അധ്യായം 3
‘ഞാൻ താഴ്മ ഉള്ളവനാകുന്നു’
1-3. (എ) യേശു ഏതു വിധത്തിലാണ് യെരുശലേമിൽ പ്രവേശിച്ചത്? (ബി) കാഴ്ചക്കാരിൽ ചിലർ അമ്പരന്നുപോയിരിക്കാവുന്നത് എന്തുകൊണ്ട്?
യെരുശലേമിൽ ആകെയൊരു ആഘോഷത്തിന്റെ പ്രതീതിയാണ്. ഒരു വിശിഷ്ട വ്യക്തിയാണ് നഗരത്തിലേക്ക് എഴുന്നള്ളുന്നത്. അദ്ദേഹത്തെ വരവേൽക്കാനായി നഗരത്തിനു പുറത്ത്, വഴിയരികിൽ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. അദ്ദേഹം ദാവീദ് രാജാവിന്റെ പിൻഗാമിയാണെന്നും ഇസ്രായേലിനെ ഭരിക്കാൻ എന്തുകൊണ്ടും യോഗ്യനാണെന്നും ചിലർ അടക്കം പറയുന്നു. പലരുടെയും കൈയിൽ കുരുത്തോലകളുണ്ട്. ചിലർ വഴിയിൽ മേലങ്കികൾ വിരിക്കുന്നു, മറ്റുചിലർ മരച്ചില്ലകൾ നിരത്തുന്നു. (മത്തായി 21:7, 8; യോഹന്നാൻ 12:12, 13) അദ്ദേഹത്തിന്റെ എഴുന്നള്ളത്ത് വളരെ ഗംഭീരമായിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്.
2 രാജകീയ പ്രൗഢിയോടെയുള്ള ഒരു കാഴ്ചയായിരിക്കാം ചിലരെങ്കിലും പ്രതീക്ഷിക്കുന്നത്. അലങ്കാരബഹുലമായ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള പലരെയും ആ നഗരവാസികൾക്ക് അറിയാം. ദാവീദിന്റെ മകനായ അബ്ശാലോം തന്റെ എഴുന്നള്ളത്തിന്റെ സമയത്ത് രഥത്തിനു മുമ്പിലായി ഓടുവാൻ 50 പുരുഷന്മാരെ നിയമിച്ചിരുന്നു. (2 ശമൂവേൽ 15:1, 10) അതിലും ഗംഭീരമായിരുന്നു റോമൻ ചക്രവർത്തിയായ ജൂലിയസ് സീസറിന്റെ എഴുന്നള്ളത്ത്. ഒരിക്കൽ റോമൻ കാപ്പിറ്റോളിലേക്കുള്ള ജയോത്സവയാത്രയിൽ ദീപങ്ങളുമായി 40 ആനകൾ അദ്ദേഹത്തിന് അകമ്പടിയായുണ്ടായിരുന്നു. എന്നാൽ ഇവരെക്കാളൊക്കെ വിശിഷ്ടനായ ഒരാളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ യെരുശലേം നഗരം. തങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തി മിശിഹായാണെന്ന് ഈ ജനക്കൂട്ടം അറിയുന്നുണ്ടോ ആവോ? അതെന്തായാലും, ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും മഹാനായ മനുഷ്യൻ, യേശുവാണ് ആഗതനാകുന്നത്. യേശു വരുമ്പോൾ അവരിൽ ചിലരെങ്കിലും അമ്പരന്നുപോകും, തീർച്ച.
3 അതാ യേശു വരുന്നു! പക്ഷേ അകമ്പടിയായി കുതിരകളോ ആനകളോ രഥങ്ങളോ ഒന്നുമില്ല. ഒരു കഴുതക്കുട്ടിയുടെ, ഒരു ചുമട്ടുമൃഗത്തിന്റെ,a പുറത്തിരുന്നാണ് അവൻ വരുന്നത്. ആ മൃഗത്തിനോ അതിന്റെ പുറത്തിരിക്കുന്ന ആൾക്കോ ചമയങ്ങളൊന്നുമില്ല. കഴുതക്കുട്ടിയുടെ പുറത്തിട്ടിരിക്കുന്നത് വിലകൂടിയ ജീനിയല്ല; യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ നൽകിയ അങ്കികളാണ്. യേശുവിനെക്കാൾ താഴ്ന്നവരായ മനുഷ്യർ വലിയ ആഡംബരത്തോടും പ്രൗഢിയോടുംകൂടെ എഴുന്നള്ളത്ത് നടത്തിയിട്ടുണ്ടെന്നിരിക്കെ, ഇങ്ങനെ എളിയൊരു വിധത്തിൽ അവൻ യെരുശലേമിലേക്കു പ്രവേശിച്ചത് എന്തുകൊണ്ടാണ്?
4. മിശിഹൈക രാജാവ് യെരുശലേമിലേക്കു പ്രവേശിക്കുന്നതു സംബന്ധിച്ച് ബൈബിൾ എന്തു മുൻകൂട്ടിപ്പറഞ്ഞു?
