അധ്യായം 7
ദൈവത്തെപ്പോലെ നിങ്ങളും ജീവനെ മൂല്യവത്തായി കാണുന്നുണ്ടോ?
“ജീവന്റെ ഉറവ് അങ്ങാണല്ലോ.”—സങ്കീർത്തനം 36:9
1, 2. യഹോവ നമുക്ക് അമൂല്യമായ ഏതു സമ്മാനമാണ് തന്നിരിക്കുന്നത്?
യഹോവ നമുക്ക് എല്ലാവർക്കും ഒരു അമൂല്യമായ സമ്മാനം തന്നിട്ടുണ്ട്. ജീവൻ എന്ന സമ്മാനം. (ഉൽപത്തി 1:27) നമ്മൾ ഏറ്റവും നല്ല രീതിയിൽ ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നല്ല തീരുമാനങ്ങൾ എടുക്കാൻ നമ്മളെ പഠിപ്പിക്കുന്ന തത്ത്വങ്ങൾ യഹോവ തന്നിട്ടുണ്ട്. ‘ശരിയും തെറ്റും വേർതിരിച്ചറിയാൻ’ നമ്മളെ സഹായിക്കുന്നതിനുവേണ്ടി നമ്മൾ ഈ തത്ത്വങ്ങൾ ഉപയോഗിക്കണം. (എബ്രായർ 5:14) അങ്ങനെ ചെയ്യുമ്പോൾ നന്നായി ചിന്തിക്കുന്നതിനുള്ള പരിശീലനം തരാൻ നമ്മൾ യഹോവയെ അനുവദിക്കുകയാണ്. ദൈവത്തിന്റെ തത്ത്വങ്ങളനുസരിച്ച് ജീവിക്കുമ്പോൾ നമ്മുടെ ജീവിതം മെച്ചപ്പെടും. അപ്പോൾ ആ തത്ത്വങ്ങൾ എത്ര നല്ലതാണെന്നു നമുക്കു മനസ്സിലാകും.
2 ജീവിതം ചിലപ്പോൾ അതിസങ്കീർണമായി പോയേക്കാം. ചില സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നു പറയുന്ന കൃത്യമായ നിയമങ്ങൾ ബൈബിളിൽ കണ്ടെന്നുവരില്ല. ഉദാഹരണത്തിന്, രക്തത്തിന്റെ ഉപയോഗം വരുന്ന ഒരു ചികിത്സയുടെ കാര്യത്തിൽ നമുക്കു തീരുമാനം എടുക്കേണ്ടിവന്നേക്കാം. അപ്പോൾ യഹോവയെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനം എങ്ങനെ എടുക്കാം? യഹോവ ജീവനെയും രക്തത്തെയും എങ്ങനെ കാണുന്നു എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിലുണ്ട്. നമ്മൾ ഈ തത്ത്വങ്ങൾ മനസ്സിലാക്കുന്നെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാനും നല്ല മനസ്സാക്ഷി നിലനിറുത്താനും കഴിയും. (സുഭാഷിതങ്ങൾ 2:6-11) ആ തത്ത്വങ്ങളിൽ ചിലതു നമുക്കു നോക്കാം.
ദൈവം രക്തത്തെയും ജീവനെയും എങ്ങനെ കാണുന്നു?
3, 4. (എ) രക്തത്തെക്കുറിച്ചുള്ള വീക്ഷണം ദൈവം വെളിപ്പെടുത്തിയത് എങ്ങനെ? (ബി) രക്തം എന്തിനെ പ്രതിനിധീകരിക്കുന്നു?
3 രക്തം പവിത്രമാണെന്നാണു ബൈബിൾ പഠിപ്പിക്കുന്നത്. കാരണം അത് ജീവനെ പ്രതിനിധീകരിക്കുന്നു. ജീവൻ യഹോവയ്ക്കു വിലപ്പെട്ടതാണ്. കയീൻ അനിയനായ ഹാബേലിനെ കൊന്നപ്പോൾ യഹോവ പറഞ്ഞു: “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു.” (ഉൽപത്തി 4:10) ആ രക്തം ഹാബേലിന്റെ ജീവനെ പ്രതിനിധാനം ചെയ്തു. കയീൻ ഹാബേലിനെ കൊന്നപ്പോൾ കയീൻ ഹാബേലിന്റെ ജീവൻ എടുത്തെന്നു പറയാം.
4 നോഹയുടെ കാലത്തെ പ്രളയത്തിനു ശേഷം മാംസം കഴിക്കാനുള്ള അനുവാദം ദൈവം മനുഷ്യർക്കു നൽകി. എന്നാൽ ഒരു കാര്യം എടുത്തുപറഞ്ഞു: “അവയുടെ പ്രാണനായ രക്തത്തോടുകൂടെ നിങ്ങൾ മാംസം തിന്നരുത്.” (ഉൽപത്തി 9:4) നമ്മൾ ഉൾപ്പെടെയുള്ള നോഹയുടെ പിൻതലമുറക്കാർക്കെല്ലാം ഈ കല്പന ബാധകമാണ്. ചുരുക്കിപ്പറഞ്ഞാൽ യഹോവയുടെ വീക്ഷണത്തിൽ രക്തം ജീവനെ പ്രതിനിധീകരിക്കുന്നു. നമ്മുടെ വീക്ഷണവും ഇതായിരിക്കണം.—സങ്കീർത്തനം 36:9.
5, 6. ജീവനെയും രക്തത്തെയും കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം മോശയുടെ നിയമത്തിൽനിന്ന് എങ്ങനെ മനസ്സിലാക്കാം?
5 യഹോവ മോശയ്ക്കു കൊടുത്ത നിയമത്തിൽ ഇങ്ങനെ പറയുന്നു: “ഒരു ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഒരു അന്യദേശക്കാരനോ ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ ഞാൻ അവന് എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല. കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്.”—ലേവ്യ 17:10, 11.
6 ആരെങ്കിലും ആഹാരത്തിനുവേണ്ടി ഒരു മൃഗത്തെ കൊന്നാൽ അതിന്റെ രക്തം നിലത്ത് ഒഴിച്ചുകളയണമെന്നു മോശയുടെ നിയമം പറയുന്നു. അങ്ങനെ ചെയ്യുന്നത് ആ മൃഗത്തിന്റെ ജീവൻ അതിന്റെ സ്രഷ്ടാവായ യഹോവയ്ക്കു തിരിച്ചുകൊടുക്കുന്നതിനെ സൂചിപ്പിച്ചു. (ആവർത്തനം 12:16; യഹസ്കേൽ 18:4) മൃഗത്തിന്റെ രക്തം കളയുന്നതിനുവേണ്ടി ഇസ്രായേല്യർ പ്രായോഗികമായി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാനേ യഹോവ പ്രതീക്ഷിച്ചുള്ളൂ. അങ്ങനെ ചെയ്യുന്നെങ്കിൽ അവർക്ക് ശുദ്ധമായ മനസ്സാക്ഷിയോടെ അതു കഴിക്കാമായിരുന്നു. മൃഗത്തിന്റെ രക്തത്തോട് ആദരവ് കാണിക്കുമ്പോൾ, ജീവൻ നൽകിയ യഹോവയെ അവർ ആദരിക്കുന്നെന്നു കാണിച്ചു. പാപങ്ങൾ മറയ്ക്കുന്നതിനു മൃഗബലികൾ അർപ്പിക്കാനും നിയമം ഇസ്രായേല്യരോടു കല്പിച്ചിരുന്നു.—പിൻകുറിപ്പ് 19, 20 കാണുക.
7. ദാവീദ് രക്തത്തോട് ആദരവ് കാണിച്ചത് എങ്ങനെ?
7 ഫെലിസ്ത്യരുമായി പോരാടിയ സമയത്ത്, ദാവീദ് ചെയ്ത ഒരു കാര്യത്തിൽനിന്ന് രക്തത്തിന്റെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാം. ദാവീദിനു നല്ല ദാഹമുണ്ടെന്നു കൂടെയുള്ളവർക്കു മനസ്സിലായപ്പോൾ അവർ ജീവൻ പണയപ്പെടുത്തി ശത്രുദേശത്തു ചെന്ന് വെള്ളം കൊണ്ടുവന്നു. എന്നാൽ ദാവീദിന് അതു കൊടുത്തപ്പോൾ അദ്ദേഹം അതു കുടിക്കാതെ “യഹോവയുടെ സന്നിധിയിൽ നിലത്ത് ഒഴിച്ചു.” ദാവീദ് പറഞ്ഞു: “ഇതു കുടിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല. സ്വന്തം ജീവൻ പണയംവെച്ച് പോയ ഈ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കാനോ!” ദൈവത്തിനു ജീവനും രക്തവും എത്ര വിലപ്പെട്ടതാണെന്നു ദാവീദിന് അറിയാമായിരുന്നു.—2 ശമുവേൽ 23:15-17.
8, 9. ക്രിസ്ത്യാനികൾ ഇന്നു രക്തത്തെ എങ്ങനെ വീക്ഷിക്കണം?
8 ക്രിസ്ത്യാനിത്വത്തിന്റെ തുടക്കംമുതൽ ദൈവജനം മൃഗബലികൾ അർപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. എങ്കിലും അപ്പോഴും അവർക്കു രക്തത്തെക്കുറിച്ച് ശരിയായ വീക്ഷണം വേണമായിരുന്നു. മോശയുടെ നിയമത്തിൽനിന്ന് ക്രിസ്ത്യാനികൾ അനുസരിക്കാൻ യഹോവ ആവശ്യപ്പെട്ട ചില കാര്യങ്ങളിൽ ഒന്നായിരുന്നു “രക്തം . . . ഒഴിവാക്കുക” എന്നത്. അധാർമികതയും വിഗ്രഹാരാധനയും ഒഴിവാക്കുന്നതുപോലെ അത്ര പ്രധാനമായിരുന്നു ഇതും.—പ്രവൃത്തികൾ 15:28, 29.
9 ഇന്നും അത് അങ്ങനെതന്നെയാണ്. യഹോവയാണു ജീവന്റെ ഉറവെന്നും ജീവനുള്ളതെല്ലാം യഹോവയ്ക്കുള്ളതാണെന്നും ക്രിസ്ത്യാനികളായ നമുക്ക് അറിയാം. കൂടാതെ, രക്തം പവിത്രമാണെന്നും അതു ജീവനെ പ്രതിനിധാനം ചെയ്യുന്നെന്നും നമ്മൾ മനസ്സിലാക്കുന്നു. അതുകൊണ്ട് രക്തം ഉൾപ്പെടുന്ന ഏതെങ്കിലും ചികിത്സാരീതിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടിവരുമ്പോൾ ബൈബിൾതത്ത്വങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്നു നമ്മൾ ഉറപ്പുവരുത്തണം.
ചികിത്സയിൽ രക്തത്തിന്റെ ഉപയോഗം
10, 11. (എ) രക്തമോ അതിന്റെ നാലു പ്രധാനഘടകങ്ങളോ സ്വീകരിക്കുന്നതിനെ യഹോവയുടെ സാക്ഷികൾ എങ്ങനെ വീക്ഷിക്കുന്നു? (ബി) ഓരോ ക്രിസ്ത്യാനിയും സ്വന്തമായി എന്തു തീരുമാനങ്ങൾ നടത്തണം?
10 “രക്തം . . . ഒഴിവാക്കുക” എന്നു പറയുമ്പോൾ അത് കഴിക്കാതിരിക്കുന്നതോ കുടിക്കാതിരിക്കുന്നതോ മാത്രമല്ല ഉൾപ്പെടുന്നതെന്നു യഹോവയുടെ സാക്ഷികൾക്ക് അറിയാം. രക്തം ദാനം ചെയ്യാതിരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും പിന്നീട് ശരീരത്തിലേക്കു കയറ്റുന്നതിനുവേണ്ടി സ്വന്തം രക്തം സൂക്ഷിച്ചുവെക്കാതിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. രക്തത്തിന്റെ ഘടകങ്ങളായ അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവ സ്വീകരിക്കാതിരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
11 രക്തത്തിന്റെ ഈ നാലു പ്രധാനഘടകങ്ങളെ വിഭജിച്ച് ചെറിയ ഘടകങ്ങളാക്കാം. ഇതിനെ രക്തത്തിന്റെ ഘടകാംശങ്ങൾ എന്നാണു വിളിക്കുന്നത്. ഇവ സ്വീകരിക്കണോ വേണ്ടയോ എന്ന് ഓരോ ക്രിസ്ത്യാനിയും തീരുമാനിക്കണം. സ്വന്തം രക്തം ഉപയോഗിച്ചുള്ള ചില ചികിത്സാരീതികളുടെ കാര്യത്തിലും (രക്തം മുന്നമേ സൂക്ഷിച്ച് വെക്കാത്തിടത്തോളം) ഓരോ വ്യക്തിയുമാണ് തീരുമാനം എടുക്കേണ്ടത്. ശസ്ത്രക്രിയയുടെ ഭാഗമായോ വൈദ്യപരിശോധനയിലോ അല്ലെങ്കിൽ പ്രചാരത്തിലുള്ള ചികിത്സാരീതിയുടെ ഭാഗമായോ സ്വന്തം രക്തം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഇതിന് ഉദാഹരണമാണ്.—പിൻകുറിപ്പ് 21 കാണുക.
