“നമുക്ക് തിരുവെഴുത്തിനെ തിരുവെഴുത്തുമായി ഒത്തുനോക്കാം”
ഒരു വ്യക്തിക്ക് ന്യൂയോർക്കിലേക്ക് പോകുന്ന ഒരു ട്രെയിനിൽ കിടന്ന് ഒരു ലഘുലേഖ കിട്ടി. ‘മനുഷ്യ ദേഹി മർത്യമാണെന്ന്’ അതിൽ എഴുതിയിരുന്നു. ഒരു മതശുശ്രൂഷകനായിരുന്ന അദ്ദേഹം അതു ജിജ്ഞാസയോടെ വായിച്ചു തുടങ്ങി. അദ്ദേഹത്തിന് ആശ്ചര്യംതോന്നി, കാരണം നമ്മുടെ ഉള്ളിലുള്ള എന്തോ ഒന്ന് മരണത്തെ അതിജീവിക്കുന്നുണ്ട് എന്ന പഠിപ്പിക്കലിൽ മുമ്പൊരിക്കലും അദ്ദേഹത്തിനു യാതൊരു സംശയവും തോന്നിയിരുന്നില്ല. ആ ലഘുലേഖ എഴുതിയത് ആരാണെന്ന് അപ്പോൾ അദ്ദേഹത്തിന് അറിയില്ലായിരുന്നു. എങ്കിലും അതിലെ ന്യായവാദങ്ങൾ വിശ്വാസയോഗ്യവും തിരുവെഴുത്തധിഷ്ഠിതവും ആണെന്നും പ്രസ്തുത വിവരങ്ങൾ തീർച്ചയായും ഗഹനമായ പഠനം അർഹിക്കുന്നവയാണെന്നും അദ്ദേഹത്തിനു തോന്നി.
ജോർജ് സ്റ്റോഴ്സ് ആയിരുന്നു ആ മതശുശ്രൂഷകൻ. മേൽപ്പറഞ്ഞ സംഭവം നടന്നത് 1837-ൽ ആയിരുന്നു, പരിണാമ സിദ്ധാന്തമായി പിന്നീട് അറിയപ്പെടാനിടയായ വിവരങ്ങൾ ചാൾസ് ഡാർവിൻ ആദ്യമായി തന്റെ നോട്ടുബുക്കിൽ രേഖപ്പെടുത്തിയ അതേ വർഷം. ബഹുഭൂരിപക്ഷം പേരും അപ്പോഴും മതഭക്തരും ദൈവവിശ്വാസികളും ആയിരുന്നു. ആളുകൾ പൊതുവേ ബൈബിൾ വായിക്കുകയും അതിനെ ഒരു ആധികാരിക ഗ്രന്ഥമായി കരുതുകയും ചെയ്തിരുന്നു.
ആ ലഘുലേഖ പെൻസിൽവേനിയയിലെ ഫിലദെൽഫിയയിലുള്ള ഹെൻട്രി ഗ്രൂ എഴുതിയതാണെന്നു പിന്നീട് സ്റ്റോഴ്സ് മനസ്സിലാക്കി. “തിരുവെഴുത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാതാവ് തിരുവെഴുത്തുതന്നെ”യാണെന്ന തത്ത്വത്തിൽ ഉറച്ചുനിന്ന ആളായിരുന്നു ഗ്രൂ. അദ്ദേഹവും സഹകാരികളും തങ്ങളുടെ ജീവിതവും പ്രവർത്തനങ്ങളും ബൈബിളിനു ചേർച്ചയിൽ കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അതു പഠിച്ചിരുന്നത്. അവരുടെ പഠനങ്ങൾ ശ്രദ്ധേയമായ ചില തിരുവെഴുത്തു സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു.
