“മഹോപദ്രവ”ത്തിനുമുമ്പു സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്യൽ
“സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ . . . യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.”—ലൂക്കൊസ് 21:20, 21.
1. ഇപ്പോഴും ലോകത്തിന്റെ ഭാഗമായിരിക്കുന്നവർ പലായനം ചെയ്യേണ്ടത് അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്?
സാത്താന്റെ ലോകത്തിന്റെ ഭാഗമായിരിക്കുന്ന സകലയാളുകളും പലായനം ചെയ്യേണ്ടത് അടിയന്തിരമാണ്. ഇപ്പോഴത്തെ വ്യവസ്ഥിതി ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടുമ്പോൾ, രക്ഷിക്കപ്പെടണമെങ്കിൽ യഹോവയുടെ പക്ഷത്ത് ഒരു ഉറച്ച നിലപാട് എടുത്തിരിക്കുന്നുവെന്നതിനും സാത്താൻ ഭരണാധിപനായിരിക്കുന്ന ലോകത്തിന്റെ ഭാഗമല്ലെന്നതിനും ഓരോ വ്യക്തിയും വ്യക്തമായ തെളിവു കൊടുക്കണം.—യാക്കോബ് 4:4; 1 യോഹന്നാൻ 2:17.
2, 3. മത്തായി 24:15-22-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളോടുള്ള ബന്ധത്തിൽ നാം ചർച്ചചെയ്യാൻ പോകുന്ന ചോദ്യങ്ങളേവ?
2 വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചുള്ള തന്റെ മഹത്തായ പ്രവചനത്തിൽ, അത്തരം പലായനത്തിന്റെ ജീവത്പ്രധാന ആവശ്യം യേശു ഊന്നിപ്പറഞ്ഞു. മത്തായി 24:4-14 വരെ രേഖപ്പെടുത്തിയിരിക്കുന്നതു നാം ഇടയ്ക്കിടെ ചർച്ചചെയ്യാറുണ്ട്; എന്നിരുന്നാലും, അതേത്തുടർന്നു വരുന്നതും പ്രാധാന്യം കുറഞ്ഞവയല്ല. ഇപ്പോൾ നിങ്ങളുടെ ബൈബിൾ തുറന്ന് 15 മുതൽ 22 വരെയുള്ള വാക്യങ്ങൾ വായിക്കുന്നതിനു ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
3 ആ പ്രവചനത്തിന്റെ അർഥമെന്താണ്? ഒന്നാം നൂറ്റാണ്ടിൽ, “ശൂന്യമാക്കുന്ന മ്ലേച്ഛത” [“മ്ലേച്ഛ വസ്തു,” NW] എന്തായിരുന്നു? “വിശുദ്ധ സ്ഥലത്തെ” അതിന്റെ സാന്നിധ്യം എന്തു സൂചിപ്പിച്ചു? പ്രസ്തുത സംഭവവികാസത്തിനു നമ്മെ സംബന്ധിച്ച് എന്തു പ്രാധാന്യമുണ്ട്?
“വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ”
4. (എ) യഹൂദന്മാർ മിശിഹായെ തള്ളിക്കളയുന്നതിനെ തുടർന്ന് എന്തു സംഭവിക്കുമെന്നു ദാനീയേൽ 9:27 പറഞ്ഞു? (ബി) ഇതിനെക്കുറിച്ചു പരാമർശിച്ചപ്പോൾ, “വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ” എന്നു യേശു സ്പഷ്ടമായി പറഞ്ഞതെന്തുകൊണ്ട്?
4 ദാനിയേലിന്റെ പുസ്തകത്തിൽ എഴുതിയിരുന്നതു മത്തായി 24:15-ൽ യേശു പരാമർശിച്ചുവെന്നതു ശ്രദ്ധിക്കുക. മിശിഹായുടെ വരവും അവനെ തള്ളിക്കളയുന്നതിന്റെ പേരിൽ യഹൂദ ജനതയുടെമേൽ നിർവഹിക്കപ്പെടാനിരുന്ന ന്യായവിധിയും ആ പുസ്തകത്തിന്റെ 9-ാം അധ്യായത്തിലെ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. 27-ാം വാക്യത്തിന്റെ രണ്ടാം പകുതി പറയുന്നു: “മ്ലേച്ഛതകളുടെ [“മ്ലേച്ഛ വസ്തുക്കളുടെ,” NW] ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ആദ്യകാല യഹൂദ പാരമ്പര്യം ദാനിയേൽ പ്രവചനത്തിന്റെ ആ ഭാഗത്തെ ബാധകമാക്കിയതു പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) രണ്ടാം നൂറ്റാണ്ടിൽ അൻറിയോക്കസ് IV-ാമൻ യെരുശലേമിലെ യഹോവയുടെ ആലയം അശുദ്ധമാക്കിയതിനോടായിരുന്നു. എന്നാൽ “വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ” [“വിവേചന ഉപയോഗിക്കട്ടെ,” NW] എന്നു യേശു ജാഗ്രതപ്പെടുത്തി. അൻറിയോക്കസ് IV-ാമൻ ആലയം അശുദ്ധമാക്കിയതു തീർച്ചയായും മ്ലേച്ഛ സംഗതിയായിരുന്നു. എന്നാൽ അതു യെരുശലേമിന്റെയോ ആലയത്തിന്റെയോ യഹൂദ ജനതയുടെയോ ശൂന്യമാക്കലിൽ കലാശിച്ചില്ല. അതുകൊണ്ട്, ഇതിന്റെ നിവൃത്തി ഭൂതകാലത്തിലല്ല, ഭാവിയിലാണെന്നു യേശു തന്റെ കേൾവിക്കാരെ വ്യക്തമായും ജാഗരൂകരാക്കുകയായിരുന്നു.