12. (എ) മനസ്സാക്ഷിപൂർവം നമ്മൾ എടുക്കുന്ന തീരുമാനത്തിൽ യഹോവയ്ക്കു താത്പര്യമുള്ളത് എന്തുകൊണ്ട്? (ബി) ചികിത്സയുടെ കാര്യത്തിൽ നമുക്ക് എങ്ങനെ ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാം?
12 മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യങ്ങളിലുള്ള നമ്മുടെ തീരുമാനത്തെ യഹോവ ശ്രദ്ധിക്കുന്നുണ്ടോ? ഉണ്ട്. നമ്മുടെ ചിന്തകളിലും ഉദ്ദേശ്യങ്ങളിലും യഹോവയ്ക്കു താത്പര്യമുണ്ട്. (സുഭാഷിതങ്ങൾ 17:3; 24:12 വായിക്കുക.) അതുകൊണ്ട് ചികിത്സയുടെ കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ യഹോവയുടെ മാർഗനിർദേശത്തിനുവേണ്ടി പ്രാർഥിക്കുകയും ആ ചികിത്സയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. എന്നിട്ട് ബൈബിൾപരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കണം. ‘എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്തേനേ’ എന്നു മറ്റുള്ളവരോടു നമ്മൾ ചോദിക്കരുത്. നമ്മുടെ തീരുമാനത്തെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കാനും പാടില്ല. ഓരോ ക്രിസ്ത്യാനിയും “സ്വന്തം ചുമടു ചുമക്കണമല്ലോ.”—ഗലാത്യർ 6:5; റോമർ 14:12.
യഹോവയുടെ നിയമങ്ങളിൽ നമ്മളോടുള്ള സ്നേഹം കാണാം
13. രക്തത്തെക്കുറിച്ചുള്ള നിയമങ്ങളിൽനിന്നും തത്ത്വങ്ങളിൽനിന്നും യഹോവയെക്കുറിച്ച് എന്തു മനസ്സിലാക്കാം?
13 യഹോവ നമ്മളോടു ചെയ്യാൻ പറയുന്നതെന്തും യഹോവയ്ക്കു നമ്മളോടു സ്നേഹമുള്ളതുകൊണ്ടും നമ്മുടെ നന്മയ്ക്കുവേണ്ടിയും ആണ്. (സങ്കീർത്തനം 19:7-11) എന്നാൽ നമുക്കു പ്രയോജനം ചെയ്യുന്നതുകൊണ്ടു മാത്രമല്ല നമ്മൾ യഹോവയുടെ കല്പനകൾ അനുസരിക്കുന്നത്. യഹോവയോടു സ്നേഹമുള്ളതുകൊണ്ടാണു നമ്മൾ അനുസരിക്കുന്നത്. യഹോവയോടുള്ള സ്നേഹം രക്തപ്പകർച്ച ഒഴിവാക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. (പ്രവൃത്തികൾ 15:20) അതു നമ്മുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. രക്തം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഇന്നു മിക്കവർക്കും അറിയാം. രക്തം ഉപയോഗിക്കാതെ ശസ്ത്രക്രിയ നടത്തുന്നതാണു രോഗിയുടെ ആരോഗ്യത്തിനു നല്ലതെന്നു പല ഡോക്ടർമാരും വിശ്വസിക്കുന്നു. ചുരുക്കത്തിൽ, യഹോവ പറയുന്നത് അനുസരിക്കുന്നതാണ് ജ്ഞാനം. യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവാണ് ഇത്തരം കല്പനകളെന്നു വ്യക്തം.—യശയ്യ 55:9 വായിക്കുക; യോഹന്നാൻ 14:21, 23.
14, 15. (എ) തന്റെ ജനത്തെ സംരക്ഷിക്കുന്നതിന് യഹോവ ഏതൊക്കെ നിയമങ്ങൾ കൊടുത്തു? (ബി) ആ നിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാം?
