നിങ്ങളുടെ “രക്ഷയുടെ പ്രത്യാശ” ശോഭനമാക്കി നിറുത്തുക!
‘ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശ ധരിച്ചുകൊൾക.’—1 തെസ്സലൊനീക്യർ 5:8.
1. “രക്ഷയുടെ പ്രത്യാശ” സഹിച്ചുനിൽക്കാൻ സഹായിക്കുന്നത് എങ്ങനെ?
രക്ഷപ്പെടാൻ സാധിക്കുമെന്ന പ്രത്യാശ ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളിൽ പോലും പിടിച്ചുനിൽക്കാൻ ഒരുവനെ സഹായിച്ചേക്കാം. കപ്പൽച്ചേതത്തിൽ അകപ്പെട്ടിട്ട് ഒരു പൊങ്ങുതടിയിൽ പിടിച്ച് കടലിൽ കിടക്കുന്ന വ്യക്തിക്ക് ഉടൻതന്നെ സഹായം ലഭിക്കുമെന്ന് അറിഞ്ഞാൽ കൂടുതൽ നേരം പിടിച്ചുനിൽക്കാനാകും. സമാനമായി, ‘യഹോവ നൽകുന്ന രക്ഷ’യെ കുറിച്ചുള്ള പ്രത്യാശ വിശ്വാസമുള്ള സ്ത്രീപുരുഷന്മാരെ പ്രയാസ ഘട്ടങ്ങളിൽ സഹിച്ചുനിൽക്കാൻ എക്കാലത്തും പ്രാപ്തരാക്കിയിട്ടുണ്ട്. (പുറപ്പാടു 14:13; സങ്കീർത്തനം 3:8; റോമർ 5:5; 9:33) പൗലൊസ് അപ്പൊസ്തലൻ “രക്ഷയുടെ പ്രത്യാശ”യെ ഒരു ക്രിസ്ത്യാനിയുടെ ആത്മീയ പടച്ചട്ടയിലെ “ശിരസ്ത്ര”ത്തോട് ഉപമിച്ചു. (1 തെസ്സലൊനീക്യർ 5:8; എഫെസ്യർ 6:17) അതേ, ദൈവം നമ്മെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നത് പ്രതികൂല സാഹചര്യങ്ങളും എതിർപ്പും പ്രലോഭനവും ഗണ്യമാക്കാതെ സുബോധം നിലനിറുത്താൻ നമ്മെ സഹായിച്ചുകൊണ്ട് നമ്മുടെ ചിന്താപ്രാപ്തികളെ സംരക്ഷിക്കുന്നു.
2. ഏതു വിധങ്ങളിലാണ് “രക്ഷയുടെ പ്രത്യാശ” സത്യാരാധനയുടെ അടിസ്ഥാന ഘടകമായിരിക്കുന്നത്?
2 “ഭാവിയെ കുറിച്ചുള്ള പ്രത്യാശ” ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു ചുറ്റുമുണ്ടായിരുന്ന “പുറജാതീയ ലോകത്തിന്റെ ഒരു സ്വഭാവ സവിശേഷത അല്ലായിരുന്നു” എന്ന് ദി ഇന്റർനാഷനൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. (എഫെസ്യർ 2:12; 1 തെസ്സലൊനീക്യർ 4:13) അതേസമയം, “രക്ഷയുടെ പ്രത്യാശ” സത്യാരാധനയുടെ ഒരു അടിസ്ഥാന ഘടകമാണ്. എങ്ങനെ? ഒന്നാമതായി, യഹോവയുടെ ദാസന്മാരുടെ രക്ഷ അവന്റെ നാമത്തോടു ബന്ധപ്പെട്ടിരിക്കുന്നു. സങ്കീർത്തനക്കാരനായ ആസാഫ് ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവി”ക്കേണമേ. (സങ്കീർത്തനം 79:9; യെഹെസ്കേൽ 20:9) തന്നെയുമല്ല, യഹോവയുമായി നല്ല ബന്ധം ആസ്വദിക്കുന്നതിന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങളിൽ വിശ്വാസം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൗലൊസ് അത് ഇപ്രകാരം വിവരിച്ചു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) അനുതാപമുള്ളവർക്കു രക്ഷ പ്രദാനം ചെയ്യുക എന്നത് യേശു ഭൂമിയിൽ വന്നതിന്റെ ഒരു അടിസ്ഥാന കാരണമായിരുന്നെന്നും പൗലൊസ് വിശദീകരിച്ചു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ.” (1 തിമൊഥെയൊസ് 1:15) പത്രൊസ് അപ്പൊസ്തലൻ രക്ഷയെ ‘നമ്മുടെ വിശ്വാസത്തിന്റെ അന്തം’ അഥവാ അന്തിമ ഫലം എന്നു വിളിച്ചു. (1 പത്രൊസ് 1:9) വ്യക്തമായും, രക്ഷയ്ക്കു വേണ്ടി പ്രത്യാശിക്കുന്നത് ഉചിതമാണ്. എന്നാൽ വാസ്തവത്തിൽ, രക്ഷ എന്നു പറഞ്ഞാൽ എന്താണ്? അതു നേടാൻ എന്താണ് ആവശ്യമായിരിക്കുന്നത്?