4 യേശു പിൻവരുന്ന പ്രവചനം നിവർത്തിക്കുകയാണിവിടെ: “ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തു . . . കയറിവരുന്നു.” (സെഖര്യാവു 9:9) ദൈവത്തിന്റെ അഭിഷിക്തനായ മിശിഹാ, ദൈവത്തിന്റെ നിയുക്ത രാജാവായി ഒരിക്കൽ യെരുശലേം നിവാസികൾക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുമെന്ന് ഈ പ്രവചനം സൂചിപ്പിച്ചു. അവൻ അതു വെളിപ്പെടുത്തുന്ന വിധം—വിശേഷിച്ചും അവൻ ഒരു എളിയ മൃഗത്തിന്റെ പുറത്തേറിവരുന്നത്—അവന്റെ താഴ്മയെന്ന ഗുണത്തെ എടുത്തുകാട്ടുമായിരുന്നു.
5. (എ) യേശു കാണിച്ച താഴ്മയെക്കുറിച്ചു ചിന്തിക്കുന്തോറും അതു നമ്മെ ആഴത്തിൽ സ്വാധീനിക്കും എന്ന് പറയാവുന്നത് എന്തുകൊണ്ട്? (ബി) ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 യേശുവിന്റെ ഏറ്റവും ആകർഷകമായ ഗുണങ്ങളിലൊന്നാണ് താഴ്മ. അവന്റെ ഈ ഉത്കൃഷ്ട ഗുണത്തെക്കുറിച്ച് നാം ചിന്തിക്കുന്തോറും അതു നമ്മെ ആഴത്തിൽ സ്വാധീനിക്കും. മുൻ അധ്യായത്തിൽ കണ്ടുകഴിഞ്ഞതുപോലെ യേശു മാത്രമാണ് “വഴിയും സത്യവും ജീവനും.” (യോഹന്നാൻ 14:6) ദൈവത്തിന്റെ ഈ പുത്രനോളം ഔന്നത്യം ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള വേറെ ഒരാൾക്കും ഉണ്ടായിരുന്നിട്ടില്ല. എങ്കിലും അപൂർണ മനുഷ്യരിൽ ഒട്ടുമിക്കവരെയും പിടികൂടിയിട്ടുള്ള അഹങ്കാരത്തിന്റെ ഒരു കണികപോലും യേശുവിലില്ലായിരുന്നു. ക്രിസ്തുവിന്റെ അനുഗാമികളാകണമെങ്കിൽ അഹങ്കാരത്തിന്റെ കെണിയിലകപ്പെടാതെ നാം സൂക്ഷിക്കണം. (യാക്കോബ് 4:6) അഹങ്കാരം യഹോവ വെറുക്കുന്നു എന്ന കാര്യം ഓർക്കുക. അതിനാൽ യേശുവിനെ അനുകരിച്ചുകൊണ്ട് താഴ്മയുള്ളവരായിരിക്കാൻ നാം പഠിക്കണം.
താഴ്മയുടെ ഉത്തമ മാതൃക
6. (എ) താഴ്മയുള്ള ഒരാൾ എങ്ങനെയുള്ളവനായിരിക്കും? (ബി) മിശിഹാ താഴ്മയുള്ളവനായിരിക്കുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നത് എങ്ങനെ?
6 താഴ്മയുള്ള ഒരാൾക്ക് താൻ എളിയവനാണെന്ന ചിന്തയുണ്ടായിരിക്കും. അയാൾ അഹംഭാവിയോ ദുരഭിമാനിയോ ആയിരിക്കില്ല. താഴ്മ ഒരു ആന്തരിക സവിശേഷതയാണ്. ഒരു വ്യക്തിയുടെ സംസാരത്തിലും സ്വഭാവത്തിലും മറ്റുള്ളവരോടുള്ള ഇടപെടലുകളിലുമെല്ലാം ഈ ഗുണം പ്രകടമായിരിക്കും. മിശിഹാ താഴ്മയുള്ളവനായിരിക്കുമെന്ന് യഹോവ എങ്ങനെയാണ് മനസ്സിലാക്കിയത്? താഴ്മയുടെ കാര്യത്തിൽ, തന്റെ പുത്രൻ തന്നെ അതേപടി അനുകരിക്കുന്നവനാണെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (യോഹന്നാൻ 10:15) തന്റെ പുത്രൻ താഴ്മയോടെ പ്രവർത്തിക്കുന്നതും അവൻ നിരീക്ഷിച്ചിട്ടുണ്ട്. ഏതുവിധത്തിൽ?
7-9. (എ) സാത്താനുമായി വിയോജിപ്പുണ്ടായ സാഹചര്യത്തിൽ മീഖായേൽ താഴ്മ പ്രകടമാക്കിയത് എങ്ങനെ? (ബി) മീഖായേലിനെ അനുകരിച്ചുകൊണ്ട് ക്രിസ്ത്യാനികൾക്ക് എങ്ങനെ താഴ്മ കാണിക്കാനാകും?
