അറിവിൽ വളർന്നുകൊണ്ടേയിരിക്കുക
“നിങ്ങളുടെ വിശ്വാസത്തിന് . . . അറിവു . . . പ്രദാനം ചെയ്യുക—2 പത്രോസ് 1:5, NW.
1, 2. (എ) ആകാശങ്ങളിലേക്കു നോക്കി നിങ്ങൾക്ക് എന്തു പഠിക്കാൻ കഴിയും? (റോമർ 1:20) (ബി) മമനുഷ്യന്റെ പരിജ്ഞാനവർധനവിന്റെ യഥാർഥ വ്യാപ്തി എന്താണ്?
ഇരുട്ടുള്ള, ഒരു മേഘരഹിതമായ, രാത്രിയിൽ വെളിയിലിറങ്ങി തെളിഞ്ഞ ചന്ദ്രനെയും എണ്ണമററ നക്ഷത്രങ്ങളെയും നോക്കി നിങ്ങൾക്കെന്തു പഠിക്കാൻ കഴിയും? ഇവയെല്ലാം സൃഷ്ടിച്ചവനെക്കുറിച്ചു നിങ്ങൾക്കു ചിലതു പഠിക്കാൻ കഴിയും.—സങ്കീർത്തനം 19:1-6; 69:34.
2 ആ അറിവു വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ, വീടിനു മുകളിൽ കയറി അവിടെനിന്നു നിങ്ങൾ നോക്കുമോ? സാധ്യതയനുസരിച്ച്, ഇല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവിൽ ശാസ്ത്രജ്ഞൻമാർ യഥാർഥമായി വളരെയധികം പുരോഗമിച്ചിട്ടില്ലെന്നും അതിനെ സൃഷ്ടിച്ചവനെക്കുറിച്ച് വളരെ കുറച്ചേ അറിഞ്ഞിട്ടുള്ളുവെന്നും ഉള്ള ആശയം വ്യക്തമാക്കുന്നതിന് ആൽബേർട്ട് ഐൻസ്ററീൻ ഒരിക്കൽ ഇത്തരം ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു.a ഡോ. ലൂയിസ് തോമസ് ഇങ്ങനെ എഴുതി: “നൂററാണ്ടുകളിൽ വെച്ച് ശാസ്ത്രസംബന്ധമായി ഏററവും ഉത്പാദകമായ ഈ നൂററാണ്ടിലെ ശാസ്ത്രത്തിന്റെ ഏററവും വലിയ ഒററപ്പെട്ട നേട്ടം നാം അത്യന്തം അജ്ഞരാണെന്ന കണ്ടുപിടിത്തമാണ്; നമുക്കു പ്രകൃതിയെക്കുറിച്ചു വളരെ കുറച്ചേ അറിവുള്ളു, നാം ഗ്രഹിക്കുന്നതോ അതിലും തുച്ഛം.”
3. അറിവിന്റെ വർധനവു വേദന വർധിപ്പിക്കുന്നത് ഏതർഥത്തിലാണ്?
3 നിങ്ങൾ ആയുഷ്കാലത്തിൽ ശേഷിച്ചിരിക്കുന്ന മുഴുവൻ വർഷങ്ങളും ഇത്തരം അറിവു തേടിക്കൊണ്ടു ചെലവഴിച്ചാലും ജീവിതം എത്ര ഹ്രസ്വമാണെന്നു തിരിച്ചറിയുകയും മമനുഷ്യന്റെ അറിവിന്റെ ഉപയോഗം അപൂർണതയാലും ഈ ലോകത്തിന്റെ ‘വക്രത’യാലും പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ഏറെ വ്യക്തമായി മനസ്സിലാക്കുകയും മാത്രമായിരിക്കാം ചെയ്യുന്നത്. ആ ആശയം ശലോമോൻ ഇങ്ങനെയെഴുതി വ്യക്തമാക്കി: “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.” (സഭാപ്രസംഗി 1:15, 18) അതേ, ദൈവോദ്ദേശ്യങ്ങളുമായി ബന്ധമില്ലാത്ത അറിവും ജ്ഞാനവും നേടുന്നതിൽ സാധാരണമായി വേദനയും ദുഃഖവും അന്തർഭവിച്ചിരിക്കുന്നു.—സഭാപ്രസംഗി 1:13, 14; 12:12; 1 തിമൊഥെയൊസ് 6:20.
4. നാം ഏതു അറിവു സമ്പാദിക്കാൻ ആഗ്രഹിക്കണം?
4 ബൈബിൾ നമ്മുടെ അറിവു വർധിപ്പിക്കുന്നതിൽ നാം തത്പരരായിരിക്കരുതെന്നു ഉപദേശിക്കുകയാണോ? അപ്പോസ്തലനായ പത്രോസ് എഴുതി: “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ അറിവിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം.” (2 പത്രൊസ് 3:18) ആ ബുദ്ധ്യുപദേശം നമുക്കു ബാധകമാകുന്നതായി സ്വീകരിക്കാവുന്നതും സ്വീകരിക്കേണ്ടതുമാണ്, അറിവിൽ വളരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നതായിത്തന്നെ. എന്നാൽ ഏതുതരം അറിവാണത്? അതിൽ നമുക്കെങ്ങനെ വർധിച്ചുവരാൻ കഴിയും? നാം യഥാർഥത്തിൽ അങ്ങനെ ചെയ്യുന്നുണ്ടോ?
5, 6. നാം അറിവു സമ്പാദിക്കേണ്ടതുണ്ടെന്നു പത്രോസ് എങ്ങനെയാണ് ഊന്നിപ്പറഞ്ഞത്?
