നപ്രകാരം നമ്മുടെ വിശ്വാസത്തിനു പ്രദാനം ചെയ്യേണ്ടത്?
◻ യേശുവിന്റെ മറുരൂപത്തിന് നമ്മുടെ വിശ്വാസത്തിൻമേൽ എന്തു ഫലം ഉണ്ടായിരിക്കണം?
◻ ഹാബേലും അബ്രാഹാമും സാറായും ആദ്യകാലങ്ങളിലെ മററ് ആളുകളും വിശ്വാസത്തിന്റെ എന്തു മാതൃകകളാണു വെച്ചത്?
[15-ാം പേജിലെ ചിത്രം]
യേശുവിന്റെ മറുരൂപത്തിന് ഒരു വ്യക്തിയുടെ വിശ്വാസത്തെ എങ്ങനെ ബാധിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിയാമോ?