ബൈബിൾ ആശ്രയയോഗ്യമായ ഒരു ചരിത്രമോ?
അവർ ഭരണാധിപന്മാരെ കുറ്റംവിധിച്ചു. പുരോഹിതന്മാരെ ശാസിച്ചു. പൊതുജനങ്ങളെ അവരുടെ ദുഷ്ടത നിമിത്തം ശകാരിച്ചു. സ്വന്തം പരാജയങ്ങളും പാപങ്ങളും പോലും അവർ വെളിപ്പെടുത്തി. അവർ ഉപദ്രവത്തിനും പീഡനത്തിനും വിധേയരായി. സത്യം സംസാരിക്കുകയും എഴുതുകയും ചെയ്തതു നിമിത്തം അവരിൽ ചിലർ കൊല്ലപ്പെടുക പോലും ചെയ്തു. ആരായിരുന്നു അവർ? ബൈബിളിലെ പ്രവാചകന്മാർ. അവരിൽ പലരും വിശുദ്ധ തിരുവെഴുത്തുകളുടെ രചനയിൽ പങ്കെടുത്തിട്ടുണ്ട്.—മത്തായി 23:35-37.
ചരിത്രകാരനും ചരിത്രവും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പേജ് സ്മിത്ത് ഇങ്ങനെ എഴുതുന്നു: “[എബ്രായർ] തങ്ങളുടെ വീരപുരുഷന്മാരെയും വില്ലന്മാരെയും തങ്ങളെത്തന്നെയും തങ്ങളുടെ പ്രതിയോഗികളെയും കുറിച്ചുള്ള വിവരങ്ങൾ ആരോടും പ്രത്യേക പരിഗണന കാട്ടാതെ സത്യസന്ധമായി രേഖപ്പെടുത്തി. കാരണം അവർ എഴുതിയത് ദൈവത്തിന്റെ കൺമുന്നിൽ വെച്ചായിരുന്നു. യാഥാർഥ്യം മറച്ചുവെക്കുന്നതിലൂടെ അവർക്ക് യാതൊന്നും നേടാനില്ലായിരുന്നു, എന്നാൽ നഷ്ടപ്പെടാൻ വളരെയേറെ കാര്യങ്ങൾ ഉണ്ടായിരുന്നു.” സ്മിത്ത് ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവം തിരഞ്ഞെടുത്ത ജനതയുടെ ദുരിതങ്ങളെയും വിജയങ്ങളെയും കുറിച്ചുള്ള വിവരണം സിറിയയിലെയോ ഈജിപ്തിലെയോ പോരാളികളായ രാജാക്കന്മാരെ കുറിച്ചുള്ള മുഷിപ്പൻ വൃത്താന്തങ്ങളോടുള്ള താരതമ്യത്തിൽ . . . വശ്യമനോഹരമായ ഒരു വിവരണമാണ്. ചരിത്രത്തിന്റെ ഏറ്റവും അനിവാര്യമായ ഘടകങ്ങളിൽ ഒന്ന് എബ്രായ വൃത്താന്തങ്ങളിൽ കാണാം—യഥാർഥ വ്യക്തികൾ ചെയ്ത കാര്യങ്ങൾ, അതും അവരുടെ സകല കുറ്റങ്ങളും കുറവുകളും സഹിതം.”
ബൈബിൾ എഴുത്തുകാർ കാര്യങ്ങൾ രേഖപ്പെടുത്തിയത് അതീവ കൃത്യതയോടെയും ആയിരുന്നു. ബൈബിളിനെ ചരിത്രത്തിന്റെയും പുരാവസ്തുശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അപഗ്രഥനം ചെയ്ത ശേഷം എഴുത്തുകാരനായ വെർനെർ കെല്ലർ ബൈബിൾ ഒരു ചരിത്ര ഗ്രന്ഥം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ ലഭ്യമായിരിക്കുന്ന ആധികാരികവും നന്നായി സാക്ഷ്യപ്പെടുത്തിയതുമായ തെളിവുകളുടെ ബാഹുല്യത്തിന്റെ വീക്ഷണത്തിൽ . . . എന്റെ മനസ്സ് എപ്പോഴും മന്ത്രിക്കുന്ന ഒരു വാചകമുണ്ട്: ‘എന്തൊക്കെയായാലും ബൈബിൾ വസ്തുനിഷ്ഠമാണ്!’”