5 പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മ അറിവു വർധിപ്പിക്കുക എന്നതു പത്രോസിന്റെ രണ്ടാമത്തെ ലേഖനത്തിന്റെ ഒരു കേന്ദ്ര ആശയമായിരുന്നു. അതിന്റെ തുടക്കത്തിൽ അദ്ദേഹം എഴുതി: “ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്ഷിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” (2 പത്രൊസ് 1:2, 3) അങ്ങനെ അദ്ദേഹം, അനർഹദയയും സമാധാനവും ഉണ്ടായിരിക്കുന്നതിനെ നാം ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചുള്ള അറിവു നേടുന്നതിനോടു ബന്ധപ്പെടുത്തുന്നു. അതു ന്യായമാണ്, കാരണം സ്രഷ്ടാവായ യഹോവയാണു യഥാർഥ അറിവിന്റെ സ്ഥിരകേന്ദ്രം. ദൈവത്തെ ഭയപ്പെടുന്നവനു കാര്യങ്ങൾ ശരിയായ കാഴ്ചപ്പാടിൽ കാണാനും സാധുവായ നിഗമനങ്ങളിൽ എത്താനും കഴിയും.—സദൃശവാക്യങ്ങൾ 1:7.
6 അനന്തരം പത്രോസ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “അതേ, ഈ കാരണത്താൽത്തന്നെ, പ്രതികരണമായി സകല ആത്മാർഥ ശ്രമവും ചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണവും നിങ്ങളുടെ സദ്ഗുണത്തിന് അറിവും നിങ്ങളുടെ അറിവിന് ആത്മനിയന്ത്രണവും നിങ്ങളുടെ ആത്മനിയന്ത്രണത്തിനു സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തിയും നിങ്ങളുടെ ദൈവഭക്തിക്കു സഹോദരപ്രീതിയും നിങ്ങളുടെ സഹോദരപ്രീതിക്കു സ്നേഹവും പ്രദാനം ചെയ്യുക. എന്തെന്നാൽ ഇവ നിങ്ങളിൽ നിലനിൽക്കുകയും കവിഞ്ഞൊഴുകുകയും ചെയ്താൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സംബന്ധിച്ച് ഒന്നുകിൽ നിഷ്ക്രിയരോ അല്ലെങ്കിൽ നിഷ്ഫലരോ ആയിരിക്കുന്നതിൽ നിന്ന് അവ നിങ്ങളെ തടയും.” (2 പത്രോസ് 1:5-8, NW)b അറിവിന്റെ സമ്പാദനം ലോകത്തിന്റെ മാലിന്യങ്ങൾ വിട്ടോടിപ്പോകാൻ ആളുകളെ സഹായിക്കുമെന്ന് അടുത്ത അധ്യായത്തിൽ നാം വായിക്കുന്നു. (2 പത്രൊസ് 2:20) അങ്ങനെ ക്രിസ്ത്യാനികളായിത്തീരുന്നവർക്കു യഹോവയെ ഇപ്പോൾത്തന്നെ സേവിക്കുന്നവർക്കുള്ളതുപോലെ അറിവ് ആവശ്യമാണെന്നു പത്രോസ് വ്യക്തമാക്കി. ആ കൂട്ടങ്ങളിൽ ഏതിലെങ്കിലും പെട്ട ഒരുവനാണോ നിങ്ങൾ?
പഠിക്കുക, ആവർത്തിക്കുക, ഉപയോഗിക്കുക
7. ഏതു വിധത്തിലാണ് അനേകർ അടിസ്ഥാന ബൈബിൾ സത്യങ്ങൾ സംബന്ധിച്ച സൂക്ഷ്മമായ അറിവു സമ്പാദിച്ചിരിക്കുന്നത്?
7 യഹോവയുടെ സാക്ഷികളുടെ സന്ദേശത്തിലെ സത്യത്തിന്റെ ധ്വനി നിങ്ങൾ തിരിച്ചറിയുന്നതുകൊണ്ട് ഒരുപക്ഷേ അവരോടൊപ്പം നിങ്ങൾക്ക് ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കാം. നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നതുപോലുള്ള ഒരു സഹായി ഉപയോഗിച്ച് ഒരു ബൈബിൾ വിഷയത്തെക്കുറിച്ചു നിങ്ങൾ വാരത്തിലൊരിക്കൽ ഏതാണ്ട് ഒരു മണിക്കൂർ പരിചിന്തിക്കുന്നു. വളരെ നല്ലത്! യഹോവയുടെ സാക്ഷികളോടൊപ്പം ഇത്തരം അധ്യയനം നടത്തിയിട്ടുള്ള അനേകർ സൂക്ഷ്മമായ അറിവു സമ്പാദിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ വ്യക്തിപരമായി പഠിച്ചുകൊണ്ടിരിക്കുന്നതിന്റെ അളവു വർധിപ്പിക്കുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ചില നിർദേശങ്ങളിതാ:c
8. ഒരു അധ്യയനത്തിനുവേണ്ടി തയ്യാറാകുമ്പോൾ, കൂടുതൽ പഠിക്കുന്നതിന് ഒരു വിദ്യാർഥിക്ക് എന്തു ചെയ്യാൻ കഴിയും?