‘രക്ഷ’ എന്നാൽ എന്താണ്?
3. യഹോവയുടെ പുരാതനകാല ദാസന്മാർക്ക് ഏതു തരത്തിലുള്ള രക്ഷയാണു ലഭിച്ചത്?
3 എബ്രായ തിരുവെഴുത്തുകളിൽ “രക്ഷ” എന്നത് സാധാരണഗതിയിൽ അടിച്ചമർത്തലിൽനിന്നോ അകാലത്തിൽ കൊല്ലപ്പെടുന്നതിൽനിന്നോ ഉള്ള വിടുതലിനെ അല്ലെങ്കിൽ മോചനത്തെയാണ് അർഥമാക്കുന്നത്. ദൃഷ്ടാന്തത്തിന് യഹോവയെ ‘രക്ഷകൻ’ എന്നു വിളിച്ചുകൊണ്ട് ദാവീദ് ഇങ്ങനെ പറഞ്ഞു: “എന്റെ പാറയായ ദൈവം; . . . എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു [അവൻ] എന്നെ രക്ഷിക്കും.” (2 ശമൂവേൽ 22:2-4) തന്റെ വിശ്വസ്ത ദാസന്മാർ സഹായത്തിനായി നിലവിളിക്കുമ്പോൾ യഹോവ ശ്രദ്ധിക്കുമെന്നു ദാവീദിന് അറിയാമായിരുന്നു.—സങ്കീർത്തനം 31:22, 23; 145:19.
4. യഹോവയുടെ ക്രിസ്തീയപൂർവ ദാസന്മാർ ഭാവി ജീവിതത്തെ കുറിച്ച് എന്തു പ്രത്യാശ വെച്ചുപുലർത്തിയിരുന്നു?
4 യഹോവയുടെ ക്രിസ്തീയപൂർവ ദാസന്മാർ ഒരു ഭാവി ജീവിതത്തെ കുറിച്ചുള്ള പ്രത്യാശയും വെച്ചുപുലർത്തിയിരുന്നു. (ഇയ്യോബ് 14:13-15; യെശയ്യാവു 25:8; ദാനീയേൽ 12:13) വാസ്തവത്തിൽ, എബ്രായ തിരുവെഴുത്തുകളിൽ കാണുന്ന രക്ഷാവാഗ്ദാനങ്ങളിൽ മിക്കവയും നിത്യജീവനിലേക്കു നയിക്കുന്ന ഒരു വലിയ രക്ഷയെ കുറിച്ചുള്ള പ്രവചനങ്ങളാണ്. (യെശയ്യാവു 49:6, 8; പ്രവൃത്തികൾ 13:47; 2 കൊരിന്ത്യർ 6:2) യേശുവിന്റെ നാളിൽ അനേകം യഹൂദന്മാർ നിത്യജീവനായി പ്രത്യാശിച്ചു. എന്നാൽ തങ്ങളുടെ പ്രത്യാശ സാക്ഷാത്കരിക്കുന്നതിനുള്ള അടിസ്ഥാനമായി യേശുവിനെ അംഗീകരിക്കാൻ അവർ വിസമ്മതിച്ചു. തന്റെ നാളിലെ യഹൂദ മതനേതാക്കന്മാരോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.”—യോഹന്നാൻ 5:39.
5. രക്ഷ ആത്യന്തികമായി എന്തിനെ അർഥമാക്കുന്നു?
5 രക്ഷ എന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ദൈവം യേശുവിലൂടെ വെളിപ്പെടുത്തി. പാപത്തിന്റെ ആധിപത്യം, വ്യാജമതത്താലുള്ള അടിമത്തം, സാത്താന്റെ നിയന്ത്രണത്തിലുള്ള ലോകം, മാനുഷഭയം, എന്നിവയിൽനിന്നു മാത്രമല്ല മരണഭീതിയിൽനിന്നു പോലുമുള്ള വിടുതൽ അതിൽ ഉൾപ്പെടുന്നു. (യോഹന്നാൻ 17:16; റോമർ 8:2; കൊലൊസ്സ്യർ 1:13; വെളിപ്പാടു 18:2, 4) ആത്യന്തികമായി, ദൈവത്തിന്റെ വിശ്വസ്ത ദാസന്മാരെ സംബന്ധിച്ചിടത്തോളം ദൈവത്താലുള്ള രക്ഷ എന്നത് അടിച്ചമർത്തലിൽനിന്നും യാതനയിൽനിന്നുമുള്ള വിടുതലിനെ മാത്രമല്ല, നിത്യജീവൻ ആസ്വദിക്കാനുള്ള അവസരത്തെയും അർഥമാക്കുന്നു. (യോഹന്നാൻ 6:40; 17:3) ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിന് രക്ഷ എന്നത് ക്രിസ്തുവിനോടൊപ്പം രാജ്യഭരണത്തിൽ പങ്കുപറ്റാൻ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നതിനെ അർഥമാക്കുന്നു എന്ന് യേശു പഠിപ്പിച്ചു. (ലൂക്കൊസ് 12:32) മനുഷ്യവർഗത്തിൽ ശേഷിക്കുന്നവർക്ക് രക്ഷ എന്നത് പൂർണതയുള്ള ഒരു ജീവിതത്തിലേക്കും പാപം ചെയ്യുന്നതിനു മുമ്പ് ഏദെൻ തോട്ടത്തിൽ ആദാമിനും ഹവ്വായ്ക്കും ദൈവത്തോട് ഉണ്ടായിരുന്ന തരത്തിലുള്ള ഒരു ബന്ധത്തിലേക്കും പുനഃസ്ഥാപിക്കപ്പെടുന്നതിനെ അർഥമാക്കുന്നു. (പ്രവൃത്തികൾ 3:21; എഫെസ്യർ 1:10) അത്തരം പറുദീസാവസ്ഥകളിലുള്ള നിത്യജീവൻ ആയിരുന്നു മനുഷ്യവർഗത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം. (ഉല്പത്തി 1:28; മർക്കൊസ് 10:30) എന്നാൽ ആ അവസ്ഥകളിലേക്കുള്ള ഒരു പുനഃസ്ഥിതീകരണം എങ്ങനെ സാധ്യമാകും?
രക്ഷയ്ക്കുള്ള അടിസ്ഥാനം—മറുവില
6, 7. നമ്മുടെ രക്ഷയിൽ യേശുവിനുള്ള പങ്ക് എന്ത്?
6 ക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെ മാത്രമേ നിത്യരക്ഷ സാധ്യമാകൂ. എന്തുകൊണ്ട്? ആദാം പാപം ചെയ്തപ്പോൾ, അവൻ തന്നെത്തന്നെയും നാം ഉൾപ്പെടെയുള്ള അവന്റെ സകല ഭാവിസന്തതികളെയും പാപത്തിനു ‘വിറ്റു.’ അങ്ങനെ, മനുഷ്യവർഗത്തിനു സാധുവായ എന്തെങ്കിലും പ്രത്യാശ ലഭിക്കുന്നതിന് ഒരു മറുവില അനിവാര്യമായിത്തീർന്നു. (റോമർ 5:14, 15; 7:14) ദൈവം മുഴു മനുഷ്യവർഗത്തിനും ഒരു മറുവില നൽകുമെന്നുള്ളത് മോശൈക ന്യായപ്രമാണത്തിലെ മൃഗയാഗങ്ങളാൽ മുൻനിഴലാക്കപ്പെട്ടു. (എബ്രായർ 10:1-10; 1 യോഹന്നാൻ 2:2) യേശുവിന്റെ യാഗം ആ പ്രാവചനിക മാതൃകകളെ നിവർത്തിച്ചു. യേശുവിന്റെ ജനനത്തിനു മുമ്പ് യഹോവയുടെ ദൂതൻ ഇങ്ങനെ ഘോഷിച്ചു: “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷി”ക്കും.— മത്തായി 1:21; എബ്രായർ 2:10.