5. (എ) ഒന്നാം നൂറ്റാണ്ടിലെ “മ്ലേച്ഛ വസ്തു”വിനെ തിരിച്ചറിയാൻ സുവിശേഷ വിവരണങ്ങളുടെ ഒരു താരതമ്യപ്പെടുത്തൽ നമ്മെ സഹായിക്കുന്നതെങ്ങനെ? (ബി) പൊ.യു. 66-ൽ സെസ്റ്റ്യസ് ഗാലസ് റോമൻ സേനകളെ യെരുശലേമിലേക്കു നയിച്ചതെന്തുകൊണ്ട്?
5 അവർ ജാഗ്രതയോടെ നോക്കിപ്പാർത്തിരിക്കേണ്ടിയിരുന്ന “മ്ലേച്ഛ വസ്തു” എന്തായിരുന്നു? ‘ശൂന്യമാക്കുന്ന മ്ലേച്ഛത [“മ്ലേച്ഛ വസ്തു,” NW] വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ’ എന്നു മത്തായിയുടെ വിവരണം പറയുന്നതു ശ്രദ്ധേയമാണ്. എന്നാൽ ലൂക്കൊസ് 21:20-ലെ സമാന്തര വിവരണം ‘സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ’ എന്നു പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) പൊ.യു. (പൊതുയുഗം) 66-ൽ, യെരുശലേമിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതു കണ്ടു. യഹൂദന്മാർക്കും റോമൻ അധികാരികൾക്കും ഇടയിലെ പോരാട്ടങ്ങൾ ഉൾക്കൊള്ളുന്ന സംഭവ പരമ്പരയിലൂടെ യെരുശലേം റോമിനെതിരായ മത്സരത്തിനുള്ള ഒരു വിളനിലമായിത്തീർന്നു. അതിന്റെ ഫലമായി, യഹൂദ്യ, ശമര്യ, ഗലീല, ദെക്കപ്പൊലി, ഫൊയ്നിക്യ എന്നിവിടങ്ങളിലും വടക്ക് സിറിയ വരെയും, തെക്ക് ഈജിപ്ത് വരെയും അക്രമം പൊട്ടിപ്പുറപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ആ ഭാഗങ്ങളിൽ ഒരളവോളം സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സെസ്റ്റ്യസ് ഗാലസ്, “വിശുദ്ധ നഗരം” എന്നു യഹൂദന്മാർ വിളിച്ചിരുന്ന യെരുശലേമിലേക്കു സിറിയയിൽ നിന്നു സൈന്യങ്ങളെ നയിച്ചു.—നെഹെമ്യാവു 11:1; യെശയ്യാവു 52:1.
6. ശൂന്യമാക്കലിന് ഇടയാക്കാവുന്ന “മ്ലേച്ഛ വസ്തു” “വിശുദ്ധ സ്ഥലത്തു നിൽക്കുക”യായിരുന്നു എന്നതു സത്യമായിരുന്നതെങ്ങനെ?
6 പദവിചിഹ്നങ്ങൾ അഥവാ മുദ്രകൾ അണിയുന്നതു റോമൻ സേനകളുടെ പതിവായിരുന്നു. അവർ അവയെ വിശുദ്ധമായി വീക്ഷിച്ചിരുന്നെങ്കിലും യഹൂദന്മാർ അവയെ വിഗ്രഹാരാധനാപരമായിട്ടായിരുന്നു വീക്ഷിച്ചത്. രസകരമെന്നു പറയട്ടെ, ദാനീയേൽ പുസ്തകത്തിൽ “മ്ലേച്ഛ വസ്തു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു മുഖ്യമായും വിഗ്രഹങ്ങൾക്കും വിഗ്രഹാരാധനയ്ക്കുംവേണ്ടി ഉപയോഗിച്ചിരുന്ന ഒരു എബ്രായ പദമാണ്.a (ആവർത്തനപുസ്തകം 29:16) യഹൂദന്മാരുടെ ചെറുത്തുനിൽപ്പുണ്ടായിരുന്നിട്ടും, വിഗ്രഹാരാധനാപരമായ പദവിചിഹ്നങ്ങൾ അണിഞ്ഞിരുന്ന റോമൻ സേനകൾ പൊ.യു. 66 നവംബറിൽ യെരുശലേമിൽ കടന്നു വടക്കുഭാഗത്തെ ആലയമതിലിന്റെ അടിത്തറ തോണ്ടാൻ തുടങ്ങി. യെരുശലേമിന്റെ പൂർണ ശൂന്യമാക്കലിന് ഇടയാക്കാവുന്ന “മ്ലേച്ഛ വസ്തു” “വിശുദ്ധ സ്ഥലത്തിൽ നിൽക്കുക”യായിരുന്നു എന്നതു സംബന്ധിച്ചു സംശയമുണ്ടായിരുന്നില്ല! എന്നാൽ ഒരുവന് എങ്ങനെ പലായനം ചെയ്യാൻ കഴിയുമായിരുന്നു?
പലായനം അടിയന്തിരമായിരുന്നു!
7. റോമൻ സൈന്യം അപ്രതീക്ഷിതമായി എന്തു ചെയ്തു?
7 യെരുശലേമിനെ എളുപ്പം കീഴ്പ്പെടുത്താനാവുമെന്നു തോന്നിയ അവസരത്തിൽ റോമൻ സൈന്യം പെട്ടെന്നു പിൻവാങ്ങിപ്പോയി. മാനുഷിക കാഴ്ചപ്പാടിൽ ഇതിനു പ്രത്യക്ഷത്തിൽ യാതൊരു കാരണവുമില്ലായിരുന്നു. പിൻവാങ്ങുന്ന റോമൻ സൈന്യത്തെ യെരുശലേമിൽനിന്ന് ഏതാണ്ട് 50 കിലോമീറ്റർ അകലെയുള്ള അൻറിപാട്രിസ് വരെ മാത്രമേ യഹൂദവിപ്ലവകാരികൾ പിന്തുടർന്നുള്ളൂ, എന്നിട്ട് അവർ തിരിച്ചുപോന്നു. യെരുശലേമിൽ തിരിച്ചെത്തിയശേഷം, കൂടുതലായ യുദ്ധതന്ത്രങ്ങൾ ആവിഷ്ക്കരിക്കാനായി അവർ ആലയത്തിൽ ഒരുമിച്ചുകൂടി. സൈനികസങ്കേതങ്ങൾ ബലിഷ്ഠമാക്കാനും സൈന്യത്തിൽ സേവിക്കാനും യുവാക്കളെ തിരഞ്ഞെടുത്തു. ഈ പ്രവർത്തനങ്ങളിലെല്ലാം ക്രിസ്ത്യാനികൾ ഉൾപ്പെടുമായിരുന്നോ? അവർ അവ ഒഴിവാക്കിയിരുന്നെങ്കിൽപ്പോലും, റോമൻ സൈന്യം തിരിച്ചുവരുമ്പോൾ, അവർ അപ്പോഴും അപകടമേഖലയിൽത്തന്നെയുണ്ടാകുമായിരുന്നോ?
8. യേശുവിന്റെ പ്രാവചനിക വാക്കുകൾ അനുസരിച്ചുകൊണ്ടു ക്രിസ്ത്യാനികൾ എന്ത് അടിയന്തിര നടപടി സ്വീകരിച്ചു?
8 യെരുശലേമിലും സകല യഹൂദ്യയിലുമുണ്ടായിരുന്ന ക്രിസ്ത്യാനികൾ യേശുക്രിസ്തു കൊടുത്ത പ്രാവചനിക മുന്നറിയിപ്പുപ്രകാരം പ്രവർത്തിച്ച് അപകടമേഖലയിൽനിന്നു പലായനം ചെയ്തു. പലായനം അടിയന്തിരമായിരുന്നു! തക്കസമയത്ത്, അവർ പർവതപ്രദേശത്തേക്കു യാത്രചെയ്തു, ഒരുപക്ഷേ അവരിൽ ചിലർ താമസമാക്കിയതു പെരിയ പ്രവിശ്യയിൽ പെല്ല എന്ന സ്ഥലത്തായിരിക്കാം. യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുത്തവർ തങ്ങളുടെ ഭൗതിക സമ്പത്തു പരിരക്ഷിക്കാൻ ശ്രമിച്ച് തിരിച്ചുവന്നുകൊണ്ടു ബുദ്ധിമോശം കാട്ടിയില്ല. (ലൂക്കൊസ് 14:33 താരതമ്യം ചെയ്യുക.) ഈ സാഹചര്യങ്ങളിൽ അവിടം വിട്ടുപോരുകയും കാൽനടയായി യാത്രചെയ്യുകയും ചെയ്യുന്നതു ബുദ്ധിമുട്ടാണെന്നു ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും തീർച്ചയായും കണ്ടെത്തി. ശൈത്യകാലം സമീപിക്കുകയായിരുന്നു, എന്നാൽ അതു തുടങ്ങിയിരുന്നില്ല, ശബത്തുനാളിന്റെ നിബന്ധനകൾ പലായനത്തെ തടസ്സപ്പെടുത്തിയുമില്ല. പെട്ടെന്നു പലായനം ചെയ്യണമെന്നുള്ള യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുത്തവർ യെരുശലേമിനും യഹൂദ്യക്കും പുറത്തു സുരക്ഷിതരായിരിക്കുമായിരുന്നു. അവരുടെ ജീവിതം ഇതു ചെയ്യുന്നതിനെ ആശ്രയിച്ചിരുന്നു.—യാക്കോബ് 3:17 താരതമ്യം ചെയ്യുക.
9. റോമൻ സേനകൾ എത്ര പെട്ടെന്നു തിരികെ വന്നു, എന്തു ഫലത്തോടെ?
9 അടുത്ത വർഷംതന്നെ, പൊ.യു. 67-ൽ, റോമാക്കാർ യഹൂദന്മാർക്ക് എതിരെയുള്ള യുദ്ധപ്രവർത്തനങ്ങൾ പുതുക്കി. ആദ്യം ഗലീല കീഴടക്കി. അടുത്ത വർഷം യഹൂദ്യയെ ഛിന്നഭിന്നമാക്കി. പൊ.യു. 70 ആയപ്പോഴേക്കും, റോമൻ സേനകൾ യെരുശലേമിനെത്തന്നെ വളഞ്ഞു. (ലൂക്കൊസ് 19:43) ക്ഷാമം അങ്ങേയറ്റം കഠിനമായിത്തീർന്നു. നഗരത്തിൽ കുടുങ്ങിപ്പോയവർ പരസ്പരം എതിരിട്ടു. രക്ഷപ്പെടാൻ ശ്രമിച്ചവർ കൊല്ലപ്പെട്ടു. യേശു പറഞ്ഞതുപോലെ, അവർ അനുഭവിച്ചത് “മഹോപദ്രവം” ആയിരുന്നു.—മത്തായി 24:21, NW.
10. നാം വിവേചനയോടെ വായിക്കുന്നെങ്കിൽ, മറ്റെന്തിനുകൂടെ നാം ശ്രദ്ധകൊടുക്കും?