8 നിങ്ങളുടെ അധ്യയനത്തിനുവേണ്ടി മുൻകൂട്ടിത്തയ്യാറാകുമ്പോൾ, പഠിച്ചു തീർക്കേണ്ട ഭാഗം ഒന്ന് അവലോകനം ചെയ്യുക. എന്നുപറഞ്ഞാൽ അധ്യായത്തിന്റെ തലക്കെട്ടും ഉപതലക്കെട്ടുകളും വിവരങ്ങൾ വിശദമാക്കുന്നതിന് ഏതെങ്കിലും ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവയും നോക്കണമെന്നർഥം. എന്നിട്ട്, ആ പ്രസിദ്ധീകരണത്തിന്റെ ഒരു ഖണ്ഡികയോ ഒരു ഭാഗമോ വായിക്കുമ്പോൾ അതിലെ പ്രധാന ആശയങ്ങളും അതിനെ പിന്താങ്ങുന്ന തിരുവെഴുത്തുകളും ആരാഞ്ഞ് അടിവരയിടുകയോ പ്രദീപ്തമാക്കുകയോ ചെയ്യുക. പരിചിന്തിച്ച സത്യങ്ങൾ നിങ്ങൾ പഠിച്ചോ എന്നറിയാൻ വിവിധ ഖണ്ഡികകളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കുക. ഇതു ചെയ്യുമ്പോൾ ഉത്തരങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ രൂപപ്പെടുത്താൻ ശ്രമിക്കുക. ഒടുവിൽ, മുഖ്യ ആശയങ്ങളും അവയെ പിന്താങ്ങുന്ന വാദഗതികളും ഓർമിക്കാൻ ശ്രമിച്ചുകൊണ്ടു പാഠത്തിന്റെ പുനരവലോകനം നടത്തുക.
9. പഠനത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ബാധകമാക്കുന്നത് പഠിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നതെങ്ങനെ?
9 ഈ നിർദേശങ്ങൾ നിങ്ങൾ ബാധകമാക്കുന്നെങ്കിൽ നിങ്ങളുടെ അറിവു വർധിക്കാൻ നിങ്ങൾക്കു പ്രതീക്ഷിക്കാവുന്നതാണ്. എന്തുകൊണ്ട്? അതിന്റെ ഒരു കാരണം പഠിക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ, നിലമൊരുക്കിക്കൊണ്ട്, ആയിരിക്കും നിങ്ങൾ വിഷയം കൈകാര്യം ചെയ്യുന്നത് എന്നതാണ്. ഒരു പൊതു അവലോകനം നടത്തിയിട്ടു പിന്നെ മുഖ്യ ആശയങ്ങളും വാദഗതികളും തിരയുന്നതിനാൽ വിശദാംശങ്ങൾ വിഷയത്തോടോ ഉപസംഹാരത്തോടോ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾക്കു കാണാൻ കഴിയും. ഒടുവിലത്തെ ഒരു പുനരവലോകനം നിങ്ങൾ പഠിച്ചത് ഓർക്കാൻ നിങ്ങളെ സഹായിക്കും. പിന്നീട്, നിങ്ങളുടെ ബൈബിളധ്യയന സമയത്തെ സംബന്ധിച്ച് എന്ത്?
10. (എ) വസ്തുതകളോ പുതിയ വിവരങ്ങളോ കേവലം ആവർത്തിക്കുന്നത് അൽപ്പമാത്രമൂല്യം ഉള്ളതായിരിക്കുന്നത് എന്തുകൊണ്ട്? (ബി) “പടിപടിയായുള്ള ഇടവേളാ സ്മരണ”യിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? (സി) ആവർത്തനത്തിലൂടെ ഇസ്രയേല്യ പുത്രൻമാർ എങ്ങനെ പ്രയോജനം നേടിയിരിക്കാം?
10 വിദ്യാഭ്യാസരംഗത്തുള്ള വിദഗ്ദ്ധർക്കു സമയോചിതവും ഉദ്ദേശ്യപൂർവകവുമായ ആവർത്തനത്തിന്റെ മൂല്യമറിയാം. ഇതു വാക്കുകൾ തത്ത പറയുംപോലെ പറയുന്നതല്ല. നിങ്ങൾ സ്കൂളിലായിരുന്നപ്പോൾ ഏതെങ്കിലും പേരോ വസ്തുതയോ ആശയമോ ഉരുവിട്ടു പഠിക്കാൻ ആ രീതി പരീക്ഷിച്ചിരിക്കാം. എന്നിരുന്നാലും നിങ്ങൾ ഉരുവിട്ടതു താമസിയാതെ മറന്നുപോയെന്ന്, നിങ്ങളുടെ ഓർമയിൽനിന്നു പെട്ടെന്നു മാഞ്ഞുപോയെന്ന്, നിങ്ങൾ മനസ്സിലാക്കിയോ? എന്തുകൊണ്ട്? ഒരു പുതിയ പദമോ വസ്തുതയോ കേവലം ഉരുവിടുന്നത് വിരസമായിരുന്നേക്കാം, അതിന്റെ ഫലം ക്ഷണികവുമാണ്. അതിനു മാററം വരുത്താൻ എന്തിനു കഴിയും? പഠിക്കാനുള്ള നിങ്ങളുടെ യഥാർഥ ആഗ്രഹത്തിനു കഴിയും. മറെറാരു താക്കോൽ ഉദ്ദേശ്യപൂർവകമായ ആവർത്തനമാണ്. ഒരാശയം പഠിച്ചിട്ട് ഏതാനും മിനിററുകൾക്കുശേഷം, അത് ഓർമയിൽനിന്നു മാഞ്ഞുപോകുന്നതിനുമുമ്പ്, നിങ്ങൾ പഠിച്ചത് ഓർമയിൽനിന്നു പറയാൻ ശ്രമിക്കുക. ഇതിനെ “പടിപടിയായ ഇടവേളാ സ്മരണ” എന്നു വിളിച്ചിരിക്കുന്നു. മാഞ്ഞുപോകുന്നതിനു മുമ്പു നിങ്ങളുടെ ഓർമ പുതുക്കുന്നതിനാൽ നിങ്ങൾ ഓർമയുടെ ദൈർഘ്യം വർധിപ്പിക്കുകയാണ്. ഇസ്രയേലിൽ, പിതാക്കൻമാർ തങ്ങളുടെ പുത്രൻമാരിൽ ദൈവത്തിന്റെ കൽപ്പനകൾ ഉൾനടണമായിരുന്നു. (ആവർത്തനം 6:6, 7) “ഉൾനടുക” എന്നതിന്റെ അർഥം ആവർത്തനത്താൽ പഠിപ്പിക്കുക എന്നാണ്. സാധ്യതയനുസരിച്ച്, ആ പിതാക്കൻമാരിൽ അനേകരും ആദ്യം നിയമങ്ങൾ തങ്ങളുടെ മക്കളുടെ മുമ്പാകെ അവതരിപ്പിച്ചു; പിന്നീട് അവർ വിവരങ്ങൾ ആവർത്തിച്ചു; എന്നിട്ട് പുത്രൻമാരോട് അവർ പഠിച്ചവയെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ചു.
11. പഠിപ്പു വർധിപ്പിക്കാൻ ഒരു അധ്യയന സമയത്ത് എന്തു ചെയ്യാവുന്നതാണ്?
11 നിങ്ങൾക്ക് ഒരു സാക്ഷി ബൈബിളധ്യയനം നടത്തുന്നുണ്ടെങ്കിൽ പഠനത്തിനിടയിൽ ഇടവിട്ടു പടിപടിയായ സംഗ്രഹങ്ങൾ നൽകിക്കൊണ്ടു പഠിക്കാൻ നിങ്ങളെ അയാൾ സഹായിച്ചേക്കാം. ഇതു ബാലിശമല്ല. അതു പഠനത്തെ മെച്ചപ്പെടുത്തുന്ന ഒരു പ്രക്രിയയാണ്, അതിനാൽ ഇടക്കിടക്കുള്ള പുനരവലോകനത്തിൽ സന്തോഷപൂർവം പങ്കുപററുക. എന്നിട്ട്, അധ്യയനാവസാനത്തിൽ, നിങ്ങളുടെ ഓർമയിൽനിന്ന് ഉത്തരം പറയാൻ പ്രതീക്ഷിക്കുന്ന അന്ത്യ പുനരവലോകനത്തിലും പങ്കുപററുക. നിങ്ങൾ മറെറാരു വ്യക്തിയെ പഠിപ്പിക്കുമ്പോൾ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ആശയങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറയാവുന്നതാണ്. (1 പത്രൊസ് 3:15) ഇതു നിങ്ങൾ പഠിച്ചതു നിങ്ങളുടെ ദീർഘകാല സ്മരണയുടെ ഭാഗമാക്കുന്നതിനു സഹായിക്കും.—സങ്കീർത്തനം 119:1, 2, 125; 2 പത്രൊസ് 3:1 എന്നിവ താരതമ്യം ചെയ്യുക.
12. തന്റെ ഓർമ മെച്ചപ്പെടുത്തുന്നതിന് ഒരു വിദ്യാർഥിക്കു സ്വയം എന്തു ചെയ്യാൻ കഴിയും?
12 സഹായകരമായ മറെറാരു പടി, പഠിച്ചതു നിങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനകം മററാരോടെങ്കിലും, ഒരുപക്ഷേ, ഒരു സഹപാഠിയോടോ, സഹജോലിക്കാരനോടോ, അയൽക്കാരനോടോ പറയുന്നതാണ്. വിഷയം പറഞ്ഞിട്ട് അതിന്റെ മുഖ്യ വാദഗതികളോ ബൈബിളിൽ അതിനെ പിന്താങ്ങുന്ന തിരുവെഴുത്തുകളോ കേവലം ഓർക്കാൻ കഴിയുമോ എന്നു കാണാൻ ആഗ്രഹിക്കുന്നു എന്നു പറയുക. അതു മറേറ വ്യക്തിയുടെ താത്പര്യത്തെ ജ്വലിപ്പിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരുന്നാൽപ്പോലും പുതിയ വിവരം ഒന്നോ രണ്ടോ ദിവസത്തെ ഇടവേളക്കുശേഷം ആവർത്തിക്കുന്ന ആ പ്രക്രിയതന്നെ അതിനെ നിങ്ങളുടെ ഓർമയിൽ ഉറപ്പിക്കും. അപ്പോൾ, 2 പത്രൊസ് 3:18 പ്രോത്സാഹിപ്പിക്കുന്നതുപോലെ, നിങ്ങൾ വാസ്തവമായും അതു പഠിച്ചിരിക്കും.
സജീവമായി പഠിക്കൽ
13, 14. വിവരങ്ങൾ കേവലം സമ്പാദിക്കുകയും ഓർമിക്കുകയും ചെയ്യുന്നതിനതീതമായി പോകാൻ നാം ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
13 പഠിത്തം കേവലം വസ്തുതകൾ ഉൾക്കൊള്ളുകയോ വിവരങ്ങൾ ഓർമിക്കാൻ കഴിയുകയോ ചെയ്യുന്നതിനെക്കാൾ അധികമാണ്. യേശുവിന്റെ നാളിൽ മതതത്പരരായ ആളുകൾ അതു തങ്ങളുടെ ജൽപ്പന പ്രാർഥനകളാൽ ചെയ്തു. (മത്തായി 6:5-7) എന്നാൽ ആ വിവരങ്ങൾ അവരെ എങ്ങനെ ബാധിച്ചു? അവർ നീതിയുള്ള ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നോ? ഒട്ടും തന്നെയില്ലായിരുന്നു. (മത്തായി 7:15-17; ലൂക്കൊസ് 3:7, 8) ഭാഗികമായി അവരുടെ പ്രശ്നം, അറിവ് അവരുടെ മനസ്സിൽ ആണ്ടിറങ്ങി പ്രയോജനകരമായ ഫലങ്ങളോടെ അവരുടെ ഹൃദയത്തെ സ്വാധീനിച്ചില്ലെന്നതാണ്.