സജീവ ചരിത്രം, ശക്തിമത്തായ പാഠങ്ങൾ
മിക്ക ബൈബിൾ എഴുത്തുകാരും കർഷകർ, ആട്ടിടയന്മാർ, മീൻപിടിത്തക്കാർ എന്നിങ്ങനെ സാധാരണക്കാരായ ആളുകൾ ആയിരുന്നു. എന്നിരുന്നാലും ഏതാണ്ട് 1,600 വർഷം ദീർഘിച്ച ഒരു കാലഘട്ടം കൊണ്ട് അവർ എഴുതിയ കാര്യങ്ങൾക്ക്, പുരാതനമോ ആധുനികമോ ആയ മറ്റു യാതൊരു രചനയ്ക്കും സാധിക്കാത്തത്ര അധികം ആളുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. തന്നെയുമല്ല, അവരുടെ എഴുത്തുകൾ സമസ്ത ദിശകളിൽനിന്നും ആക്രമിക്കപ്പെട്ടെങ്കിലും അവയൊന്നും വിജയിച്ചില്ല. (യെശയ്യാവു 40:8; 1 പത്രൊസ് 1:25) ഇന്ന് 2,200-ഓളം ഭാഷകളിൽ ബൈബിൾ മുഴുവനായോ ഭാഗികമായോ ലഭ്യമാണ്—മറ്റൊരു പുസ്തകവും ഇത്രയധികം ഭാഷകളിൽ ലഭ്യമല്ല! ബൈബിളിന് ഇത്തരമൊരു സവിശേഷതയുള്ളത് എന്തുകൊണ്ടാണ്? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ പിൻവരുന്ന പരാമർശങ്ങൾ സഹായിക്കുന്നു.
“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
“മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.”—റോമർ 15:4.
“ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.”—1 കൊരിന്ത്യർ 10:11.
അതേ, യഥാർഥ ആളുകളെ—ദൈവത്തെ പ്രസാദിപ്പിച്ചവരെയും അല്ലാത്തവരെയും—കുറിച്ചുള്ള ദിവ്യനിശ്വസ്തവും സംരക്ഷിതവുമായ ഒരു രേഖ എന്ന നിലയിൽ ബൈബിൾ മറ്റെല്ലാ പുസ്തകങ്ങളെക്കാളും ഉന്നതമാണ്. അത് ഒരുപ്രകാരത്തിലും, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ നിർവികാരമായ ഒരു പട്ടികയോ കുട്ടികളെ രസിപ്പിക്കാനുള്ള മനോഹരമായ ഒരു ചെറുകഥാ സമാഹാരമോ അല്ല. ദൈവം മാനുഷ എഴുത്തുകാരെ ഉപയോഗിച്ചു എന്നതു ശരിതന്നെ. എന്നാൽ അത് ബൈബിളിന്റെ മാറ്റു കൂട്ടുകയേ ചെയ്തിട്ടുള്ളൂ. തലമുറ തലമുറയായി വായനക്കാരുടെ ഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുള്ള ഊഷ്മളമായ ഒരു ആകർഷണീയത അതുവഴി അതിനു കൈവന്നിരിക്കുന്നു. പുരാവസ്തുശാസ്ത്രജ്ഞനായ വില്യം ഓൾബ്രൈറ്റ് ഇങ്ങനെ പറഞ്ഞു: “മാനുഷ അനുഭവങ്ങളാകുന്ന സരണിയിലൂടെ ദൈവം മനുഷ്യനു വെളിപ്പെടുത്തിയിരിക്കുന്ന അതുല്യ വെളിപ്പാടായ ബൈബിളിലെ ആഴമായ ധാർമിക-ആത്മീയ ഉൾക്കാഴ്ച രണ്ടോ മൂന്നോ സഹസ്രാബ്ദങ്ങൾ മുമ്പത്തെപ്പോലെതന്നെ ഇന്നും സത്യമാണ്.”
