അധ്യായം 37
ബാബിലോന്റെ അന്ത്യത്തിൽ വിലാപവും ആനന്ദവും
1. മഹാബാബിലോന്റെ പെട്ടെന്നുളള നാശത്തോടു “ഭൂരാജാക്കൻമാർ” എങ്ങനെ പ്രതികരിക്കും?
ബാബിലോന്റെ അന്ത്യം യഹോവയുടെ ജനത്തിനു സുവാർത്തയാണ്, എന്നാൽ ജനതകൾ അതിനെ എങ്ങനെ വീക്ഷിക്കുന്നു? യോഹന്നാൻ നമ്മോടു പറയുന്നു: “അവളോടുകൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കൻമാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: അയ്യോ, അയ്യോ, [കഷ്ടം, കഷ്ടം, NW] മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും.”—വെളിപ്പാടു 18:9, 10.
2. (എ) മഹാബാബിലോനെ നശിപ്പിക്കുന്നതു കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെ പത്തു പ്രതീകാത്മക കൊമ്പുകൾ ആയിരുന്നിട്ടും അവളുടെ അന്ത്യത്തിൽ “ഭൂരാജാക്കൻമാർ” വിലപിക്കുന്നതെന്തുകൊണ്ട്? (ബി) ദുഃഖിതരായ രാജാക്കൻമാർ നശിപ്പിക്കപ്പെട്ട നഗരത്തിൽനിന്നു ദൂരെ മാറിനിൽക്കുന്നതെന്തുകൊണ്ട്?
2 കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെ പത്തു പ്രതീകാത്മക കൊമ്പുകളാലാണു ബാബിലോൻ നശിപ്പിക്കപ്പെട്ടതെന്നുളള വസ്തുതയുടെ വീക്ഷണത്തിൽ ജനതകളുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതായി തോന്നിയേക്കാം. (വെളിപ്പാടു 17:16) എന്നാൽ ബാബിലോൻ പോയിക്കഴിയുമ്പോൾ, ആളുകളെ ശാന്തരാക്കി അധീനതയിൽ നിർത്തുന്നതിന് അവൾ അവർക്ക് എത്ര സഹായമായിരുന്നുവെന്നു “ഭൂരാജാക്കൻമാർ” ന്യായമായും തിരിച്ചറിയും. വൈദികർ യുദ്ധങ്ങളെ വിശുദ്ധമായി പ്രഖ്യാപിക്കുകയും സൈന്യത്തിൽ ആളെച്ചേർക്കുന്ന ഏജൻറൻമാരെപ്പോലെ പ്രവർത്തിക്കുകയും യുവാക്കളെ യുദ്ധനിരകളിലേക്കു പ്രസംഗിച്ചയക്കുകയും ചെയ്തിരിക്കുന്നു. സാധാരണ ജനങ്ങളെ ഞെരുക്കുന്നതിൽ ദുഷിച്ച ഭരണാധികാരികൾക്ക്, പിന്നിൽനിന്നു പ്രവർത്തിക്കാൻ കഴിയത്തക്കവണ്ണം മതം വിശുദ്ധിയുടെ ഒരു മറ പ്രദാനം ചെയ്തിരുന്നു. (താരതമ്യം ചെയ്യുക: യിരെമ്യാവു 5:30, 31; മത്തായി 23:27, 28.) എന്നിരുന്നാലും, ഈ ദുഃഖിതരായ രാജാക്കൻമാർ ഇപ്പോൾ ദുരന്തം ഭവിച്ച നഗരത്തിൽനിന്നു ദൂരെ മാറിനിൽക്കുന്നതു ശ്രദ്ധിക്കുക. അവളുടെ സഹായത്തിനെത്തുന്നതിന് അവർ വേണ്ടുവോളം അടുത്തുവരുന്നില്ല. അവളുടെ തിരോധാനത്തിൽ അവർ ദുഃഖിതരാണ്, എന്നാൽ അവൾക്കുവേണ്ടി തുനിഞ്ഞിറങ്ങാൻ വേണ്ടുവോളം ദുഃഖമില്ലതാനും.
വിലപിച്ചുകരയുന്ന വ്യാപാരികൾ
3. മഹാബാബിലോന്റെ തിരോധാനത്തിൽ മററ് ആരുംകൂടെ ദുഃഖിക്കുന്നു, യോഹന്നാൻ ഇതിന് എന്തുകാരണങ്ങൾ നൽകുന്നു?
3 മഹാബാബിലോന്റെ തിരോധാനത്തിൽ ദുഃഖിക്കുന്നവർ ഭൂമിയിലെ രാജാക്കൻമാർ മാത്രമല്ല. “ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെളളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുളള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുളള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉളളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.”—വെളിപ്പാടു 18:11-14.
4. മഹാബാബിലോന്റെ അന്ത്യം സംബന്ധിച്ചു ‘സഞ്ചാരവ്യാപാരികൾ’ കരഞ്ഞു വിലപിക്കുന്നതെന്തുകൊണ്ട്?
4 അതെ, മഹാബാബിലോൻ ധനികരായ വ്യാപാരികളുടെ ഒരു ഉററ സുഹൃത്തും ഒരു നല്ല ഇടപാടുകാരിയും ആയിരുന്നു. ഉദാഹരണത്തിന്, ക്രൈസ്തവലോകത്തിലെ ആശ്രമങ്ങളും മഠങ്ങളും പളളികളും കഴിഞ്ഞ നൂററാണ്ടുകളിൽ വൻതോതിൽ സ്വർണവും വെളളിയും വിലയേറിയ കല്ലുകളും വിലപിടിച്ച മരവും മററു രൂപത്തിലുളള ഭൗതിക ധനവും വാരിക്കൂട്ടിയിരിക്കുന്നു. അതിനുപുറമേ, ക്രിസ്തുവിനെ അപമാനിക്കുന്ന ക്രിസ്തുമസ് ആഘോഷത്തോടും പുണ്യമെന്നു പറയപ്പെടുന്ന മററു ദിനങ്ങളോടും അനുബന്ധിച്ചുളള മദ്യക്കൂത്തുകളുടെയും വസ്തുക്കൾ ആർഭാടമായി വാങ്ങിക്കൂട്ടുന്നതിന്റെയും മേൽ മതം അനുഗ്രഹം വർഷിച്ചിരിക്കുന്നു. ക്രൈസ്തവലോകത്തിലെ മിഷനറിമാർ, ഈ ലോകത്തിലെ ‘സഞ്ചാരവ്യാപാരികൾക്കു’ പുത്തൻ വിപണികൾ തുറന്നുകൊടുത്തുകൊണ്ടു വിദൂരദേശങ്ങളിലേക്കു നുഴഞ്ഞുകയറിയിരിക്കുന്നു. പതിനേഴാം നൂററാണ്ടിലെ ജപ്പാനിൽ വ്യാപാരികളോടുകൂടെ വന്നുചേർന്ന കത്തോലിക്കാമതം ഫ്യൂഡൽ യുദ്ധത്തിൽ ഉൾപ്പെടുകപോലും ചെയ്തു. ഒസാക്കാ കോട്ടയുടെ ചുവരുകൾക്കു താഴെ നടന്ന ഒരു നിർണായക പോരാട്ടത്തെക്കുറിച്ചു റിപ്പോർട്ടുചെയ്തുകൊണ്ടു ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ ഇപ്രകാരം പ്രസ്താവിക്കുന്നു: “കുരിശുകൊണ്ടും രക്ഷകന്റെയും സ്പെയിനിന്റെ രക്ഷകപുണ്യാളനായ വി. യാക്കോബിന്റെയും സ്വരൂപങ്ങൾ കൊണ്ടും അലങ്കരിച്ച ബാനറുകൾ ഏന്തിയ ഒരു ശത്രുവിനെതിരെ തങ്ങൾ പോരാടുന്നതായി റേറാക്കുഗാവാ സൈന്യം കണ്ടെത്തി.” വിജയിച്ച ഘടകം പീഡനം അഴിച്ചുവിടുകയും ആ ദേശത്തുനിന്നു കത്തോലിക്കാമതത്തെ നിശ്ശേഷം തുടച്ചുനീക്കുകയും ചെയ്തു. ലോകകാര്യാദികളിലുളള സഭകളുടെ ഇന്നുളള പങ്കുപററൽ അതുപോലെതന്നെ അവൾക്ക് യാതൊരു അനുഗ്രഹവും കൈവരുത്തുകയില്ല.
5. (എ) സ്വർഗത്തിൽനിന്നുളള ശബ്ദം ‘സഞ്ചാരവ്യാപാരികളുടെ’ വിലാപത്തെ കൂടുതലായി വർണിക്കുന്നതെങ്ങനെ? (ബി) വ്യാപാരികളും ‘ദൂരത്തു നിൽക്കുന്നത്’ എന്തുകൊണ്ട്?
5 സ്വർഗത്തിൽനിന്നുളള ശബ്ദം തുടർന്നു പറയുന്നു: “ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാൽ സമ്പന്നരായവർ അവൾക്കുളള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്ര വലിയ സമ്പത്തു ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.” (വെളിപ്പാടു 18:15, 16) മഹാബാബിലോന്റെ നാശത്തോടെ “വ്യാപാരികൾ” ആ വ്യാപാര പങ്കാളിയുടെ നഷ്ടത്തിൽ വിലപിക്കുന്നു. സത്യമായും അത് അവരെ സംബന്ധിച്ചിടത്തോളം “കഷ്ടം, കഷ്ടം” ആണ്. എങ്കിലും അവരുടെ വിലാപകാരണം തീർത്തും സ്വാർഥപരമാണെന്നുളളതും രാജാക്കൻമാരെപ്പോലെ അവർ ‘ദൂരത്തു നിൽക്കുന്നു’ എന്നുളളതും കുറിക്കൊളളുക. മഹാബാബിലോന് എന്തെങ്കിലും സഹായം ചെയ്യാൻ അവർ വേണ്ടുവോളം അടുത്തു ചെല്ലുന്നില്ല.
6. സ്വർഗത്തിൽനിന്നുളള ശബ്ദം കപ്പിത്താൻമാരുടെയും നാവികരുടെയും വിലാപത്തെ വർണിക്കുന്നതെങ്ങനെ, അവർ കരയുന്നതെന്തുകൊണ്ട്?
6 വിവരണം തുടരുന്നു: “ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്ക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കെയും ദൂരത്തുനിന്നു അവളുടെ ദഹനത്തിന്റെ പുക കണ്ടു: മഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: അയ്യോ, അയ്യോ, കടലിൽ കപ്പലുളളവർക്കു എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്തു വർദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.” (വെളിപ്പാടു 18:17-19) പുരാതന ബാബിലോൻ ഒരു വാണിജ്യ നഗരമായിരുന്നു, അതിനു വലിയൊരു കപ്പൽവ്യൂഹവും ഉണ്ടായിരുന്നു. അതുപോലെതന്നെ, മഹാബാബിലോനും അവളുടെ ആളുകളാകുന്ന “പെരുവെളളത്തി”ലൂടെ വളരെയധികം വ്യാപാരം നടത്തുന്നു. ഇത് അവളുടെ മതാംഗങ്ങളിൽ അനേകർക്കും തൊഴിൽ ഉണ്ടാക്കിക്കൊടുക്കുന്നു. ഇവർക്കു മഹാബാബിലോന്റെ നാശം എന്തൊരു സാമ്പത്തിക പ്രഹരമായിരിക്കും! അവളെപ്പോലെ മറെറാരു ഉപജീവനമാർഗം ഇനി ഒരിക്കലും ഉണ്ടാവുകയില്ല.
അവളുടെ നിർമൂലനാശത്തിൽ ആനന്ദം
7, 8. സ്വർഗത്തിൽനിന്നുളള ശബ്ദം മഹാബാബിലോനെ സംബന്ധിച്ച അതിന്റെ ദൂതു പാരമ്യത്തിലെത്തിക്കുന്നതെങ്ങനെ, ആ വാക്കുകളോട് ആർ പ്രതികരിക്കും?
7 പുരാതന ബാബിലോൻ മേദ്യരാലും പേർഷ്യരാലും മറിച്ചിടപ്പെട്ടപ്പോൾ, യിരെമ്യാവ് പ്രവചനപരമായി പറഞ്ഞു: “ആകാശവും ഭൂമിയും അവയിലുളളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും.” (യിരെമ്യാവു 51:48) മഹാബാബിലോൻ നശിപ്പിക്കപ്പെടുമ്പോൾ സ്വർഗത്തിൽനിന്നുളള ശബ്ദം അതിന്റെ ദൂതു പാരമ്യത്തിലെത്തിക്കുന്നു, മഹാബാബിലോനെക്കുറിച്ച് ഇപ്രകാരം പറഞ്ഞുകൊണ്ട്: “സ്വർഗ്ഗമേ, വിശുദ്ധൻമാരും അപ്പൊസ്തലൻമാരും പ്രവാചകൻമാരുമായുളേളാരേ, ദൈവം അവളോടു നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിൻ.” (വെളിപ്പാട 18:20) ദൈവത്തിന്റെ ആ പുരാതന ശത്രുവിന്റെ നാശം കാണുന്നതിൽ യഹോവയും ദൂതൻമാരും അതുപോലെതന്നെ ഇപ്പോഴേക്കും പുനരുത്ഥാനം പ്രാപിച്ച് 24 മൂപ്പൻമാരുടെ ക്രമീകരണത്തിൽ തങ്ങളുടെ സ്ഥാനം ഏറെറടുത്ത അപ്പോസ്തലൻമാരും ആദിമ ക്രിസ്തീയ പ്രവാചകൻമാരും സന്തോഷമുളളവരായിരിക്കും.—താരതമ്യം ചെയ്യുക: സങ്കീർത്തനം 97:8-12.
8 വാസ്തവത്തിൽ, സകല “വിശുദ്ധൻമാരും”—സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടവരായാലും ഭൂമിയിൽ അപ്പോഴും അതിജീവിക്കുന്നവരായാലും—സന്തോഷിച്ചുല്ലസിക്കും, അവരോടുകൂടെ സഹവസിക്കുന്ന വേറെ ആടുകളുടെ മഹാപുരുഷാരവും അങ്ങനെ ചെയ്യും. കാലക്രമത്തിൽ, പുരാതനകാലത്തെ എല്ലാ വിശ്വസ്തമനുഷ്യരും പുതിയ വ്യവസ്ഥിതിയിലേക്ക് ഉയിർപ്പിക്കപ്പെടും, അവരും ആ ആനന്ദിക്കലിൽ പങ്കുചേരും. ദൈവജനം തങ്ങളുടെ വ്യാജമത പീഡകരോടു പ്രതികാരം ചെയ്യാൻ ശ്രമിച്ചില്ല. “പ്രതികാരം എനിക്കുളളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്ന യഹോവയുടെ വാക്കുകൾ അവർ ഓർക്കുകയുണ്ടായി. (റോമർ 12:19; ആവർത്തനപുസ്തകം 32:35, 41-43) കൊളളാം, യഹോവ ഇപ്പോൾ പകരം ചെയ്തിരിക്കുന്നു. മഹാബാബിലോൻ ചിന്തിയ സകലരക്തത്തിനും പ്രതികാരം ചെയ്യപ്പെട്ടിരിക്കും.
ഒരു വലിയ തിരികല്ലു ചുഴററിയെറിയുന്നു
9, 10. (എ) ശക്തനായോരു ദൂതൻ ഇപ്പോൾ എന്തു പറയുകയും ചെയ്യുകയും ചെയ്യുന്നു? (ബി) വെളിപ്പാടു 18:21-ലെ ശക്തനായ ദൂതൻ നിർവഹിച്ചതിനു സമാനമായ ഏതു നടപടി യിരെമ്യാവിന്റെ കാലത്തു സംഭവിച്ചു, അത് എന്തുറപ്പു നൽകി? (സി) യോഹന്നാൻ കണ്ടപ്രകാരം ശക്തനായ ദൂതൻ എടുത്ത നടപടി എന്തുറപ്പു നൽകുന്നു?
9 യോഹന്നാൻ അടുത്തതായി കാണുന്നതു മഹാബാബിലോന്റെ മേലുളള യഹോവയുടെ ന്യായവിധി അന്തിമമാണെന്നു സ്ഥിരീകരിക്കുന്നു: “പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.” (വെളിപ്പാടു 18:21) യിരെമ്യാവിന്റെ കാലത്ത്, ശക്തമായ പ്രാവചനിക അർഥമുളള സമാനമായ ഒരു കൃത്യം നിർവഹിക്കപ്പെട്ടു. “ബാബേലിന്നു വരാനിരിക്കുന്ന അനർത്ഥമൊക്കെയും” ഒരു പുസ്തകത്തിൽ എഴുതാൻ യിരെമ്യാവു നിശ്വസ്തനാക്കപ്പെട്ടു. അവൻ ആ പുസ്തകം സെരായാവിനെ ഏൽപ്പിച്ചിട്ടു ബാബിലോനിലേക്കു പോകാൻ അവനോടു പറഞ്ഞു. അവിടെ യിരെമ്യാവിന്റെ നിർദേശപ്രകാരം സെരായാവു നഗരത്തിനെതിരെയുളള ഒരു പ്രഖ്യാപനം വായിച്ചു: “യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വത ശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ.” സെരായാവ് അതിനുശേഷം, “ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു [ഒരിക്കലും, NW] പൊങ്ങിവരികയില്ല” എന്നു പറഞ്ഞുകൊണ്ടു പുസ്തകം ഒരു കല്ലുകെട്ടി യൂഫ്രട്ടീസ് നദിയിലേക്ക് എറിഞ്ഞു.—യിരെമ്യാവു 51:59-64.
10 പുസ്തകം കല്ലുകെട്ടി നദിയിലേക്കെറിയുന്നതു വീണ്ടും ഒരിക്കലും മടങ്ങിവരാതവണ്ണം ബാബിലോൻ വിസ്മൃതിയിലാണ്ടു പോകുമെന്നതിന്റെ ഒരു ഉറപ്പായിരുന്നു. അതുപോലെതന്നെ, ശക്തനായ ദൂതൻ സമാനമായ ഒരു നടപടി നിർവഹിക്കുന്നതായി അപ്പോസ്തലനായ യോഹന്നാൻ കാണുന്നതു മഹാബാബിലോനെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം നിവൃത്തിയേറുമെന്നുളളതിന്റെ ശക്തമായ ഒരു ഉറപ്പാണ്. പുരാതന ബാബിലോന്റെ പൂർണമായി നശിച്ചുകിടക്കുന്ന ഇന്നത്തെ അവസ്ഥ സമീപഭാവിയിൽ വ്യാജമതത്തിന് എന്തു സംഭവിക്കുമെന്നു ശക്തമായി സാക്ഷ്യപ്പെടുത്തുന്നു.
11, 12. (എ) ശക്തനായ ദൂതൻ ഇപ്പോൾ മഹാബാബിലോനെ സംബോധന ചെയ്യുന്നതെങ്ങനെ? (ബി) വിശ്വാസത്യാഗിയായ യെരുശലേമിനെക്കുറിച്ച് യിരെമ്യാവ് പ്രവചിച്ചതെങ്ങനെ, നമ്മുടെ നാളിലേക്ക് അത് എന്തർഥമാക്കി?