10 എന്നാൽ അതു യേശു മുൻകൂട്ടിപ്പറഞ്ഞതു മുഴുവനായി നിവർത്തിച്ചോ? ഇല്ല, കൂടുതൽ സംഭവങ്ങൾ നടക്കേണ്ടിയിരുന്നു. യേശു ഉപദേശിച്ചതുപോലെ, നാം തിരുവെഴുത്തുകൾ വിവേചനയോടെ വായിക്കുന്നെങ്കിൽ, വരാൻ പോകുന്നതിനെക്കുറിച്ചു ഗൗനിക്കാൻ നാം പരാജയപ്പെടുകയില്ല. നമ്മുടെതന്നെ ജീവിതത്തിൽ അത് എന്ത് അർഥമാക്കും എന്നതുസംബന്ധിച്ചും നാം ഗൗരവമായി ചിന്തിക്കുന്നതായിരിക്കും.
ആധുനികനാളിലെ “മ്ലേച്ഛ വസ്തു”
11. വേറെ ഏതു രണ്ടു ഭാഗങ്ങളിൽ ദാനിയേൽ “മ്ലേച്ഛ വസ്തു”വിനെക്കുറിച്ചു പരാമർശിക്കുന്നു, അവിടെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമേത്?
11 ദാനീയേൽ 9:27-ൽ നാം കണ്ടതിലുപരിയായി, ദാനീയേൽ 11:31-ലും 12:11-ലും ‘ശൂന്യമാക്കുന്ന മ്ലേച്ഛ വസ്തു’വിനെക്കുറിച്ചു കൂടുതലായ പരാമർശങ്ങളുണ്ട് എന്ന വസ്തുത ശ്രദ്ധിക്കുക. പിന്നീടുള്ള ഈ പരാമർശങ്ങളിലൊന്നിലും യെരുശലേമിന്റെ നാശത്തെക്കുറിച്ചു ചർച്ച ചെയ്യുന്നില്ല. വാസ്തവത്തിൽ, ദാനീയേൽ 12:11-ൽ പറഞ്ഞിരിക്കുന്നത് ‘അന്ത്യകാലത്തെ’ക്കുറിച്ചുള്ള ഒരു പരാമർശത്തിനുശേഷം കേവലം രണ്ടു വാക്യങ്ങൾ കഴിഞ്ഞാണ്. (ദാനീയേൽ 12:9) 1914 മുതൽ അത്തരമൊരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. അതുകൊണ്ട് ആധുനികനാളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛ വസ്തു”വിനെ തിരിച്ചറിയാനും തുടർന്ന് അപകടമേഖലയിൽനിന്നു പുറത്തുകടക്കുന്നുവെന്ന് ഉറപ്പാക്കാനും നാം ജാഗരൂകരായിരിക്കേണ്ടയാവശ്യമുണ്ട്.
12, 13. ആധുനികനാളിലെ “മ്ലേച്ഛ വസ്തു”വായി സർവരാജ്യ സഖ്യത്തെ വർണിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
12 ആധുനികനാളിലെ ആ “മ്ലേച്ഛ വസ്തു” എന്താണ്? ലോകം അന്ത്യകാലത്തു പ്രവേശിച്ച് അധികംതാമസിയാതെ 1920-ൽ പ്രവർത്തനം തുടങ്ങിയ സർവരാജ്യ സഖ്യത്തിലേക്കു തെളിവു വിരൽചൂണ്ടുന്നു. എന്നാൽ അതിന് എങ്ങനെ ഒരു “ശൂന്യമാക്കുന്ന മ്ലേച്ഛ വസ്തു” ആയിരിക്കാൻ കഴിയുമായിരുന്നു?
13 ഓർക്കുക, “മ്ലേച്ഛ വസ്തു”വിനുള്ള എബ്രായപദം ബൈബിളിൽ ഉപയോഗിക്കുന്നതു മുഖ്യമായും വിഗ്രഹങ്ങളോടും വിഗ്രഹാരാധനാപരമായ നടപടികളോടുമുള്ള ബന്ധത്തിലാണ്. പ്രസ്തുത സഖ്യം വിഗ്രഹമാക്കപ്പെട്ടോ? തീർച്ചയായും വിഗ്രഹമാക്കപ്പെട്ടു! പുരോഹിതവർഗം അതിനെ “ഒരു വിശുദ്ധ സ്ഥലത്ത്” നിർത്തി, അവരുടെ അനുയായികൾ അതിനോടു വികാരനിർഭരമായ ഭക്തി പ്രകടിപ്പിക്കാൻ തുടങ്ങി. പ്രസ്തുത സഖ്യം “ഭൂമിയിലെ ദൈവരാജ്യത്തിന്റെ രാഷ്ട്രീയ ഭാവം” ആയിരിക്കുമെന്ന് അമേരിക്കയിലെ ഫെഡറൽ കൗൺസിൽ ഓഫ് ദ ചർച്ചസ് ഓഫ് ക്രൈസ്റ്റ് പ്രഖ്യാപിക്കുകയുണ്ടായി. സർവരാജ്യസഖ്യ ഉടമ്പടിയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു മതഗ്രൂപ്പുകളിൽനിന്നു യു.എസ്. സെനറ്റിലേക്ക് എഴുത്തുകളുടെ ഒരു പ്രവാഹംതന്നെയുണ്ടായി. “[ഭൂമിയിൽ സമാധാനം] നേടുന്നതിനു ലഭ്യമായിരിക്കുന്ന ഒരേ ഒരു ഉപാധി” എന്നാണ് ബ്രിട്ടനിലെ ബാപ്റ്റിസ്റ്റുകാരുടെയും കോൺഗ്രിഗേഷണലിസ്റ്റുകളുടെയും പ്രസ്ബിറ്റേറിയൻകാരുടെയും ജനറൽ ബോഡി അതിനെ പുകഴ്ത്തിയത്.—വെളിപ്പാടു 13:14, 15 കാണുക.