14 ദൈവത്തിന്റെ നിയമങ്ങൾ എല്ലാ കാലത്തും ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നു. ഗുരുതരമായ അപകടങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായി യഹോവ പണ്ട് ഇസ്രായേല്യർക്കു നിയമങ്ങൾ കൊടുത്തിരുന്നു. ഉദാഹരണത്തിന്, വീടിന്റെ മുകളിൽനിന്ന് ആരും താഴേക്കു വീഴാതിരിക്കാൻ വീടിനു കൈമതിൽ പണിയണമെന്ന നിയമമുണ്ടായിരുന്നു. (ആവർത്തനം 22:8) മറ്റൊരു നിയമം മൃഗങ്ങളെക്കുറിച്ചുള്ളതാണ്. ഒരാൾക്ക് കുത്തുന്ന ഒരു കാളയുണ്ടെങ്കിൽ, അത് ആളുകളെ ആക്രമിക്കാതെയും കൊല്ലാതെയും നോക്കുന്നതിനുള്ള ഉത്തരവാദിത്വം അയാൾക്കാണ്. (പുറപ്പാട് 21:28, 29) ഒരു ഇസ്രായേല്യൻ ഈ നിയമങ്ങൾ അനുസരിക്കാത്തതുകൊണ്ട് ഒരാൾ മരിച്ചുപോയാൽ അതിന്റെ കുറ്റക്കാരൻ അയാളായിരിക്കും.
15 ഈ നിയമങ്ങളിൽനിന്ന്, ജീവൻ യഹോവയ്ക്കു വിലപ്പെട്ടതാണെന്നു നമുക്കു മനസ്സിലാക്കാം. ഇത് അറിയുന്നതു നമ്മളെ എങ്ങനെ സ്വാധീനിക്കും? നമ്മുടെ വീടും വണ്ടിയും പരിപാലിക്കുന്ന വിധം, നമ്മൾ വണ്ടി ഓടിക്കുന്ന വിധം, വിനോദങ്ങൾ തിരഞ്ഞെടുക്കുന്ന വിധം ഇക്കാര്യങ്ങളിലെല്ലാം നമുക്ക് ജീവനോട് ആദരവുണ്ടെന്നു നമ്മൾ കാണിക്കും. ചിലർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, കുഴപ്പമൊന്നും വരില്ലെന്നു വിചാരിച്ച് സാഹസം കാണിക്കാൻ മുതിരുകയും സാധ്യതയുള്ള അപകടങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. പക്ഷേ നമ്മൾ അങ്ങനെയായിരിക്കാനല്ല യഹോവ ആഗ്രഹിക്കുന്നത്. എല്ലാ ജീവനും—നമ്മുടേതും മറ്റുള്ളവരുടേതും—വിലപ്പെട്ടതായി നമ്മൾ കാണാൻ യഹോവ ആഗ്രഹിക്കുന്നു.—സഭാപ്രസംഗകൻ 11:9, 10.
16. ഗർഭച്ഛിദ്രത്തെ യഹോവ എങ്ങനെയാണ് വീക്ഷിക്കുന്നത്?
16 എല്ലാവരുടെയും ജീവൻ യഹോവയ്ക്കു പ്രധാനമാണ്. ഒരു ഗർഭസ്ഥശിശുവിന്റെ ജീവൻപോലും യഹോവയ്ക്കു വിലപ്പെട്ടതാണ്. മോശയുടെ നിയമമനുസരിച്ച്, ഒരാൾ അറിയാതെ ഒരു ഗർഭിണിക്ക് പരിക്കേൽപ്പിച്ചിട്ട് ആ സ്ത്രീയോ ഗർഭസ്ഥശിശുവോ മരിച്ചുപോയാൽ യഹോവ ആ വ്യക്തിയെ കൊലപാതകിയായി കണക്കാക്കും. അങ്ങനെ അബദ്ധത്തിലാണെങ്കിൽപ്പോലും ആരെങ്കിലും കൊല്ലപ്പെട്ടാൽ ജീവനു പകരം ജീവൻ നൽകണമായിരുന്നു. (പുറപ്പാട് 21:22, 23 വായിക്കുക.) ദൈവത്തിന് ഒരു ഗർഭസ്ഥശിശുപോലും ജീവനുള്ള ഒരു വ്യക്തിയാണ്. അപ്പോൾ, യഹോവ ഗർഭച്ഛിദ്രത്തെ എങ്ങനെയായിരിക്കും വീക്ഷിക്കുന്നത്? ഓരോ വർഷവും ഇങ്ങനെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ യഹോവയ്ക്ക് എന്തായിരിക്കും തോന്നുക?