11 ശക്തനായ ദൂതൻ ഇപ്പോൾ ഇപ്രകാരം പറഞ്ഞുകൊണ്ടു മഹാബാബിലോനെ സംബോധന ചെയ്യുന്നു: “വൈണികൻമാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല. വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു.”—വെളിപ്പാടു 18:22, 23.
12 സമാനമായ വാക്കുകളിൽ യിരെമ്യാവ് വിശ്വാസത്യാഗിയായ യെരുശലേമിനെക്കുറിച്ചു പ്രവചിച്ചു: “ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും. ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും.” (യിരെമ്യാവു 25:10, 11) പൊ.യു.മു. 607-നു ശേഷമുളള യെരുശലേമിന്റെ ശൂന്യാവസ്ഥയാൽ വളരെ വ്യക്തമായി ചിത്രീകരിക്കപ്പെട്ടതുപോലെ മഹാബാബിലോന്റെ പ്രമുഖഭാഗമെന്നനിലയിൽ ക്രൈസ്തവലോകം ഒരു നിർജീവ ശൂന്യശിഷ്ടമായിത്തീരും. ഒരിക്കൽ ലാഘവത്തോടെ ആനന്ദിച്ച് അനുദിനം ശബ്ദമുഖരിതമായി കഴിഞ്ഞ ക്രൈസ്തവലോകം ജയിച്ചടക്കപ്പെട്ടതായും ഉപേക്ഷിക്കപ്പെട്ടതായും സ്വയം കണ്ടെത്തും.
13. മഹാബാബിലോനു പെട്ടെന്നുളള ഏതു മാററമുണ്ടാകുന്നു, അവളുടെ ‘സഞ്ചാരവ്യാപാരികളുടെ’ മേലുളള ഫലമെന്താണ്?
13 വാസ്തവത്തിൽ, ദൂതൻ ഇവിടെ യോഹന്നാനോടു പറയുന്നതുപോലെ മഹാബാബിലോൻ മുഴുവനും പ്രബലമായ ഒരു സാർവദേശീയ സാമ്രാജ്യത്തിന്റെ അവസ്ഥയിൽനിന്നു പാഴ്മരുഭൂമിപോലുളള ഒരു വരണ്ട ദേശമായി മാറും. ലക്ഷപ്രമുഖൻമാർ ഉൾപ്പെടെയുളള അവളുടെ ‘സഞ്ചാരവ്യാപാരികൾ’ വ്യക്തിപരമായ പ്രയോജനത്തിനായോ ഒരു മുഖംമൂടിയെന്ന നിലയിലോ അവളുടെ മതത്തെ ഉപയോഗിച്ചിരിക്കുന്നു, അവരോടുകൂടെ തിളക്കത്തിൽ പങ്കുചേരുന്നത് ആദായകരമാണെന്നു വൈദികവർഗം കണ്ടെത്തിയിരിക്കുന്നു. എന്നാൽ ആ വ്യാപാരികൾക്ക് അവരുടെ തുണയാളിയെന്നനിലയിൽ മേലാൽ മഹാബാബിലോൻ ഉണ്ടായിരിക്കുകയില്ല. അവൾ മേലിൽ ഒരിക്കലും അവളുടെ ഗൂഢമായ മതാചാരങ്ങളാൽ ഭൂമിയിലെ ജനതകളെ വഴിതെററിക്കുകയില്ല.
ഒരു ഭയങ്കര രക്തപാതകം
14. യഹോവയുടെ ന്യായവിധിയുടെ കാഠിന്യം സംബന്ധിച്ചു ശക്തനായ ദൂതൻ എന്തു കാരണം നൽകുന്നു, യേശു ഭൂമിയിലായിരുന്നപ്പോൾ സമാനമായി എന്തു പറഞ്ഞു?
14 ഉപസംഹാരമായി, യഹോവ മഹാബാബിലോനെ അത്ര കഠിനമായി ന്യായംവിധിക്കുന്നതെന്തുകൊണ്ടെന്നു ശക്തനായ ദൂതൻ പറയുന്നു. “പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു” എന്നു ദൂതൻ പറയുന്നു. (വെളിപ്പാടു 18:24) ‘നീതിമാനായ ഹാബേലിന്റെ രക്തം മുതൽ . . . ഭൂമിയിൽ ചൊരിഞ്ഞ നീതിയുളള എല്ലാ’ രക്തത്തിനും യെരുശലേമിലെ മതനേതാക്കൾ ഉത്തരവാദികളാണെന്ന് യേശു ഭൂമിയിലായിരുന്നപ്പോൾ അവരോടു പറഞ്ഞു. തദനുസരണം, ആ വക്രതയുളള തലമുറ പൊ.യു. 70-ൽ നശിപ്പിക്കപ്പെട്ടു. (മത്തായി 23:35-38) ഇന്നു മതഭക്തരുടെ മറെറാരു തലമുറ ദൈവദാസൻമാരെ പീഡിപ്പിച്ചതിന്റെ രക്തപാതകം വഹിക്കുന്നു.