7 അതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണം യൂദായുടെ പുസ്തകത്തിൽ കാണാം. ‘പ്രധാനദൂതനായ മീഖായേൽ, മോശയുടെ ശരീരം സംബന്ധിച്ച് പിശാചുമായി വിയോജിപ്പുണ്ടായിട്ട് അവനോടു വാദിക്കുമ്പോൾ അധിക്ഷേപവാക്കുകളാൽ അവനെ കുറ്റംവിധിക്കാൻ തുനിയാതെ, “യഹോവ നിന്നെ ഭർത്സിക്കട്ടെ” എന്നു പറഞ്ഞതേയുള്ളൂ’ എന്ന് യൂദാ 9 പറയുന്നു. പ്രധാനദൂതനെന്നനിലയിൽ അഥവാ യഹോവയുടെ സ്വർഗീയ ദൂതസേനയുടെ അധിപനെന്നനിലയിൽ മീഖായേൽ എന്ന പേര് യേശുവിനു ബാധകമാകുന്നു.b (1 തെസ്സലോനിക്യർ 4:16) ഭൂമിയിലേക്കു വരുന്നതിനുമുമ്പും അതിനുശേഷവും അവനെ ഈ പേരിനാൽ ബൈബിൾ വിശേഷിപ്പിക്കുന്നുണ്ട്. സാത്താനുമായുള്ള വിയോജിപ്പ് മീഖായേൽ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നു ശ്രദ്ധിക്കുക.
8 മോശെയുടെ ശരീരംകൊണ്ട് എന്തു ചെയ്യാനാണ് സാത്താൻ ആഗ്രഹിച്ചത് എന്ന് യൂദായുടെ വിവരണം പറയുന്നില്ല. എന്നാൽ പിശാചിന് നീചമായ എന്തോ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് വ്യക്തം. വിശ്വസ്തനായ ആ മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങൾ, വ്യാജാരാധന ഊട്ടിവളർത്തുന്നതിനുള്ള ഒരുപാധിയാക്കാമെന്ന് ഒരുപക്ഷേ സാത്താൻ കണക്കുകൂട്ടിയിരിക്കാം. സാത്താന്റെ ആ കുടില നീക്കത്തെ മീഖായേൽ എതിർത്തെങ്കിലും ആ അവസരത്തിൽ അവൻ അസാമാന്യ ആത്മനിയന്ത്രണം പാലിച്ചു. സാത്താൻ കടുത്ത ശാസന അർഹിച്ചെങ്കിലും അത് നൽകാൻ മീഖായേൽ അപ്പോൾ തുനിഞ്ഞില്ല. കാരണം ന്യായവിധിക്കുള്ള പൂർണ അധികാരം അവന് അപ്പോൾ ലഭിച്ചിട്ടില്ലായിരുന്നു. സാത്താനെ ഭർത്സിക്കാനുള്ള അധികാരം യഹോവയ്ക്കു മാത്രമേയുള്ളൂവെന്ന് അവന് അറിയാമായിരുന്നു. (യോഹന്നാൻ 5:22) പ്രധാനദൂതനെന്നനിലയിൽ മീഖായേലിന് വലിയ അധികാരമുണ്ടായിരുന്നു. എന്നിരുന്നാലും കൂടുതലായ അധികാരം കയ്യാളാൻ ശ്രമിക്കാതെ അവൻ താഴ്മയോടെ യഹോവയ്ക്കു കീഴ്പ്പെട്ടിരുന്നു. താഴ്മയ്ക്കുപുറമേ അവന് എളിമയും ഉണ്ടായിരുന്നു. അതെ, അവൻ തന്റെ പരിമിതികളെക്കുറിച്ചു ബോധവാനായിരുന്നു.
9 ഈ വിവരണം രേഖപ്പെടുത്താൻ ദൈവം യൂദായെ നിശ്വസ്തനാക്കിയത് ഒരു ഉദ്ദേശ്യത്തോടെയായിരുന്നു. യൂദായുടെ നാളിലെ ചില ക്രിസ്ത്യാനികൾ താഴ്മയുള്ളവരായിരുന്നില്ല. അവർ അഹങ്കാരത്തോടെ ‘തങ്ങൾക്കു മനസ്സിലാകാത്തതിനെയെല്ലാം ദുഷിച്ചു’ സംസാരിച്ചിരുന്നു. (യൂദാ 10) അപൂർണ മനുഷ്യരായ നമ്മെ എത്ര എളുപ്പത്തിലാണ് അഹങ്കാരം പിടികൂടുന്നത്! ക്രിസ്തീയ സഭയിൽ, മൂപ്പന്മാരുടെ സംഘം എടുക്കുന്ന ഒരു തീരുമാനമോ മറ്റോ നമുക്കു മനസ്സിലാകാതെ വന്നാൽ നാം എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്? അത്തരമൊരു തീരുമാനത്തിനു പിന്നിലെ എല്ലാ വസ്തുതകളും അറിയില്ലെന്നിരിക്കെ, നാം അതിനെ വിമർശിച്ചു സംസാരിക്കുകയാണെങ്കിൽ നമുക്ക് താഴ്മയുണ്ടെന്നു പറയാനാകുമോ? അതുകൊണ്ട് നമുക്ക് മീഖായേലിനെ അഥവാ യേശുവിനെ അനുകരിച്ചുകൊണ്ട് ദൈവം നമ്മെ അധികാരപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെ വിധിക്കാതിരിക്കാം.