14, 15. സഖ്യവും പിന്നീട് ഐക്യരാഷ്ട്രങ്ങളും “ഒരു വിശുദ്ധ സ്ഥലത്ത്” എത്തുവാൻ ഇടയായത് ഏതു വിധത്തിൽ?
14 1914-ൽ ദൈവത്തിന്റെ മിശിഹൈക രാജ്യം സ്വർഗത്തിൽ സ്ഥാപിതമായിരുന്നു, എന്നാൽ രാഷ്ട്രങ്ങൾ സ്വന്തം പരമാധികാരത്തിനുവേണ്ടി പോരാടുവാനാണു തുനിഞ്ഞത്. (സങ്കീർത്തനം 2:1-6) സർവരാജ്യസഖ്യം നിർദേശിക്കപ്പെട്ടപ്പോൾ, ഒന്നാം ലോക മഹായുദ്ധത്തിൽ പോരാടിക്കഴിഞ്ഞതേ ഉണ്ടായിരുന്ന രാഷ്ട്രങ്ങളും അവയുടെ സൈന്യങ്ങളെ അനുഗ്രഹിച്ച പുരോഹിതവർഗവും ദൈവനിയമം ഉപേക്ഷിച്ചുവെന്ന് അതിനോടകംതന്നെ പ്രകടമാക്കിയിരുന്നു. അവർ രാജാവെന്ന നിലയിൽ ക്രിസ്തുവിലേക്കു നോക്കുകയായിരുന്നില്ല. അങ്ങനെ, അവർ ഒരു മനുഷ്യ സംഘടനയ്ക്കു ദൈവരാജ്യത്തിന്റെ റോൾ കൊടുത്തു; അവർ സർവരാജ്യസഖ്യത്തെ അതിന് അർഹതയില്ലാത്ത ഒരു സ്ഥാനത്ത്, ‘വിശുദ്ധ സ്ഥലത്ത്,’ നിർത്തി.
15 സഖ്യത്തിന്റെ പിൻഗാമിയായി 1945 ഒക്ടോബർ 24-ന് ഐക്യരാഷ്ട്രങ്ങൾ നിലവിൽ വന്നു. പിന്നീട്, റോമിലെ പാപ്പാമാർ ഐക്യരാഷ്ട്രങ്ങളെ വാഴ്ത്തിയത് “ഐകമത്യത്തിന്റെയും സമാധാനത്തിന്റെയും അവസാന പ്രതീക്ഷ,” “സമാധാനത്തിന്റെയും നീതിയുടെയും പരമോന്നത വേദി” എന്നൊക്കെയായിരുന്നു. അതേ, സർവരാജ്യ സഖ്യവും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രങ്ങളും വാസ്തവത്തിൽ ഒരു വിഗ്രഹം, ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും ദൃഷ്ടികളിൽ ഒരു “മ്ലേച്ഛ വസ്തു” ആയിത്തീർന്നു.
എന്തിൽനിന്നുള്ള പലായനം?
16. നീതിസ്നേഹികൾ ഇന്ന് എന്തിൽനിന്നു പലായനം ചെയ്യേണ്ടയാവശ്യമുണ്ട്?
16 ഇതിനെ ‘കാണു’മ്പോൾ, ആ സാർവദേശീയ സംഘടന എന്താണെന്നും അത് എങ്ങനെ വിഗ്രഹമാക്കപ്പെടുന്നുവെന്നും തിരിച്ചറിയുമ്പോൾ, നീതിപ്രേമികൾ സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്യേണ്ടയാവശ്യമുണ്ട്. എന്തിൽനിന്നു പലായനം ചെയ്യണം? അവിശ്വസ്ത യെരുശലേമിന്റെ ആധുനികകാല പ്രതിമാതൃകയിൽനിന്ന്, അതായത്, ക്രൈസ്തവലോകത്തിൽനിന്ന്. കൂടാതെ ലോകവ്യാപക വ്യാജമത വ്യവസ്ഥിതിയായ മഹാബാബിലോന്റെ സകലവിധ രൂപങ്ങളിൽനിന്നും.—വെളിപ്പാടു 18:4.
17, 18. ആധുനികനാളിലെ “മ്ലേച്ഛ വസ്തു” എന്തു ശൂന്യമാക്കലിന് ഇടയാക്കും?
17 വിഗ്രഹാരാധനാപരമായ പദവിചിഹ്നങ്ങൾ ധരിച്ച റോമൻ സൈന്യം, ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാരുടെ വിശുദ്ധ നഗരത്തിൽ പ്രവേശിച്ച് അവിടെ തമ്പടിച്ചതു യെരുശലേമിനെയും അതിന്റെ ആരാധനാ സമ്പ്രദായത്തെയും ശൂന്യമാക്കാനായിരുന്നെന്നും കൂടെ ഓർക്കുക. നമ്മുടെ നാളിൽ ശൂന്യമാക്കൽ സംഭവിക്കാൻ പോകുകയാണ്. അതു കേവലം ഒരു നഗരത്തിന്മേലോ ക്രൈസ്തവലോകത്തിന്മേലോ മാത്രമായിരിക്കില്ല, മറിച്ച്, മുഴു വ്യാജമതങ്ങളുടെയും ലോക വ്യാപക വ്യവസ്ഥിതിയിന്മേലാണ്.—വെളിപ്പാടു 18:5-8.