7 യേശു അത്ഭുതകരമായി കന്യാമറിയത്തിനു ജനിച്ചു. ദൈവപുത്രൻ ആയിരുന്നതിനാൽ അവന് ആദാമിൽനിന്നു മരണം പാരമ്പര്യമായി ലഭിച്ചില്ല. ഈ വസ്തുതയും ദൈവത്തോടുള്ള അവന്റെ പൂർണമായ വിശ്വസ്തതയും നിമിത്തം അവന്റെ ജീവന്, മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും തിരികെ വാങ്ങുന്നതിന് ആവശ്യമായ മൂല്യം കൈവന്നു. (യോഹന്നാൻ 8:36; 1 കൊരിന്ത്യർ 15:22) മറ്റു മനുഷ്യരിൽനിന്നും വ്യത്യസ്തനായി യേശു പാപം നിമിത്തം മരണത്തിനു വിധിക്കപ്പെട്ടവൻ ആയിരുന്നില്ല. “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടു”ക്കുക എന്ന ഉദ്ദേശ്യത്തിൽത്തന്നെയാണ് അവൻ ഭൂമിയിലേക്കു വന്നത്. (മത്തായി 20:28) അങ്ങനെ ചെയ്തശേഷം പുനരുത്ഥാനം പ്രാപിച്ച് സിംഹാസനസ്ഥൻ ആയിരിക്കുന്ന യേശു ഇപ്പോൾ, ദൈവത്തിന്റെ വ്യവസ്ഥകളിൽ എത്തിച്ചേരുന്ന സകലർക്കും രക്ഷ പ്രദാനം ചെയ്യാൻ കഴിയുന്ന സ്ഥാനത്താണ്.—വെളിപ്പാടു 12:10.
രക്ഷ പ്രാപിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്?
8, 9. (എ) ധനികനായ ഒരു യുവഭരണാധിപൻ രക്ഷയെ കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് യേശു എങ്ങനെ ഉത്തരം നൽകി? (ബി) യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാനായി ആ അവസരം ഉപയോഗിച്ചത് എങ്ങനെ?
8 ഒരിക്കൽ ഒരു യുവ ഇസ്രായേല്യ ഭരണാധിപൻ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം”? (മർക്കൊസ് 10:17) ദൈവം ചില സത്പ്രവൃത്തികൾ ആവശ്യപ്പെടുന്നുവെന്നും അത്തരം സത്പ്രവൃത്തികൾ സാധിക്കുന്നത്ര ചെയ്യുക വഴി ഒരുവന് ദൈവത്തിൽനിന്നുള്ള രക്ഷ സമ്പാദിക്കാൻ സാധിക്കുമെന്നും ആയിരുന്നു അന്നത്തെ യഹൂദന്മാർക്കിടയിൽ പരക്കെയുണ്ടായിരുന്ന വിശ്വാസം. ആ ഭരണാധിപന്റെ ചോദ്യത്തെ ഈ വിശ്വാസം സ്വാധീനിച്ചിരിക്കാം. എന്നാൽ അത്തരത്തിലുള്ള ഔപചാരിക ഭക്തി സ്വാർഥ ലക്ഷ്യങ്ങളിൽനിന്ന് ഉത്ഭവിക്കാമായിരുന്നു. അത്തരം പ്രവൃത്തികൾ രക്ഷയ്ക്കുള്ള ഉറച്ച പ്രത്യാശ പ്രദാനം ചെയ്യുന്നതിൽ പരാജയപ്പെട്ടു. കാരണം യാതൊരു അപൂർണ മനുഷ്യനും ദൈവത്തിന്റെ നിലവാരങ്ങളിൽ വാസ്തവത്തിൽ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല.