10, 11. (എ) ഭൂമിയിലേക്കു വരാൻ ദൈവപുത്രൻ കാണിച്ച മനസ്സൊരുക്കം ഏറെ ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ താഴ്മ നമുക്ക് എങ്ങനെ പകർത്താം?
10 ഭൂമിയിലേക്കു വരാനുള്ള നിയമനം സ്വീകരിച്ചുകൊണ്ടും ദൈവപുത്രൻ താഴ്മ കാണിച്ചു. അവന് അതിനായി എന്തെല്ലാമാണ് ഉപേക്ഷിക്കേണ്ടിവന്നതെന്ന് ചിന്തിക്കുക. അവൻ പ്രധാനദൂതനായിരുന്നു. “വചനം” അഥവാ യഹോവയുടെ വക്താവ് ആയിരിക്കാനുള്ള പദവി അവനുണ്ടായിരുന്നു. (യോഹന്നാൻ 1:1-3) സ്വർഗത്തിൽ, “വിശുദ്ധിയും മഹത്വവുമുള്ള (യഹോവയുടെ) വാസസ്ഥല”ത്താണ് അവൻ വസിച്ചിരുന്നത്. (യെശയ്യാവു 63:15) എന്നിരുന്നാലും ദൈവപുത്രൻ “തനിക്കുള്ളതെല്ലാം വിട്ട് ദാസരൂപം എടുത്ത് മനുഷ്യനായിത്തീർന്നു.” (ഫിലിപ്പിയർ 2:7) ഇനി, ഭൂമിയിലെ അവന്റെ നിയമനത്തിൽ ഉൾപ്പെട്ടിരുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. ദൈവം അവന്റെ ജീവൻ ഒരു യഹൂദ കന്യകയുടെ ഉദരത്തിലേക്കു മാറ്റി. മറ്റേതൊരു കുഞ്ഞിന്റെയും കാര്യത്തിലെന്നപോലെ ഒൻപതുമാസം അവൻ തന്റെ അമ്മയുടെ ഉദരത്തിൽ കഴിയണമായിരുന്നു. അതിനുശേഷം അവൻ നിസ്സഹായനായ ഒരു ശിശുവായി ഭൂമിയിലേക്കു പിറന്നുവീണു, അതും ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ കുടുംബത്തിൽ. പിന്നെ അവൻ വളർന്ന് ഒരു ബാലനായി, ഒരു യുവാവായി. പൂർണനായിരുന്നെങ്കിലും യൗവനകാലത്തുടനീളം അവൻ തന്റെ അപൂർണരായ മാതാപിതാക്കൾക്കു കീഴ്പെട്ടു ജീവിച്ചു. (ലൂക്കോസ് 2:40, 51, 52) താഴ്മയുടെ എത്ര മുന്തിയ ദൃഷ്ടാന്തം!
11 എളിയതെന്നു തോന്നുന്ന നിയമനങ്ങൾ മനസ്സോടെ സ്വീകരിച്ചുകൊണ്ട് നമുക്ക് യേശുവിനെ അനുകരിക്കാനാകുമോ? ഉദാഹരണത്തിന്, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കാനുള്ള നിയമനം തികച്ചും എളിയ ഒരു വേലയാണെന്നു നമുക്കു തോന്നിയേക്കാം, വിശേഷിച്ചും ആളുകൾ നിസ്സംഗത കാട്ടുകയും പരിഹസിക്കുകയും എതിർക്കുകയുമൊക്കെ ചെയ്യുമ്പോൾ. (മത്തായി 28:19, 20) എന്നാൽ നാം ഈ വേലയിൽ സഹിഷ്ണുതയോടെ തുടരുമ്പോൾ അനേകം ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്കാകും. ഇനി, നമുക്ക് അതിനായില്ലെങ്കിൽത്തന്നെ താഴ്മ എന്താണെന്ന് നന്നായി പഠിക്കാനുള്ള അവസരങ്ങളാണ് ഈ വേലയിലൂടെ നമുക്കു ലഭിക്കുന്നത്. അങ്ങനെ നമ്മുടെ നായകനായ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ അടുത്തു പിൻപറ്റാൻ നമുക്കു കഴിയും.
മനുഷ്യരൂപത്തിലായിരിക്കുമ്പോഴും താഴ്മ കാണിച്ചു
12-14. (എ) ആളുകൾ യേശുവിനെ പുകഴ്ത്തിയപ്പോൾ അവൻ താഴ്മ കാണിച്ചത് എങ്ങനെ? (ബി) യേശു ആളുകളോട് താഴ്മയോടെ ഇടപെട്ടതിന് ഉദാഹരണങ്ങൾ നൽകുക. (സി) മറ്റുള്ളവരിൽ മതിപ്പുളവാക്കുക എന്ന ലക്ഷ്യത്തിലല്ല യേശു താഴ്മ പ്രകടിപ്പിച്ചത് എന്നു പറയുന്നത് എന്തുകൊണ്ട്?