14 പത്രോസ് പറയുന്നപ്രകാരം, അതു ക്രിസ്ത്യാനികളുടെ കാര്യത്തിൽ വ്യത്യസ്തമായിരിക്കണം, അന്നും ഇന്നും. നിഷ്ക്രിയനോ നിഷ്ഫലനോ ആയിരിക്കുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കുന്ന അറിവു വിശ്വാസത്തിനു പ്രദാനം ചെയ്യാൻ അദ്ദേഹം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (2 പത്രൊസ് 1:5, 8) ഇതു നമ്മുടെ കാര്യത്തിൽ സത്യമെന്നു തെളിയുന്നതിന്, ആ അറിവിൽ വളരാനും നമ്മുടെ ഉള്ളിന്റെ ഉള്ളിനെ അത് ആഴത്തിൽ ബാധിക്കാനും നാം ആഗ്രഹിക്കണം. അതെപ്പോഴും സംഭവിക്കുകയില്ലായിരിക്കാം.
15. ചില എബ്രായ ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഏതു പ്രശ്നം ഉടലെടുത്തു?
15 പൗലോസിന്റെ നാളിൽ എബ്രായ ക്രിസ്ത്യാനികൾക്ക് ഇക്കാര്യത്തിൽ ഒരു പ്രശ്നമുണ്ടായിരുന്നു. യഹൂദൻമാരായിരുന്നതുകൊണ്ട് അവർക്കു തിരുവെഴുത്തുകളെക്കുറിച്ച് കുറെ അറിവുണ്ടായിരുന്നു. അവർക്കു യഹോവയെക്കുറിച്ചും അവിടുത്തെ നിബന്ധനകളിൽ ചിലതും അറിയാമായിരുന്നു. പിന്നീട് അവർ മിശിഹയെക്കുറിച്ചുള്ള അറിവു കൂട്ടുകയും വിശ്വാസം പ്രകടമാക്കുകയും ക്രിസ്ത്യാനികൾ എന്ന നിലയിൽ സ്നാപനമേൽക്കുകയും ചെയ്തു. (പ്രവൃത്തികൾ 2:22, 37-41; 8:26-36) മാസങ്ങളോളവും വർഷങ്ങളോളവും അവർ ക്രിസ്തീയ യോഗങ്ങളിൽ ഹാജരായിരുന്നിരിക്കാം, അവിടെ അവർക്ക് തിരുവെഴുത്തുകൾ വായിക്കുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും പങ്കു പററാൻ കഴിയുമായിരുന്നു. എന്നിട്ടും, ചിലർ അറിവിൽ വളർന്നില്ല. പൗലോസ് എഴുതി: “കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കൻമാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.” (എബ്രായർ 5:12) അതെങ്ങനെ സംഭവിക്കുമായിരുന്നു? അതു നമുക്കും സംഭവിച്ചേക്കുമോ?
16. സ്ഥിര-ഹിമപ്രദേശം എന്താണ്, അതു സസ്യങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ്?
16 ഒരു ദൃഷ്ടാന്തമെന്നനിലയിൽ, ശരാശരി താപനില വെള്ളം ഘനീഭവിക്കുന്നതിനു താഴെയായിരിക്കുന്ന ആർട്ടിക്ക് പ്രദേശത്തും മററുമുള്ള സ്ഥിരം മഞ്ഞു മൂടിയ പ്രദേശങ്ങളെക്കുറിച്ച്, സ്ഥിര-ഹിമ-പ്രദേശങ്ങളെക്കുറിച്ച്, പരിചിന്തിക്കുക. അവിടത്തെ മണ്ണും പാറയും മണ്ണിന്നടിയിലെ ജലവും ചിലപ്പോൾ 900 മീററർവരെ ആഴത്തിൽ ഒരു ഉറച്ച പിണ്ഡമായി ഘനീഭവിക്കുന്നു. വേനൽക്കാലത്തു ചിലപ്പോൾ സജീവ പാളി എന്നറിയപ്പെടുന്ന ഉപരിതലമണ്ണിൽ മഞ്ഞുരുകിയേക്കാം. എന്നിരുന്നാലും, മഞ്ഞുരുകിയ മണ്ണിന്റെ ഈ കനംകുറഞ്ഞ പാളി സാധാരണമായി ചേറുള്ളതായിരിക്കും, കാരണം ജലാംശത്തിന്, കീഴെയുള്ള സ്ഥിര-ഹിമ-പ്രദേശത്തേക്കു വാർന്നുപോകാൻ കഴിയില്ല. ആഴമില്ലാത്ത ആ മേൽപ്പാളിയിൽ വളരുന്ന സസ്യജാലങ്ങൾ മിക്കപ്പോഴും ചെറുതും മുരടിച്ചതും ആയിരിക്കും; അവയുടെ വേരുകൾക്കു സ്ഥിര-ഹിമ-പ്രദേശത്തേക്ക് തുളച്ചിറങ്ങാനാകില്ല. ‘ബൈബിൾസത്യത്തിന്റെ അറിവിൽ ഞാൻ വളരുന്നുണ്ടോയെന്നതുമായി സ്ഥിര-ഹിമ-പ്രദേശത്തിന് എന്തു ബന്ധമാണുള്ളത്?’ എന്നു നിങ്ങൾ സംശയിച്ചേക്കാം.