ഗ്രൂ എഴുതിയ കാര്യങ്ങളിൽ ആകൃഷ്ടനായി സ്റ്റോഴ്സ് ദേഹിയെക്കുറിച്ച് തിരുവെഴുത്തുകളിൽ എന്തു പറഞ്ഞിരിക്കുന്നുവെന്നു പരിശോധിക്കുകയും അതിലെ വിവരങ്ങൾ തന്റെ സഹശുശ്രൂഷകരുമായി ചർച്ചചെയ്യുകയും ചെയ്തു. അഞ്ചു വർഷത്തെ ഗഹനമായ പഠനത്തിനുശേഷം, സ്റ്റോഴ്സ് താൻ പുതുതായി കണ്ടെത്തിയ അങ്ങേയറ്റം മൂല്യവത്തായ തിരുവെഴുത്തു സത്യങ്ങൾ പരസ്യപ്പെടുത്താൻ തീരുമാനിച്ചു. ആദ്യം, 1842-ൽ, ഞായറാഴ്ച പള്ളിയിൽ നടത്തുന്നതിനായി അദ്ദേഹം ഒരു പ്രസംഗം തയ്യാറാക്കി. എന്നിരുന്നാലും ആ ഒരു പ്രസംഗംകൊണ്ട് വിഷയം ശരിയായി വിശദീകരിക്കാനാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ മനുഷ്യനിൽ അമർത്യമായ യാതൊന്നും ഇല്ല എന്ന വസ്തുതയെ കേന്ദ്രീകരിച്ച് അദ്ദേഹം ആറു പ്രസംഗങ്ങൾ നടത്തി. അത് ആറു പ്രഭാഷണങ്ങൾ (ഇംഗ്ലീഷ്) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രൈസ്തവ സഭകളുടെ ദൈവനിന്ദാകരമായ ഉപദേശങ്ങളാൽ മൂടപ്പെട്ടുപോയ ശ്രദ്ധേയമായ ബൈബിൾ സത്യത്തെ വെളിച്ചത്തുകൊണ്ടുവരുന്നതിന് സ്റ്റോഴ്സ് തിരുവെഴുത്തിനെ തിരുവെഴുത്തുമായി ഒത്തുനോക്കി.
ദേഹി അമർത്യമാണെന്നു ബൈബിൾ പഠിപ്പിക്കുന്നുവോ?
യേശുവിന്റെ അഭിഷിക്താനുഗാമികൾക്ക് അവരുടെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി അമർത്യത ലഭിക്കുന്നതായി ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:50-56) അമർത്യത വിശ്വസ്തർക്കുള്ള പ്രതിഫലമാണെങ്കിൽ ദുഷ്ടമനുഷ്യരുടെ ദേഹി അമർത്യമായിരിക്കാനാവില്ല എന്ന് സ്റ്റോഴ്സ് ന്യായവാദം ചെയ്തു. ഇതേക്കുറിച്ച് ഊഹാപോഹം നടത്തുന്നതിനു പകരം അദ്ദേഹം തിരുവെഴുത്തുകളിൽ പരതി. മത്തായി 10:28 ആയിരുന്നു അതിലൊന്ന്. അവിടെ ഇപ്രകാരം പറയുന്നു: “ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.” ദേഹിയെ നശിപ്പിക്കാൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു. യെഹെസ്കേൽ 18:4-ഉം അദ്ദേഹം പരിശോധിച്ചു, അവിടെ പറയുന്നു: “പാപം ചെയ്യുന്ന ദേഹി മരിക്കും.” ബൈബിൾ ആകമാനം പരിശോധിച്ചപ്പോൾ വിലയേറിയ സത്യത്തിന്റെ മനോഹാരിത ഏറെ വ്യക്തമായി. “ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ധാരണ ശരിയാണെങ്കിൽ, ഇതു സംബന്ധിച്ച പൊതുവേയുള്ള വിശ്വാസത്തെ പിന്താങ്ങുന്നതായി കണക്കാക്കിയിരുന്ന പല തിരുവെഴുത്തുകളും വ്യക്തവും ആകർഷകവും അർഥപൂർണവും ശക്തിചെലുത്തുന്നതും ആയിത്തീരും,” സ്റ്റോഴ്സ് എഴുതി.