9 ആ വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടിയായി, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കണമെന്ന് യേശു അയാളെ ഓർമിപ്പിച്ചു. ചെറുപ്പം മുതലേ താൻ അവ പാലിക്കുന്നുണ്ടെന്ന് ആ യുവ ഭരണാധിപൻ ഉടനടി മറുപടി നൽകി. അയാളുടെ മറുപടി, യേശുവിന് അയാളോട് സ്നേഹം തോന്നാൻ ഇടയാക്കി. യേശു അയാളോട് ഇങ്ങനെ പറഞ്ഞു: “ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിററു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കും സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.” എന്നാൽ ആ യുവാവ് “വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു” ദുഃഖിതനായി മടങ്ങിപ്പോയി. ഭൗതിക വസ്തുക്കളോടുള്ള അമിതമായ താത്പര്യം രക്ഷ പ്രാപിക്കുന്നതിനു തടസ്സമാകുമെന്ന് യേശു തന്റെ ശിഷ്യന്മാരോടു തുടർന്ന് ഊന്നിപ്പറഞ്ഞു. ആർക്കും സ്വന്തം ശ്രമങ്ങളിലൂടെ രക്ഷ പ്രാപിക്കാൻ സാധിക്കില്ലെന്നും അവൻ പറഞ്ഞു. എന്നാൽ തുടർന്ന് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അവൻ അവരെ ധൈര്യപ്പെടുത്തി: “[അതു] മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ.” (മർക്കൊസ് 10:18-27; ലൂക്കൊസ് 18:18-23) രക്ഷ സാധ്യമായിരിക്കുന്നത് എങ്ങനെ?
10. രക്ഷ കിട്ടുന്നതിന് നാം ഏതു വ്യവസ്ഥകളിൽ എത്തിച്ചേരണം?
10 രക്ഷ ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്, എന്നാൽ അതു വെറുതെ ലഭിക്കില്ല. (റോമർ 6:23, NW) ആ ദാനം ലഭിക്കാൻ യോഗ്യനായിത്തീരുന്നതിന് ഓരോ വ്യക്തിയും ചില അടിസ്ഥാന വ്യവസ്ഥകളിൽ എത്തിച്ചേരണം. യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല.” (യോഹന്നാൻ 3:16, 36) നിത്യരക്ഷ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയിൽനിന്നും ദൈവം വിശ്വാസവും അനുസരണവും ആവശ്യപ്പെടുന്നുവെന്നു വ്യക്തം. മറുവിലയെ അംഗീകരിക്കാനും യേശുവിന്റെ കാലടികളെ പിൻപറ്റാനും ഓരോരുത്തരും തീരുമാനം ചെയ്യണം.
11. ഒരു അപൂർണ മനുഷ്യന് എങ്ങനെയാണു യഹോവയുടെ അംഗീകാരം നേടാൻ കഴിയുന്നത്?
11 നാം അപൂർണരായതിനാൽ അനുസരിക്കാനുള്ള സ്വാഭാവിക ചായ്വ് നമുക്കില്ല, പൂർണമായി അനുസരിക്കാൻ നമ്മെക്കൊണ്ട് സാധിക്കുകയുമില്ല. അതുകൊണ്ടാണ് നമ്മുടെ പാപങ്ങൾ മോചിക്കുന്നതിനായി യഹോവ ഒരു മറുവില പ്രദാനം ചെയ്തത്. എന്നിരുന്നാലും, ദൈവത്തിന്റെ വഴികൾ അനുസരിച്ചു ജീവിക്കാൻ നാം തുടർച്ചയായി പരിശ്രമിക്കണം. ധനികനായ ആ യുവഭരണാധിപനോട് യേശു പറഞ്ഞതുപോലെ, നാം ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കണം. അപ്രകാരം ചെയ്യുന്നത് ദൈവത്തിന്റെ അംഗീകാരം മാത്രമല്ല വലിയ സന്തോഷവും കൈവരുത്തും. എന്തെന്നാൽ “അവന്റെ കല്പനകൾ ഭാരമുള്ളവയല്ല,” പകരം അവ ‘നവോന്മേഷപ്രദമാണ്.’ (1 യോഹന്നാൻ 5:3; സദൃശവാക്യങ്ങൾ 3:1, 8, NW) എന്നിരുന്നാലും, രക്ഷയുടെ പ്രത്യാശ മുറുകെ പിടിക്കുക എളുപ്പമല്ല.
