യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ പൊറുക്കാനാവാത്ത പാപം ചെയ്തുപോയോ?
“ഞാൻ ഒരിക്കലും അത്രയും വിഷണ്ണനായിരുന്നിട്ടില്ല. ആത്മാഭിമാനം എനിക്കു നഷ്ടമായി. ദൈവം എന്നോട് ഒരിക്കലും ക്ഷമിക്കുകയില്ലെന്നു ഞാൻ വിചാരിച്ചു.”—മാർക്കോ.a
“ഞാൻ വളരെ നിരാശനായിരുന്നു. കുററബോധം എന്നെ മൂടിക്കളഞ്ഞു. ക്ഷമ ലഭിക്കുകയില്ലാത്ത തെററുകൾ ചെയ്തുപോയെന്നു ഞാൻ വിചാരിച്ചു.”—ആൽബെർട്ടോ.
“പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ” എന്ന് ബൈബിൾ പറയുന്നു. (1 രാജാക്കൻമാർ 8:46) എന്നാൽ താൻ നിസ്സാരമായ ഒരു തെററിനെക്കാളധികം ചെയ്തിരിക്കുന്നുവെന്ന് ഒരു യുവാവിന് ചിലപ്പോൾ തോന്നിയേക്കാം. മാർക്കോയെയും ആൽബെർട്ടോയെയും പോലെ അവൻ കഠിനമായ കുററബോധത്താൽ വലഞ്ഞേക്കാം. താൻ ചെയ്തത് വളരെ നീചവും ദുഷ്ടവുമായ ഒരു കാര്യമാണെന്നും ദൈവം തന്നോട് ഒരിക്കലും ക്ഷമിക്കയില്ലെന്നും അവനു തോന്നിയേക്കാം.
ഇത്തരം വികാരങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കുന്നെങ്കിലെന്ത്? നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ സാഹചര്യം ഒട്ടും ആശയററതല്ല.
മനസ്സാക്ഷി നമ്മെ വേദനിപ്പിക്കുന്നതിന്റെ കാരണം
മൂഢമായ ഒരു അബദ്ധം ചെയ്യുമ്പോൾ വിഷമം തോന്നുക സ്വാഭാവികം മാത്രമാണ്. “മനസ്സാക്ഷി” എന്നു ബൈബിൾ വിളിക്കുന്ന ഒരു കഴിവോടെയാണ് നാമെല്ലാം ജനിച്ചിരിക്കുന്നത്. അത് ശരിയും തെററും സംബന്ധിച്ച ഒരു ആന്തരിക ബോധമാണ്. തെറെറന്തെങ്കിലും ചെയ്യുമ്പോൾ സാധാരണമായി മുഴങ്ങുന്ന ഒരു ആന്തരിക മണി തന്നെ. (റോമർ 2:14, 15) ഉദാഹരണത്തിന് ദാവീദ് രാജാവിന്റെ കാര്യം പരിചിന്തിക്കുക. മറെറാരാളുടെ ഭാര്യയുമായി അദ്ദേഹം പരസംഗത്തിലേർപ്പെട്ടു. അതിനുശേഷം അവളുടെ ഭർത്താവായ ഊരിയാവിന്റെ സുനിശ്ചിതമായ മരണത്തിന് ഇടയാക്കി. (2 ശമൂവേൽ 11:2-17) ഇതിന് ദാവീദിന്റെമേൽ ഉണ്ടായ ഫലമോ?
“രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു,” ദാവീദ് സമ്മതിച്ചുപറഞ്ഞു. അതേ, ദിവ്യ നിരാകരണത്തിന്റെ ഭാരം അവന് അനുഭവേദ്യമായി. ദാവീദ് ഇങ്ങനെയും പറഞ്ഞു: ‘എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു. . . . ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.’ (സങ്കീർത്തനം 32:4; 38:3-6) ക്രിയാത്മകമായ നടപടിയെടുക്കാനും തന്റെ തെററു സംബന്ധിച്ച് അനുതപിക്കാനും പ്രേരിതനാകുന്നതുവരെ ദാവീദിന്റെ മനസ്സാക്ഷി അവനെ ക്ലേശിപ്പിച്ചുകൊണ്ടേയിരുന്നു.