എന്നാൽ, യൂദാ 7 പോലുള്ള വാക്യങ്ങളുടെ കാര്യത്തിലോ? അവിടെ ഇപ്രകാരം വായിക്കുന്നു: “അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.” ചിലർ ഈ തിരുവെഴുത്ത് വായിച്ചിട്ട്, സോദോമിലും ഗൊമോരയിലും കൊല്ലപ്പെട്ടവർ നിത്യം ദണ്ഡിപ്പിക്കപ്പെടുകയാണെന്നു ചിന്തിച്ചേക്കാം. “നമുക്ക് തിരുവെഴുത്തിനെ തിരുവെഴുത്തുമായി ഒത്തുനോക്കാം,” സ്റ്റോഴ്സ് എഴുതി. അതിനുശേഷം അദ്ദേഹം 2 പത്രൊസ് 2:5, 6 ഉദ്ധരിക്കുന്നു, അതിങ്ങനെ വായിക്കുന്നു: “പുരാതനലോകത്തെ . . . ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ . . . പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും” ചെയ്തു. സൊദോം, ഗൊമോര എന്നീ പട്ടണങ്ങൾ ഭസ്മമായി, അവിടത്തെ നിവാസികൾ സഹിതം അവ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടു.
സ്റ്റോഴ്സ് വിവരിക്കുന്നു: “യൂദായുടെ വിവരണത്തിന് പത്രൊസ് കൂടുതൽ വിശദാംശങ്ങൾ പ്രദാനം ചെയ്യുന്നു. പാപികൾക്കെതിരെ ദൈവം ഏതുതരം അപ്രീതി പ്രകടമാക്കിയെന്ന് രണ്ടു വിവരണങ്ങളും താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വ്യക്തമായിത്തീരുന്നു. . . . സൊദോമും ഗൊമോരയും ആകുന്ന ആ പഴയ ലോകത്തിന്മേൽ ഉണ്ടായ ന്യായവിധി ലോകാവസാനംവരെ സകലർക്കും ‘നിത്യമായ,’ ശാശ്വതമായ, സദാകാലത്തേക്കുമുള്ള ഉദ്ബോധനം, മുന്നറിയിപ്പ് അല്ലെങ്കിൽ ‘ദൃഷ്ടാന്തം’ ആണ്.” ആയതിനാൽ യൂദാ വിവരിക്കുന്ന സൊദോമിലും ഗൊമോരയിലും അഗ്നിയാലുണ്ടായ നാശത്തിന്റെ ഫലം എന്നേക്കുമുള്ളതായിരുന്നു. അത് ദേഹി മർത്യമാണ് അഥവാ മരണത്തെ അതിജീവിക്കുന്ന അമർത്യമായ യാതൊന്നും മനുഷ്യനിലില്ല എന്ന വസ്തുതയ്ക്ക് ഒരു വിധത്തിലും മാറ്റം വരുത്തുന്നില്ല.
സ്റ്റോഴ്സ് തന്റെ വീക്ഷണത്തെ പിന്താങ്ങുന്ന തിരുവെഴുത്തുകൾ മാത്രം സ്വീകരിച്ചിട്ട് മറ്റുള്ളവ അവഗണിക്കുകയായിരുന്നില്ല. അദ്ദേഹം ഓരോ തിരുവെഴുത്തിന്റെയും സന്ദർഭം കണക്കിലെടുത്തതോടൊപ്പം ബൈബിളിന്റെ ആകമാന അർഥം പരിശോധിക്കുകയും ചെയ്തു. ഒരു വാക്യം മറ്റു തിരുവെഴുത്തുകളുമായി യോജിക്കുന്നില്ലെന്നു തോന്നിയാൽ സ്റ്റോഴ്സ് യുക്തിക്കു നിരക്കുന്ന ഒരു വിശദീകരണത്തിനായി ബൈബിളിന്റെ മറ്റു ഭാഗങ്ങൾ പരിശോധിക്കുമായിരുന്നു.