‘വിശ്വാസത്തിനു വേണ്ടി പോരാടുവിൻ’
12. രക്ഷയുടെ പ്രത്യാശ അധാർമിക പ്രലോഭനങ്ങളെ ചെറുക്കാൻ ഒരു ക്രിസ്ത്യാനിയെ ശക്തീകരിക്കുന്നത് എങ്ങനെ?
12 തങ്ങൾക്കു “പൊതുവിലുള്ള രക്ഷയെക്കുറിച്ചു” ആദിമ ക്രിസ്ത്യാനികൾക്ക് എഴുതുവാൻ ശിഷ്യനായ യൂദാ ആഗ്രഹിച്ചു. എന്നിരുന്നാലും, ധാർമിക അവസ്ഥ വളരെ മോശമായിരുന്നതിനാൽ, ‘വിശ്വാസത്തിനു വേണ്ടി പോരാടാൻ’ തന്റെ സഹോദരന്മാരെ ബുദ്ധിയുപദേശിക്കേണ്ടത് അനിവാര്യമാണെന്ന് അവൻ കണ്ടു. അതേ, രക്ഷ നേടുന്നതിനു വിശ്വാസം ഉണ്ടായിരിക്കുകയും യഥാർഥ ക്രിസ്തീയ വിശ്വാസത്തോടു പറ്റിനിൽക്കുകയും കാര്യങ്ങളൊക്കെ സുഖകരമായി നീങ്ങുമ്പോൾ അനുസരണം പ്രകടമാക്കുകയും ചെയ്താൽ മാത്രം പോരാ. പ്രലോഭനങ്ങളെയും അധാർമിക സ്വാധീനങ്ങളെയും ചെറുത്തുനിൽക്കുന്നതിന് നമ്മെ സഹായിക്കാൻ തക്ക ശക്തമായിരിക്കണം യഹോവയോടുള്ള നമ്മുടെ ഭക്തി. എന്നാൽ, ലൈംഗിക അമിതത്വങ്ങൾ, വികടത്തരങ്ങൾ, അധികാരത്തോടുള്ള അനാദരവ്, ഭിന്നതകൾ, സംശയങ്ങൾ എന്നിവ ഒന്നാം നൂറ്റാണ്ടിലെ സഭയുടെ മാനസിക-ധാർമിക അവസ്ഥയെ ദുഷിപ്പിക്കുകയായിരുന്നു. അത്തരം പ്രവണതകളോടു പോരാടാൻ തന്റെ സഹക്രിസ്ത്യാനികളെ സഹായിക്കുന്നതിനു വേണ്ടി യൂദാ, തങ്ങളുടെ ലക്ഷ്യം വ്യക്തമായി മനസ്സിൽപ്പിടിക്കാൻ അവരെ ഉദ്ബോധിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “പ്രിയമുള്ളവരേ; നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 3, 4, 8, 19-21) ധാർമികമായി ശുദ്ധരായി നിലകൊള്ളാനുള്ള അവരുടെ പോരാട്ടത്തെ ശക്തിപ്പെടുത്താൻ രക്ഷയുടെ പ്രത്യാശയ്ക്കു കഴിയുമായിരുന്നു.