സമാനമായി, നിങ്ങൾ ക്രിസ്തീയ മാതാപിതാക്കളാൽ അഭ്യസിപ്പിക്കപ്പെട്ടിട്ട് ബൈബിളിന്റെ നിലവാരങ്ങളിൽനിന്ന് അകന്നുമാറുന്നെങ്കിൽ നിങ്ങൾക്കു വിഷമം തോന്നും. ഈ പശ്ചാത്താപം സ്വാഭാവികമാണ്, ആരോഗ്യകരമാണ്. ഇതു തെററു തിരുത്താനും തെററ് ഒരു സ്വഭാവമായിത്തീരുന്നതിനുമുമ്പ് സഹായം തേടാനും ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു. നേരേമറിച്ച്, തെററു ചെയ്യുന്നതിൽ തുടരുന്ന ആൾ മനസ്സാക്ഷിക്കു ഹാനിവരുത്തുന്നു. കാലക്രമേണ അത് വരണ്ട ചർമംപോലെ ചേതനയററതായിത്തീരുന്നു. (1 തിമൊഥെയൊസ് 4:2) ധാർമിക അധഃപതനം സുനിശ്ചിതമായും അതിനെ പിന്തുടരും.—ഗലാത്യർ 6:7, 8.
ദൈവിക ദുഃഖം
അപ്പോൾ “മരണത്തിന്നുള്ള പാപ”ത്തെക്കുറിച്ച് ബൈബിൾ സംസാരിക്കുന്നത് അതിശയമല്ല. (1 യോഹന്നാൻ 5:16; താരതമ്യം ചെയ്യുക: മത്തായി 12:31.) അത്തരം പാപം ജഡത്തിന്റെ കേവലമൊരു ദൗർബല്യമല്ല. അത് മനഃപൂർവം, തോന്നിയവാസം, ധിക്കാരപൂർവം ചെയ്യുന്നതാണ്. പാപത്തെക്കാളധികമായി പാപിയുടെ ഹൃദയാവസ്ഥയാണ് അത്തരം ഒരു പാപത്തെ ക്ഷമ ലഭിക്കാത്തതാക്കിത്തീർക്കുന്നത്.
എന്നിരുന്നാലും, ദുഷ്പെരുമാററത്തെ സംബന്ധിച്ച് നിങ്ങൾ വ്രണിതരും നിരാശരുമാണെന്നുള്ള വസ്തുത പൊറുക്കാൻ പററാത്ത ഒരു പാപമല്ല നിങ്ങൾ ചെയ്തിരിക്കുന്നത് എന്നു സൂചിപ്പിക്കുന്നു. “ദൈവഹിതപ്രകാരമുള്ള ദുഃഖം . . . മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു,” എന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 7:10) യാക്കോബ് 4:8-10 വരെയുള്ള വാക്യങ്ങളിൽ കൊടുത്തിരിക്കുന്ന ഉദ്ബോധനം ശ്രദ്ധിക്കുക: “പാപികളേ, കൈകളേ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.”
തെററ് വളരെ ഗുരുതരമായ ഒന്നായിരിക്കാമെന്നതു സത്യം തന്നെ. ഉദാഹരണത്തിന്, യുവതിയായ ജൂലി തന്റെ ഒരു കാമുകനുമായി ആലിംഗനത്തിലും തഴുകലിലും ഏർപ്പെട്ടു. അവൾ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ആദ്യം എനിക്കു വല്ലാത്ത കുററബോധം തോന്നി. എന്നാൽ കാലം കടന്നുപോയതോടെ ഞാൻ അതിനോടു പരിചിതയായിത്തീർന്നു. അത് എന്റെ മനസ്സാക്ഷിയെ അത്രയധികം അലട്ടാതായി.” ക്രമേണ, അശുദ്ധമായ പ്രവർത്തനഗതികൾ ലൈംഗികബന്ധത്തിലേർപ്പെടുന്ന അളവോളം എത്തി. “എനിക്കു കഷ്ടം തോന്നി. അതു പല തവണ സംഭവിക്കുന്ന അളവോളം എന്റെ മനസ്സാക്ഷി ദുർബലമായിത്തീർന്നു,” ജൂലി പറയുന്നു.