15. നാസി ജർമനിയിലെ കത്തോലിക്കാസഭ രണ്ടു വിധങ്ങളിൽ രക്തക്കുററമുളളതായിരുന്നതെങ്ങനെ?
15 കത്തോലിക്കാസഭയും നാസിജർമനിയും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗ്വെൻറർ ലെവി എഴുതുന്നു: “യഹോവയുടെ സാക്ഷികൾ [1933] ഏപ്രിൽ 13-ന് ബവേറിയയിൽ അടിച്ചമർത്തപ്പെട്ടപ്പോൾ, വിലക്കപ്പെട്ട മതം അപ്പോഴും ആചരിക്കുന്ന ആ വിഭാഗത്തിൽ പെടുന്ന ഏതൊരംഗത്തെക്കുറിച്ചും അറിയിപ്പു നൽകുന്നതിനു മത-വിദ്യാഭ്യാസ മന്ത്രാലയം നൽകിയ നിയോഗം സഭ സ്വീകരിക്കുകപോലും ചെയ്തു.” അങ്ങനെ ആയിരക്കണക്കിനു സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലടച്ചതിന്റെ ഉത്തരവാദിത്വത്തിൽ കത്തോലിക്കാസഭ പങ്കുവഹിക്കുന്നു; വധിക്കപ്പെട്ട നൂറുകണക്കിനു സാക്ഷികളുടെ ജീവരക്തത്താൽ അതിന്റെ കരങ്ങൾ പങ്കിലമാണ്. വിലെം കാസറോവിനെപ്പോലുളള യുവസാക്ഷികൾ, ഒരു ഫയറിങ് സ്ക്വാഡിന്റെ മുമ്പാകെ ധീരമായി തങ്ങൾക്കു മരിക്കാൻ കഴിയുമെന്നു പ്രകടമാക്കിയപ്പോൾ, മനഃസാക്ഷിനിമിത്തം വിസമ്മതിക്കുന്നവർക്കു ഫയറിങ് സ്ക്വാഡ് തീരെ ലഘുവാണെന്നു ഹിററ്ലർ തീരുമാനിച്ചു; അതുകൊണ്ട് വിലെമിന്റെ സഹോദരനായ വോൾഫ്ഗാങ് 20-ാമത്തെ വയസ്സിൽ ശിരച്ഛേദനയന്ത്രത്താൽ കൊല്ലപ്പെട്ടു. അതേസമയം, കത്തോലിക്കാസഭ പിതൃദേശത്തിന്റെ സൈന്യത്തിൽ ചേർന്നു മരിക്കാൻ യുവ ജർമൻ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. സഭയുടെ രക്തപാതകം സ്പഷ്ടമായി കാണാം!
16, 17. (എ) മഹാബാബിലോന് ഏതു രക്തക്കുററം ചുമത്തേണ്ടതുണ്ട്, നാസി കൂട്ടക്കൊലയിൽ മരിച്ച യഹൂദൻമാരെ സംബന്ധിച്ചു വത്തിക്കാൻ രക്തക്കുററമുളളതായിത്തീർന്നതെങ്ങനെ? (ബി) ഈ നൂററാണ്ടിൽ മാത്രം നടന്ന നൂറുകണക്കിനു യുദ്ധങ്ങളിൽ ലക്ഷക്കണക്കിനാളുകളെ കൊന്നതിനു വ്യാജമതത്തെ കുററപ്പെടുത്താവുന്ന ഒരു വിധം ഏതാണ്?
16 എന്നിരുന്നാലും, “ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും” രക്തത്തിനു മഹാബാബിലോന്റെ മേൽ കുററംചുമത്തപ്പെടുമെന്നു പ്രവചനം പറയുന്നു. അത് ആധുനിക കാലങ്ങളിൽ തീർച്ചയായും സത്യമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, കത്തോലിക്കാ ഗൂഢാലോചന ജർമനിയിൽ ഹിററ്ലർ അധികാരത്തിൽ വരാൻ സഹായിച്ചതുകൊണ്ട്, നാസി കൂട്ടക്കൊലയിൽ മരിച്ച അറുപതു ലക്ഷം യഹൂദൻമാരോടുളള ബന്ധത്തിൽ വത്തിക്കാൻ ഒരു ഭയങ്കര രക്തക്കുററം വഹിക്കുന്നു. അതിനുപുറമേ, ഈ 20-ാം നൂററാണ്ടിൽ മാത്രം നൂറുകണക്കിനു യുദ്ധങ്ങളിലായി പത്തു കോടിയിലധികമാളുകൾ കൊല്ലപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തിൽ വ്യാജമതത്തെയാണോ കുററപ്പെടുത്തേണ്ടത്? അതെ, രണ്ടു വിധങ്ങളിൽ.