റസ്സലിന്റെ തിരുവെഴുത്ത് പഠനം
ജോർജ് സ്റ്റോഴ്സിനൊപ്പം പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ ബൈബിൾ അധ്യയന കൂട്ടങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്ന ഒരു യുവാവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ചാൾസ് റ്റെയ്സ് റസ്സൽ എന്നായിരുന്നു. തിരുവെഴുത്തു വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യ ലേഖനങ്ങളിലൊന്നു പ്രസിദ്ധീകരിച്ചത് 1876-ലാണ്, സ്റ്റോഴ്സ് എഡിറ്ററായിരുന്ന ബൈബിൾ പരിശോധനാ സഹായി (ഇംഗ്ലീഷ്) എന്ന മാസികയിൽ. ആദ്യകാല ബൈബിൾ പഠിതാക്കൾ തന്നിൽ സ്വാധീനം ചെലുത്തിയിരുന്നതായി റസ്സൽ അംഗീകരിച്ചിട്ടുണ്ട്. പിന്നീട് സീയോന്റെ വീക്ഷാഗോപുരത്തിന്റെ എഡിറ്റർ എന്ന നിലയിൽ അദ്ദേഹം വാമൊഴിയായും വരമൊഴിയായും സ്റ്റോഴ്സ് നൽകിയ സഹായത്തെ വിലമതിച്ചിരുന്നു.
സി. റ്റി. റസ്സലിനു 18 വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു ബൈബിളധ്യയന ക്ലാസ്സ് ആരംഭിക്കുകയും ബൈബിൾ പഠനത്തിനുള്ള ഒരു മാതൃക വെക്കുകയും ചെയ്തു. റസ്സലിനോടൊപ്പം സഹവസിച്ചിരുന്ന ഒരു ബൈബിൾ വിദ്യാർഥിയായിരുന്ന എ. എച്ച്. മാക്മില്ലൻ ഈ രീതിയെക്കുറിച്ച് ഇപ്രകാരം വിവരിച്ചു: “ആരെങ്കിലും ഒരു ചോദ്യം ചോദിക്കും. അവർ അതിനെക്കുറിച്ച് ചർച്ചചെയ്യും. പ്രസ്തുത വിഷയത്തോടു ബന്ധപ്പെട്ട എല്ലാ തിരുവെഴുത്തുകളും പരിശോധിക്കും. എന്നിട്ട്, അവയുടെ പരസ്പര യോജിപ്പ് ബോധ്യമാകുന്നപക്ഷം അവർ ഒരു നിഗമനത്തിൽ എത്തുകയും അത് എഴുതിവെക്കുകയും ചെയ്യും.”
ബൈബിൾ ആകമാനം പരിശോധിക്കുമ്പോൾ ലഭിക്കുന്ന സന്ദേശം അതിനോടുതന്നെയും അതിന്റെ ദിവ്യഗ്രന്ഥകർത്താവിന്റെ വ്യക്തിത്വത്തോടും പൊരുത്തവും യോജിപ്പും ഉള്ളതായിരിക്കണം എന്ന ബോധ്യം റസ്സലിനുണ്ടായിരുന്നു. എപ്പോഴെങ്കിലും ബൈബിളിന്റെ ഒരു ഭാഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നിയാൽ അതിന്റെ കൂടുതലായ വിശദീകരണത്തിനും വ്യാഖ്യാനത്തിനുമായി മറ്റു ബൈബിൾ ഭാഗങ്ങളെയാണ് ആശ്രയിക്കേണ്ടതെന്നു റസ്സൽ വിശ്വസിച്ചിരുന്നു.