17, 18. ചില എബ്രായ ക്രിസ്ത്യാനികൾക്കു സംഭവിച്ചതു ദൃഷ്ടാന്തീകരിക്കാൻ സ്ഥിര-ഹിമ-പ്രദേശവും അതിന്റെ സജീവ പാളിയും എങ്ങനെ ഉപയോഗിക്കാവുന്നതാണ്?
17 സൂക്ഷ്മമായ അറിവു സമ്പാദിക്കുകയും ഓർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഗതിയിൽ മാനസിക ശക്തികളെ സജീവമായി ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരുവനെ സ്ഥിര-ഹിമ-പ്രദേശം നന്നായി ചിത്രീകരിക്കുന്നു. (മത്തായി 13:5, 20, 21 താരതമ്യം ചെയ്യുക.) ആ വ്യക്തിക്ക് ഒരുപക്ഷേ, ബൈബിൾ സത്യം ഉൾപ്പെടെ വിവിധ വിഷയങ്ങൾ പഠിക്കാനുള്ള മാനസിക പ്രാപ്തിയുണ്ടായിരിക്കാം. അയാൾ “ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങൾ” പഠിക്കുകയും ആ എബ്രായ ക്രിസ്ത്യാനികളെപ്പോലെതന്നെ സ്നാപനം സ്വീകരിക്കാൻ യോഗ്യനാകുകയും ചെയ്തിരിക്കാം. എങ്കിലും അയാൾ “ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചന”ത്തിനതീതമായി “പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കാ”തിരുന്നേക്കാം.—എബ്രായർ 5:12; 6:1, 2.
18 ആ ക്രിസ്ത്യാനികളിൽ ചിലർ അന്നു യോഗങ്ങളിൽ ഹാജരായിരിക്കുന്നത് ഒന്നു വിഭാവനം ചെയ്യുക. അവർ സന്നിഹിതരായി ഉണർന്നിരുന്നു, എന്നാൽ അവരുടെ മനസ്സ് പഠിക്കുന്നതിൽ വ്യാപൃതമായിരുന്നോ? അവർ അറിവിൽ സജീവമായും ആത്മാർഥമായും വളർന്നുവരുകയായിരുന്നോ? ഒരുപക്ഷേ ആയിരുന്നില്ല. അപക്വരായവർക്ക്, യോഗങ്ങളിലെ എന്തെങ്കിലും ഉൾപ്പെടൽ കനംകുറഞ്ഞ സജീവപാളിയിലാണു നടന്നത്, അതേസമയം അടിയിൽ ആഴത്തിലുള്ള ഒരു മരവിപ്പ് ഉണ്ടായിരുന്നു. കട്ടിയേറിയതോ സങ്കീർണമോ ആയ സത്യങ്ങളുടെ വേരുകൾക്കു മനസ്സിന്റെ ഈ സ്ഥിര-ഹിമ-പ്രദേശത്തേക്കു തുളച്ചിറങ്ങാൻ കഴിഞ്ഞില്ല.—യെശയ്യാവു 40:24 താരതമ്യം ചെയ്യുക.
19. ഇക്കാലത്ത്, അനുഭവസമ്പന്നനായ ഒരു ക്രിസ്ത്യാനി എബായ ക്രിസ്ത്യാനികളെപ്പോലെ ആയിത്തീർന്നേക്കാവുന്നത് എങ്ങനെ?
19 ഇന്ന് ഒരു ക്രിസ്ത്യാനിയുടെ കാര്യത്തിൽ സ്ഥിതി സമാനമായിരിക്കാവുന്നതാണ്. യോഗങ്ങളിൽ ഹാജരായിരിക്കുമ്പോൾ അയാൾ അറിവിൽ വളരാൻ ആ അവസരങ്ങൾ ഉപയോഗിക്കാതിരുന്നേക്കാം. അവയിൽ സജീവമായി പങ്കെടുക്കുന്നതിനെക്കുറിച്ചെന്ത്? പുതിയ അല്ലെങ്കിൽ ചെറുപ്പമായ ഒരുവന് ഒരു തിരുവെഴുത്തുവാക്യം വായിക്കാനോ ഖണ്ഡികയിലെ വാക്കുകളിൽ ഉത്തരം പറയാനോ ഉള്ള സന്നദ്ധത പ്രകടമാക്കാൻ നല്ല ശ്രമം ആവശ്യമായിരിക്കാം, ഇത് ആ വ്യക്തിയുടെ പ്രാപ്തി നന്നായി, പ്രശംസാർഹമായി, പ്രയോഗിക്കുന്നതിന്റെ പ്രതിഫലനമാണ്. എന്നാൽ മററുള്ളവരെ സംബന്ധിച്ചിടത്തോളം, അറിവിൽ വർധിച്ചുവരാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ ക്രിസ്ത്യാനികളായിരുന്ന കാലത്തിന്റെ വീക്ഷണത്തിൽ, പങ്കെടുക്കലിന്റെ ആ ആരംഭഘട്ടത്തിനപ്പുറം പുരോഗമിക്കേണ്ടതുണ്ടെന്നു പൗലോസ് പ്രകടമാക്കി.—എബ്രായർ 5:14.
20. നാം ഓരോരുത്തരും ഏത് ആത്മാവലോകനം നടത്തണം?