17. യഹോവയെ അറിയുന്നതിനു മുമ്പ് ഗർഭച്ഛിദ്രം ചെയ്ത ഒരു സ്ത്രീയെ ഏതു കാര്യം ആശ്വസിപ്പിക്കും?
17 ഗർഭച്ഛിദ്രത്തെ യഹോവ കാണുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനു മുമ്പ്, ഒരു സ്ത്രീ ഗർഭച്ഛിദ്രം ചെയ്തിട്ടുണ്ടെങ്കിലോ? യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവയ്ക്കു തന്നോടു ക്ഷമിക്കാൻ കഴിയുമെന്ന് ആ സ്ത്രീക്കു വിശ്വസിക്കാം. (ലൂക്കോസ് 5:32; എഫെസ്യർ 1:7) ആത്മാർഥമായ പശ്ചാത്താപമുണ്ടെങ്കിൽ പണ്ട് അങ്ങനെ ഒരു തെറ്റു ചെയ്തെന്ന് ഓർത്ത് വിഷമിക്കേണ്ട കാര്യമില്ല. ‘യഹോവ കരുണാമയനും അനുകമ്പയുള്ളവനും ആണ്. സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.’—സങ്കീർത്തനം 103:8-14.
വിദ്വേഷചിന്തകൾ ഒഴിവാക്കുക
18. വിദ്വേഷചിന്തകൾ ഒഴിവാക്കാൻ നമ്മൾ ചെയ്യാവുന്നതെല്ലാം ചെയ്യേണ്ടത് എന്തുകൊണ്ട്?
18 ദൈവത്തിന്റെ ദാനമായ ജീവനോടുള്ള ആദരവ് തുടങ്ങുന്നത് നമ്മുടെ ഉള്ളിന്റെ ഉള്ളിൽനിന്നാണ്. ഇതിൽ മറ്റുള്ളവരെക്കുറിച്ച് നമ്മൾ എന്തു ചിന്തിക്കുന്നു എന്നതും ഉൾപ്പെടുന്നു. “സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ് ” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 3:15) സൂക്ഷിച്ചില്ലെങ്കിൽ ഇഷ്ടക്കേടു പകയായിത്തീർന്നേക്കാം. മറ്റുള്ളവരോട് അനാദരവോടെ ഇടപെടുന്നതിനും അവരെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ നടത്തുന്നതിനും അവർ മരിച്ചിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നതിനുപോലും പക ഇടയാക്കിയേക്കാം. ഓർക്കുക: മറ്റുള്ളവരെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. (ലേവ്യ 19:16; ആവർത്തനം 19:18-21; മത്തായി 5:22) നമുക്ക് ആരെക്കുറിച്ചെങ്കിലും വിദ്വേഷചിന്തകളുണ്ടെങ്കിൽ അതു മാറ്റാൻ നമ്മൾ കഠിനമായി ശ്രമിക്കണം.—യാക്കോബ് 1:14, 15; 4:1-3.
19. അക്രമത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം നമ്മളെ എങ്ങനെ ബാധിക്കണം?
19 നമ്മൾ ജീവനെ വിലപ്പെട്ടതായി കാണുന്നെന്നു തെളിയിക്കുന്നതിനു മറ്റൊരു വഴിയുണ്ട്. സങ്കീർത്തനം 11:5-ൽനിന്ന്, “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്ന് നമ്മൾ മനസ്സിലാക്കുന്നു. അക്രമം നിറഞ്ഞ വിനോദമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നമ്മൾ അക്രമം ഇഷ്ടപ്പെടുന്നെന്നു കാണിക്കുകയായിരിക്കും. മോശമായ വാക്കുകളും ആശയങ്ങളും ചിത്രങ്ങളും കൊണ്ട് നമ്മുടെ മനസ്സു നിറയ്ക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. പകരം, ശുദ്ധവും സമാധാനം തരുന്നതും ആയ ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്.—ഫിലിപ്പിയർ 4:8, 9 വായിക്കുക.