12 തുടക്കംമുതൽ അവസാനംവരെ യേശുവിന്റെ ശുശ്രൂഷയിൽ താഴ്മ പ്രകടമായിരുന്നു. അവൻ എല്ലായ്പോഴും താഴ്മയോടെ മഹത്വം തന്റെ പിതാവിലേക്കു തിരിച്ചുവിട്ടു. അവന്റെ വാക്കുകളിൽ പ്രതിഫലിച്ച ജ്ഞാനത്തെയും അവന്റെ വീര്യപ്രവൃത്തികളെയും അവന്റെ സ്വഭാവവൈശിഷ്ട്യത്തെയുമെല്ലാം ആളുകൾ പലപ്പോഴും പുകഴ്ത്തിയിരുന്നു. എന്നാൽ അങ്ങനെയുള്ള അവസരങ്ങളിലെല്ലാം യേശു ആ മഹത്വം യഹോവയ്ക്കു നൽകി.—മർക്കോസ് 10:17, 18; യോഹന്നാൻ 7:15, 16.
13 അവൻ ആളുകളോട് ഇടപെട്ടതും താഴ്മയോടെയാണ്. താൻ ഭൂമിയിലേക്കു വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, മറ്റുള്ളവരെ ശുശ്രൂഷിക്കാനാണെന്ന് യേശു വ്യക്തമാക്കി. (മത്തായി 20:28) ആളുകളോട് സൗമ്യതയോടും ന്യായബോധത്തോടും കൂടെ ഇടപെട്ടുകൊണ്ട് അവൻ താഴ്മ കാണിച്ചു. ശിഷ്യന്മാർ അവനെ നിരാശപ്പെടുത്തിയപ്പോഴും അവൻ അവരെ ശകാരിച്ചില്ല; പകരം ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. (മത്തായി 26:39-41) വിശ്രമവും സ്വകാര്യതയും അവൻ ആഗ്രഹിച്ച അവസരങ്ങളിൽ ആളുകൾ അവനെ തേടിയെത്തിയപ്പോൾ അവൻ അവരെ മടക്കി അയച്ചില്ല. സ്വന്തം കാര്യം മാറ്റിവെച്ച് “അവൻ പല കാര്യങ്ങളും അവരെ പഠിപ്പിക്കാൻതുടങ്ങി.” (മർക്കോസ് 6:30-34) മറ്റൊരവസരത്തിൽ ഒരു വിജാതീയ സ്ത്രീ തന്റെ മകളെ സുഖപ്പെടുത്താൻ യാചിച്ചുകൊണ്ട് അവന്റെ അടുക്കൽ വന്നു. ആദ്യം, താൻ അതു ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവൻ വളരെ ശാന്തമായി സൂചിപ്പിച്ചു. എങ്കിലും ആ സ്ത്രീയുടെ അസാധാരണമായ വിശ്വാസം കണ്ട് അവൻ അവളുടെ ആവശ്യം നിറവേറ്റിക്കൊടുത്തു. ഇതേക്കുറിച്ച് നാം 14-ാം അധ്യായത്തിൽ പഠിക്കുന്നതായിരിക്കും.—മത്തായി 15:22-28.
14 ‘ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാണ്’ എന്ന് യേശു പറഞ്ഞു. (മത്തായി 11:29) ആ പ്രസ്താവനയ്ക്കു ചേർച്ചയിലാണ് അവൻ ജീവിച്ചതും. അവന്റെ താഴ്മ കേവലം ഒരു ബാഹ്യപ്രകടനമല്ലായിരുന്നു; ആളുകളിൽ മതിപ്പുളവാക്കുക എന്ന ലക്ഷ്യത്തിലല്ല അവൻ വിനയത്തോടെ പെരുമാറിയത്. അത് അവന്റെ ഉള്ളിന്റെയുള്ളിൽനിന്നു വന്ന ഒരു ഗുണമായിരുന്നു. തന്റെ അനുഗാമികളെ താഴ്മയുള്ളവരായിരിക്കാൻ പഠിപ്പിക്കുന്നതിന് അവൻ ഏറെ പ്രാധാന്യം നൽകിയതിൽ അതിശയിക്കാനില്ല.
താഴ്മയുള്ളവരായിരിക്കാൻ അനുഗാമികളെ പഠിപ്പിക്കുന്നു
15, 16. ലോകത്തിലെ ഭരണാധികാരികളിൽനിന്നു വ്യത്യസ്തമായി തന്റെ അനുഗാമികൾക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണമെന്നാണ് യേശു പറഞ്ഞത്?
15 താഴ്മ എന്ന ഗുണം വളർത്തിയെടുക്കുന്ന കാര്യത്തിൽ യേശുവിന്റെ അപ്പൊസ്തലന്മാർ വളരെ പുറകോട്ടായിരുന്നു. താഴ്മയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ യേശുവിന് പലയാവർത്തി ശ്രമിക്കേണ്ടിവന്നു. ഉദാഹരണത്തിന്, ഒരിക്കൽ യാക്കോബും യോഹന്നാനും അവരുടെ അമ്മയിലൂടെ യേശുവിനോട് ഒരു ആവശ്യം ഉണർത്തിച്ചു. ദൈവരാജ്യത്തിൽ ഉന്നതസ്ഥാനങ്ങൾ നൽകാമെന്ന ഉറപ്പായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. യേശു സവിനയം ഇങ്ങനെ മറുപടി നൽകി: “എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്.” ഇതു കേട്ടിട്ട് ബാക്കി പത്ത് അപ്പൊസ്തലന്മാർ അവരോട് “നീരസപ്പെട്ടു.” (മത്തായി 20:20-24) യേശു ഈ പ്രശ്നം എങ്ങനെയാണു കൈകാര്യം ചെയ്തത്?