20 അനുഭവസമ്പന്നനായ ഒരു ക്രിസ്ത്യാനി കേവലം ഒരു ബൈബിൾ വാക്യം വായിക്കുകയോ ഖണ്ഡികയിൽനിന്നു നേരിട്ട് ഒരു അടിസ്ഥാന ഉത്തരം പറയുകയോ ചെയ്യുന്നതിനപ്പുറം ഒരിക്കലും പുരോഗമിച്ചില്ലെങ്കിൽ അയാളുടെ പങ്കുകൊള്ളൽ വന്നത് കേവലം അയാളുടെ മനസ്സിന്റെ “സജീവ പാളി”യിൽനിന്നാണ്. യോഗങ്ങൾ എത്ര കഴിഞ്ഞാലും അയാളുടെ മാനസിക പ്രാപ്തിയുടെ ആഴങ്ങൾ, സ്ഥിര-ഹിമ-പ്രദേശത്തിന്റെ ദൃഷ്ടാന്തപ്രകാരം, മരവിച്ച അവസ്ഥയിൽത്തന്നെ തുടരുന്നു. നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘അത് എന്റെ കാര്യത്തിൽ അങ്ങനെയാണോ? ഒരു തരത്തിലുള്ള മാനസിക സ്ഥിര-ഹിമം ബാധിക്കാൻ ഞാൻ അനുവദിച്ചിട്ടുണ്ടോ? പഠിക്കുന്നതിൽ ഞാൻ മാനസികമായി എത്ര ഉണർവുള്ളവനും താത്പര്യമുള്ളവനുമാണ്?’ നമ്മുടെ സത്യസന്ധമായ ഉത്തരങ്ങളിൽ നാം അസ്വസ്ഥരായാലും, നമുക്കിപ്പോൾ അറിവു വർധിപ്പിക്കുന്നതിനുള്ള പടികൾ സ്വീകരിച്ചു തുടങ്ങാൻ കഴിയും.
21. നേരത്തെ പരിചിന്തിച്ച ഏതു പടികൾ നിങ്ങൾക്കു യോഗങ്ങൾക്കുവേണ്ടി തയ്യാറാകുമ്പോഴോ അവയിൽ പങ്കുപററുമ്പോഴോ ബാധകമാക്കാവുന്നതാണ്?
21 വ്യക്തിഗതമായി നമുക്കിപ്പോൾ 8-ാം ഖണ്ഡികയിലെ നിർദേശങ്ങൾ ബാധകമാക്കാൻ കഴിയും. സഭയുമായി നാം എത്ര കാലമായി സഹവസിച്ചുകൊണ്ടിരുന്നാലും പക്വതയിലേക്കും വർധിച്ച അറിവിലേക്കും മുന്നേറാൻ നമുക്കു തീരുമാനമെടുക്കാം. ചിലരുടെ സംഗതിയിൽ അത് ഒരുപക്ഷേ, വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നതെങ്കിലും ക്രമേണ കൈവിട്ടുപോയ ശീലങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടു യോഗങ്ങൾക്കു കൂടുതൽ ഉത്സാഹത്തോടെ തയ്യാറാകുന്നതിനെ അർഥമാക്കും. നിങ്ങൾ തയ്യാറാകുമ്പോൾ, പ്രധാന ആശയങ്ങൾ എന്താണെന്നു നിശ്ചയപ്പെടുത്താനും വാദമുഖങ്ങളെ വികസിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന അപരിചിതമായ തിരുവെഴുത്തുകൾ മനസ്സിലാക്കാനും ശ്രമിക്കുക. പഠനഭാഗത്തു പുതുതായ എന്തെങ്കിലും സമീപനമോ വശമോ ഉണ്ടോയെന്ന് ആരായുക. സമാനമായി യോഗസമയത്ത്, 10-ഉം 11-ഉം ഖണ്ഡികകളിൽ സൂചിപ്പിച്ചിരിക്കുന്ന നിർദേശങ്ങൾ നിങ്ങളിൽത്തന്നെ ബാധകമാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സിന്റെ ഊഷ്മാവ് ഉയർന്ന അളവിൽ നിർത്തുന്നതുപോലെ, നിങ്ങൾ മാനസികമായി ഉണർന്നിരിക്കാൻ യത്നിക്കുക. അതു “സ്ഥിര-ഹിമ” സ്ഥിതി ബാധിക്കുന്നതിനുള്ള ഏതു പ്രവണതയെയും തടയും; ഈ ബോധപൂർവകമായ ശ്രമം മുമ്പു വികാസം പ്രാപിച്ചിരിക്കാവുന്ന “മരവിച്ച” ഏതവസ്ഥയെയും ഉരുക്കിക്കളയുകയും ചെയ്യും.—സദൃശവാക്യങ്ങൾ 8:12, 32-34.
അറിവ്, ഫലസമൃദ്ധിക്കുള്ള ഒരു സഹായി
22. നമ്മുടെ അറിവു വർധിപ്പിക്കാൻ യത്നിക്കുന്നെങ്കിൽ നാം എങ്ങനെ പ്രയോജനമനുഭവിക്കും?
22 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ അനർഹ ദയയിലും അറിവിലും വർധിച്ചുവരുന്ന ഈ കാര്യത്തിൽ ശ്രമം നടത്തിയാൽ നാം വ്യക്തിഗതമായി എങ്ങനെ പ്രയോജനം നേടും? അറിവു സമ്പാദിക്കാനുള്ള സന്നദ്ധതയോടെ നമ്മുടെ മാനസിക പ്രാപ്തികളെ ഉണർവുള്ളതായി നിലനിർത്താൻ നാം ബോധപൂർവകമായ ശ്രമം നടത്തുന്നതിനാൽ, പുതുതും കൂടുതൽ സങ്കീർണവുമായ സത്യങ്ങളുടെ വിത്തുകൾ ആഴത്തിൽ വേരിറക്കുകയും നമ്മുടെ ഗ്രാഹ്യം വർധിക്കുകയും സ്ഥിരമായിത്തീരുകയും ചെയ്യും. അതിനെ ഹൃദയത്തെക്കുറിച്ചു യേശു പറഞ്ഞ ഒരു വ്യത്യസ്ത ഉപമയോടു താരതമ്യം ചെയ്യാവുന്നതാണ്. (ലൂക്കൊസ് 8:5-12) നല്ല മണ്ണിൽ വീഴുന്ന വിത്തുകൾക്ക് ഫലവും വിളവും നൽകുന്ന സസ്യങ്ങളെ താങ്ങാൻ കരുത്തുററ വേരുകൾ മുളപ്പിക്കാൻ കഴിയും.—മത്തായി 13:8, 23.