തിരുവെഴുത്തുപരമായ ഒരു കീഴ്വഴക്കം
തിരുവെഴുത്തുകളെ വ്യാഖ്യാനിക്കാൻ തിരുവെഴുത്തുകളെത്തന്നെ അനുവദിക്കുന്ന രീതി റസ്സലോ സ്റ്റോഴ്സോ ഗ്രൂവോ ആരംഭിച്ചതല്ലായിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തുതന്നെ ആ രീതി അവലംബിച്ചിരുന്നു. ഒരു വാക്യത്തിന്റെ യഥാർഥ അർഥം വ്യക്തമാക്കുന്നതിനായി അവൻ പല തിരുവെഴുത്തുകൾ ഉപയോഗിച്ചിരുന്നു. ഉദാഹരണമായി, ശബ്ബത്തിൽ കതിർ പറിച്ചു തിന്നതിന് പരീശന്മാർ ശിഷ്യന്മാരെ വിമർശിച്ചപ്പോൾ, യേശു 1 ശമൂവേൽ 21:6 ഉപയോഗിച്ചുകൊണ്ട് ശബ്ബത്തുനിയമം ബാധകമാക്കേണ്ടത് എങ്ങനെയെന്നു വ്യക്തമാക്കി. ദാവീദും കൂടെയുള്ളവരും കാഴ്ചയപ്പം ഭക്ഷിച്ചതു സംബന്ധിച്ച ആ വിവരണം മതനേതാക്കൾക്ക് പരിചിതമായിരുന്നു. അതിനുശേഷം അഹരോന്യ പുരോഹിതന്മാർ മാത്രമേ കാഴ്ചയപ്പം ഭക്ഷിക്കാമായിരുന്നുള്ളൂ എന്നു പറയുന്ന ന്യായപ്രമാണത്തിന്റെ ഭാഗവും യേശു പരാമർശിച്ചു. (പുറപ്പാടു 29:32, 33; ലേവ്യപുസ്തകം 24:9) എന്നാൽ ദാവീദിന് അപ്പം കഴിക്കാൻ അനുമതി ലഭിച്ചു. യേശു തന്റെ ബോധ്യം വരുത്തുന്ന വാദഗതി ഹോശേയയിൽനിന്നുള്ള ഉദ്ധരണിയോടെ ഉപസംഹരിച്ചു: “യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.” (മത്തായി 12:1-8) ഒരു തിരുവെഴുത്തിനെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യത്തിലെത്താൻ മറ്റു തിരുവെഴുത്തുകളുമായി അതിനെ ഒത്തുനോക്കുന്നതിന്റെ എത്ര നല്ല മാതൃക!
ഒരു തിരുവെഴുത്തു മനസ്സിലാക്കാനായി മറ്റു തിരുവെഴുത്തുകൾ പരിശോധിക്കുന്ന രീതി യേശുവിന്റെ അനുഗാമികളും പിൻപറ്റിയിരുന്നു. അപ്പൊസ്തലനായ പൗലൊസ് റോമിലുള്ള യഹൂദന്മാരോടു സംസാരിച്ചപ്പോൾ, അവൻ “ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.” (പ്രവൃത്തികൾ 17:2, 3; 28:23) പൗലൊസ് തന്റെ ദിവ്യനിശ്വസ്ത ലേഖനങ്ങളിലും തിരുവെഴുത്തിനെ വ്യാഖ്യാനിക്കാൻ തിരുവെഴുത്തുകളെ അനുവദിച്ചു. ഉദാഹരണത്തിന്, എബ്രായർക്ക് എഴുതിയപ്പോൾ ന്യായപ്രമാണം വരാനിരിക്കുന്ന നന്മകളുടെ നിഴലാണെന്ന് തെളിയിക്കാൻ അവൻ നിരവധി തിരുവെഴുത്തുകൾ ഉദ്ധരിക്കുകയുണ്ടായി.—എബ്രായർ 10:1-18.
19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിലും ഉണ്ടായിരുന്ന ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾ ഇതേ ക്രിസ്തീയ മാതൃക കേവലം അനുകരിക്കുകയായിരുന്നു. തിരുവെഴുത്തുകളെ തിരുവെഴുത്തുകളുമായി ഒത്തുനോക്കുന്ന കീഴ്വഴക്കമാണ് വീക്ഷാഗോപുരം മാസിക ഇന്നും തുടർന്നുപോരുന്നത്. (2 തെസ്സലൊനീക്യർ 2:15) തിരുവെഴുത്തുകൾ വിശകലനം ചെയ്യുമ്പോൾ യഹോവയുടെ സാക്ഷികൾ ഇതേ തത്ത്വം പിൻപറ്റുന്നു.