17 പല യുദ്ധങ്ങളും മതഭിന്നതകളോടു ബന്ധപ്പെട്ടതാണെന്നുളളതാണ് ഒരു വിധം. ഉദാഹരണത്തിന്, ഹിന്ദുക്കളും മുസ്ലീംകളും തമ്മിൽ 1946-48-ൽ ഇന്ത്യയിൽ നടന്ന അക്രമം മതപരമായ പ്രേരണയാലായിരുന്നു. ലക്ഷക്കണക്കിനു ജീവൻ നഷ്ടമായി. ഇറാക്കും ഇറാനും തമ്മിൽ 1980-കളിൽ നടന്ന സംഘട്ടനം കക്ഷിപരമായ ഭിന്നതകളോടു ബന്ധപ്പെട്ടതായിരുന്നു, ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഉത്തര അയർലണ്ടിൽ കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും തമ്മിലുളള അക്രമം ആയിരക്കണക്കിനു ജീവൻ ഹനിക്കുകയുണ്ടായി. ലബനനിൽ ഇപ്പോഴും തുടരുന്ന അക്രമം മതപരമായ അടിസ്ഥാനത്തിലാണ്. ഈ മണ്ഡലത്തിൽ സർവേ നടത്തിയ കോളമെഴുത്തുകാരനായ സി. എൽ. സുൾസ്ബർജർ 1976-ൽ ഇപ്രകാരം പറഞ്ഞു: “ഒരുപക്ഷേ ഇപ്പോൾ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽ പകുതിയോ അധികമോ ഒന്നുകിൽ തുറന്ന മതസംഘട്ടനങ്ങളാണ്, അല്ലെങ്കിൽ മതപരമായ തർക്കങ്ങൾ ഉൾപ്പെടുന്നവയാണ് എന്നത് ഒരു ദുഃഖസത്യമാണ്.” വാസ്തവത്തിൽ, മഹാബാബിലോന്റെ പ്രക്ഷുബ്ധമായ ചരിത്രത്തിലുടനീളം അത് അപ്രകാരമായിരുന്നിട്ടുണ്ട്.
18. ലോകത്തിലെ മതങ്ങൾ രക്തക്കുററമുളളതായിരിക്കുന്ന രണ്ടാമത്തെ വിധമേതാണ്?
18 രണ്ടാമത്തെ വിധം ഏതാണ്? യഹോവയുടെ വീക്ഷണത്തിൽ ലോകത്തിലെ മതങ്ങൾ രക്തക്കുററമുളളവയാണ്, എന്തുകൊണ്ടെന്നാൽ തന്റെ ദാസൻമാർക്കുളള യഹോവയുടെ വ്യവസ്ഥകൾ സംബന്ധിച്ച സത്യം അവ അനുഗാമികളെ ബോധ്യം വരുന്നവിധത്തിൽ പഠിപ്പിച്ചിട്ടില്ല. ദൈവത്തിന്റെ സത്യാരാധകർ യേശുക്രിസ്തുവിനെ അനുകരിക്കണമെന്നും ദേശീയ ഉത്ഭവം ഗണ്യമാക്കാതെ മററുളളവരോടു സ്നേഹം കാണിക്കണമെന്നും അവർ ആളുകളെ ബോധ്യമാകുംവണ്ണം പഠിപ്പിച്ചിട്ടില്ല. (മീഖാ 4:3, 5; യോഹന്നാൻ 13:34, 35; പ്രവൃത്തികൾ 10:34, 35; 1 യോഹന്നാൻ 3:10-12) മഹാബാബിലോനായിത്തീരുന്ന മതങ്ങൾ ഈ കാര്യങ്ങൾ പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് അവയുടെ അനുയായികൾ സാർവദേശീയ യുദ്ധത്തിന്റെ നീർച്ചുഴിയിലേക്കു വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. ഈ നൂററാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന രണ്ടു ലോകയുദ്ധങ്ങളിൽ ഇത് എത്ര വ്യക്തമായിരുന്നു, രണ്ടും ക്രൈസ്തവലോകത്തിൽ തുടങ്ങിയതും ഒരേ മതക്കാർ അന്യോന്യം കൊല്ലുന്നതിൽ കലാശിച്ചതും തന്നെ! ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന എല്ലാവരും ബൈബിൾ തത്ത്വങ്ങളോടു പററിനിന്നിരുന്നെങ്കിൽ ആ യുദ്ധങ്ങൾ ഒരിക്കലും സംഭവിക്കുകയില്ലായിരുന്നു.
19. മഹാബാബിലോൻ ഏതു ഭയങ്കര രക്തക്കുററം വഹിക്കുന്നു?