ബൈബിളിന്റെ കാലാതീത പ്രസക്തി ദൃഷ്ടാന്തീകരിക്കാനായി നമുക്ക് മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിലേക്കുതന്നെ തിരിഞ്ഞ്—ബൈബിളിനു മാത്രമേ നമ്മെ അവിടേക്കു കൊണ്ടുപോകാനാകൂ—ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽനിന്നുള്ള ചില പ്രധാന പാഠങ്ങൾ പരിശോധിക്കാം.
ഒരു പുരാതന വിവരണത്തിൽനിന്നുള്ള കാലോചിത പാഠങ്ങൾ
ഉല്പത്തി പുസ്തകം മറ്റു കാര്യങ്ങളോടൊപ്പം, മാനുഷ കുടുംബത്തിന്റെ തുടക്കവും വെളിപ്പെടുത്തുന്നു—പേരുവിവരങ്ങൾ സഹിതം. ഈ വിഷയത്തിൽ മറ്റൊരു ചരിത്ര കൃതിയും ഇത്രമാത്രം കൃത്യമായ വിശദാംശങ്ങൾ നൽകുന്നില്ല. ‘എന്നാൽ നമ്മുടെ ആദിമ പൂർവികരെ കുറിച്ച് അറിയുന്നതുകൊണ്ട് ഇന്ന് എന്തു പ്രയോജനമാണുള്ളത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതിന് മഹത്തായ പ്രയോജനമുണ്ട്. കാരണം ദേശ-ഗോത്ര-വർണ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഒരേ മാതാപിതാക്കളിൽനിന്ന് ഉത്ഭവിച്ചവരാണെന്നുള്ള ഉല്പത്തി വിവരണം വർഗശ്രേഷ്ഠതാ വാദത്തിന്റെ സകല അടിസ്ഥാനങ്ങളെയും പിഴുതെറിയുന്നു.—പ്രവൃത്തികൾ 17:26.
ഉല്പത്തി പുസ്തകം ധാർമിക മാർഗനിർദേശവും പ്രദാനം ചെയ്യുന്നു. നിവാസികളുടെ കടുത്ത ലൈംഗിക വൈകൃതങ്ങൾ നിമിത്തം ദൈവം നശിപ്പിച്ചുകളഞ്ഞ സൊദോമിനെയും ഗൊമോരയെയും സമീപ നഗരങ്ങളെയും കുറിച്ചുള്ള വിവരണം അതിലുണ്ട്. (ഉല്പത്തി 18:20–19:29) യൂദാ എന്ന ബൈബിൾ പുസ്തകത്തിന്റെ 7-ാം വാക്യത്തിൽ ഇങ്ങനെ പറയുന്നു: “സൊദോമും ഗൊമോരയും ചുററുമുള്ള പട്ടണങ്ങളും . . . ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ . . . ദൃഷ്ടാന്തമായി കിടക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) സൊദോമിലെയും ഗൊമോരയിലെയും ആളുകൾക്ക് ദൈവത്തിൽനിന്ന് യാതൊരു ധാർമിക നിയമങ്ങളും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും എല്ലാ മനുഷ്യരെയും പോലെ അവർക്കും ദൈവദത്ത പ്രാപ്തിയായ മനസ്സാക്ഷി ഉണ്ടായിരുന്നു. അതുകൊണ്ട്, ദൈവത്തിന് അവരെ തങ്ങളുടെ പ്രവൃത്തികൾക്ക് ന്യായമായും ഉത്തരവാദികളാക്കാൻ കഴിയുമായിരുന്നു. (റോമർ 1:26, 27; 2:14, 15) സമാനമായി ഇന്ന്, ദൈവം സകല മനുഷ്യരെയും അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കും, അവർ അവന്റെ വചനമായ വിശുദ്ധ ബൈബിളിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും.—2 തെസ്സലൊനീക്യർ 1:6, 7, 10.