സന്ദർഭം പരിശോധിക്കുക
ബൈബിൾ വായിക്കുമ്പോൾ യേശുവിന്റെയും അവന്റെ വിശ്വസ്ത അനുഗാമികളുടെയും ഉത്തമ മാതൃക നമുക്കെങ്ങനെ പിൻപറ്റാൻ കഴിയും? ആദ്യമായി, പരിചിന്തിക്കുന്ന തിരുവെഴുത്തിന്റെ സന്ദർഭം നോക്കാനാകും. അർഥം മനസ്സിലാക്കാൻ സന്ദർഭം എങ്ങനെയാണു സഹായിക്കുന്നത്? ദൃഷ്ടാന്തത്തിന്, മത്തായി 16:28-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ നോക്കാം. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” ഈ വാക്കുകൾ നിവൃത്തിയേറിയില്ലെന്ന് ചിലർ വിചാരിച്ചേക്കാം. കാരണം അവൻ അതു പറഞ്ഞപ്പോൾ അവിടെ സന്നിഹിതരായിരുന്ന യേശുവിന്റെ എല്ലാ അനുഗാമികളും സ്വർഗത്തിൽ ദൈവരാജ്യം സ്ഥാപിതമായതിനുമുമ്പേ മരിച്ചിരുന്നു. വ്യാഖ്യാതാവിന്റെ ബൈബിൾ (ഇംഗ്ലീഷ്) പ്രസ്തുത വാക്യത്തെക്കുറിച്ച് ഇങ്ങനെപോലും പറയുന്നു: “ഈ പ്രവചനം നിവൃത്തിയേറിയില്ല, പിന്നീട് ക്രിസ്ത്യാനികൾക്ക് അതൊരു രൂപകാലങ്കാരമായിരുന്നു എന്ന വിശദീകരണത്തിലെത്തേണ്ടതായി വന്നു.”
എന്നിരുന്നാലും ഈ വാക്യത്തിന്റെ സന്ദർഭത്തോടൊപ്പം മർക്കൊസിന്റെയും ലൂക്കൊസിന്റെയും സമാന്തര വിവരണങ്ങൾ പരിശോധിക്കുന്നത് അതിന്റെ യഥാർഥ അർഥം കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്നു. മേൽപ്പറഞ്ഞ വാക്കുകൾക്ക് തൊട്ടുപിന്നാലെ മത്തായി പറഞ്ഞത് എന്താണ്? അവൻ എഴുതുന്നു: “ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.” (മത്തായി 17:1, 2) മർക്കൊസും ലൂക്കൊസും എഴുതിയപ്പോഴും രാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്താവനയെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള വിവരണവുമായി ബന്ധപ്പെടുത്തി. (മർക്കൊസ് 9:1-8; ലൂക്കൊസ് 9:27-36) രാജ്യാധികാരത്തോടെയുള്ള യേശുവിന്റെ വരവ് രൂപാന്തരീകരണത്തിലൂടെ, അതായത് മൂന്ന് അപ്പൊസ്തലന്മാരുടെ സാന്നിധ്യത്തിൽ അവൻ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രകടിപ്പിക്കപ്പെട്ടു. പത്രൊസ് ആ ഗ്രാഹ്യത്തെ സ്ഥിരീകരിക്കുന്നു. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും” എന്നു പറഞ്ഞപ്പോൾ താൻ സാക്ഷ്യംവഹിച്ച ആ രൂപാന്തരീകരണത്തെയാണ് അവൻ പരാമർശിച്ചത്.—2 പത്രൊസ് 1:16-18.
തിരുവെഴുത്തിനെ വ്യാഖ്യാനിക്കാൻ നിങ്ങൾ തിരുവെഴുത്തിനെത്തന്നെ അനുവദിക്കുന്നുവോ?