23. രണ്ടു പത്രൊസ് 3:18 നാം ഗൗരവമായി എടുക്കുമ്പോൾ എന്തു ഫലങ്ങൾ ഉളവാകുന്നതാണ്? (കൊലൊസ്സ്യർ 1:9-12)
23 യേശുവിന്റെ ദൃഷ്ടാന്തം കുറേ വ്യത്യസ്തമായിരുന്നെങ്കിലും, നല്ല ഫലങ്ങൾ പത്രോസ് വാഗ്ദാനം ചെയ്തതിനോടു സമാനമായിരുന്നു: “ഈ കാരണത്താൽത്തന്നെ, പ്രതികരണമായി സകല ആത്മാർഥ ശ്രമവും ചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണവും നിങ്ങളുടെ സദ്ഗുണത്തിന് അറിവും . . . പ്രദാനം ചെയ്യുക. ഇവ നിങ്ങളിൽ ഉണ്ടായിരിക്കയും കവിഞ്ഞൊഴുകുകയും ചെയ്താൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സംബന്ധിച്ച് ഒന്നുകിൽ നിഷ്ക്രിയരോ അല്ലെങ്കിൽ നിഷ്ഫലരോ ആയിരിക്കുന്നതിൽനിന്ന് അവ നിങ്ങളെ തടയും.” (2 പത്രോസ് 1:5-8, NW) അതേ, അറിവിലുള്ള നമ്മുടെ വളർച്ച ഫലസമൃദ്ധരായിരിക്കാൻ നമ്മെ സഹായിക്കും. ഏറെ അറിവു നേടുന്നതുപോലും എക്കാലത്തും രസകരമാണെന്നു നാം കണ്ടെത്തും. (സദൃശവാക്യങ്ങൾ 2:2-5) നിങ്ങൾ പഠിക്കുന്നതു നിങ്ങൾ അനായാസം ഓർത്തിരിക്കും, ശിഷ്യരായിത്തീരാൻ മററുള്ളവരെ പഠിപ്പിക്കുമ്പോൾ ഉപയോഗപ്രദവുമായിരിക്കും. അതുകൊണ്ട് നിങ്ങൾ ഇങ്ങനെയും ഏറെ ഫലപ്രദരായിരിക്കുകയും ദൈവത്തിനും അവിടുത്തെ പുത്രനും മഹത്ത്വം കൈവരുത്തുകയും ചെയ്യും. പത്രോസ് തന്റെ രണ്ടാമത്തെ ലേഖനം ഇങ്ങനെ ഉപസംഹരിച്ചു: “കൃപയിലും (അനർഹദയയിലും, NW) നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ അറിവിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം.”—2 പത്രൊസ് 3:18.
[അടിക്കുറിപ്പുകൾ]
a അതിനെ [അറിവിനെ], ചന്ദ്രനെക്കുറിച്ചു കൂടുതൽ പഠിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യൻ ആ പ്രകാശഗോളത്തെ അടുത്തു കാണുന്നതിനുവേണ്ടി വീടിനുമുകളിൽ കയറുമ്പോൾ തനിക്കു കിട്ടുന്നതിനോടു താരതമ്യം ചെയ്യാവുന്നതാണ്.
b ഈ വാക്യഭാഗത്തെ ആദ്യത്തെ രണ്ടു ഗുണങ്ങളായ വിശ്വാസത്തെയും സദ്ഗുണത്തെയുംകുറിച്ച് 1993 ജൂലൈ 15-ലെ ഞങ്ങളുടെ ലക്കത്തിൽ ചർച്ച ചെയ്തിരിക്കുന്നു.
c ഈ നിർദേശങ്ങൾക്ക് തങ്ങളുടെ വ്യക്തിപരമായ പഠനത്തിലും യോഗങ്ങൾക്കുവേണ്ടിയുള്ള തയ്യാറാകലിലും നിന്നു കൂടുതൽ പ്രയോജനം നേടാൻ ദീർഘകാല ക്രിസ്ത്യാനികളെയും സഹായിക്കാൻ കഴിയും.
നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?
◻ നിങ്ങളുടെ അറിവു വർധിപ്പിക്കുന്നതിൽ നിങ്ങൾ എന്തുകൊണ്ടു തത്പരനായിരിക്കണം?
◻ ഒരു പുതിയ ബൈബിൾ വിദ്യാർഥിക്കു തന്റെ പഠനത്തിൽനിന്ന് എങ്ങനെ കൂടുതൽ പ്രയോജനം അനുഭവിക്കാൻ കഴിയും?
◻ സ്ഥിര-ഹിമ-പ്രദേശത്താൽ ദൃഷ്ടാന്തീകരിക്കപ്പെടുന്ന പ്രകാരം ഏത് അപകടം ഒഴിവാക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
◻ അറിവു വർധിപ്പിക്കാനുള്ള നിങ്ങളുടെ പ്രാപ്തി മെച്ചപ്പെടുത്താൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കേണ്ടതെന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
എനിക്കു മാനസിക സ്ഥിര-ഹിമത്തിന്റെ ഒരു പ്രശ്നമുണ്ടോ?