18 വെളിപ്പാടു 17:16-ൽ ഐക്യരാഷ്ട്രങ്ങൾ എന്നു തെളിയപ്പെട്ട, കടുഞ്ചുവപ്പു നിറമുള്ള ഒരു പ്രതീകാത്മക കാട്ടുമൃഗം വേശ്യാതുല്യ മഹാബാബിലോന് എതിരെ തിരിഞ്ഞ് അവളെ ആക്രമിച്ചു നശിപ്പിക്കുമെന്നു മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നു. വർണനീയ ഭാഷ ഉപയോഗിച്ചുകൊണ്ട് അതു പറയുന്നു: “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” ഇത് എന്ത് അർഥമാക്കുമെന്ന് ഊഹിക്കുന്നതുതന്നെ ഭയജനകമാണ്. ഭൂമിയുടെ എല്ലാ ഭാഗത്തുമുള്ള സകലതരം വ്യാജമതങ്ങളുടെയും അന്ത്യമായിരിക്കും അതിന്റെ ഫലം. മഹോപദ്രവം തുടങ്ങിയിരിക്കുന്നുവെന്ന് ഇതു തീർച്ചയായും പ്രകടമാക്കും.
19. ഐക്യരാഷ്ട്രങ്ങളുടെ രൂപീകരണം മുതൽ ഏതു ഘടകങ്ങൾ അതിന്റെ ഭാഗമായിരുന്നിട്ടുണ്ട്, ഇതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
19 1945-ൽ ഐക്യരാഷ്ട്രങ്ങൾ പ്രവർത്തനം ആരംഭിച്ചതുമുതൽ, അതിന്റെ അംഗങ്ങൾക്കിടയിൽ നിരീശ്വരവാദപരവും മതവിരുദ്ധവുമായ ഘടകങ്ങൾ പ്രമുഖമായിത്തീർന്നിരിക്കുന്നുവെന്നതു ശ്രദ്ധേയമാണ്. ലോകവ്യാപകമായി പല സമയങ്ങളിലും, മതപ്രവർത്തനങ്ങളെ കഠിനമായി നിയന്ത്രിക്കുന്നതിനോ പൂർണമായി നിരോധിക്കുന്നതിനോ അത്തരം വിപ്ലവാത്മക ഘടകങ്ങൾ ഉപകരണമായിട്ടുണ്ട്. എങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മതഗ്രൂപ്പുകളുടെമേൽ ഗവൺമെൻറുകൾ ചെലുത്തിയിരുന്ന സമ്മർദത്തിനു പല സ്ഥലങ്ങളിലും അയവു വന്നിട്ടുണ്ട്. മതത്തിന് ഇപ്പോൾ യാതൊരു ഭീഷണിയുമില്ലെന്നു ചിലയാളുകൾക്കു തോന്നിയേക്കാം.
20. ലോകമതങ്ങൾ തങ്ങൾക്കായിത്തന്നെ ഏതുതരം പേരാണ് ഉണ്ടാക്കിയിരിക്കുന്നത്?
20 മഹാബാബിലോനിലെ മതങ്ങൾ ലോകത്തിൽ അക്രമാസക്തമായ ഒരു വിഭാഗീയ ശക്തിയായിരിക്കുന്നതിൽ തുടരുകയാണ്. പരസ്പരം പൊരുതുന്ന വിഭാഗങ്ങളെയും ഭീകര സംഘങ്ങളെയും വാർത്താശീർഷകങ്ങൾ പലപ്പോഴും തിരിച്ചറിയിക്കുന്നത് അവർ നിലകൊള്ളുന്ന മതത്തിന്റെ പേർ പറഞ്ഞുകൊണ്ടാണ്. കലാപം അമർച്ച ചെയ്യാനുള്ള പൊലീസും പട്ടാളവും എതിർ മതവിഭാഗങ്ങൾ തമ്മിലുള്ള അക്രമം നിർത്താൻ ദേവാലയങ്ങളിൽ ഇരച്ചുകയറേണ്ടിവന്നിട്ടുണ്ട്. മതസംഘടനകൾ രാഷ്ട്രീയ വിപ്ലവങ്ങൾക്കു പണമിറക്കിയിട്ടുണ്ട്. വംശീയ കൂട്ടങ്ങൾക്കിടയിലെ സമാധാനപരമായ ബന്ധങ്ങൾ നിലനിർത്താനുള്ള ഐക്യരാഷ്ട്രങ്ങളുടെ ശ്രമങ്ങളെ മത വൈര്യം നിർവീര്യമാക്കിയിരിക്കുന്നു. സമാധാനവും സുരക്ഷിതത്വവും എന്ന ലക്ഷ്യം പിന്തുടരുന്നതിൽ, തങ്ങളുടെ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്ന ഏതൊരു മതസ്വാധീനത്തെയും നീക്കിക്കളയുന്നതു കാണാൻ ഐക്യരാഷ്ട്രങ്ങൾക്കുള്ളിലെ ഘടകങ്ങൾ ആഗ്രഹിക്കും.
21. (എ) മഹാബാബിലോൻ നശിപ്പിക്കപ്പെടേണ്ടത് എപ്പോഴാണെന്നു തീരുമാനിക്കുന്നതാർ? (ബി) അതിനു മുമ്പ് എന്തു ചെയ്യേണ്ടത് അടിയന്തിരമാണ്?