ജീവനെ ആദരിക്കാത്ത സംഘടനകളുടെ ഭാഗമാകരുത്
20-22. (എ) യഹോവ സാത്താന്റെ ലോകത്തെ വീക്ഷിക്കുന്നത് എങ്ങനെയാണ്? (ബി) തങ്ങൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് ദൈവജനത്തിന് എങ്ങനെ തെളിയിക്കാം?
20 സാത്താന്റെ ലോകം ജീവനോട് ആദരവ് കാണിക്കുന്നില്ല. യഹോവ ഇതിനെ രക്തപാതകമായാണ് കാണുന്നത്. അതായത്, കൊലപാതകമായി. നൂറ്റാണ്ടുകളായി രാഷ്ട്രീയശക്തികൾ യഹോവയുടെ ദാസർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായിട്ടുണ്ട്. ഈ ശക്തികളെ അഥവാ ഗവൺമെന്റുകളെ അക്രമകാരിയായ ഭീകരജീവികളായിട്ടാണ് ബൈബിൾ വർണിച്ചിരിക്കുന്നത്. (ദാനിയേൽ 8:3, 4, 20-22; വെളിപാട് 13:1, 2, 7, 8) ഇന്ന് ആയുധങ്ങളുടെ വില്പന വലിയ ഒരു കച്ചവടമാണ്. മാരകായുധങ്ങൾ വിറ്റുകൊണ്ട് ആളുകൾ വൻലാഭം ഉണ്ടാക്കുന്നു. “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ് ” എന്ന കാര്യം വ്യക്തമാണ്.—1 യോഹന്നാൻ 5:19.
21 എന്നാൽ സത്യക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗമല്ല.” യഹോവയുടെ ജനം രാഷ്ട്രീയത്തിലും യുദ്ധത്തിലും നിഷ്പക്ഷരാണ്. കൊല ചെയ്യാത്തതുപോലെതന്നെ അവർ ആളുകളെ കൊല്ലുന്ന സംഘടനകളെ പിന്തുണയ്ക്കുന്നുമില്ല. (യോഹന്നാൻ 15:19; 17:16) ക്രിസ്ത്യാനികൾക്ക് ഉപദ്രവം ഏൽക്കുമ്പോൾ അവർ തിരിച്ച് ആക്രമിക്കുന്നില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കാനാണ് യേശു പഠിപ്പിച്ചത്.—മത്തായി 5:44; റോമർ 12:17-21.
22 ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു മതവും കാരണക്കാരായിട്ടുണ്ട്. വ്യാജമതലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “പ്രവാചകന്മാരുടെയും വിശുദ്ധരുടെയും ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ഈ നഗരത്തിലാണു കണ്ടത്.” “അവളിൽനിന്ന് പുറത്ത് കടക്ക് ”എന്ന് യഹോവ കല്പിക്കുന്നതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? യഹോവയെ ആരാധിക്കുന്നവർ വ്യാജമതത്തിന്റെ ഭാഗമല്ല.—വെളിപാട് 17:6; 18:2, 4, 24.
23. ബാബിലോൺ എന്ന മഹതിയിൽനിന്ന് ‘പുറത്ത് കടക്കുന്നതിൽ’ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
23 ബാബിലോൺ എന്ന മഹതിയിൽനിന്ന് ‘പുറത്ത് കടക്കുന്നതിൽ,’ നമ്മൾ ഒരു വ്യാജമതത്തിന്റെയും ഭാഗമല്ലെന്നു വ്യക്തമാക്കുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഏതെങ്കിലും മതത്തിലെ അംഗമാണെന്നു കാണിക്കുന്ന ഒരു രേഖയുണ്ടെങ്കിൽ അതിൽനിന്ന് നമ്മുടെ പേര് നീക്കം ചെയ്തിട്ടുണ്ടെന്നു നമ്മൾ ഉറപ്പുവരുത്തണം. എന്നാൽ അതു മാത്രം പോരാ. വ്യാജമതം ചെയ്യുന്ന മോശമായ കാര്യങ്ങൾ നമ്മൾ വെറുക്കുകയും ഒഴിവാക്കുകയും വേണം. വ്യാജമതം അധാർമികതയും രാഷ്ട്രീയവും അത്യാഗ്രഹവും അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 97:10 വായിക്കുക; വെളിപാട് 18:7, 9, 11-17) അതിന്റെ ഫലമായി ലക്ഷക്കണക്കിനാളുകളുടെ ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്.
24, 25. യഹോവയെ അറിയുന്നത് സമാധാനവും നല്ല മനസ്സാക്ഷിയും തരുന്നത് എങ്ങനെ?