അത്തരമൊരു സാഹചര്യം ആശയററതാണോ? ആയിരിക്കണമെന്നില്ല. യഹൂദാ രാജാക്കൻമാരിലൊരാളായ മനശ്ശെയെ സംബന്ധിച്ചെന്ത്? അദ്ദേഹം ആത്മവിദ്യയും ശിശുബലിയും പോലെ അങ്ങേയററം ഗുരുതരമായ പാപങ്ങൾ ചെയ്തു. എന്നിട്ടും, അദ്ദേഹത്തിന്റെ ആത്മാർഥമായ അനുതാപത്തെ കണക്കിലെടുത്തുകൊണ്ട് ദൈവം അവനോടു ക്ഷമിച്ചു. (2 ദിനവൃത്താന്തം 33:10-13) ദാവീദ് രാജാവിനെ സംബന്ധിച്ചെന്ത്? തന്റെ ദുഷ്ട നടപടികൾ സംബന്ധിച്ച് അനുതപിച്ച അദ്ദേഹം യഹോവ “നല്ലവനും ക്ഷമിക്കുന്നവനു”മായ ഒരു ദൈവമാണെന്നു കണ്ടെത്തി.—സങ്കീർത്തനം 86:5.
ഇന്ന് ക്രിസ്ത്യാനികൾക്ക് ഈ ഉറപ്പുണ്ടായിരിക്കാൻ കഴിയും: “നമ്മുടെ പാപങ്ങളെ ഏററുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്. [1 യോഹന്നാൻ 1:9]) ആരോടാണ് കുററം ഏററുപറയേണ്ടത്? ഒന്നാമതായി, യഹോവയാം ദൈവത്തോട്. “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ.” (സങ്കീർത്തനം 32:5; 62:8) സങ്കീർത്തനം 51-ൽ ദാവീദ് അനുതാപപൂർവം തന്റെ കുററം ഏററുപറയുന്നതു വായിക്കുന്നത് നിങ്ങൾ സഹായകരമായി കണ്ടെത്തിയേക്കാം.
കൂടാതെ, സഭാമൂപ്പൻമാരോടു സംസാരിക്കാൻ ഗുരുതരമായ പാപത്തിൽ വീണുപോയ ക്രിസ്ത്യാനികളെ ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (യാക്കോബ് 5:14, 15) അവരുടെ ആത്മാർഥമായ ബുദ്ധ്യുപദേശവും പ്രാർഥനകളും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാനും ശുദ്ധമായ ഒരു മനസ്സാക്ഷി തിരിച്ചുകിട്ടാനും നിങ്ങളെ സഹായിക്കും. അവർക്കു ദുർബലതയും ദുഷ്ടതയും തമ്മിലുള്ള വ്യത്യാസം വിവേചിച്ചറിയാൻ കഴിയും. തെററ് ആവർത്തിക്കാതിരിക്കുന്നതിനാവശ്യമായ സഹായം നിങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും അവർ ഉറപ്പുവരുത്തണം. ജൂലി തന്റെ കാര്യത്തിൽ ഈ ധൈര്യപൂർവകമായ പടി എടുത്തശേഷം ഇപ്രകാരം ശുപാർശചെയ്യുന്നു: “ഞാൻ ‘എന്നെത്തന്നെ ശിക്ഷിച്ചു’ നോക്കി. അത് ഒരു പരിധിവരെ ഫലപ്രദമാണെന്ന് ഞാൻ വിചാരിക്കുകയും ചെയ്തു. എന്നാൽ എന്തൊരു അബദ്ധമാണു ഞാൻ കാണിച്ചതെന്ന് ഒരു വർഷത്തിനുശേഷം ഞാൻ മനസ്സിലാക്കി. മൂപ്പൻമാരിൽ നിന്നുള്ള സഹായം കൂടാതെ നമുക്ക് ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല.”