21 മറ്റൊരു പ്രധാനപ്പെട്ട ഘടകവും പരിചിന്തിക്കാനുണ്ട്. മഹാബാബിലോനെ നശിപ്പിക്കാൻ ഐക്യരാഷ്ട്രങ്ങൾക്കുള്ളിലെ സൈനികസജ്ജരായ കൊമ്പുകൾ ഉപയോഗിക്കപ്പെടുമെങ്കിലും, ആ നാശം വാസ്തവത്തിൽ ദിവ്യ ന്യായവിധിയുടെ ഒരു പ്രകടനമായിരിക്കും. ദൈവത്തിന്റെ നിയമിത സമയത്തു ന്യായവിധി നിർവഹണം നടക്കും. (വെളിപ്പാടു 17:17) അതിനിടയിൽ നാം എന്തു ചെയ്യണം? “അവളെ വിട്ടുപോരുവിൻ”—മഹാബാബിലോനിൽനിന്നു പുറത്തുകടക്കുവിൻ—എന്നു ബൈബിൾ ഉത്തരം നൽകുന്നു.—വെളിപ്പാടു 18:4.
22, 23. അത്തരമൊരു പലായനത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്?
22 യഹൂദ ക്രിസ്ത്യാനികൾ യെരുശലേമിനെ ഉപേക്ഷിച്ചു പോയതുപോലുള്ള സ്ഥലപരമായ ഒരു മാറ്റമല്ല സുരക്ഷിത സ്ഥാനത്തേക്കുള്ള ഈ പലായനം. ക്രൈസ്തവലോകത്തിലെ മതങ്ങളെ, അതേ, മഹാബാബിലോന്റെ ഏതൊരു ഭാഗത്തെയും, വിട്ടുപോരുന്ന പലായനമാണിത്. വ്യാജമതസംഘടനകളിൽനിന്നു മാത്രമല്ല, അവയുടെ ആചാരങ്ങളിൽനിന്നും അവ സൃഷ്ടിക്കുന്ന മനോഭാവങ്ങളിൽനിന്നും ഒരുവനെ പൂർണമായി വേർപെടുത്തുന്നതിനെയാണ് അത് അർഥമാക്കുന്നത്. അതു യഹോവയുടെ ദിവ്യാധിപത്യ സ്ഥാപനത്തിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്കുള്ള ഒരു പലായനമാണ്.—എഫെസ്യർ 5:7-11.
23 യഹോവയുടെ അഭിഷിക്ത ദാസന്മാർ ആധുനികനാളിലെ മ്ലേച്ഛ വസ്തുവായ സർവരാജ്യസഖ്യത്തെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആദ്യം തിരിച്ചറിഞ്ഞപ്പോൾ, സാക്ഷികൾ എങ്ങനെ പ്രതികരിച്ചു? ക്രൈസ്തവലോകത്തിലെ സഭകളിലെ അംഗത്വം അവർ അതിനോടകംതന്നെ വിച്ഛേദിച്ചിരുന്നു. എന്നാൽ കുരിശിന്റെ ഉപയോഗം, ക്രിസ്മസ് ആഘോഷം, മറ്റു പുറജാതീയ വിശേഷദിവസങ്ങൾ എന്നിവപോലുള്ള ക്രൈസ്തവലോകത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ചിലതിനോട് അപ്പോഴും തങ്ങൾ പറ്റിനിന്നിരുന്നുവെന്ന് അവർ ക്രമേണ തിരിച്ചറിഞ്ഞു. ഇവയെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ, അവർ ഉചിതമായി പ്രവർത്തിച്ചു. അവർ യെശയ്യാവു 52:11-ലെ ബുദ്ധ്യുപദേശം ചെവിക്കൊണ്ടു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിപ്പിൻ.”
24. വിശേഷിച്ചും 1935 മുതൽ, ആർ പലായനത്തിൽ ചേർന്നിരിക്കുന്നു?
24 വിശേഷിച്ചും 1935 മുതൽ, മറ്റുള്ളവരുടെ വർധിച്ചുവരുന്ന ഒരു പുരുഷാരം, പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള പ്രതീക്ഷയെ ആശ്ലേഷിച്ചവർ, സമാനമായ നടപടിയെടുക്കാൻ തുടങ്ങി. ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛ വസ്തു’വിനെ അവരും കണ്ട് അത് എന്ത് അർഥമാക്കുന്നുവെന്നു തിരിച്ചറിയുന്നു. പലായനം ചെയ്യാനുള്ള തീരുമാനമെടുത്തശേഷം, മഹാബാബിലോന്റെ ഭാഗമായ സംഘടനകളിലെ അംഗത്വത്തിൽനിന്നു തങ്ങളുടെ പേർ അവർ നീക്കിക്കളഞ്ഞിരിക്കുന്നു.—2 കൊരിന്ത്യർ 6:14-17.
25. ഒരു വ്യക്തിക്കു വ്യാജമതവുമായി ഉണ്ടായിരുന്നേക്കാവുന്ന ബന്ധങ്ങൾ വിച്ഛേദിക്കുന്നതിലധികമായി എന്ത് ആവശ്യമാണ്?