അതിജീവനത്തിന്റെ ഒരു ചരിത്ര പാഠം
പൊ.യു. 70-ൽ യെരൂശലേം നഗരത്തെ നശിപ്പിച്ച ശേഷം അവിടത്തെ ആലയത്തിൽനിന്നുള്ള വിശുദ്ധ പാത്രങ്ങൾ റോമൻ പടയാളികൾ ചുമന്നുകൊണ്ടു പോകുന്നതിനെ ചിത്രീകരിക്കുന്ന ഒരു കൊത്തുപണി റോമിലുള്ള ടൈറ്റസിന്റെ കമാനത്തിൽ കാണാം. പത്തു ലക്ഷത്തിലധികം യഹൂദന്മാർ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു. എന്നിരുന്നാലും അനുസരണമുണ്ടായിരുന്ന ക്രിസ്ത്യാനികൾ അതിജീവിച്ചു. യേശുവിന്റെ പിൻവരുന്ന മുന്നറിയിപ്പാണ് അതിന് അവരെ സഹായിച്ചത്: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. . . . ആ നാളുകൾ പ്രതികാരകാലം ആകുന്നു.”—ലൂക്കൊസ് 21:20-22.
യെരൂശലേമിൽ ഉണ്ടായ ആ ഉപദ്രവങ്ങൾ വെറുമൊരു പുരാതന ചരിത്രമല്ല. പെട്ടെന്നുതന്നെ മുഴു ലോകത്തെയും ഗ്രസിക്കാനിരിക്കുന്ന വലിയൊരു ഉപദ്രവത്തെ അത് മുൻനിഴലാക്കി. എന്നാൽ അന്നും അതിജീവകരുണ്ടായിരിക്കും. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . ഒരു മഹാപുരുഷാരം” എന്ന് അവർ വർണിക്കപ്പെട്ടിരിക്കുന്നു. അവർ ‘മഹാകഷ്ടത്തിൽനിന്നു [“മഹോപദ്രവത്തിൽനിന്നു,” NW] പുറത്തുവരുന്നു.’ കാരണം അവർ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം അർപ്പിക്കുന്നു. ബൈബിൾ ചരിത്രത്തിലും പ്രവചനത്തിലും ശക്തമായി വേരൂന്നിയ ഒരു വിശ്വാസമാണത്.—വെളിപ്പാടു 7:9, 14.
ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ചരിത്രം
ബൈബിൾ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അവസാന ലോകശക്തിയായ ആംഗ്ലോ-അമേരിക്കൻ ലോകശക്തി ആധിപത്യം പുലർത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുൻ ലോകശക്തികളെ പോലെതന്നെ അതും അവസാനിക്കേണ്ടതാണെന്ന് മുൻകാല ചരിത്രം പ്രകടമാക്കുന്നു. എന്നാൽ എങ്ങനെ? ബൈബിൾ പറയുന്ന പ്രകാരം ഈ ലോകശക്തിയുടെ അവസാനം തീർച്ചയായും അതുല്യമായിരിക്കും. പൊ.യു. 1914 എന്ന വർഷത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട്, രാഷ്ട്രീയ ഭരണാധികാരങ്ങളെ അഥവാ “രാജത്വങ്ങളെ” കുറിച്ച് ദാനീയേൽ 2:44 ഇങ്ങനെ പറഞ്ഞു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”
അതേ, ക്രിസ്തുയേശുവിന്റെ നേതൃത്വത്തിലുള്ള ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റായ ദൈവരാജ്യം മനുഷ്യന്റെ മർദക ഭരണാധിപത്യത്തിന്റെ സകല കണികയെയും മുമ്പു പ്രസ്താവിച്ച “മഹോപദ്രവ”ത്തിന്റെ പരിസമാപ്തിയായ അർമഗെദോനിൽവെച്ച് നീക്കം ചെയ്യും. അതിനുശേഷം, ഈ രാജ്യം “വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല,” അതായത് അത് ഒരിക്കലും മറിച്ചിടപ്പെടുകയോ വോട്ടു ചെയ്ത് നീക്കംചെയ്യപ്പെടുകയോ ഇല്ല. “ഭൂമിയുടെ അററങ്ങൾവരെ” അതു ഭരണം നടത്തും.—സങ്കീർത്തനം 72:8.