13. നാം ദൈവത്തിന്റെ കൃപയെ വ്യർഥമാക്കിയിട്ടില്ലെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
13 താൻ രക്ഷ പ്രദാനം ചെയ്യുന്നവരിൽനിന്ന് യഹോവയാം ദൈവം മാതൃകായോഗ്യമായ ധാർമിക നടത്ത പ്രതീക്ഷിക്കുന്നു. (1 കൊരിന്ത്യർ 6:9, 10) ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ മുറുകെ പിടിക്കുക എന്നാൽ മറ്റുള്ളവരെ ന്യായം വിധിക്കുക എന്നല്ല അർഥം. സഹമനുഷ്യരുടെ നിത്യഭാവി നിർണയിക്കേണ്ടതു നമ്മളല്ല, മറിച്ച് ദൈവമാണ്. ഏഥൻസിലെ ഗ്രീക്കുകാരോടു പൗലൊസ് അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “താൻ നിയമിച്ച പുരുഷൻ”—യേശുക്രിസ്തു—“മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയിച്ചു.” (പ്രവൃത്തികൾ 17:31; യോഹന്നാൻ 5:22) നമ്മുടെ ജീവിതം യേശുവിന്റെ മറുവിലയിലുള്ള വിശ്വാസത്താൽ നയിക്കപ്പെടുന്നെങ്കിൽ വരാനിരിക്കുന്ന ന്യായവിധി ദിവസത്തെ നാം ഭയപ്പെടേണ്ടതില്ല. (എബ്രായർ 10:38, 39) “ദൈവത്തിന്റെ കൃപ ലഭിച്ച”ശേഷം, അഥവാ മറുവിലയിലൂടെ അവനുമായി രമ്യതയിലായശേഷം, തെറ്റായ ചിന്തയിലേക്കും നടത്തയിലേക്കും വഴുതിപ്പോയിക്കൊണ്ട് അവന്റെ കൃപ ‘വ്യർത്ഥമായിത്തീരാൻ’ നാം ഒരിക്കലും അനുവദിക്കരുത് എന്നുള്ളതാണു പ്രധാനപ്പെട്ട സംഗതി. (2 കൊരിന്ത്യർ 6:1, NW) കൂടാതെ, രക്ഷ നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിനാലും, നാം ദൈവത്തിന്റെ കരുണയെ വ്യർഥമാക്കുന്നില്ലെന്നു പ്രകടമാക്കുന്നു. നമുക്ക് എങ്ങനെയാണ് അവരെ സഹായിക്കാൻ കഴിയുക?
രക്ഷയുടെ പ്രത്യാശ പങ്കുവെക്കൽ
14, 15. രക്ഷയുടെ സുവാർത്ത പ്രസംഗിക്കാൻ യേശു ആരെയാണു നിയോഗിച്ചത്?
14 യോവേൽ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പൗലൊസ് എഴുതി: “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.” തുടർന്ന് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” വിശ്വാസം സ്വതവെ ഉണ്ടാകുന്നില്ല, പകരം അതിന് ‘ക്രിസ്തുവിന്റെ വചനം കേൾക്കേണ്ടത്’ ആവശ്യമാണെന്ന് ഏതാനും വാക്യങ്ങൾക്കു ശേഷം പൗലൊസ് ചൂണ്ടിക്കാണിക്കുന്നു.—റോമർ 10:13, 14, 17; യോവേൽ 2:32.
15 ‘ക്രിസ്തുവിന്റെ വചനം’ ജനതകൾക്ക് ആർ എത്തിച്ചുകൊടുക്കും? അപ്പോൾത്തന്നെ ആ ‘വചനം’ പഠിച്ചവരായിരുന്ന തന്റെ ശിഷ്യന്മാരെ യേശു ആ ദൗത്യം ഭരമേൽപ്പിച്ചു. (മത്തായി 24:14; 28:19, 20; യോഹന്നാൻ 17:20) പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നാം പങ്കെടുക്കുമ്പോൾ, യെശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ പറഞ്ഞ വാക്കുകൾ നമുക്കു ബാധകമാകുന്നു: “നന്മ സുവിശേഷിക്കുന്നവരുടെ കാൽ [“പാദങ്ങൾ,” NW] എത്ര മനോഹരം!” നാം പറയുന്ന സുവാർത്ത അനേകർ സ്വീകരിക്കുന്നില്ലെങ്കിൽ പോലും നമ്മുടെ പാദങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ “മനോഹര”മാണ്.—റോമർ 10:15; യെശയ്യാവു 52:7.
16, 17. നമ്മുടെ പ്രസംഗവേല ഏതു രണ്ട് ഉദ്ദേശ്യങ്ങൾ സാധിക്കുന്നു?
16 ഈ ദൗത്യനിർവഹണത്തിലൂടെ രണ്ടു പ്രധാന ഉദ്ദേശ്യങ്ങൾ സാധിക്കുന്നു. ഒന്ന്, സുവാർത്ത പ്രസംഗിക്കപ്പെടുന്നതിന്റെ ഫലമായി ദൈവനാമം മഹത്ത്വീകരിക്കപ്പെടുകയും രക്ഷ ആഗ്രഹിക്കുന്നവർക്ക് എവിടേക്കു തിരിയണമെന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു. ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വശം പൗലൊസ് മനസ്സിലാക്കിയിരുന്നു. അവൻ ഇങ്ങനെ പ്രസ്താവിച്ചു: ‘“നീ ഭൂമിയുടെ അററത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.’ അതുകൊണ്ട്, രക്ഷാസന്ദേശം ആളുകളുടെ പക്കൽ എത്തിക്കുന്നതിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കുണ്ടായിരിക്കണം.—പ്രവൃത്തികൾ 13:47; യെശയ്യാവു 49:6.