25 എന്നിരുന്നാലും, മഹാബാബിലോനിൽനിന്നുള്ള പലായനത്തിൽ കേവലം വ്യാജമതം ഉപേക്ഷിക്കുന്നതിനേക്കാൾ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. രാജ്യഹാളിലെ ഏതാനും യോഗങ്ങളിൽ ഹാജരാകുന്നതിലും അല്ലെങ്കിൽ സുവാർത്താ പ്രസംഗത്തിനായി മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വയൽസേവനത്തിനു പോകുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി ശാരീരികമായി മഹാബാബിലോനു പുറത്തായിരിക്കാം, എന്നാൽ അയാൾ വാസ്തവത്തിൽ അതിനെ പാടേ വിട്ടുകളഞ്ഞിട്ടുണ്ടോ? മഹാബാബിലോൻ മുഖ്യഭാഗമായിരിക്കുന്ന ലോകത്തിൽനിന്ന് അയാൾ തന്നെത്തന്നെ വേർപെടുത്തിയിട്ടുണ്ടോ? മഹാബാബിലോന്റെ മനോഭാവം—ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളെ തുച്ഛീകരിക്കുന്ന മനോഭാവം—പ്രകടമാക്കുന്ന സംഗതികളോട് അയാൾ ഇപ്പോഴും പറ്റിനിൽക്കുകയാണോ? അയാൾ ലൈംഗിക ധാർമികതയെയും വൈവാഹിക വിശ്വസ്തതയെയും നിസ്സാരമായി കാണുന്നുവോ? ആത്മീയ താത്പര്യങ്ങളെക്കാൾ കൂടുതലായി അയാൾ ഊന്നൽ കൊടുക്കുന്നതു വ്യക്തിപരവും ഭൗതികവുമായ താത്പര്യങ്ങൾക്കാണോ? ഈ വ്യവസ്ഥിതിക്ക് അനുരൂപപ്പെടാൻ അയാൾ തന്നെത്തന്നെ അനുവദിക്കരുത്.—മത്തായി 6:24; 1 പത്രൊസ് 4:3, 4.
നിങ്ങളുടെ പലായനത്തെ യാതൊന്നും തടസ്സപ്പെടുത്താതിരിക്കട്ടെ!
26. പലായനം കേവലം ആരംഭിക്കാൻ മാത്രമല്ല, മറിച്ച് അതു വിജയകരമായി പൂർത്തീകരിക്കാൻ നമ്മെ എന്തു സഹായിക്കും?
26 സുരക്ഷിതസ്ഥാനത്തേക്കുള്ള നമ്മുടെ പലായനത്തിൽ, നാം പിന്നിൽ വിട്ടുകളഞ്ഞ സംഗതികളിലേക്ക് ആശയോടെ നോക്കാതിരിക്കുന്നത് അനിവാര്യമാണ്. (ലൂക്കൊസ് 9:62) നാം നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ദൈവത്തിന്റെ രാജ്യത്തിന്മേലും അവന്റെ നീതിയിന്മേലും ഉറപ്പിച്ചുനിർത്തേണ്ടതാവശ്യമാണ്. ഇവ ആദ്യം അന്വേഷിക്കുന്നതിൽ, വിശ്വസ്തതയുടേതായ അത്തരം ഗതിയെ യഹോവ അനുഗ്രഹിക്കുമെന്ന ഉറപ്പോടെ, നമ്മുടെ വിശ്വാസം പ്രകടമാക്കാൻ നാം ദൃഢചിത്തരാണോ? (മത്തായി 6:31-33) ലോകവേദിയിലെ സുപ്രധാന സംഭവങ്ങളുടെ വികാസത്തിനു നാം ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുമ്പോൾ, തിരുവെഴുത്ത് അടിസ്ഥാനമുള്ള നമ്മുടെ ബോധ്യങ്ങൾ ആ ലക്ഷ്യം പിൻപറ്റാൻ നമ്മെ പ്രേരിപ്പിക്കണം.
27. ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
27 മഹാബാബിലോന്റെ നാശത്തോടെ ദിവ്യന്യായവിധി നിർവഹണം ആരംഭിക്കും. വേശ്യാതുല്യമായ ആ വ്യാജമത സാമ്രാജ്യം അസ്തിത്വത്തിൽനിന്നു തുടച്ചുനീക്കപ്പെടും. ആ സമയം വളരെ അടുത്തിരിക്കുന്നു! ആ അതിപ്രധാന സമയം വന്നെത്തുമ്പോൾ, വ്യക്തികൾ എന്ന നിലയിൽ നമ്മുടെ സ്ഥാനമെന്തായിരിക്കും? മഹോപദ്രവത്തിന്റെ പാരമ്യത്തിൽ, സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ ശേഷിച്ച ഭാഗം നശിപ്പിക്കപ്പെടുമ്പോൾ, നാം ഏതു പക്ഷത്തായിരിക്കും കാണപ്പെടുക? നാം ഇപ്പോൾ ആവശ്യമായ നടപടികൾ എടുക്കുന്നെങ്കിൽ, നമ്മുടെ സുരക്ഷിതത്വം ഉറപ്പാണ്. യഹോവ നമ്മോടു പറയുന്നു: “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസി”ക്കും. (സദൃശവാക്യങ്ങൾ 1:33) ഈ വ്യവസ്ഥിതിയുടെ സമാപനകാലത്ത്, വിശ്വസ്തതയോടും സന്തോഷത്തോടും യഹോവയെ സേവിക്കുന്നതിൽ തുടർന്നുകൊണ്ട് നമുക്ക് അവനെ എല്ലാക്കാലത്തും സ്തുതിക്കാനുള്ള യോഗ്യത നേടാവുന്നതാണ്.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ചുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) 1-ാം വാല്യം 634-5 പേജുകൾ കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ ആധുനികനാളിലെ “മ്ലേച്ഛ വസ്തു” എന്താണ്?
◻ ‘മ്ലേച്ഛ വസ്തു . . . ഒരു വിശുദ്ധ സ്ഥലത്ത്’ ആയിരിക്കുന്നത് ഏത് അർഥത്തിലാണ്?
◻ സുരക്ഷിതസ്ഥാനത്തേക്കുള്ള പലായനത്തിൽ ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നതെന്ത്?
◻ അത്തരം നടപടി അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
അതിജീവനത്തിന്, യേശുവിന്റെ അനുഗാമികൾ താമസമെന്യേ പലായനം ചെയ്യേണ്ടതുണ്ടായിരുന്നു