സന്ദർഭം പരിശോധിച്ചിട്ടും നിങ്ങൾക്ക് ഒരു തിരുവെഴുത്ത് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലോ? ബൈബിളിന്റെ ആകമാന അർഥം മനസ്സിൽപ്പിടിച്ചുകൊണ്ട് ആ തിരുവെഴുത്ത് മറ്റു തിരുവെഴുത്തുകളുമായി ഒത്തുനോക്കുന്നതിൽനിന്നു നിങ്ങൾക്കു പ്രയോജനം നേടാനായേക്കും. അതിനുള്ള ഒരു ഉത്തമ സഹായം 57 ഭാഷകളിൽ പൂർണമായോ ഭാഗികമായോ ഇപ്പോൾ ലഭ്യമായിട്ടുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ കണ്ടെത്താനാകും. ഇതിന്റെ പല പതിപ്പുകളിലും പേജുകളുടെ മധ്യേ കാണുന്ന തിരുവെഴുത്തു പരാമർശങ്ങളുടെ അഥവാ ഒത്തുവാക്യങ്ങളുടെ പട്ടികയാണ് ആ സഹായി. അത്തരം 1,25,000-ത്തിലധികം പരാമർശങ്ങൾ, പല പ്രമുഖ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിൽ നിങ്ങൾക്കു കാണാവുന്നതാണ്. ആ ബൈബിളിന്റെ “ആമുഖം” ഇപ്രകാരം പറയുന്നു: “മാർജിനിലെ പരാമർശങ്ങളുടെ ശ്രദ്ധാപൂർവകമായ ഒരു താരതമ്യവും അതോടൊപ്പമുള്ള അടിക്കുറിപ്പുകളുടെ ഒരു പരിശോധനയും 66 ബൈബിൾ പുസ്തകങ്ങളുടെ ആന്തരിക യോജിപ്പു വെളിപ്പെടുത്തുകയും എല്ലാ പുസ്തകങ്ങളും ചേർന്ന് ദൈവനിശ്വസ്തമായ ഒറ്റ പുസ്തകമാണെന്നുള്ളതിനു തെളിവു നൽകുകയും ചെയ്യും.”
ഒരു തിരുവെഴുത്തു മനസ്സിലാക്കാൻ ഒത്തുവാക്യങ്ങൾ എങ്ങനെ ഉപയോഗിക്കാനാകുമെന്ന് നമുക്കിപ്പോൾ നോക്കാം. ഉദാഹരണമായി അബ്രാമിന്റെ അഥവാ അബ്രാഹാമിന്റെ ചരിത്രം എടുക്കാം. ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക: അബ്രാഹാമും കുടുംബവും ഊർ ദേശം വിട്ടുപോന്നപ്പോൾ നേതൃത്വം എടുത്തത് ആരാണ്? ഉല്പത്തി 11:31 ഇപ്രകാരം പറയുന്നു: “തേരഹ് തന്റെ മകനായ അബ്രാമിനെയും . . . ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻവരെ വന്നു അവിടെ പാർത്തു.” ഈ ഭാഗം മാത്രം വായിക്കുന്ന ഒരാൾ അബ്രാമിന്റെ പിതാവായ തേരഹാണ് നേതൃത്വം എടുത്തത് എന്നു ചിന്തിച്ചേക്കാം. എന്നാൽ പുതിയലോക ഭാഷാന്തരത്തിൽ ഈ വാക്യത്തിന് 11 ഒത്തുവാക്യങ്ങൾ ഉണ്ട്. അതിൽ ഒടുവിലത്തേത് പ്രവൃത്തികൾ 7:2 ആണ്. അവിടെ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരോടുള്ള സ്തെഫാനൊസിന്റെ ഉദ്ബോധനം കാണാം. അതിപ്രകാരം വായിക്കുന്നു: ‘നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾത്തന്നെ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു.’ (പ്രവൃത്തികൾ 7:2, 3) ഈ വിവരണത്തിൽ അബ്രാം ഹാരാൻ വിടുന്നതിനെ ആയിരിക്കുമോ സ്തെഫാനൊസ് വാസ്തവത്തിൽ ഉദ്ദേശിച്ചത്? അങ്ങനെയൊരു ആശയക്കുഴപ്പത്തിന് ഒട്ടും സാധ്യതയില്ല. കാരണം ആ വിവരണം ദൈവനിശ്വസ്ത വചനത്തിന്റെ ഭാഗമായിരുന്നു.—ഉല്പത്തി 12:1-3.
എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് “തേരഹ് തന്റെ മകനായ അബ്രാമിനെയും” കുടുംബാംഗങ്ങളെയും കൂട്ടി ഊർ വിട്ടുപോയതായി ഉല്പത്തി 11:31 പറയുന്നത്? അപ്പോഴും തേരഹ്തന്നെയായിരുന്നു ഗോത്രപിതാവ്. അവൻ അബ്രാമിനോടൊപ്പം പോകാൻ സമ്മതിച്ചു. അങ്ങനെ കുടുംബത്തെ ഹാരാനിലേക്ക് നയിച്ചതിന്റെ ബഹുമതി അവനു ലഭിച്ചു. ഈ രണ്ടു തിരുവെഴുത്തുകളെ താരതമ്യംചെയ്ത് ഒന്നു കൂട്ടിവായിച്ചാൽ വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. ദൈവം പറഞ്ഞതനുസരിച്ച് ഊർ വിട്ടുപോകാൻ അബ്രാം തന്റെ പിതാവിനെ ആദരപൂർവം സമ്മതിപ്പിച്ചു.
നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ, അതിന്റെ സന്ദർഭവും ബൈബിളിന്റെ ആകമാന അർഥവും കണക്കിലെടുക്കേണ്ടതുണ്ട്. ക്രിസ്ത്യാനികൾക്കുള്ള അനുശാസനം ഇതാണ്: “ദൈവം നമുക്കു സൗജന്യമായി നല്കിയിരിക്കുന്നതു മനസ്സിലാക്കുവാൻ സാധിക്കേണ്ടതിന്, നാം ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ പ്രാപിച്ചിരിക്കുന്നത്. മനുഷ്യജ്ഞാനം പഠിപ്പിച്ച വാക്കുകളാലല്ല, ആത്മാവു പഠിപ്പിച്ച വാക്കുകളാലത്രേ ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്—അങ്ങനെ ഞങ്ങൾ ആത്മീയ സത്യങ്ങൾ ആത്മീയ വചനത്താൽത്തന്നേ വ്യക്തമാക്കുന്നു.” (1 കൊരിന്ത്യർ 2:11-13, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) യഹോവയുടെ വചനം മനസ്സിലാക്കാനുള്ള സഹായത്തിനായി നാം അവനോടു യാചിക്കുകയും വ്യക്തമല്ലാത്ത തിരുവെഴുത്തുകളുടെ സന്ദർഭം പരിശോധിച്ചുകൊണ്ടും ബന്ധപ്പെട്ട തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ടും “ആത്മീയ സത്യങ്ങൾ ആത്മീയ വചനത്താൽത്തന്നേ വ്യക്തമാ”യിത്തീരേണ്ടതിന് അവ കൂട്ടിവായിക്കാൻ ശ്രമിക്കുകയും വേണം. ദൈവവചനത്തിന്റെ പഠനത്തിലൂടെ നമുക്ക് സത്യത്തിന്റെ അമൂല്യ രത്നങ്ങൾ കണ്ടെത്തുന്നതിൽ തുടരാം.
[12-ാം പേജിലെ ചിത്രങ്ങൾ]
തിരുവെഴുത്തിനെ വ്യാഖ്യാനിക്കാൻ തിരുവെഴുത്തിനെ അനുവദിച്ച 19-ാം നൂറ്റാണ്ടിലെ ബൈബിൾ വിദ്യാർഥികൾ: ജോർജ് സ്റ്റോഴ്സ്, ഹെൻട്രി ഗ്രൂ, ചാൾസ് റ്റെയ്സ് റസ്സൽ, എ. എച്ച്. മാക്മില്ലൻ
[കടപ്പാട്]
മുകളിൽ: SIX SERMONS, by George Storrs (1855); മുകളിൽനിന്ന് രണ്ടാമത്തേത്: Collection of The New-York Historical Society/69288
[15-ാം പേജിലെ ചിത്രം]
അപ്പൊസ്തലനായ പൗലൊസ് തന്റെ പഠിപ്പിക്കലിന് ആധികാരികത നൽകാൻ തിരുവെഴുത്തുകൾ ഉപയോഗിച്ചു