16 അവൻ ദയയോടെ അവരെ തിരുത്തി: “ജനതകളുടെ ഭരണകർത്താക്കൾ അവരുടെമേൽ ആധിപത്യം നടത്തുന്നെന്നും പ്രമാണിമാർ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾ അറിയുന്നുവല്ലോ. എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്; നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ദാസൻ ആയിരിക്കണം.” (മത്തായി 20:25-27) “ജനതകളുടെ ഭരണകർത്താക്കൾ” എത്ര അഹങ്കാരികളും സ്ഥാനമോഹികളും സ്വാർഥരുമാണെന്ന് അപ്പൊസ്തലന്മാർ നേരിട്ടു കണ്ടിരിക്കാനിടയുണ്ട്. എന്നാൽ തന്റെ അനുഗാമികൾ അധികാരക്കൊതിയന്മാരായ ഈ സ്വേച്ഛാധിപതികളിൽനിന്നു വ്യത്യസ്തരായിരിക്കണമെന്ന് യേശു കാണിച്ചുകൊടുത്തു. അതെ, അവർ താഴ്മയുള്ളവരായിരിക്കണമായിരുന്നു. അപ്പൊസ്തലന്മാർ അത് ഗ്രഹിച്ചുവോ?
17-19. (എ) തന്റെ മരണത്തിന്റെ തലേ രാത്രിയിൽ അവിസ്മരണീയമായ ഏതുവിധത്തിലാണ് താഴ്മയെപ്പറ്റി യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്? (ബി) ഏറ്റവും ശക്തമായ വിധത്തിൽ യേശു താഴ്മയെപ്പറ്റി പഠിപ്പിച്ചത് എങ്ങനെ?
17 അവരെ സംബന്ധിച്ചിടത്തോളം അത് എളുപ്പമായിരുന്നില്ല. ഈ പാഠം ഉൾക്കൊള്ളാൻ യേശു അവരെ സഹായിക്കുന്നത് ഇത് ആദ്യത്തെയോ അവസാനത്തെയോ തവണയല്ല. തങ്ങളിൽ ആരാണ് വലിയവൻ എന്ന് അവർക്കിടയിൽ ഒരു തർക്കമുണ്ടായപ്പോൾ യേശു ഒരു കൊച്ചുകുട്ടിയെ അവരുടെ ഇടയിൽ നിറുത്തിയിട്ട് അവർ കുട്ടികളെപ്പോലെയായിത്തീരണമെന്ന് ഉപദേശിച്ചിരുന്നു. മുതിർന്നവർക്കുള്ളതുപോലുള്ള ദുരഭിമാനമോ അധികാരമോഹമോ വലിയ ആളാകണമെന്ന ചിന്തയോ ഒന്നും കുട്ടികൾക്കില്ല. അതുകൊണ്ടാണ് അവർ മനംതിരിഞ്ഞ് കുട്ടികളെപ്പോലെയാകണമെന്ന് അവൻ പറഞ്ഞത്. (മത്തായി 18:1-4) എന്നാൽ തന്റെ മരണത്തിന്റെ തലേ രാത്രിയിൽപ്പോലും, അഹങ്കാരത്തിന്റെ പിടിയിൽനിന്ന് ശിഷ്യന്മാർ മോചിതരായിട്ടില്ലെന്ന് യേശു മനസ്സിലാക്കി. ആ അവസരത്തിൽ യേശു അവിസ്മരണീയമായ ഒരു പാഠം അവരെ പഠിപ്പിച്ചു. അവൻ ഒരു തോർത്തെടുത്ത് അരയിൽച്ചുറ്റി തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകാൻതുടങ്ങി, തന്നെ ഒറ്റിക്കൊടുക്കാനിരുന്ന യൂദായുടേതുൾപ്പെടെ. അന്നത്തെ കാലത്ത് വീട്ടുവേലക്കാർ അതിഥികൾക്കായി ചെയ്തിരുന്ന ഒരു സേവനമായിരുന്നു അത്.—യോഹന്നാൻ 13:1-11.