നിസ്സാരമായ പാപങ്ങളെ സംബന്ധിച്ച കുററബോധം
എന്നിരുന്നാലും, ചിലപ്പോൾ ഒരു യുവാവ് “വല്ലതെററിലും അകപ്പെട്ടുപോ”കുന്നു. (ഗലാത്യർ 6:1) അല്ലെങ്കിൽ ഒരു ജഡിക പ്രേരണ നിയന്ത്രണം ഏറെറടുക്കാൻ അവനോ അവളോ അനുവദിക്കുന്നു. ഇത്തരം സാഹചര്യത്തിലകപ്പെട്ടിരിക്കുന്ന ഒരു യുവാവിന് ആഴമായ കുററബോധം അനുഭവപ്പെടുന്നു—ഒരുപക്ഷേ തെററായ നടപടി യഥാർഥത്തിൽ അർഹിക്കുന്നതിനെക്കാളധികം തന്നെ. ഇത് അനാവശ്യമായ മനഃപീഡയ്ക്ക് ഇടവരുത്തുന്നു. ആഴമായ അത്തരം കുററബോധം ആരോഗ്യമുള്ളതും എന്നാൽ അമിതമായി സചേതനവുമായ ഒരു മനസ്സാക്ഷിയുടെ സംഭാവനയായിരുന്നേക്കാം. (റോമർ 14:1, 2) നാം പാപം ചെയ്യുമ്പോൾ “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു” എന്ന് ഓർക്കുക.—1 യോഹന്നാൻ 2:1, 2.
മുഖവുരയിൽ പരാമർശിച്ച യുവാവായ മാർക്കോയുടെ സംഗതി ഒന്നുകൂടെ പരിഗണിക്കുക. താൻ ക്ഷമ ലഭിക്കാത്ത ഒരു പാപം ചെയ്തുവെന്ന് ഈ യുവ ക്രിസ്ത്യാനിക്ക് ബോധ്യമായിരുന്നു. അവൻ തന്നോടുതന്നെ ഇങ്ങനെ പറയുക പതിവായിരുന്നു: ‘എനിക്ക് ബൈബിൾ തത്ത്വങ്ങൾ നന്നായി അറിയാം. എന്നിട്ടും എനിക്ക് പാപം ചെയ്യുന്നതു നിർത്താൻ കഴിയുന്നില്ല!’ എന്തായിരുന്നു അവന്റെ പാപം? സ്വയംഭോഗം എന്ന പ്രശ്നം. ‘എനിക്ക് ഈ ശീലം നിർത്താൻ കഴിയുന്നില്ലെങ്കിൽ ദൈവം എങ്ങനെ ക്ഷമിക്കാനാണ്?,’ മാർക്കോ ന്യായവാദം ചെയ്യുമായിരുന്നു. സ്വയംഭോഗത്തോട് സമാനമായ ഒരു പോരാട്ടം ഉണ്ടായിരുന്ന ആൽബെർട്ടോ പറഞ്ഞു: “പാപത്തിൽനിന്ന് എനിക്കു സ്വതന്ത്രനാകാൻ കഴിയാഞ്ഞതുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ എനിക്കു കുററബോധം അനുഭവപ്പെട്ടു.”