19 ഈ എല്ലാ രക്തച്ചൊരിച്ചിലിന്റെയും കുററം യഹോവ മഹാബാബിലോന്റെ കാൽക്കൽ കെട്ടിവയ്ക്കുന്നു. മതനേതാക്കൾ, പ്രത്യേകിച്ചും ക്രൈസ്തവലോകത്തിലുളളവർ തങ്ങളുടെ ആളുകളെ ബൈബിൾസത്യം പഠിപ്പിച്ചിരുന്നെങ്കിൽ അത്തരം വൻ രക്തച്ചൊരിച്ചിൽ ഉണ്ടാവുകയില്ലായിരുന്നു. അപ്പോൾ സത്യമായും പ്രത്യക്ഷമായോ പരോക്ഷമായോ മഹാബാബിലോൻ—മഹാവേശ്യയും വ്യാജമതത്തിന്റെ ലോകസാമ്രാജ്യവും—അവൾ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത “പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും” രക്തത്തിനുമാത്രമല്ല പിന്നെയോ “ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും” രക്തത്തിനും യഹോവയോടു സമാധാനം പറയണം. വാസ്തവത്തിൽ മഹാബാബിലോൻ ഭയങ്കര രക്തപാതകം വഹിക്കുന്നു. അവളുടെ അന്തിമനാശം സംഭവിക്കുമ്പോൾ അതു സ്വാഗതാർഹമായ ഒരു നീക്കമായിരിക്കും!
[270-ാം പേജിലെ ചതുരം]
അനുരഞ്ജനത്തിന്റെ വില
ഗ്വെൻറർ ലെവി കാത്തോലിക്കാസഭയും നാസിജർമനിയും എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു: “ജർമൻ കത്തോലിക്കാസഭ തുടക്കം മുതൽ നാസിഭരണത്തോടു കടുത്ത എതിർപ്പിന്റെ നയം സ്വീകരിച്ചിരുന്നെങ്കിൽ ലോകചരിത്രം വ്യത്യസ്തമായ ഒരു ഗതി സ്വീകരിക്കുമായിരുന്നു. ഈ പോരാട്ടം ഹിററ്ലറെ കീഴ്പെടുത്താനോ അയാളുടെ പല കുററകൃത്യങ്ങളും തടയാനോ ഒടുവിൽ പരാജയപ്പെട്ടിരുന്നെങ്കിൽ പോലും ഈ വീക്ഷണത്തിൽ അത് സഭയുടെ ധാർമിക മാന്യത അളവററവിധം വർധിപ്പിക്കുമായിരുന്നു. അത്തരം ചെറുത്തുനിൽപ്പിനു നൽകേണ്ടിവരുന്ന മാനുഷ വില അനിഷേധ്യമായി വലുതായിരിക്കും, എന്നാൽ ഈ ത്യാഗങ്ങൾ ഏററവും മികച്ച ആദർശലക്ഷ്യത്തിനുവേണ്ടി ആയിരിക്കുമായിരുന്നു. ആഭ്യന്തര മേഖല ആശ്രയയോഗ്യമല്ലായിരുന്നെങ്കിൽ ഹിററ്ലർ യുദ്ധത്തിനുപോകാൻ തുനിയുകയില്ലായിരുന്നു, അങ്ങനെ അക്ഷരാർഥത്തിൽ ലക്ഷക്കണക്കിനു ജീവൻ രക്ഷിക്കാമായിരുന്നു. . . . ഹിററ്ലറുടെ തടങ്കൽപ്പാളയങ്ങളിൽ ആയിരക്കണക്കിനു നാസിവിരുദ്ധരായ ജർമൻകാർ പീഡിപ്പിച്ചു കൊല്ലപ്പെട്ടപ്പോഴും പോളിഷ് ബുദ്ധിജീവികൾ കശാപ്പുചെയ്യപ്പെട്ടപ്പോഴും സ്ലാവ്വർഗക്കാരായ അധമമനുഷ്യൻ എന്നനിലയിൽ കൈകാര്യം ചെയ്യപ്പെട്ടതിന്റെ ഫലമായി ലക്ഷക്കണക്കിനു റഷ്യാക്കാർ മരിച്ചപ്പോഴും ‘ആര്യൻമാരല്ല’ എന്ന കാരണത്താൽ 60,00,000 മനുഷ്യർ വധിക്കപ്പെട്ടപ്പോഴും ജർമനിയിലെ കത്തോലിക്കാ സഭാധികൃതർ ഈ കുററകൃത്യങ്ങൾ ചെയ്തുകൊണ്ടിരുന്ന ഭരണകൂടത്തെ താങ്ങിനിർത്തി. റോമൻ കത്തോലിക്കാസഭയുടെ ആത്മീയ തലവനും പരമോന്നത ധർമോപദേഷ്ടാവുമായ റോമിലെ പാപ്പാ മിണ്ടാതിരുന്നു.”—320, 341 പേജുകൾ.
[268-ാം പേജിലെ ചിത്രങ്ങൾ]
ഭരണാധികാരികൾ പറയുന്നു, “കഷ്ടം, കഷ്ടം”
വ്യാപാരികൾ പറയുന്നു, “കഷ്ടം, കഷ്ടം”