18 “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യേശു കാര്യം വ്യക്തമാക്കി. (യോഹന്നാൻ 13:15) എന്നാൽ ഈ പാഠം അവരുടെ ഹൃദയത്തിലെത്തിയോ? ഇല്ലെന്നു തോന്നുന്നു. ആ രാത്രിയിൽത്തന്നെ അവർ വീണ്ടും ആരാണ് തങ്ങളിൽ വലിയവൻ എന്ന തർക്കത്തിലേർപ്പെട്ടു. (ലൂക്കോസ് 22:24-27) എന്നിട്ടും യേശു ക്ഷമയോടും താഴ്മയോടും കൂടെ അവരെ വീണ്ടും തിരുത്താൻ ശ്രമിച്ചു. തുടർന്ന് അവൻ ഏറ്റവും ശക്തമായ വിധത്തിൽ അവർക്ക് താഴ്മ എന്താണെന്നു മനസ്സിലാക്കിക്കൊടുത്തു: “(അവൻ) തന്നെത്തന്നെ താഴ്ത്തി മരണത്തോളം, ദണ്ഡനസ്തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായി.” (ഫിലിപ്പിയർ 2:8) കുറ്റവാളിയും ദൈവദൂഷകനുമെന്ന് മുദ്രകുത്തപ്പെട്ട് നിന്ദാകരമായ മരണത്തിന് അവൻ വിധേയനായി. അങ്ങനെ ദൈവപുത്രനിൽ, യഹോവയുടെ മറ്റൊരു സൃഷ്ടിയിലും കാണപ്പെടാത്തവിധം താഴ്മ അതിന്റെ പൂർണതയിൽ ദൃശ്യമായി.
19 ഒരുപക്ഷേ താഴ്മ എന്ന ഗുണത്തോടു ബന്ധപ്പെട്ട് യേശു അവസാനമായി നൽകിയ ഈ പാഠമായിരിക്കാം അവന്റെ വിശ്വസ്ത അപ്പൊസ്തലന്മാരുടെ ഹൃദയങ്ങളിൽ പതിഞ്ഞത്. യേശു മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞും, താഴ്മയുടെ പ്രാധാന്യം ഈ ശിഷ്യന്മാർ വിസ്മരിച്ചില്ലെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ആകട്ടെ, നമ്മുടെ കാര്യമോ?
നിങ്ങൾ യേശുവിന്റെ മാതൃക പകർത്തുമോ?
20. താഴ്മയുള്ള ഹൃദയം നമുക്കുണ്ടോ എന്ന് എങ്ങനെ അറിയാം?
20 “ക്രിസ്തുയേശുവിന് ഉണ്ടായിരുന്ന അതേ മനോഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” എന്ന് പൗലോസ് നമ്മെ ഓരോരുത്തരെയും ഉപദേശിക്കുന്നു. (ഫിലിപ്പിയർ 2:5) യേശുവിനെപ്പോലെ താഴ്മയുള്ള ഒരു ഹൃദയം നമുക്കും ഉണ്ടായിരിക്കണം. അങ്ങനെയൊരു ഹൃദയം നമുക്കുണ്ടോയെന്ന് എങ്ങനെ അറിയാം? “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുവിൻ” എന്ന് പൗലോസ് നമ്മെ ഓർമിപ്പിക്കുന്നു. (ഫിലിപ്പിയർ 2:3) അപ്പോൾ, നമുക്ക് താഴ്മയുണ്ടോ എന്ന് അറിയാനുള്ള പ്രധാനപ്പെട്ട വിധം ഇതാണ്: നാം മറ്റുള്ളവരെ എങ്ങനെ വീക്ഷിക്കുന്നു എന്ന് സ്വയം ചോദിക്കുക. മറ്റുള്ളവരെ നാം നമ്മെക്കാൾ ഉയർന്നവരായി കാണണം. പൗലോസിന്റെ ആ ഉപദേശം നിങ്ങൾ സ്വീകരിക്കുമോ?
21, 22. (എ) ക്രിസ്തീയ മേൽവിചാരകന്മാർ താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) നാം താഴ്മ ധരിച്ചവരാണെന്ന് എങ്ങനെ കാണിക്കാനാകും?
21 യേശു മരിച്ച് വർഷങ്ങൾ കഴിഞ്ഞും അപ്പൊസ്തലനായ പത്രോസ് താഴ്മയുടെ പ്രാധാന്യം വിസ്മരിച്ചില്ല. തങ്ങളുടെ കർത്തവ്യങ്ങൾ താഴ്മയോടെ നിർവഹിക്കണമെന്നും യഹോവയുടെ ആട്ടിൻകൂട്ടത്തിന്മേൽ ആധിപത്യം പുലർത്തരുതെന്നും ക്രിസ്തീയ മേൽവിചാരകന്മാരെ പത്രോസ് ഉപദേശിച്ചു. (1 പത്രോസ് 5:2, 3) ഉത്തരവാദിത്വങ്ങൾ അഹങ്കരിക്കാനുള്ള ലൈസൻസല്ല. മറിച്ച് ഉത്തരവാദിത്വങ്ങൾ ഏറുന്തോറും ഒരു വ്യക്തി കൂടുതൽ താഴ്മയുള്ളവനാകേണ്ടതാണ്. (ലൂക്കോസ് 12:48) ക്രിസ്തീയ മേൽവിചാരകന്മാർക്കു മാത്രമല്ല, ഓരോ ക്രിസ്ത്യാനിക്കും ഈ ഗുണം ഉണ്ടായിരിക്കണം.