സ്വയംഭോഗം വൃത്തികെട്ട ഒരു ശീലം ആണ്. (2 കൊരിന്ത്യർ 7:1) എന്നിരുന്നാലും, വ്യഭിചാരം പോലെയുള്ള ഗുരുതരമായ പാപങ്ങളുടെ കൂട്ടത്തിൽ ബൈബിൾ അതിനെ പെടുത്തുന്നില്ല. സത്യത്തിൽ, അത് അതിനെക്കുറിച്ചു പരാമർശിക്കുന്നതേയില്ല. അതുകൊണ്ട് സ്വയംഭോഗത്തിലേക്കുള്ള ഒരു വഴുതിവീഴൽ ക്ഷമിക്കാൻ വയ്യാത്തതല്ല. അതു ക്ഷമയുടെ പരിധിക്കപ്പുറമായിരിക്കുന്നതായി വീക്ഷിക്കുന്നത് വാസ്തവത്തിൽ അപകടകരമായിരിക്കും. പ്രശ്നത്തെ തരണം ചെയ്യാൻ ശ്രമിക്കുന്നതിൽ വലിയ കാര്യമില്ല എന്ന് ഒരു യുവാവ് ന്യായവാദം ചെയ്തേക്കാം. എന്നാൽ ഈ ശീലത്തോടു പോരാടാൻ ഒരു ക്രിസ്ത്യാനി അക്ഷീണ ശ്രമം നടത്തേണ്ടതാണെന്ന് ബൈബിൾ തത്ത്വങ്ങൾ സൂചിപ്പിക്കുന്നു.b (കൊലൊസ്സ്യർ 3:5) “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്ന് യഹോവയ്ക്കറിയാം. (യാക്കോബ് 3:2) ദുർമാർഗത്തിലേക്കു വഴുതിവീണുപോകുന്നെങ്കിൽ ഒരു യുവാവ് നിന്ദിതനായെന്നു കണക്കാക്കേണ്ടതില്ല.
മററു ദുർന്നടത്തകളുടെയും തെററുകളുടെയും കാര്യത്തിലും ഇതേ കാര്യം സത്യമാണ്. അമിതമായ കുററബോധത്താൽ നമ്മെത്തന്നെ ശിക്ഷിക്കാൻ യഹോവ നമ്മോട് ആവശ്യപ്പെടുന്നില്ല. പകരം നാം തെററു തിരുത്താനുള്ള പടികൾ സ്വീകരിക്കുമ്പോഴാണ് അവന് സന്തോഷം.—2 കൊരിന്ത്യർ 7:11; 1 യോഹന്നാൻ 3:19, 20.
സഹായത്തിന്റെയും ആശ്വാസത്തിന്റെയും ഉറവിടങ്ങൾ
എന്നിരുന്നാലും, അപ്രകാരം ചെയ്യുന്നതിന് സാധ്യതയനുസരിച്ച് നിങ്ങൾക്കു വ്യക്തിപരമായ സഹായം ആവശ്യമായിവരും. തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ദൈവഭയമുള്ള മാതാപിതാക്കൾക്കു പലപ്പോഴും വളരെയധികം ചെയ്യാൻ കഴിയും. ക്രിസ്തീയ സഭ പിന്തുണയ്ക്കുള്ള മറെറാരു മാർഗം പ്രദാനം ചെയ്യുന്നു. മാർക്കോ ഇപ്രകാരം അനുസ്മരിക്കുന്നു: “ഒരു മൂപ്പനുമായുള്ള സംഭാഷണമാണ് എന്നെ യഥാർഥത്തിൽ സഹായിച്ച സംഗതി. തുറന്നു സംസാരിക്കുന്നതിനും എന്റെ ഏററവും സ്വകാര്യമായ ചിന്തകൾ പോലും അദ്ദേഹത്തോടു പറയുന്നതിനും എനിക്കു ധൈര്യം ആവശ്യമായിരുന്നു. എന്നാൽ അദ്ദേഹത്തിൽ എനിക്കു ശുഭാപ്തി വിശ്വാസം ഉളവായി. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് ഉപദേശം ആരാഞ്ഞു.” ആൽബെർട്ടോയും ഒരു മൂപ്പന്റെ ഉപദേശം തേടി. ആൽബെർട്ടോ പറയുന്നു: “അദ്ദേഹത്തിന്റെ പ്രോത്സാഹജനകമായ ബുദ്ധ്യുപദേശം എനിക്കു മറക്കാനാവില്ല. ചെറുപ്പമായിരുന്നപ്പോൾ തനിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എനിക്കത് ഒരിക്കലും വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയോടുള്ള വലിയ വിലമതിപ്പോടെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു.” അത്തരം സഹായത്തിന്റെയും പിന്തുണയുടെയും ഫലമായി മാർക്കോയും ആൽബെർട്ടോയും തങ്ങളുടെ പ്രശ്നങ്ങളെ തരണംചെയ്തു. ഇപ്പോൾ രണ്ടുപേരും അവരവരുടെ സഭകളിൽ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുകയാണ്.