വ്യാജ മതത്തിന്റെയും മർദക രാഷ്ട്രീയത്തിന്റെയും അത്യാഗ്രഹംപൂണ്ട വ്യവസായത്തിന്റെയും ക്രൂരമായ ആധിപത്യത്തിന്റെ തുടർക്കഥ എന്നെന്നേക്കുമായി അവസാനിക്കും. ‘നീതിമാന്മാർ തഴെക്കുമെന്നും ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകു’മെന്നും സങ്കീർത്തനം 72:7 വാഗ്ദാനം ചെയ്യുന്നു. സ്വാർഥതയും അഹങ്കാരവും ആയിരിക്കില്ല, മറിച്ച് ദൈവത്തിന്റെ ഏറ്റവും മുഖ്യ ഗുണമായ സ്നേഹമായിരിക്കും മുഴു ഭൂമിയിലും വ്യാപരിക്കുക. (1 യോഹന്നാൻ 4:8) യേശു ഇങ്ങനെ പറഞ്ഞു: ‘തമ്മിൽ തമ്മിൽ സ്നേഹിക്കുക.’ അതേക്കുറിച്ച് ചരിത്രകാരനായ വിൽ ഡ്യൂറന്റ് ഇപ്രകാരം പറഞ്ഞു: “ചരിത്രത്തിൽനിന്നു ഞാൻ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാന പാഠം യേശു നൽകിയ പാഠംതന്നെയാണ്. . . . ലോകത്തിലെ ഏറ്റവും പ്രായോഗികമായ സംഗതി സ്നേഹമാണ്.”
മനുഷ്യരോടുള്ള സ്നേഹം ബൈബിളിന്റെ എഴുത്തിനെ നിശ്വസ്തമാക്കാൻ ദൈവത്തെ പ്രേരിപ്പിച്ചു. ഗതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും കുറിച്ച് കൃത്യമായി പറയുന്നത് ബൈബിൾ മാത്രമാണ്. ബൈബിൾ പഠനത്തിനായി കുറച്ചെങ്കിലും സമയം ചെലവഴിച്ചുകൊണ്ട് ദയവായി അതിലെ ജീവദായക സന്ദേശം ഉൾക്കൊള്ളുക. അതു സാധ്യമാക്കുന്നതിനും യേശുവിന്റെ കൽപ്പനയോടുള്ള അനുസരണത്തിന്റെ ഭാഗമായും യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരുമായി ‘രാജ്യത്തിന്റെ സുവിശേഷം’ പങ്കുവെക്കുന്നു. ഇന്ന് ഈ സുവിശേഷം വെറുമൊരു പ്രവചനമാണെങ്കിൽ പെട്ടെന്നുതന്നെ അത് ഒരു യാഥാർഥ്യമായും ഗതകാല ചരിത്രമായും തീരും.—മത്തായി 24:14. (g01 3/8)
[9-ാം പേജിലെ ആകർഷകവാക്യം]
“എന്തൊക്കെയായാലും ബൈബിൾ വസ്തുനിഷ്ഠമാണ്!”—വെർനെർ കെല്ലർ
[10-ാം പേജിലെ ആകർഷകവാക്യം]
“ബൈബിളിലെ ആഴമായ ധാർമിക-ആത്മീയ ഉൾക്കാഴ്ച . . . രണ്ടോ മൂന്നോ സഹസ്രാബ്ദങ്ങൾ മുമ്പത്തെപ്പോലെതന്നെ ഇന്നും സത്യമാണ്.”—വില്യം ഓൾബ്രൈറ്റ്, പുരാവസ്തുശാസ്ത്രജ്ഞൻ
[10-ാം പേജിലെ ചിത്രങ്ങൾ]
ടൈറ്റസിന്റെ കമാനത്തിലെ കൊത്തുപണി പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തെ സ്ഥിരീകരിക്കുന്നു
[കടപ്പാട്]
Soprintendenza Archeologica di Roma