22 തന്റെ എതിർപ്പു വകവെക്കാതെ യേശു തന്റെ കാലുകൾ കഴുകിയ ആ സംഭവം പത്രോസിന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല. (യോഹന്നാൻ 13:6-10) പത്രോസ് ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “അന്യോന്യം ഇടപെടുന്നതിൽ നിങ്ങൾ എല്ലാവരും താഴ്മ ധരിച്ചുകൊള്ളുവിൻ.” (1 പത്രോസ് 5:5) മൂലഭാഷയിൽ, “ധരിച്ചുകൊള്ളുവിൻ” എന്ന പ്രയോഗം ഒരു ദാസനോ ദാസിയോ എളിയ ജോലികൾ ചെയ്യാനായി അരയിൽ ഒരു തുണി ചുറ്റുന്നതിനെ സൂചിപ്പിക്കുന്നു. ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നതിനുമുമ്പായി യേശു ഒരു തോർത്തെടുത്ത് അരയിൽ ചുറ്റിയ രംഗം നമ്മുടെ മനസ്സിലേക്ക് ഇപ്പോൾ ഓടിയെത്തിയേക്കാം. നാം യേശുവിനെ അനുഗമിക്കുന്നവരാണെങ്കിൽ ദൈവത്തിൽനിന്നുള്ള ഏതെങ്കിലും നിയമനം നമ്മുടെ അന്തസ്സിനു ചേരാത്തതായി നമുക്കു തോന്നുമോ? നമ്മുടെ ഹൃദയത്തിലെ താഴ്മയെന്ന ഗുണം ഏവർക്കും ദൃശ്യമായിരിക്കണം, ആ ഗുണം നാം ധരിച്ചാലെന്നപോലെ.
23, 24. (എ) അഹങ്കരിക്കാനുള്ള ചായ്വിനെ നാം ചെറുത്തുതോൽപ്പിക്കേണ്ടത് എന്തുകൊണ്ട്? (ബി) താഴ്മയെക്കുറിച്ചുള്ള ഏതു തെറ്റിദ്ധാരണ മാറ്റാൻ പിൻവരുന്ന അധ്യായം സഹായിക്കും?
23 അഹങ്കാരം വിഷമാണ്. അത് നമ്മെ നാശത്തിലേക്കേ നയിക്കൂ. ധാരാളം കഴിവുകളും പ്രാപ്തികളുമുള്ള ഒരാളാണെങ്കിൽപ്പോലും അയാൾ അഹങ്കാരിയാണെങ്കിൽ ദൈവദൃഷ്ടിയിൽ അയാൾ യാതൊരു ഉപയോഗവുമില്ലാത്തവനായിരിക്കും. എന്നാൽ വലിയ കഴിവുകളൊന്നുമില്ലെങ്കിലും ഒരു വ്യക്തി താഴ്മയുള്ളവനാണെങ്കിൽ ദൈവം അയാളെ പലവിധങ്ങളിൽ ഉപയോഗിക്കും. ക്രിസ്തുവിന്റെ കാൽച്ചുവടുകളെ പിന്തുടർന്ന് നാം താഴ്മയോടെ നടക്കുകയാണെങ്കിൽ പ്രതിഫലം വലുതായിരിക്കും. “ദൈവം തക്കസമയത്തു നിങ്ങളെ ഉയർത്തേണ്ടതിന് അവന്റെ കരുത്തുറ്റ കൈക്കീഴിൽ താഴ്മയോടിരിക്കുവിൻ” എന്ന് പത്രോസ് എഴുതി. (1 പത്രോസ് 5:6) തന്നെത്തന്നെ താഴ്ത്തിയ യേശുവിനെ യഹോവ ഉയർത്തുകതന്നെ ചെയ്തു. നാം താഴ്മ കാണിച്ചാൽ യഹോവ സന്തോഷത്തോടെ നമുക്കും പ്രതിഫലം നൽകും.
24 സങ്കടകരമെന്നു പറയട്ടെ, താഴ്മയെ ഒരു ബലഹീനതയായിട്ടാണ് ചിലർ കരുതുന്നത്. എന്നാൽ ആ ധാരണ എത്ര തെറ്റാണെന്നു മനസ്സിലാക്കാൻ യേശുവിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു. കാരണം ഏറ്റവും താഴ്മയുള്ളവനായ യേശു ഏറ്റവും ധൈര്യശാലിയുമായിരുന്നു. അടുത്ത അധ്യായത്തിൽ നാം അതേക്കുറിച്ച് ചിന്തിക്കും.
a ഈ സംഭവത്തെക്കുറിച്ച് വിവരിക്കവെ, ഒരു റഫറൻസ് പുസ്തകം പറയുന്നത് ഇവ “ഒട്ടും തലയെടുപ്പില്ലാത്ത” മൃഗങ്ങളാണെന്നാണ്. “പാവപ്പെട്ടവർ പണിയെടുക്കാൻ ഉപയോഗിക്കുന്ന ഈ മൃഗങ്ങൾ വേഗത കുറഞ്ഞ, . . . വലിയ അഴകില്ലാത്ത ജന്തുക്കളാണ്” എന്നും ഈ പുസ്തകം കൂട്ടിച്ചേർക്കുന്നു.
b മീഖായേൽ യേശുതന്നെയാണ് എന്നതിനുള്ള കൂടുതൽ തെളിവുകൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്കത്തിന്റെ 218-19 പേജുകൾ കാണുക.