മുട്ടിപ്പായുള്ള പ്രാർഥന മറെറാരു സഹായമാണ്. ദാവീദിനെപ്പോലെ നിങ്ങൾക്ക് “നിർമ്മലമായ ഹൃദയ”ത്തിനുവേണ്ടിയും “അചഞ്ചലമായ ഒരു നവചൈതന്യ”ത്തിനുവേണ്ടിയും പ്രാർഥിക്കാൻ കഴിയും. (സങ്കീർത്തനം 51:10, പി.ഒ.സി. ബൈബിൾ) ആശ്വാസത്തിന്റെ മറെറാരു ഉറവിടമാണ് ദൈവവചനം വായിക്കുന്നത്. ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലോസിനും ആന്തരിക സംഘട്ടനങ്ങൾ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നത് നിങ്ങൾ പ്രോത്സാഹജനകമായി കണ്ടെത്തിയേക്കാം. അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: ‘ഞാൻ നൻമ ചെയ്വാൻ ഇച്ഛിക്കുമ്പോൾ തിൻമ എന്റെ പക്കൽ ഉണ്ടു.’ (റോമർ 7:21) തന്റെ തെററായ പ്രവണതകളെ വരുതിയിൽ നിർത്തുന്നതിൽ പൗലോസ് വിജയിച്ചു. നിങ്ങൾക്കും അതിനു കഴിയും. സങ്കീർത്തനങ്ങൾ വായിക്കുന്നത്, വിശേഷിച്ച് ദൈവക്ഷമയെക്കുറിച്ചു പ്രതിപാദിക്കുന്ന 25, 86, 103 എന്നീ സങ്കീർത്തനങ്ങൾ വായിക്കുന്നത് പ്രത്യേകാൽ ആശ്വാസജനകമായി നിങ്ങൾ കണ്ടെത്തിയേക്കാം.
എന്തു സംഭവിച്ചാലും, നിങ്ങളിൽ തന്നെ ഒതുങ്ങിക്കൂടുന്നതും ശുഭാപ്തിവിശ്വാസമില്ലായ്മ നിങ്ങളെ ഭരിക്കാൻ അനുവദിക്കുന്നതും ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 18:1) യഹോവയുടെ കരുണയെ പൂർണമായും പ്രയോജനപ്പെടുത്തുക. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ അവൻ “ധാരാളം ക്ഷമിക്കും” എന്നോർമിക്കുക. (യെശയ്യാവു 55:7; മത്തായി 20:28) നിങ്ങളുടെ തെററുകളെ നിസ്സാരീകരിക്കരുത്, എന്നാൽ ദൈവം നിങ്ങളോട് ക്ഷമിക്കയില്ലെന്നും നിഗമനം ചെയ്യരുത്. നിങ്ങളുടെ വിശ്വാസവും അവനെ സേവിക്കാനുള്ള തീരുമാനവും സുദൃഢമാക്കുക. (ഫിലിപ്പിയർ 4:13) ക്രമേണ നിങ്ങൾക്ക് മനസ്സമാധാനവും ക്ഷമ ലഭിച്ചു എന്നറിയുന്നതിലെ ആഴമായ ആന്തരിക സന്തോഷവും അനുഭവേദ്യമാകും.—താരതമ്യം ചെയ്യുക: സങ്കീർത്തനം 32:1.
[അടിക്കുറിപ്പുകൾ]
a പേരുകളിൽ ചിലതു മാറ്റിയിട്ടുണ്ട്
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിലെ 25-ഉം 26-ഉം അധ്യായങ്ങളിൽ സഹായകരമായ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്.
[19-ാം പേജിലെ ചിത്രം]
യോഗ്യതയുള്ള ഒരു ക്രിസ്ത്യാനിയോടു കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് കാര്യങ്ങൾ സംബന്ധിച്ച ഒരു പുതിയ വീക്ഷണഗതി നിങ്ങൾക്കു പ്രദാനം ചെയ്യും