24 സാത്താന്റെ ലോകം ചെയ്യുന്ന മോശമായ കാര്യങ്ങളെ, യഹോവയെ അറിയുന്നതിനു മുമ്പ് നമ്മൾ ഏതെങ്കിലും വിധത്തിൽ പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ അങ്ങനെയല്ല. നമ്മൾ മോചനവില സ്വീകരിക്കുകയും ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്തു. അങ്ങനെ ‘യഹോവയുടെ ഉന്മേഷകാലങ്ങൾ’ നമ്മൾ അനുഭവിച്ചറിയുന്നു. ദൈവത്തെ സന്തോഷിപ്പിക്കുന്നു എന്ന് അറിയുന്നതിലൂടെ നമുക്ക് സമാധാനവും നല്ല മനസ്സാക്ഷിയും ലഭിക്കുന്നു.—പ്രവൃത്തികൾ 3:19; യശയ്യ 1:18.
25 മുമ്പു നമ്മൾ ജീവനെ ആദരിക്കാത്ത സംഘടനയുടെ ഭാഗമായിരുന്നെങ്കിലും മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവയ്ക്കു നമ്മളോടു ക്ഷമിക്കാൻ കഴിയും. ജീവൻ എന്ന യഹോവയുടെ ദാനത്തെ നമ്മൾ അതിയായി വിലമതിക്കുന്നു. അതുകൊണ്ട് യഹോവയെക്കുറിച്ച് അറിയാനും സാത്താന്റെ ലോകം ഉപേക്ഷിച്ച് ദൈവത്തിന്റെ അടുത്ത കൂട്ടുകാരാകാനും നമ്മളാൽ കഴിയുന്ന വിധങ്ങളിലെല്ലാം മറ്റുള്ളവരെ നമ്മൾ സഹായിക്കുന്നു.—2 കൊരിന്ത്യർ 6:1, 2.
ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുക
26-28. (എ) യഹോവ യഹസ്കേലിന് ഏതു പ്രത്യേകനിയമനം കൊടുത്തു? (ബി) നമ്മൾ ഇന്ന് എന്തു ചെയ്യാനാണ് യഹോവ ആവശ്യപ്പെടുന്നത്?
26 യരുശലേം ഉടനെ നശിക്കുമെന്ന് മുന്നറിയിപ്പു കൊടുക്കാനും രക്ഷപ്പെടുന്നതിന് ആളുകൾ ചെയ്യേണ്ടത് എന്താണെന്ന് അവരെ പഠിപ്പിക്കാനും യഹോവ യഹസ്കേൽ പ്രവാചകനോടു പറഞ്ഞു. യഹസ്കേൽ അവർക്കു മുന്നറിയിപ്പു കൊടുത്തില്ലെങ്കിൽ അവരുടെ ജീവന് യഹോവ യഹസ്കേലിനോടു കണക്കു ചോദിക്കുമായിരുന്നു. (യഹസ്കേൽ 33:7-9) പ്രധാനപ്പെട്ട ആ സന്ദേശം അറിയിക്കാൻ തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്തുകൊണ്ട് ജീവനെ വിലപ്പെട്ടതായി കാണുന്നെന്ന് യഹസ്കേൽ തെളിയിച്ചു.
27 യഹോവ നമുക്കും ഒരു നിയമനം തന്നിട്ടുണ്ട്. സാത്താന്റെ ലോകം ഉടനെ നശിക്കുമെന്ന് ആളുകൾക്ക് മുന്നറിയിപ്പു കൊടുക്കണം. കൂടാതെ യഹോവയെ അറിയാനും പുതിയ ലോകത്തിലേക്കു കടക്കാനും ആളുകളെ സഹായിക്കുകയും വേണം. (യശയ്യ 61:2; മത്തായി 24:14) ഈ സന്ദേശം ആളുകളെ അറിയിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നു. പൗലോസിനെപ്പോലെ പറയാനാണ് നമ്മളും ആഗ്രഹിക്കുന്നത്: “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല. ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്.”—പ്രവൃത്തികൾ 20:26, 27.
28 ജീവിതത്തിന്റെ മറ്റു ചില മേഖലകളിലും നമ്മൾ ശുദ്ധരായിരിക്കണം. അതിൽ ചിലതു നമുക്ക് അടുത്ത അധ്യായത്തിൽ നോക്കാം.