17 രണ്ട്, സുവാർത്താ പ്രസംഗം ദൈവത്തിന്റെ നീതിനിഷ്ഠമായ ന്യായവിധിക്കുള്ള അടിസ്ഥാനം ഇടുന്നു. ന്യായവിധിയെ കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരി”ക്കും. ന്യായവിധിയും വേർതിരിക്കലും നടക്കുന്നത് ‘മനുഷ്യപുത്രൻ തന്റെ തേജസ്സോടെ വരുമ്പോൾ’ ആയിരിക്കുമെങ്കിലും, ഇന്നു പ്രസംഗവേല ക്രിസ്തുവിന്റെ ആത്മീയ സഹോദരന്മാരെ തിരിച്ചറിയാനും അങ്ങനെ സ്വന്തം നിത്യരക്ഷയ്ക്കായി അവരെ പിന്തുണച്ചു പ്രവർത്തിക്കാനുമുള്ള അവസരം ആളുകൾക്കു നൽകുന്നു.—മത്തായി 25:31-46.
“പ്രത്യാശയുടെ പൂർണ്ണനിശ്ചയം” നിലനിറുത്തുക
18. നമുക്ക് “രക്ഷയുടെ പ്രത്യാശ”യെ എങ്ങനെ ശോഭനമാക്കി നിറുത്താനാകും?
18 പ്രസംഗവേലയിൽ സജീവമായി പങ്കുപറ്റുന്നത് നമ്മുടെ പ്രത്യാശ ശോഭനമാക്കി നിറുത്താൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. പൗലൊസ് എഴുതി: “നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രായർ 6:11) ആയതിനാൽ, നമുക്ക് ഓരോരുത്തർക്കും ‘രക്ഷയുടെ പ്രത്യാശയെ ശിരസ്ത്രമായി’ ധരിക്കാം. അങ്ങനെ, ‘ദൈവം നമ്മെ കോപത്തിനല്ല, കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്’ എന്ന് ഓർമിക്കാം. (1 തെസ്സലൊനീക്യർ 5:8-10) പത്രൊസിന്റെ ഉദ്ബോധനവും നമുക്കു ഗൗരവമായെടുക്കാം: “നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.” (1 പത്രൊസ് 1:13) അപ്രകാരം ചെയ്യുന്ന എല്ലാവരും തങ്ങളുടെ “രക്ഷയുടെ പ്രത്യാശ” പൂർണമായി നിവൃത്തിയേറുന്നതു കാണും!
19. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
19 അതിനിടയിൽ, ഈ വ്യവസ്ഥിതിയുടെ ശേഷിക്കുന്ന സമയത്തെ കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം? നാമും മറ്റുള്ളരും രക്ഷപ്രാപിപ്പാൻ തക്കവിധം നമുക്ക് ആ സമയത്തെ എങ്ങനെ വിനിയോഗിക്കാനാകും? അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.
നിങ്ങൾക്കു വിശദീകരിക്കാമോ?
• നാം നമ്മുടെ “രക്ഷയുടെ പ്രത്യാശ”യെ ശോഭനമാക്കി നിറുത്തേണ്ടത് എന്തുകൊണ്ട്?
• രക്ഷയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
• രക്ഷയാകുന്ന ദാനത്തിനായി നമുക്ക് എങ്ങനെ യോഗ്യത പ്രാപിക്കാനാകും?
• ദൈവോദ്ദേശ്യത്തോടുള്ള ചേർച്ചയിൽ നമ്മുടെ പ്രസംഗവേല എന്തു നിറവേറ്റുന്നു?
[10-ാം പേജിലെ ചിത്രങ്ങൾ]
നാശത്തിൽനിന്നുള്ള വിടുതൽ മാത്രമല്ല രക്ഷയിൽ ഉൾപ്പെട്ടിരിക്കുന്നത്